പുരാതന കായിക മത്സരങ്ങളും വിജയത്തിനു നൽകിയ പ്രാധാന്യവും
“കായികാഭ്യാസി സർവകാര്യങ്ങളിലും ആത്മനിയന്ത്രണം പാലിക്കുന്നു.” “നിബന്ധനകളനുസരിച്ചു മത്സരിക്കാത്ത പക്ഷം കായികാഭ്യാസിക്കു കിരീടം ലഭിക്കയില്ല.”—1 കൊരിന്ത്യർ 9:25, ഓശാന ബൈബിൾ; 2 തിമൊഥെയൊസ് 2:5, ഓശാന ബൈ.
അപ്പൊസ്തലനായ പൗലൊസ് പരാമർശിച്ച കായിക മത്സരങ്ങൾ പുരാതന ഗ്രീക്ക് സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു. അത്തരം മത്സരങ്ങളെ കുറിച്ചും അവയോടുണ്ടായിരുന്ന പ്രബലമായ വികാരങ്ങളെ കുറിച്ചും ചരിത്രം നമ്മോട് എന്താണു പറയുന്നത്?
അടുത്തകാലത്ത്, റോമിലെ കൊളോസിയത്തിൽ, ഗ്രീക്ക് കായിക മത്സരങ്ങളെ കുറിച്ചുള്ള ഒരു പ്രദർശനം നടക്കുകയുണ്ടായി. നീക്കെ—ഇൽ ജോക്കോ ഏ ലാ വിറ്റോർയാ (“നീക്കെ—കളിയും വിജയവും”) എന്നായിരുന്നു പ്രദർശനത്തിന്റെ പേര്.a അവിടെ പ്രദർശിപ്പിച്ചിരുന്ന വസ്തുക്കൾ മേൽപ്പറഞ്ഞ ചോദ്യത്തിന് ചില ഉത്തരങ്ങൾ നൽകുകയും സ്പോർട്സിനെ കുറിച്ച് ഒരു ക്രിസ്ത്യാനിയുടെ വീക്ഷണം എന്തായിരിക്കണം എന്നതു സംബന്ധിച്ച് ചിന്തയ്ക്കു വക നൽകുകയും ചെയ്തു.
ഒരു പുരാതന സമ്പ്രദായം
കായിക മത്സരങ്ങളിൽ ഏർപ്പെട്ടിരുന്ന ആദ്യ ജനത ഗ്രീക്കുകാർ ആയിരുന്നില്ല. എങ്കിൽപ്പോലും സൈനിക ധീരതയ്ക്കും കളികളിലുള്ള പ്രാഗത്ഭ്യത്തിനും ഉയർന്ന മൂല്യം കൽപ്പിച്ചിരുന്ന, വീരനായകന്മാരെ അനുകരിക്കാനുള്ള ആവേശത്താലും മത്സരബുദ്ധിയാലും ഉത്തേജിതമായ ഒരു സമൂഹത്തെ കുറിച്ച് പൊതുയുഗത്തിനു മുമ്പ് (പൊ.യു.മു.) ഏകദേശം എട്ടാം നൂറ്റാണ്ടിൽ ഗ്രീക്ക് കവിയായിരുന്ന ഹോമർ വിവരിച്ചിരുന്നു. ഗ്രീക്കുകാരുടെ ആദിമ ഉത്സവങ്ങൾ, വീരനായകന്മാരുടെ ശവസംസ്കാര ചടങ്ങിൽവെച്ച് ദേവീദേവന്മാർക്കു ബഹുമതി നൽകുന്ന മതപരമായ ആചാരമായി തുടക്കമിട്ടവയായിരുന്നു എന്ന് പ്രദർശനം വ്യക്തമാക്കുകയുണ്ടായി. ഉദാഹരണത്തിന്, ഇന്നോളം നിലനിൽക്കുന്ന ഏറ്റവും പ്രാചീന യവന ഇതിഹാസമായ ഹോമറിന്റെ ഇലിയഡിൽ പെട്രോക്ലൊസിന്റെ ശവസംസ്കാര ചടങ്ങിൽ നടന്ന ഒരു സംഭവത്തെ കുറിച്ചു പ്രതിപാദിക്കുന്നു. അക്കിലിയസിന്റെ സുഹൃത്തുക്കളായ കുലീന യോദ്ധാക്കൾ ആയുധങ്ങൾ താഴെവെച്ച്, തങ്ങളുടെ ശൂരത തെളിയിക്കാനായി ബോക്സിങ്, ഗുസ്തി, ഡിസ്കസ് ത്രോ, ജാവലിൻ ത്രോ, തേരോട്ടമത്സരം എന്നീ കായികാഭ്യാസങ്ങളിൽ ഏർപ്പെട്ടതായി അതിൽ പറയുന്നു.
