അന്യഭാഷകൾ സംസാരിക്കൽ
നിർവ്വചനം: ആദിമ ക്രിസ്തീയ സഭയിലെ ചില ശിഷ്യൻമാർക്ക് തങ്ങളുടെതല്ലാഞ്ഞ ഒരു ഭാഷയിൽ പ്രസംഗിക്കുന്നതിനോ മററുവിധങ്ങളിൽ ദൈവത്തെ മഹത്വപ്പെടുത്തുന്നതിനോ അവരെ പ്രാപ്തരാക്കിയതും പരിശുദ്ധാത്മാവ് മുഖാന്തരം നൽകപ്പെട്ടതുമായ ഒരു പ്രത്യേക പ്രാപ്തി.
ദൈവാത്മാവുളള എല്ലാവരും “അന്യഭാഷകളിൽ സംസാരിക്കു”മെന്ന് ബൈബിൾ പറയുന്നുണ്ടോ?
1 കൊരി. 12:13, 30: “സത്യമായി നാമെല്ലാവരും ഏക ആത്മാവിനാൽ ഏക ശരീരമാകുമാറ് സ്നാപനമേററു . . . എല്ലാവർക്കും രോഗശാന്തിവരം ഇല്ല, ഉണ്ടോ? എല്ലാവരും ഭാഷകളിൽ സംസാരിക്കുന്നില്ല, ഉണ്ടോ?” (കൂടാതെ 1 കൊരിന്ത്യർ 14:26)
1 കൊരി. 14:5: “നിങ്ങൾ എല്ലാവരും അന്യഭാഷകളിൽ സംസാരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, എന്നാൽ അതിലധികം ഞാൻ ആഗ്രഹിക്കുന്നത് നിങ്ങൾ പ്രവചിക്കണമെന്നാണ്. വാസ്തവത്തിൽ അന്യഭാഷ സംസാരിക്കുന്നവൻ സഭക്ക് ആത്മീകവർദ്ധന ലഭിക്കേണ്ടതിന് ഭാഷാന്തരം ചെയ്യുന്നില്ലെങ്കിൽ പ്രവചിക്കുന്നവനാണ് അവനെക്കാൾ വലിയവൻ.”
ഒരു വ്യക്തി ഒരിക്കലും പഠിച്ചിട്ടില്ലാത്ത ഒരു ഭാഷയിൽ ഹർഷോൻമാദത്തോടെ സംസാരിക്കുന്നുവെങ്കിൽ അത് അയാൾക്ക് പരിശുദ്ധാത്മാവുണ്ടെന്ന് തെളിയിക്കുന്നുവോ?
“അന്യഭാഷകളിൽ സംസാരിക്കാനുളള” പ്രാപ്തി സത്യദൈവത്തിൽ നിന്നല്ലാതെ മറേറതെങ്കിലും ഉറവിൽ നിന്ന് വരാൻ കഴിയുമോ?
1 യോഹ. 4:1: “പ്രിയമുളളവരേ, എല്ലാ നിശ്വസ്തമൊഴികളെയും [“എല്ലാ ആത്മാവിനെയും,” KJ, RS] വിശ്വസിക്കാതെ ആ നിശ്വസ്ത മൊഴികൾ ദൈവത്തിൽ നിന്ന് ഉത്ഭവിക്കുന്നതാണോ എന്ന് പരിശോധിച്ചു നോക്കുക.” (മത്തായി 7:21-23; 2 കൊരിന്ത്യർ 11:14, 15 കൂടെ കാണുക.)
ഇന്ന് ‘ഭാഷകളിൽ സംസാരിക്കുന്നവരിൽ’ പെന്തക്കോസ്തുകാരും ബാപ്ററിസ്ററുകളും റോമൻ കത്തോലിക്കരും എപ്പിസ്ക്കോപ്പേലിയൻ സഭക്കാരും മെതഡിസ്ററു സഭക്കാരും ലൂഥറൻ സഭക്കാരും പ്രെസ്ബിറേററിയൻ സഭക്കാരും എല്ലാം ഉണ്ട്. പരിശുദ്ധാത്മാവ് തന്റെ ശിഷ്യൻമാരെ ‘സകല സത്യത്തിലേക്കും വഴിനടത്തും’ എന്ന് യേശു പറഞ്ഞു. (യോഹ. 16:13) ഈ ഓരോ മതത്തിലെയും അംഗങ്ങൾ “അന്യഭാഷകൾ” സംസാരിക്കുന്ന മററുളളവർ “എല്ലാ സത്യത്തിലേക്കും” വഴിനടത്തപ്പെട്ടിരിക്കുന്നു എന്ന് വിശ്വസിക്കുന്നുവോ? അവർ യോജിപ്പിലല്ലാത്തതിനാൽ അത് എങ്ങനെ ശരിയായിരിക്കാൻ കഴിയും? അവർ “അന്യഭാഷകളിൽ” സംസാരിക്കുക സാദ്ധ്യമാക്കുന്നത് ഏത് ആത്മാവാണ്?
