അധ്യായം 7
“നിന്ദ സഹിച്ചവനെ ഓർത്തുകൊള്ളുവിൻ”
1-3. (എ) ഗെത്ത്ശേമന തോട്ടത്തിൽ യേശു ഏതുതരത്തിലുള്ള മാനസിക സംഘർഷം അനുഭവിച്ചു, എന്തുകൊണ്ട്? (ബി) സഹിഷ്ണുതയുടെ കാര്യത്തിൽ യേശു വെച്ച മാതൃക എങ്ങനെയുള്ളതായിരുന്നു? (സി) ഏതെല്ലാം ചോദ്യങ്ങൾ ഉദിക്കുന്നു?
മാനസികവും വൈകാരികവുമായി ഇത്ര വലിയൊരു സമ്മർദം യേശു മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ല. ഭൂമിയിൽ തനിക്കിനി ഏതാനും മണിക്കൂറുകളേ ശേഷിച്ചിട്ടുള്ളൂ എന്ന് യേശുവിന് അറിയാം. അപ്പൊസ്തലന്മാരെയും കൂട്ടി അവൻ ഗെത്ത്ശേമന തോട്ടത്തിലേക്ക് പോകുന്നു. അവർ പലപ്പോഴും കൂടിവരാറുള്ള ഒരു സ്ഥലമായിരുന്നു അത്. എന്നാൽ ആ രാത്രിയിൽ അൽപ്പസമയം തനിയെ ചെലവഴിക്കാൻ യേശു ആഗ്രഹിക്കുന്നു. അതുകൊണ്ട് അപ്പൊസ്തലന്മാരെ വിട്ട് അവൻ തോട്ടത്തിനുള്ളിലേക്കു പോയി മുട്ടുകുത്തി പ്രാർഥിക്കുന്നു. അതിവേദനയോടെ അവൻ ഉള്ളുരുകി പ്രാർഥിച്ചുകൊണ്ടിരുന്നു. ആ സമയത്ത് “അവന്റെ വിയർപ്പ് രക്തത്തുള്ളികൾപോലെയായി നിലത്തുവീണു.”—ലൂക്കോസ് 22:39-44.
2 യേശു ഇത്രയധികം മാനസിക സംഘർഷം അനുഭവിക്കുന്നത് എന്തുകൊണ്ടാണ്? താമസിയാതെ തനിക്ക് അതികഠിനമായ ശാരീരിക പീഡനങ്ങൾ നേരിടേണ്ടിവരുമെന്ന് അവന് അറിയാമായിരുന്നു. എന്നാൽ അവന്റെ മാനസിക ക്ലേശത്തിനു കാരണം അതൊന്നുമല്ല. അതിനെക്കാൾ ഗൗരവമുള്ള ചില കാര്യങ്ങളാണ് അവനെ ഭാരപ്പെടുത്തുന്നത്. തന്റെ പിതാവിന്റെ നാമം നിന്ദിക്കപ്പെടുന്നത് അവന് ചിന്തിക്കാനാകുമായിരുന്നില്ല. മാനവകുടുംബത്തിന്റെ ഭാവി താൻ വിശ്വസ്തത പാലിക്കുന്നതിനെ ആശ്രയിച്ചാണിരിക്കുന്നതെന്നും യേശു മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് താൻ സഹിച്ചുനിൽക്കേണ്ടത് അനിവാര്യമാണെന്ന് യേശുവിന് അറിയാം. യേശു പരാജയപ്പെട്ടാൽ അത് യഹോവയുടെ നാമത്തിന്മേൽ നിന്ദ വരുത്തിവെക്കുമായിരുന്നു. എന്നാൽ സന്തോഷകരമെന്നു പറയട്ടെ, യേശു പരാജയപ്പെട്ടില്ല. സഹിഷ്ണുതയുടെ കാര്യത്തിൽ ഉത്തമ മാതൃക വെച്ച യേശു മരിക്കുന്നതിനു തൊട്ടുമുമ്പ് തികഞ്ഞ അഭിമാനത്തോടെ ഇങ്ങനെ പറഞ്ഞു: “സകലവും പൂർത്തിയായിരിക്കുന്നു.”—യോഹന്നാൻ 19:30.
3 “നിന്ദ സഹിച്ചവനെ (അതായത്, യേശുവിനെ) ഓർത്തുകൊള്ളുവിൻ” എന്ന് ബൈബിൾ ഉദ്ബോധിപ്പിക്കുന്നു. (എബ്രായർ 12:3) അതുകൊണ്ട് ചില ചോദ്യങ്ങൾ ഉദിക്കുന്നു: യേശു സഹിച്ച ചില പരിശോധനകൾ ഏതെല്ലാമാണ്? സഹിച്ചുനിൽക്കാൻ അവനെ സഹായിച്ചത് എന്താണ്? അവന്റെ മാതൃക നമുക്ക് എങ്ങനെ പകർത്താം? എന്നാൽ ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിനുമുമ്പ് സഹിഷ്ണുത എന്താണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
സഹിഷ്ണുത എന്താണ്?
4, 5. (എ) “സഹിഷ്ണുത” എന്നാൽ എന്ത്? (ബി) മറ്റു പോംവഴിയില്ലാത്തതുകൊണ്ട് നാം ഒരു കഷ്ടത നിശ്ശബ്ദം സഹിക്കുന്നതിനെ സഹിഷ്ണുത എന്ന് പറയുമോ? ദൃഷ്ടാന്തീകരിക്കുക.
