‘മരിച്ചവർ ഉയിർപ്പിക്കപ്പെടും’
“കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും.”—1 കൊരിന്ത്യർ 15:52.
1, 2. (എ) ആശ്വാസപ്രദമായ എന്തു വാഗ്ദാനമാണ് ഹോശേയ പ്രവാചകൻ മുഖാന്തരം നൽകപ്പെട്ടത്? (ബി) മരിച്ചവരെ ജീവനിലേക്കു കൊണ്ടുവരാൻ ദൈവത്തിനു മനസ്സൊരുക്കമുണ്ടെന്നു നമുക്ക് എങ്ങനെ അറിയാം?
നിങ്ങളുടെ പ്രിയപ്പെട്ട ആരെങ്കിലും മരിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ, മരണം കൈവരുത്തുന്ന വേദന നിങ്ങൾക്ക് അറിയാമായിരിക്കും. എന്നിരുന്നാലും, ഹോശേയ പ്രവാചകൻ മുഖാന്തരം ദൈവം നൽകിയ വാഗ്ദാനത്തിൽ ക്രിസ്ത്യാനികൾ ആശ്വാസം കൊള്ളുകയാണ്: “ഞാൻ അവരെ പാതാളത്തിന്റെ [ഷീയോളിന്റെ] അധീനത്തിൽനിന്നു വീണ്ടെടുക്കും; മരണത്തിൽനിന്നു ഞാൻ അവരെ വിടുവിക്കും; മരണമേ, നിന്റെ ബാധകൾ എവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ?”—ഹോശേയ 13:14.
2 മരിച്ചവർ ജീവനിലേക്കു തിരിച്ചുവരുന്ന ആശയം സംശയാലുക്കൾക്ക് വിഡ്ഢിത്തമായി തോന്നിയേക്കാം. എന്നാൽ സർവശക്തനായ ദൈവത്തിന് അത്തരമൊരു അത്ഭുതം പ്രവർത്തിക്കുന്നതിനുള്ള ശക്തി തീർച്ചയായും ഉണ്ട്! യഥാർഥ പ്രശ്നം മരിച്ചവരെ ജീവനിലേക്കു തിരിച്ചുകൊണ്ടുവരാൻ യഹോവയ്ക്കു മനസ്സൊരുക്കം ഉണ്ടോ എന്നതാണ്. നീതിമാനായ ഇയ്യോബ് ചോദിച്ചു: “മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ?” എന്നിട്ട് അവൻ ആശ്വാസപ്രദമായ ഈ ഉത്തരം നൽകി: “നീ വിളിക്കും; ഞാൻ നിന്നോടു ഉത്തരം പറയും; നിന്റെ കൈവേലയോടു നിനക്കു താല്പര്യമുണ്ടാകും [“വാഞ്ഛയുണ്ടാകും,” NW].” (ഇയ്യോബ് 14:14, 15) “വാഞ്ഛ” എന്ന പദം ഉത്കടമായ അഭിലാഷത്തെയോ ആഗ്രഹത്തെയോ സൂചിപ്പിക്കുന്നു. (സങ്കീർത്തനം 84:2 താരതമ്യം ചെയ്യുക.) അതേ, യഹോവ പുനരുത്ഥാനത്തിന്റെ കാര്യത്തിൽ അതീവ തത്പരനാണ്—മരിച്ചുപോയ വിശ്വസ്തരെ, തന്റെ ഓർമയിൽ ജീവിക്കുന്നവരെ, വീണ്ടും കാണാൻ അവൻ വാഞ്ഛിക്കുന്നു.—മത്തായി 22:31, 32.
യേശു പുനരുത്ഥാനത്തെ കുറിച്ചു വെളിപ്പെടുത്തുന്നു
3, 4. (എ) പുനരുത്ഥാന പ്രത്യാശയെ കുറിച്ച് യേശു എന്തു വെളിപ്പെടുത്തി? (ബി) യേശു ഒരു മനുഷ്യനായല്ല, മറിച്ച് സ്വർഗീയ വ്യക്തിയായി ഉയിർപ്പിക്കപ്പെട്ടത് എന്തുകൊണ്ട്?
3 ഇയ്യോബിനെപ്പോലെയുള്ള പുരാതന വിശ്വസ്ത പുരുഷന്മാർക്ക് പുനരുത്ഥാനത്തെ കുറിച്ച് ഭാഗികമായ ഗ്രാഹ്യമേ ഉണ്ടായിരുന്നുള്ളൂ. ഈ അത്ഭുതകരമായ പ്രത്യാശയെ കുറിച്ച് പൂർണമായ ഗ്രാഹ്യം നൽകിയത് യേശുക്രിസ്തുവായിരുന്നു. “പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു” എന്ന് പറഞ്ഞപ്പോൾ പുനരുത്ഥാനത്തിൽ താൻ വഹിക്കുന്ന മുഖ്യപങ്ക് എന്താണെന്ന് യേശു പ്രകടമാക്കി. (യോഹന്നാൻ 3:36) ആ ജീവിതം എവിടെയായിരിക്കും ആസ്വദിക്കാൻ കഴിയുക? വിശ്വാസം പ്രകടമാക്കുന്നവരിൽ ബഹുഭൂരിപക്ഷത്തിനും അത് ഭൂമിയിലായിരിക്കും. (സങ്കീർത്തനം 37:11) എന്നിരുന്നാലും, യേശു തന്റെ ശിഷ്യരോടു പറഞ്ഞു: “ചെറിയ ആട്ടിൻകൂട്ടമേ, ഭയപ്പെടരുതു; നിങ്ങളുടെ പിതാവു രാജ്യം നിങ്ങൾക്കു നല്കുവാൻ പ്രസാദിച്ചിരിക്കുന്നു.” (ലൂക്കൊസ് 12:32) ദൈവരാജ്യം സ്വർഗീയമാണ്. അതുകൊണ്ട്, ഒരു “ചെറിയ ആട്ടിൻകൂട്ടം” മഹത്ത്വമുള്ള സൃഷ്ടികളായി സ്വർഗത്തിൽ യേശുവിനോടൊപ്പം ആയിരിക്കേണ്ടിവരുമെന്ന് ഈ വാഗ്ദാനം അർഥമാക്കുന്നു. (യോഹന്നാൻ 14:2, 3; 1 പത്രൊസ് 1:3, 4) എന്തൊരു മഹനീയ പ്രത്യാശ! ഈ “ചെറിയ ആട്ടിൻകൂട്ട”ത്തിന്റെ സംഖ്യ 1,44,000 മാത്രമേ ആയിരിക്കുകയുള്ളുവെന്ന് യേശു പിന്നീട് യോഹന്നാൻ അപ്പോസ്തലനു വെളിപ്പെടുത്തി.—വെളിപ്പാടു 14:1.