ഫൗണ്ടൻ ട്രസ്ററും ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഇവാഞ്ചലിക്കൽ കൗൺസിലും ചേർന്നുളള ഒരു സംയുക്ത പ്രസ്താവന ഇപ്രകാരം സമ്മതിച്ചു പറഞ്ഞു: “അതുപോലുളള ഒരു പ്രതിഭാസം മാന്ത്രികമോ ഭൂതങ്ങളിൽ നിന്നുളളതോ ആയ ഒരു സ്വാധീനത്താൽ സംഭവിക്കാമെന്ന് ഞങ്ങളും തിരിച്ചറിയുന്നു.” (ഗോസ്പൽ ആൻഡ് സ്പിരിററ്, ഏപ്രിൽ 1977, ഫൗണ്ടൻ ട്രസ്ററും ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഇവാഞ്ചലിക്കൽ കൗൺസിലും ചേർന്ന് പ്രസിദ്ധീകരിച്ചത്, പേ. 12) റിലിജിയസ് മൂവ്മെൻറ്സ് ഇൻ കണ്ടെമ്പ്രറി അമേരിക്ക എന്ന പുസ്തകം (ഇർവിംഗ് ഐ. സാരേററ്സ്കിയും മാർക്ക് പി. ലിയോണും ചേർന്ന് എഡിററു ചെയ്തത്, എൽ. പി. ഗെർലാക്കിനെ ഉദ്ധരിച്ചുകൊണ്ട്) റിപ്പോർട്ടു ചെയ്യുന്നത് ഹയിത്തിയിൽ ‘അന്യഭാഷകളിൽ സംസാരിക്കുന്നത്’ പെന്തക്കോസ്തുകാരുടെയും വൂഡൂ മതത്തിന്റെയും സവിശേഷതയാണ് എന്നാണ്.—(പ്രിൻസ്ടൺ, എൻ. ജെ.; 1974), പേ. 693; 2 തെസ്സലോനീക്യർ 2:9, 10 കൂടെ കാണുക.
ഇന്ന് ‘അന്യഭാഷകളിൽ’ സംസാരിക്കുന്നത് ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾ ചെയ്തതുപോലെ തന്നെയാണോ?
ഒന്നാം നൂററാണ്ടിൽ “അന്യഭാഷകളിൽ സംസാരിക്കു”ന്നതുൾപ്പെടെയുളള ആത്മാവിന്റെ അത്ഭുതവരങ്ങൾ, ദൈവത്തിന്റെ അംഗീകാരം യഹൂദ ആരാധനാ വ്യവസ്ഥിതിയിൽനിന്ന്, പുതുതായി സ്ഥാപിതമായ ക്രിസ്തീയസഭയിലേക്ക് മാറിയിരിക്കുന്നതായി തെളിയിച്ചു. (എബ്രാ. 2:2-4) ആ ലക്ഷ്യം ഒന്നാം നൂററാണ്ടിൽതന്നെ നേടിയതിനാൽ അത് നമ്മുടെനാളിൽ വീണ്ടും വീണ്ടും തെളിയിക്കേണ്ട ആവശ്യമുണ്ടോ?
ഒന്നാം നൂററാണ്ടിൽ “അന്യഭാഷകളിൽ സംസാരിക്കാനുളള” വരം യേശു തന്റെ അനുഗാമികൾക്ക് നിയോഗിച്ചു കൊടുത്ത അന്താരാഷ്ട്ര സാക്ഷീകരണ വേലക്ക് ആക്കം കൂട്ടി. (പ്രവൃ. 1:8; 2:1-11; മത്താ. 28:19) ഇന്ന് “അന്യഭാഷകളിൽ സംസാരിക്കു”ന്നവർ അതിനുവേണ്ടിയാണോ ആ പ്രാപ്തി ഉപയോഗിക്കുന്നത്?
