കർത്താവിന്റെ അത്താഴം നാം ആചരിക്കുന്നതിന്റെ കാരണം
“എന്റെ ഓർമയ്ക്കായി ഇതു ചെയ്തുകൊണ്ടിരിക്കുവിൻ.”—1 കൊരി. 11:24.
1, 2. എ.ഡി. 33, നീസാൻ മാസം 14-ാം തീയതി വൈകിട്ട് യേശു എന്താണ് ചെയ്തത്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
സന്ധ്യ കഴിഞ്ഞ നേരം. പൂർണചന്ദ്രന്റെ നിറനിലാവിൽ കുളിച്ചു നിൽക്കുന്ന യെരുശലേം. എ.ഡി. 33, നീസാൻ മാസം 14-ാം തീയതി. യേശുവും അപ്പൊസ്തലന്മാരും പെസഹാ ആചരിച്ച് കഴിഞ്ഞതേയുള്ളൂ. 1,500 വർഷം മുമ്പ് ഈജിപ്തിന്റെ അടിമത്തത്തിൽനിന്ന് ഇസ്രായേല്യർ വിമോചനം നേടിയതിന്റെ ഓർമനാളായിരുന്നു അത്. വിശ്വസ്തരായ 11 അപ്പൊസ്തലന്മാരോടൊപ്പം ഇരുന്ന് സവിശേഷമായ ഒരു ആചരണം—ഈ ദിനം തീരുംമുമ്പ് തന്നെ കാത്തിരിക്കുന്ന മരണത്തിന്റെ സ്മാരകാചരണം—യേശു ഇപ്പോൾ ഏർപ്പെടുത്തുന്നു.a—മത്താ. 26:1, 2.
2 യേശു പുളിപ്പില്ലാത്ത അപ്പമെടുത്ത് അനുഗ്രഹത്തിനായി പ്രാർഥിച്ചശേഷം അത് അപ്പൊസ്തലന്മാർക്ക് കൈമാറുന്നു. അവൻ പറയുന്നു: “വാങ്ങി ഭക്ഷിക്കുവിൻ.” പിന്നെ അവൻ ഒരു പാനപാത്രം വീഞ്ഞ് എടുത്ത് വീണ്ടും നന്ദിയർപ്പിച്ചശേഷം അവരോട് ഇങ്ങനെ പറയുന്നു: “നിങ്ങളെല്ലാവരും ഇതിൽനിന്നു കുടിക്കുവിൻ.” (മത്താ. 26:26, 27) തുടർന്ന് അവൻ അവർക്ക് കൂടുതൽ എന്തെങ്കിലും ഭക്ഷണം നൽകാൻ ഉദ്ദേശിച്ചില്ല. പകരം ആ നിർണായക രാത്രിയിൽ തന്റെ വിശ്വസ്ത അനുഗാമികളോട് അവന് കുറെയധികം കാര്യങ്ങൾ പറയാനുണ്ടായിരുന്നു.
3. ഈ ലേഖനം ഏതെല്ലാം ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകും?
3 അങ്ങനെയാണ് യേശു തന്റെ മരണത്തിന്റെ സ്മാരകം ഏർപ്പെടുത്തിയത്. “കർത്താവിന്റെ അത്താഴം” എന്നും അത് അറിയപ്പെടുന്നു. (1 കൊരി. 11:20) അതിനെക്കുറിച്ച് ചിലർ ഇങ്ങനെ ചോദിച്ചേക്കാം: എന്തിനാണ് യേശുവിന്റെ മരണത്തെ സ്മരിക്കുന്നത്? അപ്പവീഞ്ഞുകളുടെ അർഥമെന്താണ്? സ്മാരകത്തിനായി നമുക്ക് ഓരോരുത്തർക്കും എങ്ങനെ തയ്യാറാകാനാകും? ആരാണ് ചിഹ്നങ്ങളിൽ പങ്കുപറ്റേണ്ടത്? തങ്ങളുടെ പ്രത്യാശ സംബന്ധിച്ച് തിരുവെഴുത്തുകൾ പറയുന്ന കാര്യങ്ങളോട് ക്രിസ്ത്യാനികൾ പ്രതികരിക്കുന്നത് എങ്ങനെയാണ്?
നാം യേശുവിന്റെ മരണത്തിന്റെ സ്മാരകം ആചരിക്കുന്നതിന്റെ കാരണം
4. യേശുവിന്റെ മരണം നമുക്ക് എന്തു സാധ്യമാക്കി?
