“ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവുംതന്നെ”
‘ആത്മാവിനെ അനുസരിച്ചു ജീവിക്കുന്നവർ ആത്മാവിന്റെ കാര്യങ്ങളിൽ മനസ്സു പതിപ്പിക്കുന്നു.’—റോമ. 8:5.
1, 2. റോമർ 8-ാം അധ്യായത്തിലെ വിവരങ്ങളിൽ അഭിഷിക്തക്രിസ്ത്യാനികൾക്കു പ്രത്യേക താത്പര്യമുള്ളത് എന്തുകൊണ്ട്?
യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കുന്ന സമയത്ത് നിങ്ങൾ റോമർ 8:15-17 വായിച്ചിട്ടുണ്ടായിരിക്കും. തന്റെ പ്രത്യാശ സ്വർഗത്തിലെ അമർത്യജീവനാണോ എന്ന് ഒരു ക്രിസ്ത്യാനി എങ്ങനെ അറിയുന്നെന്ന് ഈ വാക്യങ്ങൾ വിശദീകരിക്കുന്നു. റോമർ 8:1 അഭിഷിക്തരെക്കുറിച്ച് “ക്രിസ്തുയേശുവിനോട് ഏകീഭവിച്ചിരിക്കുന്നവർ” എന്നു പറഞ്ഞിരിക്കുന്നു. എന്നാൽ ആ അധ്യായം അഭിഷിക്തർക്കു മാത്രം ബാധകമാകുന്നതാണോ? അതോ, ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശയുള്ളവരെയും സഹായിക്കുന്ന വിവരങ്ങൾ അതിലുണ്ടോ?
2 റോമർ 8-ാം അധ്യായം പ്രധാനമായും എഴുതിയിരിക്കുന്നത് അഭിഷിക്തർക്കുവേണ്ടിയാണ്. ‘ആത്മാവ്’ ലഭിക്കുന്ന അവർ ‘പുത്രത്വത്തിലേക്കുള്ള ദത്തെടുപ്പിനായി, (അവരുടെ ജഡിക) ശരീരത്തിൽനിന്നുള്ള വിടുതലിനായി കാത്തിരിക്കുന്നു.’ (റോമ. 8:23) അവർ ഭാവിയിൽ സ്വർഗത്തിൽ ദൈവപുത്രന്മാരായിരിക്കും. അവർ സ്നാനമേറ്റ് ക്രിസ്ത്യാനികളായിത്തീരുകയും മറുവിലയുടെ അടിസ്ഥാനത്തിൽ ദൈവം അവരുടെ പാപങ്ങൾ ക്ഷമിച്ച് ആത്മീയപുത്രന്മാരെന്ന നിലയിൽ അവരെ നീതിമാന്മാരായി പ്രഖ്യാപിക്കുകയും ചെയ്തതുകൊണ്ടാണ് ഇതു സാധ്യമാകുന്നത്.—റോമ. 3:23-26; 4:25; 8:30.
3. ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശയുള്ളവരും റോമർ 8-ാം അധ്യായം പഠിക്കേണ്ടത് എന്തുകൊണ്ട്?
