വ്യക്തിപ്രഭാവം—മാനുഷപുകഴ്ചയ്ക്കോ ദൈവമഹത്ത്വത്തിനോ?
“ഒരു ഭരണാധിപൻ തന്റെ പ്രജകളെക്കാൾ മികച്ചുനിൽക്കേണ്ടത് അവരെക്കാൾ മെച്ചമായിരിക്കുന്നതിൽ മാത്രമല്ല, അവരുടെമേൽ ആഴമായ സ്വാധീനശക്തി പ്രയോഗിക്കുന്നതിലും ആയിരിക്കണം” എന്ന് വിഖ്യാത ഗ്രീക്ക് ജനറലായ സെനഫോൺ എഴുതി. ഇന്ന് അനേകരും അത്തരമൊരു “സ്വാധീനശക്തി”യെ വ്യക്തിപ്രഭാവം (കരിസ്മ) എന്നാണ് വിളിക്കുന്നത്.
തീർച്ചയായും എല്ലാ മാനുഷ ഭരണാധിപന്മാർക്കും വ്യക്തിപ്രഭാവമില്ല. എന്നാൽ അതുള്ളവർ, ആളുകളുടെ ഭയഭക്തി നേടാനും സ്വന്തം ലക്ഷ്യപ്രാപ്തിക്കായി അവരെ സ്വാധീനിക്കാനും ആ കഴിവ് ഉപയോഗിക്കുന്നു. അടുത്തകാലത്തെ അതിന്റെ ഏറ്റവും കുപ്രസിദ്ധമായ ദൃഷ്ടാന്തം ഹിറ്റ്ലറായിരിക്കാം. “[1933-ൽ] ഭൂരിഭാഗം ജർമൻകാരെയും സംബന്ധിച്ചിടത്തോളം ഹിറ്റ്ലറിന് ശരിക്കും വ്യക്തിപ്രഭാവമുള്ള നേതാവിന്റെ പരിവേഷമുണ്ടായിരുന്നു—അല്ലെങ്കിൽ താമസംവിനാ അയാൾ അതു കൈവരിക്കുമായിരുന്നു” എന്ന് മൂന്നാം റൈക്കിന്റെ ഉദയവും അസ്തമയവും (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ വില്യം എൽ. ഷിറെർ എഴുതുന്നു. “അയാൾക്ക് ദിവ്യ നിർണയശക്തി ഉണ്ടായിരുന്നാലെന്നപോലെ അവർ അയാളെ പ്രക്ഷുബ്ധമായ അടുത്ത പന്ത്രണ്ട് വർഷം അന്ധമായി പിന്തുടരണമായിരുന്നു.”
തങ്ങളോട് ഭക്ത്യാദരവുള്ളവരായിരിക്കാൻ ആളുകളെ പ്രചോദിപ്പിക്കുകയും അതേസമയം അനുഗാമികളുടെമേൽ അനർഥം വരുത്തിവെക്കുകയും ചെയ്ത വ്യക്തിപ്രഭാവമുള്ള നേതാക്കന്മാരെക്കൊണ്ടു നിറഞ്ഞതാണ് മതചരിത്രവും. യേശു ഇങ്ങനെ മുന്നറിയിപ്പു നൽകി: “ആരും നിങ്ങളെ തെററിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. ഞാൻ ക്രിസ്തു എന്നു പറഞ്ഞു അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെററിക്കും.” (മത്തായി 24:4, 5) വ്യക്തിപ്രഭാവമുള്ള കള്ളക്ക്രിസ്തുക്കൾ രംഗപ്രവേശം ചെയ്തത് ഒന്നാം നൂറ്റാണ്ടിൽ മാത്രമല്ല. 1970-കളിൽ ജിം ജോൺസ് “പീപ്പിൾസ് ടെമ്പിളിന്റെ മിശിഹാ”യായി സ്വയം പ്രഖ്യാപിച്ചു. “ആളുകളുടെമേൽ അനിതരസാധാരണമായൊരു സ്വാധീനശക്തി”യുള്ള, “വ്യക്തിപ്രഭാവമുള്ള ഒരു പുരോഹിതൻ” എന്ന് അദ്ദേഹം വർണിക്കപ്പെട്ടു. അദ്ദേഹം 1978-ൽ ചരിത്രത്തിലെ ഏറ്റവും വലിയൊരു കൂട്ട ആത്മഹത്യയ്ക്കു പ്രേരണയേകി.a
തീർച്ചയായും, വ്യക്തിപ്രഭാവം (കരിസ്മ) അപകടകരമായ ഒരു ദാനമായിരിക്കാവുന്നതാണ്. എന്നാൽ, സകലരുടെയും പ്രയോജനത്തിനായി സകലർക്കും ലഭ്യമായിരിക്കുന്ന ദൈവത്തിൽനിന്നുള്ള ഒരു പ്രത്യേക തരം ദാനത്തെ അഥവാ ദാനങ്ങളെക്കുറിച്ച് ബൈബിൾ പറയുന്നു. ഈ ദാനത്തിനുള്ള ഗ്രീക്കു പദം ഖരിസ്മ ആണ്. അത് ബൈബിളിൽ 17 പ്രാവശ്യം കാണപ്പെടുന്നു. ഒരു ഗ്രീക്കു പണ്ഡിതൻ ആ പദത്തെ നിർവചിക്കുന്നത്, ‘സൗജന്യവും അനർഹവുമായ ദാനം, ഒരു മനുഷ്യന് നൽകപ്പെടുന്ന നേടിയെടുക്കാത്തതും അർഹിക്കാത്തതുമായ ഒന്ന്, ദൈവാനുഗ്രഹത്താൽ ലഭിക്കുന്നതും സ്വന്തം പ്രയത്നംകൊണ്ട് മനുഷ്യന് നേടിയെടുക്കാനോ സ്വന്തമാക്കാനോ ഒരിക്കലും കഴിയാത്തതുമായ ഒന്ന്’ എന്നാണ്.
