-
കർത്താവിന്റെ സന്ധ്യാഭക്ഷണം—അത് എത്ര കൂടെക്കൂടെ ആചരിക്കണം?വീക്ഷാഗോപുരം—1994 | മാർച്ച് 15
-
-
ഏകമാത്രമായൊരാഘോഷം
തന്റെ മരണത്തിന്റെ തലേദിവസം യേശുവാണ് ഈ ആഘോഷം തുടങ്ങിവെച്ചത്. അവിടുന്ന് തന്റെ അപ്പോസ്തലൻമാരോടൊത്തു യഹൂദ പെസഹാപെരുന്നാൾ ആഘോഷിച്ചു കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ. അതിനുശേഷം, “ഇതു നിങ്ങൾക്കു വേണ്ടി നല്കുന്ന എന്റെ ശരീരം” എന്നു പറഞ്ഞുകൊണ്ടു പുളിപ്പില്ലാത്ത പെസഹാ അപ്പത്തിൽ കുറച്ചെടുത്ത് അവർക്കു കൊടുത്തു. അടുത്തതായി, “ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമം” എന്നു പറഞ്ഞുകൊണ്ടു യേശു ഒരു പാത്രം വീഞ്ഞു നൽകി. അവിടുന്ന് ഇങ്ങനെയും പറഞ്ഞു: “എന്റെ ഓർമ്മെക്കായി ഇതു ചെയ്വിൻ.” (ലൂക്കൊസ് 22:19, 20; 1 കൊരിന്ത്യർ 11:24-26) ഈ ആഘോഷത്തെ കർത്താവിന്റെ സന്ധ്യാഭക്ഷണം അഥവാ സ്മാരകം എന്നു വിളിക്കുന്നു. തന്റെ അനുഗാമികൾ അനുഷ്ഠിക്കാൻ യേശു കൽപ്പിച്ച ആഘോഷം ഇതു മാത്രമാണ്.
മറെറല്ലാ ആഘോഷങ്ങളോടും ചേർച്ചയിൽ ഈ ആഘോഷവും തങ്ങൾ നടത്തുന്നുവെന്നു പല സഭകളും അവകാശപ്പെടുന്നു. എന്നാൽ മിക്ക സഭകളും ഇത് അനുസ്മരിക്കുന്നതു യേശു കൽപ്പിച്ച വിധത്തിൽനിന്നു വ്യത്യസ്തമായാണ്. ഒരുപക്ഷേ ഏററവും ശ്രദ്ധേയമായ വ്യത്യാസം ഈ ആഘോഷം കൂടെക്കൂടെ നടത്തുന്നു എന്നതായിരിക്കാം. ചില സഭകൾ ഇതു മാസംതോറും, ആഴ്ചതോറും, ദിവസംതോറും പോലും ആഘോഷിക്കുന്നു. “എന്റെ ഓർമ്മെക്കായി ഇതു ചെയ്വിൻ” എന്നു തന്റെ അനുഗാമികളോടു പറഞ്ഞപ്പോൾ യേശു ഉദ്ദേശിച്ചത് ഇതാണോ? ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ ഇപ്രകാരം പറയുന്നു: “ഇത് എന്റെ സ്മാരകമായി അനുഷ്ഠിക്കുവിൻ.” (1 കൊരിന്ത്യർ 11:24, 25) ഒരു സ്മാരകം അഥവാ വാർഷികം എത്ര കൂടെക്കൂടെയാണു നടത്തുന്നത്? സാധാരണമായി വർഷത്തിലൊരിക്കൽ മാത്രം.
