ബൈബിൾ പുസ്തക നമ്പർ 45—റോമർ
എഴുത്തുകാരൻ: പൗലൊസ്
എഴുതിയ സ്ഥലം: കൊരിന്ത്
എഴുത്തു പൂർത്തിയായത്: പൊ.യു. ഏകദേശം 56
1. റോമർക്കുളള തന്റെ ലേഖനത്തിൽ പൗലൊസ് എന്തു ചർച്ചചെയ്യുന്നു?
മുമ്പു യഹൂദക്രിസ്ത്യാനികളുടെ ഒരു അക്രമാസക്ത പീഡകനായിരുന്ന പൗലൊസ് യഹൂദേതര ജനതകൾക്കു ക്രിസ്തുവിന്റെ തീക്ഷ്ണതയുളള അപ്പോസ്തലനായിത്തീരുന്നതു നാം പ്രവൃത്തികളിൽ നിരീക്ഷിക്കുകയുണ്ടായി. ഈ മുൻ പരീശനും ഇപ്പോൾ ഒരു വിശ്വസ്ത ദൈവദാസനുമായവനെ പരിശുദ്ധാത്മാവു നിശ്വസ്തനാക്കി എഴുതിച്ച 14 ബൈബിൾപുസ്തകങ്ങൾക്കു നാം റോമരിൽ തുടക്കമിടുകയാണ്. പൗലൊസ് റോമർ എഴുതിയ സമയമായപ്പോഴേക്കു രണ്ടു ദീർഘദൂര പ്രസംഗപര്യടനങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞിരുന്നു, മൂന്നാമത്തേതു മിക്കവാറും കഴിയാറായിരുന്നു. അവൻ വേറെ അഞ്ചു നിശ്വസ്ത ലേഖനങ്ങൾ എഴുതിക്കഴിഞ്ഞിരുന്നു: ഒന്നും രണ്ടും തെസ്സലൊനീക്യരും ഗലാത്യരും ഒന്നും രണ്ടും കൊരിന്ത്യരും. എന്നിരുന്നാലും നമ്മുടെ ആധുനിക ബൈബിളുകളിൽ റോമർ മററുളളവയുടെ മുമ്പിലായിരിക്കുന്നത് ഉചിതമാണെന്നു തോന്നുന്നു, എന്തുകൊണ്ടെന്നാൽ അതു യഹൂദൻമാരും യഹൂദേതരരും തമ്മിലുളള പുതിയ സമത്വത്തെ ദീർഘമായി ചർച്ചചെയ്യുന്നു, ഈ രണ്ടു വർഗങ്ങളോടാണല്ലോ പൗലൊസ് പ്രസംഗിച്ചത്. അതു തന്റെ ജനവുമായുളള ദൈവത്തിന്റെ ഇടപെടലുകളിലെ ഒരു വഴിത്തിരിവിനെ വിശദമാക്കുകയും സുവാർത്ത യഹൂദേതരരോടും ഘോഷിക്കപ്പെടുമെന്നു നിശ്വസ്ത എബ്രായ തിരുവെഴുത്തുകൾ ദീർഘനാൾ മുമ്പു മുൻകൂട്ടിപ്പറഞ്ഞിരുന്നതായി പ്രകടമാക്കുകയും ചെയ്യുന്നു.
2. (എ) റോമരിൽ പൗലൊസ് ഏതു പ്രശ്നങ്ങൾ ചർച്ചചെയ്യുന്നു? (ബി) ഈ ലേഖനത്താൽ എന്തു ദൃഢമായി സ്ഥാപിക്കപ്പെടുന്നു?
2 തെർതൊസിനെ സെക്രട്ടറിയായി ഉപയോഗിച്ചുകൊണ്ടു പൗലൊസ് ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിലെ അതിശക്തമായ പുസ്തകങ്ങളിലൊന്നായ റോമരിൽ സത്വരമായ വാദവും അതിശയിപ്പിക്കുന്ന എണ്ണത്തിലുളള എബ്രായ തിരുവെഴുത്തുദ്ധരണികളും കോർത്തിണക്കുന്നു. ശ്രദ്ധേയമായ ഭാഷാഭംഗിയോടെ അവൻ ഒന്നാം നൂററാണ്ടിലെ ക്രിസ്തീയ സഭകൾ യഹൂദൻമാരും യവനരും ചേർന്നു രൂപംകൊണ്ടപ്പോൾ ഉയർന്നുവന്ന പ്രശ്നങ്ങൾ ചർച്ചചെയ്യുന്നു. അബ്രഹാമിന്റെ സന്തതികളാകയാൽ യഹൂദൻമാർക്കു മുൻഗണന ഉണ്ടായിരുന്നോ? മോശൈക ന്യായപ്രമാണത്തിൽനിന്നുളള തങ്ങളുടെ സ്വാതന്ത്ര്യം പ്രയോഗിക്കുന്ന പക്വതയുളള ക്രിസ്ത്യാനികൾക്ക് അപ്പോഴും പുരാതന ആചാരങ്ങളോടു പററിനിന്ന ദുർബല യഹൂദ സഹോദരങ്ങളെ ഇടറിക്കാനുളള അവകാശമുണ്ടോ? യഹൂദൻമാരും യഹൂദേതരരും ദൈവമുമ്പാകെ തുല്യരാണെന്നും മോശൈക ന്യായപ്രമാണത്താലല്ല, പിന്നെയോ യേശുക്രിസ്തുവിലുളള വിശ്വാസത്താലും ദൈവത്തിന്റെ അനർഹദയയാലുമാണു മനുഷ്യർ നീതിമാൻമാരായി പ്രഖ്യാപിക്കപ്പെടുന്നതെന്നും പൗലൊസ് ഈ ലേഖനത്തിൽ ദൃഢമായി സ്ഥാപിച്ചു. അതേസമയം, ക്രിസ്ത്യാനികൾ ഏതു വിവിധ അധികാരങ്ങളിൻകീഴിൽ ജീവിക്കുന്നുവോ അവയോട് ഉചിതമായ കീഴ്പ്പെടൽ പ്രകടമാക്കാൻ ദൈവം അവരോട് ആവശ്യപ്പെടുന്നു.
3. റോമിലെ സഭ എങ്ങനെയാണു തുടങ്ങിയത്, അവിടത്തെ അനേകരെ പൗലൊസ് അറിഞ്ഞിരുന്നതിനു കാരണമെന്തായിരിക്കാം?
