വിശ്വസിക്കുന്നവരെ രക്ഷിക്കാൻ യഹോവ “ഭോഷത്വം” ഉപയോഗിക്കുന്നു
“ദൈവത്തിന്റെ ജ്ഞാനത്തിൽ ലോകം ജ്ഞാനത്താൽ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്വത്താൽ രക്ഷിപ്പാൻ ദൈവത്തിനു പ്രസാദം തോന്നി.”—1 കൊരിന്ത്യർ 1:21.
1. ഏതർത്ഥത്തിൽ യഹോവ “ഭോഷത്വം” ഉപയോഗിക്കും, ലോകം അതിന്റെ ജ്ഞാനത്തിൽ ദൈവത്തെ അറിഞ്ഞില്ല എന്നു നമുക്കെങ്ങനെ അറിയാം?
എന്ത്? യഹോവ ഭോഷത്വം ഉപയോഗിക്കുകയോ? വാസ്തവത്തിൽ ഇല്ല! എന്നാൽ ലോകത്തിനു ഭോഷത്വമായി കാണപ്പെടുന്നത് അവന് ഉപയോഗിക്കാൻ കഴിയും ഉപയോഗിക്കുകയും ചെയ്യുന്നു. തന്നെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നവരെ രക്ഷിക്കാനാണ് അവൻ അങ്ങനെ ചെയ്യുന്നത്. ലോകത്തിന്റെ ജ്ഞാനത്തിലൂടെ ലോകത്തിനു ദൈവത്തെ അറിയാൻ കഴിയുകയില്ല. പ്രാർത്ഥനയിൽ ഇപ്രകാരം പറഞ്ഞപ്പോൾ യേശു അതു വ്യക്തമാക്കി: “നീതിയുള്ള പിതാവേ ലോകം നിന്നെ അറിഞ്ഞിട്ടില്ല.”—യോഹന്നാൻ 17:25.
2. യഹോവയുടെ വഴികളും ലോകത്തിന്റെ വഴികളും പരസ്പരം സമാന്തരമായി നീങ്ങുന്നതുപോലെ തോന്നിയേക്കാവുന്നതെങ്ങനെ, എന്നാൽ വസ്തുതകൾ എന്താണ്?
2 യഹോവയുടെ വഴികൾ ലോകത്തിന്റേതിൽ നിന്നു വ്യത്യസ്തമാണെന്നു യേശുവിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു. ഉപരിപ്ലവമായി നോക്കുമ്പോൾ ദൈവത്തിന്റെ ഉദ്ദേശ്യവും ലോകത്തിന്റേതും സമാന്തരമായി പോകുന്നതുപോലെ തോന്നിയേക്കാം. ഈ ലോകം വച്ചിരിക്കുന്ന ലക്ഷ്യങ്ങൾക്കു ദൈവത്തിന്റെ അനുഗ്രഹമുണ്ടെന്നു തോന്നിയേക്കാം. ഉദാഹരണമായി, ഭൂമിയിലെ മനുഷ്യവർഗ്ഗത്തിനു സമാധാനപൂർണ്ണമായ ജീവിതവും സന്തുഷ്ടിയും ക്ഷേമവും കൈവരുത്തുന്ന ഒരു ഗവൺമെൻറു ദൈവം സ്ഥാപിക്കും എന്നു ബൈബിൾ പറയുന്നു. (യെശയ്യാവു 9:6, 7; മത്തായി 6:10) സമാനമായി, പുതിയ ലോകക്രമം എന്നു വിളിക്കപ്പെടുന്നതിലൂടെ ജനങ്ങൾക്കു സമാധാനവും ക്ഷേമവും സൽഭരണവും കാഴ്ചവയ്ക്കാനുള്ള അതിന്റെ ഉദ്ദേശ്യം ലോകവും കൊട്ടിഘോഷിക്കുന്നു. എന്നാൽ ദൈവത്തിന്റെ ഉദ്ദേശ്യങ്ങളും ലോകത്തിന്റേതും ഒന്നുതന്നെയല്ല. യഹോവയുടെ ഉദ്ദേശ്യം അഖിലാണ്ഡത്തിന്റെ അത്യുന്നത പരമാധികാരി എന്ന നിലയിൽ തന്നേത്തന്നെ നീതിമത്കരിക്കുക എന്നതാണ്. ഭൗമിക ഗവൺമെൻറുകളെയെല്ലാം തുടച്ചുനീക്കുന്ന ഒരു സ്വർഗ്ഗീയ ഗവൺമെൻറിലൂടെ അവൻ അതു ചെയ്യും. (ദാനിയേൽ 2:44; വെളിപ്പാടു 4:11; 12:10) അതുകൊണ്ടു ദൈവത്തിനും ഈ ലോകത്തിനും പൊതുവായി യാതൊന്നുമില്ല. (യോഹന്നാൻ 18:36; 1 യോഹന്നാൻ 2:15-17) അതുകൊണ്ടാണ് ബൈബിൾ രണ്ടുതരം ജ്ഞാനത്തെപ്പററി സംസാരിക്കുന്നത്—“ദൈവത്തിന്റെ ജ്ഞാനവും” “ലോകത്തിന്റെ ജ്ഞാനവും.”—1 കൊരിന്ത്യർ 1:20, 21.
ലോക ജ്ഞാനത്തിന്റെ അടിസ്ഥാനപരമായ ന്യൂനത
3. ലോകത്തിന്റെ ജ്ഞാനം ഉദാത്തമാണ് എന്നു തോന്നിയേക്കാമെങ്കിലും മനുഷ്യർ വാഗ്ദാനം ചെയ്തിരിക്കുന്ന പുതിയ ലോകക്രമം ഒരിക്കലും സംതൃപ്തികരമായിരിക്കുകയില്ലാത്തത് എന്തുകൊണ്ട്?
