മതപരമായി ഭിന്നിച്ച ഒരു കുടുംബത്തിലെ ദൈവിക അനുസരണം
“ശരീരത്തിന് ഏൽക്കുന്ന ഒരടിയെക്കാൾ എത്രയോ വലിയ വേദനയാണ് അതു വരുത്തുന്നത്. . . . ശരീരമാകെ ചതഞ്ഞരയുന്നതുപോലെ. എന്നിട്ടോ, ഇതൊക്കെ ആരു കാണാനാ.” “ചിലപ്പോഴൊക്കെ തോന്നും, ഒക്കെ വിട്ടുകളഞ്ഞാലോ . . . അല്ലെങ്കിൽ എങ്ങോട്ടെങ്കിലും പോകാം, പിന്നെ ഒരിക്കലും തിരിച്ചുവരണ്ടാ എന്ന്.” “പലപ്പോഴും നേരേചൊവ്വേ ചിന്തിക്കാൻതന്നെ വിഷമം.”
വിഷാദത്തിന്റെയും ഏകാന്തതയുടെയും വികാരങ്ങൾ തുളുമ്പുന്ന, മനസ്സുകലങ്ങിയുള്ള വാക്കുകളാണവ. കുററാരോപണങ്ങൾ, ഭീഷണികൾ, തരംതാഴ്ത്തുന്ന പരിഹാസപ്പേർവിളികൾ എന്നിങ്ങനെ വാഗ്ശരങ്ങൾക്കും അവഗണന യ്ക്കും പെരുമാററത്തിനും ഇണകളിൽനിന്നും കുടുംബാംഗങ്ങളിൽനിന്നുമുള്ള ശരീരപീഡനത്തിനുമൊക്കെ ഇരയാകുന്നവരിൽനിന്നാണ് അത്തരം വാക്കുകൾ പുറപ്പെടുന്നത്. ഇവർക്കിത്ര മോശമായ പെരുമാററം കിട്ടുന്നതെന്തുകൊണ്ടാണ്? കേവലം ഭിന്ന മതവിശ്വാസമാണു കാരണം. ഈ സാഹചര്യങ്ങളിൽ, മതപരമായി ഭിന്നിച്ച കുടുംബങ്ങളിൽ ജീവിക്കുമ്പോൾ യഹോവയെ ആരാധിക്കുന്നത് ഒരു യഥാർഥ വെല്ലുവിളിയായിത്തീരുന്നു. എന്നിട്ടും, അത്തരം സംഗതികൾക്കിരയാകുന്ന അനേകം ക്രിസ്ത്യാനികൾ വിജയകരമായി ദൈവിക അനുസരണം പ്രകടമാക്കുന്നു.
അത്തരം ദേഷ്യവും സമ്മർദവും മതപരമായി ഭിന്നിച്ച എല്ലാ കുടുംബങ്ങളിലും കാണുന്നില്ല എന്നതിൽ നമുക്കു നന്ദിയുള്ളവരായിരിക്കാം. എന്നിരുന്നാലും, അതുള്ളതുതന്നെ. ഇത്തരം അവസ്ഥ നിങ്ങളുടെ കുടുംബത്തിലുണ്ടോ? അങ്ങനെയെങ്കിൽ, നിങ്ങളുടെ ഇണയോടോ മാതാപിതാക്കളോടോ ആദരവു നിലനിർത്തുക നിങ്ങൾക്കു ബുദ്ധിമുട്ടായി തോന്നാം. ആ സ്ഥിതിവിശേഷത്തിലകപ്പെട്ട ഒരു ഭാര്യയാണു നിങ്ങളെങ്കിൽ, അല്ലെങ്കിൽ അത്തരമൊരു സാഹചര്യത്തിലകപ്പെട്ട കുട്ടികളാണു നിങ്ങളെങ്കിൽ, മതപരമായി ഭിന്നിച്ച ഒരു കുടുംബത്തിൽ ദൈവിക അനുസരണം പ്രകടമാക്കുന്നതിൽ നിങ്ങൾക്ക് എങ്ങനെ വിജയിക്കാനാവും? മററുള്ളവർക്ക് എന്തു പിന്തുണ നൽകാനാവും? ദൈവം ഈ സംഗതിയെ വീക്ഷിക്കുന്നതെങ്ങനെ?
അനുസരണമുള്ളവരായിരിക്കാൻ ഇത്ര ബുദ്ധിമുട്ട് എന്തുകൊണ്ട്?
