“നന്മയാൽ തിന്മയെ ജയിക്കുക”
“തിന്മയോടു തോല്ക്കാതെ നന്മയാൽ തിന്മയെ ജയിക്കുക.”—റോമർ 12:21.
1. തിന്മയെ കീഴടക്കാൻ സാധിക്കുമെന്ന് നമുക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
സത്യാരാധനയെ അതിശക്തമായി എതിർക്കുന്നവർക്കെതിരെ ഒരു ഉറച്ച നിലപാടു എടുക്കുക സാധ്യമാണോ? ഈ അഭക്ത ലോകത്തിലേക്കു നമ്മെ വീണ്ടും വലിച്ചുകൊണ്ടു പോകാൻ ശ്രമിക്കുന്ന ശക്തികളെ ചെറുത്തു തോൽപ്പിക്കാൻ നമുക്കാകുമോ? ഈ രണ്ടു ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഉവ്വ് എന്നാണ്! അങ്ങനെ പറയുന്നതിന്റെ കാരണം അപ്പൊസ്തലനായ പൗലൊസ് റോമർക്ക് എഴുതിയ ലേഖനത്തിൽ കാണാനാകും. അവൻ എഴുതി: “തിന്മയോടു തോല്ക്കാതെ നന്മയാൽ തിന്മയെ ജയിക്കുക.” (റോമർ 12:21) നാം യഹോവയിൽ ആശ്രയിക്കുകയും ഈ ലോകത്തിനു കീഴടങ്ങില്ലെന്നു നിശ്ചയിച്ചുറയ്ക്കുകയും ചെയ്താൽ, അതിന്റെ തിന്മകളൊന്നും നമ്മെ കീഴടക്കില്ല. കൂടാതെ “തിന്മയെ ജയിക്കുക” എന്ന പ്രയോഗം കാണിക്കുന്നത് തിന്മയ്ക്കെതിരെയുള്ള ആത്മീയ പോരാട്ടം നാം തുടരുന്നെങ്കിൽ ആ പോരാട്ടത്തിൽ നമുക്കു ജയിക്കാനാകും എന്നു തന്നെയാണ്. ആരെങ്കിലും ജാഗ്രത കൈവെടിഞ്ഞ് തിന്മയ്ക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കുന്നെങ്കിൽ മാത്രമേ ഈ ലോകവും അതിന്റെ ദുഷ്ടഭരണാധികാരിയായ പിശാചായ സാത്താനും അവനെ കീഴടക്കുകയുള്ളു.—1 യോഹന്നാൻ 5:19.
2. നെഹെമ്യാവിന്റെ ജീവിതത്തിലുണ്ടായ ചില സംഭവങ്ങൾ നാം പരിശോധിക്കുന്നതിന്റെ കാരണമെന്ത്?
2 പൗലൊസിന്റെ കാലത്തിന് ഏതാണ്ട് 500 വർഷം മുമ്പ് യെരൂശലേമിൽ ജീവിച്ചിരുന്ന ഒരു ദൈവദാസന്റെ ജീവിതം, തിന്മയ്ക്കെതിരെയുള്ള പോരാട്ടത്തെക്കുറിച്ച് പൗലൊസ് പറഞ്ഞത് സത്യമാണെന്നതിന്റെ തെളിവാണ്. ആ ദൈവപുരുഷൻ, നെഹെമ്യാവ്, അഭക്തരായ ആളുകളിൽനിന്നുള്ള എതിർപ്പിനെ ചെറുത്തുനിന്നെന്നു മാത്രമല്ല തിന്മയെ നന്മകൊണ്ടു കീഴടക്കുകയും ചെയ്തു. അവനു നേരിടേണ്ടിവന്ന പ്രതികൂല സാഹചര്യങ്ങൾ ഏതൊക്കെയാണ്? വിജയിക്കാൻ അവനെ പ്രാപ്തനാക്കിയത് എന്താണ്? അവന്റെ ദൃഷ്ടാന്തം നമുക്കെങ്ങനെ അനുകരിക്കാം? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തുന്നതിന് നെഹെമ്യാവിന്റെ ജീവിതത്തിലുണ്ടായ ചില സംഭവങ്ങൾ നമുക്കൊന്നു പരിശോധിക്കാം?a
3. നെഹെമ്യാവിന്റെ ജീവിത പശ്ചാത്തലം എന്തായിരുന്നു, അവൻ എന്തു നേട്ടമാണു കൈവരിച്ചത്?
3 പേർഷ്യൻ രാജാവായ അർത്ഥഹ്ശഷ്ടാവിന്റെ കൊട്ടാര ഉദ്യോഗസ്ഥനായിരുന്നു നെഹെമ്യാവ്. അവിശ്വാസികളുടെ ഇടയിലാണു ജീവിച്ചിരുന്നതെങ്കിലും അന്നാളിലെ ‘ലോകത്തിന്’ അവൻ ‘അനുരൂപപ്പെട്ടില്ല.’ (റോമർ 12:2) യഹൂദായിൽ ഒരു ആവശ്യം വന്നപ്പോൾ, അവൻ കൊട്ടാരത്തിലെ സുഖജീവിതം വെടിഞ്ഞ് യെരൂശലേമിലേക്കു ക്ലേശകരമായ ഒരു യാത്ര നടത്തുകയും നഗരമതിലുകൾ പുനർനിർമിക്കുകയെന്ന അതിബൃഹത്തായ ജോലി ഏറ്റെടുക്കുകയും ചെയ്തു. (റോമർ 12:1) യെരൂശലേമിലെ ഗവർണർ ആയിരുന്നെങ്കിലും, സഹ ഇസ്രായേല്യരോടൊപ്പം ദിവസവും “നേരം വെളുക്കുമ്പോൾതുടങ്ങി നക്ഷത്രം പ്രകാശിക്കുന്നതുവരെ” അവൻ അധ്വാനിച്ചു. ഫലമോ? വെറും രണ്ടുമാസത്തിനുള്ളിൽ മതിലിന്റെ പണി പൂർത്തിയായി! (നെഹെമ്യാവു 4:21; 6:15) അതൊരു വലിയ നേട്ടംതന്നെ ആയിരുന്നു, കാരണം മതിലിന്റെ നിർമാണത്തിനിടെ പലതരത്തിലുള്ള എതിർപ്പുകളെ അവർക്കു നേരിടേണ്ടതുണ്ടായിരുന്നു. ആരൊക്കെയായിരുന്നു നെഹെമ്യാവിന്റെ എതിരാളികൾ, എന്തായിരുന്നു അവരുടെ ലക്ഷ്യം?
