പഠനലേഖനം 50
‘മരിച്ചവർ എങ്ങനെ ഉയിർപ്പിക്കപ്പെടും?’
“മരണമേ, നിന്റെ വിജയം എവിടെ? മരണമേ, നിന്റെ വിഷമുള്ള് എവിടെ?”—1 കൊരി. 15:55.
ഗീതം 141 ജീവൻ എന്ന അത്ഭുതം
പൂർവാവലോകനംa
1-2. എല്ലാ ക്രിസ്ത്യാനികളും സ്വർഗീയ പുനരുത്ഥാനത്തെക്കുറിച്ച് മനസ്സിലാക്കേണ്ടത് എന്തുകൊണ്ട്?
ഇക്കാലത്ത് യഹോവയെ സേവിക്കുന്ന മിക്കവരും ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശയുള്ളവരാണ്. എന്നാൽ, ഇപ്പോൾ ഭൂമിയിൽ ജീവിച്ചിരിക്കുന്ന അഭിഷിക്തക്രിസ്ത്യാനികളുടെ ഒരു ചെറിയകൂട്ടത്തിന് സ്വർഗീയജീവനിലേക്ക് ഉയിർപ്പിക്കപ്പെടാനുള്ള പ്രത്യാശയാണുള്ളത്. സ്വർഗത്തിലെ തങ്ങളുടെ ജീവിതം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാൻ ഈ അഭിഷിക്തക്രിസ്ത്യാനികൾ അങ്ങേയറ്റം ആകാംക്ഷയുള്ളവരാണ്. എന്നാൽ ഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ളവർ ഇക്കാര്യങ്ങൾ അറിയേണ്ടതുണ്ടോ? നമ്മൾ പഠിക്കാൻ പോകുന്നതുപോലെ സ്വർഗീയ പുനരുത്ഥാനത്തിലൂടെ, ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശയുള്ളവർക്കും അനുഗ്രഹങ്ങൾ ലഭിക്കും. അതുകൊണ്ട് നമ്മുടെ പ്രത്യാശ സ്വർഗത്തിലാണെങ്കിലും ഭൂമിയിലാണെങ്കിലും സ്വർഗീയ പുനരുത്ഥാനത്തെക്കുറിച്ച് നമ്മൾ പഠിക്കണം.
2 സ്വർഗീയപ്രത്യാശയെക്കുറിച്ച് എഴുതാൻ ഒന്നാം നൂറ്റാണ്ടിലെ യേശുവിന്റെ ചില ശിഷ്യന്മാരെ ദൈവം വഴിനയിച്ചു. അപ്പോസ്തലനായ യോഹന്നാൻ ഇങ്ങനെ എഴുതി: “ഇപ്പോൾ നമ്മൾ ദൈവമക്കളാണെങ്കിലും നമ്മൾ എന്തായിത്തീരുമെന്ന് ഇതുവരെ വെളിപ്പെട്ടിട്ടില്ല. എന്നാൽ ഒന്നു നമുക്ക് അറിയാം: ദൈവം വെളിപ്പെടുമ്പോൾ . . . നമ്മൾ ദൈവത്തെപ്പോലെയായിരിക്കും.” (1 യോഹ. 3:2) അതുകൊണ്ട്, ആത്മശരീരത്തോടെ സ്വർഗത്തിലേക്ക് ഉയിർപ്പിക്കപ്പെടുമ്പോൾ അത് എങ്ങനെയായിരിക്കുമെന്ന് ഇപ്പോൾ അഭിഷിക്തക്രിസ്ത്യാനികൾക്ക് അറിയില്ല. എന്നാൽ അവർക്കു തങ്ങളുടെ പ്രതിഫലം കിട്ടുമ്പോൾ അവർ അക്ഷരാർഥത്തിൽത്തന്നെ യഹോവയെ കാണും. സ്വർഗീയ പുനരുത്ഥാനത്തെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും ബൈബിൾ തരുന്നില്ല. എന്നാൽ, അപ്പോസ്തലനായ പൗലോസ് ഇതെക്കുറിച്ചുള്ള കുറച്ച് വിവരങ്ങൾ നമ്മളോടു പറയുന്നുണ്ട്. ‘ക്രിസ്തു എല്ലാ ഗവൺമെന്റുകളെയും അധികാരങ്ങളെയും ശക്തികളെയും നീക്കിക്കളയുമ്പോൾ’ അഭിഷിക്തർ ക്രിസ്തുവിനോടൊപ്പം ഉണ്ടായിരിക്കും. അക്കൂട്ടത്തിൽ “അവസാനത്തെ ശത്രുവായി മരണത്തെയും നീക്കം ചെയ്യും.” ഒടുവിൽ, എല്ലാം യഹോവയെ ഏൽപ്പിച്ചിട്ട് യേശുവും സഹഭരണാധിപന്മാരും യഹോവയ്ക്ക് കീഴ്പെട്ടിരിക്കും. (1 കൊരി. 15:24-28) എത്ര ആവേശം നിറഞ്ഞ ഒരു സമയമായിരിക്കും അത്!b
3. 1 കൊരിന്ത്യർ 15:30-32 സൂചിപ്പിക്കുന്നതുപോലെ പുനരുത്ഥാനത്തിലുള്ള വിശ്വാസം എന്തു ചെയ്യാൻ പൗലോസിനെ സഹായിച്ചു?
