‘നിങ്ങളുടെ എല്ലാ നടത്തയിലും വിശുദ്ധരായിത്തീരുവിൻ’
“നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാ നടപ്പിലും വിശുദ്ധരാകുവിൻ. ‘ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ’ എന്നു എഴുതിയിരിക്കുന്നുവല്ലോ.”—1 പത്രൊസ് 1:15, 16.
1. വിശുദ്ധരായിരിക്കാൻ പത്രോസ് ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചത് എന്തുകൊണ്ട്?
അപ്പോസ്തലനായ പത്രോസ് മേൽപ്രസ്താവിച്ച ബുദ്ധ്യുപദേശം നൽകിയത് എന്തുകൊണ്ട്? കാരണം തന്റെ ചിന്തകളും പ്രവർത്തനങ്ങളും യഹോവയുടെ വിശുദ്ധിയോടുള്ള ചേർച്ചയിൽ നിലനിർത്തുന്നതിന് ഓരോ ക്രിസ്ത്യാനിയും അവയെക്കുറിച്ചു ജാഗ്രതപാലിക്കേണ്ടതിന്റെ ആവശ്യം അവൻ കണ്ടു. അങ്ങനെ, മേൽപ്രസ്താവിച്ച വാക്കുകളുടെ ആമുഖമായി അവൻ പറഞ്ഞു: “ആകയാൽ നിങ്ങളുടെ മനസ്സു ഉറപ്പിച്ചു നിർമ്മദരായി . . . പണ്ടു നിങ്ങളുടെ അജ്ഞാനകാലത്തു ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കാ”തിരിക്കുവിൻ.—1 പത്രൊസ് 1:13, 14.
2. നാം സത്യം പഠിക്കുന്നതിനു മുൻപ് നമ്മുടെ ആഗ്രഹങ്ങൾ അവിശുദ്ധമായിരുന്നത് എന്തുകൊണ്ടായിരുന്നു?
2 നമ്മുടെ പൂർവകാല ആഗ്രഹങ്ങൾ അവിശുദ്ധമായിരുന്നു. എന്തുകൊണ്ട്? കാരണം ക്രിസ്തീയ സത്യം സ്വീകരിക്കുന്നതിനു മുൻപു നമ്മിൽ അനേകരും ലൗകിക പ്രവർത്തന ഗതി പിൻപറ്റിയിരുന്നു. പത്രോസ് സ്പഷ്ടമായി പിൻവരുന്ന പ്രകാരം എഴുതിയപ്പോൾ അവൻ ഇതു മനസ്സിലാക്കിയിരുന്നു: “കാമാർത്തികളിലും മോഹങ്ങളിലും വീഞ്ഞുകുടിയിലും വെറിക്കൂത്തുകളിലും മദ്യപാനത്തിലും ധർമ്മവിരുദ്ധമായ വിഗ്രഹാരാധനയിലും നടന്നു ജാതികളുടെ ഇഷ്ടം പ്രവർത്തിച്ചുകൊണ്ടു കാലം പോക്കിയതു മതി.” തീർച്ചയായും, നമ്മുടെ ആധുനിക ലോകത്തു പ്രത്യേകമായുള്ള അവിശുദ്ധ പ്രവൃത്തികൾ അന്ന് അജ്ഞാതമായിരുന്നതിനാൽ പത്രോസ് അവയെ പട്ടികപ്പെടുത്തിയില്ല.—1 പത്രൊസ് 4:3, 4.
3, 4. (എ) തെറ്റായ ആഗ്രഹങ്ങളെ നമുക്ക് എങ്ങനെ പ്രതിരോധിക്കാൻ കഴിയും? (ബി) ക്രിസ്ത്യാനികൾ വികാരശൂന്യരായിരിക്കേണ്ടതുണ്ടോ? വിശദീകരിക്കുക.
3 ജഡത്തിനും ബുദ്ധിക്കും വികാരങ്ങൾക്കും ആകർഷകമായ ആഗ്രഹങ്ങളാണ് ഇവ എന്നതു നിങ്ങൾ ശ്രദ്ധിച്ചോ? ആധിപത്യം പുലർത്താൻ നാം ഇവയെ അനുവദിക്കുമ്പോൾ നമ്മുടെ ചിന്തകളും പ്രവൃത്തികളും വളരെ എളുപ്പം അശുദ്ധമായിത്തീരുന്നു. നമ്മുടെ പ്രവൃത്തികളെ നിയന്ത്രിക്കുവാൻ ന്യായയുക്തമായ ചിന്താശക്തിയെ അനുവദിക്കേണ്ടതിന്റെ ആവശ്യകത ഇതു ചിത്രീകരിക്കുന്നു. പൗലോസ് അത് ഇപ്രകാരം പ്രകടിപ്പിച്ചു: “സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള [“ന്യായയുക്തമായ ചിന്താശക്തിയോടു കൂടിയ,” NW] ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ.”—റോമർ12:1, 2.
