ഇന്ന് ദൈവത്തിനു മഹത്ത്വം കൊടുക്കുന്നത് ആരാണ്?
‘കർത്താവേ, [യഹോവേ] നീ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ.’—വെളിപ്പാടു 4:11.
1, 2. (എ) ബയോമിമെറ്റിക്സ് എന്താണെന്നു വിശദമാക്കുന്ന ഏതാനും ഉദാഹരണങ്ങൾ നൽകുക. (ബി) ഏതു ചോദ്യം പ്രസക്തമാണ്, അതിനുള്ള ഉത്തരം എന്ത്?
സ്വിറ്റ്സർലൻഡുകാരനായ ഷൊർഷ് ഡെ മെസ്ട്രാൽ എന്ന ഒരു എഞ്ചിനീയർ, 1940-കളിൽ ഒരു ദിവസം തന്റെ വളർത്തു നായയെയും കൂട്ടി നടക്കാനിറങ്ങി. വീട്ടിൽ തിരിച്ചെത്തിയപ്പോൾ, തന്റെ വസ്ത്രത്തിലും നായയുടെ രോമക്കുപ്പായത്തിലുമെല്ലാം ഏതോ കൊച്ചു കായ്കൾ പറ്റിപ്പിടിച്ചിരിക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു. ഒരു സൂക്ഷ്മദർശിനിയുടെ സഹായത്തോടെ ആ കായ്കൾ പരിശോധിച്ച അദ്ദേഹം അവയിൽ നിറയെ ചെറിയ കൊളുത്തുകൾ ഉള്ളതായി കണ്ടു. ഈ കൊളുത്തുകളായിരുന്നു അദ്ദേഹത്തിന്റെ വസ്ത്രത്തിൽ ഉടക്കിപ്പിടിച്ചത്. വളരെ കാലത്തിനു ശേഷം ആ കൊളുത്തുകളോടു സമാനതയുള്ള ഒന്ന് അദ്ദേഹം കൃത്രിമമായി ഉണ്ടാക്കിയെടുത്തു. വെൽക്രോ എന്നാണ് അത് അറിയപ്പെടുന്നത്. പ്രകൃതിയിലെ രൂപമാതൃകകൾ പകർത്തിയിട്ടുള്ളത് ഡെ മെസ്ട്രാൽ മാത്രമല്ല. ഐക്യനാടുകളിൽ, പറക്കുന്ന വലിയ പക്ഷികളെ നിരീക്ഷിച്ച് റൈറ്റ് സഹോദരന്മാർ ഒരു വിമാനം രൂപകൽപ്പന ചെയ്തു. ഫ്രഞ്ച് എഞ്ചിനീയർ ആയിരുന്ന അലക്സാന്ത്രേ ഗുസ്താവ് ഈഫൽ, പാരീസിൽ തന്റെ നാമം വഹിക്കുന്ന ഗോപുരം നിർമിച്ചിരിക്കുന്നത് ശരീരത്തിന്റെ ഭാരം താങ്ങിനിറുത്താൻ മനുഷ്യന്റെ തുടയെല്ലിനെ പ്രാപ്തമാക്കുന്ന തത്ത്വങ്ങളെ ആസ്പദമാക്കിയാണ്.
2 പ്രകൃതിയിലെ രൂപമാതൃകകൾ പകർത്താൻ മനുഷ്യൻ നടത്തിയിട്ടുള്ള ഈ ശ്രമങ്ങൾ ബയോമിമെറ്റിക്സ് എന്ന ഒരു ശാസ്ത്രശാഖതന്നെ നിലവിൽ വരാൻ ഇടയാക്കിയിരിക്കുന്നു.a എന്നാൽ ന്യായയുക്തമായ ഒരു ചോദ്യം ഉയർന്നുവരുന്നു: ചെറിയ കൊളുത്തുകളുള്ള കായ്കൾ, വലിയ പക്ഷികൾ, മനുഷ്യന്റെ തുടയെല്ല് തുടങ്ങി പല കണ്ടുപിടിത്തങ്ങൾക്കും മാതൃകകളായി വർത്തിച്ച പ്രകൃതിയിലെ വിസ്മയകരമായ രൂപകൽപ്പനകളുടെ രൂപസംവിധായകനെ അനുകർത്താക്കൾ എത്ര കൂടെക്കൂടെ പുകഴ്ത്തുന്നുണ്ട്? ഇന്നത്തെ ലോകത്തിൽ ദൈവത്തിന്, അവൻ അർഹിക്കുന്ന പുകഴ്ചയോ മഹത്ത്വമോ അപൂർവമായി മാത്രമേ ലഭിക്കാറുള്ളു എന്നതാണു സങ്കടകരമായ യാഥാർഥ്യം.
3, 4. ‘മഹത്ത്വം’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദത്തിന്റെ അർഥം എന്ത്, യഹോവയ്ക്കു ബാധകമാകുമ്പോൾ അത് എന്തർഥമാക്കുന്നു?
3 ‘ദൈവം മഹത്ത്വം ഉള്ളവനല്ലേ? അപ്പോൾപ്പിന്നെ ദൈവത്തിനു പ്രത്യേകിച്ച് മഹത്ത്വം കൊടുക്കേണ്ട ആവശ്യം എന്താണ്?’ എന്നു ചിലർ ചിന്തിച്ചേക്കാം. ശരിയാണ്, ഈ അഖിലാണ്ഡത്തിൽ ഏറ്റവും മഹത്ത്വപൂർണനായ വ്യക്തി യഹോവയാണ്. എന്നാൽ മുഴു മനുഷ്യവർഗത്തിന്റെയും ദൃഷ്ടിയിൽ അവൻ മഹത്ത്വപൂർണനാണ് എന്ന് അതിന് അർഥമില്ല. ബൈബിളിൽ “മഹത്ത്വം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദത്തിന്റെ അടിസ്ഥാന അർഥം “ഘനം” എന്നാണ്. അത് ഒരു വ്യക്തിക്ക് മറ്റുള്ളവരുടെ ദൃഷ്ടിയിൽ ഗാംഭീര്യം അഥവാ മതിപ്പ് നൽകുന്ന എന്തെങ്കിലും സംഗതിയെ കുറിക്കുന്നു. ദൈവത്തോടുള്ള ബന്ധത്തിൽ പറയുകയാണെങ്കിൽ മനുഷ്യന് ദൈവത്തെ കുറിച്ചു മതിപ്പു തോന്നാൻ ഇടയാക്കുന്നതെന്തോ അതിനെയാണ് അത് അർഥമാക്കുന്നത്.
