ഓട്ടം സഹിഷ്ണുതയോടെ ഓടിത്തീർക്കാം
“മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സഹിഷ്ണുതയോടെ ഓടിത്തീർക്കാം.”—എബ്രാ. 12:1.
1, 2. ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തെ പൗലോസ് എന്തിനോടാണ് താരതമ്യം ചെയ്തത്?
ഓരോ വർഷവും പല സ്ഥലങ്ങളിൽ മാരത്തോൺ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. അനേകം നല്ല ഓട്ടക്കാർ മത്സരത്തിൽ പങ്കെടുക്കും. ഒന്നാമത് എത്തുക എന്നതാണ് അവരുടെ ലക്ഷ്യം. എന്നാൽ അതിൽ പങ്കെടുക്കുന്ന ഭൂരിപക്ഷം പേർക്കും അത്ര വലിയ ലക്ഷ്യം ഉണ്ടായിരിക്കില്ല; അവർക്ക് ഓട്ടം പൂർത്തിയാക്കുന്നതുതന്നെ വലിയ നേട്ടമാണ്.
2 ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തെ ബൈബിൾ ഒരു ദീർഘദൂര ഓട്ടത്തോടാണ് താരതമ്യം ചെയ്തിരിക്കുന്നത്. പുരാതന കൊരിന്തിലെ ക്രിസ്ത്യാനികൾക്ക് എഴുതിയ ആദ്യ ലേഖനത്തിൽ പൗലോസ് ഇക്കാര്യം അവരുടെ ശ്രദ്ധയിൽപ്പെടുത്തി. അവൻ എഴുതി: “ഓട്ടമത്സരത്തിൽ ഓട്ടക്കാർ എല്ലാവരും ഓടുന്നെങ്കിലും ഒരുവനേ സമ്മാനം നേടുന്നുള്ളൂ എന്നു നിങ്ങൾക്ക് അറിയില്ലയോ? ആകയാൽ നിങ്ങൾ സമ്മാനം നേടാൻ തക്കവണ്ണം ഓടുവിൻ.”—1 കൊരി. 9:24.
3. “ഒരുവനേ സമ്മാനം നേടുന്നുള്ളൂ” എന്നു പറഞ്ഞപ്പോൾ പൗലോസ് എന്താണ് ഉദ്ദേശിച്ചത്?
3 ആ ക്രിസ്ത്യാനികളിൽ ഒരാൾക്കു മാത്രമേ ജീവൻ എന്ന സമ്മാനം ലഭിക്കുകയുള്ളൂ എന്നും മറ്റുള്ളവരെല്ലാം ഓടുന്നത് വെറുതെയാണ് എന്നുമാണോ പൗലോസ് ഉദ്ദേശിച്ചത്? അല്ല. ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നവരെല്ലാം വിജയിക്കുക എന്ന ലക്ഷ്യത്തിൽ തീവ്രപരിശീലനം നേടുകയും പരിശ്രമിക്കുകയും ചെയ്യും. നിത്യജീവൻ നേടുക എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്നവരും ഇതേവിധത്തിൽ പരിശ്രമിക്കണമെന്നാണ് പൗലോസ് പറഞ്ഞത്. അപ്രകാരം ചെയ്യുന്നവർക്ക് ജീവൻ എന്ന സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കാനാകും. അതെ, ഓട്ടം പൂർത്തിയാക്കുന്നവർക്കെല്ലാം ക്രിസ്തീയ ഓട്ടത്തിൽ സമ്മാനം ലഭിക്കും.
4. നമ്മുടെ മുന്നിലുള്ള ഓട്ടത്തെക്കുറിച്ച് നാം എന്തെല്ലാം അറിഞ്ഞിരിക്കണം?
4 ജീവൻ നേടാൻവേണ്ടിയുള്ള ഓട്ടത്തിൽ ഇന്ന് ഏർപ്പെട്ടിരിക്കുന്നവർക്കെല്ലാം പ്രോത്സാഹനം പകരുന്ന എന്നാൽ അവരെല്ലാം ഗൗരവത്തോടെ കാണേണ്ട വാക്കുകളാണ് അവ. എന്തുകൊണ്ട്? കാരണം നമ്മെ കാത്തിരിക്കുന്ന സമ്മാനം അതുല്യമാണ്; അത് പറുദീസാഭൂമിയിലെ ജീവിതമായാലും സ്വർഗത്തിലെ ജീവിതമായാലും. ബുദ്ധിമുട്ടുകൾ നിറഞ്ഞ ഒരു ദീർഘദൂര ഓട്ടമാണിത്; മാർഗമധ്യേ പല തടസ്സങ്ങളും ശ്രദ്ധാശൈഥില്യങ്ങളും അപകടങ്ങളും നേരിട്ടേക്കാം. (മത്താ. 7:13, 14) സങ്കടകരമെന്നു പറയട്ടെ, ചിലർ ഓട്ടത്തിന്റെ വേഗം കുറച്ചിരിക്കുന്നു, അല്ലെങ്കിൽ ഓട്ടം നിറുത്തിയിരിക്കുന്നു. മറ്റുചിലർ വഴിയിൽ വീണുപോയിരിക്കുന്നു. ജീവനുവേണ്ടിയുള്ള ഈ ഓട്ടത്തിൽ നേരിട്ടേക്കാവുന്ന ചില ചതിക്കുഴികളും അപകടങ്ങളും ഏവയാണ്? നിങ്ങൾക്ക് അവ എങ്ങനെ ഒഴിവാക്കാം? ഓട്ടം പൂർത്തിയാക്കാനും അങ്ങനെ സമ്മാനം കരസ്ഥമാക്കാനും നിങ്ങൾ എന്താണ് ചെയ്യേണ്ടത്?
