കോപം അടക്കി “തിന്മയെ കീഴടക്കുക”
“പ്രിയമുള്ളവരേ, നിങ്ങൾതന്നെ പ്രതികാരം ചെയ്യാതെ . . . നന്മയാൽ തിന്മയെ കീഴടക്കുക.”—റോമ. 12:19, 21.
1, 2. സാക്ഷികളായ ചില യാത്രക്കാർ എന്തു മാതൃകവെച്ചു?
ഒരു ബ്രാഞ്ചോഫീസിന്റെ സമർപ്പണത്തിൽ പങ്കെടുക്കാനായി യാത്രതിരിച്ചതായിരുന്നു 34 പേരടങ്ങിയ യഹോവയുടെ സാക്ഷികളുടെ ഒരു സംഘം. വിമാനത്തിന്റെ യന്ത്രത്തകരാറുമൂലം മാർഗമധ്യേ അവരുടെ യാത്ര തടസ്സപ്പെട്ടു. ഇന്ധനം നിറയ്ക്കാൻ ഒരുമണിക്കൂർ താമസമുണ്ടെന്നാണ് ആദ്യം പറഞ്ഞതെങ്കിലും ആ ഒരുമണിക്കൂർ 44 മണിക്കൂറായി നീണ്ടു; അതും ഉൾപ്രദേശത്തുള്ള ഒരു വിമാനത്താവളത്തിൽ. അവിടെ വേണ്ടത്ര ഭക്ഷണമോ വെള്ളമോ പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങളോ ഇല്ലായിരുന്നു. യാത്രക്കാരിൽ പലരും ക്ഷുഭിതരായി വിമാനത്താവള ജീവനക്കാരെ കയ്യേറ്റംചെയ്യാൻ ഒരുങ്ങി. പക്ഷേ നമ്മുടെ സഹോദരങ്ങൾ ശാന്തത കൈവിട്ടില്ല.
2 ഒടുവിൽ, സമർപ്പണ പരിപാടി തീരാറായപ്പോഴേക്കും അവർ അവിടെ എത്തിച്ചേർന്നു. തീർത്തും ക്ഷീണിതരായിരുന്നെങ്കിലും പരിപാടികൾക്കുശേഷം സ്ഥലത്തെ സഹോദരങ്ങളോടൊപ്പം അവർ സമയം ചെലവഴിച്ചു. വിമാനത്താവളത്തിൽവെച്ച് അവർ കാണിച്ച ക്ഷമയും ആത്മനിയന്ത്രണവും സഹയാത്രികർ ശ്രദ്ധിച്ചിരുന്നു. ഇക്കാര്യം പിന്നീട് അവർ അറിയാനിടയായി. യാത്രക്കാരിൽ ഒരാൾ വിമാനക്കമ്പനിക്കാരോട് ഇങ്ങനെ പറഞ്ഞത്രേ: “ആ 34 ക്രിസ്ത്യാനികൾ ഇല്ലായിരുന്നെങ്കിൽ വിമാനത്താവളത്തിൽ ഒരു ലഹളതന്നെ ഉണ്ടായേനെ.”
കോപാക്രാന്തമായ ലോകത്തിലെ ജീവിതം
3, 4. (എ) അനിയന്ത്രിതമായ കോപം മനുഷ്യവർഗത്തെ എപ്രകാരം ബാധിച്ചിരിക്കുന്നു, ഇത് എന്നു തുടങ്ങി? (ബി) കയീന് തന്റെ കോപം നിയന്ത്രിക്കാൻ കഴിയുമായിരുന്നോ? വിശദീകരിക്കുക.
3 ഇന്നത്തെ ഈ ദുഷ്ടവ്യവസ്ഥിതിയിലെ ജീവിത സമ്മർദങ്ങൾ ആളുകളെ കോപാകുലരാക്കിയേക്കാം. പലപ്പോഴും ഈ കോപം വിദ്വേഷത്തിനും അക്രമത്തിനും തിരികൊളുത്തുന്നു. അങ്ങനെ രാജ്യങ്ങൾ തമ്മിലും രാജ്യങ്ങൾക്കുള്ളിലും പോരാട്ടങ്ങൾ പൊട്ടിപ്പുറപ്പെടുന്നു; സമ്മർദം നിറഞ്ഞ കുടുംബാന്തരീക്ഷം കുടുംബത്തിൽ കലഹങ്ങൾക്കു വഴിവെക്കുന്നു. കോപവും അതോടനുബന്ധിച്ചുള്ള അക്രമവും ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ആദാമിന്റെയും ഹവ്വായുടെയും ആദ്യജാതനായ കയീൻ അസൂയമൂലം ദേഷ്യംമൂത്ത് തന്റെ ഇളയസഹോദരനായ ഹാബേലിനെ കൊലപ്പെടുത്തി. കയീനോട് കോപം നിയന്ത്രിക്കാൻ യഹോവ ആവശ്യപ്പെട്ടതായിരുന്നു. അങ്ങനെ ചെയ്താൽ താൻ അവനെ അനുഗ്രഹിക്കുമെന്നും യഹോവ അവന് ഉറപ്പുകൊടുത്തിരുന്നു. എന്നിട്ടും അവൻ ആ ക്രൂരകൃത്യം ചെയ്തു.—ഉല്പത്തി 4:6-8 വായിക്കുക.
