പാഠം 55
നിങ്ങളുടെ സഭയെ പിന്തുണയ്ക്കുക
ലോകമെങ്ങുമുള്ള ആയിരക്കണക്കിനു സഭകളിൽ ലക്ഷക്കണക്കിന് ആളുകൾ സന്തോഷത്തോടെ യഹോവയെ ആരാധിക്കുന്നു. സഭകളിൽനിന്ന് ലഭിക്കുന്ന ബുദ്ധിയുപദേശത്തിനും മാർഗനിർദേശത്തിനും അവർ വളരെ നന്ദിയുള്ളവരാണ്. സഭയെ പല വിധങ്ങളിൽ പിന്തുണയ്ക്കുന്നതിനു സഭാംഗങ്ങൾക്കു സന്തോഷമേ ഉള്ളൂ. നിങ്ങളുടെ സഭയെ പിന്തുണയ്ക്കാൻ നിങ്ങൾക്കും സന്തോഷമല്ലേ?
1. സഭയ്ക്കുവേണ്ടി നിങ്ങളുടെ സമയവും ഊർജവും കൊടുക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏതൊക്കെയാണ്?
സഭയെ സഹായിക്കാൻ നമുക്ക് ഓരോരുത്തർക്കും പലതും ചെയ്യാൻ കഴിയും. ഉദാഹരണത്തിന്, രോഗികളായവരെയോ പ്രായമായവരെയോ നമുക്കു സഹായിക്കാനാകുമോ? മീറ്റിങ്ങിനു വരുന്നതിന് അവർക്ക് യാത്രാസൗകര്യം കൊടുക്കാൻ നമുക്കു സാധിക്കുമോ? അല്ലെങ്കിൽ കടയിൽ പോയി സാധനങ്ങൾ വാങ്ങുന്നതിനോ വീട്ടിലെ ചില ജോലികൾ ചെയ്തുകൊടുക്കുന്നതിനോ നിങ്ങൾക്ക് അവരെ സഹായിക്കാൻ കഴിയുമോ? (യാക്കോബ് 1:27 വായിക്കുക.) രാജ്യഹാൾ പരിപാലിക്കുന്നതിനും ശുചിയാക്കുന്നതിനും വേണ്ടി നമുക്കു മനസ്സോടെ മുന്നോട്ടു വരാം. ഈ കാര്യങ്ങളൊക്കെ ചെയ്യാൻ നമ്മളെ ആരും നിർബന്ധിക്കില്ല. ദൈവത്തോടും സഹോദരങ്ങളോടും ഉള്ള സ്നേഹമാണ് ‘സ്വമനസ്സാലെ മുന്നോട്ടുവരാൻ’ നമ്മളെ പ്രേരിപ്പിക്കുന്നത്.—സങ്കീർത്തനം 110:3.
സ്നാനമേറ്റ സഹോദരങ്ങൾക്കു സഭയെ മറ്റു വിധങ്ങളിലും സഹായിക്കാൻ കഴിയും. ആത്മീയയോഗ്യതകളിൽ എത്തിച്ചേരുന്ന സഹോദരന്മാർക്കു ശുശ്രൂഷാദാസന്മാരായും മൂപ്പന്മാരായും സേവിക്കാനുള്ള അവസരമുണ്ട്. ഇനി, സഹോദരന്മാർക്കും സഹോദരിമാർക്കും മുൻനിരസേവനം ചെയ്തുകൊണ്ട് തീക്ഷ്ണതയോടെ സന്തോഷവാർത്ത അറിയിക്കാനുള്ള അവസരമുണ്ട്. ഇനി, ചിലർക്ക് ആരാധനാലയങ്ങളുടെ നിർമാണപ്രവർത്തനങ്ങളിൽ സഹായിക്കാനും സഹായം ആവശ്യമുള്ള സഭകളുടെ പ്രദേശത്തേക്ക് മാറിത്താമസിക്കാനും കഴിഞ്ഞേക്കും.
2. നമ്മുടെ പണവും വസ്തുവകകളും ഉപയോഗിച്ച് നമുക്ക് എങ്ങനെ സഭയെ പിന്തുണയ്ക്കാം?