വിജയത്തിന് സഹിഷ്ണുത അനിവാര്യം
5. എബ്രായർ 12:1-ൽ ഓട്ടമത്സരത്തെക്കുറിച്ച് പൗലോസ് എന്താണ് പറഞ്ഞത്?
5 യെരുശലേമിലും യെഹൂദ്യയിലുമുള്ള എബ്രായ ക്രിസ്ത്യാനികൾക്ക് എഴുതിയ ലേഖനത്തിലും പൗലോസ് ഓട്ടമത്സരത്തിന്റെ പ്രത്യേകതകളെക്കുറിച്ചു പറയുകയുണ്ടായി. (എബ്രായർ 12:1 വായിക്കുക.) ഈ ഓട്ടമത്സരത്തിൽ പങ്കെടുക്കേണ്ടതിന്റെ കാരണത്തെക്കുറിച്ചു മാത്രമല്ല അതിൽ വിജയിക്കാൻ എന്തു ചെയ്യണമെന്നും അവൻ പറഞ്ഞു. എബ്രായ ക്രിസ്ത്യാനികൾക്ക് പൗലോസ് നൽകിയ നിശ്വസ്ത ബുദ്ധിയുപദേശത്തിൽനിന്ന് നമുക്ക് പലതും പഠിക്കാനുണ്ട്. എന്നാൽ അതേക്കുറിച്ചു ചിന്തിക്കുന്നതിനു മുമ്പ് ആ ലേഖനം എഴുതാൻ പൗലോസിനെ പ്രേരിപ്പിച്ചത് എന്താണെന്നും എന്തുചെയ്യാനാണ് അവൻ തന്റെ ശ്രോതാക്കളെ പ്രോത്സാഹിപ്പിച്ചതെന്നും നമുക്കു നോക്കാം.
6. മതനേതാക്കന്മാർ ക്രിസ്ത്യാനികളുടെ ജീവിതം ക്ലേശപൂർണമാക്കിയത് എങ്ങനെ?
6 ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ, പ്രത്യേകിച്ച് യെരുശലേമിലും യെഹൂദ്യയിലും ഉണ്ടായിരുന്ന ക്രിസ്ത്യാനികൾ പല തരത്തിലുള്ള പ്രശ്നങ്ങളും പ്രാതികൂല്യങ്ങളും നേരിടുന്നുണ്ടായിരുന്നു. ജനങ്ങൾക്കിടയിൽ ശക്തമായ സ്വാധീനം ചെലുത്തിയിരുന്ന യഹൂദ മതനേതാക്കന്മാരിൽനിന്നുള്ള കടുത്ത എതിർപ്പായിരുന്നു അതിലൊന്ന്. മുമ്പ് യേശുക്രിസ്തുവിനെ രാജ്യദ്രോഹിയെന്ന് മുദ്രകുത്തി ഒരു കുറ്റവാളിയെപ്പോലെ വധിക്കുന്നതിൽ വിജയിച്ചവരാണ് ഈ നേതാക്കന്മാർ. യേശുവിനെക്കുറിച്ച് പ്രസംഗിക്കുന്നവരെ തടയുകയാണ് ഇപ്പോൾ അവരുടെ ലക്ഷ്യം. എ.ഡി 33-ലെ പെന്തെക്കൊസ്തിനുശേഷം വൈകാതെ അവർ ഒന്നിനു പുറകെ ഒന്നായി ക്രിസ്ത്യാനികൾക്കെതിരെ ആക്രമണം അഴിച്ചുവിട്ടതിനെക്കുറിച്ചും അവരെ ഭീക്ഷണിപ്പെടുത്തിയതിനെക്കുറിച്ചും പ്രവൃത്തികളുടെ പുസ്തകത്തിൽ നാം വായിക്കുന്നു. വിശ്വസ്ത ക്രിസ്ത്യാനികളുടെ ജീവിതം അതോടെ ക്ലേശങ്ങൾ നിറഞ്ഞതായി.—പ്രവൃ. 4:1-3; 5:17, 18; 6:8-12; 7:59; 8:1, 3.
