നിങ്ങൾ എങ്ങനെ ഭിന്നതകൾ പരിഹരിക്കുന്നു?
നാം ദിവസവും നാനാതരം ആളുകളുമായി ഇടപഴകുന്നു. അതു പലപ്പോഴും സന്തോഷത്തിനും പുത്തൻ വീക്ഷണങ്ങൾക്കും വഴി തുറക്കുന്നു. ചിലപ്പോൾ അതു ഭിന്നതകളും ഉളവാക്കുന്നു—ചിലതു ഗൗരവമേറിയവ ആയിരിക്കാം, ചിലതു തീർത്തും നിസ്സാരം ആയിരിക്കാം. ഭിന്നതകളുടെ സ്വഭാവം എന്തുതന്നെ ആയിരുന്നാലും, നാം അവ കൈകാര്യം ചെയ്യുന്ന വിധം മാനസികമായും വൈകാരികമായും ആത്മീയമായും നമ്മെ ബാധിക്കുന്നു.
ഭിന്നതകൾ സമാധാനപരമായി പരിഹരിക്കാൻ നാം ആവതു ചെയ്യുമ്പോൾ ഏറെ ആരോഗ്യാവഹമായ ജീവിതം നയിക്കാനും മറ്റുള്ളവരുമായി ഏറെ സമാധാനപരമായ ബന്ധങ്ങൾ ആസ്വദിക്കാനും നമുക്കു സാധിക്കും. “ശാന്തമനസ്സു ദേഹത്തിന്നു ജീവൻ” എന്ന് ഒരു പുരാതന ജ്ഞാനി പറഞ്ഞത് നല്ല കാരണത്തോടെയാണ്.—സദൃശവാക്യങ്ങൾ 14:30.
അതിൽനിന്നു തികച്ചും വ്യത്യസ്തമായ ഒരു സംഗതി ബൈബിൾ പറയുന്നതു ശ്രദ്ധിക്കുക: “ആത്മസംയമം ഇല്ലാത്ത പുരുഷൻ മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണംപോലെയാകുന്നു.” (സദൃശവാക്യങ്ങൾ 25:28) നമുക്കും മറ്റുള്ളവർക്കും ദ്രോഹകരമായ വിധത്തിൽ അനുചിതമായി പ്രവർത്തിക്കാൻ ഇടയാക്കുന്ന മോശമായ ചിന്തകൾ മനസ്സിൽ കടന്നുകൂടാൻ നമ്മിൽ ആരാണ് ആഗ്രഹിക്കുക? ആത്മനിയന്ത്രണമില്ലാത്ത, കോപാവേശത്തോടു കൂടിയ പ്രതികരണങ്ങളുടെ ഫലം അതായിരിക്കും. മറ്റുള്ളവരുമായുള്ള ഭിന്നതകളെ നാം കൈകാര്യം ചെയ്യുന്ന വിധത്തെ സ്വാധീനിച്ചേക്കാവുന്ന നമ്മുടെ മനോഭാവം പരിശോധിക്കാൻ യേശു ഗിരിപ്രഭാഷണത്തിൽ ശുപാർശ ചെയ്തു. (മത്തായി 7:3-5) നമ്മുടേതിൽനിന്നു ഭിന്നമായ വീക്ഷണങ്ങളും ചുറ്റുപാടുകളും ഉള്ളവരെ വിമർശിക്കുന്നതിനു പകരം, അവരുമായി എങ്ങനെ സൗഹൃദബന്ധം നട്ടുവളർത്താനും നിലനിറുത്താനും സാധിക്കുമെന്നു നാം ചിന്തിക്കണം.
