റോമിലെ ക്രിസ്ത്യാനികൾക്ക് വാർത്തകളിൽ ഏററവും മെച്ചമായത് ലഭിക്കുന്നു
പാപിയായ ഒരു മനുഷ്യന് ദൈവത്തിന്റെ ദൃഷ്ടികളിൽ നീതിമാനായിത്തീരുന്നതിനും അങ്ങനെ നിത്യജീവൻ ലഭിക്കുന്നതിനും എങ്ങനെ കഴിയും? ഈ പ്രശ്നം നമ്മുടെ പൊതുയുഗത്തിന്റെ ഒന്നാം നൂററാണ്ടിൽ ചൂടുപിടിച്ച ചർച്ചകൾക്ക് ഇടയാക്കി. നിങ്ങൾക്ക് അതിന്റെ ഉത്തരമറിയാമോ? നിങ്ങൾക്ക് അറിയാമെങ്കിലും ഇല്ലെങ്കിലും ഈ പ്രശ്നം സംബന്ധിച്ച് നിങ്ങൾ റോമർ എന്ന ബൈബിൾ പുസ്തകത്തിലെ അപ്പോസ്തലനായ പൗലോസിന്റെ മുന്തിയ വിവരണം വായിക്കുന്നതിന് നിങ്ങളോടുതന്നെ കടപ്പെട്ടിരിക്കുന്നു. അപ്രകാരം ചെയ്യുന്നതിനാൽ വിശ്വാസവും പ്രവർത്തികളും നീതിയും ജീവനും തമ്മിൽ സ്ഥിതിചെയ്യുന്ന ജീവത്പ്രധാനമായ ബന്ധത്തെക്കുറിച്ചു മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കും.
പൗലോസും റോമിലെ ക്രിസ്ത്യാനികളും
റോമർ എന്ന പുസ്തകം ക്രി. വ. ഏതാണ്ട് 56ൽ പൗലോസ് റോമിലെ ക്രിസ്ത്യാനികൾക്ക് എഴുതിയ ഒരു ലേഖനമാണ്. അവൻ എന്തുകൊണ്ട് ആ ലേഖനമെഴുതി? പൗലോസ് ക്രി. വ. 56ൽ റോം സന്ദർശിച്ചിട്ടുണ്ടായിരുന്നില്ലെങ്കിലും അവൻ തന്റെ ലേഖനത്തിൽ അവരിൽ പലരെയും പേരിൽ സംബോധന ചെയ്തിരിക്കുന്നതിൽ നിന്നും അവൻ അവിടുത്തെ ക്രിസ്ത്യാനികളിൽ പലരെയും അറിഞ്ഞിരുന്നു എന്നു വ്യക്തമാണ്. കൂടാതെ, പൗലോസ് റോമിലെ തന്റെ ക്രിസ്തീയ സഹോദരൻമാർക്ക് പ്രോൽസാഹനം നൽകുന്നതിന് അവിടെ പോകാൻ വളരെയധികം ആഗ്രഹിച്ചു, അവൻ സ്പെയിനിലേക്കുള്ള തന്റെ നിർദ്ദിഷ്ട മിഷനറിയാത്രാ മദ്ധ്യെ തങ്ങുന്നതിനുള്ള ഒരു സ്ഥലമായി റോമിനെ ഉപയോഗിക്കുന്നതിന് ആസൂത്രണം ചെയ്തിരുന്നതായി തോന്നുകയും ചെയ്യുന്നു.—റോമർ 1:11, 12; 15:22-24.