3 ദൈവത്തിന്റെ ജ്ഞാനത്താൽ നയിക്കപ്പെടാത്തവർക്കു ലോകത്തിന്റെ ജ്ഞാനം ഉദാത്തമായി തോന്നുന്നു. ഗാംഭീര്യം ധ്വനിപ്പിക്കുന്നതും മനസ്സിനെ ആകർഷിക്കുന്നതുമായ ലോക തത്ത്വജ്ഞാനങ്ങൾ ഉണ്ട്. ആയിരക്കണക്കിന് ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ മനുഷ്യവർഗ്ഗത്തിലെ ബുദ്ധിരാക്ഷസൻമാർ എന്ന് അവർ കരുതുന്നവരിൽ നിന്നുള്ള വിജ്ഞാനം വിളമ്പുന്നു. വിപുലമായ ഗ്രന്ഥശാലകളിൽ നൂററാണ്ടുകളിലൂടെയുള്ള മാനുഷ അനുഭവത്തിലൂടെ ശേഖരിച്ച അറിവു നിറച്ചിരിക്കുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും ലോക ഭരണാധിപൻമാർ വാഗ്ദാനം ചെയ്യുന്ന പുതിയ ലോകക്രമം അപൂർണ്ണരും പാപപങ്കിലരും മരിക്കുന്നവരുമായ മനുഷ്യരാലുള്ള ഒരു ഭരണമേ ആയിരിക്കുകയുള്ളു. അതുകൊണ്ട് ആ ക്രമം അപൂർണ്ണമായിരിക്കും, അതു കഴിഞ്ഞകാലത്തെ വലിയ തെററുകൾ ആവർത്തിക്കും, മനുഷ്യവർഗ്ഗത്തിന്റെ എല്ലാ ആവശ്യങ്ങളെയും തൃപ്തിപ്പെടുത്തുകയുമില്ല.—റോമർ 3:10-12; 5:12.
4. വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന പുതിയ ലോകക്രമം എന്തിനു വിധേയമാണ്, എന്തു ഫലത്തോടെ?
4 മനുഷ്യൻ വാഗ്ദാനം ചെയ്തിരിക്കുന്ന പുതിയ ലോകക്രമം മാനുഷ ബലഹീനതക്കു മാത്രമല്ല, ദുഷ്ട ആത്മസൃഷ്ടികളുടെ—അതെ, പിശാചായ സാത്താന്റെയും അവന്റെ ഭൂതങ്ങളുടെയും—സ്വാധീനത്തിനും കൂടെ വിധേയമാണ്. സാത്താൻ ആളുകളുടെ മനസ്സുകളെ കുരുടാക്കിയിരിക്കുന്നതിനാൽ അവർ “ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷം” വിശ്വസിക്കുന്നില്ല. (2 കൊരിന്ത്യർ 4:3, 4; എഫെസ്യർ 6:12) തത്ഫലമായി ലോകം ഒന്നിനു പുറകെ മറെറാന്നായി ക്രമക്കേടുകൾ അനുവദിക്കുന്നു. ദൈവത്തിന്റെ സഹായം കൂടാതെയും ദിവ്യേഷ്ടം കണക്കിലെടുക്കാതെയും അതിനെത്തന്നെ ഭരിക്കാനുള്ള ആപൽക്കരമായ ശ്രമത്തിൽ അതു പോരാടുകയും രക്തം ഒഴുക്കുകയും ചെയ്യുന്നു. (യിരെമ്യാവു 10:23; യാക്കോബ് 3:15, 16) അപ്രകാരം അപ്പൊസ്തലനായ പൗലോസ് പറഞ്ഞതുപോലെ “ലോകം ജ്ഞാനത്താൽ ദൈവത്തെ അറിയാ”നിടയായില്ല.—1 കൊരിന്ത്യർ 1:21.
5. ഈ ലോകജ്ഞാനത്തിന്റെ അടിസ്ഥാന ന്യൂനത എന്താണ്?
5 അപ്പോൾ, ഒരു പുതിയ ലോകക്രമത്തിനുവേണ്ടിയുള്ള ഈ ലോകത്തിന്റെ ആസൂത്രണങ്ങൾ ഉൾപ്പെടെ അതിന്റെ ജ്ഞാനത്തിന്റെ അടിസ്ഥാനപരമായ ന്യൂനത എന്താണ്? അത്, ഒരിക്കലും വിജയകരമായി അവഗണിക്കാൻ പാടില്ലാത്തതിനെ—യഹോവയാം ദൈവത്തിന്റെ അത്യുന്നത പരമാധികാരത്തെ—ലോകം അവഗണിക്കുന്നു എന്നതാണ്. ദിവ്യ പരമാധികാരത്തെ അംഗീകരിക്കാൻ അതു ധിക്കാരപൂർവ്വം വിസമ്മതിക്കുന്നു. ലോകം അതിന്റെ ആസൂത്രണങ്ങളിൽനിന്നെല്ലാം യഹോവയെ മനഃപൂർവ്വം വിട്ടുകളയുകയും അതിന്റെ സ്വന്തം പ്രാപ്തിയിലും പദ്ധതികളിലും ആശ്രയിക്കുകയും ചെയ്യുന്നു. (ദാനിയേൽ 4:31-34; യോഹന്നാൻ 18:37 താരതമ്യം ചെയ്യുക.) “യഹോവഭക്തി ജ്ഞാനത്തിന്റെ ആരംഭ”മാകുന്നു എന്നു ബൈബിൾ വ്യക്തമാക്കുന്നു. (സദൃശവാക്യങ്ങൾ 9:10; സങ്കീർത്തനം 111:101) എന്നാൽ ജ്ഞാനത്തിന്റെ ഈ അടിസ്ഥാന നിബന്ധന ലോകം മനസ്സിലാക്കിയിട്ടുപോലുമില്ല. അതുകൊണ്ടു ദിവ്യ പിന്തുണയില്ലാതെ അതിന് എങ്ങനെ വിജയിക്കാനാവും?—സങ്കീർത്തനം 127:1.