4 ദൈവത്തെ കുറിച്ചു മതിപ്പു തോന്നാൻ ഇടയാക്കുന്ന സംഗതി എന്താണെന്നു ചിന്തിക്കാനൊന്നും അധികമാരും ഇന്ന് മിനക്കെടാറില്ല. (സങ്കീർത്തനം 10:4; 14:1) വാസ്തവത്തിൽ സമൂഹത്തിലെ പ്രമുഖരായ വ്യക്തികൾ—ദൈവത്തിൽ വിശ്വസിക്കുന്നവരെന്ന് അവകാശപ്പെടുന്നവർ പോലും—പ്രപഞ്ചത്തിന്റെ മഹിമാധനനായ സ്രഷ്ടാവിനെ അവമതിക്കാനാണു മിക്കപ്പോഴും ആളുകളുടെമേൽ സ്വാധീനം ചെലുത്തിയിട്ടുള്ളത്. ഏതു വിധങ്ങളിൽ?
“അവർക്കു പ്രതിവാദമില്ല”
5. മിക്ക ശാസ്ത്രജ്ഞന്മാരും സൃഷ്ടിയിലെ അത്ഭുതങ്ങളെ വിശദീകരിക്കുന്നത് എങ്ങനെ?
5 മിക്ക ശാസ്ത്രജ്ഞന്മാരും ദൈവം ഇല്ല എന്നു തറപ്പിച്ചു പറയുന്നു. അങ്ങനെയെങ്കിൽ മനുഷ്യവർഗം ഉൾപ്പെടെയുള്ള സൃഷ്ടിയിലെ അത്ഭുതങ്ങൾക്ക് അവർ എന്തു വിശദീകരണമാണു നൽകുന്നത്? എല്ലാം യാദൃശ്ചികമായി അസ്തിത്വത്തിൽ വന്നതാണ് എന്ന് അവകാശപ്പെട്ടുകൊണ്ട് അവർ എല്ലാറ്റിന്റെയും മഹത്ത്വം പരിണാമത്തിനു നൽകുന്നു. ദൃഷ്ടാന്തത്തിന്, പരിണാമവാദിയായ സ്റ്റീഫൻ ജെയ് ഗോൾഡ് എഴുതി: “ഒരു പ്രത്യേക തരം മത്സ്യത്തിന്, കരയിലെ ജീവികളുടെ കാലുകളായി പരിണമിക്കാൻ സാധിക്കത്തക്കവിധത്തിലുള്ള പ്രത്യേക ഘടനയോടു കൂടിയ ചിറകുകൾ ഉണ്ടായിരുന്നു. നാം ഇന്ന് ഇവിടെ ആയിരിക്കുന്നത് അതുകൊണ്ടാണ്. . . . കൂടുതൽ മികച്ച ഒരു ഉത്തരത്തിനായി നാം വാഞ്ഛിച്ചേക്കാം. പക്ഷേ, അങ്ങനെയൊന്ന് ഇല്ല.” സമാനമായി, റിച്ചാർഡ് ഈ. ലീക്കിയും റോജർ ല്യൂയിനും എഴുതി: “ഒരുപക്ഷേ മനുഷ്യവർഗം ജീവശാസ്ത്രപരമായ വലിയ ഒരു പിശകു മാത്രമായിരിക്കാം.” പ്രകൃതിയിൽ ദൃശ്യമായ മനോഹാരിതയെയും രൂപരചനകളെയും പുകഴ്ത്തുന്ന ചില ശാസ്ത്രജ്ഞന്മാർ പോലും അതിനുള്ള ബഹുമതി ദൈവത്തിനു കൊടുക്കുന്നതിൽ പരാജയപ്പെടുന്നു.
6. സ്രഷ്ടാവ് എന്ന നിലയിൽ ദൈവം അർഹിക്കുന്ന പുകഴ്ച നൽകുന്നതിൽനിന്ന് അനേകരെ പിന്തിരിപ്പിക്കുന്നത് എന്ത്?
6 പരിണാമം ഒരു വസ്തുതയാണ് എന്ന് ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച ആളുകൾ തറപ്പിച്ചു പറയുമ്പോൾ, അറിവില്ലാത്തവർ മാത്രമേ അതു വിശ്വസിക്കാൻ വിസമ്മതിക്കുകയുള്ളു എന്നാണ് അവർ അർഥമാക്കുന്നത്. അത്തരം ഒരു വീക്ഷണത്തോട് അനേകർ പ്രതികരിക്കുന്നത് എങ്ങനെയാണ്? ഏതാനും വർഷം മുമ്പ്, പരിണാമത്തെ കുറിച്ച് വളരെ നന്നായി അറിയാവുന്ന ഒരാൾ ആ സിദ്ധാന്തത്തിൽ വിശ്വസിക്കുന്നവരുമായി അഭിമുഖം നടത്തുകയുണ്ടായി. അദ്ദേഹം പറഞ്ഞു: “പരിണാമത്തിൽ വിശ്വസിക്കുന്ന ഭൂരിഭാഗം ആളുകളും, അറിവുള്ള എല്ലാവരും അതാണു വിശ്വസിക്കുന്നത് എന്നു കേട്ടതുകൊണ്ടാണ് അതിൽ വിശ്വാസം അർപ്പിച്ചത് എന്നു ഞാൻ കണ്ടെത്തി.” ശരിയാണ്, വിദ്യാസമ്പന്നരായവർ നിരീശ്വരവാദപരമായ വീക്ഷണങ്ങൾ പ്രകടിപ്പിക്കുമ്പോൾ സ്രഷ്ടാവ് എന്ന നിലയിൽ ദൈവം അർഹിക്കുന്ന പുകഴ്ച കൊടുക്കുന്നതിൽനിന്നു മറ്റുള്ളവർ പിന്തിരിയുന്നു.—സദൃശവാക്യങ്ങൾ 14:15, 18.
7. റോമർ 1:20 അനുസരിച്ച് ദൃശ്യമായ സൃഷ്ടിക്രിയകളിലൂടെ എന്തു വ്യക്തമായി കാണാൻ കഴിയുമായിരുന്നു, എന്തുകൊണ്ട്?