4 നമുക്കെല്ലാം ജീവിതത്തിൽ ‘പലവിധ പരീക്ഷകൾ’ ഉണ്ടാകാറുണ്ട്. (1 പത്രോസ് 1:6) എന്നാൽ പരീക്ഷകൾ ഉണ്ടാകുന്നതും പരീക്ഷകൾ സഹിക്കുന്നതും, രണ്ടും രണ്ടാണ്. ഗ്രീക്കിൽ, “സഹിഷ്ണുത” എന്ന നാമപദത്തിന്റെ അർഥം “പ്രതിസന്ധികളിൽ പതറാതെ നിൽക്കാനുള്ള കഴിവ്” എന്നാണ്. ബൈബിളിൽ പരാമർശിച്ചിരിക്കുന്ന സഹിഷ്ണുതയ്ക്ക് ഒരു പണ്ഡിതൻ നൽകുന്ന വിശദീകരണം ഇതാണ്: “കഷ്ടതകൾ നേരിടുമ്പോൾ സഹിച്ചുനിൽക്കാൻ കാണിക്കുന്ന മനസ്സൊരുക്കം; ഒരുതരം വിരക്തിയോടെയല്ല, മറിച്ച് ജ്വലിക്കുന്ന പ്രത്യാശയോടെ. . . . പ്രതികൂല സാഹചര്യങ്ങളിൽ പിടിച്ചുനിൽക്കാൻ സഹായിക്കുന്ന ഒരു ഗുണമാണത്. പരിശോധനയുടെ മുൾക്കിരീടത്തെ മഹത്വത്തിന്റെ മകുടമാക്കി മാറ്റാൻ അതിനു കഴിയും. കാരണം പരീക്ഷയ്ക്കപ്പുറമുള്ള പ്രതിഫലത്തിൽ ദൃഷ്ടി കേന്ദ്രീകരിക്കാൻ അത് ഒരു വ്യക്തിയെ സഹായിക്കുന്നു.”
5 കേവലം ദുരിതങ്ങൾ അനുഭവിക്കുന്നതിനെയല്ല സഹിഷ്ണുത എന്നു പറയുന്നത്. ബൈബിളിൽ പരാമർശിച്ചിരിക്കുന്ന സഹിഷ്ണുത, അചഞ്ചലമായ നിലപാടിനെ അർഥമാക്കുന്നു; പരീക്ഷകൾ നേരിടുമ്പോൾ ക്രിയാത്മകമായ മനോഭാവവും ശുഭാപ്തിവിശ്വാസവും കൈവിടാതിരിക്കുന്നതും അതിൽ ഉൾപ്പെടുന്നു. അത് ഇങ്ങനെ ഉദാഹരിക്കാം: രണ്ടുപേരെ വ്യത്യസ്ത കാരണങ്ങളാൽ തടവിലിട്ടിരിക്കുകയാണ്. ഒരാൾ കുറ്റകൃത്യങ്ങൾ ചെയ്തതിന്റെ പേരിലാണ് തടവിൽ കിടക്കുന്നത്. വേറെ വഴിയില്ലാത്തതുകൊണ്ട് അയാൾ തന്റെ ശിക്ഷയുടെ കാലാവധി തള്ളിനീക്കുകയാണ്. മറ്റേയാളാകട്ടെ ഒരു സത്യക്രിസ്ത്യാനിയാണ്. തന്റെ വിശ്വസ്തത കൈവിടാഞ്ഞതിന്റെ പേരിലാണ് അയാൾ തടവിലാക്കപ്പെട്ടത്. എന്നാൽ ഈ വ്യക്തി യാതൊരു ചാഞ്ചല്യങ്ങളുമില്ലാതെ തികഞ്ഞ ശുഭാപ്തിവിശ്വാസത്തോടെയാണ് കഴിയുന്നത്. കാരണം തന്റെ വിശ്വാസത്തിന് തെളിവു നൽകാനുള്ള അവസരമായിട്ടാണ് ആ സാഹചര്യത്തെ അയാൾ വീക്ഷിക്കുന്നത്. ഇവിടെ, ആ കുറ്റവാളിയെ സഹിഷ്ണുതയുടെ ഒരു മാതൃകയായി നാം കണക്കാക്കുമോ? ഒരിക്കലുമില്ല. എന്നാൽ ആ ക്രിസ്ത്യാനി സഹിഷ്ണുതയുടെ ഒരു ഉത്തമ ദൃഷ്ടാന്തമാണെന്ന് നാം പറയും.—യാക്കോബ് 1:2-4.
6. നമുക്ക് എങ്ങനെ സഹിഷ്ണുത വളർത്തിയെടുക്കാം?