3 പൗലോസ് വ്യത്യസ്ത പരിശോധനകൾ നേരിട്ടപ്പോൾ പുനരുത്ഥാനത്തിലുള്ള വിശ്വാസം പിടിച്ചുനിൽക്കാൻ അദ്ദേഹത്തെ സഹായിച്ചു. (1 കൊരിന്ത്യർ 15:30-32 വായിക്കുക.) കൊരിന്തിലുള്ളവരോടു പൗലോസ് ഇങ്ങനെ പറഞ്ഞു: “ദിവസവും ഞാൻ മരണത്തെ മുഖാമുഖം കാണുന്നു.” പൗലോസ് ഇങ്ങനെയും എഴുതി: ‘എഫെസൊസിൽവെച്ച് ഞാൻ വന്യമൃഗങ്ങളുമായി മല്ലിട്ടു.’ ഒരുപക്ഷേ എഫെസൊസിലെ ഒരു പോർക്കളത്തിൽവെച്ച് ശരിക്കുള്ള മൃഗങ്ങളുമായി പോരാടേണ്ടിവന്നതിനെക്കുറിച്ചായിരിക്കാം പൗലോസ് ഇവിടെ പറഞ്ഞത്. (2 കൊരി. 1:8; 4:10; 11:23) അല്ലെങ്കിൽ പൗലോസിനോടു വിദ്വേഷമുണ്ടായിരുന്ന ജൂതന്മാരെയും മറ്റുള്ളവരെയും ആയിരിക്കാം ‘വന്യമൃഗങ്ങൾ’ എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത്. (പ്രവൃ. 19:26-34; 1 കൊരി. 16:9) അത് എന്തായാലും പൗലോസ് ജീവനു ഭീഷണിയാകുന്ന പല അപകടങ്ങളും നേരിട്ടു എന്നതു വ്യക്തമാണ്. എങ്കിലും നല്ല ഒരു ഭാവി തന്നെ കാത്തിരിപ്പുണ്ടെന്ന ഉറച്ച വിശ്വാസം പൗലോസിനുണ്ടായിരുന്നു.—2 കൊരി. 4:16-18.
4. പുനരുത്ഥാനപ്രത്യാശ ഇക്കാലത്തെ ക്രിസ്ത്യാനികളെ എങ്ങനെയാണ് ബലപ്പെടുത്തുന്നത്? (പുറംതാളിലെ ചിത്രം കാണുക.)
4 അപകടം നിറഞ്ഞ ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. നമ്മുടെ ചില സഹോദരങ്ങൾ കുറ്റകൃത്യത്തിന് ഇരകളാകുന്നു. ഇനി, യുദ്ധബാധിതപ്രദേശങ്ങളിൽ ജീവിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് യാതൊരു സുരക്ഷിതത്വവും ഇല്ല. ചിലർ യഹോവയെ സേവിക്കുന്നത് പ്രസംഗപ്രവർത്തനത്തിന് നിയന്ത്രണമോ നിരോധനമോ ഉള്ള ദേശങ്ങളിലാണ്. അവർ യഹോവയെ സേവിക്കുന്നത് തങ്ങളുടെ ജീവനും സ്വാതന്ത്ര്യവും പണയംവെച്ചാണ്. എങ്കിലും ഈ പ്രശ്നങ്ങളുടെയെല്ലാം മധ്യേയും ആ സഹോദരങ്ങൾ യഹോവയെ വിശ്വസ്തമായി ആരാധിക്കുന്നു. നമുക്ക് അനുകരിക്കാൻ കഴിയുന്ന എത്ര നല്ല മാതൃകകളാണ് അവർ. അവർക്ക് അറിയാം, ഇപ്പോൾ തങ്ങളുടെ ജീവന് ആപത്ത് നേരിട്ടാലും ഭാവിയിൽ യഹോവ വളരെ ശ്രേഷ്ഠമായ ഒന്ന് അവർക്കായി കരുതിവെച്ചിട്ടുണ്ടെന്ന്. അതുകൊണ്ട് അവർക്ക് ഒട്ടും പേടിയില്ല.
