“മരണം ഇല്ലായ്മ ചെയ്യപ്പെടേണ്ടതാകുന്നു”
“അവസാനത്തെ ശത്രു എന്ന നിലയിൽ, മരണം ഇല്ലായ്മ ചെയ്യപ്പെടേണ്ടതാകുന്നു.”—1 കൊരിന്ത്യർ 15:26, NW.
1, 2. (എ) പൗലൊസ് അപ്പോസ്തലൻ മരിച്ചവർക്കുള്ള എന്തു പ്രത്യാശയാണ് വെച്ചുനീട്ടിയത്? (ബി) പുനരുത്ഥാനം സംബന്ധിച്ച ഏതു ചോദ്യമാണ് പൗലൊസ് പ്രതിപാദിച്ചത്?
“ഞാൻ . . . ശരീരത്തിന്റെ പുനരുത്ഥാനത്തിലും നിത്യജീവനിലും വിശ്വസിക്കുന്നു.” അപ്പോസ്തലിക വിശ്വാസപ്രമാണത്തിന്റെ ഒരു ഭാഗമാണ് അത്. ഒരു കടമ എന്ന നിലയിൽ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും ഇത് ഉരുവിടുന്നു. എന്നാൽ തങ്ങളുടെ വിശ്വാസങ്ങൾക്ക് അപ്പോസ്തലന്മാരുടെ വിശ്വാസത്തോടല്ല, മറിച്ച് ഗ്രീക്കു തത്ത്വചിന്തയോടാണ് സാദൃശ്യമുള്ളത് എന്ന് അവർ തിരിച്ചറിയുന്നതേയില്ല. എന്നിരുന്നാലും, പൗലൊസ് അപ്പോസ്തലൻ ഗ്രീക്കു തത്ത്വചിന്തയെ നിരാകരിച്ചു. അവൻ ആത്മാവിന്റെ അമർത്യതയിൽ വിശ്വസിച്ചില്ല. എന്നാൽ, ഒരു ഭാവി ജീവിതത്തിൽ അവന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. അവൻ നിശ്വസ്തതയിൽ ഇങ്ങനെ എഴുതി: “അവസാനത്തെ ശത്രു എന്ന നിലയിൽ, മരണം ഇല്ലായ്മ ചെയ്യപ്പെടേണ്ടതാകുന്നു.” (1 കൊരിന്ത്യർ 15:26, NW) അത് മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യവർഗത്തിന് എന്ത് അർഥമാക്കുന്നു?
2 ഉത്തരത്തിനായി, 1 കൊരിന്ത്യർ 15-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പുനരുത്ഥാനത്തെ കുറിച്ചുള്ള പൗലൊസിന്റെ ചർച്ചയിലേക്കു നമുക്കു മടങ്ങാം. പ്രാരംഭ വാക്യങ്ങളിൽ പൗലൊസ് പുനരുത്ഥാനത്തെ ക്രിസ്തീയ പഠിപ്പിക്കലിന്റെ ഒരു മർമപ്രധാന ഭാഗമായി സ്ഥാപിച്ചുവെന്ന് നിങ്ങൾ അനുസ്മരിക്കുന്നുണ്ടാകും. ഇപ്പോൾ അവൻ ഒരു പ്രത്യേക ചോദ്യം പ്രതിപാദിക്കുന്നു: “പക്ഷേ ഒരുവൻ; മരിച്ചവർ എങ്ങനെ ഉയിർക്കുന്നു എന്നും ഏതുവിധം ശരീരത്തോടെ വരുന്നു എന്നും ചോദിക്കും.”—1 കൊരിന്ത്യർ 15:35.
ഏതു തരം ശരീരം?
3. ചിലർ പുനരുത്ഥാന പഠിപ്പിക്കൽ നിരാകരിച്ചത് എന്തുകൊണ്ട്?
3 പ്ലേറ്റോയുടെ തത്ത്വചിന്തയുടെ സ്വാധീനത്തെ തകർക്കാൻ ഉദ്ദേശിച്ചായിരിക്കണം പൗലൊസ് ഈ ചോദ്യം ഉന്നയിക്കുന്നത്. മനുഷ്യന് ദേഹത്തിന്റെ മരണത്തെ അതിജീവിക്കുന്ന ഒരു അമർത്യ ആത്മാവ് ഉണ്ടെന്ന് പ്ലേറ്റോ പഠിപ്പിച്ചിരുന്നു. അത്തരം ഒരു ആശയം പഠിച്ചു വളർന്നവർക്ക്, പുനരുത്ഥാനത്തെ സംബന്ധിച്ച ക്രിസ്തീയ പഠിപ്പിക്കൽ നിസ്സംശയമായും അനാവശ്യമായി തോന്നിയിരിക്കും. ആത്മാവ് മരണത്തെ അതിജീവിക്കുന്നെങ്കിൽ, പുനരുത്ഥാനത്തിന്റെ ആവശ്യമെന്ത്? മാത്രവുമല്ല, പുനരുത്ഥാനം യുക്തിക്കു നിരക്കാത്തതാണെന്നും തോന്നിയിരിക്കാം. ശരീരം പൊടിയായിക്കഴിഞ്ഞാൽപ്പിന്നെ, പുനരുത്ഥാനം എങ്ങനെ സാധ്യമാകും? “ശരീരഘടകങ്ങളുടെ പുനഃസ്ഥാപനം അസാധ്യമാണെന്ന തത്ത്വചിന്താപരമായ അടിത്തറയിൽ” അധിഷ്ഠിതമായിരുന്നിരിക്കാം ചില കൊരിന്ത്യരുടെ എതിർപ്പ് എന്ന് ബൈബിൾ ഭാഷ്യകാരനായ ഹൈന്റിച്ച് മേയർ പറയുന്നു.