3 റോമാസഭ ആരംഭിച്ചത് എങ്ങനെയായിരുന്നു? പോംപി യെരുശലേമിനെ പിടിച്ചടക്കിയ സമയമായ പൊ.യു.മു. 63 മുതലെങ്കിലും റോമിൽ ഗണ്യമായ ഒരു യഹൂദസമുദായം ഉണ്ടായിരുന്നു. പൊ.യു. 33-ലെ പെന്തക്കോസ്തിൽ ആ യഹൂദൻമാരിൽ ചിലർ യെരുശലേമിലുണ്ടായിരുന്നുവെന്നു പ്രവൃത്തികൾ 2:10-ൽ നിഷ്കൃഷ്ടമായി പ്രസ്താവിച്ചിരിക്കുന്നു, അവിടെവെച്ചാണ് അവർ സുവാർത്താ പ്രസംഗം കേട്ടത്. പരിവർത്തനംചെയ്ത തത്കാലനിവാസികൾ അപ്പോസ്തലൻമാരിൽനിന്നു പഠിക്കുന്നതിനു യെരുശലേമിൽ തങ്ങി. റോമിൽനിന്നുളളവർ പിന്നീട് അങ്ങോട്ടു മടങ്ങിപ്പോയെന്നുളളതിനു സംശയമില്ല, ചിലർ പോയതു യെരുശലേമിൽ പീഡനം പൊട്ടിപ്പുറപ്പെട്ടപ്പോൾ ആയിരിക്കാനിടയുണ്ട്. (പ്രവൃ. 2:41-47; 8:1, 4) കൂടാതെ, അന്നത്തെ ആളുകൾ വലിയ സഞ്ചാരികൾ ആയിരുന്നു. റോമാസഭയിലെ അനേകം അംഗങ്ങളുമായുളള പൗലൊസിന്റെ അടുത്ത പരിചയത്തിന്റെ കാരണമിതായിരിക്കാം, പൗലൊസിന്റെ പ്രസംഗത്തിന്റെ ഫലമായി അവരിൽ ചിലർ ഗ്രീസിലോ ആസ്യയിലോ വെച്ചു സുവാർത്ത കേട്ടിരിക്കാം.
4. (എ) റോമാനഗരത്തിലെ സഭയെസംബന്ധിച്ചു റോമർ എന്തു വിവരങ്ങൾ നൽകുന്നു? (ബി) അക്വിലായുടെയും പ്രിസ്കില്ലയുടെയും റോമിലെ സാന്നിധ്യത്താൽ എന്തു സൂചിപ്പിക്കപ്പെടുന്നു?
4 ഈ സഭയെ സംബന്ധിച്ച വിശ്വസനീയമായ ആദ്യവിവരങ്ങൾ പൗലൊസിന്റെ ലേഖനത്തിൽ കാണപ്പെടുന്നു. സഭയിൽ യഹൂദൻമാരും യഹൂദേതരരുമായ ക്രിസ്ത്യാനികളുണ്ടായിരുന്നുവെന്നും അവരുടെ തീക്ഷ്ണത പ്രശംസാർഹമായിരുന്നുവെന്നും ഇതിൽനിന്നു വ്യക്തമാണ്. “നിങ്ങളുടെ വിശ്വാസം സർവ്വലോകത്തിലും പ്രസിദ്ധമായിരിക്കു”ന്നുവെന്നും “നിങ്ങളുടെ അനുസരണം പരക്കെ എല്ലാവർക്കും പ്രസിദ്ധമായിരിക്കുന്നു” എന്നും അവൻ അവരോടു പറയുന്നു. (റോമ. 1:8; 16:19) രണ്ടാം നൂററാണ്ടിൽ എഴുതിയ സ്യൂട്ടോണിയസ്, ക്ലൗദ്യോസിന്റെ ഭരണകാലത്തു (പൊ.യു. 41-54) യഹൂദൻമാർ റോമിൽനിന്നു നാടുകടത്തപ്പെട്ടിരുന്നതായി റിപ്പോർട്ടുചെയ്യുന്നു. എന്നിരുന്നാലും, അവർ പിന്നീടു മടങ്ങിവന്നു, അക്വിലായുടെയും പ്രിസ്കില്ലയുടെയും റോമിലെ സാന്നിധ്യം അതാണല്ലോ തെളിയിക്കുന്നത്. അവർ കൊരിന്തിൽ പൗലൊസ് കണ്ടുമുട്ടിയവരും ക്ലൗദ്യോസിന്റെ വിളംബരത്തിന്റെ കാലത്തു റോം വിട്ടുപോയിട്ട് അവിടത്തെ സഭക്കു പൗലൊസ് എഴുതിയ സമയമായപ്പോഴേക്കു മടങ്ങിവന്നവരുമായ യഹൂദൻമാർ ആയിരുന്നു.—പ്രവൃ. 18:2; റോമ. 16:3.
5. റോമരുടെ വിശ്വാസ്യതയെ സ്ഥാപിക്കുന്ന വസ്തുതകളേവ?
5 ലേഖനത്തിന്റെ വിശ്വാസ്യത ദൃഢമായി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ മുഖവുരയിൽ പറയുന്നതുപോലെ, അതു “വേർതിരിച്ചു വിളിക്കപ്പെട്ട അപ്പൊസ്തലനും യേശുക്രിസ്തുവിന്റെ ദാസനുമായ പൌലൊസ് റോമയിൽ ദൈവത്തിന്റെ പ്രിയരും വിളിക്കപ്പെട്ട വിശുദ്ധൻമാരുമായ എല്ലാവർക്കും എഴുതുന്നതു” ആണ്. (റോമ. 1:2, 3) അതിന്റെ ബാഹ്യമായുളള രേഖാമൂല തെളിവ് ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടേതായി കാണപ്പെടുന്ന ഏററവും പുരാതനമായതിൽ പെടുന്നു. പത്രൊസ് ഒരുപക്ഷേ ആറുമുതൽ എട്ടുവരെ വർഷം കഴിഞ്ഞ് എഴുതിയ തന്റെ ഒന്നാമത്തെ ലേഖനത്തിൽ സമാനമായ വളരെയേറെ പദപ്രയോഗങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് അവൻ റോമരുടെ ഒരു പ്രതി കണ്ടിരിക്കണമെന്ന് അനേകം പണ്ഡിതൻമാർ വിചാരിക്കുന്നു. റോമർ പൗലൊസിന്റെ എഴുത്തുകളുടെ ഭാഗമായി വ്യക്തമായും കരുതപ്പെടുകയും അങ്ങനെ റോമിലെ ക്ലെമൻറിനാലും സ്മുർന്നയിലെ പോളിക്കാർപ്പിനാലും അന്ത്യോക്യയിലെ ഇഗ്നേഷ്യസിനാലും ഉദ്ധരിക്കപ്പെടുകയും ചെയ്തു, ഇവരെല്ലാം ജീവിച്ചിരുന്നതു പൊ.യു. ഒന്നാം നൂററാണ്ടിന്റെ ഒടുവിലും രണ്ടാംനൂററാണ്ടിന്റെ പ്രാരംഭത്തിലുമാണ്.
6. ഒരു പുരാതന പപ്പൈറസ് റോമരുടെ കാനോനികത്വത്തെ സാക്ഷ്യപ്പെടുത്തുന്നത് എങ്ങനെ?
6 ചെസ്ററർ ബീററി പപ്പൈറസ് നമ്പർ 2 (P46) എന്നു വിളിക്കപ്പെടുന്ന ഒരു കൈയെഴുത്തുപുസ്തകത്തിൽ പൗലൊസിന്റെ ലേഖനങ്ങളിൽ വേറെ എട്ടെണ്ണത്തോടുകൂടെ റോമരുടെ പുസ്തകം കാണപ്പെടുന്നു. നേരത്തെയുളള ഈ കൈയെഴുത്തു പുസ്തകത്തെക്കുറിച്ചു സർ ഫ്രെഡറിക് കെനിയൻ ഇങ്ങനെ എഴുതി: “അപ്പോൾ ഇവിടെ നമുക്കു പ്രത്യക്ഷത്തിൽ മൂന്നാം നൂററാണ്ടിന്റെ ഏതാണ്ടു തുടക്കത്തിൽ എഴുതപ്പെട്ട, പൗലൊസിന്റെ ലേഖനങ്ങളുടെ മിക്കവാറും പൂർണമായ ഒരു കൈയെഴുത്തുപ്രതി ഉണ്ട്.”a ചെസ്ററർ ബീററി ഗ്രീക്ക് ബിബ്ലിക്കൽ പപ്പൈറി സുപ്രസിദ്ധ സൈനാററിക് കൈയെഴുത്തുപ്രതിയെക്കാളും വത്തിക്കാൻ കൈയെഴുത്തുപ്രതി നമ്പർ 1209-നെക്കാളും പഴക്കമുളളതാണ്. രണ്ടും പൊ.യു. നാലാം നൂററാണ്ടിലേതാണ്. ഇവയിലും റോമരുടെ പുസ്തകം അടങ്ങിയിരിക്കുന്നു.