5. ഏതു തെറ്റായ ചിന്താഗതി പുനരുത്ഥാനത്തിലുള്ള നമ്മുടെ വിശ്വാസത്തിന് മങ്ങലേൽപ്പിച്ചേക്കാം?
5 “നമുക്കു തിന്നുകുടിച്ച് ഉല്ലസിക്കാം; നാളെ നമ്മൾ മരിക്കുമല്ലോ” എന്നായിരുന്നു പുനരുത്ഥാനത്തിൽ വിശ്വസിക്കാതിരുന്ന അക്കാലത്തെ ചിലരുടെ ചിന്ത. അപകടകരമായ ഈ കാഴ്ചപ്പാടിനെക്കുറിച്ച് പൗലോസ് സഹോദരങ്ങൾക്കു മുന്നറിയിപ്പുകൊടുത്തു. സത്യത്തിൽ പൗലോസിന്റെ കാലത്തല്ല അങ്ങനെയൊരു ആശയം പിറവിയെടുത്തത്. അതിനു വളരെക്കാലം മുമ്പുതന്നെ അങ്ങനെ ഒരു കാഴ്ചപ്പാട് ഉണ്ടായിരുന്നു. പുരാതനകാലത്തെ ഇസ്രായേല്യരുടെ മനോഭാവത്തെക്കുറിച്ച് പറഞ്ഞിരിക്കുന്ന യശയ്യ 22:13-ലെ വാക്കുകൾ പൗലോസ് ഇവിടെ ഉദ്ധരിച്ചതായിരിക്കാം. ദൈവത്തോട് കൂടുതൽ അടുക്കുന്നതിനു പകരം ജീവിതസുഖങ്ങളിലാണ് അവർ ആനന്ദം കണ്ടെത്തിയത്. എപ്പോൾ വേണമെങ്കിലും ജീവിതം അവസാനിക്കാം എന്നതുകൊണ്ട് ഇന്നു സുഖിച്ച് ജീവിക്കുക എന്നതായിരുന്നു ആ ഇസ്രായേല്യരുടെ കാഴ്ചപ്പാട്. അത്തരം വീക്ഷണമുള്ള ആളുകളെ ഇന്നും നമുക്ക് കാണാനാകുന്നില്ലേ? എന്നാൽ ഇത്തരം തെറ്റായ ചിന്താഗതിക്ക് ഇസ്രായേൽ ജനത കൊടുക്കേണ്ടിവന്ന കനത്ത വിലയെക്കുറിച്ചാണ് ബൈബിൾരേഖയ്ക്ക് നമ്മളോടു പറയാനുള്ളത്.—2 ദിന. 36:15-20.
6. കൂട്ടുകാരെ തിരഞ്ഞെടുക്കുന്ന കാര്യത്തെ പുനരുത്ഥാനപ്രത്യാശ സ്വാധീനിക്കുന്നത് എങ്ങനെ?
6 യഹോവയ്ക്കു മരിച്ചവരെ പുനരുത്ഥാനപ്പെടുത്താൻ കഴിയും എന്ന വസ്തുത കൂട്ടുകാരെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ നമ്മളെ സ്വാധീനിക്കണം. പുനരുത്ഥാനമില്ലെന്ന് പറഞ്ഞിരുന്നവരുമായുള്ള സഹവാസം കൊരിന്തിലെ സഹോദരങ്ങൾ ഒഴിവാക്കണമായിരുന്നു. അതിൽനിന്ന് നമുക്ക് ഒരു പാഠമുണ്ട്. ഭാവിയിൽ എന്തു സംഭവിച്ചാലും പ്രശ്നമില്ല, ഇപ്പോഴത്തെ ജീവിതം പരമാവധി ആസ്വദിക്കുക എന്ന് ചിന്തിക്കുന്നവരുമായി ധാരാളം സമയം ചെലവഴിച്ചാൽ അതു നമ്മളെ മോശമായി ബാധിക്കും. അങ്ങനെയുള്ളവരുമായുള്ള സഹവാസം ഒരു ക്രിസ്ത്യാനിയുടെ കാഴ്ചപ്പാടിനെതന്നെ മാറ്റിമറിക്കും, അയാളുടെ നല്ല ധാർമികമൂല്യങ്ങൾ കെടുത്തിക്കളയുകയും ചെയ്യും. അങ്ങനെ ഒരാൾ ഒടുവിൽ ദൈവം വെറുക്കുന്ന കാര്യങ്ങൾപോലും ചെയ്യാൻ തുടങ്ങിയേക്കാം. അതുകൊണ്ടാണ് പൗലോസ് ശക്തമായി ഇങ്ങനെ പറഞ്ഞത്: “നീതി പ്രവർത്തിച്ചുകൊണ്ട് സുബോധത്തിലേക്കു വരുക. പാപത്തിൽ നടക്കരുത്.”—1 കൊരി. 15:33, 34.
