“അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്നേഹിക്കണം”
“രണ്ടാമത്തെ (കല്പന) ഇതിനോടു സമം: ‘നിന്റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്നേഹിക്കണം.’”—മത്താ. 22:39.
1, 2. (എ) ന്യായപ്രമാണത്തിലെ രണ്ടാമത്തെ വലിയ കല്പന ഏതാണെന്നാണ് യേശു പറഞ്ഞത്? (ബി) ഏതെല്ലാം ചോദ്യങ്ങൾ നാം ഇപ്പോൾ പരിചിന്തിക്കും?
യേശുവിനെ പരീക്ഷിക്കാനായി ഒരു പരീശൻ ഒരിക്കൽ ഇങ്ങനെ ചോദിച്ചു: “ഗുരോ, ന്യായപ്രമാണത്തിലെ ഏറ്റവും വലിയ കൽപ്പന ഏതാണ്?” മുൻലേഖനത്തിൽ കണ്ടതുപോലെ, യേശു ഇങ്ങനെ മറുപടി നൽകി: “‘നിന്റെ ദൈവമായ യഹോവയെ നീ മുഴുഹൃദയത്തോടും മുഴുദേഹിയോടും മുഴുമനസ്സോടുംകൂടെ സ്നേഹിക്കണം.’ ഇതാകുന്നു ഏറ്റവും വലിയതും ഒന്നാമത്തേതുമായ കൽപ്പന.” അതിനോടൊപ്പം യേശു ഇങ്ങനെയും പറഞ്ഞു: “രണ്ടാമത്തേത് ഇതിനോടു സമം: ‘നിന്റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്നേഹിക്കണം.’”—മത്താ. 22:34-39.
2 നാം നമ്മെത്തന്നെ എപ്രകാരം സ്നേഹിക്കുന്നുവോ അപ്രകാരംതന്നെ അയൽക്കാരനെയും സ്നേഹിക്കണം എന്നാണ് യേശു പറഞ്ഞത്. അതുകൊണ്ട്, ഉചിതമായും നമുക്ക് ഇങ്ങനെ ചോദിക്കാനാകും: ആരാണ് യഥാർഥത്തിൽ നമ്മുടെ അയൽക്കാരൻ? അയൽക്കാരോടുള്ള സ്നേഹം നമുക്ക് എങ്ങനെ കാണിക്കാനാകും?
ആരാണ് യഥാർഥത്തിൽ നമ്മുടെ അയൽക്കാരൻ?
3, 4. (എ) “ആരാണ് യഥാർഥത്തിൽ എന്റെ അയൽക്കാരൻ” എന്ന ചോദ്യത്തിന് ഏതു ദൃഷ്ടാന്തകഥയിലൂടെയാണ് യേശു മറുപടി നൽകിയത്? (ബി) കവർച്ചക്കാർ മർദിച്ചവശനാക്കി വഴിയിൽ ഉപേക്ഷിച്ച മനുഷ്യനെ ശമര്യക്കാരൻ എങ്ങനെയാണു സഹായിച്ചത്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
3 അയൽക്കാരൻ എന്നു കേൾക്കുമ്പോൾ സൗഹൃദവും സഹായമനസ്ഥിതിയും ഉള്ള ഒരു അയൽവാസിയെക്കുറിച്ചായിരിക്കാം നാം ചിന്തിക്കുന്നത്. (സദൃ. 27:10) എന്നാൽ “ആരാണ് യഥാർഥത്തിൽ എന്റെ അയൽക്കാരൻ” എന്ന് സ്വയനീതിക്കാരനായ ഒരു മനുഷ്യൻ ചോദിച്ചപ്പോൾ യേശു എന്താണ് പറഞ്ഞതെന്ന് പരിചിന്തിക്കുക. അയൽസ്നേഹിയായ ശമര്യക്കാരന്റെ ദൃഷ്ടാന്തകഥയാണ് യേശു പറഞ്ഞത്. (ലൂക്കോസ് 10:29-37 വായിക്കുക.) കവർച്ചക്കാർ മർദിച്ചവശനാക്കി അർധപ്രാണനായി വഴിയിൽ ഉപേക്ഷിച്ച ഒരു വ്യക്തിയെ കാണുമ്പോൾ ഇസ്രായേല്യപുരോഹിതനും ലേവ്യനും നല്ല അയൽക്കാരെപ്പോലെ പ്രവർത്തിക്കുമെന്നു ന്യായമായും നാം പ്രതീക്ഷിക്കും. പക്ഷേ, അയാൾക്കുവേണ്ടി യാതൊന്നും ചെയ്യാതെ അവർ കടന്നുപോകുകയാണുണ്ടായത്. പകരം, അയാളെ സഹായിച്ചത് ഒരു ശമര്യക്കാരനായിരുന്നു. ശമര്യക്കാർ മോശൈകന്യായപ്രമാണത്തെ ആദരിച്ചിരുന്നെങ്കിലും യഹൂദന്മാർ അവരെ അവജ്ഞയോടെയായിരുന്നു വീക്ഷിച്ചിരുന്നത്.—യോഹ. 4:9.