6 രക്ഷ പ്രാപിക്കാൻ സഹിഷ്ണുത കൂടിയേ തീരൂ. (മത്തായി 24:13) എന്നാൽ സഹിഷ്ണുത ജന്മസിദ്ധമായ ഒരു ഗുണമല്ല. അത് നാം വളർത്തിയെടുക്കേണ്ട ഒന്നാണ്. എങ്ങനെ? “കഷ്ടത സഹിഷ്ണുത . . . ഉളവാക്കുന്നു” എന്ന് ബൈബിൾ പറയുന്നു. (റോമർ 5:3, 4) സഹിഷ്ണുത വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്നെങ്കിൽ വിശ്വാസത്തിന്റെ പരിശോധനകളിൽനിന്ന് ഒഴിഞ്ഞുമാറാൻ നാം ശ്രമിക്കരുത്. മറിച്ച്, നാം സധൈര്യം അവ നേരിടണം. ദിവസേനയെന്നവണ്ണം ചെറുതും വലുതുമായ പരിശോധനകളെ നാം വിജയകരമായി നേരിടുമ്പോൾ നമുക്ക് സഹിഷ്ണുത കൈവരും. ഓരോ പരീക്ഷയെയും വിജയകരമായി നാം തരണംചെയ്യുമ്പോൾ അടുത്ത പരീക്ഷയെ നേരിടാനുള്ള ശക്തി നമുക്കു ലഭിക്കും. എന്നാൽ സഹിഷ്ണുത നമുക്ക് തനിയേ വളർത്തിയെടുക്കാനാവില്ല. അതിനു നമുക്ക് “ദൈവദത്തമായ ശക്തി” ആവശ്യമാണ്. (1 പത്രോസ് 4:11) അചഞ്ചലരായി നിലകൊള്ളുന്നതിനു യഹോവ നമുക്ക് വലിയൊരു സഹായം നൽകിയിട്ടുണ്ട്. തന്റെ പുത്രന്റെ മാതൃകയാണ് അത്. സഹിഷ്ണുതയുടെ കാര്യത്തിൽ യേശു വെച്ച പിഴവറ്റ മാതൃക നമുക്ക് അടുത്തു പരിശോധിക്കാം.
യേശുവിന് എന്തെല്ലാം സഹിക്കേണ്ടിവന്നു?
7, 8. ഭൗമിക ജീവിതത്തിന്റെ അവസാന നാഴികകളിൽ യേശുവിന് എന്തെല്ലാം സഹിക്കേണ്ടിവന്നു?
7 തന്റെ ഭൗമികജീവിതത്തിന്റെ അവസാന നാഴികകളിൽ യേശുവിന് പല ക്രൂരതകളും സഹിക്കേണ്ടിവന്നു. അവസാനരാത്രിയിൽ അവൻ അനുഭവിച്ച മാനസിക സംഘർഷങ്ങൾക്കു പുറമേ അവന് ഉണ്ടായ ഇച്ഛാഭംഗത്തെയും അവൻ സഹിച്ച നിന്ദകളെയും കുറിച്ചു ചിന്തിക്കുക. അവന്റെ ഉറ്റ സുഹൃത്ത് അവനെ ഒറ്റിക്കൊടുത്തു. ആത്മമിത്രങ്ങൾ അവനെ ഉപേക്ഷിച്ചുപോയി. അന്യായമായ വിചാരണ അവനു നേരിടേണ്ടിവന്നു. വിചാരണസമയത്ത് സെൻഹെദ്രീമിലെ അംഗങ്ങൾ അവനെ പരിഹസിച്ചു, അവന്റെ മുഖത്തു തുപ്പി, മുഷ്ടി ചുരുട്ടി അവനെ ഇടിച്ചു. എങ്കിലും ശാന്തതയും മനോധൈര്യവും കൈവിടാതെ യേശു അതെല്ലാം സഹിച്ചു.—മത്തായി 26:46-49, 56, 59-68.
8 തന്റെ അവസാനത്തെ നാഴികയിൽ കഠിനമായ ശാരീരിക പീഡനങ്ങളും യേശു സഹിച്ചു. പടയാളികൾ അവനെ ചമ്മട്ടികൊണ്ട് അടിച്ചു. ശരീരത്തിൽ ആഴത്തിലുള്ള അടിപ്പിണരുകൾ സൃഷ്ടിക്കുകയും രക്തം വാർന്നൊഴുകാൻ ഇടയാക്കുകയും ചെയ്യത്തക്കവിധം അത്ര കഠിനമായിരുന്നു ആ ചാട്ടവാറടിയെന്ന് ഒരു മെഡിക്കൽ ജേർണൽ പറയുന്നു. വധസ്തംഭത്തിൽ തറയ്ക്കപ്പെട്ട അവൻ “കഠോരമായ വേദന സഹിച്ച് ഇഞ്ചിഞ്ചായാണ് മരിച്ചത്.” സ്തംഭത്തിൽ തറയ്ക്കാനായി അവന്റെ കൈകാലുകളിൽ ആണിയടിച്ചുകയറ്റിയപ്പോൾ അവൻ അനുഭവിച്ച ദുസ്സഹമായ വേദനയെക്കുറിച്ചു ചിന്തിക്കുക. (യോഹന്നാൻ 19:1, 16-18) സ്തംഭം നാട്ടിനിറുത്തവെ ശരീരഭാരംനിമിത്തം കൈകാലുകളിലെ ആണിപ്പഴുതുകൾ വലിഞ്ഞുകീറിയപ്പോഴും അടിയേറ്റു മുറിഞ്ഞ പുറംഭാഗം സ്തംഭത്തിൽ ഉരസിയപ്പോഴും അവൻ അനുഭവിച്ച പ്രാണവേദന എത്രയായിരിക്കണം! ഇതിനെല്ലാം പുറമേ തുടക്കത്തിൽ പറഞ്ഞതുപോലെ കടുത്ത മാനസിക സംഘർഷവും യേശു അനുഭവിച്ചു.
9. ‘ദണ്ഡനസ്തംഭം’ എടുത്ത് യേശുവിനെ അനുഗമിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നത് എന്ത്?