4 ഒരു അപൂർണ മനുഷ്യനായിരുന്നെങ്കിലും വേണമെങ്കിൽ കയീന് തന്റെ കോപം നിയന്ത്രിക്കാൻ കഴിയുമായിരുന്നു. അതുകൊണ്ട് അവൻ ചെയ്ത ആ ക്രൂരകൃത്യത്തിന്റെ മുഴു ഉത്തരവാദിത്വവും അവനുതന്നെയായിരുന്നു. അപൂർണരായതിനാൽ നമുക്കും കോപവും കോപാവേശങ്ങളും നിയന്ത്രിക്കാൻ അത്ര എളുപ്പമായെന്നുവരില്ല. മറ്റ് പല പ്രശ്നങ്ങളും ഈ ‘ദുഷ്കരമായ സമയങ്ങളിൽ’ ജീവിതം സമ്മർദപൂരിതമാക്കുന്നു. (2 തിമൊ. 3:1) ഉദാഹരണത്തിന്, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാനസിക സമ്മർദങ്ങൾക്ക് ഇടയാക്കിയേക്കാം. ആളുകൾ കോപാകുലരാകുന്നതിലും കുടുംബത്തിൽ അക്രമം വർധിക്കുന്നതിലും സാമ്പത്തികരംഗത്തെ പ്രതിസന്ധിക്ക് ഒരു പങ്കുണ്ടെന്ന് പോലീസും കുടുംബക്ഷേമ സംഘടനകളും പറയുന്നു.
5, 6. കോപത്തെക്കുറിച്ചുള്ള ലോകത്തിന്റെ ഏതു വീക്ഷണം നമ്മെ സ്വാധീനിച്ചേക്കാം?
5 നമുക്ക് ഇടപെടേണ്ടിവരുന്ന പലരും “സ്വസ്നേഹികളും” “ധാർഷ്ട്യക്കാരും” “നിഷ്ഠുരന്മാരും” ആണ്. ഇത്തരത്തിലുള്ള ദുഷിച്ച സ്വഭാവരീതികൾ നമ്മെ എളുപ്പം സ്വാധീനിച്ചേക്കാം; നാമും പെട്ടെന്നു ദേഷ്യപ്പെടുന്നവരായേക്കാം. (2 തിമൊ. 3:2-5) പ്രതികാരം ചെയ്യുന്നതിനെ പ്രകീർത്തിക്കുന്നതും ന്യായീകരിക്കുന്നതുമാണ് മിക്ക ചലച്ചിത്രങ്ങളും ടിവി പരിപാടികളും. പ്രശ്നപരിഹാരത്തിനുള്ള ഒരു സാധാരണ മാർഗമായി അവ അതിനെ ചിത്രീകരിക്കുന്നു. വില്ലന് “കിട്ടേണ്ടതു കിട്ടാൻ,” പലപ്പോഴും നായകന്റെ കയ്യാൽ വില്ലൻ ക്രൂരമായി കൊല്ലപ്പെടുന്നതു കാണാൻ, പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിക്കുന്നതാണ് പല കഥകളും.
6 ഇത്തരം പരിപാടികൾ ദൈവത്തിന്റെ വഴികളെയല്ല പകരം, “ലോകത്തിന്റെ ആത്മാവിനെ”യും അതിന്റെ കോപാക്രാന്തനായ ഭരണാധികാരിയുടെ, അതായത് സാത്താന്റെ വഴികളെയും ആണ് ഉന്നമിപ്പിക്കുന്നത്. (1 കൊരി. 2:12; എഫെ. 2:2; വെളി. 12:12) അപൂർണജഡത്തിന്റെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താൻ പ്രചോദിപ്പിക്കുന്ന ലോകത്തിന്റെ ആത്മാവ് ദൈവത്തിന്റെ പരിശുദ്ധാത്മാവിനും അതിന്റെ ഫലത്തിനും നേർവിപരീതമായാണ് പ്രവർത്തിക്കുന്നത്. വാസ്തവത്തിൽ ക്രിസ്ത്യാനിത്വത്തിന്റെ അടിസ്ഥാന പഠിപ്പിക്കലുകളിൽ ഒന്ന്, പ്രകോപനം ഉണ്ടായാൽപ്പോലും പ്രതികാരം ചെയ്യരുത് എന്നതാണ്. (മത്തായി 5:39, 44, 45 വായിക്കുക.) യേശുവിന്റെ ഈ ഉപദേശങ്ങൾ കൂടുതൽ മെച്ചമായി നമുക്കെങ്ങനെ പ്രാവർത്തികമാക്കാം?
ദൃഷ്ടാന്തങ്ങൾ—നല്ലതും ചീത്തയും
7. ശിമെയോനും ലേവിയും കോപം നിയന്ത്രിക്കാതിരുന്നതിന്റെ അനന്തരഫലം എന്തായിരുന്നു?
