നിങ്ങളുടെ പ്രവൃത്തി അഗ്നിയെ ചെറുത്തുനിൽക്കുമോ?
“[അടിസ്ഥാനത്തിന്മേൽ] താൻ എങ്ങനെ നിർമിക്കുന്നു എന്ന് ഓരോരുത്തനും ശ്രദ്ധിച്ചുകൊണ്ടിരിക്കട്ടെ.”—1 കൊരിന്ത്യർ 3:10, NW.
1. വിശ്വസ്തരായ ക്രിസ്ത്യാനികൾക്ക് ഭാവി ശിഷ്യരെ കുറിച്ച് എന്തു പ്രത്യാശയാണ് ഉള്ളത്?
ഒരു ക്രിസ്തീയ ദമ്പതികൾ തങ്ങളുടെ നവജാത ശിശുവിനെ ഉറ്റുനോക്കുന്നു. ഒരു രാജ്യപ്രസാധകൻ തന്റെ ബൈബിൾ വിദ്യാർഥിയുടെ മുഖത്ത് ഉത്സാഹത്തിന്റെയും താത്പര്യത്തിന്റെയും ഒരു സ്ഫുരണം ദർശിക്കുന്നു. സ്റ്റേജിൽനിന്നു പഠിപ്പിക്കുന്ന ഒരു ക്രിസ്തീയ മൂപ്പൻ സദസ്സിൽ ഒരു പുതു താത്പര്യക്കാരൻ ശുഷ്കാന്തിയോടെ ബൈബിളിൽ വാക്യങ്ങൾ മറിച്ചുനോക്കുന്നതു കാണുന്നു. യഹോവയുടെ ഈ വിശ്വസ്ത ദാസന്മാരുടെയെല്ലാം ഹൃദയം പ്രത്യാശാനിർഭരമാണ്. അവർ സ്വാഭാവികമായും ഇങ്ങനെ ചിന്തിക്കുന്നു: ‘ഈ വ്യക്തി യഹോവയെ സ്നേഹിക്കുകയും സേവിക്കുകയും അങ്ങനെ വിശ്വസ്തനായി നിലകൊള്ളുകയും ചെയ്യുമോ?’ തീർച്ചയായും അത്തരമൊരു ഫലം യാന്ത്രികമായി ഉണ്ടാകുന്നതല്ല. അതിന് ശ്രമം ആവശ്യമാണ്.
2. പൗലൊസ് അപ്പൊസ്തലൻ എബ്രായ ക്രിസ്ത്യാനികളെ പഠിപ്പിക്കൽ വേലയുടെ പ്രാധാന്യം സംബന്ധിച്ച് അനുസ്മരിപ്പിച്ചത് എങ്ങനെ, എന്ത് ആത്മപരിശോധന നടത്താൻ ഇതു നമ്മെ പ്രേരിപ്പിച്ചേക്കാം?
2 ഒരു പ്രഗത്ഭ ഉപദേഷ്ടാവായ പൗലൊസ് അപ്പൊസ്തലൻ പിൻവരുന്ന പ്രകാരം എഴുതിക്കൊണ്ട്, പഠിപ്പിച്ച് ശിഷ്യരാക്കുന്ന വേലയുടെ പ്രാധാന്യത്തിന് അടിവരയിടുന്നു: “നിങ്ങൾ ഇതിനോടകം ഉപദേഷ്ടാക്കന്മാർ ആകേണ്ടതായിരുന്നു.” (എബ്രായർ 5:12, NIB) അവൻ അഭിസംബോധന ചെയ്ത ക്രിസ്ത്യാനികൾ വിശ്വാസികൾ ആയിത്തീർന്നതിനു ശേഷം കടന്നുപോയ സമയം കണക്കിലെടുക്കുമ്പോൾ അവർ കാര്യമായ പുരോഗതി വരുത്തിയിരുന്നില്ല. അവർ മറ്റുള്ളവരെ പഠിപ്പിക്കാൻ സജ്ജർ ആയിരുന്നില്ലെന്നു മാത്രമല്ല, സത്യത്തിന്റെ അടിസ്ഥാന സംഗതികൾപോലും അവരെ അനുസ്മരിപ്പിക്കേണ്ട അവസ്ഥയും ഉണ്ടായിരുന്നു. ഇന്ന്, ഉപദേഷ്ടാക്കന്മാർ എന്ന നിലയിലുള്ള നമ്മുടെ പ്രാപ്തി സംബന്ധിച്ച് നാം എല്ലാവരും ഇടയ്ക്കിടെ ഒരു പരിശോധന നടത്തി നമുക്ക് എങ്ങനെ പുരോഗതി വരുത്താനാകും എന്നു നോക്കുന്നത് നല്ലതാണ്. ആളുകളുടെ ജീവൻ അപകടത്തിലാണ്. നമുക്ക് എന്തു ചെയ്യാൻ കഴിയും?