4 ആദാമിന്റെ മക്കളെന്നനിലയിൽ തലമുറകളിലൂടെ പാപവും മരണവും നമുക്ക് കൈമാറിക്കിട്ടിയിരിക്കുന്നു. (റോമ. 5:12) തനിക്കോ മറ്റുള്ളവർക്കോ വേണ്ടി ദൈവമുമ്പാകെ ഒരു മറുവില അഥവാ വീണ്ടെടുപ്പുവില വെക്കാൻ അപൂർണമനുഷ്യരിൽ ആർക്കും കഴിയില്ല. (സങ്കീ. 49:6-9) എന്നാൽ സ്വീകാര്യമായ ഒരേയൊരു മറുവില യേശു തന്റെ മരണത്തിലൂടെ നൽകി. അവന്റെ പൂർണതയുള്ള ശരീരവും അവൻ ചൊരിഞ്ഞ രക്തവും ആയിരുന്നു അത്. തന്റെ മറുവിലയുടെ മൂല്യം ദൈവമുമ്പാകെ അർപ്പിക്കുകവഴി, നമുക്ക് പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്നുള്ള വിടുതൽ യേശു സാധ്യമാക്കി. അങ്ങനെ നിത്യജീവനാകുന്ന ദാനം അവൻ നമുക്ക് ലഭ്യമാക്കി.—റോമ. 6:23; 1 കൊരി. 15:21, 22.
5. (എ) ദൈവവും യേശുവും മനുഷ്യവർഗത്തെ സ്നേഹിക്കുന്നെന്ന് നമുക്ക് എങ്ങനെ അറിയാം? (ബി) യേശുവിന്റെ മരണത്തിന്റെ സ്മാരകാചരണത്തിൽ നാം സന്നിഹിതരാകേണ്ടത് എന്തുകൊണ്ട്?
5 ദൈവം മനുഷ്യവർഗമാകുന്ന ലോകത്തെ സ്നേഹിക്കുന്നെന്ന് മറുവിലയുടെ ക്രമീകരണം വ്യക്തമാക്കുന്നു. (യോഹ. 3:16) യേശുവും നമ്മെ സ്നേഹിക്കുന്നെന്ന് അവന്റെ ബലിമരണം തെളിയിക്കുന്നു. മാത്രവുമല്ല, ഭൂമിയിൽ വരുന്നതിനുമുമ്പ്, ദൈവത്തിന്റെ കൂടെ “ശില്പി”യായി പ്രവർത്തിച്ചിരുന്ന യേശുവിന്റെ “പ്രമോദം മനുഷ്യപുത്രന്മാരോടുകൂടെ ആയിരുന്നു!” (സദൃ. 8:30, 31) ദൈവത്തോടും അവന്റെ പുത്രനോടും ഉള്ള നന്ദി, യേശുവിന്റെ മരണത്തിന്റെ സ്മാരകാചരണത്തിൽ സന്നിഹിതരാകാൻ നമ്മെ പ്രചോദിപ്പിക്കേണ്ടതാണ്. അപ്പോൾ, “എന്റെ ഓർമയ്ക്കായി ഇതു ചെയ്യുവിൻ” എന്ന കല്പന നാം അനുസരിക്കുകയായിരിക്കും.—1 കൊരി. 11:23-25.
സ്മാരകചിഹ്നങ്ങളുടെ അർഥം
6. സ്മാരകാചരണത്തിൽ ഉപയോഗിക്കുന്ന അപ്പവീഞ്ഞുകളെ നാം വീക്ഷിക്കേണ്ടത് എങ്ങനെ?
6 സ്മാരകാചരണം ഏർപ്പെടുത്തവെ, യേശു അപ്പത്തെയും വീഞ്ഞിനെയും അത്ഭുതകരമായ വിധത്തിൽ തന്റെ അക്ഷരീയ ശരീരമോ രക്തമോ ആക്കി മാറ്റിയില്ല. പകരം അപ്പത്തെക്കുറിച്ച്, “ഇത് എന്റെ ശരീരത്തെ അർഥമാക്കുന്നു” എന്നും വീഞ്ഞിനെക്കുറിച്ച്, “ഇത് അനേകർക്കുവേണ്ടി ചൊരിയപ്പെടാനിരിക്കുന്ന എന്റെ ‘ഉടമ്പടിയുടെ രക്ത’ത്തെ അർഥമാക്കുന്നു” എന്നുമാണ് അവൻ പറഞ്ഞത്. (മർക്കോ. 14:22-24) അതുകൊണ്ട്, അപ്പത്തെയും വീഞ്ഞിനെയും ചിഹ്നങ്ങൾ അഥവാ പ്രതീകങ്ങൾ ആയാണ് വീക്ഷിക്കേണ്ടത് എന്നു വ്യക്തം.
7. സ്മാരകാചരണത്തിന് ഉപയോഗിക്കുന്ന അപ്പം എന്തിന്റെ പ്രതീകമാണ്?
7 എ.ഡി. 33-ലെ ആ അതിപ്രധാന വേളയിൽ, പെസഹാഭക്ഷണത്തിൽ ശേഷിച്ച പുളിപ്പില്ലാത്ത അപ്പമാണ് യേശു ഉപയോഗിച്ചത്. (പുറ. 12:8) തിരുവെഴുത്തുകളിൽ പുളിപ്പ് പലപ്പോഴും കളങ്കത്തെയും പാപത്തെയും കുറിക്കുന്നു. (മത്താ. 16:6, 11, 12; ലൂക്കോ. 12:1) തന്നിമിത്തം, യേശു പുളിപ്പില്ലാത്ത അപ്പം ഉപയോഗിച്ചതിന് പ്രത്യേക അർഥമുണ്ട്. അവന്റെ പാപരഹിതമായ ശരീരത്തിന്റെ തികച്ചും യോജിക്കുന്ന ഒരു പ്രതീകമായിരുന്നു അത്. (എബ്രാ. 7:26) അതുകൊണ്ട്, അത്തരം പുളിപ്പില്ലാത്ത അപ്പംതന്നെയാണ് സ്മാരകാചരണത്തിന് ഉപയോഗിക്കുന്നത്.