ഏതു തരം ശരീരം?
7. 1 കൊരിന്ത്യർ 15:35-38-ൽ പറഞ്ഞിരിക്കുന്നതുപോലെ പുനരുത്ഥാനത്തെക്കുറിച്ച് ചിലർ ഏതു ചോദ്യം ചോദിച്ചിട്ടുണ്ടാകാം?
7 1 കൊരിന്ത്യർ 15:35-38 വായിക്കുക. പുനരുത്ഥാനത്തെക്കുറിച്ച് മറ്റുള്ളവരിൽ സംശയം ജനിപ്പിക്കാൻ ആഗ്രഹിച്ചിരുന്ന ഒരു വ്യക്തി ഇങ്ങനെ ചോദിച്ചിട്ടുണ്ടാകാം: “മരിച്ചവർ എങ്ങനെ ഉയിർപ്പിക്കപ്പെടാനാണ്? അവർ ഏതുതരം ശരീരത്തോടെയായിരിക്കും വരുക?” അതിനു പൗലോസ് നൽകുന്ന ഉത്തരം നമ്മൾ ചിന്തിക്കണം. കാരണം ഇന്നു പലർക്കും മരണാന്തരജീവിതത്തെക്കുറിച്ച് അവരവരുടേതായ കാഴ്ചപ്പാടുകളുണ്ട്. പക്ഷേ, ബൈബിൾ എന്താണ് അതെക്കുറിച്ച് പറയുന്നത്?
8. സ്വർഗീയജീവനിലേക്കുള്ള പുനരുത്ഥാനത്തെക്കുറിച്ച് മനസ്സിലാക്കാൻ ഏതു ദൃഷ്ടാന്തം നമ്മളെ സഹായിക്കും?
8 ഒരാൾ മരിക്കുമ്പോൾ അയാളുടെ ശരീരം ജീർണിക്കും. എന്നാൽ ശൂന്യതയിൽനിന്ന് പ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവത്തിന് ഒരു വ്യക്തിയെ പുനരുത്ഥാനപ്പെടുത്താനും ഉചിതമായ ഒരു ശരീരം കൊടുക്കാനും കഴിയും. (ഉൽപ. 1:1; 2:7) ആ വ്യക്തി മരിച്ചത് ഏതു ശരീരത്തിലാണോ അതേ തരം ശരീരംതന്നെ ദൈവം അയാൾക്ക് തിരികെ കൊടുക്കണമെന്നില്ല. അതു മനസ്സിലാക്കാൻ നമ്മളെ സഹായിക്കുന്ന ഒരു ദൃഷ്ടാന്തം പൗലോസ് ഉപയോഗിച്ചു. ഒരു ‘ധാന്യമണിയുടെയോ’ ഒരു ചെടിയുടെ വിത്തിന്റെയോ കാര്യമെടുക്കുക. ഒരു വിത്ത് നട്ടുകഴിയുമ്പോൾ അത് മുളച്ച് ഒരു പുതിയ ചെടിയാകുന്നു. പുതിയ ചെടി ആ ചെറിയ വിത്തിൽനിന്ന് വളരെ വ്യത്യസ്തമാണ്. നമ്മുടെ സ്രഷ്ടാവിന് ‘തനിക്ക് ഇഷ്ടമുള്ളതുപോലെ ഒരു ശരീരം’ കൊടുക്കാൻ കഴിയുമെന്ന് കാണിച്ചുതരാനാണ് പൗലോസ് ഈ ദൃഷ്ടാന്തം ഉപയോഗിച്ചത്.
9. വ്യത്യസ്ത തരത്തിലുള്ള ശരീരത്തെക്കുറിച്ച് 1 കൊരിന്ത്യർ 15:39-41 എന്താണ് പറയുന്നത്?
