അധ്യായം 12
അധികാരത്തോടുളള ആദരവ് സമാധാനപരമായ ജീവിതത്തിന് അത്യാവശ്യം
1-3. (എ) നമ്മുടെ നാളിലെ വിപുലവ്യാപകമായ അധികാരനിരാകരണത്തിന് സംഭാവന ചെയ്തിരിക്കുന്നതെന്ത്? (ബി) ഈ മനോഭാവം ഏതു വിവിധ വിധങ്ങളിൽ പ്രകടമാക്കപ്പെടുന്നു? (സി) ഫലങ്ങൾ എവിടെ അനുഭവപ്പെടുന്നു?
ഇന്നത്തെ ലോകത്തിൽ സ്വാതന്ത്ര്യത്തിന്റെ ഒരു ആത്മാവ് വ്യാപിച്ചിരിക്കുന്നു. പ്രത്യേകിച്ച് രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജനിച്ചവർക്കിടയിൽ പൊതുവേ അധികാരത്തോട് ഒരു വിശ്വാസമില്ലായ്മ വികാസം പ്രാപിച്ചിട്ടുണ്ട്. എന്തുകൊണ്ട്? ഒരു സംഗതി, അവരുടെ മാതാപിതാക്കൻമാർ മുമ്പുണ്ടായിട്ടില്ലാത്ത അളവിൽ മർദ്ദനവും അതുപോലെതന്നെ അധികാരത്തിലിരിക്കുന്നവരാലുളള അനിയന്ത്രിതവും ദുഷിച്ചതുമായ തന്ത്രങ്ങളും നിരീക്ഷിച്ചിരുന്നു എന്നതാണ്. അവർ അധികാരത്തെ സംബന്ധിച്ച് ഒരു പ്രതികൂലാഭിപ്രായം വികസിപ്പിച്ചു. തൽഫലമായി അവരിലനേകർ മാതാപിതാക്കളായിത്തീർന്നപ്പോൾ തങ്ങളുടെ മക്കളിൽ അധികാരത്തോടുളള ആദരവ് നട്ടുവളർത്തിയില്ല. കുട്ടികൾ കണ്ട, ഔദ്യോഗിക സ്ഥാനത്തിരിക്കുന്നവരുടെ ഭാഗത്തെ അനീതികളും കാര്യങ്ങളെ സഹായിച്ചില്ല. തൽഫലമായി അധികാരത്തോടുളള അനാദരവ് സാധാരണയായിത്തീർന്നിരിക്കുകയാണ്.
2 ആ അനാദരവ് വിവിധ രീതികളിൽ പ്രകടമാക്കപ്പെടുന്നു. ചിലപ്പോൾ അതു അംഗീകൃത നിലവാരങ്ങളുടെ നിരാകരണത്തെ സൂചിപ്പിക്കുന്ന വസ്ത്രധാരണരീതിയോ ചമയങ്ങളോ സ്വീകരിക്കുന്നതിനാലാണ്. അതിൽ പോലീസിനെ പരസ്യമായി ധിക്കരിക്കുന്നതോ അക്രമവും രക്തച്ചൊരിച്ചിലും പോലുമോ ഉൾപ്പെട്ടേക്കാം. എന്നാൽ അതു ഇവയിൽ പരിമിതപ്പെട്ടിരിക്കുന്നില്ല. ഇത്രയും തുറന്ന രീതിയിൽ സ്വയം പ്രകടിപ്പിക്കാത്തവർക്കിടയിൽപോലും ചില നിയമങ്ങളോട് തങ്ങൾ യോജിക്കുന്നില്ലെങ്കിൽ അല്ലെങ്കിൽ അവ തങ്ങൾക്ക് അസൗകര്യമാണെന്ന് കരുതുന്നെങ്കിൽ അനേകരും അവയെ അവഗണിക്കുകയോ അവയിൽനിന്ന് ഒഴിഞ്ഞു മാറുകയോ ചെയ്യുന്നു.
3 ഈ അവസ്ഥ കുടുംബങ്ങളിലെയും സ്കൂളുകളിലെയും ഗവൺമെൻറ് ഉദ്യോഗസ്ഥൻമാരുമായുളള സമ്പർക്കങ്ങളിലെയും അന്തരീക്ഷത്തെ ആഴമായി ബാധിച്ചിരിക്കുന്നു. അധികമധികമാളുകൾ മററാരും തങ്ങളോട് എന്തു ചെയ്യണം എന്നു പറയാനാഗ്രഹിക്കുന്നില്ല. അവർ കൂടിയ സ്വാതന്ത്ര്യമെന്ന് തങ്ങൾ വിശ്വസിക്കുന്നത് കരസ്ഥമാക്കാൻ ശ്രമിക്കുകയാണ്. ഈ സാഹചര്യത്തെ അഭിമുഖീകരിച്ചിരിക്കെ നിങ്ങൾ എന്തു ചെയ്യും?
4. ഈ സംഗതിയിൽ നാം ചെയ്യുന്ന കാര്യങ്ങളാൽ നാം ഏതു വിവാദവിഷയത്തോടുളള നമ്മുടെ മനോഭാവം പ്രകടമാക്കുന്നു?
4 നിങ്ങളുടെ ഗതി യഹോവയുടെ സാർവ്വത്രിക പരമാധികാരത്തിന്റെ വിവാദപ്രശ്നത്തിൽ നിങ്ങൾ എവിടെ നിൽക്കുന്നു എന്ന് പ്രകടമാക്കും. യഥാർത്ഥ സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ഉറവെന്നനിലയിൽ നിങ്ങൾ വാസ്തവത്തിൽ യഹോവയെ ആദരിക്കുന്നുണ്ടോ? നിങ്ങൾ അവന്റെ വചനം പറയുന്നത് ആരായുകയും നിങ്ങളുടെ ജീവിതത്തിൽ ബാധകമാക്കുകയും ചെയ്യുമോ? അതോ നിങ്ങൾ നൻമയെന്ത് തിൻമയെന്ത് എന്നതു സംബന്ധിച്ച് സ്വതന്ത്രമായി സ്വന്തം തീരുമാനം ചെയ്യുന്നവരുടെ കൂടെ നീങ്ങുമോ?—ഉല്പത്തി 3:1-5; വെളിപ്പാട് 12:9.
5. (എ) “സ്വാതന്ത്ര്യം” വാഗ്ദാനം ചെയ്യുന്ന മനുഷ്യരുടെ മാർഗ്ഗനിർദ്ദേശത്തെ പിന്തുടരുന്നതിൽനിന്ന് മിക്കപ്പോഴും എന്തു ഫലമുണ്ടാകുന്നു? (ബി) ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നയാൾ എത്ര സ്വതന്ത്രനാണ്?