സമാനമായ ഉത്സവങ്ങൾ ഗ്രീസിൽ ആകമാനം ആഘോഷിച്ചു തുടങ്ങി. പ്രദർശനത്തെ കുറിച്ചു വിവരിക്കുന്ന ഹാൻഡ്ബുക്ക് ഇപ്രകാരം പറയുന്നു: “[ഇത്തരം] ഉത്സവങ്ങളിൽ, ദേവീദേവന്മാരോടുള്ള ആദരവിനാൽ പ്രേരിതരായി ഗ്രീക്കുകാർ തങ്ങളുടെ ഒടുങ്ങാത്തതും നിരന്തരവുമായ അക്രമാസക്ത പോരാട്ടങ്ങൾക്കു താത്കാലിക വിരാമം നൽകിയിരുന്നു, എന്നിട്ട്, അവർ തങ്ങളുടെ സഹജവും പ്രാകൃതവുമായ മത്സരബുദ്ധിയെ സാമൂഹികമായി കൂടുതൽ സ്വീകാര്യമായി കണക്കാക്കപ്പെട്ട ഒരു സംരംഭത്തിലേക്ക്—കായിക മത്സരങ്ങളിലേക്ക്—തിരിച്ചുവിട്ടു.”
കായിക മത്സരങ്ങൾ നടത്തിക്കൊണ്ട് തങ്ങളുടെ ആരാധനാമൂർത്തികളെ ഉപാസിക്കുന്നതിനായി പൊതു ആരാധനാകേന്ദ്രങ്ങളിൽ ക്രമമായി സമ്മേളിക്കുന്ന രീതി നിരവധി നഗര രാഷ്ട്രങ്ങൾ സ്വീകരിച്ചു. കാലാന്തരത്തിൽ, അത്തരം നാല് ഉത്സവങ്ങൾ രംഗപ്രവേശം ചെയ്തു: സീയൂസിനുവേണ്ടി സമർപ്പിക്കപ്പെട്ട ഒളിമ്പിക്കും നിമിയനും, അപ്പോളോയ്ക്കു സമർപ്പിക്കപ്പെട്ട പൈഥിയൻ, പൊസിഡോണിനായി സമർപ്പിക്കപ്പെട്ട ഇസ്ത്മിയൻ. അഖില ഗ്രീക്കു മഹോത്സവങ്ങൾ എന്ന പദവി കൈവരിക്കത്തക്ക അളവോളം ഇവ ഖ്യാതി നേടിക്കൊണ്ടിരുന്നു. ഗ്രീക്ക് സാമ്രാജ്യത്തിലെ സകലർക്കും ഈ ഉത്സവങ്ങളിലെ കായിക മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം തുറന്നിട്ടിരുന്നു. ഉത്സവത്തിന്റെ സവിശേഷതയായി ബലിയും പ്രാർഥനയും ഉണ്ടായിരുന്നെങ്കിലും കായികമായ അല്ലെങ്കിൽ കലാപരമായ കെങ്കേമൻ മത്സരങ്ങൾ കൂടി സംഘടിപ്പിച്ചുകൊണ്ട് അവർ ദൈവങ്ങളെ ആദരിച്ചു.
ഇത്തരം ഉത്സവങ്ങളിൽ ഏറ്റവും പുരാതനവും വിഖ്യാതവുമായതിന് പൊ.യു.മു. 776-ൽ ആയിരുന്നു ആരംഭം കുറിച്ചതെന്നു പറയപ്പെടുന്നു. സീയൂസ് ദേവന്റെ ബഹുമാനാർഥം നാലു വർഷത്തിലൊരിക്കൽ ഒളിമ്പിയയിൽ വെച്ചാണ് ഈ ഉത്സവം നടത്തിയിരുന്നത്. പ്രാമുഖ്യത്തിൽ രണ്ടാം സ്ഥാനം പൈഥിയൻ ഉത്സവത്തിനായിരുന്നു. പുരാതന ലോകത്തിലെ ഏറ്റവും പുകൾപെറ്റ ഭാവികഥന മന്ദിരമായ ഡെൽഫിക്ക് അടുത്തുവെച്ചു നടത്തപ്പെട്ടിരുന്ന ഈ ഉത്സവത്തിലും കായികാഭ്യാസങ്ങൾ ഉൾപ്പെട്ടിരുന്നു. എന്നാൽ കവിതയുടെയും സംഗീതത്തിന്റെയും രക്ഷാധികാരിയായ അപ്പോളോയുടെ ബഹുമാനാർഥം നടത്തപ്പെട്ട ഈ ഉത്സവത്തിൽ കൂടുതൽ പ്രാധാന്യം നൽകിയിരുന്നത് ഗാനത്തിനും നൃത്തത്തിനുമായിരുന്നു.
മത്സര ഇനങ്ങൾ
ഇന്നത്തെ കായിക മത്സരങ്ങളോടുള്ള താരതമ്യത്തിൽ ഇവയിൽ മത്സര ഇനങ്ങൾ പരിമിതമായിരുന്നു, പുരുഷന്മാർ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. പുരാതന ഒളിമ്പിക്സിൽ പത്ത് മത്സര ഇനങ്ങളിൽ കൂടുതൽ ഉണ്ടായിരുന്നില്ല. കൊളോസിയത്തിൽ പ്രദർശനത്തിനു വെച്ചിരുന്ന പ്രതിമകൾ, കൊത്തുപണികൾ, മൊസെയ്ക്കുകൾ, ടെറാക്കോട്ടാ പുഷ്പകലശങ്ങളിന്മേലുള്ള പെയിന്റിങ്ങുകൾ എന്നിവ അവയിൽ ചില ഇനങ്ങളുടെ ചിത്രീകരണങ്ങളായിരുന്നു.