7. റോമരുടെ എഴുത്തിന്റെ സ്ഥലവും സമയവും സംബന്ധിച്ച് എന്തു തെളിവുണ്ട്?
7 റോമർ എപ്പോൾ, എവിടെവെച്ചാണ് എഴുതിയത്? ഗ്രീസിൽവെച്ച്, ഏററവും കൂടിയ സാധ്യതയനുസരിച്ചു പൗലൊസ് തന്റെ മൂന്നാം മിഷനറിയാത്രയുടെ അവസാനത്തോടടുത്തു കുറേ മാസങ്ങളിൽ കൊരിന്തു സന്ദർശിച്ചപ്പോൾ അവിടെവെച്ച്, ഈ ലേഖനം എഴുതി എന്നതിനോടു ബൈബിൾഭാഷ്യകാരൻമാരുടെ ഇടയിൽ വിയോജിപ്പില്ല. ആന്തരികതെളിവു കൊരിന്തിലേക്കാണു വിരൽചൂണ്ടുന്നത്. അവിടത്തെ സഭയിലെ ഒരു അംഗമായിരുന്ന ഗായോസിന്റെ വീട്ടിൽനിന്നാണു പൗലൊസ് ലേഖനമെഴുതിയത്, കൊരിന്തിലെ തുറമുഖമായ കെംക്രയയിലുളള സമീപ സഭയിലെ ഫേബയെ ശുപാർശചെയ്യുകയും ചെയ്യുന്നു. പ്രത്യക്ഷത്തിൽ ഈ ലേഖനം റോമിൽ എത്തിച്ചതു ഫേബയായിരുന്നു. (റോമ. 16:1, 23; 1 കൊരി. 1:14) റോമർ 15:23-ൽ പൗലൊസ് ഇങ്ങനെ എഴുതി: “ഇപ്പോഴോ എനിക്ക് ഈ ദിക്കുകളിൽ ഇനി സ്ഥലമില്ല.” അടുത്ത വാക്യത്തിൽ തന്റെ മിഷനറിവേല പടിഞ്ഞാറു സ്പെയിനിലേക്കു വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി അവൻ സൂചിപ്പിക്കുന്നു. തന്റെ മൂന്നാം പര്യടനത്തിന്റെ അന്ത്യത്തോടടുത്ത്, പൊ.യു. 56-ന്റെ തുടക്കത്തിൽ അവന് ഈ വിധത്തിൽ സമുചിതമായി എഴുതാൻ കഴിയുമായിരുന്നു.
റോമരുടെ ഉളളടക്കം
8. (എ) തന്റെ ദൗത്യത്തെസംബന്ധിച്ച് പൗലൊസ് എന്തു പറയുന്നു? (ബി) യഹൂദൻമാരും യവനൻമാരും ദൈവക്രോധം അർഹിക്കുന്നുവെന്ന് അവൻ എങ്ങനെ പ്രകടമാക്കുന്നു?
8 യഹൂദനോടും വിജാതീയനോടുമുളള ദൈവത്തിന്റെ നിഷ്പക്ഷപാതിത്വം (1:1–2:29). നിശ്വസ്തനായ പൗലൊസ് റോമരോട് എന്തു പറയുന്നു? തന്റെ പ്രാരംഭവാക്കുകളിൽ താൻ ജനതകളുടെ ഇടയിൽ ‘വിശ്വാസത്താലുളള അനുസരണം’ ഉപദേശിക്കാൻ ക്രിസ്തുവിനാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു അപ്പോസ്തലനാണെന്ന് അവൻ തന്നേത്തന്നെ തിരിച്ചറിയിക്കുന്നു. “ഒരു പ്രോത്സാഹന കൈമാററം” [NW] ആസ്വദിക്കുന്നതിനു റോമിലെ വിശുദ്ധൻമാരെ സന്ദർശിക്കാനും ‘വിശ്വസിക്കുന്ന ഏവന്നും രക്ഷക്കായുളള ദൈവശക്തിയാകുന്ന’ സുവാർത്ത അവരുടെയിടയിൽ ഘോഷിക്കാനുമുളള തന്റെ ഉൽക്കടമായ ആഗ്രഹം അവൻ വെളിപ്പെടുത്തുന്നു. ദീർഘനാൾമുമ്പ് എഴുതപ്പെട്ടിരുന്നതുപോലെ, നീതിമാൻ “വിശ്വാസത്താൽ” ജീവിക്കും. (1:5, 12, 16, 17) യഹൂദരും യവനരും ദൈവക്രോധം അർഹിക്കുന്നുവെന്ന് അവൻ തെളിയിക്കുന്നു. ദൈവത്തിന്റെ “അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ . . . തെളിവായി വെളിപ്പെട്ടുവരുന്ന”തുകൊണ്ടു മമനുഷ്യന്റെ അഭക്തി അക്ഷന്തവ്യമാണ്. (1:20) എന്നിരുന്നാലും, ജനതകൾ മൗഢ്യമായ സൃഷ്ടവസ്തുക്കളെക്കൊണ്ടു ദൈവങ്ങളെ ഉണ്ടാക്കുന്നു. ഏതായാലും യഹൂദൻമാർ ജനതകളെ പരുഷമായി വിധിക്കരുത്, കാരണം അവരും പാപങ്ങൾസംബന്ധിച്ചു കുററക്കാരാണ്. രണ്ടു വർഗങ്ങളും അവരുടെ പ്രവൃത്തികളനുസരിച്ചു വിധിക്കപ്പെടും, എന്തുകൊണ്ടെന്നാൽ ദൈവം പക്ഷപാതിത്വമുളളവനല്ല. ജഡിക പരിച്ഛേദനയല്ല നിർണായക ഘടകം; “അകമെ യെഹൂദനായവനത്രേ യെഹൂദൻ . . . ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന.”—2:29.
9. (എ) യഹൂദൻമാർ എന്തിൽ ശ്രേഷ്ഠരാണ്, എന്നിരുന്നാലും എല്ലാവരും പാപത്തിൻകീഴിലാണെന്നു പ്രകടമാക്കാൻ ഏതു തിരുവെഴുത്തുകൾ പൗലൊസ് ഉദ്ധരിക്കുന്നു? (ബി) അപ്പോൾ ഒരു മനുഷ്യൻ എങ്ങനെ നീതിമാനായി പ്രഖ്യാപിക്കപ്പെടും, ഏതു ദൃഷ്ടാന്തം ഈ വാദത്തെ പിന്താങ്ങുന്നു?
