അധ്യായം 5
ലോകത്തിൽനിന്ന് എങ്ങനെ വേർപെട്ടിരിക്കാം?
“നിങ്ങൾ ലോകത്തിന്റെ ഭാഗമല്ല.”—യോഹന്നാൻ 15:19.
1. മരണത്തിന്റെ തലേരാത്രി എന്തിനെക്കുറിച്ച് ഓർത്തായിരുന്നു യേശുവിന്റെ ഉത്കണ്ഠ?
യേശുവിന്റെ മരണത്തിന്റെ തലേരാത്രി. ശിഷ്യന്മാരെ വിട്ട് പോകാനുള്ള സമയം അടുത്തെന്നു യേശുവിന് അറിയാമായിരുന്നു. അവരുടെ ഭാവിയെക്കുറിച്ച് ഓർത്ത് യേശുവിന് ഉത്കണ്ഠയുണ്ടായിരുന്നു. യേശു അവരോടു പറഞ്ഞു: “നിങ്ങൾ ലോകത്തിന്റെ ഭാഗമല്ല.” (യോഹന്നാൻ 15:19) പിന്നെ ഇങ്ങനെ പറഞ്ഞുകൊണ്ട് യേശു തന്റെ പിതാവിനോട് അവർക്കുവേണ്ടി പ്രാർഥിച്ചു: “ഞാൻ ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെതന്നെ അവരും ലോകത്തിന്റെ ഭാഗമല്ല.” (യോഹന്നാൻ 17:15, 16) എന്താണ് യേശു ഉദ്ദേശിച്ചത്?
2. യേശു പറഞ്ഞ ‘ലോകം’ എന്താണ്?
2 ഇവിടെ ‘ലോകം’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ദൈവത്തെ അറിയാത്ത, സാത്താന്റെ കീഴിലുള്ള ആളുകളെയാണ്. (യോഹന്നാൻ 14:30; എഫെസ്യർ 2:2; യാക്കോബ് 4:4; 1 യോഹന്നാൻ 5:19) നമുക്ക് എങ്ങനെ ‘ലോകത്തിന്റെ ഭാഗമല്ലാതിരിക്കാൻ’ കഴിയും? ഈ അധ്യായത്തിൽ അതിനുള്ള പല വിധങ്ങൾ കാണാം: നമ്മൾ ദൈവരാജ്യത്തെ വിശ്വസ്തമായി പിന്തുണയ്ക്കുന്നു. നമ്മൾ നിഷ്പക്ഷരും ആണ്, അതായത്, രാഷ്ട്രീയകാര്യങ്ങളിൽ പക്ഷം പിടിക്കുന്നില്ല. നമ്മൾ ഈ ലോകത്തിന്റെ ആത്മാവിനെ ചെറുക്കുന്നു. വസ്ത്രധാരണവും ഒരുക്കവും മാന്യമായിരിക്കാൻ ശ്രദ്ധിക്കുന്നു. പണത്തിന്റെ കാര്യത്തിൽ നമുക്ക് സമനിലയുള്ള ഒരു വീക്ഷണമാണുള്ളത്. അതോടൊപ്പം ദൈവം തന്നിരിക്കുന്ന പടക്കോപ്പും നമ്മൾ ധരിക്കുന്നു.—പിൻകുറിപ്പ് 16 കാണുക.
ദൈവരാജ്യത്തോട് വിശ്വസ്തരായിരിക്കുക
3. യേശു രാഷ്ട്രീയകാര്യങ്ങളെ എങ്ങനെയാണു വീക്ഷിച്ചത്?