7 വസ്തുതകളും തെളിവുകളും പരിണാമത്തിലേക്കു വിരൽ ചൂണ്ടുന്നതുകൊണ്ടാണോ ശാസ്ത്രജ്ഞന്മാർ അത്തരമൊരു നിഗമനത്തിൽ എത്തിച്ചേർന്നത്? ഒരിക്കലുമല്ല! ഒരു സ്രഷ്ടാവിനെ സംബന്ധിച്ച തെളിവുകൾ നമുക്കു ചുറ്റുമുണ്ട്. അപ്പൊസ്തലനായ പൗലൊസ് എഴുതി: “അവന്റെ [ദൈവത്തിന്റെ] നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കുതെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു [അവിശ്വാസികൾക്കു] പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ.” (റോമർ 1:20) തന്റെ കരവേലകളിലെല്ലാം സ്രഷ്ടാവ് തന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. അങ്ങനെ, മനുഷ്യൻ സൃഷ്ടിക്കപ്പെട്ടതു മുതൽത്തന്നെ അവന്, ദൃശ്യമായ സൃഷ്ടിക്രിയകളിലൂടെ ദൈവത്തിന്റെ അസ്തിത്വം സംബന്ധിച്ച തെളിവുകൾ വ്യക്തമായി മനസ്സിലാക്കാൻ കഴിയുമായിരുന്നു എന്നാണ് പൗലൊസ് പറയുന്നത്. എവിടെയാണ് ആ തെളിവുകൾ?
8. (എ) ആകാശം ദൈവത്തിന്റെ ശക്തിക്കും ജ്ഞാനത്തിനും സാക്ഷ്യം നൽകുന്നത് എങ്ങനെ? (ബി) പ്രപഞ്ചത്തിന് ഒരു ആദികാരണം ഉണ്ടായിരുന്നു എന്നതിന് എന്തു സൂചനയാണ് ഉള്ളത്?
8 ദൈവം ഉണ്ട് എന്നതിനുള്ള തെളിവ് നക്ഷത്രനിബിഡമായ ആകാശത്തിൽ നമുക്കു കാണാം. “ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു” എന്ന് സങ്കീർത്തനം 19:1 പറയുന്നു. “ആകാശം”—സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവ—ദൈവത്തിന്റെ ശക്തിക്കും ജ്ഞാനത്തിനും സാക്ഷ്യം വഹിക്കുന്നു. നക്ഷത്രങ്ങളുടെ എണ്ണം നമ്മിൽ ഭയാദരവു നിറയ്ക്കുന്നു. ബഹിരാകാശത്തിലെ ഗോളങ്ങൾ ലക്ഷ്യമില്ലാതെയല്ല, മറിച്ച് കൃത്യമായ ഭൗതിക നിയമങ്ങൾക്ക് അനുസൃതമായാണു ചലിക്കുന്നത്.b (യെശയ്യാവു 40:26) അത്തരം ക്രമബദ്ധതയ്ക്കുള്ള ബഹുമതി കേവലം യാദൃച്ഛികതയ്ക്ക് ചാർത്തിക്കൊടുക്കുന്നതു ന്യായയുക്തമാണോ? ശ്രദ്ധേയമെന്നു പറയട്ടെ, പ്രപഞ്ചത്തിന്റേത് പൊടുന്നനെയുള്ള ഒരു തുടക്കമായിരുന്നെന്ന് പല ശാസ്ത്രജ്ഞന്മാരും പറയുന്നു. ഇത് എന്തു സൂചിപ്പിക്കുന്നു എന്നു വിശദീകരിച്ചുകൊണ്ട് ഒരു പ്രൊഫസർ എഴുതുന്നു: “പ്രപഞ്ചം നിത്യമായി നിലനിന്നിരുന്നു എന്ന ആശയമാണ് നിരീശ്വരവാദപരമോ അജ്ഞേയവാദപരമോ ആയ വീക്ഷണത്തിൽ കൂടുതൽ സ്വീകാര്യം. ഇനി, പ്രപഞ്ചത്തിന് ഒരു ആരംഭം ഉണ്ടെങ്കിൽ ഒരു ആദികാരണവും ഉണ്ടായിരിക്കണം എന്നു വരുന്നു. എന്തുകൊണ്ടെന്നാൽ, മതിയായ കാരണമില്ലാതെ അത്തരമൊരു കാര്യം ഉളവാകുമെന്ന് ആർക്കു സങ്കൽപ്പിക്കാനാകും?”
9. യഹോവ സൃഷ്ടിച്ചിരിക്കുന്ന ജീവജാലങ്ങൾക്കിടയിൽ അവന്റെ ജ്ഞാനം പ്രകടമായിരിക്കുന്നത് ഏതു വിധത്തിൽ?
9 ഭൂമിയിലും ദൈവത്തിന്റെ അസ്തിത്വത്തിനു തെളിവുണ്ട്. സങ്കീർത്തനക്കാരൻ ഉദ്ഘോഷിച്ചു: “യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാൽ നിറെഞ്ഞിരിക്കുന്നു.” (സങ്കീർത്തനം 104:24) ജീവജന്തുക്കൾ ഉൾപ്പെടെയുള്ള യഹോവയുടെ “സൃഷ്ടികൾ” അവന്റെ ജ്ഞാനത്തിനു തെളിവാണ്. നാം ആദ്യം കണ്ടതുപോലെ ജീവജാലങ്ങളുടെ രൂപമാതൃക, ശാസ്ത്രജ്ഞന്മാർ അവയെ അനുകരിക്കാൻ ആഗ്രഹിക്കുമാറ് അത്ര ഉയർന്ന നിലവാരം പുലർത്തുന്നവയാണ്. ഏതാനും ചില ഉദാഹരണങ്ങൾകൂടെ പരിചിന്തിക്കുക. കൂടുതൽ ബലിഷ്ഠമായ ഹെൽമെറ്റുകൾ ഉണ്ടാക്കുക എന്ന ലക്ഷ്യത്തിൽ ഗവേഷകർ കലമാന്റെ കൊമ്പുകളെ കുറിച്ചു പഠിച്ചുകൊണ്ടിരിക്കുകയാണ്; മെച്ചപ്പെട്ട ശ്രവണ സഹായികൾ നിർമിക്കുന്നതിനു വേണ്ടി സൂക്ഷ്മമായ ശ്രവണപ്രാപ്തിയുള്ള ഒരിനം ഈച്ചകളെ കുറിച്ച് അവർ ഗവേഷണം നടത്തുന്നുണ്ട്; റഡാറുകൾക്കു തിരിച്ചറിയാൻ കഴിയാത്ത തരത്തിലുള്ള സ്റ്റെൽത്ത് വിമാനങ്ങൾക്കു ചില പരിഷ്കാരങ്ങൾ വരുത്തുന്നതിനായി അവർ മൂങ്ങകളുടെ തൂവലുകളെ കുറിച്ച് പഠനം നടത്തുന്നു. എന്നാൽ എത്ര കഠിനമായി പരിശ്രമിച്ചാലും പ്രകൃതിയിലെ തികവുറ്റ രൂപമാതൃകകൾ അതേപടി പകർത്താൻ മനുഷ്യനു കഴിയില്ല. ബയോമിമിക്രി—പ്രകൃതിയാൽ പ്രചോദിപ്പിക്കപ്പെട്ട കണ്ടുപിടിത്തങ്ങൾ (ഇംഗ്ലീഷ്) എന്ന ഗ്രന്ഥം കുറിക്കൊള്ളുന്നു: “ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപഭോഗം ഇല്ലാതെ, ഭൂമിയെ മലിനീകരിക്കാതെ, തങ്ങളുടെ ഭാവി അപകടപ്പെടുത്താതെ ജന്തുക്കൾ നാം ചെയ്യാൻ ആഗ്രഹിക്കുന്നതെല്ലാം ചെയ്തുകഴിഞ്ഞു.” എത്ര അളവറ്റ ജ്ഞാനം!
