“ദൈവവചനം ജീവനുള്ളതും ശക്തിചെലുത്തുന്നതുമാകുന്നു”
1, 2. (എ) ക്രിസ്ത്യാനികളായിത്തീരുന്നവരുടെ ജീവിതത്തിൽ മാററങ്ങൾക്കിടയാക്കുന്നതെന്ത്? (ബി) ബൈബിളിന്എത്ര ആഴമായി ഒരാളെ സ്വാധീനിക്കാൻ കഴിയും?
ക്രി. വ. ഒന്നാം നൂററാണ്ടിന്റെ മദ്ധ്യത്തിൽ അപ്പോസ്തലനായ പൗലോസ് റോമിലെ ക്രിസ്തീയസഭക്ക് ഒരു ലേഖനമെഴുതി. അതിൽ ക്രിസ്ത്യാനികൾ മാററംവരുത്തേണ്ടതിന്റെ ആവശ്യത്തെ ഊന്നിപ്പറഞ്ഞു. അവൻ പറഞ്ഞു: “ഈ വ്യവസ്ഥിതിക്കനുരൂപമാകുന്നതു നിർത്തുക, എന്നാൽ നല്ലതും സ്വീകാര്യവും പൂർണ്ണവുമായ ദൈവത്തിന്റെ ഇഷ്ടം നിങ്ങൾക്കുതന്നെ ഉറപ്പുവരുത്തേണ്ടതിന് നിങ്ങളുടെ മനസ്സു പുതുക്കി രൂപാന്തരപ്പെടുക.” (റോമർ 12:2) യേശുവിന്റെ അനുഗാമികളുടെ ചിന്താരീതിക്കുതന്നെ മാററംവരുത്തിക്കൊണ്ട് അവർക്കു രൂപാന്തരംവരുത്തുന്നതെന്താണ്? അടിസ്ഥാനപരമായി, അത് ദൈവവചനമായ ബൈബിളിന്റെ ശക്തിയാണ്.
2 ബൈബിളിന് എത്ര അഗാധമായി നമ്മെ സ്വാധീനിക്കാൻ കഴിയുമെന്നു കാണിച്ചുകൊണ്ട് പൗലോസ് എഴുതി: “ദൈവത്തിന്റെ വചനം ജീവനുള്ളതും ശക്തിചെലുത്തുന്നതും ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയുള്ളതും ദേഹിയെയും ആത്മാവിനെയും, സന്ധികളെയും അവയുടെ മജ്ജയെയും വെർപെടുത്തുംവരെ തുളച്ചുചെല്ലുന്നതും ഹൃദയത്തിന്റെ ചിന്തകളെയും ഉദ്ദേശ്യങ്ങളെയും വിവേചിക്കാൻ പ്രാപ്തിയുള്ളതുമാകുന്നു.” (എബ്രായർ 4:12) തീർച്ചയായും, ആളുകളിൽ അത്തരം മാററങ്ങൾ വരുത്താനുള്ള ബൈബിളിന്റെ അസാധാരണ ശക്തി അതു കേവലം മമനുഷ്യന്റെ വചനത്തേക്കാൾ കവിഞ്ഞതാണെന്നുള്ളതിന്റെ പ്രേരണാത്മകമായ ഒരു തെളിവാണ്.
3, 4. ക്രിസ്ത്യാനികളുടെ വ്യക്തിത്വങ്ങൾക്ക് എത്രത്തോളം മാററമുണ്ടാകുന്നു?
3 റോമർ 12:2ലെ “രൂപാന്തരപ്പെടുക” എന്നതിന്റെ ഗ്രീക്ക് പദം മെററാമോർഫോയിൽ നിന്ന് വന്നിട്ടുള്ളതാണ്. അത് ഒരു പുഴു ഒരു ചിത്രശലഭമായി രൂപാന്തരപ്പെടുന്നതുപോലെയുള്ള പൂർണ്ണമായ മാററത്തെ സൂചിപ്പിക്കുന്നു. അത് വളരെ പൂർണ്ണമായതുകൊണ്ട് ബൈബിൾ അതിനെ ഒരു വ്യക്തിത്വമാററം എന്നു പറയുന്നു. മറെറാരു ബൈബിൾവാക്യത്തിൽ നാം വായിക്കുന്നു: “പഴയവ്യക്തിത്വത്തെ അതിന്റെ നടപടികളോടെ ഉരിഞ്ഞുകളയുകയും പുതിയ വ്യക്തിത്വം ധരിക്കുകയുംചെയ്യുക, അത് അതിനെ സൃഷ്ടിച്ചവന്റെ പ്രതിച്ഛായപ്രകാരം സൂക്ഷ്മപരിജ്ഞാനത്താൽ പുതുക്കപ്പെട്ടുകൊണ്ടിരിക്കുന്നു.”—കൊലോസ്യർ 3:9, 10.
4 കൊരിന്തിലെ സഭക്ക് എഴുതിയപ്പോൾ, പൗലോസ് ഒന്നാം നൂററാണ്ടിൽ നടന്ന വ്യക്തിത്വമാററങ്ങളുടെ വ്യാപ്തി പ്രകടമാക്കി. അവൻ പറഞ്ഞു: “ദുർവൃത്തരോ വിഗ്രഹാരാധികളോ വ്യഭിചാരികളോ പ്രകൃതിവിരുദ്ധ ഉദ്ദേശ്യങ്ങൾക്കായി സൂക്ഷിക്കപ്പെടുന്ന പുരുഷൻമാരോ പുരുഷൻമാരോടുകൂടെ ശയിക്കുന്ന പുരുഷൻമാരോ കള്ളൻമാരോ അത്യാഗ്രഹികളോ മദ്യപൻമാരോ ചീത്ത പറയുന്നവരോ പിടിച്ചുപറിക്കാരോ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ല. എന്നിരുന്നാലും നിങ്ങളിൽ ചിലർ അങ്ങനെയുള്ളവർ ആയിരുന്നു. എന്നാൽ നിങ്ങൾ കഴുകി ശുദ്ധരാക്കപ്പെട്ടിരിക്കുന്നു.” (1 കൊരിന്ത്യർ 6:9-11) അതെ, ദുർമ്മാർഗ്ഗികളും വഴക്കടിക്കുന്നവരുമായ ആളുകളും കള്ളൻമാരും മദ്യപൻമാരും മാതൃകായോഗ്യരായ ക്രിസ്ത്യാനികളായി രൂപാന്തരപ്പെട്ടിരുന്നു.