4 എന്നാൽ, ഈ 1,44,000 പേർ സ്വർഗീയ മഹത്ത്വത്തിൽ പ്രവേശിക്കുന്നതെങ്ങനെ? യേശു “സുവാർത്തയിലൂടെ ജീവന്റെയും അക്ഷയതയുടെയുംമേൽ പ്രകാശം ചൊരിഞ്ഞു.” തന്റെ രക്തത്തിലൂടെ, അവൻ സ്വർഗത്തിലേക്ക് “ജീവനുള്ള പുതുവഴി” തുറന്നു. (2 തിമൊഥെയൊസ് 1:10, NW; എബ്രായർ 10:19, 20) ബൈബിളിൽ മുൻകൂട്ടിപറഞ്ഞിരുന്നതുപോലെ, ആദ്യം അവൻ മരിച്ചു. (യെശയ്യാവു 53:12) തുടർന്ന്, പത്രൊസ് അപ്പോസ്തലൻ പിന്നീട് ഉദ്ഘോഷിച്ചതുപോലെ, “ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു.” (പ്രവൃത്തികൾ 2:32) യേശു ഒരു മനുഷ്യനായല്ല ഉയിർപ്പിക്കപ്പെട്ടത്. അവൻ ഇങ്ങനെ പറഞ്ഞിരുന്നു: “ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവന്നു വേണ്ടി ഞാൻ കൊടുക്കുന്ന എന്റെ മാംസം ആകുന്നു.” (യോഹന്നാൻ 6:51) തന്റെ ശരീരം തിരിച്ചെടുക്കുന്നത് ആ ബലിയെ നിരർഥകമാക്കുമായിരുന്നു. അതുകൊണ്ട് യേശു “ജഡത്തിൽ മരണശിക്ഷ ഏല്ക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.” (1 പത്രൊസ് 3:18) അങ്ങനെ യേശു “നമുക്കുവേണ്ടി,” എന്നുവെച്ചാൽ “ചെറിയ ആട്ടിൻകൂട്ട”ത്തിനുവേണ്ടി “നിത്യവിമോചനം നേടി.” (എബ്രായർ 9:12, NW) പാപികളായ മനുഷ്യവർഗത്തിനുള്ള മറുവിലയായി തന്റെ പൂർണതയുള്ള മനുഷ്യജീവന്റെ മൂല്യം അവൻ ദൈവത്തിനു സമർപ്പിച്ചു. അതിൽനിന്ന് ആദ്യം പ്രയോജനം നേടുമായിരുന്നത് 1,44,000 പേരായിരുന്നു.
5. യേശുവിന്റെ ഒന്നാം നൂറ്റാണ്ടിലെ അനുഗാമികൾക്ക് എന്തു പ്രത്യാശ വെച്ചുനീട്ടപ്പെട്ടു?
5 സ്വർഗീയ ജീവനിലേക്കു പുനരുത്ഥാനം ചെയ്യപ്പെടുമായിരുന്നത് യേശു മാത്രമല്ല. റോമിലെ തന്റെ സഹക്രിസ്ത്യാനികൾ ദൈവത്തിന്റെ മക്കളും ക്രിസ്തുവിന്റെ കൂട്ടവകാശികളും ആയിരിക്കാൻ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നുവെന്നും അവസാനത്തോളം സഹിച്ചുനിന്നുകൊണ്ട് അവർക്ക് അത് സ്ഥിരീകരിക്കാമെന്നും പൗലൊസ് അവരോടു പറഞ്ഞു. (റോമർ 8:16, 17) കൂടാതെ പൗലൊസ് ഇങ്ങനെ വിശദമാക്കുകയും ചെയ്തു: “അവന്റെ മരണത്തിന്റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും.”—റോമർ 6:5.
പുനരുത്ഥാന പ്രത്യാശയെ പിന്തുണയ്ക്കൽ
6. പുനരുത്ഥാനത്തിലുള്ള വിശ്വാസത്തിനു കൊരിന്തിൽ എതിർപ്പ് നേരിട്ടത് എന്തുകൊണ്ട്, പൗലൊസ് അപ്പോസ്തലൻ പ്രതികരിച്ചതെങ്ങനെ?