4 ദൈവത്തിന് ഒരു വിശുദ്ധയാഗം അർപ്പിക്കുന്നതിന്, വികാരങ്ങളല്ല, ന്യായയുക്തമായ ചിന്താശക്തി ആധിപത്യം പുലർത്താൻ നാം അനുവദിക്കണം. തങ്ങളുടെ നടത്തയെ നിയന്ത്രിക്കാൻ വികാരങ്ങളെ അനുവദിച്ചതു നിമിത്തം എത്രയോ പേർ അധാർമികതയിൽ ഉൾപ്പെട്ടിരിക്കുന്നു! നമ്മുടെ വികാരങ്ങളെ അടിച്ചമർത്തേണ്ടതുണ്ടെന്ന് അത് അർഥമാക്കുന്നില്ല. അങ്ങനെയല്ലെങ്കിൽ, യഹോവയുടെ സേവനത്തിൽ സന്തോഷം പ്രകടിപ്പിക്കാൻ നമുക്കെങ്ങനെ കഴിയും? എന്നിരുന്നാലും, ജഡത്തിന്റെ പ്രവൃത്തികൾക്കു പകരം ആത്മാവിന്റെ ഫലങ്ങൾ ഉത്പാദിപ്പിക്കുവാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ, നാം നമ്മുടെ മനസ്സിനെ ക്രിസ്തുവിന്റെ ചിന്താഗതിക്ക് അനുരൂപമാക്കണം.—ഗലാത്യർ 5:22, 23; ഫിലിപ്പിയർ 2:5.
വിശുദ്ധ ജീവിതം, വിശുദ്ധ വില
5. വിശുദ്ധിയുടെ ആവശ്യം സംബന്ധിച്ചു പത്രോസ് ബോധവാനായിരുന്നത് എന്തുകൊണ്ടായിരുന്നു?
5 ക്രിസ്തീയ വിശുദ്ധിയുടെ ആവശ്യകതയെക്കുറിച്ചു പത്രോസ് അതീവ ബോധവാനായിരുന്നത് എന്തുകൊണ്ടായിരുന്നു? കാരണം അനുസരണമുള്ള മനുഷ്യവർഗത്തെ വീണ്ടെടുക്കുന്നതിനു നൽകിയ വിശുദ്ധവില സംബന്ധിച്ച് അവൻ തികച്ചും ബോധവാനായിരുന്നു. അവൻ എഴുതി: “വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല, ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്ക്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ.” (1 പത്രൊസ് 1:18, 19) അതേ, ദൈവവുമായി ഒരു നല്ല ബന്ധം ഉണ്ടായിരിക്കാൻ ആളുകളെ അനുവദിക്കുന്ന മറുവില നൽകാൻ വിശുദ്ധിയുടെ ഉറവിടമായ യഹോവയാം ദൈവം തന്റെ ഏകജാത പുത്രനെ, ‘പരിശുദ്ധനെ’ ഭൂമിയിലേക്ക് അയച്ചു.—യോഹന്നാൻ 3:16; 6:69; പുറപ്പാടു 28:36; മത്തായി 20:28.
6. (എ) വിശുദ്ധ നടത്ത പിന്തുടരുന്നതു നമുക്ക് എളുപ്പമല്ലാത്തത് എന്തുകൊണ്ട്? (ബി) നമ്മുടെ നടത്ത വിശുദ്ധമായി നിലനിർത്താൻ നമ്മെ എന്തിനു സഹായിക്കാൻ കഴിയും?
6 എന്നാൽ, സാത്താന്റെ ദുഷിച്ച ലോകത്തിൻമധ്യേ ആയിരിക്കവേ വിശുദ്ധ ജീവിതം നയിക്കുന്നത് എളുപ്പമല്ലെന്നു നാം തിരിച്ചറിയേണ്ടതുണ്ട്. അവന്റെ വ്യവസ്ഥിതിയിൽ അതിജീവിക്കാൻ ശ്രമിക്കുന്ന സത്യക്രിസ്ത്യാനികൾക്ക് അവൻ കെണിയൊരുക്കുന്നു. (എഫെസ്യർ 6:12; 1 തിമൊഥെയൊസ് 6:9, 10) ലൗകിക ജോലിയിലെ സമ്മർദങ്ങൾ, കുടുംബ എതിർപ്പ്, സ്കൂളിലെ പരിഹാസം, സമപ്രായക്കാരിൽനിന്നുള്ള സമ്മർദം തുടങ്ങിയവ വിശുദ്ധി നിലനിർത്തുവാൻ ഒരുവനു ശക്തമായ ആത്മീയത അത്യാവശ്യമാക്കിത്തീർക്കുന്നു. നമ്മുടെ വ്യക്തിപരമായ പഠനത്തിന്റെയും ക്രിസ്തീയ യോഗങ്ങളിലെ ക്രമമായ ഹാജരാകലിന്റെയും മർമപ്രധാനമായ പങ്കിനെ അതു ദൃഢീകരിക്കുന്നു. പൗലോസ് തിമോത്തിയെ ബുദ്ധ്യുപദേശിച്ചു: “എന്നോടു കേട്ട പത്ഥ്യവചനം [“ആരോഗ്യപ്രദമായ വചനങ്ങൾ,” NW] നീ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും മാതൃകയാക്കിക്കൊൾക.” (2 തിമൊഥെയൊസ് 1:13) നമ്മുടെ രാജ്യഹാളിലും സ്വകാര്യ ബൈബിൾ പഠനത്തിലും ആ ആരോഗ്യദായകമായ വചനങ്ങൾ നാം ശ്രവിക്കുന്നു. ദിനന്തോറും ഒട്ടേറെ വ്യത്യസ്ത സാഹചര്യങ്ങളിൽ നമ്മുടെ നടത്തയിൽ വിശുദ്ധരായിരിക്കാൻ അവയ്ക്കു നമ്മെ സഹായിക്കാൻ കഴിയും.
കുടുംബത്തിൽ വിശുദ്ധ നടത്ത
7. വിശുദ്ധി നമ്മുടെ കുടുംബജീവിതത്തെ എങ്ങനെ ബാധിക്കണം?
