പുനരുത്ഥാന പ്രത്യാശയുടെ ശക്തി
‘[യേശുക്രിസ്തുവിനെയും] അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും അനുഭവിച്ചറിയേണ്ടതിനു ഞാൻ എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എണ്ണുന്നു.’—ഫിലിപ്പിയർ 3:8-11.
1, 2. (എ) വർഷങ്ങൾക്കു മുമ്പ് ഒരു വൈദികൻ പുനരുത്ഥാനത്തെ വർണിച്ചത് എങ്ങനെ? (ബി) എന്നാൽ യഥാർഥത്തിൽ പുനരുത്ഥാനം നടക്കുന്നത് എങ്ങനെയായിരിക്കും?
മരിച്ചവരുടെ പുനരുത്ഥാനം നടക്കുന്നത് എങ്ങനെയായിരിക്കുമെന്ന് ഒരിക്കൽ ഒരു വൈദികൻ തന്റെ പ്രസംഗത്തിൽ വർണിക്കുകയുണ്ടായി. 1890-കളുടെ ആരംഭത്തിൽ, അമേരിക്കയിലെ ബ്രുക്ലിനിൽവെച്ച് നടത്തിയ ആ പ്രസംഗത്തെ കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. പുനരുത്ഥാന സമയത്ത്, മരിച്ചുപോയ വ്യക്തികളുടെ പഴയ ശരീരത്തിലെ അസ്ഥികളും മാംസവുമെല്ലാം സംയോജിക്കുകയും അവയ്ക്കു ജീവൻ വെക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 24 മണിക്കൂർ ദൈർഘ്യമുള്ള ആ പുനരുത്ഥാന നാളിൽ, മരിച്ചുപോയ ശതകോടിക്കണക്കിന് ആളുകളുടെ കൈകാലുകളും വിരലുകളും അസ്ഥികളും ത്വക്കും നാഡികളുമൊക്കെ വായുവിൽ പറന്നുനടക്കുമെന്ന് ആ വൈദികൻ അഭിപ്രായപ്പെട്ടു. ഈ ശരീരഭാഗങ്ങൾ അതേ ശരീരത്തിന്റെ മറ്റു ഭാഗങ്ങൾ തേടുകയായിരിക്കുമത്രേ. അതിനുശേഷം, അതത് ആത്മാക്കൾ സ്വർഗത്തിൽനിന്നോ നരകത്തിൽനിന്നോ വന്ന് പുനരുത്ഥാനം പ്രാപിച്ച ശരീരങ്ങളിൽ പ്രവേശിക്കും. അങ്ങനെ, തീയിൽ ദഹിപ്പിക്കപ്പെട്ടതായാലും അപകടത്തിൽപ്പെട്ട് മരിച്ചതായാലും ഏതെങ്കിലും വന്യമൃഗം പിടിച്ചുതിന്നതായാലും മണ്ണിനു വളമായിപ്പോയതായാലും ശരി, ആ വ്യക്തിക്ക് അയാളുടെ പഴയ ശരീരംതന്നെ തിരിച്ചുകിട്ടുമെന്ന് അദ്ദേഹം പറഞ്ഞു.
2 മുൻ ശരീരത്തിലെ അതേ പരമാണുക്കളെത്തന്നെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പുനരുത്ഥാനം യുക്തിക്കു നിരക്കാത്തതാണ്. തന്നെയുമല്ല, മനുഷ്യർക്ക് മരണത്തെ അതിജീവിക്കുന്ന ഒരു ആത്മാവ് ഇല്ലതാനും. (സഭാപ്രസംഗി 9:5, 10) മനുഷ്യരെ പുനരുത്ഥാനത്തിൽ തിരികെ വരുത്താൻ പ്രാപ്തനായ യഹോവയാം ദൈവത്തിന്, ഒരു വ്യക്തിയുടെ പഴയ ശരീരം നിർമിക്കപ്പെട്ടിരുന്ന അതേ പരമാണുക്കൾതന്നെ വീണ്ടും കൂട്ടിച്ചേർത്ത് ഒരു ശരീരം നിർമിക്കേണ്ട ആവശ്യമില്ല. പുനരുത്ഥാനം പ്രാപിക്കുന്നവർക്ക് ഒരു പുതിയ ശരീരം നൽകാൻ അവനു കഴിയും. മരിച്ചവരെ നിത്യജീവന്റെ പ്രത്യാശയോടെ ജീവനിലേക്കു തിരികെ കൊണ്ടുവരാനുള്ള ശക്തി അവൻ തന്റെ പുത്രനായ യേശുക്രിസ്തുവിനു നൽകിയിട്ടുണ്ട്. (യോഹന്നാൻ 5:26) അതുകൊണ്ടാണ് യേശു ഇങ്ങനെ പറഞ്ഞത്: “ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.” (യോഹന്നാൻ 11:25, 26) എത്ര ഹൃദയോഷ്മളമായ വാഗ്ദാനം! പീഡനങ്ങൾക്കു മധ്യേ സഹിച്ചു നിൽക്കാനും മരണത്തെ നേരിടാൻപോലും യഹോവയുടെ വിശ്വസ്ത സാക്ഷികളായ നമ്മെ അതു ശക്തരാക്കുന്നു.
3. പുനരുത്ഥാന പഠിപ്പിക്കലിനെ പിന്താങ്ങിക്കൊണ്ട് പൗലൊസിനു പ്രതിവാദം നടത്തേണ്ടിവന്നത് എന്തുകൊണ്ട്?
