നിത്യജീവനുവേണ്ടി നിങ്ങൾ എത്രത്തോളം ത്യാഗം ചെയ്യും?
“തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും?”—മത്താ. 16:26.
1. പത്രൊസിന്റെ ചിന്താഗതി യേശു അംഗീകരിക്കാതിരുന്നത് എന്തുകൊണ്ട്?
താമസിയാതെ താൻ കഷ്ടം സഹിച്ചു മരിക്കേണ്ടിവരുമെന്ന് യേശു പറഞ്ഞത് പത്രൊസ് അപ്പൊസ്തലന് ഒട്ടും ഉൾക്കൊള്ളാനായില്ല. അവൻ തന്റെ പ്രിയഗുരുവിനോട് ഇങ്ങനെ പറഞ്ഞു: “കർത്താവേ, അതു അരുതേ; നിനക്കു അങ്ങനെ ഭവിക്കരുതേ.” സദുദ്ദേശ്യത്തോടെയാണ് അവൻ അതു പറഞ്ഞത്. എന്നാൽ ഇതുകേട്ട യേശു തിരിഞ്ഞ് മറ്റു ശിഷ്യന്മാരെ നോക്കി. അവരും പത്രൊസിനെപ്പോലെ ആയിരിക്കണം ചിന്തിച്ചിരുന്നത്. അവന്റെ ആ തെറ്റായ ചിന്താഗതി യേശു അംഗീകരിച്ചില്ല. അവൻ പത്രൊസിനോട്, “സാത്താനേ, എന്നെ വിട്ടു പോ; നീ എനിക്കു ഇടർച്ചയാകുന്നു; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രേ കരുതുന്നത്” എന്നു പറഞ്ഞു.—മർക്കൊ. 8:32, 33; മത്താ. 16:21-23.
2. യഥാർഥ ശിഷ്യന്മാരിൽനിന്ന് യേശു എന്തു പ്രതീക്ഷിച്ചു?
2 യേശു തുടർന്നു പറഞ്ഞ കാര്യങ്ങളിൽനിന്ന് അവൻ എന്തുകൊണ്ടാണ് തന്നോട് ഇത്ര ശക്തമായി പ്രതികരിച്ചതെന്ന് പത്രൊസിനു മനസ്സിലായിക്കാണണം. യേശു പുരുഷാരത്തെയും ശിഷ്യന്മാരെയും അരികെ വിളിച്ചു പറഞ്ഞത് ഇതാണ്: “ഒരുവൻ എന്നെ അനുഗമിപ്പാൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ ത്യജിച്ചു തന്റെ ക്രൂശ് എടുത്തുകൊണ്ടു എന്നെ അനുഗമിക്കട്ടെ. ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; ആരെങ്കിലും എന്റെയും സുവിശേഷത്തിന്റെയും നിമിത്തം തന്റെ ജീവനെ കളഞ്ഞാൽ അതിനെ രക്ഷിക്കും.” (മർക്കൊ. 8:34, 35) താൻ സ്വന്തജീവൻ ഒരു യാഗമായി അർപ്പിക്കാൻ പോകുകയാണെന്നും തന്നെ അനുഗമിക്കുന്നവർ ദൈവസേവനത്തിൽ തങ്ങളുടെ ജീവൻ കൊടുക്കാൻപോലും തയ്യാറായിരിക്കണമെന്നും യേശു ഇതിലൂടെ വ്യക്തമാക്കുകയായിരുന്നു. അങ്ങനെ ചെയ്യുന്നവരെ കാത്തിരിക്കുന്നത് വലിയ അനുഗ്രഹങ്ങളാണ്.—മത്തായി 16:27 വായിക്കുക.
3. (എ) തന്റെ ശ്രോതാക്കളോട് യേശു ഏതു ചോദ്യങ്ങൾ ചോദിച്ചു? (ബി) രണ്ടാമത്തെ ചോദ്യം അവരെ എന്ത് ഓർമിപ്പിച്ചിരിക്കാം?