ലോകത്തിന്റെ സ്വാർഥ താത്പര്യവും നന്ദികേടും നിങ്ങളുടെ അപൂർണ പ്രവണതകളെ സ്വാധീനിക്കുകയും ദൈവിക അനുസരണത്തെ ഒരു നിരന്തര പോരാട്ടമാക്കിത്തീർക്കുകയും ചെയ്യുന്നു. സാത്താന് ഇതറിയാം. നിങ്ങളുടെ ദൃഢനിശ്ചയത്തെ എങ്ങനെയും തകർക്കുകയാണ് അവന്റെ ലക്ഷ്യം. ദൈവിക നിലവാരങ്ങളോടു കാര്യമായ വിലമതിപ്പും ആദരവുമില്ലാത്ത, അല്ലെങ്കിൽ അവ തീരെയില്ലാത്ത കുടുംബാംഗങ്ങളെ അവൻ പലപ്പോഴും ഉപയോഗപ്പെടുത്തുന്നു. ഉത്കൃഷ്ടമായ നിങ്ങളുടെ ആത്മീയവും ധാർമികവുമായ മൂല്യങ്ങൾക്കു വിശ്വാസികളല്ലാത്ത നിങ്ങളുടെ കുടുംബാംഗങ്ങളുടേതിൽനിന്നു പലപ്പോഴും കാര്യമായ വ്യത്യാസമുണ്ടായിരിക്കും. അതായതു നടത്തയും പ്രവർത്തനവും സംബന്ധിച്ചുള്ള കാഴ്ചപ്പാടുകൾ ഭിന്നമായിരിക്കുമെന്നർഥം. (1 പത്രൊസ് 4:4) “ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളിൽ കൂട്ടാളികൾ ആകരുതു” എന്ന കൽപ്പന നിങ്ങൾ അനുസരിച്ചിരിക്കുന്നതുകൊണ്ട് ക്രിസ്തീയ നിലവാരം വിട്ടുകളയാൻ കഠിനമായ സമ്മർദമുണ്ടായേക്കാം. (എഫെസ്യർ 5:11) അവരുടെ ദൃഷ്ടികളിൽ നിങ്ങൾ ചെയ്യുന്നതൊന്നും ഇനി ശരിയല്ല. അതിനൊക്കെയുള്ള കാരണം നിങ്ങളുടെ മതമാണ്. രോഗികളായ കുട്ടികളുടെ കാര്യംനോക്കാൻ പാടുപെടുകയായിരുന്ന ഒരു അമ്മ ഭർത്താവിനോടു സഹായം അഭ്യർഥിച്ചപ്പോൾ “നിന്റെ മതത്തിനുവേണ്ടി നിനക്ക് ഇഷ്ടംപോലെ സമയമുണ്ടല്ലോ; നിനക്കൊന്നും സഹായത്തിന്റെ ആവശ്യമില്ല” എന്നൊരു പരിഹാസ മറുപടിയാണു ലഭിച്ചത്. അത്തരം അഭിപ്രായപ്രകടനങ്ങൾ അനുസരണമുള്ളവരായിരിക്കുന്നതിന്റെ വെല്ലുവിളിയെ പിന്നെയും കഠിനമാക്കുന്നു.
ഇനി വേറെ ചിലയവസരങ്ങളുണ്ടാവാം. തിരുവെഴുത്തുകളുടെ നേരിട്ടുള്ള ലംഘനമില്ലെങ്കിലും ചില സംഗതികളോടു നിങ്ങൾക്കു വിയോജിപ്പായിരിക്കും. എന്നിരുന്നാലും, നിങ്ങൾ ഒരു കുടുംബത്തിന്റെ ഭാഗമാണെന്നും അതുകൊണ്ടുതന്നെ ചില ഉത്തരവാദിത്വങ്ങളുണ്ടെന്നും നിങ്ങൾ തിരിച്ചറിയുന്നു. കോനി പറയുന്നു: “താൻ തനിച്ചായിപ്പോയല്ലോ എന്ന തോന്നൽ പിതാവിനുണ്ടെന്ന് എനിക്കറിയാം. അതുകൊണ്ട്, അദ്ദേഹം ഞങ്ങളോട് ഇടപെടുന്നവിധത്തെക്കുറിച്ച് ആലോചിക്കുമ്പോൾ എനിക്കു വല്ലാത്ത വിഷമം. പിതാവിന്റെ എതിർപ്പിൽ അമർഷം തോന്നരുതെന്നു ഞാൻ പലപ്പോഴും എന്നെത്തന്നെ ഓർപ്പിക്കേണ്ടതുണ്ട്. നമ്മുടെ നിലപാടിനോട് ഇങ്ങനെ പ്രതികരിക്കുന്നത് അല്ലെങ്കിൽ അതിനെ നിരാകരിക്കുന്നത് എന്തുകൊണ്ടെന്നതിനു ശക്തമായ കാരണമുണ്ടെന്ന് ഞാൻ എന്നോടുതന്നെ പറയേണ്ടയാവശ്യമുണ്ട്. ഈ വ്യവസ്ഥിതിയുടെ ഭരണാധിപൻ സാത്താനാണ്.” അവിശ്വാസിയായ ഭർത്താവുള്ള സൂസൻ ഉള്ളുതുറന്നു സംസാരിക്കുന്നു: “മുമ്പൊക്കെ എന്റെ ചിന്ത വേർപെടണം എന്നുതന്നെയായിരുന്നു—എന്നാൽ മേലാലങ്ങനെയല്ല. എന്നെ പരീക്ഷിക്കാൻ സാത്താൻ അദ്ദേഹത്തെ ഉപയോഗിക്കുകയായിരുന്നു എന്ന് മനസ്സിലായി.”