3 എന്നാൽ, ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശയുള്ളവർക്കും റോമർ 8-ാം അധ്യായം ബാധകമാണ്. കാരണം ഒരർഥത്തിൽ ദൈവം അവരെയും നീതിമാന്മാരായി വീക്ഷിക്കുന്നു. അതിന്റെ ഒരു തെളിവ് പൗലോസ് തന്റെ ലേഖനത്തിന്റെ തുടക്കത്തിൽ സൂചിപ്പിക്കുന്നു. നാലാം അധ്യായത്തിൽ അദ്ദേഹം അബ്രാഹാമിനെക്കുറിച്ച് പറഞ്ഞു. യഹോവ ഇസ്രായേല്യർക്കു ന്യായപ്രമാണം കൊടുക്കുന്നതിനു മുമ്പാണു വിശ്വസ്തനായ അബ്രാഹാം ജീവിച്ചിരുന്നത്, തീർച്ചയായും യേശു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിക്കുന്നതിനും വളരെക്കാലം മുമ്പ്. എങ്കിലും അബ്രാഹാം കാണിച്ച അസാധാരണമായ വിശ്വാസം യഹോവ ശ്രദ്ധിക്കുകയും അദ്ദേഹത്തെ നീതിമാനായി കണക്കാക്കുകയും ചെയ്തു. (റോമർ 4:20-22 വായിക്കുക.) സമാനമായി, ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശയുള്ള ഇക്കാലത്തെ വിശ്വസ്തരായ ക്രിസ്ത്യാനികളെയും യഹോവയ്ക്കു നീതിമാന്മാരായി കണക്കാക്കാൻ കഴിയും. അതുകൊണ്ട് റോമർ 8-ാം അധ്യായത്തിൽ നീതിമാന്മാരായ ആളുകൾക്കു കൊടുത്തിരിക്കുന്ന ഉപദേശത്തിൽനിന്ന് അവർക്കും പ്രയോജനം നേടാൻ കഴിയും.
4. റോമർ 8:20-ന്റെ അടിസ്ഥാനത്തിൽ ഏതു ചോദ്യം സ്വയം ചോദിക്കണം?
4 റോമർ 8:20-ൽ പുതിയ ലോകം തീർച്ചയായും വരുമെന്നുള്ള ഉറപ്പ് നമുക്കു കാണാം. “സൃഷ്ടിതന്നെയും ജീർണതയുടെ അടിമത്തത്തിൽനിന്നു സ്വതന്ത്രമാക്കപ്പെട്ട് ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം പ്രാപിക്കുമെന്ന” വാഗ്ദാനം അവിടെ കാണാം. പക്ഷേ ചോദ്യമിതാണ്: നമ്മൾ അവിടെയുണ്ടായിരിക്കുമോ, ആ സമ്മാനം നമ്മൾ നേടുമോ? ആ പുതിയ ലോകത്തിൽ നിങ്ങൾ ജീവിക്കുന്നതു നിങ്ങൾക്കു കാണാനാകുന്നുണ്ടോ? അവിടെയായിരിക്കാൻ എന്തു ചെയ്യണമെന്നു മനസ്സിലാക്കാൻ സഹായിക്കുന്ന വിവരങ്ങൾ റോമർ 8-ാം അധ്യായത്തിലുണ്ട്.
‘ജഡത്തിന്റെ കാര്യങ്ങളിൽ മനസ്സു പതിപ്പിച്ചാൽ. . . ’
5. ഏതു ഗൗരവമേറിയ കാര്യത്തെക്കുറിച്ചാണു റോമർ 8:4-13 വരെ പൗലോസ് പറഞ്ഞത്?
5 റോമർ 8:4-13 വായിക്കുക. റോമർ 8-ാം അധ്യായത്തിൽ പൗലോസ് രണ്ടു കൂട്ടരെക്കുറിച്ച് പറയുന്നു. ഒന്ന്, ‘ജഡത്തെ അനുസരിച്ച് ജീവിക്കുന്നവർ.’ രണ്ട്, ‘ആത്മാവിനെ അനുസരിച്ച് ജീവിക്കുന്നവർ.’ പൗലോസ് ഇവിടെ, സത്യത്തിലുള്ളവരെയും അല്ലാത്തവരെയും കുറിച്ച്, അതായത്, ക്രിസ്ത്യാനികളെയും അല്ലാത്തവരെയും കുറിച്ച്, ആണ് പറയുന്നതെന്നു ചിലർ ചിന്തിക്കുന്നു. എന്നാൽ പൗലോസ് ഈ ലേഖനം എഴുതുന്നതു “ദൈവത്തിനു പ്രിയരും വിശുദ്ധന്മാരായി വിളിക്കപ്പെട്ടവരുമായ റോമിലുള്ള സകലർക്കും” വേണ്ടിയാണ്. (റോമ. 1:1) അതുകൊണ്ട് ക്രിസ്ത്യാനികളെക്കുറിച്ചുതന്നെയാണു പൗലോസ് ഇവിടെ പറയുന്നത്. അദ്ദേഹം ‘ജഡത്തെ അനുസരിച്ച് ജീവിച്ച’ ക്രിസ്ത്യാനികളും ‘ആത്മാവിനെ അനുസരിച്ച് ജീവിച്ച’ ക്രിസ്ത്യാനികളും തമ്മിലുള്ള വ്യത്യാസം കാണിച്ചുതരുകയായിരുന്നു. ഈ രണ്ടു കൂട്ടരും വ്യത്യസ്തരായിരുന്നത് എങ്ങനെ?