6 പുനരുത്ഥാനം ക്രിസ്ത്യാനിത്വത്തിന്റെ “പ്രഥമപാഠങ്ങ”ളുടെ ഭാഗമാണ്. (എബ്രായർ 6:1, 2, പി.ഒ.സി. ബൈബിൾ) എന്നിരുന്നാലും, കൊരിന്തിൽ ആ പഠിപ്പിക്കലിനെ ആളുകൾ എതിർത്തു. തെളിവനുസരിച്ച് ഗ്രീക്കു തത്ത്വചിന്തയുടെ സ്വാധീനത്താൽ, സഭയിലെ ചിലർ “മരിച്ചവരുടെ പുനരുത്ഥാനം ഇല്ല” എന്ന് പറഞ്ഞുകൊണ്ടിരുന്നു. (1 കൊരിന്ത്യർ 15:12) പൗലൊസ് ഇതേക്കുറിച്ച് കേട്ടപ്പോൾ, അവൻ പുനരുത്ഥാന പ്രത്യാശയെ, വിശേഷിച്ചും അഭിഷിക്ത ക്രിസ്ത്യാനികളുടെ പ്രത്യാശയെ, പിന്താങ്ങിക്കൊണ്ട് സംസാരിച്ചു. 1 കൊരിന്ത്യർ 15-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പൗലൊസിന്റെ വാക്കുകൾ നമുക്കു പരിശോധിക്കാം. മുൻ ലേഖനത്തിൽ പറഞ്ഞിരുന്നതുപോലെ, നിങ്ങൾ പ്രസ്തുത അധ്യായം മുഴുവനും വായിച്ചിട്ടുണ്ടെങ്കിൽ അതു സഹായകമായിരിക്കും.
7. (എ) പൗലൊസ് ഏതു മുഖ്യ പ്രശ്നത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു? (ബി) പുനരുത്ഥാനം പ്രാപിച്ച യേശുവിനെ ആരെല്ലാം കണ്ടു?
7 ഒന്നു കൊരിന്ത്യർ 15-ാം അധ്യായത്തിന്റെ ആദ്യത്തെ രണ്ടു വാക്യങ്ങളിൽ (പി.ഒ.സി. ബൈബിൾ), പൗലൊസ് തന്റെ ചർച്ചാവിഷയം അവതരിപ്പിക്കുന്നു: ‘സഹോദരരേ, നിങ്ങൾ സ്വീകരിച്ചതും നിങ്ങളുടെ അടിസ്ഥാനമായി നിലകൊള്ളുന്നതും നിങ്ങൾക്കു രക്ഷ പ്രദാനം ചെയ്തതുമായ സുവിശേഷം ഞാൻ നിങ്ങളോടു പ്രസംഗിച്ചു. അതനുസരിച്ചു നിങ്ങൾ അചഞ്ചലരായി അതിൽ നിലനിന്നാൽ നിങ്ങളുടെ വിശ്വാസം വ്യർത്ഥമാവുകയില്ല.’ കൊരിന്ത്യർ സുവാർത്തയിൽ ഉറച്ചുനിൽക്കാൻ പരാജയപ്പെടുന്നെങ്കിൽ, അവർ സത്യം സ്വീകരിച്ചത് വ്യർഥമാകുമായിരുന്നു. പൗലൊസ് തുടർന്നു: “ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻപ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻപ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേററു കേഫാവിന്നും പിന്നെ പന്തിരുവർക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഞാൻ ഗ്രഹിച്ചതു തന്നേ നിങ്ങൾക്കു ആദ്യമായി ഏല്പിച്ചുതന്നുവല്ലോ. അനന്തരം അവൻ അഞ്ഞൂററിൽ അധികം സഹോദരൻമാർക്കു ഒരുമിച്ചു പ്രത്യക്ഷനായി; അവർ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു. അനന്തരം അവൻ യാക്കോബിന്നും പിന്നെ അപ്പൊസ്തലൻമാർക്കും എല്ലാവർക്കും പ്രത്യക്ഷനായി. എല്ലാവർക്കും ഒടുവിൽ അകാലപ്രജപോലെയുള്ള [“അകാലജാതന് എന്നപോലെ,” NW] എനിക്കും പ്രത്യക്ഷനായി.”—1 കൊരിന്ത്യർ 15:3-8.
8, 9. (എ) പുനരുത്ഥാനത്തിലുള്ള വിശ്വാസം എത്ര പ്രധാനമാണ്? (ബി) യേശു “അഞ്ഞൂററിൽ അധികം സഹോദരൻമാർ”ക്ക് പ്രത്യക്ഷപ്പെട്ടത് ഏതു സന്ദർഭത്തിലായിരിക്കാനാണു സാധ്യത?
8 സുവാർത്ത സ്വീകരിച്ചവർക്ക്, യേശുവിന്റെ പുനരുത്ഥാനത്തിലുള്ള വിശ്വാസം ഐച്ഛികമായിരുന്നില്ല. ‘ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ചു’ എന്നും ഉയിർപ്പിക്കപ്പെട്ടു എന്നും സ്ഥിരീകരിക്കുന്നതിന് അനേകം ദൃക്സാക്ഷികൾ ഉണ്ടായിരുന്നു. ഒരാൾ പത്രൊസ് എന്ന പേരിൽ പരക്കെ അറിയപ്പെട്ടിരുന്ന കേഫാവ് ആയിരുന്നു. യേശു ഒറ്റിക്കൊടുക്കപ്പെട്ട് അറസ്റ്റു ചെയ്യപ്പെട്ട രാത്രിയിൽ പത്രൊസ് യേശുവിനെ തള്ളിപ്പറഞ്ഞിരുന്നതിനാൽ, യേശു പ്രത്യക്ഷപ്പെട്ടത് അവന് ഏറെ ആശ്വാസപ്രദമായി തോന്നിയിരിക്കണം. പുനരുത്ഥാനം പ്രാപിച്ച യേശു ഒരു കൂട്ടം എന്ന നിലയിൽ അപ്പോസ്തലന്മാർക്കും, അതായത് “പന്തിരുവർക്കും,” പ്രത്യക്ഷപ്പെട്ടിരുന്നു. നിസ്സംശയമായും, തങ്ങളുടെ ഭയം തരണം ചെയ്ത് യേശുവിന്റെ പുനരുത്ഥാനത്തിന് ധീര സാക്ഷികൾ ആയിത്തീരാൻ അവരെ സഹായിച്ച ഒരു അനുഭവമായിരുന്നു അത്.—യോഹന്നാൻ 20:19-23; പ്രവൃത്തികൾ 2:32.