10. മഹാനായ ഒരു രൂപസംവിധായകന്റെ അസ്തിത്വത്തെ നിഷേധിക്കുന്നത് യുക്തിരഹിതമായിരിക്കുന്നത് എന്തുകൊണ്ട്? ദൃഷ്ടാന്തീകരിക്കുക.
10 മുകളിൽ ആകാശത്തേക്കു നോക്കിയാലും താഴെ ഭൂമിയിൽ കണ്ണോടിച്ചാലും ഒരു സ്രഷ്ടാവ് ഉണ്ട് എന്നതിനു വ്യക്തമായ തെളിവുകൾ നിങ്ങൾക്കു കാണാൻ കഴിയും. (യിരെമ്യാവു 10:12) ‘കർത്താവേ, [യഹോവേ,] നീ സർവ്വവും സൃഷ്ടിച്ചവൻ ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ’ എന്ന സ്വർഗീയ ജീവികളുടെ ഉദ്ഘോഷത്തോടു നാം ഹൃദയംഗമമായി യോജിക്കേണ്ടിയിരിക്കുന്നു. (വെളിപ്പാടു 4:11) പല ശാസ്ത്രജ്ഞന്മാരും, പ്രകൃതിയിലെ രൂപസംവിധാനം തങ്ങളുടെ ഭൗതിക നേത്രങ്ങളാൽ കണ്ട് അത്ഭുതം കൂറിയേക്കാമെങ്കിലും ഒരു സ്രഷ്ടാവിനെ സംബന്ധിച്ച തെളിവുകൾ “ഹൃദയദൃഷ്ടി”യാൽ കാണുന്നതിൽ അവർ പരാജയപ്പെടുന്നു. (എഫെസ്യർ 1:17) അത് നമുക്ക് ഇപ്രകാരം ദൃഷ്ടാന്തീകരിക്കാം: പ്രകൃതിയിലെ ഭംഗിയും രൂപസംവിധാനവും കണ്ടാസ്വദിക്കുകയും അതേസമയം മഹാനായ ഒരു രൂപസംവിധായകന്റെ അസ്തിത്വത്തെ നിഷേധിക്കുകയും ചെയ്യുന്നത്, മഹത്തരമായ ഒരു ചിത്രരചന കണ്ട് അത്ഭുതംകൂറുന്ന വ്യക്തി, ശൂന്യമായ കാൻവാസ് ഒരു ഉത്കൃഷ്ട രചനയാക്കി മാറ്റിയ കലാകാരന്റെ അസ്തിത്വത്തെ നിഷേധിക്കുന്നതു പോലെയാണ്. എത്ര യുക്തിരഹിതമായ നടപടി! ദൈവത്തിൽ വിശ്വസിക്കാൻ മടിക്കുന്ന ആളുകളെ കുറിച്ച് ‘അവർക്ക് പ്രതിവാദമില്ല’ എന്ന് ബൈബിൾ പറയുന്നതിൽ തെല്ലും അതിശയമില്ല!
“കുരുടന്മാരായ വഴികാട്ടികൾ” അനേകരെ വഴിതെറ്റിക്കുന്നു
11, 12. മുൻനിർണയ പഠിപ്പിക്കൽ ഏതു സങ്കൽപ്പത്തിലാണ് അടിസ്ഥാനപ്പെട്ടിരിക്കുന്നത്, ഈ സിദ്ധാന്തം ദൈവത്തിനു മഹത്ത്വം കൈവരുത്തുന്നില്ലാത്തത് എന്തുകൊണ്ട്?
11 മതഭക്തരായ പലരും തങ്ങളുടെ ആരാധനാരീതി ദൈവത്തിനു മഹത്ത്വം കൊടുക്കുന്നു എന്ന് ആത്മാർഥമായി വിശ്വസിക്കുന്നു. (റോമർ 10:2, 3) എന്നാൽ പൊതുവേ, ദൈവത്തിനു മഹത്ത്വം കരേറ്റുന്നതിൽനിന്നു കോടിക്കണക്കിന് ആളുകളെ തടഞ്ഞിട്ടുള്ള ഘടകങ്ങളിൽ ഒന്നാണ് മതം. അതെങ്ങനെ? മതങ്ങൾ അങ്ങനെ ചെയ്തിട്ടുള്ള രണ്ടു വിധങ്ങൾ പരിചിന്തിക്കുക.
12 ഒന്നാമത്, തെറ്റായ പഠിപ്പിക്കലുകളാൽ മതങ്ങൾ ദൈവത്തിനുള്ള മഹത്ത്വം വഴിതിരിച്ചു വിടുന്നു. ഉദാഹരണത്തിന് മുൻനിർണയത്തെ കുറിച്ചുള്ള പഠിപ്പിക്കൽ എടുക്കുക. ഈ പഠിപ്പിക്കൽ, ദൈവത്തിന് ഭാവി അറിയാനുള്ള പ്രാപ്തി ഉള്ളതിനാൽ എല്ലാറ്റിന്റെയും അനന്തരഫലം അവൻ അറിഞ്ഞിരിക്കണം എന്ന സങ്കൽപ്പത്തിൽ അധിഷ്ഠിതമാണ്. അതനുസരിച്ച് ഓരോ വ്യക്തിയുടെയും ഭാവി, അതു നല്ലതായാലും മോശമായാലും ദൈവം മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്. അപ്പോൾ ഇന്ന് ലോകത്തിൽ നടക്കുന്ന സകല കഷ്ടപ്പാടുകളുടെയും ദുഷ്ടതയുടെയും പിന്നിൽ ദൈവമാണ് എന്നു വരുന്നു. ഇതിനെല്ലാം ഉത്തരവാദി ദൈവത്തിന്റെ മുഖ്യ എതിരാളിയും “ലോകത്തിന്റെ പ്രഭു” അഥവാ ഭരണാധികാരി എന്നു ബൈബിൾ വിളിക്കുന്നവനുമായ സാത്താനാണ് എന്നിരിക്കെ ഈ പഠിപ്പിക്കൽ തീർച്ചയായും ദൈവത്തിനു മഹത്ത്വം കൈവരുത്തുന്നില്ല.—യോഹന്നാൻ 14:30; 1 യോഹന്നാൻ 5:19.
