അധ്യായം 137
അനേകർ പുനരുത്ഥാനപ്പെട്ട യേശുവിനെ കാണുന്നു
മത്തായി 28:16-20; ലൂക്കോസ് 24:50-52; പ്രവൃത്തികൾ 1:1-12; 2:1-4
യേശു അനേകർക്കു പ്രത്യക്ഷനാകുന്നു
യേശു സ്വർഗത്തിലേക്കു പോകുന്നു
120 ശിഷ്യർക്കു യേശു പരിശുദ്ധാത്മാവിനെ പകരുന്നു
പുനരുത്ഥാനത്തിനു ശേഷം യേശു 11 അപ്പോസ്തലന്മാരുമായി ഗലീലയിലെ മലയിൽ കൂടിക്കാണാൻ ഏർപ്പാടു ചെയ്യുന്നു. ഏകദേശം 500 ശിഷ്യന്മാരും അവരോടൊപ്പമുണ്ടായിരുന്നു. അവരിൽ ചിലർ ആദ്യം സംശയിച്ചു. (മത്തായി 28:17; 1 കൊരിന്ത്യർ 15:6) എന്നാൽ യേശു അപ്പോൾ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ യേശു ശരിക്കും ജീവിച്ചിരിക്കുന്നുണ്ടെന്ന് അവർക്കെല്ലാം ബോധ്യമായി.
സ്വർഗത്തിലും ഭൂമിയിലും എല്ലാ അധികാരവും ദൈവം തനിക്കു നൽകിയിട്ടുണ്ടെന്നു യേശു അവരോടു പറയുന്നു. അതിനു ശേഷം യേശു ഇങ്ങനെ കല്പിക്കുന്നു: “അതുകൊണ്ട് നിങ്ങൾ പോയി എല്ലാ ജനതകളിലെയും ആളുകളെ ശിഷ്യരാക്കുകയും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവരെ സ്നാനപ്പെടുത്തുകയും ഞാൻ നിങ്ങളോടു കല്പിച്ചതെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുകയും വേണം.” (മത്തായി 28:18-20) യേശു ജീവിച്ചിരിക്കുന്നെന്നു മാത്രമല്ല ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിച്ചുകാണാനും യേശു ആഗ്രഹിക്കുന്നു.
യേശുവിന്റെ എല്ലാ അനുഗാമികൾക്കും ആളുകളെ ശിഷ്യരാക്കാനുള്ള ഈ നിയമനം ലഭിക്കുന്നു, പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എല്ലാവർക്കും. അവരുടെ പ്രസംഗ-പഠിപ്പിക്കൽ പ്രവർത്തനങ്ങൾ നിറുത്താൻ എതിരാളികൾ ശ്രമിച്ചേക്കാം. എങ്കിലും യേശു ഈ ഉറപ്പു കൊടുക്കുന്നു: “സ്വർഗത്തിലും ഭൂമിയിലും എല്ലാ അധികാരവും എനിക്കു നൽകിയിരിക്കുന്നു.” യേശുവിന്റെ അനുഗാമികൾക്ക് എന്തു പ്രതീക്ഷിക്കാം? യേശു അവരോടു പറഞ്ഞു: “വ്യവസ്ഥിതിയുടെ അവസാനകാലംവരെ എന്നും ഞാൻ നിങ്ങളുടെകൂടെയുണ്ട്.” സന്തോഷവാർത്ത അറിയിക്കുന്നവർക്കെല്ലാം അത്ഭുതം ചെയ്യാനുള്ള കഴിവ് കിട്ടുമെന്നു യേശു പറഞ്ഞില്ല. പക്ഷേ, അവർക്കു പരിശുദ്ധാത്മാവിന്റെ സഹായം ലഭിക്കുമായിരുന്നു.
പുനരുത്ഥാനശേഷം യേശു “40 ദിവസം പലവട്ടം” ശിഷ്യർക്കു പ്രത്യക്ഷനായി. യേശു പല രീതികളിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് “താൻ ജീവിച്ചിരിക്കുന്നു എന്നതിന്, ബോധ്യം വരുത്തുന്ന അനേകം തെളിവുകൾ” ശിഷ്യന്മാർക്കു നൽകുന്നു. “ദൈവരാജ്യത്തെക്കുറിച്ച് ” അവരോടു സംസാരിക്കുകയും ചെയ്യുന്നു.—പ്രവൃത്തികൾ 1:3; 1 കൊരിന്ത്യർ 15:7.