9 1 കൊരിന്ത്യർ 15:39-41 വായിക്കുക. സൃഷ്ടികളിലെ വൈവിധ്യത്തെക്കുറിച്ച് പൗലോസ് പറഞ്ഞത് ശ്രദ്ധിക്കുക. ഉദാഹരണത്തിന്, മാംസശരീരങ്ങളുടെ കാര്യമെടുക്കുക. ആടുമാടുകളുടെയും പക്ഷികളുടെയും മത്സ്യത്തിന്റെയും ഉൾപ്പെടെ എല്ലാത്തിന്റെയും ശരീരം വ്യത്യസ്തമാണ്. ഇനി, ആകാശത്തിലേക്ക് നോക്കിയാൽ സൂര്യനും ചന്ദ്രനും തമ്മിൽ വ്യത്യാസങ്ങളുണ്ടെന്ന് പൗലോസ് പറഞ്ഞു. ‘ഒരു നക്ഷത്രത്തിന്റെ ശോഭയിൽനിന്ന് വ്യത്യസ്തമാണ് മറ്റൊരു നക്ഷത്രത്തിന്റെ ശോഭ’ എന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ കണ്ണുകൾക്ക് ആ വ്യത്യാസം മനസ്സിലാക്കാൻ കഴിഞ്ഞെന്നുവരില്ല. പക്ഷേ, ശാസ്ത്രജ്ഞന്മാർ ചുവന്ന ഭീമാകാരന്മാരെന്നും വെള്ള കുള്ളന്മാരെന്നും നമ്മുടെ സൂര്യനെപോലുള്ള മഞ്ഞ താരകങ്ങളെന്നും വിളിക്കുന്ന നക്ഷത്രങ്ങളുണ്ട്. “സ്വർഗീയശരീരങ്ങളും ഭൗമികശരീരങ്ങളും ഉണ്ട്” എന്നും പൗലോസ് പറഞ്ഞു. എന്താണ് അദ്ദേഹം ഉദ്ദേശിച്ചത്? ഭൂമിയിലുള്ളവർക്ക് മാംസശരീരങ്ങളാണ് ഉള്ളത്. എന്നാൽ സ്വർഗത്തിൽ, ദൂതന്മാർക്കുള്ളതുപോലെ ആത്മശരീരങ്ങളാണ് ഉള്ളത്.
10. സ്വർഗത്തിലേക്ക് പുനരുത്ഥാനപ്പെടുന്നവർക്ക് ഏതു തരത്തിലുള്ള ശരീരമാണ് ലഭിക്കുക?
10 അടുത്തതായി പൗലോസ് എന്താണ് പറയുന്നതെന്നു നോക്കുക: “മരിച്ചവരുടെ പുനരുത്ഥാനവും അങ്ങനെതന്നെ. ജീർണിച്ചുപോകുന്നതു വിതയ്ക്കപ്പെടുന്നു; എന്നാൽ ജീർണിക്കാത്തത് ഉയിർപ്പിക്കപ്പെടുന്നു.” മരിക്കുമ്പോൾ ഒരാളുടെ ശരീരം ജീർണിച്ച് മണ്ണിനോടു ചേരും. (ഉൽപ. 3:19) അങ്ങനെയെങ്കിൽ ‘ജീർണിക്കാത്തത് ഉയിർപ്പിക്കപ്പെടുന്നത്’ എങ്ങനെയാണ്? ഏലിയും എലീശയും യേശുവും ഉയിർപ്പിച്ചവരെപ്പോലെ ഭൂമിയിലേക്ക് പുനരുത്ഥാനപ്പെട്ടുവരുന്ന ഒരു മനുഷ്യനെക്കുറിച്ചല്ല പൗലോസ് ഇവിടെ പറഞ്ഞത്. സ്വർഗീയശരീരത്തോടെ അതായത്, ‘ആത്മീയശരീരത്തോടെ’ ഉയിർപ്പിക്കപ്പെടുന്ന ഒരാളെക്കുറിച്ചാണ് പൗലോസ് ഇവിടെ പറഞ്ഞത്.—1 കൊരി. 15:42-44.
11-12. പുനരുത്ഥാനപ്പെട്ടപ്പോൾ യേശുവിന് എന്തു മാറ്റമാണ് സംഭവിച്ചത്, അതുപോലെ ഒരു മാറ്റം അഭിഷിക്തർക്ക് എങ്ങനെയാണ് സംഭവിക്കുന്നത്?
