പഠനലേഖനം 34
യഹോവയുടെ സഭയിൽ നിങ്ങൾക്ക് ഒരു സ്ഥാനമുണ്ട്!
“ശരീരം ഒന്നാണെങ്കിലും അതിനു പല അവയവങ്ങളുണ്ട്. അവയവങ്ങൾ പലതുണ്ടെങ്കിലും അവയെല്ലാം ചേർന്ന് ഒരൊറ്റ ശരീരമായിരിക്കുന്നതുപോലെയാണു ക്രിസ്തുവും.”—1 കൊരി. 12:12.
ഗീതം 101 ഐക്യത്തിൽ പ്രവർത്തിക്കാം
പൂർവാവലോകനംa
1. നമ്മൾ എല്ലാവരും ഏതു പദവി ആസ്വദിക്കുന്നു?
നമുക്ക് യഹോവയുടെ സഭയുടെ ഭാഗമായിരിക്കാൻ കഴിയുന്നത് എത്ര വലിയൊരു പദവിയാണ്! സമാധാനവും സന്തോഷവും ഉള്ള ആളുകൾ നിറഞ്ഞ ഒരു ആത്മീയപറുദീസയിലാണു നമ്മൾ ആയിരിക്കുന്നത്. ആ സഭയിൽ നിങ്ങളുടെ സ്ഥാനം എന്താണ്?
2. ദൈവപ്രചോദിതമായി പൗലോസ് അപ്പോസ്തലൻ എഴുതിയ പല കത്തുകളിലും കാണുന്ന ഒരു ദൃഷ്ടാന്തം ഏതാണ്?
2 പൗലോസ് അപ്പോസ്തലൻ ഉപയോഗിച്ച ഒരു ദൃഷ്ടാന്തത്തിൽനിന്ന് ഈ വിഷയം സംബന്ധിച്ച് നമുക്കു പല കാര്യങ്ങളും പഠിക്കാൻ കഴിയും. ദൈവപ്രചോദിതമായി അദ്ദേഹം എഴുതിയ പല കത്തുകളിലും അതു കാണാം. ആ ഓരോ കത്തിലും അദ്ദേഹം സഭയെ മനുഷ്യശരീരത്തോട് ഉപമിച്ചു. സഭയിലെ ഓരോ വ്യക്തിയെയും ശരീരത്തിലെ അവയവങ്ങളോടും അദ്ദേഹം താരതമ്യപ്പെടുത്തി.—റോമ. 12:4-8; 1 കൊരി. 12:12-27; എഫെ. 4:16.
3. ഈ ലേഖനത്തിൽ നമ്മൾ ഏതു മൂന്നു കാര്യങ്ങൾ പരിശോധിക്കും?
3 പൗലോസിന്റെ ആ ദൃഷ്ടാന്തത്തിൽനിന്നും നമുക്കു പഠിക്കാൻ കഴിയുന്ന മൂന്നു പാഠങ്ങൾ ഈ ലേഖനത്തിൽ നമ്മൾ പരിശോധിക്കും. ഒന്ന്, യഹോവയുടെ സഭയിൽ നമുക്ക് ഓരോരുത്തർക്കും ഒരു സ്ഥാനമുണ്ട്.b രണ്ട്, സഭയിൽ നമ്മുടെ സ്ഥാനം എന്താണെന്നു മനസ്സിലാക്കാൻ ബുദ്ധിമുട്ടു തോന്നുന്നെങ്കിൽ നമ്മൾ എന്തു ചെയ്യണം? മൂന്ന്, ദൈവത്തിന്റെ സഭയിൽ നമ്മുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ എപ്പോഴും തിരക്കുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്?
യഹോവയുടെ സഭയിൽ നമുക്ക് ഓരോരുത്തർക്കും ഒരു സ്ഥാനമുണ്ട്
4. റോമർ 12:4, 5 നമ്മളെ എന്താണു പഠിപ്പിക്കുന്നത്?
4 പൗലോസിന്റെ ദൃഷ്ടാന്തത്തിൽനിന്നും നമ്മൾ പഠിക്കുന്ന ആദ്യത്തെ പാഠം, യഹോവയുടെ കുടുംബത്തിൽ നമുക്ക് ഓരോരുത്തർക്കും ഒരു പ്രധാനപ്പെട്ട സ്ഥാനമുണ്ട് എന്നതാണ്. ആ ദൃഷ്ടാന്തം പൗലോസ് ആരംഭിക്കുന്നത് ഇങ്ങനെ പറഞ്ഞുകൊണ്ടാണ്: “ശരീരത്തിൽ നമുക്കു പല അവയവങ്ങളുണ്ടല്ലോ. എന്നാൽ ഈ അവയവങ്ങൾക്കെല്ലാം ഒരേ ധർമമല്ല ഉള്ളത്. അതുപോലെതന്നെ, നമ്മൾ പലരാണെങ്കിലും ക്രിസ്തുവിനോടുള്ള യോജിപ്പിൽ ഒരൊറ്റ ശരീരമാണ്. എന്നാൽ വ്യക്തികളെന്ന നിലയിൽ നമ്മൾ, പരസ്പരം ആശ്രയിക്കുന്ന അവയവങ്ങളാണ്.” (റോമ. 12:4, 5) പൗലോസ് എന്താണ് അർഥമാക്കിയത്? സഭയിൽ ഓരോ വ്യക്തിക്കുമുള്ള പങ്ക് വ്യത്യസ്തമാണെങ്കിലും അവർ ഓരോരുത്തരും വിലയേറിയവരാണ് എന്നാണു പൗലോസ് ഉദ്ദേശിച്ചത്.