ഇന്നത്തെ വ്യക്തിത്വമാററങ്ങൾ
5, 6. ബൈബിളിന്റെ ശക്തിയാൽ ഒരു ചെറുപ്പക്കാരന്റെ വ്യക്തിത്വത്തിന് എങ്ങനെ പൂർണ്ണമായി മാററം വന്നു?
5 ഇന്ന് സമാനമായ വ്യക്തിത്വമാററങ്ങൾ കാണപ്പെടുന്നുണ്ട്. ദൃഷ്ടാന്തത്തിന്, സൗത്തമേരിക്കയിലെ ഒരു ബാലൻ ഒൻപതാം വയസ്സിൽ അനാഥനായി. അവൻ മാതാപിതാക്കളുടെ വഴികാട്ടലില്ലാതെ വളർന്നു. ഗുരുതരമായ വ്യക്തിത്വപ്രശ്നങ്ങൾ വളർത്തിയെടുക്കുകയുംചെയ്തു. അവൻ പറയുന്നു: “എനിക്ക് 18 വയസ്സായപ്പോഴേക്ക് ഞാൻ മയക്കുമരുന്നിൽ തികച്ചും ആസക്തനായിക്കഴിഞ്ഞിരുന്നു. ഈ ശീലം നിലനിർത്താൻ മോഷണത്തിലേർപ്പെട്ടതുകൊണ്ട് അപ്പോഴേക്കും ജയിലിലും കിടന്നിരുന്നു.” എന്നാൽ അവന്റെ അമ്മായി ഒരു യഹോവയുടെ സാക്ഷിയായിരുന്നു. ഒടുവിൽ അവർക്ക് അവനെ സഹായിക്കാൻ കഴിഞ്ഞു.
6 ചെറുപ്പക്കാരൻ ഇങ്ങനെ വിശദീകരിക്കുന്നു: “എന്റെ അമ്മായി എന്നെ ബൈബിൾ പഠിപ്പിച്ചുതുടങ്ങി, ഏഴു മാസം കഴിഞ്ഞപ്പോൾ എനിക്ക് മയക്കുമരുന്നുശീലം ഉപേക്ഷിക്കാൻ കഴിഞ്ഞു.” അവൻ തന്റെ മുൻകൂട്ടുകാരിൽനിന്ന് പിരിയുകയും യഹോവയുടെ സാക്ഷികളുടെ ഇടയിൽ പുതിയ സുഹൃത്തുക്കളെ കണ്ടെത്തുകയുംചെയ്തു. അവൻ തുടർന്നു പറയുന്നു: “ഈ പുതിയ കൂട്ടുകാരും എന്റെ നിരന്തര ബൈബിൾപഠനവും പുരോഗമിക്കാനും ഒടുവിൽ എന്റെ ജീവനെ ദൈവസേവനത്തിനു സമർപ്പിക്കാനും എന്നെ പ്രാപ്തനാക്കി.” ഉവ്വ്, ഈ മുൻ മയക്കുമരുന്നാസക്തനും കള്ളനുമായിരുന്നവൻ ഇപ്പോൾ നിർമ്മലജീവിതം നയിക്കുന്ന ഒരു സജീവക്രിസ്ത്യാനിയാണ്. എങ്ങനെയാണ് അത്തരം സമൂല വ്യക്തിത്വമാററം സാധിച്ചത്? ബൈബിളിന്റെ ശക്തിയാൽ.
7, 8. ബൈബിളിന്റെ സഹായത്താൽ അനിയന്ത്രിതമായ ഒരു വ്യക്തിത്വപ്രശ്നം എങ്ങനെ പരിഹരിക്കപ്പെട്ടുവെന്ന് വർണ്ണിക്കുക.
7 മറെറാരു ദൃഷ്ടാന്തം തെക്കൻയൂറോപ്പിൽനിന്നുള്ളതാണ്. അവിടെ ഒരു യുവാവ് നിയന്ത്രിക്കാൻ പ്രയാസമായ ഒരു വ്യക്തിത്വപ്രശ്നത്തോടെയാണ് വളർന്നുവന്നത്: അക്രമാസക്ത സ്വഭാവം. അവൻ നിരന്തരം വഴക്കുകളിലേർപ്പെട്ടിരുന്നു. ഒരു കുടുംബസംവാദ സമയത്ത് അവൻ തന്റെ പിതാവിനെ അടിച്ചുവീഴിച്ചു! ഒടുവിൽ അവൻ യഹോവയുടെ സാക്ഷികളോടുകൂടെ ബൈബിൾ പഠിക്കുകയും റോമറുടെ പുസ്തകത്തിലെ ഈ ദൈവകല്പന ശ്രദ്ധിക്കുകയും ചെയ്തു: “ആരോടും തിൻമക്കുപകരം തിൻമചെയ്യരുത്. . . . സാദ്ധ്യമെങ്കിൽ, നിങ്ങളെ ആശ്രയിച്ചിരിക്കുന്നിടത്തോളം സകല മനുഷ്യരോടും സമാധാനമായിരിക്കുക. പ്രിയരെ, നിങ്ങൾ തന്നെ പ്രതികാരംചെയ്യരുത്, എന്നാൽ ക്രോധത്തിന് ഇടംകൊടുക്കുക.”—റോമർ 12:17-19.