8. സ്മാരകാചരണത്തിന് ഉപയോഗിക്കുന്ന വീഞ്ഞ് എന്തിന്റെ പ്രതീകമാണ്?
8 എ.ഡി. 33, നീസാൻ 14-ന് യേശു ഉപയോഗിച്ച വീഞ്ഞ് അവന്റെ രക്തത്തെ പ്രതിനിധാനം ചെയ്തു. ഇന്ന് സ്മാരകാചരണത്തിൽ ഉപയോഗിക്കുന്ന വീഞ്ഞിന്റെ അർഥവും അതുതന്നെയാണ്. യെരുശലേമിന് പുറത്തുള്ള ഗൊൽഗോഥ എന്ന സ്ഥലത്ത് “പാപമോചനത്തിനായി” അവന്റെ രക്തം ചൊരിയപ്പെട്ടു. (മത്താ. 26:28; 27:33) സ്മാരകചിഹ്നങ്ങളായ അപ്പവും വീഞ്ഞും അനുസരണമുള്ള മനുഷ്യവർഗത്തിനുവേണ്ടി അർപ്പിക്കപ്പെട്ട യേശുവിന്റെ വിലതീരാത്ത യാഗത്തെ പ്രതിനിധാനം ചെയ്യുന്നതിനാലും സ്നേഹപൂർവമായ ആ കരുതലിനെ നാം ആഴമായി വിലമതിക്കുന്നതിനാലും കർത്താവിന്റെ അത്താഴത്തിന്റെ വാർഷികാചരണത്തിനായി നാം ഓരോരുത്തരും വ്യക്തിപരമായി ചില ഒരുക്കങ്ങൾ നടത്തുന്നത് സമുചിതമാണ്.
ഒരുങ്ങാനുള്ള ചില വിധങ്ങൾ
9. (എ) സ്മാരകകാല ബൈബിൾവായനാപട്ടിക പിൻപറ്റുന്നത് വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) മറുവിലയെ വ്യക്തിപരമായി നിങ്ങൾ എങ്ങനെ നോക്കിക്കാണുന്നു?
9 തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ എന്ന ചെറുപുസ്തകത്തിൽ നൽകിയിട്ടുള്ള സ്മാരകകാല ബൈബിൾവായനാപട്ടിക പിൻപറ്റിക്കൊണ്ട്, യേശു തന്റെ മരണത്തിനു മുമ്പു ചെയ്ത കാര്യങ്ങളിലൂടെ നമുക്ക് മനസ്സോടിക്കാനാകും. അങ്ങനെ ചെയ്യുന്നത് കർത്താവിന്റെ അത്താഴത്തിനായി നമ്മുടെ ഹൃദയങ്ങളെ ഒരുക്കാൻ നമ്മെ സഹായിക്കും.b ഒരു സഹോദരി ഇങ്ങനെ എഴുതി: “സ്മാരകത്തിനായി ഞങ്ങൾ താത്പര്യപൂർവം നോക്കിപ്പാർത്തിരിക്കുന്നു. ഓരോ വർഷവും ഞങ്ങളുടെ മനസ്സിൽ അതിന് പുതിയ മാനങ്ങൾ കൈവരുന്നു. ഡാഡിയുടെ ശവസംസ്കാരശുശ്രൂഷയുടെ സമയം ഞാൻ ഇന്നും ഓർക്കുന്നു. . . . അരികെനിന്ന് ഡാഡിയുടെ മുഖത്തേക്കു ഞാൻ നോക്കി. മറുവിലയുടെ മൂല്യം ശരിക്കും അന്നാണ് എന്റെ ഉള്ളിൽത്തട്ടിയത്. . . . എനിക്ക് തിരുവെഴുത്തുകൾ അറിയാഞ്ഞിട്ടൊന്നും ആയിരുന്നില്ല. അവയൊക്കെ അന്നോളം പറയുകയും പഠിപ്പിക്കുകയും ഒക്കെ ചെയ്തിരുന്നു ഞാൻ! പക്ഷേ മരണത്തിന്റെ തണുത്ത കരസ്പർശം സ്വന്തം ഹൃദയത്തിൽ അനുഭിച്ചറിഞ്ഞപ്പോഴാണ് മറുവിലയെന്ന അമൂല്യ ദാനം നമുക്കൊക്കെ സാധ്യമാക്കുന്നത് എന്താണെന്ന് ശരിക്കും ഞാൻ വിലമതിക്കാനിടയായത്. എന്റെ ഹൃദയം കൃതജ്ഞതയോടെ തുടിച്ചു.” അതെ, സ്മാരകത്തിനായി മനസ്സിനെ ഒരുക്കവെ, പാപത്തിന്റെയും മരണത്തിന്റെയും ശാപത്തിൽനിന്ന് യേശുവിന്റെ മറുവിലയാഗം നമ്മെ വിമോചിപ്പിക്കുന്നത് എങ്ങനെയെന്ന് ധ്യാനിക്കുന്നത് വളരെ നന്നായിരിക്കും.