എന്നിരുന്നാലും ഈ ലേഖനം എഴുതുന്നതിൽ പൗലോസിന്റെ മുഖ്യ ഉദ്ദേശ്യം ആളുകൾക്ക് ജീവനിലേക്കു നയിക്കുന്ന നീതീകരണം ലഭിക്കാൻ കഴിയുന്നതെങ്ങനെ? എന്ന സുപ്രധാന ചോദ്യത്തിന് ഉത്തരം കൊടുക്കുക എന്നതായിരുന്നു. ആ ഉത്തരം വാർത്തകളിൽ ഏററവും മെച്ചപ്പെട്ടതായിത്തീർന്നു. നീതി വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ കണക്കാക്കപ്പെടുന്നു. പൗലോസ് ഇപ്രകാരം എഴുതിയപ്പോൾ ഈ ആശയം പറയുകയും അവന്റെ ലേഖനത്തിന്റെ വിഷയമാക്കുകയും ചെയ്യുന്നു: “എനിക്കു സുവാർത്തയെക്കുറിച്ചു ലജ്ജയില്ല; അത് യഥാർത്ഥത്തിൽ, വിശ്വസിക്കുന്ന ഏവനും ആദ്യം യഹൂദനും പിന്നെ യവനനും രക്ഷക്കായി ദൈവശക്തിയാകുന്നു; എന്തുകൊണ്ടെന്നാൽ അതിൽ ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിനായും വെളിപ്പെടുത്തപ്പെടുന്നു, ‘നീതിമാൻ—വിശ്വാസത്താൽ അവൻ ജീവിക്കും’ എന്ന് എഴുതിയിരിക്കുന്നതുപോലെ തന്നെ.”—റോമർ 1:16, 17.
വിശ്വാസവും ന്യായപ്രമാണ നിയമവും
ഒന്നാം നൂററാണ്ടിൽ എല്ലാവരും നീതി വിശ്വാസത്താൽ കണക്കിടപ്പെടുന്നുവെന്ന് സമ്മതിച്ചിരുന്നില്ല. ഒരു നാമമാത്രമായ ന്യൂനപക്ഷം അതിനെക്കാൾ അധികം ആവശ്യമാണെന്ന് ശഠിച്ചു. മോശൈക ന്യായപ്രമാണം യഹോവയല്ലേ പ്രദാനം ചെയ്തത്? ആ നിശ്വസ്ത കരുതലിനു കീഴ്പ്പെടാത്ത ആർക്കെങ്കിലും എങ്ങനെ നീതീകരിക്കപ്പെടാൻ കഴിയുമായിരുന്നു? (ഗലാത്യർ 4:9-11, 21; 5:2 കാണുക.) ക്രി. വ. 49ൽ ന്യായപ്രമാണനിയമം പ്രമാണിക്കുന്നതിനെ സംബന്ധിച്ച പ്രശ്നം യരുശലേമിലെ ഭരണസംഘത്താൽ ചർച്ചചെയ്യപ്പെടുകയും സുവാർത്ത സ്വീകരിച്ച വിജാതീയർ പരിച്ഛേദനയേൽക്കുകയൊ യഹൂദ ന്യായപ്രമാണനിയമത്തിന്റെ നിബന്ധനകൾക്കു കീഴ്പ്പെടുകയോ ചെയ്യേണ്ടതില്ല എന്ന് അവർ തീരുമാനിക്കുകയും ചെയ്തു.—പ്രവൃത്തികൾ 15:1, 2, 28, 29.
ഏതാണ്ട് ഏഴുവർഷങ്ങൾക്കുശേഷം പൗലോസ്, ആ സുപ്രധാന തീരുമാനത്തെ പിൻതാങ്ങിക്കൊണ്ട് റോമർക്കുള്ള തന്റെ ലേഖനം എഴുതി. തീർച്ചയായും അവൻ കൂടുതലായി പോയി. ന്യായപ്രമാണ നിയമം വിജാതീയ ക്രിസ്ത്യാനികൾക്കു മാത്രമല്ല ആവശ്യമില്ലാതിരുന്നത് എന്നാൽ, അതിന്റെ അനുസരണത്തെ ആശ്രയിച്ചിരുന്ന യഹൂദൻമാരും ജീവനുവേണ്ടി നീതിമാൻമാർ എന്ന് പ്രഖ്യാപിക്കപ്പെടുകയില്ലായിരുന്നു.
