ജെസ്യൂട്ട് സന്ന്യാസിമാർ—“എല്ലാവർക്കും എല്ലാം”?
സ്പെയിനിലെ ഉണരുക! ലേഖകൻ
ജെസ്യൂട്ട് സഭ അനുവാദാത്മകതയ്ക്കുള്ള പ്രസിദ്ധി ഒരിക്കലും തേടിയില്ല. ആയിരത്തിയഞ്ഞൂററി നാല്പതിൽ ഈശോസഭ സ്ഥാപിച്ച പാപ്പായുടെ ശാസനത്തിന്റെ ശീർഷകം “സഭാസമരോത്സുകന്റെ ഭരണത്തിനുവേണ്ടി” എന്നായിരുന്നു.a ആ സമയത്ത്, ഈ പുതിയ സമരോത്സുകസഭ അന്നു നടന്നുകൊണ്ടിരുന്ന മതയുദ്ധങ്ങളിൽ കത്തോലിക്കാമതത്തെ സംരക്ഷിക്കുന്നതിനു അനുയോജ്യമായി നിർമ്മിക്കപ്പെട്ടതാണെന്നു തോന്നി.
ലയോളയിലെ ഇഗ്നേഷ്യസ് “കുരിശിന്റെ കൊടിക്കീഴിൽ . . . യുദ്ധം ചെയ്യാൻ” തന്റെ അനുഗാമികളെ പ്രേരിപ്പിച്ചെങ്കിലും “എല്ലാവർക്കും എല്ലാം” ആയിരിക്കാൻ അദ്ദേഹം അവരെ പ്രബോധിപ്പിക്കുകയും ചെയ്തു. ഒടുവിലത്തെ പ്രബോധനമനുസരിച്ചു തങ്ങൾ ജീവിക്കുകയാണെങ്കിൽ ആദ്യത്തേത് കൂടുതൽ നന്നായി നിറവേററാൻ കഴിയുമെന്നു ജെസ്യൂട്ട് സന്ന്യാസിമാർ വിശ്വസിച്ചു; അനേക കവാടങ്ങൾ തുറക്കുന്നതിനുള്ള താക്കോൽ വഴക്കം ആയിരിക്കും.
താമസിയാതെ, അദ്ധ്യാപകരായും രാജ്യതന്ത്രജ്ഞൻമാരായും അനുചാരകൻമാരായും കുമ്പസാരിപ്പിക്കുന്നവരായും സേവിക്കുന്നതിനു പഠിപ്പുള്ള യോഗ്യരായ ജെസ്യൂട്ട് സന്ന്യാസിമാരുടെ ആവശ്യമുണ്ടായിരുന്നു. ഒരുപക്ഷേ ലയോള ഉദ്ദേശിച്ചിരുന്നതിനേക്കാൾ അധികം അവർ മുമ്പോട്ടുപോയി. അനേക മണ്ഡലങ്ങളിൽ—വിശേഷിച്ചും രാഷ്ട്രീയത്തിൽ—ഉള്ള വിജയം പണവും അധികാരവും അവർക്കു നേടിക്കൊടുത്തു, എന്നാൽ ഇതു വിപത്തിന്റെ വിത്തുകൾ വിതക്കുകയും ചെയ്തു.
ആയിരത്തിഎഴുന്നൂററി എഴുപത്തിമൂന്നിൽ ഫ്രാൻസിൽനിന്നും പോർട്ടുഗലിൽനിന്നും സ്പെയിനിൽനിന്നും ഉള്ള സമ്മർദ്ദത്തിനു വഴങ്ങി ക്ലെമൻറ് XIV-ാമൻ പാപ്പ ജെസ്യൂട്ട് സഭയെ “സകലനിത്യതയിലേക്കുമായി” പിരിച്ചുവിട്ടു. ലക്ഷ്യമെന്തായിരുന്നു? “സഭയ്ക്കുള്ളിൽ യഥാർത്ഥവും നിലനിൽക്കുന്നതുമായ ഒരു സമാധാനം സ്ഥാപിക്കാൻ.” തങ്ങളുടെ രാഷ്ട്രീയ സ്വാധീനം നിമിത്തം ജെസ്യൂട്ട് സന്ന്യാസിമാർ ഒരു ബാദ്ധ്യത ആയിത്തീർന്നു. നാൽപത്തിയൊന്നു വർഷത്തിനുശേഷം പോപ്പിന്റെ ഈ തീരുമാനം റദ്ദു ചെയ്യപ്പെട്ടെങ്കിലും ജെസ്യൂട്ട് സന്ന്യാസിമാർ തങ്ങൾക്കു മുമ്പുണ്ടായിരുന്ന പ്രാമുഖ്യതയിലേക്കു ഒരിക്കലും തിരിച്ചുവന്നില്ല.
ഇന്നു ലോകവ്യാപകമായി 23,000-ത്തോളം വരുന്ന ജെസ്യൂട്ട് സന്ന്യാസിമാർ വിമോചന ദൈവശാസ്ത്രമോ പുരോഹിതൻമാരുടെ രാഷ്ട്രീയത്തിലെ ഉൾപ്പെടലോ ജനനനിയന്ത്രണമോ ആയാലും ഇപ്പോഴും കത്തോലിക്കാ വിവാദത്തിന്റെ കേന്ദ്രത്തിലാണ്. അവരുടെ യോജിപ്പില്ലായ്മ പാപ്പായുടെ അപ്രീതിയിലേക്കു നയിച്ചിരിക്കുന്നു. ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയൊന്നിൽ ജോൺ പോൾ II-ാമൻ പാപ്പ തന്റെ സ്വന്തം പുരുഷനെ അവരുടെ സുപ്പീരിയർ ജനറലായി നിയമിക്കാൻ ജസ്യൂട്ട് തെരഞ്ഞെടുപ്പു നടപടിക്രമത്തെ മറികടന്നു.