3 മനുഷ്യർക്ക് ഒരു അമർത്യ ആത്മാവ് ഉണ്ടെന്ന, ഗ്രീക്ക് തത്ത്വചിന്തകനായ പ്ലേറ്റോയുടെ പഠിപ്പിക്കൽ പുനരുത്ഥാനത്തെ കുറിച്ചുള്ള ബൈബിളിന്റെ പഠിപ്പിക്കലുമായി ഒത്തുപോകുന്നില്ല. അപ്പൊസ്തലനായ പൗലൊസ് അഥേനയിലെ അരയോപഗ എന്ന സ്ഥലത്തെ പ്രമുഖരായ ഗ്രീക്കുകാരോട് ദൈവം യേശുവിനെ ഉയിർപ്പിച്ചതായി സാക്ഷ്യപ്പെടുത്തിയപ്പോഴത്തെ അവരുടെ പ്രതികരണം എന്തായിരുന്നു? “മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു കേട്ടിട്ടു ചിലർ പരിഹസിച്ചു” എന്ന് വിവരണം പറയുന്നു. (പ്രവൃത്തികൾ 17:29-34) പുനരുത്ഥാനം പ്രാപിച്ച യേശുക്രിസ്തുവിനെ നേരിൽ കണ്ടിരുന്ന പലരും അപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നു. പരിഹാസം നേരിടേണ്ടിവന്നെങ്കിലും അവർ യേശു മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിക്കപ്പെട്ടതായി സാക്ഷ്യപ്പെടുത്തി. എന്നാൽ കൊരിന്തിലെ സഭയോടൊപ്പം സഹവസിച്ചിരുന്ന വ്യാജ ഉപദേഷ്ടാക്കൾ പുനരുത്ഥാനത്തെ നിരാകരിച്ചു. അതുകൊണ്ടാണ് 1 കൊരിന്ത്യർ 15-ാം അധ്യായത്തിൽ പൗലൊസ് ഈ ക്രിസ്തീയ പഠിപ്പിക്കലിനെ പിന്താങ്ങിക്കൊണ്ട് ശക്തമായ പ്രതിവാദം നടത്തേണ്ടിവന്നത്. ഈ വാദമുഖങ്ങൾ ശ്രദ്ധാപൂർവം പഠിക്കുന്നതിലൂടെ, പുനരുത്ഥാനം ഉറപ്പാക്കപ്പെട്ട ഒരു പ്രത്യാശയാണെന്നും സഹിച്ചു നിൽക്കാൻ ആവശ്യമായ കരുത്ത് പ്രദാനം ചെയ്യാൻ ആ പ്രത്യാശയ്ക്കു കഴിയുമെന്നും നമുക്കു ബോധ്യമാകും.
യേശുവിന്റെ പുനരുത്ഥാനത്തിനുള്ള ഈടുറ്റ തെളിവ്
4. യേശുവിന്റെ പുനരുത്ഥാനം സംബന്ധിച്ച് ഏതെല്ലാം ദൃക്സാക്ഷി വിവരണങ്ങളാണ് പൗലൊസ് നൽകിയത്?
4 പൗലൊസ് തന്റെ വാദമുഖം ആരംഭിക്കുന്നത് എങ്ങനെയെന്നു ശ്രദ്ധിക്കുക. (1 കൊരിന്ത്യർ 15:1-11) തങ്ങളുടെ വിശ്വാസം വ്യർഥമായി പോകാതിരിക്കേണ്ടതിനു കൊരിന്തിലെ ക്രിസ്ത്യാനികൾ പുനരുത്ഥാന പ്രത്യാശ ഉൾപ്പെടുന്ന രക്ഷയുടെ സുവിശേഷം മുറുകെ പിടിക്കേണ്ടിയിരുന്നു. ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി മരിച്ച് അടക്കപ്പെട്ടു, അവൻ ഉയിർപ്പിക്കപ്പെടുകയും ചെയ്തു. പുനരുത്ഥാനം പ്രാപിച്ച യേശു കേഫാവിനും (പത്രൊസ്) “പിന്നെ പന്തിരുവർക്കും” പ്രത്യക്ഷനായി. (യോഹന്നാൻ 20:19-23) “സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്ന് യേശു കൽപ്പന നൽകിയ അവസരത്തിൽ ഏതാണ്ട് 500 പേർ അവനെ കണ്ടിരുന്നിരിക്കണം. (മത്തായി 28:19, 20) യാക്കോബും അതുപോലെതന്നെ വിശ്വസ്തരായ മറ്റ് അപ്പൊസ്തലന്മാരും അവനെ കണ്ടു. (പ്രവൃത്തികൾ 1:6-11) ദമസ്കൊസിന് അടുത്തുവെച്ച്, ശൗലിന് ‘അകാലപ്രജയ്ക്ക് [“അകാലജാതന്,” NW] എന്നതുപോലെ,’ യേശു പ്രത്യക്ഷനായി. ശൗലിനെ സംബന്ധിച്ചിടത്തോളം ആത്മജീവനിലേക്ക് ഉയിർപ്പിക്കപ്പെട്ടു കഴിഞ്ഞതുപോലത്തെ ഒരനുഭവമായിരുന്നു അത്. (പ്രവൃത്തികൾ 9:1-9) പൗലൊസിന്റെ പ്രസംഗം കേട്ട് കൊരിന്ത്യർ സുവാർത്ത സ്വീകരിച്ച് ക്രിസ്ത്യാനികളായിത്തീർന്നു.
5. പൗലൊസ് 1 കൊരിന്ത്യർ 15:12-19 വാക്യങ്ങളിൽ ഏതെല്ലാം ന്യായവാദങ്ങളാണ് അവതരിപ്പിക്കുന്നത്?
5 പൗലൊസിന്റെ ന്യായവാദം ശ്രദ്ധിക്കുക. (1 കൊരിന്ത്യർ 15:12-19) യേശു പുനരുത്ഥാനം ചെയ്തു എന്നുള്ളതിന് ദൃക്സാക്ഷികൾ ഉള്ള സ്ഥിതിക്ക് പുനരുത്ഥാനം ഇല്ല എന്ന് എങ്ങനെ പറയാൻ സാധിക്കും? യേശു മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിക്കപ്പെട്ടില്ല എങ്കിൽ നമ്മുടെ പ്രസംഗവേലയും വിശ്വാസവുമെല്ലാം വൃഥാവിലാകും. തന്നെയുമല്ല, ദൈവം ക്രിസ്തുവിനെ ഉയിർപ്പിച്ചു എന്നു പറയുകവഴി നാം അവനെതിരെ കള്ളസാക്ഷ്യം പറയുകയാണെന്നു വരും. മരിച്ചവർ ഉയിർപ്പിക്കപ്പെടുകയില്ല എങ്കിൽ ‘നാം ഇന്നും നമ്മുടെ പാപങ്ങളിൽ ഇരിക്കുന്നു,’ ക്രിസ്തുവിൽ മരിച്ചവർ നശിച്ചുപോകുകയും ചെയ്തിരിക്കുന്നു. കൂടാതെ, “നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വെച്ചിരിക്കുന്നു എങ്കിൽ സകലമനുഷ്യരിലും അരിഷ്ടന്മാ”രാണ്.