3 ചിന്തോദ്ദീപകങ്ങളായ രണ്ടു ചോദ്യങ്ങൾ യേശു അപ്പോൾ ചോദിക്കുകയുണ്ടായി. “ഒരു മനുഷ്യൻ സർവ്വലോകവും നേടുകയും തന്റെ ജീവനെ കളകയും ചെയ്താൽ അവന്നു എന്തു പ്രയോജനം?,” “തന്റെ ജീവന്നു വേണ്ടി മനുഷ്യൻ എന്തൊരു മറുവില കൊടുക്കും?” ഇവയായിരുന്നു ആ ചോദ്യങ്ങൾ. (മർക്കൊ. 8:36, 37) ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരം വ്യക്തമല്ലേ? ലോകം മുഴുവൻ നേടിയാലും ജീവൻ നഷ്ടപ്പെട്ടാൽ അതുകൊണ്ടു യാതൊരു പ്രയോജനവുമില്ല. ജീവിച്ചിരിക്കുന്നെങ്കിൽ മാത്രമേ ഒരുവന്റെ സമ്പത്ത് അയാൾക്ക് ഉപകാരപ്പെടൂ. തന്റെ ജീവനുവേണ്ടി മനുഷ്യൻ എന്തു മറുവില കൊടുക്കുമെന്ന യേശുവിന്റെ രണ്ടാമത്തെ ചോദ്യം അവന്റെ ശ്രോതാക്കളെ മറ്റൊരു കാര്യം ഓർമിപ്പിച്ചിരിക്കാം—ഇയ്യോബിന്റെ കാലത്ത് സാത്താൻ ഉയർത്തിയ ആരോപണം. “മനുഷ്യൻ തനിക്കുള്ളതൊക്കയും തന്റെ ജീവന്നു പകരം കൊടുത്തുകളയും” എന്നായിരുന്നു അവൻ വാദിച്ചത്. (ഇയ്യോ. 2:4) യഹോവയെ ആരാധിക്കാത്തവരുടെ കാര്യത്തിൽ ഇതു സത്യമായിരിക്കാം. അവരിൽ പലരും ഏത് ആദർശങ്ങൾ ബലികഴിച്ചും എങ്ങനെയും ജീവൻ സംരക്ഷിക്കാൻ തയ്യാറാകുന്നു. എന്നാൽ ഇക്കാര്യത്തിൽ ക്രിസ്ത്യാനികളുടെ കാഴ്ചപ്പാട് വ്യത്യസ്തമാണ്.
4. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം യേശുവിന്റെ ചോദ്യങ്ങൾക്ക് കൂടുതലായ അർഥമുള്ളത് എന്തുകൊണ്ട്?
4 ഈ വ്യവസ്ഥിതിയിൽ നമുക്ക് ആരോഗ്യമോ ധനമോ ദീർഘായുസ്സോ നേടിത്തരുന്നതിനുവേണ്ടിയല്ല യേശു ഭൂമിയിലേക്കു വന്നത്; മറിച്ച് പുതിയ ഭൂമിയിൽ നിത്യമായി ജീവിക്കുന്നതിനുള്ള അവസരം തുറന്നുതരുന്നതിനുവേണ്ടിയാണ്. ആ പ്രത്യാശയെ നാം അമൂല്യമായി കരുതുന്നു. (യോഹ. 3:16) ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം യേശുവിന്റെ ഒന്നാമത്തെ ചോദ്യം ഇങ്ങനെ മാറ്റി വായിക്കാം: ‘ഒരു മനുഷ്യൻ സർവ്വലോകവും നേടുകയും തന്റെ നിത്യജീവന്റെ പ്രത്യാശ നഷ്ടപ്പെടുത്തുകയും ചെയ്താൽ അവന് എന്തു പ്രയോജനം?’ ഉത്തരം വ്യക്തമല്ലേ, ഒരു പ്രയോജനവുമില്ല. (1 യോഹ. 2:15-17) യേശുവിന്റെ രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുന്നതിന് നമുക്ക് നമ്മോടുതന്നെ മറ്റൊരു ചോദ്യം ചോദിക്കാം. ‘പുതിയ ഭൂമിയിലെ നിത്യജീവൻ ഉറപ്പാക്കാൻ എത്രത്തോളം ത്യാഗം ചെയ്യാൻ ഞാൻ ഒരുക്കമാണ്?’ നമ്മുടെ ജീവിതത്തിലൂടെ നാമിതിനു നൽകുന്ന ഉത്തരം ഈ പ്രത്യാശ നമുക്ക് എത്ര യാഥാർഥ്യമാണെന്നു തെളിയിക്കും.—യോഹന്നാൻ 12:25 താരതമ്യം ചെയ്യുക.
5. നിത്യജീവനെന്ന സമ്മാനം ലഭിക്കാൻ നാം എന്തു ചെയ്യണം?