നിങ്ങളിൽ ആത്മനിന്ദ വരുത്താനുള്ള സാത്താന്റെ ശ്രമങ്ങൾക്ക് ഏതാണ്ട് അന്തമില്ലെന്നു തോന്നിയേക്കാം. നിങ്ങളുടെ ഇണയുമായി യാതൊരു സംസാരവുമില്ലാതെ ദിനങ്ങൾതന്നെ കടന്നുപോയേക്കാം. ജീവിതം അങ്ങേയററം ഏകാന്തമായിത്തീരാം. ഇതുമുഖാന്തരം ധൈര്യവും ആത്മാഭിമാനവും നഷ്ടപ്പെടുകയും നിങ്ങളുടെ ദൈവിക അനുസരണത്തിന് ഇതൊരു പരിശോധനയായിത്തീരുകയും ചെയ്യുന്നു. തങ്ങൾ വൈകാരികവും ശാരീരികവുമായി തളരുന്നതായി കുട്ടികൾക്കും തോന്നുന്നു. ഉദാഹരണത്തിന്, മാതാപിതാക്കൾ എതിർത്തിട്ടും യുവാക്കളായ മൂന്നു ദൈവദാസർ വിശ്വസ്തതയോടെ ക്രിസ്തീയ യോഗങ്ങൾക്കു ഹാജരായ ഒരു സന്ദർഭമുണ്ടായി. ഇപ്പോൾ ഒരു മുഴുസമയ ശുശ്രൂഷകയായ അവരിലൊരുവൾ ഇങ്ങനെ തുറന്നു പറഞ്ഞു: “ആകെപ്പാടെ ഒരുതരം നിരുൻമേഷവും തളർച്ചയുമായിരുന്നു ഞങ്ങൾക്ക്; ഉറക്കവുമില്ല; ഹൃദയം കലങ്ങിയ അവസ്ഥ.”
നിങ്ങളിൽനിന്നു ദൈവം എന്തു പ്രതീക്ഷിക്കുന്നു?
ദൈവത്തോടുള്ള അനുസരണമാണ് എല്ലായ്പോഴും ആദ്യം വരേണ്ടത്. ശിരസ്സായ ഭർത്താവിനോടുള്ള ആപേക്ഷികമായ അനുസരണം എല്ലായ്പോഴും യഹോവ നിർദേശിക്കുന്ന രീതിയിലായിരിക്കണം. (പ്രവൃത്തികൾ 5:29) അതു പ്രയാസകരമായിരുന്നേക്കാം, എങ്കിലും സാധ്യമാണ്. സഹായത്തിനുവേണ്ടി ദൈവത്തിലേക്ക് ഉററുനോക്കിക്കൊണ്ടിരിക്കുക. നിങ്ങൾ “ആത്മാവിലും സത്യത്തിലും ആരാധിക്കണ”മെന്നും അവന്റെ നിർദേശം ശ്രദ്ധിച്ച് അതിനു കീഴ്പെടണമെന്നും അവൻ ആഗ്രഹിക്കുന്നു. (യോഹന്നാൻ 4:24, NW) ശരിയായതരം ഹൃദയത്തിൽ ദൈവവചനത്തിൽനിന്നുള്ള പരിജ്ഞാനം നിറയുമ്പോൾ, അതു സൻമനസ്സോടെ അനുസരണത്തിനു പ്രചോദിപ്പിക്കും. നിങ്ങളുടെ വ്യക്തിപരമായ സാഹചര്യങ്ങൾക്കു മാററം സംഭവിച്ചേക്കാം. എന്നാൽ യഹോവക്കോ അവന്റെ വചനത്തിനോ മാററം സംഭവിക്കുന്നില്ല. (മലാഖി 3:6; യാക്കോബ് 1:17) യഹോവ ശിരഃസ്ഥാനം നിയമിച്ചുകൊടുത്തിരിക്കുന്നതു ഭർത്താവിനാണ്. അയാൾ ക്രിസ്തുവിന്റെ ശിരഃസ്ഥാനം സ്വീകരിച്ചാലും ഇല്ലെങ്കിലും ഇതിനു മാററംവരുന്നില്ല. (1 കൊരിന്ത്യർ 11:3) നിങ്ങളോടു നിരന്തരം മോശമായി ഇടപെടുകയും നിങ്ങളെ ലജ്ജിപ്പിക്കുകയും ചെയ്യുമ്പോൾ ഇതുമായി ഒത്തുപോകുക വിഷമമായിരിക്കാം. എങ്കിലും, ശിഷ്യനായ യാക്കോബ് ഇങ്ങനെ പറയുന്നു: “ഉയരത്തിൽനിന്നുള്ള ജ്ഞാനം . . . അനുസരണത്തിനു മനസ്സൊരുക്കമുള്ളതാണ്.” (യാക്കോബ് 3:17) ഈ ശിരഃസ്ഥാനത്തെ അസന്ദിഗ്ധമായി അംഗീകരിക്കാനും അതിനെ സ്വീകരിക്കാനും ദൈവാത്മാവ്, വിശേഷിച്ചും അതിന്റെ ഫലമായ സ്നേഹം, ആവശ്യമാണ്.—ഗലാത്യർ 5:22, 23.
നിങ്ങൾ ഒരാളെ സ്നേഹിക്കുമ്പോൾ, ദൈവികമായി സ്ഥാപിതമായിരിക്കുന്ന അധികാരത്തോടു ദൈവിക അനുസരണം പ്രകടിപ്പിക്കുക എളുപ്പമാണ്. എഫേസ്യർ 5:33 [NW] ഇങ്ങനെ ബുദ്ധ്യുപദേശിക്കുന്നു: “നിങ്ങളിൽ ഓരോരുത്തനും വ്യക്തിപരമായി അങ്ങനെ തന്റെ ഭാര്യയെ തന്നെപ്പോലെതന്നെ സ്നേഹിക്കട്ടെ; മറിച്ച് ഭാര്യയ്ക്ക് അവളുടെ ഭർത്താവിനോട് ആഴമായ ബഹുമാനം ഉണ്ടായിരിക്കേണം.”