6. (എ) യേശു പുനരുത്ഥാനം പ്രാപിച്ചുവെന്നു പൗലൊസ് സ്ഥിരീകരിക്കുന്നത് എങ്ങനെ? (ബി) “ഒടുക്കത്തെ ശത്രു” എന്താണ്, അത് നീക്കം ചെയ്യപ്പെടുന്നത് എങ്ങനെ?
6 തുടർന്ന് പൗലൊസ് യേശുവിന്റെ പുനരുത്ഥാനത്തെ സ്ഥിരീകരിച്ചുകൊണ്ട് സംസാരിക്കുന്നു. (1 കൊരിന്ത്യർ 15:20-28) ക്രിസ്തു, മരണത്തിൽ നിദ്ര പ്രാപിച്ചവരിൽ നിന്നുള്ള “ആദ്യഫലം” ആകയാൽ അവനെ കൂടാതെ മറ്റുള്ളവരും പുനരുത്ഥാനം പ്രാപിക്കും. മരണം ആദാം എന്ന മനുഷ്യന്റെ അനുസരണക്കേട് നിമിത്തമാകയാൽ പുനരുത്ഥാനവും ഒരു മനുഷ്യൻ, അതായത് യേശുക്രിസ്തു, മുഖാന്തരം ആയിരിക്കും. അവനുള്ളവർ അവന്റെ സാന്നിധ്യകാലത്ത് ഉയിർപ്പിക്കപ്പെടേണ്ടതുണ്ട്. ക്രിസ്തു, ദൈവത്തിന്റെ പരമാധികാരത്തെ എതിർക്കുന്ന ‘എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കംവരു’ത്തുകയും യഹോവ എല്ലാ ശത്രുക്കളെയും തന്റെ കാൽക്കീഴാക്കുന്നതുവരെ വാഴുകയും ചെയ്യും. “ഒടുക്കത്തെ ശത്രു”, അതായത് ആദാമിൽനിന്നു പാരമ്പര്യമായി ലഭിച്ച മരണം പോലും യേശുവിന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ നീക്കം ചെയ്യപ്പെടും. അതിനുശേഷം ക്രിസ്തു തന്റെ ദൈവവും പിതാവുമായവന് രാജ്യം കൈമാറുകയും “ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു . . . സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു” കീഴ്പെട്ടിരിക്കുകയും ചെയ്യും.
മരിച്ചവർക്കുവേണ്ടി സ്നാപനം ഏൽക്കുകയോ?
7. “മരിച്ചവർ ആയിരിക്കാൻവേണ്ടി സ്നാപനം ഏൽക്കുന്നവർ” ആരാണ്, അത് അവർക്ക് എന്ത് അർഥമാക്കുന്നു?
7 പുനരുത്ഥാനത്തെ എതിർക്കുന്നവരോട് പൗലൊസ് ചോദിക്കുന്നു: “മരിച്ചവർക്കു വേണ്ടി [“മരിച്ചവർ ആയിരിക്കാൻവേണ്ടി,” NW] സ്നാനം ഏല്ക്കുന്നവർ എന്തു ചെയ്യും? (1 കൊരിന്ത്യർ 15:29) മരിച്ചുപോയവർക്കു വേണ്ടി ജീവിച്ചിരിക്കുന്നവർ സ്നാപനമേറ്റാൽ മതി എന്നല്ല പൗലൊസ് അർഥമാക്കിയത്. കാരണം, യേശുവിന്റെ ശിഷ്യന്മാർ വ്യക്തിപരമായി ദൈവവചനം പഠിക്കുകയും വിശ്വസിക്കുകയും സ്നാപനം ഏൽക്കുകയും ചെയ്യേണ്ടതുണ്ട്. (മത്തായി 28:19, 20; പ്രവൃത്തികൾ 2:41) മരണത്തിലേക്കും പുനരുത്ഥാനത്തിലേക്കും നയിക്കുന്ന ഒരു ജീവിതഗതിയിലേക്കു പ്രവേശിച്ചുകൊണ്ടാണ് അഭിഷിക്ത ക്രിസ്ത്യാനികൾ “മരിച്ചവർ ആയിരിക്കാൻവേണ്ടി സ്നാപനം ഏൽക്കു”ന്നത്. ഈ സ്നാപനം, ദൈവത്തിന്റെ ആത്മാവ് അവരിൽ സ്വർഗീയ പ്രത്യാശ ഉൾനടുമ്പോൾ ആരംഭിക്കുകയും അവർ സ്വർഗത്തിലെ അമർത്യ ആത്മജീവനിലേക്ക് ഉയിർപ്പിക്കപ്പെടുമ്പോൾ അവസാനിക്കുകയും ചെയ്യുന്നു.—റോമർ 6:3-5; 8:16, 17; 1 കൊരിന്ത്യർ 6:14.
8. സാത്താനും അവന്റെ പിണയാളുകളും ക്രിസ്ത്യാനികളെ കൊല്ലുന്നെങ്കിൽപോലും അവർക്ക് ഏത് ഉറപ്പുണ്ടായിരിക്കാൻ കഴിയും?
8 പൗലൊസിന്റെ വാക്കുകൾ സൂചിപ്പിക്കുന്നതുപോലെ, രാജ്യപ്രസംഗവേല നിർവഹിക്കവേ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന അപകടഭീഷണിയെ എന്തിന്, മരണത്തെ പോലും സധൈര്യം നേരിടാൻ പുനരുത്ഥാന പ്രത്യാശ ക്രിസ്ത്യാനികളെ പ്രാപ്തരാക്കുന്നു. (1 കൊരിന്ത്യർ 15:30, 31) തങ്ങളെ കൊല്ലാൻ സാത്താനെയും അവന്റെ പിണയാളുകളെയും യഹോവ അനുവദിച്ചാൽത്തന്നെയും അവന് തങ്ങളെ പുനരുത്ഥാനത്തിൽ തിരികെ കൊണ്ടുവരാൻ കഴിയും എന്ന് അവർക്ക് അറിയാം. അവരുടെ പ്രാണനെ അഥവാ ജീവനെ ഗീഹെന്നായിൽ തള്ളിയിടാൻ, അതായത്, എന്നേക്കുമായി നശിപ്പിക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ.—ലൂക്കൊസ് 12:5, NW.