10. സ്മാരകത്തിനായി ഒരുങ്ങുന്നതിന്റെ ഭാഗമായി ശുശ്രൂഷയിൽ നമുക്ക് എന്തു ചെയ്യാനായേക്കും?
10 ഏതെങ്കിലുമൊക്കെ വിധത്തിൽ ശുശ്രൂഷയിലെ പങ്ക് വർധിപ്പിച്ചുകൊണ്ടും സ്മാരകത്തിനായി നമുക്ക് ഒരുങ്ങാനായേക്കും. സ്മാരകകാലത്ത് സഹായപയനിയറിങ് ചെയ്യാൻ നമുക്കാകുമോ? ബൈബിൾവിദ്യാർഥികളെയും മറ്റുള്ളവരെയും കർത്താവിന്റെ അത്താഴത്തിന് ക്ഷണിക്കുമ്പോൾ നമ്മുടെ ദൈവത്തെക്കുറിച്ചും അവന്റെ പുത്രനെക്കുറിച്ചും, യഹോവയെ പ്രസാദിപ്പിക്കുകയും അവനെ സ്തുതിക്കുകയും ചെയ്യുന്നവർക്കായി കരുതിവെച്ചിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചും പറയുന്നതിൽ നാം സന്തോഷം കണ്ടെത്തും.—സങ്കീ. 148:12, 13.
11. കൊരിന്തിലുണ്ടായിരുന്ന ചിലർ സ്മാരകചിഹ്നങ്ങളിൽ അയോഗ്യമായി പങ്കുപറ്റിയത് എങ്ങനെ?
11 കർത്താവിന്റെ അത്താഴത്തിനായി ഒരുങ്ങവെ, പൗലോസ് കൊരിന്തിലെ ക്രിസ്ത്യാനികൾക്ക് എഴുതിയ വാക്കുകൾക്ക് ശ്രദ്ധകൊടുക്കുക. (1 കൊരിന്ത്യർ 11:27-34 വായിക്കുക.) അയോഗ്യമായി ആരെങ്കിലും അപ്പം ഭക്ഷിക്കുകയോ പാനപാത്രത്തിൽനിന്ന് കുടിക്കുകയോ ചെയ്താൽ “(യേശുവിന്റെ) ശരീരവും രക്തവും സംബന്ധിച്ച് അവൻ കുറ്റക്കാരനാകും” എന്ന് പൗലോസ് ശ്രദ്ധയിൽപ്പെടുത്തി. അതുകൊണ്ട് ഓരോ അഭിഷിക്തനും ‘തന്നെത്തന്നെ ശോധനചെയ്തിട്ടാകണം’ ചിഹ്നങ്ങളിൽ പങ്കുപറ്റാൻ. അല്ലാത്തപക്ഷം, അയാൾ തനിക്കുതന്നെ “ശിക്ഷാവിധി തിന്നുകയും കുടിക്കയും ചെയ്യു”കയാണ്. (സത്യവേദപുസ്തകം) അനുചിതമായ നടത്ത നിമിത്തം കൊരിന്ത്യരിൽ “പലരും ബലഹീനരും രോഗികളും ആയി”രുന്നു. “ചിലർ (ആത്മീയമായി) മരണനിദ്ര പ്രാപിക്കുകയും ചെയ്തി”രുന്നു. സാധ്യതയനുസരിച്ച്, സ്മാരകാചരണ സമയത്തോ അതിനു മുമ്പോ ചിലർ അമിതമായി തിന്നുകയും കുടിക്കുകയും ചെയ്തിരുന്നു. തന്നിമിത്തം മാനസികമായും ആത്മീയമായും അവർ ജാഗരൂകരല്ലായിരുന്നു. അത്തരത്തിൽ അയോഗ്യമായ വിധത്തിൽ ചിഹ്നങ്ങളിൽ പങ്കുപറ്റിയത് അവരുടെമേലുള്ള ദൈവാംഗീകാരം നഷ്ടപ്പെടുന്നതിൽ കലാശിച്ചു.
12. (എ) പൗലോസ് സ്മാരകത്തെ എന്തിനോട് താരതമ്യപ്പെടുത്തി, പങ്കുപറ്റുന്നവർക്ക് അവൻ എന്തു മുന്നറിയിപ്പു നൽകി? (ബി) സ്മാരകത്തിന് ചിഹ്നങ്ങളിൽ പങ്കുപറ്റുന്ന ഒരാൾ ഗുരുതരമായ ഒരു പാപം ചെയ്തിരിക്കുന്നെങ്കിൽ എന്തു ചെയ്യണം?