13. ഭാവി മുൻകൂട്ടി അറിയാനുള്ള പ്രാപ്തി നിയന്ത്രിക്കാൻ ദൈവത്തിനു കഴിയില്ല എന്നു ചിന്തിക്കുന്നത് ഭോഷത്തമായിരിക്കുന്നത് എന്തുകൊണ്ട്? ദൃഷ്ടാന്തീകരിക്കുക.
13 മുൻനിർണയം സംബന്ധിച്ച പഠിപ്പിക്കൽ ദൈവത്തിന്റെമേൽ നിന്ദ വരുത്തുന്ന, തിരുവെഴുത്തു വിരുദ്ധമായ ഒന്നാണ്. ദൈവത്തിനു ചെയ്യാൻ കഴിയുന്നത് എന്താണെന്നും അവൻ യഥാർഥത്തിൽ ചെയ്യുന്നത് എന്താണെന്നും സംബന്ധിച്ച് അത് ഒരുവനെ ആശയക്കുഴപ്പത്തിലാക്കുന്നു. സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ ദൈവത്തിനു മുൻകൂട്ടി അറിയാനാകും എന്ന് ബൈബിളിൽ വ്യക്തമാക്കിയിട്ടുണ്ട്. (യെശയ്യാവു 46:9, 10) എന്നിരുന്നാലും ഭാവി സംബന്ധിച്ച് അറിയാനുള്ള തന്റെ കഴിവിനെ നിയന്ത്രിക്കാൻ അവനു കഴിയില്ലെന്നോ സംഭവിക്കുന്ന എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്വം അവനാണെന്നോ ചിന്തിക്കുന്നതു യുക്തിഹീനമാണ്. ദൃഷ്ടാന്തമായി ഇതു ചിന്തിക്കുക: നിങ്ങൾ അസാധാരണ ശക്തിയുള്ള ഒരു വ്യക്തിയാണ് എന്നിരിക്കട്ടെ. ശക്തിയുണ്ടെന്നു കരുതി കണ്ണിൽക്കാണുന്ന ഭാരമുള്ള വസ്തുക്കളെല്ലാം എടുത്തുപൊക്കാൻ നിങ്ങൾ ആഗ്രഹിക്കുമോ? തീർച്ചയായും ഇല്ല! അതുപോലെ ഭാവി മുൻകൂട്ടി അറിയാനുള്ള പ്രാപ്തി, എല്ലാം മുൻകൂട്ടി അറിയാനോ മുൻനിർണയിക്കാനോ ദൈവത്തെ നിർബന്ധിതനാക്കുന്നില്ല. ആവശ്യമെങ്കിൽ മാത്രമേ, ഭാവി മുൻകൂട്ടി കാണാനുള്ള പ്രാപ്തി ദൈവം ഉപയോഗിക്കുന്നുള്ളൂ.c വ്യക്തമായും മുൻനിർണയം ഉൾപ്പെടെയുള്ള വ്യാജ പഠിപ്പിക്കലുകൾ ദൈവത്തിനു മഹത്ത്വം കരേറ്റുന്നില്ല.
14. സംഘടിത മതം ഏതു വിധത്തിൽ ദൈവത്തെ അവമതിച്ചിരിക്കുന്നു?
14 രണ്ടാമതായി, സംഘടിത മതം അതു പിൻപറ്റുന്ന ആളുകളുടെ നടത്തയിലൂടെ ദൈവത്തെ അവമതിക്കുന്നു. ക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ പിൻപറ്റുക എന്നതാണു ക്രിസ്ത്യാനികളിൽനിന്നു പ്രതീക്ഷിക്കുന്നത്. “തമ്മിൽ തമ്മിൽ സ്നേഹിക്കേണം,” ‘ലോകത്തിന്റെ ഭാഗമാകരുത്’ തുടങ്ങി പല കാര്യങ്ങൾ യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചു. (യോഹന്നാൻ 15:12; 17:14-16) ക്രൈസ്തവലോകത്തിലെ പുരോഹിതവൃന്ദത്തെ സംബന്ധിച്ചെന്ത്? അവർ യഥാർഥത്തിൽ ഈ പഠിപ്പിക്കലുകൾ പിൻപറ്റിയിട്ടുണ്ടോ?
15. (എ) രാഷ്ട്രങ്ങളുടെ യുദ്ധങ്ങളോടുള്ള ബന്ധത്തിൽ പുരോഹിതവൃന്ദം എന്തു ചെയ്തിരിക്കുന്നു? (ബി) പുരോഹിതന്മാരുടെ നടത്ത കോടിക്കണക്കിന് ആളുകളെ ഏതു വിധത്തിൽ ബാധിച്ചിരിക്കുന്നു?
15 യുദ്ധങ്ങളോടുള്ള ബന്ധത്തിൽ പുരോഹിതന്മാരുടെ പ്രവർത്തനങ്ങൾ ഒന്നു വിലയിരുത്തുക. അവർ രാഷ്ട്രങ്ങളുടെ യുദ്ധത്തെ പിന്തുണയ്ക്കുകയോ അതിനു നേരെ കണ്ണടയ്ക്കുകയോ ചെയ്തിരിക്കുന്നു. എന്തിന്, പുരോഹിതന്മാർ യുദ്ധങ്ങൾക്കു നേതൃത്വം കൊടുത്തിട്ടുള്ള സംഭവങ്ങൾവരെയുണ്ട്. അവർ സൈന്യത്തെ ആശീർവദിക്കുകയും ആളുകളെ കൊന്നൊടുക്കുന്നതിനെ ന്യായീകരിക്കുകയും ചെയ്തിരിക്കുന്നു. ‘സ്വന്തസഭക്കാരായ മറുപക്ഷത്തുള്ള പുരോഹിതന്മാരും ഇതുതന്നെയല്ലേ ചെയ്യുന്നത് എന്ന് അവർ ഒരിക്കലും ചിന്തിക്കുന്നില്ലേ’ എന്നു ചോദിക്കാൻ നാം പ്രേരിതരാകുന്നു. (“ദൈവം ആരുടെ പക്ഷത്താണ്?” എന്ന ചതുരം കാണുക.) രക്തരൂഷിതമായ യുദ്ധങ്ങൾക്ക് ദൈവം പിന്തുണ നൽകുന്നു എന്നു പറയുമ്പോൾ പുരോഹിതവൃന്ദം ദൈവത്തെ മഹത്ത്വപ്പെടുത്തുകയല്ല ചെയ്യുന്നത്. ബൈബിൾ നിലവാരങ്ങൾ കാലഹരണപ്പെട്ടവയാണ് എന്നു പ്രഖ്യാപിക്കുമ്പോഴും എല്ലാത്തരം ലൈംഗിക അധാർമികതയും വെച്ചുപൊറുപ്പിക്കുമ്പോഴും അത് അങ്ങനെ തന്നെയാണ്. “അധർമ്മം പ്രവർത്തിക്കുന്ന”വർ എന്നും “കുരുടന്മാരായ വഴികാട്ടികൾ” എന്നും യേശു വിളിച്ച മതനേതാക്കന്മാരെയാണ് വാസ്തവത്തിൽ ഇവർ അനുസ്മരിപ്പിക്കുന്നത്! (മത്തായി 7:15-23; 15:14) പുരോഹിതന്മാരുടെ നടത്ത, കോടിക്കണക്കിന് ആളുകളുടെ സ്നേഹം തണുത്തുപോകാൻ ഇടയാക്കിയിരിക്കുന്നു.—മത്തായി 24:12.