ജാഗ്രത പാലിക്കേണ്ടത് ആവശ്യം
9. സഹിച്ചു നിൽക്കാൻ പുനരുത്ഥാന പ്രത്യാശ നമ്മെ പ്രാപ്തരാക്കണമെങ്കിൽ നാം എന്ത് ഒഴിവാക്കണം?
9 പുനരുത്ഥാന പ്രത്യാശ പ്രയാസ സാഹചര്യങ്ങളിൽ സഹിച്ചുനിൽക്കാൻ പൗലൊസിനെ പ്രാപ്തനാക്കി. എഫെസൊസിൽവെച്ച്, മൃഗങ്ങളുമായി മൽപ്പിടിത്തം നടത്താൻ ശത്രുക്കൾ അവനെ പോർക്കളത്തിലേക്ക് എറിഞ്ഞിട്ടുണ്ടായിരിക്കാം. (1 കൊരിന്ത്യർ 15:32) അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽത്തന്നെ, ദാനീയേലിനെ സിംഹങ്ങളിൽനിന്ന് രക്ഷിച്ചതുപോലെ യഹോവ പൗലൊസിനെയും രക്ഷിച്ചിട്ടുണ്ട്. (ദാനീയേൽ 6:16-22; എബ്രായർ 11:32, 33) പൗലൊസ് പുനരുത്ഥാനത്തിൽ വിശ്വസിച്ചിരുന്നതുകൊണ്ട് അവന് യെശയ്യാവിന്റെ നാളുകളിലെ, യഹൂദയിലെ വിശ്വാസത്യാഗികളുടേതു പോലുള്ള മനോഭാവം ഇല്ലായിരുന്നു. “നാം തിന്നുക, കുടിക്ക; നാളെ മരിക്കുമല്ലോ” എന്നായിരുന്നു അവർ പറഞ്ഞിരുന്നത്. (യെശയ്യാവു 22:13) പൗലൊസിന്റെ കാര്യത്തിലെന്നപോലെ പുനരുത്ഥാന പ്രത്യാശ സഹിച്ചുനിൽക്കാൻ നമ്മെയും സഹായിക്കണമെങ്കിൽ മേൽപ്പറഞ്ഞതുപോലുള്ള അനാരോഗ്യകരമായ മനോഭാവം പുലർത്തുന്നവരുമായുള്ള സഹവാസം നാം ഒഴിവാക്കണം. പൗലൊസ് ഈ മുന്നറിയിപ്പു നൽകുന്നു: “വഴിതെറ്റിക്കപ്പെടരുത്. മോശമായ സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു.” (1 കൊരിന്ത്യർ 15:33, NW) ജീവിതത്തിന്റെ പല വശങ്ങളിലും ഈ തത്ത്വം ബാധകമാണ്.
10. പുനരുത്ഥാന പ്രത്യാശയെ നമ്മുടെ ഉള്ളിൽ ജ്വലിപ്പിച്ചു നിറുത്താൻ എന്തു ചെയ്യണം?
10 പുനരുത്ഥാനം സംബന്ധിച്ച് സംശയമുള്ളവരോട് പൗലൊസ് ഇപ്രകാരം പറഞ്ഞു: “നീതിക്കു നിർമ്മദരായി ഉണരുവിൻ; പാപം ചെയ്യാതിരിപ്പിൻ; ചിലർക്കു ദൈവത്തെക്കുറിച്ചു പരിജ്ഞാനമില്ല; ഞാൻ നിങ്ങൾക്കു ലജ്ജെക്കായി പറയുന്നു.” (1 കൊരിന്ത്യർ 15:34) ഈ ‘അന്ത്യകാലത്ത്’ ദൈവത്തെയും ക്രിസ്തുവിനെയും സംബന്ധിച്ച സൂക്ഷ്മ പരിജ്ഞാനത്തിനു ചേർച്ചയിൽ നാം പ്രവർത്തിക്കേണ്ടതുണ്ട്. (ദാനീയേൽ 12:4; യോഹന്നാൻ 17:3, NW) പുനരുത്ഥാന പ്രത്യാശയെ നമ്മുടെ ഉള്ളിൽ ജ്വലിപ്പിച്ചു നിറുത്താൻ അതു സഹായിക്കും.
പുനരുത്ഥാനം—ഏതുതരം ശരീരത്തോടെ?
11. അഭിഷിക്ത ക്രിസ്ത്യാനികളുടെ പുനരുത്ഥാനത്തെ പൗലൊസ് ദൃഷ്ടാന്തീകരിച്ചത് എങ്ങനെ?
11 പൗലൊസ് അടുത്തതായി ചില ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നൽകുന്നു. (1 കൊരിന്ത്യർ 15:35-41) പുനരുത്ഥാനത്തെ കുറിച്ച് സംശയിക്കുന്ന ഒരു വ്യക്തി, “മരിച്ചവർ എങ്ങനെ ഉയിർക്കുന്നു എന്നും ഏതുവിധം ശരീരത്തോടെ വരുന്നു എന്നും” ചോദിച്ചേക്കാം. പൗലൊസ് വ്യക്തമാക്കുന്നതുപോലെ മണ്ണിനടിയിൽ കുഴിച്ചിടപ്പെട്ട ഒരു വിത്ത് ഒരു തൈ ആയിത്തീരുന്നതിനു മുമ്പ് ഫലത്തിൽ അതു ചാകുന്നു. സമാനമായി, സ്വർഗീയ ജീവനിലേക്കു പ്രവേശിക്കുന്നതിനു മുമ്പ് ആത്മജാതനായ ഒരു വ്യക്തി മരിക്കേണ്ടിയിരിക്കുന്നു. വിത്തിൽനിന്ന് ഒരു ചെടി പുതിയ ശരീരത്തോടെ മുളച്ചുപൊങ്ങുന്നതുപോലെ പുനരുത്ഥാനം പ്രാപിക്കുന്ന അഭിഷിക്ത ക്രിസ്ത്യാനിക്ക് മനുഷ്യരുടേതിൽനിന്നു വ്യത്യസ്തമായ ശരീരമായിരിക്കും ഉണ്ടായിരിക്കുക. സ്വർഗീയ ജീവിതത്തിനു യോജിക്കുന്നവിധം ആത്മശരീരത്തോടു കൂടിയായിരിക്കും ഉയിർപ്പിക്കപ്പെടുന്നതെങ്കിലും മരിക്കുമ്പോഴത്തെ അതേ വ്യക്തിതന്നെയായിരിക്കും പുനരുത്ഥാനം പ്രാപിക്കുന്നത്. അതേസമയം, ഭൂമിയിലേക്കു പുനരുത്ഥാനം പ്രാപിക്കുന്നവർക്ക് മനുഷ്യശരീരം ആയിരിക്കും നൽകപ്പെടുന്നത്.