രാജ്യപ്രസംഗം ഭോഷത്വമോ പ്രായോഗിക മൂല്യമുള്ളതോ?
6, 7. (എ) ദൈവത്തിന്റെ ജ്ഞാനത്താൽ നയിക്കപ്പെടുന്നവർ എന്തു പ്രസംഗിച്ചുകൊണ്ടിരിക്കുന്നു, എന്നാൽ ലോകം അവരെ എങ്ങനെ വീക്ഷിക്കുന്നു? (ബി) ക്രൈസ്തവലോകത്തിലെ വൈദികർ ആരുടെ ജ്ഞാനപ്രകാരമാണ് പ്രസംഗിക്കുന്നത്, എന്തു ഫലത്തോടെ?
6 നേരെമറിച്ച്, ദൈവത്തെ അറിയുന്നവർ ദൈവത്തിന്റെ ജ്ഞാനം പ്രകടമാക്കുകയും അതിനാൽ നയിക്കപ്പെടാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നു. യേശു മുൻകൂട്ടിപ്പറഞ്ഞതുപോലെ അവർ “രാജ്യത്തിന്റെ ഈ സുവിശേഷം . . . ഭൂലോകത്തിൽ ഒക്കെയും” പ്രസംഗിച്ചുകൊണ്ടിരിക്കുന്നു. (മത്തായി 24:14; 28:19, 20) നമ്മുടെ ഭൂമി കലാപം, മലിനീകരണം, ദാരിദ്ര്യം, മാനുഷകഷ്ടപ്പാടുകൾ എന്നിവ കൊണ്ടു നിറഞ്ഞിരിക്കുന്ന ഈ കാലത്ത് അത്തരം പ്രസംഗം പ്രായോഗികമാണോ? ലോകപ്രകാരം ജ്ഞാനികളായിരിക്കുന്നവർക്കു ദൈവരാജ്യത്തെക്കുറിച്ചുള്ള അത്തരം പ്രസംഗം പ്രായോഗിക മൂല്യമില്ലാത്ത വെറും ഭോഷത്വമായി തോന്നുന്നു. ദൈവത്തിന്റെ പ്രസംഗകർ നിലവിലുള്ള ഭരണകൂടങ്ങൾക്ക് ഒരു ശല്യമായിരിക്കുന്നതായും മാതൃകാപരമായ രാഷ്ട്രീയ ഭരണത്തിലേക്കുള്ള അതിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുന്നതായും അവർ വീക്ഷിക്കുന്നു. ഈ സംഗതിയിൽ ഈ ലോകത്തിന്റെ ജ്ഞാനപ്രകാരം പ്രസംഗിക്കുന്ന ക്രൈസ്തവലോകത്തിലെ വൈദികരാൽ അവർ പിന്താങ്ങപ്പെടുന്നു. ക്രിസ്തുവിന്റെ പ്രമുഖ പഠിപ്പിക്കൽ ദൈവത്തിന്റെ പുതിയ ലോകത്തെയും അതിന്റെ രാജ്യ ഗവൺമെൻറിനെയുംപററി ആയിരുന്നെങ്കിലും ആ വൈദീകർ അതേപ്പററി ആളുകൾ അറിയേണ്ടത് അവരോടു പറയുന്നില്ല.—മത്തായി 4:17; മർക്കൊസ് 1:14, 15.
7 ക്രൈസ്തവലോകത്തിലെ വൈദികരുടെ ഈ പരാജയത്തിലേക്കു ചരിത്രകാരനായ എച്ച്. ജി. വെൽസ് ശ്രദ്ധക്ഷണിച്ചു. അദ്ദേഹം ഇപ്രകാരം എഴുതി: “സ്വർഗ്ഗരാജ്യം എന്നു യേശു വിളിച്ചതിനെപ്പററി പഠിപ്പിക്കുന്നതിന് അവൻ നല്കിയ മുന്തിയ പ്രാധാന്യവും താരതമ്യത്തിൽ മിക്ക ക്രിസ്തീയ സഭകളുടെയും നടപടിയിലും പഠിപ്പിക്കലിലും അതിനു ലഭിക്കുന്ന അവഗണനയും ശ്രദ്ധാർഹമാണ്.” എന്നിരുന്നാലും, ഈ തലമുറയിലെ ആളുകൾ ജീവൻ നേടണമെങ്കിൽ ഒന്നാമതായി അവർ സ്ഥാപിതമായിരിക്കുന്ന ദൈവരാജ്യത്തെക്കുറിച്ചു കേൾക്കണം. അതിന് ആരെങ്കിലും അതേപ്പററിയുള്ള സുവാർത്ത പ്രസംഗിക്കണം.—റോമർ 10:14, 15.
8. ദൈവത്തിന്റെ സുവാർത്ത പ്രസംഗിക്കുന്നത് ഇന്ന് ഏററം പ്രായോഗികമൂല്യമുള്ള സംഗതിയായിരിക്കുന്നത് എന്തുകൊണ്ട്, എന്നാൽ ഏതു പ്രവർത്തനഗതി നിലനില്ക്കുന്ന പ്രയോജനമില്ലാത്തതായിരിക്കും?
