വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വിശ്വസ്തയായ ഒരു ക്രിസ്തീയ ഭാര്യ ഇണയുടെ വിവാഹമോചന നടപടികളെ എത്രത്തോളം ചെറുക്കണം?
വിവാഹത്തിനു തുടക്കം കുറിച്ചപ്പോൾ, ഭർത്താവും ഭാര്യയും പരസ്പരം “പററി”നിൽക്കണമെന്ന് ദൈവം പറഞ്ഞു. (ഉല്പത്തി 2:18-24) മനുഷ്യർ അപൂർണരായിത്തീരുകയും മിക്ക വിവാഹബന്ധങ്ങളിലും അനേകം പ്രശ്നങ്ങൾ തലപൊക്കുകയും ചെയ്തെങ്കിലും ദമ്പതികൾ പരസ്പരം പറ്റിനിൽക്കണമെന്ന ദൈവത്തിന്റെ ആഗ്രഹത്തിനു മാറ്റം വന്നില്ല. അതേക്കുറിച്ച് പൗലൊസ് അപ്പൊസ്തലൻ ഇങ്ങനെ എഴുതി: “വിവാഹം കഴിഞ്ഞവരോടോ ഞാനല്ല കർത്താവു തന്നേ കല്പിക്കുന്നതു: ഭാര്യ ഭർത്താവിനെ വേറുപിരിയരുതു; പിരിഞ്ഞു എന്നു വരികിലോ വിവാഹംകൂടാതെ പാർക്കേണം; അല്ലെന്നു വരികിൽ ഭർത്താവോടു നിരന്നുകൊള്ളേണം; ഭർത്താവു ഭാര്യയെ ഉപേക്ഷിക്കയുമരുതു.”—1 കൊരിന്ത്യർ 7:10, 11.
ഒരു ഇണ ചിലപ്പോൾ വേർപിരിയാൻ തീരുമാനിച്ചേക്കാമെന്ന് ആ വാക്കുകൾ സൂചിപ്പിക്കുന്നു. ദൃഷ്ടാന്തത്തിന്, ഒരു ഇണ വേർപിരിഞ്ഞാലും ഇരുവരും “വിവാഹംകൂടാതെ പാർക്കേണം” എന്നു പൗലൊസ് പറഞ്ഞു. എന്തുകൊണ്ട്? കാരണം ദൈവദൃഷ്ടിയിൽ അവരുടെ വിവാഹബന്ധം അപ്പോഴും സാധുതയുള്ളതാണ്. ക്രിസ്തീയ വിവാഹം സംബന്ധിച്ച് യേശു നൽകിയ പിൻവരുന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് പൗലൊസിന് അപ്രകാരം പറയാൻ കഴിഞ്ഞത്: “പരസംഗം [ഗ്രീക്ക്, പോർണിയ] നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു മറെറാരുത്തിയെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു.” (മത്തായി 19:9) അതേ, ഒരു വിവാഹബന്ധത്തെ തിരുവെഴുത്തുപരമായി അവസാനിപ്പിക്കുന്ന വിവാഹമോചനത്തിനുള്ള ഏക അടിസ്ഥാനം “പരസംഗം” അഥവാ ലൈംഗിക അധാർമികതയാണ്. എന്നാൽ പൗലൊസ് പരാമർശിച്ച കേസിൽ, ദമ്പതികൾ ഇരുവരും തെളിവനുസരിച്ച് അധാർമിക പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്നില്ല. ആയതിനാൽ ഭർത്താവോ ഭാര്യയോ വേർപിരിഞ്ഞപ്പോൾ, ദൈവത്തിന്റെ ദൃഷ്ടിയിൽ ആ വിവാഹബന്ധം അവസാനിച്ചില്ല.
അവിശ്വാസിയായ ഇണയുള്ള ഒരു വിശ്വസ്ത ക്രിസ്ത്യാനി ഉൾപ്പെടുന്ന സാഹചര്യത്തെ കുറിച്ച് പൗലൊസ് തുടർന്നു സംസാരിച്ചു. പൗലൊസിന്റെ നിർദേശങ്ങൾ പരിചിന്തിക്കുക: “അവിശ്വാസി വേറുപിരിയുന്നു എങ്കിൽ പിരിയട്ടെ; ഈ വകയിൽ സഹോദരനോ സഹോദരിയോ ബദ്ധരായിരിക്കുന്നില്ല; എന്നാൽ സമാധാനത്തിൽ ജീവിപ്പാൻ ദൈവം നമ്മെ വിളിച്ചിരിക്കുന്നു.” (1 കൊരിന്ത്യർ 7:12-16) അവിശ്വാസിയായ ഭർത്താവ് ഭാര്യയെ ഉപേക്ഷിക്കുകയും വിവാഹമോചനത്തിനുള്ള നിയമപരമായ നടപടികൾ പോലും ആരംഭിക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തിൽ വിശ്വസ്തയായ ഭാര്യയ്ക്ക് എന്തു ചെയ്യാൻ കഴിയും?