9 വിശ്വാസത്താൽ എല്ലാവരും നീതിമാൻമാരായി പ്രഖ്യാപിക്കപ്പെടുന്നു (3:1–4:25). “എന്നാൽ യഹൂദന്നു എന്തു വിശേഷത?” അതു ഗണനീയമാണ്, എന്തെന്നാൽ ദൈവത്തിന്റെ വിശുദ്ധ അരുളപ്പാടുകൾ ഭരമേൽപ്പിച്ചതു യഹൂദൻമാരെയാണ്. എന്നിരുന്നാലും, “യഹൂദൻമാരും യവനൻമാരും ഒരുപോലെ പാപത്തിൻ കീഴാകുന്നു.” ദൈവത്തിന്റെ ദൃഷ്ടിയിൽ ആരും ‘നീതിമാൻമാരല്ല.’ ഈ ആശയം തെളിയിക്കാൻ എബ്രായ തിരുവെഴുത്തുകളിൽനിന്ന് ഏഴ് ഉദ്ധരണികൾ നൽകപ്പെടുന്നു. (റോമ. 3:1, 9-18; സങ്കീ. 14:1-3; 5:9; 140:3; 10:7; സദൃ. 1:16; യെശ. 59:7, 8; സങ്കീ. 36:1) ന്യായപ്രമാണം മമനുഷ്യന്റെ പാപപൂർണതയെ വെളിപ്പെടുത്തുന്നു. അതുകൊണ്ടു “ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും അവന്റെ സന്നിധിയിൽ നീതീകരിക്കപ്പെടുകയില്ല.” എന്നിരുന്നാലും, ദൈവത്തിന്റെ അനർഹദയയാലും മറുവിലയാലുളള മോചനത്താലും യഹൂദരും യവനരും “ന്യായപ്രമാണത്തിന്റെ പ്രവൃത്തികൂടാതെ വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടുന്നു.” (റോമ. 3:20, 28) പ്രവൃത്തികളാലോ പരിച്ഛേദനയാലോ അല്ല പിന്നെയോ തന്റെ മാതൃകായോഗ്യമായ വിശ്വാസത്താൽ നീതിമാനായി എണ്ണപ്പെട്ട അബ്രഹാമിന്റെ ദൃഷ്ടാന്തം ഉദ്ധരിച്ചുകൊണ്ടു പൗലൊസ് ഈ വാദത്തെ പിന്താങ്ങുന്നു. അങ്ങനെ അബ്രഹാം യഹൂദൻമാരുടെ മാത്രമല്ല, “വിശ്വാസമുളള സകലരുടെയും” പിതാവായിത്തീർന്നു.—4:11, NW.
10. (എ) മരണം എങ്ങനെ രാജാവായി ഭരിക്കാനിടയായി? (ബി) ക്രിസ്തുവിന്റെ അനുസരണത്താൽ എന്തു ഫലമുണ്ടായി, എന്നാൽ പാപംസംബന്ധിച്ച് ഏതു മുന്നറിയിപ്പു മുഴക്കുന്നു?
10 മേലാൽ പാപത്തിനല്ല, പിന്നെയോ ക്രിസ്തുമുഖാന്തരമുളള നീതിക്ക് അടിമകൾ (5:1–6:23). ഏക മനുഷ്യനായ ആദാമിനാൽ പാപം ലോകത്തിലേക്കു പ്രവേശിച്ചു, പാപം മരണം കൈവരുത്തി, “ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകല മനുഷ്യരിലും പരന്നിരിക്കുന്നു.” (5:12) ആദാംമുതൽ മോശവരെ മരണം രാജാവായി ഭരിച്ചു. മോശമുഖാന്തരം ന്യായപ്രമാണം കൊടുക്കപ്പെട്ടപ്പോൾ പാപം പെരുകി, മരണം തുടർന്നു വാണു. എന്നാൽ ദൈവത്തിന്റെ അനർഹദയ ഇപ്പോൾ അതിലും പെരുകുന്നു, ക്രിസ്തുവിന്റെ അനുസരണത്താൽ അനേകർ നിത്യജീവനുവേണ്ടി നീതിമാൻമാരായി പ്രഖ്യാപിക്കപ്പെടുന്നു. എന്നിരുന്നാലും ഇതു പാപത്തിൽ ജീവിക്കുന്നതിനുളള അനുവാദമല്ല. ക്രിസ്തുവിലേക്കു സ്നാപനമേററിട്ടുളള ആളുകൾ പാപത്തിനു മരിച്ചവരായിരിക്കണം. അവരുടെ പഴയ വ്യക്തിത്വം സ്തംഭത്തിലേററപ്പെടുന്നു, അവർ ദൈവത്തിനായി ജീവിക്കുന്നു. പാപം മേലാൽ അവരുടെമേൽ ഭരിക്കുന്നില്ല, എന്നാൽ അവർ വിശുദ്ധിയെ മുൻനിർത്തി നീതിക്ക് അടിമകളായിത്തീരുന്നു. “പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.”—6:23.
11. (എ) ന്യായപ്രമാണത്തിൽനിന്നുളള ക്രിസ്ത്യാനികളുടെ വിടുതലിനെ പൗലൊസ് എങ്ങനെ ദൃഷ്ടാന്തീകരിക്കുന്നു? (ബി) ന്യായപ്രമാണം എന്തു സ്പഷ്ടമാക്കി, അതുകൊണ്ടു ക്രിസ്ത്യാനികളിൽ ഏതു കാര്യങ്ങൾ പോരാട്ടത്തിലാണ്?
11 ന്യായപ്രമാണത്തിനു മരിച്ചവർ, ക്രിസ്തുവിനോടുളള ഐക്യത്തിൽ ആത്മാവിനാൽ ജീവിക്കുന്നവർ (7:1–8:39). ക്രിസ്തുവിന്റെ ബലിയാൽ ക്രിസ്തീയ യഹൂദൻമാർ ന്യായപ്രമാണത്തിനു മരിച്ചവരായതും ക്രിസ്തുവിന്നുളളവരായി ദൈവത്തിനു ഫലം കായിക്കുന്നതിനു സ്വതന്ത്രരായതും എങ്ങനെയെന്നു പ്രകടമാക്കാൻ, ഭർത്താവു ജീവിച്ചിരിക്കുന്നടത്തോളം കാലം അയാളോടു ബന്ധിതയും എന്നാൽ അയാൾ മരിക്കുന്നുവെങ്കിൽ മറെറാരാളെ വിവാഹംകഴിക്കാൻ സ്വതന്ത്രയുമായ ഒരു ഭാര്യയുടെ ദൃഷ്ടാന്തം പൗലൊസ് ഉപയോഗിക്കുന്നു. വിശുദ്ധ ന്യായപ്രമാണം പാപത്തെ കൂടുതൽ പ്രകടമാക്കി, പാപം മരണം കൈവരുത്തി. നമ്മുടെ ജഡിക ശരീരത്തിൽ വസിക്കുന്ന പാപം നമ്മുടെ നല്ല ഉദ്ദേശ്യങ്ങളോടു പൊരുതുന്നു. പൗലൊസ് പറയുന്ന പ്രകാരം: “ഞാൻ ചെയ്വാൻ ഇച്ഛിക്കുന്ന നൻമ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിൻമയത്രേ പ്രവർത്തിക്കുന്നതു.” അങ്ങനെ, “അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല, എന്നിൽ വസിക്കുന്ന പാപമത്രേ.”—7:19, 20.