4, 5. (എ) വിശ്വാസമില്ലാത്തവരുടെ തടസ്സവാദങ്ങൾ യുക്തിസഹമല്ലാത്തത് എന്തുകൊണ്ട്? (ബി) പൗലൊസ് പറയുന്ന ‘വെറും ധാന്യമണി’യുടെ ദൃഷ്ടാന്തം വിശദമാക്കുക. (സി) പുനരുത്ഥാനം പ്രാപിക്കുന്ന അഭിഷിക്തർക്ക് ദൈവം ഏതുതരം ശരീരങ്ങൾ നൽകുന്നു?
4 പൗലൊസ് അവരുടെ വാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നു: “മൂഢാ, നീ വിതെക്കുന്നതു ചത്തില്ല എങ്കിൽ ജീവിക്കുന്നില്ല. നീ വിതെക്കുന്നതോ ഉണ്ടാകുവാനുള്ള ശരീരമല്ല, കോതമ്പിന്റെയോ മററു വല്ലതിന്റെയോ [മറ്റു വല്ല ധാന്യത്തിന്റെയോ,” പി.ഒ.സി. ബൈ.] വെറും മണിയത്രേ വിതെക്കുന്നതു; ദൈവമോ തന്റെ ഇഷ്ടംപോലെ അതിന്നു ഒരു ശരീരവും ഓരോ വിത്തിന്നു അതതിന്റെ ശരീരവും കൊടുക്കുന്നു.” (1 കൊരിന്ത്യർ 15:36-38) ഭൂമിയിലായിരുന്നപ്പോൾ ആളുകൾക്കുണ്ടായിരുന്ന ശരീരങ്ങളല്ല ദൈവം ഉയിർപ്പിക്കാൻ പോകുന്നത്. മറിച്ച്, ഒരു രൂപാന്തരപ്പെടൽ സംഭവിക്കും.
5 പൗലൊസ് പുനരുത്ഥാനത്തെ വിത്ത് പൊട്ടിമുളയ്ക്കുന്നതിനോടു സാദൃശ്യപ്പെടുത്തുന്നു. ഒരു ചെറുമണി ഗോതമ്പിന് അതിൽനിന്നു വളർന്നുവരുന്ന സസ്യവുമായി യാതൊരു സാമ്യവുമില്ല. ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്നു: “ഒരു വിത്തു പൊട്ടിമുളയ്ക്കുമ്പോൾ, അതു വളരെയധികം ജലം ആഗിരണം ചെയ്യുന്നു. ജലം വിത്തിനുള്ളിൽ അനേകം രാസമാറ്റങ്ങൾക്ക് ഇടയാക്കുന്നു. അത് ആന്തര കലകൾ വീർത്ത് വിത്തിന്റെ പുറംതോട് പൊട്ടിക്കാനും ഇടയാക്കുന്നു.” ഫലത്തിൽ, ഒരു വിത്ത് എന്ന നിലയിൽ, വിത്ത് മരിക്കുന്നു, എന്നിട്ട് കിളിർത്ത് സസ്യമായിത്തീരുന്നു. ‘ദൈവം അതിന് ഒരു ശരീരം കൊടുക്കുന്നു,’ അതായത് അതിന്റെ വളർച്ചയെ നിയന്ത്രിക്കുന്ന ശാസ്ത്രീയ നിയമങ്ങൾ വെച്ചിരിക്കുന്നത് അവനാണ് എന്നർഥം; അങ്ങനെ ഓരോ വിത്തിനും അതതിന്റെ തരത്തിലുള്ള ഒരു ശരീരം ലഭിക്കുന്നു. (ഉല്പത്തി 1:11) സമാനമായി, അഭിഷിക്ത ക്രിസ്ത്യാനികൾ മനുഷ്യർ എന്ന നിലയിൽ മരിക്കുന്നു. എന്നിട്ട്, ദൈവത്തിന്റെ നിയമിത സമയത്ത്, അവൻ അവരെ പൂർണമായും പുതിയ ശരീരങ്ങളിൽ ജീവനിലേക്കു തിരിച്ചുകൊണ്ടുവരുന്നു. പൗലൊസ് ഫിലിപ്യരോടു പറഞ്ഞതുപോലെ, “ക്രിസ്തു . . . നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും.” (ഫിലിപ്പിയർ 3:20, 21; 2 കൊരിന്ത്യർ 5:1, 2) അവർ മഹത്ത്വമുള്ള ശരീരങ്ങളിൽ ഉയിർപ്പിക്കപ്പെടുകയും ആത്മമണ്ഡലത്തിൽ ജീവിക്കുകയും ചെയ്യുന്നു.—1 യോഹന്നാൻ 3:2.
6. പുനരുത്ഥാനം പ്രാപിക്കുന്നവർക്ക് ഉചിതമായ ആത്മശരീരങ്ങൾ നൽകാൻ ദൈവത്തിനു കഴിയുമെന്ന് വിശ്വസിക്കുന്നത് ന്യായയുക്തം ആയിരിക്കുന്നത് എന്തുകൊണ്ട്?