8 അപ്പോൾ ദൈവത്തിന്റെ സുവാർത്ത പ്രസംഗിക്കുന്നതാണ് ഇന്ന് ഏററം പ്രായോഗിക മൂല്യമുള്ള സംഗതി. എന്തുകൊണ്ടെന്നാൽ “ഇടപെടാൻ പ്രയാസമായ വിഷമകാലങ്ങൾ വന്നിരിക്കുന്നു. ഈ അന്ത്യനാളുകളിൽ സന്തുഷ്ടികൊണ്ടു മാനുഷഹൃദയങ്ങളെ നിറയ്ക്കുന്ന യഥാർത്ഥ പ്രത്യാശ പ്രദാനം ചെയ്യുന്നത് ഈ രാജ്യ ദൂതാണ്. (2 തിമൊഥെയോസ് 3:1-5, NW; റോമർ 12:12; തീത്തൊസ് 2:13) ഈ ലോകത്തിലെ ജീവിതം അനിശ്ചിതവും ഹ്രസ്വവുമായിരിക്കെ, ദൈവത്തിന്റെ പുതിയ ലോകത്തിലെ ജീവിതം ഇവിടെ ഭൂമിയിൽതന്നെ സന്തോഷത്തിനും സമൃദ്ധിക്കും സമാധാനത്തിനും മദ്ധ്യേ നിത്യമായിരിക്കും. (സങ്കീർത്തനം 37:3, 4 11) യേശുക്രിസ്തു പറഞ്ഞപ്രകാരം, “ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും?” ഒരാൾ ദൈവത്തിന്റെ പുതിയ ലോകത്തിലെ ജീവനുള്ള അവകാശം നഷ്ടമാക്കുന്നുവെങ്കിൽ നീങ്ങിപ്പോകുന്ന ഈ ലോകംകൊണ്ട് എന്തു പ്രയോജനമാണുള്ളത്? അത്തരമൊരു വ്യക്തിയുടെ ഇപ്പോഴത്തെ ഭൗതികവസ്തുക്കളുടെ ആസ്വാദനം വ്യർത്ഥവും നിഷ്ഫലവും ക്ഷണികവുമാണ്.—മത്തായി 16:26; സഭാപ്രസംഗി 1:14; മർക്കൊസ് 10:29, 30
9. (എ) യേശുവിന്റെ ഒരു അനുഗാമിയായിരിക്കാൻ ക്ഷണിക്കപ്പെട്ട ഒരു മനുഷ്യൻ സാവകാശം ആവശ്യപ്പെട്ടപ്പോൾ എന്തു ചെയ്യാനാണ് യേശു അയാളെ ഉപദേശിച്ചത്? (ബി) യേശുവിന്റെ മറുപടി നമ്മെ എങ്ങനെ ബാധിക്കണം?
9 തന്റെ അനുഗാമിയായിരിക്കാൻ യേശു ക്ഷണിച്ച ഒരു മനുഷ്യൻ ഇപ്രകാരം പറഞ്ഞു: “ഞാൻ മുമ്പേ പോയി എന്റെ അപ്പനെ കുഴിച്ചിടുവാൻ അനുവാദം തരേണം.” എന്തുചെയ്യാനാണ് യേശു അയാളെ ഉപദേശിച്ചത്? തന്റെ മാതാപിതാക്കൾ അവരുടെ ശിഷ്ടജീവിതം പൂർത്തിയാക്കുന്നതുവരെ വെറുതെ കാത്തിരിക്കാൻ വേണ്ടി അയാൾ ഏററം ജീവൽപ്രധാനമായ വേല നീട്ടിവെക്കാൻ പോകയാണെന്നറിഞ്ഞുകൊണ്ട് യേശു ഇപ്രകാരം മറുപടി പറഞ്ഞു: “മരിച്ചവർ തങ്ങളുടെ മരിച്ചവരെ കുഴിച്ചിടട്ടെ; നീയോ പോയി ദൈവരാജ്യം അറിയിക്ക.” (ലൂക്കോസ് 9:59, 60) ക്രിസ്തുവിനെ അനുസരിച്ചുകൊണ്ടു ജ്ഞാനം പ്രകടമാക്കുന്നവർക്കു രാജ്യദൂത് പ്രസംഗിക്കാനുള്ള നിയോഗം നിറവേററുന്നതിൽനിന്നു പിന്തിരിയാൻ കഴിയുകയില്ല. ഈ ലോകവും അതിന്റെ ഭരണാധിപൻമാരും നാശത്തിനു വിധിക്കപ്പെട്ടിരിക്കുന്നുവെന്ന് അവർ തിരിച്ചറിയാൻ ദിവ്യജ്ഞാനം ഇടയാക്കുന്നു. (1 കൊരിന്ത്യർ 2:6; 1 യോഹന്നാൻ 2:17) ദിവ്യ ഇടപെടലിലും ഭരണത്തിലും മാത്രമാണ് മനുഷ്യവർഗ്ഗത്തിന്റെ ഏക യഥാർത്ഥ പ്രത്യാശ എന്നു ദൈവത്തിന്റെ പരമാധികാരത്തെ പിന്താങ്ങുന്നവർക്ക് അറിയാം. (സെഖര്യാവു 9:10) ഈ ലോകത്തിന്റെ ജ്ഞാനമുള്ളവർ ദൈവത്തിന്റെ രാജ്യത്തിൽ വിശ്വസിക്കാതെയും ആ സ്വർഗ്ഗീയ ഗവൺമെൻറ് ആഗ്രഹിക്കാതെയുമിരിക്കുമ്പോൾ ദിവ്യജ്ഞാനത്താൽ നയിക്കപ്പെടുന്നവർ സഹമനുഷ്യരെ യഹോവ വാഗ്ദാനം ചെയ്തിരിക്കുന്ന പുതിയ ലോകത്തിലെ നിത്യജീവനുവേണ്ടി സജ്ജരാക്കിക്കൊണ്ട് അവർക്കു യഥാർത്ഥ പ്രയോജനം കൈവരുത്തുന്ന കാര്യം ചെയ്യുന്നു.—യോഹന്നാൻ 3:16; 2 പത്രൊസ് 3:13.
‘നശിച്ചുപോകുന്നവർക്കു ഭോഷത്വം’
10. (എ) തർസോസിലെ ശൗൽ മാനസാന്തരപ്പെട്ടപ്പോൾ അവൻ ഏതു വേലയാണ് ഏറെറടുത്തത്, അവൻ അതിനെ എങ്ങനെ വീക്ഷിച്ചു? (ബി) പുരാതന ഗ്രീക്കുകാർ എന്തിലാണ് പ്രശസ്തരായിരുന്നത്, എന്നാൽ അവരുടെ ജ്ഞാനത്തെ ദൈവം എങ്ങനെ വീക്ഷിച്ചു?