9 ക്രിസ്തുവിന്റെ അനുഗാമികളെന്നനിലയിൽ നമുക്ക് എന്തെല്ലാം സഹിക്കേണ്ടിവന്നേക്കാം? “എന്റെ അനുഗാമിയാകാൻ ആഗ്രഹിക്കുന്നവൻ . . . തന്റെ ദണ്ഡനസ്തംഭമെടുത്ത് സദാ എന്നെ പിന്തുടരട്ടെ” എന്ന് യേശു പറഞ്ഞു. (മത്തായി 16:24) ഇവിടെ ‘ദണ്ഡനസ്തംഭം’ എന്ന പദം, കഷ്ടതയെയും നിന്ദയെയും മരണത്തെയുമെല്ലാം പ്രതീകപ്പെടുത്തുന്നു. ക്രിസ്തുവിനെ അനുഗമിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. ക്രിസ്തീയ നിലവാരങ്ങൾ ഈ ലോകത്തിൽ നമ്മെ വ്യത്യസ്തരാക്കിനിറുത്തുന്നു. നാം ലോകത്തിന്റെ ഭാഗമല്ലാത്തതിനാൽ അതു നമ്മെ വെറുക്കുന്നു. (യോഹന്നാൻ 15:18-20; 1 പത്രോസ് 4:4) എന്നിരുന്നാലും നമ്മുടെ ദണ്ഡനസ്തംഭം വഹിക്കാൻ നാം സന്നദ്ധരാണ്. അതെ, നമ്മുടെ മാതൃകാപുരുഷനായ ക്രിസ്തുവിന്റെ അനുഗാമികളായിരിക്കുന്നതിനായി കഷ്ടങ്ങൾ അനുഭവിക്കാനും മരിക്കാനും നാം തയ്യാറാണ്.—2 തിമൊഥെയൊസ് 3:12.
10-12. (എ) മനുഷ്യരുടെ അപൂർണതകൾ യേശുവിന്റെ സഹിഷ്ണുതയ്ക്കൊരു പരിശോധനയായിരുന്നത് എങ്ങനെ? (ബി) യേശു സഹിഷ്ണുത കാണിച്ച ചില സാഹചര്യങ്ങൾ ഏവ?
10 തന്റെ ശുശ്രൂഷാകാലത്ത് വേറെയും പരീക്ഷകൾ യേശുവിനു നേരിടേണ്ടിവന്നു. മറ്റുള്ളവരുടെ അപൂർണതകൾനിമിത്തം ഉണ്ടായ പ്രശ്നങ്ങളായിരുന്നു അവ. ഭൂമിയെയും അതിലെ ചരാചരങ്ങളെയും സൃഷ്ടിക്കാൻ യഹോവ ഉപയോഗിച്ച “ശിൽപ്പി”യായിരുന്നു അവൻ എന്ന കാര്യം ഓർക്കുക. (സദൃശവാക്യങ്ങൾ 8:22-31) അതുകൊണ്ട് മനുഷ്യരെക്കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യം യേശുവിന് അറിയാമായിരുന്നു. മനുഷ്യർ ദൈവത്തിന്റെ ഗുണങ്ങൾ പ്രതിഫലിപ്പിക്കുകയും തികഞ്ഞ ആരോഗ്യത്തോടെ ജീവിക്കുകയും ചെയ്യണമെന്നതായിരുന്നു അത്. (ഉല്പത്തി 1:26-28) ഭൂമിയിലായിരുന്നപ്പോൾ പാപത്തിന്റെ അനന്തരഫലങ്ങളെ വ്യത്യസ്ത കാഴ്ചപ്പാടിലൂടെ നോക്കിക്കാണാൻ അവനു കഴിഞ്ഞു. അവൻ ഒരു മനുഷ്യനായിരുന്നതുകൊണ്ട് മനുഷ്യരുടേതായ വികാരവിചാരങ്ങൾ അവനുമുണ്ടായിരുന്നു. ആദാമിനും ഹവ്വായ്ക്കും ഉണ്ടായിരുന്ന പൂർണതയിൽനിന്ന് എത്രയോ അകലെയാണ് മനുഷ്യർ എന്ന വസ്തുത നേരിൽ കണ്ടത് അവനെ എത്രയധികം വേദനിപ്പിച്ചിരിക്കണം! യേശുവിന്റെ സഹിഷ്ണുതയുടെ ഒരു പരിശോധനയായിരുന്നു ഇതും. എന്നാൽ പാപികളായ മനുഷ്യരെ അവൻ എഴുതിത്തള്ളിയോ? നമുക്കു നോക്കാം.
11 യഹൂദന്മാരുടെ നിസ്സംഗത യേശുവിനെ അങ്ങേയറ്റം വേദനിപ്പിച്ചിരുന്നു; ഒരിക്കൽ അവരെച്ചൊല്ലി അതീവ ദുഃഖത്തോടെ അവൻ പരസ്യമായി വിലപിക്കുകപോലും ചെയ്തു. എന്നാൽ അത് അവന്റെ തീക്ഷ്ണതയെ കെടുത്തിക്കളയുകയോ പ്രസംഗപ്രവർത്തനം നിറുത്താൻ അവനെ പ്രേരിപ്പിക്കുകയോ ചെയ്തില്ല; മറിച്ച്, “അവൻ ദിവസേന ആലയത്തിൽ (ആളുകളെ) പഠിപ്പിച്ചുപോന്നു.” (ലൂക്കോസ് 19:41-44, 47) മറ്റൊരു സന്ദർഭത്തെക്കുറിച്ചു ചിന്തിക്കാം. ഒരിക്കൽ ഒരു ശബത്തുദിവസം യേശു സിനഗോഗിലായിരിക്കെ ശുഷ്കിച്ച കൈയുള്ള ഒരു മനുഷ്യനെ കാണാനിടയായി. പരീശന്മാരാകട്ടെ യേശു ആ മനുഷ്യനെ സുഖപ്പെടുത്തുമോയെന്ന് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അവരുടെ ഹൃദയകാഠിന്യം കണ്ട് അവന് വളരെ മനോവേദനയുണ്ടായി. എന്നാൽ ആ എതിരാളികളെ പേടിച്ച് അവൻ പിന്മാറിയോ? ഒരിക്കലുമില്ല. എല്ലാവരും കാൺകെ അവൻ ധൈര്യത്തോടെ ആ മനുഷ്യനെ സുഖപ്പെടുത്തി.—മർക്കോസ് 3:1-5.
