അവർ യഹോവയുടെ ഹിതം ചെയ്തു
വിവേകമതിയായ ഒരു സ്ത്രീ അനർഥം ഒഴിവാക്കുന്നു
വിവേകമതിയായ ഒരു സ്ത്രീ ഒന്നിനും കൊള്ളാത്ത ഒരു മനുഷ്യനെ വിവാഹം കഴിച്ചു—അബീഗയിലിന്റെയും നാബാലിന്റെയും അവസ്ഥ അതായിരുന്നു. അബീഗയിൽ “നല്ല വിവേകമുള്ളവളും സുന്ദരിയും” ആയിരുന്നു. നേരേമറിച്ച് നാബാൽ “നിഷ്ഠുരനും ദുഷ്കർമ്മിയും” ആയിരുന്നു. (1 ശമൂവേൽ 25:3) ചേർച്ചയില്ലാത്ത ഈ ദമ്പതികൾ ഉൾപ്പെട്ട സംഭവപരമ്പരകൾ നിമിത്തം അവരുടെ പേര് ബൈബിൾ ചരിത്രത്തിൽ ചിരപ്രതിഷ്ഠനേടി. അതെങ്ങനെയെന്നു നമുക്കു നോക്കാം.
വിലമതിക്കപ്പെടാഞ്ഞ ഒരു ഉപകാരം
പൊ.യു.മു. 11-ാം നൂറ്റാണ്ടായിരുന്നു കാലം. ഇസ്രായേലിന്റെ ഭാവി രാജാവായി ദാവീദ് അഭിഷേകംചെയ്യപ്പെട്ടിരുന്നു, എന്നാൽ ഭരിക്കുന്നതിനുപകരം അവൻ ഒളിച്ചോടുകയായിരുന്നു. അപ്പോൾ ഭരിച്ചുകൊണ്ടിരുന്ന രാജാവായ ശൗൽ അവനെ കൊല്ലാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയായിരുന്നു. തത്ഫലമായി, ഒരു അഭയാർഥിയായി ജീവിക്കാൻ ദാവീദ് നിർബന്ധിതനായി. യഹൂദയ്ക്കു തെക്ക്, സീനായി മരുഭൂമിക്കു സമീപമുള്ള പാരാൻ മരുഭൂമിയിൽ അവനും അവന്റെ 600 സഹകാരികളും ഒടുവിൽ അഭയം കണ്ടെത്തി.—1 ശമൂവേൽ 23:13; 25:1.
അവിടെയായിരിക്കെ, നാബാൽ എന്ന ഒരുവന്റെ ആട്ടിടയൻമാരെ അവർ കണ്ടുമുട്ടി. കാലേബിന്റെ വംശജനായ ഈ ധനാഢ്യന് 3,000 ചെമ്മരിയാടുകളും 1,000 കോലാടുകളും ഉണ്ടായിരുന്നു. ഒരുപക്ഷേ പാരാനിൽനിന്ന്a ഏകദേശം 40 കിലോമീറ്റർമാത്രം അകലെ, ഹെബ്രോനു തെക്കുള്ള ഒരു നഗരമായ കർമ്മേലിൽവെച്ച് അവൻ തന്റെ ആടുകളുടെ രോമം കത്രിച്ചിരുന്നു. മരുഭൂമിയിൽക്കൂടി ചുറ്റിക്കറങ്ങിയിരുന്ന മോഷ്ടാക്കളിൽനിന്ന് ആട്ടിൻകൂട്ടങ്ങളെ സംരക്ഷിക്കാൻ ദാവീദും അവന്റെ ആൾക്കാരും നാബാലിന്റെ ആട്ടിടയൻമാരെ സഹായിച്ചു.—1 ശമൂവേൽ 25:14-16.
