അധ്യായം 17
‘ഹാ, ദൈവത്തിന്റെ ജ്ഞാനത്തിന്റെ ആഴമേ!’
1, 2. ഏഴാം ദിവസത്തെ സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യം എന്തായിരുന്നു, ആ ദിവസത്തിന്റെ തുടക്കത്തിൽ ദിവ്യജ്ഞാനം പരിശോധിക്കപ്പെട്ടത് എങ്ങനെ?
എത്ര ദുഃഖകരം! ആറാം സൃഷ്ടിദിവസത്തിനു മകുടം ചാർത്തിയ മനുഷ്യവർഗം തങ്ങളുടെ ഉത്കൃഷ്ട സ്ഥാനത്തുനിന്നു നിപതിച്ചു. മനുഷ്യവർഗം ഉൾപ്പെടെ “താൻ ഉണ്ടാക്കിയതിനെ ഒക്കെയും” യഹോവ ‘വളരെ നല്ലത്’ (NW) എന്ന് പരാമർശിച്ചിരുന്നു. (ഉല്പത്തി 1:31) എന്നാൽ ഏഴാം ദിവസത്തിന്റെ തുടക്കത്തിൽ ആദാമും ഹവ്വായും ദൈവത്തോടു മത്സരിക്കുന്നതിൽ സാത്താനോടൊപ്പം ചേരാൻ തീരുമാനിച്ചു. അവർ പാപത്തിന്റെയും അപൂർണതയുടെയും മരണത്തിന്റെയും പിടിയിലമർന്നു.
2 ഏഴാം ദിവസത്തെ കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യം ആശയറ്റവിധം പാളിപ്പോയതായി കാണപ്പെട്ടിരിക്കാം. അതിനു മുമ്പത്തെ ആറു ദിവസത്തെപ്പോലെ, ആ ദിവസത്തിനും ആയിരക്കണക്കിനു വർഷത്തെ ദൈർഘ്യം ഉണ്ടായിരിക്കുമായിരുന്നു. യഹോവ അതിനെ വിശുദ്ധമായി പ്രഖ്യാപിച്ചിരുന്നു, ആ ദിവസത്തിന്റെ ഒടുവിൽ മുഴുഭൂമിയും പൂർണതയുള്ള മാനവകുടുംബത്തെക്കൊണ്ടു നിറഞ്ഞ ഒരു പറുദീസ ആയിത്തീരുമായിരുന്നു. (ഉല്പത്തി 1:28; 2:3) എന്നാൽ വിപത്കരമായ ആ മത്സരത്തെ തുടർന്ന് അങ്ങനെയൊരു സംഗതി എങ്ങനെ നിവൃത്തിയേറും? ദൈവം എന്തു ചെയ്യും? യഹോവയുടെ ജ്ഞാനത്തിന്റെ ശ്രദ്ധേയമായ ഒരു പരിശോധനയായിരുന്നു ഇത്—ഒരുപക്ഷേ ഏറ്റവും വലിയ പരിശോധന.
3, 4. (എ) ഏദെനിലെ മത്സരത്തോടുള്ള യഹോവയുടെ പ്രതികരണം അവന്റെ ജ്ഞാനത്തിന്റെ ഭയാദരജനകമായ ഒരു തെളിവായിരിക്കുന്നത് എന്തുകൊണ്ട്? (ബി) യഹോവയുടെ ജ്ഞാനത്തെ കുറിച്ചു പഠിക്കവേ ഏതു സത്യം മനസ്സിൽ പിടിക്കാൻ താഴ്മ നമ്മെ പ്രേരിപ്പിക്കണം?
3 യഹോവ സത്വരം പ്രതികരിച്ചു. അവൻ ഏദെനിൽ മത്സരികൾക്കു ശിക്ഷ വിധിച്ചു. അതേസമയം അവൻ അത്ഭുതകരമായ ഒന്നിന്റെ ഒരു പൂർവദർശനം നൽകി: അവർ തുടക്കമിട്ടിരുന്ന പ്രശ്നങ്ങൾക്കു പരിഹാരം വരുത്താനുള്ള അവന്റെ ഉദ്ദേശ്യത്തിന്റെതന്നെ. (ഉല്പത്തി 3:15) യഹോവയുടെ ദീർഘവീക്ഷണത്തോടുകൂടിയ ഉദ്ദേശ്യം ഏദെൻ മുതൽ മാനുഷ ചരിത്രത്തിന്റെ ആയിരക്കണക്കിനു വർഷങ്ങളിലൂടെ വിദൂരഭാവിയിലേക്കു വ്യാപിക്കുന്നു. അത് അങ്ങേയറ്റം ലളിതമാണ്, മഹത്തരമാണ്; ബൈബിൾ വായിക്കുന്ന ഒരു വ്യക്തിക്ക് അതേക്കുറിച്ചു പഠിക്കുകയും ധ്യാനിക്കുകയും ചെയ്തുകൊണ്ട് തന്റെ ആയുഷ്കാലംതന്നെ പ്രതിഫലദായകമായി ചെലവഴിക്കാൻ കഴിയത്തക്കവിധം അത് അതിഗഹനവുമാണ്. യഹോവയുടെ ഉദ്ദേശ്യം വിജയിക്കും എന്നതു തീർച്ചയാണ്. അതു സകല ദുഷ്ടതയ്ക്കും പാപത്തിനും മരണത്തിനും അറുതിവരുത്തും. അതു വിശ്വസ്ത മനുഷ്യവർഗത്തെ പൂർണതയിലേക്കു കൊണ്ടുവരും. ഇതെല്ലാം ഏഴാം ദിവസം അവസാനിക്കുന്നതിനു മുമ്പു സംഭവിക്കും; എന്തൊക്കെ ഉണ്ടായാലും, യഹോവ കൃത്യസമയത്തുതന്നെ ഭൂമിയെയും മനുഷ്യവർഗത്തെയും സംബന്ധിച്ച തന്റെ ഉദ്ദേശ്യം നിറവേറ്റിയിരിക്കും!