12 തന്റെ പ്രിയ ശിഷ്യന്മാരുടെ ബലഹീനതകളായിരുന്നു അവൻ അഭിമുഖീകരിച്ച മറ്റൊരു പരിശോധന. മൂന്നാം അധ്യായത്തിൽ കണ്ടതുപോലെ പ്രാമുഖ്യതയ്ക്കുവേണ്ടിയുള്ള ആഗ്രഹം അവരിൽ വളരെ ശക്തമായിരുന്നു. (മത്തായി 20:20-24; ലൂക്കോസ് 9:46) താഴ്മയുള്ളവരായിരിക്കാൻ പലപ്രാവശ്യം യേശു അവരെ ഉപദേശിച്ചിരുന്നു. (മത്തായി 18:1-6; 20:25-28) എന്നാൽ ആ ഉപദേശം കൈക്കൊള്ളാൻ അവർ പരാജയപ്പെട്ടു. യേശുവിന്റെ അവസാനരാത്രിയിൽപ്പോലും തങ്ങളിൽ ആരാണ് വലിയവൻ എന്നതിനെച്ചൊല്ലി ‘വലിയൊരു തർക്കം’ അവർക്കിടയിൽ ഉണ്ടായി. (ലൂക്കോസ് 22:24) യേശുവിന് അവരിലുള്ള പ്രതീക്ഷയെല്ലാം നഷ്ടപ്പെട്ടോ? ഒരിക്കലുമില്ല. എപ്പോഴത്തെയുംപോലെ, ക്ഷമയോടും ശുഭാപ്തിവിശ്വാസത്തോടും കൂടെ അവരിലെ നന്മ കാണാൻ അവൻ ശ്രമിച്ചു. അവർക്ക് യഹോവയോടു സ്നേഹമുണ്ടെന്നും അവന്റെ ഇഷ്ടം ചെയ്യാൻ അവർ ആഗ്രഹിക്കുന്നുണ്ടെന്നും അവന് അറിയാമായിരുന്നു.—ലൂക്കോസ് 22:25-27.
13. യേശുവിനുണ്ടായതുപോലുള്ള ഏതു പരിശോധനകൾ നമുക്കു നേരിട്ടേക്കാം?
13 യേശു നേരിട്ടതിനു സമാനമായ ചില പരിശോധനകൾ നമുക്കും ഉണ്ടായേക്കാം. ഉദാഹരണത്തിന്, നമ്മുടെ സന്ദേശത്തോടു പ്രതികരിക്കാത്തവരെ അല്ലെങ്കിൽ ഒരുപക്ഷേ നമ്മെ എതിർക്കുന്നവരെത്തന്നെ ശുശ്രൂഷയ്ക്കിടയിൽ നാം കണ്ടുമുട്ടിയേക്കാം. അങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകുമ്പോൾ നമ്മുടെ ഉത്സാഹം കെട്ടുപോകുമോ? അതോ തീക്ഷ്ണതയോടെ നാം തുടർന്നും പ്രസംഗവേലയിൽ ഏർപ്പെടുമോ? (തീത്തൊസ് 2:14) നമ്മുടെ ക്രിസ്തീയ സഹോദരീസഹോദരന്മാരുടെ അപൂർണതയായിരിക്കാം നാം നേരിടുന്ന മറ്റൊരു പരിശോധന. ഒരു സഹോദരന്റെ അല്ലെങ്കിൽ സഹോദരിയുടെ ചിന്താശൂന്യമായ വാക്കോ പ്രവൃത്തിയോ നമ്മെ വ്രണപ്പെടുത്തിയേക്കാം. (സദൃശവാക്യങ്ങൾ 12:18) സഹക്രിസ്ത്യാനികളുടെ അത്തരം പിഴവുകൾ അവരിൽനിന്ന് അകലാൻ നമ്മെ പ്രേരിപ്പിക്കുമോ? അതോ ആ പിഴവുകൾ പൊറുത്തുകൊണ്ട് അവരിലെ നന്മ കാണാൻ നാം ശ്രമിക്കുമോ?—കൊലോസ്യർ 3:13.
യേശു സഹിച്ചുനിന്നത് എന്തുകൊണ്ട്?
14. പതറാതെ നിൽക്കാൻ യേശുവിനെ സഹായിച്ച രണ്ടുകാര്യങ്ങൾ ഏവ?
14 അപമാനവും ഇച്ഛാഭംഗവും കഷ്ടങ്ങളും എല്ലാം സഹിച്ചുകൊണ്ട് നിർമലത കൈവിടാതെ നിലകൊള്ളാൻ യേശുവിനെ സഹായിച്ചത് എന്തായിരുന്നു? അതിന് അവനെ സഹായിച്ചത് രണ്ടുസംഗതികളാണ്. ഒന്നാമതായി അവൻ ‘സഹിഷ്ണുത നൽകുന്ന ദൈവ’ത്തിൽ ആശ്രയിച്ചു. (റോമർ 15:6) രണ്ടാമതായി അവൻ സഹിഷ്ണുത കൈവരുത്തുന്ന പ്രയോജനങ്ങളിൽ ദൃഷ്ടികേന്ദ്രീകരിച്ചു. ഇവയോരോന്നായി നമുക്കിപ്പോൾ പരിശോധിക്കാം.