7. പൗലോസ് ലേഖനം എഴുതിയ ക്രിസ്ത്യാനികൾ ഏതു നിർണായക കാലത്താണ് ജീവിച്ചിരുന്നത്?
7 യഹൂദ വ്യവസ്ഥിതിയുടെ അന്ത്യത്തോടടുത്താണ് ആ ക്രിസ്ത്യാനികൾ ജീവിച്ചിരുന്നത്, അതാണ് അവരുടെ ജീവിതം ക്ലേശപൂർണമാക്കിയ മറ്റൊരു സംഗതി. അവിശ്വസ്തരായ യഹൂദ ജനതയ്ക്കു സംഭവിക്കാനിരിക്കുന്ന നാശത്തെക്കുറിച്ച് യേശു ക്രിസ്ത്യാനികളോടു മുൻകൂട്ടിപ്പറഞ്ഞിരുന്നു. അന്ത്യത്തിനുമുമ്പ് അരങ്ങേറാനിരിക്കുന്ന സംഭവവികാസങ്ങളെക്കുറിച്ചും അവൻ തന്റെ അനുഗാമികളോടു പറയുകയുണ്ടായി; രക്ഷപ്പെടണമെങ്കിൽ എന്തുചെയ്യണമെന്ന വ്യക്തമായ നിർദേശവും നൽകി. (ലൂക്കോസ് 21:20-22 വായിക്കുക.) യേശു പറഞ്ഞു: “നിങ്ങളുടെ ഹൃദയം അമിതഭക്ഷണത്താലും മദ്യപാനത്താലും ജീവിതത്തിന്റെ ആകുലതകളാലും ഭാരപ്പെട്ടിട്ട് നിനച്ചിരിക്കാത്ത നേരത്ത് ആ ദിവസം പെട്ടെന്നൊരു കെണിപോലെ നിങ്ങളുടെമേൽ വരാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ.”—ലൂക്കോ. 21:34.
8. ചില ക്രിസ്ത്യാനികൾ ഓട്ടത്തിൽ മടുത്തുപോകാനോ ഓട്ടം നിറുത്തിക്കളയാനോ ഇടവന്നത് എങ്ങനെ?
8 യേശു ആ മുന്നറിയിപ്പു നൽകി ഏതാണ്ട് 30 വർഷം കഴിഞ്ഞാണ് പൗലോസ് എബ്രായ ക്രിസ്ത്യാനികൾക്ക് ലേഖനം എഴുതുന്നത്. അത്രയും കാലത്തിനുള്ളിൽ ചില ക്രിസ്ത്യാനികൾക്ക് എന്തു സംഭവിച്ചു? അനുദിന ജീവിതത്തിൽ മുഴുകി അതിന്റെ സമ്മർദങ്ങൾ നിമിത്തം ആത്മീയകാര്യങ്ങൾ അവഗണിച്ച ചിലർ ആത്മീയമായി പുരോഗമിക്കാനും ശക്തരായിത്തീരാനും ശ്രമിച്ചില്ല. (എബ്രാ. 5:11-14) തങ്ങൾക്കു ചുറ്റുമുള്ള ഭൂരിപക്ഷം യഹൂദന്മാരെപ്പോലെ ജീവിച്ചാൽ പല പ്രശ്നങ്ങളും ഒഴിവാക്കാനാകും എന്ന് മറ്റു ചില ക്രിസ്ത്യാനികൾ ചിന്തിച്ചിരിക്കാം. ആ യഹൂദന്മാർ ദൈവത്തെ പാടേ ഉപേക്ഷിച്ചിട്ടില്ലെന്നും അവർ ദൈവം നൽകിയ ന്യായപ്രമാണം ഒരു പരിധിവരെ ഇപ്പോഴും പാലിക്കുന്നുണ്ടെന്നും ഒക്കെ ആ ക്രിസ്ത്യാനികൾ ന്യായവാദം ചെയ്തിരിക്കാനിടയുണ്ട്. മോശൈക ന്യായപ്രമാണവും പാരമ്പര്യങ്ങളും പാലിക്കാൻ സഹോദരങ്ങളെ നിർബന്ധിച്ചിരുന്ന ചിലർ സഭയിൽ ഉണ്ടായിരുന്നു; അവരെ ഭയപ്പെട്ടിരുന്നവരാണ് മറ്റു ചില ക്രിസ്ത്യാനികൾ. ആത്മീയമായി ഉണർന്നിരിക്കാനും ഓട്ടത്തിൽ സഹിഷ്ണുതയോടെ പിടിച്ചുനിൽക്കാനും ആ സഹോദരങ്ങളെയെല്ലാം സഹായിക്കുന്ന എന്തു വിവരങ്ങളാണ് പൗലോസിനു പറയാനുണ്ടായിരുന്നത്?