6, 7. (എ) ബൈബിളിൽ ജഡം എന്ന പദം ഏതൊക്കെ അർഥങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്? (ബി) റോമർ 8:4-13 വരെ ഏത് അർഥത്തിലാണു ‘ജഡം’ എന്ന പദം ഉപയോഗിച്ചിരിക്കുന്നത്?
6 ബൈബിളിൽ ‘ജഡം’ എന്ന പദം പല അർഥത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ചിലപ്പോൾ ഈ പദം ഭൗതികശരീരത്തെ അർഥമാക്കുന്നു. (റോമ. 2:28; 1 കൊരി. 15:39, 50) മറ്റു ചിലപ്പോൾ കുടുംബബന്ധങ്ങളെ പരാമർശിക്കാൻ ഈ വാക്ക് ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, യേശുവിനെക്കുറിച്ച്, ‘ജഡപ്രകാരം ദാവീദിന്റെ സന്തതിയിൽനിന്ന് ജനിച്ചവൻ’ എന്നു ബൈബിൾ പറയുന്നു. അതുപോലെ, സഹജൂതന്മാരെ ‘ജഡപ്രകാരം തന്റെ ബന്ധുക്കളെന്നു’ പൗലോസും വിളിക്കുന്നു.—റോമ. 1:3; 9:3.
7 റോമർ 8:4-13-ൽ ‘ജഡം’ എന്ന പദം ഉപയോഗിച്ചപ്പോൾ പൗലോസ് എന്താണ് അർഥമാക്കിയതെന്നു മനസ്സിലാക്കാൻ റോമർ 7-ാം അധ്യായത്തിലെ ചില വിവരങ്ങൾ സഹായിക്കുന്നു. അവിടെ, ‘ജഡപ്രകാരം ജീവിക്കുന്നതിനെ (അവരുടെ) അവയവങ്ങളിൽ വ്യാപരിച്ചുപോന്ന പാപവികാരങ്ങളുമായി’ പൗലോസ് ബന്ധപ്പെടുത്തുന്നു. (റോമ. 7:5) ‘ജഡത്തിന്റെ കാര്യങ്ങളിൽ മനസ്സു പതിപ്പിക്കുന്നവരെന്നു’ പൗലോസ് പറഞ്ഞ ‘ജഡത്തെ അനുസരിച്ച് ജീവിക്കുന്നവർ’ എങ്ങനെയുള്ളവരാണെന്നു മനസ്സിലാക്കാൻ ഈ വാക്യം സഹായിക്കുന്നു. അപൂർണമനുഷ്യർക്കുള്ള അഭിലാഷങ്ങളിലും ചായ്വുകളിലും ശ്രദ്ധ പതിപ്പിച്ച് ജീവിക്കുന്ന ആളുകളെക്കുറിച്ചാണു പൗലോസ് ഇവിടെ പറഞ്ഞത്. അങ്ങനെയുള്ളവർ അവരുടെ ലൈംഗികമോ അല്ലാത്തതോ ആയ ആഗ്രഹങ്ങൾക്കും അഭിലാഷങ്ങൾക്കും വികാരങ്ങൾക്കും പിന്നാലെ പോകുന്നവരാണ്.