അയാൾ തന്നോടൊത്തു ജീവിക്കണം എന്നതായിരിക്കാം അവളുടെ ആഗ്രഹം. അവൾ ഇപ്പോഴും അയാളെ സ്നേഹിക്കുന്നുണ്ടാകാം. ഇരുവരുടെയും വൈകാരികവും ലൈംഗികവുമായ ആവശ്യങ്ങളെ കുറിച്ചും തന്റെയും പ്രായപൂർത്തിയാകാത്ത മക്കളുടെയും ഭൗതിക ആവശ്യങ്ങളെ കുറിച്ചും അവൾ ബോധവതിയായിരിക്കാം. കാലാന്തരത്തിൽ തന്റെ ഭർത്താവ് ഒരു വിശ്വാസിയായിത്തീരുമെന്നും രക്ഷിക്കപ്പെടുമെന്നും അവൾ പ്രതീക്ഷിക്കുന്നുമുണ്ടാകാം. എന്നിരുന്നാലും, (തിരുവെഴുത്തു വിരുദ്ധമായ അടിസ്ഥാനത്തിൽ) വിവാഹബന്ധം അവസാനിപ്പിക്കാൻ അയാൾ നടപടികൾ സ്വീകരിച്ച സ്ഥിതിക്ക്, പൗലൊസ് പറഞ്ഞതുപോലെ, ‘പിരിഞ്ഞു പോകാൻ’ ഭാര്യയ്ക്ക് അയാളെ അനുവദിക്കാവുന്നതാണ്. വിശ്വാസിയായ ഒരു ഭർത്താവ് വിവാഹം സംബന്ധിച്ച ദൈവിക വീക്ഷണത്തെ അനാദരിച്ചുകൊണ്ട് വേർപിരിയാൻ ശാഠ്യം പിടിക്കുന്ന സാഹചര്യത്തിലും ഈ നിർദേശം ബാധകമാണ്.
എന്നിരുന്നാലും, അവൾ തനിക്കും മക്കൾക്കും നിയമപരമായ സംരക്ഷണം ഉറപ്പുവരുത്തേണ്ടതുണ്ടായിരിക്കാം. എങ്ങനെ? തന്റെ പ്രിയ മക്കളോടു തുടർന്നും മാതൃസ്നേഹം പ്രകടമാക്കാനും അവർക്കു ധാർമിക പരിശീലനം നൽകാനും ഉത്തമ ബൈബിൾ ഉപദേശങ്ങളിൽ അധിഷ്ഠിതമായ വിശ്വാസം അവരിൽ ഉൾനടാനും കഴിയേണ്ടതിന് അവരെ തന്നോടു കൂടെ നിറുത്താൻ അവൾ ആഗ്രഹിക്കും. (2 തിമൊഥെയൊസ് 3:14) വിവാഹമോചനം അവളുടെ അവകാശങ്ങൾക്കു ഭീഷണിയായേക്കാം. ആയതിനാൽ, കുട്ടികളുടെ സംരക്ഷണച്ചുമതല കിട്ടാനും തന്നെ ഉപേക്ഷിച്ചുപോകുന്ന ഭർത്താവ് തനിക്കും കുഞ്ഞുങ്ങൾക്കും ചെലവിനു തരാൻ ബാധ്യസ്ഥനാണെന്നു നിയമപരമായി സ്ഥാപിച്ചെടുക്കാനും വേണ്ടി തന്റെ കേസ് അധികാരികളുടെ മുമ്പാകെ സമർപ്പിക്കാൻ അവൾ നടപടി സ്വീകരിച്ചേക്കാം. ചില രാജ്യങ്ങളിൽ, വിവാഹമോചനത്തെ എതിർക്കുന്ന ഒരു ഭാര്യയ്ക്ക്, ഭർത്താവ് മുൻകൈ എടുക്കുന്ന വിവാഹമോചനത്തോട് യോജിക്കാതെതന്നെ കുട്ടികളുടെ സംരക്ഷണച്ചുമതലയെയും സാമ്പത്തിക പിന്തുണയെയും പ്രതിപാദിക്കുന്ന രേഖകളിൽ ഒപ്പുവെക്കാൻ കഴിയും. മറ്റു ചില രാജ്യങ്ങളിൽ, അത്തരം രേഖകളിലെ വാക്കുകൾ ഭാര്യ വിവാഹമോചനത്തോടു യോജിക്കുന്നതായി സൂചിപ്പിച്ചേക്കാം; തന്മൂലം, ഭർത്താവ് വ്യഭിചാരം സംബന്ധിച്ചു കുറ്റക്കാരനാണെങ്കിൽ, അത്തരം രേഖകളിൽ ഭാര്യ ഒപ്പുവെക്കുന്നതിന്റെ അർഥം അവൾ അദ്ദേഹത്തെ ഉപേക്ഷിക്കുന്നു എന്നാണ്.