മൂന്നു വ്യത്യസ്ത ദൈർഘ്യങ്ങളിലുള്ള ഓട്ടമത്സരം ഉണ്ടായിരുന്നു. ഒരു സ്റ്റേഡിയം നീളം, അതായത് ഏകദേശം 200 മീറ്റർ ഓട്ടം, അതിന്റെ ഇരട്ടി അതായത് ഇന്നത്തെ 400 മീറ്ററിനു തുല്യമായ ദൂരം, പിന്നെ ഏകദേശം 4,500 മീറ്ററിന്റെ ദീർഘദൂര ഓട്ടം എന്നിവ. കായികതാരങ്ങൾ വ്യായാമം ചെയ്തിരുന്നതും ഓടിയിരുന്നതും പൂർണനഗ്നരായിട്ടായിരുന്നു. പെന്റാത്ലോൺ മത്സരങ്ങളിൽ പങ്കെടുത്തവർ ഓരോരുത്തരും അഞ്ച് ഇനങ്ങളിൽ മത്സരിച്ചിരുന്നു—ഓട്ടം, ലോംഗ് ജംപ്, ഡിസ്കസ്, ജാവലിൻ, ഗുസ്തി. മറ്റു മത്സരക്കളികളിൽ ബോക്സിങ്, “നഗ്നമായ വിരൽമുട്ടുകൊണ്ടുള്ള ബോക്സിങും ഗുസ്തിയും ചേർന്ന കിരാതമായ ഒരു മത്സരം” എന്നു വർണിക്കപ്പെട്ടിരുന്ന പാൻക്രാറ്റിയം എന്നിവ ഉൾപ്പെട്ടിരുന്നു. എട്ട് സ്റ്റേഡിയം നീളത്തിന്റെ അത്രയും ദൂരമുള്ള, അതായത് 1,600-ലധികം മീറ്റർ തേരോട്ടമത്സരമായിരുന്നു വേറൊന്ന്. ചെറിയ ചക്രങ്ങളുള്ള, പിൻഭാഗം തുറന്നിട്ടിരിക്കുന്ന, ഭാരം കുറഞ്ഞ വണ്ടി രണ്ടോ നാലോ കുതിരക്കുട്ടികളോ വളർച്ചയെത്തിയ കുതിരകളോ വലിച്ചിരുന്നു.
ബോക്സിങ് അങ്ങേയറ്റം അക്രമാസക്തവും ചിലപ്പോൾ മരണത്തിൽ കലാശിക്കുന്നതും ആയിരുന്നു. പോരാളികൾ മുഷ്ടിക്കു ചുറ്റുമായി, പ്രതിയോഗിയെ തകർത്തുകളയുന്ന ലോഹക്കഷണങ്ങൾ പതിപ്പിച്ച കട്ടിയുള്ള തോൽവാറ് ധരിച്ചിരുന്നു. നാലു മണിക്കൂർ നേരത്തെ ബോക്സിങ് മത്സരത്തിനു ശേഷം സ്ട്രാറ്റോഫോൺടെ എന്ന വ്യക്തിക്കു കണ്ണാടിയിൽ തന്റെ രൂപം തിരിച്ചറിയാൻ കഴിയാതെ പോയത് എന്തുകൊണ്ടാണെന്നു നിങ്ങൾക്ക് ഊഹിക്കാമല്ലോ. ബോക്സിങ് മത്സരത്തിൽ പങ്കെടുത്തിരുന്നവർ ഭീതിദമാംവിധം വികൃതരാക്കപ്പെട്ടിരുന്നുവെന്നു പുരാതന പ്രതിമകളും മൊസെയ്ക്കുകളും സാക്ഷ്യപ്പെടുത്തുന്നു.