9 ക്രിസ്തു വലിയ ഒരു കൂട്ടത്തിനും, അതായത് “അഞ്ഞൂററിൽ അധികം സഹോദരൻമാർ”ക്കും, പ്രത്യക്ഷപ്പെട്ടു. യേശുവിന് അത്ര വലിയ ഒരു കൂട്ടം അനുഗാമികൾ ഉണ്ടായിരുന്നത് ഗലീലയിൽ മാത്രമായിരുന്നതുകൊണ്ട്, മത്തായി 28:16-20-ൽ വർണിച്ചിരിക്കുന്ന, ശിഷ്യരെ ഉളവാക്കാൻ യേശു കൽപ്പന നൽകിയ, സന്ദർഭത്തിലായിരുന്നിരിക്കാം ആ പ്രത്യക്ഷപ്പെടൽ നടന്നത്. എത്ര ശക്തമായ സാക്ഷ്യമായിരിക്കാം ഈ വ്യക്തികൾക്കു നൽകാൻ കഴിയുമായിരുന്നത്! അവരിൽ ചിലർ, പൗലൊസ് കൊരിന്ത്യർക്ക് ഒന്നാമത്തെ ലേഖനം എഴുതിയ സമയമായ പൊ.യു. 55-ൽ ജീവിച്ചിരിപ്പുണ്ടായിരുന്നു. എന്നാൽ മരിച്ചുപോയവരെ “നിദ്രപ്രാപിച്ച”വരായി പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. തങ്ങളുടെ സ്വർഗീയ പ്രതിഫലം സ്വീകരിക്കാൻ അവർ അപ്പോഴും പുനരുത്ഥാനം പ്രാപിച്ചിരുന്നില്ല.
10. (എ) ശിഷ്യന്മാരുമൊത്തുള്ള യേശുവിന്റെ അവസാന കൂടിവരവിന്റെ ഫലമെന്തായിരുന്നു? (ബി) യേശു “അകാലജാതന് എന്നപോലെ” പൗലൊസിനു പ്രത്യക്ഷപ്പെട്ടതെങ്ങനെ?
10 യേശുവിന്റെ പുനരുത്ഥാനത്തിനുള്ള മറ്റൊരു പ്രമുഖ സാക്ഷി യോസേഫിന്റെയും യേശുവിന്റെ അമ്മയായ മറിയയുടെയും പുത്രനായ യാക്കോബ് ആയിരുന്നു. പുനരുത്ഥാനത്തിനു മുമ്പ്, വ്യക്തമായും യാക്കോബ് ഒരു വിശ്വാസിയായിരുന്നില്ല. (യോഹന്നാൻ 7:5) എന്നാൽ യേശു യാക്കോബിന് പ്രത്യക്ഷപ്പെട്ടശേഷം, അവൻ ഒരു വിശ്വാസി ആയിത്തീർന്നു. ഒരുപക്ഷേ തന്റെ മറ്റു സഹോദരന്മാരെ പരിവർത്തനം ചെയ്യിക്കുന്നതിൽ അവൻ ഒരു പങ്കു വഹിച്ചിരിക്കാം. (പ്രവൃത്തികൾ 1:13, 14) ശിഷ്യന്മാരുമൊത്തുള്ള തന്റെ അവസാന കൂടിവരവിന്റെ സമയത്ത്, അതായത് അവൻ സ്വർഗത്തിലേക്ക് ആരോഹണം ചെയ്ത സന്ദർഭത്തിൽ, യേശു അവർക്ക് ‘ഭൂമിയുടെ അററത്തോളം സാക്ഷികൾ’ ആകുന്നതിനുള്ള നിയമനം നൽകി. (പ്രവൃത്തികൾ 1:6-11) പിന്നീട്, അവൻ ക്രിസ്ത്യാനികളെ പീഡിപ്പിച്ചിരുന്ന തർസൂസിലെ ശൗലിനു പ്രത്യക്ഷപ്പെട്ടു. (പ്രവൃത്തികൾ 22:6-8) “അകാലജാതന് എന്നപോലെ” യേശു ശൗലിനു പ്രത്യക്ഷനായി. അത് പിന്നീട് നടക്കാനിരുന്ന ആ പുനരുത്ഥാനത്തിന് നൂറ്റാണ്ടുകൾക്കു മുൻപുതന്നെ ശൗൽ ആത്മ ജീവനിലേക്ക് ഉയിർപ്പിക്കപ്പെടുകയും മഹത്ത്വീകരിക്കപ്പെട്ട കർത്താവിനെ കാണുകയും ചെയ്തതുപോലെ ആയിരുന്നു. ഈ അനുഭവം ക്രിസ്തീയ സഭയ്ക്കെതിരെയുള്ള ശൗലിന്റെ ഹിംസാത്മക എതിർപ്പിന്റെ ഗതിയെ പെട്ടെന്നു നിർത്തുകയും അവനിൽ ശ്രദ്ധേയമായ ഒരു മാറ്റം വരുത്തുകയും ചെയ്തു. (പ്രവൃത്തികൾ 9:3-9, 17-19) ശൗൽ ക്രിസ്തീയ വിശ്വാസത്തിന്റെ ഏറ്റവും പ്രമുഖ വക്താക്കളിൽ ഒരുവനായ പൗലൊസ് അപ്പോസ്തലൻ ആയിത്തീർന്നു.—1 കൊരിന്ത്യർ 15:9, 10.
