ബൈബിളിന്റെ വീക്ഷണം
കുടുംബത്തിന്റെ ശിരസ്സ് ആയിരിക്കുകയെന്നാൽ എന്താണ് അർഥം?
ബൈബിൾ പറയുന്ന പ്രകാരം “സ്ത്രീയുടെ തല പുരുഷൻ” ആണ്. (1 കൊരിന്ത്യർ 11:3; എഫെസ്യർ 5:23) എന്നാൽ ശിരസ്സ് ഭർത്താവാണ് എന്ന തത്ത്വം പഴഞ്ചനാണെന്നു മാത്രമല്ല അപകടകരം കൂടിയാണെന്ന് ബൈബിളിനെ ആദരിക്കുന്നതായി അവകാശപ്പെടുന്ന അനേകർ പോലും കരുതുന്നു. “സ്ത്രീകൾ ‘മുറുമുറുപ്പൊന്നുംകൂടാതെ [തങ്ങളുടെ ഭർത്താക്കന്മാർക്ക്] കീഴ്പെടണ’മെന്നുള്ള തത്ത്വത്തിന്റെ സമനില കൂടാതെയുള്ള ബാധകമാക്കൽ ശാരീരികവും വൈകാരികവുമായ ദ്രോഹത്തിലേക്കു നയിച്ചേക്കാം” എന്ന് ഒരു ദമ്പതികൾ അഭിപ്രായപ്പെട്ടു. ദുഃഖകരമെന്നു പറയട്ടെ, ശിരഃസ്ഥാനത്തിന്റെ ദുരുപയോഗം വളരെ വ്യാപകമാണ്. “ഭാര്യാമർദനത്തെ പല രാജ്യങ്ങളിലും ആളുകൾ ഒരു സാധാരണ സംഗതിയായാണ് കാണുന്നത്. പാട്ടുകളിലും പഴഞ്ചൊല്ലുകളിലും വിവാഹ ചടങ്ങുകളിലുമൊക്കെ പുരുഷന്മാരുടെ ഒരു അവകാശമെന്നനിലയിൽ അതിനെ എടുത്തുകാണിക്കുന്നു.”
ബൈബിളിലെ ശിരഃസ്ഥാനതത്ത്വമാണ് ഇത്തരം കിരാതമായ പ്രവൃത്തികളിലേക്കു നയിച്ചിരിക്കുന്നതെന്നു ചിലർ പറയുന്നു. എന്നാൽ ശിരഃസ്ഥാനം സംബന്ധിച്ച ബൈബിൾ പഠിപ്പിക്കൽ സ്ത്രീകളെ തരംതാഴ്ത്തുകയും വീട്ടിലെ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടോ? കുടുംബത്തിന്റെ ശിരസ്സ് ആയിരിക്കുക എന്നതിന്റെ ശരിക്കുമുള്ള അർഥം എന്താണ്?a
ശിരഃസ്ഥാനം മർദക ഭരണമല്ല
ബൈബിൾ പ്രകാരമുള്ള ശിരഃസ്ഥാനം സ്നേഹപുരസ്സരമായ ഒരു ക്രമീകരണമാണ്. യാതൊരു തരത്തിലും അതിനെ മർദക ഭരണവുമായി കൂട്ടിക്കലർത്താവുന്നതല്ല. മനുഷ്യൻ ദൈവനിയമിത അധികാരത്തെ മാനിക്കാതിരുന്നതാണ് സ്ത്രീകൾ പലപ്പോഴും പുരുഷന്മാരാൽ അടിച്ചമർത്തപ്പെടുന്ന ഒരു സ്ഥിതിവിശേഷം ഉടലെടുക്കുന്നതിലേക്കു നയിച്ചത്. (ഉല്പത്തി 3:16) ഏദെൻ തോട്ടത്തിൽനിന്നു പുറത്താക്കപ്പെട്ടതു മുതൽ പുരുഷന്മാർ പലപ്പോഴും തങ്ങളുടെ അധികാരം ദുർവിനിയോഗം ചെയ്തിട്ടുണ്ട്, സ്ത്രീകളും കുട്ടികളും ഉൾപ്പെടെ മറ്റുള്ളവരെ അതിനീചമായി ചൂഷണം ചെയ്തിട്ടുണ്ട്.
