‘കർത്താവിനെ കണ്ടുമുട്ടുന്നതിന് എടുക്കപ്പെടുന്നു’—എങ്ങനെ?
ഇപ്പോഴത്തെ ദുഷ്ടവ്യവസ്ഥിതിയുടെ അവസാനത്തിലേക്കുള്ള കൗണ്ട്ഡൗൺ സ്ഥിരമായി തുടരുകയാണ്. ഓരോ മണിക്കൂറും ഓരോ മിനിററും ഓരോ സെക്കൻഡും കടന്നുപോകുമ്പോൾ ദീർഘകാലം മുമ്പു പ്രവചിച്ചിരുന്ന ശ്രദ്ധേയമായ സംഭവങ്ങളോടു നാം സമീപിക്കുകയാണ്. ഉത്പ്രാപണം ഇവയിലൊന്നാണോ? ആണെങ്കിൽ, അത് എപ്പോൾ, എങ്ങനെ സംഭവിക്കും?
“ഉത്പ്രാപണം” എന്ന പദം ബൈബിളിലില്ല. എന്നാൽ അതിൽ വിശ്വസിക്കുന്നവർ തങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനമായി 1 തെസ്സലൊനീക്യർ 4:17-ലെ അപ്പോസ്തലനായ പൗലോസിന്റെ വാക്കുകൾ ഉദ്ധരിക്കുന്നു. നമുക്ക് ഈ തിരുവെഴുത്തിനെ അതിന്റെ സന്ദർഭത്തിൽ പരിശോധിക്കാം. പൗലോസ് ഇങ്ങനെ എഴുതി:
“സഹോദരൻമാരേ, നിങ്ങൾ പ്രത്യാശയില്ലാത്ത മററുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന്നു നിദ്രകൊള്ളുന്നവരെക്കുറിച്ചു അറിവില്ലാതിരിക്കരുതു എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. യേശു മരിക്കയും ജീവിച്ചെഴുന്നേല്ക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നേ ദൈവം നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും. കർത്താവിന്റെ പ്രത്യക്ഷതവരെ ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവർക്കു മുമ്പാകയില്ല എന്നു ഞങ്ങൾ കർത്താവിന്റെ വചനത്താൽ നിങ്ങളോടു പറയുന്നു. കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുകയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേല്ക്കയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും. ഈ വചനങ്ങളെക്കൊണ്ടു അന്യോന്യം ആശ്വസിപ്പിച്ചുകൊൾവിൻ.”—1 തെസ്സലൊനീക്യർ 4:13-18.
പൊ.യു. (പൊതുയുഗം) ഏതാണ്ട് 50-ൽ തെസ്സലോനീക്യ സഭയിലെ ക്രിസ്ത്യാനികളെ സംബോധനചെയ്തു പൗലോസ് തന്റെ ആദ്യലേഖനം എഴുതിയപ്പോൾ ആ സഭ താരതമ്യേന പുതുതായിരുന്നു. തങ്ങളിൽപ്പെട്ട ചിലർ “മരണത്തിൽ നിദ്രകൊള്ളു”ന്നതുസംബന്ധിച്ച് ആ സഭാംഗങ്ങൾ ദുഃഖിതരായിരുന്നു. എന്നിരുന്നാലും, പൗലോസിന്റെ എഴുത്ത് പുനരുത്ഥാനപ്രത്യാശകൊണ്ടു തെസ്സലോനീക്യരെ ആശ്വസിപ്പിച്ചു.
ക്രിസ്തുവിന്റെ “സാന്നിദ്ധ്യം”
അന്നു മരിച്ചിരുന്ന വിശ്വസ്തക്രിസ്ത്യാനികൾ പുനരുത്ഥാനംപ്രാപിക്കുമെന്നു സ്ഥിരീകരിക്കവെ പൗലോസ് ഇങ്ങനെയും പറഞ്ഞു: “കർത്താവിന്റെ പ്രത്യക്ഷതവരെ [സാന്നിദ്ധ്യം, NW] ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവർക്കു മുമ്പാകയില്ല.” (വാക്യം 15) തീർച്ചയായും, അപ്പോസ്തലൻ കർത്താവിന്റെ “സാന്നിദ്ധ്യ”ത്തെ പരാമർശിച്ചതു ശ്രദ്ധാർഹമാണ്. ഇവിടെ മൂലഭാഷാപാഠം പറൂസിയൻ എന്ന ഗ്രീക്ക് പദം ഉപയോഗിക്കുന്നു, അതിന്റെ അക്ഷരീയമായ അർത്ഥം “അരികത്തായിരിക്കുക” എന്നാണ്.