നമുക്ക് ‘വിലയേറിയ വസ്തുക്കൾകൊണ്ട് യഹോവയെ ബഹുമാനിക്കാം.’ (സുഭാഷിതങ്ങൾ 3:9) നമ്മുടെ പണവും വസ്തുവകകളും ഉപയോഗിച്ച് സഭയെയും ലോകമെങ്ങുമായി നടക്കുന്ന പ്രസംഗവേലയെയും പിന്തുണയ്ക്കാൻ നമ്മൾ സന്തോഷമുള്ളവരാണ്. (2 കൊരിന്ത്യർ 9:7 വായിക്കുക.) നമ്മുടെ സംഭാവനകൾ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കുവേണ്ടിയും ഉപയോഗിക്കുന്നു. പലരും സംഭാവന കൊടുക്കാനായി ഒരു തുക പതിവായി ‘നീക്കിവെക്കാറുണ്ട്.’ (1 കൊരിന്ത്യർ 16:2 വായിക്കുക.) ആരാധനയ്ക്കായി കൂടിവരുന്ന സ്ഥലത്തെ സംഭാവനപ്പെട്ടികളിലൂടെയോ donate.jw.org വഴി ഓൺലൈനായോ നമുക്കു സംഭാവന കൊടുക്കാം. നമ്മുടെ വസ്തുവകകൾ യഹോവയ്ക്കുവേണ്ടി ഉപയോഗിക്കുമ്പോൾ യഹോവയോടുള്ള സ്നേഹമാണ് നമ്മൾ തെളിയിക്കുന്നത്. അതിനുള്ള വലിയൊരു അവസരം യഹോവ നമുക്കു നൽകിയിരിക്കുന്നു.
ആഴത്തിൽ പഠിക്കാൻ
നിങ്ങൾക്ക് സഭയെ പിന്തുണയ്ക്കാൻ കഴിയുന്ന ചില വിധങ്ങൾ നോക്കാം.
3. നമ്മുടെ വസ്തുവകകൾ കൊടുക്കാം
സന്തോഷത്തോടെ കൊടുക്കുന്നവരെ യഹോവയും യേശുവും സ്നേഹിക്കുന്നു. ഉദാഹരണത്തിന്, തന്റെ കൈയിലുള്ള ചെറിയ തുക യഹോവയ്ക്കുവേണ്ടി സംഭാവന കൊടുത്ത ദരിദ്രയായ ഒരു വിധവയെ യേശു അഭിനന്ദിച്ച് സംസാരിച്ചു. ലൂക്കോസ് 21:1-4 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
യഹോവയെ സന്തോഷിപ്പിക്കാൻ വലിയൊരു തുക സംഭാവന ചെയ്യണമെന്നുണ്ടോ?
നമ്മൾ മനസ്സോടെ സംഭാവന നൽകുമ്പോൾ യഹോവയ്ക്കും യേശുവിനും എന്താണു തോന്നുന്നത്?
നമ്മുടെ സംഭാവനകൾ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് അറിയാൻ, വീഡിയോ കാണുക. അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ചോദ്യം ചർച്ച ചെയ്യുക.
സംഭാവനകൾ എങ്ങനെയാണ് ലോകമെങ്ങുമുള്ള സഭകൾക്ക് പ്രയോജനം ചെയ്യുന്ന വിധത്തിൽ ഉപയോഗിക്കുന്നത്?
4. സഹായിക്കാൻ മനസ്സോടെ മുന്നോട്ടുവരുക
ബൈബിൾക്കാലങ്ങളിൽ യഹോവയുടെ ആരാധകർ അവരുടെ ആരാധനാസ്ഥലങ്ങൾ പരിപാലിക്കുന്നതിനുവേണ്ടി ഉത്സാഹത്തോടെ പ്രവർത്തിച്ചിട്ടുണ്ട്. ഇതിൽ സംഭാവനകൾ കൊടുക്കുന്നത് മാത്രമല്ല ഉൾപ്പെട്ടിരുന്നത്. 2 ദിനവൃത്താന്തം 34:9-11 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
യഹോവയുടെ ഭവനം അഥവാ ആരാധനാലയം പരിപാലിക്കുന്നതിനുവേണ്ടി ഓരോ ഇസ്രായേല്യനും എന്താണു ചെയ്തത്?
യഹോവയുടെ സാക്ഷികൾ ആ മാതൃക അനുകരിക്കുന്നത് എങ്ങനെയാണെന്ന് അറിയാൻ, വീഡിയോ കാണുക. അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ചർച്ച ചെയ്യുക.
നമ്മുടെ രാജ്യഹാൾ വൃത്തിയായി, നല്ല നിലയിൽ സൂക്ഷിക്കേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്?
നിങ്ങൾക്ക് എങ്ങനെയൊക്കെ സഹായിക്കാൻ കഴിയും?
5. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ സഹോദരന്മാർക്ക് പരിശ്രമിക്കാം
ഉത്തരവാദിത്വസ്ഥാനങ്ങളിൽ എത്തിച്ചേരാനുള്ള യോഗ്യത നേടുന്നവർക്കു സഭയെ കൂടുതലായി സഹായിക്കാനാകും. അതിനുവേണ്ടി പരിശ്രമിക്കാനാണു തിരുവെഴുത്തുകൾ പറയുന്നത്. ഇതു മനസ്സിലാക്കാൻ വീഡിയോ കാണുക. അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ചോദ്യം ചർച്ച ചെയ്യുക.