8 ആ വാക്കുകൾ തന്റെ ദൗർബല്യം എത്ര ഹീനമാണെന്ന് തിരിച്ചറിയാൻ അവനെ സഹായിച്ചു. വളർന്നുകൊണ്ടിരുന്ന ബൈബിൾപരിജ്ഞാനം അവന്റെ മനസ്സാക്ഷിയെ സ്ഫുടംചെയ്തു, അത് അവന്റെ കോപപ്രകൃതത്തെ കീഴടക്കാൻ അവനെ സഹായിച്ചു. ഒരിക്കൽ അവന്റെ പഠനത്തിൽ കുറെയൊക്കെ അഭിവൃദ്ധി പ്രാപിച്ചശേഷം ഒരു അപരിചിതൻ അവന്റെ നേരെ അധിക്ഷേപം ചൊരിഞ്ഞു. തന്നിൽ പരിചിതമായ ക്രോധം ശക്തിപ്രാപിക്കുന്നതായി യുവാവു കണ്ടു. അനന്തരം അവന് മറെറാരു തോന്നൽ ഉണ്ടായി: ഒരു ലജ്ജാബോധം; ഇത് അവന്റെ ക്രോധത്തിനു വഴങ്ങുന്നതിൽനിന്ന് അവനെ തടഞ്ഞു. അവൻ ആത്മനിയന്ത്രണം വളർത്തിയിരുന്നു, അത് ആത്മാവിന്റെ ഒരു പ്രധാനപ്പെട്ട ഫലമാണ്. (ഗലാത്യർ 5:22, 23) ദൈവവചനത്തിന്റെ സഹായത്താൽ അവന്റെ വ്യക്തിത്വം ഇപ്പോൾ വ്യത്യസ്തമായിരുന്നു.
9. പൗലോസ് പറയുന്നതനുസരിച്ച്, ഏതു മുഖാന്തരത്താലാണ് നമ്മുടെ വ്യക്തിത്വത്തിനു മാററം വരുന്നത്?
9 എന്നിരുന്നാലും, ബൈബിൾ ഇത്ര ശക്തമായ ഫലം ഉളവാക്കുന്നതെങ്ങനെയാണ്? നമ്മുടെ വ്യക്തിത്വങ്ങൾക്കു മാററംവരുന്നത് ബൈബിളിൽ കണ്ടെത്തപ്പെടുന്ന സൂക്ഷ്മപരിജ്ഞാനം മുഖാന്തരമാണെന്ന് കൊലോസ്യർ 3:10-ൽ പൗലോസ് പറയുകയുണ്ടായി. എന്നാൽ പരിജ്ഞാനം ആളുകൾക്ക് മാററം വരുത്തുന്നതെങ്ങനെയാണ്?
സൂക്ഷ്മപരിജ്ഞാനത്തിന്റെ പങ്ക്
10, 11. (എ) നാം ബൈബിൾ പഠിക്കുമ്പോൾ, നാം അഭിലഷണീയവും അനഭിലഷണീയവുമായ വ്യക്തിത്വസ്വഭാവങ്ങളെക്കുറിച്ച് എന്തു പഠിക്കുന്നു? (ബി) നമ്മുടെ ജീവിതത്തിൽ ഒരു മാററം സാധ്യമാക്കുന്നതിന് പരിജ്ഞാനത്തിനു പുറമേ എന്താവശ്യമാണ്?
10 ഒന്നാമതായി, ഉപേക്ഷിക്കേണ്ടതായ അനഭിലഷണീയ വ്യക്തിത്വ സ്വഭാവങ്ങളെ ബൈബിൾ തിരിച്ചറിയിക്കുന്നു. അവയിൽ “ഉദ്ധതമായ കണ്ണുകൾ, വ്യാജം പറയുന്ന നാവ്, നിർദ്ദോഷരക്തം ചൊരിയുന്ന കൈകൾ, ദ്രോഹകരമായ പദ്ധതികൾ കെട്ടിച്ചമക്കുന്ന ഒരു ഹൃദയം, വഷളത്വത്തിലേക്ക് ഓടാൻ ധൃതികൂട്ടുന്ന പാദങ്ങൾ, നുണകൾ തൊടുത്തുവിടുന്ന ഒരു കള്ളസാക്ഷി, സഹോദരൻമാരുടെ ഇടയിൽ ഭിന്നതകൾ ഇളക്കിവിടുന്ന ഏവനും” ഉൾപ്പെടുന്നു. (സദൃശവാക്യങ്ങൾ 6:16-19) രണ്ടാമതായി, നാം നട്ടുവളർത്തേണ്ട അഭിലഷണീയ സ്വഭാവങ്ങൾ ബൈബിൾ വർണ്ണിക്കുന്നുണ്ട്, അവയിൽ “സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, നൻമ, വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം” എന്നിവ ഉൾപ്പെടുന്നു.—ഗലാത്യർ 5:22, 23.
11 അങ്ങനെയുള്ള സൂക്ഷ്മപരിജ്ഞാനം തന്നേത്തന്നെ പരിശോധിക്കുന്നതിനും താൻ ഏതു വ്യക്തിത്വസ്വഭാവങ്ങൾ നട്ടുവളർത്തേണ്ടതുണ്ടെന്നും ഏതു നീക്കം ചെയ്യാൻ ശ്രമിക്കേണ്ടതുണ്ടെന്നും കാണുന്നതിനും ആത്മാർത്ഥതയുള്ള ഒരാളെ സഹായിക്കുന്നു. (യാക്കോബ് 1:25) എന്നിരുന്നാലും, അത് ഒരു തുടക്കം മാത്രമാണ്. പരിജ്ഞാനത്തിനു പുറമേ പ്രേരകഘടകമുണ്ടായിരിക്കണം, അതായത് മാററംവരുത്താനാഗ്രഹിക്കത്തക്കവണ്ണം അയാളെ പ്രേരിപ്പിക്കാൻ എന്തെങ്കിലും ഉണ്ടായിരിക്കണം. ഇവിടെ വീണ്ടും അയാൾക്ക് ബൈബിളിൽനിന്നുള്ള സൂക്ഷ്മപരിജ്ഞാനം ആവശ്യമാണ്.
നല്ലവരാകാൻ പ്രേരണ
12. ദൈവത്തിന്റെ വ്യക്തിത്വത്തെക്കുറിച്ചുള്ള പരിജ്ഞാനം മാററംവരുത്താൻ നമ്മെ സഹായിക്കുന്നതെങ്ങനെ?