4 അത്തരം ജ്ഞാനം ഭയാദരവുണർത്തുന്നു, ഇല്ലേ? ‘ഹാ, ദൈവത്തിന്റെ ജ്ഞാനത്തിന്റെ ആഴമേ’ എന്ന് എഴുതാൻ അപ്പൊസ്തലനായ പൗലൊസ് പ്രേരിതനായി. (റോമർ 11:33) ഈ ദിവ്യഗുണത്തിന്റെ വിവിധ വശങ്ങളെ കുറിച്ചു പഠിക്കവേ ഒരു സുപ്രധാന സത്യം മനസ്സിൽ പിടിക്കാൻ താഴ്മ നമ്മെ പ്രേരിപ്പിക്കണം—അതായത് യഹോവയുടെ മഹത്തായ ജ്ഞാനത്തിന്റെ ഒരംശം മാത്രം ഗ്രഹിക്കാനേ നമുക്കു കഴിയൂ. (ഇയ്യോബ് 26:14) ആദ്യം നമുക്ക് ഭയാദരജനകമായ ഈ ഗുണത്തിന്റെ നിർവചനം നോക്കാം.
ദിവ്യജ്ഞാനം എന്താണ്?
5, 6. അറിവും ജ്ഞാനവും തമ്മിലുള്ള ബന്ധമെന്ത്, യഹോവയുടെ അറിവ് എത്ര വിപുലമാണ്?
5 ജ്ഞാനവും അറിവും ഒന്നുതന്നെയല്ല. കമ്പ്യൂട്ടറുകൾക്ക് വമ്പിച്ച അളവിൽ അറിവു ശേഖരിച്ചുവെക്കാൻ കഴിയും, എന്നാൽ ആരെങ്കിലും അത്തരം യന്ത്രങ്ങളെ ജ്ഞാനമുള്ളവയെന്നു വിളിക്കുമെന്നു സങ്കൽപ്പിക്കാനാവില്ല. എന്നിരുന്നാലും അറിവും ജ്ഞാനവും ബന്ധപ്പെട്ടിരിക്കുന്നു. (സദൃശവാക്യങ്ങൾ 10:14) ഉദാഹരണത്തിന്, ഗുരുതരമായ ഒരു ആരോഗ്യപ്രശ്നത്തിനുള്ള ചികിത്സ സംബന്ധിച്ചു നിങ്ങൾക്കു ജ്ഞാനപൂർവകമായ ബുദ്ധിയുപദേശം ആവശ്യമാണെങ്കിൽ വൈദ്യശാസ്ത്രത്തെ കുറിച്ച് യാതൊന്നും അറിയില്ലാത്ത ഒരാളുമായി നിങ്ങൾ ആലോചന കഴിക്കുമോ? തീർച്ചയായുമില്ല! അതുകൊണ്ട് യഥാർഥ ജ്ഞാനത്തിന് സൂക്ഷ്മമായ അറിവ് അത്യന്താപേക്ഷിതമാണ്.
6 യഹോവയ്ക്ക് അതിരറ്റ അറിവിന്റെ ശേഖരമുണ്ട്. ‘നിത്യതയുടെ രാജാവ്’ എന്ന നിലയിൽ അവൻ മാത്രമാണ് എന്നേക്കും ജീവിച്ചിരുന്നിട്ടുള്ളത്. (1 തിമൊഥെയൊസ് 1:17) ആ അസംഖ്യം യുഗങ്ങളിലെല്ലാം അവന് സകലത്തെക്കുറിച്ചും അറിവുണ്ടായിരുന്നു. ബൈബിൾ ഇങ്ങനെ പറയുന്നു: “അവന്നു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളതു.” (എബ്രായർ 4:13; സദൃശവാക്യങ്ങൾ 15:3) സ്രഷ്ടാവ് എന്ന നിലയിൽ തന്റെ സകല സൃഷ്ടികളെ കുറിച്ചും യഹോവയ്ക്കു പൂർണ ഗ്രാഹ്യമുണ്ട്. ആരംഭം മുതലുള്ള സകല മാനുഷ പ്രവർത്തനത്തെയും അവൻ നിരീക്ഷിച്ചിരിക്കുന്നു. അവൻ ഓരോ മനുഷ്യ ഹൃദയത്തെയും പരിശോധിക്കുന്നു, ഒന്നും അവന്റെ ദൃഷ്ടിയിൽനിന്നു മറഞ്ഞിരിക്കുന്നില്ല. (1 ദിനവൃത്താന്തം 28:9) സ്വതന്ത്ര ഇച്ഛാശക്തിയോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന നാം ജീവിതത്തിൽ ജ്ഞാനപൂർവകമായ തീരുമാനങ്ങൾ എടുക്കുന്നതു കാണുമ്പോൾ അവൻ സന്തോഷിക്കുന്നു. “പ്രാർത്ഥന കേൾക്കുന്നവൻ” എന്ന നിലയിൽ അവൻ ഒരേ സമയത്ത് അസംഖ്യം മൊഴികൾ ശ്രദ്ധിക്കുന്നു! (സങ്കീർത്തനം 65:2) യഹോവയുടെ ഓർമശക്തി പൂർണമാണ് എന്നത് എടുത്തുപറയേണ്ടതില്ല.