8. ‘ജഡത്തെ അനുസരിച്ച് ജീവിക്കുന്നതിന്’ എതിരെ പൗലോസ് അഭിഷിക്തക്രിസ്ത്യാനികൾക്കു മുന്നറിയിപ്പു കൊടുത്തത് എന്തുകൊണ്ടാണ്?
8 ‘ജഡത്തെ അനുസരിച്ച് ജീവിക്കുന്നതിന്’ എതിരെ പൗലോസ് അഭിഷിക്തക്രിസ്ത്യാനികൾക്കു മുന്നറിയിപ്പു കൊടുത്തത് എന്തുകൊണ്ടാണ്? ഇന്നുള്ള എല്ലാ ക്രിസ്ത്യാനികൾക്കും ഈ മുന്നറിയിപ്പ് ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്? കാരണം, ദൈവത്തിന്റെ ഏതൊരു വിശ്വസ്തദാസനും സ്വന്തം ആഗ്രഹങ്ങൾ ജീവിതത്തിലെ പ്രധാനസംഗതിയായി കാണാൻ തുടങ്ങിയേക്കാം. ഉദാഹരണത്തിന്, റോമിലുള്ള ചില സഹോദരങ്ങളെക്കുറിച്ച്, അവർ ‘സ്വന്തം വയറിന്’ അടിമകളാണെന്നു പൗലോസ് എഴുതി. അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനസംഗതികൾ ലൈംഗികതയോ ആഹാരമോ മറ്റു വിനോദങ്ങളോ ആണെന്നായിരിക്കാം പൗലോസ് അർഥമാക്കിയത്. (റോമ. 16:17, 18; ഫിലി. 3:18, 19; യൂദ 4, 8, 12) കൊരിന്ത് സഭയിലെ ഒരു സഹോദരൻ കുറച്ചുകാലത്തേക്കു ‘അപ്പന്റെ ഭാര്യയെ വെച്ചുകൊണ്ടിരുന്നു.’ (1 കൊരി. 5:1) വ്യക്തമായും, ‘ജഡത്തെ അനുസരിച്ച് ജീവിക്കുന്നതിനെക്കുറിച്ചുള്ള’ പൗലോസിന്റെ മുന്നറിയിപ്പ് ആ ആദിമക്രിസ്ത്യാനികൾക്ക് ആവശ്യമായിരുന്നു.—റോമ. 8:5, 6.
9. റോമർ 8:6 എന്തിനെക്കുറിച്ചല്ല പറയുന്നത്?
9 ആ മുന്നറിയിപ്പ് ഇന്നും ബാധകമാണ്. വർഷങ്ങളായി യഹോവയെ സേവിച്ചുവരുന്ന ഒരാൾപ്പോലും ‘ജഡത്തെ അനുസരിച്ച് ജീവിക്കാൻ’ തുടങ്ങിയേക്കാം. എന്നാൽ, പൗലോസ് പറഞ്ഞതിന് അർഥം നമ്മൾ ആഹാരമോ ജോലിയോ വിനോദമോ വിവാഹമോ പോലെ യാതൊരു കാര്യത്തെക്കുറിച്ചും ഒരിക്കലും ചിന്തിക്കരുതെന്നാണോ? തീർച്ചയായുമല്ല. ഇതെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. യേശുപോലും ഭക്ഷണം ആസ്വദിച്ച് കഴിക്കുകയും മറ്റുള്ളവരെ പോഷിപ്പിക്കുകയും ചെയ്തു. തനിക്കും വിശ്രമം ആവശ്യമാണെന്നു യേശു മനസ്സിലാക്കി. ലൈംഗികതയ്ക്കു വിവാഹജീവിതത്തിൽ ഒരു പ്രധാനസ്ഥാനമുണ്ടെന്നു പൗലോസും എഴുതി.
10. ‘മനസ്സു പതിപ്പിക്കുക’ എന്നതുകൊണ്ട് എന്താണ് അർഥമാക്കുന്നത്?