5. യഹോവ സഭയ്ക്കു നൽകിയ ‘സമ്മാനങ്ങൾ’ എന്താണ്?
5 നമുക്ക് എല്ലാവർക്കും സഭയിൽ ഒരു സ്ഥാനമുണ്ട്. നമുക്ക് ആദ്യം നേതൃത്വമെടുക്കുന്നവരുടെ കാര്യം ചിന്തിക്കാം. (1 തെസ്സ. 5:12; എബ്രാ. 13:17) ക്രിസ്തുവിലൂടെ യഹോവ തന്റെ സഭയ്ക്കു “മനുഷ്യരെ സമ്മാനങ്ങളായി തന്നു” എന്നു ബൈബിൾ പറയുന്നു. (എഫെ. 4:8) അതിൽ ഭരണസംഘാംഗങ്ങൾ, ഭരണസംഘാംഗങ്ങളുടെ സഹായികൾ, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ, സർക്കിട്ട് മേൽവിചാരകന്മാർ, ബൈബിൾസ്കൂൾ അധ്യാപകർ, സഭാമൂപ്പന്മാർ, ശുശ്രൂഷാദാസന്മാർ എന്നിവർ ഉൾപ്പെടുന്നു. ഈ സഹോദരന്മാർ എല്ലാവരും പരിശുദ്ധാത്മാവിനാൽ നിയമിക്കപ്പെടുന്നത് യഹോവയുടെ വിലയേറിയ ആടുകളെ പരിപാലിക്കാനും സഭയെ ശക്തിപ്പെടുത്താനും ആണ്.—1 പത്രോ. 5:2, 3.
6. 1 തെസ്സലോനിക്യർ 2:6-8 അനുസരിച്ച്, പരിശുദ്ധാത്മാവിനാൽ നിയമിതരായ സഹോദരന്മാർ എന്തു ചെയ്യാനാണു പരിശ്രമിക്കുന്നത്?
6 പലപല ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനാണു സഹോദരന്മാർ പരിശുദ്ധാത്മാവിനാൽ നിയമിക്കപ്പെടുന്നത്. ശരീരത്തിലെ വ്യത്യസ്ത അവയവങ്ങൾ, ഉദാഹരണത്തിന് കൈകളും കാലുകളും, മുഴുശരീരത്തിന്റെയും പ്രയോജനത്തിനുവേണ്ടിയാണു പ്രവർത്തിക്കുന്നത്. അതുപോലെ, പരിശുദ്ധാത്മാവിനാൽ നിയമിക്കപ്പെടുന്ന സഹോദരന്മാർ സഭയുടെ മുഴുവൻ പ്രയോജനത്തിനുവേണ്ടി കഠിനാധ്വാനം ചെയ്യുന്നു. അത്, അവർക്കുതന്നെ പേരെടുക്കാൻവേണ്ടിയല്ല. പകരം, സഹോദരീസഹോദരന്മാരെ ബലപ്പെടുത്താനാണ് അവർ പരിശ്രമിക്കുന്നത്. (1 തെസ്സലോനിക്യർ 2:6-8 വായിക്കുക.) തങ്ങളുടെ ആവശ്യങ്ങളെക്കാൾ മറ്റുള്ളവരുടെ ആവശ്യങ്ങൾക്കു പ്രാധാന്യം കൊടുക്കുന്ന, ആത്മീയമനസ്കരായ ഈ പുരുഷന്മാരെപ്രതി നമ്മൾ യഹോവയ്ക്കു നന്ദി കൊടുക്കുന്നു!
7. മുഴുസമയ സുവിശേഷകർ എന്തെല്ലാം അനുഗ്രഹങ്ങൾ ആസ്വദിക്കുന്നു?
7 സഭയിലെ ചില സഹോദരങ്ങൾക്കു മിഷനറിമാരായോ പ്രത്യേക മുൻനിരസേവകരായോ, സാധാരണ മുൻനിരസേവകരായോ ഒക്കെ നിയമനം ലഭിച്ചേക്കാം. സത്യത്തിൽ, ലോകമെമ്പാടുമുള്ള അനവധി സഹോദരീസഹോദരന്മാർ പ്രസംഗ-ശിഷ്യരാക്കൽ വേലയ്ക്കുവേണ്ടി തങ്ങളുടെ ജീവിതം മാറ്റിവെച്ചിരിക്കുന്നു. അവർക്ക് അങ്ങനെ യേശുവിന്റെ ശിഷ്യന്മാരാകാൻ അനേകരെ സഹായിക്കാൻ കഴിഞ്ഞിട്ടുണ്ട്. മുഴുസമയം യഹോവയെ സേവിക്കുന്ന മിക്കവർക്കും പണമോ മറ്റു വസ്തുവകകളോ ഒന്നും അധികമില്ലെങ്കിലും യഹോവ അവരെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു. (മർക്കോ. 10:29, 30) ഈ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരെ നമ്മൾ വിലമതിക്കുന്നു, അവർ സഭയുടെ ഭാഗമായിരിക്കുന്നതിൽ നമ്മൾ സന്തോഷമുള്ളവരാണ്.