15, 16. (എ) സഹിച്ചുനിൽക്കുന്നതിന് യേശു തന്റെ സ്വന്തം ശക്തിയിൽ ആശ്രയിച്ചില്ല എന്നു പറയുന്നത് എന്തുകൊണ്ട്? (ബി) തന്റെ പിതാവിനെക്കുറിച്ച് യേശുവിന് എന്ത് ബോധ്യമുണ്ടായിരുന്നു, എന്തുകൊണ്ട്?
15 യേശു പൂർണതയുള്ള ദൈവപുത്രനായിരുന്നെങ്കിലും സഹിച്ചുനിൽക്കുന്നതിന് സ്വന്തം ശക്തിയിൽ അവൻ ആശ്രയിച്ചില്ല. പകരം അവൻ തന്റെ സ്വർഗീയ പിതാവിനോടു സഹായത്തിനായി പ്രാർഥിച്ചു. അപ്പൊസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “ക്രിസ്തു, . . . തന്നെ മരണത്തിൽനിന്നു രക്ഷിക്കാൻ കഴിയുന്നവനോട് ഉറച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ യാചനകളും അപേക്ഷകളും കഴിച്ചു.” (എബ്രായർ 5:7) യേശു “യാചനകളും അപേക്ഷകളും കഴിച്ചു” എന്നു പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. “യാചന” എന്ന പദം ഹൃദയംഗമമായ പ്രാർഥനയെ, സഹായത്തിനായി കേഴുന്നതിനെ അർഥമാക്കുന്നു. ‘യാചനകൾ’ കഴിച്ചു എന്നു പറഞ്ഞിരിക്കുന്നത് യേശു യഹോവയോടു പലയാവർത്തി സഹായത്തിനായി അപേക്ഷിച്ചു എന്ന് സൂചിപ്പിക്കുന്നു. അതെ, ഗെത്ത്ശേമന തോട്ടത്തിൽവെച്ച് യേശു പലതവണ ഉള്ളുരുകി പ്രാർഥിച്ചു.—മത്തായി 26:36-44.
16 “പ്രാർത്ഥന കേൾക്കുന്നവനായ” തന്റെ പിതാവ് തന്റെ യാചനകൾക്ക് ഉത്തരം നൽകുമെന്ന പൂർണബോധ്യം യേശുവിനുണ്ടായിരുന്നു. (സങ്കീർത്തനം 65:2) യഹോവയോടൊപ്പം സ്വർഗത്തിലായിരിക്കെ തന്റെ പിതാവ് അവന്റെ വിശ്വസ്ത ദാസന്മാരുടെ പ്രാർഥനകൾക്ക് ഉത്തരമരുളുന്നത് അവൻ കണ്ടിട്ടുണ്ട്. ഉദാഹരണത്തിന് ദാനീയേൽ പ്രവാചകന്റെ ഹൃദയംഗമമായ പ്രാർഥനയ്ക്കുള്ള ഉത്തരമായി അവന്റെ പ്രാർഥന തീരുന്നതിനുമുമ്പുതന്നെ യഹോവ അവന്റെ അടുത്തേക്ക് തന്റെ ദൂതനെ അയച്ചതിന് ഈ ആദ്യജാതപുത്രൻ സാക്ഷിയാണ്. (ദാനീയേൽ 9:20, 21) അങ്ങനെയെങ്കിൽ തന്റെ ഏകജാതപുത്രൻ “ഉറച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ” തന്നോട് യാചിക്കുമ്പോൾ യഹോവ അത് കേൾക്കാതിരിക്കുമോ? പരീക്ഷ നേരിടുന്ന തന്റെ പുത്രനെ ബലപ്പെടുത്താനായി ഒരു ദൂതനെ അയച്ചുകൊണ്ട് യഹോവ അവന്റെ യാചനയ്ക്ക് ഉത്തരംനൽകി.—ലൂക്കോസ് 22:43.
17. (എ) സഹിച്ചുനിൽക്കാൻ നാം യഹോവയിൽ ആശ്രയിക്കേണ്ടത് എന്തുകൊണ്ട്? (ബി) ഏതുവിധത്തിൽ നമുക്ക് യഹോവയിൽ ആശ്രയിക്കാം?
17 സഹിച്ചുനിൽക്കുന്നതിന് നാമും, നമ്മെ ശക്തരാക്കാൻ പ്രാപ്തനായ ദൈവത്തിൽ ആശ്രയിക്കണം. (ഫിലിപ്പിയർ 4:13) പൂർണതയുള്ള ദൈവപുത്രൻ സഹായത്തിനായി യാചിച്ചെങ്കിൽ നാം എത്രയധികം! യേശുവിനെപ്പോലെ പലയാവർത്തി നാം യഹോവയോട് അപേക്ഷിക്കേണ്ടതുണ്ടായിരിക്കാം. (മത്തായി 7:7) ഏതെങ്കിലുമൊരു ദൈവദൂതൻ വന്ന് നമ്മെ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാനാവില്ലെങ്കിലും ഒരു കാര്യത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാം: “രാപകൽ യാചനയിലും പ്രാർഥനയിലും ഉറ്റിരിക്കുന്ന” വിശ്വസ്തനായ ഒരു ക്രിസ്ത്യാനിയുടെ യാചനകൾക്ക് സ്നേഹവാനായ ദൈവം ഉത്തരമരുളുകതന്നെ ചെയ്യും. (1 തിമൊഥെയൊസ് 5:5) രോഗം, പ്രിയപ്പെട്ട ഒരാളുടെ മരണം, എതിരാളികളിൽനിന്നുള്ള പീഡനം എന്നിങ്ങനെ നാം നേരിടുന്ന പരിശോധന എന്തുതന്നെയായാലും ധൈര്യത്തിനും ജ്ഞാനത്തിനും സഹിച്ചുനിൽക്കാനുള്ള ശക്തിക്കുമായി നാം നിരന്തരം പ്രാർഥിക്കുമ്പോൾ യഹോവ തീർച്ചയായും അതിന് ഉത്തരമരുളും.—2 കൊരിന്ത്യർ 4:7-11; യാക്കോബ് 1:5.