ഒരു വിദേശ രാഷ്ട്രത്തലവൻ ഒരു രാജ്യം സന്ദർശിക്കുമ്പോൾ, അദ്ദേഹത്തിന്റെ അവിടത്തെ സാന്നിദ്ധ്യത്തിന്റെ തീയതി സാധാരണയായി നേരത്തെ അറിയിക്കുന്നു. കർത്താവായ യേശുക്രിസ്തുവിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് ഇതു സത്യമായിരുന്നിട്ടുണ്ട്. സ്വർഗ്ഗീയരാജ്യാധികാരത്തിലുള്ള യേശുവിന്റെ സാന്നിദ്ധ്യം 1914-ൽ തുടങ്ങിയെന്നതിനു വീക്ഷാഗോപുരം പരമാർത്ഥഹൃദയികളായ ബൈബിൾപ്രവചനപഠിതാക്കൾക്കു പരസ്പരയോജിപ്പോടെ തെളിവു സമർപ്പിച്ചിട്ടുണ്ട്. ആ വർഷംമുതലുള്ള സംഭവങ്ങൾ യേശുവിന്റെ അദൃശ്യസാന്നിദ്ധ്യത്തെ സാക്ഷ്യപ്പെടുത്തുന്നു. (മത്തായി 24:3-14) അതുകൊണ്ടു കർത്താവിന്റെ സാന്നിദ്ധ്യകാലത്തു ജീവിക്കുന്ന ചില ക്രിസ്ത്യാനികൾ “ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും” എന്നു പറഞ്ഞതിനാൽ ആ അതിജീവകർ ഭൂമിയുടെ അന്തരീക്ഷത്തിലല്ല, പിന്നെയോ യേശു ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കുന്ന അദൃശ്യസ്വർഗ്ഗീയ മണ്ഡലത്തിൽ ക്രിസ്തുവിനെ കണ്ടുമുട്ടുമെന്നാണു പൗലോസ് അർത്ഥമാക്കിയത്. (എബ്രായർ 1:1-3) എന്നാൽ അവർ ആരാണ്?
“ദൈവത്തിന്റെ ഇസ്രയേൽ”
തിരുവെഴുത്തുകൾ ജഡിക ഇസ്രയേലിനെക്കുറിച്ചു വളരെയധികം പ്രസ്താവിക്കുന്നുണ്ട്, ‘ദൈവത്തിന്റെ ആത്മീയ ഇസ്രയേലിനെ’ക്കുറിച്ചും പറയുന്നുണ്ട്. യഹൂദവിശ്വാസികളും വിജാതീയ വിശ്വാസികളും ദൈവത്തിന്റെ പരിശുദ്ധാത്മാവ് അഥവാ പ്രവർത്തനനിരതമായ ശക്തികൊണ്ട് അഭിഷിക്തരാകുന്ന ഈ കൂട്ടത്തിന്റെ പൂർണ്ണസംഖ്യ തികയ്ക്കണമായിരുന്നു. (ഗലാത്യർ 6:16; റോമർ 11:25, 26; 1 യോഹന്നാൻ 2:20, 27) ആത്മീയ ഇസ്രയേലിന്റെ മൊത്തം സംഖ്യ 1,44,000 ആണെന്നു വെളിപ്പാടുപുസ്തകം പ്രകടമാക്കുന്നു, അവരെല്ലാം കുഞ്ഞാടായ യേശുക്രിസ്തുവിനോടുകൂടെ സ്വർഗ്ഗീയ സീയോൻമലയിൽ നിൽക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. ക്രിസ്തുവിനോടൊപ്പം അവർ സ്വർഗ്ഗത്തിൽ രാജാക്കൻമാരും പുരോഹിതൻമാരുമായിരിക്കും. (വെളിപ്പാടു 7:1-8; 14:1-4; 20:6) തെസ്സലൊനീക്യയിലും മററുള്ളേടങ്ങളിലുമുണ്ടായിരുന്ന സഭകളോടു സഹവസിച്ചിരുന്ന വ്യക്തികൾ അവരിൽ ഉൾപ്പെടും, അവരുടെ വർഗ്ഗീയവും ദേശീയവുമായ പശ്ചാത്തലം എന്തായിരുന്നാലും.—പ്രവൃത്തികൾ 10:34, 35.