8. സന്തോഷവാർത്ത അറിയിക്കുന്ന ഓരോ പ്രചാരകനും യഹോവയ്ക്കു വിലപ്പെട്ടവനായിരിക്കുന്നത് എന്തുകൊണ്ട്?
8 അതിന്റെ അർഥം, ഉത്തരവാദിത്വങ്ങളുള്ള സഹോദരന്മാർക്കും മുഴുസമയ ശുശ്രൂഷകർക്കും മാത്രമേ സഭയിൽ ഒരു സ്ഥാനമുള്ളൂ എന്നാണോ? അങ്ങനെയല്ല! സന്തോഷവാർത്ത അറിയിക്കുന്ന ഓരോ പ്രചാരകനും യഹോവയ്ക്കും സഭയ്ക്കും വളരെ വിലപ്പെട്ടവനാണ്. (റോമ. 10:15; 1 കൊരി. 3:6-9) ശരിക്കും പറഞ്ഞാൽ സഭയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ധർമം, ആളുകളെ ക്രിസ്തുയേശുവിന്റെ ശിഷ്യരാക്കുക എന്നതാണ്. (മത്താ. 28:19, 20; 1 തിമൊ. 2:4) സഭയുടെ ഭാഗമായ എല്ലാവരും, സ്നാനമേറ്റ പ്രചാരകരും സ്നാനമേൽക്കാത്ത പ്രചാരകരും, തങ്ങളുടെ ജീവിതത്തിൽ ശുശ്രൂഷയ്ക്കു മറ്റ് എന്തിനെക്കാളും പ്രാധാന്യം കൊടുക്കാൻ ശ്രമിക്കുന്നു.—മത്താ. 24:14.
9. നമ്മുടെ സഭകളിലെ സഹോദരിമാരെ നമ്മൾ വിലയുള്ളവരായി കാണുന്നത് എന്തുകൊണ്ട്?
9 യഹോവ സഹോദരിമാർക്കും സഭയിൽ ആദരണീയമായ ഒരു സ്ഥാനം കൊടുത്തിരിക്കുന്നു. ഇതിൽ ഭാര്യമാരും അമ്മമാരും വിധവമാരും ഏകാകികളും ഒക്കെ ഉൾപ്പെടുന്നു. അവരുടെയെല്ലാം വിശ്വസ്തസേവനത്തെ യഹോവ വളരെ വിലമതിക്കുന്നു. ദൈവത്തെ പ്രസാദിപ്പിച്ച നിരവധി സ്ത്രീകളെക്കുറിച്ച് ബൈബിളിൽ കൂടെക്കൂടെ എടുത്തുപറഞ്ഞിട്ടുണ്ട്. വിവേകം, വിശ്വാസം, തീക്ഷ്ണത, ധൈര്യം, ഉദാരത എന്നീ ഗുണങ്ങളുടെയും നന്മപ്രവൃത്തികളുടെയും ഉത്തമ ഉദാഹരണങ്ങളായി അവരെ വിശേഷിപ്പിച്ചിരിക്കുന്നു. (ലൂക്കോ. 8:2, 3; പ്രവൃ. 16:14, 15; റോമ. 16:3, 6; ഫിലി. 4:3; എബ്രാ. 11:11, 31, 35) ഇതുപോലെ മനോഹരമായ ഗുണങ്ങളുള്ള അനേകം സഹോദരിമാർ നമ്മുടെ സഭകളിലുള്ളതിൽ നമ്മൾ യഹോവയോട് എത്ര നന്ദിയുള്ളവരാണ്!
10. നമ്മുടെ സഭകളിലെ പ്രായമുള്ളവരെ നമ്മൾ വിലമതിക്കുന്നത് എന്തുകൊണ്ട്?
