രാജ്യവുംദൈവത്തിന്റെ നീതിയുംഅന്വേഷിച്ചുകൊണ്ടിരിക്കുക
“അപ്പോൾ ഒന്നാമതു രാജ്യവും അവന്റെ നീതിയും അന്വേഷിച്ചുകൊണ്ടിരിക്കുക, ഈ മറെറല്ലാ കാര്യങ്ങളും നിങ്ങൾക്ക് കൂട്ടപ്പെടും.”—മത്തായി 6:33.
1, 2. അതിൽത്തന്നെ നല്ലതായ പ്രവൃത്തികളെ ശാസ്ത്രിമാരും പരീശൻമാരും എന്തിലേക്കു തിരിച്ചു, യേശു തന്റെ അനുഗാമികൾക്ക് എന്തു മുന്നറിയിപ്പുനൽകി?
ശാസ്ത്രിമാരും പരീശൻമാരും തങ്ങളുടെ സ്വന്തം മാർഗ്ഗത്തിൽ നീതി അന്വേഷിച്ചു, അത് ദൈവത്തിന്റെ മാർഗ്ഗമല്ലായിരുന്നു. അതുമാത്രമല്ല, അതിൽതന്നെ നല്ലതായ പ്രവൃത്തികൾ അവർ ചെയ്തപ്പോൾപ്പോലും മനുഷ്യർ കാണേണ്ടതിന് കപടഭക്തിപരമായ നാട്യങ്ങളിലേക്ക് അവർ തിരിഞ്ഞു. അവർ ദൈവത്തെയല്ല, പിന്നെയോ തങ്ങളുടെ സ്വന്തം ഉന്നതഭാവത്തെ സേവിക്കുകയായിരുന്നു. യേശു അത്തരം നാട്യത്തിനെതിരെ തന്റെ ശിഷ്യൻമാർക്ക് മുന്നറിയിപ്പുനൽകി: “മനുഷ്യർ കാണേണ്ടതിന് അവരുടെ മുമ്പാകെ നിങ്ങളുടെ നീതി അനുഷ്ഠിക്കാതിരിക്കാൻ സൂക്ഷിച്ചുകൊൾവിൻ; അല്ലാത്തപക്ഷം സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിൽനിന്ന് നിങ്ങൾക്ക് പ്രതിഫലമുണ്ടായിരിക്കയില്ല.”—മത്തായി 6:1.
2 ദരിദ്രർക്കു കൊടുക്കുന്നവരെ യഹോവ വിലമതിക്കുന്നു—എന്നാൽ പരീശൻമാർ ചെയ്ത പ്രകാരത്തിൽ കൊടുക്കുന്നവരെയല്ല. അവരെ പകർത്തുന്നതിനെതിരെ യേശു തന്റെ ശിഷ്യൻമാർക്ക് മുന്നറിയിപ്പുനൽകി: “അതുകൊണ്ട് നിങ്ങൾ ദാനധർമ്മംചെയ്തു പോകുമ്പോൾ നിങ്ങളുടെ മുമ്പിൽ കാഹളം ഊതിക്കരുത്, മനുഷ്യരാൽ പ്രശംസിക്കപ്പെടാൻ കപടഭക്തർ സിനഗോഗുകളിലും തെരുവീഥികളിലും ചെയ്യുന്നതുപോലെതന്നെ. അവർക്കു തങ്ങളുടെ പ്രതിഫലം പൂർണ്ണമായി ലഭിച്ചുവെന്ന് സത്യമായി ഞാൻ നിങ്ങളോടു പറയുന്നു.”—മത്തായി 6:2.
3. (എ) ശാസ്ത്രിമാർക്കും പരീശൻമാർക്കും തങ്ങളുടെ ദാനംചെയ്യലിന് പൂർണ്ണ കൂലി ലഭിച്ചതായി കാണപ്പെട്ടത് ഏതു വിധത്തിൽ? (ബി) കൊടുക്കൽ സംബന്ധിച്ച് യേശുവിന്റെ നിലപാട് വ്യത്യസ്തമായിരുന്നതെങ്ങനെ?
3 ‘അവർക്ക് പൂർണ്ണമായി ലഭിച്ചു’ എന്നതിന്റെ ഗ്രീക്ക് പദം (എപിക്കോ) മിക്കപ്പോഴും വ്യാപാര രസീതുകളിൽ പ്രത്യക്ഷപ്പെട്ടിരുന്ന ഒരു പദമായിരുന്നു. ഗിരിപ്രഭാഷണത്തിലെ അതിന്റെ ഉപയോഗം “അവർക്ക് അവരുടെ പ്രതിഫലം ലഭിച്ചു” എന്ന് സൂചിപ്പിക്കുന്നു, അതായത്, “അവരുടെ പ്രതിഫലത്തിന്റെ രസീതിൽ അവർ ഒപ്പിട്ടിരിക്കുന്നു: അവരുടെ പ്രതിഫലം ലഭിക്കാനുള്ള അവരുടെ അവകാശം സാക്ഷാത്ക്കരിക്കപ്പെട്ടു, കൃത്യമായി അവർ അതിന് ഒരു രസീതു കൊടുത്താലെന്നപോലെതന്നെ.” (ഡബ്ലിയൂ. ഈ വൈനിനാലുള്ള പുതിയനിയമപദങ്ങളുടെ ഒരു വ്യാഖ്യാന നിഘണ്ടു) ദരിദ്രർക്കുള്ള ദാനങ്ങൾ തെരുവീഥികളിൽ പരസ്യമായി വിളിച്ചുപറഞ്ഞിരുന്നു. സിനഗോഗുകളിൽ ദാനംചെയ്തവരുടെ പേരുകൾ വിളിച്ചുപറഞ്ഞിരുന്നു. ആരാധനാസമയത്ത് റബ്ബിമാരുടെ അടുത്ത് ഇരിപ്പിടങ്ങൾ നൽകിക്കൊണ്ട് വലിയ തുക നൽകിയവരെ പ്രത്യേകം ആദരിച്ചിരുന്നു. മനുഷ്യർ കാണേണ്ടതിന് അവർ നൽകി; മനുഷ്യർ അവരെ കാണുകയും കീർത്തിക്കുകയും ചെയ്തു; അതുകൊണ്ട് അവർ നൽകിയതിന്റെ പ്രതിഫലത്തിനായി “മുഴുവിലയും തന്നു” എന്നെഴുതി രസീതിൽ മുദ്രവെക്കാൻ അവർക്കു കഴിയുമായിരുന്നു. യേശുവിന്റെ നിലപാട് എത്ര വ്യത്യസ്തമായിരുന്നു! “രഹസ്യത്തിൽ” കൊടുക്കുക; “അപ്പോൾ രഹസ്യത്തിൽ നോക്കിക്കൊണ്ടിരിക്കുന്ന നിങ്ങളുടെ പിതാവ് നിങ്ങൾക്ക് പ്രതിഫലം നൽകും.”—മത്തായി 6:3, 4; സദൃശവാക്യങ്ങൾ 19:17.