7, 8. യഹോവ ഗ്രാഹ്യവും വിവേചനാശക്തിയും ജ്ഞാനവും പ്രകടമാക്കുന്നത് എങ്ങനെ?
7 യഹോവയ്ക്ക് അറിവു മാത്രമല്ല ഉള്ളത്. അവൻ വസ്തുതകൾ എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നു കാണുകയും വിശദാംശങ്ങൾക്കു ശ്രദ്ധനൽകിക്കൊണ്ട് സംഗതിയുടെ ആകമാനചിത്രം തിരിച്ചറിയുകയും ചെയ്യുന്നു. അവൻ നന്മയും തിന്മയും, പ്രധാനവും അപ്രധാനവും തമ്മിൽ വേർതിരിച്ചറിഞ്ഞുകൊണ്ടു വിലയിരുത്തുകയും വിധിക്കുകയും ചെയ്യുന്നു. അവൻ ബാഹ്യമായ കാര്യങ്ങൾ മാത്രം നോക്കാതെ ഹൃദയത്തെ സൂക്ഷ്മമായി പരിശോധിക്കുന്നു. (1 ശമൂവേൽ 16:7) അങ്ങനെ, യഹോവ അറിവിനെക്കാൾ മികച്ച ഗുണങ്ങളായ ഗ്രാഹ്യവും വിവേചനാശക്തിയും പ്രകടമാക്കുന്നു. എന്നാൽ ജ്ഞാനം അതിലുമൊക്കെ ശ്രേഷ്ഠമാണ്.
8 അറിവിനെയും വിവേചനയെയും ഗ്രാഹ്യത്തെയും സമന്വയിപ്പിച്ച് പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്ന ഗുണമാണ് ജ്ഞാനം. യഥാർഥത്തിൽ, “ജ്ഞാനം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂല ബൈബിൾപദങ്ങളിൽ ചിലതിന് “ഫലപ്രദമായ പ്രവർത്തനം” എന്നോ “പ്രായോഗികജ്ഞാനം” എന്നോ ഉള്ള അർഥമുണ്ട്. അതുകൊണ്ട് യഹോവയുടെ ജ്ഞാനം കേവലം സിദ്ധാന്തപരമല്ല. അതു പ്രായോഗികമാണ്, വിജയപ്രദമാണ്. തന്റെ വിപുലമായ അറിവും അഗാധമായ ഗ്രാഹ്യവും ഉപയോഗിച്ച് യഹോവ എല്ലായ്പോഴും സാധ്യമാകുന്നതിലേക്കും ഏറ്റവും നല്ല തീരുമാനങ്ങൾ എടുക്കുകയും ഏറ്റവും നല്ല പ്രവർത്തനഗതിയാൽ അവ നടപ്പിലാക്കുകയും ചെയ്യുന്നു. അതാണ് യഥാർഥ ജ്ഞാനം! “ജ്ഞാനമോ തന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു” എന്ന യേശുവിന്റെ പ്രസ്താവനയുടെ സത്യതയെ യഹോവ തെളിയിക്കുന്നു. (മത്തായി 11:19) അഖിലാണ്ഡത്തിലെങ്ങുമുള്ള യഹോവയുടെ കരവേലകൾ അവന്റെ ജ്ഞാനത്തിനു ശക്തമായ സാക്ഷ്യം നൽകുന്നു.
ദിവ്യജ്ഞാനത്തിന്റെ തെളിവുകൾ
9, 10. (എ) യഹോവ ഏതുതരം ജ്ഞാനം പ്രകടമാക്കുന്നു, അവൻ അത് എങ്ങനെ പ്രദർശിപ്പിച്ചിരിക്കുന്നു? (ബി) കോശം യഹോവയുടെ ജ്ഞാനത്തിനു തെളിവു നൽകുന്നത് എങ്ങനെ?
9 അതിമനോഹരമായ കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്ന ഒരു വ്യക്തിയുടെ ചാതുര്യം നിങ്ങളെ അത്ഭുതപ്പെടുത്തിയിട്ടുണ്ടോ? അതു മതിപ്പുളവാക്കുന്നതരം ജ്ഞാനമാണ്. (പുറപ്പാടു 31:1-3) അത്തരം ജ്ഞാനത്തിന്റെ ആത്യന്തിക ഉറവ് യഹോവതന്നെയാണ്. ദാവീദ് രാജാവ് യഹോവയെ കുറിച്ച് ഇങ്ങനെ പറഞ്ഞു: “ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.” (സങ്കീർത്തനം 139:14) തീർച്ചയായും, മനുഷ്യശരീരത്തെ കുറിച്ച് നാം എത്രയധികം പഠിക്കുന്നുവോ യഹോവയുടെ ജ്ഞാനത്തെ കുറിച്ച് നമുക്ക് അത്രയധികം ഭയാദരവു തോന്നുന്നു.