നമ്മുടെ മനോഭാവം
യഥാർഥത്തിലുള്ളതോ ഉണ്ടെന്നു കരുതുന്നതോ ആയ ഒരു ഭിന്നത പരിഹരിക്കുന്നതിനുള്ള ആദ്യ പടി നമ്മിൽ തെറ്റായ ചിന്തകളും മനോഭാവങ്ങളും ഉടലെടുത്തേക്കാം എന്നു തിരിച്ചറിയുന്നതാണ്. നാമെല്ലാം പാപികളും ‘ദൈവതേജസ്സ് ഇല്ലാത്തവരും’ ആണെന്നു തിരുവെഴുത്തുകൾ നമ്മെ ഓർമിപ്പിക്കുന്നു. (റോമർ 3:23) മാത്രമല്ല, പ്രശ്നത്തിനു കാരണം മറ്റേ വ്യക്തിയല്ല എന്നു കാണാൻ വിവേചന നമ്മെ സഹായിച്ചേക്കാം. ഇതിനോടുള്ള ബന്ധത്തിൽ യോനായുടെ അനുഭവം നമുക്കു പരിചിന്തിക്കാം.
യഹോവയുടെ നിർദേശപ്രകാരം യോനാ നീനെവേ നഗരത്തിൽ ചെന്ന് അവിടത്തെ നിവാസികളോട് ദൈവത്തിന്റെ ആസന്നമായ ന്യായവിധിയെ കുറിച്ചു പ്രസംഗിച്ചു. അതിന്റെ സന്തോഷകരമായ പരിണതഫലം, ആ നഗരത്തിലെ മുഴുവൻ ജനങ്ങളും അനുതപിച്ച് സത്യദൈവത്തിൽ വിശ്വാസം അർപ്പിച്ചു എന്നതാണ്. (യോനാ 3:5-10) അനുതപിച്ചതിനാൽ അവരോടു ക്ഷമിക്കേണ്ടതാണെന്ന് യഹോവ കരുതുകയും തത്ഫലമായി അവരെ നശിപ്പിക്കാതിരിക്കുകയും ചെയ്തു. എന്നാൽ, “യോനെക്കു ഇതു അത്യന്തം അനിഷ്ടമായി, അവന്നു കോപം വന്നു.” (യോനാ 4:1) യഹോവയുടെ കരുണയോടുള്ള യോനായുടെ ഈ പ്രതികരണം വളരെ വിചിത്രമായിരുന്നു. യോനാ എന്തിന് യഹോവയോടു കോപിക്കണം? വ്യക്തമായും, അവൻ സ്വന്തം വികാരങ്ങൾക്കാണ് മുന്തിയ സ്ഥാനം കൊടുത്തത്. അവിടത്തെ ജനങ്ങളുടെ മുമ്പാകെ താൻ അപമാനിതനായെന്ന് അവൻ വിചാരിച്ചു. യഹോവയുടെ കരുണയെ വിലമതിക്കാൻ അവൻ പരാജയപ്പെട്ടു. ഒരു പ്രായോഗിക ദൃഷ്ടാന്തം ഉപയോഗിച്ച് യഹോവ യോനായുടെ മനോഭാവത്തിനു മാറ്റം വരുത്തുകയും തന്റെ കരുണയുടെ അതിശ്രേഷ്ഠ മൂല്യം കാണാൻ അവനെ സഹായിക്കുകയും ചെയ്തു. (യോനാ 4:7-11) ഇവിടെ തിരുത്തൽ ആവശ്യമായിരുന്നത് യഹോവയുടെ അല്ല, മറിച്ച് യോനായുടെ മനോഭാവത്തിന് ആയിരുന്നു എന്നതു സ്പഷ്ടമാണ്.