ആത്മീയ ഇസ്രയേലിലെ വിശ്വസ്തരായ ഏതംഗങ്ങൾക്കും ഒരു സ്വർഗ്ഗീയ പ്രതിഫലം സ്വീകരിക്കാൻ കഴിയുന്നതിനുമുമ്പ്, അവർ ഒരു പ്രത്യേക അനുഭവത്തിൽ പങ്കുപറേറണ്ടതാണ്. സ്വർഗ്ഗങ്ങളിലെ ജീവിതത്തിലേക്കുള്ള തന്റെ പുനരുത്ഥാനത്തിനുമുമ്പു യേശുവിന്റെ ദണ്ഡനസ്തംഭത്തിലെ മരണം നടന്നതുപോലെ, സ്വർഗ്ഗീയ പ്രത്യാശയുള്ള ക്രിസ്ത്യാനികൾ തങ്ങളുടെ പ്രതിഫലം പ്രാപിക്കുന്നതിനുമുമ്പു മരിക്കേണ്ടതാണ്. (1 കൊരിന്ത്യർ 15:35, 36) അതു പൊ.യു. ഒന്നാം നൂററാണ്ടിൽ ജീവിച്ചിരുന്ന ആത്മീയ ഇസ്രയേലിലെ അംഗങ്ങളെക്കുറിച്ചും ഇന്നു ജീവിച്ചിരിക്കുന്ന അങ്ങനെയുള്ള വ്യക്തികളെക്കുറിച്ചും സത്യമായിരിക്കും.
“കർത്താവിന്റെ സാന്നിദ്ധ്യ”ത്തെക്കുറിച്ചു പറഞ്ഞശേഷം, മരിച്ചുപോയ വിശ്വസ്ത ആത്മീയ ഇസ്രയേല്യർ തങ്ങളുടെ സ്വർഗ്ഗീയ പ്രതിഫലം പ്രാപിക്കുന്ന സമയത്തിലേക്കു പൗലോസ് വിരൽചൂണ്ടി. അവൻ ഇങ്ങനെ എഴുതി: “കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേല്ക്കയും ചെയ്യും.” (വാക്യം 16) തന്നിമിത്തം, രാജാവായുള്ള യേശുവിന്റെ സാന്നിദ്ധ്യം തുടങ്ങിക്കഴിഞ്ഞാൽ, അപ്പോഴേക്കും നിർമ്മലതാപാലകരെന്ന നിലയിൽ മരിച്ചുപോയിരുന്ന ആത്മീയ ഇസ്രയേലിൽ പെട്ടവർ തുടങ്ങി സ്വർഗ്ഗീയ പുനരുത്ഥാനം ആരംഭിക്കുമെന്നു നാം പ്രതീക്ഷിക്കണം. (1 കൊരിന്ത്യർ 15:23) അവർ ഇപ്പോൾ യേശുവിനോടുകൂടെ സ്വർഗ്ഗത്തിൽ സേവിക്കുകയാണ്. എന്നാൽ ഇപ്പോഴും ഭൂമിയിൽ ജീവിക്കുന്ന താരതമ്യേന ചുരുക്കമായ അഭിഷിക്തക്രിസ്ത്യാനികളെ സംബന്ധിച്ചെന്ത്? അവർ ഉത്പ്രാപണത്തിനായി കാത്തിരിക്കുന്നുവോ?
“എടുക്കപ്പെടും”—എങ്ങനെ?
മരിച്ചുപോയിരുന്ന അഭിഷിക്തക്രിസ്ത്യാനികളെ പരാമർശിച്ച ശേഷം പൗലോസ് ഇങ്ങനെ കൂട്ടിച്ചേർത്തു: “പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.” (വാക്യം 17) “ജീവനോടെ ശേഷിക്കുന്നവർ” ക്രിസ്തുവിന്റെ സാന്നിദ്ധ്യകാലത്തു ജീവിക്കുന്നവരാണ്. അവർ കർത്താവായ യേശുവിനെ കണ്ടുമുട്ടാൻ “എടുക്കപ്പെടും.” വിശ്വസ്തരായ ആദിമക്രിസ്ത്യാനികളുടെ കാര്യത്തിലെന്നപോലെ, അവർ സ്വർഗ്ഗത്തിൽ ക്രിസ്തവിനോടു ചേരുന്നതിന് ഒരു മനുഷ്യനായിട്ടുള്ള മരണം ആവശ്യമാണ്.—റോമർ 8:17, 35-39.
കൊരിന്തിലെ ക്രിസ്ത്യാനികൾക്കെഴുതിയപ്പോൾ പൗലോസ് ഇങ്ങനെ പ്രസ്താവിച്ചു: “സഹോദരൻമാരേ, മാംസരക്തങ്ങൾക്കു ദൈവരാജ്യത്തെ അവകാശമാക്കുവാൻ കഴികയില്ല, ദ്രവത്വം അദ്രവത്വത്തെ അവകാശമാക്കുകയുമില്ല എന്നു ഞാൻ പറയുന്നു. ഞാൻ ഒരു മർമ്മം നിങ്ങളോടു പറയാം: നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാൽ അന്ത്യ കാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമെക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും.” (1 കൊരിന്ത്യർ 15:50-52) ക്രിസ്തുവിന്റെ സാന്നിദ്ധ്യകാലത്തു വിശ്വസ്തരായി മരിക്കുമ്പോൾ ആത്മീയ ഇസ്രയേലിന്റെ ശേഷിപ്പിൽപെട്ട ഓരോരുത്തരും തൽക്ഷണം തന്റെ സ്വർഗ്ഗീയ പ്രതിഫലം പ്രാപിക്കുന്നു. “കണ്ണിമെക്കുന്നിടയിൽ” അയാൾ ഒരു ആത്മീയജീവിയായി ഉയിർപ്പിക്കപ്പെടുകയും യേശുവിനെ കണ്ടെത്താനും സ്വർഗ്ഗരാജ്യത്തിൽ ഒരു സഹഭരണാധികാരിയായി സേവിക്കാനുമായി “എടുക്കപ്പെടു”കയും ചെയ്യുന്നു. എന്നാൽ യഹോവയെ ആരാധിക്കുന്ന മറെറല്ലാവരെയും സംബന്ധിച്ചെന്ത്? ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്തം സമീപിക്കുമ്പോൾ അവരും സ്വർഗ്ഗത്തിലേക്കു എടുക്കപ്പെടുമോ?
അതിജീവനം—എന്നാൽ ഉത്പ്രാപണത്താലല്ല
യേശുവിന്റെ രാജകീയ സാന്നിദ്ധ്യം 1914-ൽ തുടങ്ങിയതുകൊണ്ടു നാം ഈ ലോകത്തിന്റെ “അന്ത്യകാല”ത്തേക്കു ബഹുദൂരം വന്നിരിക്കുകയാണ്. (ദാനിയേൽ 12:4) പൗലോസ് ഇങ്ങനെ മുന്നറിയിപ്പുനൽകി: “സഹോദരൻമാരേ, കാലങ്ങളെയും സമയങ്ങളെയും കുറിച്ചു നിങ്ങളെ എഴുതിയറിയിപ്പാൻ ആവശ്യമില്ല. കള്ളൻ രാത്രിയിൽ വരുമ്പോലെ കർത്താവിന്റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നേ നന്നായി അറിയുന്നുവല്ലോ. അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ഗർഭിണിക്കു പ്രസവവേദന വരുംപോലെ അവർക്കു പെട്ടെന്നു നാശം വന്നു ഭവിക്കും; അവർക്കു തെററിയൊഴിയാവതുമല്ല.” (1 തെസ്സലൊനീക്യർ 5:1-3) എന്നാൽ ജാഗ്രതയുള്ള ക്രിസ്ത്യാനികൾ രക്ഷപെടും. എങ്ങനെ?
“സമാധാനമെന്നും നിർഭയമെന്നു”മുള്ള മുറവിളി യേശു “മഹോപദ്രവം” എന്നു വിളിച്ച കാലഘട്ടത്തിന്റെ മുന്നോടിയാണ്. ഒരു ഭൗമിക പറുദീസയിൽ എന്നേക്കും ജീവിക്കാമെന്നു പ്രത്യാശിക്കുന്ന വിശ്വസ്തരുടെ ഒരു മഹാപുരുഷാരത്തെ വർണ്ണിച്ചുകൊണ്ടു വെളിപ്പാടുപുസ്തകം പറയുന്നു: “ഇവർ മഹാകഷ്ടത്തിൽനിന്നു വന്നവർ; കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.” (വെളിപ്പാടു 9:7, 14; ലൂക്കൊസ് 23:43) അല്ല, അവരുടേത് ഉത്പ്രാപണപ്രത്യാശയല്ല. മറിച്ച്, അവർക്ക് ഇവിടെ ഭൂമിയിൽത്തന്നെ അതിജീവിക്കുന്നതിനുള്ള പ്രത്യാശയാണുള്ളത്. അതിനുവേണ്ടി ഒരുങ്ങുന്നതിന് അവർ ആത്മീയമായി ഉണർന്നിരിക്കണം. നിങ്ങൾക്ക് ഇത് എങ്ങനെ ചെയ്യാനും ഈ വ്യവസ്ഥിതിയുടെ അവസാനത്തെ അതിജീവിക്കാനും കഴിയും?