7 പത്രോസ് ലേവ്യപുസ്തകം 11:44 ഉദ്ധരിച്ചപ്പോൾ, വിശുദ്ധമായ എന്നതിന് “പാപത്തിൽനിന്നു വേർപെട്ടതും ആയതിനാൽ ദൈവത്തിനു സമർപ്പിക്കപ്പെട്ടതുമായ” എന്നർഥമുള്ള ഹാജിഓസ് എന്ന ഗ്രീക്കു പദം ഉപയോഗിച്ചു. (ഡബ്ലിയു. ഇ. വൈനിനാലുള്ള ആൻ എക്സ്പോസിറ്ററി ഡിക്ഷ്ണറി ഓഫ് ന്യൂ ടെസ്റ്റ്മെൻറ് വേഡ്സ്) നമ്മുടെ ക്രിസ്തീയ കുടുംബ ജീവിതത്തിൽ ഇതു നമ്മെ എങ്ങനെ ബാധിക്കണം? നമ്മുടെ കുടുംബജീവിതം സ്നേഹത്തിൽ അധിഷ്ഠിതമായിരിക്കണമെന്ന് ഇതു നിശ്ചയമായും അർഥമാക്കണം, എന്തുകൊണ്ടെന്നാൽ “ദൈവം സ്നേഹം” ആകുന്നു. (1 യോഹന്നാൻ 4:8) ഭാര്യാഭർത്താക്കൻമാർ തമ്മിലും മാതാപിതാക്കളും കുട്ടികളും തമ്മിലുമുള്ള ബന്ധങ്ങൾ സുഗമമാക്കുന്ന എണ്ണയാണ് ആത്മത്യാഗപരമായ സ്നേഹം.—1 കൊരിന്ത്യർ 13:4-8; എഫെസ്യർ 5:28, 29, 33; 6:4; കൊലൊസ്സ്യർ 3:18, 21.
8, 9. (എ) ഒരു ക്രിസ്തീയ ഭവനത്തിൽ ചിലപ്പോൾ ഏതു സാഹചര്യം വികാസംപ്രാപിക്കുന്നു? (ബി) ഈ സംഗതിയിൽ ബൈബിൾ ദൃഢമായ എന്തു ബുദ്ധ്യുപദേശം നൽകുന്നു?
8 അത്തരം സ്നേഹം പ്രകടിപ്പിക്കുന്നത് ക്രിസ്തീയ കുടുംബത്തിൽ സ്വയം സംഭവിക്കുന്ന സംഗതിയാണെന്നു നാം ചിന്തിച്ചേക്കാം. എന്നാൽ, ചില ക്രിസ്തീയ ഭവനങ്ങളിൽ എല്ലായ്പോഴും സ്നേഹം അതിനുണ്ടായിരിക്കേണ്ട അളവുവരെ സ്വാധീനം ചെലുത്തുന്നില്ലെന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. രാജ്യഹാളിൽ നാം സ്നേഹം പ്രകടിപ്പിക്കുന്നതായി കാണപ്പെട്ടേക്കാം, എന്നാൽ ഭവന ചുറ്റുപാടിൽ നമ്മുടെ വിശുദ്ധി എത്ര എളുപ്പം കുറഞ്ഞുപോയേക്കാം. ഭാര്യ ഇപ്പോഴും നമ്മുടെ ക്രിസ്തീയ സഹോദരിയാണെന്ന് അല്ലെങ്കിൽ ഭർത്താവ് ഇപ്പോഴും രാജ്യഹാളിൽ ആദരിക്കപ്പെടേണ്ടവനായി കാണപ്പെട്ട അതേ സഹോദരൻ (ഒരുപക്ഷേ ഒരു ശുശ്രൂഷാദാസനോ മൂപ്പനോ) ആണെന്നു നാം അപ്പോൾ പെട്ടെന്നു മറന്നുപോയേക്കാം. നാം അസഹ്യപ്പെടുകയും ചൂടുപിടിച്ച തർക്കങ്ങൾ വികാസംപ്രാപിക്കുകയും ചെയ്തേക്കാം. ഒരു ഇരട്ടനിലവാരം നമ്മുടെ ജീവിതത്തിലേക്ക് ഇഴഞ്ഞു കയറിയേക്കാവുന്നതാണ്. അതു മേലാൽ ഒരു ക്രിസ്തുസമാന ഭാര്യാഭർത്തൃ ബന്ധമല്ല, മറിച്ച് കലഹിക്കുന്ന കേവലമൊരു പുരുഷനും സ്ത്രീയുമാണ്. ഭവനത്തിൽ ഒരു വിശുദ്ധ അന്തരീക്ഷം ഉണ്ടായിരിക്കണമെന്നുള്ളത് അവർ മറന്നുപോകുന്നു. അവർ ലോകക്കാരായ ആളുകളെപ്പോലെ സംസാരിച്ചു തുടങ്ങിയേക്കാം. വായിൽനിന്ന് ഒരു വൃത്തികെട്ട, മുറിപ്പെടുത്തുന്ന പരാമർശനം എത്ര എളുപ്പം പുറപ്പെട്ടേക്കാം!—സദൃശവാക്യങ്ങൾ 12:18; പ്രവൃത്തികൾ 15:37, 38, താരതമ്യം ചെയ്യുക.
9 എന്നാൽ പൗലോസ് ഇങ്ങനെ ബുദ്ധ്യുപദേശിക്കുന്നു: “കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന്നു ആവശ്യംപോലെ ആത്മികവർദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും [ഗ്രീക്ക്, ലോഗോസ് സാപ്രോസ്, “ദുഷിപ്പിക്കുന്ന സംസാരം,” ആയതിനാൽ അവിശുദ്ധമായത്] നിങ്ങളുടെ വായിൽനിന്നു പുറപ്പെടരുതു.” അതു കുട്ടികളുൾപ്പെടെയുള്ള ഭവനത്തിലെ സകല കേൾവിക്കാരെയും പരാമർശിക്കുന്നു.—എഫെസ്യർ 4:29; യാക്കോബ് 3:8-10.