12. “സ്വർഗ്ഗീയശരീര”ങ്ങളും ‘ഭൗമശരീരങ്ങ’ളും എന്നതുകൊണ്ട് എന്താണ് അർഥമാക്കുന്നത്?
12 പൗലൊസ് പറഞ്ഞതുപോലെ മനുഷ്യരുടെ മാംസം മൃഗങ്ങളുടേതിൽനിന്നു വ്യത്യസ്തമാണ്. ഇനി മൃഗങ്ങളിൽത്തന്നെ, ഓരോ ഇനത്തിന്റെയും മാംസം വ്യത്യസ്തമാണ്. (ഉല്പത്തി 1:20-25) ആത്മജീവികളുടെ “സ്വർഗ്ഗീയശരീരങ്ങ”ൾക്കുള്ള തേജസ്സ് ജഡരക്തങ്ങളോടുകൂടിയ ‘ഭൗമശരീരങ്ങ’ളുടേതിൽനിന്നു വ്യത്യസ്തമാണ്. സൂര്യന്റെയും ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും തേജസ്സു തമ്മിൽ വ്യത്യാസമുണ്ട്. എന്നാൽ പുനരുത്ഥാനം പ്രാപിച്ച അഭിഷിക്തർക്ക് അതിലുമേറെ തേജസ്സ് ഉണ്ടായിരിക്കും.
13. 1 കൊരിന്ത്യർ 15:42-44 പറയുന്നതനുസരിച്ച് വിതയ്ക്കപ്പെടുന്നതും ഉയിർപ്പിക്കപ്പെടുന്നതും എന്തിനെ അർഥമാക്കുന്നു?
13 ഈ വ്യത്യാസങ്ങൾ ചൂണ്ടിക്കാണിച്ചശേഷം പൗലൊസ് ഇപ്രകാരം കൂട്ടിച്ചേർത്തു: “മരിച്ചവരുടെ പുനരുത്ഥാനവും അവ്വണ്ണം തന്നേ.” (1 കൊരിന്ത്യർ 15:42-44) “ദ്രവത്വത്തിൽ വിതെക്കപ്പെടുന്നു, അദ്രവത്വത്തിൽ ഉയിർക്കുന്നു” എന്നും അവൻ അവരെ കുറിച്ച് പറയുകയുണ്ടായി. ഇവിടെ, അഭിഷിക്തരെ ഒരു കൂട്ടമെന്ന നിലയിലായിരിക്കാം പൗലൊസ് പരാമർശിച്ചത്. മരണമടയുമ്പോൾ ദ്രവത്വത്തിൽ വിതയ്ക്കപ്പെടുന്ന അവർ പാപ വിമുക്തരായി അദ്രവത്വത്തിൽ ഉയിർപ്പിക്കപ്പെടുന്നു. ലോകം അവരെ അപമാനിക്കുന്നെങ്കിലും അവർ സ്വർഗീയ ജീവനിലേക്ക് ഉയിർപ്പിക്കപ്പെടുകയും ക്രിസ്തുവിനോടുകൂടെ തേജസ്സിൽ വെളിപ്പെടുകയും ചെയ്യുന്നു. മരണത്തിൽ ‘പ്രാകൃത [“ഭൗതിക,” NW] ശരീരം’ വിതയ്ക്കപ്പെടുന്നു, “ആത്മികശരീരം” ഉയിർപ്പിക്കപ്പെടുന്നു. ആത്മജാത ക്രിസ്ത്യാനികളുടെ കാര്യത്തിൽ പുനരുത്ഥാനം സാധ്യമായതുകൊണ്ട് മറ്റുള്ളവർ ഭൂമിയിലെ ജീവനിലേക്ക് ഉയിർപ്പിക്കപ്പെടുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.
14. പൗലൊസ് ക്രിസ്തുവിനെ ആദാമുമായി വിപരീത താരതമ്യം ചെയ്തത് എങ്ങനെ?
14 അടുത്തതായി പൗലൊസ് ക്രിസ്തുവിനെ ആദാമുമായി വിപരീത താരതമ്യം ചെയ്യുന്നു. (1 കൊരിന്ത്യർ 15:45-49) ആദ്യ മനുഷ്യനായ ആദാം “ജീവനുള്ള ദേഹിയായി തീർന്നു.” (ഉല്പത്തി 2:7) “ഒടുക്കത്തെ ആദാം”—യേശു—“ജീവിപ്പിക്കുന്ന ആത്മാവായി.” അവൻ തന്റെ ജീവനെ മറുവിലയാഗമായി അർപ്പിച്ചു. ആ യാഗത്തിന്റെ പ്രയോജനം ആദ്യം ലഭ്യമാകുന്നത് അവന്റെ അഭിഷിക്ത അനുഗാമികൾക്കാണ്. (മർക്കൊസ് 10:45) മനുഷ്യരായിരിക്കെ ‘മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചിരിക്കുന്ന’ അവർ പുനരുത്ഥാനത്തിൽ ഒടുക്കത്തെ ആദാമിനെ പോലെ ആയിത്തീരുന്നു. തീർച്ചയായും, ഭൂമിയിലേക്കു പുനരുത്ഥാനം പ്രാപിക്കുന്നവർ ഉൾപ്പെടെ അനുസരണമുള്ള മുഴു മനുഷ്യവർഗത്തിനും യേശുവിന്റെ മറുവിലയാഗം പ്രയോജനം ചെയ്യും.—1 യോഹന്നാൻ 2:1, 2.