6 ഇതു വിശ്വസിക്കുക അങ്ങേയറ്റം ദുഷ്കരമാണോ? അല്ല. മൃഗങ്ങൾക്ക് വ്യത്യസ്ത തരത്തിലുള്ള ശരീരങ്ങളുണ്ടെന്ന് പൗലൊസ് ന്യായവാദം ചെയ്യുന്നു. മാത്രവുമല്ല, “സ്വർഗ്ഗീയ ശരീരങ്ങളും ഭൌമശരീരങ്ങളും ഉണ്ടു” എന്നു പറഞ്ഞുകൊണ്ട് അവൻ സ്വർഗീയ ദൂതന്മാരെയും മാംസവും രക്തവുമുള്ള മനുഷ്യരെയും വിപരീത താരതമ്യം ചെയ്യുന്നു. അചേതന സൃഷ്ടികളിലും വലിയ വൈവിധ്യം ഉണ്ട്. ശാസ്ത്രം നീല നക്ഷത്രങ്ങൾ, ചുവന്ന ഭീമന്മാർ, വെള്ളക്കുള്ളന്മാർ എന്നിങ്ങനെയുള്ള ജ്യോതിർഗോളങ്ങൾ കണ്ടുപിടിക്കുന്നതിനു ദീർഘകാലം മുമ്പുതന്നെ പൗലൊസ് പറഞ്ഞു: “നക്ഷത്രവും നക്ഷത്രവും തമ്മിൽ തേജസ്സുകൊണ്ടു ഭേദം ഉണ്ടല്ലോ.” ഇതിന്റെ വീക്ഷണത്തിൽ, പുനരുത്ഥാനം പ്രാപിക്കുന്ന അഭിഷിക്തർക്ക് ഉചിതമായ സ്വർഗീയ ശരീരങ്ങൾ പ്രദാനം ചെയ്യാൻ ദൈവത്തിനു സാധിക്കുമെന്നത് ന്യായയുക്തമല്ലേ?—1 കൊരിന്ത്യർ 15:39-41.
7. അദ്രവത്വം എന്നതിന്റെ അർഥമെന്ത്, അമർത്യത എന്നതിന്റെ അർഥമോ?
7 എന്നിട്ട് പൗലൊസ് പറയുന്നു: “മരിച്ചവരുടെ പുനരുത്ഥാനവും അവ്വണ്ണം തന്നേ. ദ്രവത്വത്തിൽ വിതെക്കപ്പെടുന്നു, അദ്രവത്വത്തിൽ ഉയിർക്കുന്നു.” (1 കൊരിന്ത്യർ 15:42) ഒരു മനുഷ്യ ശരീരം—പൂർണമായിരിക്കുമ്പോൾപ്പോലും—ദ്രവത്വത്തിനു വിധേയമാണ്. അത് കൊല്ലപ്പെടാവുന്നതാണ്. ഉദാഹരണത്തിന്, പുനരുത്ഥാനം പ്രാപിച്ച യേശു ‘ഇനി ദ്രവത്വത്തിലേക്കു തിരിയില്ല’ എന്ന് പൗലൊസ് പറഞ്ഞു. (പ്രവൃത്തികൾ 13:34) പൂർണതയുള്ളവനെങ്കിലും, ദ്രവത്വത്തിനു വിധേയമായ മനുഷ്യ ശരീരത്തിലുള്ള ജീവനിലേക്ക് അവൻ ഇനിയൊരിക്കലും തിരിച്ചുവരികയില്ല. പുനരുത്ഥാനം പ്രാപിക്കുന്ന അഭിഷിക്തർക്ക് ദൈവം നൽകുന്ന ശരീരങ്ങൾ അദ്രവത്വമുള്ളതാണ്—മരണത്തിനോ അപക്ഷയത്തിനോ വിധേയമാകാത്തതാണ്. പൗലൊസ് തുടരുന്നു: “അപമാനത്തിൽ വിതെക്കപ്പെടുന്നു, തേജസ്സിൽ ഉയിർക്കുന്നു; ബലഹീനതയിൽ വിതെക്കപ്പെടുന്നു, ശക്തിയിൽ ഉയിർക്കുന്നു; പ്രാകൃതശരീരം വിതെക്കപ്പെടുന്നു, ആത്മികശരീരം ഉയിർക്കുന്നു.” (1 കൊരിന്ത്യർ 15:43, 44) കൂടുതലായി, പൗലൊസ് പറയുന്നു: ‘ഈ മർത്യമായതു അമർത്യത്വത്തെ ധരിക്കേണം.’ അമർത്യത അർഥമാക്കുന്നത് അനന്തമായ, അനശ്വരമായ ജീവനെയാണ്. (1 കൊരിന്ത്യർ 15:53; എബ്രായർ 7:15) ഈ വിധത്തിൽ, പുനരുത്ഥാനം പ്രാപിക്കുന്നവർ ‘സ്വർഗ്ഗീയന്റെ,’ അതായത് യേശുവിന്റെ, ‘പ്രതിമ [“സാദൃശ്യം,” NW]’ ധരിക്കുന്നു.—1 കൊരിന്ത്യർ 15:45-49.
8. (എ) പുനരുത്ഥാനം പ്രാപിക്കുന്നവർ തങ്ങൾ ഭൂമിയിൽ ജീവിച്ചിരുന്നപ്പോഴത്തെ അതേ വ്യക്തികൾതന്നെ ആയിരിക്കുമെന്ന് നമുക്ക് എങ്ങനെ അറിയാം? (ബി) പുനരുത്ഥാനം നടക്കുമ്പോൾ ഏതെല്ലാം പ്രവചനങ്ങൾ നിവൃത്തിയേറും?