4 അയൽസ്നേഹം കാണിച്ച ആ നല്ല ശമര്യക്കാരൻ എണ്ണയും വീഞ്ഞും ഒഴിച്ച് മൃതപ്രായനായ ആ മനുഷ്യന്റെ മുറിവുകൾ വെച്ചുകെട്ടി. കൂടാതെ, ആ മനുഷ്യനെ പരിചരിക്കുന്നതിനായി അയാൾ സത്രപാലകന് രണ്ടു ദിനാറെ നൽകുകയും ചെയ്തു. ഏകദേശം രണ്ടു ദിവസത്തെ വേതനത്തിനു തുല്യമായിരുന്നു ആ തുക. (മത്താ. 20:2) ഇതിൽനിന്നെല്ലാം ആരാണ് മുറിവേറ്റ ആ മനുഷ്യന്റെ യഥാർഥ അയൽക്കാരൻ ആയിത്തീർന്നത് എന്നു മനസ്സിലാക്കാൻ എളുപ്പമാണ്. അയൽക്കാരനോട്, അതെ, വർഗവർണഭാഷാഭേദമെന്യേ സഹമനുഷ്യരോട്, അനുകമ്പയും സ്നേഹവും കാണിക്കാനാണ് യേശുവിന്റെ ഈ ദൃഷ്ടാന്തം നമ്മെ പഠിപ്പിക്കുന്നത്.
5. സമീപകാലത്തുണ്ടായ ഒരു പ്രകൃതിദുരന്തത്തിന്റെ സമയത്ത് യഹോവയുടെ ജനം എങ്ങനെയാണ് അയൽസ്നേഹം കാണിച്ചത്?
5 അയൽസ്നേഹിയായ ശമര്യക്കാരനെപ്പോലെ അനുകമ്പയുള്ള ആളുകളെ കണ്ടെത്തുക മിക്കപ്പോഴും ബുദ്ധിമുട്ടാണ്. വിശേഷിച്ചും, ബഹുഭൂരിപക്ഷവും സഹജസ്നേഹമില്ലാത്തവരും നിഷ്ഠുരന്മാരും നന്മയെ ദ്വേഷിക്കുന്നവരും ആയിരിക്കുന്ന ദുഷ്കരമായ ഈ “അന്ത്യകാലത്ത്.” (2 തിമൊ. 3:1-3) ഉദാഹരണത്തിന്, പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അടിയന്തിരസാഹചര്യങ്ങൾ ഉടലെടുത്തേക്കാം. 2012 ഒക്ടോബർ അവസാനം ന്യൂയോർക്ക് നഗരത്തിൽ സാൻഡി ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോൾ എന്തു സംഭവിച്ചെന്നു പരിചിന്തിക്കുക. കൊടുങ്കാറ്റ് ചുഴറ്റിയെറിഞ്ഞ ഒരു നഗരഭാഗത്ത് വൈദ്യുതിയോ മറ്റ് അവശ്യസംഗതികളോ ഇല്ലാതെ തണുപ്പുമായി മല്ലടിച്ച നിവാസികളെ ചില സാമൂഹ്യവിരുദ്ധർ കൊള്ളയടിച്ചു. എന്നാൽ അതേ സ്ഥലത്ത്, യഹോവയുടെ സാക്ഷികൾ തങ്ങളുടെ സഹവിശ്വാസികളെയും മറ്റുള്ളവരെയും സഹായിച്ചുകൊണ്ട് ഒരു പ്രത്യേക ദുരിതാശ്വാസ പ്രവർത്തനം സംഘടിപ്പിച്ചു. സത്യക്രിസ്ത്യാനികൾ ഇപ്രകാരം പ്രവർത്തിക്കുന്നത് അവർ തങ്ങളുടെ അയൽക്കാരെ സ്നേഹിക്കുന്നതുകൊണ്ടാണ്. അയൽസ്നേഹം കാണിക്കാനാകുന്ന മറ്റു ചില മാർഗങ്ങൾ എന്തൊക്കെയാണ്?
നമുക്ക് അയൽസ്നേഹം കാണിക്കാനാകുന്ന വിധങ്ങൾ
6. അയൽസ്നേഹവും നമ്മുടെ പ്രസംഗവേലയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ?