9, 10. (എ) എബ്രായർ പത്താം അധ്യായത്തിന്റെ അവസാനഭാഗത്ത് പൗലോസ് എന്ത് ഉദ്ബോധനം നൽകി? (ബി) പുരാതന നാളിലെ സാക്ഷികളെക്കുറിച്ച് പൗലോസ് എഴുതിയത് എന്തുകൊണ്ട്?
9 എബ്രായ ക്രിസ്ത്യാനികൾക്ക് എഴുതിയ ലേഖനത്തിൽ അവരെ ബലപ്പെടുത്താൻപോന്ന വിവരങ്ങൾ ഉൾപ്പെടുത്താൻ ദൈവം പൗലോസിനെ നിശ്വസ്തനാക്കി. ആ ലേഖനത്തിന്റെ പത്താം അധ്യായത്തിൽ, ന്യായപ്രമാണം “വരുവാനുള്ള നന്മകളുടെ വെറും നിഴലാണ്” എന്ന് ചൂണ്ടിക്കാട്ടിയ പൗലോസ് ക്രിസ്തുവിന്റെ മറുവിലായാഗത്തിന്റെ മൂല്യവും വിശദീകരിച്ചു. ആ അധ്യായത്തിന്റെ ഒടുവിലായി അവൻ തന്റെ ശ്രോതാക്കളെ ഇപ്രകാരം ഉദ്ബോധിപ്പിക്കുകയുണ്ടായി: ‘ദൈവേഷ്ടംചെയ്ത് വാഗ്ദാനനിവൃത്തി പ്രാപിക്കാൻ നിങ്ങൾക്കു സഹിഷ്ണുത ആവശ്യം. ഇനി, “അൽപ്പസമയമേ ഉള്ളൂ;” “വരുവാനുള്ളവൻ വരും; താമസിക്കുകയുമില്ല.”’—എബ്രാ. 10:1, 36, 37.
10 ദൈവത്തിലുള്ള യഥാർഥവിശ്വാസം എന്താണെന്ന് പൗലോസ് വിദഗ്ധമായി വിശദീകരിക്കുന്ന ഭാഗം എബ്രായർക്കുള്ള ലേഖനത്തിന്റെ 11-ാം അധ്യായത്തിൽ കാണാം. വിശ്വാസത്തിന്റെ കാര്യത്തിൽ മാതൃകകളായിരുന്ന അനേകം സ്ത്രീപുരുഷന്മാരുടെ ഉദാഹരണങ്ങളും അവൻ അവിടെ നൽകുന്നുണ്ട്. അതിന്റെ ആവശ്യമുണ്ടായിരുന്നോ? തീർച്ചയായും. തങ്ങളുടെ വിശ്വാസം തെളിയിക്കണമെങ്കിൽ തന്റെ സഹവിശ്വാസികൾ ധൈര്യത്തോടെ പ്രവർത്തിക്കേണ്ടതുണ്ടെന്നും അവർ സഹിഷ്ണുത ഉള്ളവരായിരിക്കണമെന്നും പൗലോസിന് അറിയാമായിരുന്നു. വിശ്വസ്തരായ ആ പുരാതന ദൈവദാസന്മാരുടെ ഉത്തമ മാതൃക തങ്ങൾക്കുള്ള പ്രശ്നങ്ങളും പ്രാതികൂല്യങ്ങളും നേരിടാൻ ആ എബ്രായ ക്രിസ്ത്യാനികളെ ശക്തീകരിക്കുമായിരുന്നു. അതുകൊണ്ടാണ് പുരാതന ദൈവദാസന്മാരുടെ വിശ്വാസത്തിനു തെളിവുനൽകുന്ന പ്രവൃത്തികളെക്കുറിച്ചെല്ലാം പറഞ്ഞശേഷം പൗലോസ് ഇപ്രകാരം എഴുതിയത്: “ആകയാൽ സാക്ഷികളുടെ ഇത്ര വലിയൊരു സമൂഹം ചുറ്റും നിൽക്കുന്നതിനാൽ നമുക്കും, സർവഭാരവും മുറുകെച്ചുറ്റുന്ന പാപവും വിട്ട് മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സഹിഷ്ണുതയോടെ ഓടിത്തീർക്കാം.”—എബ്രാ. 12:1.
‘സാക്ഷികളുടെ വലിയൊരു സമൂഹം’
11. ‘സാക്ഷികളുടെ ഈ വലിയ സമൂഹത്തിന്റെ’ മാതൃക ധ്യാനിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്ത്?