10 ‘മനസ്സു പതിപ്പിക്കുക’ എന്നതുകൊണ്ട് പൗലോസ് എന്താണ് അർഥമാക്കിയത്? ഒരുവന്റെ ചിന്തകളും പദ്ധതികളും ഏതെങ്കിലും കാര്യത്തിൽ കേന്ദ്രീകരിക്കുന്നതിനെയാണു പൗലോസ് ഇവിടെ ഉപയോഗിച്ച ഗ്രീക്കുപദം അർഥമാക്കുന്നത്. അങ്ങനെയെങ്കിൽ, ജഡത്തിൽ മനസ്സു പതിപ്പിക്കുന്നവരുടെ കാര്യമോ? ഒരു പണ്ഡിതൻ പറയുന്നതനുസരിച്ച്, അങ്ങനെയുള്ളവർ എല്ലായ്പോഴും സ്വന്തം ആഗ്രഹങ്ങളിൽ “ആഴമായ താത്പര്യമുള്ളവരും അതെക്കുറിച്ച് കൂടെക്കൂടെ സംസാരിക്കുന്നവരും” അതിനെ ചുറ്റിപ്പറ്റി ജീവിക്കുന്നവരും ആണ്. ഈ ആഗ്രഹങ്ങളാണ് അവരുടെ ജീവിതത്തെ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്നത്.
11. ജീവിതത്തിലെ പ്രധാനസംഗതികളാകാൻ സാധ്യതയുള്ള ചില കാര്യങ്ങൾ ഏതെല്ലാം?
11 റോമിലുള്ള ക്രിസ്ത്യാനികൾ ഒരു ആത്മപരിശോധന നടത്തുകയും അവരുടെ മനസ്സ് എന്തിലാണെന്നു കണ്ടുപിടിക്കുകയും വേണമായിരുന്നു. അതു ‘ജഡത്തിന്റെ കാര്യങ്ങളിൽ’ ആയിരുന്നോ? അതുപോലെ, ഏറ്റവും പ്രധാനപ്പെട്ടതായി കാണുന്നത് എന്താണെന്നു നമ്മളും കണ്ടെത്തണം. നമ്മുടെ സംസാരത്തെക്കുറിച്ച് ചിന്തിക്കുക. എന്തിനെക്കുറിച്ച് സംസാരിക്കാനാണു നമുക്കു താത്പര്യം? എന്തു ചെയ്യാനാണു നമ്മൾ ഇഷ്ടപ്പെടുന്നത്? അങ്ങനെ ചിന്തിക്കുന്നെങ്കിൽ പലരും ഒരു കാര്യം തിരിച്ചറിഞ്ഞേക്കും: തങ്ങൾ കൂടുതൽ സമയവും ചിന്തിക്കുന്നതു വ്യത്യസ്തതരം മദ്യം പരീക്ഷിച്ചുനോക്കുക, വീട് അലങ്കരിക്കുക, പുതിയപുതിയ വസ്ത്രങ്ങൾ വാങ്ങുക, പണം നിക്ഷേപിക്കുക, വിനോദയാത്രകൾ നടത്തുക തുടങ്ങിയവയെക്കുറിച്ചൊക്കെയാണെന്ന്. ഇതൊന്നും തെറ്റല്ല, ഇതെല്ലാം നമ്മൾ സാധാരണ ചെയ്യുന്ന കാര്യങ്ങളായിരിക്കാം. യേശു ഒരു വിവാഹവേളയിൽ വീഞ്ഞ് ഉണ്ടാക്കി. ‘അൽപ്പം വീഞ്ഞ് കുടിച്ചുകൊള്ളാൻ’ പൗലോസ് തിമൊഥെയൊസിനോടു പറഞ്ഞു. (1 തിമൊ. 5:23; യോഹ. 2:3-11) എന്നാൽ അതിന് അർഥം വീഞ്ഞാണ് അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നാണോ? അല്ല. ഇനി നമ്മുടെ കാര്യമൊന്നു ചിന്തിക്കുക: നമ്മുടെ ജീവിതത്തിലെ മുഖ്യതാത്പര്യം എന്താണ്?