15. അഭിഷിക്ത ക്രിസ്ത്യാനികൾ ‘മാംസരക്തങ്ങളോടെ’ ഉയിർപ്പിക്കപ്പെടാത്തതിനു കാരണമെന്ത്, അവർ യേശുവിന്റെ സാന്നിധ്യകാലത്ത് ഉയിർപ്പിക്കപ്പെടുന്നത് എങ്ങനെ?
15 അഭിഷിക്ത ക്രിസ്ത്യാനികൾ മരിക്കുമ്പോൾ അവർ ‘മാംസരക്തങ്ങളോടെ’യല്ല ഉയിർപ്പിക്കപ്പെടുന്നത്. (1 കൊരിന്ത്യർ 15:50-53) ദ്രവത്വത്തിനു വിധേയമായ അത്തരമൊരു ശരീരത്തിന് അദ്രവത്വവും സ്വർഗരാജ്യവും അവകാശമാക്കാൻ സാധിക്കുകയില്ല. ചില അഭിഷിക്ത ക്രിസ്ത്യാനികൾക്ക് ദീർഘകാലം മരണത്തിൽ നിദ്രകൊള്ളേണ്ടതായി വരില്ല. യേശുവിന്റെ സാന്നിധ്യകാലത്ത് തങ്ങളുടെ ഭൗമികജീവിതം വിശ്വസ്തതയോടെ പൂർത്തിയാക്കുന്നവർ ‘കണ്ണിമെക്കുന്നതിനിടയിൽ രൂപാന്തരപ്പെടും.’ അവർ നൊടിയിടയിൽ, ദ്രവത്വത്തിനു വിധേയമാകുകയില്ലാത്ത, തേജസ്സോടുകൂടിയ ആത്മജീവനിലേക്ക് ഉയിർപ്പിക്കപ്പെടും. കാലാന്തരത്തിൽ ക്രിസ്തുവിന്റെ “മണവാട്ടി”യായ 1,44,000 പേരിലെ അവസാനത്തെയാളും സ്വർഗീയ ജീവനിലേക്കു പ്രവേശിക്കും.—വെളിപ്പാടു 14:1; 19:7-9; 21:9; 1 തെസ്സലൊനീക്യർ 4:15-17.
മരണത്തിന്മേൽ ജയം!
16. പൗലൊസും മുൻ പ്രവാചകന്മാരും പറഞ്ഞപ്രകാരം പാപിയായ ആദാമിൽനിന്നു കൈമാറിക്കിട്ടിയ മരണത്തിന് എന്തു സംഭവിക്കും?
16 മരണം എന്നേക്കുമായി നീങ്ങിപ്പോകുമെന്ന് പൗലൊസ് വിജയാഹ്ലാദത്തോടെ പ്രഖ്യാപിച്ചു. (1 കൊരിന്ത്യർ 15:54-57) ദ്രവത്വത്തിനു വിധേയമായത് അദ്രവത്വവും മർത്യമായത് അമർത്യതയും ധരിക്കുമ്പോൾ ഈ വാക്കുകൾക്കു നിവൃത്തിയുണ്ടാകും: ‘“മരണം നീങ്ങി ജയം വന്നിരിക്കുന്നു.”’ “ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ?” (യെശയ്യാവു 25:8; ഹോശേയ 13:14) മരണത്തിന് ഇടയാക്കുന്ന വിഷമുള്ള് പാപമാണ്. സകല മനുഷ്യരും പാപികളാണെന്നും അതുകൊണ്ടുതന്നെ മരണം അർഹിക്കുന്നവരാണെന്നും ഉള്ള വസ്തുത ന്യായപ്രമാണം തിരിച്ചറിയിച്ചു. എന്നാൽ, യേശുവിന്റെ മറുവിലയാഗവും പുനരുത്ഥാനവും പാപിയായ ആദാമിൽനിന്നു കൈമാറിക്കിട്ടിയ മരണത്തെ എന്നേക്കുമായി കീഴടക്കും.—റോമർ 5:12; 6:23.
17. ഇന്ന് 1 കൊരിന്ത്യർ 15:58-ലെ വാക്കുകൾ എങ്ങനെ ബാധകമാകുന്നു?
17 “ആകയാൽ എന്റെ പ്രിയ സഹോദരന്മാരേ, നിങ്ങൾ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർത്ഥമല്ല എന്നു അറിഞ്ഞിരിക്കയാൽ കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ.” (1 കൊരിന്ത്യർ 15:58) ഈ വാക്കുകൾ യേശുവിന്റെ ഇന്നത്തെ അഭിഷിക്ത ശേഷിപ്പിനും “വേറെ ആടുകൾ”ക്കും ബാധകമാണ്. (യോഹന്നാൻ 10:16) ഈ അന്ത്യനാളുകളിൽ രാജ്യഘോഷകർ എന്ന നിലയിൽ അവർ ചെയ്യുന്ന വേല വ്യർഥമല്ല. കാരണം, മരിക്കുന്നെങ്കിൽപ്പോലും തങ്ങൾ പുനരുത്ഥാനം പ്രാപിക്കുമെന്ന പ്രത്യാശ അവർക്കുണ്ട്. അതുകൊണ്ട്, യഹോവയുടെ ദാസരായ നമുക്ക് കർത്താവിന്റെ വേലയിൽ തിരക്കുള്ളവരായിരിക്കാം. “മരണമേ, നിന്റെ ജയം എവിടെ?” എന്ന് അതിരറ്റ ആഹ്ലാദത്തോടെ വിളിച്ചുചോദിക്കാൻ കഴിയുന്ന ആ ദിവസത്തിനായി നമുക്കു കാത്തിരിക്കാം.
പുനരുത്ഥാന പ്രത്യാശ സാക്ഷാത്കരിക്കപ്പെടുന്നു!
18. പുനരുത്ഥാനത്തിലുള്ള പൗലൊസിന്റെ വിശ്വാസം എത്ര ശക്തമായിരുന്നു?
