ബൈബിളിൽനിന്ന് എനിക്ക് ആശ്വാസം കിട്ടുമോ?
ബൈബിളിന്റെ ഉത്തരം
കിട്ടും. (റോമർ 15:4) ബുദ്ധിമുട്ടേറിയ പല സാഹചര്യങ്ങളിലൂടെയും വിഷമങ്ങളിലൂടെയും കടന്നുപോയിട്ടുള്ള പലർക്കും, ആശ്വാസം കൊടുത്ത ചില ബൈബിൾവാക്യങ്ങൾ നമുക്കു നോക്കാം.
ഈ ലേഖനത്തിൽ
പ്രതിസന്ധികൾ
സങ്കീർത്തനം 23:4: “കൂരിരുൾത്താഴ്വരയിലൂടെ നടക്കുമ്പോഴും എനിക്കൊരു പേടിയുമില്ല; അങ്ങ് എന്റെകൂടെയുണ്ടല്ലോ.”
അർഥം: മാർഗനിർദേശത്തിനായി ദൈവത്തോടു പ്രാർഥിക്കുകയും ദൈവത്തിന്റെ വചനമായ ബൈബിളിൽ ആശ്രയിക്കുകയും ചെയ്യുന്നെങ്കിൽ പ്രതിസന്ധികളെ നിങ്ങൾക്കു ധൈര്യത്തോടെ നേരിടാൻ കഴിയും.
ഫിലിപ്പിയർ 4:13: “എല്ലാം ചെയ്യാനുള്ള ശക്തി, എന്നെ ശക്തനാക്കുന്ന ദൈവത്തിൽനിന്ന് എനിക്കു കിട്ടുന്നു.”
അർഥം: ഏതു പ്രശ്നങ്ങളിലും പിടിച്ചുനിൽക്കാനുള്ള ശക്തി ദൈവം നിങ്ങൾക്കു തരും.
പ്രിയപ്പെട്ടവരുടെ മരണം
സഭാപ്രസംഗകൻ 9:10: “നീ പോകുന്ന ശവക്കുഴിയിൽ പ്രവൃത്തിയും ആസൂത്രണവും അറിവും ജ്ഞാനവും ഒന്നുമില്ല.”
അർഥം: മരിച്ചവർ കഷ്ടപ്പാടുകൾ അനുഭവിക്കുന്നില്ല. അവർക്കു നമ്മളെ ഉപദ്രവിക്കാനും കഴിയില്ല. അവർ യാതൊന്നും അറിയുന്നില്ല.
പ്രവൃത്തികൾ 24:15: ‘പുനരുത്ഥാനം ഉണ്ടാകും.’
അർഥം: നമ്മുടെ മരിച്ചുപോയ പ്രിയപ്പെട്ടവർക്കു വീണ്ടും ജീവൻ നൽകാൻ ദൈവത്തിനു കഴിയും.
അമിതമായ കുറ്റബോധം
സങ്കീർത്തനം 86:5: “യഹോവേ,a അങ്ങ് നല്ലവനും ക്ഷമിക്കാൻ സന്നദ്ധനും അല്ലോ; അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോടെല്ലാം സമൃദ്ധമായി അചഞ്ചലസ്നേഹം കാണിക്കുന്നവൻ.”
അർഥം: ചെയ്തുപോയ തെറ്റുകളെക്കുറിച്ച് ആത്മാർഥമായി പശ്ചാത്തപിക്കുകയും ഇനി ആ തെറ്റ് ആവർത്തിക്കില്ലെന്ന് ഉറച്ച തീരുമാനം എടുക്കുകയും ചെയ്യുന്നവരോടു ദൈവം ക്ഷമിക്കും.
സങ്കീർത്തനം 103:12: “സൂര്യോദയം സൂര്യാസ്തമയത്തിൽനിന്ന് എത്ര അകലെയാണോ അത്ര അകലേക്കു ദൈവം നമ്മുടെ ലംഘനങ്ങളെ നമ്മിൽനിന്ന് അകറ്റിയിരിക്കുന്നു.”
അർഥം: ദൈവം ക്ഷമിക്കുമ്പോൾ നമുക്കു ചിന്തിക്കാൻപോലും പറ്റാത്തത്ര ദൂരത്തേക്ക് നമ്മുടെ തെറ്റുകൾ എറിഞ്ഞുകളയുന്നു. അതു വീണ്ടുംവീണ്ടും നമ്മളെ ഓർമിപ്പിച്ചുകൊണ്ട് ദൈവം നമ്മളെ കുറ്റപ്പെടുത്തുകയോ ശിക്ഷിക്കുകയോ ചെയ്യുന്നില്ല.
സങ്കടം
സങ്കീർത്തനം 31:7: “എന്റെ ദുരിതം അങ്ങ് കണ്ടിരിക്കുന്നല്ലോ, എന്റെ പ്രാണസങ്കടം അങ്ങ് അറിയുന്നല്ലോ.”
അർഥം: നിങ്ങൾ അനുഭവിക്കുന്നതെല്ലാം ദൈവത്തിന് അറിയാം. മറ്റുള്ളവർക്കു മനസ്സിലാക്കാൻ പറ്റാത്ത, നമ്മുടെ ഉള്ളിന്റെ ഉള്ളിലെ ചിന്തകളും വികാരങ്ങളും പോലും ദൈവത്തിനു മനസ്സിലാകും.