11 വെറുതെ ഓട്ടമത്സരം നോക്കിനിൽക്കുന്ന അല്ലെങ്കിൽ തങ്ങളുടെ ഇഷ്ടതാരമോ ടീമോ വിജയിക്കുന്നതു കാണാൻ വന്നിരിക്കുന്ന വെറും കാഴ്ചക്കാരായിരുന്നില്ല ‘സാക്ഷികളുടെ ഈ വലിയ സമൂഹം.’ അവർ ആ ഓട്ടത്തിൽ പങ്കെടുത്ത് വിജയകരമായി ഓട്ടം പൂർത്തിയാക്കിയവരാണ്. അവർ മരണമടഞ്ഞിരുന്നെങ്കിലും, പുതിയ ഓട്ടക്കാരെ പ്രോത്സാഹിപ്പിക്കാൻ കഴിയുന്ന പയറ്റിത്തെളിഞ്ഞ ഓട്ടക്കാരുടെ സ്ഥാനമായിരുന്നു അവർക്ക്. തന്റെ പ്രകടനം കാണാൻ എത്തിയിരിക്കുന്നത് വളരെ പ്രഗത്ഭരായ ചില ഓട്ടക്കാരാണെന്ന് അറിയുന്നെങ്കിൽ പന്തയത്തിലെ ഒരു തുടക്കക്കാരന് എന്തു തോന്നും? തന്റെ പരമാവധി ചെയ്യാൻ അല്ലെങ്കിൽ അതിലും അധികം ചെയ്യാൻ ആ വ്യക്തി പ്രേരിതനായിത്തീരില്ലേ? ആലങ്കാരിക ഓട്ടം എത്രതന്നെ ശ്രമകരമാണെങ്കിലും അതിൽ വിജയിക്കാനാകും എന്ന് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു പുരാതനകാലത്തെ ആ ദൈവദാസന്മാരുടെ ജീവിതം. അതുകൊണ്ട്, ‘സാക്ഷികളുടെ ഈ വലിയ സമൂഹത്തിന്റെ’ മാതൃക ധ്യാനിക്കുന്നത് ധൈര്യം സംഭരിക്കാനും “ഓട്ടം സഹിഷ്ണുതയോടെ ഓടി”ത്തീർക്കാനും ഒന്നാം നൂറ്റാണ്ടിലെ എബ്രായ ക്രിസ്ത്യാനികളെ സഹായിക്കുമായിരുന്നു. നമ്മുടെ കാര്യത്തിലും ഇതു സത്യമാണ്.
12. പൗലോസ് പരാമർശിച്ച മാതൃകകൾ നമുക്കു പ്രയോജനകരമായിരിക്കുന്നത് എന്തുകൊണ്ട്?
12 പൗലോസ് പരാമർശിച്ച വിശ്വസ്തരിൽ പലരുടെയും അവസ്ഥ നമ്മുടേതിനു സമാനമായിരുന്നു. ഉദാഹരണത്തിന്, നോഹ ജീവിച്ചത് പ്രളയത്തിനു മുമ്പുള്ള ലോകത്തിന്റെ അവസാനത്തിങ്കലാണ്. നാം ജീവിക്കുന്നത് ഇന്നത്തെ വ്യവസ്ഥിതിയുടെ അവസാനത്തിങ്കലും. സത്യാരാധനയ്ക്കുവേണ്ടി തങ്ങളുടെ സ്വദേശം വിട്ടുപോകാനും യഹോവയുടെ വാഗ്ദാനത്തിനായി കാത്തിരിക്കാനും ദൈവം അബ്രാഹാമിനോടും സാറായോടും ആവശ്യപ്പെട്ടു. യഹോവയുടെ അംഗീകാരവും നമുക്കായി അവൻ ഒരുക്കിയിരിക്കുന്ന അനുഗ്രഹങ്ങളും നേടാൻകഴിയേണ്ടതിന് സ്വയം ത്യജിക്കാൻ ദൈവം നമ്മോടും പറയുന്നു. വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയ്ക്കിടയിൽ ഭയാനകമായ ഒരു മരുഭൂമിയിലൂടെ മോശ സഞ്ചരിച്ചു. വാഗ്ദാനം ചെയ്തിരിക്കുന്ന പുതിയ ലോകത്തിലേക്കു പ്രവേശിക്കാൻ കാത്തിരിക്കുന്ന നമുക്കും നശിച്ചുകൊണ്ടിരിക്കുന്ന ഈ വ്യവസ്ഥിതിയിലൂടെ പ്രയാണം ചെയ്യേണ്ടതുണ്ട്. ഈ വിശ്വസ്ത മനുഷ്യർ അതിജീവിച്ച പരിശോധനകളെക്കുറിച്ചും അവരുടെ വിജയപരാജയങ്ങൾ, പ്രാപ്തികൾ, ദൗർബല്യങ്ങൾ എന്നിവയെക്കുറിച്ചും ചിന്തിക്കുന്നത് നമ്മെ വളരെയേറെ സഹായിക്കും.—റോമ. 15:4; 1 കൊരി. 10:11.
അവർ വിജയിച്ചത് എങ്ങനെ?
13. നോഹയ്ക്ക് എന്തെല്ലാം പ്രശ്നങ്ങൾ നേരിട്ടു, അവയെല്ലാം വിജയകരമായി കൈകാര്യംചെയ്യാൻ അവന് കഴിഞ്ഞത് എന്തുകൊണ്ട്?
