“എന്തെങ്കിലും നീക്കിവെക്കുക”
ആദിമ ക്രിസ്തീയ സഭയിൽ ശ്രദ്ധ കൊടുക്കേണ്ടിയിരുന്ന ഭൗതിക ആവശ്യങ്ങൾ ഉണ്ടായിരുന്നു. ഓരോ വ്യക്തിയും അഭിവൃദ്ധി പ്രാപിക്കവേ, ആ ആവശ്യങ്ങൾക്കായി ‘എന്തെങ്കിലും നീക്കിവെക്കാൻ’ പ്രോത്സാഹിപ്പിക്കപ്പെട്ടു. (1 കൊരി. 16:1-3, NW) അത്തരം ഔദാര്യത്തിന്റെ ഫലമായി, “ദൈവത്തിന്നു അനവധി സ്തോത്രം” നൽകുന്നതിൽ സന്തോഷം കണ്ടെത്താൻ എല്ലാവർക്കും കഴിഞ്ഞു.—2 കൊരി. 9:11, 12.
ഇന്ന് യഹോവയുടെ ജനത്തിന്റെ ലോകവ്യാപക വേല വികസിച്ചുകൊണ്ടിരിക്കുന്നതിനാൽ എന്നത്തേതിലും വർധിച്ച സാമ്പത്തിക പിന്തുണയുടെ ആവശ്യമുണ്ട്. ആ ഉദ്ദേശ്യത്തിൽ നാമും പതിവായി ‘എന്തെങ്കിലും നീക്കിവെക്കുന്നത്’ ഉചിതമാണ്. (2 കൊരി. 8:3, 4) കഴിഞ്ഞ വർഷം സൊസൈറ്റിയുടെ മേലുള്ള സാമ്പത്തിക നിയന്ത്രണത്തെ കുറിച്ചു കേട്ടപ്പോൾ, അൽപ്പം കൂടുതൽ ‘നീക്കിവെക്കാൻ’ പലരും ക്രമീകരണം ചെയ്തു. അത്തരം ശ്രമങ്ങൾ വളരെ വിലമതിക്കപ്പെടുകയും യഹോവയുടെ സമൃദ്ധമായ അനുഗ്രഹങ്ങൾ കൈവരുത്തുകയും ചെയ്യുന്നു.—മലാ. 3:10.
വയലിലോ വ്യക്തി ഉപയോഗിക്കാൻ മാസികകളോ സാഹിത്യങ്ങളോ വാങ്ങുന്ന ഓരോ തവണയും സംഭാവന ഇടുന്നതിന് എന്തെങ്കിലും നീക്കിവെക്കുന്നത് നല്ല ഒരു ശീലമാണ്. നാം ഔദാര്യത്തോടെ കൊടുക്കുന്നത്, കേവലം പ്രസിദ്ധീകരണങ്ങൾ ഉത്പാദിപ്പിച്ച് അയച്ചുകൊടുക്കുന്നതിന്റെ ചെലവു വഹിക്കാൻ മാത്രമല്ല, ലോകവ്യാപകമായി നിർവഹിക്കപ്പെടുന്ന വിവിധ പ്രവർത്തനങ്ങൾക്കും സൊസൈറ്റിയെ സഹായിക്കുന്നു എന്ന് ഓർമിക്കുക. ഇതിൽ ഒരു പങ്കുണ്ടായിരിക്കാൻ കുട്ടികളെയും പ്രോത്സാഹിപ്പിക്കാനാകും. തങ്ങളുടെ ചെലവുകൾക്കായി മാതാപിതാക്കളിൽനിന്നു കിട്ടുന്ന പണത്തിൽനിന്നു ചെറിയൊരു തുകയെങ്കിലും വ്യക്തിപരമായി ‘നീക്കിവെക്കാൻ’ കഴിയുന്നത് അവർക്ക് അതീവ സന്തോഷം നൽകുന്നു.
എന്നിരുന്നാലും, മറന്നുപോകുക എളുപ്പമാണ്. ഒരു സഭയിൽ, സൊസൈറ്റിക്ക് അയച്ച മൊത്തം തുക മുൻ വർഷങ്ങളിലേതിനെക്കാൾ വളരെ കുറവാണെന്നു മൂപ്പന്മാർ ശ്രദ്ധിച്ചു. അതേസമയം സഭയുടെ ബാക്കിയിരിപ്പു തുക നിരന്തരം വർധിച്ചുകൊണ്ടുമിരുന്നു. വേലയുടെ ചെലവു വഹിക്കാൻ തക്കവണ്ണം രാജ്യത്തെ ഓരോ പ്രസാധകനും മാസംതോറും കൊടുക്കേണ്ടതെന്നു തങ്ങൾ വിചാരിച്ച ഒരു തുക അവർ കണക്കുകൂട്ടിയെടുത്തു. ലോകവ്യാപക വേലയ്ക്കുള്ള സംഭാവനയായി തങ്ങളുടെ സഭ ഓരോ മാസവും കുറഞ്ഞത് ആ നിശ്ചിത തുകയെങ്കിലും അയയ്ക്കും എന്നതിനോടു സഹോദരങ്ങൾ യോജിച്ചു. സംഭാവന പെട്ടികളിൽനിന്നു ലഭിക്കുന്നത് അതിനെക്കാൾ കുറവാണെങ്കിൽ സഭാ ഫണ്ടിൽനിന്ന് ആ കുറവു നികത്താനും അവർ തീരുമാനിച്ചു.
മറ്റൊരു സഭ, വിലപ്പെട്ട അനേകം മാസികകൾ ഉപയോഗിക്കാതെ കിടക്കുന്നത് നിരീക്ഷിച്ചു. പ്രാദേശിക ബോട്ടുജട്ടിയിൽ പ്രത്യേക മാസികാ പ്രവർത്തനം നടത്താൻ മൂപ്പന്മാർ ക്രമീകരണം ചെയ്തു. സംഭാവന ചെയ്യാനുള്ള പദവിയെ കുറിച്ചു പൊതുജനങ്ങളെ എങ്ങനെ ബോധവാന്മാരാക്കാം എന്നതിനെക്കുറിച്ചും അവർ പ്രസാധകർക്കു നിർദേശങ്ങൾ നൽകി. തത്ഫലമായി, ആ സഭയ്ക്കു പ്രസ്തുത മാസം 15,000-ത്തിലധികം രൂപ സംഭാവന നൽകാൻ കഴിഞ്ഞു.
നിങ്ങളും നിങ്ങളുടെ സഭയും ‘എന്തെങ്കിലും നീക്കിവെക്കുന്ന’തിനെ കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? ഭൗതികമായി കൊടുക്കുന്നതിനു കഴിയുന്ന വ്യത്യസ്ത വിധങ്ങളുണ്ട്. (2001 നവംബർ 1 വീക്ഷാഗോപുരത്തിന്റെ 28-9 പേജുകൾ കാണുക.) യഥാർഥ സന്തുഷ്ടി കൈവരുത്തുന്ന ഒരു പദവിയായി നാം ഉചിതമായും അതിനെ വീക്ഷിക്കുന്നു.—പ്രവൃ. 20:35.