ഗുസ്തിമത്സരത്തിൽ, ഗുസ്തിക്കാർ എതിരാളിയുടെ അരയ്ക്കു മേലോട്ടുള്ള ശരീരഭാഗങ്ങളിൽ മാത്രമേ പിടുത്തമിടാവു എന്നായിരുന്നു നിയമം. അതുപോലെ എതിരാളിയെ ആദ്യം മൂന്നു തവണ തറയിൽ അനങ്ങാൻ പറ്റാത്ത അവസ്ഥയിൽ ആക്കുന്നവനാണു വിജയി. നേരെ മറിച്ച്, പാൻക്രാറ്റിയം മത്സരത്തിൽ എതിരാളിയെ പിടുത്തമിടുന്നതു സംബന്ധിച്ച് വ്യവസ്ഥകൾ ഒന്നുമില്ലായിരുന്നു. പോരാളികൾക്ക് തൊഴിക്കുകയോ ഇടിക്കുകയോ സന്ധികൾ വളച്ചു തിരിക്കുകയോ ചെയ്യാൻ കഴിയുമായിരുന്നു. കണ്ണിൽ നഖം കുത്തിയിറക്കുക, മാന്തുക, കടിക്കുക എന്നിവയ്ക്കു മാത്രമേ വിലക്കുണ്ടായിരുന്നുള്ളൂ. എതിരാളിയെ അനങ്ങാൻ പറ്റാത്ത വിധത്തിൽ തറപറ്റിച്ച് കീഴടങ്ങാൻ നിർബന്ധിതനാക്കുക എന്നതായിരുന്നു ലക്ഷ്യം. “മുഴു ഒളിമ്പിയൻ മത്സരങ്ങളിലുംവെച്ച് ഏറ്റവും പകിട്ടേറിയ പ്രദർശനം” എന്ന നിലയിലാണ് ചിലർ ഇതിനെ കരുതിയിരുന്നത്.
പൗരാണിക കാലത്ത് അരങ്ങേറിയ പാൻക്രാറ്റിയം പോരാട്ടങ്ങളിൽ ഏറ്റവും പ്രസിദ്ധമായത് പൊ.യു.മു. 564-ൽ ഒളിമ്പിക് ഫൈനലിൽ നടന്നതാണെന്നു പറയപ്പെടുന്നു. ഓറോഹെയോൻ എന്ന പോരാളിക്ക്, തന്നെ ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിക്കുന്നതിനിടെ എതിരാളിയുടെ കാൽവിരലിന്റെ സന്ധി തെറ്റിക്കാൻ കഴിഞ്ഞു. വേദനകൊണ്ടു പുളഞ്ഞ എതിരാളി ഓറോഹെയോൻ അന്ത്യശ്വാസം വലിക്കുന്നതിനു തൊട്ടുമുമ്പത്തെ നിമിഷം അദ്ദേഹത്തിന്റെ മുമ്പിൽ കീഴടങ്ങി. വിധികർത്താക്കൾ ഓറോഹെയോന്റെ ചേതനയറ്റ ശരീരത്തെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു!
ഇവയെക്കാളെല്ലാം പ്രമുഖവും കുലീനന്മാർക്കിടയിൽ പ്രസിദ്ധിയാർജിച്ചതും തേരോട്ടമത്സരമായിരുന്നു. കാരണം ഇതിൽ തേർ തെളിക്കുന്നവനെയല്ല മറിച്ച് തേരിന്റെയും കുതിരകളുടെയും ഉടമസ്ഥനെയാണ് വിജയിയായി കണക്കാക്കിയിരുന്നത്. നിരന്നു നിൽക്കുന്ന തേരാളികൾ ഓട്ടം തുടങ്ങുന്നതും ട്രാക്കിന്റെ രണ്ടറ്റത്തും സ്ഥാപിച്ചിരിക്കുന്ന തൂണുകളെ ചുറ്റി വളവുതിരിയുന്നതും ഈ മത്സരത്തിലെ നിർണായക നിമിഷങ്ങളായിരുന്നു. അബദ്ധങ്ങളും നിയമലംഘനങ്ങളും അപകടങ്ങൾക്ക് ഇടയാക്കിയിരുന്നതിനാൽ ഈ മത്സരത്തെ ഏറെ നിറപ്പകിട്ടുള്ളതായി ജനങ്ങൾ വീക്ഷിച്ചിരുന്നു.
സമ്മാനം
“ഓട്ടമത്സരത്തിൽ ഓട്ടക്കാരെല്ലാം പങ്കെടുക്കുന്നു. എന്നാൽ ഒരാൾ മാത്രം സമ്മാനം നേടുന്നു” എന്ന് അപ്പൊസ്തലനായ പൗലൊസ് പറഞ്ഞു. (1 കൊരിന്ത്യർ 9:24, ഓശാന ബൈ.) വിജയംവരിക്കുക എന്നതായിരുന്നു സർവപ്രധാനമായ സംഗതി. വെള്ളിയോ വെങ്കലമോ, രണ്ടും മൂന്നും സ്ഥാനങ്ങളോ ഒന്നും അവിടെയില്ലായിരുന്നു. “വിജയം അഥവാ ‘നീക്കെ’ ആയിരുന്നു കായികാഭ്യാസിയുടെ ആത്യന്തിക ലക്ഷ്യം” എന്ന് പ്രദർശനം വിശദമാക്കി. “അവന്റെ ശാരീരികവും ധാർമികവുമായ വ്യക്തിവൈശിഷ്ട്യത്തിന്റെ യഥാർഥ പ്രതിഫലനവും ജന്മനാടിന്റെ അഭിമാനവും പാരമ്യത്തിൽ എത്തണമെങ്കിൽ വിജയിച്ചേ മതിയാകുമായിരുന്നുള്ളൂ.” ആ മനോഭാവം ഹോമറിന്റെ കൃതിയുടെ വരികളിൽ ഒന്നിൽ കാണാൻ കഴിയും: “എല്ലായ്പോഴും മുന്നിട്ടുനിൽക്കാൻ ഞാൻ അഭ്യസിച്ചു.”