13 സഹിച്ചുനിൽക്കാനും ഓട്ടത്തിൽ വിജയിക്കാനും ഈ ദൈവദാസന്മാരെയെല്ലാം സഹായിച്ചത് എന്താണ്? നോഹയെക്കുറിച്ച് പൗലോസ് പറഞ്ഞത് ശ്രദ്ധിക്കുക. (എബ്രായർ 11:7 വായിക്കുക.) “സർവ്വജഡത്തെയും നശിപ്പിപ്പാൻ ഞാൻ ഭൂമിയിൽ ഒരു ജലപ്രളയം വരുത്തും” എന്ന് യഹോവ പറഞ്ഞിരുന്നെങ്കിലും നോഹ “അതുവരെ കണ്ടിട്ടില്ലാതിരുന്ന” ഒരു കാര്യമായിരുന്നു അത്. (ഉല്പ. 6:17) അതിനുമുമ്പ് അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടേയില്ല. എന്നിട്ടും, നടക്കാനിടയില്ലാത്ത ഒരു കാര്യം എന്ന മട്ടിൽ നോഹ അതു തള്ളിക്കളഞ്ഞില്ല. എന്തുകൊണ്ട്? പറഞ്ഞകാര്യം യഹോവ നിവർത്തിക്കും എന്ന് നോഹയ്ക്ക് വിശ്വാസമുണ്ടായിരുന്നു. ദൈവം തന്നോട് ആവശ്യപ്പെട്ടത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് അവനു തോന്നിയില്ല. പകരം, “അങ്ങനെ തന്നേ അവൻ ചെയ്തു.” (ഉല്പ. 6:22) നോഹയ്ക്ക് എന്തെല്ലാം ചെയ്യാനുണ്ടായിരുന്നു എന്ന് ആലോചിച്ചുനോക്കൂ: പെട്ടകം പണിയണം, മൃഗങ്ങളെയെല്ലാം കൂട്ടിവരുത്തണം, പെട്ടകത്തിൽ മനുഷ്യർക്കും മൃഗങ്ങൾക്കും വേണ്ട ഭക്ഷണമത്രയും ശേഖരിച്ചുവെക്കണം, ആളുകൾക്ക് മുന്നറിയിപ്പു നൽകണം, കുടുംബത്തിന്റെ ആത്മീയത കാത്തുസൂക്ഷിക്കണം. ഇതെല്ലാം ‘അങ്ങനെ തന്നേ ചെയ്യുക’ എന്നത് ഒട്ടും എളുപ്പമായിരുന്നില്ല. പക്ഷേ, വിശ്വാസത്തോടെയും സഹിഷ്ണുതയോടെയും പ്രവർത്തിച്ചതിനാൽ നോഹയും അവന്റെ കുടുംബവും രക്ഷപ്പെട്ടു, അവർ അനുഗൃഹീതരായി.
14. അബ്രാഹാമും സാറായും എന്തെല്ലാം പ്രശ്നങ്ങൾ നേരിട്ടു, അവർ നമുക്കു നൽകുന്ന പാഠം എന്ത്?
14 ‘നമുക്കു ചുറ്റുംനിൽക്കുന്ന സാക്ഷികളുടെ വലിയ സമൂഹത്തിൽ’ ഉൾപ്പെട്ട അബ്രാഹാമിനെയും സാറായെയും കുറിച്ചാണ് പൗലോസ് അടുത്തതായി സംസാരിച്ചത്. ഊർ ദേശത്തെ സ്വസ്ഥമായ ജീവിതം വിട്ടുപോന്ന അവരുടെ ഭാവി അനിശ്ചിതത്വം നിറഞ്ഞതായിരുന്നു എന്നു തോന്നാം. പക്ഷേ, പ്രശ്നങ്ങൾ നേരിട്ടപ്പോഴും അവരുടെ വിശ്വാസത്തിന് ഇളക്കംതട്ടിയില്ല; അവർ അപ്പോഴും ദൈവത്തെ അനുസരിച്ചു. അങ്ങനെ മറ്റുള്ളവർക്ക് നല്ല മാതൃകകളായി. സത്യാരാധനയ്ക്കുവേണ്ടി എന്തെല്ലാം ത്യജിക്കാനാണ് അബ്രാഹാം മനസ്സുകാണിച്ചത് എന്ന് ഓർത്തുനോക്കൂ! അതെല്ലാം കണക്കിലെടുക്കുമ്പോൾ അവനെ ‘വിശ്വാസികളായിത്തീർന്ന എല്ലാവരുടെയും പിതാവ്’ എന്ന് വിളിച്ചിരിക്കുന്നതിൽ അതിശയിക്കാനില്ല. (റോമ. 4:11, പി.