3 യേശു ഭൂമിയിലായിരുന്ന സമയത്ത്, ആളുകൾക്കു വളരെയധികം പ്രശ്നങ്ങളുണ്ടെന്നും അതുകൊണ്ട് അവരുടെ ജീവിതം ബുദ്ധിമുട്ടാണെന്നും മനസ്സിലാക്കി. യേശു അവരെക്കുറിച്ച് ചിന്തയുള്ളവനായിരുന്നു. അവരെ സഹായിക്കാനും ആഗ്രഹിച്ചു. അതിനുവേണ്ടി യേശു ഒരു രാഷ്ട്രീയനേതാവായോ? ഇല്ല. ആളുകൾക്ക് യഥാർഥത്തിൽ ആവശ്യമായിരിക്കുന്നത് ദൈവരാജ്യം, അഥവാ ദൈവത്തിന്റെ ഗവൺമെന്റാണെന്നു യേശുവിന് അറിയാമായിരുന്നു. യേശുവായിരിക്കും ആ രാജ്യത്തിന്റെ രാജാവ്. ഈ രാജ്യമായിരുന്നു യേശുവിന്റെ പ്രസംഗങ്ങളിലെ പ്രധാനവിഷയം. (ദാനിയേൽ 7:13, 14; ലൂക്കോസ് 4:43; 17:20, 21) യേശു രാഷ്ട്രീയകാര്യങ്ങളിൽ ഉൾപ്പെടാതെ എപ്പോഴും നിഷ്പക്ഷനായി നിന്നു. റോമൻ ഗവർണറായ പൊന്തിയൊസ് പീലാത്തൊസിനു മുന്നിൽ നിന്നപ്പോൾ യേശു പറഞ്ഞത് “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല” എന്നാണ്. (യോഹന്നാൻ 18:36) യേശുവിന്റെ ശിഷ്യന്മാരും നിഷ്പക്ഷരായിരുന്നു. നാഗരികതയിലേക്കുള്ള പാതയിൽ (ഇംഗ്ലീഷ്) എന്ന പുസ്തകം ആദ്യകാലക്രിസ്ത്യാനികൾ “രാഷ്ട്രീയസ്ഥാനങ്ങൾ വഹിച്ചിരുന്നില്ല” എന്നു പറയുന്നു. ഇന്നത്തെ സത്യക്രിസ്ത്യാനികളും അങ്ങനെതന്നെയാണ്. നമ്മൾ ദൈവരാജ്യത്തെ വിശ്വസ്തമായി പിന്തുണയ്ക്കുകയും ലോകത്തിന്റെ രാഷ്ട്രീയകാര്യങ്ങളിൽ നിഷ്പക്ഷരായിരിക്കുകയും ചെയ്യുന്നു.—മത്തായി 24:14.
4. സത്യക്രിസ്ത്യാനികൾ ദൈവരാജ്യത്തെ പിന്തുണയ്ക്കുന്നത് എങ്ങനെയാണ്?
4 സ്വന്തം രാജ്യത്തിന്റെ പ്രതിനിധികളായി വിദേശരാജ്യത്തു സേവിക്കുന്നവരാണു സ്ഥാനപതികൾ. അതുകൊണ്ട് അവർ ആ വിദേശരാജ്യത്തെ രാഷ്ട്രീയകാര്യങ്ങളിൽ ഇടപെടാറില്ല. ക്രിസ്തുവിനോടൊപ്പം സ്വർഗത്തിൽ ഭരിക്കാൻ പ്രത്യാശയുള്ള അഭിഷിക്തരും ഇവരെപ്പോലെയാണ്. പൗലോസ് ഈ അഭിഷിക്തക്രിസ്ത്യാനികളെ ‘ക്രിസ്തുവിന്റെ പകരക്കാരായ സ്ഥാനപതികൾ’ എന്നാണു വിളിച്ചത്. (2 കൊരിന്ത്യർ 5:20) അഭിഷിക്തർ ദൈവത്തിന്റെ ഗവൺമെന്റിന്റെ പ്രതിനിധികളാണ്. അതുകൊണ്ട് അവർ ഈ ലോകത്തിന്റെ രാഷ്ട്രീയമോ ഭരണപരമോ ആയ കാര്യങ്ങളിൽ ഉൾപ്പെടുന്നില്ല. (ഫിലിപ്പിയർ 3:20) പകരം, അഭിഷിക്തർ ദൈവത്തിന്റെ ഗവൺമെന്റിനെക്കുറിച്ച് മനസ്സിലാക്കാൻ ലക്ഷക്കണക്കിന് ആളുകളെ സഹായിച്ചിരിക്കുന്നു. ദൈവത്തിന്റെ പുതിയ ലോകത്തിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശയുള്ള ‘വേറെ ആടുകൾ’ ഈ അഭിഷിക്തരെ പിന്തുണയ്ക്കുന്നു. അവരും നിഷ്പക്ഷരാണ്. (യോഹന്നാൻ 10:16; മത്തായി 25:31-40) വ്യക്തമായി പറഞ്ഞാൽ, ഒരു സത്യക്രിസ്ത്യാനിയും ഈ ലോകത്തിന്റെ രാഷ്ട്രീയകാര്യങ്ങളിൽ ഉൾപ്പെടില്ല.—യശയ്യ 2:2-4 വായിക്കുക.
5. ക്രിസ്ത്യാനികൾ യുദ്ധത്തിൽ ഏർപ്പെടാത്തതിന്റെ ഒരു കാരണം എന്താണ്?