സമാനമായി, ഒരു കാര്യത്തെ കുറിച്ചുള്ള നമ്മുടെ മനോഭാവത്തിന് ചിലപ്പോഴൊക്കെ തിരുത്തൽ ആവശ്യമുണ്ടോ? പൗലൊസ് അപ്പൊസ്തലൻ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടുകൊൾവിൻ.” (റോമർ 12:10) അവൻ എന്താണ് അർഥമാക്കിയത്? ഒരു വിധത്തിൽ പറഞ്ഞാൽ, നാം ന്യായബോധം ഉള്ളവർ ആയിരിക്കാനും അതേസമയം മറ്റു ക്രിസ്ത്യാനികളോട് ആഴമായ ആദരവോടും മാന്യതയോടും കൂടെ പെരുമാറാനുമാണ് അവൻ പ്രോത്സാഹിപ്പിക്കുന്നത്. സ്വതന്ത്രമായ തിരഞ്ഞെടുപ്പിനുള്ള അവകാശം ഓരോ വ്യക്തിക്കും ഉണ്ടെന്നു തിരിച്ചറിയുന്നത് ഇതിൽ ഉൾപ്പെടുന്നു. “ഓരോരുത്തൻ താന്താന്റെ ചുമടു ചുമക്കുമല്ലോ” എന്നും പൗലൊസ് നമ്മെ ഓർമിപ്പിക്കുന്നു. (ഗലാത്യർ 6:5) അക്കാരണത്താൽ, ഭിന്നതകൾ വലിയൊരു പ്രശ്നം ആയിത്തീരുന്നതിനു മുമ്പ് നമ്മുടെ മനോഭാവത്തിനു തിരുത്തൽ ആവശ്യമാണോ എന്നു ചിന്തിക്കുന്നത് എത്ര നന്നായിരിക്കും! യഹോവയുടെ ചിന്ത പ്രതിഫലിപ്പിക്കാനും ദൈവത്തെ യഥാർഥമായി സ്നേഹിക്കുന്ന മറ്റുള്ളവരുമായി സമാധാനം നിലനിറുത്താനും നാം കഠിനമായി ശ്രമിക്കേണ്ടതാണ്.—യെശയ്യാവു 55:8, 9.
നമ്മുടെ സമീപനം
രണ്ടു കൊച്ചുകുട്ടികൾ ഒരു കളിപ്പാട്ടത്തിനു വേണ്ടി പിടിവലി നടത്തുകയാണെന്നു വിചാരിക്കുക. അതു കൈവശമാക്കാനുള്ള വ്യഗ്രതയോടെ രണ്ടു പേരും ശക്തിയായി പിടിച്ചു വലിക്കുകയാണ്. അവർ കോപത്തോടെ പലതും വിളിച്ചുപറയുന്നുണ്ട്. ഒടുവിൽ ഒരു കുട്ടി തന്റെ പിടിത്തം വിടുകയോ മറ്റാരെങ്കിലും ഇടപെടുകയോ ചെയ്യുമ്പോൾ മാത്രമാണു പ്രശ്നം പരിഹരിക്കപ്പെടുന്നത്.
അബ്രാഹാമിന്റെ കാലികളെ മേയിച്ചിരുന്നവരും അവന്റെ സഹോദര പുത്രനായ ലോത്തിന്റെ കാലികളെ മേയിച്ചിരുന്നവരും തമ്മിലുണ്ടായ തർക്കം അബ്രാഹാമിന്റെ അടുക്കൽ എത്തിയെന്ന് ഉല്പത്തി പുസ്തകത്തിലെ വിവരണം നമ്മോടു പറയുന്നു. പ്രശ്നപരിഹാരത്തിനായി അബ്രാഹാം മുൻകൈ എടുത്ത് ലോത്തിനെ സമീപിച്ച് ഇങ്ങനെ പറഞ്ഞു: “എനിക്കും നിനക്കും എന്റെ ഇടയന്മാർക്കും നിന്റെ ഇടയന്മാർക്കും തമ്മിൽ പിണക്കം ഉണ്ടാകരുതേ; നാം സഹോദരന്മാരല്ലോ.” തങ്ങളുടെ ബന്ധത്തെ തകർക്കാൻ യാതൊന്നിനെയും അനുവദിക്കരുതെന്ന് അബ്രാഹാം ദൃഢനിശ്ചയം ചെയ്തിരുന്നു. അതിനു വേണ്ടി, മുതിർന്ന വ്യക്തി എന്ന നിലയിൽ ഒരു തിരഞ്ഞെടുപ്പു നടത്താനുള്ള തന്റെ പദവി ലോത്തിനു വിട്ടുകൊടുക്കാൻ പോലും അവൻ ഒരുക്കമുള്ളവനായിരുന്നു. അവൻ വിട്ടുവീഴ്ചാ മനോഭാവം ഉള്ളവനായിരുന്നു. തന്റെ കുടുംബാംഗങ്ങൾക്കും ആടുമാടുകൾക്കും ആവശ്യമായ സ്ഥലം ആദ്യം തിരഞ്ഞെടുക്കാൻ അബ്രാഹാം ലോത്തിനെ അനുവദിച്ചു. ലോത്ത് സൊദോമിന്റെയും ഗൊമോരയുടെയും ഭാഗമായ, സസ്യലതാദികൾ തഴച്ചുവളരുന്ന പ്രദേശം തിരഞ്ഞെടുത്തു. അങ്ങനെ അബ്രാഹാമും ലോത്തും സമാധാനപൂർവം വഴിപിരിഞ്ഞു.—ഉല്പത്തി 13:5-12.
മറ്റുള്ളവരുമായി സമാധാനപൂർണമായ ബന്ധങ്ങൾ നിലനിറുത്തുന്നതിന് അബ്രാഹാമിന്റെ അതേ മനോഭാവത്തോടെ പ്രവർത്തിക്കാൻ നാം തയ്യാറാണോ? അബ്രാഹാമും ലോത്തും ഉൾപ്പെട്ട ഈ സംഭവം ഭിന്നതകൾ കൈകാര്യം ചെയ്യുമ്പോൾ അനുകരിക്കാവുന്ന ഒരു നല്ല മാതൃക പ്രദാനം ചെയ്യുന്നു. “പിണക്കം ഉണ്ടാകരുതേ” എന്ന് അബ്രാഹാം ലോത്തിനോട് അപേക്ഷിച്ചു. രമ്യമായ ഒരു പരിഹാരത്തിൽ എത്തിച്ചേരാനുള്ള യഥാർഥ ആഗ്രഹമാണ് അബ്രാഹാം പ്രകടമാക്കിയത്. സമാധാനപരമായ ബന്ധങ്ങൾ നിലനിറുത്താൻ മുൻകൈ എടുക്കുന്നതു തീർച്ചയായും തെറ്റിദ്ധാരണകൾ ദൂരികരിക്കും. “നാം സഹോദരന്മാരല്ലോ” എന്ന് അബ്രാഹാം പറഞ്ഞുനിറുത്തി. വ്യക്തിതാത്പര്യമോ ദുരഭിമാനമോ നിമിത്തം അത്തരം നല്ലൊരു ബന്ധം എന്തിനു വെറുതെ നശിപ്പിക്കണം? അബ്രാഹാം വ്യക്തമായും സുപ്രധാന കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ആത്മാഭിമാനവും ബഹുമാനവും കാട്ടിക്കൊണ്ടും അതേസമയം തന്റെ ബന്ധുവിനു മാന്യത കൽപ്പിച്ചുകൊണ്ടുമാണ് അവൻ അങ്ങനെ ചെയ്തത്.