8 ഇങ്ങനെ രൂപാന്തരപ്പെട്ടാലും, പുനരുത്ഥാനം പ്രാപിക്കുന്നവർ തങ്ങൾ മരിക്കുന്നതിനു മുമ്പായിരുന്ന അതേ വ്യക്തികൾതന്നെ ആയിരിക്കും. അവർ അതേ ഓർമകളും അതേ ശ്രേഷ്ഠ ക്രിസ്തീയ ഗുണങ്ങളും സഹിതം ഉയിർപ്പിക്കപ്പെടും. (മലാഖി 3:3; വെളിപ്പാടു 21:10, 18) ഇതിൽ അവർ യേശുക്രിസ്തുവിനോടു സദൃശരാണ്. അവൻ സ്വർഗീയ ശരീരത്തിൽനിന്ന് മനുഷ്യരൂപത്തിലേക്ക് മാറി. പിന്നെ അവൻ മരിച്ച് ഒരു സ്വർഗീയ വ്യക്തി എന്ന നിലയിൽ ഉയിർപ്പിക്കപ്പെട്ടു. എങ്കിലും “യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ.” (എബ്രായർ 13:8) അഭിഷിക്തർക്ക് എത്ര മഹനീയ പദവിയാണുള്ളത്! പൗലൊസ് പറയുന്നു: ‘ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്നു എഴുതിയ വചനം നിവൃത്തിയാകും. ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ?’—1 കൊരിന്ത്യർ 15:54, 55; യെശയ്യാവു 25:8; ഹോശേയ 13:14.
ഒരു ഭൗമിക പുനരുത്ഥാനമോ?
9, 10. 1 കൊരിന്ത്യർ 15:24-ന്റെ സന്ദർഭത്തിലെ “അവസാനം” എന്താണ് അതുമായി ബന്ധപ്പെട്ട് ഏതെല്ലാം സംഭവങ്ങൾ നടക്കുന്നു? (ബി) മരണം ഇല്ലായ്മ ചെയ്യപ്പെടുന്നതിനു മുമ്പ് എന്തു സംഭവിക്കേണ്ടതുണ്ട്?
9 സ്വർഗത്തിലെ അമർത്യ ആത്മജീവന്റെ പ്രത്യാശയില്ലാത്ത ദശലക്ഷക്കണക്കിന് ആളുകൾക്ക് എന്തെങ്കിലും ഭാവിയുണ്ടോ? തീർച്ചയായും ഉണ്ട്! ക്രിസ്തുവിന്റെ സാന്നിധ്യ കാലത്താണ് സ്വർഗീയ പുനരുത്ഥാനം നടക്കുന്നതെന്ന് വിശദമാക്കിയശേഷം, പൗലൊസ് തുടർന്നുള്ള സംഭവങ്ങൾ വിവരിക്കുന്നു. അവൻ പറയുന്നു: “പിന്നെ അവസാനം; അന്നു അവൻ എല്ലാ വാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും.”—1 കൊരിന്ത്യർ 15:23, 24.
10 “അവസാനം” എന്നത് ക്രിസ്തുവിന്റെ സഹസ്രാബ്ദ വാഴ്ചയുടെ അവസാനമാണ്. അപ്പോൾ യേശു താഴ്മയോടും വിശ്വസ്തതയോടും കൂടെ രാജ്യം തന്റെ ദൈവവും പിതാവുമായവനെ ഏൽപ്പിക്കും. (വെളിപ്പാടു 20:4) “എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്കു”കയെന്ന ദൈവോദ്ദേശ്യം നിറവേറ്റപ്പെട്ടിരിക്കും. (എഫെസ്യർ 1:9, 10) എന്നാൽ ആദ്യം, ദൈവത്തിന്റെ പരമാധികാര ഹിതത്തിന് എതിരായ ‘എല്ലാ വാഴ്ചയും അധികാരവും ശക്തിയും’ ക്രിസ്തു നശിപ്പിച്ചുകഴിഞ്ഞിരിക്കും. ഇതിൽ അർമഗെദോനിൽ വരുത്തിയ നാശത്തിലധികം ഉൾപ്പെടുന്നു. (വെളിപ്പാടു 16:16; 19:11-21) പൗലൊസ് പറയുന്നു: “ദൈവം എല്ലാ ശത്രുക്കളെയും അവന്റെ കാല്ക്കീഴാക്കുവോളം [ക്രിസ്തു] രാജാവ് ആയി വാഴേണ്ടതാകുന്നു. അവസാനത്തെ ശത്രു എന്ന നിലയിൽ, മരണം ഇല്ലായ്മ ചെയ്യപ്പെടേണ്ടതാകുന്നു.” (1 കൊരിന്ത്യർ 15:25, 26, NW) അതേ, ആദാമ്യ പാപത്തിന്റെ എല്ലാ കണികയും മരണവും നീക്കം ചെയ്യപ്പെട്ടിരിക്കും. അപ്പോൾ, ദൈവം “സ്മാരക കല്ലറകളി”ലുള്ളവരെ ജീവനിലേക്കു തിരിച്ചുകൊണ്ടുവന്നുകൊണ്ട് അതിനെ കണിശമായും ശൂന്യമാക്കിയിട്ടുണ്ടായിരിക്കും.—യോഹന്നാൻ 5:28.
11. (എ) മരിച്ചുപോയവരെ ദൈവത്തിന് പുനഃസൃഷ്ടിക്കാൻ ആകുമെന്ന് നമുക്ക് എങ്ങനെ അറിയാം? (ബി) ഭൂമിയിലേക്കു പുനരുത്ഥാനം ചെയ്യപ്പെടുന്നവർക്ക് എങ്ങനെയുള്ള ശരീരങ്ങൾ ലഭിക്കും?