പുനരുത്ഥാനത്തിലുള്ള വിശ്വാസം അത്യന്താപേക്ഷിതം
11. “പുനരുത്ഥാനം ഇല്ല” എന്നു പറയുന്നതിന്റെ പൊള്ളത്തരം പൗലൊസ് തുറന്നു കാട്ടിയതെങ്ങനെ?
11 അതുകൊണ്ട് യേശുവിന്റെ പുനരുത്ഥാനം നന്നായി സാക്ഷ്യപ്പെടുത്തപ്പെട്ട ഒരു വസ്തുതയായിരുന്നു. “ക്രിസ്തു മരിച്ചിട്ടു ഉയിർത്തെഴുന്നേററു എന്നു പ്രസംഗിച്ചുവരുന്ന അവസ്ഥെക്കു മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്നു നിങ്ങളിൽ ചിലർ പറയുന്നതു എങ്ങനെ?” എന്നു പൗലൊസ് വാദിക്കുന്നു. (1 കൊരിന്ത്യർ 15:12) അത്തരക്കാർക്കു പുനരുത്ഥാനത്തെ കുറിച്ച് കേവലം വ്യക്തിപരമായ സംശയങ്ങളോ ചോദ്യങ്ങളോ ഉണ്ടായിരുന്നുവെന്നു മാത്രമല്ല, തങ്ങൾ അതു വിശ്വസിക്കുന്നില്ലെന്ന് അവർ പരസ്യമായി പറയുന്നുമുണ്ടായിരുന്നു. അതുകൊണ്ട് പൗലൊസ് അവരുടെ വാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നു. ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ, ക്രിസ്തീയ സന്ദേശം നുണയും ക്രിസ്തുവിന്റെ ഉയിർപ്പിനെ സാക്ഷ്യപ്പെടുത്തിയവർ ‘ദൈവത്തിന്നു കള്ളസ്സാക്ഷികളും’ ആണെന്നുവരും എന്ന് അവൻ പറയുന്നു. ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ, ദൈവത്തിനു മറുവിലയും നൽകപ്പെട്ടിട്ടില്ല; ക്രിസ്ത്യാനികൾ ‘ഇന്നും തങ്ങളുടെ പാപങ്ങളിൽ ഇരിക്കുന്നു.’ (1 കൊരിന്ത്യർ 15:13-19; റോമർ 3:23, 24; എബ്രായർ 9:11-14) രക്തസാക്ഷികൾ ആയിത്തീർന്നവർ ഉൾപ്പെടെ “നിദ്രപ്രാപിച്ചിരിക്കുന്ന” ക്രിസ്ത്യാനികൾ യഥാർഥ പ്രത്യാശയില്ലാതെ നശിച്ചവരാണെന്നും വരും. ഈ ജീവിതം മാത്രമാണ് അവർക്കു പ്രതീക്ഷിക്കാനാകുന്നതെങ്കിൽ, ക്രിസ്ത്യാനികളുടെ അവസ്ഥ എത്ര ശോചനീയം! അപ്പോൾ അവരുടെ കഷ്ടപ്പാടുകളെല്ലാം വ്യർഥമാകും.
12. (എ) ക്രിസ്തുവിനെ “നിദ്രകൊണ്ടവരിൽ ആദ്യഫല”മെന്നു വിളിച്ചിരിക്കുന്നതിന്റെ അർഥമെന്ത്? (ബി) ക്രിസ്തു പുനരുത്ഥാനം സാധ്യമാക്കിയതെങ്ങനെ?
12 എന്നാൽ വാസ്തവം അതല്ല. പൗലൊസ് തുടരുന്നു: “ക്രിസ്തു . . . മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തിരിക്കുന്നു.” മാത്രവുമല്ല, അവൻ “നിദ്രകൊണ്ടവരിൽ ആദ്യഫല”മാണുതാനും. (1 കൊരിന്ത്യർ 15:20) തങ്ങളുടെ വിളവിന്റെ ആദ്യഫലങ്ങൾ ഇസ്രായേല്യർ അനുസരണാപൂർവം യഹോവയ്ക്കു നൽകിയപ്പോൾ, അവൻ ഒരു വലിയ കൊയ്ത്തു നൽകി അവരെ അനുഗ്രഹിച്ചു. (പുറപ്പാടു 22:29, 30; 23:19; സദൃശവാക്യങ്ങൾ 3:9, 10) ക്രിസ്തുവിനെ “ആദ്യ ഫല”മെന്നു വിളിക്കുകവഴി, കൂടുതലായ ഒരു വിളവെടുപ്പെന്ന നിലയിൽ മരിച്ചവരിൽനിന്ന് വ്യക്തികൾ സ്വർഗീയ ജീവനിലേക്ക് ഉയിർപ്പിക്കപ്പെടുമെന്ന് പൗലൊസ് അർഥമാക്കുന്നു. ഒരു “മനുഷ്യൻമൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും” ഒരു “മനുഷ്യൻമൂലം ഉണ്ടായി” എന്ന് പൗലൊസ് പറയുന്നു. “ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും.” (1 കൊരിന്ത്യർ 15:21, 22) യേശു തന്റെ പൂർണ മാനുഷജീവൻ മറുവിലയായി നൽകിക്കൊണ്ട് പുനരുത്ഥാനം സാധ്യമാക്കുകയും അങ്ങനെ പാപത്തിനും മരണത്തിനുമുള്ള അടിമത്തത്തിൽനിന്ന് മനുഷ്യവർഗം മോചിപ്പിക്കപ്പെടുന്നതിനു വഴി തുറക്കുകയും ചെയ്തു.—ഗലാത്യർ 1:4; 1 പത്രൊസ് 1:18, 19.a
13. (എ) സ്വർഗീയ പുനരുത്ഥാനം നടക്കുന്നതെപ്പോൾ? (ബി) ചില അഭിഷിക്തർ “മരണത്തിൽ നിദ്രകൊള്ളു”കയില്ലാത്തതെങ്ങനെ?
