ഒരു ഭാര്യയെന്ന നിലയിൽ സ്നേഹവും ബഹുമാനവും പ്രകടമാക്കുക
“ഭാര്യക്ക് തന്റെ ഭർത്താവിനോട് ആഴമായ ബഹുമാനം ഉണ്ടായിരിക്കണം.”—എഫേസ്യർ 5:33.
1. വിവാഹത്തിന്റെ ആധുനികാവസ്ഥയെക്കുറിച്ച് ഏതു ചോദ്യങ്ങൾ ഉദിക്കുന്നു?
സ്വാതന്ത്ര്യത്തിന്റെയും “വിമോചനത്തിന്റെയും ഈ ആധുനിക യുഗത്തിൽ വിവാഹത്തെ സംബന്ധിച്ച പരമ്പരാഗത വീക്ഷണത്തിന് ഗുരുതരമായ കുറേ പ്രഹരങ്ങളേററിട്ടുണ്ട്. ദശലക്ഷക്കണക്കിനു കുടുംബങ്ങൾ ഒരു പിതാവോ മാതാവോ ഇല്ലാതെ പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ഒരു നിയമാനുസൃത വിവാഹത്തിന്റെ പ്രയോജനം കൂടാതെ ഒരുമിച്ചുള്ള ജീവിതം അനേകർക്കും ഒരു പതിവായിത്തീർന്നിരിക്കുന്നു. എന്നാൽ അത് സ്ത്രീയും മാതാവുമായവളെ കൂടുതൽ സുരക്ഷിതത്വത്തിലേക്കു നയിച്ചിരിക്കുന്നുവോ? അത് കുട്ടികൾക്ക് സ്ഥിരത പ്രദാനംചെയ്തിരിക്കുന്നുവോ? ഈ മൂല്യത്തകർച്ചകൾ കുടുംബക്രമീകരണത്തിനുള്ളിലെ വർദ്ധിച്ച ബഹുമാനത്തിലേക്കു നയിച്ചിട്ടുണ്ടോ? മറിച്ച് ദൈവവചനം എന്താണ് ശുപാർശചെയ്യുന്നത്?
2. ആദാം ഒററക്ക് തുടരുന്നത് നല്ലതല്ലാഞ്ഞതെന്തുകൊണ്ട്?
2 ദൈവം ആദ്യ സ്ത്രീയെ സൃഷ്ടിക്കാനുള്ള തന്റെ ഉദ്ദേശ്യം വെളിപ്പെടുത്തിയപ്പോൾ അവൻ ഇങ്ങനെ പ്രസ്താവിച്ചു: “പുരുഷൻ തനിയെ തുടരുന്നത് അവന് നന്നല്ല.” മൃഗകുടുംബങ്ങളെ—കുഞ്ഞുങ്ങൾ സഹിതം ആണിനെയും പെണ്ണിനെയും—നിരീക്ഷിച്ച ശേഷം ആദാമിന്റെ വികാരം ആ പ്രസ്താവനയോടു യോജിച്ചിരിക്കാം. ആദാം സംതൃപ്തികരമായ ഒരു പറുദീസയിൽ പൂർണ്ണനായിരുന്നെങ്കിലും അവന് അവന്റെ തരത്തിലുള്ള ഒരാളുമായുള്ള സഖിത്വമില്ലായിരുന്നു. അവന് ബുദ്ധിശക്തിയും സംസാരപ്രാപ്തിയും ലഭിച്ചിരുന്നു, എന്നാൽ ഈ വരങ്ങൾ പങ്കിടുന്നതിന് അവന്റെ തരത്തിലുള്ള വേറെ സൃഷ്ടിയില്ലായിരുന്നു. എന്നിരുന്നാലും സാഹചര്യം പെട്ടെന്നു വ്യത്യസ്തമാകുമായിരുന്നു, എന്തുകൊണ്ടെന്നാൽ ദൈവം ഇങ്ങനെ പറഞ്ഞു: “ഞാൻ അവനുവേണ്ടി ഒരു സഹായിയെ, അവന്റെ ഒരു പൂരകമായി നിർമ്മിക്കാൻ പോകുകയാണ്.”—ഉല്പത്തി 2:18-20.
3. (എ) ഹവ്വാ ആദാമിന്റെ “തര”ത്തിലുള്ളവളായിരുന്നതെങ്ങനെ? (ബി) ഒരു പുരുഷൻ തന്റെ ഭാര്യയോടു “പററിനിൽക്കുന്നു”വെന്നതിന്റെ അർത്ഥമെന്ത്?
3 ഒരു അടിസ്ഥാനമായി ആദാമിന്റെ വാരിയെല്ലുകളിലൊന്നുപയോഗിച്ചുകൊണ്ടാണ് യഹോവ സ്ത്രീയായ ഹവ്വായെ സൃഷ്ടിച്ചത്. അതുകൊണ്ട് ഹവ്വാ അവന്റെ അതേ “തര”ത്തിലുള്ളവളായിരുന്നു. അവൾ ഒരു കീഴ്ത്തര മൃഗമായിരുന്നില്ല, പിന്നെയോ “[അവന്റെ] അസ്ഥിയിൽനിന്നുള്ള അസ്ഥിയും [അവന്റെ] മാംസത്തിൽനിന്നുള്ള മാംസവു”മായിരുന്നു. അതനുസരിച്ച്, നിശ്വസ്തരേഖ പറയുന്നു: “അതുകൊണ്ടാണ് ഒരു പുരുഷൻ തന്റെ അപ്പനെയും അമ്മയെയും വിടുന്നതും അവൻ തന്റെ ഭാര്യയോടു പററിനിൽക്കേണ്ടതും അവർ ഏകജഡമായിത്തീരേണ്ടതും.” (ഉല്പത്തി 2:23, 24) “പററിനിൽക്കുക” എന്നു വിവർത്തനംചെയ്തിരിക്കുന്ന എബ്രായപദത്തിന്റെ അക്ഷരീയ അർത്ഥം “വിശേഷാൽ, പശയാലെന്നപോലെ ദൃഢമായി ഒട്ടിനിൽക്കുക, പററിനിൽക്കുക” എന്നാണ്. (ജസേനിയസിന്റെ ഹീബ്രു ആൻഡ കാൽഡീ ലകസിക്കൻ ററു ദ ഓൾഡ റെറസററമെൻറ സക്രിപച്ചേഴസ) ഇത് യഥാർത്ഥത്തിൽ ഒരു ഭർത്താവും ഭാര്യയും വേർപിരിക്കാനാവാത്ത കൂട്ടുകാരായിരിക്കുന്നുവെന്ന ആശയം നൽകുന്നു. മറെറാരു പണ്ഡിതൻ “അത് പുരുഷന്റെയും സ്ത്രീയുടെയും ലൈംഗികബന്ധത്തെക്കാൾ കവിഞ്ഞതിനെ പരാമർശിക്കുകയും മുഴു ബന്ധത്തിലേക്കും വ്യാപിക്കുകയും ചെയ്യുന്നു” എന്നു പറയുന്നു. അങ്ങനെ, വിവാഹം ഒരു ക്ഷണിക ഭ്രമമല്ല. അത് നിലനിൽക്കുന്ന ഒരു ബന്ധമാണ്. ഒരുപക്ഷേ ചിലപ്പോൾ അകൽചയുണ്ടായാലും പരസ്പര ബഹുമാനവും മാന്യതയും ഉള്ളിടത്ത് ആ ഐക്യം അഭേദ്യമായിരിക്കണം.—മത്തായി 19:3-9.