10 ദൃഷ്ടാന്തത്തിന്, നിങ്ങൾ ഒരൊറ്റ കോശമായിട്ടാണു തുടക്കമിട്ടത്—നിങ്ങളുടെ മാതാവിൽനിന്നുളള ഒരു അണ്ഡകോശം പിതാവിൽനിന്നുള്ള ബീജകോശവുമായി ചേർന്നു. പെട്ടെന്നുതന്നെ ആ കോശം വിഭജിക്കാൻ തുടങ്ങി. അവസാന ഉത്പന്നമായ നിങ്ങൾ ഏതാണ്ടു 100 ലക്ഷം കോടി കോശങ്ങൾ ചേർന്ന് ഉണ്ടായിരിക്കുന്നതാണ്. അവ ചെറുതാണ്. ശരാശരി വലുപ്പമുള്ള 10,000 കോശങ്ങൾ ഒരു സൂചിമുനയിൽ ഒതുങ്ങും. എന്നിരുന്നാലും ഓരോന്നും അതിസങ്കീർണമായ സൃഷ്ടിയാണ്. കോശം ഏതു മനുഷ്യനിർമിത യന്ത്രത്തെക്കാളും ഫാക്ടറിയെക്കാളും സങ്കീർണമാണ്. ഒരു കോശം കോട്ടകെട്ടി സംരക്ഷിച്ചിരിക്കുന്ന ഒരു നഗരം പോലെയാണെന്ന് ശാസ്ത്രജ്ഞന്മാർ പറയുന്നു—നിയന്ത്രിത പ്രവേശന, നിർഗമന, കവാടങ്ങളും ഗതാഗത സംവിധാനവും വാർത്താവിനിമയ ശൃംഖലയും വൈദ്യുതി ഉത്പാദന നിലയങ്ങളും നിർമാണശാലകളും മാലിന്യനിർമാർജന, പുനഃചംക്രമണ സൗകര്യങ്ങളും പ്രതിരോധ സംവിധാനങ്ങളും മർമത്തിൽ ഒരുതരം കേന്ദ്രഭരണകൂടംപോലുമുള്ള ഒന്ന്. കൂടാതെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഒരു കോശത്തിന് അതിന്റെ ഒരു പൂർണ പകർപ്പു നിർമിക്കാൻ കഴിയും.
11, 12. (എ) വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഒരു ഭ്രൂണത്തിൽ കോശവിഭേദനം നടക്കാൻ ഇടയാക്കുന്നത് എന്ത്, ഇത് സങ്കീർത്തനം 139:16-നോട് ചേർച്ചയിലായിരിക്കുന്നത് എങ്ങനെ? (ബി) നാം ‘അതിശയകരമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു’ എന്ന് മനുഷ്യ മസ്തിഷ്കം ഏതു വിധങ്ങളിൽ പ്രകടമാക്കുന്നു?
11 തീർച്ചയായും എല്ലാ കോശങ്ങളും ഒരുപോലെയല്ല. ഒരു ഭ്രൂണത്തിന്റെ കോശങ്ങൾ വിഭജിക്കുമ്പോൾ അവ വ്യത്യസ്ത ധർമങ്ങൾ നിർവഹിക്കേണ്ട വ്യത്യസ്തതരം കോശങ്ങൾ ആയിത്തീരുന്നു. ചിലതു നാഡീകോശങ്ങൾ ആയിരിക്കും; മറ്റു ചിലത് അസ്ഥി, മാംസപേശി, രക്തം, അല്ലെങ്കിൽ നേത്രം എന്നിവയുടെ കോശങ്ങൾ ആയിരിക്കും. അങ്ങനെയുള്ള വിഭേദനമെല്ലാം കോശത്തിലെ ജനിതക ബ്ലൂപ്രിന്റുകളുടെ “ലൈബ്രറി”യിൽ—ഡിഎൻഎ-യിൽ—പ്രോഗ്രാം ചെയ്തിട്ടുണ്ട്. രസാവഹമായി, നിശ്വസ്തതയിൻ കീഴിൽ ദാവീദ് യഹോവയോട് ഇങ്ങനെ പറഞ്ഞു: “ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണു എന്നെ കണ്ടു; . . . അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു.”—സങ്കീർത്തനം 139:16.
12 ചില ശരീരഭാഗങ്ങൾ അത്യന്തം സങ്കീർണമാണ്. ദൃഷ്ടാന്തത്തിന്, മനുഷ്യ മസ്തിഷ്കത്തെ കുറിച്ചു ചിന്തിക്കുക. അഖിലാണ്ഡത്തിൽ ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളതിലേക്കും ഏറ്റവും സങ്കീർണമായ വസ്തു എന്നു ചിലർ അതിനെ വിളിച്ചിരിക്കുന്നു. അതിൽ ഏതാണ്ട് 10,000 കോടി നാഡീകോശങ്ങൾ അടങ്ങിയിരിക്കുന്നു—നമ്മുടെ താരാപംക്തിയിലെ നക്ഷത്രങ്ങളുടെ എണ്ണത്തോളം. ആ കോശങ്ങളിൽ ഓരോന്നും മറ്റു കോശങ്ങളുമായി ആയിരക്കണക്കിനു കണക്ഷനുകളാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഒരു മനുഷ്യ മസ്തിഷ്കത്തിനു ലോകത്തിലെ മുഴു ഗ്രന്ഥശാലകളിലെയും വിവരങ്ങൾ ഉൾക്കൊള്ളാൻ കഴിയുമെന്നും അതിന്റെ സംഭരണശേഷി വാസ്തവത്തിൽ അളവറ്റതായിരിക്കാമെന്നും ശാസ്ത്രജ്ഞന്മാർ പറയുന്നു. ‘അതിശയകരമായി സൃഷ്ടിക്കപ്പെട്ട’ ഈ അവയവത്തെ കുറിച്ചു പതിറ്റാണ്ടുകളോളം പഠനം നടത്തിയാലും അതിന്റെ പ്രവർത്തനം പൂർണമായി പഠിക്കാൻ തങ്ങൾക്കു കഴിയില്ലെന്നു ശാസ്ത്രജ്ഞന്മാർ സമ്മതിക്കുന്നു.