6 ആളുകളെ ആത്മീയമായി സഹായിക്കുക. “തിരുവെഴുത്തുകളിൽനിന്നുള്ള ആശ്വാസ”ത്തിലേക്ക് ആളുകളുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടാണ് നാം ഇതു ചെയ്യുന്നത്. (റോമ. 15:4) പ്രസംഗവേലയിൽ മറ്റുള്ളവരുമായി ബൈബിൾസത്യങ്ങൾ പങ്കുവെക്കുമ്പോൾ നാം നിസ്സംശയമായും അയൽസ്നേഹം കാണിക്കുകയാണ്. (മത്താ. 24:14) “പ്രത്യാശ നൽകുന്ന ദൈവ”ത്തിൽനിന്നുള്ള രാജ്യസന്ദേശം പ്രഘോഷിക്കാനാകുന്നത് എത്ര വലിയ പദവിയാണ്!—റോമ. 15:13.
7. എന്താണ് സുവർണനിയമം, അതു പിൻപറ്റുന്നതിലൂടെ നാം അനുഗ്രഹിക്കപ്പെടുന്നത് എങ്ങനെ?
7 സുവർണനിയമം പിൻപറ്റുക. യേശുവിന്റെ ഗിരിപ്രഭാഷണത്തിലെ പിൻവരുന്ന വാക്കുകളിലാണ് ഈ നിയമം കാണാനാകുന്നത്: “മറ്റുള്ളവർ നിങ്ങൾക്കു ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതൊക്കെയും നിങ്ങൾ അവർക്കും ചെയ്യുവിൻ. ന്യായപ്രമാണത്തിന്റെയും പ്രവാചകവചനങ്ങളുടെയും സാരം ഇതുതന്നെ.” (മത്താ. 7:12) യേശു പഠിപ്പിച്ചതുപോലെ നാം മറ്റുള്ളവരോട് പെരുമാറുമ്പോൾ “ന്യായപ്രമാണത്തിന്റെയും” (ഉല്പത്തി മുതൽ ആവർത്തനപുസ്തകം വരെ) “പ്രവാചകവചനങ്ങളുടെയും” (എബ്രായതിരുവെഴുത്തുകളിലെ പ്രവാചകപുസ്തകങ്ങൾ) അന്തസ്സത്തയ്ക്ക് ചേർച്ചയിൽ നാം പ്രവർത്തിക്കുകയാണ്. മറ്റുള്ളവരെ സ്നേഹിക്കുന്നവരെ ദൈവം അനുഗ്രഹിക്കുമെന്ന് ബൈബിളിലെ അത്തരം ലിഖിതങ്ങൾ വ്യക്തമാക്കുന്നു. ഉദാഹരണത്തിന്, യെശയ്യാവിലൂടെ യഹോവ ഇങ്ങനെ പറഞ്ഞു: ‘ന്യായം പ്രമാണിച്ചു നീതി പ്രവർത്തിപ്പിൻ. ഇതു ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ (“സന്തുഷ്ടൻ,” NW).’ (യെശ. 56:1, 2) അയൽക്കാരോട് സ്നേഹത്തോടെയും ന്യായത്തോടെയും ഇടപെടുന്നതുകൊണ്ട് ദൈവം നമ്മെ അനുഗ്രഹിക്കുന്നു.
8. നമ്മുടെ ശത്രുക്കളെ നാം സ്നേഹിക്കേണ്ടത് എന്തുകൊണ്ട്, അങ്ങനെ ചെയ്യുകവഴി എന്തു ഫലം ഉളവായേക്കാം?
8 നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക. യേശു ഇങ്ങനെ പറഞ്ഞു: “‘നീ നിന്റെ അയൽക്കാരനെ സ്നേഹിക്കുകയും ശത്രുവിനെ വെറുക്കുകയും വേണം’ എന്നു പറഞ്ഞിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുവിൻ; നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുവിൻ; സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനു നിങ്ങൾ പുത്രന്മാരായിത്തീരേണ്ടതിനുതന്നെ.” (മത്താ. 5:43-45) സമാനമായ ഒരു ആശയം അവതരിപ്പിച്ചുകൊണ്ട് അപ്പൊസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “നിന്റെ ശത്രുവിനു വിശക്കുന്നെങ്കിൽ അവനു ഭക്ഷിക്കാൻ കൊടുക്കുക; ദാഹിക്കുന്നെങ്കിൽ അവനു കുടിക്കാൻ കൊടുക്കുക.” (റോമ. 12:20; സദൃ. 25:21) മോശൈകന്യായപ്രമാണം അനുസരിച്ച്, ശത്രുവിന്റെ ഒരു മൃഗം ചുമടിൻകീഴെ കിടക്കുന്നതായി ഒരു വ്യക്തി കാണുന്നെങ്കിൽ അതിനെ അഴിച്ചുവിടാൻ അയാൾ തന്റെ ശത്രുവിനെ സഹായിക്കണമായിരുന്നു. (പുറ. 23:5) അത്തരത്തിൽ ഒത്തൊരുമിച്ചു പ്രവർത്തിക്കുകവഴി മുൻശത്രുക്കൾ ഉറ്റമിത്രങ്ങളായി മാറിയേക്കാം. ക്രിസ്ത്യാനികളുടെ സ്നേഹപൂർവമായ പെരുമാറ്റം നിമിത്തം പല ശത്രുക്കൾക്കും നമ്മോടുള്ള മനോഭാവത്തിൽ മാറ്റംവന്നിട്ടുണ്ട്. നമ്മുടെ ശത്രുക്കളെ—കൊടിയ പീഡകരെപ്പോലും—നാം സ്നേഹിക്കുന്നെങ്കിൽ ഒരുപക്ഷേ അവരിൽ ചിലർ സത്യം സ്വീകരിച്ചേക്കാം. അത് എത്ര സന്തോഷകരമായ ഒരു അനുഭവമായിരിക്കും!