ദൈവത്തെ പ്രസാദിപ്പിക്കുന്ന പ്രാർത്ഥനകൾ
4. പരീശൻമാരുടെ പ്രാർത്ഥനകൾ യേശു അവരെ കപടഭക്തരെന്നു വിളിക്കാൻ ഇടയാക്കിയതെന്തുകൊണ്ട്?
4 തന്നോടുള്ള പ്രാർത്ഥനകളെ യഹോവ വിലമതിക്കുന്നു—എന്നാൽ പരീശൻമാർ പ്രാർത്ഥിച്ചതുപോലെയല്ല. യേശു തന്റെ അനുഗാമികളോട് പറഞ്ഞു: “നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കപടഭക്ഷരെപ്പോലെ ആയിരിക്കരുത്; എന്തുകൊണ്ടെന്നാൽ മനുഷ്യർ കാണേണ്ടതിന് സിനഗോഗുകളിലും വിശാലമായ വീഥികളുടെ കോണുകളിലും നിന്നുകൊണ്ട് പ്രാർത്ഥിക്കാൻ അവർ ഇഷ്ടപ്പെടുന്നു. അവർക്ക് അവരുടെ പ്രതിഫലം പൂർണ്ണമായി ലഭിച്ചുകഴിഞ്ഞുവെന്ന് ഞാൻ സത്യമായി നിങ്ങളോട പറയുന്നു.” (മത്തായി 6:5) തങ്ങൾ എവിടെയായിരുന്നാലും നിശ്ചിത സമയങ്ങളിൽ ദിവസവും ഉരുവിടേണ്ട അനേകം പ്രാർത്ഥനകൾ പരീശൻമാർക്കുണ്ടായിരുന്നു. സൈദ്ധാന്തികമായി, അവർ സ്വകാര്യതയിൽ അവ അർപ്പിക്കേണ്ടിയിരുന്നു. എങ്കിലും അവർ പ്രാർത്ഥനാസമയം വരുമ്പോൾ തന്ത്രപൂർവം നാലുപാടും കടന്നുപോകുന്ന ആളുകൾക്കു കാണാവുന്ന “വിശാലവീഥികളുടെ കോണുകളിൽ” ആയിരിക്കാൻ ക്രമീകരണം ചെയ്തു.
5. (എ) കൂടുതലായ ഏതാചാരങ്ങൾ പരീശൻമാരുടെ പ്രാർത്ഥനകൾ ദൈവം കേൾക്കാതെ പോകുന്നതിനിടയാക്കി? (ബി) യേശു തന്റെ മാതൃകാപ്രാർത്ഥനയിൽ ഏതു കാര്യങ്ങൾ ഒന്നാമതു വെച്ചു, ഇന്ന് ആളുകൾ അതിനോട് യോജിപ്പിലാണോ?
5 വ്യാജപരിശുദ്ധിയുടെ ഒരു പ്രകടനത്തിൽ അവർ “ഒരു നാട്യമായി ദീർഘമായ പ്രാർത്ഥനകൾ നടത്തു”മായിരുന്നു. (ലൂക്കോസ് 20:47) ഒരു അലിഖിത പാരമ്പര്യം ഇപ്രകാരം പറഞ്ഞു: “പുരാതനകാലത്തെ ഭക്തൻമാർ ടെഫില്ലാ [പ്രാർത്ഥന] ചൊല്ലുന്നതിനു മുമ്പ് ഒരു മണിക്കൂർ കാത്തുനിന്നിരുന്നു.” (മിഷ്നാ) അപ്പോഴേക്കും എല്ലാവരും അവരുടെ മതഭക്തി കാണുകയും അതിശയിക്കുകയും ചെയ്യുമെന്നുള്ളത് ഉറപ്പായിരുന്നു! അത്തരം പ്രാർത്ഥനകൾ അവരുടെ സ്വന്തം തലകൾക്കുമീതെ ഉയർന്നില്ല. പൊള്ളയായ ആവർത്തനം കൂടാതെ സ്വകാര്യതയിൽ പ്രാർത്ഥിക്കാൻ യേശു പറഞ്ഞു, അവൻ ലളിതമായ ഒരു മാതൃക അവർക്ക് നൽകുകയുംചെയ്തു. (മത്തായി 6:6-8; യോഹന്നാൻ 14:6, 14; 1 പത്രോസ് 3:12) യേശുവിന്റെ മാതൃകാപ്രാർത്ഥന ഒന്നാമത്തെ സംഗതികൾ ഒന്നാമതു വെച്ചു: “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ. നിന്റെ രാജ്യം വരേണമേ. നിന്റെ ഇഷ്ടം നടക്കേണമേ.” (മത്തായി 6:9-13) ഇന്ന് കുറച്ച് ആളുകളേ ദൈവനാമം അറിയുന്നുള്ളു, അതിനെ വിശുദ്ധീകരിക്കാൻ അതിലും കുറച്ചുപേരേ ആഗ്രഹിക്കുന്നുള്ളു. അവർ അവനെ അങ്ങനെ ഒരു പേരില്ലാത്ത ദൈവമാക്കുന്നു. ദൈവത്തിന്റെ രാജ്യം വരേണമേ എന്നതിലോ? അത് ഇവിടെത്തന്നെ ഉണ്ടെന്ന്, തങ്ങളുടെ ഉള്ളിൽ ഉണ്ടെന്ന് അനേകർ കരുതുന്നു. അവന്റെ ഇഷ്ടം ചെയ്യപ്പെടുന്നതിന് അവർ പ്രാർത്ഥിച്ചേക്കാം. എന്നാൽ മിക്കവരും തങ്ങളുടെ സ്വന്തം ഇഷ്ടം ചെയ്യുന്നു.—സദൃശവാക്യങ്ങൾ 14:12.