4. സ്ത്രീ ഏതർത്ഥത്തിലാണ് പുരുഷന്റെ സഹായിയും പൂരകവുമായിരുന്നത്?
4 സ്ത്രീ പുരുഷന്റെ സഹായിയും പൂരകവുമായിരിക്കണമെന്ന് ദൈവം പറഞ്ഞു. അവർ ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടതുകൊണ്ട് അവർ അന്യോന്യമുള്ള തങ്ങളുടെ ബന്ധങ്ങളിൽ തന്റെ ഗുണങ്ങൾ—നീതി, സ്നേഹം, ജ്ഞാനം, ശക്തി എന്നിവ—പ്രകടമാക്കാൻ അവൻ പ്രതീക്ഷിക്കും. അതുകൊണ്ട്, ഹവ്വാ ഒരു “പൂരക”മായിരിക്കും, ഒരു മത്സരിയല്ല. കുടുംബം മത്സരിക്കുന്ന രണ്ടു കപ്പിത്താൻമാരുള്ള ഒരു കപ്പൽപോലെയായിരിക്കയില്ല, എന്നാൽ ആദാം ശിരഃസ്ഥാനം പ്രയോഗിക്കും.—1 കൊരിന്ത്യർ 11:3; എഫേസ്യർ 5:22-24; 1 തിമൊഥെയോസ് 2:12, 13.
5. അനേകം പുരുഷൻമാർ സ്ത്രീകളോടു പെരുമാറിയിരിക്കുന്നതെങ്ങനെ, അതിന് ദൈവത്തിന്റെ അംഗീകാരമുണ്ടോ?
5 എന്നിരുന്നാലും, ദൈവത്തിന്റെ സ്നേഹപൂർവകമായ ശിരഃസ്ഥാനത്തോടുള്ള ആദ്യ മാനുഷജോടിയുടെ മത്സരവും പാപവും അവരുടെ കുടുംബത്തിന്റെയും മറെറല്ലാ ഭാവികുടുംബങ്ങളുടെയും രൂപവൽക്കരണത്തിന് ഒരു വ്യത്യസ്ത രംഗം ഒരുക്കി. അവരുടെ പാപത്തിന്റെ ഫലത്തെയും മനുഷ്യവർഗ്ഗത്തിൻമേൽ അതിനുള്ള ഫലങ്ങളെയുംകുറിച്ചുള്ള മുന്നറിവോടെ യഹോവ ഹവ്വായോട് ഇങ്ങനെ പറഞ്ഞു: “നിന്റെ വാഞ്ഛ നിന്റെ ഭർത്താവിനോടായിരിക്കും, അവൻ നിന്നെ ഭരിക്കും.” (ഉല്പത്തി 3:16) നിർഭാഗ്യവശാൽ, നൂററാണ്ടുകളിൽ അനേകം ഭർത്താക്കൻമാർ ക്രൂരമായ ഒരു രീതിയിൽ ഭരിച്ചിട്ടുണ്ട്. ലോകത്തിലെല്ലാം സ്ത്രീകൾ അനേക വിധങ്ങളിൽ അപമാനിക്കപ്പെടുകയും തരംതാഴ്ത്തപ്പെടുകയും ചെയ്തിട്ടുണ്ട്, ചെയ്തുകൊണ്ടുമിരിക്കുന്നു. എന്നിരുന്നാലും, നാം ഫെബ്രുവരിലക്കത്തിലെ ലേഖനത്തിൽ കണ്ടതുപോലെ, ബൈബിൾ തത്വങ്ങളുടെ ബാധകമാക്കൽ പുരുഷൻമാരുടെ നിഷ്ഠുരഭരണത്തിന് അടിസ്ഥാനം നൽകുന്നില്ല. മറിച്ച്, അത് ആഴമായ ബഹുമാനത്തിന്റെ മൂല്യം ഊന്നിപ്പറയുന്നു.
ആഴമായ ബഹുമാനം—ഒരു വെല്ലുവിളി
6, 7. (എ) അവിശ്വാസികളായ ഭർത്താക്കൻമാരെ സത്യത്തിലേക്കു നേടാവുന്നതെങ്ങനെ? (ബി) ഒരു ഭാര്യ തന്റെ അവിശ്വാസിയായ ഭർത്താവിനോട് “ആഴമായ ബഹുമാനം” കാണിക്കുന്നതിൽ പരാജയപ്പെടാവുന്നതെങ്ങനെ?