അതിനിടയിൽ, കർമ്മേലിൽ ആടിന്റെ രോമംകത്രിക്കൽ തുടങ്ങിയിരുന്നു. ഇത് സന്തോഷകരമായ ഒരു അവസരമായിരുന്നു, കർഷകന്റെ വിളവെടുപ്പുകാലം പോലെ. തങ്ങൾക്കുവേണ്ടി ജോലിചെയ്തവർക്ക് ആടിന്റെ ഉടമകൾ പ്രതിഫലം നൽകുന്ന, നിർലോഭ ഔദാര്യത്തിന്റെ ഒരു സമയംകൂടിയായിരുന്നു ഇത്. അതുകൊണ്ട്, നാബാലിന്റെ ആട്ടിൻകൂട്ടങ്ങൾക്കുവേണ്ടി തങ്ങൾ ചെയ്ത സേവനത്തിന്റെ കൂലിയായി അയാളോടു ഭക്ഷണം ചോദിക്കാൻ ദാവീദ് പത്തുപേരെ കർമ്മേൽ നഗരത്തിലേക്കു പറഞ്ഞയച്ചപ്പോൾ അവൻ ധിക്കാരപൂർവം പ്രവർത്തിക്കുകയായിരുന്നില്ല.—1 ശമൂവേൽ 25:4-9.
നാബാലിന്റെ പ്രതികരണം ഒട്ടും ഔദാര്യപൂർവമായിരുന്നില്ല. “ദാവീദ് ആർ?” അവൻ പുച്ഛസ്വരത്തിൽ ചോദിച്ചു. എന്നിട്ട്, ദാവീദും അവന്റെ ആൾക്കാരും ഒളിച്ചോടിയ ദാസൻമാർ മാത്രമാണെന്ന് സൂചിപ്പിച്ചുകൊണ്ട് അവൻ ചോദിച്ചു: “ഞാൻ എന്റെ അപ്പവും വെള്ളവും എന്റെ ആടുകളെ രോമം കത്രിക്കുന്നവർക്കായി ഒരുക്കിയ മാംസവും എടുത്തു എവിടുത്തുകാർ എന്നു അറിയാത്തവർക്കു കൊടുക്കുമോ?” ദാവീദ് ഇതു കേട്ടപ്പോൾ തന്റെ ആൾക്കാരോടു പറഞ്ഞു: “എല്ലാവരും വാൾ അരെക്കു കെട്ടിക്കൊൾവിൻ.” ഏകദേശം 400 പേർ യുദ്ധത്തിനായി ഒരുങ്ങി.—1 ശമൂവേൽ 25:10-13.
അബീഗയിലിന്റെ വിവേകം
നാബാലിന്റെ നിന്ദാപൂർവകമായ സംസാരം അയാളുടെ ഭാര്യയായ അബീഗയിലിന്റെ ശ്രദ്ധയിൽപ്പെട്ടു. നാബാലിനുവേണ്ടി കാര്യാദികളിൽ ഇടപെട്ട് ഒരു സമാധാനസ്ഥാപകയായി അവൾ വർത്തിക്കുന്നത് ഒരുപക്ഷേ ഇത് ആദ്യമല്ലായിരിക്കാം. എന്തായിരുന്നാലും, അബീഗയിൽ താമസംവിനാ പ്രവർത്തിച്ചു. നാബാലിനോടു പറയാതെ അവൾ, അഞ്ച് ചെമ്മരിയാടുകളും ധാരാളം ആഹാരവും ഉൾപ്പെടെയുള്ള, ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് മരുഭൂമിയിലുള്ള ദാവീദിനെ കാണാനായി പുറപ്പെട്ടു.—1 ശമൂവേൽ 25:18-20.