13, 14. (എ) ഉറുമ്പുകളും മറ്റുജീവികളും ‘സഹജ ജ്ഞാനമുള്ളവ’ ആണെന്ന് എന്തു പ്രകടമാക്കുന്നു, അത് അവയുടെ സ്രഷ്ടാവിനെ കുറിച്ചു നമ്മെ എന്തു പഠിപ്പിക്കുന്നു? (ബി) ചിലന്തിവല പോലെയുള്ള സൃഷ്ടികൾ “ജ്ഞാനത്തോടെ” ഉണ്ടാക്കപ്പെട്ടിരിക്കുന്നു എന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
13 എന്നിരുന്നാലും, മനുഷ്യർ യഹോവയുടെ സൃഷ്ടിപരമായ ജ്ഞാനത്തിനുള്ള ഒരു ദൃഷ്ടാന്തം മാത്രമാണ്. സങ്കീർത്തനം 104:24 പറയുന്നു: “യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാൽ നിറെഞ്ഞിരിക്കുന്നു.” നമുക്കു ചുറ്റുമുള്ള സകല സൃഷ്ടിയിലും യഹോവയുടെ ജ്ഞാനം പ്രകടമാണ്. ദൃഷ്ടാന്തത്തിന്, ഉറുമ്പ് ‘സഹജജ്ഞാനമുള്ള’ ജീവിയാണ്. (സദൃശവാക്യങ്ങൾ 30:24, NW) ഉറുമ്പിൻ കോളനികൾ വളരെ മികച്ച രീതിയിൽ സംഘടിതമാണ്. ചില ഉറുമ്പു കോളനികൾ ആഫിഡുകൾ എന്നു വിളിക്കപ്പെടുന്ന പ്രാണികളെ വളർത്തുമൃഗങ്ങളെ പോലെ പോറ്റിവളർത്തി അവയിൽനിന്നു പോഷണം സ്വീകരിക്കുന്നു. മറ്റ് ഉറുമ്പുകൾ കർഷകരെ പോലെ കുമിൾ നട്ടുവളർത്തി “വിളവ്” എടുക്കുന്നു. ശ്രദ്ധേയമായ കാര്യങ്ങൾ സഹജമായിത്തന്നെ ചെയ്യാൻ പ്രോഗ്രാം ചെയ്യപ്പെട്ടിട്ടുള്ള മറ്റനേകം ജീവികളുമുണ്ട്. മനുഷ്യന്റെ അതിനൂതന വിമാനങ്ങൾക്കു നടത്താൻ കഴിയാത്ത വ്യോമാഭ്യാസങ്ങൾ കാഴ്ചവെക്കാൻ ഈച്ചകൾക്കു കഴിയും. ദേശാടനപ്പക്ഷികളുടെ കാര്യമോ? നക്ഷത്രങ്ങളുടെയോ ഭൂമിയുടെ കാന്തിക മണ്ഡലത്തിന്റെയോ ഒരു ആന്തരിക ഭൂപടത്തിന്റെതന്നെയോ സഹായത്താലാണ് അവ സഞ്ചരിക്കുന്നത്. ഈ ജീവികളിൽ പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്ന സങ്കീർണ പ്രവർത്തനങ്ങൾ പഠിക്കാനായി ജീവശാസ്ത്രജ്ഞർ വർഷങ്ങൾ ചെലവഴിക്കുന്നു. അങ്ങനെയെങ്കിൽ അതു പ്രോഗ്രാം ചെയ്തിരിക്കുന്ന വ്യക്തി എത്ര ജ്ഞാനിയായിരിക്കണം!
14 യഹോവയുടെ സൃഷ്ടിപരമായ ജ്ഞാനത്തിൽനിന്നു ശാസ്ത്രജ്ഞർ വളരെയധികം പഠിച്ചിട്ടുണ്ട്. പ്രകൃതിയിൽ കാണുന്ന രൂപകൽപ്പനകളെ അനുകരിക്കാൻ ശ്രമിക്കുന്ന ഒരു എഞ്ചിനീയറിങ് ശാഖ പോലുമുണ്ട്, ബയോമിമെറ്റിക്സ് എന്നാണ് അത് അറിയപ്പെടുന്നത്. ഉദാഹരണത്തിന്, ഒരു ചിലന്തിവലയുടെ ഭംഗിയിൽ അത്ഭുതംകൂറി നിങ്ങൾ നോക്കിനിന്നിട്ടുണ്ടായിരിക്കാം. എന്നാൽ ഒരു എഞ്ചിനീയർ അതിനെ രൂപകൽപ്പനയിലെ വിസ്മയമായിട്ടായിരിക്കും കാണുന്നത്. ദുർബലമെന്നു തോന്നുന്ന അതിലെ ചില ഇഴകൾ ആനുപാതികമായി നോക്കിയാൽ ഉരുക്കിനെക്കാൾ ബലിഷ്ഠമാണ്, വെടിയുണ്ടയേൽക്കാത്ത വസ്ത്രത്തിന്റെ ഇഴകളെക്കാൾ ശക്തം. അവ എത്ര ശക്തമാണ്? മത്സ്യബന്ധനബോട്ടിൽ ഉപയോഗിക്കുന്ന വലയുടെ അത്രയും വലിപ്പപ്പെടുത്തിയ ഒരു ചിലന്തിവലയെ കുറിച്ചു സങ്കൽപ്പിക്കുക. അത്തരമൊരു വലയ്ക്ക് പറന്നുകൊണ്ടിരിക്കുന്ന ഒരു യാത്രാവിമാനത്തെ പിടിച്ചുനിറുത്താൻ കഴിയും! അതേ, യഹോവ എല്ലാ വസ്തുക്കളെയും “ജ്ഞാനത്തോടെ” നിർമിച്ചിരിക്കുന്നു.