10. വിശുദ്ധി സംബന്ധിച്ച ബുദ്ധ്യുപദേശം കുട്ടികൾക്കു ബാധകമാകുന്നത് എങ്ങനെ?
10 വിശുദ്ധി സംബന്ധിച്ച ഈ മാർഗരേഖ ക്രിസ്തീയ കുടുംബത്തിലെ കുട്ടികൾക്കും തുല്യമായി ബാധകമാകുന്നു. തങ്ങളുടെ ലൗകിക സമപ്രായക്കാരുടെ മത്സരാത്മകമായ, അനാദരപൂർവമായ സംസാരം സ്കൂളിൽനിന്നു വീട്ടിൽവന്ന് അനുകരിച്ചുതുടങ്ങുന്നത് അവർക്ക് എത്ര എളുപ്പമാണ്! കുട്ടികളേ, യഹോവയുടെ പ്രവാചകനെ അപമാനിച്ച മര്യാദകെട്ട ആൺകുട്ടികളും അവരുടെ ഇന്നത്തെ അസഭ്യ, ദൈവദൂഷക സമാന്തരങ്ങളും പ്രകടമാക്കിയിരിക്കുന്ന മനോഭാവങ്ങളാൽ ആകർഷിക്കപ്പെടരുത്. (2 രാജാക്കൻമാർ 2:23, 24) സഭ്യമായ വാക്കുകൾ ഉപയോഗിക്കാൻ വളരെ മടിയുള്ളവരോ പരിഗണനയില്ലാത്തവരോ ആയ ആളുകളുടെ വൃത്തികെട്ട തെരുവുഭാഷയാൽ നിങ്ങളുടെ സംസാരം ദുഷിപ്പിക്കപ്പെടരുത്. ക്രിസ്ത്യാനികളെന്ന നിലയിൽ നമ്മുടെ സംഭാഷണം വിശുദ്ധവും ഹൃദ്യവും പരിപുഷ്ടിപ്പെടുത്തുന്നതും ദയയുള്ളതും “ഉപ്പിനാൽ രുചിവരുത്തിയതും” ആയിരിക്കണം. അതു നമ്മെ മറ്റുള്ളവരിൽനിന്നു വ്യത്യസ്തരായി വേർതിരിച്ചുകാണിക്കണം.—കൊലൊസ്സ്യർ 3:8-10; 4:6.
വിശുദ്ധിയും നമ്മുടെ അവിശ്വാസികളായ കുടുംബാംഗങ്ങളും
11. വിശുദ്ധരായിരിക്കുന്നതു സ്വയനീതിക്കാരായിരിക്കുക എന്ന് അർഥമാക്കുന്നില്ലാത്തത് എന്തുകൊണ്ട്?
11 വിശുദ്ധി ആചരിക്കാൻ മനഃസാക്ഷിപൂർവം ശ്രമിക്കവേ നാം ഔന്നത്യഭാവമുള്ളവരായി കാണപ്പെടുന്നവരോ സ്വയനീതിക്കാരോ ആയിരിക്കരുത്, വിശേഷാൽ വിശ്വാസികളല്ലാത്ത കുടുംബാംഗങ്ങളോട് ഇടപെടുമ്പോൾ. നാം ക്രിയാത്മകമായ ഒരു വിധത്തിൽ വ്യത്യസ്തരാണെന്ന്, യേശുവിന്റെ ദൃഷ്ടാന്തത്തിലെ നല്ല ശമര്യക്കാരനെപ്പോലെ, സ്നേഹവും അനുകമ്പയും പ്രകടമാക്കേണ്ടത് എങ്ങനെയെന്നു നാം അറിയുന്നുവെന്ന്, കാണാനെങ്കിലും നമ്മുടെ ദയാപൂർവകമായ ക്രിസ്തീയ നടത്ത അവരെ സഹായിക്കണം.—ലൂക്കൊസ് 10:30-37.
12. ക്രിസ്തീയ ഭാര്യാഭർത്താക്കൻമാർക്ക് എങ്ങനെ സത്യം തങ്ങളുടെ ഇണകൾക്ക് ആകർഷകമാക്കാവുന്നതാണ്?
12 “ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കൻമാർക്കു കീഴടങ്ങിയിരിപ്പിൻ; അവരിൽ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിർമ്മലമായ നടപ്പു കണ്ടറിഞ്ഞു വചനം കൂടാതെ ഭാര്യമാരുടെ നടപ്പിനാൽ ചേർന്നുവരുവാൻ ഇടയാകും” എന്നു ക്രിസ്തീയ ഭാര്യമാർക്ക് എഴുതിയപ്പോൾ അവിശ്വാസികളായ നമ്മുടെ കുടുംബാംഗങ്ങളോടുള്ള ഒരു ഉചിതമായ മനോഭാവത്തിന്റെ പ്രാധാന്യത്തിനു പത്രോസ് ഊന്നൽനൽകി. ഒരു ക്രിസ്തീയ ഭാര്യയുടെ (അല്ലെങ്കിൽ ഭർത്താവിന്റെയാണെങ്കിലും) നടത്ത ശാലീനവും പരിഗണനയുള്ളതും ആദരവോടുകൂടിയതും ആണെങ്കിൽ ഒരു അവിശ്വാസിയായ ഇണയ്ക്കു സത്യം കൂടുതൽ ആകർഷകമാക്കാൻ അവൾക്കു കഴിയും. അവിശ്വാസിയായ ഇണ അവഗണിക്കപ്പെടുകയോ വിസ്മരിക്കപ്പെടുകയോ ചെയ്യാതിരിക്കേണ്ടതിനു ദിവ്യാധിപത്യ പട്ടികയിൽ വഴക്കമുണ്ടായിരിക്കണമെന്ന് ഇതർഥമാക്കുന്നു.a—1 പത്രൊസ് 3:1, 2.