ഒരു ഭിന്നത ഉയർന്നുവരുമ്പോൾ പ്രശ്നത്തിൽ ഉൾപ്പെടാത്ത ഒരാളുടെ ഇടപെടൽ കൂടാതെതന്നെ സ്വകാര്യമായി അതു പരിഹരിക്കാൻ കഴിഞ്ഞാൽ എത്ര നന്നായിരിക്കും! ആവശ്യമായി വരുന്നപക്ഷം ക്ഷമ ചോദിച്ചുകൊണ്ട് സഹോദരങ്ങളുമായി സമാധാനം നിലനിറുത്താൻ മുൻകൈ എടുക്കുന്നതിന് യേശു നമുക്കു പ്രോത്സാഹനം നൽകി.a (മത്തായി 5:23, 24) അതിനു താഴ്മ ആവശ്യമാണ്. പത്രൊസ് ഇങ്ങനെ എഴുതി: “എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊൾവിൻ; ദൈവം നിഗളികളോടു എതിർത്തുനില്ക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നല്കുന്നു.” (1 പത്രൊസ് 5:5) നാം സഹാരാധകരോട് ഇടപെടുന്ന വിധം ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ നേരിട്ടു ബാധിക്കുന്നു.—1 യോഹന്നാൻ 4:20.
ക്രിസ്തീയ സഭയ്ക്കുള്ളിൽ, സമാധാനം നിലനിറുത്താൻ നമുക്കുള്ള ഒരു അവകാശം ത്യജിക്കേണ്ടത് ചിലപ്പോഴൊക്കെ ആവശ്യമായി വന്നേക്കാം. യഹോവയുടെ സാക്ഷികളോടൊപ്പം ഇപ്പോൾ സഹവസിക്കുന്ന നല്ലൊരു ശതമാനം പേരും കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ സത്യാരാധകരുടെ ദൈവകുടുംബത്തിലേക്കു വന്നിട്ടുള്ളവരാണ്. ഇതു നമുക്ക് എത്രമാത്രം സന്തോഷം പകരുന്നു! നാം പെരുമാറുന്ന വിധം ഇവരെയും സഭയിലുള്ള മറ്റുള്ളവരെയും തീർച്ചയായും ബാധിക്കുന്നു. നാം തിരഞ്ഞെടുക്കുന്ന വിനോദം, ഹോബികൾ, നേരംപോക്കിനായി മറ്റുള്ളവരുമൊത്തു ചെയ്യുന്ന കാര്യങ്ങൾ, അല്ലെങ്കിൽ ജോലി എന്നിവയ്ക്ക് അവധാനപൂർവമായ ശ്രദ്ധ നൽകുന്നതിനുള്ള ഒരു നല്ല കാരണമാണ് ഇത്. ഇത്തരം കാര്യങ്ങളിൽ മറ്റുള്ളവർ നമ്മെ എങ്ങനെ വീക്ഷിച്ചേക്കാം എന്നു ചിന്തിക്കുന്നതും പ്രധാനമാണ്. നമ്മുടെ ഏതെങ്കിലും വാക്കോ പ്രവൃത്തിയോ തെറ്റിദ്ധരിക്കപ്പെടുകയും അങ്ങനെ മറ്റുള്ളവരുടെ ഇടർച്ചയ്ക്കു കാരണമാകുകയും ചെയ്യുമോ?
പൗലൊസ് അപ്പൊസ്തലൻ നമ്മെ ഇങ്ങനെ അനുസ്മരിപ്പിക്കുന്നു: “സകലത്തിന്നും എനിക്കു കർത്തവ്യം ഉണ്ടു; എങ്കിലും സകലവും പ്രയോജനമുള്ളതല്ല. സകലത്തിന്നും എനിക്കു കർത്തവ്യം ഉണ്ടു; എങ്കിലും സകലവും ആത്മികവർദ്ധന വരുത്തുന്നില്ല. ഓരോരുത്തൻ സ്വന്ത ഗുണമല്ല, മററുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ.” (1 കൊരിന്ത്യർ 10:23, 24) ക്രിസ്ത്യാനികൾ എന്ന നിലയിൽ, നമ്മുടെ സഹോദരവർഗത്തിന്റെ സ്നേഹവും ഐക്യവും ഉന്നമിപ്പിക്കുന്നതിൽ നാം യഥാർഥമായും താത്പര്യമുള്ളവരാണ്.—സങ്കീർത്തനം 133:1; യോഹന്നാൻ 13:34, 35.