10 സഭയിൽ പ്രായമുള്ള പല സഹോദരങ്ങളുള്ളതും നമുക്ക് ഒരു അനുഗ്രഹമാണ്. ജീവിതകാലം മുഴുവൻ യഹോവയെ വിശ്വസ്തമായി സേവിച്ച, പ്രായമുള്ള സഹോദരന്മാരും സഹോദരിമാരും മിക്ക സഭകളിലുമുണ്ട്. പ്രായമുള്ള മറ്റു ചിലർ, അടുത്തിടെയായിരിക്കാം സത്യം പഠിച്ചത്. ഇവരെല്ലാം പ്രായത്തോടു ബന്ധപ്പെട്ട പല ആരോഗ്യപ്രശ്നങ്ങളും അനുഭവിക്കുന്നുണ്ടാകാം. അതുകൊണ്ട് സഭാപ്രവർത്തനങ്ങളിലും ശിഷ്യരാക്കൽവേലയിലും അവർക്കു ചെയ്യാൻ കഴിയുന്നതിനു പരിമിതികൾ കാണും. എങ്കിലും പ്രായമുളള ഈ സഹോദരങ്ങൾ വയൽശുശ്രൂഷയിൽ തങ്ങൾക്കു ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുന്നു. അതുപോലെ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും അവർ തങ്ങളുടെ ഊർജം പരമാവധി ഉപയോഗിക്കുന്നു. അങ്ങനെ, അവരുടെ അനുഭവസമ്പത്തിൽനിന്ന് നമുക്കു പ്രയോജനം കിട്ടുന്നു. നമ്മുടെ കണ്ണിൽ മാത്രമല്ല, യഹോവയുടെ കണ്ണിലും അവർ സൗന്ദര്യമുള്ളവരാണ്.—സുഭാ. 16:31.
11-12. നിങ്ങളുടെ സഭയിലെ ചെറുപ്പക്കാരിൽനിന്ന് നിങ്ങൾക്ക് എങ്ങനെയാണു പ്രോത്സാഹനം കിട്ടിയിട്ടുള്ളത്?
11 നമ്മുടെ ഇടയിലെ ചെറുപ്പക്കാരെക്കുറിച്ചും ചിന്തിക്കുക. പിശാചായ സാത്താൻ നിയന്ത്രിക്കുന്ന, അവന്റെ ദുഷിച്ച ആശയങ്ങൾ നിറഞ്ഞുനിൽക്കുന്ന ഈ ലോകത്തിൽ അവർക്കു പല വെല്ലുവിളികളെയും നേരിടേണ്ടിവരുന്നുണ്ട്. (1 യോഹ. 5:19) എന്നിട്ടും അവർ മീറ്റിങ്ങുകളിൽ ഉത്തരം പറയുന്നതും ശുശ്രൂഷയിൽ പങ്കെടുക്കുന്നതും വിശ്വാസങ്ങൾക്കുവേണ്ടി ധൈര്യത്തോടെ നിലകൊള്ളുന്നതും കാണുന്നതു നമുക്ക് ഒരു പ്രോത്സാഹനമല്ലേ? ചെറുപ്പക്കാരേ, യഹോവയുടെ സഭയിൽ നിങ്ങൾക്ക് ഒരു പ്രധാനപ്പെട്ട സ്ഥാനമുണ്ട്.—സങ്കീ. 8:2.
12 ഇങ്ങനെയൊക്കെയാണെങ്കിലും സഭയിൽ തങ്ങളെക്കൊണ്ട് പ്രയോജനമുണ്ടെന്നു വിശ്വസിക്കാൻ ചില സഹോദരങ്ങൾക്കു ബുദ്ധിമുട്ടു തോന്നാറുണ്ട്. സഭയിൽ ഓരോ വ്യക്തിക്കും ഒരു സ്ഥാനമുണ്ടെന്നു മനസ്സിലാക്കാൻ നമ്മളെ എന്തു സഹായിക്കും? നമുക്കു നോക്കാം.
സഭയിൽ നിങ്ങൾ വിലയുള്ളവരാണെന്നു തിരിച്ചറിയുക
13-14. സഭയിൽ തങ്ങളെക്കൊണ്ട് പ്രയോജനമില്ലെന്നു ചിലർക്കു തോന്നിയേക്കാവുന്നത് എന്തുകൊണ്ട്?
13 പൗലോസ് പറഞ്ഞ ദൃഷ്ടാന്തത്തിൽനിന്ന് നമുക്കു പഠിക്കാൻ കഴിയുന്ന രണ്ടാമത്തെ പാഠം നോക്കാം. ഇന്നു പലർക്കുമുള്ള ഒരു പ്രശ്നത്തിലേക്കു പൗലോസ് ശ്രദ്ധ ക്ഷണിക്കുന്നു. സഭയിൽ തങ്ങൾക്ക് ഒരു സ്ഥാനമുണ്ടെന്നു വിശ്വസിക്കാൻ അവർക്കു ബുദ്ധിമുട്ടാണ്. പൗലോസ് എഴുതി: “‘ഞാൻ കൈ അല്ലാത്തതുകൊണ്ട് ശരീരത്തിന്റെ ഭാഗമല്ല’ എന്നു കാൽ പറഞ്ഞാൽ അതു ശരീരത്തിന്റെ ഭാഗമല്ലെന്നു വരുമോ? ‘ഞാൻ കണ്ണ് അല്ലാത്തതുകൊണ്ട് ശരീരത്തിന്റെ ഭാഗമല്ല’ എന്നു ചെവി പറഞ്ഞാൽ അതു ശരീരത്തിന്റെ ഭാഗമല്ലെന്നു വരുമോ?” (1 കൊരി. 12:15, 16) ഇതിലൂടെ പൗലോസ് എന്താണു നമ്മളെ പഠിപ്പിക്കുന്നത്?