ദാവീദിനെ കണ്ടയുടനെ അബീഗയിൽ സാഷ്ടാംഗം നമസ്കരിച്ചു. “ദുസ്സ്വഭാവിയായ ഈ നാബാലിനെ യജമാനൻ ഗണ്യമാക്കരുതേ,” അവൾ അപേക്ഷിച്ചു. “ഇപ്പോൾ യജമാനന്റെ അടുക്കൽ അടിയൻ കൊണ്ടുവന്നിരിക്കുന്ന ഈ കാഴ്ച യജമാനന്റെ പരിചാരകരായ ബാല്യക്കാർക്കു ഇരിക്കട്ടെ.” അവൾ കൂട്ടിച്ചേർത്തു: “[നാബാലിനോടു ബന്ധപ്പെട്ട സാഹചര്യം നിമിത്തം] ചഞ്ചലവും മനോവ്യഥയും യജമാനന്നു ഉണ്ടാ”കാതിരിക്കട്ടെ. ഇവിടെ “ചഞ്ചലം” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദം മനസ്സാക്ഷിക്കുത്തിനെ അർഥമാക്കുന്നു. അതുകൊണ്ട്, പിന്നീടു ഖേദിക്കേണ്ടിവരുമായിരുന്ന നടപടി തിടുക്കംകൂട്ടി എടുക്കുന്നതിനെതിരെ അബീഗയിൽ ദാവീദിനു മുന്നറിയിപ്പു നൽകി.—1 ശമൂവേൽ 25:23-31.
ദാവീദ് അബീഗയിലിനെ ശ്രദ്ധിച്ചുകേട്ടു. “നിന്റെ വിവേകം സ്തുത്യം; രക്തപാതകവും സ്വന്തകയ്യാൽ പ്രതികാരവും ചെയ്യാതവണ്ണം എന്നെ ഇന്നു തടുത്തിരിക്കുന്ന നീയും അനുഗ്രഹിക്കപ്പെട്ടവൾ” എന്ന് അവൻ അവളോടു പറഞ്ഞു. “നീ ബദ്ധപ്പെട്ടു എന്നെ എതിരേററു വന്നിരുന്നില്ലെങ്കിൽ നേരം പുലരുമ്പോഴേക്കു പുരുഷ പ്രജയൊന്നും [“മതിലിനുനേരേ മൂത്രമൊഴിക്കുന്ന ഒരുവനും,” NW] നാബാലിന്നു ശേഷിക്കയില്ലായിരുന്നു.”b—1 ശമൂവേൽ 25:32-34.
നമുക്കുള്ള പാഠങ്ങൾ
ആവശ്യമായി വരുമ്പോൾ ഉചിതമായി മുൻകൈ എടുക്കുന്നതു ദൈവഭക്തിയുള്ള ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം യാതൊരു പ്രകാരത്തിലും തെറ്റല്ലെന്ന് ഈ ബൈബിൾ വിവരണം പ്രകടമാക്കുന്നു. അബീഗയിൽ തന്റെ ഭർത്താവായ നാബാലിന്റെ ആഗ്രഹത്തിനു വിരുദ്ധമായി പ്രവർത്തിച്ചു. എന്നാൽ ഇതിനെപ്രതി ബൈബിൾ അവളെ കുറ്റം വിധിക്കുന്നില്ല. നേരേമറിച്ച്, വിവേകവും പ്രായോഗികബുദ്ധിയുമുള്ള ഒരു സ്ത്രീയെന്നനിലയിൽ അത് അവളെ പ്രകീർത്തിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ മുൻകൈ എടുത്തുകൊണ്ട് അബീഗയിൽ അനേകരുടെ ജീവൻ രക്ഷിച്ചു.