സുഖപ്പെടുത്തുന്ന വാക്കുകൾ
വാക്കുകൾക്കു ശക്തമായ ഒരു ക്രിയാത്മക സ്വാധീനമായിരിക്കാൻ കഴിയും. “ഇമ്പമുള്ള വാക്കു തേൻകട്ടയാകുന്നു; മനസ്സിന്നു മധുരവും അസ്ഥികൾക്കു ഔഷധവും തന്നേ.” (സദൃശവാക്യങ്ങൾ 16:24) എഫ്രയീമ്യരുമായി ഉണ്ടാകാൻ ഇടയുണ്ടായിരുന്ന ഒരു യുദ്ധം ഗിദെയോൻ ഒഴിവാക്കിയതിനെ കുറിച്ചുള്ള വിവരണം ഈ സദൃശവാക്യത്തിന്റെ സത്യതയെ എടുത്തുകാട്ടുന്നു.
മിദ്യാന്യരുമായി കടുത്ത യുദ്ധത്തിൽ ഏർപ്പെട്ടിരുന്ന ഗിദെയോൻ തങ്ങളെ സഹായിക്കാൻ എഫ്രയീം ഗോത്രത്തോട് ആവശ്യപ്പെട്ടു. എന്നാൽ യുദ്ധം കഴിഞ്ഞപ്പോൾ, പോരാട്ടത്തിന്റെ തുടക്കത്തിൽ ഗിദെയോൻ തങ്ങളുടെ സഹായം തേടിയില്ല എന്ന് എഫ്രയീം കടുത്ത നീരസത്തോടെ പരാതിപ്പെട്ടു. അവർ “അവനോടു ഉഗ്രമായി വാദിച്ചു” എന്നു ബൈബിൾ രേഖ പറയുന്നു. “നിങ്ങളോടു ഒത്തുനോക്കിയാൽ ഞാൻ ഈ ചെയ്തതു എന്തുള്ളു? അബീയേസെരിന്റെ മുന്തിരിയെടുപ്പിനെക്കാൾ എഫ്രയീമിന്റെ കാല പെറുക്കയല്ലയോ നല്ലതു? നിങ്ങളുടെ കയ്യിലല്ലോ ദൈവം മിദ്യാന്യപ്രഭുക്കളായ ഓരേബിനെയും സേബിനെയും ഏല്പിച്ചതു; നിങ്ങളോടു ഒത്തുനോക്കിയാൽ എന്നെക്കൊണ്ടു സാധിച്ചതു എന്തുള്ളു” എന്നു ഗിദെയോൻ പ്രതികരണമായി പറഞ്ഞു. (ന്യായാധിപന്മാർ 8:1-3) ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത, ശാന്തമായ വാക്കുകൾ പറഞ്ഞുകൊണ്ട് വിപത്കരമായിത്തീരുമായിരുന്ന ഒരു ഗോത്രാന്തര യുദ്ധം ഗിദെയോൻ ഒഴിവാക്കി. തങ്ങൾ പ്രമുഖരാണെന്ന ചിന്തയും അഹങ്കാരവും എഫ്രയീം ഗോത്രക്കാർക്ക് ഉണ്ടായിരുന്നിരിക്കാം. എങ്കിലും, സമാധാനം സ്ഥാപിക്കാനുള്ള ഗിദെയോന്റെ ശ്രമങ്ങൾക്ക് അതു വിലങ്ങുതടി ആയില്ല. ഗിദെയോനെ പോലെ പ്രവർത്തിക്കാൻ നമുക്ക് സാധിക്കുമോ?