18 പുനരുത്ഥാനത്തിൽ പൗലൊസിന് ശക്തമായ വിശ്വാസം ഉണ്ടായിരുന്നുവെന്ന് 1 കൊരിന്ത്യർ 15-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന അവന്റെ വാക്കുകൾ സൂചിപ്പിക്കുന്നു. യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടുവെന്നും അതുപോലെതന്നെ മറ്റുള്ളവരും മനുഷ്യവർഗത്തിന്റെ പൊതുശവക്കുഴിയിൽനിന്ന് മുക്തി പ്രാപിക്കുമെന്നും അവന് പൂർണ ഉറപ്പുണ്ടായിരുന്നു. അത്തരമൊരു ഉറച്ച ബോധ്യം നിങ്ങൾക്കുണ്ടോ? ‘യേശുവിനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും അറിയേണ്ടതിന്’ പൗലൊസ് സ്വാർഥ നേട്ടങ്ങളെ ‘ചവറായി’ കണക്കാക്കി. “പുനരുത്ഥാനം [“നേരത്തേയുള്ള പുനരുത്ഥാനം,” NW]” അഥവാ “ഒന്നാമത്തെ പുനരുത്ഥാനം” പ്രാപിക്കാനുള്ള പ്രത്യാശ നിമിത്തം, ക്രിസ്തുവിന്റേതു പോലുള്ള ഒരു മരണത്തിനു കീഴ്പെടാൻ പോലും പൗലൊസ് ഒരുക്കമായിരുന്നു. യേശുവിന്റെ 1,44,000 അഭിഷിക്ത അനുഗാമികൾ ഈ പുനരുത്ഥാനം അനുഭവിച്ചറിയും. സ്വർഗത്തിലെ ആത്മജീവനിലേക്ക് അവർ ഉയിർപ്പിക്കപ്പെടും. “മരിച്ചവരിൽ ശേഷമുള്ളവർ” ഭൂമിയിലെ ജീവനിലേക്ക് ഉയിർപ്പിക്കപ്പെടും എന്നുള്ളതിന് ഇത് തെളിവു നൽകുന്നു.—ഫിലിപ്പിയർ 3:8-11; വെളിപ്പാടു 7:4; 20:5, 6.
19, 20. (എ) ബൈബിളിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന ഏതെല്ലാം വ്യക്തികളായിരിക്കും ഭൂമിയിലെ ജീവനിലേക്ക് ഉയിർപ്പിക്കപ്പെടുന്നത്? (ബി) ആരുടെ പുനരുത്ഥാനത്തിനായാണ് നിങ്ങൾ നോക്കിപ്പാർത്തിരിക്കുന്നത്?
19 മരണത്തോളം വിശ്വസ്തരായിരുന്ന അഭിഷിക്തരെ സംബന്ധിച്ചിടത്തോളം പുനരുത്ഥാന പ്രത്യാശ ഒരു മഹത്തായ യാഥാർഥ്യമായി തീർന്നിരിക്കുന്നു. (റോമർ 8:18; 1 തെസ്സലൊനീക്യർ 4:15-18; വെളിപ്പാടു 2:10) “മഹാകഷ്ട”ത്തെ അതിജീവിക്കുന്നവർ പുനരുത്ഥാന പ്രത്യാശ ഭൂമിയിൽ സാക്ഷാത്കരിക്കപ്പെടുന്നത്, അതായത്, ‘സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുക്കുന്നതും മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുക്കുന്നതും’ കാണും. (വെളിപ്പാടു 7:9, 13, 14; 20:13) ഭൂമിയിലെ ജീവനിലേക്ക് ഉയിർപ്പിക്കുന്നവരുടെ കൂട്ടത്തിൽ ഇയ്യോബും ഉണ്ടായിരിക്കും. ഏഴ് പുത്രന്മാരെയും മൂന്നു പുത്രിമാരെയുമാണ് അവന് മരണത്തിൽ നഷ്ടമായത്. അവരെ തിരികെ സ്വാഗതം ചെയ്യുമ്പോൾ ഇയ്യോബിന് ഉണ്ടാകാൻ പോകുന്ന ആ സന്തോഷം നിങ്ങൾക്കു സങ്കൽപ്പിക്കാനാകുമോ? തങ്ങൾക്ക് വേറെ ഏഴ് സഹോദരന്മാരും സുന്ദരിമാരായ വേറെ മൂന്നു സഹോദരിമാരും ഉണ്ടെന്നറിയുമ്പോൾ ഇയ്യോബിന്റെ മക്കൾക്ക് ഉണ്ടാകുന്ന ആഹ്ലാദം ഒന്നു വിഭാവന ചെയ്യൂ!—ഇയ്യോബ് 1:1, 2, 18, 19; 42:12-15.
20 “സകല പ്രവാചകന്മാരും” അബ്രാഹാമും സാറായും യിസ്ഹാക്കും റിബെക്കായും ഉൾപ്പെടെ മറ്റനേകരും ഭൂമിയിലെ ജീവനിലേക്ക് ഉയിർപ്പിക്കപ്പെടുന്നത് എത്ര മഹത്തരമായിരിക്കും! (ലൂക്കൊസ് 13:28) ആ പ്രവാചകന്മാരിൽ ഒരാൾ മിശിഹൈക രാജ്യത്തിൻ കീഴിലെ പുനരുത്ഥാനം വാഗ്ദാനം ചെയ്യപ്പെട്ട ദാനീയേൽ ആയിരുന്നു. ഏതാണ്ട് 2,500 വർഷമായി ദാനീയേൽ തന്റെ ശവക്കുഴിയിൽ വിശ്രമിക്കുകയാണ്. എന്നാൽ പുനരുത്ഥാനത്തിൽ, ‘സർവ്വഭൂമിയിലെയും പ്രഭുക്കന്മാ’രിൽ ഒരാൾ എന്ന നിലയിലുള്ള ‘തന്റെ ഓഹരി ലഭിപ്പാൻ’ അവൻ ‘എഴുന്നേറ്റുവരും.’ (ദാനീയേൽ 12:13; സങ്കീർത്തനം 45:16) പുരാതന കാലത്തെ യഹോവയുടെ വിശ്വസ്ത ദാസന്മാരെ മാത്രമല്ല, മരണം എന്ന ശത്രു തട്ടിക്കൊണ്ടുപോയ നിങ്ങളുടെ സ്വന്തം പിതാവിനെയോ മാതാവിനെയോ പുത്രനെയോ പുത്രിയെയോ അല്ലെങ്കിൽ നിങ്ങൾക്കു പ്രിയപ്പെട്ട മറ്റാരെയെങ്കിലുമോ തിരികെ സ്വാഗതം ചെയ്യുന്നത് എത്ര പുളകപ്രദമായിരിക്കും!