ആരാണ് യഥാർഥത്തിൽ ദൈവത്തിനു മഹത്ത്വം കൊടുക്കുന്നത്?
16. ആരാണ് യഥാർഥത്തിൽ ദൈവത്തിനു മഹത്ത്വം കരേറ്റുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരത്തിനായി നാം ബൈബിളിലേക്കു തിരിയേണ്ടത് എന്തുകൊണ്ട്?
16 ലോകത്തിലെ പ്രമുഖരും സ്വാധീനമുള്ളവരുമായ ആളുകൾ പൊതുവേ, ദൈവത്തിനു മഹത്ത്വം കരേറ്റുന്നതിൽ പരാജയപ്പെട്ടിരിക്കുന്നുവെങ്കിൽ ആരാണ് വാസ്തവത്തിൽ അതു ചെയ്യുന്നത്? ഉത്തരം കണ്ടെത്താൻ നാം ബൈബിളിലേക്കു നോക്കേണ്ടതുണ്ട്. ന്യായമായും, തന്നെ എങ്ങനെയാണു മഹത്ത്വപ്പെടുത്തേണ്ടത് എന്നു പറയാനുള്ള അവകാശം ദൈവത്തിനു തന്നെയാണ്, തന്റെ വചനമായ ബൈബിളിൽ അവൻ അതിനുള്ള നിലവാരങ്ങൾ പ്രതിപാദിച്ചിട്ടുണ്ട്. (യെശയ്യാവു 42:8) ദൈവത്തെ മഹത്ത്വപ്പെടുത്താൻ കഴിയുന്ന മൂന്നു വിധങ്ങൾ നമുക്കു പരിശോധിക്കാം, ആരാണ് യഥാർഥത്തിൽ ഇന്ന് അതു ചെയ്യുന്നത് എന്നും നോക്കാം.
17. യഹോവയുടെ നാമത്തെ മഹത്ത്വീകരിക്കുന്നതു പ്രധാനമാണെന്ന് അവൻ തന്നെ സൂചിപ്പിച്ചത് എങ്ങനെ, ഇന്നു ഭൂമിയിലെമ്പാടും ദൈവനാമത്തെ സ്തുതിക്കുന്നത് ആര്?
17 ഒന്നാമത്, ദൈവത്തിന്റെ നാമത്തെ സ്തുതിച്ചുകൊണ്ട് നമുക്ക് അവനെ മഹത്ത്വപ്പെടുത്താം. അത് ദൈവേഷ്ടത്തോടുള്ള ബന്ധത്തിൽ മർമപ്രധാനമായ ഒരു സംഗതിയാണെന്ന് യേശുവിനോടുള്ള യഹോവയുടെ വാക്കുകൾ പ്രകടമാക്കുന്നു. യേശു മരിക്കുന്നതിന് ഏതാനും ദിവസം മുമ്പ് അവൻ ഇങ്ങനെ പ്രാർഥിച്ചു: “പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ.” അപ്പോൾ ഒരു ശബ്ദം ഉത്തരമരുളി: “ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും.” (യോഹന്നാൻ 12:28) നിശ്ചയമായും ആ ഉത്തരം നൽകിയത് യഹോവ ആയിരുന്നു. തന്റെ നാമത്തെ മഹത്ത്വീകരിക്കുന്നത് അവനു പ്രധാനമാണെന്ന് ആ ഉത്തരം വ്യക്തമാക്കുന്നു. ഇന്ന് ഭൂമിയിലെമ്പാടും യഹോവയുടെ നാമത്തെ പ്രസിദ്ധമാക്കുകയും സ്തുതിക്കുകയും ചെയ്തുകൊണ്ട് അവനെ മഹത്ത്വപ്പെടുത്തുന്നത് ആരാണ്? യഹോവയുടെ സാക്ഷികൾ, 235 ദേശങ്ങളിൽ അവർ അങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നു!—സങ്കീർത്തനം 86:11, 12.
18. ദൈവത്തെ ‘സത്യത്തിൽ’ ആരാധിക്കുന്നവരെ നമുക്ക് എങ്ങനെ തിരിച്ചറിയാൻ കഴിയും, ഒരു നൂറ്റാണ്ടിലേറെയായി ഏതു കൂട്ടം ബൈബിൾ സത്യം പഠിപ്പിച്ചുകൊണ്ടിരിക്കുന്നു?