5 ബൈബിളിന്റെ ഒരു സൂക്ഷ്മപരിജ്ഞാനത്തിന് ‘സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുമ്പോൾ തന്നെ ദുഷിപ്പിന്റെ അടിമകളായി സ്ഥിതിചെയ്യുന്ന’വരാൽ വഴിതെററിപ്പിക്കപ്പെടുന്നതിൽ നിന്ന് നമ്മെ സംരക്ഷിക്കാൻ കഴിയും. അത്തരം ആളുകളുടെ മാർഗ്ഗനിർദ്ദേശത്തെ പിന്തുടരുന്നതു നിങ്ങളെത്തന്നെ അതേ അടിമാവസ്ഥയിലാക്കുക മാത്രമേ ചെയ്യുകയുളളു. (2 പത്രോസ് 2:18, 19) ദൈവേഷ്ടം പഠിക്കുകയും ചെയ്യുകയും ചെയ്യുന്നതിനാൽ മാത്രമേ യഥാർത്ഥ സ്വാതന്ത്ര്യം ലഭിക്കുകയുളളു. അവന്റെ ദിവ്യ കല്പന “സ്വാതന്ത്ര്യത്തിന്റെതായ പൂർണ്ണനിയമമാണ്.” (യാക്കോബ് 1:25) യഹോവ പ്രയോജനകരമായ യാതൊരു ഉദ്ദേശ്യത്തിനും ഉതകാത്ത ചട്ടങ്ങളാൽ നമ്മെ വേലിക്കെട്ടിൽ ആക്കികൊണ്ട് നമ്മെ അനാവശ്യമായി നിയന്ത്രിക്കുന്നില്ലാത്തതിനാൽ അങ്ങനെ പറയാൻ കഴിയും. എന്നാൽ അവന്റെ നിയമം ദൈവത്തോടും സഹമനുഷ്യരോടുമുളള നല്ല ബന്ധത്തിന്റെ അടിസ്ഥാനത്തിൽ സ്വാതന്ത്ര്യവും സമാധാനവും സുരക്ഷിതത്വവും കൈവരുത്തുന്ന മാർഗ്ഗനിർദ്ദേശം നൽകുക തന്നെ ചെയ്യുന്നു.
6, 7. (എ) അധികാര ദുർവിനിയോഗം സംബന്ധിച്ച് എന്തെങ്കിലും ചെയ്യാൻ അത്യുത്തമ സ്ഥാനത്തായിരിക്കുന്നതാരാണ്? (ബി) നിയമം കൈയിലെടുക്കാൻ ശ്രമിക്കുന്ന ആളുകൾക്ക് എന്തു സംഭവിക്കുന്നുവെന്ന് യേശു പ്രകടമാക്കിയതെങ്ങനെ?
6 മററാരെക്കാൾ മെച്ചമായി മമനുഷ്യന്റെ അഴിമതിയും അധികാര ദുർവിനിയോഗവും എത്രത്തോളമുണ്ടെന്ന് ദൈവത്തിനറിയാം. പീഡനത്തിനിടയാക്കുന്നവർ എത്ര ഉന്നതനിലയിലുളളവരായാലും താൻ അവരോട് കണക്കു ചോദിക്കുമെന്ന് അവൻ വാക്കു തന്നിട്ടുണ്ട്. (റോമർ 14:12) ദൈവത്തിന്റെ നിശ്ചിത സമയത്ത് “ദുഷ്ടൻമാർ . . . ഭൂമിയിൽനിന്നു തന്നെ ഛേദിക്കപ്പെടും. വഞ്ചകൻമാരെ സംബന്ധിച്ചാണെങ്കിൽ, അവർ അതിൽനിന്ന് പറിച്ചു മാററപ്പെടും.” (സദൃശവാക്യങ്ങൾ 2:22) എന്നാൽ അക്ഷമരായിത്തീർന്ന് നാം തന്നെ നിയമം കൈയിലെടുക്കുന്നുവെങ്കിൽ അതിൽനിന്ന് നിലനിൽക്കുന്ന യാതൊരു നൻമയും നമുക്ക് ഉണ്ടാകാൻ പോകുന്നില്ല.—റോമർ 12:17-19.
7 തന്റെ ഒററിക്കൊടുക്കലിന്റെയും അറസ്ററിന്റെയും രാത്രിയിൽ യേശു തന്റെ അപ്പോസ്തലൻമാരോട് ഇതു ഊന്നിപ്പറഞ്ഞു. കാട്ടുമൃഗങ്ങളുടെ സാന്നിദ്ധ്യം ഉൾപ്പെടെ ദേശത്തു നിലവിലിരുന്ന അവസ്ഥകൾ നിമിത്തം ആളുകൾ മിക്കപ്പോഴും വാളുകൾ കൊണ്ടു നടന്നിരുന്നു. അതുകൊണ്ട് ആ അവസരത്തിൽ യേശുവിന്റെ അപ്പോസ്തലൻമാരുടെ ഇടയിൽ രണ്ടു വാളുകളുണ്ടായിരുന്നു. (ലൂക്കോസ് 22:38) എന്തു സംഭവിച്ചു? കൊളളാം കാരണമില്ലാതെ യേശു അറസ്ററു ചെയ്യപ്പെട്ടപ്പോൾ നീതിയുടെ ഘോരമായ ഒരു വളച്ചൊടിക്കൽ അവർ കണ്ടു. അതുകൊണ്ട് അപ്പോസ്തലനായ പത്രോസ് വികാരാവേശിതനായി തന്റെ വാളൂരി ആളുകളിൽ ഒരുവന്റെ ചെവി വെട്ടിക്കളഞ്ഞു. എന്നാൽ യേശു ഛേദിക്കപ്പെട്ട ചെവി പുനഃസ്ഥിതീകരിക്കുകയും “നിന്റെ വാൾ അതിന്റെ സ്ഥാനത്ത് തിരികെ വയ്ക്കുക, എന്തുകൊണ്ടെന്നാൽ വാളെടുക്കുന്നവരെല്ലാം വാളാൽ നശിക്കും” എന്നു പറഞ്ഞുകൊണ്ട് പത്രോസിനെ ശാസിക്കുകയും ചെയ്തു. (മത്തായി 26:52) നമ്മുടെ നാളുകളിൽപോലും അനേകമാളുകൾക്ക് ഈ ബുദ്ധിയുപദേശം അനുസരിക്കുന്നതിനാൽ അകാല മരണങ്ങളിൽനിന്ന് രക്ഷപ്പെടാമായിരുന്നു.—സദൃശവാക്യങ്ങൾ 24:21, 22.
ലൗകികാധികാരികളോടുളള ഉചിതമായ വീക്ഷണം
8. (എ) റോമർ 13:1, 2-ൽ പ്രസ്താവിച്ചിരിക്കുന്ന പ്രകാരം ക്രിസ്ത്യാനികൾ ലൗകികാധികാരികളെ എങ്ങനെ വീക്ഷിക്കേണ്ടതാണ്? (ബി) അവ “ദൈവത്താൽ അവയുടെ ആപേക്ഷിക സ്ഥാനങ്ങളിൽ വയ്ക്കപ്പെട്ടിരിക്കുന്നു” എന്ന പ്രസ്താവനയാൽ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്ത്?
8 റോമിലെ ക്രിസ്ത്യാനികൾക്കെഴുതിയപ്പോൾ, അവർ ലൗകികാധികാരികളോടുളള ബന്ധത്തിൽ എങ്ങനെ പെരുമാറണമെന്ന് ചർച്ചചെയ്യാൻ അപ്പോസ്തലനായ പൗലോസ് ദൈവത്താൽ നിശ്വസ്തനാക്കപ്പെട്ടു. അവൻ എഴുതി: “ഏതു ദേഹിയും ശ്രേഷ്ഠാധികാരങ്ങൾക്ക് കീഴ്പ്പെട്ടിരിക്കട്ടെ, എന്തുകൊണ്ടെന്നാൽ ദൈവത്താലല്ലാതെ അധികാരമില്ല; നിലവിലുളള അധികാരങ്ങൾ ദൈവത്താൽ അവയുടെ ആപേക്ഷിക സ്ഥാനങ്ങളിൽ വയ്ക്കപ്പെട്ടു നിലകൊളളുന്നു. അതുകൊണ്ട് അധികാരത്തോട് എതിർക്കുന്നവൻ ദൈവത്തിന്റെ ക്രമീകരണത്തിന് എതിരായ ഒരു നില സ്വീകരിച്ചിരിക്കുന്നു. അതിനെതിരായ ഒരു നില സ്വീകരിച്ചിട്ടുളളവർ തങ്ങൾക്കു തന്നെ ന്യായവിധി പ്രാപിക്കും.” (റോമർ 13:1, 2) ഈ ലൗകിക ഭരണാധികാരികളെ ദൈവം ഭരണത്തിലാക്കി വച്ചിരിക്കുന്നു എന്ന് ഇതിനർത്ഥമുണ്ടോ? ഇല്ലെന്ന് ബൈബിൾ സുനിശ്ചിതമായി ഉത്തരം പറയുന്നു! (ലൂക്കോസ് 4:5, 6; വെളിപ്പാട് 13:1, 2) എന്നാൽ അവ അവന്റെ അനുവാദത്താൽ സ്ഥിതിചെയ്യുക തന്നെ ചെയ്യുന്നു. മാനുഷ ചരിത്രഗതിയിൽ അവർ ഇരുന്നിട്ടുളള ‘ആപേക്ഷിക സ്ഥാനം’ ദൈവത്താൽ നിർണ്ണയിക്കപ്പെട്ടതായിരുന്നു. ആ സ്ഥാനം എന്തായിരുന്നിട്ടുണ്ട്?