നിങ്ങൾ ‘സുബോധത്തോടെ വിശ്വാസവും സ്നേഹം എന്ന കവചവും ശിരസ്ത്രമായി രക്ഷയുടെ പ്രത്യാശയും ധരിക്കേണ്ട’ ആവശ്യമുണ്ട്. (1 തെസ്സലൊനീക്യർ 5:6-8) ഇപ്പോൾ ദൈവത്തിന്റെ പ്രാവചനികവചനമായ ബൈബിളിനു ശ്രദ്ധകൊടുക്കേണ്ട സമയമാണ്. ഈ വ്യവസ്ഥിതിയുടെ അവസാനംവരെ കാലം കടന്നുപോകുമ്പോൾ പൗലോസിന്റെ ഈ ബുദ്ധിയുപദേശത്തിനു ശ്രദ്ധകൊടുക്കുക: “പ്രവചനം തുച്ഛീകരിക്കരുത്. സകലവും ശോധനചെയ്തു നല്ലതു മുറുകെ പിടിപ്പിൻ.” (1 തെസ്സലൊനീക്യർ 5:20, 21) അങ്ങനെ യഹോവയുടെ സാക്ഷികൾ തങ്ങളുടെ രാജ്യഹാളിലേക്കു നിങ്ങളെ സ്വാഗതംചെയ്യുന്നു, അവിടെ ബൈബിൾപ്രവചനങ്ങളുടെയും ദൈവത്തിന്റെ നിശ്വസ്തവചനത്തിലെ മററു സവിശേഷതകളുടെയും പഠനത്തിൽ നിങ്ങൾക്ക് അവരോടു ചേരാവുന്നതാണ്.
നിങ്ങൾ സൂക്ഷ്മപരിജ്ഞാനത്തിലും വിശ്വാസത്തിലും വളർച്ച പ്രാപിക്കുമ്പോൾ, അഖിലാണ്ഡത്തിൽനിന്നു തന്റെ ശത്രുക്കളെ നീക്കംചെയ്തു ഭൂമിയെ ഒരു പറുദീസയാക്കി പുനഃസ്ഥാപിക്കാനുള്ള യഹോവയാം ദൈവത്തിന്റെ ഉദ്ദേശ്യനിവൃത്തി നിങ്ങൾ തിരിച്ചറിയും. വിശ്വാസം പ്രകടമാക്കുന്നതിനാൽ, നിങ്ങൾക്കും മഹോപദ്രവത്തെ അതിജീവിക്കുന്നവരിൽ ഉൾപ്പെടാനും ഭൂമിയിലെ ജീവനിലേക്ക് ഉയിർപ്പിക്കപ്പെടുന്ന ജനലക്ഷങ്ങളെ തിരികെ സ്വാഗതംചെയ്യാനുള്ള പദവി ആസ്വാദിക്കാനും കഴിയും. യേശുക്രിസ്തുവിന്റെയും സ്വർഗ്ഗീയമണ്ഡലത്തിലെ ജീവനിലേക്കു പുനരുത്ഥാനം പ്രാപിച്ചുകൊണ്ടു ‘കർത്താവിനെ കണ്ടുമുട്ടുന്നതിനു എടുക്കപ്പെട്ടിരിക്കുന്ന’, അവന്റെ സഹഭരണാധികാരികളുടെയും കൈകളിലെ ദൈവരാജ്യത്തിൻകീഴിൽ ജീവിക്കുന്നത് എന്തൊരു സന്തോഷമായിരിക്കും!
അപ്പോൾ, പൊതു മനുഷ്യവർഗ്ഗത്തിനുള്ള യഥാർത്ഥ തിരുവെഴുത്തുപ്രത്യാശ എന്താണ്? അത് ഒരു ഉത്പ്രാപണമല്ല. മറിച്ച്, അതു ദൈവരാജ്യഭരണത്തിൻകീഴിൽ ഭൂമിയിലെ നിത്യജീവിതമാണ്.
[7-ാം പേജിലെ ചിത്രം]
മഹോപദ്രവത്തെ അതിജീവിക്കുന്നവർ യേശുവിന്റെയും സ്വർഗ്ഗത്തിലേക്ക് “എടുക്കപ്പെടു”ന്നവരുടെയും ഭരണത്തിൻകീഴിൽ ഒരു പറുദീസാഭൂമിയിലേക്ക് ഉയിർപ്പിക്കപ്പെടുന്നവരെ സ്വാഗതംചെയ്യും