6. യഹൂദൻമാരുടെ ഉപവാസങ്ങൾ അർത്ഥശൂന്യമായി യേശു കുററംവിധിച്ചതെന്തുകൊണ്ട്?
6 ഒരു ഉപവാസം യഹോവക്ക് സ്വീകാര്യമാണ്—എന്നാൽ പരീശൻമാർ അത് ആചരിച്ചിരുന്ന രീതിയിലായിരുന്നില്ല. ശാസ്ത്രിമാരുടെയും പരീശൻമാരുടെയും പ്രാർത്ഥനയുടെയും ഭിക്ഷകൊടുക്കലിന്റെയും സംഗതിയിലെന്നപോലെ യേശു അവരുടെ ഉപവാസവും അർത്ഥശൂന്യമായി തള്ളിക്കളഞ്ഞു: “നിങ്ങൾ ഉപവസിക്കുമ്പോൾ കപടഭക്ഷരെപ്പോലെ വിഷാദഭാവമുള്ളവരായിത്തീരുന്നത് നിർത്തുക, എന്തെന്നാൽ തങ്ങൾ ഉപവസിക്കുകയാണെന്ന് മനുഷ്യരെ കാണിക്കാൻവേണ്ടി അവർ തങ്ങളുടെ മുഖം വികൃതമാക്കുന്നു. അവർക്ക് അവരുടെ പ്രതിഫലം പൂർണ്ണമായി ലഭിച്ചുകഴിഞ്ഞുവെന്ന് ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.” (മത്തായി 6:16) ഉപവാസസമയത്ത് പരീശൻമാർ കുളിക്കുകയോ എണ്ണ പൂശുകയോ ചെയ്യരുതായിരുന്നുവെന്നും അവരുടെ തലയിൽ ചാരം പൂശണമായിരുന്നുവെന്നും അവരുടെ അലിഖിത പാരമ്പര്യം സൂചിപ്പിച്ചു. ഉപവസിക്കാത്തപ്പോൾ യഹൂദൻമാർ ക്രമമായി തങ്ങളെത്തന്നെ കഴുകുകയും ദേഹത്ത് എണ്ണപുരട്ടുകയും ചെയ്യുമായിരുന്നു.
7. (എ) ഉപവസിക്കുമ്പോൾ യേശുവിന്റെ അനുഗാമികൾ എങ്ങനെ പ്രവർത്തിക്കണമായിരുന്നു? (ബി) ഉപവാസം സംബന്ധിച്ച് യഹോവ യെശയ്യായുടെ നാളിൽ എന്ത് ആഗ്രഹിച്ചു?
7 ഉപവാസം സംബന്ധിച്ച് യേശു തന്റെ അനുഗാമികളോടു പറഞ്ഞു: “നിങ്ങൾ ഉപവസിക്കുന്നുവെന്ന് മനുഷ്യർക്കല്ല, നിങ്ങളുടെ പിതാവിന് പ്രത്യക്ഷമാകേണ്ടതിന് നിങ്ങളുടെ തല മിനുക്കുകയും മുഖം കഴുകുകയും ചെയ്യുക.” (മത്തായി 6:17, 18) യെശയ്യായുടെ നാളിൽ പിന്നോക്കം പോയ യഹൂദൻമാർ ഉപവാസത്തിൽ പ്രമോദം കണ്ടെത്തി, തങ്ങളുടെ ദേഹികളെ ദണ്ഡിപ്പിച്ചുകൊണ്ടും തല താഴ്ത്തിക്കൊണ്ടും രട്ടിലും വെണ്ണീറിലും ഇരുന്നുകൊണ്ടുംതന്നെ. എന്നാൽ അവർ മർദ്ദിതരെ സ്വതന്ത്രരാക്കാനും വിശക്കുന്നവർക്ക് ആഹാരം കൊടുക്കാനും ഭവനരഹിതർക്ക് വീടുനൽകാനും നഗ്നരെ ഉടുപ്പിക്കാനും യഹോവ ആഗ്രഹിച്ചു.—യെശയ്യാവ് 58:3-7.
സ്വർഗ്ഗീയ നിക്ഷേപം സംഭരിക്കുക
8. എങ്ങനെ ദൈവാംഗീകാരം നേടാമെന്ന സംഗതിയിൽ ശാസ്ത്രിമാരുടെയും പരീശൻമാരുടെയും കാഴ്ചപ്പാട് നഷ്ടപ്പെടാൻ ഇടയാക്കിയതെന്ത്, പിൽക്കാലത്ത് പൗലോസ് വെളിപ്പെടുത്തിയ ഏതു തത്വം അവർ അവഗണിച്ചു?
8 തങ്ങളുടെ നീതിയുടെ അന്വേഷണത്തിൽ ശാസ്ത്രിമാർക്കും പരീശൻമാർക്കും ദൈവാംഗീകാരം എങ്ങനെ നേടാമെന്നതുസംബന്ധിച്ച കാഴ്ചപ്പാട് നഷ്ടപ്പെടുകയും മനുഷ്യരുടെ പ്രശംസയിൽ ശ്രദ്ധകേന്ദ്രീകരിക്കുകയുംചെയ്തു. അവർ ലിഖിത ദൈവവചനത്തെ ദുർബലപ്പെടുത്തത്തക്കവണ്ണം മനുഷ്യരുടെ പാരമ്പര്യങ്ങളിൽ കുടുങ്ങിയവരായിത്തീർന്നു. അവർ സ്വർഗ്ഗീയനിക്ഷേപത്തിനു പകരം ഭൗമിക സ്ഥാനമാനങ്ങളിൽ അവരുടെ ഹൃദയം പതിപ്പിച്ചു. വർഷങ്ങൾക്കുശേഷം പരീശപക്ഷത്തുനിന്ന് തിരിഞ്ഞ ഒരു ക്രിസ്ത്യാനി എഴുതിയ ഒരു ലളിതമായ സത്യം അവർ അവഗണിച്ചു. “നിങ്ങൾ എന്തുതന്നെ ചെയ്താലും യഹോവക്കെന്നപോലെ മുഴുദേഹിയോടെ ചെയ്യുക, മനുഷ്യർക്കെന്നപോലെയല്ല, എന്തെന്നാൽ അവകാശമെന്ന തക്ക പ്രതിഫലം യഹോവയിൽനിന്ന് നിങ്ങൾക്ക് ലഭിക്കുമെന്ന് നിങ്ങൾ അറിയുന്നു.”—കൊലോസ്യർ 3:23, 24.