വിശ്വാസത്താൽ നീതീകരണം
നിങ്ങൾ റോമാലേഖനം വായിക്കുമ്പോൾ പൗലോസ് എങ്ങനെ തന്റെ പ്രസ്താവനകളെ പിന്താങ്ങുന്നതിന് എബ്രായതിരുവെഴുത്തുകളിൽ നിന്ന് അനേകം ഉദ്ധരണികൾ ഉപയോഗിച്ചുകൊണ്ട് തന്റെ ന്യായം ശ്രദ്ധാപൂർവ്വം കെട്ടുപണിചെയ്തു എന്ന് ശ്രദ്ധിക്കും. തന്റെ നിശ്വസ്ത ഉപദേശം അംഗീകരിക്കുന്നതിന് പ്രയാസമുണ്ടായിരുന്നേക്കാവുന്ന യഹൂദൻമാരോട് സംസാരിച്ചപ്പോൾ അവൻ പ്രീതിയും പരിഗണനയും പ്രകടമാക്കി. (റോമർ 3:1, 2; 9:1-3) എന്നിരുന്നാലും, അവൻ തന്റെ ന്യായം ശ്രദ്ധേയമായ വ്യക്തതയോടും അവിതർക്കിതമായ യുക്തിയോടും കൂടെ അവതരിപ്പിക്കുന്നു.
റോമാലേഖനത്തിൽ പൗലോസ് 1 മുതൽ 4 വരെയുള്ള അദ്ധ്യായങ്ങളിൽ എല്ലാവരും പാപത്തിന്റെ കുററക്കാരാണെന്നുള്ള യാഥാർത്ഥ്യത്തോടെ തുടങ്ങുന്നു. അതുകൊണ്ട് മനുഷ്യർ നീതിമാൻമാരായി പ്രഖ്യാപിക്കപ്പെടുന്നതിനുള്ള മാർഗ്ഗം വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ്. യഹൂദൻമാർ മോശൈക ന്യായപ്രമാണനിയമം അനുസരിച്ചുകൊണ്ട് നീതിമാൻമാരായിരിക്കുന്നതിന് പരിശ്രമിച്ചു എന്നതു സത്യമാണ്. എന്നാൽ അവർ പരാജയപ്പെട്ടു. അതുകൊണ്ട് പൗലോസ് ധൈര്യപൂർവം പറയുന്നു: “യഹൂദൻമാരും യവനൻമാരും എല്ലാം പാപത്തിൻ കീഴിലാണ്.” അവൻ ജനസമ്മതിയില്ലാത്ത ഈ സത്യം അനേകം തിരുവെഴുത്ത് ഉദ്ധരണികൾ ഉപയോഗിച്ചുകൊണ്ട് തെളിയിക്കുന്നു.—റോമർ 3:9.
“ന്യായപ്രമാണത്തിന്റെ പ്രവർത്തികളാൽ ഒരു ജഡവും നീതിമാൻ എന്ന് പ്രഖ്യാപിക്കപ്പെടുകയില്ലാ”ത്തതിനാൽ എന്തു പ്രത്യാശയാണുള്ളത്? ദൈവം മനുഷ്യരെ യേശുവിന്റെ മറുവിലായാഗത്തിന്റെ അടിസ്ഥാനത്തിൽ ഒരു സൗജന്യ ദാനമായി നീതിമാൻമാരെന്നു പ്രഖ്യാപിക്കും. (റോമർ 3:20, 24) അവർക്ക് അത് ഉപകരിക്കണമെങ്കിൽ അവർക്ക് ആ യാഗത്തിൽ വിശ്വാസമുണ്ടായിരിക്കണം. മനുഷ്യർ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നീതിമാൻമാർ എന്നു പ്രഖ്യാപിക്കപ്പെടുന്നു എന്ന ഈ ഉപദേശം പുതുമയുള്ള എന്തെങ്കിലുമാണോ? അശേഷമല്ല. അബ്രഹാം തന്നെയും ന്യായപ്രമാണനിയമം നിലവിൽ വരുന്നതിനുമുമ്പു പോലും അവന്റെ വിശ്വാസം മൂലം നീതിമാൻ എന്നു പ്രഖ്യാപിക്കപ്പെട്ടു.—റോമർ 4:3.
വിശ്വാസത്തിന്റെ പ്രാധാന്യം സ്ഥാപിച്ചശേഷം 5-ാം അദ്ധ്യായത്തിൽ പൗലോസ് ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനം വിശദീകരിക്കുന്നു. യേശുവാണ് തന്റെ നീതിയുള്ള ഗതിയാൽ അവനിൽ വിശ്വാസമുള്ളവരുടെമേലുള്ള ആദാമിന്റെ പാപത്തിന്റെ ചീത്തഫലങ്ങൾ റദ്ദുചെയ്യുന്നത്. അങ്ങനെ, “നീതീകരണത്തിന്റെ ഒരു പ്രവർത്തനത്താൽ,” മോശൈക നിയമത്തിന്റെ അനുസരണത്താലല്ല, “എല്ലാത്തരം ആളുകൾക്കുമുള്ള ഫലം ജീവനുവേണ്ടി തങ്ങളെ നീതിമാൻമാർ ആയി പ്രഖ്യാപിക്കുന്നു എന്നതാണ്.”—റോമർ 5:18.