9. ഉദ്യോഗസ്ഥൻമാർ തെററായ നടപടികളിൽ ഏർപ്പെടുന്നുവെങ്കിൽ പോലും നമുക്ക് അവരെ ബഹുമാനിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
9 ഇപ്പോൾ ഉദ്ധരിക്കപ്പെട്ട തിരുവെഴുത്ത് അത് “ശ്രേഷ്ഠ”മായ ഒന്നാണെന്ന് പറയുന്നു. അപ്രകാരം ഗവൺമെൻറുദ്യോഗസ്ഥൻമാരോട് അനാദരവോടെ പെരുമാറാവുന്നതല്ല. അവർ പ്രാബല്യത്തിലാക്കുന്ന നിയമങ്ങളെ അവഗണിക്കാവുന്നതല്ല. ഇതിന് നിങ്ങൾ വ്യക്തികളെ പ്രശംസിക്കണമെന്നോ അവർ ഏർപ്പെട്ടേക്കാവുന്ന ഏതെങ്കിലും അഴിമതിയെ അംഗീകരിക്കണമെന്നോ അവശ്യം അർത്ഥമില്ല. എന്നാൽ അവർ വഹിക്കുന്ന ഉദ്യോഗം മൂലം ഉചിതമായി ആദരവ് പ്രകടമാക്കപ്പെടുന്നു.—തീത്തോസ് 3:1, 2.
10. നികുതികൾ കൊടുക്കുന്നതിനെ എങ്ങനെ വീക്ഷിക്കേണ്ടതാണ്, എന്തുകൊണ്ട്?
10 ലൗകിക നിയമങ്ങൾ വലിയ അളവിൽ നൻമയ്ക്കുതകുന്നു. അവ ക്രമം പാലിക്കുന്നതിന് സഹായിക്കുകയും ജനങ്ങൾക്കും അവരുടെ സ്വത്തിനും ഒരളവിലുളള സംരക്ഷണം ഉറപ്പു നൽകുകയും ചെയ്യുന്നു. (റോമർ 13:3, 4) കൂടാതെ, ഗവൺമെൻറുകൾ സാധാരണയായി ജനങ്ങൾക്കു പ്രയോജനം ചെയ്യുന്ന റോഡുകളും ശുചീകരണ സേവനവും അഗ്നി സംരക്ഷണവും വിദ്യാഭ്യാസവും മററു സേവനങ്ങളും നൽകുന്നു. ഈ സേവനങ്ങൾക്കുവേണ്ടി അവർക്ക് പ്രതിഫലം കൊടുക്കേണ്ടതാണോ? നാം നികുതികൾ കൊടുക്കണമോ? ഉയർന്ന നികുതികളും പൊതുഫണ്ടുകളുടെ കൂടെക്കൂടെയുളള ദുർവിനിയോഗവും നിമിത്തം ഈ ചോദ്യം മിക്കപ്പോഴും ശക്തമായ വികാരങ്ങൾ ഇളക്കി വിടുന്നു. യേശുവിന്റെ നാളുകളിലും ഈ ചോദ്യത്തിന് കൂടുതലായ രാഷ്ട്രീയ പ്രാധാന്യം ഉണ്ടായിരുന്നു. എന്നാൽ നിലവിലുളള സാഹചര്യം കരം കൊടുക്കാനുളള ഏതെങ്കിലും വിസമ്മതം ആവശ്യമാക്കിത്തീർത്തു എന്ന നിലപാട് യേശു സ്വീകരിച്ചില്ല. റോമൻ കൈസർ അടിച്ചിരുന്ന പണത്തെ പരാമർശിച്ചുകൊണ്ട് അവൻ ഇങ്ങനെ പറഞ്ഞു: “അതുകൊണ്ട് കൈസറിന്റെ വസ്തുക്കൾ കൈസറിനും ദൈവത്തിന്റെ വസ്തുക്കൾ ദൈവത്തിനും തിരിച്ചുകൊടുക്കുക.” (മത്തായി 22:17-21; റോമർ 13:6, 7) ഇല്ല, ഓരോരുത്തരും തനിക്കുതന്നെ ഒരു നിയമമായിത്തീരുക എന്ന ആശയത്തെ യേശു അംഗീകരിച്ചില്ല.
11, 12. (എ) പരിഗണിക്കപ്പെടേണ്ട മറെറാരു അധികാരം കൂടെ ഉണ്ടെന്ന് തിരുവെഴുത്തുകൾ പ്രകടമാക്കുന്നതെങ്ങനെ? (ബി) ലൗകികാധികാരികൾ ദൈവത്തിന്റെ വ്യവസ്ഥകൾക്ക് വിരുദ്ധമായ കല്പനകൾ പുറപ്പെടുവിച്ചാൽ നിങ്ങൾ എന്തു ചെയ്യും, എന്തുകൊണ്ട്?
11 എന്നിരുന്നാലും കണക്കിലെടുക്കേണ്ട ഏക അധികാരം ലൗകിക സംസ്ഥാനമായിരിക്കുന്ന “കൈസർ” മാത്രമല്ല എന്ന് യേശു പ്രകടമാക്കി. “ശ്രേഷ്ഠാധികാരങ്ങൾ” ദൈവത്തേക്കാൾ ശ്രേഷ്ഠമോ അവനോട് തുല്യംപോലുമോ അല്ല. നേരെ മറിച്ച് അവ അവനെക്കാൾ വളരെ താഴ്ന്നവയാണ്. അതുകൊണ്ട് അവയുടെ അധികാരം പരിമിതമാണ്, സമ്പൂർണ്ണമല്ല. ഇതു നിമിത്തം ക്രിസ്ത്യാനികൾ മിക്കപ്പോഴും വിഷമകരമായ ഒരു തീരുമാനത്തെ അഭിമുഖീകരിച്ചിട്ടുണ്ട്. അത് നിങ്ങളും അഭിമുഖീകരിക്കേണ്ട ഒരു തീരുമാനമാണ്. അധികാരത്തിലിരിക്കുന്ന ആളുകൾ ദൈവത്തിനുളളത് തങ്ങൾക്കുവേണ്ടിതന്നെ ആവശ്യപ്പെടുമ്പോൾ നിങ്ങൾ എന്തു ചെയ്യും? ദൈവം കല്പിക്കുന്നതിനെ അവർ വിലക്കുകയാണെങ്കിൽ നിങ്ങൾ ആരെ അനുസരിക്കും?