കഴിഞ്ഞ കുറെ വർഷങ്ങളിൽ തന്റെ സഭയുടെ യാഥാസ്ഥിതിക കോട്ടയെന്ന നിലയിൽ ഓപ്പസ് ഡേയിbടെ അനുയായികളിലേക്കു പാപ്പ വർദ്ധിച്ചതോതിൽ തിരിഞ്ഞിരിക്കുന്നു. എന്നിരുന്നാലും, ജെസ്യൂട്ട് സന്ന്യാസിമാർ സാധാരണ കത്തോലിക്കാ സമൂഹമല്ല. കത്തോലിക്കരുടെയിടയിൽപ്പോലും, അവർ എല്ലായ്പ്പോഴും, ഇത്രയധികം വിവാദം ഉയർത്തിയിട്ടുള്ളത് എന്തുകൊണ്ടാണ്? അവർ ഈശോ സഭ എന്ന തങ്ങളുടെ നാമത്തെ അന്വർത്ഥമാക്കുമാറു ജീവിച്ചിട്ടുണ്ടോ? അവരുടെ ദൗത്യം കൃത്യമായി എന്താണ്?
ഒരു ദൗത്യമുള്ള പുരുഷൻമാർ
തുടക്കത്തിൽ തന്റെ ചെറിയ സംഘം വിശുദ്ധനാട്ടിലെ ജനങ്ങളെ മതപരിവർത്തനം ചെയ്യിക്കാൻ ലയോള ഉദ്ദേശിച്ചു. എന്നാൽ 16-ാം നൂററാണ്ടിലെ സംഭവങ്ങൾ അവരെ മറെറാരു ദിശയിൽ തിരിച്ചുവിട്ടു. പ്രൊട്ടസ്ററൻറ് പിളർപ്പ് റോമൻ സഭയ്ക്കു തുരങ്കം വയ്ക്കുകയായിരുന്നു, പൗരസ്ത്യദേശത്തേക്കും അമേരിക്കകളിലേക്കും ഉള്ള സമുദ്രമാർഗ്ഗങ്ങൾ തുറക്കപ്പെടുകയായിരുന്നു. ഇപ്രകാരം ജെസ്യൂട്ട് സന്ന്യാസിമാർ ഒരു ഇരട്ടദൗത്യം ഏറെറടുത്തു—ക്രൈസ്തവലോകത്തിനുള്ളിലെ “പാഷണ്ഡത”യ്ക്കെതിരെ പോരാടുന്നതിനും കത്തോലിക്കേതര ലോകത്തെ മതപരിവർത്തനം ചെയ്യിക്കുന്നതിനും തന്നെ. അവർ ലക്ഷ്യംവച്ച വേല ബൃഹത്തായിരുന്നു, അവരുടെ സംഖ്യ ചുരുക്കമായിരുന്നു. അതുകൊണ്ട് ഓരോ ജെസ്യൂട്ട് സന്ന്യാസിയും നന്നായി പരിശീലിപ്പിക്കപ്പെടണമെന്നു ലയോള തീരുമാനിച്ചു.
അദ്ദേഹം നാലു ജെസ്യൂട്ട് വ്രതങ്ങൾ സ്ഥാപിക്കുകയും പുതിയവർക്കുള്ള ആത്മീയ അനുഷ്ഠാനങ്ങൾ ആവിഷ്ക്കരിക്കുകയും ഭരണഘടനയ്ക്ക് അല്ലെങ്കിൽ പെരുമാററസംഹിതയ്ക്കു രൂപം കൊടുക്കുകയും ചെയ്തു. (ചതുരം കാണുക.) സഭയോടുള്ള പരിപൂർണ്ണ അനുസരണമായിരുന്നു അവരുടെ മുദ്രാവാക്യം. ലയോളയുടെ ആദ്യ അനുഗാമികളിൽ ഒരാളായ ഫ്രാൻസിസ് സേവ്യർ ഇങ്ങനെ പറഞ്ഞു: “വിശുദ്ധ സഭ അതിനെ വിലക്കിയിരുന്നെങ്കിൽ ഞാൻ സുവിശേഷങ്ങളിൽ വിശ്വസിക്കുകപോലും ചെയ്യുമായിരുന്നില്ല.” തങ്ങളുടെ ദൗത്യം പൂർത്തീകരിക്കുന്നതിൽനിന്നും അവരെ യാതൊന്നും തടയുമായിരുന്നില്ല. “നിങ്ങൾ ദേഹികളെ കാണുന്നിടത്തെല്ലാം അവർക്കുവേണ്ടി പോരാടുക, നിങ്ങൾക്കു സാധ്യമാകുന്ന ഏതുപ്രകാരത്തിലും,” ലയോള തന്റെ ആളുകളോടു പറഞ്ഞു. അവർക്കു സാധ്യമാകുന്ന മാർഗ്ഗങ്ങൾ എന്തൊക്കെയായിരുന്നു.