ഒ.സി. ബൈബിൾ.) തന്റെ ശ്രോതാക്കൾക്ക് അബ്രാഹാമിന്റെ ജീവിതം സുപരിചിതമായിരുന്നതിനാൽ പൗലോസ് പ്രസക്തമായ കാര്യങ്ങൾ മാത്രമേ പരാമർശിച്ചുള്ളൂ. പക്ഷേ അബ്രാഹാമിന്റെയും കുടുംബത്തിന്റെയും വിശ്വാസത്തിന്റെ ആഴം വരച്ചുകാണിക്കുന്നതാണ് പൗലോസിന്റെ ഈ പ്രസ്താവന: “ഇവരെല്ലാവരും (അബ്രാഹാമും കുടുംബവും ഉൾപ്പെടെ) വിശ്വാസമുള്ളവരായിത്തന്നെ മരിച്ചു. തങ്ങളുടെ ജീവിതകാലത്ത് അവർ വാഗ്ദാനനിവൃത്തി പ്രാപിച്ചില്ലെങ്കിലും ദൂരത്തുനിന്ന് അവ കണ്ട് സന്തോഷിച്ചു; ദേശത്തു തങ്ങൾ അന്യരും പ്രവാസികളും മാത്രമാണെന്ന് സമ്മതിച്ചുപറയുകയും ചെയ്തു.” (എബ്രാ. 11:13) അതെ, ദൈവത്തിലുള്ള അവരുടെ വിശ്വാസവും അവനുമായി അവർക്കുണ്ടായിരുന്ന ഉറ്റബന്ധവുമാണ് സഹിഷ്ണുതയോടെ ഓട്ടം പൂർത്തിയാക്കാൻ അവരെ സഹായിച്ചത്.
15. മോശയുടെ ജീവിതഗതിയെ സ്വാധീനിച്ചത് എന്താണ്?
15 ‘സാക്ഷികളുടെ വലിയ സമൂഹത്തിൽ’ ഉൾപ്പെട്ട മറ്റൊരു അനുകരണീയനായ ദൈവദാസനാണ് മോശ. “ദൈവജനത്തോടൊപ്പമുള്ള കഷ്ടാനുഭവം” തിരഞ്ഞെടുത്ത അവൻ രാജകൊട്ടാരത്തിലെ പ്രതാപംനിറഞ്ഞ, ആഡംബരപൂർണമായ ജീവിതം വിട്ടുപോന്നു. എന്താണ് അതിന് അവനെ പ്രേരിപ്പിച്ചത്? പൗലോസ് ഉത്തരം നൽകുന്നു: “ലഭിക്കാനിരുന്ന പ്രതിഫലത്തിലത്രേ അവൻ ദൃഷ്ടിപതിപ്പിച്ചത്. . . . അവൻ അദൃശ്യനായവനെ കണ്ടാലെന്നപോലെ ഉറച്ചുനിന്നു.” (എബ്രായർ 11:24-27 വായിക്കുക.) അതെ, ‘പാപത്തിന്റെ ക്ഷണികസുഖം’ അവനെ വശീകരിച്ചില്ല. അസാമാന്യ ധൈര്യവും സഹിഷ്ണുതയും പ്രകടമാക്കാൻമാത്രം അത്ര യാഥാർഥ്യമായിരുന്നു അവന് ദൈവവും അവന്റെ വാഗ്ദാനങ്ങളും. ഇസ്രായേല്യരെ ഈജിപ്റ്റിൽനിന്നു വിടുവിച്ച് വാഗ്ദത്തദേശത്തേക്കു നയിക്കുന്നതിനുവേണ്ടി അശ്രാന്തം പരിശ്രമിക്കാൻ അവനെ അതു സഹായിച്ചു.
16. വാഗ്ദത്ത ദേശത്തു പ്രവേശിക്കാൻ കഴിഞ്ഞില്ലെങ്കിലും മോശ നിരാശപ്പെട്ടില്ലെന്ന് നമുക്ക് എങ്ങനെ അറിയാം?