12 പൗലോസ് സ്മാരകത്തെ മറ്റുള്ളവരുമായി ഒരുമിച്ച് ആസ്വദിക്കുന്ന ഒരു ഭക്ഷണത്തോട് താരതമ്യപ്പെടുത്തി. പങ്കുപറ്റുന്നവർക്ക് അവൻ ഇങ്ങനെ മുന്നറിയിപ്പു നൽകി: ‘നിങ്ങൾക്ക് ഒരേസമയം യഹോവയുടെ പാനപാത്രത്തിൽനിന്നും ഭൂതങ്ങളുടെ പാനപാത്രത്തിൽനിന്നും കുടിക്കാൻ കഴിയില്ല. നിങ്ങൾക്ക് ഒരേസമയം “യഹോവയുടെ മേശ”യിലും ഭൂതങ്ങളുടെ മേശയിലും പങ്കുണ്ടായിരിക്കാനും സാധിക്കില്ല.’ (1 കൊരി. 10:16-21) കർത്താവിന്റെ അത്താഴത്തിന് ചിഹ്നങ്ങളിൽ പങ്കുപറ്റുന്ന ഒരു വ്യക്തി ഗുരുതരമായ ഒരു പാപം ചെയ്തിരിക്കുന്നെങ്കിൽ അദ്ദേഹം ആത്മീയ സഹായം തേടണം. (യാക്കോബ് 5:14-16 വായിക്കുക.) എന്നാൽ ആ അഭിഷിക്തൻ “മാനസാന്തരത്തിനു യോജിച്ച ഫലം പുറപ്പെടുവി”ച്ചിട്ടുണ്ടെങ്കിൽ, കർത്താവിന്റെ അത്താഴത്തിൽ പങ്കുപറ്റുമ്പോൾ അദ്ദേഹം യേശുവിന്റെ മറുവിലയോട് അനാദരവ് കാണിക്കുകയായിരിക്കില്ല.—ലൂക്കോ. 3:8.
13. നമ്മുടെ ദൈവദത്ത പ്രത്യാശയെക്കുറിച്ച് പ്രാർഥനാപൂർവം വിചിന്തനം ചെയ്യുന്നത് പ്രയോജനകരമായിരിക്കുന്നത് എന്തുകൊണ്ട്?
13 സ്മാരകത്തിനുവേണ്ടി വ്യക്തിപരമായി ഒരുങ്ങുമ്പോൾ ഒരു വ്യക്തി തന്റെ ദൈവദത്ത പ്രത്യാശയെക്കുറിച്ച് പ്രാർഥനാപൂർവം വിചിന്തനം ചെയ്യുന്നത് തീർച്ചയായും പ്രയോജനകരമായിരിക്കും. ഒരു അഭിഷിക്ത ക്രിസ്ത്യാനിയാണ് താൻ എന്നുള്ളതിന്റെ വ്യക്തമായ തെളിവില്ലാതെ സ്മാരകചിഹ്നങ്ങളിൽ പങ്കുപറ്റിക്കൊണ്ട് യേശുവിന്റെ മറുവിലയോട് അനാദരവ് കാണിക്കാൻ, യഹോവയുടെ സമർപ്പിതദാസനും യേശുവിന്റെ വിശ്വസ്താനുഗാമിയും ആയ ആരുംതന്നെ ആഗ്രഹിക്കില്ല. അങ്ങനെയെങ്കിൽ ചിഹ്നങ്ങളിൽ പങ്കുപറ്റണമോ വേണ്ടയോ എന്ന് ഒരു സഹോദരനോ സഹോദരിക്കോ എങ്ങനെ നിശ്ചയിക്കാൻ കഴിയും?
ആരാണ് പങ്കുപറ്റേണ്ടത്?
14. സ്മാരകചിഹ്നങ്ങളിൽ പങ്കുപറ്റുന്നതുമായി പുതിയ ഉടമ്പടി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ?
14 യോഗ്യമായ വിധത്തിൽ സ്മാരകചിഹ്നങ്ങളിൽ പങ്കുപറ്റുന്നവർക്ക് തങ്ങൾ പുതിയ ഉടമ്പടിയുടെ കക്ഷികളാണെന്ന് പൂർണബോധ്യമുണ്ട്. വീഞ്ഞ് എടുത്തുകൊണ്ട്, “ഈ പാനപാത്രം എന്റെ രക്തത്താലുള്ള പുതിയ ഉടമ്പടിയെ അർഥമാക്കുന്നു” എന്ന് യേശു പറഞ്ഞു. (1 കൊരി. 11:25) ന്യായപ്രമാണ ഉടമ്പടിയിൽനിന്ന് തികച്ചും വേറിട്ട ഒരു പുതിയ ഉടമ്പടി താൻ ഇസ്രായേല്യരുമായി ചെയ്യുമെന്ന് പ്രവാചകനായ യിരെമ്യാവിലൂടെ ദൈവം മുൻകൂട്ടിപ്പറഞ്ഞിരുന്നു. (യിരെമ്യാവു 31:31-34 വായിക്കുക.) ആ പുതിയ ഉടമ്പടി ദൈവം ആത്മീയ ഇസ്രായേല്യരുമായാണ് ചെയ്തിരിക്കുന്നത്. (ഗലാ. 6:15, 16) ഈ ഉടമ്പടി ക്രിസ്തുവിന്റെ യാഗത്താൽ ഉറപ്പിക്കപ്പെട്ടും അവന്റെ ചൊരിയപ്പെട്ട രക്തത്താൽ പ്രാബല്യത്തിൽവന്നും ഇരിക്കുന്നു. (ലൂക്കോ. 22:20) പുതിയ ഉടമ്പടിയുടെ മധ്യസ്ഥൻ യേശുവാണ്. അതിലേക്ക് എടുക്കപ്പെടുന്ന വിശ്വസ്തരായ അഭിഷിക്തർക്ക് സ്വർഗീയ അവകാശം ലഭിക്കുന്നു.—എബ്രാ. 8:6; 9:15.