9. ഏതപകടങ്ങൾക്ക് ഭൗമിക നിക്ഷേപത്തെ ഭീഷണിപ്പെടുത്താൻ കഴിയും, എന്നാൽ യഥാർത്ഥ നിക്ഷേപത്തെ എന്ത് ഭദ്രമായി നിലനിർത്തും?
9 യഹോവ തന്നോടുള്ള നിങ്ങളുടെ ഭക്തിയിൽ തത്പരനാണ്, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലല്ല. നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയാണ് നിങ്ങളുടെ ഹൃദയമെന്ന് അവനറിയാം. നിങ്ങളുടെ നിക്ഷേപത്തെ പുഴുവിനും തുരുമ്പിനും നശിപ്പിക്കാൻ കഴിയുമോ? മൺഭിത്തികളിലൂടെ തുരന്ന് കള്ളൻമാർക്ക് അത് മോഷ്ടിക്കാൻ കഴിയുമോ? അല്ലെങ്കിൽ സാമ്പത്തിക അസ്ഥിരതയുടെ ഈ ആധുനികകാലത്ത് പണപ്പെരുപ്പത്തിന് അതിന്റെ ക്രയശേഷി ചുരുക്കാനോ സ്റേറാക്ക് മാർക്കററ് തകർച്ചകൾക്ക് അതിനെ തുടച്ചുമാററാനോ കഴിയുമോ? കുതിച്ചുയരുന്ന കുററകൃത്യനിരക്ക് നിങ്ങളുടെ നിക്ഷേപം കവർച്ചചെയ്യപ്പെടാൻ ഇടയാക്കുമോ? അത് സ്വർഗ്ഗത്തിൽ സംഭരിക്കുന്നെങ്കിൽ അങ്ങനെ സംഭവിക്കുകയില്ല. നിങ്ങളുടെ മുഴു ശരീരത്തെയും പ്രകാശിപ്പിക്കുന്ന ഒരു വിളക്കായ നിങ്ങളുടെ കണ്ണ് ലളിതമാണെങ്കിൽ, ദൈവരാജ്യത്തിലും അവന്റെ നീതിയിലും കേന്ദ്രീകരിച്ചതാണെങ്കിൽ അങ്ങനെ സംഭവിക്കുകയില്ല. ധനം അപ്രത്യക്ഷമാകുന്ന ഒരു വഴിയുണ്ട്. “ധനം സമ്പാദിക്കാൻ അമിതാദ്ധ്വാനംചെയ്യരുത്. നിങ്ങളുടെ സ്വന്തം വിവേകത്തിൽനിന്ന് വിരമിക്കുക. അത് ഒന്നുമല്ലാത്തപ്പോൾ നിങ്ങളുടെ കണ്ണ് അതിൻമേൽ പതിക്കാൻ നിങ്ങൾ ഇടയാക്കിയോ? എന്തെന്നാൽ അത് കണിശമായും കഴുകന്റേതുപോലെ ചിറകുവെച്ച് ആകാശത്തേക്കു പറന്നുപോകുന്നു.” (സദൃശവാക്യങ്ങൾ 23:4, 5) അതുകൊണ്ട് ധനത്തിനുവേണ്ടി ഉറക്കം കളയുന്നതെന്തിന്? “ധനികനുള്ള സമൃദ്ധി അവനെ ഉറങ്ങാൻ അനുവദിക്കുന്നില്ല.” (സഭാപ്രസംഗി 5:12) യേശുവിന്റെ മുന്നറിയിപ്പ് ഓർക്കുക: “നിങ്ങൾക്ക് ദൈവത്തെയും ധനത്തെയും സേവിക്കാൻ കഴിയില്ല.”—മത്തായി 6:19-24.
ഉത്ക്കണ്ഠ അകററുന്ന വിശ്വാസം
10. ഭൗതിക സമ്പാദ്യങ്ങളിൽ ആയിരിക്കുന്നതിനു പകരം ദൈവത്തിൽ വിശ്വാസമുണ്ടായിരിക്കുന്നത് വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്, യേശു ഏതു ബുദ്ധിയുപദേശം നൽകി?
10 നിങ്ങളുടെ വിശ്വാസം ഭൗതികസമ്പാദ്യങ്ങളിലല്ല, തന്നിലായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു. “വിശ്വാസം കൂടാതെ ദൈവത്തെ നന്നായി പ്രസാദിപ്പിക്കുക അസാദ്ധ്യമാണ്, എന്തെന്നാൽ അവനെ സമീപിക്കുന്നവൻ അവൻ ഉണ്ടെന്നും അവൻ തന്നെ ആത്മാർത്ഥമായി അന്വേഷിക്കുന്നവരുടെ പ്രതിഫലദായകനായിത്തീരുന്നുവെന്നും വിശ്വസിക്കണം.” (എബ്രായർ 11:6) യേശു പറഞ്ഞു: “ഒരു വ്യക്തിക്ക് സമൃദ്ധിയുള്ളപ്പോൾപോലും അയാളുടെ ജീവൻ തനിക്ക് കൈവശമുള്ള വസ്തുക്കളിൽനിന്ന് സംജാതമാകുന്നില്ല.” (ലൂക്കോസ് 12:15) ബാങ്കിലുള്ള ദശലക്ഷങ്ങൾ രോഗബാധിത ശ്വാസകോശങ്ങളെ പ്രവർത്തിപ്പിക്കുകയോ ക്ഷീണിച്ച ഹൃദയത്തെ സ്പന്ദിപ്പിക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ട് “ഇക്കാരണത്താൽ ഞാൻ നിങ്ങളോടു പറയുന്നു,” യേശു തന്റെ ഗിരിപ്രഭാഷണത്തിൽ തുടർന്നു പറഞ്ഞു: “നിങ്ങൾ എന്തു തിന്നുമെന്നോ എന്തു കുടിക്കുമെന്നോ നിങ്ങളുടെ ദേഹികളെക്കുറിച്ചും അല്ലെങ്കിൽ നിങ്ങൾ എന്തു ധരിക്കുമെന്ന് നിങ്ങളുടെ ശരീരങ്ങളെക്കുറിച്ചും ഉത്ക്കണ്ഠപ്പെടുന്നത് നിർത്തുക. ദേഹി ആഹാരത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും പ്രധാനമല്ലയോ?”—മത്തായി 6:25.