യേശുവിന്റെ കാര്യമെടുക്കുക. അവൻ അധിക്ഷേപിക്കപ്പെടുകയും ശാരീരികമായി പീഡിപ്പിക്കപ്പെടുകയും ചെയ്തു. എന്നാൽ അവൻ ആരെയും ഒരിക്കലും അപവദിച്ചില്ല. അവൻ കളങ്കരഹിതമായ ഒരു സ്വഭാവരീതി നിലനിർത്തി. (1 പത്രൊസ് 2:22, 23) അത്ര വലിയ മാനഹാനി അനുഭവിക്കുവാൻ യേശുവിന് അതിയായ ധൈര്യവും തന്റെ പിതാവായ യഹോവയോടു വിട്ടുവീഴ്ചയില്ലാത്ത സ്നേഹവും ആവശ്യമായിരുന്നു. എന്നാൽ, സ്നേഹം “എല്ലാം സഹിക്കുന്നു.”—1 കൊരിന്ത്യർ 13:4-8.
പൗലോസ് തന്റെ സഹപ്രവർത്തകനായ തിമോത്തിയെ അനുസ്മരിപ്പിച്ചു, അവൻ ഇന്നു നമ്മെയും അനുസ്മരിപ്പിക്കുന്നു: “ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതു.” (2 തിമൊഥെയൊസ് 1:7) സഹിച്ചുനിൽക്കുക അസാധ്യമെന്നു തോന്നുന്ന സാഹചര്യത്തിൽ, യഹോവയോടും യേശുക്രിസ്തുവിനോടുമുള്ള ആഴമായ സ്നേഹത്തിനു നിങ്ങളെ ദൈവിക അനുസരണത്തിനായി പ്രചോദിപ്പിക്കാനാവും. സമനിലയുള്ള കാഴ്ചപ്പാടു നിലനിർത്താനും യഹോവയോടും യേശുക്രിസ്തുവിനോടുമുള്ള നിങ്ങളുടെ ബന്ധത്തിൻമേൽ ശ്രദ്ധകേന്ദ്രീകരിക്കാനും സുബോധമുള്ളവരായിരിക്കുന്നതു നിങ്ങളെ സഹായിക്കും.—താരതമ്യം ചെയ്യുക: ഫിലിപ്പിയർ 3:8-11.
ദൈവിക അനുസരണം പ്രകടമാക്കുന്നതിൽ വിജയിക്കുന്ന ഇണകൾ
നിങ്ങളുടെ പ്രശ്നങ്ങൾ യഹോവ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നു കാണാൻ ചിലപ്പോൾ നിങ്ങൾ ദീർഘനാൾ കാത്തിരിക്കേണ്ടിവരും. എങ്കിലും, ഒരിക്കലും അവന്റെ കൈ കുറുകിയിരിക്കുന്നില്ല. “യോഗങ്ങളിലും സമ്മേളനങ്ങളിലും യഹോവയെ ആരാധിക്കുക, പഠിക്കുക, സേവനത്തിലേർപ്പെടുക, പ്രാർഥിക്കുക—യഹോവ നിങ്ങൾക്കു വെച്ചുനീട്ടുന്ന ഇത്തരം അവകാശവും പദവിയും നിങ്ങൾ എല്ലായ്പോഴും ഉപയോഗപ്പെടുത്തുക.” ദൈവിക അനുസരണം പ്രകടമാക്കുന്നതിൽ വിജയിച്ചുകൊണ്ടിരിക്കുന്ന ഒരുവളുടെ ഉപദേശമാണത്. നിങ്ങളുടെ ശ്രമങ്ങളെയാണു യഹോവ അനുഗ്രഹിക്കുന്നത്, അല്ലാതെ നിങ്ങളുടെ നേട്ടങ്ങളെയല്ല. ‘ഉപദ്രവം താത്ക്കാലികമാണ്, എന്നാൽ എന്നും നിലനിൽക്കുന്ന ഒരു മഹത്ത്വം അതു നമുക്കായി കരേററുന്നു’വെന്നു 2 കൊരിന്ത്യർ 4:17-ൽ അപ്പോസ്തലനായ പൗലോസ് പറഞ്ഞു. ഇതിനെക്കുറിച്ചു ധ്യാനിക്കുക. നിങ്ങളെ സംബന്ധിച്ച് അത് ഉറപ്പിച്ചുനിർത്തുന്ന ഒരു ഘടകമായിരിക്കും. “എന്റെ കുടുംബജീവിതം മെച്ചപ്പെടുന്നില്ല. യഹോവക്ക് എന്നോടു പ്രസാദമുണ്ടോ ആവോ എന്നു ഞാൻ ചിലപ്പോഴൊക്കെ സംശയിക്കാറുണ്ട്. എന്നാൽ അവനിൽനിന്നുള്ള അനുഗ്രഹമായി ഞാൻ കരുതുന്ന ഒരു സംഗതിയുണ്ട്, അതായതു ഭർത്താവിനെക്കാൾ മെച്ചപ്പെട്ട ഒരു മനസ്സുമായി ഈ പ്രയാസ സാഹചര്യങ്ങളെ മറികടക്കാൻ എനിക്കാവുന്നു. നമ്മുടെ പ്രവർത്തനങ്ങൾ യഹോവയെ സന്തോഷിപ്പിക്കുന്നുവെന്ന അറിവു നമ്മുടെ മുഴു പോരാട്ടത്തെയും മൂല്യവത്താക്കുന്നു,” ഒരു ഭാര്യ അഭിപ്രായപ്പെടുന്നു.