എതിർപ്പുകൾക്ക് മറുപടി പറയുന്നു
ക്രിസ്ത്യാനികൾ ന്യായപ്രമാണ നിയമത്തിൻ കീഴിലല്ലെങ്കിൽ മുന്നോട്ടുപോയി പാപങ്ങൾ ചെയ്യുന്നതിനും ഏതെങ്കിലും വിധത്തിൽ നീതിമാൻമാരായി പ്രഖ്യാപിക്കപ്പെടുകയും ദൈവത്തിന്റെ അനർഹദയക്കു നന്ദി പറയുകയും ചെയ്യുന്നതിൽ നിന്ന് അവരെ തടയാൻ എന്താണുള്ളത്? പൗലോസ് ഈ തടസ്സവാദത്തിന് റോമർ 6-ാം അദ്ധ്യായത്തിൽ മറുപടി പറയുന്നു. ക്രിസ്ത്യാനികൾ തങ്ങളുടെ മുൻകാല പാപഗതി സംബന്ധിച്ച് മരിച്ചിരിക്കുന്നു. യേശുവിലുള്ള അവരുടെ പുതുജീവൻ തങ്ങളുടെ ജഡിക ബലഹീനതകളോട് പോരാടാൻ കടപ്പാടുള്ളവരാക്കുന്നു. “പാപം നിങ്ങളുടെ മർത്ത്യശരീരങ്ങളിൽ രാജാവായി തുടർന്ന് ഭരിക്കാൻ അനുവദിക്കരുത്.”—റോമർ 6:12.
എന്നാൽ കുറഞ്ഞപക്ഷം യഹൂദൻമാർ മോശൈക ന്യായപ്രമാണത്തിൽ പിടിച്ചു നിൽക്കേണ്ടതല്ലേ? 7-ാം അദ്ധ്യായത്തിൽ പൗലോസ് സംഗതി ഇതല്ല എന്ന് ശ്രദ്ധാപൂർവ്വം വിശദീകരിക്കുന്നു. ഒരു വിവാഹിത സ്ത്രീ തന്റെ ഭർത്താവു മരിക്കുമ്പോൾ അവളുടെ ഭർത്തൃപ്രമാണത്തിൽ നിന്ന് സ്വതന്ത്രയാകുന്നതുപോലെ തന്നെ, യേശുവിന്റെ മരണം വിശ്വസിക്കുന്ന യഹൂദൻമാരെ ന്യായപ്രമാണത്തിനു കീഴ്പ്പെടുന്നതിൽ നിന്ന് സ്വതന്ത്രരാക്കുന്നു. പൗലോസ് ഇപ്രകാരം പറയുന്നു: “നിങ്ങളും ക്രിസ്തുവിന്റെ ശരീരം മുഖാന്തരം ന്യായപ്രമാണം സംബന്ധിച്ച് മരിച്ചിരിക്കുന്നു.”—റോമർ 7:4.