12 അഭിലഷണീയമായ പുതിയ വ്യക്തിത്വം “അതിനെ സൃഷ്ടിച്ചവന്റെ പ്രതിച്ഛായപ്രകാരം” കരുപ്പിടിപ്പിക്കപ്പെടുന്നുവെന്ന് പൗലോസ് പറഞ്ഞു. (കൊലോസ്യർ 3:10) അതുകൊണ്ട് ക്രിസ്തീയവ്യക്തിത്വം ദൈവത്തിന്റെ സ്വന്തം വ്യക്തിത്വത്തോടു സദൃശമായിരിക്കണം. (എഫേസ്യർ 5:1) ബൈബിളിലൂടെ ദൈവത്തിന്റെ വ്യക്തിത്വം നമുക്ക് വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു. മനുഷ്യവർഗ്ഗത്തോടുള്ള അവന്റെ ഇടപെടലുകൾ നാം കാണുന്നു. അവന്റെ സ്നേഹം, ദയ, നൻമ, കരുണ, നീതി എന്നിവപോലെയുള്ള അവന്റെ സൽഗുണങ്ങളെ നിരീക്ഷിക്കുകയുംചെയ്യുന്നു. അങ്ങനെയുള്ള പരിജ്ഞാനം ദൈവത്തെ സ്നേഹിക്കാനും ദൈവം അംഗീകരിക്കുന്ന തരം ആളായിരിക്കാനാഗ്രഹിക്കുന്നതിനും നീതിഹൃദയമുള്ള ഒരാളെ പ്രേരിപ്പിക്കുന്നു. (മത്തായി 22:37) സ്നേഹമുള്ള മക്കൾ എന്ന നിലയിൽ നാം നമ്മുടെ സ്വർഗ്ഗീയപിതാവിനെ പ്രീതിപ്പെടുത്താൻ ആഗ്രഹിക്കുന്നു. തന്നിമിത്തം നാം നമ്മുടെ ദുർബലമായ അപൂർണ്ണാവസ്ഥയിൽ നമ്മാൽ കഴിയുന്നിടത്തോളം അവന്റെ വ്യക്തിത്വത്തെ അനുകരിക്കാൻ ശ്രമിക്കുന്നു.—എഫേസ്യർ 5:1.
13. ‘നീതിയെ സ്നേഹിക്കാനും അധർമ്മത്തെ വെറുക്കാനും’ ഏതു പരിജ്ഞാനം നമ്മെ പഠിപ്പിക്കുന്നു?
13 നല്ലതും ചീത്തയുമായ വ്യക്തിത്വ സ്വഭാവങ്ങൾ എങ്ങോട്ടു നയിക്കുന്നുവെന്നതുസംബന്ധിച്ച് ബൈബിൾ നൽകുന്ന അറിവിനാൽ നമ്മുടെ പ്രേരണ ശക്തീകരിക്കപ്പെടുന്നു. (സങ്കീർത്തനം 14:1-5; 15:1-5; 18:20, 24) ദാവീദ് തന്റെ ദൈവികഭക്തിയും നീതിസ്നേഹവും നിമിത്തം അനുഗ്രഹിക്കപ്പെട്ടുവെങ്കിലും അവന് ആത്മനിയന്ത്രണം നഷ്ടപ്പെട്ടപ്പോൾ അവൻ കഷ്ടപ്പെട്ടുവെന്നും നാം മനസ്സിലാക്കുന്നു. ശലോമോന്റെ വാർദ്ധക്യത്തിൽ അവന്റെ സദ്ഗുണങ്ങൾ ദുഷിപ്പിക്കപ്പെട്ടപ്പോഴത്തെ സങ്കടകരമായ ഫലങ്ങൾ നാം കാണുന്നു. യോശിയാവിന്റെയും ഹിസ്ക്കീയാവിന്റെയും സത്യസന്ധതയിൽനിന്നു കൈവന്ന അനുഗ്രഹങ്ങളും ആഹാബിന്റെ ദൗർബല്യത്തിന്റെയും മനശ്ശെയുടെ ശാഠ്യപൂർവകമായ വിശ്വാസത്യാഗത്തിന്റെയും അനർത്ഥഫലങ്ങളും തമ്മിൽ വിപരീതതാരതമ്യംചെയ്യപ്പെട്ടിരിക്കുന്നു. (ഗലാത്യർ 6:7) അങ്ങനെ നാം ‘നീതിയെ സ്നേഹിക്കാനും അധർമ്മത്തെ വെറുക്കാനും’ പഠിക്കുന്നു.—എബ്രായർ 1:9; സങ്കീർത്തനം 45:7; 97:10.
14. ലോകത്തെ സംബന്ധിച്ചും അതിലെ വ്യക്തികളെ സംബന്ധിച്ചുമുള്ള യഹോവയുടെ ഉദ്ദേശ്യങ്ങൾ എന്താണ്?