അതുകൊണ്ട് തിരുവെഴുത്തുപരമായ അർഥത്തിൽ ഖരിസ്മ എന്നത് ദൈവത്തിന്റെ അനർഹദയ നിമിത്തം ലഭിക്കുന്ന ഒരു ദാനമാണ്. ദൈവം നമുക്കു ദയാപൂർവം നൽകിയിട്ടുള്ള ഈ ദാനങ്ങളിൽ ചിലത് ഏവയാണ്? അവനു സ്തുതി കരേറ്റാൻ നമുക്ക് അവ എങ്ങനെ ഉപയോഗിക്കാൻ കഴിയും? ഈ ദൈവിക ദാനങ്ങളിൽ മൂന്നെണ്ണം നമുക്കു പരിചിന്തിക്കാം.
നിത്യജീവൻ
എല്ലാറ്റിലും മഹത്തായ ദാനം നിത്യജീവനാണെന്നുള്ളതിൽ യാതൊരു സംശയവുമില്ല. റോമാ സഭയ്ക്ക് പൗലൊസ് ഇങ്ങനെ എഴുതി: “പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ [“ദാനമോ,” NW (ഖരിസ്മ)] നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻതന്നേ.” (റോമർ 6:23) ഇച്ഛാപൂർവമല്ലെങ്കിലും, നമ്മുടെ പാപപൂർണമായ അവസ്ഥ നിമിത്തമാണ് നാം ആ “ശമ്പളം” (മരണം) നേടിയിരിക്കുന്നതെന്നതു ശ്രദ്ധേയമാണ്. നേരേമറിച്ച്, ദൈവം ലഭ്യമാക്കുന്ന നിത്യജീവൻ നമ്മുടെ യോഗ്യതകൾകൊണ്ട് ഒരിക്കലും നേടാൻ കഴിയാത്ത തികച്ചും അനർഹമായ ഒന്നാണ്.
നിത്യജീവൻ എന്ന ദാനം അമൂല്യമായി കരുതപ്പെടേണ്ടതും പങ്കുവെക്കപ്പെടേണ്ടതുമാണ്. യഹോവയെ അറിയാനും സേവിക്കാനും അങ്ങനെ നിത്യജീവനാകുന്ന ദാനത്തിന്റെ ആനുകൂല്യം അനുഭവിക്കാനും നമുക്ക് ആളുകളെ സഹായിക്കാൻ കഴിയും. വെളിപ്പാടു 22:17 പറയുന്നു: “വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൌജന്യമായി വാങ്ങട്ടെ.”
നമുക്ക് ജീവദായകജലത്തിലേക്ക് മറ്റുള്ളവരെ എങ്ങനെ നയിക്കാൻ കഴിയും? പ്രധാനമായും, നമ്മുടെ ശുശ്രൂഷയിൽ ബൈബിൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനാൽ. ലോകത്തിന്റെ ചില ഭാഗങ്ങളിൽ ആളുകൾ അപൂർവമായേ ആത്മീയ കാര്യങ്ങൾ വായിക്കുകയോ ചിന്തിക്കുകയോ ചെയ്യുന്നുള്ളുവെന്നതു സത്യമാണെങ്കിലും ആരുടെയെങ്കിലുമൊക്കെ ‘ചെവി ഉണർത്താ’നുള്ള അവസരങ്ങൾ എല്ലായ്പോഴുമുണ്ട്. (യെശയ്യാവു 50:4) ഈ സംഗതിയിൽ, നമുക്ക് ബൈബിളിന്റെ പ്രചോദനാശക്തിയിൽ ആത്മവിശ്വാസമുള്ളവരായിക്കാവുന്നതാണ്. കാരണം “ദൈവത്തിന്റെ വചനം ജീവനുള്ളതും ശക്തി ചെലുത്തുന്നതു”മാണ്. (എബ്രായർ 4:12, NW) ഒരുവനെ സ്വാധീനിക്കുന്നത് ബൈബിളിലെ പ്രായോഗിക ജ്ഞാനം, അത് വെച്ചുനീട്ടുന്ന പ്രത്യാശ, ജീവിതോദ്ദേശ്യത്തെക്കുറിച്ചുള്ള അതിന്റെ വിശദീകരണം എന്നിങ്ങനെ എന്തുമായിക്കൊള്ളട്ടെ, ഹൃദയങ്ങളെ സ്പർശിക്കാനും ആളുകളെ ജീവന്റെ പാതയിലേക്കു നയിക്കാനും ദൈവവചനത്തിനു കഴിയും.—2 തിമൊഥെയൊസ് 3:16, 17.