4. നെഹെമ്യാവിന്റെ എതിരാളികളുടെ ലക്ഷ്യം എന്തായിരുന്നു?
4 അവന്റെ പ്രധാന എതിരാളികൾ യഹൂദയുടെ അടുത്തു വസിച്ചിരുന്ന സൻബല്ലത്ത്, തോബീയാവ്, ഗേശം എന്നീ പ്രമാണിമാരായിരുന്നു. അവർ ദൈവജനത്തിന്റെ എതിരാളികൾ ആയിരുന്നതിനാൽ, “യിസ്രായേൽമക്കൾക്കു ഗുണം ചെയ്വാൻ [നെഹെമ്യാവു] വന്നതു അവർക്കു ഏറ്റവും അനിഷ്ടമായി.” (നെഹെമ്യാവു 2:10, 19) എന്തു കുതന്ത്രം കാണിച്ചിട്ടാണെങ്കിലും പണി തടഞ്ഞേ അടങ്ങൂ എന്ന വാശിയിലായിരുന്നു നെഹെമ്യാവിന്റെ എതിരാളികൾ. എന്നാൽ നെഹെമ്യാവ് ‘തിന്മയോടു തോറ്റു’പോയോ?
‘കോപത്തോടെയും മഹാരോഷത്തോടെയും’
5, 6. (എ) നിർമാണ പ്രവർത്തനങ്ങളോടു നെഹെമ്യാവിന്റെ എതിരാളികൾ എങ്ങനെയാണു പ്രതികരിച്ചത്? (ബി) നെഹെമ്യാവ് അവരെ ഭയപ്പെടാഞ്ഞത് എന്തുകൊണ്ട്?
5 “വരുവിൻ . . . യെരൂശലേമിന്റെ മതിൽ പണിയുക,” സധൈര്യം നെഹെമ്യാവ് തന്റെ ജനത്തെ ഉദ്ബോധിപ്പിച്ചു. അപ്പോൾ ജനം, “നാം എഴുന്നേറ്റു പണിയുക” എന്ന് പ്രതിവചിച്ചു. നെഹെമ്യാവ് പ്രസ്താവിക്കുന്നു: “അങ്ങനെ അവർ ആ നല്ല പ്രവൃത്തിക്കായി അന്യോന്യം ധൈര്യപ്പെടുത്തി,” എന്നാൽ എതിരാളികൾ “ഞങ്ങളെ പരിഹസിച്ചു നിന്ദിച്ചു; നിങ്ങൾ ചെയ്യുന്ന ഈ കാര്യം എന്തു? നിങ്ങൾ രാജാവിനോടു മത്സരിപ്പാൻ ഭാവിക്കുന്നുവോ എന്നു ചോദിച്ചു.” എന്നാൽ എതിരാളികളുടെ നിന്ദാവാക്കുകളും ദുരാരോപണങ്ങളും കേട്ട് നെഹെമ്യാവ് പേടിച്ചില്ല, അവൻ എതിരാളികളോടു പറഞ്ഞു: “സ്വർഗ്ഗത്തിലെ ദൈവം ഞങ്ങൾക്കു കാര്യം സാധിപ്പിക്കും; ആകയാൽ അവന്റെ ദാസന്മാരായ ഞങ്ങൾ എഴുന്നേറ്റു പണിയും.” (നെഹെമ്യാവു 2:17-20) തന്റെ ‘നല്ല പ്രവൃത്തിയുമായി’ മുന്നോട്ടു പോകാൻ തന്നെയായിരുന്നു നെഹെമ്യാവിന്റെ തീരുമാനം.
6 എതിരാളികളിൽ ഒരാളായ സൻബല്ലത്ത് “കോപവും മഹാരോഷവും പൂണ്ട്” തന്റെ വാക്ശരങ്ങളുടെ മൂർച്ചകൂട്ടി. “ഈ ദുർബ്ബലന്മാരായ യെഹൂദന്മാർ എന്തു ചെയ്വാൻ പോകുന്നു? . . . വെന്തുകിടക്കുന്ന ചണ്ടിക്കൂമ്പാരങ്ങളിൽനിന്നു അവർ കല്ലു ജീവിപ്പിക്കുമോ?” അവൻ പരിഹസിച്ചു. അപ്പോൾ തോബീയാവും അവനോടുകൂടെ കൂടി: “അവർ എങ്ങനെ പണിതാലും ഒരു കുറുക്കൻ കയറിയാൽ അവരുടെ കന്മതിൽ ഉരുണ്ടുവീഴും.” (നെഹെമ്യാവു 4:1-3) അപ്പോൾ നെഹെമ്യാവിന്റെ പ്രതികരണം എന്തായിരുന്നു?