വീഡിയോയിൽ കണ്ട റയാൻ എന്ന ചെറുപ്പക്കാരൻ സഭയെ നന്നായി പിന്തുണയ്ക്കാൻ പരിശ്രമിച്ചത് എങ്ങനെയാണ്?
ശുശ്രൂഷാദാസന്മാരും മൂപ്പന്മാരും ആയി സേവനം ചെയ്യാൻ വേണ്ട യോഗ്യതകളെക്കുറിച്ച് ബൈബിൾ വിശദീകരിക്കുന്നുണ്ട്. 1 തിമൊഥെയൊസ് 3:1-13 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
ശുശ്രൂഷാദാസന്മാരും മൂപ്പന്മാരും ആയി സേവനം ചെയ്യാൻ ആഗ്രഹിക്കുന്ന സഹോദരന്മാർ നേടിയെടുക്കേണ്ട യോഗ്യതകൾ എന്തൊക്കെയാണ്?
അവരുടെ കുടുംബാംഗങ്ങളിൽനിന്ന് പ്രതീക്ഷിക്കുന്നത് എന്താണ്?—4, 11 വാക്യങ്ങൾ കാണുക.
സഹോദരന്മാർ ഈ യോഗ്യതകളിൽ എത്തിച്ചേരാൻ പരിശ്രമിക്കുമ്പോൾ അതു സഭയിലുള്ള എല്ലാവർക്കും പ്രയോജനം ചെയ്യുന്നത് എങ്ങനെയാണ്?
ആരെങ്കിലും ഇങ്ങനെ ചോദിച്ചാൽ: “യഹോവയുടെ സാക്ഷികൾക്കു പണം എവിടെനിന്നാണ് കിട്ടുന്നത്?”
നിങ്ങൾ എന്തു മറുപടി പറയും?
ചുരുക്കത്തിൽ
നമ്മൾ സഭയെ പിന്തുണയ്ക്കുന്നതിനുവേണ്ടി സമയവും ഊർജവും വസ്തുവകകളും ഉപയോഗിക്കുമ്പോൾ യഹോവ അതിനെ വളരെ വിലയേറിയതായി കാണുന്നു.
ഓർക്കുന്നുണ്ടോ?
സഭയെ പിന്തുണയ്ക്കുന്നതിനുവേണ്ടി നമ്മുടെ സമയവും ഊർജവും നമുക്ക് എങ്ങനെ ഉപയോഗിക്കാം?
സഭയെ പിന്തുണയ്ക്കുന്നതിനുവേണ്ടി നമുക്ക് എങ്ങനെ നമ്മുടെ വസ്തുവകകൾ ഉപയോഗിക്കാം?
സഭയെ ഏതൊക്കെ വിധങ്ങളിൽ സഹായിക്കാനാണു നിങ്ങൾ ആഗ്രഹിക്കുന്നത്?
കൂടുതൽ മനസ്സിലാക്കാൻ
ദൈവം തന്റെ ആരാധകരിൽനിന്ന് ഇപ്പോൾ ദശാംശം ആവശ്യപ്പെടാത്തതിന്റെ കാരണം എന്താണെന്നു മനസ്സിലാക്കുക.
“ദശാംശത്തെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നത്?” (വെബ്സൈറ്റിലെ ലേഖനം)
സ്നാനമേറ്റ പുരുഷന്മാർക്കു ബൈബിൾ ചില പ്രത്യേക ഉത്തരവാദിത്വങ്ങൾ നൽകുന്നുണ്ട്. എന്നാൽ സ്നാനമേറ്റ ഒരു സഹോദരി അവയിൽ ഏതെങ്കിലും ചെയ്യേണ്ടിവരുമ്പോൾ എന്ത് ഓർക്കണം?
“ശിരഃസ്ഥാനക്രമീകരണം—സഭയിൽ” (വീക്ഷാഗോപുരം, 2021 ഫെബ്രുവരി)
സഹാരാധകർക്കുവേണ്ടി ബൈബിൾപ്രസിദ്ധീകരണങ്ങൾ എത്തിച്ചുകൊടുക്കാൻ ത്യാഗങ്ങൾ ചെയ്ത ചില സഹോദരന്മാരെ പരിചയപ്പെടുക.
മറ്റു മതസംഘടനകളിൽനിന്ന് വ്യത്യസ്തമായി എങ്ങനെയാണു നമ്മുടെ സഭയുടെ സാമ്പത്തികകാര്യങ്ങൾ നടക്കുന്നത്?