10 യേശുക്രിസ്തുവിന്റെ അപ്പോസ്തലനായ, പൗലോസായിത്തീർന്ന തർസോസിലെ ശൗൽ ജീവരക്ഷാകരമായ ഈ വേല ഏറെറടുത്തു. യേശുക്രിസ്തു ശൗലിനെ മാനസാന്തരപ്പെടുത്തിയപ്പോൾ അവൻ ഭോഷത്വമായ ഒരു പ്രവർത്തനത്തിൽ ഏർപ്പെടാൻ അവനെ നിയോഗിക്കുകയായിരുന്നു എന്നു ചിന്തിക്കുന്നതു യുക്തിസഹമാണോ? പൗലോസ് അങ്ങനെ വിചാരിച്ചില്ല. (ഫിലിപ്പിയർ 2:16) ആ കാലത്തു ഗ്രീക്കുകാർ ലോകത്തിലേക്കും ഏററം ബുദ്ധിമാൻമാരായ മനുഷ്യരായി വീക്ഷിക്കപ്പെട്ടിരുന്നു. അവർ തങ്ങളുടെ വലിയ തത്ത്വശാസ്ത്രജ്ഞൻമാരെയും ജ്ഞാനികളായ പുരുഷൻമാരെയും കുറിച്ചു വീമ്പു പറഞ്ഞിരുന്നു. പൗലോസ് ഗ്രീക്കു ഭാഷ സംസാരിച്ചെങ്കിലും അവൻ ഗ്രീക്കു തത്ത്വജ്ഞാനത്തിന്റെയും പഠനത്തിന്റെയും പിന്നാലെപോയില്ല. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ഈ ലോകത്തിന്റെ അത്തരം ജ്ഞാനം ദൈവത്തിനു ഭോഷത്വമാണ്.a പൗലോസ് ദിവ്യജ്ഞാനം തേടി, അതു വീടുതോറും സുവാർത്ത പ്രസംഗിക്കാൻ അവനെ പ്രേരിപ്പിച്ചു. എക്കാലത്തേയും ഏററം മഹാനായ പ്രസംഗകൻ യേശുക്രിസ്തു മാതൃകവയ്ക്കുകയും അതേ വേല ചെയ്യാൻ അവനു നിർദ്ദേശം നല്കുകയും ചെയ്തിരുന്നു.—ലൂക്കോസ് 4:43; പ്രവൃത്തികൾ 20:20, 21; 26:15-20; 1 കൊരിന്ത്യർ 9:16.
11. തന്റെ പ്രസംഗ നിയോഗത്തെ സംബന്ധിച്ചും ലോകത്തിന്റെ ജ്ഞാനത്തെ സംബന്ധിച്ചും പൗലോസ് പറഞ്ഞതിന്റെ സാരമെന്തായിരുന്നു?
11 പ്രസംഗിക്കാനുള്ള തന്റെ നിയോഗത്തെക്കുറിച്ചു പൗലോസ് ഇപ്രകാരം പറയുന്നു: “സുവിശേഷം അറിയിപ്പാനത്രേ ക്രിസ്തു എന്നെ അയച്ചതു; ക്രിസ്തുവിന്റെ ക്രൂശു വ്യർത്ഥമാകാതിരിക്കേണ്ടതിന്നു വാക്ചാതുര്യത്തോടെ അല്ല താനും. ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു. “ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കയും ബുദ്ധിമാൻമാരുടെ ബുദ്ധി ദുർബ്ബലമാക്കുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ. ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിലെ താർക്കികൻ എവിടെ? ലോകത്തിന്റെ ജ്ഞാനം ദൈവം ഭോഷത്വമാക്കിയില്ലയോ? ദൈവത്തിന്റെ ജ്ഞാനത്തിൽ ലോകം ജ്ഞാനത്താൽ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്വത്താൽ [പ്രസംഗിക്കപ്പെടുന്നതിന്റെ ഭോഷത്വത്താൽ, NW] രക്ഷിപ്പാൻ ദൈവത്തിനു പ്രസാദം തോന്നി.”—1 കൊരിന്ത്യർ 1:17-21.
12. “പ്രസംഗിക്കപ്പെടുന്നതിന്റെ ഭോഷത്വത്താ”ൽ യഹോവ എന്താണ് സാധിച്ചുകൊണ്ടിരിക്കുന്നത്, “ഉയരത്തിൽ നിന്നുള്ള ജ്ഞാനം” ആഗ്രഹിക്കുന്നവർ എങ്ങനെ പ്രതികരിക്കും?