7. ശത്രുക്കൾ പരിഹസിച്ചപ്പോൾ നെഹെമ്യാവ് പ്രതികരിച്ചത് എങ്ങനെ?
7 ഈ പരിഹാസങ്ങളൊന്നും നെഹെമ്യാവ് കേട്ടതായിപ്പോലും ഭാവിച്ചില്ല. ദൈവകൽപ്പന അനുസരിച്ചുകൊണ്ടവൻ പ്രതികാരം ചെയ്യുന്നതിൽനിന്നു വിട്ടുനിന്നു. (ലേവ്യപുസ്തകം 19:18) പകരം, കാര്യങ്ങളെല്ലാം യഹോവയുടെ കൈയിൽ വിട്ടുകൊണ്ട് അവൻ പ്രാർഥിച്ചു: ‘ഞങ്ങളുടെ ദൈവമേ, കേൾക്കേണമേ; ഞങ്ങൾ നിന്ദിതന്മാർ ആയിരിക്കുന്നു; അവരുടെ നിന്ദയെ അവരുടെ സ്വന്ത തലയിലേക്കു തിരിക്കേണമേ.’ (നെഹെമ്യാവു 4:4) നെഹെമ്യാവ് “പ്രതികാരവും പ്രതിഫലവും എന്റെ പക്കൽ ഉണ്ട്” എന്ന യഹോവയുടെ ഉറപ്പിൽ വിശ്വാസം അർപ്പിച്ചു. (ആവർത്തനപുസ്തകം 32:35) കൂടാതെ അവനും അവന്റെ ആളകളും “മതിൽ പണി” തുടരുകയും ചെയ്തു. അവരുടെ ശ്രദ്ധ പതറിക്കാൻ യാതൊന്നിനെയും അവർ അനുവദിച്ചില്ല. വാസ്തവത്തിൽ, “വേല ചെയ്വാൻ ജനത്തിന്നു ഉത്സാഹം ഉണ്ടായിരുന്നതുകൊണ്ടു [അവർ] മതിൽ മുഴുവനും പാതിപൊക്കംവരെ തീർത്തു.” (നെഹെമ്യാവു 4:6) അതേ, നിർമാണ പ്രവർത്തനത്തിനു തടയിടുന്നതിൽ സത്യാരാധനയുടെ ശത്രുക്കൾ വിജയിച്ചില്ല! നമുക്കു നെഹെമ്യാവിനെ എങ്ങനെ അനുകരിക്കാനാകും?
8. (എ) എതിരാളികൾ ദുരാരോപണങ്ങൾ ഉന്നയിക്കുമ്പോഴും നമുക്ക് എങ്ങനെ നെഹെമ്യാവിനെ അനുകരിക്കാൻ സാധിക്കും? (ബി) പ്രതികാരം ചെയ്യാതിരിക്കുന്നതിലെ ജ്ഞാനം വെളിവാക്കുന്ന, നിങ്ങൾക്കുണ്ടായതോ കേട്ടറിവുള്ളതോ ആയ ഒരു അനുഭവം വിവരിക്കുക?
8 ഇന്ന്, സ്കൂളിലും ജോലിസ്ഥലത്തും എന്തിന് സ്വന്ത കുടുംബത്തിൽപ്പോലും നമ്മെ എതിർക്കുന്നവർ നമ്മുടെമേൽ പരിഹാസവും കുറ്റാരോപണവും ചൊരിഞ്ഞേക്കാം. എന്നിരുന്നാലും ഇത്തരം ദുരാരോപണങ്ങൾ കൈകാര്യം ചെയ്യാനുള്ള ഏറ്റവും നല്ല മാർഗം “മിണ്ടാതിരിപ്പാൻ ഒരു കാലം” ഉണ്ടെന്ന തിരുവെഴുത്തു തത്ത്വം ബാധകമാക്കുന്നതാണ്. (സഭാപ്രസംഗി 3:1, 7) അതുകൊണ്ട് നെഹെമ്യാവിനെപ്പോലെ നാമും മുറിപ്പെടുത്തുന്ന വാക്കുകൾ ഉപയോഗിച്ചു പ്രതികാരം ചെയ്യുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കും. (റോമർ 12:17) പകരം “പ്രതികാരം എനിക്കുള്ളത്” എന്ന ഉറപ്പു നൽകുന്ന ദൈവത്തിങ്കലേക്കു പ്രാർഥനയിൽ നാം തിരിയും. (റോമർ 12:19; 1 പത്രൊസ് 2:19, 20) അങ്ങനെ, ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത ഘോഷിക്കുകയും ശിഷ്യരെ ഉളവാക്കുകയും ചെയ്യുക എന്ന നമ്മുടെ ഇന്നത്തെ ആത്മീയ വേലയിൽനിന്നും നമ്മുടെ ശ്രദ്ധ പതറിക്കാൻ നാം നമ്മുടെ എതിരാളികളെ അനുവദിക്കില്ല. (മത്തായി 24:14; 28:19, 20) എതിർപ്പുകളിൽ നിരുത്സാഹപ്പെടാതെ പ്രസംഗവേലയിൽ പങ്കുപറ്റുന്ന ഓരോ തവണയും നാം പ്രകടമാക്കുന്നത് നെഹെമ്യാവിന്റെ അതേ ദൃഢനിശ്ചയമാണ്.