അതിനുപുറമേ, ബൈബിളധിഷ്ഠിത സാഹിത്യങ്ങളും “വരിക” എന്നു പറയാൻ നമ്മെ സഹായിക്കും. ആത്മീയ അന്ധകാരത്തിന്റെ ഈ നാളിൽ തന്റെ ജനത്തിന്മേൽ “യഹോവ ഉദിക്കു”മെന്ന് പ്രവാചകനായ യെശയ്യാവ് മുൻകൂട്ടിപ്പറഞ്ഞു. (യെശയ്യാവു 60:2) വാച്ച് ടവർ സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങൾ യഹോവയിൽനിന്നുള്ള ഈ അനുഗ്രഹത്തെ പ്രതിഫലിപ്പിക്കുന്നു. അവ വർഷംതോറും ആയിരക്കണക്കിനാളുകളെ ആത്മീയ പ്രബുദ്ധതയുടെ ഉറവായ യഹോവയിലേക്കു നയിക്കുന്നു. അവയുടെ പേജുകളിലൊരിടത്തും വ്യക്തികൾക്ക് പ്രാമുഖ്യത നൽകുന്നില്ല. വീക്ഷാഗോപുരത്തിന്റെ ആമുഖം വിശദീകരിക്കുന്നതുപോലെ, “വീക്ഷാഗോപുരത്തിന്റെ ഉദ്ദേശ്യം അഖിലാണ്ഡത്തിന്റെ പരമാധികാരിയാം കർത്താവ് എന്നനിലയിൽ യഹോവയാം ദൈവത്തെ പ്രകീർത്തിക്കുകയാണ്. . . . അത് ഇപ്പോൾ വാഴ്ച നടത്തുന്ന ദൈവത്തിന്റെ രാജാവായ യേശുക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നു. അവന്റെ ചൊരിയപ്പെട്ട രക്തമാണു മനുഷ്യവർഗത്തിന് നിത്യജീവൻ നേടാനുള്ള വഴി തുറക്കുന്നത്.”
ദൈവത്തോട് അടുത്തുചെല്ലാൻ ആളുകളെ സഹായിക്കുന്നതിൽ വീക്ഷാഗോപുരത്തിനും ഉണരുക!യ്ക്കുമുള്ള മൂല്യത്തെക്കുറിച്ച്, ശുശ്രൂഷയിൽ അനേകം വർഷങ്ങളായി ശ്രദ്ധേയമായ വിജയം കൈവരിച്ചിട്ടുള്ള ഒരു മുഴുസമയ ക്രിസ്തീയ ശുശ്രൂഷക ഇങ്ങനെ അഭിപ്രായപ്പെടുന്നു: “എന്റെ ബൈബിൾ വിദ്യാർഥികൾ വീക്ഷാഗോപുരവും ഉണരുക!യും വായിച്ച് ആസ്വദിക്കാൻ തുടങ്ങുമ്പോൾ അവർ ത്വരിതഗതിയിൽ പുരോഗതി വരുത്തുന്നു. ഞാൻ ഈ മാസികകളെ വീക്ഷിക്കുന്നത് യഹോവയെ അറിയാൻ ആളുകളെ സഹായിക്കുന്ന അമൂല്യ സഹായികളായിട്ടാണ്.”
സേവന പദവികൾ
സവിശേഷ ശ്രദ്ധയർഹിച്ച മറ്റൊരു ദാനം ലഭിച്ച ഒരു ക്രിസ്തീയ ശിഷ്യനായിരുന്നു തിമൊഥെയൊസ്. പൗലൊസ് അപ്പോസ്തലൻ അവനോടു പറഞ്ഞു: “മൂപ്പന്മാരുടെ കൈവെപ്പോടുകൂടെ പ്രവചനത്താൽ നിനക്കു ലഭിച്ചതായി നിന്നിലുള്ള കൃപാവരം [“ദാനം,” NW (ഖരിസ്മ)] ഉപേക്ഷയായി വിചാരിക്ക”രുത്. (1 തിമൊഥെയൊസ് 4:14) എന്തായിരുന്നു ഈ ദാനം? ഒരു സഞ്ചാരമേൽവിചാരകനായുള്ള നിയമനം അതിൽ ഉൾപ്പെട്ടിരുന്നു. ഉത്തരവാദിത്വപൂർവം കാത്തുകൊള്ളേണ്ടിയിരുന്ന ഒരു സേവന പദവിയായിരുന്നു അത്. അതേ വാക്യഭാഗത്തുതന്നെ പൗലൊസ് തിമൊഥെയൊസിനെ ഉദ്ബോധിപ്പിച്ചു: “പരസ്യവായന, പ്രബോധനം, പഠിപ്പിക്കൽ എന്നിവയിൽ മുഴുകിയിരിക്കുക. നിനക്കുതന്നെയും നിന്റെ പഠിപ്പിക്കലിനും നിരന്തര ശ്രദ്ധ നൽകുക. ഇവയിൽ നിലനിൽക്ക; എന്തെന്നാൽ അങ്ങനെ ചെയ്താൽ നീ നിന്നെയും നിന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും.”—1 തിമൊഥെയൊസ് 4:13, 16, NW.