ദിവ്യജ്ഞാനം—ഭൗമേതര മണ്ഡലത്തിലും
15, 16. (എ) നക്ഷത്രനിബിഡമായ ആകാശം യഹോവയുടെ ജ്ഞാനത്തിന് എന്തു തെളിവു നൽകുന്നു? (ബി) അസംഖ്യം ദൂതന്മാരുടെ അത്യുന്നത മേധാവി എന്ന നിലയിലുള്ള സ്ഥാനം യഹോവയെന്ന ഭരണാധികാരിയുടെ ജ്ഞാനത്തെ സാക്ഷ്യപ്പെടുത്തുന്നത് എങ്ങനെ?
15 അഖിലാണ്ഡത്തിൽ ഉടനീളമുള്ള യഹോവയുടെ കരവേലകളിൽ അവന്റെ ജ്ഞാനം പ്രകടമാണ്. അഞ്ചാം അധ്യായത്തിൽ നമ്മൾ ചർച്ചചെയ്ത നക്ഷത്രനിബിഡമായ ആകാശം അടുക്കും ചിട്ടയുമില്ലാതെ ബാഹ്യാകാശത്തിൽ ചിതറിക്കിടക്കുകയല്ല. “ആകാശത്തിലെ നിയമങ്ങളെ” സംബന്ധിച്ച യഹോവയുടെ ജ്ഞാനത്താൽ ആകാശം മനോഹരവും നിശ്ചിതഘടനയോടുകൂടിയതുമായ ഗാലക്സികളായും ഗാലക്സികൾ ഗാലക്സിസമൂഹങ്ങളായും ഗാലക്സിസമൂഹങ്ങൾ ഗാലക്സിസമൂഹസഞ്ചയങ്ങളായും ക്രമീകരിക്കപ്പെട്ടിരിക്കുന്നു. (ഇയ്യോബ് 38:33) യഹോവ ആകാശഗോളങ്ങളെ ‘സൈന്യം’ എന്നു പരാമർശിക്കുന്നതിൽ അതിശയിക്കാനില്ല! (യെശയ്യാവു 40:26) എന്നാൽ അതിനെക്കാൾ വ്യക്തമായി യഹോവയുടെ ജ്ഞാനം വിളിച്ചോതുന്ന മറ്റൊരു സൈന്യമുണ്ട്.
16 നാം 4-ാം അധ്യായത്തിൽ കണ്ടതുപോലെ, കോടിക്കണക്കിന് ആത്മജീവികളുടെ ഒരു മഹാസൈന്യത്തിന്റെ അത്യുന്നത മേധാവി എന്ന തന്റെ സ്ഥാനം നിമിത്തം ദൈവം “സൈന്യങ്ങളുടെ യഹോവ” എന്ന സ്ഥാനപ്പേര് വഹിക്കുന്നു. ഇതു യഹോവയുടെ ശക്തിയുടെ തെളിവാണ്. എന്നാൽ അവന്റെ ജ്ഞാനം ഉൾപ്പെട്ടിരിക്കുന്നത് എങ്ങനെയാണ്? ഇതു പരിചിന്തിക്കുക: യഹോവയും യേശുവും ഒരിക്കലും അലസരായിരിക്കുന്നില്ല. (യോഹന്നാൻ 5:17) അപ്പോൾ, അത്യുന്നതന്റെ ദൂതശുശ്രൂഷകരും എപ്പോഴും തിരക്കുള്ളവരാണെന്ന് ന്യായമായും അനുമാനിക്കാൻ കഴിയും. ദൂതന്മാർ മനുഷ്യരായ നമ്മെക്കാൾ ശ്രേഷ്ഠരാണ്, നമ്മെക്കാൾ ബുദ്ധിയും ശക്തിയുമുള്ളവരാണ്. (എബ്രായർ 1:7, പി.ഒ.സി. ബൈ.; 2:7) എന്നിരുന്നാലും, ശതകോടിക്കണക്കിനു വർഷങ്ങളായി യഹോവ ആ ദൂതന്മാരെയെല്ലാം സംതൃപ്തിദായകമായ വേല ചെയ്യുന്നതിൽ—“അവന്റെ ആജ്ഞ അനുസരിക്കു”ന്നതിലും “അവന്റെ ഇഷ്ടം ചെയ്യു”ന്നതിലും—സന്തോഷപൂർവം തിരക്കോടെ മുഴുകിയിരിക്കാൻ ഇടയാക്കിയിരിക്കുന്നു. (സങ്കീർത്തനം 103:20, 21) ഈ ഭരണാധിപന്റെ ജ്ഞാനം എത്ര ഭയാദരജനകമാണ്!
യഹോവ “ഏകജ്ഞാനി”
17, 18. യഹോവ “ഏകജ്ഞാനി” ആണെന്നു ബൈബിൾ പറയുന്നത് എന്തുകൊണ്ട്, അവന്റെ ജ്ഞാനം നമ്മെ അത്ഭുതസ്തബ്ധരാക്കേണ്ടത് എന്തുകൊണ്ട്?