‘ഞങ്ങൾ നിങ്ങളെ കൊല്ലും’
9. നെഹെമ്യാവ് ശത്രുക്കളിൽനിന്നും ഏതുതരം എതിർപ്പ് നേരിട്ടു, അവൻ എങ്ങനെ പ്രതികരിച്ചു?
9 നെഹെമ്യാവിന്റെ നാളിൽ, സത്യാരാധനയുടെ എതിരാളികൾ “യെരൂശലേമിന്റെ മതിലുകൾ അറ്റകുറ്റം തീർന്നുവരുന്നു” എന്നു കേട്ടപ്പോൾ “യെരൂശലേമിന്റെ നേരെ ചെന്നു യുദ്ധം ചെയ്യേണ്ടതിന്നു” വാളുകളെടുത്തു. യഹൂദരെ സംബന്ധിച്ചിടത്തോളം സാഹചര്യം ഒട്ടും ആശാവഹമല്ലായിരുന്നു. വടക്ക് ശമര്യാക്കാർ, കിഴക്ക് അമോന്യർ, തെക്ക് അറബികൾ, പടിഞ്ഞാറ് അസ്തോദ്യർ; യെരൂശലേം ശത്രുക്കളാൽ ചുറ്റപ്പെട്ടിരുന്നു. മതിൽ പണിയുന്നവർ ഒരു കെണിയിൽ പെട്ടതുപോലെയായി! അവർക്ക് എന്തു ചെയ്യാൻ സാധിക്കുമായിരുന്നു? നെഹെമ്യാവ് പറയുന്നു: “ഞങ്ങളോ ഞങ്ങളുടെ ദൈവത്തോടു പ്രാർത്ഥിച്ചു.” ശത്രുക്കൾ ഭീഷണി മുഴക്കി: “നാം അവരുടെ ഇടയിൽ ചെന്നു അവരെ കൊന്നു പണി മുടക്കും.” അപ്പോൾ നെഹെമ്യാവ് എന്തു ചെയ്തു? ‘വാളുകളും കുന്തങ്ങളും വില്ലുകളും’കൊണ്ട് നഗരം സംരക്ഷിക്കേണ്ട ചുമതല നിർമാണവേലയിൽ ഏർപ്പെട്ടിരുന്നവർക്കു നൽകിക്കൊണ്ട് അവൻ ശത്രുക്കളുടെ ഭീഷണിയെ നേരിട്ടു. മാനുഷിക കാഴ്ചപ്പാടിൽ, യഹൂദരുടെ ഈ ചെറിയ കൂട്ടം പ്രബലരായ ശത്രുക്കളെ തോൽപ്പിക്കാൻ യാതൊരു സാധ്യതയും ഇല്ലായിരുന്നു. എന്നാൽ നെഹെമ്യാവ് അവരെ പ്രോത്സാഹിപ്പിച്ചു: ‘നിങ്ങൾ പേടിക്കേണ്ടാ; വലിയവനും ഭയങ്കരനുമായ കർത്താവിനെ ഓർത്തുകൊള്ളുക.’—നെഹെമ്യാവു 4:7-9, 11, 13, 14.
10. (എ) നെഹെമ്യാവിന്റെ ശത്രുക്കൾക്കിടയിൽ കാര്യങ്ങൾ പെട്ടെന്നു മാറിമറിഞ്ഞത് എന്തുകൊണ്ടാണ്? (ബി) നെഹെമ്യാവ് എന്തൊക്കെ നടപടികൾ സ്വീകരിച്ചു?
10 എന്നാൽ പെട്ടെന്നാണു കാര്യങ്ങൾ മാറിമറിഞ്ഞത്, ശത്രുക്കൾ തങ്ങളുടെ ആക്രമണം നിറുത്തിവെച്ചു. എന്തുകൊണ്ട്? നെഹെമ്യാവ് പറയുന്നു: “[സത്യ]ദൈവം അവരുടെ ആലോചനയെ നിഷ്ഫലമാക്കി.” എന്നിരുന്നാലും ശത്രുക്കളുടെ ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് നെഹെമ്യാവ് തിരിച്ചറിഞ്ഞു. അതുകൊണ്ട് പണിക്കാർ ജോലി ചെയ്യുന്ന രീതിക്ക് അവൻ ബുദ്ധിപൂർവം മാറ്റംവരുത്തി. അന്നുമുതൽ അവർ “ഒരു കൈകൊണ്ടു വേല ചെയ്കയും മറ്റേ കൈകൊണ്ടു ആയുധം പിടിക്കയും ചെയ്തു.” മാത്രമല്ല, ശത്രുവിന്റെ ആക്രമണം ഉണ്ടായാൽ ‘കാഹളം ഊതി’ പണിക്കാർക്കു മുന്നറിയിപ്പു കൊടുക്കാൻ അവൻ ഒരാളെ നിയോഗിക്കുകയും ചെയ്തു. ഇതിനെല്ലാം ഉപരിയായി, നെഹെമ്യാവ് തന്റെ ആളുകൾക്ക് ഈ ഉറപ്പുകൊടുത്തു: “നമ്മുടെ ദൈവം നമുക്കുവേണ്ടി യുദ്ധം ചെയ്യും.” (നെഹെമ്യാവു 4:15-20) അങ്ങനെ, പൂർവാധികം ഉത്സാഹത്തോടെ ഏത് ആക്രമണത്തെയും നേരിടാൻ സജ്ജരായി അവർ പണി തുടർന്നു. ഈ വിവരണത്തിൽനിന്നു നമുക്ക് എന്തു പഠിക്കാനാകും?