ഇതിന്റെ അർത്ഥം ന്യായപ്രമാണത്തിന് എന്തെങ്കിലും തെററുണ്ടായിരുന്നു എന്നാണോ? ഒരു വിധത്തിലുമല്ല. ന്യായപ്രമാണനിയമം പൂർണ്ണതയുള്ളതായിരുന്നു. പ്രശ്നം, അപൂർണ്ണമനുഷ്യർക്ക് ന്യായപ്രമാണം അനുസരിക്കാൻ കഴിയുമായിരുന്നില്ല എന്നതായിരുന്നു. “ന്യായപ്രമാണം ആത്മീയമാണെന്നു നാം അറിയുന്നു,” പൗലോസ് എഴുതി, “എന്നാൽ ഞാൻ ജഡികൻ, പാപത്തിൻ കീഴിൽ വിൽക്കപ്പെട്ടവൻ.” അപൂർണ്ണനായ ഒരു മനുഷ്യന് ദൈവത്തിന്റെ പൂർണ്ണതയുള്ള ന്യായപ്രമാണനിയമം അനുസരിക്കാൻ കഴിയുകയില്ല, അതുകൊണ്ട് അതിനാൽ കുററം വിധിക്കപ്പെടുന്നു. അപ്പോൾ, “ക്രിസ്തുയേശുവിനോട് ഐക്യത്തിലുള്ളവർക്ക് ശിക്ഷാവിധിയില്ല” എന്നത് എത്ര അതിശയകരം! അഭിഷിക്ത ക്രിസ്ത്യാനികൾ ദൈവത്തിന്റെ പുത്രൻമാരായിത്തീരുന്നതിന് ആത്മാവിനാൽ ദത്തെടുക്കപ്പെട്ടിരിക്കുന്നു. യഹോവയുടെ ആത്മാവ് ജഡത്തിന്റെ അപൂർണ്ണതകളോട് മല്ലയുദ്ധം നടത്തുന്നതിന് അവരെ സഹായിക്കുന്നു. “ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്കെതിരെ ആർ കുററം ചുമത്തും? ദൈവമാണ് അവരെ നീതിമാൻമാരായി പ്രഖ്യാപിക്കുന്നത്.” (റോമർ 7:14, 8:1, 33) ദൈവസ്നേഹത്തിൽ നിന്ന് അവരെ വേർപെടുത്താൻ യാതൊന്നിനും സാദ്ധ്യമല്ല.
നീതിയും ജഡികയഹൂദൻമാരും
ന്യായപ്രമാണം മേലാൽ ആവശ്യമില്ലെങ്കിൽ ഇത് ഇസ്രായേൽ ജനതയെ എവിടെ നിർത്തുന്നു? ഇസ്രായേലിന്റെ പുന:സ്ഥിതീകരണം വാഗ്ദത്തം ചെയ്യുന്ന തിരുവെഴുത്തുകളെല്ലാം സംബന്ധിച്ചെന്ത്? ഈ ചോദ്യങ്ങളെല്ലാം റോമർ 9 മുതൽ 11വരെയുള്ള അദ്ധ്യായങ്ങളിൽ പരിഗണിച്ചിരിക്കുന്നു. എബ്രായ തിരുവെഴുത്തുകൾ, ഇസ്രായേലിൽ ഒരു ന്യൂനപക്ഷം മാത്രമേ രക്ഷിക്കപെടുകയുള്ളു എന്നും ദൈവം തന്റെ ശ്രദ്ധ ജനതകളിലേക്ക് തിരിക്കുമെന്നും മുൻകൂട്ടി പറഞ്ഞു. ഇതിനു ചേർച്ചയായി ഇസ്രായേലിന്റെ രക്ഷയെ സംബന്ധിച്ച പ്രവചനങ്ങൾ ജഡിക ഇസ്രായേലിനാലല്ല പിന്നെയോ വിശ്വസിക്കുന്ന ജഡിക ഇസ്രായേൽ കേന്ദ്രബിന്ദുവായി വരുന്നതും പരമാർത്ഥഹൃദയരായ വിജാതീയരാൽ പൂർത്തീകരിക്കപ്പെടുന്നതുമായ ക്രിസ്തീയ സഭയാൽ നിവൃത്തിക്കപ്പെടും.—റോമർ 10:19-21; 11:1, 5, 17-24.
