വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
1 കൊരിന്ത്യർ 15:29-ലെ പൗലോസ് അപ്പോസ്തലന്റെ വാക്കുകൾ, അക്കാലത്തെ ചില ക്രിസ്ത്യാനികൾ മരിച്ചുപോയവർക്കുവേണ്ടി സ്നാനപ്പെട്ടിരുന്നു എന്ന് അർഥമാക്കുന്നുണ്ടോ?
▪ ഇല്ല, ബൈബിളിലോ ചരിത്രത്തിലോ അങ്ങനെയൊരു കാര്യം നടന്നതായി പറയുന്നില്ല.
ചില ബൈബിളുകളിൽ ഈ വാക്യം വായിച്ചാൽ പൗലോസിന്റെ കാലത്ത് മരിച്ചവർക്കുവേണ്ടി മറ്റുള്ളവർ സ്നാനപ്പെട്ടിരുന്നു എന്നു തോന്നിയേക്കാം. ഉദാഹരണത്തിന്, സത്യവേദപുസ്തകത്തിൽ ഈ വാക്യം വായിക്കുന്നത് ഇങ്ങനെയാണ്: “മരിച്ചവർ കേവലം ഉയിർക്കുന്നില്ലെങ്കിൽ അവർക്കുവേണ്ടി സ്നാനം ഏല്ക്കുന്നതു എന്തിന്നു?”
എന്നാൽ ഇതെക്കുറിച്ച് രണ്ടു ബൈബിൾപണ്ഡിതന്മാർക്ക് എന്താണു പറയാനുള്ളതെന്നു നോക്കാം. ഉദാഹരണത്തിന്, ഡോ. ഗ്രിഗറി ലോക്വുഡിന്റെ അഭിപ്രായത്തിൽ “നമുക്കു ലഭ്യമായ വിവരങ്ങൾവെച്ച് നോക്കുമ്പോൾ മരിച്ചവർക്കുവേണ്ടിയുള്ള സ്നാനം എന്ന ആശയത്തിനു ചരിത്രത്തിലോ ബൈബിളിലോ യാതൊരു തെളിവുമില്ല.” അതുപോലെ പ്രൊഫസ്സർ ഗോർഡിൻ ഡി. ഫീ ഇങ്ങനെ എഴുതി: “പുതിയ നിയമത്തിൽ ഒരിടത്തും ഇതുപോലൊരു സ്നാനത്തെക്കുറിച്ച് പറയുന്നില്ല. ഇത്തരത്തിൽ ഒരു സ്നാനം നടന്നതിനു ബൈബിളിലോ ചരിത്രത്തിലോ ഒരു തെളിവുമില്ല. അപ്പോസ്തലന്മാരുടെ മരണശേഷമുള്ള ആദ്യനൂറ്റാണ്ടുകളിൽ യാഥാസ്ഥിതിക ക്രിസ്ത്യാനികൾക്കിടയിലോ മറ്റു ക്രൈസ്തവസഭകളിലോ ഇത്തരത്തിൽ ഒരു ആചാരമുണ്ടായിരുന്നതായി കാണുന്നില്ല.”
യേശുവിന്റെ അനുഗാമികൾ “എല്ലാ ജനതകളിലെയും ആളുകളെ ശിഷ്യരാക്കുകയും . . . അവരെ സ്നാനപ്പെടുത്തുകയും (യേശു) കല്പിച്ചതെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുകയും വേണം” എന്നാണ് ബൈബിൾ പറയുന്നത്. (മത്താ. 28:19, 20) ഒരു വ്യക്തി സ്നാനപ്പെട്ട് ഒരു ശിഷ്യനായിത്തീരുന്നതിനു മുമ്പ് യഹോവയെയും യേശുവിനെയും കുറിച്ച് പഠിക്കുകയും അവരെ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടതുണ്ട്. മരിച്ച് ശവക്കുഴിയിൽ കിടക്കുന്ന ഒരാൾക്ക് അതൊന്നും ചെയ്യാൻ കഴിയില്ല. അദ്ദേഹത്തിനുവേണ്ടി അതു ചെയ്യാൻ ജീവിച്ചിരിക്കുന്ന ഒരു ക്രിസ്ത്യാനിക്കു സാധിക്കുകയുമില്ല.—സഭാ. 9:5, 10; യോഹ. 4:1; 1 കൊരി. 1:14-16.
അങ്ങനെയെങ്കിൽ പൗലോസ് എന്താണ് ഉദ്ദേശിച്ചത്?