12 യേശുവിന്റെ അപ്പോസ്തലൻമാർ യെരൂശലേമിലെ സമുന്നത കോടതിയുടെ അംഗങ്ങളോട് തങ്ങളുടെ നിലപാട് ആദരപൂർവ്വം, എന്നാൽ ദൃഢമായി, പ്രസ്താവിച്ചു: “ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഞങ്ങൾക്ക് സംസാരം നിർത്താൻ കഴിയുകയില്ല. . . . ഞങ്ങൾ മനുഷ്യരേക്കാളധികം ദൈവത്തെ ഭരണാധികാരിയായി അനുസരിക്കേണ്ടതാണ്.” (പ്രവൃത്തികൾ 4:19, 20; 5:29) ചിലപ്പോൾ ഗവൺമെൻറുകൾ അടിയന്തിര ഘട്ടങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്, അതു മനസ്സിലാക്കാവുന്നതേയുളളു. എന്നാൽ ചിലപ്പോൾ ഗവൺമെൻറ് നിയന്ത്രണങ്ങൾ നമ്മുടെ ദൈവാരാധനയെ തടസ്സപ്പെടുത്താൻ ലക്ഷ്യം വച്ചുളളവയും ദൈവദത്തമായ നമ്മുടെ കടപ്പാടുകൾ നിറവേററുന്നത് അസാദ്ധ്യമാക്കിത്തീർക്കുന്നവയും ആയിരിക്കാം. അപ്പോഴെന്ത്? ദൈവത്തിന്റെ നിശ്വസ്ത വചനം ഉത്തരം നൽകുന്നു: “നാം മനുഷ്യരേക്കാളധികം ദൈവത്തെ ഭരണാധികാരിയായി അനുസരിക്കേണ്ടതാണ്.”
13, 14. (എ) വ്യക്തിപരമായ കാരണങ്ങളാൽ മാത്രം ലൗകിക നിയമങ്ങളെ ലംഘിക്കാതിരിക്കാൻ നാം എത്ര ശ്രദ്ധാലുക്കളായിരിക്കണം? (ബി) തിരുവെഴുത്തുകളിൽനിന്ന് ഇതിന്റെ കാരണങ്ങൾ ചൂണ്ടിക്കാണിക്കുക.
13 ദൈവത്തോടുളള ഈ കടപ്പാട് ഉയർത്തിപ്പിടിക്കുന്നത് “കൈസർ” നിഷ്ക്കർഷിക്കുന്നതുമായി വൈരുദ്ധ്യത്തിലായിരുന്നേക്കാമെങ്കിലും നമുക്ക് അംഗീകരിക്കാൻ കഴിയാത്ത നിയമങ്ങൾ സ്വന്ത നിലയിൽ നാം ലംഘിക്കുന്നതിൽ നിന്ന് ഇതു തികച്ചും വ്യത്യസ്തമാണ്. വ്യക്തിപരമായ കാഴ്ചപ്പാടിൽ ചില നിയമങ്ങൾ അനാവശ്യവും അമിത നിയന്ത്രണം വയ്ക്കുന്നതുമായി തോന്നിയേക്കാമെന്നത് വാസ്തവമാണ്. എന്നാൽ ദൈവനിയമത്തിന് വിരുദ്ധമല്ലാത്ത നിയമങ്ങളെ അവഗണിക്കുന്നതിന് അതു ന്യായീകരണമാകുന്നില്ല. എല്ലാവരും തങ്ങൾക്കു പ്രയോജനകരമെന്ന് അവർ കരുതുന്ന നിയമങ്ങൾമാത്രം അനുസരിക്കുന്നെങ്കിലെന്ത്? അത് അരാജകത്വത്തിലേക്കു മാത്രമേ നയിക്കുകയുളളു.
14 പിടികൂടപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ഇല്ലാത്തതിനാൽ തനിക്ക് അധികാരത്തെ അവഗണിക്കാനും ഇഷ്ടംപോലെ പ്രവർത്തിക്കാനും കഴിയുമെന്ന് ഒരു വ്യക്തി ചിലപ്പോൾ വിചാരിച്ചേക്കാം. എന്നാൽ ഇതിൽ വലിയ അപകടമുണ്ട്. നിയമത്തോടുളള അവഗണനയിൽ ആദ്യം നിസ്സാരകാര്യങ്ങൾ ഉൾപ്പെട്ടിരുന്നേക്കാമെന്നിരിക്കെ ശിക്ഷിക്കപ്പെടാതെ പോകുമ്പോൾ ഒരു വ്യക്തി കൂടുതലായ നിയമലംഘനത്തിന് ധൈര്യം കാട്ടിയേക്കാം. സഭാപ്രസംഗി 8:11 പ്രസ്താവിക്കുന്ന പ്രകാരം: “ഒരു ചീത്ത പ്രവൃത്തിക്കെതിരായ വിധി സത്വരം നടപ്പിലാക്കപ്പെട്ടിട്ടില്ലാത്തതുകൊണ്ടാണ് മനുഷ്യപുത്രൻമാരുടെ ഹൃദയം തിൻമ ചെയ്യാൻ അവയിൽ തികച്ചും ദൃഢമായിരിക്കുന്നത്.” എന്നാൽ നിയമം അനുസരിക്കുന്നതിനുളള യഥാർത്ഥകാരണം അനുസരണക്കേടിനുളള ശിക്ഷയോടുളള ഭയം മാത്രമാണോ? ഒരു ക്രിസ്ത്യാനിക്ക് അതിലും വളരെ ശക്തമായ ഒരു പ്രേരണ ഉണ്ടായിരിക്കണം. അപ്പോസ്തലനായ പൗലോസ് അതിനെ ഒരു “നിർബ്ബന്ധകാരണം” എന്നു വിളിച്ചു—ഒരു ശുദ്ധമനസ്സാക്ഷിക്കുവേണ്ടിയുളള ആഗ്രഹം. (റോമർ 13:5) തിരുവെഴുത്തു തത്വങ്ങളാൽ പരിശീലിപ്പിക്കപ്പെട്ട മനസ്സാക്ഷിയുളള ഒരാൾക്ക്, ഒരു നിയമരഹിത ഗതി പിന്തുടരുന്നത് “ദൈവത്തിന്റെ ക്രമീകരണത്തിനെതിരായ” ഒരു നിലപാട് സ്വീകരിക്കുകയാണ് എന്നറിയാം. നാം ചെയ്തുകൊണ്ടിരിക്കുന്നത് മററു മനുഷ്യർ അറിഞ്ഞാലും ഇല്ലെങ്കിലും ദൈവം അറിയുന്നു, ഭാവി ജീവനുവേണ്ടിയുളള നമ്മുടെ പ്രതീക്ഷകൾ അവനെ ആശ്രയിച്ചിരിക്കുന്നു.—1 പത്രോസ് 2:12-17.
15. (എ) ഒരു സ്കൂൾ അദ്ധ്യാപകനോടോ ഒരു തൊഴിലുടമയോടോ ഉളള ഒരുവന്റെ മനോഭാവം സംബന്ധിച്ച് അയാളെ നയിക്കേണ്ടതെന്ത്? (ബി) ഈ വിധത്തിൽ നാം ആരുടെ ആത്മാവിനാൽ സ്വാധീനിക്കപ്പെടുന്നതിനെ ഒഴിവാക്കുന്നു?