നിങ്ങൾക്കു സഹിക്കാവുന്നതിലും വലിയ സ്ഥിതിവിശേഷങ്ങളിലൂടെ കടന്നുപോകാൻ യഹോവ നിങ്ങളെ അനുവദിക്കുകയില്ലെന്ന് അവൻ വാഗ്ദാനം ചെയ്യുന്നു. അവനിൽ ആശ്രയിക്കുക. നിങ്ങളെക്കാളും മെച്ചമായി അവനറിയാം; നിങ്ങൾ നിങ്ങളെത്തന്നെ അറിയുന്നതിനെക്കാളും മെച്ചമായി അവനു നിങ്ങളെ അറിയാം. (റോമർ 8:35-39; 11:33; 1 കൊരിന്ത്യർ 10:13) പ്രയാസകരമായ സാഹചര്യങ്ങളിൽ യഹോവയോടു പ്രാർഥിക്കുന്നതു പ്രയോജനകരമാണ്. നിങ്ങളെ നയിക്കാൻ അവന്റെ ആത്മാവിനുവേണ്ടി പ്രാർഥിക്കുക, പ്രത്യേകിച്ചും ഒരു സാഹചര്യത്തിൽ ഏതു മാർഗം സ്വീകരിക്കണമെന്നോ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നോ അറിയില്ലെങ്കിൽ. (സദൃശവാക്യങ്ങൾ 3:5; 1 പത്രൊസ് 3:12) നിങ്ങളുടെ ജീവിതത്തിൽ ക്ഷമ, ആത്മനിയന്ത്രണം, അധികാരത്തോട് അനുസരണം കാട്ടുന്നതിനുള്ള താഴ്മ എന്നിവയ്ക്കുവേണ്ടിയെല്ലാം നിരന്തരം യാചിക്കുക. സങ്കീർത്തനക്കാരൻ ഇങ്ങനെ പറഞ്ഞു: ‘യഹോവ എന്റെ ശൈലവും എന്റെ കോട്ടയും എന്റെ രക്ഷകനും ആകുന്നു.’ (സങ്കീർത്തനം 18:2) മതപരമായി ഭിന്നിച്ചിരിക്കുന്ന ഭവനങ്ങളിലുള്ളവർ ഇക്കാര്യം ഓർക്കുന്നതു കരുത്താർജിക്കാനുപകരിക്കും.
എല്ലാററിനുമുപരി, നിങ്ങളുടെ വിവാഹത്തെ സന്തുഷ്ടമാക്കാൻ സകല ശ്രമവും ചെയ്യുക. അതേ, സുവാർത്ത ഭിന്നതയ്ക്കു കാരണമാകുമെന്നു യേശു മുൻകൂട്ടിക്കണ്ടു. എന്നിരുന്നാലും, നിങ്ങളുടെ മനോഭാവമോ നടത്തയോ ഹേതുവായി യാതൊരു ഭിന്നതയും ഉണ്ടാകരുതേയെന്നു പ്രാർഥിക്കുക. (മത്തായി 10:35, 36) ഈ ലക്ഷ്യത്തിൽ പ്രവർത്തിക്കുമ്പോൾ, സഹകരണം വൈവാഹിക പ്രശ്നങ്ങളെ ലഘൂകരിക്കും. ഈ ഉചിതമായ മനോഭാവം പ്രകടമാക്കുന്നതു നിങ്ങൾമാത്രമാണെങ്കിൽപ്പോലും അതിനു പ്രശ്നങ്ങൾ അങ്ങേയററത്തെ ഉരസലിലും കലഹത്തിലും ചെന്നെത്തുന്നതു തടയാൻ വളരെയധികം ചെയ്യാനാവും. ക്ഷമയ്ക്കും സ്നേഹത്തിനും വളരെ പ്രാധാന്യമുണ്ട്. “മാന്യമായിരിക്കു”കയും “തിന്മയിൻ കീഴിൽ സംയമനം” പാലിക്കുകയും ചെയ്യുക.—2 തിമോത്തി 2:24, NW.
പൗലോസ് “എല്ലാത്തരം ആളുകൾക്കും എല്ലാ”മായിത്തീർന്നു. (1 കൊരിന്ത്യർ 9:22, NW) അതുപോലെ, ക്രിസ്തീയ കടമകളിൽ വിട്ടുവീഴ്ച വരുത്താതെ, നിങ്ങളുടെ ഇണയോടും കുടുംബത്തോടുമൊപ്പം കൂടുതൽ സമയം ചെലവിടാൻ നിങ്ങൾ നിങ്ങളുടെ പട്ടിക ക്രമപ്പെടുത്തേണ്ടതായി വന്നേക്കാം. നിങ്ങളുടെ ജീവിതം പങ്കുവെക്കാൻ നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന വ്യക്തിക്കു സാധ്യമാവുന്നത്രയും സമയം കൊടുക്കുക. ക്രിസ്തീയ പരിഗണന കാട്ടുക. ഇതു ദൈവിക അനുസരണത്തിന്റെ ഒരു പ്രകടനമാണ്.