ഈ ആഘോഷം തുടങ്ങിവെച്ചശേഷം യഹൂദ കലണ്ടർ തീയതിയനുസരിച്ചു നീസാൻ 14-ന് യേശു മരിച്ചുവെന്നും ഓർക്കുക.a പൊ.യു.മു. [പൊതുയുഗത്തിനുമുമ്പ്] 16-ാം നൂററാണ്ടിൽ ഈജിപ്തിൽവെച്ചു തങ്ങൾ അനുഭവിച്ച വലിയ വിടുതലിനെക്കുറിച്ചു യഹൂദൻമാരെ അനുസ്മരിപ്പിക്കുന്ന ഉത്സവമായ പെസഹായുടെ ദിവസമായിരുന്നു അത്. അക്കാലത്ത് ഒരു കുഞ്ഞാടിനെ യാഗമർപ്പിച്ചത് യഹൂദ ആദ്യജാതൻമാരുടെ രക്ഷയിൽ കലാശിച്ചു, അതേസമയം ഈജിപ്തിലെ ആദ്യജാതൻമാരെയാകട്ടെ യഹോവയുടെ ദൂതൻ കൊന്നുകളഞ്ഞു.—പുറപ്പാടു 12:21, 24-27.
ഇതു നമ്മുടെ ഗ്രാഹ്യത്തെ എങ്ങനെ സഹായിക്കുന്നു? ആകട്ടെ, ക്രിസ്തീയ അപ്പോസ്തലനായ പൗലോസ് എഴുതിയത് ഇപ്രകാരമാണ്: “നമ്മുടെ പെസഹക്കുഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു; ക്രിസ്തു തന്നേ.” (1 കൊരിന്ത്യർ 5:7) ഏറെ മഹത്തായ രക്ഷക്കുള്ള അവസരം മനുഷ്യവർഗത്തിനു പ്രദാനം ചെയ്യുന്ന ഒരു വലിപ്പമേറിയ പെസഹായാഗമായിരുന്നു യേശുവിന്റെ മരണം. അതുകൊണ്ട് ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം യഹൂദ പെസഹായുടെ സ്ഥാനം ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകം കൈയ്യടക്കിയിരിക്കുന്നു.—യോഹന്നാൻ 3:16.
പെസഹാ ഒരു വാർഷിക ആഘോഷമായിരുന്നു. അപ്പോൾ യുക്ത്യാനുസൃതം സ്മാരകവും വാർഷികമായിരിക്കും. പെസഹാ—യേശു മരിച്ച ദിവസം—എല്ലായ്പോഴും യഹൂദ മാസമായ നീസാൻ 14-ന് ആയിരുന്നു. അതുകൊണ്ട് ക്രിസ്തുവിന്റെ മരണം സ്മാരകമായി ആഘോഷിക്കേണ്ടത് വർഷത്തിലൊരിക്കൽ നീസാൻ 14-നു തത്തുല്യമായ കലണ്ടർ തീയതിയിൽ ആയിരിക്കണം. 1994-ൽ ആ ദിവസം മാർച്ച് 26 ശനിയാഴ്ചയാണ്, സൂര്യാസ്തമയശേഷം. എന്നിരുന്നാലും, ഇതിനെ പ്രത്യേക ആഘോഷത്തിനുള്ള ഒരു ദിവസമായി ക്രൈസ്തവലോകത്തിലെ സഭകൾ കരുതാത്തത് എന്തുകൊണ്ടാണ്? ചരിത്രത്തിലേക്കുള്ള ചെറിയൊരു എത്തിനോട്ടം ആ ചോദ്യത്തിന് ഉത്തരം നൽകും.
-
-
കർത്താവിന്റെ സന്ധ്യാഭക്ഷണം—അത് എത്ര കൂടെക്കൂടെ ആചരിക്കണം?വീക്ഷാഗോപുരം—1994 | മാർച്ച് 15
-
-
a പുതുചന്ദ്രന്റെ ആദ്യ പ്രത്യക്ഷപ്പെടലോടെയാണ് യഹൂദ വർഷത്തിലെ ആദ്യമാസമായ നീസാൻ തുടങ്ങിയത്. അതുകൊണ്ടു നീസാൻ 14 എല്ലായ്പോഴും പൂർണചന്ദ്ര ദിവസമായിരുന്നു.
-