18 രണ്ടാമത്, ദൈവത്തെ കുറിച്ചുള്ള സത്യം പഠിപ്പിച്ചുകൊണ്ട് നമുക്ക് അവനെ മഹത്ത്വപ്പെടുത്താം. സത്യാരാധകർ ‘[ദൈവത്തെ] സത്യത്തിൽ നമസ്കരിക്കു’ന്നവരായിരിക്കും എന്ന് യേശു പറഞ്ഞു. (യോഹന്നാൻ 4:24) ദൈവത്തെ ‘സത്യത്തിൽ’ ആരാധിക്കുന്നവരെ നമുക്ക് എങ്ങനെ തിരിച്ചറിയാൻ കഴിയും? ബൈബിളിൽ അധിഷ്ഠിതമല്ലാത്തതും ദൈവത്തെയും അവന്റെ ഇഷ്ടത്തെയും തെറ്റായി പ്രതിനിധാനം ചെയ്യുന്നതുമായ ഏത് ഉപദേശങ്ങളെയും അവർ നിരസിക്കും. പകരം അവർ ദൈവവചനത്തിലെ വിശുദ്ധ സത്യങ്ങൾ പഠിപ്പിക്കും. ആ സത്യങ്ങളിൽ ചിലത് പിൻവരുന്നവയാണ്: യഹോവയാണ് അത്യുന്നത ദൈവം, ആ പദവിയുടെ മഹത്ത്വം അവനു മാത്രം ഉള്ളതാണ് (സങ്കീർത്തനം 83:18); യേശു ദൈവപുത്രനും മിശിഹൈക രാജ്യത്തിന്റെ നിയമിത രാജാവും ആണ് (1 കൊരിന്ത്യർ 15:27, 28); ദൈവരാജ്യം യഹോവയുടെ നാമത്തെ വിശുദ്ധീകരിക്കുകയും ഭൂമിയെയും അതിലെ നിവാസികളായ മനുഷ്യരെയും സംബന്ധിച്ച അവന്റെ ഉദ്ദേശ്യം നിറവേറ്റുകയും ചെയ്യും (മത്തായി 6:9, 10); ഈ രാജ്യത്തെ കുറിച്ചുള്ള സുവാർത്ത ലോകമെമ്പാടും പ്രസംഗിക്കേണ്ടതാണ്. (മത്തായി 24:14) ഒരു നൂറ്റാണ്ടിലേറെയായി ഒരു കൂട്ടം മാത്രമേ ഈ വിശിഷ്ടമായ സത്യങ്ങൾ പഠിപ്പിക്കുന്നുള്ളൂ—യഹോവയുടെ സാക്ഷികൾ!
19, 20. (എ) ഒരു ക്രിസ്ത്യാനിയുടെ നല്ല നടത്ത ദൈവത്തിനു മഹത്ത്വം നൽകിയേക്കാവുന്നത് എന്തുകൊണ്ട്? (ബി) നല്ല നടത്ത നിലനിറുത്തിക്കൊണ്ട് ഇന്ന് ദൈവത്തെ മഹത്ത്വപ്പെടുത്തുന്നത് ആര് എന്നു നിർണയിക്കുന്നതിന് ഏതു ചോദ്യങ്ങൾ സഹായകമാണ്?
19 മൂന്നാമത്, ദൈവത്തിന്റെ നിലവാരങ്ങൾ അനുസരിച്ചു ജീവിച്ചുകൊണ്ട് നമുക്ക് അവനെ മഹത്ത്വപ്പെടുത്താൻ കഴിയും. അപ്പൊസ്തലനായ പത്രൊസ് എഴുതി: “നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദർശനദിവസത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന്നു അവരുടെ ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം എന്നു ഞാൻ പ്രബോധിപ്പിക്കുന്നു.” (1 പത്രൊസ് 2:12) ഒരു ക്രിസ്ത്യാനിയുടെ നടത്ത അയാളുടെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. നിരീക്ഷകർക്ക് അതു ദൃശ്യമാകുമ്പോൾ, അതായത് വിശ്വാസവും നടത്തയും തമ്മിലുള്ള ബന്ധം അവർക്കു കാണാൻ കഴിയുമ്പോൾ, അതു ദൈവത്തിനു മഹത്ത്വം കരേറ്റുന്നു.
20 നല്ല നടത്ത നിലനിറുത്തിക്കൊണ്ട് ഇന്ന് ദൈവത്തെ മഹത്ത്വപ്പെടുത്തുന്നത് ആരാണ്? സമാധാന കാംക്ഷികളും നിയമം അനുസരിക്കുന്നവരും നികുതി കൃത്യമായി കൊടുക്കുന്നവരും എന്നിങ്ങനെ ഏതു മത വിഭാഗത്തെയാണ് വ്യത്യസ്ത ഗവൺമെന്റുകൾ ശ്ലാഘിച്ചിട്ടുള്ളത്? (റോമർ 13:1, 3, 6, 7) വർഗീയ, ദേശീയ, വംശീയ വ്യത്യാസങ്ങൾക്ക് ഉപരിയായി സഹവിശ്വാസികളുമായുള്ള ഐക്യത്തിനു പേരുകേട്ടിട്ടുള്ളത് ആരാണ്? (സങ്കീർത്തനം 133:1; പ്രവൃത്തികൾ 10:34, 35) നിയമത്തോടുള്ള ആദരവ്, കുടുംബ മൂല്യങ്ങൾ, ബൈബിൾ ഉയർത്തിപ്പിടിക്കുന്ന ധാർമികത എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന ബൈബിൾ വിദ്യാഭ്യാസ പരിപാടിയുടെ പേരിൽ ലോകമെമ്പാടും അറിയപ്പെടുന്നത് ആരാണ്? ഈ രംഗങ്ങളിലും ഇതര മേഖലകളിലും നല്ല നടത്തയുള്ളവർ എന്ന സത്പേരുള്ള ഒരു കൂട്ടമേ ഉള്ളൂ—യഹോവയുടെ സാക്ഷികൾ!
നിങ്ങൾ ദൈവത്തിനു മഹത്ത്വം കൊടുക്കുന്നുണ്ടോ?
21. നാം വ്യക്തിപരമായി ദൈവത്തിനു മഹത്ത്വം നൽകുന്നുണ്ടോ എന്നു പരിചിന്തിക്കേണ്ടത് എന്തുകൊണ്ട്?
21 നാം ഓരോരുത്തരും സ്വയം ഇങ്ങനെ ചോദിക്കേണ്ടതാണ്, ‘ഞാൻ വ്യക്തിപരമായി ദൈവത്തിനു മഹത്ത്വം കൊടുക്കുന്നുണ്ടോ?’ 148-ാം സങ്കീർത്തനം അനുസരിച്ച് സൃഷ്ടികളിൽ ഭൂരിഭാഗവും ദൈവത്തിനു മഹത്ത്വം നൽകുന്നു. ദൂതന്മാർ, ആകാശം, ഭൂമിയും അതിലെ ജന്തുജാലവും എന്നിങ്ങനെ എല്ലാം ദൈവത്തെ സ്തുതിക്കുന്നു. (1-10 വാക്യങ്ങൾ) എന്നാൽ മനുഷ്യവർഗത്തിൽ ഭൂരിഭാഗവും അങ്ങനെ ചെയ്യുന്നില്ല എന്നത് എത്ര സങ്കടകരമാണ്! ദൈവത്തിനു മഹത്ത്വം കരേറ്റുന്ന വിധത്തിൽ ജീവിതം നയിച്ചുകൊണ്ട് യഹോവയെ സ്തുതിക്കുന്ന മറ്റു സൃഷ്ടികളോടൊപ്പം ചേരുക. (11-13 വാക്യങ്ങൾ) നിങ്ങളുടെ ജീവിതം വിനിയോഗിക്കാൻ ഇതിലും മെച്ചപ്പെട്ട മറ്റൊരു മാർഗവുമില്ല.