14 ഈ പ്രേരണ ദൈവോദ്ദേശ്യങ്ങൾ സംബന്ധിച്ച സൂക്ഷ്മപരിജ്ഞാനത്താൽ പിന്നെയും ബലിഷ്ഠമാക്കപ്പെടുന്നു. അങ്ങനെയുള്ള പരിജ്ഞാനം ‘നമ്മുടെ മനസ്സുകളെ പ്രവർത്തിപ്പിക്കുന്ന’ ശക്തിക്കുതന്നെ മാററംവരുത്താൻ സഹായിക്കുന്നു, അത് നമ്മുടെ ചിന്തകളെയും പ്രവൃത്തികളെയും പ്രചോദിപ്പിക്കുന്ന ആത്മാവാണ്. (എഫേസ്യർ 4:23, 24) നാം ബൈബിൾ പഠിക്കുമ്പോൾ, യഹോവ എന്നേക്കും ദുഷ്ടതയെ പൊറുക്കുകയില്ലെന്നു നാം മനസ്സിലാക്കുന്നു. പെട്ടെന്നുതന്നെ അവൻ നീതികെട്ട ഈ ലോകത്തെ നശിപ്പിക്കുകയും ‘നീതി വസിക്കുന്ന പുതിയ ആകാശങ്ങളും പുതിയ ഭൂമിയും’ ആനയിക്കുകയുംചെയ്യും. (2 പത്രോസ് 3:8-10, 13) ഈ പുതിയ ലോകത്തിൽ ആരായിരിക്കും ജീവിക്കുക? “നേരുള്ളവരായിരിക്കും ഭൂമിയിൽ വസിക്കുന്നത്, നിഷ്ക്കളങ്കൻമാരായിരിക്കും അതിൽ ശേഷിച്ചിരിക്കുന്നത്; ദുഷ്ടൻമാരെ സംബന്ധിച്ചാണെങ്കിൽ അവർ ഭൂമിയിൽനിന്നുതന്നെ ഛേദിക്കപ്പെടും, വഞ്ചകൻമാരെ സംബന്ധിച്ചാണെങ്കിൽ അവർ അതിൽനിന്ന് പറിച്ചുമാററപ്പെടും.”—സദൃശവാക്യങ്ങൾ 2:21, 22.
15. യഹോവയുടെ ഉദ്ദേശ്യങ്ങളെസംബന്ധിച്ച് ബൈബിൾ പറയുന്നതു നാം യഥാർത്ഥമായി വിശ്വസിക്കുന്നുവെങ്കിൽ, അത് വ്യക്തികളെന്ന നിലയിൽ നമ്മെ എങ്ങനെ ബാധിക്കും?
15 നാം ഈ വാഗ്ദത്തം യഥാർത്ഥമായി വിശ്വസിക്കുന്നുവെങ്കിൽ, നമ്മുടെ മുഴുചിന്താരീതിയും ബാധിക്കപ്പെടും. അപ്പോസ്തലനായ പത്രോസ് ദുഷ്ടതയുടെ നാശത്തെക്കുറിച്ചു പ്രവചിച്ചശേഷം ഇങ്ങനെ പറയുന്നു: “ഇവയെല്ലാം ഇങ്ങനെ വിലയിക്കപ്പെടാനിരിക്കുന്നതിനാൽ, യഹോവയുടെ ദിവസത്തിനുവേണ്ടി കാത്തിരുന്നും അതിനെ മനസ്സിൽ അടുപ്പിച്ചുനിർത്തിയുംകൊണ്ട് നിങ്ങൾ നടത്തയുടെ വിശുദ്ധപ്രവർത്തനങ്ങളിലും ദൈവികഭക്തിപ്രവൃത്തികളിലും എങ്ങനെയുള്ള ആളുകളായിരിക്കേണ്ടതാണ്.” (2 പത്രോസ് 3:11, 12) നമ്മുടെ വ്യക്തിത്വങ്ങൾ ദുഷ്ടൻമാർ നശിപ്പിക്കപ്പെടുമ്പോൾ ശേഷിക്കുന്ന നേരുള്ളവരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കാനുള്ള നമ്മുടെ ശക്തമായ ആഗ്രഹത്താൽ കരുപ്പിടിപ്പിക്കപ്പെടേണ്ടതാണ്.
16. പുതിയ ലോകത്തിൽ ഏതുതരം വ്യക്തിത്വങ്ങൾക്ക് സ്ഥാനമുണ്ടായിരിക്കയില്ല, ഈ അറിവു നമ്മെ എങ്ങനെ ബാധിക്കണം?
16 ഈ ലോകത്തിന്റെ അവസാനത്തിനുശേഷം “[ദൈവം]അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും” എന്ന് വെളിപ്പാടുപുസ്തകം നേരുള്ളവരോട് വാഗ്ദാനം ചെയ്യുന്നു. “മേലാൽ മരണം ഉണ്ടായിരിക്കുകയില്ല, വിലാപമോ നിലവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കയില്ല. മുൻകാര്യങ്ങൾ നീങ്ങിപ്പോയിരിക്കുന്നു.” പിന്നീട് “ഭീരുക്കൾ, വിശ്വാസമില്ലാത്തവർ, തങ്ങളുടെ മാലിന്യത്തിൽ അറെക്കത്തക്കവർ, കൊലപാതകികൾ, ദുർവൃത്തർ, ആത്മവിദ്യ ആചരിക്കുന്നവർ, വിഗ്രഹാരാധകർ, എന്നിവരും സകല ഭോഷ്ക്കാളികളും” തള്ളപ്പെടുമെന്ന് അത് മുന്നറിയിപ്പുനൽകുന്നു. (വെളിപ്പാട് 21:4, 8) ദൈവം പുതിയ ലോകത്തിൽ അനുവദിക്കാൻ വിസമ്മതിക്കുന്ന അനഭിലഷണീയ ഗുണങ്ങൾ ഒഴിവാക്കുന്നത് എത്ര ജ്ഞാനപൂർവകമാണ്!
പുറത്തുനിന്നുള്ള സഹായം
17. ഏതു തരം സഹായം തേടാൻ ബൈബിൾ നമ്മെ ബുദ്ധിയുപദേശിക്കുന്നു?
17 എന്നിരുന്നാലും മനുഷ്യർ ദുർബലരാണ്, അവർ മാററംവരുത്തണമെങ്കിൽ പരിജ്ഞാനത്തിനും പ്രേരണക്കും പുറമേ ചിലതുകൂടെ അവർക്കാവശ്യമാണ്. അവർക്ക് വ്യക്തിപരമായ സഹായം ആവശ്യമാണ്, ഈ സഹായം എവിടെ കണ്ടെത്താമെന്ന് ബൈബിൾ നമുക്കു കാണിച്ചുതരുന്നു. ദൃഷ്ടാന്തത്തിന്, അതു പറയുന്നു: “ജ്ഞാനികളോടുകൂടെ നടക്കുന്നവൻ ജ്ഞാനിയായിത്തീരും, എന്നാൽ മൂഢൻമാരോട് ഇടപാടുകളുള്ളവൻ ചീത്തയാകും.” (സദൃശവാക്യങ്ങൾ 13:20) അതുപോലെതന്നെ, നാം നട്ടുവളർത്താൻ ആഗ്രഹിക്കുന്ന ഗുണങ്ങൾ പ്രകടമാക്കുന്നവരോട് നാം സഹവസിക്കുന്നുവെങ്കിൽ അവരെപ്പോലെയാകാൻ നാം അതിയായി സഹായിക്കപ്പെടും.—ഉല്പത്തി 6:9; സദൃശവാക്യങ്ങൾ 2:20; 1 കൊരിന്ത്യർ 15:33.