ഇന്നത്തെ മൂപ്പന്മാരും തങ്ങളുടെ സേവനപദവികൾ വിലയേറിയതായി കരുതേണ്ടതുണ്ട്. പൗലൊസ് സൂചിപ്പിക്കുന്നതുപോലെ, അവർക്കതു ചെയ്യാൻ കഴിയുന്ന ഒരു മാർഗം തങ്ങളുടെ ‘പഠിപ്പിക്കലിന് ശ്രദ്ധ നൽകു’ന്നതിലൂടെയാണ്. വ്യക്തിപ്രഭാവമുള്ള ലൗകിക നേതാക്കന്മാരെ അനുകരിച്ചുകൊണ്ട് തങ്ങളിലേക്കുതന്നെ ശ്രദ്ധ തിരിച്ചുവിടുന്നതിനു പകരം അവർ ദൈവത്തിലേക്കു ശ്രദ്ധ തിരിച്ചുവിടുന്നു. അവരുടെ മാതൃകാപുരുഷനായ യേശു നിസ്സംശയമായും വശ്യമായ വ്യക്തിത്വത്തിന് ഉടമയായ ശ്രദ്ധേയനായൊരു ഗുരുവായിരുന്നു. എന്നാൽ അവൻ താഴ്മയോടെ തന്റെ പിതാവിനു മഹത്ത്വം കൊടുത്തു. “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ” എന്ന് അവൻ ഉദ്ഘോഷിച്ചു.—യോഹന്നാൻ 5:41; 7:16.
തന്റെ പഠിപ്പിക്കലിന്റെ ആധികാരിക ഉറവെന്നനിലയിൽ ദൈവവചനത്തെ ഉപയോഗിച്ചുകൊണ്ട് യേശു തന്റെ സ്വർഗീയ പിതാവിനെ മഹത്ത്വപ്പെടുത്തി. (മത്തായി 19:4-6; 22:31, 32, 37-40) സമാനമായി മേൽവിചാരകന്മാർ “ഉപദേശപ്രകാരമുള്ള വിശ്വാസ്യവചനം മുറുകെപ്പിടി”ക്കേണ്ടതിന്റെ ആവശ്യം പൗലൊസ് ഊന്നിപ്പറഞ്ഞു. (തീത്തൊസ് 1:9) തങ്ങളുടെ പ്രസംഗങ്ങളെ തിരുവെഴുത്തുകളിൽ ദൃഢമായി അടിസ്ഥാനപ്പെടുത്തുമ്പോൾ മൂപ്പന്മാർ ഫലത്തിൽ യേശുവിനെപ്പോലെ പറയുകയായിരിക്കും. അവൻ ഇങ്ങനെ പറഞ്ഞു: “ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു.”—യോഹന്നാൻ 14:10.
മൂപ്പന്മാർക്ക് “ഉപദേശപ്രകാരമുള്ള വിശ്വാസ്യവചനം മുറുകെപ്പിടി”ക്കാൻ എങ്ങനെ കഴിയും? തങ്ങളുടെ പ്രസംഗങ്ങളും യോഗനിയമനങ്ങളും ദൈവവചനത്തിൽ കേന്ദ്രീകരിക്കുകയും ഉപയോഗിക്കുന്ന വാക്യങ്ങൾ വിശദീകരിക്കുകയും ഊന്നിപ്പറയുകയും ചെയ്തുകൊണ്ട്. മതിപ്പുനേടാൻ ഉദ്ദേശിച്ചുള്ള ദൃഷ്ടാന്തങ്ങളോ ഹാസ്യാത്മക കഥകളോ, വിശേഷിച്ചും അവ അമിതമായി ഉപയോഗിക്കുമ്പോൾ, സദസ്സിന്റെ ശ്രദ്ധ ദൈവവചനത്തിൽനിന്ന് വ്യതിചലിപ്പിച്ച് പ്രസംഗകന്റെ പ്രാപ്തിയിൽ കേന്ദ്രീകരിച്ചേക്കാം. നേരേമറിച്ച്, ഹൃയത്തിലെത്തിച്ചേരുകയും സദസ്സിനെ പ്രചോദിപ്പിക്കുകയും ചെയ്യുന്നത് ബൈബിൾ വാക്യങ്ങളാണ്. (സങ്കീർത്തനം 19:7-9; 119:40; ലൂക്കൊസ് 24:3 താരതമ്യം ചെയ്യുക.) അത്തരം പ്രസംഗങ്ങൾ മനുഷ്യരിലേക്ക് അധികം ശ്രദ്ധയാകർഷിക്കാതെ ദൈവത്തിനു കൂടുതൽ മഹത്ത്വം നൽകും.