18. സഹിച്ചുനിൽക്കാൻ യേശുവിനെ സഹായിച്ച രണ്ടാമത്തെ ഘടകം എന്തായിരുന്നുവെന്ന് വിശദീകരിക്കുക.
18 സഹിച്ചുനിൽക്കാൻ യേശുവിനെ പ്രാപ്തനാക്കിയ രണ്ടാമത്തെ ഘടകത്തെക്കുറിച്ചു ചിന്തിക്കാം. ‘തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്ത് (യേശു) ദണ്ഡനസ്തംഭത്തിലെ മരണം ഏറ്റുവാങ്ങി’ എന്ന് ബൈബിൾ പറയുന്നു. (എബ്രായർ 12:2) പ്രത്യാശയും സന്തോഷവും സഹിഷ്ണുതയും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യേശുവിന്റെ ദൃഷ്ടാന്തം കാണിച്ചുതരുന്നു. ചുരുക്കിപ്പറഞ്ഞാൽ, പ്രത്യാശ സന്തോഷവും സന്തോഷം സഹിഷ്ണുതയും കൈവരുത്തുന്നു. (റോമർ 15:13; കൊലോസ്യർ 1:11) യേശുവിന് മഹത്തായ ഒരു പ്രത്യാശയുണ്ടായിരുന്നു. പിതാവിന്റെ പരമാധികാരം സംസ്ഥാപിക്കുന്നതിലും മനുഷ്യവർഗത്തെ പാപത്തിൽനിന്നും മരണത്തിൽനിന്നും വീണ്ടെടുക്കുന്നതിലും തന്റെ വിശ്വസ്തത ഒരു വലിയ പങ്കുവഹിക്കുമെന്ന് അവന് അറിയാമായിരുന്നു. രാജാവായി ഭരിക്കുകയും മഹാപുരോഹിതനായി സേവിക്കുകയും ചെയ്തുകൊണ്ട് മാനവകുലത്തിന് വലിയ അനുഗ്രഹങ്ങൾ കൈവരുത്താൻ തനിക്കു കഴിയുമെന്ന പ്രത്യാശയും യേശുവിനുണ്ടായിരുന്നു. (മത്തായി 20:28; എബ്രായർ 7:23-26) തന്റെ മുമ്പിലുള്ള പ്രത്യാശയിൽ ദൃഷ്ടിയുറപ്പിച്ചതുകൊണ്ട് യേശുവിന് അവർണനീയമായ സന്തോഷം അനുഭവിക്കാനായി. ആ സന്തോഷമാണ് സഹിച്ചുനിൽക്കാൻ അവനെ പ്രാപ്തനാക്കിയത്.
19. നമ്മുടെ കാര്യത്തിൽ പ്രത്യാശയും സന്തോഷവും സഹിഷ്ണുതയും ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ?
19 നമ്മുടെ കാര്യത്തിലും അത് അങ്ങനെതന്നെയായിരിക്കണം. “പ്രത്യാശയിൽ ആനന്ദിക്കുവിൻ” എന്ന് ഉദ്ബോധിപ്പിച്ചശേഷം, പൗലോസ് അപ്പൊസ്തലൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “കഷ്ടതയിൽ സഹിഷ്ണുത കാണിക്കുവിൻ.” (റോമർ 12:12) നിങ്ങൾ ഇപ്പോൾ കഠിനമായ ഏതെങ്കിലും പരിശോധന നേരിടുന്നുണ്ടോ? ഉണ്ടെങ്കിൽ തളരാതെ നിങ്ങളുടെ മുമ്പാകെയുള്ള പ്രത്യാശയിൽ ദൃഷ്ടിയുറപ്പിക്കുക. നിങ്ങളുടെ സഹിഷ്ണുത യഹോവയുടെ നാമത്തിന് മഹത്ത്വം കരേറ്റുമെന്ന വസ്തുത ഒരിക്കലും വിസ്മരിക്കരുത്. മഹത്തായ രാജ്യപ്രത്യാശയിൽ ദൃഷ്ടി കേന്ദ്രീകരിക്കുക. വരാനിരിക്കുന്ന പുതിയ ലോകത്തിൽ നിങ്ങൾ ഉണ്ടായിരിക്കുന്നതും അവിടത്തെ അനുഗ്രഹങ്ങൾ ആസ്വദിക്കുന്നതും വിഭാവനചെയ്യുക. യഹോവയുടെ പരമാധികാരം സംസ്ഥാപിക്കപ്പെടുന്നതും ദുഷ്ടത തുടച്ചുനീക്കപ്പെടുന്നതും രോഗവും മരണവും ഇല്ലാതാകുന്നതും ഉൾപ്പെടെ യഹോവ വാഗ്ദാനംചെയ്തിരിക്കുന്ന കാര്യങ്ങൾ നിവൃത്തിയേറുന്നതിനായി നോക്കിപ്പാർത്തിരിക്കുന്നത് നിങ്ങളുടെ ഹൃദയത്തെ സന്തോഷംകൊണ്ടു നിറയ്ക്കും. ഏതു പരിശോധന നേരിട്ടാലും സഹിച്ചുനിൽക്കാൻ ആ സന്തോഷം നിങ്ങളെ പ്രാപ്തനാക്കും. ദൈവരാജ്യത്തിൽ ലഭിക്കാനിരിക്കുന്ന അനുഗ്രഹങ്ങളോടുള്ള താരതമ്യത്തിൽ ഈ വ്യവസ്ഥിതിയിൽ നേരിട്ടേക്കാവുന്ന ഏതു കഷ്ടതയും “ക്ഷണികവും നിസ്സാര”വുമാണ്.—2 കൊരിന്ത്യർ 4:17.