18, 19. നമ്മുടെ മനസ്സുകളെയും ഹൃദയങ്ങളെയും ദൈവാത്മാവിനു വിധേയമാക്കാൻ നാം എന്തു ചെയ്യേണ്ടതുണ്ട്?
18 കൂടാതെ, യഹോവതന്നെ പരിശുദ്ധാത്മാവിന്റെ രൂപത്തിൽ സഹായം പ്രദാനംചെയ്യുന്നു—മുൻകാലങ്ങളിൽ അത്ഭുതങ്ങൾചെയ്യാൻ അവൻ ഉപയോഗിച്ച അതേ ആത്മാവിനെ തന്നെ. തീർച്ചയായും, അത്യന്തം അഭിലഷണീയമായ ഗുണങ്ങളായ “സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, നൻമ, വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം” എന്നിവ “ആത്മാവിന്റെ ഫലങ്ങൾ” എന്നു വിളിക്കപ്പെട്ടിരിക്കുന്നു. (ഗലാത്യർ 5:22, 23) നാം പരിശുദ്ധാത്മാവിന്റെ സഹായം നേടുന്നതെങ്ങനെയാണ്? ബൈബിൾ പരിശുദ്ധാത്മാവിനാൽ നിശ്വസ്തമാക്കപ്പെട്ടതായതുകൊണ്ട് നാം അതു വായിക്കുകയോ അതിനെക്കുറിച്ചു മററുള്ളവരോടു സംസാരിക്കുകയോ ചെയ്യുമ്പോൾ, നാം ആ ആത്മാവിന്റെ പ്രേരണാത്മകശക്തിക്ക് നമ്മുടെ ഹൃദയത്തെയും മനസ്സിനെയും വിധേയമാക്കുകയാണ്. (2 തിമൊഥെയോസ് 3:16) തീർച്ചയായും, നാം നമ്മുടെ പ്രത്യാശയെക്കുറിച്ച് മററുള്ളവരോടു സംസാരിക്കുമ്പോൾ നമുക്ക് ആ ആത്മാവിന്റെ നേരിട്ടുള്ള പ്രവർത്തനം അനുഭവപ്പെടുമെന്ന് യേശു വാഗ്ദാനംചെയ്തു.—മത്തായി 10:18-20.
19 അതിനും പുറമേ, “പ്രാർത്ഥനയിൽ ഉററിരിക്കുക” എന്ന് ബൈബിൾ കല്പ്പിക്കുന്നു. (റോമർ 12:12) പ്രാർത്ഥനയിൽ നാം യഹോവയാം ദൈവത്തെ സംബോധനചെയ്യുകയും അവനെ സ്തുതിക്കുകയും അവനു നന്ദികൊടുക്കുകയും അവന്റെ സഹായത്തിനായി അപേക്ഷിക്കുകയും ചെയ്യുന്നു. കോപപ്രകൃതിയോ ശാഠ്യമോ അക്ഷമയോ അഹങ്കാരമോ പോലെയുള്ള അനഭിലഷണീയസ്വഭാവങ്ങളെ തരണംചെയ്യാനുള്ള സഹായത്തിനുവേണ്ടി നാം അപേക്ഷിക്കുന്നുവെങ്കിൽ ആ പ്രാർത്ഥനക്കനുയോജ്യമായി നാം ചെയ്യുന്ന ഏതു ശ്രമങ്ങളെയും ദൈവം പിന്താങ്ങും.—യോഹന്നാൻ 14:13, 14; യാക്കോബ് 1:5; 1 യോഹന്നാൻ 5:14.
20. പുതിയ വ്യക്തിത്വം ധരിക്കുന്നതിന് ക്രിസ്ത്യാനികൾ ശ്രമിച്ചുകൊണ്ടിരിക്കേണ്ടതെന്തുകൊണ്ട്?
20 “നിങ്ങളുടെ മനസ്സു പുതുക്കി രൂപാന്തരപ്പെടുക” എന്ന് പൗലോസ് എഴുതിയപ്പോൾ അവൻ സ്നാപനമേററ അഭിഷിക്തക്രിസ്ത്യാനികളുടെ ഒരു സഭക്കാണ് എഴുതിയത്. (റോമർ 1:7; 12:2) മൂലഗ്രീക്കിൽ അവൻ തുടർച്ചയായ പ്രവർത്തനത്തെ സൂചിപ്പിക്കുന്ന ഒരു ക്രിയാരൂപമാണ് ഉപയോഗിച്ചത്. ബൈബിളിൽനിന്നുള്ള സൂക്ഷ്മപരിജ്ഞാനത്താൽ നമ്മിൽ വരുന്ന രൂപാന്തരം തുടർച്ചയായുള്ളതാണെന്ന് ഇതു സൂചിപ്പിക്കുന്നു. പൗലോസിന്റെ നാളിലെ ക്രിസ്ത്യാനികളെപ്പേലെ, ഇന്നു നാമും ദുഷിപ്പിക്കുന്ന സ്വാധീനങ്ങൾ നിറഞ്ഞ ഒരു ലോകത്താൽ ചുററപ്പെട്ടിരിക്കുന്നു. നാം അവരെപ്പോലെ അപൂർണ്ണരും തെററിലേക്കുള്ള ചായ്വുള്ളവരുമാണ്. (ഉല്പത്തി 8:21) അതുകൊണ്ട്, അവരെപ്പോലെ പഴയ സ്വാർത്ഥവ്യക്തിത്വത്തെ തരണംചെയ്യാനും പുതിയ വ്യക്തിത്വം ധരിക്കാനും നാം ശ്രമിച്ചുകൊണ്ടിരിക്കണം. ആദിമക്രിസ്ത്യാനികൾ തങ്ങൾക്കു ചുററുമുള്ള ലോകത്തിൽനിന്ന് തികച്ചും വ്യത്യസ്തരായി മുന്തിനിൽക്കത്തക്ക അളവോളം വിജയിക്കുകയുണ്ടായി. ഇന്നത്തെ ക്രിസ്ത്യാനികളും അതുതന്നെ ചെയ്യുന്നു.