6 അപ്പോസ്തലനായ പത്രോസ് നടത്ത സംബന്ധിച്ച ക്രിസ്തുവിന്റെ ദൃഷ്ടാന്തം വിവരിക്കുകയും യേശു ‘തന്റെ കാൽചുവടുകൾ അടുത്തുപിന്തുടരാൻ നമുക്ക് ഒരു മാതൃക’വെച്ചുവെന്ന് വിശദമാക്കുകയുംചെയ്തു. പിന്നീട് പത്രോസ് ഇങ്ങനെ പ്രസ്താവിച്ചു: “ഇതേ രീതിയിൽ, ഭാര്യമാരേ, നിങ്ങൾ നിങ്ങളുടെ സ്വന്തം ഭർത്താക്കൻമാർക്ക് കീഴ്പെട്ടിരിക്കുക, ആരെങ്കിലും വചനത്തോട് അനുസരണമുള്ളവരല്ലെങ്കിൽ ആഴമായ ബഹുമാനത്തോടുകൂടിയ നിങ്ങളുടെ നടത്തയുടെ ദൃക്സാക്ഷികളാകയാൽ അവരെ തങ്ങളുടെ ഭാര്യമാരുടെ നടത്തയിലൂടെ ഒരു വാക്കുംകൂടാതെ നേടേണ്ടതിനുതന്നെ.” (1 പത്രോസ് 2:21–3:2) ക്രിസ്തീയ ഭാര്യമാർക്ക് ഈ “ആഴമായ ബഹുമാനം” എങ്ങനെ പ്രകടമാക്കാൻ കഴിയും?
7 നമ്മുടെ ക്രിസ്തീയ സഹോദരിമാരിൽ അനേകർക്ക് അവിശ്വാസികളും ചിലപ്പോൾ എതിർപ്പുള്ളവരുമായ ഭർത്താക്കൻമാരാണുള്ളത്. ഈ സാഹചര്യങ്ങൾ അപ്പോൾ പത്രോസിന്റെ ബുദ്ധിയുപദേശം അസാധുവും നിരർത്ഥകവുമാണെന്ന് അർത്ഥമാക്കുന്നുണ്ടോ? ഇല്ല, “ആരെങ്കിലും വചനത്തോട് അനുസരണമുള്ളവരല്ലെ”ങ്കിൽ പോലും കീഴ്പെടലും ബഹുമാനവും ആവശ്യപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, എതിർപ്പുള്ള ഭർത്താവുള്ള ഒരു ക്രിസ്തീയ ഭാര്യ രാജ്യഹാളിൽ വന്ന് അയാളിൽനിന്ന് തനിക്ക് അനുഭവപ്പെട്ട ദുഷ്പെരുമാററങ്ങളെല്ലാം സഭയിലെ അനേകം സഹോദരിമാരോട് വിവരിച്ചുകൊണ്ട് അയാളെക്കുറിച്ച് കുശുകുശുക്കുന്നുവെങ്കിൽ അത് ആഴമായ ബഹുമാനത്തിന്റെ ഒരു ലക്ഷണമായിരിക്കുമോ? അവൾ അത് സഭയിലെ ഒരു സഹോദരനെ സംബന്ധിച്ചോ സഹോദരിയെ സംബന്ധിച്ചോ ആണു പറയുന്നതെങ്കിൽ അതിനെ എന്താണു വിളിക്കുക? കുശുകുശുപ്പ് അല്ലെങ്കിൽ ഒരുപക്ഷേ ഏഷണി എന്നുപോലും വിളിക്കപ്പെടും. അതുകൊണ്ട്, തന്റെ അവിശ്വാസിയായ ഭർത്താവിനെ താറടിക്കുന്നത് ഒരു ഭാര്യയുടെ ആഴമായ ബഹമാനത്തിന്റെ തെളിവല്ല. (1 തിമൊഥെയോസ് 3:11; 5:13) എന്നിരുന്നാലും എതിർപ്പുള്ള ചില സഹോദരിമാർക്ക് ഗൗരവമായ ഒരു പ്രശ്നമുണ്ടെന്ന് അംഗീകരിക്കേണ്ടതുണ്ട്. ക്രിസ്തീയ പരിഹാരമെന്താണ്? അവർക്ക് മൂപ്പൻമാരുടെ അടുക്കലേക്കു പോയി അവരുടെ സഹായവും ബുദ്ധിയുപദേശവും തേടാവുന്നതാണ്.—എബ്രായർ 13:17.
8. എതിർപ്പുള്ള ഒരു ഭർത്താവിന്റെ ചിന്താഗതി എന്തായിരിക്കാം?
8 മൂപ്പൻമാർക്ക് എതിർപ്പുള്ള ഒരു ഭർത്താവിനോട് നയപരമായി എങ്ങനെ ഇടപെടാൻ കഴിയും? ഒന്നാമതായി, അയാളുടെ വീക്ഷണത്തിൽ സാഹചര്യത്തെ കാണാൻ ശ്രമിക്കാവുന്നതാണ്. അയാളുടെ വാഗ്രൂപേണയോ ശാരീരികമോ ആയ അക്രമം ഭയത്തിലേക്കും അനന്തരം ഉഗ്രമായ പ്രതികരണത്തിലേക്കും നയിക്കാവുന്ന അജ്ഞതയുടെ മൂന്നു കണ്ണികളുള്ള ഒരു പ്രതിപ്രവർത്തനശൃംഖലയാൽ പ്രേരിപ്പിക്കപ്പെട്ടേക്കാം. ഇതു സംഭവിക്കുന്നതെന്തുകൊണ്ട്? ചിലപ്പോൾ മുൻവിധിയുള്ള കൂട്ടുജോലിക്കാരിൽനിന്ന് കേൾക്കുന്നതൊഴിച്ച് മറെറാന്നും ഭർത്താവിന് യഹോവയുടെ സാക്ഷികളെക്കുറിച്ച് അറിയാൻപാടില്ല. അയാളുടെ ഭാര്യ ബൈബിൾ പഠിക്കാൻ തുടങ്ങുന്നതിനുമുമ്പ് തന്നിലും തന്റെ മക്കളിലും തികച്ചും ശ്രദ്ധാലുവായിരുന്നിരിക്കാം, അത് അയാൾക്കറിയാം. അവൾ ഇപ്പോൾ മെച്ചപ്പെട്ട ഒരു ഭാര്യയും മാതാവുമായിരിക്കാമെങ്കിലും അയാളുടെ മനോഭാവം ഇതാണ്: ‘അവൾ മീററിംഗുകൾക്കുപോകാൻ വാരത്തിൽ മൂന്നു പ്രാവശ്യം എന്നെ ഉപേക്ഷിക്കുന്നു. ആ മീററിംഗുകളിൽ എന്തു നടക്കുന്നുവെന്ന് എനിക്കറിയാൻപാടില്ല. എന്നാൽ ആ ഹാളിൽ ചില സുമുഖരായ പുരുഷൻമാരുണ്ട്, കൂടാതെ . . . ’ അതെ, അയാളുടെ അജ്ഞത ദുശ്ശങ്കയിലേക്കും ഭയത്തിലേക്കും നയിച്ചേക്കാം. പിന്നീട് പ്രതിരോധത്തിനുള്ള പ്രതികരണം തുടങ്ങുകയായി. ഈ മനോഭാവങ്ങൾ കാണപ്പെടുന്നിടത്ത് മൂപ്പൻമാർക്ക് എങ്ങനെ സഹായിക്കാവുന്നതാണ്?—സദൃശവാക്യങ്ങൾ 14:30; 27:4.