പ്രൊട്ടസ്ററൻറു വേലിയേററത്തെ തടയൽ
പ്രൊട്ടസ്ററൻറ് മതത്തിന്റെ വർദ്ധിച്ചുവരുന്ന ശക്തിയെ എതിർക്കുന്നതിനുള്ള ജെസ്യൂട്ട് സന്ന്യാസിമാരുടെ മുഖ്യ ആയുധങ്ങൾ വിദ്യാഭ്യാസവും കുമ്പസാരക്കൂടുമായിരുന്നു. മിക്കവാറും ആകസ്മികമായി, തങ്ങളുടെ പുതുതായി സ്ഥാപിക്കപ്പെട്ട വിദ്യാലയങ്ങൾക്ക് ഏതു പ്രസംഗപ്രവർത്തനത്തേക്കാളും വളരെയധികം ഫലപ്രദമായി രാജാക്കൻമാരിലും കുലീനരിലും കത്തോലിക്കാമതം നിവേശിപ്പിക്കാൻ കഴിയുമെന്ന് അവർ കണ്ടെത്തി. പതിനാറാം നൂററാണ്ടിൽ തങ്ങളുടെ ഭരണപ്രദേശത്ത് ഏതു മതം വേണമെന്നു തീരുമാനിക്കാൻ അധികാരമുണ്ടായിരുന്നതു പ്രഭുവർഗ്ഗത്തിനായിരുന്നു.c
“റോമൻ പക്ഷത്തെ ഉന്നമിപ്പിക്കുന്നതിനു സഭക്കു ചെയ്യാൻ കഴിയുന്ന നൻമ നമ്മുടെ കോളേജുകളിൽ പഠിപ്പിക്കുന്നതിനേക്കാൾ കുറച്ചു മാത്രമേ പ്രസംഗത്തെ ആശ്രയിക്കുന്നുള്ളു” എന്നു ലയോളതന്നെ കുറിക്കൊണ്ടു. ഈ ശ്രേഷ്ഠരുടെ ജെസ്യൂട്ട് വിദ്യാലയങ്ങൾ അനേകം ഭാവി യൂറോപ്യൻ ഭരണാധികാരികളെ പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്തു, അവർ അധികാരത്തിൽ വന്നുകഴിഞ്ഞപ്പോൾ പ്രൊട്ടസ്ററൻറുകാരെ അടിച്ചമർത്താൻ ചായ്വു കാണിച്ചു. കുമ്പസാരത്തോടുള്ള ഒരു പുതിയ സമീപനത്താൽ ഈ പ്രാരംഭവിജയം ശക്തമാക്കപ്പെട്ടു. “കുമ്പസാരക്കൂട്ടിൽ ജെസ്യൂട്ട് സന്ന്യാസിമാർക്കും പശ്ചാത്തപിച്ചുവരുന്ന അധികാരികൾക്കും ഒരു വക്കീൽ-കക്ഷി ബന്ധമായിരുന്നു ഉണ്ടായിരുന്നത്” എന്ന് ചരിത്രകാരനായ പോൾ ജോൺസൺ വിശദീകരിക്കുന്നു. ഈ പുതിയ സമീപനം കൂടുതൽ ജനപ്രീതിയുള്ളതായിരുന്നത് അതിശയമല്ല. അധികം താമസിയാതെ, യൂറോപ്പിലെ അനേകം രാജാക്കൻമാർക്കു തങ്ങളുടെ സ്വകാര്യ കുമ്പസാരപുരോഹിതൻമാരുണ്ടായിരുന്നു, അവർ തങ്ങൾ ഉപദേശിച്ച സ്വാധീനമുള്ള എല്ലാവർക്കും എല്ലാമാകുന്നതിൽ മികച്ചുനിന്നു.
കുമ്പസാരം നടത്തുന്ന ജെസ്യൂട്ട് പുരോഹിതൻമാർ ധാർമ്മികതയുടെ കാര്യത്തിൽ വഴങ്ങിക്കൊടുക്കുന്നവരായിരുന്നു, എന്നാൽ “പാഷണ്ഡികളെ” കൈകാര്യം ചെയ്യുമ്പോൾ വഴങ്ങാത്തവരും. ഫ്രഞ്ചു രാജാവായ ലൂയിസ് XV-ന്റെ ജെസ്യൂട്ട് കുമ്പസാരകേൾവിക്കാരൻ “മാന്യതയുടെ താത്പര്യത്തിൽ” രാജാവ് തന്റെയും തന്റെ കാമിനിയുടെയും കിടക്കമുറികൾക്കിടയിൽ ഒരു നിഗൂഢ ഗോവണി സ്ഥാപിക്കാൻ ശുപാർശ ചെയ്തു. എന്നിരുന്നാലും നാൻറിസ് കല്പന (ഫ്രഞ്ചു പ്രൊട്ടസ്ററൻറുകാർക്ക് അഥവാ ഹ്യൂഗോനോട്ടുകൾക്ക് ആരാധനയുടെ പരിമിതമായ സ്വാതന്ത്രം അനുവദിച്ച ഒരു നിയമം) പിൻവലിക്കാൻ അദ്ദേഹത്തിന്റെ വല്യപ്പനായ ലൂയിസ് XIV-ാമനെ അയാളെ കുമ്പസാരിപ്പിച്ചിരുന്ന ജെസ്യൂട്ട് പ്രേരിപ്പിച്ചു. ഈ നടപടി ഹ്യൂഗോനോട്ടുകൾക്കെതിരെ അക്രമത്തിന്റെ ഒരു തരംഗം അഴിച്ചുവിട്ടു, അവരിൽ അനവധിപേർ കൂട്ടക്കൊലക്കിരയായി.
പോൾ ജോൺസൺ ക്രിസ്ത്യാനിത്വത്തിന്റെ ഒരു ചരിത്രം [A History of Christianity] എന്ന തന്റെ പുസ്തകത്തിൽ ഇപ്രകാരം പ്രസ്താവിക്കുന്നു: “സർവ്വോപരി, കത്തോലിക്കാ താത്പര്യങ്ങൾ അപകടത്തിലായിരിക്കുമ്പോൾ ധാർമ്മിക സംഹിതയെ ഏതെങ്കിലും വിധത്തിൽ മാററിവെക്കാൻ കഴിയുമെന്നുള്ള വീക്ഷണമുള്ളവരായി ജെസ്യൂട്ട് സന്ന്യാസിമാർ വ്യാപകമായി തിരിച്ചറിയപ്പെട്ടു. . . . തങ്ങളുടെ ധാർമ്മിക മൂല്യങ്ങളെ മതപോരാട്ടത്തിന്റെ സമ്മർദ്ദങ്ങളുമായി കൂട്ടിക്കുഴയ്ക്കാൻ അനുവദിച്ച, ഉയർന്ന വിദ്യാഭ്യാസവും ശക്തമായ പ്രേരണയുമുണ്ടായിരുന്ന ശ്രേഷ്ഠവർഗ്ഗത്തിന്റെ ഒരു ശ്രദ്ധേയമായ ഉദാഹരണമായിരുന്നു ജെസ്യൂട്ട് സന്ന്യാസിമാർ.”
തങ്ങളുടെ തുടർച്ചയായ ധാർമ്മിക ചാഞ്ചല്യം ഉണ്ടായിരുന്നിട്ടും—അല്ലെങ്കിൽ സാധ്യതയനുസരിച്ച് അതുനിമിത്തം—ജെസ്യൂട്ട് സന്ന്യാസിമാർ എതിർ നവീകരണപ്രസ്ഥാനത്തിൽ ഒരു ശ്രദ്ധേയമായ പങ്കു വഹിച്ചു. സ്ഥാപിക്കപ്പെട്ടിട്ടു കേവലം 41 വർഷങ്ങൾക്കുശേഷം ഗ്രിഗറി XIII-ാമൻ പാപ്പ ഇങ്ങനെ എഴുതി: “നിങ്ങളുടെ വിശുദ്ധ സഭയേക്കാൾ കൂടുതൽ ബലിഷ്ഠമായി പാഷണ്ഡികളുടെ നിർമ്മൂലനത്തിനു ദൈവത്താൽ രൂപപ്പെടുത്തപ്പെട്ട ഒരു ഉപകരണം ഇക്കാലത്തില്ല.” “പാഷണ്ഡത”യ്ക്കെതിരെ പോരാടുന്നതിൽ ഉന്നതവൃത്തങ്ങളിലുള്ള സ്വാധീനത്തോടൊപ്പം വഴക്കവും വിജയപ്രദമെന്നു തെളിഞ്ഞിരുന്നു. അതും പുതുവിശ്വാസികളെ നേടുമോ?