13. സത്യം വിലമതിക്കാൻ അവിശ്വാസികളായ ഭർത്താക്കൻമാരെ മൂപ്പൻമാർക്കും ശുശ്രൂഷാദാസൻമാർക്കും ചിലപ്പോഴൊക്കെ എങ്ങനെ സഹായിക്കാൻ കഴിയും?
13 സൗഹൃദ പ്രകൃതമുള്ളവരായിരുന്നുകൊണ്ട് അവിശ്വാസിയായ ഭർത്താവിനെ പരിചയപ്പെടുന്നതിനാൽ മൂപ്പൻമാർക്കും ശുശ്രൂഷാദാസൻമാർക്കും ചിലപ്പോഴൊക്കെ സഹായിക്കാവുന്നതാണ്. ബൈബിളിനു പുറമേ മറ്റു വിഷയങ്ങൾ ഉൾപ്പെടെ, വിപുലമായ താത്പര്യങ്ങളോടുകൂടിയ സാധാരണ നിലയിലുള്ള, മര്യാദയുള്ള ആളുകളാണു സാക്ഷികളെന്ന് ഈ വിധത്തിൽ അദ്ദേഹം മനസ്സിലാക്കിയേക്കാം. ഒരു ദൃഷ്ടാന്തത്തിൽ, ഒരു ഭർത്താവിന്റെ മീൻപിടുത്ത വിനോദത്തിൽ ഒരു മൂപ്പൻ താത്പര്യമെടുത്തു. പ്രാഥമിക തടസ്സം തരണംചെയ്ത് ഒരു സൗഹൃദബന്ധം ആരംഭിക്കുന്നതിന് അതുമതിയായിരുന്നു. ആ ഭർത്താവ് ഒടുവിൽ ഒരു സ്നാപനമേററ സഹോദരനായിത്തീർന്നു. മറ്റൊരു സംഭവത്തിൽ, ഒരു അവിശ്വാസിയായ ഭർത്താവ് കാനറി പക്ഷികളിൽ താത്പര്യമുള്ളവനായിരുന്നു. മൂപ്പൻമാർ പിൻമാറിയില്ല. അവരിൽ ഒരാൾ ആ വിഷയം പഠിച്ചു, തത്ഫലമായി അടുത്തപ്രാവശ്യം ആ വ്യക്തിയെ കണ്ടപ്പോൾ അദ്ദേഹത്തിന് ആ ഭർത്താവിന്റെ ഇഷ്ട വിഷയത്തെക്കുറിച്ച് ഒരു സംഭാഷണം തുടങ്ങാൻ കഴിഞ്ഞു! അതുകൊണ്ട്, വിശുദ്ധനായിരിക്കുക എന്നതു കർക്കശനോ ഇടുങ്ങിയ ചിന്താഗതിക്കാരനോ ആയിരിക്കുകയെന്ന് അർഥമാക്കുന്നില്ല.—1 കൊരിന്ത്യർ 9:20-23.
സഭയിൽ നമുക്കെങ്ങനെ വിശുദ്ധരായിരിക്കാൻ കഴിയും?
14. (എ) സഭയെ ദുർബലപ്പെടുത്താനുള്ള സാത്താന്റെ മാർഗങ്ങളിൽ ഒന്ന് ഏതാണ്? (ബി) സാത്താന്റെ കെണിയെ നമുക്കെങ്ങനെ ചെറുക്കാൻ കഴിയും?
14 പിശാചായ സാത്താൻ ഒരു ദൂഷകനാണ്, എന്തുകൊണ്ടെന്നാൽ പിശാച് എന്നതിനുള്ള ഗ്രീക്ക് പേരായ ഡയബോളോസിന്റെ അർഥം “ദോഷാരോപകൻ” അല്ലെങ്കിൽ “ദൂഷകൻ” എന്നാണ്. ദൂഷണംപറച്ചിൽ അവന്റെ പ്രത്യേകതകളിൽ ഒന്നാണ്, അതു സഭയിൽ ഉപയോഗിക്കാൻ അവൻ ശ്രമിക്കുന്നു. അവന്റെ ഇഷ്ടപ്പെട്ട രീതി കുശുകുശുപ്പാണ്. ഈ അവിശുദ്ധ നടത്തയിൽ അവന്റെ പകർപ്പുകൾ ആയിരിക്കാൻ നാം നമ്മെത്തന്നെ അനുവദിക്കുമോ? അത് എങ്ങനെ സംഭവിക്കാവുന്നതാണ്? കുശുകുശുപ്പ് ആരംഭിക്കുന്നതിനാലോ ആവർത്തിക്കുന്നതിനാലോ ശ്രദ്ധിക്കുന്നതിനാലോ. ജ്ഞാനപൂർവകമായ സദൃശവാക്യം പ്രസ്താവിക്കുന്നു: “വക്രതയുള്ള മനുഷ്യൻ വഴക്കു ഉണ്ടാക്കുന്നു; ഏഷണിക്കാരൻ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.” (സദൃശവാക്യങ്ങൾ 16:28) ഏഷണിക്കും കുശുകുശുപ്പിനുമുള്ള പ്രത്യൗഷധം എന്താണ്? നമ്മുടെ സംസാരം എല്ലായ്പോഴും പരിപുഷ്ടിപ്പെടുത്തുന്നതും സ്നേഹത്തിൽ അധിഷ്ഠിതവുമാണെന്നു നാം ഉറപ്പുവരുത്തണം. നമ്മുടെ സഹോദരങ്ങളുടെ സങ്കൽപ്പിത ദൗർബല്യങ്ങളല്ല സദ്ഗുണങ്ങളാണ് നാം നോക്കുന്നതെങ്കിൽ നമ്മുടെ സംഭാഷണം എല്ലായ്പോഴും ഹൃദ്യവും ആത്മീയവും ആയിരിക്കും. വിമർശനം എളുപ്പമാണെന്ന് ഓർമിക്കുക. മറ്റുള്ളവരെക്കുറിച്ചു നിങ്ങളോടു കുശുകുശുക്കുന്ന വ്യക്തി മറ്റുള്ളവരോടു നിങ്ങളെക്കുറിച്ചും കുശുകുശുത്തേക്കാം!—1 തിമൊഥെയൊസ് 5:13; തീത്തൊസ് 2:3.
