നിങ്ങളുടെ ശ്രമങ്ങൾ വായുവിൽ കുത്തുന്നതുപോലെ ആകാതിരിക്കട്ടെ!
1. ശുശ്രൂഷയിൽ 1 കൊരിന്ത്യർ 9:26 ബാധകമാകുന്നത് എങ്ങനെ?
1 പൗലോസ് അപ്പൊസ്തലൻ എഴുതി: “ലക്ഷ്യമില്ലാതെയല്ല ഞാൻ ഓടുന്നത്. വായുവിൽ കുത്തുന്നതുപോലെയല്ല ഞാൻ മുഷ്ടിയുദ്ധം ചെയ്യുന്നത്.” (1 കൊരി. 9:26) ക്രിസ്തീയ ലക്ഷ്യങ്ങൾ നേടിയെടുക്കുക എന്ന ഏക കാര്യത്തിൽ താൻ ദത്തശ്രദ്ധനാണെന്നു പറയുകയായിരുന്നു പൗലോസ്. എന്നുവരികിലും ഇതിലെ തത്ത്വം ശുശ്രൂഷയ്ക്കും ബാധകമാണ്. അങ്ങനെയെങ്കിൽ, നമ്മുടെ ശ്രമങ്ങൾ “വായുവിൽ കുത്തുന്നതുപോലെ”യാകാതെ ഫലവത്താകാൻ നമുക്ക് എന്തു ചെയ്യാനാകും?
2. എവിടെ, എപ്പോൾ പ്രസംഗിക്കണം എന്നു തീരുമാനിക്കുന്ന കാര്യത്തിൽ പൗലോസിനെയും ഒന്നാം നൂറ്റാണ്ടിലെ മറ്റ് സുവിശേഷകരെയും നമുക്ക് എങ്ങനെ അനുകരിക്കാം?
2 ആളുകൾ ഉള്ളിടത്തു ചെല്ലുക: പൗലോസും ഒന്നാം നൂറ്റാണ്ടിലെ മറ്റ് സുവിശേഷകരും ആളുകളെ കണ്ടെത്താൻ കഴിയുന്ന സ്ഥലങ്ങളിൽ പോയി പ്രസംഗിച്ചു. (പ്രവൃ. 5:42; 16:13; 17:17) നമ്മുടെ പ്രദേശത്തെ ആളുകളിൽ അധികവും വൈകുന്നേരങ്ങളിലാണ് വീട്ടിലുണ്ടാകുന്നതെങ്കിൽ വീടുതോറും സാക്ഷീകരിക്കാൻ അതായിരിക്കും പറ്റിയ സമയം. അതികാലത്തും വൈകുന്നേരങ്ങളിലും ജോലിക്കു പോകുകയും വരുകയും ചെയ്യുന്നവരെ പ്രദേശത്തെ ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും കണ്ടെത്താൻ കഴിയുമോ? പ്രദേശത്തുള്ള കച്ചവട തെരുവുകളിൽ ആളുകൾ നിറയുന്നത് എപ്പോഴാണ്? ആ സമയത്ത് തെരുവുസാക്ഷീകരണം നടത്തുന്നതായിരിക്കാം കൂടുതൽ ഫലപ്രദം.
3. നമ്മുടെ ശ്രമങ്ങൾ വായുവിൽ കുത്തുന്നതുപോലെ ആകാതിരിക്കാൻ നമുക്ക് എങ്ങനെ ജ്ഞാനപൂർവം പ്രവർത്തിക്കാം?
3 ജ്ഞാനത്തോടെ പ്രദേശം പ്രവർത്തിക്കുക: നമ്മുടെ ശ്രമങ്ങൾ വായുവിൽ കുത്തുന്നതുപോലെ ആകാതിരിക്കണമെങ്കിൽ, നാം പ്രദേശം പ്രവർത്തിക്കുന്ന വിധത്തിനും ശ്രദ്ധനൽകണം. ഉദാഹരണത്തിന്, ഒരു വലിയ കൂട്ടം ആളുകൾ ഒരു പ്രദേശത്തേക്കു പോയി പ്രവർത്തിക്കുന്നതിലും നല്ലത് ചെറിയചെറിയ കൂട്ടങ്ങളായി പോകുന്നതായിരിക്കും; കാരണം, വലിയ കൂട്ടത്തെ നയിക്കാനും അവർക്കു പ്രദേശം നൽകാനും ധാരാളം സമയവും ശ്രമവും വേണ്ടിവരും. ഉൾപ്രദേശങ്ങളിൽ സാക്ഷീകരിക്കാൻ പോകുമ്പോഴും ചെറിയ കൂട്ടങ്ങളായി പോകുന്നെങ്കിൽ സമയം പാഴാക്കാതെ പ്രദേശം പ്രവർത്തിച്ചുതീർക്കാനാകും; മാത്രമല്ല, എല്ലാവർക്കും പ്രസംഗിക്കാനുള്ള അവസരവും ലഭിക്കും. യാത്രാസമയം കുറയ്ക്കുന്നതിന് നിങ്ങൾക്ക് വീടിന് അടുത്തുള്ള ഒരു പ്രദേശം പ്രവർത്തിക്കാനായി ചോദിച്ചുവാങ്ങാൻ കഴിയുമോ?
4. “മനുഷ്യരെ പിടിക്കുന്ന”തിൽ വിജയിക്കാൻ നമ്മെ എന്തു സഹായിക്കും?
4 സുവിശേഷം പ്രസംഗിക്കുന്നവരെ യേശു “മനുഷ്യരെ പിടിക്കുന്ന”വർ എന്നാണ് വിശേഷിപ്പിച്ചത്. (മർക്കോ. 1:17) മീൻപിടിത്തക്കാരുടെ ലക്ഷ്യം വെറുതെ വലയെറിയുകയല്ല, മറിച്ച് മീൻ പിടിക്കുകയാണ്. അതുകൊണ്ട് ഉത്സാഹമുള്ള മീൻപിടിത്തക്കാർ മീൻ കിട്ടുന്ന സമയം നോക്കി അതുള്ള ഇടത്തു ചെന്ന് സമയം പാഴാക്കാതെ തങ്ങളുടെ ജോലി ചെയ്യും. അതെ, അവർ തങ്ങളുടെ ശ്രമവും സമയവും പാഴാക്കാതെ ജ്ഞാനപൂർവം പ്രവർത്തിക്കും. നമുക്കും ശുശ്രൂഷയിൽ സമാനമായ ഉത്സാഹം കാണിക്കാം.—എബ്രാ. 6:11.