5 സത്യക്രിസ്ത്യാനികൾ സഹവിശ്വാസികളെ കുടുംബാംഗങ്ങളെപ്പോലെയാണു കാണുന്നത്. രാജ്യമോ പശ്ചാത്തലമോ വ്യത്യസ്തമായിരുന്നാലും അവർ ഒരു കുടുംബംതന്നെയാണ്. (1 കൊരിന്ത്യർ 1:10) നമ്മൾ യുദ്ധത്തിനു പോകുകയാണെങ്കിൽ, യേശു സ്നേഹിക്കാൻ പറഞ്ഞ നമ്മുടെ സ്വന്തം കുടുംബത്തിനും സഹവിശ്വാസികൾക്കും എതിരെ പോരാടുന്നതുപോലെയായിരിക്കും. (യോഹന്നാൻ 13:34, 35; 1 യോഹന്നാൻ 3:10-12) ശത്രുക്കളെപ്പോലും സ്നേഹിക്കാനാണു യേശു ശിഷ്യന്മാരോടു പറഞ്ഞത്.—മത്തായി 5:44; 26:52.
6. യഹോവയുടെ സമർപ്പിതദാസർ ഗവൺമെന്റുകളെ എങ്ങനെ കാണുന്നു?
6 ക്രിസ്ത്യാനികളെന്ന നിലയിൽ നിഷ്പക്ഷരാണെങ്കിലും, നല്ല പൗരന്മാരായിരിക്കാൻ നമ്മൾ പരമാവധി ശ്രമിക്കുന്നു. ഉദാഹരണത്തിന്, നിയമങ്ങൾ അനുസരിച്ചുകൊണ്ടും നികുതികൾ അടച്ചുകൊണ്ടും നമ്മൾ ഗവൺമെന്റിനോട് ആദരവ് കാണിക്കുന്നു. എന്നാൽ ‘ദൈവത്തിനുള്ളതു ദൈവത്തിനു’ കൊടുക്കുന്നുണ്ടെന്നും നമ്മൾ എപ്പോഴും ഉറപ്പുവരുത്തുന്നു. (മർക്കോസ് 12:17; റോമർ 13:1-7; 1 കൊരിന്ത്യർ 6:19, 20) ‘ദൈവത്തിനുള്ളതിൽ’ നമ്മുടെ സ്നേഹവും അനുസരണവും ആരാധനയും ഉൾപ്പെടുന്നു. ജീവനു ഭീഷണിയായാൽപ്പോലും ദൈവത്തെ അനുസരിക്കുന്നതാണു നമുക്കു പ്രധാനം.—ലൂക്കോസ് 4:8; 10:27; പ്രവൃത്തികൾ 5:29; റോമർ 14:8 വായിക്കുക.
‘ലോകത്തിന്റെ ആത്മാവിനെ’ ചെറുത്തുനിൽക്കുക
7, 8. എന്താണു ‘ലോകത്തിന്റെ ആത്മാവ്,’ അത് ആളുകളെ സ്വാധീനിക്കുന്നത് എങ്ങനെ?
7 സാത്താന്റെ ലോകത്തിൽനിന്ന് വേർപെട്ടിരിക്കുക എന്നു പറഞ്ഞാൽ നമ്മളെ നിയന്ത്രിക്കാൻ ‘ലോകത്തിന്റെ ആത്മാവിനെ’ അനുവദിക്കരുത് എന്നാണ്. ആ ആത്മാവ് സാത്താനിൽനിന്ന് വരുന്ന ചിന്താരീതിയും പെരുമാറ്റവും ആണ്. യഹോവയെ സേവിക്കാത്തവരെ അതു നിയന്ത്രിക്കുന്നു. എന്നാൽ ക്രിസ്ത്യാനികൾ അതിനെ ചെറുത്തുനിൽക്കുന്നു. പൗലോസ് പറഞ്ഞതുപോലെ, “നമുക്കു കിട്ടിയിരിക്കുന്നതു ലോകത്തിന്റെ ആത്മാവല്ല ദൈവത്തിൽനിന്നുള്ള ആത്മാവാണ്.”—1 കൊരിന്ത്യർ 2:12; എഫെസ്യർ 2:2, 3; പിൻകുറിപ്പ് 17 കാണുക.
8 ലോകത്തിന്റെ ആത്മാവ് ആളുകളെ അഹങ്കാരികളും സ്വാർഥരും ധിക്കാരികളും ആക്കുന്നു, ദൈവത്തെ അനുസരിക്കേണ്ട കാര്യമില്ലെന്ന് അവരെക്കൊണ്ട് ചിന്തിപ്പിക്കുന്നു. പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാതെ തങ്ങൾക്കു തോന്നിയതെല്ലാം ആളുകൾ ചെയ്യണമെന്നാണു സാത്താൻ ആഗ്രഹിക്കുന്നത്. “ജഡത്തിന്റെ മോഹം, കണ്ണിന്റെ മോഹം” ഇതൊക്കെയാണു ജീവിതത്തിലെ ഏറ്റവും പ്രധാനകാര്യങ്ങളെന്ന് ആളുകൾ ചിന്തിക്കണമെന്നും സാത്താൻ ആഗ്രഹിക്കുന്നു. (1 യോഹന്നാൻ 2:16; 1 തിമൊഥെയൊസ് 6:9, 10) യഹോവയുടെ ദാസരെ വഴിതെറ്റിക്കാനാണു പിശാച് പ്രധാനമായും ശ്രമിക്കുന്നത്. അവനെപ്പോലെ നമ്മളും ചിന്തിക്കുന്നതിനായി അവൻ പല തന്ത്രങ്ങളും പ്രയോഗിക്കുന്നു.—യോഹന്നാൻ 8:44; പ്രവൃത്തികൾ 13:10; 1 യോഹന്നാൻ 3:8.