അഖില ഗ്രീക്ക് കായിക മത്സരങ്ങളിൽ വിജയിക്കു നൽകിയിരുന്ന സമ്മാനം തികച്ചും പ്രതീകാത്മകമായിരുന്നു—ഇലകൾകൊണ്ടുള്ള ഒരു കിരീടം. പൗലൊസ് അതിനെ ‘വാടുന്ന കിരീടം’ എന്നു വിളിച്ചു. (1 കൊരിന്ത്യർ 9:25) എന്നാൽ ഈ സമ്മാനത്തിന് അത്യധികമായ പ്രാധാന്യമുണ്ടായിരുന്നു. തന്റെ ശക്തികൾ വിജയിയിൽ നിക്ഷിപ്തമാക്കിയ ദിവ്യശക്തിയെത്തന്നെയാണ് ഈ കിരീടം ചിത്രീകരിച്ചത്. ഏകാഗ്രതയോടും നിശ്ചയദാർഢ്യത്തോടും കൂടി കരസ്ഥമാക്കിയ വിജയം ദിവ്യപ്രീതിയെന്ന വരത്തെത്തന്നെയാണ് അർഥമാക്കുന്നത് എന്നു കരുതപ്പെട്ടിരുന്നു. വിജയത്തിന്റെ ഗ്രീക്കു ദേവതയായ ചിറകുള്ള നീക്കെ വിജയിക്കു കിരീടം നീട്ടിക്കൊടുക്കുന്നത് പുരാതന ശിൽപ്പികളും ചിത്രകാരന്മാരും തങ്ങളുടെ ഭാവനയിൽനിന്നു പകർത്തിയതിന്റെ ദൃശ്യരൂപങ്ങൾ പ്രദർശനത്തിന്റെ ഒരു ഭാഗം വ്യക്തമാക്കിയിരുന്നു. ഒളിമ്പിയൻ മത്സരങ്ങളിലെ വിജയം ഒരു കായികതാരത്തിന്റെ ജീവിതവൃത്തിയിലെ ഏറ്റവും വലിയ നേട്ടമായി കണക്കാക്കപ്പെട്ടിരുന്നു.
ഒളിമ്പിക് കിരീടങ്ങൾ കാട്ടൊലിവിന്റെ ഇലകൾകൊണ്ട് ഉണ്ടാക്കിയവയായിരുന്നു. ഇസ്ത്മിയൻ കിരീടം പൈൻ ഇലകൾകൊണ്ടും പൈഥിയൻ കിരീടം ലോറൽ ഇലകൾകൊണ്ടും നിമിയൻ കിരീടം കാട്ടുസെലറിയുടെ ഇലകൾകൊണ്ടും ഉള്ളവയും. മറ്റു സ്ഥലങ്ങളിൽ നടത്തപ്പെട്ടിരുന്ന മത്സരങ്ങളിൽ അതിപ്രഗത്ഭരായ കളിക്കാരെ ആകർഷിക്കുന്നതിനായി മത്സരത്തിന്റെ സംഘാടകർ അവർക്ക് പണവും മറ്റു സമ്മാനങ്ങളും വാഗ്ദാനം ചെയ്യുമായിരുന്നു. പ്രദർശനത്തിൽ ഉണ്ടായിരുന്ന നിരവധി പുഷ്പകലശങ്ങൾ, അഥീന ദേവിയുടെ ബഹുമാനാർഥം ഏഥെൻസിൽവെച്ചു നടത്തപ്പെട്ട പെനാഥെനായിക് മത്സരങ്ങളിൽ കൊടുത്ത അവാർഡുകൾ ആയിരുന്നു. രണ്ടുവശത്തും കൈപിടിയുള്ള ഈ കലശങ്ങളിൽ (amphorae) ആദ്യമൊക്കെ അറ്റിക്കയിൽ നിന്നുള്ള വിശേഷതരമായ ഒലിവെണ്ണ ഉണ്ടായിരുന്നു. ഇവയിൽ ഒന്നിന്റെ ഒരു വശത്ത് അഥീന ദേവിയെയും “അഥീനയുടെ മത്സരത്തിനുള്ള സമ്മാനം” എന്ന വാചകവും ചിത്രീകരിച്ചിട്ടുണ്ട്. മറുവശത്തുള്ളത് ഒരു മത്സരയിനത്തിന്റെ ചിത്രമാണ്. കായികാഭ്യാസി വിജയം നേടിയ ഇനമായിരിക്കാം ഇത്.