ജെസ്യൂട്ട് അനുകൂലനക്ഷമത
യൂറോപ്പിലെ തങ്ങളുടെ രീതി പിൻതുടർന്നുകൊണ്ടു പൗരസ്ത്യദേശത്തു ജെസ്യൂട്ട് സന്ന്യാസിമാർ ഭരണാധികാരികളെയും അതുവഴി അവരുടെ പ്രജകളെയും മതപരിവർത്തനം ചെയ്യിക്കാൻ ലക്ഷ്യം വെച്ചു. ഈ ലക്ഷ്യത്തെ പിൻതുടരുന്നതിൽ എല്ലാവർക്കും എല്ലാം ആയിത്തീരാനുള്ള ലയോളയുടെ കല്പനയുടെ അങ്ങേയററത്തോളം അവർ പോയി. പതിനേഴാം നൂററാണ്ടിൽ ഇന്ത്യയിലെ ഒരു ജെസ്യൂട്ട് മിഷനറിയായിരുന്ന റൊബാർട്ടോ ഡേ നോബീലി ഭരണവർഗ്ഗത്തോടു പ്രസംഗിക്കുന്നതിന് ഉയർന്ന ജാതിയിലെ ഒരു ബ്രാഹ്മണനെപ്പോലെ ജീവിച്ചു. സഹബ്രാഹ്മണൻമാരെ വ്രണപ്പെടുത്തുന്നതൊഴിവാക്കാൻ അയാൾ തിരുവത്താഴം അഥവാ കുർബാനയിലെ വാഴ്ത്തപ്പെട്ട അപ്പം താഴ്ന്ന ജാതിയിൽപ്പെട്ട തൊട്ടുകൂടാത്തവർക്ക് ഒരു വടി ഉപയോഗിച്ചു നീട്ടിക്കൊടുത്തു.
മേറേറാ റിക്കീ ചൈനീസ് രാജകൊട്ടാരത്തിലെ സ്വാധീനമുള്ള ഒരംഗമായിത്തീർന്നു. മുഖ്യമായും ഒരു ഗണിതശാസ്ത്രജ്ഞനും ഒരു ജ്യോതിശാസ്ത്രജ്ഞനും എന്നനിലയിലുള്ള അദ്ദേഹത്തിന്റെ കഴിവുകൾ നിമിത്തംതന്നെ. അയാൾ തന്റെ മതവിശ്വാസങ്ങൾ തന്നിൽത്തന്നെ ഒതുക്കിനിർത്തി. മിംഗ് രാജകൊട്ടാരത്തിലെ അയാളുടെ ജെസ്യൂട്ട് പിൻഗാമിയായ യോഹാൻ ആഡം ഷാൽ ഫോൺ ബെൽ ചൈനീസ് പട്ടാളക്കാരെ തോക്കുകൾ (അവയ്ക്കു കത്തോലിക്കാ “വിശുദ്ധൻ”മാരുടെ പേരുകൾ ഇട്ടിരുന്നു.), പ്രവർത്തിപ്പിക്കാൻ പരിശീലിപ്പിക്കുകയും ഒരു പീരങ്കി വാർപ്പുശാല സ്ഥാപിക്കുക പോലും ചെയ്തു. പുതുവിശ്വാസികളെ നേടാൻവേണ്ടി ജെസ്യൂട്ട് സന്ന്യാസിമാർ ചൈനീസ് കത്തോലിക്കരെ തങ്ങളുടെ പൂർവ്വികാരാധന തുടർന്നുനടത്താൻ അനുവദിച്ചു, ഒടുവിൽ വിവാദപരമായ ഈ തീരുമാനം പാപ്പാ തിരസ്ക്കരിച്ചു. ഇന്ത്യയിലും ചൈനയിലും ജെസ്യൂട്ട് സന്ന്യാസിമാരുടെ അത്തരം അനുരജ്ഞനങ്ങൾ ഉണ്ടായിരുന്നിട്ടും ഭരണാധികാരികൾക്കു ബോധ്യം വന്നില്ല.
തെക്കേ അമേരിക്കയിൽ ഒരു കൊളോണിയൽ സമീപനം പരീക്ഷിക്കപ്പെട്ടു. കോളനിവത്കൃതമല്ലാത്ത ഉൾപ്രദേശങ്ങളിൽ ജെസ്യൂട്ടുകൾ സ്വയാധികാര അധിവാസകേന്ദ്രങ്ങൾ സ്ഥാപിച്ചു, അതിൽ ഗൗറനി ഇൻഡ്യൻസ് മിക്കവാറും പൂർണ്ണമായി ജെസ്യൂട്ട് മിഷനറിമാരാൽ ഭരിക്കപ്പെട്ടു. പ്രതിഫലമെന്നോണം അവർ കൃഷിയും സംഗീതവും മതവും പഠിപ്പിക്കപ്പെട്ടു. അവയുടെ ഔന്നത്യകാലത്ത് 1,00,000 തദ്ദേശനിവാസികളെ പാർപ്പിച്ച ഈ അധിവാസകേന്ദ്രങ്ങൾ പോർട്ടുഗീസ്-സ്പാനീഷ് വ്യാപാര താത്പര്യങ്ങളോട് വിയോജിപ്പിലായപ്പോൾ ശിഥിലമായി. പോർട്ടുഗീസുകാർക്കെതിരെ ചുരുങ്ങിയത് ഒരു ഉഗ്രയുദ്ധമെങ്കിലും നടത്തിയ 30,000 ഇൻഡ്യൻസിന്റെ ഒരു സൈന്യത്തെ ജെസ്യൂട്ട് സന്ന്യാസിമാർ പരിശീലിപ്പിച്ചുവെങ്കിലും 1766-ൽ ഈ അധിവാസകേന്ദ്രങ്ങൾ നശിപ്പിക്കപ്പെടുകയും ജെസ്യൂട്ടുകൾ നാടുകടത്തപ്പെടുകയും ചെയ്തു.