15 ഒരു സ്കൂൾ അദ്ധ്യാപകനോടുളള ഒരു കുട്ടിയുടെ മനോഭാവവും തന്റെ ലൗകിക തൊഴിലുടമയോടുളള ഒരു മുതിർന്നയാളിന്റെ മനോഭാവവും സംബന്ധിച്ചും ഇതുതന്നെ സത്യമാണ്. നമുക്ക് ചുററുമുളള അനേകമാളുകൾ തെററായ കാര്യങ്ങൾ ചെയ്യുന്നുവെന്ന വസ്തുതയായിരിക്കരുത് നിർണ്ണായകഘടകം. നാം ചെയ്യുന്നതു അദ്ധ്യാപകനോ തൊഴിലുടമയോ അറിയുന്നുണ്ടോയെന്നത് യാതൊരു വ്യത്യാസവുമുളവാക്കരുത്. എന്താണ് ശരി? എന്താണ് ദൈവത്തിനു പ്രസാദകരം? എന്നതാണ് ചോദ്യം. വീണ്ടും, നാം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത് ദൈവത്തിന്റെ നിയമത്തിനോ നീതിയുളള തത്വങ്ങൾക്കോ വിരുദ്ധമല്ലെങ്കിൽ നാം സഹകരിക്കുന്നു. സ്കൂൾ അദ്ധ്യാപകർ പൊതുവേ ലൗകിക ഗവൺമെൻറിന്റെ പ്രതിനിധികളാണ്, “ശ്രേഷ്ഠാധികാരങ്ങളു”ടെ ഏജൻറൻമാരാണ്, തന്നിമിത്തം അവർ ബഹുമാനം അർഹിക്കുന്നു. ലൗകിക തൊഴിലുടമകളെ സംബന്ധിച്ചാണെങ്കിൽ പൗലോസ് ഒരു വ്യത്യസ്തമായ ബന്ധത്തെ സംബന്ധിച്ച്, അടിമകൾക്ക് അവരുടെ ഉടമസ്ഥനോടുളള ബന്ധത്തെക്കുറിച്ചു എഴുതുകയായിരുന്നെങ്കിലും തീത്തോസ് 2:9, 10-ലെ തത്വം ബാധകമാക്കാൻ കഴിയും. പൗലോസ് പറഞ്ഞു: “[നിങ്ങൾ] നമ്മുടെ രക്ഷകനായ ദൈവത്തിന്റെ ഉപദേശത്തെ സകലത്തിലും അലങ്കരിക്കേണ്ടതിന് നല്ല വിശ്വസ്തത പൂർണ്ണമായി പ്രദർശിപ്പിച്ചുകൊണ്ട് . . . അവരെ നന്നായി പ്രസാദിപ്പിക്കുക.” (തീത്തോസ് 2:9, 10) അപ്രകാരം നാം ആരുടെ ആത്മാവ് “അനുസരണക്കേടിന്റെ പുത്രൻമാരിൽ വ്യാപരിക്കുന്നുവോ” ആ സാത്താന്റെ സ്വാധീനത്തെ ഒഴിവാക്കുകയും നമ്മുടെ സഹമനുഷ്യരോട് സമാധാനപൂർവ്വകമായ ബന്ധങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നു.—എഫേസ്യർ 2:2, 3.
ഭവനത്തിനുളളിലെ അധികാരം
16. ഒന്നു കൊരിന്ത്യർ 11:3-ൽ യോജിപ്പുളള കുടുംബജീവിതത്തിന്റെ ഏതു വ്യവസ്ഥ പ്രസ്താവിക്കപ്പെട്ടിരിക്കുന്നു?
16 അധികാരത്തോടുളള ആദരവിന് സമാധാനപൂർവ്വകമായ ബന്ധങ്ങൾ സ്ഥാപിക്കാൻ കഴിയുന്ന മറെറാരു മണ്ഡലം കുടുംബവൃത്തമാണ്. ഒട്ടുമിക്കപ്പോഴും അത്തരം ഉചിതമായൊരു ബന്ധത്തിന്റെ അഭാവമുണ്ട്. അതു കുടുംബബന്ധങ്ങളുടെ തകർച്ചയിലും മിക്കപ്പോഴും കുടുംബ ശൈഥില്യത്തിലും കലാശിക്കുന്നു. സാഹചര്യത്തെ മെച്ചപ്പെടുത്താൻ എന്തു ചെയ്യാൻ കഴിയും? 1 കൊരിന്ത്യർ 11:3-ൽ പറഞ്ഞിരിക്കുന്ന ശിരസ്ഥാനത്തിന്റെ തത്വത്തിൽ അതിനുളള ഉത്തരമുണ്ട്: “ഏതു പുരുഷന്റെയും തല ക്രിസ്തു ആകുന്നു; ക്രമത്തിൽ ഒരു സ്ത്രീയുടെ തല പുരുഷനാകുന്നു; ക്രമത്തിൽ ക്രിസ്തുവിന്റെ തല ദൈവമാകുന്നു.”
17. (എ) ശിര:സ്ഥാനം സംബന്ധിച്ച് പുരുഷന്റെ സ്ഥാനമെന്ത്? (ബി) ഭർതൃശിര:സ്ഥാനം സംബന്ധിച്ച് ക്രിസ്തു എന്തു നല്ല മാതൃക വച്ചു?
17 യഹോവയുടെ ക്രമീകരണത്തെക്കുറിച്ചുളള ഈ പ്രസ്താവന ആദ്യം പുരുഷന്റെ ശിരസ്ഥാനത്തിലേക്കു വിരൽ ചൂണ്ടുന്നില്ലെന്നുളളതു കുറിക്കൊളളുക. മറിച്ച്, മാർഗ്ഗനിർദ്ദേശത്തിനുവേണ്ടി പുരുഷൻ നോക്കേണ്ട മാതൃകയായി അവൻ അനുകരിക്കേണ്ട ഒരുവൻ ഉണ്ടെന്നുളള വസ്തുതയിലേക്കു അതു ശ്രദ്ധ ക്ഷണിക്കുന്നു. ആ ഒരുവൻ യേശുക്രിസ്തുവാണ്. അവനാണ് പുരുഷന്റെ ശിരസ്സ്. ഒരു മണവാട്ടിയോട് ഉപമിക്കപ്പെട്ടിരിക്കുന്ന അവന്റെ സഭയോടുളള അവന്റെ ഇടപെടലുകളിൽ ഭർതൃ ശിരസ്ഥാനത്തെ വിജയിപ്പിക്കാനുളള മാർഗ്ഗം ക്രിസ്തു പ്രകടിപ്പിച്ചു. അവന്റെ നല്ല മാതൃക അവന്റെ അനുഗാമികളിൽ മനസ്സോടെയുളള പ്രതിപ്രവർത്തനം ഉളവാക്കി. അവൻ നേതൃത്വമെടുത്തപ്പോൾ തന്റെ അനുഗാമികളോട് പരുഷനും ആജ്ഞാപൂർവ്വം ആവശ്യപ്പെടുന്നവനുമായ ഒരു മേധാവിയായിരിക്കുന്നതിനു പകരം യേശു “സൗമ്യനും ഹൃദയത്തിൽ വിനീതനു”മായിരുന്നു, അതുകൊണ്ട് അവർ തങ്ങളുടെ ദേഹികൾക്ക് നവോൻമേഷം കണ്ടെത്തി. (മത്തായി 11:28-30) അവരുടെ ദൗർബ്ബല്യങ്ങൾ നിമിത്തം അവൻ അവരെ തുച്ഛീകരിച്ചോ? മറിച്ച്, അവരെ സ്നേഹപൂർവ്വം ഉപദേശിക്കുകയും പാപങ്ങളിൽനിന്ന് അവരെ ശുദ്ധീകരിക്കാൻ തന്റെ ജീവനെ അർപ്പിക്കുകയും ചെയ്തു. (എഫേസ്യർ 5:25-30) ആ മാതൃകയെ പിന്തുടരാൻ ആത്മാർത്ഥമായി പരിശ്രമിക്കുന്ന ഒരു പുരുഷനുണ്ടായിരിക്കുന്നത് ഏതൊരു കുടുംബത്തിനും എന്തോരനുഗ്രഹമാണ്!