11 ഭൂമിയിലായിരുന്ന സമയത്ത് യേശുവിന് ഒരു മാംസശരീരമാണ് ഉണ്ടായിരുന്നത്. എന്നാൽ പുനരുത്ഥാനപ്പെട്ടപ്പോൾ യേശു ‘ജീവൻ നൽകുന്ന ആത്മാവാകുകയും’ സ്വർഗത്തിലേക്കു തിരിച്ചുപോകുകയും ചെയ്തു. അഭിഷിക്തക്രിസ്ത്യാനികളും അതുപോലെ ആത്മശരീരത്തോടെയായിരിക്കും ഉയിർപ്പിക്കപ്പെടുക. പൗലോസ് ഇങ്ങനെ വിശദീകരിച്ചു: “നമ്മൾ പൊടികൊണ്ടുള്ളവന്റെ പ്രതിരൂപം ധരിച്ചതുപോലെ സ്വർഗീയനായവന്റെ പ്രതിരൂപവും ധരിക്കും.”—1 കൊരി. 15:45-49.
12 യേശു മനുഷ്യശരീരത്തോടെയല്ല പുനരുത്ഥാനപ്പെട്ടുവന്നത് എന്നതു പ്രത്യേകം ശ്രദ്ധിക്കുക. പുനരുത്ഥാനത്തെക്കുറിച്ചുള്ള തന്റെ ചർച്ചയുടെ അവസാനഭാഗത്ത് അതിന്റെ കാരണം പൗലോസ് വിശദീകരിക്കുന്നു. പൗലോസ് ഇങ്ങനെ എഴുതി: “മാംസത്തിനും രക്തത്തിനും (സ്വർഗത്തിൽ) ദൈവരാജ്യം അവകാശമാക്കാൻ കഴിയില്ല.” (1 കൊരി. 15:50) അതെ, മാംസവും രക്തവും കൊണ്ടുള്ള ജീർണിച്ചുപോകുന്ന ശരീരവുമായി അപ്പോസ്തലന്മാരും അക്കാലത്തെ മറ്റ് അഭിഷിക്തരും സ്വർഗത്തിലേക്ക് പുനരുത്ഥാനപ്പെടില്ലായിരുന്നു. എപ്പോഴായിരിക്കും അവരുടെ പുനരുത്ഥാനം? മരിച്ച ഉടനെയല്ല, മറിച്ച് ഭാവിയിൽ ഒരു സമയത്താണ് അതു നടക്കുകയെന്ന് പൗലോസ് പറഞ്ഞു. പൗലോസ് 1 കൊരിന്ത്യർ എഴുതിയ സമയമായപ്പോഴേക്കും അപ്പോസ്തലനായ യാക്കോബിനെപ്പോലുള്ള ചില ശിഷ്യന്മാർ മരണത്തിൽ നിദ്ര പ്രാപിച്ചിരുന്നു. (പ്രവൃ. 12:1, 2) പിന്നീട് മറ്റ് അപ്പോസ്തലന്മാരും അഭിഷിക്തരും മരണത്തിൽ ‘നിദ്രപ്രാപിക്കുമായിരുന്നു.’—1 കൊരി. 15:6, സത്യവേദപുസ്തകം.
മരണത്തിനു മേൽ ജയം
13. ഏതെല്ലാം കാര്യങ്ങൾ യേശുവിന്റെ സാന്നിധ്യകാലത്തെ തിരിച്ചറിയിക്കുമായിരുന്നു?
13 യേശുവും പൗലോസും മനുഷ്യചരിത്രത്തിലെ വളരെ സുപ്രധാനമായ ഒരു കാലഘട്ടത്തെക്കുറിച്ച് മുൻകൂട്ടിപ്പറഞ്ഞു. അതു ക്രിസ്തുവിന്റെ സാന്നിധ്യകാലമാണ്. യുദ്ധങ്ങളും ഭൂകമ്പങ്ങളും പകർച്ചവ്യാധികളും മറ്റ് ആഗോള സംഭവവികാസങ്ങളും ആ കാലത്തെ തിരിച്ചറിയിക്കുമായിരുന്നു. 1914 മുതൽ ഈ ബൈബിൾപ്രവചനം നടന്നുകൊണ്ടിരിക്കുകയാണ്. ആ കാലത്തെ തിരിച്ചറിയിക്കുന്ന ശ്രദ്ധേയമായ മറ്റൊരു കാര്യവും ഉണ്ട്. ദൈവരാജ്യം ഭരണം ആരംഭിച്ചുകഴിഞ്ഞെന്ന സന്തോഷവാർത്ത “എല്ലാ ജനതകളും അറിയാനായി ഭൂലോകത്തെങ്ങും പ്രസംഗിക്കപ്പെടും. അപ്പോൾ അവസാനം വരും” എന്ന് യേശു പറഞ്ഞു. (മത്താ. 24:3, 7-14) ‘മരണത്തിൽ നിദ്രകൊണ്ട’ അഭിഷിക്തക്രിസ്ത്യാനികൾ പുനരുത്ഥാനപ്പെട്ടുവരാനുള്ള ഒരു സമയവുമായിരിക്കും ‘കർത്താവിന്റെ സാന്നിധ്യകാലം’ എന്ന് പൗലോസ് ചൂണ്ടിക്കാട്ടി.—1 തെസ്സ. 4:14-16; 1 കൊരി. 15:23.