ശതാബ്ദങ്ങളിൽ കത്തോലിക്കാ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കാൻ ധാരാളം ജെസ്യൂട്ട് സന്ന്യാസികൾ വ്യക്തിഗതമായി ധീരോദാത്തമായ ത്യാഗങ്ങൾ അനുഷ്ഠിച്ചു. ചിലർ തങ്ങളുടെ ശ്രമങ്ങൾ നിമിത്തം ക്രൂരമായ വിധത്തിൽ രക്തസാക്ഷികളായിത്തീർന്നു, പ്രത്യേകിച്ചും ഭരണാധികാരി അവരുടെ പ്രവർത്തനത്തെ നിരോധിക്കുന്നതിനു മുമ്പു അവർക്കു കുറെ വിജയം ലഭിച്ച ജപ്പാനിൽ.d
അവർക്കു തീക്ഷ്ണതയും ത്യാഗത്തിന്റെ ആത്മാവും ഉണ്ടായിരുന്നുവെങ്കിലും ലോകത്തെ മതപരിവർത്തനം ചെയ്യിക്കാനുള്ള ജെസ്യൂട്ട് ശ്രമങ്ങൾ മുഖ്യമായും അവരുടെതന്നെ ആസൂത്രണരീതികൾകൊണ്ടു നിഷ്ഫലമാക്കപ്പെട്ടു.
ഒരു രാഷ്ട്രീയ സുവിശേഷം
കഴിഞ്ഞകാലത്തെ പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നിട്ടും, 20-ാം നൂററാണ്ടിലെ ജെസ്യൂട്ടുകൾ രാഷ്ട്രീയം രാഷ്ട്രീയക്കാർക്കു വിട്ടുകൊടുക്കാൻ മനസ്സൊരുക്കമില്ലാത്തവരാണെന്നു തോന്നുന്നു. എന്നിരുന്നാലും ഒരു മനോഭാവമാററം ദൃശ്യമാണ്. യാഥാസ്ഥിതിക വലതുപക്ഷ ഗവൺമെൻറുകളെ ശതാബ്ദങ്ങളോളം പിൻതുണച്ചതിനുശേഷം ഇന്നത്തെ ജെസ്യൂട്ട് സന്ന്യാസി ഒരു വിപ്ലവപ്രസ്ഥാനത്തെ പിൻതുണയ്ക്കാൻ വളരെയേറെ സാധ്യതയുണ്ട്, വിശേഷിച്ചും അയാൾ ഒരു വികസ്വരരാജ്യത്താണു ജീവിക്കുന്നതെങ്കിൽ. നിക്കരാഗ്വ ഇതിന്റെ ഒരു ദൃഷ്ടാന്തമാണ്.
നിക്കരാഗ്വയിൽ സാൻണ്ടിനിസ്ററകൾ അധികാരത്തിൽ വന്നപ്പോൾ രണ്ടു പ്രമുഖ ജെസ്യൂട്ട് പുരോഹിതൻമാരായ ഫെർനാണ്ടോ കർദ്ദിനാളിന്റെയും അർവാലോ അർഗ്വേലയുടെയും പിൻതുണ അവർ പ്രതീക്ഷിച്ചു, അവർ ഗവൺമെൻറിൽ സ്ഥാനങ്ങൾ സ്വീകരിച്ചു. “ഈ വിപ്ലവത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കാത്ത ആരെങ്കിലും നിക്കരാഗ്വയിൽ ഉണ്ടെങ്കിൽ അയാൾ തീർച്ചയായും ഒരു ക്രിസ്ത്യാനിയല്ല. ഇന്ന് ഒരു ക്രിസ്ത്യാനിയായിരിക്കുന്നതിനു വിപ്ലവകാരിയായിരിക്കേണ്ടതും ആവശ്യമാണ്” എന്നു പറഞ്ഞുകൊണ്ട് അർഗ്വേല തന്റെ രാഷ്ട്രീയ നിലപാടിനെ ന്യായീകരിച്ചു. അത്തരം ഒരു രാഷ്ട്രീയസുവിശേഷം ആത്മാർത്ഥതയുള്ള അനേകം ആളുകളെ പിണക്കുന്നതു മനസ്സിലാക്കാം.
പ്രസിദ്ധ സ്പാനീഷ് തത്ത്വചിന്തകനായ മിഗ്വാൾ ഡി യുനാമുണോ വൈ യൂഗോ 1930-ൽ ജെസ്യൂട്ട് സന്ന്യാസിമാരുടെ രാഷ്ട്രീയത്തിലെ ഇടപെടൽ യേശുവിന്റെ പഠിപ്പിക്കലുകൾക്കു വിരുദ്ധമായിരിക്കുന്നതായി വിമർശിച്ചു. അദ്ദേഹം ഇപ്രകാരം എഴുതി: “ജെസ്യൂട്ട് സന്ന്യാസിമാർ. . . . യേശുക്രിസ്തുവിന്റെ സാമൂഹ്യരാജ്യത്തെ സംബന്ധിച്ച ഈ പഴയ കഥയുമായി വരുന്നു, ആ രാഷ്ട്രീയപ്രത്യയശാസ്ത്രവുമായി അവർ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ ആഗ്രഹിക്കുന്നു. . . . സോഷ്യലിസത്തോടോ സ്വകാര്യസ്വത്തിനോടോ ക്രിസ്തുവിന് ഒരു ബന്ധവുമില്ല. . . . തന്റെ രാജ്യം ഈ ലോകത്തിന്റേതല്ല എന്ന് അവൻ പറഞ്ഞു.”