11. രാജ്യവേല നിരോധിച്ചിരിക്കുന്ന ദേശങ്ങളിൽ തിന്മയെ ചെറുക്കാൻ സത്യക്രിസ്ത്യാനികളെ പ്രാപ്തരാക്കുന്നത് എന്താണ്, അവർ തിന്മയെ നന്മകൊണ്ടു കീഴടക്കുന്നത് എങ്ങനെയാണ്?
11 ചിലപ്പോൾ, എതിരാളികളിൽനിന്നും സത്യക്രിസ്ത്യാനികൾക്കു കൊടിയ ആക്രമണങ്ങൾ നേരിടേണ്ടി വരാറുണ്ട്. വാസ്തവത്തിൽ, ചില രാജ്യങ്ങളിൽ സത്യാരാധനയുടെ എതിരാളികൾ ഒരു പ്രബല ശക്തി തന്നെയാണ്. മാനുഷിക വീക്ഷണത്തിൽ, ഈ എതിരാളികൾക്കെതിരെ പിടിച്ചുനിൽക്കുക നമ്മുടെ സഹവിശ്വാസികൾക്ക് അസാധ്യമാണെന്നു തോന്നിയേക്കാം. എന്നിരുന്നാലും ആ സാക്ഷികൾ ‘ദൈവം അവർക്കുവേണ്ടി യുദ്ധം ചെയ്യും’ എന്ന ഉറച്ച ബോധ്യമുള്ളവരാണ്. അതേ, വിശ്വാസത്തെപ്രതി പീഡനമനുഭവിക്കുന്നവർ, യഹോവ അവരുടെ പ്രാർഥനയ്ക്ക് ഉത്തരം നൽകുന്നുവെന്നും ശക്തരായ എതിരാളികളുടെ ‘ആലോചനയെ നിഷ്ഫലമാക്കുന്നുവെന്നും’ ആവർത്തിച്ച് കണ്ടറിഞ്ഞിരിക്കുന്നു. രാജ്യവേല നിരോധിച്ചിരിക്കുന്ന ദേശങ്ങളിൽപ്പോലും സുവാർത്താ പ്രസംഗം തുടരുന്നതിനുള്ള വഴികൾ ക്രിസ്ത്യാനികൾ കണ്ടെത്തുന്നു. യെരൂശലേമിലെ പണിക്കാർ ജോലി ചെയ്യുന്ന രീതിക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്തിയതുപോലെ, ആക്രമണങ്ങൾ നേരിടുമ്പോൾ ഇന്ന് യഹോവയുടെ സാക്ഷികൾ അവരുടെ പ്രസംഗ പ്രവർത്തനത്തിൽ ബുദ്ധിപൂർവം ചില മാറ്റങ്ങൾ വരുത്തുന്നു. പക്ഷേ അവർ ആയുധങ്ങൾ ഉപയോഗിക്കില്ലെന്നത് ഒരു വസ്തുതയാണ്. (2 കൊരിന്ത്യർ 10:4) ശാരീരികമായി ആക്രമിക്കപ്പെടുമെന്ന ഭീഷണിയുള്ളപ്പോൾപോലും പ്രസംഗപ്രവർത്തനം അവർ നിറുത്തിവെക്കില്ല. (1 പത്രൊസ് 4:16) മറിച്ച്, ധൈര്യശാലികളായ ആ സഹോദരീസഹോദരന്മാർ ‘നന്മയാൽ തിന്മയെ ജയിക്കുന്നു.’
“വരിക . . . യോഗംകൂടുക”
12, 13. (എ) നെഹെമ്യാവിന്റെ ശത്രുക്കൾ സ്വീകരിച്ച തന്ത്രം എന്തായിരുന്നു? (ബി) ശത്രുക്കളുമായി കൂടിക്കാഴ്ച നടത്താനുള്ള ക്ഷണം നെഹെമ്യാവ് നിരസിച്ചതിന്റെ കാരണമെന്ത്?
12 നേരിട്ടുള്ള ആക്രമണങ്ങളെല്ലാം പരാജയപ്പെട്ടു എന്നു കണ്ട നെഹെമ്യാവിന്റെ ശത്രുക്കൾ കൗശലപൂർവം മറ്റു മാർഗങ്ങൾ അവംലംബിച്ചു. വാസ്തവത്തിൽ അവർ മൂന്നു തന്ത്രങ്ങൾ പയറ്റിനോക്കി. അവ ഏതൊക്കെ ആയിരുന്നു?