ഒന്നാം നൂററാണ്ടിൽ, ക്രിസ്ത്യാനികൾ ‘അന്യഭാഷകളിൽ സംസാരിച്ചപ്പോൾ’ ആ ഭാഷകൾ അറിയാമായിരുന്നവർക്ക് അവർ പറഞ്ഞത് മനസ്സിലായി. (പ്രവൃ. 2:4, 8) ഇന്ന് ‘അന്യഭാഷകളിലുളള സംസാരത്തിൽ’ മിക്കപ്പോഴും ആർക്കും മനസ്സിലാകാത്ത ശബ്ദത്തിലുളള ഹർഷോൻമാദപരമായ അട്ടഹാസമാണ് ഉൾപ്പെട്ടിരിക്കുന്നത് എന്നത് വാസ്തവമല്ലേ?
ഒന്നാം നൂററാണ്ടിൽ, സഭകൾ ‘അന്യഭാഷകളിലുളള സംസാരം’ ഒന്നോ രണ്ടോ പേർ മാത്രമായി പരിമിതപ്പെടുത്തണമായിരുന്നു, ഏതു യോഗത്തിലും അവർ അത് നിർവഹിച്ചേക്കുമായിരുന്നു; അവർ “ഒരാൾക്കുശേഷം മറെറാരാൾ” എന്ന ക്രമത്തിൽ സംസാരിക്കണമായിരുന്നെന്നും വ്യാഖ്യാനിക്കാൻ ആൾ ഇല്ലാത്തപ്പോൾ അവർ നിശബ്ദരായിരിക്കണമായിരുന്നെന്നും ബൈബിൾ കാണിക്കുന്നു. (1 കൊരി. 14:27, 28, RS) ഇന്ന് ചെയ്യുന്നത് അങ്ങനെയാണോ?
“ആത്മാവ്” എന്ന ശീർഷകത്തിൻ കീഴിൽ 381, 382 പേജുകൾ കൂടെ കാണുക.
തിരുവെഴുത്തുകളിൽ പറഞ്ഞിരിക്കുന്നതിന് അപ്പുറമുളള കാര്യങ്ങളിലേക്ക് പരിശുദ്ധാത്മാവ് കാരിസ്മാററിക്കുകാരെ നയിക്കുകയായിരിക്കുമോ?
2 തിമൊ. 3:16, 17: “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും പൂർണ്ണമായും സജ്ജനായി തികച്ചും പ്രാപ്തനായിരിക്കേണ്ടതിന് പഠിപ്പിക്കലിനും ശാസനക്കും കാര്യങ്ങൾ നേരെയാക്കുന്നതിനും നീതിയിൽ ശിക്ഷണം നൽകുന്നതിനും പ്രയോജനകരവുമാകുന്നു.” (ദൈവത്തിന്റെ ആത്മാവ് യേശുക്രിസ്തുവിലൂടെയും അപ്പോസ്തലൻമാരിലൂടെയും വെളിപ്പെടുത്തിയതിന് വിപരീതമായ ഒരു നിശ്വസ്ത ദൂതുണ്ടെന്ന് ആരെങ്കിലും അവകാശപ്പെട്ടാൽ സാദ്ധ്യതയനുസരിച്ച് അത് അതേ ഉറവിൽ നിന്ന് ആയിരിക്കുമോ?)
ഗലാ. 1:8: “ഞങ്ങൾ നിങ്ങളോട് അറിയിച്ച സുവാർത്തക്ക് ഉപരിയായി [“വിപരീതമായി,” NE] ഞങ്ങളാകട്ടെ സ്വർഗ്ഗത്തിൽനിന്നുളള ഒരു ദൂതനാകട്ടെ നിങ്ങളോട് സുവാർത്ത അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവനാകട്ടെ.”
‘അന്യഭാഷകളിലുളള സംസാര’ത്തെ അനുകൂലമായി വീക്ഷിക്കുന്ന മതസ്ഥാപനങ്ങളിലെ അംഗങ്ങളുടെ ജീവിതരീതി അവർക്ക് ദൈവത്തിന്റെ ആത്മാവുണ്ട് എന്നതിന്റെ തെളിവ് നൽകുന്നുണ്ടോ?