ഉപദേശപരമായ മണ്ഡലത്തിൽ ആധുനിക ജെസ്യൂട്ടുകൾ വിപ്ലവകാരികളായിത്തീരാനും ചായ്വു കാണിക്കുന്നു. ഒരു പ്രമുഖ അമേരിക്കൻ ജെസ്യൂട്ട് സന്ന്യാസിയായ മൈക്കിൾ ബക്ക്ളേ പുരോഹിതകളെ സംബന്ധിച്ച വത്തിക്കാന്റെ ഉത്തരവുകളെ പരസ്യമായി വിമർശിച്ചിരിക്കുന്നു. എൽ സാൽവഡോറിൽ ജോൻ സോബ്രിനോ വിമോചനദൈവശാസ്ത്രത്തിനും “ദൈവശാസ്ത്രപരമായ ഗ്രാഹ്യത്തിന്റെ സങ്കൽപനത്തിൻമേലുള്ള മാർക്സിന്റെ സ്വാധീന”ത്തിനും അനുകൂലമായി വാദിക്കുന്നു. ഗർഭനിരോധനം സംബന്ധിച്ച വത്തിക്കാന്റെ ഉത്തരവുകളെ വിമർശിക്കുന്നതിൽനിന്നു വിട്ടുനിൽക്കാൻ എല്ലാ ജെസ്യൂട്ടുകളോടും ആജ്ഞാപിച്ചുകൊണ്ട് അവർക്കു കത്തയക്കാൻ 1989-ൽ ജെസ്യൂട്ട് സുപ്പീരിയർ ജനറലിനു കടപ്പാടു തോന്നി.
കഴിഞ്ഞ കാലത്തെയും ഇക്കാലത്തെയും ജെസ്യൂട്ടുകളുടെ ചരിത്രത്തിന്റെ വീക്ഷണത്തിൽ അവർ ഒരു യഥാർത്ഥ ഈശോ സഭ ആണെന്നു പറയാൻ കഴിയുമോ?
ഒരു യഥാർത്ഥ ഈശോ സഭ?
യേശു ഇങ്ങനെ പറഞ്ഞു: “ഞാൻ നിങ്ങളോടു കല്പിക്കുന്നതു ചെയ്താൽ നിങ്ങൾ എന്റെ സ്നേഹിതൻമാർ തന്നേ.” (യോഹന്നാൻ 15:14) യേശുവിന്റെ ഒരു യഥാർത്ഥ സ്നേഹിതനും ശിഷ്യനും ദൈവത്തോടും ക്രിസ്തുവിനോടും പരിപൂർണ്ണ അനുസരണം കാണിക്കാൻ കടപ്പെട്ടിരിക്കുന്നു, മററാരോടുമല്ല. (പ്രവൃത്തികൾ 5:29) ദൈവത്തേക്കാൾ മനുഷ്യനെ അനുസരിക്കുന്നതു അനിവാര്യമായി ക്രിസ്തുവിന്റെ സന്ദേശത്തെ ദുരുപയോഗം ചെയ്യുന്നതിലേക്കും അതിന്റെ രാഷ്ട്രീയവത്ക്കരണത്തിലേക്കും നയിക്കുന്നു.
നിസ്സംശയമായും പ്രൊട്ടസ്ററൻറു മതത്തിനെതിരെയുള്ള തങ്ങളുടെ പോരാട്ടത്തിൽ ചില യുദ്ധങ്ങളിൽ ജെസ്യൂട്ടുകൾ വിജയിച്ചു. എന്നാൽ എന്തു വില ഒടുക്കേണ്ടിവന്നു? വിജയം അയൽക്കാരനോടുള്ള സ്നേഹത്തേക്കാൾ രാഷ്ട്രീയ ഉപജാപത്തിൽ ആശ്രയിച്ചിരുന്നു. അവരുടെ സുവിശേഷ പ്രവർത്തനം രാഷ്ട്രീയ ആശയങ്ങളാലും അധികാരതൃഷ്ണയാലും മലിനമായ ഒരു സുവിശേഷ സന്ദേശം വ്യാപിപ്പിക്കാനാണ് ഉതകിയത്. ലോകത്തെ മതപരിവർത്തനം ചെയ്യിക്കാൻ ഒരുങ്ങിപ്പുറപ്പെട്ട ജെസ്യൂട്ടുകൾ അതിന്റെ ഭാഗമായിത്തീരുകയാണ് ചെയ്തത്. അതായിരുന്നോ യേശു ആഗ്രഹിച്ചത്?
തന്റെ യഥാർത്ഥ ശിഷ്യൻമാരെക്കുറിച്ചു യേശു ഇപ്രകാരം പറഞ്ഞു: “ഞാൻ ലോകത്തിന്റെ ഭാഗം അല്ലാത്തതുപോലെ, അവർ ലോകത്തിന്റെ ഭാഗമല്ല.” (യോഹന്നാൻ 17:16, NW) സത്യമായി അപ്പോസ്തലനായ പൗലോസ് “എല്ലാവർക്കും എല്ലാം” ആയിത്തീർന്നു. (1 കൊരിന്ത്യർ 9:22, ഡൂവേ) എന്നാൽ ഇത് അവന്റെ സന്ദേശം തന്റെ സദസ്സിനു യോജിച്ചതാക്കിത്തീർക്കുന്നതിനെ അർത്ഥമാക്കി, പുതുവിശ്വാസികളെ നേടാൻ വേണ്ടി അല്ലെങ്കിൽ രാഷ്ട്രീയ സ്വാധീനം പ്രയോഗിക്കാൻ വേണ്ടി ക്രിസ്തീയതത്ത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്നതിനെയല്ല.
ജെസ്യൂട്ടുകൾ യേശുക്രിസ്തുവിന്റെ അനുകാരികളായി ലോകത്തിനു തങ്ങളേത്തന്നെ അർപ്പിക്കണമെന്നു ലയോള ഉദ്ദേശിച്ചു, എന്നാൽ ഈ പ്രതിച്ഛായ രാഷ്ട്രീയത്താലും കുതന്ത്രങ്ങളാലും കളങ്കപ്പെടുത്തപ്പെട്ടിരിക്കുന്നു. അവർ “എല്ലാവർക്കും എല്ലാം” ആയിത്തീർന്നിരിക്കുന്നു, എന്നാൽ അവർ “എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി” ചെയ്തിട്ടില്ല.—1 കൊരിന്ത്യർ 10:31. (g92 11/8)
[അടിക്കുറിപ്പുകൾ]
a ഈ സഭയുടെ സ്ഥാപകൻ, സ്പെയിൻകാരനായ ലയോളയിലെ ഇഗ്നേഷ്യസ് ഇതിനു നൽകിയ പേരാണ് ഈശോസഭ. പ്രോട്ടസ്ററൻറുകാരായിരുന്നു “ജെസ്യൂട്ട്സ്” എന്ന പദം നിർമ്മിച്ചത്, അവർ ഈ പേരിനാൽ പൊതുവേ അറിയപ്പെടുന്നു.