12, 13. എന്തിലാണു നമ്മുടെ മനസ്സു കേന്ദ്രീകരിച്ചിരിക്കുന്നത് എന്നതിൽ നമ്മൾ ശ്രദ്ധയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്?
12 പൗലോസ് ഈ മുന്നറിയിപ്പ് നൽകി: “ജഡത്തിന്റെ ചിന്ത മരണത്തിൽ കലാശിക്കുന്നു.” (റോമ. 8:6) എന്താണു പൗലോസ് അർഥമാക്കിയത്? നമ്മൾ ‘ജഡത്തെ അനുസരിച്ച് ജീവിച്ചാൽ’ താമസിയാതെ ആത്മീയമരണം സംഭവിക്കും, ഭാവിയിൽ നിത്യജീവൻ നഷ്ടമാകുകയും ചെയ്യും. എന്നാൽ ഇത് ഒഴിവാക്കാനാകും, മാറ്റം വരുത്താൻ നമുക്കു കഴിയും. കൊരിന്തിലെ പുറത്താക്കപ്പെട്ട ആ ദുർമാർഗിയായ വ്യക്തിക്കു പിന്നീട് എന്തു സംഭവിച്ചു? അദ്ദേഹം മാറ്റം വരുത്തി, അധാർമികമായ ആഗ്രഹങ്ങളുടെ പിന്നാലെ പോകുന്നതു നിറുത്തുകയും യഹോവയെ ശുദ്ധമനസ്സാക്ഷിയോടെ വീണ്ടും സേവിക്കാൻ തുടങ്ങുകയും ചെയ്തു.—2 കൊരി. 2:6-8.
13 ‘ജഡത്തെ അനുസരിച്ച് ജീവിക്കുന്ന’ കാര്യത്തിൽ ആ മനുഷ്യൻ പൂർണമായും മുങ്ങിപ്പോയിരുന്നു. എന്നിട്ടും അദ്ദേഹത്തിനു മാറ്റം വരുത്താൻ കഴിഞ്ഞു. ഇതു കാണിക്കുന്നത്, യഹോവയുടെ നിലവാരങ്ങൾക്കു പകരം തെറ്റായ ആഗ്രഹങ്ങളുടെ പിന്നാലെ പോയിത്തുടങ്ങിയിട്ടുള്ള ഏതൊരു ക്രിസ്ത്യാനിക്കും മാറ്റം വരുത്താനാകുമെന്നാണ്. പൗലോസിന്റെ മുന്നറിയിപ്പ് ഓർക്കുന്നത് ആവശ്യമായ ഏതു മാറ്റവും വരുത്താൻ നമ്മളെ പ്രചോദിപ്പിക്കും.
‘ആത്മാവിന്റെ കാര്യങ്ങളിൽ മനസ്സു പതിപ്പിക്കുക’
14, 15. (എ) നമ്മുടെ മനസ്സ് എന്തിൽ പതിപ്പിക്കാനാണു പൗലോസ് പറഞ്ഞത്? (ബി) ‘ആത്മാവിന്റെ കാര്യങ്ങളിൽ മനസ്സു പതിപ്പിക്കുക’ എന്നാൽ എന്തല്ല അർഥം?
14 ‘ജഡത്തിന്റെ കാര്യങ്ങളിൽ മനസ്സു പതിപ്പിക്കുന്നതിന്റെ’ അപകടങ്ങളെക്കുറിച്ച് പറഞ്ഞതിനു ശേഷം പൗലോസ് വിശദീകരിച്ചു: “ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവുംതന്നെ.” എത്ര മഹത്തായ ഒരു പ്രതിഫലം! നമുക്ക് ആ പ്രതിഫലം എങ്ങനെ നേടാം?