13 ആദ്യമായി അവർ നെഹെമ്യാവിനെ വഞ്ചിക്കാൻ ശ്രമിച്ചു. അവർ അവനോടു പറഞ്ഞു: “വരിക; നാം ഓനോ സമഭൂമിയിലെ ഒരു ഗ്രാമത്തിൽ യോഗംകൂടുക.” യെരൂശലേമിനും ശമര്യയ്ക്കും ഇടയ്ക്കുള്ള ഒരു സ്ഥലമാണ് ഓനോ. അതുകൊണ്ട് ശത്രുക്കളുടെ നിർദേശം, പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുവേണ്ടി നെഹെമ്യാവ് അവരെ പാതിവഴിയിൽവെച്ച് കണ്ടുമുട്ടുക എന്നതായിരുന്നു. നെഹെമ്യാവിനു വേണമെങ്കിൽ ഇങ്ങനെ ചിന്തിക്കാമായിരുന്നു: ‘അത് ന്യായമാണെന്നു തോന്നുന്നു. പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനാകുമെങ്കിൽ വെറുതെ എന്തിനു യുദ്ധം ചെയ്യണം.’ എന്നാൽ നെഹെമ്യാവ് ആ നിർദേശം നിരാകരിക്കുകയാണുണ്ടായത്. അതിന്റെ കാരണം അവൻ വിശദീകരിക്കുന്നു: “എന്നോടു ദോഷം ചെയ്വാനായിരുന്നു അവർ നിരൂപിച്ചത്.” അവരുടെ കുതന്ത്രം മനസ്സിലാക്കിയ അവൻ ആ ചതിക്കുഴിയിൽ വീണില്ല. നാലു പ്രാവശ്യം അവൻ ശത്രുക്കളോടു പറഞ്ഞു: “എനിക്കു അങ്ങോട്ടു വരുവാൻ കഴിവില്ല; ഞാൻ വേല വിട്ടു നിങ്ങളുടെ അടുക്കൽ വരുന്നതിനാൽ അതിന്നു മിനക്കേടു വരുത്തുന്നതു എന്തിന്ന്.” അങ്ങനെ നെഹെമ്യാവിനെക്കൊണ്ടു വിട്ടുവീഴ്ച ചെയ്യിക്കാനുള്ള അവരുടെ ശ്രമം പാളിപ്പോയി. അവൻ തന്റെ ജോലിയിൽ ബദ്ധശ്രദ്ധനായിരുന്നു.—നെഹെമ്യാവു 6:1-4.
14. വ്യാജ ആരോപകരോടു നെഹെമ്യാവ് പ്രതികരിച്ചത് എങ്ങനെയാണ്?
14 രണ്ടാമതായി, നെഹെമ്യാവ് അർത്ഥഹ്ശഷ്ടാരാജാവിനെതിരെ ‘മത്സരിക്കുകയാണെന്ന്’ എതിരാളികൾ അവനെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചു. ഒരിക്കൽക്കൂടി അവർ നെഹെമ്യാവിനോടു പറഞ്ഞു: “വരിക നാം തമ്മിൽ ആലോചന ചെയ്ക.” ഇക്കുറിയും അവൻ ക്ഷണം നിരസിച്ചു. കാരണം എതിരാളികളുടെ ഉദ്ദേശ്യം അവന് അറിയാമായിരുന്നു. അവൻ വിശദീകരിക്കുന്നു: “വേല നടക്കാതവണ്ണം അവരുടെ ധൈര്യം ക്ഷയിച്ചു പോകേണമെന്നു പറഞ്ഞു അവർ ഒക്കെയും ഞങ്ങളെ ഭയപ്പെടുത്തുവാൻ നോക്കി.” ഇത്തവണ പക്ഷേ നെഹെമ്യാവ് ശത്രുക്കളുടെ ആരോപണത്തെ ഖണ്ഡിച്ചു: “നീ പറയുന്നതുപോലെയുള്ള കാര്യം ഒന്നും നടക്കുന്നില്ല; അതു നീ സ്വമേധയാ സങ്കല്പിച്ചതാകുന്നു.” സർവോപരി, നെഹെമ്യാവ് പിന്തുണയ്ക്കുവേണ്ടി യഹോവയിലേക്കു നോക്കി. അവൻ പ്രാർഥിച്ചു: “എന്നെ ധൈര്യപ്പെടുത്തേണമേ.” യഹോവയുടെ സഹായത്താൽ ശത്രുക്കളുടെ എല്ലാ പദ്ധതികളും തകർക്കാനാകുമെന്നും നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനാകുമെന്നും അവൻ ഉറച്ചു വിശ്വസിച്ചു.—നെഹെമ്യാവു 6:5-9.
15. ഒരു വ്യാജ പ്രവാചകൻ എന്ത് ഉപദേശമാണു നൽകിയത്, എന്നാൽ എന്തുകൊണ്ടാണ് നെഹെമ്യാവ് ആ ഉപദേശം സ്വീകരിക്കാതിരുന്നത്?