18. (എ) ഒരു ഭാര്യ തന്റെ ഭർത്താവിന്റെ അധികാരത്തെ ആദരിക്കുന്നുവെന്ന് അവൾക്ക് ഏതു വിധങ്ങളിൽ പ്രകടമാക്കാൻ കഴിയും? (ബി) കുട്ടികൾ തങ്ങളുടെ മാതാപിതാക്കൻമാരോട് ബഹുമാനം കാണിക്കേണ്ടത് എങ്ങനെ, എന്തുകൊണ്ട്?
18 ഭവനത്തിൽ അത്തരമൊരു ശിര:സ്ഥാനം ഉളളപ്പോൾ സ്ത്രീക്കു അവളുടെ ഭർത്താവിനെ ആദരിക്കാൻ പ്രയാസമില്ല. കുട്ടികളുടെ ഭാഗത്തെ അനുസരണവും കൂടുതൽ എളുപ്പമായിത്തീരുന്നു. എന്നാൽ ഭാര്യയ്ക്കും കുട്ടികൾക്കും കുടുംബ സന്തുഷ്ടിക്കുവേണ്ടി സംഭാവന ചെയ്യാൻ കഴിയുന്ന വളരെ കാര്യങ്ങളുണ്ട്. കുടുംബ പരിപാലനത്തിലുളള ഉത്സാഹത്താലും സഹകരണത്തിന്റെ ആത്മാവിനാലും ഒരു ഭാര്യ “തന്റെ ഭർത്താവിനോട്” തനിക്ക് “ആഴമായ ബഹുമാന”മുണ്ടെന്ന് കാണിക്കുന്നു. നിങ്ങളുടെ ഭവനത്തെ സംബന്ധിച്ച് ഇതു സത്യമാണോ? (എഫേസ്യർ 5:33; സദൃശവാക്യങ്ങൾ 31:10-15, 27, 28) കുട്ടികളെ സംബന്ധിച്ചിടത്തോളം പിതാവിനോടും മാതാവിനോടുമുളള മനസ്സോടെയുളള അനുസരണം ദൈവം ആവശ്യപ്പെടുന്ന പ്രകാരം അവർ മാതാപിതാക്കളെ ബഹുമാനിക്കുന്നു എന്നു പ്രകടമാക്കുന്നു. (എഫേസ്യർ 6:1-3) അത്തരമൊരു ഭവനത്തിൽ അധികാരത്തോട് ആദരവില്ലാത്തിടത്തേക്കാൾ വളരെയേറെ സമാധാനവും കൂടുതലായ വ്യക്തിപരമായ സുരക്ഷിതബോധവും ഉണ്ടായിരിക്കുകയില്ലേ?
19. കുടുംബത്തിൽ ദൈവവചനത്താൽ നയിക്കപ്പെടാൻ ശ്രമിക്കുന്നത് നിങ്ങൾ മാത്രമാണെങ്കിൽ നിങ്ങൾ എന്തു ചെയ്യണം?
19 നിങ്ങളുടെ ഭവനം അത്തരമൊരു സ്ഥലമാക്കാൻ നിങ്ങൾക്ക് സഹായിക്കാൻ കഴിയും. കുടുംബത്തിലെ മററംഗങ്ങൾ യഹോവയുടെ വഴികൾ ഉയർത്തിപ്പിടിക്കാൻ തെരഞ്ഞെടുത്താലും ഇല്ലെങ്കിലും നിങ്ങൾക്കങ്ങനെ ചെയ്യാൻ കഴിയും. മററുളളവർ നിങ്ങളുടെ നല്ല മാതൃകയോട് പ്രതികരിച്ചേക്കാം. (1 കൊരിന്ത്യർ 7:16; തീത്തോസ് 2:6-8) അവർ അങ്ങനെ ചെയ്യുന്നില്ലെങ്കിൽപോലും നിങ്ങൾ ചെയ്യുന്നത് യഹോവയുടെ വഴികളുടെ ഔചിത്യത്തിന്റെ ഒരു സാക്ഷ്യമായി നിലകൊളളും, അതു നിസ്സാര മൂല്യമുളള സംഗതിയല്ല.—1 പത്രോസ് 3:16, 17.
20, 21. (എ) ഒരു ഭർത്താവിന്റെയും മാതാപിതാക്കൻമാരുടെയും അധികാരം സമ്പൂർണ്ണമല്ലെന്ന് ബൈബിൾ പ്രകടമാക്കുന്നതെങ്ങനെ? (ബി) അതുകൊണ്ട് ഒരു ക്രിസ്തീയ ഭാര്യയോ വിശ്വാസമുളള കുട്ടികളോ ഏതു തീരുമാനത്തെ അഭിമുഖീകരിച്ചേക്കാം, അവരെ പ്രേരിപ്പിക്കേണ്ടതെന്താണ്?
20 കുടുംബ അധികാരത്തിന്റെ ചട്ടക്കൂട് മുഴുവനും ദൈവത്തിൽനിന്ന് ഉത്ഭവിക്കുന്നു എന്നത് മനസ്സിൽ പിടിക്കുക. അപ്രകാരം പുരുഷൻമാർ ക്രിസ്തുവിനും ഭാര്യമാർ “കർത്താവിൽ യോഗ്യമായിരിക്കുന്നതുപോലെ” ഭർത്താക്കൻമാർക്കും കുട്ടികൾ “എന്തുകൊണ്ടെന്നാൽ ഇത് കർത്താവിൽ സുപ്രസാദകരമായിരിക്കുന്നതിനാൽ” മാതാപിതാക്കൾക്കും കീഴ്പ്പെട്ടിരിക്കണം. (കൊലോസ്യർ 3:18, 20; 1 കൊരിന്ത്യർ 11:3) അതുകൊണ്ട് ദൈവത്തെ കണക്കിലെടുക്കാതെ വിട്ടുകളയാൻ കഴിയുകയില്ല, ഉവ്വോ? ഇതിന്റെ അർത്ഥം തന്റെ ഭാര്യയുടെ മേലുളള ഭർത്താവിന്റെ അധികാരവും തങ്ങളുടെ കുട്ടികളുടെ മേലുളള മാതാപിതാക്കളുടെ അധികാരവും ആപേക്ഷികമാണ് എന്നാണ്. അതായത് ക്രിസ്തീയ ഇണയും കുട്ടികളും ദൈവത്തിന്റെയും ക്രിസ്തുവിന്റെയും ഉപദേശം അനുസരിച്ചുകൊണ്ട് ഒന്നാമതായി അവർക്ക് കീഴ്പ്പെട്ടിരിക്കുന്നു. ചില അവിശ്വാസികളായ ഇണകൾക്കോ മാതാപിതാക്കൾക്കോ ആ ആശയം ആദ്യം അനിഷ്ടകരമായിരുന്നേക്കാം. എന്നാൽ വാസ്തവത്തിൽ അത് അവരുടെ നൻമയ്ക്ക് ഉതകുന്നു, കാരണം അതു വിശ്വാസിയായ ഇണയെയും കുട്ടികളെയും കൂടുതൽ ആശ്രയയോഗ്യരും ആദരവുളളവരും ആക്കിത്തീർക്കാൻ സഹായിക്കുന്നു.