മൂപ്പന്മാർക്ക് കൂടുതൽ ഫലപ്രദരായ അധ്യാപകരായിത്തീരാൻ കഴിയുന്ന മറ്റൊരു വിധം അന്യോന്യം ഓരോരുത്തരിൽനിന്നും പഠിക്കുന്നതാണ്. പൗലൊസ് തിമൊഥെയൊസിനെ സഹായിച്ചതുപോലെ, ഒരു മൂപ്പന് മറ്റൊരു മൂപ്പനെ സഹായിക്കാവുന്നതാണ്. “ഇരിമ്പു ഇരിമ്പിന്നു മൂർച്ചകൂട്ടുന്നു; മനുഷ്യൻ മനുഷ്യന്നു മൂർച്ചകൂട്ടുന്നു.” (സദൃശവാക്യങ്ങൾ 27:17; ഫിലിപ്പിയർ 2:3) ആശയങ്ങളും നിർദേശങ്ങളും പങ്കുവെച്ചുകൊണ്ട് മൂപ്പന്മാർക്കു പ്രയോജനം നേടാനാകും. അടുത്തയിടെ മൂപ്പനായി നിയമിക്കപ്പെട്ട ഒരു സഹോദരൻ ഇങ്ങനെ വിശദീകരിച്ചു: “താൻ എങ്ങനെയാണ് ഒരു പരസ്യപ്രസംഗം തയ്യാറാകുന്നതെന്ന് എനിക്കു കാണിച്ചുതരാൻ പരിചയസമ്പന്നനായ ഒരു മൂപ്പൻ കുറെ സമയം ചെലവഴിച്ചു. തന്റെ തയ്യാറാകലിൽ, ശ്രദ്ധയുണർത്തുന്ന തരത്തിലുള്ള ചോദ്യങ്ങൾ, ദൃഷ്ടാന്തങ്ങൾ, ഉദാഹരണങ്ങൾ, ഹ്രസ്വമായ അനുഭവങ്ങൾ, സൂക്ഷ്മമായി ഗവേഷണം നടത്തിയ തിരുവെഴുത്തു ഭാഗങ്ങൾ എന്നിവയൊക്കെ അദ്ദേഹം ഉൾപ്പെടുത്തി. മുഷിപ്പിക്കുന്നതും വിരസവുമായ അവതരണം ഒഴിവാക്കി എന്റെ പ്രസംഗത്തിന് എങ്ങനെ വൈവിധ്യം പകരാൻ കഴിയുമെന്ന് ഞാൻ അദ്ദേഹത്തിൽനിന്നു പഠിച്ചു.
സേവനപദവികൾ ആസ്വദിക്കുന്ന നാമെല്ലാം, മൂപ്പന്മാരായാലും ശുശ്രൂഷാദാസന്മാരായാലും പയനിയർമാരായാലും, നമുക്കു ലഭിച്ചിരിക്കുന്ന ദാനത്തെ അമൂല്യമായി കരുതേണ്ടതുണ്ട്. തന്റെ മരണത്തിന് അൽപ്പകാലം മുമ്പ് പൗലൊസ് തിമൊഥെയൊസിനെ ‘അവനിലുള്ള ദൈവത്തിന്റെ കൃപാവരം [“ദാനം,” NW (ഖരിസ്മ)] ജ്വലിപ്പി’ക്കാൻ ഓർമിപ്പിച്ചു. തിമൊഥെയൊസിന്റെ കാര്യത്തിൽ ഉൾപ്പെട്ടിരുന്നത് ആത്മാവിന്റെ ചില സവിശേഷ ദാനങ്ങളായിരുന്നു. (2 തിമൊഥെയൊസ് 1:6) ഇസ്രായേൽ ഭവനങ്ങളിൽ തീയായി ഉപയോഗിച്ചിരുന്നത് മിക്കപ്പോഴും ജ്വലിക്കുന്ന വെറും തീക്കനലുകളായിരുന്നു. തീജ്വാലയോ കൂടുതൽ ചൂടോ ഉളവാക്കാനായി അവയെ ‘ജ്വലിപ്പിക്കാൻ’ കഴിയുമായിരുന്നു. അങ്ങനെ നമ്മുടെ നിയമനത്തിൽ മുഴുഹൃദയവും അർപ്പിക്കാൻ, നമ്മെ ഭരമേൽപ്പിച്ചിരിക്കുന്ന ആത്മീയ ദാനം എന്തായിരുന്നാലും അതിനെ തീപോലെ ജ്വലിപ്പിക്കാൻ നാം പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നു.