15 മൂന്നാമതായി, ശത്രുക്കൾ ഒരു ചതിയനെ, ഇസ്രായേല്യനായ ശെമയ്യാവിനെ, ഉപയോഗിച്ച് നെഹെമ്യാവിനെക്കൊണ്ട് ദൈവനിയമം ലംഘിപ്പിക്കാൻ ഒരു ശ്രമം നടത്തിനോക്കി. ശെമയ്യാവ് നെഹെമ്യാവിനോടു പറഞ്ഞു: “നാം ഒരുമിച്ചു ദൈവാലയത്തിൽ മന്ദിരത്തിന്നകത്തു കടന്നു വാതിൽ അടെക്കുക; നിന്നെ കൊല്ലുവാൻ [അവർ] വരുന്നുണ്ട്.” നെഹെമ്യാവ് കൊല്ലപ്പെടാൻ പോകുകയാണെന്നും ദൈവാലയത്തിൽ കയറി ഒളിച്ചിരുന്നാൽ രക്ഷപ്പെടാൻ സാധിക്കുമെന്നമാണു ശെമയ്യാവ് പറഞ്ഞത്. എന്നാൽ ഒരു പുരോഹിതൻ അല്ലായിരുന്ന നെഹെമ്യാവ് ആലയത്തിൽ കയറി ഒളിച്ചിരുന്നാൽ അത് പാപം ആകുമായിരുന്നു. തന്റെ ജീവൻ രക്ഷിക്കുന്നതിനുവേണ്ടി അവൻ ദൈവനിയമം ലംഘിക്കുമായിരുന്നോ? “എന്നെപ്പോലെയുള്ള ഒരുത്തൻ ജീവരക്ഷെക്കായി മന്ദിരത്തിലേക്കു പോകുമോ? ഞാൻ പോകയില്ല” എന്നായിരുന്നു നെഹെമ്യാവിന്റെ മറുപടി. അവൻ എന്തുകൊണ്ടാണ് ആ കെണിയിൽ വീഴാതിരുന്നത്? ശെമയ്യാവ് ഒരു ഇസ്രായേല്യൻ ആയിരുന്നെങ്കിലും “ദൈവം അവനെ അയച്ചിട്ടില്ല” എന്നു നെഹെമ്യാവിന് അറിയാമായിരുന്നു. എന്തായാലും ഒരു യഥാർഥ പ്രവാചകൻ ദൈവനിയമം ലംഘിക്കാൻ ഒരിക്കലും അവനെ ഉപദേശിക്കില്ല. അവനെ കെണിയിൽ വീഴിക്കുന്നതിൽ ആ ദുഷ്ട എതിരാളികൾ ഒരിക്കൽക്കൂടി പരാജയപ്പെട്ടു. അതിനുശേഷം അധികം താമസിയാതെ നെഹെമ്യാവിനു പറയാൻ കഴിഞ്ഞു: “ഇങ്ങനെ മതിൽ അമ്പത്തിരണ്ടു ദിവസം പണിതു എലൂൽമാസം ഇരുപത്തഞ്ചാം തിയ്യതി തീർത്തു.”—നെഹെമ്യാവു 6:10-15; സംഖ്യാപുസ്തകം 1:51; 18:7.
16. (എ) വ്യാജസുഹൃത്തുക്കൾ, ദുരാരോപകർ, കള്ളസഹോദരങ്ങൾ, ഇവരുടെ സ്വാധീനത്തെ നമുക്കെങ്ങനെ ചെറുക്കാം? (ബി) കുടുംബത്തിലോ, സ്കൂളിലോ, ജോലിസ്ഥലത്തോ വിശ്വാസങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നു നിങ്ങൾ എങ്ങനെ കാണിക്കും?
16 നെഹെമ്യാവിന്റെ കാര്യത്തിലെന്നപോലെ, ചിലപ്പോൾ നമ്മുടെ എതിരാളികളും വ്യാജസുഹൃത്തുക്കളുടെയോ, ദുരാരോപകരുടെയോ, കള്ളസഹോദരങ്ങളുടെയോ രൂപത്തിൽ വന്നേക്കാം. വിട്ടുവീഴ്ച ചെയ്യാൻ ചില വ്യക്തികൾ നമ്മെ പ്രേരിപ്പിച്ചെന്നു വരാം. യഹോവയുടെ സേവനത്തിലുള്ള നമ്മുടെ തീക്ഷ്ണത അൽപ്പമൊന്നു കുറച്ചാൽ നമുക്ക് ലൗകിക ലക്ഷ്യങ്ങളും എത്തിപ്പിടിക്കാനാകുമെന്നു നമ്മെ വിശ്വസിപ്പിക്കാൻ അവർ ശ്രമിച്ചേക്കാം. എന്നാൽ നമ്മുടെ ജീവിതത്തിൽ ദൈവരാജ്യ താത്പര്യങ്ങൾ ഒന്നാമതു വരുന്നതുകൊണ്ട് വിട്ടുവീഴ്ച ചെയ്യാൻ നാം വിസമ്മതിക്കുന്നു. (മത്തായി 6:33; ലൂക്കൊസ് 9:57-62) നമുക്കെതിരെ ദുരാരോപണങ്ങൾ അഴിച്ചുവിടുക എന്നതാണ് എതിരാളികളുടെ മറ്റൊരു തന്ത്രം. ചില രാജ്യങ്ങളിൽ നാം നാടിന് ഒരു ഭീഷണിയാണെന്ന് അവർ ആരോപിക്കുന്നു, നെഹെമ്യാവ് രാജാവിനെതിരെ മത്സരിക്കുകയാണെന്ന് ആരോപിച്ചതുപോലെ. ചില ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് നീതിന്യായ കോടതികളിൽ തെളിയിക്കാനായിട്ടുണ്ട്. കോടതിവിധി എന്തുതന്നെ ആയാലും, യഹോവ അവന്റെ ഉദ്ദേശ്യത്തിനു ചേർച്ചയിൽ കാര്യങ്ങൾ നയിക്കുമെന്ന് നമുക്കുറപ്പുണ്ട്. (ഫിലിപ്പിയർ 1:7) ഇനി, യഹോവയെ സേവിക്കുന്നു എന്ന് അവകാശപ്പെടുന്നവരിൽനിന്നുപോലും എതിർപ്പുകൾ ഉണ്ടായേക്കാം. ഒരു സഹയഹൂദൻ നെഹെമ്യാവിനെ ദൈവനിയമം ലംഘിച്ചുകൊണ്ട് സ്വന്തം ജീവൻ രക്ഷിക്കാൻ പ്രേരിപ്പിച്ചതുപോലെ, വിശ്വാസത്യാഗികളായ മുൻ സാക്ഷികൾ വിട്ടുവീഴ്ച ചെയ്യാൻ പലവിധങ്ങളിൽ നമ്മെ സ്വാധീനിച്ചേക്കാം. എന്നാൽ വിശ്വാസത്യാഗികളെ നാം തിരസ്കരിക്കുന്നു, കാരണം ദൈവനിയമങ്ങൾ ലംഘിക്കുന്നതിലൂടെയല്ല അവ പാലിക്കുന്നതിലൂടെയാണ് ജീവൻ രക്ഷിക്കാനാകുന്നതെന്ന് നമുക്കറിയാം. (1 യോഹന്നാൻ 4:1) അതേ, യഹോവയുടെ സഹായത്താൽ തിന്മയുടെ ഏതു രൂപത്തെയും നമുക്കു കീഴടക്കാൻ സാധിക്കും.