11. യേശു തന്റെ ഉപമകളിൽ അനേകവും കണ്ടെത്തിയത് എവിടെ, ഇത് ഗിരിപ്രഭാഷണത്തിൽ പ്രകടമാക്കപ്പെട്ടതെങ്ങനെ?
11 യേശു വാങ്മയ ഉപമകൾക്ക് വിദഗ്ദ്ധനായിരുന്നു. അവൻ നോക്കിയടത്തെല്ലാം അവയെക്കുറിച്ചു ചിന്തിച്ചു. ഒരു സ്ത്രീ ഒരു കത്തിച്ച വിളക്ക് വിളക്കുതണ്ടിൻമേൽ വെക്കുന്നത് അവൻ കണ്ടു, അത് ഒരു ഉപമയായി മാററുകയും ചെയ്തു. ഒരു ഇടയൻ കോലാടുകളിൽനിന്ന് ചെമ്മരിയാടുകളെ വേർതിരിക്കുന്നത് അവൻ കണ്ടു; അത് ഒരു ഉപമയായിത്തീർന്നു. അവൻ ചന്തസ്ഥലത്ത് കളിക്കുന്ന കുട്ടികളെ കണ്ടു; അത് ഒരു ഉപമയായിത്തീർന്നു. ഗിരിപ്രഭാഷണത്തിലും അങ്ങനെതന്നെയായിരുന്നു. ഭൗതികാവശ്യങ്ങളിലെ ഉത്ക്കണ്ഠസംബന്ധിച്ച് സംസാരിക്കവേ അവൻ പറന്നുനടക്കുന്ന പക്ഷികളിലും കുന്നിൻചെരുവുകളെ പരവതാനി അണിയിക്കുന്ന ലില്ലിപുഷ്പങ്ങളിലും അവൻ ഉപമകൾ കണ്ടു. പക്ഷികൾ വിതക്കുകയും കൊയ്യുകയും ചെയ്യുന്നുവോ? ഇല്ല. ലില്ലികൾ നൂൽ നൂൽക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നുവോ? ഇല്ല. ദൈവം അവയെ ഉണ്ടാക്കി; അവൻ അവയെ പരിപാലിക്കുന്നു. എന്നിരുന്നാലും, നിങ്ങൾ പക്ഷികളെക്കാളും ലില്ലിപ്പൂക്കളെക്കാളും വിലയുള്ളവരാകുന്നു. (മത്തായി 6:26, 28-30) അവൻ തന്റെ പുത്രനെ അവക്കായിട്ടല്ല, നിങ്ങൾക്കുവേണ്ടിത്തന്നു.—യോഹന്നാൻ 3:16.
12. (എ) പക്ഷികളെയും പുഷ്പങ്ങളെയും സംബന്ധിച്ച ഉപമകൾ യേശുവിന്റെ ശിഷ്യൻമാർ വേലചെയ്യേണ്ടതില്ലെന്ന് അർത്ഥമാക്കുന്നുവോ? (ബി) വേലയും വിശ്വാസവും സംബന്ധിച്ച് യേശു എന്താശയം പറയുകയായിരുന്നു?
12 ആഹാരത്തിനും വസ്ത്രത്തിനും വേണ്ടി വേല ചെയ്യേണ്ടതില്ലെന്ന് യേശു ഇവിടെ തന്റെ അനുഗാമികളോട് പറയുകയല്ലായിരുന്നു. (സഭാപ്രസംഗി 2:24; എഫേസ്യർ 4:28; 2 തെസ്സലോനീക്യർ 3:10-12 ഇവ കാണുക.) വസന്തകാലത്തെ ആ പ്രഭാതത്തിൽ ആഹാരത്തിനായി പരണ്ടിക്കൊണ്ടും അനുനയത്തിൽ ഏർപ്പെട്ടുകൊണ്ടും കൂടുണ്ടാക്കിക്കൊണ്ടും അടയിരുന്നുകൊണ്ടും കുഞ്ഞുങ്ങളെ പോററിക്കൊണ്ടും പക്ഷികൾ തിരക്കിലായിരുന്നു. അവ വേല ചെയ്തുകൊണ്ടിരുന്നു, എന്നാൽ ഉത്ക്കണ്ഠപ്പെടാതെതന്നെ. വെള്ളവും ധാതുക്കളും അന്വേഷിച്ച് അവയുടെ വേരുകൾ മണ്ണിലേക്ക് ആഴ്ത്തിക്കൊണ്ടും സൂര്യപ്രകാശത്തെ എത്തിപ്പിടിക്കാൻ ഇലകളെ ഉയർത്തിനിർത്തിക്കൊണ്ടും പുഷ്പങ്ങളും തിരക്കിലായിരുന്നു. അവ പക്വത പ്രാപിച്ച് പുഷ്പിക്കുകയും പൊഴിഞ്ഞുപോകുന്നതിനു മുമ്പ് അവയുടെ വിത്ത് ഉല്പാദിപ്പിക്കുകയും ചെയ്യണമായിരുന്നു. അവ വേല ചെയ്യുകയായിരുന്നു, എന്നാൽ ഉത്ക്കണ്ഠപ്പെടാതെതന്നെ. ദൈവം പക്ഷികൾക്കും ലില്ലികൾക്കും വേണ്ടി കരുതുന്നു. ‘അല്പവിശ്വാസികളേ, അവൻ നിങ്ങൾക്കുവേണ്ടി കൂടുതൽ കരുതുകയില്ലേ?’—മത്തായി 6:30
13. (എ) ഒരുവന്റെ ആയുസ്സ് വർദ്ധിപ്പിക്കുന്നതുസംബന്ധിച്ച് സംസാരിക്കുമ്പോൾ യേശു ഒരു മുഴം അളവ് ഉപയോഗിക്കുന്നത് ഉചിതമായിരുന്നതെന്തുകൊണ്ട്? (ബി) നിങ്ങളുടെ ജീവിതം അനന്ത ദശലക്ഷം മൈലുകൾ നീട്ടാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