17 അങ്ങനെയുള്ള തെളിവുകളുടെ വീക്ഷണത്തിൽ, ബൈബിൾ യഹോവയുടെ ജ്ഞാനത്തിന് അതിശ്രേഷ്ഠത കൽപ്പിക്കുന്നതിൽ അതിശയിക്കാനുണ്ടോ? ദൃഷ്ടാന്തത്തിന്, യഹോവ “ഏകജ്ഞാനി”യാണെന്നു ബൈബിൾ പറയുന്നു. (റോമർ 16:26) കാരണം പൂർണമായ അർഥത്തിൽ ജ്ഞാനമുള്ളത് യഹോവയ്ക്കു മാത്രമാണ്. യഥാർഥ ജ്ഞാനത്തിന്റെയെല്ലാം ഉറവ് അവനാണ്. (സദൃശവാക്യങ്ങൾ 2:6) യേശു യഹോവയുടെ സൃഷ്ടികളിൽ ഏറ്റവും ജ്ഞാനിയായിരുന്നിട്ടും സ്വന്തം ജ്ഞാനത്തിൽ ആശ്രയിക്കാതെ തന്റെ പിതാവ് കൽപ്പിച്ച വിധത്തിൽ അവൻ സംസാരിച്ചത് അതുകൊണ്ടാണ്.—യോഹന്നാൻ 12:48-50.
18 അപ്പൊസ്തലനായ പൗലൊസ് യഹോവയുടെ ജ്ഞാനത്തിന്റെ അതുല്യതയെ വെളിപ്പെടുത്തിയത് എങ്ങനെയെന്നു കാണുക: “ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു.” (റോമർ 11:33) വാക്യത്തിന്റെ തുടക്കത്തിലെ ഹാ, എന്ന ഉദ്ഘോഷം ശക്തമായ വികാരത്തെ—ആഴമായ ഭയാദരവിനെ—സൂചിപ്പിക്കുന്നു. “ആഴം” എന്നതിന് പൗലൊസ് തിരഞ്ഞെടുത്ത ഗ്രീക്കുപദം “അഗാധം” എന്നതിന്റെ മൂലപദവുമായി അടുത്തു ബന്ധമുള്ളതാണ്. അതുകൊണ്ട് അവന്റെ വാക്കുകൾ ഉജ്ജ്വലമായ ഒരു മനോചിത്രം ഉളവാക്കുന്നു. യഹോവയുടെ ജ്ഞാനത്തെ കുറിച്ചു വിചിന്തനം ചെയ്യുന്നത്, അതിരില്ലാത്ത, അടിത്തട്ടില്ലാത്ത ഒരു ഗർത്തത്തിലേക്ക്, നമുക്ക് ഒരിക്കലും ഗ്രഹിക്കാൻ കഴിയാത്തത്ര ആഴവും പരപ്പുമുള്ള ഒരു മേഖലയിലേക്ക്, എത്തിനോക്കുന്നതു പോലെയാണ്. അതിനെ കൃത്യമായി വിവരിക്കാനോ വർണിക്കാനോ കഴിയില്ലെന്നു മാത്രമല്ല, അതിന്റെ വിപുലത മനസ്സിലാക്കാൻ പോലും നമുക്ക് ഒരിക്കലും സാധിക്കുകയില്ല. (സങ്കീർത്തനം 92:5) ഈ ആശയം നമ്മിൽ താഴ്മ ഉളവാക്കുന്നില്ലേ?
19, 20. (എ) കഴുകൻ ദിവ്യജ്ഞാനത്തിന്റെ ഉചിതമായ പ്രതീകമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) ഭാവിയിലേക്കു നോക്കാനുള്ള തന്റെ പ്രാപ്തി യഹോവ പ്രകടമാക്കിയിരിക്കുന്നത് എങ്ങനെ?
19 മറ്റൊരർഥത്തിലും യഹോവ “ഏകജ്ഞാനി” ആണ്: അവനുമാത്രമേ ഭാവിയിലേക്ക് ചൂഴ്ന്നുനോക്കാൻ കഴിയുകയുള്ളൂ. ദിവ്യജ്ഞാനത്തെ പ്രതീകപ്പെടുത്താൻ യഹോവ ദീർഘദൃഷ്ടിയുള്ള കഴുകനെ ഉപയോഗിക്കുന്നു എന്ന് ഓർക്കുക. ഒരു കഴുകന് വെറും 5 കിലോ തൂക്കം മാത്രമായിരിക്കാം ഉള്ളത്, എന്നാൽ അതിന്റെ കണ്ണുകൾ പൂർണ വളർച്ചയെത്തിയ ഒരു മനുഷ്യന്റേതിനെക്കാൾ വലുതാണ്. കഴുകന്റെ കാഴ്ചശക്തി അപാരമാണ്, കിലോമീറ്ററുകൾ ഉയരത്തിൽനിന്നുപോലും തീരെ ചെറിയ ഇരയെ കണ്ടെത്താൻ അതിനു കഴിയുന്നു! “അതിന്റെ കണ്ണു ദൂരത്തേക്കു കാണുന്നു” എന്ന് യഹോവതന്നെ ഒരിക്കൽ കഴുകനെ കുറിച്ചു പറഞ്ഞു. (ഇയ്യോബ് 39:29) സമാനമായ ഒരു അർഥത്തിൽ, യഹോവയ്ക്ക് “ദൂരത്തേക്കു”—ഭാവിയിലേക്കു—നോക്കാൻ കഴിയും!
20 ഇതിന്റെ സത്യതയ്ക്ക് അടിവരയിടുന്ന അനേകം തെളിവുകൾ ബൈബിളിൽ ഉണ്ട്. നൂറുകണക്കിനു പ്രവചനങ്ങൾ അഥവാ മുന്നമേ എഴുതിയിരിക്കുന്ന ചരിത്രം ഇതിൽ പെടുന്നു. യുദ്ധങ്ങളുടെ പരിണതഫലങ്ങളും ലോകശക്തികളുടെ ഉയർച്ചയും വീഴ്ചയും മാത്രമല്ല, സൈനിക മേധാവികളുടെ പ്രത്യേക യുദ്ധതന്ത്രങ്ങൾപോലും ബൈബിളിൽ മുൻകൂട്ടി പറയപ്പെട്ടു—ചിലപ്പോൾ നൂറുകണക്കിനു വർഷം മുമ്പുതന്നെ.—യെശയ്യാവു 44:25-45:4; ദാനീയേൽ 8:2-8, 20-22.