9. ലോകത്തിന്റെ ആത്മാവ് നമ്മളെ എങ്ങനെ സ്വാധീനിച്ചേക്കാം?
9 ശ്വസിക്കുന്ന വായുപോലെ ഈ ലോകത്തിന്റെ ആത്മാവ് നമുക്കു ചുറ്റും എല്ലായിടത്തുമുണ്ട്. അതിനെ ചെറുക്കാൻ നമ്മൾ കഠിനമായി ശ്രമിച്ചില്ലെങ്കിൽ അതു നമ്മളെ സ്വാധീനിക്കും. (സുഭാഷിതങ്ങൾ 4:23 വായിക്കുക.) ഒരു കുഴപ്പവുമില്ലെന്നു തോന്നുന്ന വിധത്തിലായിരിക്കാം അതിന്റെ തുടക്കം. ഉദാഹരണത്തിന്, യഹോവയെ സേവിക്കാത്തവരുടെ ചിന്തയും മനോഭാവവും നമ്മളെ സ്വാധീനിക്കാൻ നമ്മൾ അനുവദിച്ചേക്കാം. (സുഭാഷിതങ്ങൾ 13:20; 1 കൊരിന്ത്യർ 15:33) അല്ലെങ്കിൽ അശ്ലീലം, വിശ്വാസത്യാഗം, കടുത്ത മത്സരം നിറഞ്ഞ കായികപരിപാടികൾ തുടങ്ങിയവ നമ്മളെ സ്വാധീനിച്ചേക്കാം.—പിൻകുറിപ്പ് 18 കാണുക.
10. ലോകത്തിന്റെ ആത്മാവിനെ നമുക്ക് എങ്ങനെ ചെറുത്തുനിൽക്കാം?
10 അങ്ങനെയെങ്കിൽ, ലോകത്തിന്റെ ആത്മാവ് നമ്മളെ നിയന്ത്രിക്കാതിരിക്കാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും? നമ്മൾ യഹോവയോടു പറ്റിനിൽക്കുകയും യഹോവയുടെ ജ്ഞാനമൊഴികൾക്കു ചേർച്ചയിൽ ജീവിക്കുകയും വേണം. നമ്മൾ പരിശുദ്ധാത്മാവിനുവേണ്ടി നിരന്തരം പ്രാർഥിക്കുകയും ദൈവസേവനത്തിൽ സജീവമായി ഏർപ്പെടുകയും വേണം. ഈ പ്രപഞ്ചത്തിലെ ഏറ്റവും ശക്തനായ വ്യക്തി യഹോവയാണ്. അതുകൊണ്ട് ഈ ലോകത്തിന്റെ ആത്മാവിനെ ചെറുത്തുനിൽക്കാൻ ദൈവത്തിനു നമ്മളെ സഹായിക്കാനാകുമെന്നു നമുക്ക് ഉറപ്പുണ്ട്.—1 യോഹന്നാൻ 4:4.
ദൈവത്തിനു മഹത്ത്വം കരേറ്റുന്ന വസ്ത്രധാരണം
11. ആളുകളുടെ വസ്ത്രധാരണത്തെ ലോകത്തിന്റെ ആത്മാവ് എങ്ങനെ സ്വാധീനിച്ചിരിക്കുന്നു?
11 വേഷവിധാനത്തിലൂടെയും നമ്മൾ ഈ ലോകത്തിന്റെ ഭാഗമല്ലെന്നു കാണിക്കുന്നു. ലോകത്തിലുള്ള പലരുടെയും വസ്ത്രധാരണരീതി, മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുകയോ മറ്റുള്ളവരിൽ അധാർമികചിന്തകൾ ഉളവാക്കുകയോ സമൂഹത്തിന്റെ ചിട്ടവട്ടങ്ങളോടുള്ള വെറുപ്പു കാണിക്കുകയോ തങ്ങൾ എത്ര പണക്കാരാണെന്നു കാണിക്കുകയോ ചെയ്യുന്ന വിധത്തിലാണ്. മറ്റു ചിലർക്കു തങ്ങളുടെ വേഷവിധാനത്തെക്കുറിച്ച് ഒട്ടും ചിന്തയില്ല. അവർ അലങ്കോലമായോ വൃത്തികേടായോ വസ്ത്രം ധരിച്ചേക്കാം. എന്നാൽ ഈ രണ്ടു ചിന്താഗതിയും നമുക്കു പറ്റില്ല.