നീതിയുടെ തത്വങ്ങൾ
റോമർ 12 മുതൽ 15 വരെയുള്ള അദ്ധ്യായങ്ങളിൽ പൗലോസ് അഭിഷിക്ത ക്രിസ്ത്യാനികൾക്ക് തങ്ങളെ നീതിമാൻമാരെന്നു പ്രഖ്യാപിക്കപ്പെട്ടതിനു ചേർച്ചയായി ജീവിക്കാൻ കഴിയുന്ന ചില പ്രായോഗിക വിധങ്ങൾ സംബന്ധിച്ചു തുടർന്നു വിശദീകരിക്കുന്നു. ദൃഷ്ടാന്തത്തിന് അവൻ പറയുന്നു: “നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിനു സ്വീകാര്യവും ആയ യാഗമായി നിങ്ങളുടെ ചിന്താശക്തിയോടുകൂടിയ ഒരു വിശുദ്ധസേവനമായി അർപ്പിക്കുക. ഈ വ്യവസ്ഥിതിക്ക് അനുരൂപമാകുന്നതിനെ ഉപേക്ഷിച്ചുകൊണ്ട് നിങ്ങളുടെ മനസ്സു പുതുക്കി രൂപാന്തരപ്പെടുകയും ചെയ്യുക.” (റോമർ 12:1, 2) നാം നൻമയുടെ ശക്തിയിൽ ആശ്രയിക്കണം, തിൻമയോട് തിൻമകൊണ്ട് പോരാടുകയുമരുത്. “നിങ്ങൾ തിൻമയാൽ നിങ്ങളെത്തന്നെ തോൽപ്പിക്കപ്പെടാൻ അനുവദിക്കരുത്, എന്നാൽ നൻമയാൽ തിൻമയെ ജയിച്ചടക്കിക്കൊണ്ടിരിക്കുക,” എന്ന് പൗലോസ് എഴുതി.—റോമർ 12:21.
പൗലോസിന്റെ നാളിൽ റോമാ രാഷ്ട്രീയശക്തിയുടെ കേന്ദ്രമായിരുന്നു. അതുകൊണ്ട് പലോസ് ക്രിസ്ത്യനികളെ ഇപ്രകാരം ബുദ്ധിപൂർവം ബുദ്ധിയുപദേശിച്ചു: “എല്ലാ ദേഹിയും മേലധികാരികൾക്ക് കീഴ്പ്പെട്ടിരിക്കട്ടെ, എന്തുകൊണ്ടെന്നാൽ ദൈവത്താലല്ലാതെ ഒരു അധികാരവുമില്ല.” (റോമർ 13:1) ക്രിസ്ത്യാനികളുടെ അന്യോന്യമുള്ള ഇടപെടലുകളും നീതിക്കു ചേർച്ചയായി ജീവിക്കുന്നതിന്റെ ഭാഗമാണ്. “ജനങ്ങളെ നിങ്ങൾ ആരോടും ഒന്നും കടമ്പെട്ടിരിക്കരുത്,” പൗലോസ് പറയുന്നു, “അന്യോന്യം സ്നേഹിക്കുന്നതല്ലാതെ; എന്തുകൊണ്ടെന്നാൽ സഹമനുഷ്യനെ സ്നേഹിക്കുന്നവൻ ന്യായപ്രമാണം നിവൃത്തിച്ചിരിക്കുന്നു.”—റോമർ 13:8.
അതുകൂടാതെ, ക്രിസ്ത്യാനികൾ ഓരോരുത്തൻ മററുള്ളവരുടെ മനസ്സാക്ഷിയെ പരിഗണിക്കുകയും വിധിക്കുന്നവരല്ലാതിരിക്കയും വേണം. പൗലോസ് ഇപ്രകാരം പ്രേരിപ്പിക്കുന്നു: “നമുക്ക് സമാധാനത്തിനുവേണ്ടിയുള്ള കാര്യങ്ങളും അന്യോന്യം കെട്ടുപണിചെയ്യുന്ന കാര്യങ്ങളും പിൻപററാം.” (റോമർ 14:19) ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളിലും ബാധകമാക്കാവുന്ന എത്ര നല്ല ബുദ്ധിയുപദേശം! പിന്നീട് 16-ാം അദ്ധ്യായത്തിൽ പൗലോസ് വ്യക്തിപരമായ ആശംസകളോടും പ്രോൽസാഹനത്തിന്റെയും ബുദ്ധിയുപദേശത്തിന്റെയും സമാപനവാക്കുകളോടും കൂടെ ഉപസംഹരിപ്പിക്കുന്നു.