5 നമ്മുടെ പ്രയത്നംകൊണ്ടു നേടാനാകുന്ന ഒന്നാണ് നിത്യജീവൻ എന്നു പറയുകയായിരുന്നില്ല യേശു. ജീവൻ ഒരു ദാനമാണ്, എന്തിന് ഈ വ്യവസ്ഥിതിയിലെ താരതമ്യേന ഹ്രസ്വമായ ജീവിതംപോലും ഒരു ദാനമാണ്. വിലകൊടുത്തു വാങ്ങാനാകുന്ന ഒന്നല്ല അത്, നമ്മുടെ ഏതെങ്കിലും ശ്രമംകൊണ്ട് അത് സ്വന്തമാക്കാനുമാവില്ല. “തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്ന” യഹോവയിലും അതുപോലെ ‘ക്രിസ്തുയേശുവിലും വിശ്വസിക്കുക’ എന്നതാണ് നിത്യജീവനെന്ന സമ്മാനം നേടാനുള്ള ഏകമാർഗം. (എബ്രാ. 11:6; ഗലാ. 2:16) എന്നാൽ വിശ്വാസം പ്രവൃത്തികളിലൂടെ തെളിയിക്കേണ്ടതുണ്ട്, എന്തെന്നാൽ ‘പ്രവൃത്തിയില്ലാത്ത വിശ്വാസം നിർജ്ജീവമാകുന്നു.’ (യാക്കോ. 2:26) അതുകൊണ്ട്, പിൻവരുന്ന ചോദ്യങ്ങൾ ഇപ്പോൾ നമ്മുടെ ശ്രദ്ധയർഹിക്കുന്നു. ഈ വ്യവസ്ഥിതിയിൽ എന്തെല്ലാം ത്യജിക്കാൻ നാം സന്നദ്ധരാണ്? നമ്മുടെ വിശ്വാസം ജീവസ്സുറ്റതാണെന്നു തെളിയിക്കാൻ ദൈവസേവനത്തിൽ എന്തെല്ലാം ചെയ്യാൻ നാം ഒരുക്കമുള്ളവരാണ്?
“ക്രിസ്തുവും തന്നിൽ തന്നേ പ്രസാദിച്ചില്ല”
6. ഏതു കാര്യത്തിനു യേശു മുൻഗണന നൽകി?
6 അന്നത്തെ ലോകം വെച്ചുനീട്ടിയ സംഗതികളിൽ ദൃഷ്ടി പതിപ്പിക്കുന്നതിനുപകരം യേശു സുപ്രധാനമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. സ്വാർഥാഭിലാഷങ്ങളെയും ഭൗതികസുഖങ്ങൾ തേടാനുള്ള പ്രലോഭനത്തെയും യേശു ചെറുത്തുനിന്നു. ത്യാഗപൂർണവും ദൈവത്തോടുള്ള അനുസരണത്തിന്റെ വിശിഷ്ട മാതൃകയുമായിരുന്നു അവന്റെ ജീവിതം. അവൻ സ്വന്തം ഇഷ്ടമല്ല ദൈവത്തിനു ഹിതകരമായ കാര്യങ്ങളാണ് എല്ലായ്പോഴും ചെയ്തത്. (യോഹ. 8:29) ദൈവത്തെ പ്രസാദിപ്പിക്കാൻ അവൻ ഏതളവോളം പോയി?
7, 8. (എ) യേശു എന്തു ത്യാഗം ചെയ്തു, അവൻ എങ്ങനെ അനുഗ്രഹിക്കപ്പെട്ടു? (ബി) നാം ഏതു ചോദ്യം സ്വയം ചോദിക്കണം?
7 ഒരു സന്ദർഭത്തിൽ യേശു ശിഷ്യന്മാരോട്, “മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി” കൊടുക്കാനുമാണു വന്നിരിക്കുന്നത് എന്നു പറഞ്ഞു. (മത്താ. 20:28) താൻ മരിക്കേണ്ടിവരുമെന്ന കാര്യം മുമ്പൊരിക്കൽ ശിഷ്യന്മാരെ അറിയിച്ചപ്പോൾ “നിനക്കു അങ്ങനെ ഭവിക്കരുതേ” എന്നു പറഞ്ഞുകൊണ്ട് പത്രൊസ് അവനെ ശാസിക്കുകയുണ്ടായി. പത്രൊസ് അങ്ങനെ ചെയ്തെങ്കിലും യേശു തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നുകൊണ്ട് തന്റെ പൂർണമനുഷ്യജീവൻ മനുഷ്യവർഗത്തിനുവേണ്ടി മറുവിലയായി കൊടുത്തു. ആ നിസ്സ്വാർഥ ജീവിതഗതിക്ക് അവനു ലഭിച്ച പ്രതിഫലമെന്തായിരുന്നു? ദൈവം അവനെ ഉയിർപ്പിച്ച് തന്റെ വലതുഭാഗത്തിരുത്തി. (പ്രവൃ. 2:32, 33) അങ്ങനെ യേശു നമുക്കൊരു നല്ല മാതൃകവെച്ചു.