സങ്കീർത്തനം 34:18: “യഹോവ ഹൃദയം തകർന്നവരുടെ അരികിലുണ്ട്; മനസ്സു തകർന്നവരെ ദൈവം രക്ഷിക്കുന്നു.”
അർഥം: നിങ്ങൾക്കു സങ്കടം തോന്നുമ്പോൾ ദൈവം സഹായിക്കാമെന്ന് ഉറപ്പു തന്നിട്ടുണ്ട്. വിഷമങ്ങൾ സഹിച്ചുനിൽക്കാൻവേണ്ട ശക്തി നിങ്ങൾക്കു തരാൻ ദൈവത്തിനാകും.
രോഗം
സങ്കീർത്തനം 41:3: “രോഗശയ്യയിൽ യഹോവ അവനെ താങ്ങും.”
അർഥം: ഗുരുതരമായ ഒരു രോഗത്തെ നേരിടാൻ ദൈവം നിങ്ങളെ സഹായിക്കും. നിങ്ങൾക്കു മനസ്സമാധാനം തരും. നിങ്ങൾക്കുവേണ്ട ശക്തിയും സഹിക്കാനുള്ള പ്രാപ്തിയും നല്ല തീരുമാനങ്ങളെടുക്കാനുള്ള ജ്ഞാനവും ദൈവം നൽകും.
യശയ്യ 33:24: “‘എനിക്കു രോഗമാണ്’ എന്നു ദേശത്ത് വസിക്കുന്ന ആരും പറയില്ല.”
അർഥം: ഭാവിയിൽ എല്ലാ മനുഷ്യർക്കും നല്ല ആരോഗ്യം ഉണ്ടായിരിക്കുമെന്നു ദൈവം ഉറപ്പു തന്നിരിക്കുന്നു.
വല്ലാത്ത ടെൻഷൻ
സങ്കീർത്തനം 94:19: “ആകുലചിന്തകൾ എന്നെ വരിഞ്ഞുമുറുക്കിയപ്പോൾ അങ്ങ് എന്നെ ആശ്വസിപ്പിച്ചു, എന്നെ സാന്ത്വനപ്പെടുത്തി.”
അർഥം: ടെൻഷൻ തോന്നുമ്പോൾ ദൈവത്തിൽ ആശ്രയിക്കുന്നെങ്കിൽ ശാന്തരായിരിക്കാൻ ദൈവം നിങ്ങളെ സഹായിക്കും.
1 പത്രോസ് 5:7: “ദൈവം നിങ്ങളെക്കുറിച്ച് ചിന്തയുള്ളവനായതുകൊണ്ട് നിങ്ങളുടെ എല്ലാ ഉത്കണ്ഠകളും ദൈവത്തിന്റെ മേൽ ഇടുക.”
അർഥം: ദൈവം നമ്മുടെ കഷ്ടപ്പാടിനു നേരെ കണ്ണടയ്ക്കുന്നില്ല. നമ്മുടെ പ്രശ്നങ്ങളൊക്കെ പറഞ്ഞ് പ്രാർഥിക്കാൻ ദൈവം നമ്മളെ ക്ഷണിക്കുന്നു.
യുദ്ധം
സങ്കീർത്തനം 46:9: “ദൈവം ഭൂമിയിലെങ്ങും യുദ്ധങ്ങൾ നിറുത്തലാക്കുന്നു.”
അർഥം: ദൈവരാജ്യം ഉടൻതന്നെ യുദ്ധങ്ങളെല്ലാം ഇല്ലാതാക്കും.
സങ്കീർത്തനം 37:11, 29: “സൗമ്യതയുള്ളവർ ഭൂമി കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ അത്യധികം ആനന്ദിക്കും. . . . നീതിമാന്മാർ ഭൂമി കൈവശമാക്കും; അവർ അവിടെ എന്നുമെന്നേക്കും ജീവിക്കും.”
അർഥം: നല്ലവരായ ആളുകൾ ഭൂമിയിൽ എന്നെന്നും സമാധാനത്തോടെ കഴിയും.
ഭാവിയെക്കുറിച്ചുള്ള ആകുലത
യിരെമ്യ 29:11: “‘ഞാൻ നിങ്ങൾക്കുവേണ്ടി ചെയ്യാൻപോകുന്നത് എന്താണെന്ന് എനിക്കു നന്നായി അറിയാം. ഞാൻ ചിന്തിക്കുന്നതു ദുരന്തത്തെക്കുറിച്ചല്ല, സമാധാനത്തെക്കുറിച്ചാണ്; നിങ്ങൾക്ക് ഒരു നല്ല ഭാവിയും പ്രത്യാശയും തരുന്നതിനെക്കുറിച്ചാണ്’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”
അർഥം: ഭാവിയിലേക്ക് പ്രതീക്ഷയോടെ നോക്കിയിരിക്കാൻ കഴിയുമെന്നു ദൈവം തന്റെ ജനത്തിന് ഉറപ്പ് കൊടുക്കുന്നു.
വെളിപാട് 21:4: “ദൈവം അവരുടെ കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല. പഴയതെല്ലാം കഴിഞ്ഞുപോയി!”
അർഥം: ഇന്ന് നിങ്ങൾ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കുമെന്ന് ദൈവം ഉറപ്പു തന്നിരിക്കുന്നു.
a ദൈവത്തിന്റെ പേരാണ് യഹോവ. (സങ്കീർത്തനം 83:18) “യഹോവ ആരാണ്?” എന്ന ലേഖനം കാണുക.