12, 13. എന്തു ധരിക്കണം എന്നു തീരുമാനിക്കുമ്പോൾ ഏതു തത്ത്വം കണക്കിലെടുക്കണം?
12 യഹോവയുടെ ദാസരായ നമ്മൾ വൃത്തിയും വെടിപ്പും ഉള്ള വസ്ത്രം ധരിക്കും. കൂടാതെ സാഹചര്യത്തിന് ഇണങ്ങുന്നതും പൊതുവേ അംഗീകരിക്കപ്പെടുന്നതും ആയ വസ്ത്രങ്ങളാണു നമ്മൾ ധരിക്കുക. “ദൈവഭക്തി” പ്രകടമാക്കുന്നതിനു നമ്മൾ “മാന്യമായി, സുബോധത്തോടെ” വസ്ത്രം ധരിക്കും.—1 തിമൊഥെയൊസ് 2:9, 10; യൂദ 21.
13 നമ്മുടെ വസ്ത്രധാരണരീതി, യഹോവയെയും യഹോവയുടെ ജനത്തെയും കുറിച്ചുള്ള മറ്റുള്ളവരുടെ വീക്ഷണത്തെ ബാധിക്കും. “എല്ലാം ദൈവത്തിന്റെ മഹത്ത്വത്തിനുവേണ്ടി” ചെയ്യാനാണു നമ്മൾ ആഗ്രഹിക്കുന്നത്. (1 കൊരിന്ത്യർ 10:31) മാന്യതയിൽ മറ്റുള്ളവരുടെ വികാരങ്ങളെയും അഭിപ്രായങ്ങളെയും മാനിക്കുന്നത് ഉൾപ്പെടുന്നു. അതുകൊണ്ട് വസ്ത്രം തിരഞ്ഞെടുക്കുമ്പോഴും ഏതു വിധത്തിൽ ഒരുങ്ങണം എന്നു തീരുമാനിക്കുമ്പോഴും നമ്മുടെ തീരുമാനങ്ങൾ മറ്റുള്ളവരെ ബാധിക്കുമെന്ന കാര്യം നമ്മൾ മനസ്സിൽപ്പിടിക്കുന്നു.—1 കൊരിന്ത്യർ 4:9; 2 കൊരിന്ത്യർ 6:3, 4; 7:1.
14. ക്രിസ്തീയപ്രവർത്തനങ്ങൾക്കുവേണ്ടി വസ്ത്രം തിരഞ്ഞെടുക്കുമ്പോൾ എന്തു ചിന്തിക്കണം?
14 സഭായോഗങ്ങൾക്കു പോകുമ്പോഴും വയൽസേവനത്തിനു പോകുമ്പോഴും എങ്ങനെയുള്ള വസ്ത്രങ്ങളാണു ധരിക്കുന്നത്? നമ്മളിലേക്ക് അമിതമായി ശ്രദ്ധ ആകർഷിക്കുന്ന വിധത്തിലാണോ നമ്മുടെ വസ്ത്രധാരണം? നമ്മുടെ വസ്ത്രം കണ്ടാൽ മറ്റുള്ളവർക്ക് അസ്വസ്ഥത തോന്നുമോ? ‘ഞാൻ എന്ത് ഇടണമെന്നു ഞാനാണു തീരുമാനിക്കുന്നത്, മറ്റുള്ളവരല്ല’ എന്നാണോ നമ്മൾ ചിന്തിക്കുന്നത്? (ഫിലിപ്പിയർ 4:5; 1 പത്രോസ് 5:6) ആകർഷണീയരായിരിക്കാൻ നമ്മളെല്ലാം ആഗ്രഹിക്കുന്നു. എന്നാൽ നമ്മളെ ശരിക്കും ആകർഷണീയരാക്കുന്നത് ക്രിസ്തീയഗുണങ്ങളാണ്. യഹോവ നമ്മളിൽ നോക്കുന്നത് ഈ ഗുണങ്ങളാണ്. നമ്മൾ അകമേ ആരാണെന്ന്, നമ്മളിലെ ‘ആന്തരികമനുഷ്യനെ,’ അതു കാണിക്കുന്നു. “അതിനാണു ദൈവമുമ്പാകെ വിലയുള്ളത്.”—1 പത്രോസ് 3:3, 4.