8 സ്വന്തം താത്പര്യമല്ല നോക്കേണ്ടതെന്ന് റോമിലെ ക്രിസ്ത്യാനികളെ അപ്പൊസ്തലനായ പൗലൊസ് ഉപദേശിച്ചു; “ക്രിസ്തുവും തന്നിൽ തന്നേ പ്രസാദിച്ചില്ല” എന്ന് അവരെ ഓർമിപ്പിക്കുകയും ചെയ്തു. (റോമ. 15:1-3) അങ്ങനെയെങ്കിൽ ചോദ്യമിതാണ്: അപ്പൊസ്തലന്റെ ഈ ഉപദേശം പിൻപറ്റാനും ക്രിസ്തുവിനെ അനുകരിച്ച് വ്യക്തിപരമായ ത്യാഗങ്ങൾ ചെയ്യാനും നാം എത്രത്തോളം തയ്യാറാകും?
ഉത്തമമായത് നാം നൽകുമെന്ന് യഹോവ പ്രതീക്ഷിക്കുന്നു
9. ഒരുവൻ തന്നെത്തന്നെ യഹോവയ്ക്കു സമർപ്പിക്കുമ്പോൾ യഥാർഥത്തിൽ എന്താണു ചെയ്യുന്നത്?
9 മോശൈക ന്യായപ്രമാണം അനുസരിച്ച് എബ്രായ അടിമകളെ ഏഴാം വർഷത്തിലോ യോബേൽ സംവത്സരത്തിലോ വിട്ടയയ്ക്കണമായിരുന്നു. എന്നിരുന്നാലും യജമാനനോടുള്ള സ്നേഹം നിമിത്തം ശിഷ്ടകാലം ആ വീട്ടിൽ കഴിയാൻ ഒരു അടിമ ആഗ്രഹിക്കുന്നെങ്കിൽ അവന് അങ്ങനെ ചെയ്യുന്നതിനുള്ള അവസരമുണ്ടായിരുന്നു. (ആവർത്തനം 15:12, 16, 17 വായിക്കുക.) നമ്മെ ദൈവത്തിനു സമർപ്പിക്കുമ്പോൾ യഥാർഥത്തിൽ നാമും ഇതുതന്നെയാണു ചെയ്യുന്നത്. സ്വാർഥാഭിലാഷങ്ങളുടെ പിന്നാലെ പോകാതെ ദൈവേഷ്ടം ചെയ്യാൻ നാം മനസ്സാ തീരുമാനിക്കുകയാണപ്പോൾ. അതുവഴി, യഹോവയോടുള്ള നമ്മുടെ അഗാധസ്നേഹവും അവനെ എന്നെന്നും സേവിക്കാനുള്ള ആഗ്രഹവും പ്രകടമാക്കുകയാണു നാം.
10 നാം ദൈവത്തിനുള്ളവരായിരിക്കുന്നത് എങ്ങനെ, അത് നമ്മുടെ ചിന്തകളെയും പ്രവർത്തനങ്ങളെയും എങ്ങനെ സ്വാധീനിക്കണം?
10 നിങ്ങൾ ഇപ്പോൾ യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കുകയും ശുശ്രൂഷയിൽ ഏർപ്പെടുകയും യോഗങ്ങൾക്കു ഹാജരാകുകയും ചെയ്യുന്നെങ്കിൽ അത് അഭിനന്ദനാർഹമായ കാര്യമാണ്. നിങ്ങൾ താമസംവിനാ നിങ്ങളെത്തന്നെ യഹോവയ്ക്കു സമർപ്പിക്കുകയും എത്യോപ്യൻ ഷണ്ഡൻ ഫിലിപ്പൊസിനോടു ചോദിച്ചതുപോലെ “ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം” എന്നു ചോദിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. (പ്രവൃ. 8:35, 36) ദൈവവുമായുള്ള നിങ്ങളുടെ ബന്ധം അപ്പോൾ കൊരിന്ത്യക്രിസ്ത്യാനികളുടേതുപോലെ ആയിരിക്കും. അവരെക്കുറിച്ച് പൗലൊസ് എഴുതി: “നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല.” (1 കൊരി. 6:19, 20) നമ്മുടെ പ്രത്യാശ സ്വർഗീയമോ ഭൗമികമോ ആയിക്കൊള്ളട്ടെ, ജീവിതം യഹോവയ്ക്കു സമർപ്പിച്ചു കഴിഞ്ഞാൽ അവനാണു നമ്മുടെ ഉടയവൻ. ആ സ്ഥിതിക്ക്, നമ്മുടെ സ്വാർഥാഭിലാഷങ്ങൾ അടിച്ചമർത്തേണ്ടതും ‘മനുഷ്യർക്കു ദാസന്മാരാകാതിരിക്കേണ്ടതും’ എത്ര പ്രധാനമാണ്! (1 കൊരി. 7:23) യഹോവയുടെ ഹിതപ്രകാരം ഉപയോഗിക്കപ്പെടാനാകുന്ന ഒരു വിശ്വസ്തദാസനായിരിക്കുന്നത് എത്ര വലിയ പദവിയാണ്!