13 അതുകൊണ്ടു വിശ്വാസമുണ്ടായിരിക്കുക. ഉത്ക്കണ്ഠാകുലരാകരുത്. ഉത്ക്കണ്ഠ യാതൊന്നിനും മാററംവരുത്തുന്നില്ല. “ഉത്ക്കണ്ഠാകുലനായിരിക്കുന്നതിനാൽ തന്റെ ആയുസ്സിനോട് ഒരു മുഴം കൂട്ടാൻ നിങ്ങളിൽ ആർക്കു കഴിയും?” എന്ന് യേശു ചോദിച്ചു. (മത്തായി 6:27) എന്നാൽ യേശു ആയുസ്സിലെ സമയത്തിന്റെ അളവിനോട് ദൂരത്തിന്റെ അളവായ ഒരു മുഴത്തെ ബന്ധപ്പെടുത്തിയതെന്തുകൊണ്ട്? ഒരുപക്ഷേ ബൈബിൾ കൂടെക്കൂടെ മനുഷ്യായുസ്സിനെ ഒരു യാത്രയോട് ഉപമിക്കുന്നതുകൊണ്ടായിരിക്കാം, “പാപികളുടെ വഴി,” “നീതിമാൻമാരുടെ പാത,” ‘നാശത്തിലേക്കു നയിക്കുന്ന ഒരു വിശാലമായ വഴി,’ ‘ജീവനിലേക്കു നയിക്കുന്ന ഒരു ഇടുങ്ങിയ വഴി’ എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ ഉപയോഗിച്ചുകൊണ്ടുതന്നെ. (സങ്കീർത്തനം 1:1; സദൃശവാക്യങ്ങൾ 4:18; മത്തായി 7:13, 14) അനുദിനാവശ്യങ്ങൾ സംബന്ധിച്ച ഉത്ക്കണ്ഠക്ക് ഒരുവന്റെ ആയുസ്സിനെ ഒരു അംശം പോലും, പറയുന്ന പക്ഷം “ഒരു മുഴം” പോലും നീട്ടാൻ കഴിയില്ല. എന്നാൽ നിങ്ങളുടെ ജീവിതം അനന്തലക്ഷം മൈലുകൾ നീട്ടാനുള്ള ഒരു മാർഗ്ഗമുണ്ട്. ഉത്ക്കണ്ഠപ്പെട്ടുകൊണ്ട്, “ഞങ്ങൾ എന്തു തിന്നാനാണ്”? അല്ലെങ്കിൽ “ഞങ്ങൾ എന്തു കുടിക്കാനാണ്?” അല്ലെങ്കിൽ “ഞങ്ങൾ എന്തു ധരിക്കാനാണ്?” എന്നു പറയുന്നതിനാലല്ല, പിന്നെയോ വിശ്വാസമുണ്ടായിരിക്കുന്നതിനാലും യേശു നമ്മോടു പറയുന്നത് ചെയ്യുന്നതിനാലുംതന്നെ: “അപ്പോൾ ഒന്നാമത് രാജ്യവും അവന്റെ നീതിയും അന്വേഷിച്ചുകൊണ്ടിരിക്കുക, ഈ മറെറല്ലാ കാര്യങ്ങളും നിങ്ങൾക്ക് കൂട്ടപ്പെടും.”—മത്തായി 6:31-33.
ദൈവരാജ്യവും അവന്റെ നീതിയും പ്രാപിക്കൽ
14. (എ) ഗിരിപ്രഭാഷണത്തിലെ പ്രതിപാദ്യവിഷയം എന്താണ്? (ബി) ശാസ്ത്രിമാരും പരീശൻമാരും ഏത് തെററായ വിധത്തിൽ രാജ്യവും നീതിയും അന്വേഷിച്ചു?
14 തന്റെ ഗിരിപ്രഭാഷണത്തിന്റെ പ്രാരംഭ വാചകത്തിൽ, സ്വർഗ്ഗരാജ്യം തങ്ങളുടെ ആത്മീയാവശ്യം സംബന്ധിച്ച് ബോധമുള്ളവർക്കാണെന്ന് യേശു പറഞ്ഞു. നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ തൃപ്തരാക്കപ്പെടുമെന്ന് നാലാം വാചകത്തിൽ അവൻ പറഞ്ഞു. ഇവിടെ യേശു രാജ്യവും യഹോവയുടെ നീതിയും ഒന്നാം സ്ഥാനത്ത് വെക്കുന്നു. അവ ഗിരിപ്രഭാഷണത്തിന്റെ പ്രതിപാദ്യവിഷയമാണ്. അവ മനുഷ്യവർഗ്ഗം മുഴുവന്റെയും ആവശ്യങ്ങൾക്കുള്ള ഉത്തരമാണ്. എന്നാൽ ദൈവത്തിന്റെ രാജ്യവും ദൈവത്തിന്റെ നീതിയും പ്രാപിക്കാവുന്നതായിത്തീരുന്നത് എന്തു മുഖാന്തരത്താൽ? നാം അവയെ അന്വേഷിക്കുന്നതിൽ തുടരുന്നത് എങ്ങനെ? ശാസ്ത്രിമാരും പരീശൻമാരും ചെയ്ത വിധത്തിലല്ല. അലിഖിത പാരമ്പര്യങ്ങൾ ഉൾപ്പെട്ടിരുന്നതായി അവർ അവകാശപ്പെട്ട മോശൈകന്യായപ്രമാണം മുഖാന്തരം അവർ രാജ്യവും നീതിയും അന്വേഷിച്ചു, എന്തുകൊണ്ടെന്നാൽ ദൈവം മോശക്ക് സീനായ്മലയിങ്കൽ ലിഖിത ന്യായപ്രമാണവും അലിഖിത പാരമ്പര്യങ്ങളും നൽകിയെന്ന് അവർ വിശ്വസിച്ചിരുന്നു.