11 ഇതിനർഥം മനുഷ്യരെ പുനഃസൃഷ്ടിക്കുന്നു എന്നാണ്. അത് അസാധ്യമാണോ? അല്ല, എന്തെന്നാൽ ദൈവത്തിന് അതു ചെയ്യാൻ സാധിക്കുമെന്ന് സങ്കീർത്തനം 104:29, 30 നമുക്ക് ഉറപ്പു നൽകുന്നു: “നീ അവയുടെ ശ്വാസം എടുക്കുമ്പോൾ അവ ചത്തു പൊടിയിലേക്കു തിരികെ ചേരുന്നു; നീ നിന്റെ ശ്വാസം അയക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു.” പുനരുത്ഥാനം പ്രാപിക്കുന്നവർ അവരുടെ മരണത്തിനുമുമ്പുള്ള അതേ വ്യക്തികൾതന്നെ ആയിരിക്കുമെങ്കിലും, അവർക്ക് അതേ ശരീരങ്ങൾതന്നെ ഉണ്ടായിരിക്കണമെന്നില്ല. സ്വർഗത്തിലേക്ക് ഉയിർപ്പിക്കപ്പെട്ടവർക്കു നൽകിയതുപോലെ, തനിക്കു പ്രസാദകരമായ ഒരു ശരീരം ദൈവം അവർക്കും നൽകും. നിസ്സംശയമായും അവരുടെ പുതിയ ശരീരങ്ങൾ നല്ല ആരോഗ്യമുള്ളതും ന്യായമായും അവരുടെ ആദ്യ ശരീരത്തോട് സാമ്യമുള്ളതും ആയിരിക്കും. അങ്ങനെ അവരുടെ പ്രിയപ്പെട്ടവർക്ക് അവരെ തിരിച്ചറിയാൻ സാധിക്കും.
12. ഭൗമിക പുനരുത്ഥാനം സംഭവിക്കുന്നത് എപ്പോൾ?
12 ഭൗമിക പുനരുത്ഥാനം എപ്പോഴായിരിക്കും നടക്കുക? മരിച്ചുപോയ തന്റെ സഹോദരനായ ലാസറിനെ കുറിച്ച് മാർത്ത പറഞ്ഞു: “ഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു ഞാൻ അറിയുന്നു.” (യോഹന്നാൻ 11:24) അത് അവൾ എങ്ങനെ അറിഞ്ഞു? പരീശന്മാർ പുനരുത്ഥാനത്തിൽ വിശ്വസിക്കുന്നവരും സദൂക്യർ അതിൽ വിശ്വസിക്കാത്തവരും ആയിരുന്നതുകൊണ്ട് അവളുടെ നാളിൽ അത് ഒരു വിവാദവിഷയമായിരുന്നു. (പ്രവൃത്തികൾ 23:8) എന്നിരുന്നാലും, പുനരുത്ഥാനത്തിൽ പ്രത്യാശ വെച്ചിരുന്ന ക്രിസ്തീയപൂർവ സാക്ഷികളെ കുറിച്ച് മാർത്ത കേട്ടിരിക്കണം. (എബ്രായർ 11:35) പുനരുത്ഥാനം അവസാന നാളിലായിരിക്കും സംഭവിക്കുക എന്ന് ദാനീയേൽ 12:13-ൽനിന്ന് അവൾ ഗ്രഹിച്ചിരിക്കാം. ഒരുപക്ഷേ യേശുവിൽനിന്നായിരിക്കാം അവൾ ഇതു മനസ്സിലാക്കിയത്. (യോഹന്നാൻ 6:39) ആ ‘ഒടുക്കത്തെ നാൾ’ ക്രിസ്തുവിന്റെ സഹസ്രാബ്ദ വാഴ്ചയുമായി ഒത്തുവരുന്നു. (വെളിപ്പാടു 20:6) ഈ മഹത്തായ സംഭവം ആരംഭിക്കുന്ന ആ “നാളി”ലെ ആഹ്ലാദത്തെ കുറിച്ച് ഒന്നു വിഭാവന ചെയ്യുക!—ലൂക്കൊസ് 24:41 താരതമ്യം ചെയ്യുക.
തിരിച്ചുവരുന്നത് ആർ?
13. പുനരുത്ഥാനത്തെ കുറിച്ചുള്ള ഏതു ദർശനം വെളിപ്പാടു 20:12-14-ൽ റിപ്പോർട്ടു ചെയ്തിരിക്കുന്നു?
13 ഭൗമിക പുനരുത്ഥാനത്തെ കുറിച്ചുള്ള യോഹന്നാന്റെ ദർശനം വെളിപ്പാടു 20:12-14-ൽ രേഖപ്പെടുത്തിയിരിക്കുന്നു: “മരിച്ചവർ ആബാലവൃദ്ധം [“മരിച്ചവരെല്ലാവരും, വലിയവരും ചെറിയവരും,” പി.ഒ.സി. ബൈ.] സിംഹാസനത്തിൻ മുമ്പിൽ നില്ക്കുന്നതും കണ്ടു; പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന മറെറാരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി. സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും [“ഹേഡീസും,” NW] തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി. മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു. ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം.”
14. പുനരുത്ഥാനം ചെയ്യുന്നവരിൽ ആരെല്ലാം ഉണ്ടായിരിക്കും?