ഒരു സംഘമെന്നനിലയിൽ അവർ സൗമ്യതയും ആത്മനിയന്ത്രണവുംപോലെയുളള ആത്മാവിന്റെ ഫലങ്ങൾ ഒരു ശ്രദ്ധേയമായവിധത്തിൽ പ്രകടമാക്കുന്നുണ്ടോ? ആരാധനക്കായുളള അവരുടെ മീററിംഗുകളിൽ സംബന്ധിക്കുന്നവർക്ക് ഈ ഗുണങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്നുണ്ടോ?—ഗലാ. 5:22, 23.
അവർ യഥാർത്ഥത്തിൽ “ലോകത്തിന്റെ ഭാഗമല്ലാ”തിരിക്കുന്നുണ്ടോ? അതിനാൽ അവർ ദൈവത്തിന്റെ രാജ്യത്തിന് പൂർണ്ണഭക്തി കൊടുക്കുന്നുണ്ടോ, അതോ അവർ ലോകത്തിന്റെ രാഷ്ട്രീയ കാര്യങ്ങളിൽ ഉൾപ്പെടുകയാണോ? യുദ്ധകാലഘട്ടങ്ങളിൽ അവർ രക്തപാതകത്തിൽനിന്ന് ഒഴിവുളളവരായിരുന്നിട്ടുണ്ടോ? ലോകത്തിന്റെ അധാർമ്മിക നടത്തയിൽനിന്ന് ഒഴിവുളളവരായിരിക്കുന്നതിനാൽ ഒരു സംഘമെന്നനിലയിൽ അവർക്ക് ഒരു സൽപ്പേരുണ്ടോ?—യോഹ. 17:16; യെശ. 2:4; 1 തെസ്സ. 4:3-8.
“അന്യഭാഷകളിൽ സംസാരി”ക്കാനുളള പ്രാപ്തിയാൽ ആണോ ഇന്ന് സത്യക്രിസ്ത്യാനികൾ തിരിച്ചറിയപ്പെടുന്നത്?
യോഹ. 13:35: “നിങ്ങളുടെയിടയിൽ സ്നേഹമുണ്ടെങ്കിൽ അതിനാൽ നിങ്ങൾ എന്റെ ശിഷ്യൻമാരാണെന്ന് എല്ലാവരും അറിയും.”
1 കൊരി. 13:1, 8: “ഞാൻ മനുഷ്യരുടെയും ദൂതൻമാരുടെയും ഭാഷകളിൽ സംസാരിച്ചാലും സ്നേഹമില്ലെങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ ആയിത്തീർന്നിരിക്കുന്നു. സ്നേഹം ഒരിക്കലും നിലച്ചുപോകുന്നില്ല. പ്രവചനവരങ്ങൾ ഉണ്ടെങ്കിൽ അവ നീങ്ങിപ്പോകും; അന്യഭാഷകളുണ്ടെങ്കിൽ അത് നിലച്ചുപോകും.”
പരിശുദ്ധാത്മാവ് തന്റെ അനുഗാമികളുടെമേൽ വരുമെന്നും അവർ ഭൂമിയുടെ അതിവിദൂര ഭാഗത്തോളം തന്റെ സാക്ഷികളായിരിക്കുമെന്നും യേശു പറഞ്ഞു. (പ്രവൃ. 1:8) “എല്ലാജനതകളിലെയും ആളുകളെ ശിഷ്യരാക്കാൻ” അവൻ അവർക്ക് നിർദ്ദേശം നൽകി. (മത്താ. 28:19) ‘രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും ഒരു സാക്ഷ്യമായി നിവസിത ഭൂമിയിലെല്ലാം പ്രസംഗിക്കപ്പെടുമെന്നും’ അവൻ മൂൻകൂട്ടി പറഞ്ഞു. (മത്താ. 24:14) വ്യക്തികളെന്നനിലയിലും ഒരു സംഘമെന്നനിലയിലും ആരാണ് ഇന്ന് ഈ വേല ചെയ്യുന്നത്? യേശു പറഞ്ഞതിനോടുളള ചേർച്ചയിൽ ഒരു സംഘത്തിന് പരിശുദ്ധാത്മാവ് ഉണ്ടോ എന്നതിന്റെ തെളിവെന്നനിലയിൽ നാം ഇതിനായി നോക്കേണ്ടതല്ലേ?
“പൂർണ്ണമായത്” വരുന്നതുവരെ ‘അന്യഭാഷകളിലുളള സംസാരം’ തുടരേണ്ടതാണോ?