9. ചില അവിശ്വാസികളായ ഭർത്താക്കൻമാരുടെ കാര്യത്തിൽ ഏതു നയപരമായ സമീപനം ഉപയോഗിക്കാം, ഇതിന് എന്തു ഫലമുണ്ടായിരിക്കാം?
9 ഒരുപക്ഷേ, മൂപ്പൻമാരിലൊരാൾക്ക് ഒരു വ്യക്തിപരമായ തലത്തിൽ ഭർത്താവിനെ പരിചയപ്പെടാൻ കഴിയും. (1 കൊരിന്ത്യർ 9:19-23) ഭർത്താവിന് ഒരു ഇലക്ട്രീഷ്യനോ മരപ്പണിക്കാരനോ പെയിൻററോ ആയി തൊഴിൽവൈദഗ്ദ്ധ്യം ഉണ്ടായിരിക്കാം. അയാൾ രാജ്യഹാളിലെ ഒരു ആവശ്യത്തിന് സഹായിക്കാൻ ആ വൈദഗ്ദ്ധ്യം ഉപയോഗിക്കാൻ മനസ്സുള്ളയാളായിരിക്കാം. ആ വിധത്തിൽ അയാൾ ഒരു യോഗത്തിനു ഹാജരാകാനുള്ള കടപ്പാടു കൂടാതെ രാജ്യഹാളിന്റെ അകം കാണാനിടയായേക്കാം. അയാൾ സഹോദരൻമാരുമായി പരിചയപ്പെടുമ്പോൾ തന്റെ ഭാര്യയോടും സത്യത്തോടുമുള്ള അയാളുടെ മനോഭാവം മയപ്പെട്ടേക്കാം. സഭയിലെ സ്നേഹവും സഹകരണത്തിന്റെ ആത്മാവും കാണുമ്പോൾ അയാൾ ഭാര്യയെ മീററിംഗിനു കൊണ്ടുവരാൻ തുടങ്ങുകപോലും ചെയ്തേക്കാം. അങ്ങനെ, ഒന്നു മറെറാന്നിലേക്കു നയിക്കുന്നതിനാൽ അയാൾ അല്പസമയം ശ്രദ്ധിക്കാൻ ഒരു യോഗസമയത്ത് അകത്തു കടന്നേക്കാം. അധികം താമസിയാതെ അയാൾ ഒരു ബൈബിളദ്ധ്യയനം തുടങ്ങണമെന്ന് ആവശ്യപ്പെട്ടേക്കാം. ഇതെല്ലാം സാധിക്കാവുന്നതാണ്, ചിലപ്പോൾ സാധിച്ചിട്ടുമുണ്ട്. അത്തരം സ്നേഹത്തിന്റെയും നയത്തിന്റെയും ഒരു ഭാര്യയുടെ “ആഴമായ ബഹുമാന”ത്തിന്റെയും സഹായത്താൽ ഇന്ന് വിശ്വാസികളായ ആയിരക്കണക്കിന് ഭർത്താക്കൻമാരുണ്ട്.—എഫേസ്യർ 5:33
അവളുടെ ഭവനത്തെ സൂക്ഷിക്കുന്നു
10, 11. പ്രാപ്തിയുള്ള ഒരു ഭാര്യയുടെ ഏതു വ്യത്യസ്ത വശങ്ങൾ ലമുവേൽരാജാവ് വർണ്ണിക്കുന്നു? (വെവ്വേറെ പരിചിന്തിക്കുക.)
10 ലമൂവേൽരാജാവിന് അവന്റെ അമ്മയിൽനിന്ന് ഒരു ആദർശവതിയായ ഭാര്യയെ സംബന്ധിച്ച് നല്ല ബുദ്ധിയുപദേശം ലഭിച്ചു. (സദൃശവാക്യങ്ങൾ 31:1) കഠിനാദ്ധ്വാനിയായ ഭാര്യയെയും അമ്മയെയും കുറിച്ചുള്ള സദൃശവാക്യങ്ങൾ 31:10-31-ലെ അവളുടെ വർണ്ണന ശ്രദ്ധാപൂർവം വായിക്കാൻ മൂല്യവത്താണ്. പ്രസ്പഷ്ടമായി അവൾക്ക് ദൈവത്തിന്റെ നീതിയുള്ള തത്വങ്ങൾ ബാധകമാക്കുന്നതിലും ആഴമായ ബഹുമാനം കാണിക്കുന്നതിലും അനുഭവപരിചയമുണ്ടായിരുന്നു.