15. സഭയിലെ എല്ലാവരെയും വിശുദ്ധരായി നിലനിർത്താൻ ഏതു ക്രിസ്തുസമാന ഗുണങ്ങൾക്കു സഹായിക്കാൻ കഴിയും?
15 സഭയെ വിശുദ്ധമായി സൂക്ഷിക്കുന്നതിനു നമുക്കെല്ലാവർക്കും ക്രിസ്തുവിന്റെ മനസ്സുണ്ടായിരിക്കണം, അവന്റെ പ്രമുഖ ഗുണം സ്നേഹമാണെന്നു നമുക്കറിയാം. തന്നിമിത്തം, ക്രിസ്തുവിനെപ്പോലെ അനുകമ്പയുള്ളവരായിരിക്കാൻ പൗലോസ് കൊലോസ്യരെ ബുദ്ധ്യുപദേശിച്ചു: “അതുകൊണ്ടു ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവു, ദയ, താഴ്മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു . . . തമ്മിൽ ക്ഷമിക്കയും ചെയ്വിൻ. . . . എല്ലാറ്റിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ.” എന്നിട്ട് അവൻ കൂട്ടിച്ചേർത്തു: “ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ.” തീർച്ചയായും ഈ ക്ഷമാമനോഭാവത്താൽ നമുക്കു സഭയുടെ ഐക്യവും വിശുദ്ധിയും നിലനിർത്താൻ കഴിയും.—കൊലൊസ്സ്യർ 3:12-15.
അയൽപക്കത്ത് നമ്മുടെ വിശുദ്ധി പ്രകടമാക്കുന്നുവോ?
16. നമ്മുടെ വിശുദ്ധാരാധന സന്തുഷ്ടാരാധന ആയിരിക്കേണ്ടത് എന്തുകൊണ്ട്?
16 നമ്മുടെ അയൽക്കാരെ സംബന്ധിച്ചെന്ത്? അവർ നമ്മെ എങ്ങനെ വീക്ഷിക്കുന്നു? നാം സത്യത്തിന്റെ സന്തോഷം പ്രസരിപ്പിക്കുന്നുവോ, അതോ അത് ഒരു ഭാരമായി കാണപ്പെടാൻ ഇടയാക്കുന്നുവോ? യഹോവ വിശുദ്ധനായിരിക്കുന്നതുപോലെ നാം വിശുദ്ധരാണെങ്കിൽ, അതു നമ്മുടെ സംസാരത്തിലും നടത്തയിലും പ്രകടമായിരിക്കണം. നമ്മുടെ വിശുദ്ധാരാധന സന്തുഷ്ടാരാധനയാണെന്നു വ്യക്തമായിരിക്കണം. അത് എന്തുകൊണ്ടാണ്? കാരണം തന്റെ ആരാധകർ സന്തുഷ്ടരായിരിക്കണമെന്ന് ആഗ്രഹിക്കുന്ന നമ്മുടെ ദൈവമായ യഹോവ ഒരു സന്തുഷ്ടനായ ദൈവമാണ്. അതുകൊണ്ട്, “യഹോവ ദൈവമായിരിക്കുന്ന ജനം സന്തുഷ്ടരാകുന്നു!” എന്നു പുരാതനകാലത്തെ യഹോവയുടെ ജനത്തെക്കുറിച്ചു സങ്കീർത്തനക്കാരനു പറയാൻ കഴിഞ്ഞു. നാം ആ സന്തുഷ്ടി പ്രതിഫലിപ്പിക്കുന്നുവോ? രാജ്യഹാളിലും സമ്മേളനങ്ങളിലും യഹോവയുടെ ജനത്തോടൊപ്പമായിരിക്കുന്നതിൽ നമ്മുടെ കുട്ടികളും സംതൃപ്തി പ്രകടമാക്കുന്നുവോ?—സങ്കീർത്തനം 89:15, 16; 144:15ബി, NW.
17. സന്തുലിത വിശുദ്ധി പ്രകടമാക്കുന്നതിനു നമുക്കു പ്രായോഗികമായ ഒരു വിധത്തിൽ എന്തുചെയ്യാവുന്നതാണ്?