7 കോപം നിയന്ത്രിക്കാനുള്ള ധാരാളം നിർദേശങ്ങൾ ബൈബിളിലുണ്ട്. കോപം നിയന്ത്രിക്കുന്നതിന്റെ പ്രയോജനങ്ങളും നിയന്ത്രിച്ചില്ലെങ്കിൽ ഉണ്ടായേക്കാവുന്ന ദോഷങ്ങളും വ്യക്തമാക്കുന്ന പല ദൃഷ്ടാന്തങ്ങളും അതിൽ കാണാം. തങ്ങളുടെ സഹോദരിയായ ദീനായെ ബലാത്കാരംചെയ്ത ശേഖേമിനോട് യാക്കോബിന്റെ പുത്രന്മാരായ ശിമെയോനും ലേവിയും പകരംവീട്ടിയ സംഭവംതന്നെ എടുക്കുക. ദീനായ്ക്കു സംഭവിച്ചത് ഓർത്ത് അവർക്ക് “വ്യസനം തോന്നി മഹാകോപവും ജ്വലിച്ചു” എന്നു നാം വായിക്കുന്നു. (ഉല്പ. 34:7) തുടർന്ന് എന്തു സംഭവിച്ചു? യാക്കോബിന്റെ മറ്റു പുത്രന്മാർ ശിമെയോന്റെയും ലേവിയുടെയും നേതൃത്വത്തിൽ ശേഖേമിന്റെ പട്ടണം ആക്രമിച്ചു. അവർ പട്ടണം കൊള്ളയടിച്ച് സ്ത്രീകളെയും കുട്ടികളെയും പിടിച്ചുകൊണ്ടുപോയി. ദീനായെപ്രതി മാത്രമല്ല അവർ ഇതെല്ലാം ചെയ്തത്. സാധ്യതയനുസരിച്ച് ഇത് അവർക്ക് ഒരു അഭിമാനപ്രശ്നവുമായിരുന്നു. ശേഖേം തങ്ങളെയും തങ്ങളുടെ പിതാവായ യാക്കോബിനെയും അപമാനിച്ചതായി അവർക്കു തോന്നി. പക്ഷേ യാക്കോബ് അവരുടെ പ്രവൃത്തിയെ എങ്ങനെയാണ് വീക്ഷിച്ചത്?
8. ശിമെയോനും ലേവിയും ഉൾപ്പെട്ട സംഭവം നമ്മെ എന്തു പഠിപ്പിക്കുന്നു?
8 ദീനായ്ക്കുണ്ടായ ആ ദുരന്തം യാക്കോബിനെ ഏറെ വിഷമിപ്പിച്ചിട്ടുണ്ടാകും; എങ്കിലും തന്റെ പുത്രന്മാരുടെ പ്രതികാരനടപടിയെ അവൻ കുറ്റംവിധിച്ചു. പക്ഷേ, ‘ഞങ്ങളുടെ സഹോദരിയോട് അവന് ഒരു വേശ്യയോട് എന്നപോലെ പെരുമാറാമോ’ എന്നു ചോദിച്ചുകൊണ്ട് ശിമെയോനും ലേവിയും തങ്ങളുടെ പ്രവൃത്തിയെ ന്യായീകരിക്കാനാണ് ശ്രമിച്ചത്. (ഉല്പ. 34:31) എന്നാൽ കാര്യങ്ങൾ അതോടെ അവസാനിച്ചില്ല. അവരുടെ പ്രവൃത്തി യഹോവയെ അപ്രീതിപ്പെടുത്തിയിരുന്നു. ശിമെയോന്റെയും ലേവിയുടെയും കോപവും പരാക്രമവും നിമിത്തം അവരുടെ സന്തതികൾ ഇസ്രായേൽ ഗോത്രങ്ങളിലെങ്ങും ചിതറിക്കപ്പെടും എന്ന് വർഷങ്ങൾക്കുശേഷം യാക്കോബ് അവരോടു പറഞ്ഞു. (ഉല്പത്തി 49:5-7 വായിക്കുക.) അതെ, അവരുടെ അനിയന്ത്രിതമായ കോപം ദൈവത്തിന്റെയും അവരുടെ പിതാവിന്റെയും അപ്രീതിക്ക് ഇടയാക്കി.
9. ദാവീദ് കോപത്തിന് വഴിപ്പെട്ടുപോകുന്ന ഘട്ടംവരെ എത്തിയത് എപ്പോൾ?