11. ക്രിസ്ത്യാനികൾ ഇന്ന് എന്തു യാഗമാണ് അർപ്പിക്കേണ്ടത്? ന്യായപ്രമാണത്തിലെ യാഗങ്ങൾ ഇക്കാര്യത്തിൽ നമ്മെ എന്തു പഠിപ്പിക്കുന്നു?
11 “നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ” എന്നു പൗലൊസ് സഹവിശ്വാസികളെ ഉദ്ബോധിപ്പിച്ചു. (റോമ. 12:1) ഈ വാക്കുകൾ യഹൂദക്രിസ്ത്യാനികളെ, അവർ മുമ്പ് ന്യായപ്രമാണത്തിൻ കീഴിൽ നടത്തിയിരുന്ന യാഗങ്ങളെക്കുറിച്ച് ഓർമിപ്പിച്ചിരിക്കണം. ലഭ്യമായതിൽ ഏറ്റവും മെച്ചമായതിനെ യഹോവയ്ക്ക് അർപ്പിക്കണമെന്ന് അവർക്ക് അറിയാമായിരുന്നു. ഊനമുള്ളതൊന്നും സ്വീകാര്യമായിരുന്നില്ല. (മലാ. 1:8, 13) നമ്മുടെ ശരീരങ്ങളെ ‘ജീവനുള്ള യാഗമായി’ അർപ്പിക്കുമ്പോഴും ഇതു സത്യമല്ലേ? ഏറ്റവും ഉത്കൃഷ്ടമായതാണ് നാം യഹോവയ്ക്കു നൽകേണ്ടത്, അല്ലാതെ നമ്മുടെ വ്യക്തിപരമായ എല്ലാ ആഗ്രഹങ്ങളും തൃപ്തിപ്പെടുത്തിയശേഷം മിച്ചംവരുന്നതല്ല. യഹോവയ്ക്കു സമർപ്പിച്ചപ്പോൾ, നമ്മുടെ മുഴുജീവിതവും അതായത് നമ്മുടെ ഊർജവും സമ്പത്തും പ്രാപ്തികളുമെല്ലാം നാം നിരുപാധികം അവനു കൊടുക്കുകയാണു ചെയ്തത്. (കൊലൊ. 3:23) നമ്മുടെ ജീവിതംകൊണ്ട് നമുക്കിതെങ്ങനെ തെളിയിക്കാം?
സമയം ജ്ഞാനപൂർവം ഉപയോഗിക്കുക
12, 13. ഉത്തമമായത് യഹോവയ്ക്കു നൽകുന്നതിനുള്ള ഒരു മാർഗം ഏതാണ്?
12 നമുക്കുള്ളതിൽ ഏറ്റവും ഉത്കൃഷ്ടമായത് യഹോവയ്ക്കു കൊടുക്കാനുള്ള ഒരു മാർഗം സമയം ബുദ്ധിപൂർവം വിനിയോഗിക്കുക എന്നതാണ്. (എഫെസ്യർ 5:15, 16 വായിക്കുക.) അതിന് ആത്മനിയന്ത്രണം ആവശ്യമാണ്. ഈ ലോകത്തിന്റെ സ്വാധീനവും നമ്മുടെ അപൂർണതയും കൂടിയാകുമ്പോൾ ഉല്ലാസങ്ങൾക്കും വ്യക്തിപരമായ നേട്ടങ്ങൾക്കും വേണ്ടിമാത്രം സമയം ചെലവഴിക്കാനുള്ള പ്രവണത നമുക്കുണ്ടായേക്കാം. ഉല്ലാസം, വിശ്രമം, ക്രിസ്തീയ കടപ്പാടുകൾ നിറവേറ്റാൻ ഉതകുന്ന തൊഴിൽ എന്നിങ്ങനെ “എല്ലാറ്റിനും ഒരു സമയമുണ്ട്.” (സഭാ. 3:1) എന്നിരുന്നാലും ഒരു സമർപ്പിത ക്രിസ്ത്യാനി സമയം വിനിയോഗിക്കുന്ന കാര്യത്തിൽ സമനില ഉള്ളവനായിരിക്കണം.