14 മറ്റുള്ളവരെ നിങ്ങളുമായി താരതമ്യം ചെയ്താൽ സഭയിൽ നിങ്ങൾക്ക് ഒരു വിലയുമില്ലെന്നു തോന്നിത്തുടങ്ങിയേക്കാം. സഭയിലെ ചിലർക്കു വിദഗ്ധമായി പഠിപ്പിക്കാനും കാര്യങ്ങൾ നന്നായി സംഘടിപ്പിക്കാനും മറ്റുള്ളവരെ ആശ്വസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ഒക്കെയുള്ള കഴിവുണ്ടായിരിക്കും. അവരുടെ അത്രയുമൊന്നും കഴിവ് നിങ്ങൾക്കില്ലെന്നു നിങ്ങൾക്കു തോന്നുന്നുണ്ടാകാം. താഴ്മയും എളിമയും ഉള്ളതുകൊണ്ടാണു നിങ്ങൾ അങ്ങനെ ചിന്തിക്കുന്നത്. (ഫിലി. 2:3) പക്ഷേ സൂക്ഷിച്ചില്ലെങ്കിൽ ഒരു കുഴപ്പമുണ്ട്. വലിയ കഴിവുകളുള്ളവരുമായി എപ്പോഴും നിങ്ങളെത്തന്നെ താരതമ്യം ചെയ്താൽ നിങ്ങൾക്കു നിരാശ തോന്നിയേക്കാം. ചിലപ്പോൾ സഭയിൽ നിങ്ങൾക്ക് ഒരു സ്ഥാനവുമില്ല എന്നുപോലും നിങ്ങൾ ചിന്തിച്ചുപോയേക്കാം. ഇത്തരം ചിന്തകളെ മറികടക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
15. 1 കൊരിന്ത്യർ 12:4-11 അനുസരിച്ച്, നമ്മുടെ കഴിവുകളെക്കുറിച്ച് നമ്മൾ എന്തു തിരിച്ചറിയണം?
15 ഇതു ചിന്തിക്കുക: ഒന്നാം നൂറ്റാണ്ടിൽ യഹോവ പരിശുദ്ധാത്മാവിനെ ഉപയോഗിച്ച് ചില ക്രിസ്ത്യാനികൾക്ക് അത്ഭുതകരമായ കഴിവുകൾ കൊടുത്തു. പക്ഷേ എല്ലാവർക്കും ഒരേ കഴിവുകളല്ല ലഭിച്ചത്. (1 കൊരിന്ത്യർ 12:4-11 വായിക്കുക.) യഹോവ അവർക്കു വ്യത്യസ്ത കഴിവുകളും പ്രാപ്തികളും ആണ് കൊടുത്തതെങ്കിലും ഓരോ ക്രിസ്ത്യാനിയും വിലയുള്ളവനായിരുന്നു. ഇന്നു നമുക്കു പരിശുദ്ധാത്മാവിന്റെ വരങ്ങളൊന്നുമില്ല എന്നതു ശരിയാണ്. എങ്കിലും അതിൽനിന്ന് നമുക്ക് ഒരു പാഠം പഠിക്കാൻ കഴിയുന്നില്ലേ? നമുക്കെല്ലാം ഒരേ കഴിവുകളായിരിക്കില്ല ഉള്ളത്. പക്ഷേ നമ്മളെല്ലാം യഹോവയ്ക്കു വിലപ്പെട്ടവരാണ്.
16. പൗലോസ് എഴുതിയ ഏത് ഉപദേശം നമുക്ക് അനുസരിക്കാം?
16 നമ്മളെ മറ്റു ക്രിസ്ത്യാനികളുമായി താരതമ്യം ചെയ്യുന്നതിനു പകരം, പൗലോസ് എഴുതിയ ഈ ഉപദേശം നമുക്ക് അനുസരിക്കാം: “ഓരോരുത്തരും സ്വന്തം പ്രവൃത്തി വിലയിരുത്തട്ടെ. അപ്പോൾ, തന്നെ മറ്റാരുമായും താരതമ്യപ്പെടുത്താതെ തന്നിൽത്തന്നെ അഭിമാനിക്കാൻ അയാൾക്കു വകയുണ്ടാകും.”—ഗലാ. 6:4.
17. പൗലോസിന്റെ ഉപദേശം അനുസരിച്ചാൽ അതു നമുക്ക് എങ്ങനെ ഗുണം ചെയ്യും?