12. ചിലർ ക്രിസ്തുവിന്റെ കൂട്ടവകാശികളായിത്തീരുന്നത് എങ്ങനെ, ഇവർ എന്തിൽ പൂർണമായി ജയശാലികളാണ്?
12 ഈ ദുരവസ്ഥയിൽനിന്നു മനുഷ്യനെ എന്തിനു രക്ഷിക്കാൻ കഴിയും? ക്രിസ്തുവിനുളളവരെ തന്റെ ആത്മാവുമുഖാന്തരം ജീവിപ്പിക്കാൻ ദൈവത്തിനു കഴിയും! അവർ പുത്രൻമാരായി ദത്തെടുക്കപ്പെടുകയും നീതിമാൻമാരായി പ്രഖ്യാപിക്കപ്പെടുകയും ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്റെ കൂട്ടവകാശികളുമാക്കപ്പെടുകയും മഹത്ത്വീകരിക്കപ്പെടുകയും ചെയ്യുന്നു. അവരോടു പൗലൊസ് പറയുന്നു: “ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ? ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ?” ആരുമില്ല! വിജയോത്സവത്തോടെ അവൻ പ്രഖ്യാപിക്കുന്നു: “നാമോ നമ്മെ സ്നേഹിച്ചവൻമുഖാന്തരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു. മരണത്തിന്നോ ജീവന്നോ ദൂതൻമാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുളളതിന്നോ വരുവാനുളളതിന്നോ ഉയരത്തിന്നോ ആഴത്തിന്നോ മററു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുളള ദൈവസ്നേഹത്തിൽനിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.”—8:31, 35, 37-39.
13. (എ) പ്രവചനമനുസരിച്ച്, ദൈവത്തിന്റെ യഥാർഥ ഇസ്രായേലിൽ ആർ ഉൾപ്പെടുന്നു, ഇത് ഏതു ദിവ്യ തത്ത്വമനുസരിച്ചാണ്? (ബി) ജഡിക ഇസ്രായേൽ കുറവുളളവരായത് എന്തുകൊണ്ട്, എന്നാൽ രക്ഷക്ക് എന്താവശ്യമാണ്?
13 വിശ്വാസത്താലും ദൈവത്തിന്റെ കരുണയാലും “യിസ്രായേൽ” രക്ഷിക്കപ്പെടുന്നു (9:1–10:21). പൗലൊസ് തന്റെ സഹ ഇസ്രായേല്യരെപ്രതി ‘വലിയ ദുഃഖം’ പ്രകടമാക്കുന്നു. എന്നാൽ ജഡിക ഇസ്രായേലെല്ലാം യഥാർഥത്തിൽ ‘ഇസ്രായേൽ’ അല്ലെന്ന് അവൻ തിരിച്ചറിയുന്നു, എന്തുകൊണ്ടെന്നാൽ താൻ ഇച്ഛിക്കുന്ന ആരെയും പുത്രൻമാരായി തിരഞ്ഞെടുക്കാൻ ദൈവത്തിന് അധികാരമുണ്ട്. ഫറവോനോടുളള ദൈവത്തിന്റെ ഇടപെടലുകളാലും കുശവന്റെ ദൃഷ്ടാന്തത്താലും പ്രകടമാക്കപ്പെടുന്നതുപോലെ, “ഇച്ഛിക്കുന്നവനാലുമല്ല, ഓടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രേ സകലവും സാധിക്കുന്നതു.” (9:2, 6, 16) ഹോശേയ പണ്ടേ മുൻകൂട്ടിപ്പറഞ്ഞതുപോലെ, അവൻ “യെഹൂദൻമാരിൽനിന്നു മാത്രമല്ല, ജാതികളിൽനിന്നും” പുത്രൻമാരെ വിളിക്കുന്നു. (ഹോശേ. 2:23) “വിശ്വാസത്താലല്ല, പ്രവൃത്തികളാൽ” ദൈവപ്രീതി തേടിയതുകൊണ്ടും ‘ഇടർച്ചക്കല്ല്’ ആയ ക്രിസ്തുവിൽ തട്ടി ഇടറിയതിനാലും ഇസ്രായേൽ കുറവുളളവരായിത്തീർന്നു. (റോമ. 9:23, 32, 33) അവർക്കു “ദൈവത്തെ സംബന്ധിച്ചു എരിവു” ഉണ്ടായിരുന്നു, എന്നാൽ “പരിജ്ഞാനപ്രകാര”മല്ലായിരുന്നു. നീതിക്കുവേണ്ടി വിശ്വാസം പ്രകടമാക്കുന്നവർക്കു ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനമാകുന്നു. രക്ഷ പ്രാപിക്കുന്നതിന് ഒരുവൻ ‘യേശു കർത്താവു ആകുന്നു’ എന്നു പരസ്യമായി പ്രഖ്യാപിക്കുകയും “ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേൽപ്പിച്ചു” എന്ന വിശ്വാസം പ്രകടമാക്കുകയും വേണം. (10:2, 9) രക്ഷിക്കപ്പെടാൻ കേൾക്കുന്നതിനും വിശ്വാസമർപ്പിക്കുന്നതിനും യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കുന്നതിനും സകല ജനതകളിലെയും ആളുകളെ പ്രാപ്തരാക്കുന്നതിനു പ്രസംഗകർ അയയ്ക്കപ്പെടുന്നു.
14. ഒലിവുമരത്താൽ പൗലൊസ് എന്താണ് വിശദമാക്കുന്നത്?
14 ഒലിവുമരത്തിന്റെ ദൃഷ്ടാന്തം (11:1-36). അനർഹദയ നിമിത്തം സ്വാഭാവിക ഇസ്രായേലിന്റെ ഒരു ശേഷിപ്പു തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു, എന്നാൽ ഭൂരിപക്ഷം ഇടറിയതുകൊണ്ടു “ജാതികൾക്കു രക്ഷ വന്നു.” (11:11) ഒരു ഒലിവുമരത്തിന്റെ ദൃഷ്ടാന്തം ഉപയോഗിച്ചുകൊണ്ടു ജഡിക ഇസ്രായേലിന്റെ വിശ്വാസരാഹിത്യം നിമിത്തം യഹൂദരല്ലാത്തവർ ഒട്ടിച്ചുചേർക്കപ്പെട്ടതെങ്ങനെയെന്നു പൗലൊസ് പ്രകടമാക്കുന്നു. എന്നിരുന്നാലും, യഹൂദരല്ലാത്തവർ ഇസ്രായേലിന്റെ ത്യജിക്കലിൽ സന്തോഷിക്കരുത്, കാരണം ദൈവം അവിശ്വസ്ത സ്വാഭാവിക കൊമ്പുകളെ ശിക്ഷയിൽനിന്ന് ഒഴിവാക്കിയില്ലെങ്കിൽ ജനതകളുടെ ഇടയിൽനിന്ന് ഒട്ടിക്കപ്പെട്ട കാട്ടൊലിവിൻ കൊമ്പുകളെയും അവൻ ഒഴിവാക്കുകയില്ല.
15. ദൈവത്തിനു ജീവനുളള യാഗങ്ങൾ അർപ്പിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നത് എന്ത്?