21 എന്നിരുന്നാലും ഒരു ഭർത്താവ് തന്റെ ഭാര്യയോട് “കർത്താവിൽ യോഗ്യ”മല്ലാത്തത്, എന്തെങ്കിലും ചെയ്യാൻ ആവശ്യപ്പെടുന്നെങ്കിലെന്ത്? അവൾ ചെയ്യുന്നത് അവൾ യഥാർത്ഥത്തിൽ ‘സത്യദൈവത്തെ ഭയപ്പെടുന്നുണ്ടോ’ ഇല്ലയോ എന്നു പ്രകടമാക്കും. (സഭാപ്രസംഗി 12:13) കുട്ടികൾ ദൈവവചനം ഗ്രഹിക്കാനും അനുസരിക്കാനും പ്രായമാകുമ്പോഴും ഇതു സത്യമാണ്. യഹോവയെ സേവിക്കാനുളള തങ്ങളുടെ ആഗ്രഹത്തിൽ അവരുടെ മാതാപിതാക്കൾ പങ്കുപററുന്നില്ലെങ്കിൽ തങ്ങൾ തന്നെ ദൈവത്തോട് വിശ്വസ്തരായിരിക്കുമോ അതോ അങ്ങനെ അല്ലാത്ത മാതാപിതാക്കളുടെ ഭാഗധേയത്തിൽ പങ്കുപററുമോ എന്ന് കുട്ടികൾ തന്നെ തീരുമാനിക്കണം. (മത്തായി 10:37-39) എന്നാൽ ദൈവത്തോടുളള തങ്ങളുടെ പ്രഥമ കടപ്പാട് ഒഴിച്ച് “സകലത്തിലും,” തങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യണമെന്നാണ് അതിന്റെ അർത്ഥമെങ്കിൽ പോലും കുട്ടികൾ കീഴ്പ്പെട്ടിരിക്കണം. (കൊലോസ്യർ 3:20) ഈ പ്രവർത്തനഗതി അവരുടെ മാതാപിതാക്കളെ രക്ഷയ്ക്കുവേണ്ടിയുളള യഹോവയുടെ കരുതലിലേക്ക് ആകർഷിക്കുകപോലും ചെയ്തേക്കാം. ഒരുവന്റെ പ്രചോദനം ഒരു സ്വതന്ത്രാത്മാവിൽ നിന്ന് സംജാതമാകുന്ന അനുസരണക്കേടായിരിക്കാതെ യഹോവയോടും അവന്റെ നീതിയുളള വഴികളോടുമുളള വിശ്വസ്തതയാണെങ്കിൽ ഇതു സത്യമായി “കർത്താവിൽ സുപ്രസാദകരമാണ്.”
ക്രിസ്തീയ സഭയിൽ
22, 23. (എ) ക്രിസ്തീയ മേൽവിചാരകൻ സഭാംഗങ്ങളെ എങ്ങനെ സേവിക്കുന്നു? (ബി) അതുകൊണ്ട് നമുക്ക് അവരോട് എന്തു മനോഭാവം ഉണ്ടായിരിക്കണമെന്നാണ് എബ്രായർ 13:17 പറയുന്നത്?
22 യഹോവയോടുളള അതേ വിശ്വസ്തത അവന്റെ ക്രിസ്തീയ സഭയോടും അതിനെ പരിരക്ഷിക്കുന്നവരോടുമുളള നമ്മുടെ മനോഭാവത്തിൽ പ്രതിഫലിക്കേണ്ടതാണ്. “ആട്ടിൻകൂട്ടത്തെ” മേയിക്കാൻ യഹോവ മേൽവിചാരകൻമാരെ ആക്കി വച്ചിട്ടുണ്ട്. അവർ ശമ്പളം ഒന്നും പററാതെ തങ്ങളുടെ ക്രിസ്തീയ സഹോദരീസഹോദരൻമാരോടുളള യഥാർത്ഥ താത്പര്യം നിമിത്തം തങ്ങളെത്തന്നെ വിട്ടുകൊടുക്കുന്നു. (1 പത്രോസ് 5:2; 1 തെസ്സലോനീക്യർ 2:7-9) ദൈവരാജ്യത്തിന്റെ സുവാർത്ത ഘോഷിക്കുന്ന വേല ചെയ്യാൻ അവർ സഭയെ സഹായിക്കുന്നു. കൂടാതെ സഭയിലെ ഓരോ അംഗത്തിലും താല്പര്യമെടുത്തുകൊണ്ട് ബൈബിൾ തത്വങ്ങൾ ജീവിതത്തിൽ ബാധകമാക്കേണ്ടതെങ്ങനെയെന്ന് പഠിക്കാൻ അവരെ സഹായിക്കുന്നു. മാത്രവുമല്ല സഭയിലെ ഏതെങ്കിലും അംഗം പൂർണ്ണമായ തിരിച്ചറിവു കൂടാതെ ഒരു തെററായ ചുവടു വയ്ക്കുന്നുവെങ്കിൽ അയാളെ യഥാസ്ഥാനപ്പെടുത്താനുളള ശ്രമം ചെയ്യുന്നു. (ഗലാത്യർ 6:1) ഒരംഗം തിരുവെഴുത്തു ബുദ്ധിയുപദേശം അവഗണിക്കുകയും ഗൗരവതരമായ തെററു ചെയ്യുന്നതിൽ തുടരുകയും ചെയ്യുന്നെങ്കിൽ അയാളെ പുറത്താക്കാൻ മൂപ്പൻമാർ ശ്രദ്ധിക്കുന്നു. അങ്ങനെ സഭ അയാളുടെ ദുഷിപ്പിക്കുന്ന സ്വാധീനത്തിൽനിന്ന് സംരക്ഷിക്കപ്പെടുന്നു.—1 കൊരിന്ത്യർ 5:12, 13.
23 തന്റെ ജനത്തിന്റെ ഇടയിൽ സമാധാനം ഉറപ്പു വരുത്താനുളള യഹോവയുടെ സ്നേഹപൂർവ്വകമായ കരുതലിനോടുളള വിലമതിപ്പിൽ നാം എബ്രായർ 13:17-ൽ കാണപ്പെടുന്ന ബുദ്ധിയുപദേശം അനുസരിക്കണം: “നിങ്ങളുടെ ഇടയിൽ നേതൃത്വം വഹിക്കുന്നവരെ അനുസരിക്കുകയും കീഴ്പ്പെട്ടിരിക്കുകയും ചെയ്യുവിൻ, എന്തുകൊണ്ടെന്നാൽ കണക്കു ബോധിപ്പിക്കേണ്ടവരെന്നനിലയിൽ അവർ നിങ്ങളുടെ ദേഹികളെ കാവൽ ചെയ്തുകൊണ്ടിരിക്കുന്നു; സന്തോഷത്തോടെ അവർ ഇതു ചെയ്യേണ്ടതിനുതന്നെ, സങ്കടപ്പെട്ടുകൊണ്ടല്ല, എന്തുകൊണ്ടെന്നാൽ അതു നിങ്ങൾക്ക് ഹാനികരമാണ്.”
24, 25. (എ) മൂപ്പൻമാർ പഠിപ്പിക്കുന്നത് നാം അവരെ വീക്ഷിക്കുന്നവിധത്തെ സ്വാധീനിക്കേണ്ടതെങ്ങനെ? (ബി) നാം ബൈബിളിൽനിന്ന് പഠിപ്പിക്കപ്പെടുന്നത് നാം എപ്പോൾ എവിടെ ബാധകമാക്കണം? എന്തുകൊണ്ട്?