b അക്ഷരീയമായി “ദൈവത്തിന്റെ വേല” എന്നതിന്റെ ലാററിൻ പദത്തിൽനിന്ന്. ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തിയെട്ടിൽ കത്തോലിക്ക പുരോഹിതനായ ഹോസ മറിയ എസ്ക്രീവ സ്പെയിനിൽ സ്ഥാപിച്ച, മുഖ്യമായും ശ്രേഷ്ഠ കത്തോലിക്കരുടെ ഒരു സംഘടനയാണിത്.
c ആയിരത്തിഅഞ്ഞൂററി അമ്പത്തിയഞ്ചിലെ ഓഗ്സ്ബർഗ്ഗ് സമാധാന ഉടമ്പടി ലാററിനിൽ കൂയുസ് റെജിയോ ആയസ് റെലീജിയോ (ഭരണമണ്ഡലം ആരുടേതോ അയാളുടെ മതം) എന്നു നിർവ്വചിക്കപ്പെട്ട നിയമം സ്ഥാപിച്ചു.
d സ്പാനീഷ് ജേതാക്കൾ മിഷനറിമാരുടെ ചുവടുകളെ പിൻതുടരുമെന്നുള്ള സ്പാനീഷ് ഭീഷണിയ്ക്കു പകരംവീട്ടാൻ ജാപ്പനീസ് ഭരണാധികാരിയായിരുന്ന ഹിഡയോഷി നിരവധി ജെസ്യൂട്ടുകളെയും ഫ്രാൻസിസ്ക്കൻമാരെയും വധിച്ചു. ഫിലിപ്പിനോ-ജാപ്പനീസ് സന്നദ്ധസേവകരുടെ സഹായത്തോടെ ചൈനയെ കീഴടക്കാനുള്ള ഒരു ജെസ്യൂട്ട് പദ്ധതി ജപ്പാനിലെ അവരുടെ ഉദ്ദേശ്യങ്ങൾ സംബന്ധിച്ച സംശയങ്ങൾക്ക് ഇടനൽകിയെന്നതിനു സംശയമില്ല. ആയിരത്തിയറുനൂററി പതിന്നാലിൽ ഉണ്ടായ ഔദ്യോഗിക നിരോധനം കത്തോലിക്കാ ലക്ഷ്യം “രാജ്യത്തിലെ ഗവൺമെൻറിനെ മാററി ദേശം പിടിച്ചെടുക്കുക” എന്നതാണെന്നുള്ള ഭയത്തെ നിഷ്കൃഷ്ടമായി സൂചിപ്പിച്ചു.
[19-ാം പേജിലെ ചതുരം/ചിത്രം]
ഒരു ജെസ്യൂട്ടിന്റെ നിർമ്മാണം
നാലു വ്രതങ്ങൾ. മൂന്നു പ്രാരംഭ വ്രതങ്ങൾ ഉണ്ട്: ദാരിദ്ര്യവും നിർമ്മലതയും അനുസരണവും. “റോമിലെ പാപ്പായുടെ എല്ലാ നിർദ്ദേശങ്ങളും അനുസരിക്കാൻ” പ്രതിജ്ഞ ചെയ്തുകൊണ്ട് 12 വർഷത്തിനുശേഷം ജെസ്യൂട്ട് തന്റെ നാലാമത്തെ വ്രതം എടുക്കുന്നു.
ആത്മീയ അനുഷ്ഠാനങ്ങൾ ഒരു പുതിയ ശിഷ്യനിൽ ജെസ്യൂട്ട് ഉദ്ദേശ്യലക്ഷ്യത്തിന് ഒരു ആജീവനാന്ത സമർപ്പണം നിവേശിപ്പിക്കാൻ രൂപം കൊടുത്തിട്ടുള്ള നാലാഴ്ചത്തെ ധ്യാനപരിപാടി ഉൾക്കൊള്ളുന്ന ഒരു സംഗ്രഹഗ്രന്ഥമാണ്.
പങ്കെടുക്കുന്നവൻ ആദ്യവാരത്തിൽ നരകത്തിലെ ദണ്ഡനങ്ങളേക്കുറിച്ചു ചിന്തിക്കുന്നു—സകല ഇന്ദ്രിയങ്ങളോടും കൂടെ. രണ്ടാമത്തെ വാരത്തിൽ ഒരു ജെസ്യൂട്ടായി ചേരണമോ എന്ന് അയാൾ തീരുമാനിക്കണം. മൂന്നാമത്തെ ആഴ്ച യേശുവിന്റെ മരണത്തെയും ദുരിതത്തെയും കുറിച്ചുള്ള വ്യക്തമായ ധ്യാനത്തിനായി മാററിവച്ചിരിക്കുന്നു, അവസാനവാരം യേശുവിന്റെ പുനരുത്ഥാനം “അനുഭവിക്കുന്നതിനു”വേണ്ടി നീക്കിവച്ചിരിക്കുന്നു.
പടിപടിയായി നിർദ്ദേശങ്ങൾ നൽകപ്പെടുന്നു. ദൃഷ്ടാന്തത്തിന് ആദ്യവാരം ഒരു പുതിയ ശിഷ്യൻ “നരകത്തിലെ അഴുകലും ദുർഗന്ധവും ഗന്ധകവും പുകയും മണക്കാനും,” “ആ അഗ്നിജ്വാലകൾ ദേഹിയെ പിടികൂടി ദഹിപ്പിക്കുന്നത് അനുഭവിക്കാനും” പറയപ്പെടുന്നു.
ഭരണഘടനകൾ ലയോളയിലെ ഇഗ്നേഷ്യസ് രൂപം കൊടുത്ത നിയമങ്ങളുടെയും നിബന്ധനകളുടെയും ഒരു തൽമൂദുസമാന ഗ്രന്ഥമാണ്. മററുള്ളവയുടെ കൂട്ടത്തിൽ കൈകൾ എങ്ങനെ വയ്ക്കണമെന്നും അധികാരം പ്രയോഗിക്കുന്ന ഒരുവന്റെ നേരെ എങ്ങനെ നോക്കണമെന്നും മൂക്കു ചുളിക്കുന്നത് ഒഴിവാക്കേണ്ടതെന്തുകൊണ്ടെന്നും ജെസ്യൂട്ടിനോടു പറയപ്പെടുന്നു.