9 ഇക്കാര്യത്തിൽ ദാവീദ് രാജാവ് വ്യത്യസ്തനായിരുന്നു. പകരംവീട്ടാനുള്ള പല അവസരങ്ങളും അവന് കിട്ടിയെങ്കിലും അവൻ അത് ചെയ്തില്ല. (1 ശമൂ. 24:3-7) പക്ഷേ ഒരു സന്ദർഭത്തിൽ അവൻ കോപത്തിനു വഴിപ്പെട്ടുപോകുന്ന ഘട്ടംവരെ എത്തി. ഒരിക്കൽ നാബാൽ എന്നൊരു ധനികൻ ദാവീദിന്റെ ആളുകളെ അപമാനിച്ച് അയച്ചു. അവരാകട്ടെ, നാബാലിന്റെ ആട്ടിൻപറ്റത്തെയും ഇടയന്മാരെയും സംരക്ഷിച്ചവരായിരുന്നു. തന്റെ ആളുകളെ അപമാനിച്ച് അയച്ചതിൽ കുപിതനായ ദാവീദ് നാബാലിനെയും അവന്റെ വീട്ടിലുള്ളവരെയും വകവരുത്താൻ പുറപ്പെട്ടു. നടന്നതെല്ലാം ഒരു ബാല്യക്കാരൻ നാബാലിന്റെ ഭാര്യയായ അബീഗയിലിനെ അറിയിച്ചു, ഉടനെ എന്തെങ്കിലും ചെയ്യണമെന്ന് അവളോട് അപേക്ഷിച്ചു. ബുദ്ധിമതിയായ അവൾ ഒട്ടുംവൈകാതെ ധാരാളം സമ്മാനങ്ങളുമായി ദാവീദിനെ കാണാൻ പുറപ്പെട്ടു. നാബാലിന്റെ നിഷ്ഠുരമായ പെരുമാറ്റത്തെപ്രതി അവൾ ദാവീദിനോട് മാപ്പ് അപേക്ഷിക്കുകയും ദാവീദിന്റെ ദൈവഭയത്തെക്കുറിച്ച് അവനെ വിനീതമായി ഓർമിപ്പിക്കുകയും ചെയ്തു. കാര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ ദാവീദ് പറഞ്ഞു: “രക്തപാതകവും സ്വന്തകയ്യാൽ പ്രതികാരവും ചെയ്യാതവണ്ണം എന്നെ ഇന്നു തടുത്തിരിക്കുന്ന നീയും അനുഗ്രഹിക്കപ്പെട്ടവൾ.”—1 ശമൂ. 25:2-35.
ക്രിസ്ത്യാനികൾക്കുവേണ്ട മനോഭാവം
10. പ്രതികാരം ചെയ്യുന്നതിനെ ക്രിസ്ത്യാനികൾ എങ്ങനെ വീക്ഷിക്കണം?
10 ശിമെയോനും ലേവിയും, അതുപോലെ ദാവീദും അബീഗയിലും ഉൾപ്പെട്ട സംഭവങ്ങൾ, അനിയന്ത്രിതമായ കോപത്തെയും അക്രമത്തെയും യഹോവ വെറുക്കുന്നു എന്നും സമാധാനം സ്ഥാപിക്കാൻ ചെയ്യുന്ന ശ്രമങ്ങളെ അവൻ അനുഗ്രഹിക്കുന്നു എന്നും വ്യക്തമാക്കുന്നു. അപ്പൊസ്തലനായ പൗലോസ് എഴുതി: “സകല മനുഷ്യരോടും സമാധാനത്തിൽ വർത്തിക്കാൻ പരമാവധി ശ്രമിക്കുവിൻ. പ്രിയമുള്ളവരേ, നിങ്ങൾതന്നെ പ്രതികാരം ചെയ്യാതെ ദൈവക്രോധത്തിന് ഇടംകൊടുക്കുവിൻ. ‘യഹോവ അരുളിച്ചെയ്യുന്നു: പ്രതികാരം എനിക്കുള്ളത്; ഞാൻ പകരം ചെയ്യും’ എന്ന് എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ, ‘നിന്റെ ശത്രുവിനു വിശക്കുന്നെങ്കിൽ അവനു ഭക്ഷിക്കാൻ കൊടുക്കുക; ദാഹിക്കുന്നെങ്കിൽ അവനു കുടിക്കാൻ കൊടുക്കുക. അങ്ങനെ ചെയ്യുന്നതിനാൽ നീ അവന്റെ തലമേൽ തീക്കനൽ കൂട്ടും.’ തിന്മയ്ക്കു കീഴടങ്ങാതെ നന്മയാൽ തിന്മയെ കീഴടക്കുക.”—റോമ. 12:18-21.a
11. ദേഷ്യം നിയന്ത്രിക്കാൻ ഒരു സഹോദരി പഠിച്ചത് എങ്ങനെ?