15 മനസ്സുപുതുക്കൽ; ശ്രേഷ്ഠാധികാരങ്ങൾ (12:1–13:14). നിങ്ങളുടെ ശരീരങ്ങളെ ദൈവത്തിനു ജീവനുളള യാഗമായി അർപ്പിക്കുക, പൗലൊസ് ബുദ്ധ്യുപദേശിക്കുന്നു. മേലാൽ “ഈ ലോകത്തിന്നു അനുരൂപമാകാതെ” “മനസ്സു പുതുക്ക”ണം. അഹങ്കാരികളാകരുത്. ഒരു മനുഷ്യശരീരത്തെപ്പോലെ, ക്രിസ്തുവിന്റെ ശരീരത്തിന് അനേകം അവയവങ്ങളുണ്ട്. അവയ്ക്കു വ്യത്യസ്ത പ്രവർത്തനങ്ങളാണുളളത്, എന്നാൽ അവ ഐക്യത്തിൽ പ്രവർത്തിക്കുന്നു. ആർക്കും തിൻമക്കു പകരം തിൻമ ചെയ്യരുത്. പ്രതികാരം യഹോവക്കു വിടുക. “നൻമയാൽ തിൻമയെ ജയിക്കുക.”—12:2, 21.
16. അധികാരികളുടെയും മററുളളവരുടെയും മുമ്പാകെ ക്രിസ്ത്യാനികൾ എങ്ങനെ നടക്കണം?
16 ശ്രേഷ്ഠാധികാരങ്ങൾക്കു കീഴ്പ്പെട്ടിരിക്കുക; അതു ദൈവത്തിന്റെ ക്രമീകരണമാണ്. നൻമ ചെയ്തുകൊണ്ടിരിക്കുക, അന്യോന്യം സ്നേഹിക്കുന്നതല്ലാതെ യാതൊന്നും ആരോടും കടപ്പെട്ടിരിക്കരുത്. രക്ഷ അടുത്തുവരുകയാണ്, തന്നിമിത്തം “ഇരുട്ടിന്റെ പ്രവൃത്തികളെ വെച്ചുകളഞ്ഞു വെളിച്ചത്തിന്റെ ആയുധവർഗ്ഗം ധരിച്ചുകൊൾക.” (13:12) ജഡത്തിന്റെ മോഹങ്ങളനുസരിച്ചല്ല, നല്ല പെരുമാററത്തോടെ നടക്കുക.
17. ദുർബലരെ വിധിക്കുന്നതും പരിപുഷ്ടിപ്പെടുത്തുന്നതും സംബന്ധിച്ചു ബുദ്ധ്യുപദേശിച്ചിരിക്കുന്നത് എന്ത്?
17 വിധിക്കാതെ എല്ലാവരെയും നിഷ്പക്ഷപാതമായി സ്വാഗതംചെയ്യുക (14:1–15:33). തങ്ങളുടെ വിശ്വാസം ദുർബലമാകയാൽ ചില ആഹാരങ്ങൾ വർജിക്കുകയോ പെരുന്നാളുകളാഘോഷിക്കുകയോ ചെയ്യുന്നവരെ പൊറുക്കുക. നിങ്ങളുടെ സഹോദരനെ വിധിക്കുകയോ നിങ്ങളുടെ സ്വന്തം തീററിയാലും കുടിയാലും അവനെ ഇടറിക്കുകയോ ചെയ്യരുത്, കാരണം എല്ലാവരെയും ന്യായംവിധിക്കുന്നതു ദൈവമാണ്. സമാധാനവും പരിപുഷ്ടിപ്പെടുത്തുന്ന കാര്യങ്ങളും പിന്തുടരുക, മററുളളവരുടെ ദൗർബല്യങ്ങൾ സഹിക്കുക.
18. (എ) ദൈവം യഹൂദരല്ലാത്തവരെ സ്വീകരിക്കുന്നുവെന്നു പ്രകടമാക്കാൻ വേറെ ഏത് ഉദ്ധരണികൾ പൗലൊസ് നൽകുന്നു? (ബി) പൗലൊസ്തന്നെ ദൈവത്തിന്റെ അനർഹദയയെ പ്രയോജനപ്പെടുത്തുന്നത് എങ്ങനെ?
18 അപ്പോസ്തലൻ എഴുതുന്നു: “മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിന്നായിട്ടു . . . എഴുതിയിരിക്കുന്നു.” ദൈവത്തിന്റെ വാഗ്ദാനങ്ങൾ യഹൂദേതര ജനതകളിലേക്കും വ്യാപിക്കുമെന്നു നിശ്വസ്ത പ്രവാചകൻമാർ പണ്ടേ മുൻകൂട്ടിപ്പറഞ്ഞിരുന്നുവെന്നതിന്റെ അന്തിമ തെളിവായി അവൻ നാല് എബ്രായ തിരുവെഴുത്തുദ്ധരണികൾകൂടെ നൽകുന്നു. (റോമ. 15:4, 9-12; സങ്കീ. 18:49; ആവ. 32:43; സങ്കീ. 117:1; യെശ. 11:1, 10) “അതുകൊണ്ടു” പൗലൊസ് ബുദ്ധ്യുപദേശിക്കുന്നു, “ക്രിസ്തു ദൈവത്തിന്റെ മഹത്വത്തിന്നായി നിങ്ങളെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊൾവിൻ.” (റോമ. 15:7) “സുവാർത്തയുടെ വിശുദ്ധവേലയിൽ ഏർപ്പെട്ടുകൊണ്ട്” ജനതകളുടെ ഒരു പൊതു സേവകനായിരിക്കേണ്ടതിനു ദൈവം പൗലൊസിനു കൊടുത്ത അനർഹദയയോടുളള വിലമതിപ്പ് അവൻ പ്രകടമാക്കുന്നു. “മറെറാരുവന്റെ അടിസ്ഥാനത്തിൻമേൽ പണിയുന്നതിനു” പകരം അവൻ പുതിയ പ്രദേശങ്ങൾ തുറക്കാൻ എല്ലായ്പോഴും ശ്രമിക്കുകയാണ്. എന്നാൽ അവൻ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല, എന്തുകൊണ്ടെന്നാൽ അവൻ സംഭാവനകൾ യെരുശലേമിലേക്കു കൊണ്ടുപോയശേഷം വിദൂരസ്പെയിനിലേക്കു വലിപ്പമേറിയതുപോലുമായ ഒരു പ്രസംഗ പര്യടനം നടത്താനും അങ്ങോട്ടുളള മാർഗമധ്യേ റോമിലെ തന്റെ ആത്മീയ സഹോദരൻമാർക്കു “ക്രിസ്തുവിൽനിന്നു പൂർണ അളവിലുളള അനുഗ്രഹം” കൈവരുത്താനും ആസൂത്രണം ചെയ്യുകയാണ്.—15:16, 20, 29, NW.
19. ഏതു വന്ദനങ്ങളും ഉദ്ബോധനങ്ങളും ലേഖനത്തെ ഉപസംഹരിക്കുന്നു?