എല്ലാററിനുമുപരിയായി ഭരണഘടനകൾ ഉയർന്ന അധികാരികളോടുള്ള ജെസ്യൂട്ടിന്റെ പൂർണ്ണമായ അനുസരണത്തിന് ഊന്നൽ കൊടുക്കുന്നു: “താഴ്ന്നവൻ അവന്റെ അധികാരിയുടെ കൈകളിലെ ഒരു ശവശരീരം പോലെയാണ്.”
[22-ാം പേജിലെ ചതുരം/ചിത്രം]
ഒരു ജെസ്യൂട്ട് യഹോവയുടെ സാക്ഷികളിൽ ഒരുവൻ ആയിത്തീർന്നതിന്റെ കാരണം
ബൊളീവിയയിലെ കൂടുതൽ ദരിദ്രമായ ഇടവകകളിൽ പ്രവർത്തിച്ചുകൊണ്ടിരുന്നപ്പോഴാണ് എനിക്കു സംശയങ്ങൾ ഉണ്ടാകാൻ തുടങ്ങിയത്. ആദ്യം ഇതു സഭയെക്കുറിച്ചായിരുന്നില്ല, പിന്നെയോ അതിന്റെ പ്രതിനിധികളെക്കുറിച്ചായിരുന്നു. ദൃഷ്ടാന്തത്തിന്, പ്രത്യേക കുർബ്ബാനകൾക്കും വിവാഹങ്ങൾക്കും ശവസംസ്കാരകർമ്മങ്ങൾക്കും മററും ലഭിച്ചിരുന്ന തുകകളുടെയും സംഭാവനകളുടെയും ഒരു നിശ്ചിതശതമാനം പ്രാദേശിക ബിഷപ്പിനു ഞാൻ കൊടുക്കേണ്ടിയിരുന്നു. എന്റെ ഇടവക ദരിദ്രമായിരുന്നതിനാൽ ബിഷപ്പിന്റെ ഓഹരി അത്ര വലുതായിരുന്നില്ല. “ഈ ദരിദ്രമായ സംഭാവനയാണോ നീ എനിക്കു കൊണ്ടുവരുന്നത്?” എന്ന് അവജ്ഞയോടെ പറഞ്ഞുകൊണ്ട് അദ്ദേഹം കവർ തുറന്നിരുന്നത് എന്നെ ആഴമായി വേദനിപ്പിച്ചു. പ്രത്യക്ഷത്തിൽ ‘വിധവയുടെ രണ്ടു നാണയങ്ങൾ’ അദ്ദേഹത്തിനു വിലയുള്ളതായിരുന്നില്ല.—ലൂക്കോസ് 21:1-4, ഡൂവേ.
എന്നെ അസ്വസ്ഥനാക്കിയ മറെറാരു ഘടകം ക്രീസ്റേറാ ഡീ ലാ വെറാക്രൂസന്റെ (യഥാർത്ഥ കുരിശിലെ ക്രിസ്തു)—എന്റെ പള്ളിയിലെ വിഗ്രഹം അതായിരുന്നു—ആരാധനയോടുള്ള ബന്ധത്തിൽ പ്രാദേശിക പുറജാതീയ ആശയങ്ങളും സമ്പ്രദായങ്ങളും സ്വീകരിക്കാനും അനുവദിക്കാനും ഉള്ള പുരോഹിതാധിപത്യത്തിന്റെ മനസ്സൊരുക്കമായിരുന്നു, അനേകം സാഹചര്യങ്ങളിലും ഈ ആചാരങ്ങൾ പൈശാചിക മതഭ്രാന്തിന്റെ തികഞ്ഞ പ്രകടനമായിരുന്നു. കൂടാതെ ഈ മതോത്സവങ്ങളോടു മദ്യപാനം മിക്കപ്പോഴും ബന്ധപ്പെട്ടിരുന്നു, എന്നാൽ ഈ പുറജാതീയ മദ്യപാനകോലാഹലത്തിനെതിരെ ഒരു ഔദ്യോഗിക ശബ്ദവും ഉയർന്നില്ല.
നൂററാണ്ടുകൾകൊണ്ടു കത്തോലിക്കാ സഭ ബൈബിൾ സത്യത്തിനുപകരം മാനുഷസമ്പ്രദായങ്ങളെയും തത്ത്വശാസ്ത്രങ്ങളെയും പ്രതിഷ്ഠിച്ചുകൊണ്ട് അതിൽനിന്നു വ്യതിചലിച്ചുപോയിരുന്നു എന്നും വീണുപോകുന്നത് ഒററപ്പെട്ട വ്യക്തികളായിരുന്നില്ല എന്നും എനിക്കു ബോധ്യമായി. അതുകൊണ്ടു മേലാൽ അകമേ ഞാനൊരു കത്തോലിക്കനല്ലെന്നു ഞാൻ മനസ്സിലാക്കി.—ഹൂലിയോ ഈനിസ്ററ ഗാർസിയോ പറഞ്ഞപ്രകാരം.e
[അടിക്കുറിപ്പുകൾ]
e അദ്ദേഹത്തിന്റെ പൂർണ്ണകഥക്കുവേണ്ടി 1982 നവംബർ 15-ലെ വീക്ഷാഗോപുരം [ഇംഗ്ലീഷ്] കാണുക.
[18-ാം പേജിലെ ചിത്രം]
ജെസ്യൂട്ട് സഭാസ്ഥാപകനായ ലയോളയിലെ ഇഗ്നേഷ്യസും സ്പെയിനിലെ അദ്ദേഹത്തിന്റെ ദേവാലയവും
[20-ാം പേജിലെ ചിത്രം]
രാഷ്ട്രീയ ഉപജാപത്തിലെ തങ്ങളുടെ ഖ്യാതിനിമിത്തം ജെസ്യൂട്ട് സന്ന്യാസിമാർ സ്പെയിനിൽനിന്ന് 1767-ൽ ബഹിഷ്ക്കരിക്കപ്പെട്ടു