11 പൗലോസിന്റെ ആ ബുദ്ധിയുപദേശം നമുക്കും ബാധകമാക്കാൻ സാധിക്കും. ജോലിസ്ഥലത്തെ തന്റെ പുതിയ മാനേജരെക്കുറിച്ച് ഒരു സഹോദരി സഭയിലെ മൂപ്പനോട് പരാതി പറഞ്ഞു. ഒരു ദയയും ദാക്ഷിണ്യവുമില്ലാത്ത സ്ത്രീയാണ് തന്റെ മാനേജരെന്നായിരുന്നു സഹോദരിയുടെ പരാതി. മാനേജരോടുള്ള ദേഷ്യത്തിന് ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ചുപോലും ചിന്തിക്കുകയായിരുന്നു അവർ. എടുത്തുചാടി ഒന്നും ചെയ്യരുതെന്ന് മൂപ്പൻ നിർദേശിച്ചു. മാനേജരുടെ മോശം പെരുമാറ്റത്തോട് സഹോദരി ദേഷ്യത്തോടെ പ്രതികരിച്ചത് കാര്യങ്ങളെ വഷളാക്കിയതേയുള്ളൂ എന്ന് സഹോദരനു മനസ്സിലായി. (തീത്തൊ. 3:1-3) മറ്റൊരു ജോലി കണ്ടുപിടിച്ചാൽപ്പോലും മോശമായ പെരുമാറ്റത്തോട് പ്രതികരിക്കുന്ന വിധത്തിന് സഹോദരി മാറ്റംവരുത്തേണ്ടതുണ്ടെന്ന് മൂപ്പൻ സൂചിപ്പിച്ചു. മാനേജർ എങ്ങനെ പെരുമാറാനാണോ സഹോദരി ആഗ്രഹിക്കുന്നത് അങ്ങനെതന്നെ അവരോട് പെരുമാറാൻ അദ്ദേഹം ഉപദേശിച്ചു. യേശു അതാണല്ലോ പഠിപ്പിച്ചത്. (ലൂക്കോസ് 6:31 വായിക്കുക.) ശ്രമിച്ചുനോക്കാമെന്ന് സഹോദരി സമ്മതിച്ചു. എന്തായിരുന്നു ഫലം? കാലക്രമത്തിൽ മാനേജരുടെ മനോഭാവത്തിനു മാറ്റംവന്നു, സഹോദരിയുടെ ജോലിയെ അവർ അഭിനന്ദിക്കുകപോലും ചെയ്തു.
12. സഹോദരങ്ങൾക്കിടയിൽ ഉണ്ടാകുന്ന പ്രശ്നം നമ്മെ കൂടുതൽ വേദനിപ്പിച്ചേക്കാവുന്നത് എന്തുകൊണ്ട്?
12 ക്രിസ്തീയ സഭയ്ക്കു പുറത്തുള്ള ആരെങ്കിലുമായി അത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകുന്നത് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. സാത്താന്റെ ലോകത്തിൽ പലപ്പോഴും തിക്താനുഭവങ്ങൾ പ്രതീക്ഷിക്കണമെന്നും അത്തരം സാഹചര്യങ്ങളിൽ ദുഷ്ടമനുഷ്യരാൽ പ്രകോപിതരാകാതിരിക്കാൻ പരിശ്രമിക്കണം എന്നും നമുക്ക് അറിയാം. (സങ്കീ. 37:1-11; സഭാ. 8:12, 13; 12:13, 14) പക്ഷേ സഭയിലെ ഏതെങ്കിലും സഹോദരങ്ങളിൽനിന്നാണ് അത്തരം അനുഭവം ഉണ്ടാകുന്നതെങ്കിൽ അത് കൂടുതൽ ഹൃദയവേദന ഉണ്ടാക്കിയേക്കാം. ഒരു സഹോദരി പറയുന്നു: “യഹോവയുടെ സാക്ഷികളാരും പൂർണരല്ല എന്ന കാര്യം അംഗീകരിക്കുന്നതായിരുന്നു സത്യത്തിൽവന്ന സമയത്ത് ഞാൻ നേരിട്ട ഏറ്റവും വലിയ പ്രശ്നം.” സ്നേഹശൂന്യമായ, യാതൊരു പരിഗണനയുമില്ലാത്ത ലോകത്തിൽനിന്ന് പുറത്തുകടന്ന് ക്രിസ്തീയ സഭയിലേക്കു വരുമ്പോൾ അവിടെ എല്ലാവരും പരസ്പരം ദയയോടെ പെരുമാറുമെന്നാണ് നാം പ്രതീക്ഷിക്കുക. അതുകൊണ്ട് ഒരു സഹക്രിസ്ത്യാനി, പ്രത്യേകിച്ചും ഉത്തരവാദിത്വ സ്ഥാനങ്ങൾ വഹിക്കുന്ന ഒരാൾ, ചിന്താശൂന്യമായോ ക്രിസ്തീയമല്ലാത്ത വിധത്തിലോ പെരുമാറിയാൽ അതു നമ്മെ വേദനിപ്പിച്ചേക്കാം, നമ്മിൽ കോപം ജനിപ്പിച്ചേക്കാം. ‘യഹോവയുടെ ജനത്തിനിടയിൽ ഇങ്ങനെയൊക്കെ സംഭവിക്കാമോ?’ എന്ന് നാം ചിന്തിച്ചെന്നുവരാം. എന്നാൽ അപ്പൊസ്തലന്മാരുടെ കാലത്ത് അഭിഷിക്ത ക്രിസ്ത്യാനികളുടെ ഇടയിൽപ്പോലും ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട് എന്നതാണ് വാസ്തവം. (ഗലാ. 2:11-14; 5:15; യാക്കോ. 3:14, 15) നമുക്ക് ഇത്തരം ഒരു അനുഭവം ഉണ്ടായാൽ നാം എന്തു ചെയ്യണം?