12 അവിശ്വസനീയമെന്നു തോന്നിയേക്കാമെങ്കിലും, ഭോഷൻമാരെന്നു ലോകം വിളിക്കുന്നവരെത്തന്നെയാണ് യഹോവ തന്റെ പ്രസംഗകരായി ഉപയോഗിക്കുന്നത്. അതെ, ഈ പ്രസംഗകരുടെ ശുശ്രൂഷയുടെ ഭോഷത്വത്താൽ ദൈവം വിശ്വസിക്കുന്നവരെ രക്ഷിക്കുന്നു. ഈ “ഭോഷത്വ”ത്തിന്റെ പ്രസംഗകർക്ക് തങ്ങളെത്തന്നെ മഹത്വീകരിക്കാൻ കഴിയാത്തവണ്ണവും തങ്ങൾ ആരിൽ നിന്ന് സുവാർത്ത കേട്ടുവോ അവരെ മററു മനുഷ്യർക്ക് ഉചിതമായി മഹത്വീകരിക്കാൻ കഴിയാത്തവണ്ണവും യഹോവ കാര്യങ്ങൾ ക്രമീകരിക്കുന്നു. അത് “ഒരു ജഡവും ദൈവസന്നിധിയിൽ പ്രശംസിക്കാതിരിക്കേണ്ടതിന്നു” ആണ്. (1 കൊരിന്ത്യർ 1:28-31; 3:6, 7) പ്രസംഗകൻ ഒരു സുപ്രധാന പങ്കു വഹിക്കുന്നു എന്നതു സത്യം തന്നെ. എന്നാൽ ഏതു ദൂതു പ്രസംഗിക്കാൻ അയാൾ നിയോഗിക്കപ്പെട്ടുവോ അതാണ് ഒരുവൻ വിശ്വസിക്കുന്നുവെങ്കിൽ അയാളുടെ രക്ഷക്ക് കാരണമായിത്തീരുന്നത്. “ഉയരത്തിൽ നിന്നുള്ള ജ്ഞാനം” ആഗ്രഹിക്കുന്നവർ പ്രസംഗകൻ ഭോഷനോ എളിയവനോ പീഡിപ്പിക്കപ്പെടുന്നവനോ ആയി കാണപ്പെടുന്നതുകൊണ്ടോ അയാൾ വീടുതോറും പോകുന്നതുകൊണ്ടോ അയാളുടെ ദൂതിനെ നിന്ദിക്കുകയില്ല. മറിച്ച്, സൗമ്യരായവർ രാജ്യപ്രഘോഷകനെ യഹോവയാൽ നിയോഗിക്കപ്പെട്ടവനും ദൈവനാമത്തിൽ വരുന്നവനുമായ ഒരു പ്രസംഗകനെന്ന നിലയിൽ ആദരിക്കും. വാമൊഴിയായും അച്ചടിച്ച താളുകളിലൂടെയും പ്രസംഗകൻ കൊണ്ടുവരുന്ന ദൂതിന് അവർ വലിയ പ്രാധാന്യം കല്പിക്കും.—യാക്കോബ് 3:17; 1 തെസ്സലൊനീക്യർ 2:13.
13. (എ) ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ സംബന്ധിച്ചുള്ള പ്രസംഗത്തെ യഹൂദൻമാരും ഗ്രീക്കുകാരും എങ്ങനെയാണ് വീക്ഷിച്ചത്? (ബി) ഏതു കൂട്ടം ആളുകളിൽനിന്നു യേശുവിന്റെ അനുയായികളായിരിക്കാൻ അധികം പേർ വിളിക്കപ്പെട്ടില്ല, എന്തുകൊണ്ട്?
13 ദൈവത്തിന്റെ വഴികളെ സംബന്ധിച്ചുള്ള ചർച്ച തുടരവേ, പൗലോസ് ഇപ്രകാരം പറയുന്നു: “യെഹൂദൻമാർ അടയാളം ചോദിക്കയും യവനൻമാർ ജ്ഞാനം അന്വേഷിക്കയും ചെയ്യുന്നു; ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു; യഹൂദൻമാർക്കു ഇടർച്ചയും ജാതികൾക്കു ഭോഷത്വവുമെങ്കിലും യഹൂദൻമാരാകട്ടെ യവനൻമാരാകട്ടെ വിളിക്കപ്പെട്ട ഏവർക്കും ദൈവശക്തിയും ദൈവജ്ഞാനവുമായ ക്രിസ്തുവിനെ തന്നെ. ദൈവത്തിന്റെ ഭോഷത്വം മനുഷ്യരെക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാൾ ബലമേറിയതും ആകുന്നു. സഹോദരൻമാരെ, നിങ്ങളുടെ വിളിയെ നോക്കുവിൻ: ലോകാഭിപ്രായപ്രകാരം ജ്ഞാനികൾ ഏറെയില്ല, ബലവാൻമാർ ഏറെയില്ല, കുലീനൻമാരും ഏറെയില്ല. ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ഭോഷത്വമായതു തെരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ബലഹീതമായതു തെരഞ്ഞെടുത്തു”—1 കൊരിന്ത്യർ 1:22-27; യെശയ്യാവു 55:8, 9 താരതമ്യം ചെയ്യുക.
14. (എ) തങ്ങളുടെ സാക്ഷിപത്രങ്ങളെപ്പററി ചോദിച്ചാൽ യഹോവയുടെ സാക്ഷികൾ എന്തു ചൂണ്ടിക്കാണിക്കുന്നു? (ബി) ലോകത്തിന്റെ ജ്ഞാനം പ്രകടിപ്പിച്ചുകൊണ്ട് ഗ്രീക്കുകാരെ പ്രീതിപ്പെടുത്താൻ പൗലോസ് വിസമ്മതിച്ചതെന്തുകൊണ്ട്?