ദൈവഭയമുള്ള, കീഴ്പെടൽ മനോഭാവമുള്ള ഒരു ഭാര്യ വഴക്കമുള്ളവളും സഹതാപമുള്ളവളും ആയിരിക്കുമ്പോൾ ദൈവിക അനുസരണം പ്രകടമാക്കുക എന്നത് അവർക്ക് എളുപ്പമായി തോന്നുന്നു. (എഫെസ്യർ 5:22, 23) കരുണാമസൃണവും “ഉപ്പിനാൽ രുചിവരുത്തിയതു”മായ വാക്കുകൾ സാധ്യതയുള്ള ഏററുമുട്ടലുകളുടെ എണ്ണം കുറയ്ക്കാൻ ഉപകരിക്കും.—കൊലൊസ്സ്യർ 4:6; സദൃശവാക്യങ്ങൾ 15:1.
ദൈവിക ജ്ഞാനം നിങ്ങളെ ബുദ്ധ്യുപദേശിക്കുന്നതു കെട്ടുപണി ചെയ്യുന്ന സദ്വാക്കുകൾ ഉപയോഗിച്ച് ഭിന്നതകൾ എത്രയും പെട്ടെന്നു പരിഹരിച്ച് സമാധാനം വീണ്ടെടുക്കാനാണ്, അല്ലാതെ “ഒരു പ്രകോപിത അവസ്ഥയിൽ” ഉറങ്ങാൻ പോകാനല്ല. (എഫേസ്യർ 4:26, 29, 31, NW) ഇതിനു താഴ്മ ആവശ്യമാണ്. കരുത്തു നേടാൻ യഹോവയിൽ ശക്തമായി ആശ്രയിക്കുക. ഒരു ക്രിസ്തീയ ഭാര്യ താഴ്മയോടെ ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “മുട്ടിപ്പായുള്ള പ്രാർഥനയ്ക്കുശേഷം, എന്റെ ഇണയെ പുണരാൻ യഹോവയുടെ ആത്മാവ് എന്റെ കരങ്ങളെ ഉയർത്തുന്നതായി എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്.” ദൈവവചനം ബുദ്ധ്യുപദേശിക്കുന്നു: “ആർക്കും തിൻമെക്കു പകരം, തിന്മ ചെയ്യാതെ . . . നന്മയാൽ തിന്മയെ ജയിക്കുക.” (റോമർ 12:17-21) ഇതു ജ്ഞാനപൂർവകമായ ഉപദേശവും ദൈവിക അനുസരണത്തിന്റെ ഗതിയുമാണ്.
ദൈവിക അനുസരണം പ്രകടമാക്കുന്ന കുട്ടികൾ
മതപരമായി ഭിന്നിച്ച കുടുംബങ്ങളിലെ കുട്ടികളായ നിങ്ങൾക്കുള്ള യഹോവയുടെ ബുദ്ധ്യുപദേശം ഇതാണ്: “എല്ലാക്കാര്യങ്ങളിലും നിങ്ങളുടെ മാതാപിതാക്കന്മാരെ അനുസരിക്കുവിൻ. ഇതു കർത്താവിനു പ്രീതികരമത്രേ.” (കൊളൊസോസ് 3:20, പി.ഒ.സി. ബൈബിൾ) പ്രസ്തുത സംഗതിയിൽ കർത്താവായ യേശുക്രിസ്തുവിനെ പരിഗണനാവിധേയമാക്കിയിരിക്കുന്നതു ശ്രദ്ധിക്കുക. അതുകൊണ്ട്, മാതാപിതാക്കളോടുള്ള അനുസരണം സമ്പൂർണമല്ല. ഒരു തരത്തിൽ, പ്രവൃത്തികൾ 5:29-ലെ “മനുഷ്യരെക്കാൾ ദൈവത്തെ അനുസരി”ക്കുക എന്ന ബുദ്ധ്യുപദേശം ക്രിസ്തീയ യുവജനങ്ങളെയും ബാധിക്കുന്നുണ്ട്. തിരുവെഴുത്തുകളനുസരിച്ചു ശരിയാണെന്നു നിങ്ങൾക്ക് അറിയാവുന്ന സംഗതികളുടെ അടിസ്ഥാനത്തിൽ എന്തു ചെയ്യണമെന്നു നിങ്ങൾ തീരുമാനിക്കേണ്ടിവരുന്ന സന്ദർഭങ്ങൾ ഉടലെടുക്കും. വ്യാജാരാധനയുടേതായ ഒരു പ്രവൃത്തിയിൽ ഏർപ്പെടാൻ വിസമ്മതിക്കുന്നതിന്റെപേരിൽ ഏതെങ്കിലും തരത്തിലുള്ള ശിക്ഷ ലഭിച്ചെന്നുവരാം. ഇത് ഒരു അസുഖകരമായ ഭവിഷ്യത്താണെങ്കിലും, നിങ്ങൾക്ക് ആശ്വാസം കണ്ടെത്താനാവുമെന്നുമാത്രമല്ല, ദൈവദൃഷ്ടികളിൽ ശരിയായതു ചെയ്യുന്നതിന്റെപേരിലാണു നിങ്ങൾ കഷ്ടമനുഭവിക്കുന്നതെന്ന വസ്തുതയിൽ ആഹ്ലാദിക്കാനും കഴിയും.—1 പത്രൊസ് 2:19, 20.