16 അബ്രാഹാമിന്റെ കാര്യത്തിലെന്നപോലെ മോശയ്ക്കും തന്റെ ജീവിതകാലത്ത് ദൈവത്തിന്റെ വാഗ്ദാന നിവൃത്തി കാണാനായില്ല. ഇസ്രായേല്യർ വാഗ്ദത്ത ദേശത്തിന്റെ കവാടത്തിങ്കൽ എത്തിയപ്പോൾ ദൈവം മോശയോടു പറഞ്ഞു: “നീ ദേശത്തെ നിന്റെ മുമ്പിൽ കാണും; എങ്കിലും ഞാൻ യിസ്രായേൽമക്കൾക്കു കൊടുക്കുന്ന ദേശത്തു നീ കടക്കയില്ല.” ജനങ്ങൾ മത്സരിച്ചപ്പോൾ മോശയും അഹരോനും അരിശംപൂണ്ട് ‘കാദേശിലെ കലഹജലത്തിങ്കൽ യിസ്രായേൽമക്കളുടെ മദ്ധ്യേവെച്ചു ദൈവത്തോട് അകൃത്യം’ ചെയ്തതിനാലാണ് അങ്ങനെ സംഭവിച്ചത്. (ആവ. 32:51, 52) മോശ നിരാശപ്പെട്ടോ, അവനു ദേഷ്യം തോന്നിയോ? ഇല്ല. ജനത്തെ അനുഗ്രഹിച്ചുകൊണ്ട് അവൻ അവരോടു പറഞ്ഞ അവസാന വാക്കുകൾ ഇതാണ്: “യിസ്രായേലേ, നീ ഭാഗ്യവാൻ; നിനക്കു തുല്യൻ ആർ? യഹോവയാൽ രക്ഷിക്കപ്പെട്ട ജനമേ, അവൻ നിന്റെ സഹായത്തിൻ പരിചയും നിന്റെ മഹിമയുടെ വാളും ആകുന്നു.”—ആവ. 33:29.
നമുക്കുള്ള പാഠങ്ങൾ
17, 18. (എ) ജീവനുവേണ്ടിയുള്ള ഓട്ടത്തെക്കുറിച്ച് ‘സാക്ഷികളുടെ വലിയ സമൂഹത്തിൽ’നിന്ന് നമുക്ക് എന്തു പഠിക്കാം? (ബി) അടുത്ത ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?
17 നമുക്കു ‘ചുറ്റും നിൽക്കുന്ന സാക്ഷികളുടെ വലിയ സമൂഹത്തിൽ’ ഉൾപ്പെട്ട ചിലരുടെ ജീവിതത്തെക്കുറിച്ച് വിചിന്തനം ചെയ്തതിൽനിന്ന് ഒരു കാര്യം വ്യക്തം: നമ്മുടെ ഓട്ടം പൂർത്തിയാക്കണമെങ്കിൽ നമുക്ക് ദൈവത്തിലും അവന്റെ വാഗ്ദാനങ്ങളിലും അചഞ്ചലമായ വിശ്വാസം കൂടിയേതീരൂ. (എബ്രാ. 11:6) വിശ്വാസം എന്നത് നാം ജീവിതത്തിൽ വല്ലപ്പോഴും കാണിക്കേണ്ട ഒരു ഗുണമല്ല; നമ്മുടെ മുഴുജീവിതവും അതിനെ കേന്ദ്രീകരിച്ചായിരിക്കണം. വിശ്വാസം ഇല്ലാത്തവരെപ്പോലെയല്ല നമ്മൾ; ഭാവിയിൽ നമ്മെ കാത്തിരിക്കുന്ന അനുഗ്രഹങ്ങൾ എന്താണെന്ന് യഹോവയുടെ ദാസന്മാരായ നമുക്ക് വ്യക്തമായി അറിയാം. “അദൃശ്യനായവനെ” കണ്ടുകൊണ്ട് ഓട്ടം സഹിഷ്ണുതയോടെ ഓടാൻ വിശ്വാസം നമ്മെ സഹായിക്കും.—2 കൊരി. 5:7.
18 ക്രിസ്തീയ ഓട്ടം ബുദ്ധിമുട്ടുകൾ നിറഞ്ഞതാണ്. എന്നിരുന്നാലും നമുക്ക് ആ ഓട്ടം വിജയകരമായി പൂർത്തിയാക്കാനാകും. ഓട്ടം പൂർത്തിയാക്കാൻ നമ്മെ സഹായിക്കുന്ന മറ്റു ചില കാര്യങ്ങൾ നാം അടുത്ത ലേഖനത്തിൽ ചർച്ചചെയ്യും.
വിശദീകരിക്കാമോ?
• പുരാതനകാലത്തെ വിശ്വസ്ത സാക്ഷികളെക്കുറിച്ച് വിശദമായി എഴുതാൻ പൗലോസ് തീരുമാനിച്ചത് എന്തുകൊണ്ട്?
• നമുക്കു ‘ചുറ്റും നിൽക്കുന്ന സാക്ഷികളുടെ വലിയ സമൂഹത്തെ’ മനസ്സിൽ കാണുന്നത് സഹിഷ്ണുതയോടെ ഓടാൻ നമ്മെ സഹായിക്കുന്നത് എങ്ങനെ?
• നോഹ, അബ്രാഹാം, സാറാ, മോശ എന്നിവരെപ്പോലെയുള്ള വിശ്വസ്തരായ സാക്ഷികളിൽനിന്ന് നിങ്ങൾ എന്തു പഠിച്ചു?
[19-ാം പേജിലെ ചിത്രം]
ഊർ ദേശത്തെ സുഖസൗകര്യങ്ങൾ വിട്ടുപോരാൻ അബ്രാഹാമിനും സാറായ്ക്കും മനസ്സായിരുന്നു