9. സഹോദരനുമായി രമ്യതയിലാകുന്നതു സംബന്ധിച്ച് യേശു എന്താണ് പറഞ്ഞത്?
9 ‘എല്ലാവരോടും സമാധാനത്തിൽ വർത്തിക്കുക.’ (എബ്രാ. 12:14) തീർച്ചയായും ഇതിൽ സഹോദരങ്ങൾ ഉൾപ്പെടുന്നുണ്ട്. കാരണം യേശു ഇങ്ങനെ പറഞ്ഞു: “നീ യാഗപീഠത്തിങ്കൽ വഴിപാടു കൊണ്ടുവരുമ്പോൾ നിന്റെ സഹോദരന് നിനക്കെതിരെ എന്തെങ്കിലും ഉണ്ടെന്ന് അവിടെവെച്ച് ഓർമ വന്നാൽ നിന്റെ വഴിപാട് യാഗപീഠത്തിനു മുമ്പിൽ വെച്ചിട്ട് ആദ്യം പോയി നിന്റെ സഹോദരനുമായി രമ്യതയിലാകുക. പിന്നെ വന്ന് നിന്റെ വഴിപാട് അർപ്പിക്കുക.” (മത്താ. 5:23, 24) സഹോദരങ്ങളിൽ ആരെങ്കിലുമായി നമുക്ക് ഒരു പ്രശ്നമുണ്ടെങ്കിൽ ആ വ്യക്തിയുമായി എത്രയും പെട്ടെന്ന് സമാധാനത്തിലാകാൻ ശ്രമിച്ചുകൊണ്ട് നമുക്ക് സ്നേഹം തെളിയിക്കാനാകും. നാം സത്വരനടപടി കൈക്കൊള്ളുമ്പോൾ അതു തീർച്ചയായും ദൈവത്തെ പ്രസാദിപ്പിക്കും.
10. നാം കുറ്റം കണ്ടുപിടിക്കുന്നവർ ആയിരിക്കരുതാത്തത് എന്തുകൊണ്ട്?
10 കുറ്റം കണ്ടുപിടിക്കുന്നവർ ആയിരിക്കരുത്. യേശു പറഞ്ഞു: “നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന് വിധിക്കാതിരിക്കുക; എന്തെന്നാൽ നിങ്ങൾ വിധിക്കുന്ന വിധിയാൽത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങൾ അളന്നുകൊടുക്കുന്ന അളവിനാൽത്തന്നെ നിങ്ങൾക്കും അളന്നുകിട്ടും. നീ സഹോദരന്റെ കണ്ണിലെ കരട് കാണുകയും എന്നാൽ സ്വന്തം കണ്ണിലെ കഴുക്കോൽ കാണാതിരിക്കുകയും ചെയ്യുന്നതെന്ത്? അല്ല, സ്വന്തം കണ്ണിൽ കഴുക്കോലിരിക്കെ നിന്റെ സഹോദരനോട്, ‘നിൽക്കൂ, ഞാൻ നിന്റെ കണ്ണിൽനിന്നു കരട് എടുത്തുകളയട്ടെ’ എന്നു പറയാൻ നിനക്ക് എങ്ങനെ കഴിയും? കപടഭക്തിക്കാരാ, ആദ്യം സ്വന്തം കണ്ണിൽനിന്നു കഴുക്കോൽ എടുത്തുമാറ്റുക. അപ്പോൾ നിന്റെ സഹോദരന്റെ കണ്ണിലെ കരട് എടുത്തുകളയാൻ സാധിക്കുംവിധം നിന്റെ കാഴ്ച തെളിയും.” (മത്താ. 7:1-5) നാംതന്നെ വലിയ വീഴ്ചകൾ വരുത്തുന്നുവെന്നിരിക്കെ മറ്റുള്ളവരുടെ ചെറിയ പിഴവുകളെ വിമർശിക്കരുത് എന്ന് എത്ര ശക്തമായ ഒരു വിധത്തിലാണ് യേശു പഠിപ്പിച്ചത്!