പങ്കുവെക്കേണ്ട ആത്മീയ ദാനങ്ങൾ
റോമിലെ തന്റെ സഹോദരന്മാരോടുള്ള പൗലൊസിന്റെ സ്നേഹം പിൻവരുന്നപ്രകാരം എഴുതാൻ അവനെ പ്രേരിപ്പിച്ചു: ‘നിങ്ങളുടെ സ്ഥിരീകരണത്തിന്നായി ആത്മിക വരം [“ദാനം,” NW (ഖരിസ്മ)] വല്ലതും നിങ്ങൾക്കു നല്കേണ്ടതിന്നു, അതായതു നിങ്ങൾക്കും എനിക്കും ഒത്തൊരുമിച്ചുള്ള വിശ്വാസത്താൽ നിങ്ങളോടുകൂടെ എനിക്കും ആശ്വാസം ലഭിക്കേണ്ടതിന്നു ഞാൻ നിങ്ങളെ കാണ്മാൻ വാഞ്ഛിക്കുന്നു.’ (റോമർ 1:11, 12) മറ്റുള്ളവരോടു സംസാരിച്ചുകൊണ്ട് അവരുടെ വിശ്വാസത്തെ ബലിഷ്ഠമാക്കാനുള്ള നമ്മുടെ പ്രാപ്തിയെ പൗലൊസ് ഒരു ആത്മീയ ദാനമായി വീക്ഷിച്ചു. അത്തരം ആത്മീയ ദാനങ്ങളുടെ പരസ്പര കൈമാറ്റം വിശ്വാസത്തെ ബലിഷ്ഠമാക്കുന്നതിലും പരസ്പര പ്രോത്സാഹനത്തിലും കലാശിക്കും.
ഇത് തീർച്ചയായും ആവശ്യമാണ്. നാം ജീവിക്കുന്ന ഈ ദുഷ്ടവ്യവസ്ഥിതിയിൽ നാമെല്ലാം ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ സമ്മർദങ്ങളെ അഭിമുഖീകരിക്കുന്നു. എന്നാൽ പതിവായ പരസ്പര പ്രോത്സാഹന കൈമാറ്റത്തിന് സ്ഥിരോത്സാഹം കാണിക്കാൻ നമ്മെ സഹായിക്കാനാകും. ആത്മീയ ശക്തി നിലനിർത്തുന്നതിൽ പരസ്പര കൈമാറ്റം—കൊടുക്കുന്നതും സ്വീകരിക്കുന്നതും—എന്ന ആശയം പ്രധാനമാണ്. നമുക്കെല്ലാം ഇടയ്ക്കിടെ പ്രോത്സാഹനം വേണമെന്നുള്ളത് സത്യമാണെങ്കിലും മറ്റുള്ളവരെ കെട്ടുപണി ചെയ്യാനും നമുക്കു കഴിയും.
വിഷാദചിത്തരായ സഹവിശ്വാസികളെ നിരീക്ഷിക്കുന്നതിൽ നാം ശ്രദ്ധാലുക്കളാണെങ്കിൽ ‘ദൈവം നമ്മെ ആശ്വസിപ്പിക്കുന്ന ആശ്വാസംകൊണ്ടു നമുക്ക് ഏതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിപ്പാൻ’ കഴിഞ്ഞേക്കും. (2 കൊരിന്ത്യർ 1:3-5) ആശ്വാസം എന്നതിനുള്ള ഗ്രീക്കു പദത്തിന്റെ (പാരാക്ലെസിസ്) അക്ഷരീയാർഥം “ഒരുവന്റെ പക്ഷത്തേക്കുള്ള ക്ഷണം” എന്നാണ്. നമ്മുടെ സഹോദരനോ സഹോദരിക്കോ ആവശ്യമുള്ളപ്പോൾ സഹായഹസ്തം നീട്ടിക്കൊടുക്കാൻ നാം ഒപ്പമുണ്ടെങ്കിൽ, നമുക്ക് ഒരാവശ്യമുള്ളപ്പോൾ സ്നേഹപൂർവകമായ അതേ പിന്തുണ ലഭിക്കുമെന്നതിൽ സംശയമില്ല.—സഭാപ്രസംഗി 4:9, 10; പ്രവൃത്തികൾ 9:36-41 താരതമ്യം ചെയ്യുക.