തിന്മയെ അഭിമുഖീകരിക്കുമ്പോഴും സുവാർത്ത പങ്കുവെക്കുന്നു
17, 18. (എ) സാത്താന്റെയും അവന്റെ ഏജന്റുമാരുടെയും ലക്ഷ്യമെന്താണ്? (ബി) എന്തു ചെയ്യാനാണു നിങ്ങൾ നിശ്ചയിച്ചിരിക്കുന്നത്, എന്തുകൊണ്ട്?
17 ക്രിസ്തുവിന്റെ അഭിഷിക്ത സഹോദരങ്ങളെക്കുറിച്ച് ദൈവവചനം പറയുന്നു: ‘അവർ [സാത്താനെ] തങ്ങളുടെ സാക്ഷ്യവചനം ഹേതുവായിട്ടു ജയിച്ചു.’ (വെളിപ്പാടു 12:11) തിന്മയുടെ ഉറവിടമായ സാത്താനെ കീഴടക്കുന്നതും രാജ്യസന്ദേശം പ്രസംഗിക്കുന്നതും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്നാണ് ഇതുകാണിക്കുന്നത്. അതിനാൽ, എതിർപ്പുകൾ ഇളക്കിവിട്ടുകൊണ്ട് അഭിഷിക്തശേഷിപ്പിനോടും “മഹാപുരുഷാരത്തോടും” സാത്താൻ നിരന്തരം പോരാടുന്നതിൽ അത്ഭുതപ്പെടേണ്ട ആവശ്യമേയില്ല!—വെളിപ്പാടു 7:9; 12:17.
18 നാം കണ്ടുകഴിഞ്ഞതുപോലെ കുത്തുവാക്കുകൾ, ശാരീരിക പീഡനം, അല്ലെങ്കിൽ കൗശലമേറിയ മറ്റു മാർഗങ്ങൾ എന്നിവയിലൂടെയെല്ലാം എതിർപ്പുകൾ പ്രകടമായേക്കാം. എന്തുതന്നെയായാലും സാത്താന്റെ ലക്ഷ്യം ഒന്നുതന്നെയാണ്, പ്രസംഗപ്രവർത്തനം എങ്ങനെയും നിറുത്തിക്കണം. എന്നാൽ അവൻ ദയനീയമായി പരാജയപ്പെടും, കാരണം പുരാതനകാലത്തെ നെഹെമ്യാവിനെപ്പോലെ ഇന്നു ദൈവജനം ‘നന്മയാൽ തിന്മയെ ജയിക്കാൻ’ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്. വേല പൂർത്തിയായി എന്നു യഹോവ പറയുന്നതുവരെ സുവാർത്ത പ്രസംഗിച്ചുകൊണ്ട് തിന്മയെ ജയിച്ചടക്കുന്നതിൽ അവർ തുടരും.—മർക്കൊസ് 13:10; റോമർ 8:31; ഫിലിപ്പിയർ 1:27, 28.
[അടിക്കുറിപ്പ്]
നിങ്ങൾ ഓർമിക്കുന്നുവോ?
• പുരാതന ദൈവദാസർ എന്തൊക്കെ എതിർപ്പുകളാണു നേരിട്ടത്, ഇന്ന് ക്രിസ്ത്യാനികൾ എന്തൊക്കെ എതിർപ്പുകൾ നേരിടുന്നു?
• നെഹെമ്യാവിന്റെ എതിരാളികളുടെ മുഖ്യലക്ഷ്യം എന്തായിരുന്നു, ഇന്ന് ദൈവത്തിന്റെ എതിരാളികളുടെ ലക്ഷ്യം എന്താണ്?
• നാം ഇന്നു തിന്മയെ നന്മകൊണ്ട് കീഴടക്കുന്നത് എങ്ങനെ?
[29-ാം പേജിലെ ചതുരം/ചിത്രം]
നെഹെമ്യാവിന്റെ പുസ്തകത്തിൽനിന്നുള്ള പാഠങ്ങൾ
ദൈവദാസർ നേരിടേണ്ടി വരുന്നത്
• പരിഹാസം
• ഭീഷണി
• വഞ്ചന
വഞ്ചന ആയുധമാക്കുന്നവർ
• വ്യാജസുഹൃത്തുക്കൾ
• ദുരാരോപകർ
• കള്ളസഹോദരങ്ങൾ
ദൈവദാസർ തിന്മയെ കീഴടക്കുന്നത
• ദൈവദത്ത നിയമനത്തോടു പറ്റിനിന്നുകൊണ്ട്
[27-ാം പേജിലെ ചിത്രം]
കടുത്ത എതിർപ്പുണ്ടായിരിന്നിട്ടും നെഹെമ്യാവും അവന്റെ സഹപ്രവർത്തകരും യെരൂശലേം നഗരമതിൽ പുതുക്കിപ്പണിതു
[31-ാം പേജിലെ ചിത്രം]
സത്യക്രിസ്ത്യാനികൾ സധൈര്യം സുവാർത്ത പ്രസംഗിക്കുന്നു