15. നമ്മുടെ വസ്ത്രവും വേഷവിധാനവും എങ്ങനെയായിരിക്കണമെന്ന് യഹോവ കൃത്യമായി പറയാത്തത് എന്തുകൊണ്ട്?
15 എന്തു ധരിക്കണം എന്തു ധരിക്കരുത് എന്ന ഒരു പട്ടിക യഹോവ നമുക്കു തന്നിട്ടില്ല. പകരം നല്ല തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന ബൈബിൾതത്ത്വങ്ങൾ യഹോവ തന്നിട്ടുണ്ട്. (എബ്രായർ 5:14) നമ്മൾ എടുക്കുന്ന തീരുമാനം ചെറുതായാലും വലുതായാലും അതു തന്നോടും മറ്റുള്ളവരോടും ഉള്ള സ്നേഹത്തിന്റെ അടിസ്ഥാനത്തിലായിരിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്. (മർക്കോസ് 12:30, 31 വായിക്കുക.) ലോകമെങ്ങുമുള്ള യഹോവയുടെ ജനം അവരവരുടെ സംസ്കാരത്തിനും താത്പര്യത്തിനും അനുസരിച്ച് വ്യത്യസ്തവിധങ്ങളിലാണു വസ്ത്രം ധരിക്കുന്നത്. ഈ വൈവിധ്യം മനോഹരവും രസകരവും ആണ്.
പണത്തെക്കുറിച്ച് സമനിലയുള്ള വീക്ഷണം
16. പണത്തെക്കുറിച്ചുള്ള ലോകത്തിന്റെ വീക്ഷണം യേശു പഠിപ്പിച്ചതിൽനിന്ന് വിപരീതമായിരിക്കുന്നത് എങ്ങനെ? നമ്മൾ സ്വയം ഏതു ചോദ്യങ്ങൾ ചോദിക്കണം?
16 പണവും വസ്തുവകകളും ആണ് സന്തോഷം തരുന്നതെന്ന് ആളുകൾ ചിന്തിക്കാൻ സാത്താൻ ആഗ്രഹിക്കുന്നു. പക്ഷേ, ഇതു സത്യമല്ലെന്ന് യഹോവയുടെ ദാസർക്ക് അറിയാം. കാരണം യേശു പറഞ്ഞത് “ഒരാൾക്ക് എത്ര സമ്പത്തുണ്ടെങ്കിലും അതൊന്നുമല്ല അയാൾക്കു ജീവൻ നേടിക്കൊടുക്കുന്നത് ” എന്നാണ്. (ലൂക്കോസ് 12:15) പണത്തിന് യഥാർഥസന്തോഷം തരാൻ കഴിയില്ല. യഥാർഥസുഹൃത്തുക്കളെയോ യഥാർഥമനസ്സമാധാനമോ നിത്യജീവനോ തരാൻ പണത്തിനു കഴിയില്ല. പക്ഷേ, കുറച്ച് വസ്തുവകകൾ വേണമെന്നതും നമ്മൾ ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്നുവെന്നതും സത്യമാണ്. എന്നാൽ ദൈവവുമായി നല്ല ബന്ധമുണ്ടായിരിക്കുകയും നമ്മൾ ആരാധനയ്ക്കു ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുകയും ചെയ്താൽ നമുക്കു സന്തോഷം ലഭിക്കുമെന്നാണു യേശു പഠിപ്പിച്ചത്. (മത്തായി 5:3; 6:22, അടിക്കുറിപ്പ്) നിങ്ങളോടുതന്നെ ചോദിക്കുക: ‘പണത്തെക്കുറിച്ചുള്ള ലോകത്തിന്റെ വീക്ഷണം എന്നെ സ്വാധീനിച്ചിട്ടുണ്ടോ? പണത്തെക്കുറിച്ചാണോ ഞാൻ പ്രധാനമായും ചിന്തിക്കുന്നതും സംസാരിക്കുന്നതും?’—ലൂക്കോസ് 6:45; 21:34-36; 2 യോഹന്നാൻ 6.
17. പണത്തെക്കുറിച്ചുള്ള ലോകത്തിന്റെ വീക്ഷണം ഒഴിവാക്കുന്നതു നിങ്ങളുടെ ജീവിതം എങ്ങനെ മെച്ചപ്പെടുത്തും?