എന്നിരുന്നാലും, അത് ഒരിക്കലും ദൈവോദ്ദേശ്യത്തിന്റെ ഭാഗമായിരുന്നില്ല. തങ്ങളുടെ അധികാരം ദുർവിനിയോഗം ചെയ്യുന്നവരെ യഹോവ വെറുക്കുന്നു. തങ്ങളുടെ ഭാര്യമാരോട് “അവിശ്വസ്തത കാണിച്ച” ഇസ്രായേല്യ പുരുഷന്മാരെ അവൻ കുറ്റം വിധിക്കുകയുണ്ടായി. (മലാഖി 2:13-16) മാത്രമല്ല, ദൈവം ഇപ്രകാരം പറയുന്നു: “സാഹസപ്രിയനെ” അല്ലെങ്കിൽ അക്രമാസക്തനെ “അവന്റെ ഉള്ളം വെറുക്കുന്നു.” (സങ്കീർത്തനം 11:5) അതുകൊണ്ട് ഭാര്യയെ മർദിക്കുന്നവർക്കും മറ്റുവിധങ്ങളിൽ അവളോട് അപമര്യാദയായി പെരുമാറുന്നവർക്കും തങ്ങളുടെ അക്രമം ന്യായീകരിക്കാൻ ഒരുതരത്തിലും ബൈബിളിനെ കൂട്ടുപിടിക്കാൻ കഴിയുകയില്ല.
ഉചിതമായ ശിരഃസ്ഥാനത്തിൽ എന്ത് ഉൾപ്പെടുന്നു?
മുഴുപ്രപഞ്ചത്തിലും ക്രമം നിലനിറുത്തുന്നതിന് ദൈവം വെച്ചിരിക്കുന്ന ഒരു അടിസ്ഥാന ക്രമീകരണമാണു ശിരഃസ്ഥാനം. ദൈവം ഒഴികെ മറ്റെല്ലാവരും ആരോടെങ്കിലും കണക്കു ബോധിപ്പിക്കാൻ ബാധ്യസ്ഥരാണ്. പുരുഷന്മാർ ക്രിസ്തുവിനും കുട്ടികൾ തങ്ങളുടെ മാതാപിതാക്കൾക്കും ക്രിസ്ത്യാനികൾ എല്ലാവരും ഗവൺമെന്റിനും കീഴ്പെട്ടിരിക്കുന്നു. യേശുപോലും ദൈവത്തിനു കീഴ്പെട്ടിരിക്കുന്നു.—റോമർ 13:1; 1 കൊരിന്ത്യർ 11:3; 15:28; എഫെസ്യർ 6:1.
സ്ഥിരതയും ക്രമവും ഉള്ള ഒരു സമൂഹം ഉണ്ടാകണമെങ്കിൽ നേതൃത്വത്തിനു കീഴ്പെട്ടിരിക്കേണ്ടത് അനിവാര്യമാണ്. അതുപോലെ, സമാധാനവും സന്തോഷവും കളിയാടുന്ന ഒരു സുസ്ഥിരമായ കുടുംബം കെട്ടിപ്പടുക്കാൻ കുടുംബനാഥനോടുള്ള കീഴ്പെടൽ അത്യന്താപേക്ഷിതമാണ്. കുടുംബത്തിൽ ഭർത്താവോ പിതാവോ ഇല്ല എന്നതുകൊണ്ട് ഈ ക്രമീകരണത്തിനു മാറ്റം വരുന്നില്ല. അത്തരം കുടുംബങ്ങളിൽ ശിരഃസ്ഥാനം അമ്മയ്ക്കായിരിക്കും. മാതാപിതാക്കൾ രണ്ടുപേരും ഇല്ലെങ്കിൽ മൂത്ത കുട്ടിയോ ഒരു ബന്ധുവോ ഭവനത്തിന്റെ ശിരസ്സ് എന്നുള്ള സ്ഥാനം ഏറ്റെടുക്കേണ്ടി വന്നേക്കാം. സാഹചര്യം എന്തായിരുന്നാലും, നേതൃത്വം എടുക്കാൻ അധികാരപ്പെടുത്തപ്പെട്ടിരിക്കുന്ന വ്യക്തിയോട് ഉചിതമായ ബഹുമാനം കാണിക്കുമ്പോൾ കുടുംബാംഗങ്ങൾ പ്രയോജനം നേടുന്നു.