13 അഥേന സന്ദർശിച്ച പൗലൊസ്, തദ്ദേശവാസികളും വന്നുപാർക്കുന്ന വിദേശികളും പുതിയപുതിയ കാര്യങ്ങളെക്കുറിച്ചു ചർച്ചചെയ്തു സമയം ചെലവിടുന്നവരാണെന്ന കാര്യം ശ്രദ്ധിച്ചു. (പ്രവൃ. 17:21) ഇന്നും അനേകർ അതുപോലെ സമയം പാഴാക്കിക്കളയുന്നുണ്ട്. ഇക്കാലത്ത് ടിവി, വീഡിയോ ഗെയിമുകൾ, ഇന്റർനെറ്റ് എന്നിവ അനേകരുടെയും സമയം അപഹരിക്കുന്നു. മാത്രവുമല്ല നമ്മുടെ സമയം കവർന്നെടുക്കുന്ന ഒട്ടനവധി കാര്യങ്ങൾ ദിവസേനയെന്നോണം വന്നുകൊണ്ടിരിക്കുകയുമാണ്. അവയ്ക്കൊക്കെ വഴിപ്പെട്ടാൽ നാം നമ്മുടെ ആത്മീയ ആവശ്യങ്ങൾ അവഗണിക്കാൻ സാധ്യതയുണ്ട്. “പ്രാധാന്യമേറിയ കാര്യങ്ങൾ” അതായത് ദൈവസേവനത്തോടു ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കാനാകാത്തവിധം നമുക്കു തിരക്കുണ്ടെന്നുപോലും നാം വിശ്വസിച്ചേക്കാം.—ഫിലി. 1:9, 10, NW.
14. ഏതു ചോദ്യങ്ങൾ നാം സഗൗരവം ചിന്തിക്കേണ്ടതുണ്ട്?
14 അതുകൊണ്ട് യഹോവയുടെ സമർപ്പിത ദാസരെന്ന നിലയിൽ പിൻവരുന്ന ചോദ്യങ്ങൾ സ്വയം ചോദിക്കുക: ‘ബൈബിൾ വായനയും ധ്യാനവും പ്രാർഥനയും എന്റെ ദിനചര്യയുടെ ഭാഗമാണോ?’ (സങ്കീ. 77:12; 119:97; 1 തെസ്സ. 5:17) ‘ക്രിസ്തീയ യോഗങ്ങൾക്കു തയ്യാറാകാനായി ഞാൻ സമയം മാറ്റിവെച്ചിട്ടുണ്ടോ? യോഗങ്ങളിൽ അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ട് ഞാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാറുണ്ടോ?’ (സങ്കീ. 122:1; എബ്രാ. 2:12) പൗലൊസും ബർന്നബാസും ഇക്കോന്യയിൽ ‘വളരെക്കാലം പാർത്ത് പ്രസംഗിച്ചുകൊണ്ടിരുന്നു’ എന്നു ദൈവവചനം പറയുന്നു. (പ്രവൃ. 14:3) നിങ്ങളുടെ സാഹചര്യങ്ങളിൽ കുറച്ചൊക്കെ മാറ്റം വരുത്തിക്കൊണ്ട് “വളരെക്കാലം” അതായത് കൂടുതൽ സമയം പ്രസംഗവേല ചെയ്യാൻ നിങ്ങൾക്കാകുമോ, ഒരുപക്ഷേ ഒരു പയനിയറായി സേവിച്ചുകൊണ്ടുപോലും?
15. മൂപ്പന്മാർ സമയം ജ്ഞാനപൂർവം ഉപയോഗിക്കുന്നത് എങ്ങനെ?