13 പൗലൊസ് തുടരുന്നു: “ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ [“സാന്നിധ്യത്തിൽ,” NW].” (1 കൊരിന്ത്യർ 15:23) പൊ.യു. 33-ൽ ക്രിസ്തു ഉയിർപ്പിക്കപ്പെട്ടു. എന്നാൽ “ക്രിസ്തുവിന്നുള്ളവർ,” അതായത് അവന്റെ അഭിഷിക്ത അനുഗാമികൾ, യേശു തന്റെ രാജകീയ സാന്നിധ്യം തുടങ്ങി അല്പകാലം കഴിയുന്നതുവരെ കാത്തിരിക്കേണ്ടിയിരുന്നു. ബൈബിൾ പ്രവചനം പ്രകടമാക്കുന്നതനുസരിച്ച് അവന്റെ സാന്നിധ്യം 1914-ൽ തുടങ്ങി. (1 തെസ്സലൊനീക്യർ 4:14-16; വെളിപ്പാടു 11:18) ആ സാന്നിധ്യ കാലത്ത് ജീവനോടിരിക്കുന്നവരുടെ കാര്യമോ? പൗലൊസ് പറയുന്നു: “ഞാൻ ഒരു മർമ്മം നിങ്ങളോടു പറയാം: നാം എല്ലാവരും നിദ്രകൊള്ളുകയില്ല [“മരണത്തിൽ നിദ്രകൊള്ളുകയില്ല,” NW]; എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമെക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും.” (1 കൊരിന്ത്യർ 15:51, 52) വ്യക്തമായും, എല്ലാ അഭിഷിക്തർക്കും പുനരുത്ഥാനം പ്രതീക്ഷിച്ച് ശവക്കല്ലറയിൽ നിദ്രകൊള്ളേണ്ടിവരുന്നില്ല. ക്രിസ്തുവിന്റെ സാന്നിധ്യകാലത്തു മരിക്കുന്നവർ തത്ക്ഷണം രൂപാന്തരപ്പെടുന്നു.—വെളിപ്പാടു 14:13.
14. ചില അഭിഷിക്തർ ‘മരിച്ചവരായിരിക്കാൻ വേണ്ടി സ്നാനം ഏൽക്കുന്നത്’ എങ്ങനെ?
14 പൗലൊസ് ചോദിക്കുന്നു: “അല്ല, മരിച്ചവർക്കു വേണ്ടി [“മരിച്ചവരായിരിക്കാൻ വേണ്ടി,” NW] സ്നാനം ഏല്ക്കുന്നവർ എന്തു ചെയ്യും? മരിച്ചവർ കേവലം ഉയിർക്കുന്നില്ലെങ്കിൽ അവർക്കുവേണ്ടി [“അത്തരക്കാരായിരിക്കാൻ വേണ്ടി,” NW] സ്നാനം ഏല്ക്കുന്നതു എന്തിന്നു? ഞങ്ങളും നാഴികതോറും പ്രാണഭയത്തിൽ ആകുന്നതു എന്തിന്നു?” (1 കൊരിന്ത്യർ 15:29, 30) ചില ബൈബിൾ പരിഭാഷകൾ ധ്വനിപ്പിക്കുന്നതുപോലെ, മരിച്ചവർക്കുവേണ്ടി ജീവിച്ചിരിക്കുന്ന ചിലർ സ്നാപനമേൽക്കുന്നുവെന്ന് പൗലൊസ് അർഥമാക്കിയില്ല. സ്നാപനം ബന്ധപ്പെട്ടിരിക്കുന്നത് ക്രിസ്തീയ ശിഷ്യത്വവുമായാണല്ലോ, മരിച്ചവർക്ക് ശിഷ്യരാകാൻ കഴിയുകയില്ല. (യോഹന്നാൻ 4:1) മറിച്ച്, പൗലൊസ് ജീവിച്ചിരിക്കുന്ന ക്രിസ്ത്യാനികളെ കുറിച്ചു ചർച്ച ചെയ്യുകയായിരുന്നു. അവരിൽ അനേകരും, പൗലൊസിനെപ്പോലെ, “നാഴികതോറും പ്രാണഭയത്തി”ലായിരുന്നു. അഭിഷിക്ത ക്രിസ്ത്യാനികൾ ‘ക്രിസ്തുവിന്റെ മരണത്തിലേക്കു സ്നാപനമേറ്റി’രിക്കുന്നവരാണ്. (റോമർ 6:3, NW) ആലങ്കാരികമായി പറഞ്ഞാൽ, അഭിഷിക്തരായിത്തീർന്നതു മുതൽ ക്രിസ്തുവിന്റേതിനോടു സമാനമായ ഒരു മരണത്തിലേക്കു നയിക്കുന്ന ഒരു ഗതിയിലേക്ക് അവർ “സ്നാപനം” ഏൽക്കുകയായിരുന്നു. (മർക്കൊസ് 10:35-40) അവർ മഹനീയമായ സ്വർഗീയ പുനരുത്ഥാന പ്രത്യാശയോടെ മരിക്കുമായിരുന്നു.—1 കൊരിന്ത്യർ 6:14; ഫിലിപ്പിയർ 3:10, 11.