മൂപ്പന്മാരുടെ സ്നേഹപൂർവകമായ ഇടയസന്ദർശനവും വളരെയേറെ പ്രയോജനപ്രദമാണ്. ശ്രദ്ധ ആവശ്യമുള്ള കാര്യങ്ങളിൽ തിരുവെഴുത്തുപരമായ ബുദ്ധ്യുപദേശം നൽകാനായി സന്ദർശനങ്ങൾ നടത്താറുണ്ടെങ്കിലും മിക്ക ഇടയസന്ദർശനങ്ങളും പ്രോത്സാഹനം, അതായത് ഹൃദയങ്ങൾക്ക് ആശ്വാസം, പകരാൻവേണ്ടിയുള്ളവയാണ്. (കൊലൊസ്സ്യർ 2:2) വിശ്വാസത്തെ ബലിഷ്ഠമാക്കുന്ന അത്തരം സന്ദർശനങ്ങൾ മൂപ്പന്മാർ നടത്തുമ്പോൾ അവർ വാസ്തവത്തിൽ ആത്മീയമായ ഒരു ദാനം നൽകുകയാണ്. പൗലൊസിനെപ്പോലെ, അതുല്യമായ ഈ നൽകൽ ഫലദായകമാണെന്ന് അവർ കണ്ടെത്തും. തങ്ങളുടെ സഹോദരന്മാരോട് ഒരു “വാഞ്ഛ”യും അവർ വളർത്തിയെടുക്കും.—റോമർ 1:11, 12.
സ്പെയിനിലുള്ള ഒരു മൂപ്പന്റെ കാര്യത്തിൽ ഇതു സത്യമായിരുന്നു. അദ്ദേഹം പിൻവരുന്ന അനുഭവം പറയുന്നു: “11 വയസ്സുകാരനായ റിക്കാർഡോ യോഗങ്ങളിലും പൊതുവേ സഭയിലും വളരെക്കുറച്ചു താത്പര്യമേ പ്രകടിപ്പിക്കുന്നതായി തോന്നിയുള്ളൂ. അതുകൊണ്ട് ഞാൻ റിക്കാർഡോയുടെ മാതാപിതാക്കളോട് അവനെ സന്ദർശിക്കാൻ അനുവാദം ചോദിച്ചു. അവർ ഉടനടി സമ്മതിച്ചു. അവർ താമസിച്ചിരുന്നത് ഒരു മലമ്പ്രദേശത്തായിരുന്നു. എന്റെ വീട്ടിൽനിന്ന് അങ്ങോട്ട് ഏകദേശം ഒരു മണിക്കൂർ നേരത്തെ വാഹനയാത്രയുണ്ടായിരുന്നു. ഞാൻ അവനിൽ താത്പര്യമെടുത്തത് അവനെ വ്യക്തമായും സന്തോഷിപ്പിച്ചു. അവൻ ഉടൻതന്നെ പ്രതികരിച്ചു. അവൻ പെട്ടെന്നുതന്നെ സ്നാപനമേൽക്കാത്ത ഒരു പ്രസാധകനും സഭയിലെ ഊർജസ്വലനായ ഒരംഗവുമായിത്തീർന്നു. അവന്റെ ലജ്ജാ പ്രകൃതം മാറി, കൂടുതൽ സന്തോഷകരവും സൗഹാർദപരവുമായ ഒരു വ്യക്തിത്വം കൈവന്നു. സഭയിലുള്ള പലരും ചോദിച്ചു: ‘റിക്കാർഡോയ്ക്ക് എന്തു പറ്റി?’ അവർ അവനെ ശ്രദ്ധിക്കുന്നത് ആദ്യമായിട്ടാണെന്നതുപോലെ തോന്നി. ആ നിർണായക ഇടയസന്ദർശനത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, എനിക്കാണ് റിക്കാർഡോയെക്കാൾ പ്രയോജനം കിട്ടിയിരിക്കുന്നതെന്ന് തോന്നുന്നു. രാജ്യഹാളിലേക്കു പ്രവേശിക്കുമ്പോൾ അവന്റെ മുഖത്ത് സന്തോഷം സ്ഫുരിക്കുന്നു, അഭിവാദ്യം ചെയ്യാനായി അവൻ എന്റെ അടുത്തേക്ക് ഓടിയെത്തുന്നു. അവന്റെ ആത്മീയ പുരോഗതി കാണുന്നത് സന്തോഷകരംതന്നെ.”