22. ദൈവത്തിനു മഹത്ത്വം കരേറ്റുന്നതിനാൽ നിങ്ങൾ ഏതു വിധത്തിൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു? നിങ്ങളുടെ ദൃഢനിശ്ചയം എന്തായിരിക്കണം?
22 ദൈവത്തിനു മഹത്ത്വം കൊടുക്കുന്നതിനാൽ നിങ്ങൾ പല വിധങ്ങളിൽ അനുഗ്രഹിക്കപ്പെടും. ക്രിസ്തുവിന്റെ മറുവിലയിൽ വിശ്വാസം പ്രകടമാക്കുമ്പോൾ, നിങ്ങൾ ദൈവവുമായി നിരപ്പിലാകുകയും നിങ്ങളുടെ സ്വർഗീയ പിതാവുമായി സമാധാനപൂർണവും പ്രതിഫലദായകവുമായ ഒരു ബന്ധം ആസ്വദിക്കുകയും ചെയ്യും. (റോമർ 5:10) ദൈവത്തിനു മഹത്ത്വം കരേറ്റാൻ കൂടുതൽ കാരണങ്ങൾ അന്വേഷിക്കുമ്പോൾ നിങ്ങൾ കൂടുതൽ ശുഭാപ്തിവിശ്വാസവും കൃതജ്ഞതയും ഉള്ള വ്യക്തി ആയിത്തീരും. (യിരെമ്യാവു 31:12) അപ്പോൾ സന്തുഷ്ടവും സംതൃപ്തികരവുമായ ജീവിതം നയിക്കാൻ മറ്റുള്ളവരെ സഹായിക്കാൻ പറ്റിയ സ്ഥാനത്തായിരിക്കും നിങ്ങൾ. അതു നിങ്ങളുടെ സന്തുഷ്ടി വർധിപ്പിക്കും. (പ്രവൃത്തികൾ 20:35) ഇന്നും എന്നേക്കും ദൈവത്തിനു മഹത്ത്വം കരേറ്റാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നവരുടെ കൂട്ടത്തിൽ ആയിരിക്കട്ടെ നിങ്ങളും!
[അടിക്കുറിപ്പുകൾ]
a “ജീവൻ” എന്ന് അർഥമുള്ള ബയോസ്, “പകർത്തൽ” എന്ന് അർഥമുള്ള മിമെസിസ് എന്നീ ഗ്രീക്കു പദങ്ങളിൽനിന്നാണ് ബയോമിമെറ്റിക്സ് എന്ന പദം ഉണ്ടായത്.
b ആകാശം ദൈവത്തിന്റെ ശക്തിയെയും ജ്ഞാനത്തെയും പ്രതിഫലിപ്പിക്കുന്ന വിധം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾക്ക്, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച യഹോവയോട് അടുത്തു ചെല്ലുവിൻ എന്ന പുസ്തകത്തിന്റെ 5, 17 അധ്യായങ്ങൾ കാണുക.
c യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (ഇംഗ്ലീഷ്) എന്ന ഗ്രന്ഥത്തിന്റെ ഒന്നാം വാല്യം, പേജ് 853 കാണുക.
നിങ്ങൾ ഓർമിക്കുന്നുവോ?
• ശാസ്ത്രലോകം പൊതുവേ, ദൈവത്തെ മഹത്ത്വപ്പെടുത്താൻ ആളുകളെ സഹായിച്ചിട്ടില്ല എന്നു പറയാവുന്നത് എന്തുകൊണ്ട്?
• സംഘടിത മതം, ഏതു രണ്ടു വിധങ്ങളിലാണ് ദൈവത്തിനു മഹത്ത്വം കൊടുക്കുന്നതിൽനിന്ന് ആളുകളെ തടഞ്ഞിരിക്കുന്നത്?
• നമുക്ക് ഏതെല്ലാം വിധങ്ങളിൽ ദൈവത്തെ മഹത്ത്വപ്പെടുത്താൻ കഴിയും?
• നിങ്ങൾ വ്യക്തിപരമായി ദൈവത്തിനു മഹത്ത്വം കൊടുക്കുന്നുണ്ടോ എന്നു പരിചിന്തിക്കേണ്ടത് എന്തുകൊണ്ട്?
[12-ാം പേജിലെ ചതുരം]
“ദൈവം ആരുടെ പക്ഷത്താണ്?”
രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമൻ വ്യോമസേനയിൽ ജോലി ചെയ്യുകയും പിന്നീട് യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീരുകയും ചെയ്ത ഒരു വ്യക്തി അനുസ്മരിക്കുന്നു:
“യുദ്ധകാലത്ത് ഒരു സംഗതി എന്നെ വല്ലാതെ അലട്ടിയിരുന്നു, . . . കത്തോലിക്കാ സഭ, ലൂഥറൻ സഭ, എപ്പിസ്കോപ്പൽ സഭ തുടങ്ങി മിക്കവാറും എല്ലാ വിഭാഗങ്ങളിലെയും പുരോഹിതന്മാർ, യുദ്ധ വിമാനങ്ങളെയും വൈമാനികരെയും ബോംബിടാൻ പുറപ്പെടുന്നതിനു മുമ്പ് ആശീർവദിക്കുമായിരുന്നു. ‘ദൈവം ആരുടെ പക്ഷത്താണ്?’ എന്നു ഞാൻ മിക്കപ്പോഴും ചിന്തിക്കുമായിരുന്നു.
“ജർമൻ പട്ടാളക്കാർ ധരിച്ചിരുന്ന ബെൽറ്റിന്റെ ബക്കിളിൽ ഗോട്ട് മിറ്റ് ഉൺസ് (ദൈവം ഞങ്ങളോടു കൂടെ ഉണ്ട്) എന്ന് ആലേഖനം ചെയ്തിരുന്നു. എന്നാൽ ഞാൻ അത്ഭുതത്തോടെ ഇങ്ങനെ ചിന്തിച്ചു, ‘ശത്രുസൈന്യത്തിൽ ഇതേ മതത്തിൽപ്പെട്ടവർ ഇതേ ദൈവത്തോടു പ്രാർഥിക്കുമ്പോൾ ദൈവം അവരോടുകൂടെ ഇല്ലാത്തത് എന്തുകൊണ്ട്?’”
[10-ാം പേജിലെ ചിത്രം]
ഭൂമിയിലെമ്പാടും യഹോവയുടെ സാക്ഷികളാണ് യഥാർഥത്തിൽ ദൈവത്തിനു മഹത്ത്വം കൊടുക്കുന്നത്