14. ക്രിസ്തുവിന്റെ സാന്നിധ്യകാലത്ത് മരിച്ചുപോകുന്ന അഭിഷിക്തർക്ക് എന്തു സംഭവിക്കും?
14 എന്നാൽ ഇക്കാലത്ത് ജീവിക്കുന്ന അഭിഷിക്തരുടെ കാര്യത്തിൽ ഒരു വ്യത്യാസമുണ്ട്. അവർ മരിച്ചാൽ ഉടനടി സ്വർഗത്തിലെ ജീവനിലേക്ക് ഉയിർപ്പിക്കപ്പെടും. 1 കൊരിന്ത്യർ 15:51, 52-ലെ പൗലോസിന്റെ വാക്കുകൾ അതാണ് കാണിക്കുന്നത്. “നമ്മൾ എല്ലാവരും മരണത്തിൽ നിദ്രകൊള്ളുകയില്ല; പക്ഷേ, നമ്മളെല്ലാം രൂപാന്തരപ്പെടും; അന്ത്യകാഹളം മുഴങ്ങുമ്പോൾ, നിമിഷനേരംകൊണ്ട് അതു സംഭവിക്കും.” ഈ വാക്കുകൾ ഇന്ന് നടന്നുകൊണ്ടിരിക്കുകയാണ്. പുനരുത്ഥാനപ്പെടുമ്പോൾ ക്രിസ്തുവിന്റെ ഈ സഹോദരന്മാരുടെ സന്തോഷം പൂർണമാകും. അവർ “എപ്പോഴും കർത്താവിന്റെകൂടെയായിരിക്കും.”—1 തെസ്സ. 4:17.
15. പുനരുത്ഥാനപ്പെടുന്ന അഭിഷിക്തർ സ്വർഗത്തിൽ എന്തു ചെയ്യും?
15 “കണ്ണു ചിമ്മുന്ന വേഗത്തിൽ” രൂപാന്തരപ്പെടുന്നവർ പുനരുത്ഥാനപ്പെട്ട മറ്റ് അഭിഷിക്തരോടൊപ്പം സ്വർഗത്തിൽ എന്തു ചെയ്യും എന്ന് ബൈബിൾ നമ്മളോടു പറയുന്നുണ്ട്. യേശു അവരോടു പറയുന്നു: “ജയിക്കുകയും അവസാനത്തോളം എന്റെ വഴികളിൽ നടക്കുകയും ചെയ്യുന്നവന് എന്റെ പിതാവ് എനിക്കു നൽകിയതുപോലെ ജനതകളുടെ മേൽ ഞാൻ അധികാരം നൽകും. അവൻ ഇരുമ്പുകോൽകൊണ്ട് ജനങ്ങളെ മേയ്ക്കും; മൺപാത്രങ്ങൾപോലെ അവർ തകർന്നുപോകും.” (വെളി. 2:26, 27) അവർ തങ്ങളുടെ സൈന്യാധിപനായ യേശുവിനെ അനുഗമിച്ചുകൊണ്ട് ഇരുമ്പുകോൽകൊണ്ട് ജനങ്ങളെ മേയ്ക്കും.—വെളി. 19:11-15.
16. അനേകർ മരണത്തിനു മേൽ എങ്ങനെ വിജയം നേടും?
16 അഭിഷിക്തർ സ്വർഗത്തിലേക്കു പുനരുത്ഥാനപ്പെടുമ്പോൾ അവർ മരണത്തിനു മേൽ വിജയം നേടും. (1 കൊരി. 15:54-57) അവർക്ക് വരാനിരിക്കുന്ന അർമഗെദോൻ യുദ്ധത്തിൽ ഭൂമിയിൽ എല്ലായിടത്തുനിന്നും ദുഷ്ടത നീക്കം ചെയ്യാൻ കഴിയും. ലക്ഷക്കണക്കിനു വരുന്ന മറ്റ് ക്രിസ്തീയ സ്ത്രീപുരുഷന്മാർ ‘മഹാകഷ്ടതയിലൂടെ കടന്നുവരും.’ (വെളി. 7:14) അവർ മരിക്കാതെ പുതിയ ലോകത്തിലേക്ക് പ്രവേശിക്കും. മുൻകാലങ്ങളിൽ മരിച്ചുപോയ കോടിക്കണക്കിന് ആളുകൾ പുനരുത്ഥാനത്തിലേക്ക് വരുന്നതിന് അവർ സാക്ഷ്യംവഹിക്കും. അത് മരണത്തിനു മേലുള്ള മറ്റൊരു വിജയമായിരിക്കും. മരണത്തിന്റെ പിടിയിൽനിന്ന് ഓരോരുത്തരും മോചനം നേടുന്ന ആ സമയം എത്ര സന്തോഷം നിറഞ്ഞതായിരിക്കും! (പ്രവൃ. 24:15) ഒടുവിൽ, യഹോവയോടു പൂർണമായി വിശ്വസ്തരായിനിൽക്കുന്ന എല്ലാവരും ആദാമിൽനിന്ന് കൈമാറിക്കിട്ടിയ മരണത്തിനു മേൽ വിജയം വരിക്കും. അവർക്ക് എന്നേക്കും ജീവിക്കാൻ കഴിയും.