തങ്ങളുടെ വിജയശ്രീലാളിതരായ അത്ലറ്റുകളുടെ ഖ്യാതിയിൽ പങ്കുചേരുന്നത് ഗ്രീക്കു നഗരങ്ങൾ ആസ്വദിച്ചിരുന്നു. അവരുടെ വിജയം സ്വന്തം സമൂഹത്തിൽ അവരെ വീരനായകന്മാരാക്കി മാറ്റിയിരുന്നു. ജയിച്ചുവരുന്ന വ്യക്തിയെ സ്വീകരിക്കുന്നതിന് ഘോഷയാത്രകൾ നടത്തിയിരുന്നു. അവരുടെ ബഹുമാനാർഥം സ്ഥാപിക്കുന്ന പ്രതിമകൾ ദൈവങ്ങൾക്കുള്ള നന്ദിസൂചകമായി അർപ്പിക്കുന്ന വഴിപാടുകൾ—സാധാരണഗതിയിൽ, നശ്വരരായ ആളുകൾക്ക് നൽകാത്തതരം ബഹുമതികൾ—ആയിരുന്നു. കൂടാതെ, കവികൾ അവരുടെ അപദാനങ്ങൾ വാഴ്ത്തിപ്പാടുമായിരുന്നു. തുടർന്നുള്ള കാലം വിജയികൾ പൊതുചടങ്ങുകളിൽ മുഖ്യസ്ഥാനം അലങ്കരിച്ചിരുന്നു. അതുപോലെ അവർക്കു പെൻഷനും ലഭിച്ചിരുന്നു.
ജിംനേഷ്യങ്ങളും അവിടെ പരിശീലനം നേടിയിരുന്നവരും
പൗര-സൈനികന്റെ ശാരീരിക-ബൗദ്ധിക നിലവാരം ഉയർത്തുന്നതിനുള്ള ഒരു അവശ്യഘടകമായാണ് കായിക മത്സരങ്ങളെ കരുതിപ്പോന്നിരുന്നത്. ഗ്രീസിലെ എല്ലാ നഗരങ്ങളിലും ജിംനേഷ്യങ്ങൾ ഉണ്ടായിരുന്നു. അവിടെ യുവാക്കൾക്കു വേണ്ടിയുള്ള ശാരീരികാഭ്യാസ പരിശീലനത്തോടൊപ്പം ബൗദ്ധികവും മതപരവുമായ ശിക്ഷണവും നൽകിയിരുന്നു. വ്യായാമത്തിനായി ഉപയോഗിക്കുന്ന തുറന്ന വിശാലമായ മുറ്റങ്ങൾക്കു ചുറ്റുമാണ് ജിംനേഷ്യത്തിന്റെ കെട്ടിടങ്ങൾ പണിതുയർത്തിയിരുന്നത്. ഈ കെട്ടിടങ്ങളോടു ചേർന്നുള്ള പൂമുഖങ്ങളും അതുപോലെ മേൽക്കൂര കെട്ടിയ മറ്റു സ്ഥലങ്ങളും, ലൈബ്രറികളും ക്ലാസ്സ്റൂമുകളും ആയി ഉപയോഗിച്ചിരുന്നു. വിദ്യാഭ്യാസത്തിനായി തങ്ങളുടെ സമയം വിനിയോഗിക്കാൻ കഴിയുന്ന, ജോലിക്കു പോകേണ്ട ആവശ്യമില്ലാത്ത സമ്പന്ന കുടുംബത്തിലെ യുവാക്കളായിരുന്നു സാധാരണക്കാരെ അപേക്ഷിച്ച് ഇത്തരം സൗകര്യങ്ങൾ പതിവായി ഉപയോഗപ്പെടുത്തിയിരുന്നവർ. ഇവിടെ, പരിശീലകരുടെ സഹായത്തോടെ അത്ലറ്റുകൾ മത്സരത്തിനായി ദീർഘവും തീവ്രവുമായ പരിശീലനത്തിന് സ്വയം വിധേയരായിരുന്നു. പരിശീലകർ അത്ലറ്റുകൾക്കു പ്രത്യേക ആഹാരക്രമം ഏർപ്പെടുത്തുകയും അവർ ലൈംഗിക വർജനം ആചരിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.
പുരാതന അത്ലറ്റുകളുടെ തനിമയാർന്ന പ്രതിരൂപങ്ങൾ കൊളോസിയത്തിൽ പ്രദർശിപ്പിച്ചിരുന്നു. സന്ദർശകരിൽ വിസ്മയമുണർത്തുന്ന അവ മിക്കതും ഗ്രീക്കുകാരുടെ തനതായ വാസ്തുകലയിൽനിന്ന് റോമൻ കാലഘട്ടത്തിൽ നിർമിച്ച പകർപ്പുകൾ ആയിരുന്നു. പൗരാണിക ഗ്രീക്ക് പ്രത്യയശാസ്ത്രത്തിൽ ശാരീരിക പൂർണതയെ ധാർമിക പൂർണതയ്ക്കു തുല്യമായി കരുതിയിരുന്നു. ഇതാകട്ടെ കുലീനവർഗത്തിന്റെ കുത്തകയായി കണക്കാക്കിയിരുന്നു. വിജയശ്രീലാളിതരായ അത്ലറ്റുകളുടെ അവയവപ്പൊരുത്തമുള്ള പ്രതിരൂപങ്ങൾ ആ ഗ്രീക്കു പ്രത്യയശാസ്ത്രത്തെ പ്രതിനിധാനം ചെയ്തു. റോമാക്കാർ ഈ ശിൽപ്പങ്ങളെ കലാമൂല്യമുള്ളവയായി മതിക്കുകയും മിക്കവയെയും സ്റ്റേഡിയങ്ങൾ, കുളിപ്പുരകൾ, ബംഗ്ലാവുകൾ, കൊട്ടാരങ്ങൾ എന്നിവിടങ്ങളിൽ അലങ്കാരങ്ങളായി പ്രതിഷ്ഠിക്കുകയും ചെയ്തു.