19 സമാപന വന്ദനങ്ങൾ (16:1-27). റോമാസഭയിലെ 26 അംഗങ്ങൾക്കും മററു ചിലർക്കും പൗലൊസ് പേർപറഞ്ഞു വ്യക്തിപരമായ ആശംസകൾ അയയ്ക്കുകയും ഭിന്നതകൾക്കിടയാക്കുന്നവരെ ഒഴിവാക്കണമെന്നും “നൻമെക്കു ജ്ഞാനികളും തിൻമെക്കു അജ്ഞൻമാരും ആകേണം” എന്നും ബുദ്ധ്യുപദേശിക്കുകയും ചെയ്യുന്നു. എല്ലാം ദൈവമഹത്ത്വത്തിന്, ‘യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും. ആമേൻ.’—16:19, 26.
എന്തുകൊണ്ടു പ്രയോജനപ്രദം
20. (എ) ദൈവത്തിൽ വിശ്വസിക്കുന്നതിന് ഏതു യുക്തിയുക്തമായ കാരണം റോമർ നൽകുന്നു? (ബി) ദൈവത്തിന്റെ നീതിയും കരുണയും എങ്ങനെ വിശദീകരിക്കപ്പെടുന്നു, ഇതു പൗലൊസ് എന്ത് ഉദ്ഘോഷിക്കുന്നതിലേക്കു നയിക്കുന്നു?
20 റോമർക്കുളള പുസ്തകം ദൈവത്തിലുളള വിശ്വാസത്തിനു യുക്തിയുക്തമായ അടിസ്ഥാനം സമർപ്പിക്കുന്നു, “അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു” എന്നു പ്രസ്താവിച്ചുകൊണ്ടുതന്നെ. എന്നാൽ ഇതിൽപരമായി, അതു തുടർന്ന് അവന്റെ നീതിയെ പ്രകീർത്തിക്കുകയും അവന്റെ വലിയ കരുണയെയും അനർഹദയയെയും പ്രസിദ്ധമാക്കുകയും ചെയ്യുന്നു. ഇത് ഒലിവുമരത്തിന്റെ ദൃഷ്ടാന്തത്തിലൂടെ മനോഹരമായി നമ്മുടെ ശ്രദ്ധയിലേക്കു വരുത്തപ്പെടുന്നു, അതിൽ സ്വാഭാവികകൊമ്പുകൾ വെട്ടിക്കളയുമ്പോൾ കാട്ടുകൊമ്പുകൾ ഒട്ടിച്ചുചേർക്കുന്നു. ദൈവത്തിന്റെ ഈ കാഠിന്യവും ദയയും വിചിന്തനംചെയ്തുകൊണ്ടു പൗലൊസ് ഉദ്ഘോഷിക്കുന്നു: “ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു.”—1:20; 11:33.
21. റോമർ ദൈവത്തിന്റെ പാവനരഹസ്യത്തിന്റെ കൂടുതലായ വികാസം പ്രകടമാക്കുന്നത് എങ്ങനെ?
21 ഈ ബന്ധത്തിലാണു റോമർക്കുളള പുസ്തകം ദൈവത്തിന്റെ പാവനരഹസ്യത്തിന്റെ കൂടുതലായ വികാസം വിശദമാക്കുന്നത്. ക്രിസ്തീയ സഭയിൽ മേലാൽ യഹൂദനും യവനനും തമ്മിൽ വ്യത്യാസമില്ല. എന്നാൽ യേശുക്രിസ്തുമുഖാന്തരമുളള യഹോവയുടെ അനർഹദയയിൽ എല്ലാ ജനതകളിലും പെട്ട ആളുകൾക്കു പങ്കുപററാവുന്നതാണ്. “ദൈവത്തിന്റെ പക്കൽ മുഖപക്ഷം ഇല്ല.” “അകമെ യെഹൂദനായവനത്രേ യെഹൂദൻ; അക്ഷരത്തിലല്ല ആത്മാവിലുളള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന.” “യെഹൂദൻ എന്നും യവനൻ എന്നും വ്യത്യാസമില്ല; എല്ലാവർക്കും കർത്താവു ഒരുവൻ തന്നേ; അവൻ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നൽകുവാന്തക്കവണ്ണം സമ്പന്നൻ ആകുന്നു.” ഇവർക്കെല്ലാം പ്രവൃത്തികളല്ല, വിശ്വാസമാണു നീതിയായി കണക്കിടപ്പെടുന്നത്.—2:11, 29; 10:12; 3:28.
22. സഭക്കു പുറത്തുളളവരോടുളള ബന്ധങ്ങൾ സംബന്ധിച്ച് റോമർ ഏതു പ്രായോഗിക ബുദ്ധ്യുപദേശം നൽകുന്നു?
22 റോമിലെ ക്രിസ്ത്യാനികൾക്കുളള ഈ ലേഖനത്തിലടങ്ങിയിരിക്കുന്ന പ്രായോഗിക ബുദ്ധ്യുപദേശം ഇന്നത്തെ ക്രിസ്ത്യാനികൾക്കു തുല്യമായി പ്രയോജനകരമാണ്, ഒരു അന്യലോകത്തിൽ സമാനമായ പ്രശ്നങ്ങളാണ് അവർക്കും നേരിടേണ്ടിവരുന്നത്. ക്രിസ്ത്യാനി സഭക്കു പുറത്തുളളവർ ഉൾപ്പെടെ “സകലമനുഷ്യരോടും സമാധാന”ത്തിലിരിക്കാൻ ഉദ്ബോധിപ്പിക്കപ്പെട്ടിരിക്കുന്നു. ഏതു ദേഹിയും “ശ്രേഷ്ഠാധികാരങ്ങൾക്കു കീഴട”ങ്ങിയിരിക്കണം, എന്തുകൊണ്ടെന്നാൽ അവ ദൈവത്തിന്റെ ഒരു ക്രമീകരണമാണ്, നിയമമനുസരിക്കുന്നവർക്കല്ല, പിന്നെയോ ദുഷ്പ്രവൃത്തികൾ ചെയ്യുന്നവർക്ക് ഒരു ഭയവിഷയവുമാണ്. ക്രിസ്ത്യാനികൾ ശിക്ഷാഭയംഹേതുവായി മാത്രമല്ല, പിന്നെയോ ക്രിസ്തീയ മനഃസാക്ഷി നിമിത്തവും നിയമമനുസരിച്ചുകൊണ്ടു കീഴ്പ്പെട്ടിരിക്കണം, തന്നിമിത്തം നികുതികൾ കൊടുക്കുകയും വിഹിതങ്ങൾ കൊടുക്കുകയും കടപ്പാടുകൾ നിർവഹിക്കുകയും “അന്യോന്യം സ്നേഹിക്കുന്നതു അല്ലാതെ” ആരോടും ഒന്നും കടപ്പെടാതിരിക്കുകയും വേണം. സ്നേഹം ന്യായപ്രമാണത്തെ നിവർത്തിക്കുന്നു.—12:17-21; 13:1-10.
23. പൗലൊസ് പരസ്യപ്രഖ്യാപനത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നത് എങ്ങനെ, ശുശ്രൂഷക്കുളള ഒരുക്കം സംബന്ധിച്ച് അവൻ ഏതു ദൃഷ്ടാന്തം നൽകുന്നു?