അഭിഷിക്തർക്കും വേറെആടുകൾക്കും വേണ്ടി
റോമർക്ക് എഴുതിയ ലേഖനത്തിൽ ചർച്ചചെയ്യപ്പെട്ട വിഷയം ഒന്നാം നൂററാണ്ടിൽ പ്രധാനമായിരുന്നു, ഇന്നും സുപ്രധാന താൽപ്പര്യമുള്ളതാണ്. നീതിയും നിത്യജീവനും യഹോവയുടെ ദാസൻമാർക്കെല്ലാം നിർബന്ധിതമായ താൽപ്പര്യമുള്ളവയാണ്. റോമർക്കുള്ള ലേഖനം അഭിഷിക്ത ക്രിസ്ത്യാനികളുടെ ഒരു സഭക്ക് എഴുതിയതായിരുന്നു എന്നതും അതേസമയം ഇന്ന് യഹോവയുടെ സാക്ഷികളിൽ ബഹുഭൂരിപക്ഷവും “മഹാപുരുഷാര”ത്തിൽപെട്ടവരാണെന്നുള്ളതും അവർക്ക് ഒരു ഭൗമിക പ്രത്യാശയാണ് ഉള്ളതെന്നുള്ളതും സത്യമാണ്. (വെളിപ്പാട് 7:9) എന്നിരുന്നാലും, ഈ ലേഖനത്തിൽ അവർക്കുവേണ്ടിയും ഒരു സുപ്രധാന സന്ദേശം ഉണ്ട്. അത് എന്താണ്?
റോമാലേഖനം ക്രിസ്ത്യാനികൾ നീതിമാൻമാരായി പ്രഖ്യാപിക്കപ്പെടുന്നത് വിശ്വാസത്താലാണെന്ന് തെളിയിക്കുന്നു. അഭിഷിക്തർക്ക് ഇത് സ്വർഗ്ഗീയരാജ്യത്തിൽ യേശുവിനോടൊന്നിച്ച് സഹഭരണാധിപൻമാരായിത്തീരുന്നതിനുള്ള കാഴ്ചപ്പാടിലാണ്. എന്നിരുന്നാലും മഹാപുരുഷാരത്തിലെ അംഗങ്ങളും ഗോത്രപിതാവായ അബ്രഹാമായിരുന്നതുപോലെ ‘ദൈവത്തിന്റെ സ്നേഹിതൻമാർ’ എന്നപോലെ നീതിമാൻമാർ എന്നു പ്രഖ്യാപിക്കപ്പെടുന്നു. (യാക്കോബ് 2:21-23) അവരുടെ നീതീകരണം മഹോപദ്രവത്തെ അതിജീവിക്കുന്നതിനുള്ള കാഴ്ചപ്പാടോടുകൂടിയതും അഭിഷിക്തരുടെ സംഗതിയിലെന്നപോലെ യേശുവിന്റെ രക്തത്തിലുള്ള വിശ്വാസത്തിൽ അടിസ്ഥാനപ്പെട്ടതും ആണ്. (സങ്കീർത്തനം 37:11; യോഹന്നാൻ 10:16; വെളിപ്പാട് 7:9, 14) അതുകൊണ്ട് റോമാലേഖനത്തിലെ പൗലോസിന്റെ ന്യായവാദം വേറെ ആടുകൾക്കും അഭിഷിക്തർക്കും വളരെ താൽപ്പര്യമുള്ളതാണ്. നീതിമാൻമാരെന്നു പ്രഖ്യാപിക്കപ്പെടുന്നതിനോട് ചേർച്ചയിൽ നാം ജീവിക്കുന്നതിനുള്ള ഈ പുസ്തകത്തിന്റെ നല്ല ബുദ്ധിയുപദേശം എല്ലാ ക്രിസ്ത്യാനികൾക്കും ജീവൽപ്രധാനമാണ്.