15 അന്ത്യൊക്യയിലെ സഭ സന്ദർശിച്ചപ്പോൾ പൗലൊസും ബർന്നബാസും “ശിഷ്യന്മാരോടുകൂടെ കുറെക്കാലം അവിടെ പാർത്തു”കൊണ്ട് അവർക്കു പ്രോത്സാഹനമേകി. (പ്രവൃ. 14:28) നമ്മുടെ ഇടയിലെ സ്നേഹസമ്പന്നരായ മൂപ്പന്മാർ തങ്ങളുടെ സമയത്തിൽ നല്ലൊരുപങ്ക് സഹോദരങ്ങളെ ബലപ്പെടുത്തുന്നതിനുവേണ്ടി ചെലവിടുന്നു. കൂടാതെ വയൽശുശ്രൂഷയ്ക്കു പോകുക, ഇടയവേല ചെയ്യുക, കാണാതെപോയ ആടുകളെ തിരഞ്ഞുപോകുക, രോഗികളെ സഹായിക്കുക എന്നീ കാര്യങ്ങൾക്കും അവർ സമയം കണ്ടെത്തുന്നു. അതോടൊപ്പം സഭയിലെ മറ്റ് ഉത്തരവാദിത്വങ്ങൾക്കായും അവർ സമയം നീക്കിവെക്കുന്നു. നിങ്ങൾ സ്നാനമേറ്റ ഒരു സഹോദരനാണെങ്കിൽ കൂടുതലായ ഈ സേവനപദവികൾ എത്തിപ്പിടിച്ചുകൊണ്ട് സമയം ജ്ഞാനപൂർവം ഉപയോഗിക്കരുതോ?
16. സഹവിശ്വാസികൾക്കു നന്മ ചെയ്യാനുള്ള ചില വഴികളേവ?
16 ദുരന്തങ്ങളോ പ്രകൃതിവിപത്തുകളോ ആഞ്ഞടിക്കുമ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഒരുക്കമുള്ളവരാണു പലരും. ഉദാഹരണത്തിന്, ബെഥേലിൽ സേവിക്കുന്ന 65-നോടടുത്ത് പ്രായമുള്ള ഒരു സഹോദരി പല പ്രാവശ്യം വളരെദൂരം യാത്ര ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിച്ചു. അവർ എന്തുകൊണ്ടാണ് അവധിയെടുത്ത് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്? സഹോദരി പറയുന്നു: “എനിക്ക് പ്രത്യേക വൈദഗ്ധ്യങ്ങൾ ഒന്നുമില്ലെങ്കിലും ഇത്തരം സാഹചര്യങ്ങളിൽ സഹായിക്കാൻ കഴിയുന്നത് ഒരു പദവിയായി ഞാൻ കരുതുന്നു. കനത്ത നാശനഷ്ടങ്ങൾ സഹിച്ച സഹോദരങ്ങളുടെ ഉറച്ച വിശ്വാസം കാണുന്നത് എനിക്ക് വളരെ പ്രോത്സാഹനം പകരുന്നു.” ഇനി, ലോകവ്യാപകമായി രാജ്യഹാളുകളുടെയും സമ്മേളനഹാളുകളുടെയും നിർമാണത്തിൽ സഹായിക്കുന്ന ആയിരക്കണക്കിനു സഹോദരങ്ങളുമുണ്ട്. ഇത്തരം പ്രവർത്തനങ്ങളിൽ പങ്കുപറ്റുകവഴി നാം സഹവിശ്വാസികൾക്കു നിസ്സ്വാർഥം നന്മ ചെയ്യുകയാണ്.—ഗലാ. 6:10.
‘ഞാനോ എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട്’
17. നിത്യജീവനു പകരമായി നിങ്ങൾ എന്തു കൊടുക്കും?
17 ദൈവത്തിൽനിന്ന് അന്യപ്പെട്ട മനുഷ്യസമുദായം വളരെപ്പെട്ടെന്നുതന്നെ നീങ്ങിപ്പോകും. എന്നാൽ അതു കൃത്യമായി എപ്പോൾ സംഭവിക്കും എന്നു നമുക്കറിയില്ല. പക്ഷേ, “കാലം ചുരുങ്ങിയിരിക്കുന്നു” എന്നും “ഈ ലോകത്തിന്റെ രൂപം ഒഴിഞ്ഞുപോകുന്നു” എന്നും നമുക്കറിയാം. (1 കൊരിന്ത്യർ 7:29-31 വായിക്കുക.) അതുകൊണ്ട്, ‘തന്റെ ജീവനു വേണ്ടി മനുഷ്യൻ എന്തു മറുവില കൊടുക്കും?’ എന്ന യേശുവിന്റെ ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയേറുന്നു. “സാക്ഷാലുള്ള ജീവനെ” നേടേണ്ടതിനു യഹോവ ആവശ്യപ്പെടുന്ന ഏതു ത്യാഗവും ചെയ്യാൻ നാം ഒരുക്കമുള്ളവരായിരിക്കണം. (1 തിമൊ. 6:19) ആയതിനാൽ, യേശുവിനെ ‘അനുഗമിക്കുക,’ ‘മുമ്പെ രാജ്യം അന്വേഷിക്കുക’ എന്നീ ഉദ്ബോധനങ്ങൾക്കു ചെവികൊടുക്കേണ്ടത് അനുപേക്ഷണീയമാണ്.—മത്താ. 6:31-33; 24:13.