തിരുവെഴുത്തുപരമായ കാരണങ്ങളാലാണോ വിവാഹമോചനം നേടിയത് എന്നതുപോലുള്ള വിശദാംശങ്ങൾ സമൂഹത്തിലും സഭയിലുമുള്ള മിക്കവർക്കും അറിയില്ലായിരിക്കും. അതുകൊണ്ട് കാര്യങ്ങൾ അത്രത്തോളം എത്തുന്നതിനു മുമ്പ്, ഭാര്യ സഭയിലെ അധ്യക്ഷമേൽവിചാരകനെയും മറ്റൊരു മൂപ്പനെയും വിവരം (അഭികാമ്യമായും രേഖാമൂലം) അറിയിക്കുന്നത് ഉചിതമായിരിക്കും. അങ്ങനെയാകുമ്പോൾ, മോചനം തിരുവെഴുത്തുപരമായിരുന്നോ എന്നതുപോലുള്ള എന്തെങ്കിലും ചോദ്യങ്ങൾ, എന്നെങ്കിലും ഉയർന്നുവരുന്നെങ്കിൽ അതു സംബന്ധിച്ച വസ്തുതകൾ ലഭ്യമായിരിക്കും.
“പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു മറെറാരുത്തിയെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു” എന്ന യേശുവിന്റെ പ്രസ്താവനയിലേക്കു നമുക്ക് ഇനി മടങ്ങിവരാം. വാസ്തവത്തിൽ ലൈംഗിക അധാർമികതയിൽ ഏർപ്പെട്ട ഭർത്താവ് ഭാര്യയുമായുള്ള വിവാഹബന്ധം തുടരാൻ ആഗ്രഹിക്കുന്ന പക്ഷം, അയാളോടു ക്ഷമിച്ചുകൊണ്ട് വിവാഹ ശയ്യ പങ്കുവെക്കണമോ അതോ അയാളെ ഉപേക്ഷിക്കണമോ എന്ന് ഭാര്യ (യേശുവിന്റെ വിവരണത്തിലെ നിർദോഷിയായ ഇണ) തീരുമാനിക്കണം. അവൾ ക്ഷമിക്കാൻ മനസ്സൊരുക്കം കാട്ടുകയും നിയമപ്രകാരമുള്ള ഭർത്താവിനോടൊപ്പം തുടരുകയും ചെയ്യുന്നത് അവളെ ധാർമികമായി കളങ്കപ്പെടുത്തുന്നില്ല.—ഹോശേയ 1:1-3; 3:1-3.
അധാർമികതയിൽ ഏർപ്പെട്ട ഭർത്താവ് വിവാഹമോചനത്തിനു ശ്രമിക്കുമ്പോഴും, അയാൾ മടങ്ങിവരുമെന്ന പ്രതീക്ഷയിൽ അവൾ ക്ഷമിക്കാൻ തയ്യാറായേക്കാം. വിവാഹമോചന നടപടിയെ നിയമപരമായി എതിർക്കണമോ വേണ്ടയോ എന്ന് തന്റെ മനസ്സാക്ഷിയുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ അവളാണ് തീരുമാനിക്കേണ്ടത്. ചില രാജ്യങ്ങളിൽ, വിവാഹമോചനത്തെ നിയമപരമായി എതിർക്കുന്ന സ്ത്രീക്ക്, വിവാഹമോചന നടപടികളോടു താൻ യോജിക്കുന്നുവെന്നു സൂചിപ്പിക്കാതെതന്നെ, കുട്ടികളുടെമേലുള്ള അവകാശവും സാമ്പത്തിക സഹായവും ഉറപ്പുവരുത്തുന്ന വ്യവസ്ഥകൾ അടങ്ങുന്ന പ്രമാണങ്ങളിൽ ഒപ്പുവെക്കാനാകും. അത്തരം പ്രമാണങ്ങളിൽ ഒപ്പുവെക്കുന്നത്, അവൾ അയാളെ ഉപേക്ഷിക്കുകയാണെന്ന് അർഥമാക്കുന്നില്ല. എന്നിരുന്നാലും മറ്റു ചില രാജ്യങ്ങളിൽ, മോചനത്തോടു യോജിക്കുന്നു എന്ന് സൂചിപ്പിക്കുന്ന പ്രമാണങ്ങളിൽ ഒപ്പുവെക്കാൻ അവളോട് ആവശ്യപ്പെട്ടേക്കാം. അത്തരം മോചനപത്രങ്ങളിൽ ഒപ്പുവെക്കുന്നതിലൂടെ അവൾ കുറ്റക്കാരനായ ഭർത്താവിനെ ഉപേക്ഷിക്കുന്നുവെന്ന് വ്യക്തമായും പ്രകടമാക്കുകയായിരിക്കും ചെയ്യുന്നത്.