14 മരിച്ചുപോയ “വലിയവരും ചെറിയവരും,” പ്രമുഖരും സാധാരണക്കാരുമായ ആളുകൾ ഈ പുനരുത്ഥാനത്തിൽ ഉണ്ടായിരിക്കും; എന്തിന്, ശിശുക്കൾ പോലും അതിൽ ഉണ്ടായിരിക്കും! (യിരെമ്യാവു 31:15, 16) പ്രവൃത്തികൾ 24:15-ൽ മറ്റൊരു പ്രധാനപ്പെട്ട വിശദാംശം വെളിപ്പെടുത്തിയിരിക്കുന്നു: “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും.” ഹാബേൽ, ഹാനോക്, നോഹ, അബ്രാഹാം, സാറാ, രാഹാബ് എന്നിങ്ങനെയുള്ള പുരാതനകാല വിശ്വസ്ത സ്ത്രീപുരുഷന്മാർ “നീതിമാന്മാർ”ക്കിടയിലെ പ്രമുഖരായിരിക്കും. (എബ്രായർ 11:1-40) അവരോടു സംസാരിക്കാനും പുരാതന കാലത്തെ ബൈബിൾ സംഭവങ്ങളെ കുറിച്ചുള്ള ദൃക്സാക്ഷി വിവരണങ്ങൾ കേൾക്കാനും സാധിക്കുന്നത് വിഭാവന ചെയ്യുക! അടുത്ത കാലത്ത് മരിച്ചുപോയ സ്വർഗീയ പ്രത്യാശയില്ലാത്ത ദൈവഭക്തരായ ആയിരക്കണക്കിനു വ്യക്തികളും ഈ “നീതിമാന്മാ”രുടെ കൂട്ടത്തിൽപ്പെടും. നിങ്ങളുടെ ഒരു കുടുംബാംഗമോ പ്രിയപ്പെട്ടയാളോ അക്കൂട്ടത്തിൽ ഉണ്ടായിരുന്നേക്കുമോ? നിങ്ങൾക്ക് അവരെ വീണ്ടും കാണാനാകുമെന്ന് അറിയുന്നത് എത്ര ആശ്വാസകരമാണ്! എന്നാൽ തിരിച്ചുവരുന്ന “നീതികെട്ടവർ” ആരായിരിക്കും? ബൈബിൾ സത്യം മനസ്സിലാക്കാനോ അനുസരിക്കാനോ അവസരം ലഭിക്കാതെ മരിച്ചുപോയ ദശലക്ഷക്കണക്കിന്, ചിലപ്പോൾ ശതകോടിക്കണക്കിന്, വരുന്ന ആളുകളാണ് അവർ.
15. തിരിച്ചുവരുന്നവർ ‘പുസ്തകങ്ങളിൽ എഴുതിയിരുന്നതിന് ഒത്തവണ്ണം തങ്ങളുടെ പ്രവൃത്തികൾക്ക് അനുസൃതമായി ന്യായംവിധിക്കപ്പെടുന്നു’ എന്നതിന്റെ അർഥമെന്ത്?
15 എന്നാൽ, തിരിച്ചുവരുന്നവർ ‘പുസ്തകങ്ങളിൽ എഴുതിയിരുന്നതിന് ഒത്തവണ്ണം തങ്ങളുടെ പ്രവൃത്തികൾക്കനുസൃതമായി ന്യായംവിധിക്കപ്പെടുന്ന’തെങ്ങനെയാണ്? ഈ പുസ്തകങ്ങൾ അവരുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളെ കുറിച്ചുള്ള രേഖയല്ല; അവർ മരിച്ചപ്പോൾ, ജീവിച്ചിരുന്ന സമയത്ത് ചെയ്ത എല്ലാ പാപങ്ങളിൽനിന്നും അവർക്ക് വിടുതൽ ലഭിച്ചു. (റോമർ 6:7, 23) എന്നിരുന്നാലും, പുനരുത്ഥാനം പ്രാപിക്കുന്ന മനുഷ്യർ അപ്പോഴും ആദാമ്യ പാപത്തിൻ കീഴിലായിരിക്കും. അതുകൊണ്ട്, യേശുക്രിസ്തുവിന്റെ യാഗത്തിൽനിന്നു പൂർണമായി പ്രയോജനം നേടുന്നതിന് എല്ലാവരും പിൻപറ്റേണ്ട ദിവ്യ നിർദേശങ്ങൾ പ്രദാനം ചെയ്യുന്നവയായിരിക്കണം ഈ പുസ്തകങ്ങൾ. ആദാമ്യ പാപത്തിന്റെ അവസാന കണികയും നീക്കം ചെയ്യപ്പെടുമ്പോൾ, പൂർണ അർഥത്തിൽ ‘മരണം ഇല്ലായ്മ ചെയ്യപ്പെടും.’ ആയിരം വർഷത്തിന്റെ അവസാനത്തോടെ, ദൈവം ‘സകലത്തിലും സകലവും ആയി’ത്തീരും. (1 കൊരിന്ത്യർ 15:28) പിന്നീടൊരിക്കലും മനുഷ്യന് ഒരു മഹാപുരോഹിതന്റെയോ വീണ്ടെടുപ്പുകാരന്റെയോ മധ്യസ്ഥത ആവശ്യമായിവരില്ല. മുഴു മനുഷ്യവർഗവും ആദാം ആരംഭത്തിൽ ആസ്വദിച്ചിരുന്ന പൂർണതയുള്ള അവസ്ഥയിലേക്ക് പുനഃസ്ഥിതീകരിക്കപ്പെടും.
ക്രമീകൃത പുനരുത്ഥാനം
16. (എ) പുനരുത്ഥാനം ഒരു ക്രമീകൃത പ്രക്രിയ ആയിരിക്കുമെന്നു വിശ്വസിക്കുന്നത് ന്യായയുക്തം ആയിരിക്കുന്നത് എന്തുകൊണ്ട്? (ബി) സാധ്യതയനുസരിച്ച്, മരിച്ചവരിൽനിന്ന് ആദ്യം തിരിച്ചുവരുന്നത് ആരായിരിക്കും?