17 കൂടാതെ, സഹകരണ മനോഭാവത്താലും അയൽക്കാരോടുള്ള ദയയാലും നമുക്കു നമ്മുടെ സന്തുലിത വിശുദ്ധി പ്രകടമാക്കാൻ കഴിയും. ഒരുപക്ഷേ അയൽപക്കം ശുചീകരിക്കുന്നതിനോ, ചില രാജ്യങ്ങളിലെപ്പോലെ, വഴികളും പ്രധാന നിരത്തുകളും മെച്ചപ്പെടുത്താൻ സഹായിക്കുന്നതിനോ ചിലപ്പോൾ അയൽക്കാർ സഹകരിക്കേണ്ടത് അത്യാവശ്യമായിരിക്കും. ഈ സംഗതിയിൽ, നമ്മുടെ പൂന്തോട്ടമോ മുറ്റമോ മറ്റു സ്ഥലമോ നാം എങ്ങനെ നോക്കി സംരക്ഷിക്കുന്നുവെന്നതിൽ നമ്മുടെ വിശുദ്ധി പ്രകടമാകാവുന്നതാണ്. നാം ചപ്പുചവറുകൾ ചുറ്റും ചിതറിച്ചിടുന്നെങ്കിൽ, അല്ലെങ്കിൽ ഒരുപക്ഷേ എല്ലാവർക്കും കാണാവുന്ന തരത്തിൽ പഴയ പൊട്ടിപ്പൊളിഞ്ഞ വാഹനങ്ങൾക്കൊണ്ടുപോലും, മുറ്റം വൃത്തികേടോ അലങ്കോലമോ ആക്കുന്നെങ്കിൽ, നമ്മുടെ അയൽക്കാരോടു നാം ആദരവോടെ പെരുമാറുന്നുവെന്നു പറയാൻ കഴിയുമോ?—വെളിപ്പാടു 11:18.
ജോലിസ്ഥലത്തെയും സ്കൂളിലെയും വിശുദ്ധി
18. (എ) ക്രിസ്ത്യാനികൾക്ക് ഇന്ന് ഒരു വിഷമാവസ്ഥയായിരിക്കുന്നത് എന്ത്? (ബി) നമുക്കു ലോകത്തിൽനിന്നു വ്യത്യസ്തരായിരിക്കാൻ കഴിയുന്നതെങ്ങനെ?
18 “ദുർന്നടപ്പുകാരോടു സംസർഗ്ഗം അരുതു എന്നു ഞാൻ എന്റെ ലേഖനത്തിൽ നിങ്ങൾക്കു എഴുതീട്ടുണ്ടല്ലോ. അതു ഈ ലോകത്തിലെ ദുർന്നടപ്പുകാരോടോ അത്യാഗ്രഹികളോടോ പിടിച്ചുപറിക്കാരോടോ വിഗ്രഹാരാധികളോടോ അരുതു എന്നല്ലല്ലോ; അങ്ങനെ എങ്കിൽ നിങ്ങൾ ലോകം വിട്ടു പോകേണ്ടിവരും” എന്ന് അവിശുദ്ധ കൊരിന്ത്യ നഗരത്തിലെ ക്രിസ്ത്യാനികൾക്ക് അപ്പോസ്തലനായ പൗലോസ് എഴുതി. (1 കൊരിന്ത്യർ 5:9, 10) അധാർമികരോ ധാർമികതത്പരരല്ലാത്തവരോ ആയ ആളുകളുമായി ദിവസേന ഇടപഴകേണ്ട ക്രിസ്ത്യാനികൾക്ക് ഇത് ഒരു വിഷമാവസ്ഥയാണ്. ഇത് നിർമലതയുടെ ഒരു വലിയ പരിശോധനയാണ്, വിശേഷിച്ചും ലൈംഗികോപദ്രവത്തെയും അഴിമതിയെയും സത്യസന്ധതയില്ലായ്മയെയും പ്രോത്സാഹിപ്പിക്കുകയോ പൊറുക്കുകയോ ചെയ്യുന്ന സംസ്കാരങ്ങളിൽ. നമുക്കു ചുറ്റുമുള്ളവരുടെ മുന്നിൽ “സാധാരണക്കാരായി” പ്രത്യക്ഷപ്പെടേണ്ടതിന് ഈ സന്ദർഭത്തിൽ നമ്മുടെ നിലവാരം അധഃപതിക്കാൻ അനുവദിക്കുന്നതിനു നമുക്കു സാധ്യമല്ല. മറിച്ച്, വിവേകമുള്ളവരുടെ, തങ്ങളുടെ ആത്മീയ ആവശ്യം തിരിച്ചറിയുകയും മെച്ചപ്പെട്ട ഒന്ന് തേടുകയും ചെയ്യുന്നവരുടെ മുമ്പാകെ മുന്തിനിൽക്കാൻ ദയാപൂർവകവും എന്നാൽ വ്യത്യസ്തവുമായ നമ്മുടെ ക്രിസ്തീയ നടത്ത ഇടയാക്കണം.—മത്തായി 5:3; 1 പത്രൊസ് 3:16, 17.
19. (എ) കുട്ടികളായ നിങ്ങൾക്കു സ്കൂളിൽ എന്തു പരിശോധനകളുണ്ട്? (ബി) തങ്ങളുടെ കുട്ടികളെയും അവരുടെ വിശുദ്ധ നടത്തയെയും പിന്താങ്ങാൻ മാതാപിതാക്കൾക്ക് എന്തുചെയ്യാവുന്നതാണ്?