ഇത്തരമൊരു സാഹചര്യത്തിലും, എന്തെല്ലാം പടികളാണ് സ്വീകരിക്കുന്നതെന്നും അവയ്ക്കു പിന്നിലെ മനോവികാരം എന്താണെന്നും ഭാര്യ സഭാമൂപ്പന്മാരെ രേഖാമൂലം അറിയിക്കുന്നത് പിന്നീട് ഉണ്ടായേക്കാവുന്ന തെറ്റിധാരണകൾ ഒഴിവാക്കാൻ സഹായിക്കും. ഭർത്താവിനോടു ക്ഷമിക്കാനും അദ്ദേഹത്തിന്റെ ഭാര്യയായി തുടരാനും ഒരുക്കമാണെന്ന് അദ്ദേഹത്തോടു താൻ പറഞ്ഞതാണെന്ന സംഗതി അവൾക്ക് ആ കത്തിൽ പ്രസ്താവിക്കാവുന്നതാണ്. വിവാഹമോചനം അവൾ ആഗ്രഹിച്ചിരുന്നില്ലെന്നും ഭർത്താവിനെ ഉപേക്ഷിക്കുന്നതിനു പകരം അയാളോടു ക്ഷമിക്കാൻ അവൾ ഒരുക്കമായിരുന്നു എന്നുമാണ് അതിന്റെ അർഥം. ക്ഷമിക്കാനും വിവാഹബന്ധം തുടരാനും താൻ ഒരുക്കമാണെന്ന് ഇങ്ങനെ വ്യക്തമാക്കിയ ശേഷം, സാമ്പത്തിക കാര്യങ്ങളിലോ കുട്ടികളുടെ സംരക്ഷണാവകാശത്തിലോ അല്ലെങ്കിൽ അവ രണ്ടിലുമോ ഒത്തുതീർപ്പ് ഉണ്ടാക്കുന്നതിനോടു ബന്ധപ്പെട്ട രേഖകളിൽ ഒപ്പിടുന്നെങ്കിൽ അവൾ ഭർത്താവിനെ ഉപേക്ഷിക്കുന്നു എന്നു സൂചിപ്പിക്കുന്നില്ല.a
വിവാഹമോചന ശേഷം പോലും ഭർത്താവിനോടു ക്ഷമിക്കാൻ ഒരുക്കമാണെന്ന് ഭാര്യ വ്യക്തമാക്കിയിരിക്കുന്ന ഒരു സാഹചര്യത്തിൽ, ആ ഭർത്താവിനോ ഭാര്യയ്ക്കോ മറ്റൊരാളെ വിവാഹം കഴിക്കാൻ സ്വാതന്ത്ര്യമില്ല. ക്ഷമാവാഗ്ദാനം തിരസ്കരിക്കപ്പെട്ട നിർദോഷിയായ ഇണ, ലൈംഗിക അധാർമികതയെ പ്രതി മറ്റേ ഇണയെ ഉപേക്ഷിക്കാൻ പിന്നീടു തീരുമാനിക്കുന്നെങ്കിൽ, ഇരുവരും ആ വിവാഹ ബന്ധത്തിൽനിന്നു സ്വതന്ത്രരാകും. നിർദോഷിയായ ഇണയ്ക്ക് അത്തരമൊരു തീരുമാനം കൈക്കൊള്ളാനുള്ള അവകാശമുണ്ടെന്ന് യേശു പ്രകടമാക്കി.—മത്തായി 5:32; 19:9; ലൂക്കൊസ് 16:18.
[അടിക്കുറിപ്പ്]
a ഓരോ രാജ്യത്തെയും നിയമ നടപടികളും പ്രമാണങ്ങളും വ്യത്യസ്തമാണ്. നിയമരേഖകളിൽ വിവരിച്ചിരിക്കുന്ന വിവാഹമോചന വ്യവസ്ഥകൾ സസൂക്ഷ്മം പരിശോധിച്ച ശേഷമേ അവയിൽ ഒപ്പു വെക്കാവൂ. തന്റെ ഇണ നേടുന്ന വിവാഹമോചനത്തെ താൻ എതിർക്കുന്നില്ലെന്നു സൂചിപ്പിക്കുന്ന രേഖകളിൽ നിർദോഷിയായ ഇണ ഒപ്പുവെക്കുന്നെങ്കിൽ, അത് അവൾ (അല്ലെങ്കിൽ അയാൾ) മറ്റേ ഇണയെ ഉപേക്ഷിക്കുന്നതിനു തുല്യമായിരിക്കും.—മത്തായി 5:37.