15. രാജ്യ ഉടമ്പടിയിലേക്ക് എടുക്കപ്പെട്ടിരിക്കുന്നവർ ആര്, വിശ്വസ്തരായി തുടരുന്നെങ്കിൽ എന്തു പദവി അവരെ കാത്തിരിക്കുന്നു?
15 സ്മാരകചിഹ്നങ്ങളിൽ യോഗ്യമായ വിധത്തിൽ പങ്കുപറ്റുന്ന വ്യക്തികൾ രാജ്യ ഉടമ്പടിയിലേക്ക് തങ്ങൾ എടുക്കപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കുന്നു. (ലൂക്കോസ് 12:32 വായിക്കുക.) യേശുവിന്റെ അഭിഷിക്താനുഗാമികളായിത്തീരുകയും അവന്റെ കഷ്ടാനുഭവത്തിൽ പങ്കുചേർന്ന് വിശ്വസ്തരായി അവനോട് പറ്റിനിൽക്കുകയും ചെയ്തവർ അവന്റെ സ്വർഗീയ ഭരണത്തിൽ പങ്കാളികളാകേണ്ടിയിരുന്നു. (ഫിലി. 3:10) രാജ്യ ഉടമ്പടിയിൽ ഉൾപ്പെട്ടിരിക്കുന്നതുകൊണ്ട് വിശ്വസ്തരായ അഭിഷിക്തർ സ്വർഗത്തിൽ ക്രിസ്തുവിനോടൊപ്പം രാജാക്കന്മാരായി എന്നേക്കും വാഴും. (വെളി. 22:5) അങ്ങനെയുള്ള വ്യക്തികൾ കർത്താവിന്റെ അത്താഴത്തിന് സ്മാരകചിഹ്നങ്ങളിൽ യഥോചിതം പങ്കുപറ്റുന്നു.
16. റോമർ 8:15-17-ന്റെ അർഥം വിശദീകരിക്കുക.
16 തങ്ങൾ ദൈവമക്കളാണെന്ന് ആത്മാവിന്റെ സാക്ഷ്യമുള്ളവർ മാത്രമേ സ്മാരകചിഹ്നങ്ങളിൽ പങ്കുപറ്റാൻ പാടുള്ളൂ. (റോമർ 8:15-17 വായിക്കുക.) “അപ്പാ!” എന്ന് അർഥമുള്ള “അബ്ബാ” എന്ന അരാമ്യപദമാണ് പൗലോസ് ഉപയോഗിച്ചതെന്ന് ശ്രദ്ധിക്കുക. ഒരു കുഞ്ഞ് തന്റെ അപ്പനെ അങ്ങനെ വിളിച്ചേക്കാം. കാരണം അടുപ്പവും ആർദ്രപ്രിയവും സ്ഫുരിക്കുന്ന ഒരു പദമായിരുന്നു അത്. “പപ്പാ” എന്നോ “അപ്പച്ചാ” എന്നോ ഒരു കുട്ടി വിളിക്കുമ്പോൾ അനുഭവപ്പെടുന്ന ആ ഒരു അടുപ്പം “പിതാവ്” എന്ന ആദരവു നിറഞ്ഞ വാക്കിനോട് ചേർക്കുകയാണ് “അബ്ബാ” എന്ന പദം ചെയ്യുന്നത്. ‘പുത്രത്വത്തിന്റെ ആത്മാവ്’ ലഭിച്ചിരിക്കുന്നവർ ദൈവത്തിന്റെ ആത്മജനനം പ്രാപിച്ച മക്കളാണ്. തങ്ങൾ യഹോവയുടെ അഭിഷിക്ത പുത്രന്മാരാണെന്ന തിരിച്ചറിവ് നൽകിക്കൊണ്ട് അവന്റെ ആത്മാവ് അവരുടെ ആത്മാവുമായി സാക്ഷ്യം വഹിക്കുന്നു. അത് കേവലം, ഭൂമിയിൽ ജീവിക്കുന്നതിനോട് താത്പര്യം നഷ്ടപ്പെടുന്ന ഒരു അവസ്ഥാവിശേഷമല്ല. മരണത്തോളം വിശ്വസ്തരാണെങ്കിൽ സ്വർഗീയ രാജ്യത്തിൽ തങ്ങൾ യേശുവിന്റെ കൂട്ടവകാശികളായിരിക്കും എന്ന് അവർക്ക് തികഞ്ഞ ബോധ്യമുണ്ട്. ക്രിസ്തുവിന്റെ കാൽച്ചുവടു പിന്തുടരുന്നവരായ ഈ 1,44,000 പേരിൽ ഒരു ചെറിയ ശേഷിപ്പുമാത്രമാണ് ഇന്ന് ഭൂമിയിലുള്ളത്. അവർ “പരിശുദ്ധനാൽ” അഥവാ യഹോവയാൽ “അഭിഷേകം പ്രാപിച്ചി”ട്ടുള്ളവരാണ്. (1 യോഹ. 2:20; വെളി. 14:1) അവന്റെ ആത്മാവിനാലാണ് അവർ “അബ്ബാ, പിതാവേ” എന്ന് വിളിച്ചപേക്ഷിക്കുന്നത്. ദൈവവുമായി എത്ര അനുഗൃഹീതമായ ഒരു ബന്ധമാണ് അവർ ആസ്വദിക്കുന്നത്!