15. (എ) യഹൂദൻമാർ പറയുന്നതനുസരിച്ച് അവരുടെ അലിഖിത പാരമ്പര്യങ്ങൾ എപ്പോൾ ഉത്ഭവിച്ചു, അവർ അവയെ ലിഖിത മോശൈക നിയമത്തിനു മീതെ ഉയർത്തിയതെങ്ങനെ? (ബി) ഈ പാരമ്പര്യങ്ങൾ യഥാർത്ഥത്തിൽ എപ്പോൾ ഉത്ഭവിച്ചു, മോശൈക ന്യായപ്രമാണത്തിൽ എന്തു ഫലത്തോടെ?
15 ഇതുസംബന്ധിച്ച അവരുടെ പാരമ്പര്യം ഇപ്രകാരം പ്രസ്താവിച്ചു: “മോശ സീനായിയിങ്കൽ ന്യായപ്രമാണം [അടിക്കുറിപ്പ്, “അലിഖിത ന്യായപ്രമാണം”] സ്വീകരിക്കുകയും യോശുവയെ ഏല്പിക്കുകയും ചെയ്തു, യോശുവാ മൂപ്പൻമാരെയും മൂപ്പൻമാർ പ്രവാചകൻമാരെയും പ്രവാചകൻമാർ മഹാസിനഗോഗിലെ പുരുഷൻമാരെയും അത് ഭരമേൽപ്പിച്ചു.” കാലക്രമത്തിൽ അവരുടെ അലിഖിത നിയമം ലിഖിത ന്യായപ്രമാണത്തിനു മീതെ പോലും ഉയർത്തപ്പെട്ടു: “അയാൾ [ലിഖിത] ന്യായപ്രമാണത്തിലെ വചനങ്ങൾ ലംഘിക്കുന്നെങ്കിൽ അയാൾ കുററക്കാരനല്ല,” എന്നാൽ “അയാൾ ശാസ്ത്രിമാരുടെ വചനങ്ങളോട് [അലിഖിത പാരമ്പര്യങ്ങൾ] കൂട്ടുന്നെങ്കിൽ അയാൾ കുററക്കാരനാണ്.” (മിഷ്നാ) അവരുടെ അലിഖിത പാരമ്പര്യങ്ങൾ സീനായിയിങ്കൽ തുടങ്ങിയില്ല. വാസ്തവത്തിൽ അവ ക്രിസ്തുവിന് രണ്ട് നൂററാണ്ടുകൾക്കുമുമ്പ് അതിവേഗം കൂട്ടിച്ചേർക്കാൻ തുടങ്ങി. അവ കൂട്ടുകയും കുറക്കുകയും ചെയ്ത് ലിഖിത മോശൈകനിയമത്തെ ദുർബലമാക്കി.—ആവർത്തനം 4:2; 12:32 താരതമ്യംചെയ്യുക.
16. മനുഷ്യവർഗ്ഗത്തിനുവേണ്ടി ദൈവത്തിന്റെ നീതി എങ്ങനെ വരുന്നു?
16 ദൈവത്തിന്റെ നീതി വരുന്നത് ന്യായപ്രമാണത്തിലൂടെയല്ല പിന്നെയൊ അതു കൂടാതെയാണ്: “ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും അവന്റെ മുമ്പാകെ നീതീകരിക്കപ്പെടുകയില്ല, എന്തെന്നാൽ ന്യായപ്രമാണത്താൽ പാപത്തിന്റെ സൂക്ഷ്മപരിജ്ഞാനമാണുണ്ടാവുക. എന്നാൽ ന്യായപ്രമാണവും പ്രവാചകൻമാരും സാക്ഷ്യം നൽകിയതുപോലെ ദൈവത്തിന്റെ നീതി ഇപ്പോൾ ന്യായപ്രമാണം കൂടാതെ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു; അതെ, യേശുക്രിസ്തുവിലെ വിശ്വാസം മുഖാന്തരമുള്ള ദൈവനീതി തന്നെ.” (റോമർ 3:20-22) അതുകൊണ്ട് ക്രിസ്തുയേശുവിലെ വിശ്വാസത്താൽ ദൈവത്തിന്റെ നീതി വരുന്നു—ഇത് “ന്യായപ്രമാണവും പ്രവാചകൻമാരും” വേണ്ടുവോളം “സാക്ഷ്യം നൽകി”യതായിരുന്നു. മശിഹൈകപ്രവചനങ്ങൾ യേശുവിൽ നിറവേറി. അവൻ ന്യായപ്രമാണം നിവർത്തിക്കുകയുംചെയ്തു; തന്റെ ദണ്ഡനസ്തംഭത്തോട് ചേർത്ത് തറക്കപ്പെട്ടതിനാൽ അത് വഴിയിൽനിന്ന് നീക്കപ്പെട്ടു.—ലൂക്കോസ് 24:25-27, 44-46; കൊലോസ്യർ 2:13, 14; എബ്രായർ 10:1.
17. അപ്പോസ്തലനായ പൗലോസ് പറയുന്നതനുസരിച്ച് യഹൂദൻമാർ ദൈവനീതി അറിയുന്നത് നഷ്ടപ്പെടുത്തിയതെങ്ങനെ?