അയൽസ്നേഹത്തിന്റെ സവിശേഷമായ ഒരു പ്രകടനം
11, 12. ഏത് അനന്യമായ വിധത്തിൽ അയൽക്കാരോടുള്ള സ്നേഹം നാം തെളിയിക്കുന്നു?
11 നമ്മുടെ അയൽക്കാരനോട് അനന്യമായ ഒരു വിധത്തിൽ സ്നേഹം കാണിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു. യേശുവിനെപ്പോലെ നാം രാജ്യത്തിന്റെ സുവിശേഷം ഘോഷിക്കുന്നു. (ലൂക്കോ. 8:1) “സകല ജനതകളിലുംപെട്ട ആളുകളെ ശിഷ്യരാക്കിക്കൊള്ളുവിൻ” എന്ന് യേശു തന്റെ അനുഗാമികളോട് കല്പിച്ചു. (മത്താ. 28:19, 20) ആ കല്പന അനുസരിച്ചുകൊണ്ട് നാം പ്രവർത്തിക്കുമ്പോൾ, നാശത്തിലേക്കു നയിക്കുന്ന വീതിയുള്ളതും വിശാലവും ആയ പാത ഉപേക്ഷിച്ച് ജീവനിലേക്കു നയിക്കുന്ന ഞെരുക്കമുള്ള പാതയിൽ പ്രവേശിക്കാൻ അയൽക്കാരെ സഹായിക്കുന്നതിന് നാം ശ്രമിക്കുകയാണ്. (മത്താ. 7:13, 14) അത്തരം ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കും എന്നതിനു യാതൊരു സംശയവുമില്ല.
12 തങ്ങളുടെ ആത്മീയാവശ്യത്തെക്കുറിച്ച് ബോധമുള്ളവരായിത്തീരാൻ നാം യേശുവിനെപ്പോലെ ആളുകളെ സഹായിക്കുന്നു. (മത്താ. 5:3) അനുകൂലമായി പ്രതികരിക്കുന്നവരോട് ‘ദൈവത്തിന്റെ സുവിശേഷം’ വിശദീകരിച്ചുകൊണ്ട് അവരുടെ ആത്മീയ ആവശ്യം നിറവേറ്റുന്നതിൽ നാം ഒരു പങ്കു വഹിക്കുന്നു. (റോമ. 1:1) രാജ്യസന്ദേശം സ്വീകരിക്കുന്നവർ യേശുക്രിസ്തു മുഖേന ദൈവവുമായി അനുരഞ്ജനത്തിലാകുന്നു. (2 കൊരി. 5:18, 19) അങ്ങനെ സുവിശേഷം ഘോഷിച്ചുകൊണ്ട് ജീവത്പ്രധാനമായ ഒരു വിധത്തിൽ നാം യഥാർഥ അയൽസ്നേഹം കാണിക്കുന്നു.
13. രാജ്യഘോഷകർ എന്നനിലയിൽ പ്രസംഗപ്രവർത്തനത്തിൽ പങ്കുപറ്റുന്നതിനെക്കുറിച്ച് നിങ്ങൾ എന്തു വിചാരിക്കുന്നു?
13 ഫലകരമായ മടക്കസന്ദർശനങ്ങളും ഭവനബൈബിളധ്യയനങ്ങളും നടത്തുമ്പോൾ, ആളുകളെ ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങളോട് അനുരൂപപ്പെടാൻ സഹായിക്കുന്നതിലെ സംതൃപ്തി നമുക്ക് ആസ്വദിക്കാനാകുന്നു. ഇതുമൂലം ബൈബിൾവിദ്യാർഥിയുടെ ജീവിതരീതിയിൽ ഒരു സമൂലമാറ്റമുണ്ടായേക്കാം. (1 കൊരി. 6:9-11) ദൈവം, “നിത്യജീവനുവേണ്ട ഹൃദയനില” ഉള്ളവരെ ജീവിതത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി താനുമായി ഒരു അടുത്ത ബന്ധത്തിലേക്ക് വരാൻ എങ്ങനെ സഹായിക്കുന്നു എന്നു കാണുന്നത് തികച്ചും ഹൃദയോഷ്മളമാണ്. (പ്രവൃ. 13:48) അനേകരെ സംബന്ധിച്ചിടത്തോളം, നിരുത്സാഹം സന്തോഷത്തിനും അനാവശ്യ ഉത്കണ്ഠ സ്വർഗീയപിതാവിലുള്ള ദൃഢവിശ്വാസത്തിനും വഴിമാറുന്നു. പുതിയവർ വരുത്തുന്ന ആത്മീയപുരോഗതി നിരീക്ഷിക്കുന്നത് എത്ര പുളകപ്രദമാണ്! ദൈവരാജ്യപ്രഘോഷകർ എന്നനിലയിൽ അനുപമമായ ഒരു വിധത്തിൽ അയൽക്കാരോടുള്ള നമ്മുടെ സ്നേഹം തെളിയിക്കാനാകുന്നത് വലിയൊരു അനുഗ്രഹമാണെന്നതിനോട് നിങ്ങൾ യോജിക്കുന്നില്ലേ?