നിങ്ങളുടെ ചിന്തകൾ ബൈബിൾ തത്ത്വങ്ങളാൽ നയിക്കപ്പെടുന്നതുകൊണ്ട്, ചില സംഗതികളിൽ നിങ്ങൾക്കു മാതാപിതാക്കളോടു വിയോജിപ്പു തോന്നിയേക്കാം. ഇതു മുഖാന്തരം അവർ നിങ്ങളുടെ ശത്രുക്കളാകുന്നില്ല. അവർ യഹോവയുടെ സമർപ്പിത ദാസരല്ലെങ്കിൽപ്പോലും അവർ ഉചിതമായ ബഹുമാനം അർഹിക്കുന്നുണ്ട്. (എഫെസ്യർ 6:2) ‘നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്കു കേൾക്ക; നിന്റെ അമ്മയെ നിന്ദിക്കരുത്,’ ശലോമോൻ പറഞ്ഞു. (സദൃശവാക്യങ്ങൾ 23:22) അവർക്ക് അപരിചിതമായി തോന്നുന്ന ഒരു വിശ്വാസം നിങ്ങൾ പിന്തുടരുന്നതിനെക്കുറിച്ച് അവർക്ക് അനുഭവപ്പെടുന്ന മനോവ്യഥ മനസ്സിലാക്കാൻ ശ്രമിക്കുക. അവരുമായി ആശയവിനിയമം നടത്തുകയും അങ്ങനെ “നിങ്ങളുടെ ന്യായയുക്തത അറിയപ്പെടു”കയും ചെയ്യട്ടെ. (ഫിലിപ്യർ 4:5, NW) നിങ്ങളുടെ വികാരങ്ങളും ഉത്കണ്ഠകളും പങ്കുവെക്കുക. ദൈവിക തത്ത്വങ്ങളോടു പററിനിൽക്കുക, അതേ സമയംതന്നെ, “കഴിയുമെങ്കിൽ, നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ.” (റോമർ 12:18) മാതാപിതാക്കൾ പറയുന്നതു നിങ്ങൾ അനുസരിക്കുന്നുവെന്ന വസ്തുത നിങ്ങൾ രാജ്യത്തിന്റെ കീഴിലെ ഒരു പ്രജ എന്നനിലയിൽ അനുസരണയുള്ളവനായി തുടരാൻ ആഗ്രഹിക്കുന്നുവെന്ന് ഇപ്പോൾ യഹോവക്കു പ്രകടമാക്കിക്കൊടുക്കുന്നു.
മററുള്ളവർക്കു ചെയ്യാനാവുന്നത്
മതപരമായി ഭിന്നിച്ചിരിക്കുന്ന കുടുംബങ്ങളിൽ ജീവിക്കുന്ന ക്രിസ്ത്യാനികൾക്കു സഹാരാധകരിൽനിന്നുള്ള പിന്തുണയും സഹാനുഭൂതിയും ആവശ്യമാണ്. പിൻവരുന്ന പ്രകാരം പറഞ്ഞ ഒരുവളുടെ വാക്കുകളിൽനിന്ന് ഇക്കാര്യം വ്യക്തമാണ്: “ഞാൻ തികച്ചും നിരാശിതയും നിസ്സഹായയുമാണെന്നൊരു തോന്നൽ. കാരണം ആർക്കും ഒന്നും ചെയ്യാനാവില്ല, സംഗതികൾക്കു മാററം വരുത്താൻ എനിക്ക് ഒന്നും ചെയ്യാനില്ല. എന്തുതന്നെയായാലും, ഞങ്ങളുടെ കുടുംബത്തിൽ അവന്റെ ഇഷ്ടം നടപ്പാക്കാൻ ഞാൻ യഹോവയിൽ ആശ്രയിക്കുകയാണ്.”
ക്രിസ്തീയ യോഗങ്ങളിലെ ആത്മീയ സഹോദരീസഹോദരൻമാരുമായുള്ള സഹവാസം ഒരു സങ്കേതമാണ്. തന്റെ ജീവിതം “രണ്ടു വ്യത്യസ്ത ലോകങ്ങളിൽ—ഞാൻ ആയിരിക്കുന്ന ഒന്നിലും ഞാൻ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന മറ്റൊന്നിലും—സ്ഥിതിചെയ്യുന്നതുപോലെ” തോന്നുന്നുവെന്ന് അതേ വ്യക്തി അഭിപ്രായപ്പെട്ടു. ഉപദ്രവമേൽക്കുന്ന ഇക്കൂട്ടർക്കു സഹിച്ചുനിൽക്കാനും എല്ലാ സാഹചര്യങ്ങളിലും സേവിക്കാനും സാധിക്കുന്നതു സഹോദരവർഗത്തോടുള്ള സ്നേഹം നിമിത്തമാണ്. നിങ്ങളുടെ പ്രാർഥനയിൽ അവരെ ഉൾപ്പെടുത്തുക. (എഫെസ്യർ 1:16) ഒരു ക്രമമായ അടിസ്ഥാനത്തിൽ, എല്ലാ സന്ദർഭങ്ങളിലും അവരോട് പ്രോത്സാഹജനകമായ, ആശാവഹമായ, സാന്ത്വനമേകുന്ന വാക്കുകൾ സംസാരിക്കുക. (1 തെസ്സലൊനീക്യർ 5:14) പ്രായോഗികവും ഉചിതവുമായിരിക്കുമ്പോൾ ദിവ്യാധിപത്യവും സാമൂഹികവുമായ നിങ്ങളുടെ പ്രവർത്തനങ്ങളിൽ അവരെ ഉൾപ്പെടുത്തുക.