17 പണത്തെക്കുറിച്ചുള്ള ലോകത്തിന്റെ വീക്ഷണം ഒഴിവാക്കി ദൈവത്തെ ആരാധിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ നമ്മുടെ ജീവിതം അർഥപൂർണമാകും. (മത്തായി 11:29, 30) നമ്മൾ സംതൃപ്തരായിരിക്കും, മനസ്സമാധാനവുമുണ്ടായിരിക്കും. (മത്തായി 6:31, 32; റോമർ 15:13) വസ്തുവകകളെക്കുറിച്ച് നമുക്ക് അമിതമായ ഉത്കണ്ഠ കാണില്ല. (1 തിമൊഥെയൊസ് 6:9, 10 വായിക്കുക.) കൊടുക്കുന്നതിന്റെ സന്തോഷം നമ്മൾ ആസ്വദിക്കും. (പ്രവൃത്തികൾ 20:35) സ്നേഹിക്കുന്നവരോടൊപ്പം ചെലവഴിക്കാൻ കൂടുതൽ സമയവും കിട്ടും. നിങ്ങൾക്കു നന്നായി ഉറങ്ങാനും സാധിച്ചേക്കും.—സഭാപ്രസംഗകൻ 5:12.
“സമ്പൂർണപടക്കോപ്പ്”
18. സാത്താൻ എന്തിനുവേണ്ടിയാണു ശ്രമിക്കുന്നത്?
18 യഹോവയുമായുള്ള നമ്മുടെ ബന്ധം തകർക്കാൻ സാത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ആ ബന്ധം കാത്തുസൂക്ഷിക്കാൻ നമ്മളാൽ കഴിയുന്നതെല്ലാം ചെയ്യണം. ‘ദുഷ്ടാത്മസേനകളോട് ’ നമുക്ക് ഒരു പോരാട്ടമുണ്ട്. (എഫെസ്യർ 6:12) നമ്മൾ സന്തോഷത്തോടിരിക്കാനോ എന്നേക്കും ജീവിക്കാനോ സാത്താനും അവന്റെ ഭൂതങ്ങളും ആഗ്രഹിക്കുന്നില്ല. (1 പത്രോസ് 5:8) ഈ ശക്തരായ ശത്രുക്കൾ നമുക്ക് എതിരെ പോരാടുകയാണ്. എന്നാൽ യഹോവയുടെ സഹായത്തോടെ നമുക്കു പോരാട്ടത്തിൽ വിജയിക്കാൻ കഴിയും.
19. ഒരു ക്രിസ്ത്യാനിയുടെ ‘പടക്കോപ്പിനെക്കുറിച്ച് ’ എഫെസ്യർ 6:14-18 എന്തു പറയുന്നു?
19 പുരാതനകാലത്ത്, യുദ്ധത്തിനു പോകുന്ന പടയാളികൾ സംരക്ഷണത്തിനുവേണ്ടി പടക്കോപ്പു ധരിച്ചിരുന്നു. ഇതുപോലെ യഹോവ തന്നിരിക്കുന്ന “പടക്കോപ്പ് ” നമ്മളും ധരിക്കണം. (എഫെസ്യർ 6:13) അതു നമ്മളെ സംരക്ഷിക്കും. ഈ പടക്കോപ്പിനെക്കുറിച്ച് എഫെസ്യർ 6:14-18-ൽ ഇങ്ങനെയാണു പറയുന്നത്: “അതുകൊണ്ട് സത്യം അരയ്ക്കു കെട്ടി നീതി എന്ന കവചം മാറിൽ ധരിച്ച് സമാധാനത്തിന്റെ സന്തോഷവാർത്ത അറിയിക്കാനുള്ള ഒരുക്കം ചെരിപ്പായി അണിഞ്ഞ് ഉറച്ചുനിൽക്കുക. ഇതിനെല്ലാം പുറമേ ദുഷ്ടന്റെ തീയമ്പുകളെ മുഴുവൻ കെടുത്തിക്കളയാൻ സഹായിക്കുന്ന വിശ്വാസം എന്ന വലിയ പരിചയും പിടിക്കണം. രക്ഷ എന്ന പടത്തൊപ്പി അണിഞ്ഞ് ദൈവവചനം എന്ന ദൈവാത്മാവിന്റെ വാളും എടുക്കുക. ഏതു സാഹചര്യത്തിലും എല്ലാ തരം പ്രാർഥനകളോടും ഉള്ളുരുകിയുള്ള അപേക്ഷകളോടും കൂടെ ദൈവാത്മാവിൽ പ്രാർഥിച്ചുകൊണ്ടിരിക്കുകയും വേണം.”
20. “പടക്കോപ്പ് ” നമ്മളെ സംരക്ഷിക്കണമെങ്കിൽ നമ്മൾ എന്തു ചെയ്യണം?