13. പ്രശ്നങ്ങൾ പരിഹരിക്കാൻ നാം എന്തു ചെയ്യണം, എന്തുകൊണ്ട്?
13 “എന്നെ വേദനിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കാൻ ഞാൻ പഠിച്ചു. അത് എപ്പോഴും എനിക്കൊരു സഹായമാണ്,” തൊട്ടുമുമ്പു പറഞ്ഞ സഹോദരിയുടെ വാക്കുകളാണിത്. നാം നേരത്തേ വായിച്ചതുപോലെ, നമ്മെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കാൻ യേശു പഠിപ്പിച്ചു. (മത്താ. 5:44) ആ സ്ഥിതിക്ക്, നമ്മുടെ ക്രിസ്തീയ സഹോദരീസഹോദരന്മാർക്കുവേണ്ടി നാം എത്രയധികം പ്രാർഥിക്കണം! തന്റെ മക്കൾ പരസ്പരം സ്നേഹിക്കാൻ ഒരു പിതാവ് ആഗ്രഹിക്കുന്നതുപോലെ, ഭൂമിയിലെ തന്റെ ദാസന്മാർ പരസ്പരം സ്നേഹിക്കാനും ഒത്തുപോകാനും യഹോവയും ആഗ്രഹിക്കുന്നു. സമാധാനത്തോടും സന്തോഷത്തോടും ഒത്തൊരുമിച്ച് എക്കാലവും ജീവിക്കാൻ നോക്കിപ്പാർത്തിരിക്കുന്നവരാണ് നാം. ഇപ്പോൾത്തന്നെ അങ്ങനെ ജീവിക്കാൻ യഹോവ നമ്മെ പഠിപ്പിക്കുന്നു. അവന്റെ മഹത്തായ വേല ചെയ്യുന്നതിൽ നാമെല്ലാം സഹകരിച്ചു പ്രവർത്തിക്കാൻ അവൻ പ്രതീക്ഷിക്കുന്നു. അതുകൊണ്ട് പ്രശ്നങ്ങളുണ്ടായാൽ അവ ‘ക്ഷമിച്ചുകളയുകയോ’ അല്ലെങ്കിൽ പറഞ്ഞുതീർക്കുകയോ ചെയ്തുകൊണ്ട് നമുക്ക് ഒന്നിച്ചു മുന്നേറാം. (സദൃശവാക്യങ്ങൾ 19:11 വായിക്കുക.) പ്രശ്നങ്ങളുണ്ടാകുമ്പോൾ സഹോദരങ്ങളിൽനിന്ന് അകന്നുമാറുന്നതിനു പകരം നാം ദൈവജനത്തോടൊപ്പം നിൽക്കണം; അങ്ങനെ ചെയ്യാൻ മറ്റുള്ളവരെ സഹായിക്കുകയും വേണം. അങ്ങനെയാകുമ്പോൾ നാമെല്ലാം യഹോവയുടെ “ശാശ്വതഭുജങ്ങ”ളിൽ സുരക്ഷിതരായിരിക്കും.—ആവ. 33:27.
എല്ലാവരോടും ശാന്തതയോടെ ഇടപെടുന്നത് സത്ഫലങ്ങൾ കൈവരുത്തും
14. ഭിന്നതയുണ്ടാക്കാനുള്ള സാത്താന്റെ ശ്രമങ്ങളെ നമുക്ക് എങ്ങനെ ചെറുക്കാനാകും?
14 കുടുംബത്തിലെയും സഭയിലെയും ഐക്യം തകർക്കാനായാൽ സുവാർത്താ ഘോഷണം തടസ്സപ്പെടുമെന്ന് അറിയാവുന്നതിനാൽ സാത്താനും ഭൂതങ്ങളും അതിനായി അക്ഷീണം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആ ലക്ഷ്യത്തിൽ സഭയിലും കുടുംബത്തിലും ഭിന്നിപ്പുണ്ടാക്കാൻ അവർ ശ്രമിക്കുന്നു. (മത്താ. 12:25) ഈ ദുഷ്ടസ്വാധീനത്തെ ചെറുക്കണമെങ്കിൽ, ‘കർത്താവിന്റെ ദാസൻ കലഹിക്കുന്നവൻ ആയിരിക്കരുത്; പിന്നെയോ എല്ലാവരോടും ശാന്തതയോടെ ഇടപെടുന്നവൻ’ ആയിരിക്കണം എന്ന പൗലോസിന്റെ ബുദ്ധിയുപദേശം നാം അനുസരിക്കണം. (2 തിമൊ. 2:24) ‘നമുക്കു പോരാട്ടമുള്ളത് മാംസരക്തങ്ങളോടല്ല ദുഷ്ടാത്മസേനകളോടാണ്’ എന്ന് ഓർക്കുക. ഈ പോരാട്ടത്തിൽ വിജയംവരിക്കാൻ ‘സമാധാന സുവിശേഷത്തിനായുള്ള ഒരുക്കം’ ഉൾപ്പെടുന്ന ദൈവത്തിന്റെ സർവായുധവർഗം നാം ധരിക്കണം.—എഫെ. 6:12-18.