ഡോക്ടർമാരായ ന്യൂട്ടൻ മാർഷൽ ഹാളും ഇർവിംഗ് ഫ്രാൻസിസ് വുഡും ചേർന്നു പ്രസാധനം ചെയ്ത ദി ബുക്ക് ഓഫ് ലൈഫ് ഇപ്രകാരം പ്രസ്താവിക്കുന്നു: “[റോമാലേഖനം] വാദഗതിയുടെയും ഉപദേശത്തിന്റെയും വശത്ത് പൗലോസിന്റെ നിശ്വസ്ത ഉപദേശത്തിന്റെ പാരമ്യത്തിൽ എത്തുന്നു. ഇത് ഭവ്യവും നയപൂർവ്വകവുമാണ്, എന്നാൽ ആധികാരികതയിൽ ഒട്ടും കുറവുള്ളതല്ല. . . . ഈ ലേഖനത്തിന്റെ പഠനം അതിന്റേതായ സ്വന്തം സമ്പന്നവും സമൃദ്ധവുമായ പ്രതിഫലം കൈവരുത്തുന്നു.” എന്തുകൊണ്ട് നിങ്ങൾക്കുതന്നെ ഈ പുസ്തകം വായിക്കുകയും ഇതിൽ അടങ്ങിയിരിക്കുന്ന “രക്ഷക്കുവേണ്ടിയുള്ള ദൈവത്തിന്റെ ശക്തി”യായ “സുവാർത്ത”യിൽ സന്തോഷിക്കുകയും ചെയ്തുകൂടാ.—റോമർ 1:16. (w90 8/1)
[26-ാം പേജിലെ ചതുരം/ചിത്രം]
“ദൈവത്താലല്ലാതെ ഒരു [ലൗകിക] അധികാരവുമില്ല.” ഇതിന്, ദൈവം ഓരോ അധികാരിയേയും അയാളുടെ സ്ഥാനത്ത് വെക്കുന്നു എന്ന് അർത്ഥമില്ല. പകരം, ലൗകിക അധികാരികൾ ദൈവത്തിന്റെ അനുവാദത്താൽ മാത്രം സ്ഥിതിചെയ്യുന്നു. അനേകം സംഗതികളിൽ ദൈവം മാനുഷഭരണാധികാരികളെ മുൻകൂട്ടി കാണുകയും മുൻകൂട്ടി പറയുകയും ചെയ്തിരുന്നു, ആ വിധത്തിൽ “അവർ ദൈവത്താൽ തങ്ങളുടെ ആപേക്ഷികസ്ഥാനങ്ങളിൽ ആക്കിവെക്കപ്പെട്ടു.”—റോമർ 13:1.
[കടപ്പാട്]
Museo della Civiltà Romana, Roma
[27-ാം പേജിലെ ചതുരം/ചിത്രം]
ക്രിസ്ത്യാനികളോട് ഇപ്രകാരം പറയുന്നു: “കർത്താവായ യേശുക്രിസ്തുവിനെ ധരിച്ചുകൊള്ളുക.” ഇതിന്റെ അർത്ഥം അവർ തങ്ങളുടെ ജീവിതത്തിൽ ജഡിക താൽപ്പര്യങ്ങൾക്കു പകരം ആത്മീയ താൽപ്പര്യങ്ങൾ ഒന്നാമതു വെച്ചുകൊണ്ട് അപ്രകാരം, “ജഡാഭിലാഷങ്ങൾക്കുവേണ്ടി മുൻകൂട്ടി ആസൂത്രണം ചെയ്യാതെ,” യേശുവിനെ അനുകരിച്ചുകൊണ്ട് അവന്റെ കാൽചുവടുകളെ അടുത്തു പിൻപററണമെന്നാണ്.—റോമർ 13:14.
[27-ാം പേജിലെ ചതുരം/ചിത്രം]
പൗലോസ് റോമിലെ ക്രിസ്ത്യാനികളോട് “അന്യോന്യം വിശുദ്ധ ചുംബനത്താൽ അഭിവാദനം ചെയ്യാൻ” പറഞ്ഞു. എന്നിരുന്നാലും അവൻ ഇവിടെ ഒരു പുതിയ ക്രിസ്തീയ ആചാരമോ മതചടങ്ങോ ആവിഷ്ക്കരിക്കയല്ലായിരുന്നു. പൗലോസിന്റെ നാളിൽ നെററിയിലൊ ചുണ്ടുകളിലൊ കൈയിലൊ ഉള്ള ഒരു ചുംബനം മിക്കപ്പോഴും അഭിവാദനത്തിന്റെയോ പ്രീതിയുടെയോ ആദരവിന്റെയോ അടയാളമായി നൽകപ്പെട്ടിരുന്നു. അതുകൊണ്ട് പൗലോസ് കേവലം തന്റെ നാളിൽ സാധാരണമായിരുന്ന ഒരു ആചാരത്തെ പരാമർശിക്കയായിരുന്നു.—റോമർ 16:16.