സ്നേഹത്തിന്റെ ദൈവനിശ്ശ്വസ്ത നിർവചനം
14. സ്നേഹത്തിന് 1 കൊരിന്ത്യർ 13:4-8 നൽകുന്ന നിർവചനത്തിലെ ചില വശങ്ങൾ നിങ്ങളുടെ സ്വന്തം വാക്കുകളിൽ പറയുക.
14 സ്നേഹത്തെക്കുറിച്ച് പൗലോസ് എഴുതിയ കാര്യങ്ങൾ അയൽക്കാരുമായി ഇടപഴകുമ്പോൾ പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നത് അനേകം പ്രശ്നങ്ങൾ ഒഴിവാക്കാനും സന്തുഷ്ടരായിരിക്കാനും ദിവ്യാനുഗ്രഹങ്ങൾ ആസ്വദിക്കാനും നമ്മെ സഹായിക്കും. (1 കൊരിന്ത്യർ 13:4-8 വായിക്കുക.) സ്നേഹത്തെക്കുറിച്ച് പൗലോസ് പറഞ്ഞ കാര്യങ്ങൾ ഹ്രസ്വമായി ഒന്ന് അവലോകനം ചെയ്ത്, അയൽക്കാരുമായുള്ള നമ്മുടെ ബന്ധത്തിൽ അവന്റെ വാക്കുകൾ എങ്ങനെ ബാധകമാക്കാമെന്നു നമുക്കു നോക്കാം.
15. (എ) നാം ദീർഘക്ഷമയും ദയയും ഉള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്? (ബി) അസൂയയും ആത്മപ്രശംസയും നാം ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?
15 “സ്നേഹം ദീർഘക്ഷമയും ദയയുമുള്ളത്.” അപൂർണമനുഷ്യരോടുള്ള ഇടപെടലുകളിൽ ദൈവം ദീർഘക്ഷമയും ദയയും കാണിച്ചിരിക്കുന്നു. സമാനമായി, മറ്റുള്ളവർ തെറ്റുകൾ വരുത്തുമ്പോഴും നമ്മോട് ചിന്താശൂന്യമായോ പരുഷമായിപ്പോലുമോ ഇടപെടുമ്പോഴും നാമും ദീർഘക്ഷമയും ദയയും ഉള്ളവരായിരിക്കണം. “സ്നേഹം അസൂയപ്പെടുന്നില്ല.” അതുകൊണ്ട് മറ്റൊരു വ്യക്തിയുടെ സഭാപദവികളോ വസ്തുവകകളോ മോഹിക്കുന്നതിൽനിന്ന് യഥാർഥസ്നേഹം നമ്മെ തടയും. കൂടാതെ, സ്നേഹമുണ്ടെങ്കിൽ നാം ആത്മപ്രശംസ നടത്തുകയോ വലുപ്പം ഭാവിക്കുകയോ ചെയ്യുകയില്ല. അതെ, “ഗർവ്വമുള്ള കണ്ണും അഹങ്കാരഹൃദയവും ദുഷ്ടന്മാരുടെ ദീപവും പാപം തന്നേ.”—സദൃ. 21:4.
16, 17. നമുക്ക് 1 കൊരിന്ത്യർ 13:5, 6-നു ചേർച്ചയിൽ എങ്ങനെ പ്രവർത്തിക്കാനാകും?
16 അയൽക്കാരനോട് മാന്യമായി പെരുമാറാൻ സ്നേഹം നമ്മെ പ്രേരിപ്പിക്കും. നാം അയൽക്കാരനോട് നുണ പറയുകയോ അദ്ദേഹത്തിന്റെ വസ്തുക്കൾ മോഷ്ടിക്കുകയോ അദ്ദേഹത്തോട് ഇടപെടുമ്പോൾ യഹോവയുടെ നിയമങ്ങളും തത്ത്വങ്ങളും അതിലംഘിക്കുന്ന എന്തെങ്കിലും ചെയ്യുകയോ ഇല്ല. സ്വന്തം താത്പര്യം മാത്രം തേടാതെ മറ്റുള്ളവരോടു പരിഗണന കാണിക്കാൻ സ്നേഹം നമ്മെ പ്രചോദിപ്പിക്കും.—ഫിലി. 2:4.