15. പുറത്തുള്ളവരിൽനിന്നുള്ള ആക്രമണങ്ങളോട് നാം എങ്ങനെ പ്രതികരിക്കണം?
15 യഹോവയുടെ ശത്രുക്കൾ, സമാധാനപ്രേമികളായ അവന്റെ ജനത്തിനുനേരെ അക്രമത്തിന്റെ കൂരമ്പുകൾ തൊടുത്തുവിടുന്നു. എതിരാളികളിൽ ചിലർ യഹോവയുടെ സാക്ഷികളെ കൈയേറ്റം ചെയ്യുന്നു, മറ്റുചിലർ നമ്മെക്കുറിച്ച് മാധ്യമങ്ങളിലൂടെ അപവാദങ്ങൾ പ്രചരിപ്പിക്കുന്നു, വേറെ ചിലർ കോടതികളിൽ നമുക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നു. ഇതു പ്രതീക്ഷിക്കണമെന്ന് യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞിരുന്നു. (മത്താ. 5:11, 12) അത്തരം സാഹചര്യങ്ങളിൽ നാം എങ്ങനെ പ്രതികരിക്കണം? വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഒരിക്കലും “തിന്മയ്ക്കു പകരം തിന്മ ചെയ്യരുത്.”—റോമ. 12:17; 1 പത്രോസ് 3:16 വായിക്കുക.
16, 17. ഒരു സഭയിലെ സഹോദരങ്ങൾ ഏതു പ്രതിസന്ധി നേരിട്ടു?
16 പിശാച് നമുക്കെതിരെ എന്തെല്ലാം ചെയ്താലും ‘നന്മയാൽ തിന്മയെ കീഴടക്കുന്നെങ്കിൽ’ അത് നല്ലൊരു സാക്ഷ്യമായിരിക്കും. ഒരു ദൃഷ്ടാന്തം നോക്കാം. പസഫിക് ദ്വീപുകളിലുള്ള ഒരു സഭ സ്മാരകാചരണത്തിനായി ഒരു ഹാൾ വാടകയ്ക്കെടുത്തു. ഇതറിഞ്ഞ് അവിടത്തെ പള്ളിയധികാരികൾ എന്തു ചെയ്തെന്നോ? അന്നേദിവസം അതേ ഹാളിൽ ആരാധനയ്ക്കായി കൂടിവരാൻ അവർ ഇടവകക്കാരോട് ആവശ്യപ്പെട്ടു. എന്നാൽ സ്മാരകത്തിന്റെ സമയമാകുമ്പോൾ യഹോവയുടെ സാക്ഷികൾക്ക് ഹാൾ വിട്ടുകൊടുക്കണമെന്ന് പോലീസ് മേധാവി പള്ളിയധികാരികളോട് നിർദേശിച്ചിരുന്നു. പക്ഷേ അതിനുപകരം, സ്മാരക സമയമായപ്പോഴേക്കും അവർ പരിപാടി തുടങ്ങി, ഹാൾ നിറയെ പള്ളിയംഗങ്ങളായിരുന്നു.
17 പോലീസുകാർ അവരെ ഒഴിപ്പിക്കാൻ തയ്യാറെടുക്കുന്നതിനിടയിൽ പള്ളിയുടെ പ്രസിഡന്റ് ഒരു മൂപ്പനെ സമീപിച്ച് ചോദിച്ചു: “എന്താ, ഇന്നു വൈകിട്ട് ഇവിടെ വല്ല പരിപാടിയും പ്ലാൻ ചെയ്തിട്ടുണ്ടോ?” സഹോദരൻ സ്മാരകാചരണത്തിന്റെ കാര്യം പറഞ്ഞു. “ഓ, ഞാൻ അത് അറിഞ്ഞില്ല!” എന്നായിരുന്നു പ്രസിഡന്റിന്റെ മറുപടി. അതുകേട്ട ഒരു പോലീസുകാരൻ, “ഞങ്ങളത് രാവിലെ നിങ്ങളോട് പറഞ്ഞതല്ലേ?” എന്ന് ചോദിച്ചു. അപ്പോൾ കളിയാക്കി ഒരു ചിരി ചിരിച്ചുകൊണ്ട് പ്രസിഡന്റ് മൂപ്പനോടായി പറഞ്ഞു: “നിങ്ങൾക്ക് ഇനി എന്തു ചെയ്യാൻ പറ്റും? ഹാൾ നിറയെ ഞങ്ങളുടെ ആളുകളാണ്. പോലീസിനെ ഉപയോഗിച്ച് ഞങ്ങളെ വിരട്ടിയോടിക്കാനാണോ ഭാവം?” സാക്ഷികളാണ് പ്രശ്നക്കാർ എന്നു വരുത്തിത്തീർക്കാൻ അയാൾ കരുതിക്കൂട്ടി ചെയ്തതായിരുന്നു ഇതൊക്കെ! ഈ സാഹചര്യത്തെ സഹോദരങ്ങൾ എങ്ങനെ കൈകാര്യംചെയ്തു?