17 പൗലോസിന്റെ ഉപദേശം അനുസരിച്ചുകൊണ്ട് നമ്മൾ സ്വന്തം പ്രവൃത്തി വിലയിരുത്തുന്നെങ്കിൽ മറ്റുള്ളവർക്കില്ലാത്ത ചില കഴിവുകളും പ്രാപ്തികളും നമുക്കുണ്ടെന്നു നമ്മൾ മനസ്സിലാക്കിയേക്കും. ഉദാഹരണത്തിന്, ഒരു മൂപ്പനു സഭയിൽ വളരെ നല്ല പ്രസംഗങ്ങളൊന്നും നടത്താനുള്ള കഴിവില്ലായിരിക്കും. പക്ഷേ, അദ്ദേഹം ശിഷ്യരാക്കൽവേലയിൽ വിദഗ്ധനായിരിക്കും. അല്ലെങ്കിൽ, സഭയിലെ മറ്റു മൂപ്പന്മാരെപ്പോലെ കാര്യങ്ങൾ നന്നായി സംഘടിപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിനില്ലായിരിക്കും. എന്നാൽ നല്ല ഒരു ഇടയൻ എന്ന പേര് അദ്ദേഹത്തിനുണ്ടായിരിക്കും. ബൈബിളിൽനിന്ന് എന്തെങ്കിലും ഉപദേശം ആവശ്യം വന്നാൽ പ്രചാരകർ ആദ്യം ചോദിക്കുന്നത് അദ്ദേഹത്തോടായിരിക്കും. അല്ലെങ്കിൽ അതിഥിപ്രിയനാണെന്ന ഒരു നല്ല പേര് അദ്ദേഹത്തിനുണ്ടായിരിക്കാം. (എബ്രാ. 13:2, 16) നമ്മുടെ കഴിവുകളും പ്രാപ്തികളും എന്താണെന്നു നമുക്ക് അറിയാമെങ്കിൽ സഭയ്ക്കുവേണ്ടി ചെയ്യാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് നമുക്കു സന്തോഷം തോന്നും. നമുക്കില്ലാത്ത കഴിവുകളുള്ള സഹോദരന്മാരോട് അസൂയ തോന്നുന്നത് ഒഴിവാക്കാനും നമുക്കു കഴിയും.
18. നമുക്ക് എങ്ങനെ നമ്മുടെ കഴിവുകൾ മെച്ചപ്പെടുത്താം?
18 സഭയിൽ നമുക്കുള്ള സ്ഥാനം എന്തുതന്നെയായാലും ദൈവസേവനത്തിൽ നമ്മൾ ചെയ്യുന്ന കാര്യങ്ങൾ മെച്ചപ്പെടുത്താനും നമ്മുടെ കഴിവുകൾ വർധിപ്പിക്കാനും ഉള്ള ഒരു ആഗ്രഹം നമുക്ക് എല്ലാവർക്കുമുണ്ടായിരിക്കണം. നമ്മളെ സഹായിക്കാൻ യഹോവ തന്റെ സംഘടനയിലൂടെ അതിശയകരമായ രീതിയിൽ നമ്മളെ പരിശീലിപ്പിക്കുകയാണ്. ഉദാഹരണത്തിന്, ശുശ്രൂഷയിൽ നമുക്ക് എങ്ങനെ കൂടുതൽ ഫലപ്രദരാകാമെന്ന് ഇടദിവസത്തെ മീറ്റിങ്ങിൽ നമ്മളെ പഠിപ്പിക്കുന്നു. ആ പരിശീലനത്തിൽനിന്ന് നിങ്ങൾ പൂർണപ്രയോജനം നേടുന്നുണ്ടോ?
19. രാജ്യസുവിശേഷകർക്കുള്ള സ്കൂളിൽ പങ്കെടുക്കുക എന്ന ലക്ഷ്യത്തിൽ നിങ്ങൾക്ക് എങ്ങനെ എത്തിച്ചേരാം?
19 രാജ്യസുവിശേഷകർക്കുള്ള സ്കൂളാണു സവിശേഷമായ മറ്റൊരു പരിശീലനപരിപാടി. 23-നും 65-നും ഇടയ്ക്കു പ്രായമുള്ള, മുഴുസമയസേവകർക്കാണ് ഈ സ്കൂളിൽ പങ്കെടുക്കാൻ കഴിയുന്നത്. ഈ ലക്ഷ്യത്തിലെത്താൻ ഒരിക്കലും കഴിയില്ലെന്നു നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ അതിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിനു പകരം പങ്കെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നതിന്റെ കാരണങ്ങൾ കുറിച്ചുവെക്കുക. അതിനു ശേഷം, യോഗ്യതകളിൽ എത്തിച്ചേരാൻ നിങ്ങളെ സഹായിക്കുന്ന ഒരു പദ്ധതി തയ്യാറാക്കുക. യഹോവയുടെ സഹായത്താലും നിങ്ങളുടെ കഠിനാധ്വാനത്താലും, ഒരിക്കലും നടക്കില്ലെന്നു കരുതിയിരുന്ന ഇക്കാര്യം നിങ്ങൾക്കു സഫലീകരിക്കാൻ കഴിയും.
നിങ്ങളുടെ കഴിവുകൾ സഭയെ ബലപ്പെടുത്താൻ ഉപയോഗിക്കുക
20. റോമർ 12:6-8-ൽനിന്ന് നമുക്ക് എന്തു പഠിക്കാം?