അതുകൊണ്ട്, ശിരഃസ്ഥാന തത്ത്വം നിരസിക്കുക എന്നതല്ല പകരം ശിരഃസ്ഥാനം ഉചിതമായി പ്രയോഗിക്കാൻ പഠിക്കുകയും അതിനെ ഉചിതമായി വീക്ഷിക്കുകയും ചെയ്യുക എന്നതാണു പ്രധാന സംഗതി. “ക്രിസ്തു . . . സഭെക്കു തലയാകുന്നതുപോലെ” തങ്ങളുടെ ഭവനത്തിന്റെ ശിരസ്സ് ആയിരിക്കാൻ അപ്പൊസ്തലനായ പൗലൊസ് ക്രിസ്തീയ ഭർത്താക്കന്മാരെ ഉദ്ബോധിപ്പിക്കുന്നു. (എഫെസ്യർ 5:21-23) അങ്ങനെ ക്രിസ്തു സഭയോട് ഇടപെട്ട വിധത്തെ ശിരഃസ്ഥാനം സംബന്ധിച്ച പൂർണതയുള്ള നിലവാരമായി അവൻ ചൂണ്ടിക്കാണിക്കുന്നു. ക്രിസ്തു എങ്ങനെയുള്ള ദൃഷ്ടാന്തമാണു വെച്ചത്?
യേശു മിശിഹായും ഭാവി രാജാവും ആയിരുന്നു, അവന് ദൈവത്തിൽനിന്നു നേരിട്ടു ലഭിച്ച അധികാരം ഉണ്ടായിരുന്നു, അവൻ തന്റെ ശിഷ്യന്മാരെക്കാൾ വളരെയേറെ ജ്ഞാനിയും അനുഭവപരിചയം ഉള്ളവനും ആയിരുന്നു. എന്നിട്ടും അവൻ സ്നേഹവും ആർദ്രതയും മനസ്സലിവും ഉള്ളവനായിരുന്നു. അവൻ ഒരിക്കലും പരുഷമായി ഇടപെട്ടില്ല, വഴക്കമില്ലാത്തവനോ മറ്റുള്ളവരിൽനിന്ന് അമിതമായി ആവശ്യപ്പെടുന്നവനോ ആയിരുന്നില്ല. താൻ വലിയ ആളാണെന്ന ഭാവമോ ദൈവപുത്രനാണെന്ന അഹങ്കാരമോ അവന് ഇല്ലായിരുന്നു. മറ്റുള്ളവരെ അടിച്ചമർത്തുന്ന രീതിയിൽ അവൻ തന്റെ അധികാരം ഉപയോഗിച്ചില്ല. യേശു സൗമ്യതയും താഴ്മയും ഉള്ളവനായിരുന്നു. അതിനാൽ, അവന്റെ ‘നുകം മൃദുവും ചുമടു ലഘുവും’ ആയിരുന്നു. (മത്തായി 11:28-30) അവൻ സമീപിക്കാൻ കൊള്ളാവുന്നവനും ന്യായബോധമുള്ളവനും ആയിരുന്നു. വാസ്തവത്തിൽ, യേശു സഭയെ അതിയായി സ്നേഹിക്കുകയും സഭയ്ക്കുവേണ്ടി ‘തന്നെത്താൻ . . . ഏല്പിച്ചുകൊടുക്കുകയും’ ചെയ്തു എന്നു പൗലൊസ് പറയുന്നു.—എഫെസ്യർ 5:25, 27.
ഒരുവന് യേശുവിന്റെ ശിരഃസ്ഥാനത്തെ എങ്ങനെ അനുകരിക്കാൻ കഴിയും?