14 യേശു ഭൂമിയിലായിരുന്നപ്പോൾ, യഹൂദൻമാർ സ്വർഗ്ഗത്തിൽ നിന്ന് ഒരു അടയാളം ചോദിച്ചു. (മത്തായി 12:38, 39; 16:1) എന്നാൽ എന്തെങ്കിലും അടയാളം നൽകാൻ യേശു വിസമ്മതിച്ചു. അതുപോലെ, യഹോവയുടെ സാക്ഷികൾ ഇന്ന് അടയാളം പോലുള്ള സാക്ഷിപത്രങ്ങളൊന്നും പ്രദർശിപ്പിക്കാറില്ല. നേരെ മറിച്ചു, യെശയ്യാവു 61:1, 2; മർക്കൊസ് 13:10; വെളിപ്പാടു 22:17 എന്നിവപോലുള്ള ബൈബിൾ വാക്യങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം സുവാർത്ത പ്രസംഗിക്കാനുള്ള തങ്ങളുടെ നിയോഗത്തിലേക്കു അവർ വിരൽ ചൂണ്ടുന്നു. പുരാതന ഗ്രീക്കുകാർ ജ്ഞാനം, ഈ ലോകത്തിലെ കാര്യങ്ങളിലുള്ള ഉന്നത വിദ്യാഭ്യാസം, തേടി. പൗലോസ് ഈ ലോകത്തിന്റെ ജ്ഞാനത്തിൽ അഭ്യാസം ലഭിച്ചവനായിരുന്നെങ്കിലും അതിന്റെ പ്രകടനത്താൽ ഗ്രീക്കുകാരെ പ്രീതിപ്പെടുത്താൻ അവൻ വിസമ്മതിച്ചു. (പ്രവൃത്തികൾ 22:3) പൗരാണിക ഗ്രീക്കുഭാഷക്കു പകരം അവൻ സാധാരണക്കാരുടെ സംസാരഭാഷയിൽ സംസാരിക്കുകയും എഴുതുകയും ചെയ്തു. പൗലോസ് കൊരിന്ത്യരോട് ഇപ്രകാരം പറഞ്ഞു: “ഞാനും, സഹോദരൻമാരേ, നിങ്ങളുടെ അടുക്കൽ വന്നപ്പോൾ വചനത്തിന്റെയോ ജ്ഞാനത്തിന്റെയോ വൈഭവം കൂടാതെയത്രേ ദൈവത്തിന്റെ സാക്ഷ്യം നിങ്ങളോടു പ്രസ്താവിപ്പാൻ വന്നതു. . .നിങ്ങളുടെ വിശ്വാസത്തിനും മനുഷ്യരുടെ ജ്ഞാനമല്ല, ദൈവത്തിന്റെ ശക്തിതന്നെ ആധാരമായിരിക്കേണ്ടതിന്നു എന്റെ വചനവും എന്റെ പ്രസംഗവും ജ്ഞാനത്തിന്റെ വശീകരണ വാക്കുകളാൽ അല്ല, ആത്മാവിന്റെയും ശക്തിയുടെയും പ്രദർശനത്താലത്രേ ആയിരുന്നതു.—1 കൊരിന്ത്യർ 2:1-5.
15. സുവാർത്തയേ പരിഹസിക്കുന്നവരെ പത്രോസ് എന്തു അനുസ്മരിപ്പിക്കുന്നു, ഇന്നത്തെ സാഹചര്യം നോഹയുടെ നാളിലേതിനോടു സമാനമായിരിക്കുന്നതെങ്ങനെ?
15 ഈ അന്ത്യനാളുകളിൽ വരാനിരിക്കുന്ന ദൈവത്തിന്റെ പുതിയ ലോകത്തെയും ഈ ലോകത്തിന്റെ ആസന്നമായിരിക്കുന്ന അവസാനത്തെയും കുറിച്ചുള്ള സുവാർത്തയെ പരിഹസിക്കുന്നവരെ നോഹയുടെ നാളിലെ ലോകം “ജലപ്രളയത്തിൽ മുങ്ങിനശിച്ചു” എന്ന് അപ്പോസ്തലനായ പത്രോസ് അനുസ്മരിപ്പിക്കുന്നു. (2 പത്രൊസ് 3:3-7) ആ ആകസ്മിക വിപത്തിനെ അഭിമുഖീകരിച്ചപ്പോൾ നോഹ എന്തു ചെയ്തു? അവനെപ്പററി ഒരു പെട്ടക നിർമ്മാതാവ് എന്ന നിലയിൽ മാത്രമേ അനേകരും ചിന്തിക്കുന്നുള്ളു. എന്നാൽ പുരാതന ലോകത്തിൻമേൽ ദൈവം പ്രളയം വരുത്തിയപ്പോൾ “നീതിപ്രസംഗിയായ നോഹയെ ഏഴുപേരോടു കൂടെ പാലിച്ചു” എന്നു പത്രോസ് പറയുന്നു. (2 പത്രൊസ് 2:5) പ്രളയത്തിനു മുമ്പു ജീവിച്ചിരുന്ന അഭക്തരായ ആ മനുഷ്യർ നിസ്സംശയമായും നോഹ പ്രസംഗിച്ചതിനെ പരിഹസിക്കുകയും അവനെ ഭോഷനും യാഥാർത്ഥ്യബോധവും പ്രായോഗികബുദ്ധിയും ഇല്ലാത്തവനും എന്ന് വിളിക്കുകയും ചെയ്തു. യേശു നമ്മുടെ തലമുറയെ നോഹയുടെ നാളിനോട് ഉപമിച്ചതിനാൽ ഇന്നു യഥാർത്ഥ ക്രിസ്ത്യാനികൾ സമാനമായ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുകയാണ്. എന്നിരുന്നാലും ആളുകൾ പരിഹസിക്കുന്നുണ്ടെങ്കിലും രാജ്യസുവാർത്തയുടെ പ്രസംഗം വെറും സംസാരമല്ല. നോഹയാൽ നടത്തപ്പെട്ട പ്രസംഗം പോലെ അതു പ്രസംഗകനും അയാളെ ശ്രദ്ധിക്കുന്നവർക്കും രക്ഷയെ അർത്ഥമാക്കുന്നു!—മത്തായി 24:37-39; 1 തിമൊഥെയോസ് 4:16.
‘ജ്ഞാനികളായിത്തീരാൻവേണ്ടി ഭോഷൻമാരായിത്തീരൽ’
16. ഈ ലോകത്തിന്റെ ജ്ഞാനത്തിനു അർമ്മഗെദ്ദോനിൽ എന്തു സംഭവിക്കും, ദൈവത്തിന്റെ പുതിയ ലോകത്തിലേക്കു ആർ അതിജീവിക്കും
16 പെട്ടെന്നുതന്നെ, അർമ്മഗെദ്ദോനിൽ, യഹോവയാം ദൈവം “ജ്ഞാനികളുടെ ജ്ഞാന”മെല്ലാം നശിക്കാൻ ഇടയാക്കും. തങ്ങളുടെ പുതിയ ലോകക്രമം മനുഷ്യവർഗ്ഗത്തിനു മെച്ചപ്പെട്ട അവസ്ഥകൾ കൈവരുത്തുമെന്നു പ്രവചിച്ച “ബുദ്ധിമാൻമാരുടെ ബുദ്ധി അവൻ ദുർബ്ബലമാക്കും” “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധം” ഈ ലോകത്തിന്റെ തർക്കശാസ്ത്രവും തത്ത്വശാസ്ത്രവും ജ്ഞാനവും ഇല്ലായ്മ ചെയ്യും. (1 കൊരിന്ത്യർ 1:19; വെളിപ്പാടു 16:14-16) ആ യുദ്ധത്തെ അതിജീവിക്കുകയും ദൈവത്തിന്റെ പുതിയ ലോകത്തിൽ ജീവൻ നേടുകയും ചെയ്യുന്നത് ഈ ലോകം ഭോഷത്ത്വമെന്നു വിളിക്കുന്നത്—അതെ, യഹോവയുടെ മഹത്തായ രാജ്യസുവാർത്ത—അനുസരിക്കുന്നവർ മാത്രമായിരിക്കും.