11 “പ്രാപ്തിയുള്ള ഭാര്യ” വിശ്വാസയോഗ്യയും ആശ്രയിക്കാവുന്നവളും വിശ്വസ്തയുമാണെന്ന് ലമൂവേൽ എഴുതുന്നു. (വാക്യങ്ങൾ 10-12) അവൾ തന്റെ ഭർത്താവിനും മക്കൾക്കും ഭക്ഷണം കൊടുക്കാനും പരിപാലിക്കാനും കഠിനാദ്ധ്വാനംചെയ്യുന്നു. (വാക്യങ്ങൾ 13-19, 21, 24) അവൾ യഥാർത്ഥ ഞെരുക്കമുള്ളവരോട് ദയാലുവും ധർമ്മിഷ്ഠയുമാണ്. (വാക്യം 20) തന്റെ ബഹുമാനത്താലും നല്ല നടത്തയാലും അവൾ തന്റെ ഭർത്താവിന്റെ യശസ്സ് വർദ്ധിപ്പിക്കുന്നു. (വാക്യം 23) അവൾ അലസയായ ഒരു കുശുകുശുപ്പുകാരിയല്ല അല്ലെങ്കിൽ വിനാശകാരിയായ ഒരു വിമർശകയല്ല. മറിച്ച്, അവൾ തന്റെ നാവുകൊണ്ട് കെട്ടുപണിചെയ്യുകയും സൗഖ്യംവരുത്തുകയും ചെയ്യുന്നു. (വാക്യം 26) അവൾ മടിയുള്ളവളല്ലാത്തതുകൊണ്ട് അവൾക്ക് വൃത്തിയും ക്രമവുമുള്ള ഒരു വീടാണുള്ളത്. (വാക്യം 27) (യഥാർത്ഥത്തിൽ ഒരു ക്രിസ്തീയ ഭവനം പരിസരത്തെ ഏററം വൃത്തിയുള്ള ഭവനങ്ങളിലൊന്നായിരിക്കണം.) അവളുടെ ഭർത്താവും മക്കളും നന്ദികാണിക്കുകയും അവളെ പ്രശംസിക്കുകയും ചെയ്യുന്നു. കുടുംബത്തിനു പുറത്തുള്ളവരും അവളുടെ ഗുണങ്ങളെ വിലമതിക്കുന്നു. (വാക്യങ്ങൾ 28, 29, 31) അവളുടെ സൗന്ദര്യം തൊലിപ്പുറമേയുള്ളതല്ല; അത് ദൈവികവ്യക്തിത്വത്തോടെ ദൈവഭയമുള്ള ഒരു സ്ത്രീയുടെ സൗന്ദര്യമാണ്.—വാക്യം 30.
ശാന്തവും സൗമ്യവുമായ ഒരു ആത്മാവ
12. “ദൈവത്തിന്റെ ദൃഷ്ടിയിൽ വലിയ മൂല്യ”മുള്ളതെന്തിനാണ്, ഒരു സ്പാനീഷ് പഴമൊഴി ഈ ആശയം പ്രദീപ്തമാക്കുന്നതെങ്ങനെ?
12 പത്രോസ് ബാഹ്യസൗന്ദര്യത്തിന് അത്യധികമായ ശ്രദ്ധ കൊടുക്കാതിരിക്കാൻ ക്രിസ്തീയ സ്ത്രീയെ ബുദ്ധിയുപദേശിക്കുമ്പോൾ ഈ അവസാനത്തെ ആശയത്തെ പ്രതിദ്ധ്വനിപ്പിക്കുന്നു. അവൻ ഇങ്ങനെ പ്രോൽസാഹിപ്പിക്കുന്നു: “[നിങ്ങളുടെ] അലങ്കാരം ശാന്തവും സൗമ്യവുമായ ഒരു ആത്മാവിൽ ഹൃദയത്തിന്റെ രഹസ്യമനുഷ്യൻ ആയിരിക്കട്ടെ, അത് ദൈവത്തിന്റെ ദൃഷ്ടിയിൽ വലിയ വിലയുള്ളതാണ്.” (1 പത്രോസ് 3:3, 4) ‘ശാന്തവും സൗമ്യവുമായ ആത്മാവ് ദൈവത്തിന്റെ ദൃഷ്ടിയിൽ വലിയ വിലയുള്ളതാണെ’ന്നുള്ള ആശയം ശ്രദ്ധിക്കുക. അങ്ങനെ, അത്തരം ആത്മാവുള്ള ഒരു ക്രിസ്തീയ ഭാര്യയും മാതാവുമായവൾ തന്റെ ഭർത്താവിന് പ്രസാദമുള്ളവളാണെന്നു മാത്രമല്ല, അധികം പ്രധാനമായി, അവൾ പുരാതന കാലങ്ങളിലെ വിശ്വസ്ത സ്ത്രീകളെപ്പോലെ ദൈവത്തെ പ്രസാദിപ്പിക്കുകയുമാണ്. ഈ ആന്തരികസൗന്ദര്യം ഈ സ്പാനീഷ് മൊഴിയിലും പ്രതിഫലിക്കുന്നു: “ഒരു സുന്ദരിയായ സ്ത്രീ കണ്ണുകളെ പ്രസാദിപ്പിക്കുന്നു. ഒരു നല്ല സ്ത്രീ ഹൃദയത്തെ പ്രസാദിപ്പിക്കുന്നു. ആദ്യത്തേത് രത്നമാണെങ്കിൽ ഒടുവിലത്തേത് നിക്ഷേപമാണ്.”
13. ഒരു ഭാര്യക്ക് തന്റെ മക്കളുടെമേൽ നവോൻമേഷപ്രദമായ എന്തു ഫലമുണ്ടായിരിക്കാൻ കഴിയും?