1 കൊരിന്ത്യർ 13:8-ൽ പല അത്ഭുത വരങ്ങളെ സംബന്ധിച്ചുളള പരാമർശനമുണ്ട്—പ്രവചനം, അന്യഭാഷകൾ, പരിജ്ഞാനം. “ഭാഗികമായി നാം അറിയുന്നു, ഭാഗികമായി നാം പ്രവചിക്കുന്നു” എന്ന് പറഞ്ഞുകൊണ്ട് 9-ാം വാക്യം ഈ വരങ്ങളിൽ രണ്ടെണ്ണത്തെ വീണ്ടും പരാമർശിക്കുന്നു. (KJ) അല്ലെങ്കിൽ RS വായിക്കപ്പെടുന്ന പ്രകാരം: “നമ്മുടെ അറിവ് അപൂർണ്ണമാണ്, നമ്മുടെ പ്രവചനവും അപൂർണ്ണമാണ്.” അതിനുശേഷം 10-ാം വാക്യം ഇപ്രകാരം പറയുന്നു: “പൂർണ്ണമായത് വരുമ്പോഴോ ഭാഗികമായത് നീങ്ങിപ്പോകും.” (KJ) പൂർണ്ണമായത് എന്ന് വിവർത്തനം ചെയ്തിരിക്കുന്നത് റെറലിയോൺ എന്ന ഗ്രീക്ക് പദമാണ്, അത് പൂർണ്ണ വളർച്ചയെത്തിയ, പൂർത്തിയായ അല്ലെങ്കിൽ സമ്പൂർണ്ണം എന്ന ആശയമാണ് നൽകുന്നത്. Ro, By, NW “സമ്പൂർണ്ണം” എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഭാഷാവരത്തെ സംബന്ധിച്ചല്ല “അപൂർണ്ണം,” “ഭാഗികം” അല്ലെങ്കിൽ അംശികം എന്ന് പറഞ്ഞിരിക്കുന്നത് എന്ന് കുറിക്കൊളളുക. അത് “പ്രവചന”ത്തെയും “പരിജ്ഞാന”ത്തെയും സംബന്ധിച്ചാണ്. മററ് വാക്കുകളിൽ പറഞ്ഞാൽ ആ അത്ഭുത വരങ്ങൾ ഉണ്ടായിരുന്നപ്പോഴും ആദിമ ക്രിസ്ത്യാനികൾക്ക് ദൈവോദ്ദേശ്യത്തെക്കുറിച്ച് അപൂർണ്ണമോ ഭാഗികമോ ആയ ഗ്രാഹ്യമേ ഉണ്ടായിരുന്നുളളു. എന്നാൽ പ്രവചനങ്ങൾ നിവൃത്തിയേറുമ്പോൾ, ദൈവോദ്ദേശ്യം നിവർത്തിക്കപ്പെടുമ്പോൾ, “പൂർണ്ണമായത്” അല്ലെങ്കിൽ സമ്പൂർണ്ണമായത് വരുമായിരുന്നു. അതുകൊണ്ട് ‘ഭാഷാവരം’ എത്രനാൾ തുടരും എന്നല്ല ഇവിടെ ചർച്ചചെയ്യപ്പെട്ടിരിക്കുന്നത് എന്ന് സ്പഷ്ടമാണ്.
എന്നിരുന്നാലും ‘ഭാഷാവരം’ എത്രകാലത്തേക്ക് ക്രിസ്തീയ അനുഭവത്തിന്റെ ഭാഗമായിരിക്കും എന്ന് ബൈബിൾ സൂചിപ്പിക്കുക തന്നെ ചെയ്യുന്നു. രേഖയനുസരിച്ച് ഈ വരവും ആത്മാവിന്റെ മററ് വരങ്ങളും യേശുക്രിസ്തുവിന്റെ അപ്പോസ്തലൻമാരുടെ കൈവെപ്പോടെയോ അല്ലെങ്കിൽ അവരുടെ സാന്നിദ്ധ്യത്തിലോ ആണ് മററുളളവർക്ക് നൽകപ്പെട്ടത്. (പ്രവൃ. 2:4, 14, 17; 10:44-46; 19:6; പ്രവൃത്തികൾ 8:14-18 കൂടെ കാണുക.) അതുകൊണ്ട് അവരുടെ മരണശേഷം, ആ വിധത്തിൽ അവരിൽനിന്ന് വരങ്ങൾ സ്വീകരിച്ചവരും മരിച്ചു കഴിഞ്ഞപ്പോൾ, ദൈവാത്മാവിന്റെ പ്രവർത്തനഫലമായുളള അത്ഭുതവരങ്ങളും അവസാനിച്ചിരിക്കണം. അത്തരമൊരു വീക്ഷണം ആ വരങ്ങളുടെ ഉദ്ദേശ്യം സംബന്ധിച്ച് എബ്രായർ 2:2-4-ൽ പറഞ്ഞിരിക്കുന്നതിനോട് യോജിപ്പിലാണ്.