15. പൗലൊസ് ഏതെല്ലാം അപകടങ്ങൾ അനുഭവിച്ചിരിക്കാം, അവ സഹിക്കുന്നതിൽ പുനരുത്ഥാനത്തിലുള്ള വിശ്വാസം ഒരു പങ്കു വഹിച്ചതെങ്ങനെ?
15 “ഞാൻ ദിവസേന മരണത്തെ അഭിമുഖീകരിക്കുന്നു” (NW) എന്നു പറയാൻ കഴിഞ്ഞ അളവോളം അപകടങ്ങൾ താൻ അഭിമുഖീകരിച്ചിട്ടുണ്ടെന്ന് ഇപ്പോൾ പൗലൊസ് വിശദമാക്കുന്നു. താൻ അതിശയോക്തി കലർത്തി സംസാരിക്കയാണെന്ന് ആരും ആരോപിക്കാതിരിക്കാൻ, പൗലൊസ് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “സഹോദരങ്ങളേ, നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽ നിങ്ങളെ കുറിച്ച് എനിക്കുള്ള ആഹ്ലാദത്താൽ ഞാൻ തറപ്പിച്ചുപറയുന്നു.” ദ ജറുസലേം ബൈബിൾ ഈ വാക്യം പരിഭാഷപ്പെടുത്തുന്നത് ഇങ്ങനെയാണ്: “സഹോദരന്മാരേ, ദിവസേന ഞാൻ മരണത്തെ അഭിമുഖീകരിക്കുകയാണ്, നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിങ്ങളെ കുറിച്ച് എനിക്കുള്ള അഭിമാനത്തോടെ എനിക്ക് അത് ആണയിട്ടുപറയാനാകും.” താൻ അഭിമുഖീകരിച്ച അപകടങ്ങളുടെ ഒരു ദൃഷ്ടാന്തമായി “എഫെസൊസിൽവെച്ചു മൃഗയുദ്ധം” ചെയ്തതിനെ കുറിച്ചു പൗലൊസ് 32-ാം വാക്യത്തിൽ പറയുന്നു. റോമാക്കാർ കുറ്റവാളികളെ ഗോദയിൽ കാട്ടുമൃഗങ്ങൾക്ക് എറിഞ്ഞുകൊടുത്ത് വധശിക്ഷ നടപ്പാക്കിയിരുന്നു. അക്ഷരാർഥത്തിൽത്തന്നെ പൗലൊസിന് കാട്ടുമൃഗങ്ങളോട് ഏറ്റുമുട്ടേണ്ടിവന്നെങ്കിൽ, യഹോവയുടെ സഹായത്താൽ മാത്രമാണ് അവൻ അതിജീവിച്ചത്. പുനരുത്ഥാന പ്രത്യാശയില്ലാതെ, അത്തരം അപകട സാധ്യതകളുള്ള ജീവിതഗതി തിരഞ്ഞെടുക്കുന്നത് തീർച്ചയായും ഭോഷത്തമാകുമായിരുന്നു. ഭാവി ജീവിതത്തെ കുറിച്ചുള്ള പ്രത്യാശയില്ലാതെ, ദൈവത്തെ സേവിക്കുന്നതു മൂലമുള്ള പ്രയാസങ്ങളും ത്യാഗങ്ങളും സഹിക്കുന്നത് നിരർഥകമാകുമായിരുന്നു. പൗലൊസ് പറയുന്നു: “മരിച്ചവർ ഉയിർക്കുന്നില്ലെങ്കിൽ നാം തിന്നുക, കുടിക്ക നാളെ ചാകുമല്ലോ.”—1 കൊരിന്ത്യർ 15:31, 32, പി.ഒ.സി. ബൈ.; 2 കൊരിന്ത്യർ 1:8, 9-ഉം 11:23-27-ഉം കാണുക.
16. (എ) “തിന്നുക, കുടിക്ക നാളെ ചാകുമല്ലോ” എന്ന പ്രയോഗം ഉത്ഭവിച്ചത് എവിടെനിന്നായിരിക്കാം? (ബി) ആ ചിന്താഗതി സ്വീകരിച്ചതുകൊണ്ടുള്ള അപകടങ്ങൾ എന്തെല്ലാമായിരുന്നു?
16 യെരൂശലേമിലെ അനുസരണംകെട്ട നിവാസികളുടെ വിധിവിശ്വാസപരമായ മനോഭാവം വർണിക്കുന്ന യെശയ്യാവു 22:13 പൗലൊസ് ഉദ്ധരിച്ചിരിക്കാം. അല്ലെങ്കിൽ എപ്പിക്കൂര്യരുടെ വിശ്വാസങ്ങളായിരിക്കാം അവന്റെ മനസ്സിലുണ്ടായിരുന്നത്. മരണാനന്തര ജീവിതത്തെ കുറിച്ചുള്ള ഏതൊരു പ്രത്യാശയെയും പരിഹസിക്കുകയും ജീവിതത്തിൽ പരമപ്രധാനം ജഡിക സുഖമാണെന്നു വിശ്വസിക്കുകയും ചെയ്തിരുന്നവരായിരുന്നു അവർ. സംഗതി എന്തായിരുന്നാലും, ‘തിന്നു കുടിക്കാം’ എന്ന തത്ത്വചിന്ത ദൈവഭക്തിക്കു നിരക്കുന്നതായിരുന്നില്ല. അതുകൊണ്ട്, പൗലൊസ് മുന്നറിയിപ്പു നൽകുന്നു: “വഴിതെററിക്കപ്പെടരുത്. മോശമായ സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു.” (1 കൊരിന്ത്യർ 15:33, NW) പുനരുത്ഥാനത്തിൽ വിശ്വസിക്കാത്തവരുമൊത്ത് ഇടപഴകുന്നത് ഹാനികരം ആയിരിക്കുമായിരുന്നു. ലൈംഗിക അധാർമികത, ഭിന്നതകൾ, കോടതിക്കേസുകൾ, കർത്താവിന്റെ സന്ധ്യാഭക്ഷണത്തോടുള്ള അനാദരവ് എന്നിങ്ങനെ കൊരിന്ത്യ സഭയിൽ പൗലൊസിനു കൈകാര്യം ചെയ്യേണ്ടിവന്ന പ്രശ്നങ്ങൾക്ക് ഒരു കാരണം അത്തരം സഹവാസമായിരുന്നിരിക്കാം.—1 കൊരിന്ത്യർ 1:11; 5:1; 6:1; 11:20-22.