അപ്പോസ്തലന്മാർ ഗലീലയിൽത്തന്നെയായിരിക്കെ യേശു അവരോടു യരുശലേമിലേക്കു തിരികെ പോകാൻ നിർദേശിക്കുന്നു. പിന്നീട് യരുശലേമിൽ അവരോടൊപ്പം കൂടിവന്നപ്പോൾ യേശു ഇങ്ങനെ കല്പിച്ചു: “യരുശലേം വിട്ട് പോകരുത്; പിതാവ് വാഗ്ദാനം ചെയ്തതിനുവേണ്ടി കാത്തിരിക്കുക. അതിനെക്കുറിച്ച് ഞാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ. യോഹന്നാൻ വെള്ളംകൊണ്ട് സ്നാനപ്പെടുത്തി. എന്നാൽ അധികം വൈകാതെ നിങ്ങൾക്കു പരിശുദ്ധാത്മാവുകൊണ്ടുള്ള സ്നാനം ലഭിക്കും.”—പ്രവൃത്തികൾ 1:4, 5.
പിന്നീട്, യേശു വീണ്ടും അപ്പോസ്തലന്മാരെ കാണുന്നു. യേശു അവരെ ഒലിവുമലയുടെ കിഴക്കൻ ചെരിവിലുള്ള “ബഥാന്യ വരെ കൂട്ടിക്കൊണ്ടുപോയി.” (ലൂക്കോസ് 24:50) യേശു അവരെ വിട്ട് പോകുന്നതിനെക്കുറിച്ച് പലപ്പോഴും പറഞ്ഞിട്ടുണ്ടെങ്കിലും, അവർക്ക് അത് ഇപ്പോഴും മനസ്സിലായിട്ടില്ല. ദൈവരാജ്യം ഭരിക്കുന്നത് ഭൂമിയിൽനിന്നായിരിക്കും എന്നാണ് അവർ ഇപ്പോഴും കരുതുന്നത്.—ലൂക്കോസ് 22:16, 18, 30; യോഹന്നാൻ 14:2,3.
അപ്പോസ്തലന്മാർ യേശുവിനോട്, “കർത്താവേ, അങ്ങ് ഇസ്രായേലിനു രാജ്യം പുനഃസ്ഥാപിച്ചുകൊടുക്കുന്നത് ഇപ്പോഴാണോ” എന്നു ചോദിച്ചു. യേശു അവരോടു പറഞ്ഞു: “പിതാവിന്റെ അധികാരപരിധിയിൽപ്പെട്ട സമയങ്ങളെയും കാലങ്ങളെയും കുറിച്ച് നിങ്ങൾ അറിയേണ്ട ആവശ്യമില്ല.” എന്നിട്ട്, അവർ ചെയ്യേണ്ടിയിരുന്ന കാര്യം വീണ്ടും വ്യക്തമാക്കിക്കൊണ്ട് യേശു ഇങ്ങനെ പറഞ്ഞു: “എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾക്കു ശക്തി കിട്ടും. അങ്ങനെ നിങ്ങൾ യരുശലേമിലും യഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെയും എന്റെ സാക്ഷികളായിരിക്കും.”—പ്രവൃത്തികൾ 1:6-8.
യേശു സ്വർഗത്തിലേക്കു പോകുന്ന സമയത്ത് അപ്പോസ്തലന്മാർ യേശുവിനോടൊപ്പം ഒലിവുമലയിൽ ഉണ്ടായിരുന്നു. ഉടനെതന്നെ ഒരു മേഘം യേശുവിനെ മറയ്ക്കുന്നു. പുനരുത്ഥാനത്തിനു ശേഷം യേശു പലപ്പോഴും മനുഷ്യനായി പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇപ്പോഴുണ്ടായിരുന്ന മനുഷ്യശരീരം വെടിഞ്ഞ് യേശു ആത്മവ്യക്തിയായി സ്വർഗത്തിലേക്കു പോകുന്നു. (1 കൊരിന്ത്യർ 15:44, 50; 1 പത്രോസ് 3:18) അപ്പോസ്തലന്മാർ യേശു പോകുന്നത് നോക്കി നിൽക്കുമ്പോൾ “വെള്ളവസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ” അവരുടെ അടുത്ത് വന്നു. അവർ മനുഷ്യശരീരത്തിൽ വന്ന ദൂതന്മാരായിരുന്നു. അവർ അപ്പോസ്തലന്മാരോട് ഇങ്ങനെ ചോദിക്കുന്നു; “ഗലീലക്കാരേ, നിങ്ങൾ എന്തിനാണ് ആകാശത്തേക്കു നോക്കിനിൽക്കുന്നത്? നിങ്ങളുടെ അടുത്തുനിന്ന് ആകാശത്തേക്ക് എടുക്കപ്പെട്ട ഈ യേശു, ആകാശത്തേക്കു പോകുന്നതായി നിങ്ങൾ കണ്ട അതേ വിധത്തിൽത്തന്നെ വരും.”—പ്രവൃത്തികൾ 1:10, 11.