ദൈവിക അനുസരണത്തിന്റെ അനുഗ്രഹങ്ങളും പ്രയോജനങ്ങളും
മതപരമായി ഭിന്നിച്ചിരിക്കുന്ന ഒരു ഭവനത്തിൽ ദൈവിക അനുസരണം പ്രകടമാക്കുന്നതിന്റെ അനുഗ്രഹങ്ങളെയും പ്രയോജനങ്ങളെയും കുറിച്ചു ദിനമ്പ്രതി ധ്യാനിക്കുക. അനുസരണമുള്ളവരായിരിക്കാൻ ശീലിക്കുക. “തളർന്നുപോകരുത്.” (ഗലാത്യർ 6:9, NW) “ദൈവത്തെക്കുറിച്ചുള്ള മനോബോധം നിമിത്തം” പ്രതികൂല സാഹചര്യങ്ങളിലും അനീതികളിലും സഹിച്ചുനിൽക്കുന്നതു ദൈവത്തിനു “പ്രസാദ”മാകുന്നു. (1 പത്രൊസ് 2:19, 20) അനുസരണമുള്ളവരായിരിക്കുക, അതേസമയം യഹോവയുടെ നീതിനിഷ്ഠമായ തത്ത്വങ്ങളും നിയമങ്ങളും വിട്ടുവീഴ്ച ചെയ്യാതിരിക്കുകയും ചെയ്യുക. ഇതു യഹോവയുടെ ക്രമീകരണത്തോടുള്ള വിശ്വസ്തത പ്രകടമാക്കലാണ്. നിങ്ങളുടെ ദൈവിക നടത്ത നിങ്ങളുടെ ഇണയുടെ, കുട്ടികളുടെ, അല്ലെങ്കിൽ മാതാപിതാക്കളുടെ ജീവൻ രക്ഷിക്കുകപോലും ചെയ്തേക്കാം.—1 കൊരിന്ത്യർ 7:16; 1 പത്രൊസ് 3:1.
മതപരമായി ഭിന്നിച്ചിരിക്കുന്ന ഒരു കുടുംബത്തിന്റെ ആവശ്യങ്ങളും പ്രതീക്ഷകളും നിറവേററാൻ നിങ്ങൾ പാടുപെടുമ്പോൾ, യഹോവയാം ദൈവത്തോടും യേശുക്രിസ്തുവിനോടും നിർമലത കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമിക്കുക. അനേകം സംഗതികളിൽ നിങ്ങൾ വിട്ടുകൊടുത്തേക്കാം, എന്നാൽ നിർമലത വിട്ടുകളയുന്നതു ജീവൻ ഉൾപ്പെടെ സകലതും വിട്ടുകളയലാണ്. അപ്പോസ്തലനായ പൗലോസ് ഇങ്ങനെ പറഞ്ഞു: “ദൈവം . . . ഈ അന്ത്യകാലത്തു പുത്രൻമുഖാന്തരം നമ്മോടു അരുളിചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിന്നും അവകാശിയാക്കിവെച്ചു; അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി.” “ഇത്ര വലിയ രക്ഷ”യെ അംഗീകരിക്കുന്നതു നിങ്ങളെ അനുസരണമുള്ളവരായിരിക്കാൻ ശക്തിപ്പെടുത്തും.—എബ്രായർ 1:1, 2; 2:4.
ശരിയായ ധാർമികതയോടും മൂല്യങ്ങളോടും നിങ്ങൾക്കുള്ള വിട്ടുവീഴ്ചയില്ലാത്ത അനുസരണവും ദൃഢതയും നിങ്ങൾക്കും നിങ്ങളുടെ അവിശ്വാസിയായ ഇണയ്ക്കും ആരോഗ്യാവഹമായ സംരക്ഷണമാണ്. വിശ്വസ്തത ശക്തമായ കുടുംബബന്ധങ്ങളെ പടുത്തുയർത്തുന്നു. പ്രാപ്തിയും വിശ്വസ്തതയുമുള്ള ഭാര്യയെക്കുറിച്ചു സദൃശവാക്യങ്ങൾ 31:11 പറയുന്നു: “ഭർത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു.” നിങ്ങളുടെ നിർമലമായ നടത്തയും ആഴമായ ബഹുമാനവും അവിശ്വാസിയായ ഭർത്താവിന്റെ കണ്ണുകൾ തുറപ്പിച്ചേക്കാം. അത് അദ്ദേഹം ദൈവത്തിന്റെ സത്യം സ്വീകരിക്കുന്നതിനിടയാക്കിയേക്കാം.
ദൈവിക അനുസരണം തീർച്ചയായും അമൂല്യവും ജീവരക്ഷാകരവുമാണ്. നിങ്ങളുടെ കുടുംബജീവിതത്തിൽ അതുണ്ടായിരിക്കാൻവേണ്ടി പ്രാർഥിക്കുവിൻ. അതു മനശ്ശാന്തിയിൽ കലാശിക്കുക മാത്രമല്ല, യഹോവക്കു സ്തുതി കരേററുകയും ചെയ്യും.