17. (എ) പൗലൊസ് കൊരിന്ത്യർക്ക് എന്ത് ഉദ്ബോധനം നൽകി? (ബി) ഏതു ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്?
17 അതുകൊണ്ട് പൗലൊസ് ക്രിസ്ത്യാനികൾക്ക് ഈ ക്രിയാത്മക ഉദ്ബോധനം നൽകുന്നു: “നീതിക്കു നിർമ്മദരായി ഉണരുവിൻ; പാപം ചെയ്യാതിരിപ്പിൻ; ചിലർക്കു ദൈവത്തെ കുറിച്ചു പരിജ്ഞാനമില്ല; ഞാൻ നിങ്ങൾക്കു ലജ്ജെക്കായി പറയുന്നു.” (1 കൊരിന്ത്യർ 15:34) പുനരുത്ഥാനത്തെ കുറിച്ചുള്ള നിഷേധാത്മകമായ ഒരു കാഴ്ചപ്പാട്, മദ്യപിച്ചാലെന്നപോലെ, ചിലരെ ആത്മീയ മന്ദതയിലാഴ്ത്തി. അവർ ഉണർന്ന് ഗൗരവ മാനസരായിരിക്കേണ്ട ആവശ്യമുണ്ടായിരുന്നു. അതുപോലെ, ലോകത്തിലെ സംശയാലുക്കളുടെ വീക്ഷണങ്ങളാൽ സ്വാധീനിക്കപ്പെടാതെ, ഇന്ന് അഭിഷിക്ത ക്രിസ്ത്യാനികൾ ആത്മീയമായി ഉണർന്നിരിക്കേണ്ട ആവശ്യമുണ്ട്. അവർ തങ്ങളുടെ സ്വർഗീയ പുനരുത്ഥാന പ്രത്യാശയോട് അടുത്തു പറ്റിനിൽക്കണം. എന്നാൽ അപ്പോഴും ചോദ്യങ്ങൾ അവശേഷിക്കുന്നു—അന്നത്തെ കൊരിന്ത്യർക്കും ഇന്നത്തെ നമുക്കും. ഉദാഹരണത്തിന്, 1,44,000 പേർ സ്വർഗത്തിലേക്ക് ഉയിർപ്പിക്കപ്പെടുന്നത് ഏതു രൂപത്തിലാണ്? കല്ലറകളിലുള്ളവരും സ്വർഗീയ പ്രത്യാശയില്ലാത്തവരുമായ ദശലക്ഷക്കണക്കിനു വരുന്ന മറ്റുള്ളവരുടെ കാര്യമോ? അത്തരക്കാർക്ക് പുനരുത്ഥാനം എന്തർഥമാക്കും? ഞങ്ങളുടെ അടുത്ത ലേഖനത്തിൽ, പുനരുത്ഥാനത്തെ കുറിച്ചുള്ള പൗലൊസിന്റെ ചർച്ചയുടെ ശിഷ്ട ഭാഗം നാം പരിചിന്തിക്കുന്നതായിരിക്കും.
[അടിക്കുറിപ്പുകൾ]
a മറുവിലയെ കുറിച്ചുള്ള ഒരു ചർച്ചയ്ക്കായി 1991 ഫെബ്രുവരി 15 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്) കാണുക.
നിങ്ങൾ ഓർമിക്കുന്നുവോ?
□ യേശു പുനരുത്ഥാനത്തെ കുറിച്ച് എന്തു വെളിപ്പെടുത്തി?
□ ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ചില സാക്ഷികൾ ആരെല്ലാമായിരുന്നു?
□ പുനരുത്ഥാന ഉപദേശം വെല്ലുവിളിക്കപ്പെട്ടത് എന്തുകൊണ്ട്, പൗലൊസിന്റെ പ്രതികരണം എന്തായിരുന്നു?
□ പുനരുത്ഥാനത്തിലുള്ള വിശ്വാസം അഭിഷിക്ത ക്രിസ്ത്യാനികൾക്ക് അത്യന്താപേക്ഷിതമായിരുന്നത് എന്തുകൊണ്ട്?
[15-ാം പേജിലെ ചിത്രം]
യായിറോസിന്റെ പുത്രി പുനരുത്ഥാനം സാധ്യമാണ് എന്നതിനുള്ള തെളിവായിത്തീർന്നു
[16, 17 പേജുകളിലെ ചിത്രം]
പുനരുത്ഥാന പ്രത്യാശയില്ലാത്തപക്ഷം, വിശ്വസ്ത ക്രിസ്ത്യാനികളുടെ രക്തസാക്ഷിത്വം നിരർഥകമാകും