17. 1 കൊരിന്ത്യർ 15:58 പറഞ്ഞിരിക്കുന്നപോലെ നമ്മൾ ഇപ്പോൾ എന്തു ചെയ്യണം?
17 പുനരുത്ഥാനത്തെക്കുറിച്ച് എത്ര ഉറപ്പുതരുന്ന വാക്കുകളാണ് പൗലോസ് കൊരിന്തിലുള്ളവർക്ക് എഴുതിയത്. ഇന്ന് ജീവിച്ചിരിക്കുന്ന ഓരോ ക്രിസ്ത്യാനിയും അതിനു നന്ദിയുള്ളവരായിരിക്കണം. ആ ഉറപ്പ്, ശരിക്കും പൗലോസ് നമ്മളെ പ്രോത്സാഹിപ്പിക്കുന്നതുപോലെ, ‘കർത്താവിന്റെ വേലയിൽ എപ്പോഴും തിരക്കുള്ളവരായിരിക്കാൻ’ നമ്മളെ പ്രേരിപ്പിക്കുന്നില്ലേ? (1 കൊരിന്ത്യർ 15:58 വായിക്കുക.) ആ വേലയിൽ വിശ്വസ്തതയോടെയും ഉത്സാഹത്തോടെയും നമ്മൾ പങ്കെടുക്കുന്നെങ്കിൽ സന്തോഷം നിറഞ്ഞ ഒരു ഭാവിജീവിതത്തിനായി നമുക്ക് കാത്തിരിക്കാം. ആ നാളുകളെക്കുറിച്ച് നമുക്ക് എത്രവേണമെങ്കിലും സങ്കൽപ്പിക്കാം. പക്ഷേ, നമ്മുടെ സങ്കൽപ്പങ്ങളെയെല്ലാം കടത്തിവെട്ടുന്നതായിരിക്കും ആ ജീവിതം. കർത്താവിന്റെ വേലയിൽ ചെയ്തതൊന്നും വെറുതെയായില്ല എന്ന് അന്നു നമ്മൾ ഓർക്കും.
ഗീതം 140 നിത്യമായ ജീവിതം യാഥാർഥ്യമാകുമ്പോൾ!
a 1 കൊരിന്ത്യർ 15-ാം അധ്യായത്തിന്റെ രണ്ടാം ഭാഗത്ത് പുനരുത്ഥാനത്തെക്കുറിച്ച്, പ്രത്യേകിച്ചും അഭിഷിക്തക്രിസ്ത്യാനികളുടെ പുനരുത്ഥാനത്തെക്കുറിച്ചുള്ള കൂടുതലായ വിശദാംശങ്ങൾ അടങ്ങിയിരിക്കുന്നു. എന്നാൽ വേറെ ആടുകളിൽപ്പെട്ടവർക്കും ഈ വിവരങ്ങൾ വളരെ പ്രധാനമാണ്. പുനരുത്ഥാനപ്രത്യാശ ഇപ്പോഴത്തെ നമ്മുടെ ജീവിതത്തെ എങ്ങനെയാണ് സ്വാധീനിക്കേണ്ടത് എന്ന് ഈ ലേഖനത്തിൽ നമ്മൾ പഠിക്കും. നല്ലൊരു ഭാവിക്കായി നോക്കിപ്പാർത്തിരിക്കാൻ അത് എങ്ങനെയാണ് സഹായിക്കുന്നതെന്നും നമ്മൾ ചിന്തിക്കും.
b 1 കൊരിന്ത്യർ 15:29-ലെ പൗലോസിന്റെ വാക്കുകളെക്കുറിച്ച് ഈ ലേഖനത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” വിശദീകരിക്കുന്നു.