“യഹോവയാൽ പഠിപ്പിക്കപ്പെടുന്ന” ഒരു ജനം
21. ഈ അന്ത്യനാളുകളിൽ ദൈവജനത്തിൻമേൽ നിവൃത്തിയായിക്കൊണ്ടിരിക്കുന്ന പ്രവചനങ്ങളിൽ ചിലതേവ?
21 തീർച്ചയായും ദൈവത്തിന്റെ ആത്മാവ് ഇന്ന് വ്യക്തികളുടെമേൽമാത്രമല്ല, ക്രിസ്ത്യാനികളുടെ ഒരു മുഴു സ്ഥാപനത്തിൻമേലും പ്രവർത്തിക്കുന്നു, അവരുടെ എണ്ണം ദശലക്ഷക്കണക്കിനാണ്. യെശയ്യാവിന്റെ ഈ പ്രാവചനികവചനങ്ങൾ ഈ സ്ഥാപനത്തിൻമേൽ നിവൃത്തിയേറുന്നു: “അനേകം ജനങ്ങൾ തീർച്ചയായും പോയി ‘ജനങ്ങളേ വരുവിൻ, നമുക്ക് യഹോവയുടെ പർവതത്തിലേക്ക്, യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്ക് കയറിപ്പോകാം; അവൻ തന്റെ വഴികളെക്കുറിച്ചു നമ്മെ പഠിപ്പിക്കും, നാം അവന്റെ പാതകളിൽ നടക്കുകയുംചെയ്യും’ എന്നു പറയും.” (യെശയ്യാവ് 2:3) കൂടുതലായുള്ള യെശയ്യാവിന്റെ പ്രവചനവും അവരുടെ കാര്യത്തിൽ നിവൃത്തിയായിരിക്കുന്നു: “നിന്റെ പുത്രൻമാരെല്ലാം യഹോവയാൽ പഠിപ്പിക്കപ്പെട്ട ആളുകളായിരിക്കും, നിന്റെ പുത്രൻമാരുടെ സമാധാനം സമൃദ്ധമായിരിക്കും.” (യെശയ്യാവ് 54:13) യഹോവയാൽ പഠിപ്പിക്കപ്പെടുന്നതുനിമിത്തം സമാധാനം ആസ്വദിക്കുന്ന ഇവർ ആരാണ്?
22. (എ) ഇന്ന് ആരാണ് യഹോവയാൽ പഠിപ്പിക്കപ്പെടുന്നത്? (ബി) യഹോവയുടെ സാക്ഷികൾ വ്യത്യസ്തരാണെന്ന് പുറത്തുള്ളവർ തിരിച്ചറിയുന്നുണ്ടെന്ന് പ്രകടമാക്കുന്ന ദൃഷ്ടാന്തങ്ങൾ നൽകുക.
22 ശരി, ഒരു വടക്കേ അമേരിക്കൻ പത്രമായ ന്യൂ ഹേവൻ രജിസറററിന് എഴുതപ്പെട്ട ഒരു എഴുത്തിന്റെ ഈ ഭാഗം ശ്രദ്ധിക്കുക: “അവരുടെ മതപരിവർത്തിപ്പിക്കലിനാൽ എന്നെപ്പോലെ നിങ്ങൾ പ്രകോപിതരാകുകയോ കുപിതരാകുകയോ ചെയ്താലും അവരുടെ അർപ്പണബോധത്തെയും അവരുടെ ഔചിത്യത്തെയും മാനുഷപെരുമാററവും ആരോഗ്യാവഹമായ ജീവിതവും സംബന്ധിച്ച അവരുടെ മുന്തിയ ദൃഷ്ടാന്തത്തെയും നിങ്ങൾ ആദരിക്കേണ്ടിയിരിക്കുന്നു.” എഴുത്തുകാരൻ ആരെക്കുറിച്ചാണ് പ്രസ്താവിച്ചത്? ആർജൻറീനാ, ബ്യൂനോസ് അയേഴ്സിലെ ഹെറൾഡ ചർച്ചചെയ്ത അതേ കൂട്ടത്തെക്കുറിച്ച്. അതിങ്ങനെ പറഞ്ഞു: “യഹോവയുടെ സാക്ഷികൾ കഠിനാദ്ധ്വാനികളും ഗൗരവമുള്ളവരും മിതവ്യയംചെയ്യുന്നവരും ദൈവഭയമുള്ളവരുമായ പൗരൻമാരാണെന്ന് വർഷങ്ങളിലുടനീളം തെളിയിച്ചിരിക്കുന്നു.” അതുപോലെതന്നെ, ഇററാലിയൻ പത്രം ലാ സററാമ്പാ ഇങ്ങനെ പറയുകയുണ്ടായി: “അവർ നികുതിവെട്ടിപ്പു നടത്തുകയോ സ്വന്ത ലാഭത്തിനുവേണ്ടി അസൗകര്യപ്രദമായ നിയമങ്ങളെ ഒഴിഞ്ഞുമാറുകയോ ചെയ്യുന്നില്ല. അയൽസ്നേഹത്തിന്റെ ധാർമ്മികാദർശങ്ങളും അധികാരത്തിന്റെ നിരസനവും അക്രമരാഹിത്യവും വ്യക്തിപരമായ സത്യസന്ധതയും . . . അവരുടെ ‘ദൈനംദിന’ ജീവിതരീതിയിൽ ഉൾപ്പെട്ടിരിക്കുന്നു.”