3. (എ)ഒരു ക്രിസ്തീയ ശിഷ്യനെ ഉളവാക്കുന്ന വേലയെ പൗലൊസ് അപ്പൊസ്തലൻ എന്തിനോട് ഉപമിച്ചു? (ബി) ക്രിസ്തീയ നിർമാതാക്കൾ എന്ന നിലയിൽ, നമുക്ക് ഏതു വലിയ പദവി ഉണ്ട്?
3 വ്യാപകമായ അർഥത്തിൽ ദൃഷ്ടാന്തീകരിക്കവേ, ശിഷ്യരാക്കൽ വേലയെ ഒരു കെട്ടിടനിർമാണ വേലയോട് പൗലൊസ് ഉപമിച്ചു. അവൻ ഇങ്ങനെ പറഞ്ഞുകൊണ്ട് തുടങ്ങി: “ഞങ്ങൾ ദൈവത്തിന്റെ കൂട്ടുവേലക്കാർ ആകുന്നു; നിങ്ങൾ ദൈവത്തിന്റെ കൃഷിയിടം, ദൈവത്തിന്റെ നിർമിതി ആകുന്നു.” (1 കൊരിന്ത്യർ 3:9, NW) അതുകൊണ്ട്, നാം ഒരു നിർമാണവേലയിൽ ഏർപ്പെടുന്നു; ക്രിസ്തുശിഷ്യർ ആയിത്തീരാൻ ആളുകളെ സഹായിച്ചുകൊണ്ട് അവരിലാണ് നാം പണിയുന്നത്. “സകലത്തിന്റെയും നിർമ്മാതാവ്” ആയവന്റെ കൂട്ടുവേലക്കാർ എന്ന നിലയിലാണ് നാം അപ്രകാരം ചെയ്യുന്നത്. (എബ്രായർ 3:4, പി.ഒ.സി. ബൈബിൾ) അത് എന്തൊരു പദവിയാണ്! നമ്മുടെ വേലയിൽ കൂടുതൽ വിദഗ്ധർ ആയിത്തീരാൻ കൊരിന്ത്യർക്കുള്ള പൗലൊസിന്റെ നിശ്വസ്ത ബുദ്ധ്യുപദേശം നമ്മെ എങ്ങനെ സഹായിക്കുമെന്നു നോക്കാം. നാം വിശേഷിച്ചും നമ്മുടെ “പഠിപ്പിക്കൽ കല”യിൽ ആയിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക.—2 തിമൊഥെയൊസ് 4:2, NW.
ശരിയായ അടിസ്ഥാനം ഇടൽ
4. (എ)ക്രിസ്തീയ നിർമാണ വേലയിൽ പൗലൊസിന്റെ പങ്ക് എന്തായിരുന്നു? (ബി) യേശുവിനും അവന്റെ ശ്രോതാക്കൾക്കും നല്ല അടിസ്ഥാനത്തിന്റെ പ്രാധാന്യം അറിയാമായിരുന്നു എന്നു പറയാവുന്നത് എന്തുകൊണ്ട്?