21, 22. (എ) നിങ്ങൾ ജീവിതത്തിൽ നടത്തുന്ന തിരഞ്ഞെടുപ്പുകളെല്ലാം യഹോവ മുൻകൂട്ടി കണ്ടിരിക്കുന്നു എന്നു നിഗമനം ചെയ്യാൻ അടിസ്ഥാനം ഇല്ലാത്തത് എന്തുകൊണ്ട്? ദൃഷ്ടാന്തത്താൽ വിശദമാക്കുക. (ബി) യഹോവയുടെ ജ്ഞാനം നിർവികാരമോ സ്നേഹരഹിതമോ അല്ലെന്നു നമുക്ക് എങ്ങനെ അറിയാം?
21 എന്നിരുന്നാലും നിങ്ങൾ ജീവിതത്തിൽ നടത്താനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ ദൈവം മുൻകൂട്ടി കണ്ടിരിക്കുന്നു എന്ന് ഇതിന് അർഥമുണ്ടോ? മുൻനിർണയം എന്ന ആശയത്തിൽ വിശ്വസിക്കുന്ന ചിലർ ഉത്തരം ഉവ്വ് എന്നാണെന്നു ശഠിക്കുന്നു. എന്നിരുന്നാലും അത്തരമൊരു ആശയം യഥാർഥത്തിൽ യഹോവയുടെ ജ്ഞാനത്തെ അവമതിക്കുകയാണു ചെയ്യുന്നത്, കാരണം ഭാവിയിലേക്കു നോക്കാനുള്ള അവന്റെ പ്രാപ്തിയെ അവനു നിയന്ത്രിക്കാനാവില്ലെന്ന് അത് അർഥമാക്കുന്നു. ദൃഷ്ടാന്തത്തിന്, നിങ്ങൾക്കു ശ്രുതിമധുരമായി പാടാനുള്ള കഴിവ് ഉണ്ടെന്നിരിക്കട്ടെ, അപ്പോൾ ഗത്യന്തരമില്ലാതെ നിങ്ങൾ എപ്പോഴും പാടിക്കൊണ്ടിരിക്കണമോ? ആ ആശയം മൗഢ്യമാണ്! അതുപോലെ യഹോവയ്ക്ക് ഭാവി മുൻകൂട്ടി അറിയാനുള്ള പ്രാപ്തിയുണ്ട്, എന്നാൽ എല്ലായ്പോഴും അവൻ അത് ഉപയോഗിക്കുന്നില്ല. അങ്ങനെ ചെയ്യുന്നത് യഹോവ നമുക്ക് എന്നേക്കുമായി നൽകിയിരിക്കുന്ന വിലയേറിയ ദാനമായ നമ്മുടെ ഇച്ഛാസ്വാതന്ത്ര്യത്തിന്മേലുള്ള ഒരു കടന്നുകയറ്റമായിരിക്കാം.—ആവർത്തനപുസ്തകം 30:19, 20.
22 മുൻനിർണയം എന്ന ആശയംതന്നെ യഹോവയുടെ ജ്ഞാനം നിർവികാരവും സ്നേഹരഹിതവും സമാനുഭാവമോ സഹാനുഭൂതിയോ ഇല്ലാത്തതും ആണെന്നു സൂചിപ്പിക്കുന്നു എന്നതാണ് അതിലും കഷ്ടം. എന്നാൽ ഇതു തീർച്ചയായും സത്യമല്ല. യഹോവ “ഹൃദയത്തിൽ ജ്ഞാനി”യാണെന്നു ബൈബിൾ പഠിപ്പിക്കുന്നു. (ഇയ്യോബ് 9:4, NW) അവന് അക്ഷരാർഥത്തിൽ ഒരു ഹൃദയം ഉണ്ടെന്നല്ല, എന്നാൽ ആ പദം ആന്തരിക വ്യക്തിത്വത്തോടുള്ള ബന്ധത്തിൽ ബൈബിൾ മിക്കപ്പോഴും ഉപയോഗിക്കുന്നു, അതിൽ സ്നേഹം പോലുള്ള പ്രേരകഘടകങ്ങളും വികാരങ്ങളും ഉൾപ്പെടുന്നു. അതുകൊണ്ട് യഹോവയുടെ ജ്ഞാനം, അവന്റെ മറ്റു ഗുണങ്ങളെപ്പോലെ, സ്നേഹത്താൽ ഭരിക്കപ്പെടുന്നു.—1 യോഹന്നാൻ 4:8.
23. യഹോവയുടെ ജ്ഞാനത്തിന്റെ ശ്രേഷ്ഠത എന്തു ചെയ്യാൻ നമ്മെ പ്രേരിപ്പിക്കണം?
23 സ്വാഭാവികമായും യഹോവയുടെ ജ്ഞാനം പൂർണമായി വിശ്വാസയോഗ്യമാണ്. അതു നമ്മുടെ സ്വന്തം ജ്ഞാനത്തെക്കാൾ വളരെ ഉയർന്നതാകയാൽ ദൈവവചനം നമ്മെ സ്നേഹപൂർവം ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.” (സദൃശവാക്യങ്ങൾ 3:5, 6) സർവജ്ഞാനിയായ ദൈവത്തോട് ഏറെ അടുക്കേണ്ടതിന് നമുക്ക് ഇപ്പോൾ യഹോവയുടെ ജ്ഞാനത്തിലേക്ക് ഒന്ന് എത്തിനോക്കാം.