23. ഒരു സ്ഥാപനമെന്ന നിലയിൽ യഹോവയുടെ സാക്ഷികൾ വ്യത്യസ്തരായി മുന്തിനിൽക്കുന്നതെന്തുകൊണ്ട്?
23 യഹോവയുടെ സാക്ഷികൾ ഒരു കൂട്ടമെന്ന നിലയിൽ ആദിമക്രിസ്ത്യാനികളെപ്പോലെ വ്യത്യസ്തരായി മുന്തിനിൽക്കുന്നതെന്തുകൊണ്ട്? പല കാര്യങ്ങളിലും അവർ മറെറല്ലാവരെയും പോലെയാണ്. അവർ സമാനമായ മാനുഷ ദൗർബല്യങ്ങളോടെയാണ് ജനിച്ചിരിക്കുന്നത്. അവർക്ക് ഒരേ സാമ്പത്തികപ്രശ്നങ്ങളും അടിസ്ഥാനാവശ്യങ്ങളുമുണ്ട്. എന്നിരുന്നാലും, ഒരു ലോകവ്യാപക സഭയെന്ന നിലയിൽ അവർ തങ്ങളുടെ ജീവിതത്തിൽ ശക്തിപ്രയോഗിക്കാൻ ദൈവവചനത്തെ അനുവദിക്കുന്നു. തൽഫലമായുള്ള യഥാർത്ഥക്രിസ്ത്യാനികളുടെ സാർവദേശീയ സാഹോദര്യം ബൈബിൾ നിശ്വസ്ത ദൈവവചനമാണെന്നുള്ളതിന്റെ ശക്തമായ തെളിവാണ്.—സങ്കീർത്തനം 133:1.
ബൈബിൾ നിശ്വസ്തമാണ്
24. ഇനിയും അനേകർക്കുവേണ്ടി നമ്മുടെ പ്രാർത്ഥന എന്താണ്?
24 ഈ രണ്ടു ലേഖനങ്ങളിൽ ബൈബിൾ മനുഷ്യന്റേതല്ല, ദൈവത്തിന്റെ വചനമാണ് എന്നു പ്രകടമാക്കുന്ന തെളിവിന്റെ രണ്ടു വാദഗതികൾമാത്രമാണ് ചർച്ചചെയ്തത്. ബൈബിളിലെ സമാന്തരത്വമില്ലാത്ത ജ്ഞാനത്തെയോ ആളുകൾക്ക് മാററംവരുത്താനുള്ള അതിന്റെ ശക്തിയെയോ കുറിച്ചു പരിചിന്തിച്ചാലും—അല്ലെങ്കിൽ അതിനെ അദ്വിതീയമാക്കുന്ന മററനേകം കാര്യങ്ങളെക്കുറിച്ചു പരിചിന്തിച്ചാലും—ആത്മാർത്ഥതയുള്ളവർക്ക് അത് ദൈവനിശ്വസ്തമാണെന്ന് തിരിച്ചറിയാതിരിക്കാൻ അശേഷം സാദ്ധ്യമല്ല. ക്രിസ്ത്യാനികളെന്ന നിലയിൽ അനേകർകൂടെ ഈ സത്യം തിരിച്ചറിയാനിടയാകട്ടെയെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. അപ്പോൾ അവരും സങ്കീർത്തനക്കാരന്റെ സന്തോഷകരമായ വാക്കുകൾ പ്രതിദ്ധ്വനിപ്പിക്കും: “ഞാൻ നിന്റെ സ്വന്തം ആജ്ഞകളെ സ്നേഹിച്ചിരിക്കുന്നുവെന്ന് കാണേണമേ. യഹോവേ, നിന്റെ സ്നേഹദയക്കൊത്തവണ്ണം എന്നെ ജീവനോടെ കാത്തുസൂക്ഷിക്കേണമേ. നിന്റെ വചനത്തിന്റെ സാരം സത്യമാകുന്നു. നിന്റെ നീതിയുള്ള ഓരോ ന്യായത്തീർപ്പും അനിശ്ചിതകാലത്തേക്കാണ്.”—സങ്കീർത്തനം 119:159, 160. (w90 4⁄1)
നിങ്ങൾ ഓർക്കുന്നുണ്ടോ?
◻ സത്യക്രിസ്ത്യാനികളുടെമേൽ ബൈബിളിന് എന്തു ഫലമുണ്ട്?
◻ സൂക്ഷ്മപരിജ്ഞാനം നമ്മെ രൂപാന്തരപ്പെടുത്തുന്നതിന് എങ്ങനെ സഹായിക്കുന്നു?
◻ സദ്ഗുണങ്ങൾ നട്ടുവളർത്താനും ദുർഗ്ഗുണങ്ങൾ തരണംചെയ്യാനും നമ്മെ പ്രേരിപ്പിക്കുന്നതിന് ബൈബിൾ എങ്ങനെ സഹായിക്കുന്നു?
◻ ദൈവികഗുണങ്ങൾ വളർത്തുന്നതിന് ഏതു സഹായം ലഭ്യമാണ്?
◻ ബൈബിൾ നിശ്വസ്തമാണെന്നുള്ളതിന് യഹോവയുടെ ജനത്തിന്റെ ഇടയിൽ എന്തു തെളിവു കാണപ്പെടുന്നു?
[25-ാം പേജിലെ ചിത്രം]
ശലോമോന്റെ വാർദ്ധക്യത്തിലെ അവിശ്വസ്തതയുടെ ദുഷ്ഫലങ്ങൾ നീതിയെ സ്നേഹിക്കുന്നതിനും അധർമ്മത്തെ വെറുക്കുന്നതിനും നമ്മെ പ്രേരിപ്പിക്കേണ്ടതാണ്
[27-ാം പേജിലെ ചിത്രം]
നാം യഹോവയോട് സഹായം ചോദിക്കുന്നുവെങ്കിൽ ദുഃസ്വഭാവങ്ങളെ തരണംചെയ്യാൻ ചെയ്യുന്ന ഏതു ശ്രമങ്ങളെയും അവൻ പ്രബലിതമാക്കും