15 ‘ആത്മാവിന്റെ കാര്യങ്ങളിൽ മനസ്സു പതിപ്പിക്കുക’ എന്നതിന്റെ അർഥം ചുറ്റും നടക്കുന്നതിനെക്കുറിച്ചൊന്നും യാതൊരു ചിന്തയുമില്ലാതെ ജീവിക്കുകയെന്നല്ല. ഒരു വ്യക്തി യഹോവയെക്കുറിച്ചും ബൈബിളിനെക്കുറിച്ചും മാത്രമേ ചിന്തിക്കുകയും പറയുകയും ചെയ്യാവൂ എന്നുമല്ല അതിന് അർഥം. ഓർക്കുക: ദൈവത്തെ പ്രീതിപ്പെടുത്തിയ പൗലോസും ഒന്നാം നൂറ്റാണ്ടിലെ മറ്റുള്ളവരും ആളുകൾ സാധാരണ ചെയ്യുന്ന കാര്യങ്ങളൊക്കെ ചെയ്താണു ജീവിച്ചത്. അവർ ഭക്ഷണപാനീയങ്ങൾ ആസ്വദിച്ചു, ചിലർ വിവാഹിതരായി കുടുംബജീവിതം നയിച്ചു, പല ജോലികളും ചെയ്തു.—മർക്കോ. 6:3; 1 തെസ്സ. 2:9.
16. പൗലോസിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തായിരുന്നു?
16 എന്നാൽ, ഇതൊന്നും ജീവിതത്തിലെ സുപ്രധാന കാര്യങ്ങളായിത്തീരാൻ പൗലോസോ മറ്റ് ആദ്യകാലക്രിസ്ത്യാനികളോ അനുവദിച്ചില്ല. ഉദാഹരണത്തിന്, കൂടാരപ്പണി ചെയ്താണു പൗലോസ് ജീവിതമാർഗം കണ്ടെത്തിയത്. പക്ഷേ, ജോലിയല്ലായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനകാര്യം, പകരം ദൈവസേവനമായിരുന്നു. അതെ, പ്രസംഗ പഠിപ്പിക്കൽപ്രവർത്തനത്തിലായിരുന്നു പൗലോസ് ശ്രദ്ധ പതിപ്പിച്ചത്. (പ്രവൃത്തികൾ 18:2-4; 20:20, 21, 34, 35 വായിക്കുക.) റോമിലെ സഹോദരങ്ങൾ പൗലോസിനെ അനുകരിക്കണമായിരുന്നു. നമ്മളും അതുതന്നെ ചെയ്യണം.—റോമ. 15:15, 16.
17. ‘ആത്മാവിന്റെ കാര്യങ്ങളിൽ മനസ്സു പതിപ്പിക്കുന്നതുകൊണ്ടുള്ള’ പ്രയോജനങ്ങൾ എന്തെല്ലാം?
17 നമ്മുടെ ശ്രദ്ധ യഹോവയെ സേവിക്കുന്നതിലാണെങ്കിൽ നമ്മുടെ ജീവിതം എങ്ങനെയുള്ളതായിരിക്കും? റോമർ 8:6 പറയുന്നു: “ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവുംതന്നെ.” നമ്മുടെ മനസ്സിനെ വഴിനയിക്കാൻ യഹോവയുടെ ആത്മാവിനെ അനുവദിക്കുന്നതും യഹോവ ചിന്തിക്കുന്നതുപോലെ ചിന്തിക്കാൻ പഠിക്കുന്നതും ആണ് അതിൽ ഉൾപ്പെട്ടിരിക്കുന്നത്. അങ്ങനെ ചെയ്യുന്നെങ്കിൽ ഇപ്പോൾ സന്തോഷവും സംതൃപ്തിയും നിറഞ്ഞ ഒരു ജീവിതമുണ്ടായിരിക്കും, ഭാവിയിൽ നിത്യജീവനും.
18. ‘ആത്മാവിന്റെ കാര്യങ്ങളിൽ മനസ്സു പതിപ്പിക്കുമ്പോൾ’ നമുക്ക് എങ്ങനെ സമാധാനം ലഭിക്കും?