13 ഒരു ക്രിസ്തീയ ഭാര്യക്ക് തന്റെ കുടുംബത്തിലുള്ള എല്ലാവർക്കും നവോൻമേഷം പകരാൻ കഴിയും. (മത്തായി 11:28-30 താരതമ്യപ്പെടുത്തുക.) കുട്ടികൾ അവളുടെ ഭർത്താവിനോടുള്ള അവളുടെ ബഹുമാനം കാണുമ്പോൾ അവർ തങ്ങളുടെ മാതാപിതാക്കൻമാരോടും കുടുംബത്തിനു പുറത്തുള്ളവരോടുമുള്ള തങ്ങളുടെ ഇടപെടലുകളിൽ ആ ബഹുമാനം പ്രതിഫലിപ്പിക്കും. തൽഫലമായി, ക്രിസ്തീയ കുട്ടികൾ ദയയും പരിഗണനയുമുള്ളവരായിരിക്കും. കുട്ടികൾ വീട്ടുജോലികൾ ചെയ്യാൻ നിർബന്ധിക്കപ്പെടേണ്ടതില്ലാതെ മനസ്സോടെ ചെയ്യുമ്പോൾ അതെത്ര നവോൻമേഷപ്രദമാണ്! അവരുടെ നിസ്വാർത്ഥത ഭവനത്തിന്റെ സന്തുഷ്ടിക്കു സംഭാവനചെയ്യുന്നു, ഒരു അമ്മയുടെ അംഗീകാരത്തിന്റെ പുഞ്ചിരി മതിയായ പ്രതിഫലമാണ്.
14. ശിക്ഷണത്തിന്റെ ആവശ്യം ഏതു വെല്ലുവിളിയിലേക്കു നയിച്ചേക്കാം?
14 എന്നാൽ ശിക്ഷണം ആവശ്യമായിരിക്കുന്ന സമയങ്ങളെ സംബന്ധിച്ചെന്ത്? മാതാപിതാക്കളെപ്പോലെ കുട്ടികൾ തെററുകൾ ചെയ്യുന്നു. ചിലപ്പോൾ അവർ അനുസരിക്കാതിരിക്കുന്നു. പിതാവ് സ്ഥലത്തില്ലെങ്കിൽ ക്രിസ്തീയ മാതാവ് എങ്ങനെ പ്രതികരിക്കും? അവൾ തങ്ങളുടെ കുട്ടികളുടെ മാന്യതയെ തുടർന്ന് ആദരിക്കുമോ? അതോ അവരെക്കൊണ്ട് അനുസരിപ്പിക്കാനുള്ള ശ്രമത്തിൽ അവൾ അലറുകയും ഒച്ചവെക്കുകയും ചെയ്യുമോ? ശരി, ശബ്ദത്തിന്റെ വ്യാപ്തത്തിൽനിന്ന് ഒരു കുട്ടി പാഠം പഠിക്കുമോ? അതോ ശാന്തമായി ന്യായവാദംചെയ്യുന്ന ഒരു ശബ്ദത്തിന് കൂടുതൽ ഫലമുണ്ടായിരിക്കുമോ?—എഫേസ്യർ 4:31, 32.
15. കുട്ടികളുടെ അനുസരണംസംബന്ധിച്ച് ഗവേഷകർ എന്തു കണ്ടെത്തിയിരിക്കുന്നു?
15 കുട്ടികളുടെ അനുസരണത്തെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് സൈക്കോളജി ററുഡേ എന്ന മാസിക ഇങ്ങനെ പ്രസ്താവിച്ചു: “അടുത്ത കാലത്തെ പഠനമനുസരിച്ച് എന്തെങ്കിലും ചെയ്യരുതെന്ന് നിങ്ങൾ നിങ്ങളുടെ കുട്ടികളോട് എത്ര ഉച്ചത്തിൽ പറയുന്നുവോ അത്രക്ക് അവർ ചെയ്യരുതെന്നു നിങ്ങളാഗ്രഹിക്കുന്നതുതന്നെ അവർ ചെയ്യും.” മറിച്ച്, മുതിർന്നവർ സൗമ്യമായി സംസാരിക്കുമ്പോൾ കുട്ടികൾ അധികമായ വൈമനസ്യം കൂടാതെ അനുസരിക്കാൻ ചായ്വു കാണിക്കുന്നു എന്ന് ഗവേഷകൻമാർ കണ്ടെത്തിയിട്ടുണ്ട്. തീർച്ചയായും, അനന്തമായ കർക്കശമായ കല്പനകൾ കൊണ്ട് ഒരു കുട്ടിയെ പ്രകോപിപ്പിക്കുന്നതിനു പകരം അവനുമായി ന്യായവാദം ചെയ്യുന്നത് വിശേഷാൽ പ്രധാനമാണ്.—എഫേസ്യർ 6:4; 1 പത്രോസ് 4:8.
ശാരീരികബന്ധത്തിൽ ബഹുമാനം
16. ഒരു ഭാര്യക്ക് തന്റെ ഭർത്താവിന്റെ വൈകാരികാവശ്യങ്ങൾ സംബന്ധിച്ച് എങ്ങനെ പരിഗണന കാണിക്കാം, എന്തു പ്രയോജനത്തോടെ?
16 ഭാര്യ കൂടുതൽ ദുർബലമായ ശരീരഘടനയോടുകൂടിയവളായതുകൊണ്ട് ഒരു ഭർത്താവ് അവളോട് പരിഗണന കാണിക്കേണ്ടതുള്ളതുപോലെ, ഒരു ഭാര്യ തന്റെ ഭർത്താവിന്റെ വൈകാരികവും ലൈംഗികവുമായ ആവശ്യങ്ങൾ തിരിച്ചറിയണം. ഒരു ഭർത്താവും ഭാര്യയും അങ്ങോട്ടുമിങ്ങോട്ടും പ്രീതി കാട്ടുകയും പരസ്പരം തൃപ്തിപ്പെടുത്തുകയും വേണമെന്ന് ബൈബിൾ സൂചിപ്പിക്കുന്നു. അതിന് പരസ്പരമുള്ള ആവശ്യങ്ങളോടും പ്രകൃതങ്ങളോടും സംവേദനം ആവശ്യമാണ്. ഈ പരസ്പര സംതൃപ്തി ഒരു പങ്കാളിക്കും അലഞ്ഞുനടക്കുന്ന ഒരു ശരീരത്തിലേക്കു നയിക്കാവുന്ന അലഞ്ഞുതിരിയുന്ന കണ്ണില്ലെന്ന് ഉറപ്പുവരുത്തുന്നതിനും സഹായിക്കും.—സദൃശവാക്യങ്ങൾ 5:15-20.