24 ഈ മേൽവിചാരകൻമാർ അല്ലെങ്കിൽ മൂപ്പൻമാർ ബഹുമാനം അർഹിക്കുന്നതിന്റെ ഒരു മുഖ്യ കാരണം അവർ “ദൈവവചനം” പഠിപ്പിക്കുന്നു എന്നതാണ് എന്ന് ബൈബിൾ ഊന്നിപ്പറയുന്നു. (എബ്രായർ 13:7; 1 തിമൊഥെയോസ് 5:17) ആ “വചന”ത്തിന്റെ ശക്തിയെ സംബന്ധിച്ച് എബ്രായർ 4:12, 13 ഇപ്രകാരം പ്രസ്താവിക്കുന്നു: “ദൈവത്തിന്റെ വചനം ജീവനുളളതും ശക്തി പ്രയോഗിക്കുന്നതും ഇരുവായ്ത്തലയുളള ഏതു വാളിനേക്കാളും മൂർച്ചയേറിയതും ദേഹിയേയും ആത്മാവിനെയും തമ്മിലും സന്ധികളേയും അവയുടെ മജ്ജയേയും തമ്മിലും വേർപെടുത്തും വരെ തുളച്ചു കയറുന്നതും ഹൃദയത്തിന്റെ ചിന്തകളെയും ഇംഗിതങ്ങളെയും വിവേചിപ്പാൻ പ്രാപ്തവുമാണ്. അവന്റെ കാഴ്ചയ്ക്കു പ്രത്യക്ഷമല്ലാത്ത ഒരു സൃഷ്ടിയുമില്ല, എന്നാൽ സകലവും നഗ്നവും അവന്റെ കണ്ണുകൾക്ക് പരസ്യമായി തുറന്നു കിടക്കുന്നതുമാകുന്നു, അവനോടാണ് നമുക്ക് കണക്കു തീർക്കാനുളളത്.”
25 അപ്രകാരം യഹോവയുടെ വചനത്തിലെ സത്യങ്ങൾ ഒരു വ്യക്തി എന്തായി പ്രത്യക്ഷപ്പെടുന്നോ അതും അയാൾ വാസ്തവത്തിൽ എന്തായിരിക്കുന്നോ അതും തമ്മിലുളള വ്യത്യാസം തുറന്നു കാട്ടുന്നു. അയാൾക്ക് ദൈവത്തിൽ യഥാർത്ഥ വിശ്വാസവും തന്റെ സ്രഷ്ടാവിനെ പ്രസാദിപ്പിക്കാനുളള യഥാർത്ഥ ആഗ്രഹവുമുണ്ടെങ്കിൽ സഭാമൂപ്പൻമാരുടെ ദൃഷ്ടിയിൽപ്പെടാത്തപ്പോൾപോലും അയാളിലെ പ്രേരകശക്തി ഉചിതമായി “ദൈവത്തിന്റെ മഹത്വ”ത്തെ പ്രതിഫലിപ്പിക്കും. (റോമർ 3:23) ഒരു തിരുവെഴുത്തു വിരുദ്ധമായ നടത്ത സഭയിൽനിന്ന് ഒരു വ്യക്തി പുറത്താക്കപ്പെടാവുന്ന ഗുരുതരമായ തെററുകളിൽ ഉൾപ്പെടുന്നില്ലാത്തതുകൊണ്ട് മാത്രം അയാൾ അതിൽ ഏർപ്പെടുകയില്ല. അതുകൊണ്ട് ദൈവവചനത്തിൽ കാണപ്പെടുന്ന ഏതെങ്കിലും ബുദ്ധിയുപദേശത്തെ നിസ്സാരമായി എടുക്കാൻ ഒരു വ്യക്തി ചായ്വുളളവനാണെങ്കിൽ അയാൾ ദൈവത്തോടുളള തന്റെ മനോഭാവം യഥാർത്ഥത്തിൽ എന്താണെന്ന് ശ്രദ്ധാപൂർവ്വം പരിശോധിക്കേണ്ടതാണ്. അയാൾ സങ്കീർത്തനം 14:1-ൽ ‘യഹോവ ഇല്ല എന്ന് മൂഢൻ’ പരസ്യമായിട്ടല്ല, “തന്റെ ഹൃദയത്തിൽ പറഞ്ഞിരിക്കുന്നു” എന്ന് ആരെക്കുറിച്ചു പറഞ്ഞിരിക്കുന്നുവോ ആ ആളിനെപ്പോലെ ആയിത്തീരുകയാണോ?
26, 27. (എ) യഹോവയുടെ “സകല അരുളപ്പാടുകളെയും” ഗൗരവമായി എടുക്കുന്നത് പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്? (ബി) ഇപ്രകാരം നാം അധികാരത്തോട് ആദരവ് കാണിക്കുമ്പോൾ അതു നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു?
26 പിശാചിനാൽ പരീക്ഷിക്കപ്പെട്ടപ്പോൾ യേശു ഇപ്രകാരം പ്രഖ്യാപിച്ചു: “മനുഷ്യൻ . . . യഹോവയുടെ വായ് മുഖാന്തരം വരുന്ന സകല അരുളപ്പാടിനാലും ജീവിക്കേണ്ടതാണ്.” (മത്തായി 4:4) യഹോവയുടെ “സകല അരുളപ്പാടും” പ്രധാനമാണെന്നും യാതൊന്നും അവഗണിക്കാവുന്നതല്ലെന്നും നിങ്ങൾ വിശ്വസിക്കുന്നുവോ? യഹോവയുടെ ചില നിബന്ധനകൾ അനുസരിക്കുകയും അതേ സമയം മററുളളവ അപ്രധാനമായി കരുതുകയും ചെയ്യുന്നത് കേവലം മതിയാകയില്ല. ഒന്നുകിൽ നാം യഹോവയുടെ പരമാധികാരത്തിന്റെ ഔചിത്യം ഉയർത്തിപ്പിടിക്കുന്നു, അല്ലെങ്കിൽ നൻമയെന്ത് തിൻമയെന്ത് എന്നതു സംബന്ധിച്ച് സ്വന്തം മാനദണ്ഡം വച്ചുകൊണ്ട് നാം വിവാദവിഷയത്തിൽ പിശാചിന്റെ പക്ഷം ചേരുന്നു. തങ്ങൾ യഥാർത്ഥമായി യഹോവയുടെ നിയമത്തെ സ്നേഹിക്കുന്നുവെന്ന് പ്രകടമാക്കുന്നവർ സന്തുഷ്ടരാകുന്നു.—സങ്കീർത്തനം 119:165.
27 അത്തരം ആളുകൾ ലോകത്തിന്റെ വിഭാഗീയമായ ആത്മാവിനാൽ കുരുക്കിലാക്കപ്പെടുന്നില്ല. അവർ ധാർമ്മിക നിയന്ത്രണങ്ങളെ തളളിക്കളയുന്നവരുടെ ലജ്ജാവഹമായ നടത്തയിൽ ഏർപ്പെടുന്നുമില്ല. യഹോവയോടും അവന്റെ നീതിയുളള വഴികളോടുമുളള അഗാധമായ ബഹുമാനം അവരുടെ ജീവിതത്തിന് സ്ഥിരത നൽകുന്നു. യഹോവയോടും അവന്റെ വഴികളോടുമുളള അത്തരം ബഹുമാനം അവർക്ക് ഭൗമിക അധികാരികളോട് ഉചിതമായ ബഹുമാനം ഉണ്ടായിരിക്കുക സാദ്ധ്യമാക്കിത്തീർക്കുന്നു. ഇത് സമാധാനപരമായ ജീവിതത്തിന് അത്യാവശ്യമാണ്.
[134-ാം പേജിലെ ചിത്രം]
യേശുവിന്റെ അപ്പോസ്തലൻമാർ ഹൈക്കോടതിയോട് പറഞ്ഞു: “ഞങ്ങൾ മനുഷ്യരേക്കാൾ അധികം ദൈവത്തെ ഭരണാധികാരിയായി അനുസരിക്കേണ്ടതാണ്”