20 പൗലോസിന്റെ ദൃഷ്ടാന്തത്തിൽനിന്ന് നമുക്കു പഠിക്കാൻ കഴിയുന്ന മൂന്നാമത്തെ പാഠം റോമർ 12:6-8-ൽ കാണാം. (വായിക്കുക.) സഭയിലെ സഹോദരങ്ങൾക്കു വ്യത്യസ്തമായ കഴിവുകളാണുള്ളതെന്നു പൗലോസ് ഇവിടെ ഒരിക്കൽക്കൂടെ പറയുന്നു. എന്നാൽ, നമ്മുടെ കഴിവ് എന്താണെങ്കിലും അതു സഭയെ ബലപ്പെടുത്താൻ ഉപയോഗിക്കണമെന്ന കാര്യത്തിനാണു പൗലോസ് ഇവിടെ ഊന്നൽ കൊടുക്കുന്നത്.
21-22. റോബർട്ട്, ഫെലീസ് എന്നീ സഹോദരങ്ങളിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
21 ഒരു സഹോദരന്റെ അനുഭവം നോക്കുക. നമുക്ക് അദ്ദേഹത്തെ റോബർട്ട് എന്നു വിളിക്കാം. ഒരു വിദേശരാജ്യത്ത് സേവിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിനു സ്വദേശത്തെ ബഥേലിൽ സേവിക്കാനുള്ള നിയമനം കിട്ടി. സഹോദരന്റെ ഭാഗത്ത് എന്തെങ്കിലും കുറവുണ്ടായിട്ടല്ല നിയമനമാറ്റം വന്നതെന്നു സഹോദരനോടു പറഞ്ഞിരുന്നു. എന്നിട്ടും അദ്ദേഹം ഇങ്ങനെ പറയുന്നു: “ഞാൻ ഒരു പരാജയമാണെന്ന ചിന്ത മാസങ്ങളോളം എന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. ചിലപ്പോഴൊക്കെ ബഥേൽസേവനം നിറുത്തിയാലോ എന്നുപോലും ഞാൻ ചിന്തിച്ചു.” അദ്ദേഹം എങ്ങനെയാണു സന്തോഷം വീണ്ടെടുത്തത്? ഇപ്പോഴത്തെ നിയമനത്തിൽ യഹോവയ്ക്കു നമ്മളെ നന്നായി ഉപയോഗിക്കാൻ കഴിയേണ്ടതിന്, മുമ്പിലത്തെ ഓരോ നിയമനത്തിലും യഹോവ നമ്മളെ പരിശീലിപ്പിച്ചിട്ടുണ്ടെന്നു മറ്റൊരു മൂപ്പൻ അദ്ദേഹത്തെ ഓർമിപ്പിച്ചു. കഴിഞ്ഞ കാലത്തേക്കു നോക്കുന്നതു താൻ നിറുത്തണമെന്നും ഇപ്പോൾ ചെയ്യാൻ കഴിയുന്ന കാര്യത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങണമെന്നും റോബർട്ട് മനസ്സിലാക്കി.
22 ഫെലീസ് എപ്പിസ്കോപ്പോ സഹോദരനും സമാനമായ ഒരു പ്രശ്നം നേരിട്ടു. 1956-ൽ ഗിലെയാദ് ബിരുദം നേടിയ അദ്ദേഹവും ഭാര്യയും തുടർന്ന് ബൊളീവിയയിൽ സർക്കിട്ട് വേലയിലായിരുന്നു. 1964-ൽ അവർക്ക് ഒരു കുഞ്ഞുണ്ടായി. ഫെലീസ് സഹോദരൻ പറയുന്നു: “ഞങ്ങൾ വളരെയധികം പ്രിയപ്പെട്ടിരുന്ന നിയമനം വിട്ടുപോരുന്നതു വലിയ ബുദ്ധിമുട്ടായിരുന്നു. അത് ഓർത്ത് വിഷമിച്ച് എന്റെ ഒരു വർഷം പോയെന്നുതന്നെ പറയാം. എന്നാൽ യഹോവയുടെ സഹായത്താൽ എന്റെ മനോഭാവത്തിനു മാറ്റം വരുത്താൻ എനിക്കു കഴിഞ്ഞു. ഒരു പിതാവ് എന്ന എന്റെ പുതിയ ഉത്തരവാദിത്വം ചെയ്യുന്നതിൽ ഞാൻ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി.” റോബർട്ട് സഹോദരനും ഫെലീസ് സഹോദരനും നേരിട്ടതുപോലുള്ള സാഹചര്യങ്ങളിലൂടെ നിങ്ങൾ കടന്നുപോയിട്ടുണ്ടോ? മുമ്പ് നിങ്ങൾക്കുണ്ടായിരുന്ന സേവനപദവികൾ ഇപ്പോഴില്ലാത്തതിൽ നിങ്ങൾക്കു നിരാശ തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ സന്തോഷം കണ്ടെത്താൻ നിങ്ങൾക്ക് എന്തു ചെയ്യാം? നിങ്ങളുടെ പഴയ നിയമനത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്നതിനു പകരം ഇപ്പോൾ യഹോവയെയും നിങ്ങളുടെ സഹോദരങ്ങളെയും സേവിക്കാൻ എന്തു ചെയ്യാമെന്നു ചിന്തിക്കുക. നിങ്ങളുടെ കഴിവുകളും പ്രാപ്തികളും ഉപയോഗിച്ച് മറ്റുള്ളവരെ സഹായിക്കുന്നതിൽ തിരക്കുള്ളവരായിരിക്കുക. അപ്പോൾ, സഭയെ ബലപ്പെടുത്തുന്നതിന്റെ സന്തോഷം നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയും.