17 അതുകൊണ്ട് നീതി അന്വേഷിക്കുന്നതിലെ യഹൂദൻമാരുടെ പരാജയംസംബന്ധിച്ച് അപ്പോസ്തലനായ പൗലോസ് എഴുതി: “എന്തെന്നാൽ അവർക്ക് ദൈവത്തിനുവേണ്ടി ഒരു തീക്ഷ്ണതയുണ്ടെന്ന് ഞാൻ അവരേക്കുറിച്ചു സാക്ഷ്യം പറയുന്നു; എന്നാൽ സൂക്ഷ്മപരിജ്ഞാനപ്രകാരമല്ല; എന്തെന്നാൽ ദൈവത്തിന്റെ നീതി അറിയാതെ തങ്ങളുടെ സ്വന്തമായത് സ്ഥാപിക്കാൻ അന്വേഷിക്കുന്നതുനിമിത്തം അവർ ദൈവത്തിന്റെ നീതിക്ക് തങ്ങളേത്തന്നെ കീഴ്പെടുത്തിയില്ല. കാരണം വിശ്വാസം പ്രകടമാക്കുന്ന ഏവനും നീതി ലഭിക്കേണ്ടതിന് ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനമാകുന്നു.” (റോമർ 10:2-4) പൗലോസ് ക്രിസ്തുയേശുവിനെക്കുറിച്ചും എഴുതി: “പാപം അറിയാത്തവൻ നമുക്കുവേണ്ടി പാപമാക്കപ്പെട്ടു, നാം അവൻ മുഖാന്തരം ദൈവത്തിന്റെ നീതി ആയിത്തീരേണ്ടതിനുതന്നെ.”—2 കൊരിന്ത്യർ 5:21.
18. യഹൂദ പാരമ്പര്യവാദികളും ഗ്രീക്ക് തത്വജ്ഞാനികളും “വിളിക്കപ്പെട്ടവരും” “സ്തംഭത്തിൽ തറക്കപ്പെട്ട” ക്രിസ്തുവിനെ എങ്ങനെ വീക്ഷിച്ചു?
18 മരിക്കുന്ന മശിഹായെ ഒന്നുമല്ലാത്ത ഒരു ദുർബലനായി യഹൂദൻമാർ വീക്ഷിച്ചു. ഗ്രീക്ക് തത്വജ്ഞാനികൾ അത്തരമൊരു മശിഹായെ ഭോഷത്വമായി പരിഹസിച്ചു. എന്നുവരികിലും അത് പൗലോസ് പ്രഖ്യാപിച്ചതുപോലെയാണ്: “യഹൂദൻമാർ അടയാളം ചോദിക്കുകയും ഗ്രീക്കുകാർ ജ്ഞാനം അന്വേഷിക്കുകയും ചെയ്യുന്നു; എന്നാൽ ഞങ്ങൾ യഹൂദൻമാർക്ക് ഇടർച്ചയുടെ ഹേതുവും ജനതകൾക്കു ഭോഷത്വവുമായ സ്തംഭത്തിൽ തറയ്ക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു; എന്നിരുന്നാലും, യഹൂദൻമാരും ഗ്രീക്കുകാരുമായി വിളിക്കപ്പെട്ടവർക്ക് ക്രിസ്തു ദൈവത്തിന്റെ ശക്തിയും ദൈവത്തിന്റെ ജ്ഞാനവുമാകുന്നു. എന്തുകൊണ്ടെന്നാൽ ദൈവത്തിന്റെ ഒരു ഭോഷത്വം മനുഷ്യരെക്കാൾ ജ്ഞാനമുള്ളതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാൾ ബലമുള്ളതുമാണ്.” (1 കൊരിന്ത്യർ 1:22-25) ക്രിസ്തുയേശു ദൈവത്തിന്റെ ശക്തിയുടെയും ജ്ഞാനത്തിന്റെയും ഒരു പ്രകടനവും അനുസരണമുള്ള മനുഷ്യവർഗ്ഗത്തിന് നീതിയും നിത്യജീവനും നൽകാനുള്ള ദൈവത്തിന്റെ മാർഗ്ഗവുമാകുന്നു. “മറെറാരുവനിലും രക്ഷയില്ല, നാം രക്ഷപ്രാപിക്കേണ്ടതിന് ആകാശത്തിൻകീഴിൽ മനുഷ്യരുടെയിടയിൽ നൽകപ്പെട്ട മറെറാരു നാമവുമില്ല.”—പ്രവൃത്തികൾ 4:12.
19. പിൻവരുന്ന ലേഖനം എന്തു പ്രകടമാക്കും?
19 നാം നാശത്തിൽനിന്ന് രക്ഷപെടുകയും നിത്യജീവൻ പ്രാപിക്കുകയും ചെയ്യണമെങ്കിൽ നാം ദൈവത്തിന്റെ രാജ്യവും അവന്റെ നീതിയും അന്വേഷിച്ചുകൊണ്ടിരിക്കണമെന്ന് അടുത്ത ലേഖനം പ്രകടമാക്കും. യേശുവിന്റെ മൊഴികൾ ശ്രദ്ധിക്കുന്നതിനാൽ മാത്രമല്ല പിന്നെയോ അവ ചെയ്യുന്നതിനാലും അതു നിർവഹിക്കപ്പെടണം. (w90 10⁄1)
പുനരവലോകന ചോദ്യങ്ങൾ
◻ യഹൂദമതഭക്തർ അവരുടെ ദാനധർമ്മങ്ങളെയും പ്രാർത്ഥനകളെയും ഉപവാസങ്ങളെയും എന്തിലേക്കു തിരിച്ചു?
◻ നിങ്ങളുടെ നിക്ഷേപം സംഭരിക്കാനുള്ള സുരക്ഷിതസ്ഥലം എവിടെയാണ്?
◻ നമ്മുടെ ഭൗതികാവശ്യങ്ങൾസംബന്ധിച്ച് നാം ഉത്ക്കണ്ഠ ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?
◻ യഹൂദൻമാർ തങ്ങളുടെ അലിഖിത പാരമ്പര്യങ്ങളുടെ ഉത്ഭവം സംബന്ധിച്ച് ഏത് വ്യാജ അവകാശവാദം നടത്തി?
◻ ദൈവത്തിന്റെ രാജ്യവും അവന്റെ നീതിയും എന്തു മുഖാന്തരം വരുന്നു?
[16-ാം പേജിലെ ചിത്രം]
പരീശൻമാർ മനുഷ്യർക്ക് തങ്ങളെ കാണാൻ കഴിയുന്ന തെരുക്കോണുകളിൽനിന്ന് പ്രാർത്ഥിക്കാൻ ഇഷ്ടപ്പെട്ടു