20 ഒരു പടയാളി പടക്കോപ്പിലെ ഏതെങ്കിലും ഒന്ന് ധരിക്കാൻ മറന്നാൽ ശരീരത്തിന്റെ ആ ഭാഗത്തിനു സംരക്ഷണം ലഭിക്കില്ല. ശത്രു ആക്രമിക്കുന്നതും അവിടെത്തന്നെയായിരിക്കും. “പടക്കോപ്പ് ” നമ്മളെ സംരക്ഷിക്കണമെങ്കിൽ അതിലുള്ള എല്ലാം എപ്പോഴും ധരിച്ചിരിക്കണം, അവയ്ക്കു കേടുപാടൊന്നും സംഭവിച്ചിട്ടില്ലെന്നും ഉറപ്പുവരുത്തണം. സാത്താന്റെ ലോകം നശിച്ച്, അവനെയും അവന്റെ ഭൂതങ്ങളെയും ഭൂമിയിൽനിന്ന് നീക്കം ചെയ്യുന്നതുവരെ നമ്മുടെ പോരാട്ടം തുടരും. (വെളിപാട് 12:17; 20:1-3) അതുകൊണ്ട്, നമ്മൾ ബലഹീനതകൾക്കോ തെറ്റായ മോഹങ്ങൾക്കോ എതിരെ പോരാടുകയാണെങ്കിൽ മടുത്ത് പിന്മാറരുത്!—1 കൊരിന്ത്യർ 9:27.
21. നമ്മുടെ പോരാട്ടത്തിൽ എങ്ങനെ വിജയിക്കാം?
21 നമ്മൾ പിശാചിനെക്കാൾ ശക്തരല്ല. എന്നാൽ യഹോവ കൂടെയുണ്ടെങ്കിൽ നമ്മൾ പിശാചിനെക്കാൾ ശക്തരാകും! വിശ്വസ്തത കാത്തുസൂക്ഷിക്കുന്നതിനു നമ്മൾ യഹോവയോടു പ്രാർഥിക്കുകയും ദൈവവചനം പഠിക്കുകയും സഹോദരീസഹോദരന്മാരോടൊപ്പം സമയം ചെലവഴിക്കുകയും വേണം. (എബ്രായർ 10:24, 25) ഇതൊക്കെ ദൈവത്തോടു വിശ്വസ്തരായിരിക്കാനും വിശ്വാസത്തിനുവേണ്ടി സംസാരിക്കാനും നമ്മളെ സഹായിക്കും.
വിശ്വാസത്തിനുവേണ്ടി സംസാരിക്കാൻ ഒരുങ്ങിയിരിക്കുക
22, 23. (എ) നമ്മുടെ വിശ്വാസത്തിനുവേണ്ടി സംസാരിക്കാൻ എപ്പോഴും എങ്ങനെ ഒരുങ്ങിയിരിക്കാം? (ബി) അടുത്ത അധ്യായത്തിൽ എന്തു ചർച്ച ചെയ്യും?
22 വിശ്വാസത്തിനുവേണ്ടി സംസാരിക്കാൻ നമ്മൾ എപ്പോഴും തയ്യാറായിരിക്കണം. (യോഹന്നാൻ 15:19) ചില കാര്യങ്ങളിൽ യഹോവയുടെ സാക്ഷികൾ മറ്റുള്ളവരിൽനിന്ന് തികച്ചും വ്യത്യസ്തമായ നിലപാടാണ് എടുക്കുന്നത്. നിങ്ങളോടുതന്നെ ചോദിക്കുക: ‘നമ്മൾ ഈ നിലപാട് എടുത്തത് എന്തുകൊണ്ടാണെന്ന് എനിക്കു വ്യക്തമാണോ? ബൈബിളും വിശ്വസ്തനും വിവേകിയും ആയ അടിമയും പറയുന്നത് ശരിയാണെന്ന് എനിക്കു ബോധ്യമുണ്ടോ? യഹോവയുടെ സാക്ഷിയായിരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നുണ്ടോ? (സങ്കീർത്തനം 34:2; മത്തായി 10:32, 33) എന്റെ വിശ്വാസങ്ങൾ മറ്റുള്ളവരോടു വിശദീകരിക്കാൻ എനിക്ക് അറിയാമോ?’—മത്തായി 24:45; യോഹന്നാൻ 17:17; 1 പത്രോസ് 3:15 വായിക്കുക.
23 മിക്ക സാഹചര്യങ്ങളിലും ലോകത്തിന്റെ ഭാഗമല്ലാതിരിക്കാൻ എന്തു ചെയ്യണമെന്നതു വ്യക്തമാണ്. പക്ഷേ, ചില സാഹചര്യങ്ങളിൽ അത് അത്ര വ്യക്തമായിരിക്കില്ല. സാത്താൻ നമ്മളെ പല വിധങ്ങളിൽ കുടുക്കാൻ ശ്രമിക്കുന്നു. അതിൽ ഒന്ന് വിനോദമാണ്. നമുക്കു വിനോദം എങ്ങനെ ജ്ഞാനപൂർവം തിരഞ്ഞെടുക്കാം? അതു നമ്മൾ അടുത്ത അധ്യായത്തിൽ കാണും.