21. മറ്റുള്ളവർക്ക് നന്മ ചെയ്യുന്നതിൽ നാം ഒരിക്കലും അമാന്തിക്കരുതാത്തത് എന്തുകൊണ്ട്?
21 വർഷങ്ങളോളം ദൈവത്തെ സേവിച്ചവരായ, നമ്മുടെ ചില സുഹൃത്തുക്കളോ പ്രിയപ്പെട്ടവരോ ഇപ്പോൾ വാർധക്യത്തിലായിരിക്കാം. അതുമൂലം, ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ അവർക്കു ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടായിരിക്കാം. ഇപ്പോൾ അവർക്ക് നമ്മളാൽ കഴിയുന്ന സഹായം ചെയ്തുകൊടുക്കുന്നത് എത്ര സ്നേഹപുരസ്സരമായ ഒരു പ്രവൃത്തിയായിരിക്കും! അങ്ങനെയാകുമ്പോൾ മരണത്തിൽ അവർ നമ്മെ വേർപിരിഞ്ഞാലും നമ്മുടെ കടപ്പാടുകൾ നാം വേണ്ടവിധം നിറവേറ്റിയില്ലല്ലോ എന്നോർത്തു ദുഃഖിക്കേണ്ടി വരില്ല. (സഭാപ്രസംഗി 9:11, NW; 12:1-7; 1 തിമൊഥെയൊസ് 5:3, 8) ആളുകളുടെ പ്രായമോ സാഹചര്യമോ ഗണ്യമാക്കാതെ നാം അവർക്കു ചെയ്യുന്ന നന്മകൾ യഹോവ ഒരിക്കലും മറക്കുകയില്ല. “അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മചെയ്ക” എന്ന് പൗലൊസ് എഴുതി.—ഗലാത്യർ 6:10; എബ്രായർ 6:10.
22. പുനരുത്ഥാന പ്രത്യാശ സാക്ഷാത്കരിക്കപ്പെടുന്നതുവരെ എന്തു ചെയ്യാൻ നാം ദൃഢചിത്തർ ആയിരിക്കണം?
22 യഹോവ “മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നല്കുന്ന ദൈവവുമാണ്” (2 കൊരിന്ത്യർ 1:3, 4) അവന്റെ വചനം, പുനരുത്ഥാന പ്രത്യാശയാൽ നമ്മെ ആശ്വസിപ്പിക്കുകയും മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. ആ പ്രത്യാശ സാക്ഷാത്കരിക്കപ്പെടുന്നതുവരെ നമുക്ക്, പുനരുത്ഥാനത്തിൽ വിശ്വാസമുണ്ടായിരുന്ന പൗലൊസിനെ പോലെ ആയിരിക്കാം. വിശേഷാൽ നമുക്ക് യേശുവിന്റെ മാതൃക അനുകരിക്കാം. തന്നെ ഉയിർപ്പിക്കാനുള്ള ദൈവത്തിന്റെ കഴിവിൽ അവൻ വിശ്വസിച്ചു, ആ വിശ്വാസത്തിനു പ്രതിഫലം ലഭിക്കുകയും ചെയ്തു. സ്മാരക കല്ലറകളിൽ ഉള്ളവർ താമസിയാതെ ക്രിസ്തുവിന്റെ ശബ്ദം കേട്ട് പുറത്തു വരും. ഇത് നമുക്ക് ആശ്വാസവും ആനന്ദവും കൈവരുത്തുമാറാകട്ടെ. എന്നാൽ സർവോപരി നമുക്ക് യഹോവയോട്, കർത്താവായ യേശുക്രിസ്തു മുഖാന്തരം മരണത്തിന്മേലുള്ള ജയം സാധ്യമാക്കിത്തീർത്ത നമ്മുടെ ദൈവത്തോട്, കൃതജ്ഞതയുള്ളവർ ആയിരിക്കാം!
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
• യേശുവിന്റെ പുനരുത്ഥാനം സംബന്ധിച്ച് ഏതെല്ലാം ദൃക്സാക്ഷി വിവരണങ്ങളാണ് പൗലൊസ് നൽകിയത്?
• “ഒടുക്കത്തെ ശത്രു” എന്താണ്, അതു നീക്കം ചെയ്യപ്പെടുന്നത് എങ്ങനെ?
• അഭിഷിക്ത ക്രിസ്ത്യാനികളുടെ കാര്യത്തിൽ വിതയ്ക്കപ്പെടുന്നതും ഉയിർപ്പിക്കപ്പെടുന്നതും എന്തിനെ അർഥമാക്കി?
• ഭൂമിയിലെ ജീവനിലേക്ക് ഉയിർപ്പിക്കപ്പെടുന്ന ഏതു ബൈബിൾ കഥാപാത്രങ്ങളെ കാണാനാണു നിങ്ങൾ ആഗ്രഹിക്കുന്നത്?
[16-ാം പേജിലെ ചിത്രം]
പുനരുത്ഥാനം സുനിശ്ചിതമാണെന്നു തെളിയിക്കാൻ അപ്പൊസ്തലനായ പൗലൊസ് ശക്തമായ വാദമുഖങ്ങൾ നിരത്തുകയുണ്ടായി
[20-ാം പേജിലെ ചിത്രങ്ങൾ]
ഇയ്യോബിന്റെയും അവന്റെ കുടുംബാംഗങ്ങളുടെയും അതുപോലെതന്നെ മറ്റനേകരുടെയും പുനരുത്ഥാനം അതീവ സന്തോഷത്തിനുള്ള കാരണമായിരിക്കും!