ഇതുപോലുള്ള, ഇടയസന്ദർശനങ്ങൾ സമൃദ്ധമായി അനുഗ്രഹിക്കപ്പെടുന്നുവെന്നതിൽ ഇരുപക്ഷമില്ല. അത്തരം സന്ദർശനങ്ങൾ “എന്റെ ആടുകളെ പാലിക്ക” എന്ന യേശുവിന്റെ ഉദ്ബോധനത്തോടു ചേർച്ചയിലാണ്. (യോഹന്നാൻ 21:16) അത്തരം ആത്മീയ ദാനങ്ങൾ നൽകാൻ കഴിയുന്നത് തീർച്ചയായും മൂപ്പന്മാർക്കു മാത്രമല്ല. സഭയിലുള്ള എല്ലാവർക്കും മറ്റുള്ളവരെ സ്നേഹത്തിനും സത്പ്രവൃത്തികൾക്കും പ്രചോദിപ്പിക്കാൻ കഴിയും. (എബ്രായർ 10:23, 24) പർവതാരോഹകർ കയറുകൊണ്ട് പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതുപോലെ നാം ആത്മീയ കയറുകളാൽ കൂട്ടിയോജിപ്പിക്കപ്പെട്ടിരിക്കുന്നു. നാം ചെയ്യുന്നതും പറയുന്നതും മറ്റുള്ളവരെ തീർച്ചയായും ബാധിക്കുന്നു. നമ്മെ ഏകീകരിക്കുന്ന കെട്ടുകളെ ഒരു കുത്തുവാക്കോ കടുത്ത വിമർശനമോ ദുർബലമാക്കിയേക്കാം. (എഫെസ്യർ 4:29; യാക്കോബ് 3:8) നേരേമറിച്ച്, തിരഞ്ഞെടുത്ത പ്രോത്സാഹനവാക്കുകൾക്കും സ്നേഹപൂർവകമായ സഹായത്തിനും പ്രശ്നങ്ങൾ മറികടക്കാൻ സഹോദരന്മാരെ സഹായിക്കാൻ കഴിയും. ഈ വിധത്തിൽ നാം നിലനിൽക്കുന്ന മൂല്യമുള്ള ആത്മീയ ദാനങ്ങൾ പങ്കുവെക്കുകയായിരിക്കും ചെയ്യുന്നത്.—സദൃശവാക്യങ്ങൾ 12:15.
ദൈവമഹത്ത്വത്തെ കൂടുതൽ തികവോടെ പ്രതിഫലിപ്പിക്കൽ
എല്ലാ ക്രിസ്ത്യാനികൾക്കും ഒരളവിലുള്ള വ്യക്തിപ്രഭാവമുണ്ട്. നിത്യജീവന്റെ അമൂല്യമായ പ്രത്യാശ നമുക്കു ലഭിച്ചിട്ടുണ്ട്. പരസ്പരം പങ്കുവെക്കാവുന്ന ആത്മീയ ദാനങ്ങളും നമുക്കുണ്ട്. മറ്റുള്ളവരെ നല്ലതിനു വേണ്ടി ച്രചോദിപ്പിക്കാനും പ്രേരിപ്പിക്കാനും നമുക്കു ശ്രമിക്കാവുന്നതാണ്. ചിലർക്ക് സേവനപദവികളുടെ രൂപത്തിലുള്ള കൂടുതലായ ദാനങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ ദാനങ്ങളെല്ലാം ദൈവത്തിന്റെ അനർഹദയയുടെ തെളിവാണ്. നമുക്കുണ്ടായിരുന്നേക്കാവുന്ന ഏതു ദാനവും ദൈവത്തിൽനിന്നു ലഭിച്ചതാകയാൽ നമുക്കു വീമ്പിളക്കാൻ തീർച്ചയായും യാതൊരു കാരണവുമില്ല.—1 കൊരിന്ത്യർ 4:7.
ക്രിസ്ത്യാനികളെന്ന നിലയിൽ നാം നമ്മോടുതന്നെ പിൻവരുന്ന പ്രകാരം ചോദിക്കുന്നത് ഉചിതമായിരിക്കും, ‘എനിക്കുള്ള വ്യക്തിപ്രഭാവമോ ലഭിച്ചിരിക്കുന്ന ദാനങ്ങളോ ഏതളവിലുള്ളതായിരുന്നാലും, “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും” തരുന്ന യഹോവയ്ക്കു മഹത്ത്വം കരേറ്റാൻ ഞാനത് ഉപയോഗിക്കുമോ? (യാക്കോബ് 1:17) എന്റെ പ്രാപ്തികൾക്കും സാഹചര്യങ്ങൾക്കും അനുസൃതമായി ഞാൻ യേശുവിനെ അനുകരിക്കുകയും മറ്റുള്ളവരെ ശുശ്രൂഷിക്കുകയും ചെയ്യുമോ?’
ഇത്തരുണത്തിൽ നമുക്കുള്ള ഉത്തരവാദിത്വം പത്രൊസ് അപ്പോസ്തലൻ സംക്ഷേപിക്കുന്നു: “ഓരോരുത്തന്നു വരം [“ദാനം,” NW (ഖരിസ്മ)] ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിപ്പിൻ. ഒരുത്തൻ പ്രസംഗിക്കുന്നു എങ്കിൽ ദൈവത്തിന്റെ അരുളപ്പാടു പ്രസ്താവിക്കുന്നു എന്നപോലെയും ഒരുത്തൻ ശുശ്രൂഷിക്കുന്നു എങ്കിൽ ദൈവം നല്കുന്ന പ്രാപ്തിക്കു ഒത്തവണ്ണവും ആകട്ടെ. എല്ലാററിലും ദൈവം യേശുക്രിസ്തു മൂലം മഹത്വപ്പെടുവാൻ ഇടവരട്ടെ.”—1 പത്രൊസ് 4:10, 11.
[അടിക്കുറിപ്പുകൾ]
a ജിം ജോൺസ് ഉൾപ്പെടെ മൊത്തം 913 പേർ മരണമടഞ്ഞു.
[23-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Corbis-Bettmann
UPI/Corbis-Bettmann