ഒരു ഭാര്യ സാധാരണഗതിയിൽ ദൈവിക കീഴ്പെടലിന്റെ ആത്മാവു പ്രകടമാക്കണമെങ്കിലും, ശരിയായ തത്ത്വങ്ങൾ അപകടത്തിലായിരിക്കുമ്പോൾ അവൾ ഉചിതമായും തന്റെ ഭർത്താവിനോടു വിയോജിച്ചേക്കാം. തീർച്ചയായും, അവൾ “സൌമ്യതയും സാവധാനതയുമുള്ള മനസ്സു” നിലനിർത്താൻ പരിശ്രമിക്കണം. വിദ്വേഷമോ അഹങ്കാരമോ മത്സരബുദ്ധിയോ നിമിത്തം അവൾ സ്വതന്ത്രമായി പ്രവർത്തിക്കരുത്. (1 പത്രൊസ് 3:4) എന്നാൽ, തികച്ചും ബുദ്ധിശൂന്യമാണെന്ന് അല്ലെങ്കിൽ ബൈബിൾ തത്ത്വങ്ങളുടെ ലംഘനമാണെന്ന് തനിക്ക് അറിയാവുന്ന എന്തെങ്കിലും ചെയ്യാൻ താൻ നിർബന്ധിതയാണെന്ന് ദൈവഭക്തിയുള്ള ഒരു ഭാര്യ ചിന്തിക്കരുത്. സത്യമായും, അബീഗയിലിനെക്കുറിച്ചുള്ള വിവരണം, സ്ത്രീകളെ ബൈബിൾ വെറും അടിമകളായി ചിത്രീകരിക്കുന്നുവെന്നു ശഠിക്കുന്നവർക്കെതിരെ ശക്തമായൊരു വാദമുഖം പ്രദാനം ചെയ്യുന്നു.
ഈ വിവരണം ആത്മനിയന്ത്രണത്തെക്കുറിച്ചും നമ്മെ പഠിപ്പിക്കുന്നു. ചില അവസരങ്ങളിൽ ദാവീദ് ഈ ഗുണം തികഞ്ഞ അളവിൽ പ്രകടമാക്കി. ദൃഷ്ടാന്തത്തിന്, ശൗൽ രാജാവിനെ കൊല്ലാൻ പറ്റിയ അവസരം ദാവീദിന് ലഭിച്ചപ്പോൾ, ശൗലിന്റെ മരണം അവനു സമാധാനം കൈവരുത്തുമായിരുന്നിട്ടുപോലും പ്രതികാരദാഹിയായ രാജാവിനെ കൊല്ലാൻ അവൻ വിസമ്മതിച്ചു. (1 ശമൂവേൽ 24:2-7) നേരേമറിച്ച്, നാബാൽ അവനെ അവഹേളനാപൂർവം തള്ളിക്കളഞ്ഞപ്പോൾ ദാവീദ് വരുംവരായ്കകൾ കണക്കിലെടുക്കാതെ പ്രതികാരം ചെയ്യാൻ നിശ്ചയിച്ചു. “ആർക്കും തിന്മെക്കു പകരം, തിന്മ ചെയ്യാ”തിരിക്കാൻ കഠിനശ്രമം ചെയ്യുന്ന ക്രിസ്ത്യാനികൾക്കുള്ള വ്യക്തമായൊരു മുന്നറിയിപ്പാണിത്. എല്ലാ സാഹചര്യങ്ങളിലും അവർ പൗലൊസിന്റെ ഉദ്ബോധനം പിൻപറ്റണം: “കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ. പ്രിയമുള്ളവരേ, നിങ്ങൾ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിൻ.”—റോമർ 12:17-19.
[അടിക്കുറിപ്പുകൾ]
a പാരാൻ മരുഭൂമി വടക്കോട്ട് ബേർ-ശേബവരെ വ്യാപിച്ചുകിടന്നിരുന്നതായി കരുതപ്പെടുന്നു. ദേശത്തിന്റെ ഈ ഭാഗത്ത് ഗണ്യമായ മേച്ചിൽപ്പുറം ഉണ്ടായിരുന്നു.
b “മതിലിനുനേരേ മൂത്രമൊഴിക്കുന്ന ഒരുവനും” എന്ന പ്രയോഗം പുരുഷൻമാരെ സൂചിപ്പിക്കുന്ന, വ്യക്തമായും വെറുപ്പു പ്രകടിപ്പിക്കുന്ന, ഒരു എബ്രായ ശൈലിയായിരുന്നു.—1 രാജാക്കൻമാർ 14:10, NW, താരതമ്യം ചെയ്യുക.
[15-ാം പേജിലെ ചിത്രം]
അബീഗയിൽ ദാവീദിനു സമ്മാനങ്ങൾ കൊണ്ടുവരുന്നു