17. യഹോവയുടെ സാക്ഷികൾ ‘ഭോഷൻമാ’രായിത്തീർന്നിരിക്കുന്നതെങ്ങനെ, ദൈവത്തിന്റെ സുവാർത്താപ്രസംഗകർ എന്തു ചെയ്യാൻ ദൃഢനിശ്ചയം ചെയ്തിട്ടുള്ളവരാണ്?
17 യഹോവയുടെ ആത്മാവിനാൽ നയിക്കപ്പെടുന്ന അവന്റെ സാക്ഷികൾ, ലോകം ഭോഷത്ത്വമെന്നു വിളിക്കുന്നതു പ്രസംഗിക്കാൻ ലജ്ജിക്കുന്നില്ല. ലോകപ്രകാരം ജ്ഞാനികളായിരിക്കാൻ ശ്രമിക്കുന്നതിനു പകരം അവർ ‘ഭോഷൻമാരാ’യിത്തീർന്നിരിക്കുന്നു. എങ്ങനെ? പൗലോസ് എഴുതിയ പ്രകാരം അവർ ജ്ഞാനികളായിരിക്കേണ്ടതിനു രാജ്യപ്രസംഗവേല നിർവ്വഹിച്ചുകൊണ്ട്: “താൻ ഈ ലോകത്തിൽ ജ്ഞാനി എന്നു നിങ്ങളിൽ ആർക്കെങ്കിലും തോന്നിയാൽ അവൻ ജ്ഞാനിയാകേണ്ടതിനു ഭോഷനായിത്തീരട്ടെ.” (1 കൊരിന്ത്യർ 3:18-20) യഹോവയുടെ സുവാർത്താപ്രസംഗകർക്കു തങ്ങളുടെ ദൂതിന്റെ ജീവരക്ഷാകരമായ മൂല്യം അറിയാം, അർമ്മഗെദ്ദോൻ യുദ്ധത്തിൽ ഈ ലോകവും അതിന്റെ ജ്ഞാനവും അവസാനിക്കുന്നതുവരെ അവർ നിറുത്താതെ അത് പ്രസംഗിച്ചുകൊണ്ടിരിക്കും. പെട്ടെന്നുതന്നെ യഹോവയാം ദൈവം തന്റെ അഖിലാണ്ഡ പരമാധികാരം സംസ്ഥാപിക്കുകയും “പ്രസംഗിക്കപ്പെടുന്ന ഭോഷത്വത്തിൽ” ഇപ്പോൾ വിശ്വസിക്കുകയും അതനുസരിക്കുകയും ചെയ്യുന്ന എല്ലാവർക്കും നിത്യജീവൻ കൈവരുത്തുകയും ചെയ്യും.
[അടിക്കുറിപ്പ്]
a പുരാതന ഗ്രീസിലെ ജ്ഞാനികളുടെ തത്ത്വശാസ്ത്രപരമായ തർക്കങ്ങളും അന്വേഷണങ്ങളുമെല്ലാമുണ്ടായിട്ടും അവർ പ്രത്യാശക്കുള്ള യഥാർത്ഥ അടിസ്ഥാനം കണ്ടെത്തിയില്ല എന്നാണ് അവരുടെ എഴുത്തുകൾ പ്രകടമാക്കുന്നത്. പൊഫസർമാരായ ജെ. ആർ സ്റെററെററും ശമുവേൽ ആൻഗസും ഇപ്രകാരം ചൂണ്ടിക്കാട്ടുന്നു: “യാതൊരു സാഹിത്യത്തിലും ഇതിലേറെ ജീവിതത്തിലെ ദുഃഖങ്ങളെയും സ്നേഹ നഷ്ടത്തെയും പ്രത്യാശയുടെ വഞ്ചനാത്മകതയെയും മരണത്തിന്റെ ക്രൂരതയെയും കുറിച്ചുള്ള പരിതാപകരമായ പ്രലപനം കാണപ്പെടുന്നില്ല.”—ഫങ്ക് ആൻഡ് വാഗ്നൽസ് ന്യൂ സ്ററാൻഡാർഡ് ബൈബിൾ ഡിക്ഷനറി (Funk and Wagnalls New Standard Bible Dictionary) 1936, Page 313.
നിങ്ങളുടെ ഉത്തരങ്ങൾ എന്താണ്?
◻ ഏതു രണ്ടുതരം ജ്ഞാനമാണുള്ളത്?
◻ ലോകജ്ഞാനത്തിന്റെ അടിസ്ഥാന ന്യൂനത എന്താണ്?
◻ സുവാർത്ത പ്രസംഗിക്കുന്നത് ഏററം പ്രായോഗിക മൂല്യമുള്ള സംഗതിയായിരിക്കുന്നത് എന്തുകൊണ്ട്?
◻ പെട്ടെന്നുതന്നെ ലോകത്തിന്റെ ജ്ഞാനത്തിനെല്ലാം എന്തു സംഭവിക്കും?
◻ ഭോഷത്വമെന്ന് ലോകം വിളിക്കുന്നതു പ്രസംഗിക്കാൻ യഹോവയുടെ സാക്ഷികൾ ലജ്ജിക്കുന്നില്ലാത്തത് എന്തുകൊണ്ട്?