17 യഥാർഥസ്നേഹം പെട്ടെന്ന് പ്രകോപിതമാകുകയില്ല. അത് “ദ്രോഹങ്ങളുടെ കണക്കുസൂക്ഷിക്കുന്നില്ല.” മറ്റുള്ളവർ സ്നേഹരഹിതമായി എന്തെങ്കിലും ചെയ്താൽ അതെല്ലാം ഒരു കണക്കുപുസ്തകത്തിലെന്നോണം നാം കുറിച്ചുവെക്കുകയില്ല. (1 തെസ്സ. 5:15) പിണക്കവും നീരസവും വെച്ചുകൊണ്ടിരിക്കുന്നെങ്കിൽ നാം ദൈവത്തെ അപ്രീതിപ്പെടുത്തുകയായിരിക്കും. കൂടാതെ, അത് നീറിപ്പുകയുന്ന തീ കെടുത്താതെ ഇട്ടിരിക്കുന്നതുപോലെയാണ്. ഒടുവിൽ അത് കത്തിപ്പിടിക്കുകയും നമുക്കും മറ്റുള്ളവർക്കും ഹാനി വരുത്തുകയും ചെയ്തേക്കാം. (ലേവ്യ. 19:18) നാം സത്യത്തിൽ സന്തോഷിക്കാൻ സ്നേഹം ഇടയാക്കുന്നു. എന്നാൽ “അനീതിയിൽ സന്തോഷിക്കാ”തിരിക്കാൻ അത് നമ്മെ പ്രേരിപ്പിക്കുന്നു. നമ്മെ പകയ്ക്കുന്ന ഒരു വ്യക്തിക്ക് തിക്താനുഭവങ്ങൾ ഉണ്ടാകുകയോ അന്യായം സഹിക്കേണ്ടിവരുകയോ ചെയ്യുമ്പോൾപ്പോലും നാം സന്തോഷിക്കുകയില്ല.—സദൃശവാക്യങ്ങൾ 24:17, 18 വായിക്കുക.
18. സ്നേഹത്തെക്കുറിച്ച് 1 കൊരിന്ത്യർ 13:7, 8-ൽനിന്ന് നമ്മൾ എന്തു പഠിക്കുന്നു?
18 പൗലോസ് സ്നേഹത്തെ കൂടുതലായി നിർവചിക്കുന്നത് എങ്ങനെയെന്നു നോക്കുക. സ്നേഹം “എല്ലാം പൊറുക്കുന്നു” എന്ന് അവൻ പറഞ്ഞു. നമ്മെ വ്രണപ്പെടുത്തിയ ഒരാൾ ക്ഷമ ചോദിക്കുന്നെങ്കിൽ അയാളോട് ക്ഷമിക്കാൻ സ്നേഹം നമ്മെ പ്രേരിപ്പിക്കുന്നു. സ്നേഹം ദൈവവചനത്തിലെ “എല്ലാം വിശ്വസിക്കു”കയും നമുക്കു ലഭിക്കുന്ന ആത്മീയാഹാരത്തിന് നന്ദിയും വിലമതിപ്പും ഉള്ളവരായിരിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. സ്നേഹം ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന “എല്ലാം പ്രത്യാശിക്കുന്നു;” നമ്മുടെ പ്രത്യാശയ്ക്കുള്ള കാരണങ്ങൾ മറ്റുള്ളവർക്കു പകർന്നുകൊടുക്കാൻ അതു നമ്മെ പ്രചോദിപ്പിക്കുന്നു. (1 പത്രോ. 3:15) പരിശോധനാകരമായ സാഹചര്യങ്ങളിൽ കാര്യങ്ങൾ ശുഭമായി പര്യവസാനിക്കുമെന്ന് നാം പ്രത്യാശിക്കുകയും അതിനായി പ്രാർഥിക്കുകയും ചെയ്യുന്നു. മറ്റുള്ളവർ നമുക്കെതിരെ പാപം ചെയ്താലും പീഡനമോ മറ്റു പരിശോധനകളോ നമുക്കു നേരിടേണ്ടിവന്നാലും സ്നേഹം “എല്ലാം സഹിക്കുന്നു.” സർവോപരി, “സ്നേഹം ഒരിക്കലും നിലച്ചുപോകുകയില്ല.” അനുസരണമുള്ള മനുഷ്യരാശി സകല നിത്യതയിലും അതു പ്രകടമാക്കും.
അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കുന്നതിൽ തുടരുക
19, 20. ഏതു തിരുവെഴുത്തുബുദ്ധിയുപദേശം അയൽക്കാരനെ സ്നേഹിക്കുന്നതിൽ തുടരാൻ നമ്മെ പ്രേരിപ്പിക്കണം?