16 സ്വർഗീയ പുനരുത്ഥാനം ക്രമീകൃതമായതുകൊണ്ട്, അഥവാ “ഓരോരുത്തനും താന്താന്റെ നിരയിലാ”യതുകൊണ്ട്, ഭൗമിക പുനരുത്ഥാനവും ക്രമീകൃതമായിരിക്കും. അത് ജനസംഖ്യാ വിസ്ഫോടനത്താൽ കുഴഞ്ഞുമറിഞ്ഞ അവസ്ഥ സൃഷ്ടിക്കുകയില്ല. (1 കൊരിന്ത്യർ 15:23) വ്യക്തമായും, പുതുതായി പുനരുത്ഥാനം പ്രാപിച്ചുവരുന്നവരുടെ ആവശ്യങ്ങൾക്കായി കരുതേണ്ടിവരും. (ലൂക്കൊസ് 8:55 താരതമ്യം ചെയ്യുക.) അവർക്ക് ഭൗതിക ആഹാരവും, അതിലും പ്രധാനമായി, യഹോവയാം ദൈവത്തെയും യേശുക്രിസ്തുവിനെയും കുറിച്ചുള്ള ജീവദായക പരിജ്ഞാനം നേടുന്നതിൽ ആത്മീയ സഹായവും ആവശ്യമാണ്. (യോഹന്നാൻ 17:3) എല്ലാവരും ഒരേ സമയത്ത് ജീവനിലേക്കു തിരിച്ചുവരികയാണെങ്കിൽ, അവർക്കുവേണ്ടി മതിയായ അളവിൽ കരുതുക അസാധ്യമായിരിക്കും. ക്രമാനുഗതമായിട്ടായിരിക്കും പുനരുത്ഥാനം നടക്കുകയെന്ന് അനുമാനിക്കുന്നത് ന്യായയുക്തമാണ്. സാത്താന്റെ വ്യവസ്ഥിതിയുടെ അന്ത്യത്തിനു തൊട്ടു മുമ്പു മരിച്ച വിശ്വസ്ത ക്രിസ്ത്യാനികളായിരിക്കാം ആദ്യം ഉയിർപ്പിക്കപ്പെടാൻ സാധ്യത. “പ്രഭു”ക്കന്മാരായി സേവിക്കാനിരിക്കുന്ന പുരാതന നാളിലെ വിശ്വസ്ത പുരുഷന്മാരും നേരത്തെ ഉയിർപ്പിക്കപ്പെടുമെന്ന് നമുക്കു പ്രതീക്ഷിക്കാവുന്നതാണ്.—സങ്കീർത്തനം 45:16.
17. പുനരുത്ഥാനം സംബന്ധിച്ച് ബൈബിൾ ഉത്തരം നൽകുന്നില്ലാത്ത ചില സംഗതികൾ ഏവ, അത്തരം സംഗതികളെ കുറിച്ച് ക്രിസ്ത്യാനികൾ അനാവശ്യമായി ഉത്കണ്ഠാകുലർ ആകേണ്ട ആവശ്യമില്ലാത്തത് എന്തുകൊണ്ട്?
17 എന്നിരുന്നാലും, അത്തരം സംഗതികളിൽ നാം കടുംപിടുത്തക്കാർ ആകരുത്. പല സംഗതികൾക്കും ബൈബിൾ ഉത്തരം നൽകുന്നില്ല. വ്യക്തികളുടെ പുനരുത്ഥാനം എങ്ങനെ, എപ്പോൾ, ഏതു പ്രദേശങ്ങളിൽ നടക്കും എന്നതിനെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും അതു നൽകുന്നില്ല. തിരിച്ചുവരുന്നവർക്ക് ആഹാരം, വസ്ത്രം, പാർപ്പിടം എന്നിവയെല്ലാം എങ്ങനെ പ്രദാനം ചെയ്യപ്പെടുമെന്ന് അതു പറയുന്നില്ല. ഉയിർപ്പിക്കപ്പെടുന്ന കുട്ടികളെ വളർത്തി പരിപാലിക്കൽ, നമ്മുടെ സുഹൃത്തുക്കളോ പ്രിയപ്പെട്ടവരോ ഉൾപ്പെടുന്ന ചില സ്ഥിതിവിശേഷങ്ങൾ എന്നിങ്ങനെയുള്ള ചില സംഗതികൾ യഹോവ എങ്ങനെ കൈകാര്യം ചെയ്യുമെന്നും നമുക്കു തിട്ടമായി പറയാനാകില്ല. അത്തരം സംഗതികളെ കുറിച്ച് അതിശയിക്കുന്നത് സ്വാഭാവികമാണെന്നത് ശരിതന്നെ; എന്നാൽ ഇപ്പോൾ ഉത്തരമില്ലാത്ത ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിച്ചുകൊണ്ട് സമയം ചെലവഴിക്കുന്നത് ജ്ഞാനപൂർവകമായിരിക്കില്ല. യഹോവയെ വിശ്വസ്തതയോടെ സേവിച്ചുകൊണ്ട് നിത്യജീവൻ നേടുന്നതിലായിരിക്കണം നമ്മുടെ ശ്രദ്ധ. അഭിഷിക്ത ക്രിസ്ത്യാനികൾ തങ്ങളുടെ പ്രത്യാശ മഹനീയമായ സ്വർഗീയ പുനരുത്ഥാനത്തിൽ കേന്ദ്രീകരിക്കുന്നു. (2 പത്രൊസ് 1:10, 11) “വേറെ ആടുകൾ” ദൈവരാജ്യത്തിന്റെ ഭൗമിക മണ്ഡലത്തിൽ ഒരു നിത്യാവകാശത്തിനായി പ്രത്യാശിക്കുന്നു. (യോഹന്നാൻ 10:16; മത്തായി 25:33, 34) പുനരുത്ഥാനത്തെ കുറിച്ച് അറിവില്ലാത്ത അനേകം വിശദാംശങ്ങൾക്കായി നാം യഹോവയിൽ ആശ്രയിക്കുകയാണു വേണ്ടത്. നമ്മുടെ ഭാവി സന്തുഷ്ടി “സകല ജീവികളുടെയും ആഗ്രഹത്തെ തൃപ്തിപ്പെടുത്താൻ” കഴിവുള്ളവന്റെ കൈകളിൽ സുരക്ഷിതമാണ്.—സങ്കീർത്തനം 145:16, NW; യിരെമ്യാവു 17:7.