മരിച്ചവരുടെ പുനരുത്ഥാനമില്ല എന്നു കൊരിന്തിലുള്ള ചിലർ ശക്തമായി വാദിച്ചിരുന്നു. (1 കൊരി. 15:12) എന്നാൽ ആ വീക്ഷണം തെറ്റാണെന്നു പൗലോസ് തെളിയിച്ചു. “ദിവസവും ഞാൻ മരണത്തെ മുഖാമുഖം കാണുന്നു” എന്ന് അദ്ദേഹം പറഞ്ഞു. ജീവന് ആപത്തു നേരിടുന്ന പല സന്ദർഭങ്ങളുണ്ടായെങ്കിലും മരണശേഷം യേശുവിനെപ്പോലെ ഒരു ആത്മജീവനിലേക്കു താൻ ഉയിർപ്പിക്കപ്പെടുമെന്ന് പൗലോസിനു നല്ല ബോധ്യമുണ്ടായിരുന്നു.—1 കൊരി. 15:30-32, 42-44.
അഭിഷിക്തക്രിസ്ത്യാനികളായ തങ്ങൾക്കു ദിവസേന പ്രശ്നങ്ങളുണ്ടാകുമെന്നും സ്വർഗീയജീവനായി പുനരുത്ഥാനപ്പെടണമെങ്കിൽ തങ്ങൾ വിശ്വസ്തരായി മരിക്കണമെന്നും കൊരിന്തിലുള്ള ക്രിസ്ത്യാനികൾ തിരിച്ചറിയണമായിരുന്നു. ‘സ്നാനമേറ്റ് ക്രിസ്തുയേശുവിലേക്കു ചേരുന്നതിൽ’ ‘ക്രിസ്തുവിന്റെ മരണത്തിലേക്കു സ്നാനമേറ്റ് ചേരുന്നത്’ ഉൾപ്പെടുന്നു. (റോമ. 6:3) അതായത് യേശുവിനെപ്പോലെ അവർക്ക് പുനരുത്ഥാനം ലഭിക്കണമെങ്കിൽ അവർ പരിശോധനകൾ നേരിടുകയും ഒടുവിൽ മരിക്കുകയും ചെയ്യേണ്ടത് ആവശ്യമായിരുന്നു.
ജലത്തിൽ സ്നാനമേറ്റ് രണ്ടിലധികം വർഷത്തിനു ശേഷം യേശു തന്റെ രണ്ട് അപ്പോസ്തലന്മാരോട് ഇങ്ങനെ പറഞ്ഞു: ‘ഞാൻ ഏൽക്കുന്ന സ്നാനം നിങ്ങൾ ഏൽക്കും.’ (മർക്കോ. 10:38, 39) ഇതു പറഞ്ഞപ്പോൾ യേശു ജലത്തിൽ സ്നാനം ഏൽക്കുകയായിരുന്നോ? അല്ല. വാസ്തവത്തിൽ, വിശ്വസ്തത കാത്തുകൊണ്ടുള്ള തന്റെ ജീവിതം ഒടുവിൽ തന്റെ മരണത്തിലേക്കു നയിക്കുമെന്നാണ് യേശു ഉദ്ദേശിച്ചത്. അഭിഷിക്തക്രിസ്ത്യാനികൾ “ക്രിസ്തുവിന്റെകൂടെ മഹത്ത്വീകരിക്കപ്പെടണമെങ്കിൽ ക്രിസ്തുവിന്റെകൂടെ കഷ്ടം അനുഭവിക്കണം” എന്നു പൗലോസ് എഴുതി. (റോമ. 8:16, 17; 2 കൊരി. 4:17) അതെ, അവർ സ്വർഗീയജീവനിലേക്കു പുനരുത്ഥാനപ്പെടണമെങ്കിൽ അവർ മരിക്കണമായിരുന്നു.
അതുകൊണ്ട് പൗലോസിന്റെ വാക്കുകൾ കൃത്യമായി ഇങ്ങനെ പരിഭാഷപ്പെടുത്താം: “പുനരുത്ഥാനമില്ലെങ്കിൽ, മരണത്തിലേക്കു നയിക്കുന്ന സ്നാനം ഏൽക്കുന്നവർ എന്തു ചെയ്യും? മരിച്ചവർ ഉയിർപ്പിക്കപ്പെടില്ലെങ്കിൽ അവർ അത്തരമൊരു സ്നാനം ഏൽക്കുന്നത് എന്തിനാണ്?”