കുടുംബനാഥന്മാർക്ക് യേശുവിന്റെ ഗുണങ്ങൾ അനുകരിക്കാൻ എങ്ങനെ കഴിയും? ഉത്തരവാദിത്വബോധമുള്ള ഒരു കുടുംബനാഥൻ തന്റെ കുടുംബത്തിന്റെ ശാരീരികവും ആത്മീയവുമായ ക്ഷേമത്തെ കുറിച്ചു ചിന്തയുള്ളവനാണ്. കുടുംബാംഗങ്ങൾക്കു വ്യക്തിപരവും കൂട്ടായും പ്രത്യേക ശ്രദ്ധ നൽകുകയും അവർക്കുവേണ്ടി സമയം ചെലവഴിക്കുകയും ചെയ്തുകൊണ്ട് അദ്ദേഹം തന്നെത്തന്നെ ലഭ്യമാക്കുന്നു. സ്വന്തം ഇഷ്ടത്തെക്കാൾ ഇണയുടെയും കുട്ടികളുടെയും ക്ഷേമത്തിലാണ് അദ്ദേഹത്തിനു താത്പര്യം.b (1 കൊരിന്ത്യർ 10:24; ഫിലിപ്പിയർ 2:4) ബൈബിൾ തത്ത്വങ്ങളും പഠിപ്പിക്കലുകളും തന്റെ ദൈനംദിന ജീവിതത്തിൽ പ്രാവർത്തികമാക്കിക്കൊണ്ട് ഭർത്താവ് തന്റെ ഇണയുടെയും കുട്ടികളുടെയും ബഹുമാനവും പിന്തുണയും നേടുന്നതിൽ വിജയിക്കുന്നു. കുടുംബനാഥന്റെ സ്നേഹപുരസ്സരമായ നേതൃത്വത്തിൻ കീഴിൽ കുടുംബാംഗങ്ങൾ ഒത്തുചേർന്നു പ്രവർത്തിക്കുമ്പോൾ, പൊന്തിവരുന്ന ഏതു പ്രശ്നങ്ങളെയും വിജയകരമായി തരണംചെയ്യാൻ അവർക്കു കഴിയുന്നു. അങ്ങനെ തിരുവെഴുത്ത് അധിഷ്ഠിതമായി തന്റെ ശിരഃസ്ഥാനം പ്രയോഗിച്ചുകൊണ്ട്, അദ്ദേഹം ദൈവത്തിനു മഹത്ത്വവും സ്തുതിയും കൈവരുത്തുന്ന ഒരു സന്തുഷ്ട കുടുംബം പടുത്തുയർത്തുന്നു.
ജ്ഞാനിയായ ഒരു കുടുംബനാഥൻ താഴ്മയുള്ളവനും ആയിരിക്കും. വേണ്ടിവരുന്നപക്ഷം മാപ്പുപറയാൻ അദ്ദേഹം ഒരിക്കലും മടികാണിക്കുകയില്ല, തനിക്കു തെറ്റുപറ്റി എന്നു സമ്മതിക്കാൻ അദ്ദേഹത്തിനു ബുദ്ധിമുട്ടു തോന്നുന്നെങ്കിൽ പോലും. “മന്ത്രിമാരുടെ ബഹുത്വത്തിൽ” രക്ഷയുണ്ട് എന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 24:6) അതേ, ഉചിതമായിരിക്കുമ്പോൾ തന്റെ ഭാര്യയോടും മക്കളോടും അഭിപ്രായം ആരായാനും അവർ പറയുന്നതിനു ചെവികൊടുക്കാനും താഴ്മ എന്ന ഗുണം ഒരു കുടുംബനാഥനെ പ്രചോദിപ്പിക്കും. ക്രിസ്തുവിനെ അനുകരിക്കുന്നതിലൂടെ ഒരു ക്രിസ്തീയ കുടുംബനാഥൻ തന്റെ ശിരഃസ്ഥാനം സ്വന്തം കുടുംബത്തിനു സന്തോഷവും സുരക്ഷിതത്വവും നൽകുന്നു എന്നു മാത്രമല്ല മുഴു കുടുംബങ്ങളുടെയും കാരണഭൂതനായ യഹോവയാം ദൈവത്തിനു മഹത്ത്വവും ബഹുമാനവും കൈവരുത്തുന്നു എന്നും ഉറപ്പുവരുത്തും.—എഫെസ്യർ 3:14, 15. (g04 7/8)
[അടിക്കുറിപ്പുകൾ]
a ഭർത്താവിന്റെയും പിതാവിന്റെയും ധർമത്തെ കുറിച്ചാണ് ഈ ലേഖനം മുഖ്യമായും ചർച്ച ചെയ്യുന്നതെങ്കിലും ഒറ്റയ്ക്കുള്ള മാതാക്കൾക്കും കൂടപ്പിറപ്പുകളെ പോറ്റിവളർത്തേണ്ട ഉത്തരവാദിത്വമുള്ള അനാഥർക്കും കുടുംബനാഥന്മാർക്കായി നൽകിയിരിക്കുന്ന ഈ തത്ത്വങ്ങളിൽനിന്നു പ്രയോജനം ലഭിച്ചേക്കാം.
b യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകം, കുടുംബത്തിനുവേണ്ടി സ്നേഹപൂർവം എങ്ങനെ കരുതാം എന്നതിനുള്ള പ്രായോഗിക നിർദേശങ്ങൾ നൽകുന്നു.
[26-ാം പേജിലെ ചിത്രം]
ന്യായബോധം പ്രകടമാക്കുന്ന ഭർത്താവ് ഭാര്യയുടെയും മക്കളുടെയും അഭിപ്രായങ്ങൾ പരിഗണിക്കും