നിങ്ങളുടെ തിരുവെഴുത്തധിഷ്ഠിത പ്രത്യാശയോടുള്ള പ്രതികരണം
17. അഭിഷിക്തരുടെ പ്രത്യാശ എന്താണ്, അവർ അതിനെ എങ്ങനെ വീക്ഷിക്കുന്നു?
17 നിങ്ങൾ ഒരു അഭിഷിക്ത ക്രിസ്ത്യാനിയാണെങ്കിൽ, നിങ്ങളുടെ വ്യക്തിപരമായ പ്രാർഥനകളിലെ ഒരു മുഖ്യവിഷയം സ്വർഗീയ പ്രത്യാശയായിരിക്കും. സ്വർഗീയ മണവാളനായ യേശുക്രിസ്തുവുമായി “വിവാഹനിശ്ചയം” നടത്തിയിരിക്കുന്നതിനെക്കുറിച്ച് ബൈബിൾ പറയുമ്പോൾ നിങ്ങൾ അത് നിങ്ങൾക്ക് ബാധകമാക്കുന്നു. അതുപോലെ, ക്രിസ്തുവിന്റെ “മണവാട്ടി”യുടെ ഭാഗമായിത്തീരുന്നതിനായി നിങ്ങൾ നോക്കിപ്പാർത്തിരിക്കുന്നു. (2 കൊരി. 11:2; യോഹ. 3:27-29; വെളി. 21:2, 9-14) ദൈവം തന്റെ ആത്മമക്കളോടുള്ള സ്നേഹം തന്റെ വചനത്തിൽ പ്രകടിപ്പിച്ചിരിക്കുന്നത് കാണുമ്പോഴും കേൾക്കുമ്പോഴും, ‘അതെ, അത് എന്നെക്കുറിച്ചാണ്’ എന്ന് നിങ്ങളുടെ ഹൃദയം പ്രതികരിക്കുന്നു. അതുപോലെ, യഹോവയുടെ വചനം അവന്റെ അഭിഷിക്ത പുത്രന്മാർക്ക് നിർദേശങ്ങൾ നൽകുമ്പോൾ, ‘അത് എന്നോടാണല്ലോ പറയുന്നത്’ എന്ന് ഉള്ളിൽ പറയാനും അത് അനുസരിക്കാനും പരിശുദ്ധാത്മാവ് നിങ്ങളെ പ്രചോദിപ്പിക്കുന്നു. അങ്ങനെ, നിങ്ങൾക്ക് സ്വർഗീയ പ്രത്യാശയാണുള്ളതെന്ന് സാക്ഷ്യം വഹിക്കുന്നതിൽ ദൈവത്തിന്റെ ആത്മാവും നിങ്ങളുടെ ആത്മാവും ഒത്തുചേരുന്നു.
18. ‘വേറെ ആടുകൾക്കുള്ള’ പ്രത്യാശ എന്താണ്, അതെക്കുറിച്ച് നിങ്ങൾക്കുള്ള വികാരം എന്താണ്?