അക്രമാസക്ത കായിക പ്രദർശനങ്ങൾ റോമൻ കാണികളുടെ ഹരമായിരുന്നു. അതുകൊണ്ട് റോമൻ വേദികളിൽ അരങ്ങേറിയ ഗ്രീക്ക് ഇനങ്ങളിൽ ബോക്സിങ്, ഗുസ്തി, പാൻക്രാറ്റിയം എന്നിവ വേദികൾ അടക്കിവാണു. ഇത്തരം സ്പോർട്സിനെ റോമാക്കാർ വീക്ഷിച്ചിരുന്നത്, തങ്ങളുടെ ശൂരത്വം തെളിയിക്കാൻ തുല്യശക്തിയുള്ള രണ്ടു പേർ നടത്തുന്ന മത്സരങ്ങൾ ആയിട്ടല്ല, മറിച്ച് വെറും വിനോദമായിട്ടായിരുന്നു. ജനശ്രേഷ്ഠരായ സൈനിക അത്ലറ്റുകൾ തങ്ങളുടെ വിദ്യാഭ്യാസത്തിന്റെ ഭാഗമായി പൊതുവായി പങ്കെടുക്കുന്ന ഒരു മത്സരവേദിയാണു സ്പോർട്സ് എന്ന സങ്കൽപ്പം പാടേ മാറി. പകരം, ഗ്രീക്കുകാരുടെ കായിക മത്സരങ്ങളെ റോമാക്കാർ തങ്ങളുടെ കുളിക്കു മുമ്പുള്ള വ്യായാമമുറകളോ, സമൂഹത്തിലെ താണ വർഗക്കാർ മാത്രം പങ്കെടുക്കുകയും മറ്റുള്ളവർ കാണികളായി നിൽക്കുകയും ചെയ്യുന്ന, വാൾപ്പയറ്റു പോലുള്ള മത്സര ഇനങ്ങളോ ആയി തരംതാഴ്ത്തി.
ക്രിസ്ത്യാനികളും മത്സരങ്ങളും
പ്രസ്തുത മത്സരങ്ങളുടെ മതപരമായ സ്വഭാവം, അവ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ പുറംതള്ളേണ്ട ഒന്നായിരുന്നു എന്നതിന്റെ ഒരു കാരണമായിരുന്നു. “ദൈവാലയത്തിന്നു വിഗ്രഹങ്ങളോടു എന്തു യോജ്യത”യാണ് ഉള്ളത്? (2 കൊരിന്ത്യർ 6:14, 16) അങ്ങനെയെങ്കിൽ ഇന്നത്തെ സ്പോർട്സിനെ സംബന്ധിച്ചെന്ത്?
ഇന്നത്തെ സ്പോർട്സ് വ്യാജദൈവങ്ങളുടെ ബഹുമാനാർഥം അല്ലെന്നുള്ളതു ശരിയാണ്. എന്നാൽ പുരാതനകാലത്തു നിലനിന്നിരുന്ന മത്സരങ്ങളോടു താരതമ്യപ്പെടുത്താവുന്ന ചില സ്പോർട്സിൽ ഒരു മതാവേശം നിഴലിക്കുന്നില്ലേ? അതു മാത്രമല്ല, മത്സരത്തിൽ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച് വിജയം കരസ്ഥമാക്കാൻ അത്ലറ്റുകൾ തങ്ങളുടെ ആരോഗ്യത്തെയും ജീവനെപ്പോലും അപകടത്തിലാക്കുന്ന ഉത്തേജക മരുന്നുകൾ ഉപയോഗിക്കാൻ തയ്യാറായെന്ന് കഴിഞ്ഞ ഏതാനും വർഷത്തെ റിപ്പോർട്ടുകൾ കാണിക്കുന്നു.
എന്നാൽ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ശാരീരിക നേട്ടങ്ങൾക്കു തീരെ കുറഞ്ഞ മൂല്യമേ ഉള്ളൂ. ‘ആന്തരിക വ്യക്തിത്വത്തിലെ’ ആത്മീയ ഗുണങ്ങൾ ആണ് നമ്മെ ദൈവ ദൃഷ്ടിയിൽ അഭികാമ്യരാക്കുന്നത്. (1 പത്രൊസ് 3:3, 4, പി.ഒ.സി. ബൈബിൾ) ഇന്ന് സ്പോർട്സിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഉഗ്രമായ മത്സരബുദ്ധി ഇല്ലെങ്കിലും പലർക്കും അതുണ്ടെന്നു നാം തിരിച്ചറിയുന്നു. അതുകൊണ്ട് ഇത്തരക്കാരുമായുള്ള സഹവാസം “ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ” ഇരിക്കാനുള്ള തിരുവെഴുത്ത് ആഹ്വാനം പിൻപറ്റാൻ നമ്മെ സഹായിക്കുമോ? അതോ “പക, പിണക്കം, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത” എന്നിവയിലേക്കു നമ്മെ നയിക്കുമോ?—ഫിലിപ്പിയർ 2:3; ഗലാത്യർ 5:19-21.