18. (എ) പൗലൊസ് ഏതു വിജയത്തെ കുറിച്ച് എടുത്തുപറയുന്നു? (ബി) നാം പുനരുത്ഥാന പ്രത്യാശയിൽ ഉറപ്പോടെ വിശ്വസിക്കുന്നത് എന്തുകൊണ്ട്?
18 ഇങ്ങനെ ഉദ്ഘോഷിച്ചുകൊണ്ട് പൗലൊസ് തന്റെ വാദഗതി ഉപസംഹരിക്കുന്നു: “നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിന്നു സ്തോത്രം”! (1 കൊരിന്ത്യർ 15:57) അതേ, യേശുക്രിസ്തുവിന്റെ മറുവിലയാഗത്തിലൂടെ ആദാമ്യ മരണത്തിന്മേൽ ജയം നേടുന്നു, ആ വിജയത്തിൽ അഭിഷിക്തരും “വേറെ ആടുകളും” പങ്കുപറ്റുന്നു. തീർച്ചയായും, ഇന്ന്, ഈ തലമുറയിൽ ജീവനോടിരിക്കുന്ന “വേറെ ആടുകൾ”ക്ക് അനുപമമായ ഒരു പ്രത്യാശയുണ്ട്. വർധിച്ചുകൊണ്ടിരിക്കുന്ന “മഹാപുരുഷാര”ത്തിന്റെ ഭാഗമെന്ന നിലയിൽ, അവർ വരാനിരിക്കുന്ന “മഹോപദ്രവ”ത്തെ അതിജീവിക്കുകയും ഒരിക്കലും ശാരീരിക മരണം അനുഭവിക്കാതിരിക്കുകയും ചെയ്തേക്കാം! (വെളിപ്പാടു 7:9, 14) എന്നാൽ, “കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങ”ളും നിമിത്തമോ സാത്താന്റെ ഏജന്റുമാരുടെ കൈകളാലോ മരിക്കുന്നവർക്ക് ഉറപ്പായും പുനരുത്ഥാന പ്രത്യാശയിൽ പ്രതീക്ഷ അർപ്പിക്കാവുന്നതാണ്.—സഭാപ്രസംഗി 9:11, NW.
19. ഇന്ന് ക്രിസ്ത്യാനികൾ എല്ലാവരും ഏതു ബുദ്ധ്യുപദേശത്തിനു ചെവി കൊടുക്കണം?
19 അതുകൊണ്ട്, മരണം ഇല്ലായ്മ ചെയ്യപ്പെടുന്ന ആ മഹനീയ ദിവസത്തിനായി നാം ആകാംക്ഷാപൂർവം കാത്തിരിക്കുന്നു. യഹോവയുടെ പുനരുത്ഥാന വാഗ്ദാനത്തിലുള്ള നമ്മുടെ അചഞ്ചലമായ വിശ്വാസം സംഗതികൾ സംബന്ധിച്ച് യാഥാർഥ്യബോധത്തോടെയുള്ള ഒരു വീക്ഷണം നമുക്ക് പ്രദാനം ചെയ്യുന്നു. ഈ ജീവിതത്തിൽ എന്തു സംഭവിച്ചാലും—നാം മരിക്കേണ്ടിവന്നാൽ പോലും—യഹോവ വാഗ്ദാനം ചെയ്തിരിക്കുന്ന പ്രതിഫലം നമ്മിൽനിന്നു കവരാൻ യാതൊന്നിനും കഴിയുകയില്ല. അതുകൊണ്ട്, കൊരിന്ത്യർക്കുള്ള പൗലൊസിന്റെ അവസാന ബുദ്ധ്യുപദേശം രണ്ടായിരം വർഷം മുമ്പത്തെപ്പോലെ ഇന്നും സമുചിതമാണ്: “ആകയാൽ എന്റെ പ്രിയ സഹോദരൻമാരേ, നിങ്ങൾ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർത്ഥമല്ല എന്നു അറിഞ്ഞിരിക്കയാൽ കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ.”—1 കൊരിന്ത്യർ 15:58.
നിങ്ങൾക്കു വിശദീകരിക്കാമോ?
□ പുനരുത്ഥാനം പ്രാപിക്കുമ്പോൾ അഭിഷിക്തർക്ക് ഏതുതരം ശരീരമായിരിക്കും ഉണ്ടായിരിക്കുക എന്ന ചോദ്യത്തിന് പൗലൊസ് ഉത്തരം പറഞ്ഞത് എങ്ങനെ?
□ അവസാനം മരണം എങ്ങനെ, എപ്പോൾ ഇല്ലായ്മ ചെയ്യപ്പെടും?
□ ഭൗമിക പുനരുത്ഥാനത്തിൽ ആരെല്ലാം ഉൾപ്പെടും?
□ ബൈബിൾ ഉത്തരം നൽകാത്ത സംഗതികളെ കുറിച്ചുള്ള നമ്മുടെ മനോഭാവം എന്തായിരിക്കണം?
[20-ാം പേജിലെ ചിത്രം]
വിസ്മയാവഹമായ ഒരു മാറ്റത്തിനു വിധേയമായിക്കൊണ്ട് ഒരു വിത്ത് ‘ചാകുന്നു’
[23-ാം പേജിലെ ചിത്രം]
പുനരുത്ഥാനം പ്രാപിക്കുന്നവരിൽ നോഹ, അബ്രാഹാം, സാറാ, രാഹാബ് എന്നിങ്ങനെയുള്ള വിശ്വസ്ത സ്ത്രീപുരുഷന്മാർ ഉണ്ടായിരിക്കും
[24-ാം പേജിലെ ചിത്രം]
പുനരുത്ഥാനം മഹാ സന്തോഷത്തിന്റെ സമയം ആയിരിക്കും!