17. ഒരു ഭർത്താവും ഭാര്യയും വിവാഹധർമ്മം അനുഷ്ഠിക്കുന്നതുസംബന്ധിച്ച് എങ്ങനെ വീക്ഷിക്കണം?
17 തീർച്ചയായും, പരസ്പര ബഹുമാനമുള്ളടത്ത് പങ്കാളികളിലാരും ലൈംഗികാവശ്യങ്ങളെ ഒരു മനഃശാസ്ത്രപരമായ ആയുധമായി ഉപയോഗിക്കുകയില്ല. ഓരോരുത്തരും മറെറയാൾക്ക് ദാമ്പത്യധർമ്മം അനുഷ്ഠിക്കണം. താൽക്കാലികമായ വർജ്ജനമുണ്ടെങ്കിൽ അത് പരസ്പരസമ്മതത്താൽ ആയിരിക്കണം. (1 കൊരിന്ത്യർ 7:1-5) ദൃഷ്ടാന്തമായി, ചിലപ്പോൾ ഒരു ഭർത്താവ് വാച്ച്ടവർ സൊസൈററിയുടെ സ്ഥലത്തെ ബ്രാഞ്ചാഫീസിലെ ഒരു താൽക്കാലിക നിർമ്മാണവേലക്കായി അല്ലെങ്കിൽ മറെറന്തെങ്കിലും ദിവ്യാധിപത്യ പദ്ധതിക്കായി ദൂരെ പോയിരിക്കുകയായിരിക്കാം. അങ്ങനെയെങ്കിൽ, അയാൾക്ക് തന്റെ ഭാര്യയുടെ പൂർണ്ണഹൃദയത്തോടെയുള്ള സമ്മതമുണ്ടെന്ന് ഉറപ്പുണ്ടായിരിക്കണം. അങ്ങനെയുള്ള ഒരു വേർപാട് കുടുംബത്തിന് ആത്മീയാനുഗ്രഹങ്ങളും വരുത്തിയേക്കാം, അതായത്, വീട്ടിൽ മടങ്ങിവന്ന് ഭർത്താവു പറയുന്ന പ്രോൽസാഹകമായ അനുഭവങ്ങളുടെ രൂപത്തിൽ.
സഹോദരിമാരുടെ പ്രാധാന്യമുള്ള ധർമ്മം
18. ഒരു മൂപ്പന്റെ ഭാര്യ കൂടിയ ഉത്തരവാദിത്വം വഹിക്കുന്നതെങ്ങനെ?
18 ഒരു ക്രിസ്തീയസ്ത്രീയുടെ ഭർത്താവ് ഒരു മൂപ്പനായിരിക്കുമ്പോൾ അവൾക്ക് കൂടിയ ഉത്തരവാദിത്വമുണ്ട്. ഒന്നാമതായി, അയാളുടെ ഭാരങ്ങൾ വലുതാണ്. അയാൾ സഭയുടെ ആത്മീയാവസ്ഥക്ക് യഹോവയോട് സമാധാനം പറയണം. (എബ്രായർ 13:17) എന്നാൽ ഒരു മൂപ്പന്റെ ഭാര്യയും ഒരു പ്രായമേറിയ സ്ത്രീയുമെന്ന നിലയിൽ അവളുടെ ആദരവോടുകൂടിയ മാതൃകയും ജീവൽപ്രധാനമാണ്. (1 തിമൊഥെയോസ് 5:9, 10; തീത്തോസ് 2:3-5 താരതമ്യപ്പെടുത്തുക.) മിക്ക മൂപ്പൻമാരുടെയും ഭാര്യമാർ തങ്ങളുടെ ഭർത്താക്കൻമാരെ പിന്താങ്ങിക്കൊണ്ട് എത്ര നല്ല മാതൃകയാണ് വെക്കുന്നത്! മിക്കപ്പോഴും, ഭർത്താവ് സഭാകാര്യങ്ങളിൽ ശ്രദ്ധിച്ചുകൊണ്ട് ദൂരെയായിരിക്കേണ്ടതുണ്ട്. ഒരുപക്ഷേ അവളുടെ ജിജ്ഞാസ ഉണർത്തപ്പെടുന്നു. എന്നിരുന്നാലും, ദൈവികഭക്തിയുള്ള ഒരു ഭാര്യ വിശ്വസ്തതയോടെ മററുള്ളവരുടെ കാര്യങ്ങളിൽ തലയിടുന്നയാളെപ്പോലെ സഭാകാര്യങ്ങൾ ചികഞ്ഞ് അന്വേഷിക്കുന്നില്ല.—1 പത്രോസ് 4:15.
19. ഒരു മൂപ്പനെ സംബന്ധിച്ച് ‘ഒരു കുടുംബത്തെ ഭരിക്കുന്നതിൽ’ എന്തുൾപ്പെട്ടിരിക്കാം?
19 എന്നിരുന്നാലും, ഭാര്യ പരിപുഷ്ടിപ്പെടുത്താത്ത മനോഭാവങ്ങൾ പ്രകടമാക്കുന്നുവെങ്കിൽ, അല്ലെങ്കിൽ അവൾ മററു സഹോദരിമാർക്ക് നല്ല മാതൃക വെക്കാത്തപ്പോൾ മൂപ്പൻ അവളെ ബുദ്ധിയുപദേശിക്കേണ്ടതുണ്ട്. ‘കുടുംബത്തെ നല്ല രീതിയിൽ ഭരിക്കുക’യെന്നതിൽ കുട്ടികൾ മാത്രമല്ല ഭാര്യയും ഉൾപ്പെടുന്നു. ഈ തിരുവെഴുത്തുപരമായ പ്രമാണത്തിന്റെ ബാധകമാക്കൽ ചില ഭാര്യമാരുടെ താഴ്മയെ പരിശോധിച്ചേക്കാം.—1 തിമൊഥെയോസ് 3:4, 5, 11; എബ്രായർ 12:11.