18 അതേസമയം, ‘വേറെ ആടുകളിൽപ്പെട്ട’ ‘മഹാപുരുഷാരത്തിന്റെ’ ഭാഗമാണ് നിങ്ങളെങ്കിൽ, ഭൗമിക പ്രത്യാശയാണ് ദൈവം നിങ്ങൾക്കു നൽകിയിരിക്കുന്നത്. (വെളി. 7:9; യോഹ. 10:16) എക്കാലവും പറുദീസയിൽ ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. ഭൂമിയിലെ ഭാവിജീവിതത്തെക്കുറിച്ച് ബൈബിൾ പറയുന്ന കാര്യങ്ങൾ നിങ്ങൾ മനസ്സിൽ താലോലിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. കുടുംബത്തോടും മറ്റു നീതിമാന്മാരോടും ഒപ്പം സമാധാന സമൃദ്ധിയിൽ ആനന്ദിക്കാനായി നിങ്ങൾ നോക്കിപ്പാർക്കുന്നു. ഭക്ഷ്യക്ഷാമം, ദാരിദ്ര്യം, കഷ്ടപ്പാട്, രോഗം, മരണം എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ മനുഷ്യവർഗത്തെ മേലാൽ വേട്ടയാടാത്ത കാലത്തിനായി നിങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു. (സങ്കീ. 37:10, 11, 29; 67:6; 72:7, 16; യെശ. 33:24) മരിച്ചവരുടെ ഇടയിൽനിന്ന് ഭൂമിയിൽ നിത്യം ജീവിക്കാനുള്ള പ്രത്യാശയോടെ ഉയിർപ്പിക്കപ്പെടുന്നവരെ സ്വാഗതം ചെയ്യാനായി നിങ്ങൾ അതിയായി വാഞ്ഛിക്കുന്നു. (യോഹ. 5:28, 29) ഭൗമിക പ്രത്യാശ നൽകി യഹോവ നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നതിൽ നിങ്ങൾ എത്ര നന്ദിയുള്ളവരാണ്! ചിഹ്നങ്ങളിൽ പങ്കുപറ്റുന്നില്ലെങ്കിലും യേശുവിന്റെ മറുവിലയാഗത്തോടുള്ള വിലമതിപ്പ് തെളിയിച്ചുകൊണ്ട് നിങ്ങൾ സ്മാരകാചരണത്തിന് ഹാജരാകുന്നു.
നിങ്ങൾ ഹാജരാകുമോ?
19, 20. (എ) നിങ്ങളുടെ ദൈവദത്ത പ്രത്യാശ യാഥാർഥ്യമാകണമെങ്കിൽ എന്ത് ആവശ്യമാണ്? (ബി) കർത്താവിന്റെ അത്താഴത്തിന് ഹാജരാകാൻ നിങ്ങൾ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്?
19 നിങ്ങളുടെ പ്രത്യാശ ഭൗമികമായാലും സ്വർഗീയമായാലും, യഹോവയാം ദൈവത്തിലും യേശുക്രിസ്തുവിലും മറുവിലയിലും വിശ്വാസം പ്രകടമാക്കുന്നെങ്കിൽ മാത്രമേ അത് സാക്ഷാത്കരിക്കപ്പെടുകയുള്ളൂ. സ്മാരകത്തിന് ഹാജരാകുന്നതിലൂടെ നിങ്ങളുടെ പ്രത്യാശയെയും യേശുവിന്റെ മരണത്തിന്റെ വലിയ പ്രാധാന്യത്തെയും കുറിച്ച് ധ്യാനിക്കാൻ നിങ്ങൾക്ക് ഒരു അവസരം ലഭിക്കും. അതുകൊണ്ട്, 2015 ഏപ്രിൽ 3 വെള്ളിയാഴ്ച സൂര്യാസ്തമയ ശേഷം കർത്താവിന്റെ അത്താഴത്തിന് ലോകവ്യാപകമായുള്ള രാജ്യഹാളുകളിലും മറ്റ് ഇടങ്ങളിലും കൂടിവരാൻപോകുന്ന ദശലക്ഷങ്ങളോടൊപ്പം ഹാജരാകാൻ നിങ്ങൾക്കും ലക്ഷ്യംവെക്കാനാകും.
20 സ്മാരകത്തിന് ഹാജരാകുന്നത് യേശുവിന്റെ മറുവിലയാഗത്തോടുള്ള നിങ്ങളുടെ വിലമതിപ്പ് ആഴമുള്ളതാക്കും. അവിടെ നടക്കുന്ന പ്രസംഗം ശ്രദ്ധവെച്ച് കേൾക്കുന്നത് യഹോവയുടെ സ്നേഹത്തെയും മനുഷ്യവർഗത്തെ സംബന്ധിച്ച അവന്റെ മഹത്തായ ഉദ്ദേശ്യത്തെയും കുറിച്ച് നിങ്ങൾ പഠിച്ച കാര്യങ്ങൾ അയൽക്കാരോട് പറഞ്ഞുകൊണ്ട് അവരെ സ്നേഹിക്കാൻ നിങ്ങളെ പ്രചോദിപ്പിക്കും. (മത്താ. 22:34-40) അതുകൊണ്ട് കർത്താവിന്റെ അത്താഴത്തിന് ഹാജരാകാൻ സകല ശ്രമവും ചെയ്യുക.
a സൂര്യാസ്തമയം മുതൽ അടുത്ത സൂര്യാസ്തമയം വരെയായിരുന്നു എബ്രായർ ദിവസം കണക്കാക്കിയിരുന്നത്.
b പുതിയ ലോക ഭാഷാന്തരം ബൈബിളിന്റെ (ഇംഗ്ലീഷ്) അനുബന്ധം ബി12, അല്ലെങ്കിൽ ദൈവവചനത്തിന് ഒരു പഠനസഹായി എന്ന ചെറുപുസ്തകത്തിന്റെ ഭാഗം 16 കാണുക.