18. നമുക്ക് എന്തുറപ്പുണ്ടായിരിക്കാം, എന്തുകൊണ്ട്?
18 യേശുവിന്റെ കാൽച്ചുവടു പിന്തുടരുന്നത് എപ്പോഴും എളുപ്പമല്ല, അവൻ പറഞ്ഞിരുന്നതുപോലെ ചിലർക്കു ജീവൻപോലും ത്യജിക്കേണ്ടതായി വന്നിട്ടുണ്ട്. പക്ഷേ, ആയാസരഹിതമായ ജീവിതം നയിക്കാനുള്ള പ്രലോഭനത്തെ നാം ചെറുക്കുകതന്നെ വേണം, ‘നിനക്കങ്ങനെ ഭവിക്കരുതേ’ എന്നു പറഞ്ഞ പത്രൊസിന്റെ മനോഭാവത്തെ യേശു ചെറുത്തുനിന്നതുപോലെ. “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട്” എന്ന് അവൻ ഒന്നാം നൂറ്റാണ്ടിലെ തന്റെ അഭിഷിക്തരായ അനുഗാമികൾക്ക് ഉറപ്പു നൽകി. ആ ഉറപ്പിൽ നാമും വിശ്വാസം അർപ്പിക്കുന്നു. (മത്താ. 28:20) അതുകൊണ്ട് നമ്മുടെ സമയവും പ്രാപ്തികളുമെല്ലാം നമുക്കു പരമാവധി വിശുദ്ധസേവനത്തിനായി ഉപയോഗിക്കാം. അങ്ങനെ ചെയ്യുമ്പോൾ, യഹോവ നമ്മെ സംരക്ഷിക്കുമെന്ന വിശ്വാസമാണു നാം പ്രകടമാക്കുന്നത്—ഒന്നുകിൽ മഹാകഷ്ടത്തെ അതിജീവിക്കാൻ അവൻ നമ്മെ സഹായിക്കും അല്ലെങ്കിൽ പുനരുത്ഥാനത്തിലൂടെ നമുക്കു ജീവൻ തിരികെ നൽകും. (എബ്രാ. 6:10) അതേ, ജീവനെന്ന സമ്മാനത്തെ നാം അത്രമേൽ അമൂല്യമായി കരുതുന്നുവെന്ന് നമുക്കു തെളിയിക്കാം.
നിങ്ങളുടെ ഉത്തരം എന്താണ്?
• ദൈവത്തെയും മനുഷ്യരെയും സേവിക്കാൻ യേശു അസാധാരണമായ മനസ്സൊരുക്കം കാണിച്ചത് എങ്ങനെ?
• ഒരാൾ തന്നെത്തന്നെ ത്യജിക്കേണ്ടത് എന്തുകൊണ്ട്, അത് എങ്ങനെ ചെയ്യാം?
• പുരാതന ഇസ്രായേലിൽ എങ്ങനെയുള്ള യാഗങ്ങൾ മാത്രമേ യഹോവ സ്വീകരിച്ചിരുന്നുള്ളൂ, അതിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
• സമയം ബുദ്ധിപൂർവം വിനിയോഗിക്കാനാകുന്ന വിധങ്ങളേവ?
[26-ാം പേജിലെ ചിത്രങ്ങൾ]
യേശു എല്ലായ്പോഴും ദൈവത്തിനു പ്രസാദകരമായതു ചെയ്തു
[28-ാം പേജിലെ ചിത്രം]
ഇസ്രായേല്യരിൽ സത്യാരാധനയെ വിലമതിച്ചവർ ഉത്തമമായത് യഹോവയ്ക്കു നൽകി
[29-ാം പേജിലെ ചിത്രങ്ങൾ]
സമയം ബുദ്ധിപൂർവം വിനിയോഗിച്ചുകൊണ്ട് നാം ദൈവത്തെ പ്രസാദിപ്പിക്കുന്നു