20. പുരാതനവും ആധുനികവുമായ കാലങ്ങളിലെ വിവാഹിതരും അവിവാഹിതരുമായ സഹോദരിമാരുടെ ചില നല്ല ദൃഷ്ടാന്തങ്ങൾ പറയുക. (വാച്ച്ററവർ പബ്ലിക്കേഷൻസ ഇൻഡകസ 1930-1985ൽ “യഹോവയുടെ സാക്ഷികളുടെ ജീവിതകഥകൾ” കാണുക.)
20 അവിവാഹിതരായ സഹോദരിമാർക്കും സഭയിലെ ഭാര്യമാരുടെ ബഹുമാനപുരസ്സരമായ ധർമ്മത്തെക്കുറിച്ച് വിചിന്തനംചെയ്യാൻ കഴിയും. തിരുവെഴുത്തിലും ഇന്നത്തെ സഭകളിലും നല്ല വിശ്വസ്തരായ സഹോദരിമാരുടെ ഉത്തമമായ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്! ഒരു ഏകാകിനിയായ സഹോദരിയായിരിക്കാനിടയുള്ള ഡോർക്കാസ് അവളുടെ “സൽപ്രവൃത്തികൾ” നിമിത്തം അതിയായി അഭിനന്ദിക്കപ്പെട്ടു. (പ്രവൃത്തികൾ 9:36-42) പ്രിസ്ക്കയും ഫേബയും സത്യത്തിനുവേണ്ടി തീക്ഷ്ണതയുള്ളവരായിരുന്നു. (റോമർ 16:1-4) അതുപോലെ, ഇന്ന് വിവാഹിതരായാലും അവിവാഹിതരായാലും നമ്മുടെ അനേകം സഹോദരിമാർ പ്രമുഖരായ മിഷനറിമാരും പയനിയർമാരും പ്രസാധകരുമാണ്. അതേസമയം, അത്തരം ദൈവഭക്തിയുള്ള സ്ത്രീകൾ വൃത്തിയും ക്രമവുമുള്ള വീടുകൾ സൂക്ഷിക്കുകയും ഒരിക്കലും കുടുംബങ്ങളെ അവഗണിക്കാതിരിക്കുകയും ചെയ്യുന്നു. അവരുടെ എണ്ണവും സാഹചര്യങ്ങളും നിമിത്തം മിക്കപ്പോഴും പ്രസംഗവേലയുടെ അധികപങ്കും നിർവഹിക്കുന്നത് അവരാണ്.—സങ്കീർത്തനം 68:11.
21. വിശ്വസ്തരായ സഹോദരിമാർ തങ്ങളുടെ ക്രിസ്തീയസഹോദരൻമാർക്ക് ഒരു പ്രോൽസാഹനമായിരിക്കുന്നതെങ്ങനെ?
21 സഭയിലെ വിശ്വസ്തസഹോദരിമാർ പരിപുഷ്ടിപ്പെടുത്തുന്ന മർമ്മപ്രധാനമായ ഒരു ധർമ്മം അനുഷ്ഠിക്കുന്നു. അവരുടെ തീക്ഷ്ണതയും മാതൃകയും സഹോദരൻമാർക്കും ക്രിസ്തീയസഭക്കു പൊതുവിലും ഒരു പ്രോൽസാഹനമാണ്. അവർ തീർച്ചയായും പൂരകങ്ങളും സഹായികളുമാകുന്നു. (ഉല്പത്തി 2:18 താരതമ്യപ്പെടുത്തുക) അവർ എത്ര യഥാർത്ഥ സ്നേഹവും ബഹുമാനവുമാണ് അർഹിക്കുന്നത്! ക്രിസ്തീയ വിവാഹിത ഇണകൾക്ക് പൗലോസിന്റെ ഈ ബുദ്ധിയുപദേശം തീർച്ചയായും ഉചിതമാണ്: “നിങ്ങളിൽ ഓരോരുത്തരും വ്യക്തിപരമായി തന്നെത്താൻ സ്നേഹിക്കുന്നതുപോലെ തന്റെ ഭാര്യയെ സ്നേഹിക്കട്ടെ; മറിച്ച്, ഭാര്യക്ക് തന്റെ ഭർത്താവിനോട് ആഴമായ ബഹുമാനമുണ്ടായിരിക്കണം.”—എഫേസ്യർ 5:33 (w89 5⁄15)
നിങ്ങൾ ഓർമ്മിക്കുന്നുവോ?
◻പൂർണ്ണമനുഷ്യനും സ്ത്രീക്കുംവേണ്ടി ദൈവം വെച്ച ആദ്യ ധർമ്മങ്ങൾ എന്തായിരുന്നു?
◻അവിശ്വാസികളായ ഭർത്താക്കൻമാരെ സത്യത്തിലേക്ക് എങ്ങനെ നേടാം?
◻പ്രാപ്തിയുള്ള ഒരു ഭാര്യയുടെ മുന്തിയ ഗുണങ്ങളെന്തൊക്കെയാണ്?
◻ഒരു ക്രിസ്തീയഭാര്യക്ക് ‘ശാന്തവും സൗമ്യവുമായ ഒരു ആത്മാവ്’ പ്രകടമാക്കാവുന്നതെങ്ങനെ?
◻ഇണകൾ തമ്മിലുള്ള ശാരീരികബന്ധങ്ങൾ സംബന്ധിച്ച് ഏതു സമനില ആവശ്യമാണ്?
[22-ാം പേജിലെ ചിത്രം]
കുടുംബം മത്സരിക്കുന്ന രണ്ടു കപ്പിത്താൻമാരുള്ള ഒരു കപ്പൽപോലെയായിരിക്കരുത്
[24-ാം പേജിലെ ചിത്രം]
ഒരു അവിശ്വാസിയായ ഭർത്താവ് തന്റെ ഭാര്യയുടെ യോഗഹാജരോ മററു ക്രിസ്തീയപ്രവർത്തനങ്ങളോ സംബന്ധിച്ച് ദുശ്ശങ്കയോ ഏറെക്കുറേ ഭയമോ ഉള്ളവനായേക്കാം. അയാളെ എങ്ങനെ സഹായിക്കാം?