19 അതുപോലെതന്നെ, സ്കൂളിൽ നമ്മുടെ കുട്ടികൾ അഭിമുഖീകരിക്കുന്ന അനേകം പരിശോധനകൾ ഉണ്ട്. നിങ്ങളുടെ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ മാതാപിതാക്കളായ നിങ്ങൾ സന്ദർശനം നടത്തുന്നുവോ? ഏതു തരത്തിലുള്ള അന്തരീക്ഷമാണ് അവിടെ നിലനിൽക്കുന്നതെന്നു നിങ്ങൾക്കറിയാമോ? അധ്യാപകരുമായി നിങ്ങൾക്ക് ഒരു ഉറ്റബന്ധമുണ്ടോ? ഈ ചോദ്യങ്ങൾ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്? കാരണം ലോകത്തെ ഒട്ടുമിക്ക നഗരപ്രദേശങ്ങളിലും സ്കൂളുകൾ അക്രമത്തിന്റെയും മയക്കുമരുന്നിന്റെയും ലൈംഗികതയുടെയും കാടുകളായി തീർന്നിരിക്കുന്നു. നിങ്ങളുടെ കുട്ടികൾക്ക് അനുകമ്പാപൂർവമായ പൂർണ പിന്തുണ ലഭിക്കുന്നില്ലെങ്കിൽ അവർക്ക് എങ്ങനെ തങ്ങളുടെ നിർമലതയും വിശുദ്ധനടത്തയും നിലനിർത്താൻ കഴിയും? “പിതാക്കൻമാരേ, നിങ്ങളുടെ മക്കൾ നിരുത്സാഹപ്പെടാതിരിക്കേണ്ടതിന് അവരെ പ്രകോപിപ്പിക്കരുത്” എന്നു പൗലോസ് മാതാപിതാക്കളെ ഉചിതമായി ബുദ്ധ്യുപദേശിച്ചു. (കൊലോസ്യർ 3:21, NW) കുട്ടികളുടെ അനുദിന പ്രശ്നങ്ങളെയും പരിശോധനകളെയും മനസ്സിലാക്കാൻ പരാജയപ്പെടുന്നത് അവരെ പ്രകോപിപ്പിക്കുന്ന ഒരു വിധമാണ്. സ്കൂളിലെ പ്രലോഭനങ്ങൾക്കായുള്ള തയ്യാറെടുപ്പ് ഒരു ക്രിസ്തീയ ഭവനത്തിലെ ആത്മീയ അന്തരീക്ഷത്തിൽ തുടങ്ങുന്നു.—ആവർത്തനപുസ്തകം 6:6-9; സദൃശവാക്യങ്ങൾ 22:6.
20. നമുക്കെല്ലാവർക്കും വിശുദ്ധി അത്യന്താപേക്ഷിതമായിരിക്കുന്നത് എന്തുകൊണ്ട്?
20 ഉപസംഹാരമായി, നമുക്കെല്ലാവർക്കും വിശുദ്ധി അത്യന്താപേക്ഷിതമായിരിക്കുന്നത് എന്തുകൊണ്ടാണ്? കാരണം അതു സാത്താന്റെ ലോകത്തിന്റെയും ചിന്താഗതിയുടെയും ആക്രമണങ്ങൾക്കെതിരായുള്ള ഒരു സംരക്ഷണമായി വർത്തിക്കുന്നു. അത് ഇപ്പോൾ ഒരു അനുഗ്രഹമാണ്, ഭാവിയിൽ അങ്ങനെ ആയിരിക്കുകയും ചെയ്യും. നീതിനിഷ്ഠമായ പുതിയ ലോകത്തിലെ യഥാർഥ ജീവൻ നമുക്ക് ഉറപ്പുനൽകാൻ അതു സഹായിക്കുന്നു. നിർദയ മതഭ്രാന്തൻമാരല്ല, മറിച്ച് സമനിലയുള്ളവരും സമീപിക്കാവുന്നവരും സംഭാഷിക്കാവുന്നവരുമായ ക്രിസ്ത്യാനികളായിരിക്കാൻ അതു നമ്മെ സഹായിക്കുന്നു. ചുരുക്കത്തിൽ, അതു നമ്മെ ക്രിസ്തുസമാനരാക്കുന്നു.—1 തിമൊഥെയൊസ് 6:19.
[അടിക്കുറിപ്പ്]
a അവിശ്വാസികളായ ഇണകളോടുള്ള നയപൂർവകമായ ബന്ധങ്ങളെക്കുറിച്ചു കൂടുതലായ വിവരത്തിന് 1990 ആഗസ്റ്റ് 15 വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 20-2 പേജുകളിലെ “നിങ്ങളുടെ ഇണയെ അവഗണിക്കരുത്!” എന്ന ലേഖനവും 1988 നവംബർ 1 ലക്കത്തിന്റെ 24-5 പേജുകളിലെ 20-2 ഖണ്ഡികളും കാണുക.
നിങ്ങൾ ഓർമിക്കുന്നുവോ?
◻ വിശുദ്ധി സംബന്ധിച്ചു ക്രിസ്ത്യാനികളെ ബുദ്ധ്യുപദേശിക്കേണ്ടതിന്റെ ആവശ്യം പത്രോസ് കണ്ടതെന്തുകൊണ്ട്?
◻ ഒരു വിശുദ്ധ ജീവിതം നയിക്കുന്നത് എളുപ്പമല്ലാത്തത് എന്തുകൊണ്ട്?
◻ കുടുംബത്തിൽ വിശുദ്ധി മെച്ചപ്പെടുത്താൻ നമുക്കെല്ലാവർക്കും എന്തുചെയ്യാവുന്നതാണ്?
◻ സഭ വിശുദ്ധമായി നിലനിൽക്കുന്നതിന് ഏത് അവിശുദ്ധ നടത്ത നാം ഒഴിവാക്കണം?
◻ ജോലിസ്ഥലത്തും സ്കൂളിലും നമുക്കെങ്ങനെ വിശുദ്ധരായി നിലനിൽക്കാൻ കഴിയും?
[16, 17 പേജുകളിലെ ചിത്രങ്ങൾ]
യഹോവയുടെ സാക്ഷികൾ എന്നനിലയിൽ, ദൈവത്തെ സേവിക്കുന്നതിലും മറ്റു പ്രവർത്തനങ്ങളിലും നാം സന്തുഷ്ടരായിരിക്കണം