“പുതുഭാഷകളിൽ സംസാരിക്കാനുളള” പ്രാപ്തി വിശ്വാസികളെ തിരിച്ചറിയിക്കുന്ന അടയാളമായിരിക്കുമെന്ന് മർക്കോസ് 16:17, 18 (KJ) കാണിക്കുന്നില്ലേ?
ഈ വാക്യങ്ങൾ ‘പുതുഭാഷകളിൽ സംസാരിക്കുന്നതിനെപ്പററി’ മാത്രമല്ല സർപ്പങ്ങളെ പിടിക്കുന്നതിനെക്കുറിച്ചും മാരകമായ വിഷം കുടിക്കുന്നതിനെക്കുറിച്ചും കൂടെ പറയുന്നുണ്ടെന്നുളളത് കുറിക്കൊളളുക. “അന്യഭാഷകളിൽ സംസാരിക്കുന്ന” എല്ലാവരും ഇത്തരം നടപടികൾക്കും പ്രോൽസാഹിപ്പിക്കുന്നുണ്ടോ?
ഈ വാക്യങ്ങൾ എല്ലാ ബൈബിൾ പണ്ഡിതൻമാരും സ്വീകരിക്കാത്തതിന്റെ കാരണങ്ങൾ “രോഗശാന്തി” എന്നതിൻ കീഴിൽ 158, 159 പേജുകളിൽ കാണുക.
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ—
‘നിങ്ങൾ അന്യഭാഷാസംസാരത്തിൽ വിശ്വസിക്കുന്നുണ്ടോ?’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘യഹോവയുടെ സാക്ഷികൾ പല ഭാഷകൾ സംസാരിക്കുന്നുണ്ട്, എന്നാൽ ഞങ്ങൾ ആവേശം പൂണ്ട് “ആർക്കും അറിഞ്ഞുകൂടാത്ത, ഭാഷകൾ” സംസാരിക്കുന്ന രീതിയില്ല. ഇന്ന് “അന്യഭാഷകളിൽ സംസാരിക്കുന്നവർ” ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾ ചെയ്തതുപോലെതന്നെയാണ് ചെയ്യുന്നത് എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ എന്ന് ഞാനൊന്നു ചോദിച്ചോട്ടെ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: ‘താരതമ്യത്തിൽ രസകരമെന്ന് ഞാൻ കണ്ടെത്തിയ ചില ആശയങ്ങൾ കാണിച്ചു തരാം. (ഒരുപക്ഷേ 401, 402 പേജുകളിൽ നിന്നുളള ചില വിവരങ്ങൾ ഉപയോഗിക്കാം.)’
അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും: ‘ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾ “അന്യഭാഷകളിൽ സംസാരിച്ചെ”ന്നും അത് അന്നത്തെ ചില പ്രത്യേകാവശ്യങ്ങൾ നിറവേററിയെന്നും ഞങ്ങൾ വിശ്വസിക്കുന്നു. ആ ആവശ്യങ്ങൾ എന്തൊക്കെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ?’
പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘ദൈവം തന്റെ അംഗീകാരം യഹൂദ വ്യവസ്ഥിതിയിൽനിന്ന് പുതുതായി രൂപംകൊണ്ട ക്രിസ്തീയ സഭയിലേക്ക് മാററി എന്നതിന് ഒരു അടയാളമായി അത് ഉതകി. (എബ്രാ. 2:2-4)’ (2) ‘ചുരുങ്ങിയ സമയംകൊണ്ട് അന്താരാഷ്ട്രീയമായി സുവാർത്ത പ്രചരിപ്പിക്കാനുളള ഒരു പ്രായോഗിക മാർഗ്ഗമായിരുന്നു അത്. (പ്രവൃ. 1:8)’