19 ബൈബിൾ നൽകുന്ന ബുദ്ധിയുപദേശം ബാധകമാക്കുകവഴി അയൽക്കാരെ സ്നേഹിക്കുന്നതിൽ നമുക്കു തുടരാനാകും. സ്വന്തം വംശീയപശ്ചാത്തലത്തിലുള്ളവരെ മാത്രമല്ല, എല്ലാ ആളുകളെയും നാം സ്നേഹിക്കുന്നു. കൂടാതെ, “നിന്റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്നേഹിക്കണം” എന്നാണ് യേശു പറഞ്ഞതെന്ന് നാം മനസ്സിൽപ്പിടിക്കണം. (മത്താ. 22:39) നമ്മൾ അയൽക്കാരെ സ്നേഹിക്കണമെന്ന് ദൈവവും ക്രിസ്തുവും പ്രതീക്ഷിക്കുന്നു. നമ്മുടെ അയൽക്കാരൻ ഉൾപ്പെട്ടിരിക്കുന്ന ഒരു പ്രത്യേകസാഹചര്യത്തിൽ എന്തു ചെയ്യണമെന്നു വ്യക്തമല്ലെങ്കിൽ പരിശുദ്ധാത്മാവിനാൽ നമ്മെ വഴിനയിക്കാൻ നമുക്കു ദൈവത്തോട് പ്രാർഥിക്കാനാകും. അങ്ങനെ ചെയ്യുന്നത് യഹോവയിൽനിന്നുള്ള അനുഗ്രഹങ്ങളിൽ കലാശിക്കും; സ്നേഹനിർഭരമായ ഒരു വിധത്തിൽ പെരുമാറാൻ അതു നമ്മെ സഹായിക്കുകയും ചെയ്യും.—റോമ. 8:26, 27.
20 നമ്മെപ്പോലെ നമ്മുടെ അയൽക്കാരനെയും സ്നേഹിക്കുക എന്ന കല്പന “രാജകീയ നിയമം” എന്ന് അറിയപ്പെടുന്നു. (യാക്കോ. 2:8) മോശൈകന്യായപ്രമാണത്തിലെ ചില കല്പനകൾ പരാമർശിച്ചശേഷം പൗലോസ് ഇങ്ങനെ പ്രസ്താവിച്ചു: ‘മറ്റെല്ലാ കൽപ്പനകളും, “നിന്റെ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം” എന്ന വചനത്തിൽ സംക്ഷേപിച്ചിരിക്കുന്നു. സ്നേഹം അയൽക്കാരനു ദോഷം പ്രവർത്തിക്കുന്നില്ല. ആകയാൽ സ്നേഹം ന്യായപ്രമാണത്തിന്റെ നിവൃത്തി ആകുന്നു.’ (റോമ. 13:8-10) അതുകൊണ്ട് അയൽസ്നേഹം കാണിക്കുന്നതിൽ നാം തുടരേണ്ട ആവശ്യമുണ്ട്.
21, 22. ദൈവത്തെയും അയൽക്കാരനെയും നാം സ്നേഹിക്കേണ്ടത് എന്തുകൊണ്ട്?
21 അയൽക്കാരനെ സ്നേഹിക്കേണ്ടത് എന്തുകൊണ്ടാണ് എന്നതിനെക്കുറിച്ച് ധ്യാനിക്കുമ്പോൾ, തന്റെ പിതാവ് “ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും . . . സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും മഴ പെയ്യിക്കുകയും ചെയ്യുന്നുവല്ലോ” എന്ന യേശുവിന്റെ പ്രസ്താവന നാം ഓർക്കുന്നത് നല്ലതാണ്. (മത്താ. 5:43-45) നമ്മുടെ അയൽക്കാരൻ നീതിമാൻ ആണെങ്കിലും അല്ലെങ്കിലും നാം അദ്ദേഹത്തെ സ്നേഹിക്കേണ്ടതുണ്ട്. നേരത്തേ കണ്ടതുപോലെ അത്തരം സ്നേഹം കാണിക്കാനാകുന്ന ഒരു പ്രമുഖവിധം ആ വ്യക്തിയുമായി രാജ്യസന്ദേശം പങ്കുവെക്കുക എന്നതാണ്. യഥാർഥവിലമതിപ്പോടെ നമ്മുടെ അയൽക്കാരൻ സുവാർത്ത സ്വീകരിക്കുന്നെങ്കിൽ എത്രയധികം അനുഗ്രഹങ്ങളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്!
22 യാതൊന്നും പിടിച്ചുവെക്കാതെ യഹോവയെ സ്നേഹിക്കാൻ നമുക്കു നിരവധി കാരണങ്ങളുണ്ട്. അയൽക്കാരെ സ്നേഹിക്കാൻ അസംഖ്യം അവസരങ്ങളും നമുക്കുണ്ട്. ദൈവത്തെയും നമ്മുടെ അയൽക്കാരനെയും സ്നേഹിക്കുന്നതിലൂടെ ജീവത്പ്രധാനമായ ഈ വിഷയത്തിൽ യേശുവിന്റെ വാക്കുകളോട് നാം ആദരവ് കാണിക്കുകയാണ്. എല്ലാറ്റിലുമുപരി, സ്നേഹവാനായ നമ്മുടെ സ്വർഗീയപിതാവായ യഹോവയെ നാം പ്രീതിപ്പെടുത്തുകയും ചെയ്യുന്നു.