യേശു ഭൂമിയിൽനിന്ന് പോയപ്പോൾ വിശ്വസ്തരായ അനുഗാമികൾ മാത്രമേ അതു കണ്ടുള്ളൂ. യേശു തിരിച്ചുവരുന്നതും “അതേ വിധത്തിൽത്തന്നെ” ആയിരിക്കും. ആ വരവ് വിളിച്ചോതുന്ന വലിയ ആഘോഷവും പരിപാടികളും ഒന്നും കാണില്ല. വിശ്വസ്തരായ അനുഗാമികൾ മാത്രമേ യേശുവിന്റെ സാന്നിധ്യം മനസ്സിലാക്കുകയുള്ളൂ.
അപ്പോസ്തലന്മാർ യരുശലേമിലേക്കു മടങ്ങുന്നു. തുടർന്നുവരുന്ന ദിവസങ്ങളിൽ അവർ ‘യേശുവിന്റെ അമ്മയായ മറിയയും യേശുവിന്റെ സഹോദരന്മാരും’ ഉൾപ്പെടെയുള്ള മറ്റു ശിഷ്യരോടൊപ്പം കൂടിവരുന്നു. (പ്രവൃത്തികൾ 1:14) അവർ പ്രാർഥനയിൽ മുഴുകുന്നു. യൂദാസ് ഈസ്കര്യോത്തിനു പകരം മറ്റൊരു ശിഷ്യനെ കണ്ടുപിടിച്ച് അപ്പോസ്തലന്മാരുടെ എണ്ണം 12 ആക്കണമായിരുന്നു. അത് അവർ പ്രാർഥനയിൽ വെച്ചു. (മത്തായി 19:28) യേശുവിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും പുനരുത്ഥാനത്തെക്കുറിച്ചും കണ്ടും കേട്ടും മനസ്സിലാക്കിയിരുന്ന ഒരാളായിരിക്കണമായിരുന്നു ആ ശിഷ്യൻ. ഇപ്പോൾ അവർ നറുക്കിടുന്നു. ദൈവത്തിന്റെ ഇഷ്ടം അറിയാൻ നറുക്കിട്ടതായി ബൈബിളിൽ പറഞ്ഞിരിക്കുന്ന അവസാനത്തെ സന്ദർഭം ഇതാണ്. (സങ്കീർത്തനം 109:8; സുഭാഷിതങ്ങൾ 16:33) നറുക്കു വീണ മത്ഥിയാസിനെ “11 അപ്പോസ്തലന്മാരുടെകൂടെ കൂട്ടി.” (പ്രവൃത്തികൾ 1:26) ഇദ്ദേഹം യേശു നേരത്തേ അയച്ച 70 പേരിൽ ഒരാളായിരിക്കാം.
യേശു സ്വർഗത്തിലേക്കു പോയി പത്തു ദിവസത്തിനു ശേഷമായിരുന്നു എ.ഡി 33-ലെ ജൂതന്മാരുടെ പെന്തിക്കോസ്ത് ഉത്സവം. യരുശലേമിലെ ഒരു കെട്ടിടത്തിന്റെ മുകളിലത്തെ മുറിയിൽ 120 ശിഷ്യന്മാർ അന്നു കൂടിവന്നിരുന്നു. പെട്ടെന്ന് കൊടുങ്കാറ്റിന്റെ ഇരമ്പൽപോലെ ഒരു ശബ്ദം വീടു മുഴുവൻ കേട്ടു. നാക്കിന്റെ രൂപത്തിൽ തീനാളങ്ങൾപോലുള്ള എന്തോ ഒന്ന് ഓരോരുത്തരുടെയും മേൽ വന്നു. അവരെല്ലാം പല ഭാഷകളിൽ സംസാരിച്ചുതുടങ്ങി. യേശു വാഗ്ദാനം ചെയ്തിരുന്ന പരിശുദ്ധാത്മാവിനെ പകർന്നതായിരുന്നു അത്!—യോഹന്നാൻ 14:26.