ചിലരുടെ ഉള്ളിൽ കോപം നുരഞ്ഞുപൊന്തുകയും അവർക്കു നമ്മോടു വിദ്വേഷം തോന്നുകയും ചെയ്തേക്കാം. അവരുടെ വികാരങ്ങൾ തിരിച്ചറിയുക, അവരുടെ വീക്ഷണങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക. അവർക്ക് അത്തരം വികാരം ഉണ്ടാകാൻ ഒരു പരിധിവരെ നാമായിരിക്കുമോ കാരണക്കാർ? എങ്കിൽ, അത്തരത്തിലുള്ള ഒരു പ്രശ്നം ഉണ്ടായതിൽ നാമും കാരണക്കാർ ആണെന്നു സമ്മതിക്കുകയും ആ പ്രശ്നം വഷളാക്കിയതിലുള്ള ഖേദം അറിയിക്കുകയും ചെയ്യുക. ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത വാക്കുകൾ തകർന്ന ഒരു ബന്ധത്തെ നേരെ ആക്കിയേക്കാം. (യാക്കോബ് 3:4) അസ്വസ്ഥരായ ചിലർക്കു നമ്മുടെ സാന്ത്വന വാക്കുകൾ മാത്രമായിരിക്കാം ആവശ്യം. “വിറകു ഇല്ലാഞ്ഞാൽ തീ കെട്ടുപോകും” എന്നു ബൈബിൾ പറയുന്നുവെന്ന് ഓർക്കുക. (സദൃശവാക്യങ്ങൾ 26:20) നല്ല മനോഭാവത്തോടെ ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത വാക്കുകൾക്ക് ‘ക്രോധത്തെ ശമിപ്പിക്കാൻ’ മാത്രമല്ല ഒരു നല്ല ഫലം ഉളവാക്കാനും കഴിയും.—സദൃശവാക്യങ്ങൾ 15:1.
“കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ” എന്നു പൗലൊസ് അപ്പൊസ്തലൻ ശുപാർശ ചെയ്യുന്നു. (റോമർ 12:18) മറ്റുള്ളവരുടെ വികാരങ്ങളെ നമുക്കു നിയന്ത്രിക്കാനാവില്ല എന്നതു ശരിതന്നെ. എന്നാൽ സമാധാനം ഉന്നമിപ്പിക്കാൻ നമ്മാൽ ആവതു ചെയ്യാൻ നമുക്കു സാധിക്കും. നമ്മുടെയോ മറ്റുള്ളവരുടെയോ അപൂർണ ചായ്വുകൾക്കു വശംവദരാകുന്നതിനു പകരം, ശരിക്കും അടിസ്ഥാനമുള്ള ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കാൻ നമുക്കു ശ്രമിക്കാവുന്നതാണ്. ദൈവം അനുശാസിക്കുന്ന വിധത്തിൽ ഭിന്നതകൾ കൈകാര്യം ചെയ്യുന്നത് നമ്മുടെ നിത്യസമാധാനത്തിലും സന്തോഷത്തിലും കലാശിക്കും.—യെശയ്യാവു 48:17.
[അടിക്കുറിപ്പുകൾ]
a 1999 ഒക്ടോബർ 15 ലക്കം വീക്ഷാഗോപുരത്തിൽ വന്ന “ഹൃദയപൂർവം ക്ഷമിക്കുക,” “നിങ്ങൾ സഹോദരനെ നേടിയേക്കാം” എന്നീ ലേഖനങ്ങൾ കാണുക.
[24-ാം പേജിലെ ചിത്രം]
നാം ആഗ്രഹിക്കുന്ന വിധത്തിൽത്തന്നെ കാര്യങ്ങൾ നടക്കണമെന്നു നാം നിർബന്ധം പിടിക്കാറുണ്ടോ?
[25-ാം പേജിലെ ചിത്രം]
ഭിന്നത പരിഹരിക്കുന്നതിനു വിട്ടുവീഴ്ച ചെയ്തതിന്റെ നല്ല ഒരു ഉദാഹരണമാണ് അബ്രാഹാം