23. നമ്മൾ എന്തു ചെയ്യാൻ സമയം മാറ്റിവെക്കണം, അടുത്ത ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
23 നമ്മൾ ഓരോരുത്തരും യഹോവയ്ക്കു വിലപ്പെട്ടവരാണ്. നമ്മൾ തന്റെ കുടുംബത്തിന്റെ ഭാഗമാണെന്നു നമുക്കു തോന്നാൻ യഹോവ ആഗ്രഹിക്കുന്നുണ്ട്. നമ്മൾ പഠിച്ചതുപോലെ, സഹോദരങ്ങളെ ബലപ്പെടുത്താൻ നമുക്ക് എന്തു ചെയ്യാമെന്നു സമയമെടുത്ത് ചിന്തിക്കുക. അതു ചെയ്യാൻ നല്ല ശ്രമം നടത്തുക. അപ്പോൾ, സഭയിൽ നമുക്കൊരു സ്ഥാനമില്ലെന്നു നമ്മൾ ചിന്തിച്ചുപോകില്ല. എന്നാൽ സഭയിലെ മറ്റുള്ളവരെ നമ്മൾ എങ്ങനെയാണു വീക്ഷിക്കേണ്ടത്? അവരെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ടെന്നു നമുക്ക് എങ്ങനെ കാണിക്കാം? പ്രധാനപ്പെട്ട ആ വിഷയം, നമ്മൾ അടുത്ത ലേഖനത്തിൽ ചർച്ച ചെയ്യും.
ഗീതം 24 യഹോവയുടെ പർവതത്തിലേക്കു വരൂ!
a യഹോവ നമ്മളെ വിലയുള്ളവരായി കാണുന്നെന്ന് ഉറപ്പുണ്ടായിരിക്കാൻ നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നു. പക്ഷേ, നമ്മളെക്കൊണ്ട് യഹോവയ്ക്ക് എന്താണു പ്രയോജനമെന്നു ചിലപ്പോൾ നമ്മൾ ചിന്തിച്ചുപോയേക്കാം. നമുക്ക് ഓരോരുത്തർക്കും യഹോവയുടെ സഭയിൽ വിലപ്പെട്ട ഒരു സ്ഥാനമുണ്ട് എന്നു കാണാൻ ഈ ലേഖനം നമ്മളെ സഹായിക്കും.
b പദപ്രയോഗത്തിന്റെ വിശദീകരണം: യഹോവയുടെ സഭയിൽ നമുക്കുള്ള സ്ഥാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സഭയെ ശക്തിപ്പെടുത്തുന്നതിൽ നമ്മൾ വഹിക്കുന്ന പങ്കിനെയാണ്. സഭയിലെ നമ്മുടെ സ്ഥാനം നിർണയിക്കുന്നത്, വംശീയമോ സാമ്പത്തികമോ സാമൂഹികമോ സാംസ്കാരികമോ ആയ നിലയോ വിദ്യാഭ്യാസയോഗ്യതകളോ ഒന്നും അല്ല.
c ചിത്രക്കുറിപ്പുകൾ: ഒരു സഭായോഗത്തിനു മുമ്പും യോഗസമയത്തും അതിനു ശേഷവും നടക്കുന്ന ചില കാര്യങ്ങളാണ് ഈ മൂന്നു ചിത്രങ്ങളിൽ. ചിത്രം 1: ഒരു മൂപ്പൻ ഒരു താത്പര്യക്കാരനെ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു, ഒരു യുവസഹോദരൻ ശബ്ദസംവിധാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നു, ഒരു സഹോദരി പ്രായമുള്ള മറ്റൊരു സഹോദരിയോടു സംസാരിക്കുന്നു. ചിത്രം 2: കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ളവർ വീക്ഷാഗോപുരപഠനത്തിന് ഉത്തരം പറയാൻ കൈ ഉയർത്തുന്നു. ചിത്രം 3: ഒരു ദമ്പതികൾ രാജ്യഹാൾ ശുചീകരണത്തിൽ ഏർപ്പെടുന്നു. സംഭാവനപ്പെട്ടിയിൽ പണം ഇടാൻ ഒരു അമ്മ കുട്ടിയെ സഹായിക്കുന്നു. ഒരു യുവസഹോദരൻ സാഹിത്യകൗണ്ടറിൽ സേവിക്കുന്നു. മറ്റൊരു സഹോദരൻ പ്രായമുള്ള ഒരു സഹോദരിയെ പ്രോത്സാഹിപ്പിക്കുന്നു.