18. പ്രകോപനത്തിനുള്ള സാഹചര്യമുണ്ടായപ്പോൾ സഹോദരങ്ങൾ എങ്ങനെയാണ് അത് കൈകാര്യംചെയ്തത്, അതിന്റെ ഫലമെന്തായിരുന്നു?
18 അരമണിക്കൂർ ആരാധന നടത്താൻ പള്ളിയംഗങ്ങൾക്ക് സാക്ഷികൾ അനുവാദം കൊടുത്തു; അതിനുശേഷം സ്മാരകം നടത്താമെന്ന് തീരുമാനിച്ചു. പക്ഷേ അവരുടെ പരിപാടി നീണ്ടുപോയി. പരിപാടി കഴിഞ്ഞ് അവരെല്ലാം പോയശേഷമാണ് സ്മാരകാചരണം ആരംഭിച്ചത്. ഇതേക്കുറിച്ച് ഒരു ഔദ്യോഗിക അന്വേഷണത്തിന് അടുത്ത ദിവസം ഗവണ്മെന്റ് ഉത്തരവിട്ടു. വസ്തുതകൾ വിലയിരുത്തിയശേഷം, സാക്ഷികളല്ല മറിച്ച് പള്ളിയുടെ പ്രസിഡന്റാണ് പ്രശ്നത്തിന്റെ ഉത്തരവാദി എന്നു ബോധ്യപ്പെട്ട അന്വേഷണ കമ്മിറ്റി പള്ളിയിൽ അതിന്റെ ഒരു അറിയിപ്പു നടത്താൻ ആവശ്യപ്പെട്ടു. പ്രതിസന്ധിഘട്ടത്തിൽ ക്ഷമയോടെ പെരുമാറിയതിന് കമ്മിറ്റി യഹോവയുടെ സാക്ഷികളെ അഭിനന്ദിച്ചു. ആ സഹോദരങ്ങൾ “സകല മനുഷ്യരോടും സമാധാനത്തിൽ വർത്തിക്കാൻ” ശ്രമിച്ചതിന് നല്ല ഫലമുണ്ടായി.
19. ആളുകളുമായി സമാധാനത്തിൽ വർത്തിക്കാൻ നമ്മെ സഹായിക്കുന്ന മറ്റൊരു കാര്യം എന്ത്?
19 ആളുകളുമായി സമാധാനത്തിൽ വർത്തിക്കാൻ നമ്മെ സഹായിക്കുന്ന മറ്റൊരു പ്രധാന സംഗതിയാണ് ഹൃദ്യമായ സംസാരം. ഹൃദ്യമായ സംസാരം എന്നാൽ എന്താണെന്നും അത് എങ്ങനെ പഠിച്ചെടുക്കാമെന്നും അനുദിനജീവിതത്തിൽ അത് എങ്ങനെ ഉപയോഗിക്കാമെന്നും വിശദീകരിക്കുന്നതാണ് അടുത്ത ലേഖനം.
[അടിക്കുറിപ്പ്]
a ലോഹ അയിരിന് മുകളിലും താഴെയും കനൽ കൂട്ടി അത് ഉരുക്കി ലോഹം വേർതിരിച്ചെടുക്കുന്ന പുരാതന പ്രക്രിയയുമായി ബന്ധപ്പെട്ടതാണ് “തീക്കനൽ” എന്ന ഈ പ്രയോഗം. നിർദയരായ ആളുകളോട് ദയ കാണിക്കുന്നത് അവരുടെ മനോഭാവത്തെ മയപ്പെടുത്തി അവരുടെ നല്ല ഗുണങ്ങൾ പുറത്തുകൊണ്ടുവരാൻ ഇടയാക്കിയേക്കാം.
വിശദീകരിക്കാമോ?
• ആളുകൾ ഇന്ന് എന്തുകൊണ്ടാണ് ഇത്രമാത്രം കോപാകുലരായിരിക്കുന്നത്?
• ഏതെല്ലാം ബൈബിൾ ദൃഷ്ടാന്തങ്ങൾ കോപം നിയന്ത്രിക്കുന്നതിന്റെയും നിയന്ത്രിക്കാത്തതിന്റെയും പരിണതഫലങ്ങൾ വ്യക്തമാക്കുന്നു?
• ഒരു സഹവിശ്വാസി നമ്മെ വേദനിപ്പിച്ചാൽ നാം എങ്ങനെ പ്രതികരിക്കണം?
• പുറത്തുള്ളവരിൽനിന്നുള്ള ആക്രമണങ്ങളോട് നാം എങ്ങനെ പ്രതികരിക്കണം?
[16-ാം പേജിലെ ചിത്രം]
ശിമെയോനും ലേവിയും മടങ്ങി—കോപത്തിന് അടിയറവു പറഞ്ഞശേഷം
[18-ാം പേജിലെ ചിത്രങ്ങൾ]
ദയാപുരസ്സരമായ പെരുമാറ്റം മറ്റുള്ളവരുടെ മനോഭാവത്തിനു മാറ്റംവരുത്തിയേക്കാം