കളിക്കാർ തമ്മിൽ ശാരീരികമായി അടുത്തായിരിക്കേണ്ടതരം ആധുനിക മത്സരങ്ങളിൽ അക്രമത്തിനുള്ള സാധ്യതയുണ്ട്. അത്തരം സ്പോർട്സിനോടു മമത വളർത്തിയെടുക്കുന്നവർ സങ്കീർത്തനം 11:5-ലെ (പി.ഒ.സി. ബൈ.) പിൻവരുന്ന വാക്കുകൾ ഓർക്കേണ്ടതുണ്ട്: “കർത്താവ് [യഹോവ] നീതിമാനെയും ദുഷ്ടനെയും പരിശോധിക്കുന്നു; അക്രമം ഇഷ്ടപ്പെടുന്നവനെ അവിടുന്ന് വെറുക്കുന്നു.”
വ്യായാമത്തെ അതിന്റെ ഉചിതമായ സ്ഥാനത്തു വെക്കുന്നെങ്കിൽ അതു പ്രയോജനപ്രദമാണ്. ‘ശരീരാഭ്യാസം അല്പം പ്രയോജനം’ ചെയ്യുമെന്ന് അപ്പൊസ്തലനായ പൗലൊസും പറയുകയുണ്ടായി. (1 തിമൊഥെയൊസ് 4:7-10) എന്നിരുന്നാലും അവൻ ഗ്രീക്കു മത്സരങ്ങളെ കുറിച്ചു പരാമർശിച്ചപ്പോൾ, ആത്മനിയന്ത്രണവും സഹിഷ്ണുതയും പോലുള്ള ഗുണങ്ങൾ ക്രിസ്ത്യാനികൾ വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെ വ്യക്തമാക്കിക്കാണിക്കാൻ വേണ്ടി മാത്രം അവയെ കുറിച്ചു സംസാരിക്കുകയായിരുന്നു. എല്ലാറ്റിനുമുപരി, പൗലൊസ് നേടാൻ പരിശ്രമിച്ചത് നിത്യജീവനു വേണ്ടിയുള്ള ദൈവദത്ത ‘കിരീടം’ ആയിരുന്നു. (1 കൊരിന്ത്യർ 9:24-27; 1 തിമൊഥെയൊസ് 6:12) അതിൽ അവൻ നമുക്ക് ഒരു മാതൃക വെക്കുകയും ചെയ്തു.
[അടിക്കുറിപ്പുകൾ]
a നീക്കെ, “വിജയം” എന്നതിനുള്ള ഗ്രീക്കു വാക്കാണ്.
[31-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
ബോക്സർ ബോക്സിങ്ങിനു ശേഷം
പുരാതന ബോക്സിങ്ങിന്റെ ദാരുണഫലം വെളിപ്പെടുത്തുന്നതാണ് പൊ.യു.മു. നാലാം നൂറ്റാണ്ടിലെ ഈ വെങ്കല ശിൽപ്പം. റോമിലെ പ്രദർശന കാറ്റലോഗ് അനുസരിച്ച്, “മടുപ്പിക്കുന്ന പോരാട്ടങ്ങളിൽ ‘മുറിവിനു പകരം മുറിവ്’ ഏറ്റുവാങ്ങേണ്ടിവരുന്ന . . . ബോക്സറുടെ ചെറുത്തുനിൽപ്പ് ഏറ്റവും ഉദാത്തമായി വീക്ഷിക്കപ്പെട്ടിരുന്നു.” വിവരണം തുടർന്നു പറയുന്ന പ്രകാരം, “മുമ്പു നടന്ന ഏറ്റുമുട്ടലുകളുടെ ഫലമായുണ്ടായ മുറിവുകളുടെ വടുക്കൾ മായുന്നതിനു മുമ്പേയാണ് വീണ്ടും ഈ മുറിവുകൾ ഉണ്ടായിരിക്കുന്നത്.”
[29-ാം പേജിലെ ചിത്രം]
പുരാതന മത്സരങ്ങളിൽ പ്രമുഖ ഇനമായിരുന്നു തേരോട്ടമത്സരം
[30-ാം പേജിലെ ചിത്രം]
വിജയത്തിന്റെ ദേവതയായ ചിറകുള്ള നീക്കെ വിജയിക്ക് കിരീടം ചാർത്തുന്നത് പുരാതന കലാകാരന്മാർ തങ്ങളുടെ ഭാവനയിൽനിന്നു പകർത്തി