18 ‘ആത്മാവിന്റെ കാര്യങ്ങളിൽ മനസ്സു പതിപ്പിക്കുന്നതു’ നമുക്കു ‘സമാധാനം’ തരുമെന്നു പറഞ്ഞപ്പോൾ പൗലോസ് എന്താണ് അർഥമാക്കിയതെന്നു നമുക്കു നോക്കാം. ഇന്ന് എല്ലാവരും മനസ്സമാധാനം ആഗ്രഹിക്കുന്നു. പക്ഷേ അധികം ആർക്കും ഇല്ലാത്തതും അതാണ്. എന്നാൽ യഹോവയുടെ അനുഗ്രഹത്താൽ നമുക്ക് മനസ്സമാധാനം ഉള്ളവരായിരിക്കാനാകും. അതുപോലെ, കുടുംബത്തിലുള്ളവരുമായും സഭയിലെ സഹോദരങ്ങളുമായും നമുക്കു സമാധാനത്തിലായിരിക്കാനാകും. അപൂർണരായതുകൊണ്ട് ചിലപ്പോഴൊക്കെ സഹോദരങ്ങളുമായി നമുക്കു പ്രശ്നങ്ങളുണ്ടായേക്കാം. അത്തരം സാഹചര്യങ്ങളിൽ യേശുവിന്റെ ഈ ഉപദേശം അനുസരിക്കാം: “നിന്റെ സഹോദരനുമായി രമ്യതയിലാകുക.” (മത്താ. 5:24) അതു സഹോദരനോ സഹോദരിയോ ആകട്ടെ, അവരും “സമാധാനം നൽകുന്ന” ദൈവമായ യഹോവയെയാണു സേവിക്കുന്നതെന്ന് ഓർക്കുക.—റോമ. 15:33; 16:20.
19. നമുക്ക് ഏതു പ്രത്യേക സമാധാനം ആസ്വദിക്കാനാകും?
19 നമ്മൾ ‘ആത്മാവിന്റെ കാര്യങ്ങളിൽ മനസ്സു പതിപ്പിക്കുന്നെങ്കിൽ’ ദൈവവുമായും സമാധാനത്തിലായിരിക്കാൻ കഴിയും. യശയ്യ പ്രവാചകൻ ഇങ്ങനെ എഴുതി: “സ്ഥിരമാനസൻ നിന്നിൽ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു.”—യശ. 26:3; റോമർ 5:1 വായിക്കുക.
20. റോമർ 8-ാം അധ്യായത്തിലെ മാർഗനിർദേശത്തിനു നിങ്ങൾ നന്ദിയുള്ളവരായിരിക്കുന്നത് എന്തുകൊണ്ട്?
20 നമ്മുടെ നിത്യജീവന്റെ പ്രത്യാശ സ്വർഗത്തിലായാലും ഭൂമിയിലായാലും നമുക്കെല്ലാം റോമർ 8-ാം അധ്യായത്തിലെ ജ്ഞാനമൊഴികളിൽനിന്ന് പ്രയോജനം നേടാനാകും. സ്വന്തം ഇഷ്ടങ്ങൾക്കു പകരം യഹോവയെ സേവിക്കുന്നതിൽ ശ്രദ്ധ പതിപ്പിക്കാൻ ബൈബിൾ നമ്മളെ പ്രോത്സാഹിപ്പിക്കുന്നു. ‘ആത്മാവിന്റെ കാര്യങ്ങളിൽ മനസ്സു പതിപ്പിക്കുന്നെങ്കിൽ’ നമ്മളെ കാത്തിരിക്കുന്നതു മഹത്തായ പ്രതിഫലമാണ്. പൗലോസ് എഴുതി: “പാപത്തിന്റെ ശമ്പളം മരണം; ദൈവത്തിന്റെ ദാനമോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിനാലുള്ള നിത്യജീവനും.”—റോമ. 6:23.