23 പൗലൊസ് പരസ്യസാക്ഷ്യത്തിന്റെ സംഗതി ഊന്നിപ്പറയുന്നു. ഹൃദയംകൊണ്ടാണ് ഒരുവൻ നീതിക്കുവേണ്ടി വിശ്വാസം പ്രകടമാക്കുന്നതെങ്കിലും ഒരുവൻ രക്ഷക്കുവേണ്ടി പരസ്യപ്രഖ്യാപനം നടത്തുന്നതു വായ്കൊണ്ടാണ്. “യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും.” എന്നാൽ ഇതു നടക്കണമെങ്കിൽ, പ്രസംഗകർ പുറപ്പെട്ടു “നല്ല കാര്യങ്ങളുടെ സുവാർത്ത ഘോഷിക്കേ”ണ്ടതാവശ്യമാണ്. ആരുടെ ശബ്ദം “നിവസിതഭൂമിയുടെ അററങ്ങളോളം” പോയിരിക്കുന്നുവോ ആ പ്രസംഗകരിൽ നാം ഉൾപ്പെടുന്നുവെങ്കിൽ നമ്മുടെ പങ്കു സന്തുഷ്ടമാണ്! (10:13, 15, 18, NW) ഈ പ്രസംഗവേലക്കുവേണ്ടിയുളള ഒരുക്കമായി നമുക്കു പൗലൊസിനെപ്പോലെ നിശ്വസ്ത തിരുവെഴുത്തുകൾ പരിചിതമാക്കാൻ ശ്രമിക്കാം, എന്തുകൊണ്ടെന്നാൽ ഈ ഒരു ഭാഗത്തുതന്നെ (10:11-21) അവൻ എബ്രായ തിരുവെഴുത്തുകളിൽനിന്ന് ഒന്നിനുപുറകേ മറെറാന്നായി ഉദ്ധരണികൾ നൽകുന്നു. (യെശ. 28:16; യോവേ. 2:32; യെശ. 52:7; 53:1; സങ്കീ. 19:4; ആവ. 32:21; യെശ. 65:1, 2) “മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിന്നായിട്ടു, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന്നു തന്നേ എഴുതിയിരിക്കുന്നു” എന്ന് അവനു സമുചിതമായി പറയാൻ കഴിഞ്ഞു.—റോമ. 15:4.
24. തീക്ഷ്ണതയും സഭക്കുളളിലെ സന്തുഷ്ടബന്ധങ്ങളും കെട്ടുപണിചെയ്യുന്നതു മുൻനിർത്തി പൗലൊസ് എന്തു ബുദ്ധ്യുപദേശം നൽകുന്നു?
24 ക്രിസ്തീയ സഭക്കുളളിലെ ബന്ധങ്ങൾ സംബന്ധിച്ചു വിസ്മയകരമായ പ്രായോഗിക ഉപദേശം നൽകപ്പെടുന്നു. ദേശീയമോ വർഗീയമോ സാമൂഹികമോ ആയ പശ്ചാത്തലം എന്തുതന്നെയായിരുന്നാലും എല്ലാവരും “നൻമയും പ്രസാദവും പൂർണ്ണതയുമുളള ദൈവഹിതം” അനുസരിച്ച് അവനു വിശുദ്ധസേവനമർപ്പിക്കേണ്ടതിന് തങ്ങളുടെ മനസ്സു പുതുക്കേണ്ടതാണ്. (11:17-22; 12:1, 2) എന്തു പ്രായോഗികമായ ന്യായയുക്തതയാണു റോമർ 12:3-16 വരെയുളള പൗലൊസിന്റെ ബുദ്ധ്യുപദേശത്തിൽ പ്രകടിതമായിരിക്കുന്നത്! തീർച്ചയായും ഇവിടെ ക്രിസ്തീയ സഭയിലെ എല്ലാവരുടെയും ഇടയിൽ തീക്ഷ്ണതയും താഴ്മയും ആർദ്രപ്രിയവും വളർത്തുന്നതിനു വിശിഷ്ടമായ ബുദ്ധ്യുപദേശമുണ്ട്. അവസാനത്തെ അധ്യായങ്ങളിൽ ഭിന്നതകൾ ഉളവാക്കുന്നവരെ സൂക്ഷിക്കുകയും ഒഴിവാക്കുകയും ചെയ്യുന്നതുസംബന്ധിച്ചു ശക്തമായ ബുദ്ധ്യുപദേശം നൽകുന്നു. എന്നാൽ സഭയിലെ ശുദ്ധമായ സഹവാസങ്ങളിൽനിന്നു സംജാതമാകുന്ന പരസ്പര സന്തോഷത്തെയും നവോൻമേഷത്തെയും കുറിച്ചും അവൻ സംസാരിക്കുന്നു.—16:17-19; 15:7, 32.
25. (എ) ദൈവരാജ്യംസംബന്ധിച്ചു റോമർ ഏത് ഉചിതമായ വീക്ഷണവും കൂടുതലായ ഗ്രാഹ്യവും നൽകുന്നു? (ബി) റോമരുടെ പഠനം ഏതു വിധങ്ങളിൽ നമുക്കു പ്രയോജനം ചെയ്യണം?
25 ക്രിസ്ത്യാനികളെന്ന നിലയിൽ നാം അന്യോന്യമുളള നമ്മുടെ ബന്ധങ്ങളെ സൂക്ഷിക്കുന്നതിൽ തുടരണം. എന്തെന്നാൽ “ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും അത്രേ.” (14:17) ഈ നീതിയും സമാധാനവും സന്തോഷവും വിശേഷിച്ച് ‘ക്രിസ്തുവിന്റെ കൂട്ടവകാശികളുടെ’ ഓഹരിയാണ്, അവർ സ്വർഗീയ രാജ്യത്തിൽ അവനോടുകൂടെ “തേജസ്കരിക്കപ്പെടേണ്ട”താണ്. “സമാധാനത്തിന്റെ ദൈവമോ വേഗത്തിൽ സാത്താനെ നിങ്ങളുടെ കാൽക്കീഴെ ചതച്ചുകളയും” എന്നു പറഞ്ഞുകൊണ്ട്, ഏദെനിൽ നൽകപ്പെട്ട രാജ്യവാഗ്ദത്തത്തിന്റെ നിവൃത്തിയിലെ കൂടുതലായ ഒരു ചുവടുവയ്പിലേക്കു റോമർ വിരൽചൂണ്ടുന്നതെങ്ങനെയെന്നും ശ്രദ്ധിക്കുക. (റോമ. 8:17; 16:20; ഉല്പ. 3:15) ഈ വലിയ സത്യങ്ങൾ വിശ്വസിച്ചുകൊണ്ടു നമുക്കു സകല സന്തോഷവും സമാധാനവും കൊണ്ടു നിറയുകയും പ്രത്യാശയിൽ പെരുകിവരുകയും ചെയ്യാം. രാജ്യസന്തതിയോടൊത്തു വിജയശ്രീലാളിതരാകാനായിരിക്കട്ടെ നമ്മുടെ തീരുമാനം, എന്തെന്നാൽ മീതെ സ്വർഗത്തിലോ താഴെ ഭൂമിയിലോ ഉളള യാതൊന്നിനുമോ, മററു “യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുളള ദൈവസ്നേഹത്തിൽനിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല” എന്നു നമുക്കു ബോധ്യമുണ്ട്.—റോമ. 8:39; 15:13.
[അടിക്കുറിപ്പുകൾ]
a നമ്മുടെ ബൈബിളും പുരാതന കൈയെഴുത്തുപ്രതികളും (ഇംഗ്ലീഷ്), 1958, പേജ് 188.