‘അവന്റെ കാൽച്ചുവടുകൾ അടുത്തു പിന്തുടരുക’
20, 21. (എ) സഹിഷ്ണുതയുടെ കാര്യത്തിൽ യഹോവ നമ്മിൽനിന്നു പ്രതീക്ഷിക്കുന്നത് എന്ത്? (ബി) നമ്മുടെ ദൃഢനിശ്ചയം എന്തായിരിക്കണം?
20 തന്നെ അനുഗമിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്നും അതിന് സഹിഷ്ണുത ആവശ്യമാണെന്നും യേശുവിന് അറിയാമായിരുന്നു. (യോഹന്നാൻ 15:20) തന്റെ മാതൃക മറ്റുള്ളവരെ ശക്തിപ്പെടുത്തുമെന്ന് അറിയാമായിരുന്നതിനാൽ തന്നെ അനുഗമിക്കുന്നവർക്ക് വഴികാട്ടാൻ അവൻ ഒരുക്കമായിരുന്നു. (യോഹന്നാൻ 16:33) അവൻ സഹിഷ്ണുതയുടെ പിഴവറ്റ മാതൃക വെച്ചു. എന്നാൽ നാം അപൂർണരാണ്. അപ്പോൾ നമ്മിൽനിന്ന് യഹോവ എന്താണു പ്രതീക്ഷിക്കുന്നത്? പത്രോസ് വിശദീകരിക്കുന്നു: “ക്രിസ്തുവും നിങ്ങൾക്കുവേണ്ടി കഷ്ടം സഹിക്കുകയും നിങ്ങൾ അവന്റെ കാൽച്ചുവടുകൾ അടുത്തു പിന്തുടരുവാൻ ഒരു മാതൃക വെക്കുകയും ചെയ്തിരിക്കുന്നു.” (1 പത്രോസ് 2:21) പരിശോധനകളെ അവൻ അഭിമുഖീകരിച്ച വിധം നമുക്ക് “ഒരു മാതൃക”യാണ്. അതെ, നമുക്ക് പകർത്താനാകുന്ന ഒരു മാതൃക.a സഹിഷ്ണുതയുടെ കാര്യത്തിൽ അവൻ വെച്ച മാതൃകയെ കാൽപ്പാടുകളോട് ഉപമിക്കാവുന്നതാണ്. പിഴവറ്റ രീതിയിൽ നമുക്ക് ആ കാൽപ്പാടുകൾ പിൻപറ്റാനാവില്ലെങ്കിലും നമുക്കവ “അടുത്തു പിന്തുടരുവാൻ” കഴിയും.
21 അതുകൊണ്ട് യേശുവിന്റെ ദൃഷ്ടാന്തം നമ്മെക്കൊണ്ടു കഴിയുന്ന വിധത്തിൽ പകർത്താൻ നമുക്കു ദൃഢനിശ്ചയം ചെയ്യാം. യേശുവിന്റെ കാൽച്ചുവടുകൾ നാം എത്രയധികം അടുത്ത് പിന്തുടരുന്നുവോ, “അന്ത്യത്തോളം”—ഈ വ്യവസ്ഥിതിയുടെ അല്ലെങ്കിൽ ഇപ്പോഴത്തെ നമ്മുടെ ജീവിതത്തിന്റെ അവസാനംവരെ—സഹിച്ചുനിൽക്കാൻ നാം അത്രയധികം സജ്ജരായിരിക്കും. ഈ വ്യവസ്ഥിതിയുടെ അന്ത്യമാണോ നമ്മുടെ മരണമാണോ ആദ്യം സംഭവിക്കുന്നത് എന്നു നമുക്ക് അറിയില്ല. പക്ഷേ ഒന്ന് നമുക്കറിയാം: നമ്മുടെ സഹിഷ്ണുതയ്ക്ക് ശാശ്വതമായ ഒരു പ്രതിഫലം യഹോവ നൽകും.—മത്തായി 24:13.
a “മാതൃക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദത്തിന്റെ അക്ഷരാർഥം “പകർത്തെഴുത്ത്” എന്നാണ്. ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ എഴുത്തുകാരിൽ അപ്പൊസ്തലനായ പത്രോസ് മാത്രമാണ് ഈ പദം ഉപയോഗിച്ചിരിക്കുന്നത്. കുട്ടികളുടെ പകർത്തെഴുത്തു പുസ്തകത്തിൽ, അവർക്കു കഴിയുന്നത്ര കൃത്യതയോടെ പകർത്തിയെഴുതാനായി ആദ്യം എഴുതിക്കൊടുക്കുന്ന ഒരുനിര അക്ഷരങ്ങളെ അർഥമാക്കുന്ന ഒരു പദമാണിത്.