4 ഒരു കെട്ടിടം ഉറപ്പുള്ളതും നിലനിൽക്കുന്നതും ആയിരിക്കണമെങ്കിൽ, അതിന് നല്ല അടിസ്ഥാനം വേണം. അതുകൊണ്ട് പൗലൊസ് എഴുതി: “എനിക്കു ലഭിച്ച ദൈവകൃപെക്കു ഒത്തവണ്ണം ഞാൻ ജ്ഞാനമുള്ളോരു പ്രധാനശില്പിയായി അടിസ്ഥാനം ഇട്ടിരിക്കുന്നു.” (1 കൊരിന്ത്യർ 3:10) സമാനമായ ഒരു ദൃഷ്ടാന്തം യേശുക്രിസ്തുവും ഉപയോഗിക്കുകയുണ്ടായി. നിർമാതാവ് ഉറപ്പുള്ള അടിസ്ഥാനം തിരഞ്ഞെടുത്തിരുന്നതുകൊണ്ട് കൊടുങ്കാറ്റിനെ അതിജീവിച്ച ഒരു വീടിനെ കുറിച്ച് അവൻ പറഞ്ഞു. (ലൂക്കൊസ് 6:47-49) അടിസ്ഥാനത്തിന്റെ പ്രാധാന്യം യേശുവിന് നന്നായി അറിയാമായിരുന്നു. യഹോവ ഭൂമിയുടെതന്നെ അടിസ്ഥാനംa ഇട്ടപ്പോൾ അവൻ സന്നിഹിതൻ ആയിരുന്നു. (സദൃശവാക്യങ്ങൾ 8:29-31) യേശുവിന്റെ ശ്രോതാക്കൾക്കും നല്ല അടിസ്ഥാനത്തിന്റെ പ്രാധാന്യം അറിയാമായിരുന്നു. നല്ല അടിസ്ഥാനം ഉള്ള വീടുകൾക്കു മാത്രമേ ചിലപ്പോഴൊക്കെ പാലസ്തീനിൽ ഉണ്ടാകുമായിരുന്ന വെള്ളപ്പൊക്കത്തെയും ഭൂമികുലുക്കത്തെയും അതിജീവിക്കാൻ ആകുമായിരുന്നുള്ളൂ. എന്നാൽ പൗലൊസിന്റെ മനസ്സിൽ ഉണ്ടായിരുന്ന അടിസ്ഥാനം എന്തായിരുന്നു?
5. ക്രിസ്തീയ സഭയുടെ അടിസ്ഥാനം ആരാണ്, ഇത് എങ്ങനെ മുൻകൂട്ടി പറയപ്പെട്ടിരുന്നു?
5 പൗലൊസ് എഴുതി: “യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറെറാന്നു ഇടുവാൻ ആർക്കും കഴികയില്ല.” (1 കൊരിന്ത്യർ 3:11) യേശുവിനെ ഒരു അടിസ്ഥാനത്തോട് ഉപമിക്കുന്നത് ഇത് ആദ്യമായി അല്ലായിരുന്നു. വാസ്തവത്തിൽ, യെശയ്യാവു 28:16 ഇങ്ങനെ മുൻകൂട്ടി പറഞ്ഞിരുന്നു: “യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ സീയോനിൽ ഉറപ്പുള്ള അടിസ്ഥാനമായിട്ടു ശോധനചെയ്ത കല്ലും വിലയേറിയ മൂലക്കല്ലും ആയി ഒരു അടിസ്ഥാനക്കല്ലു ഇട്ടിരിക്കുന്നു.” തന്റെ പുത്രൻ ക്രിസ്തീയ സഭയുടെ അടിസ്ഥാനം ആയിത്തീരുമെന്ന് യഹോവ വളരെ മുമ്പുതന്നെ ഉദ്ദേശിച്ചിരുന്നു.—സങ്കീർത്തനം 118:22; എഫെസ്യർ 2:19-22; 1 പത്രൊസ് 2:4-6.
6. പൗലൊസ് കൊരിന്ത്യ ക്രിസ്ത്യാനികളിൽ ശരിയായ അടിസ്ഥാനം ഇട്ടത് എങ്ങനെ?
6 വ്യക്തിപരമായി ഓരോ ക്രിസ്ത്യാനിയുടെയും അടിസ്ഥാനം എന്താണ്? പൗലൊസ് പറഞ്ഞതുപോലെ, ദൈവവചനത്തിൽ വ്യക്തമാക്കിയിരിക്കുന്ന യേശുക്രിസ്തു എന്ന അടിസ്ഥാനം അല്ലാതെ സത്യ ക്രിസ്ത്യാനിക്ക് മറ്റൊരു അടിസ്ഥാനവും ഇല്ല. പൗലൊസ് നിശ്ചയമായും അത്തരം ഒരു അടിസ്ഥാനം ഇട്ടു. തത്ത്വചിന്തയ്ക്കു പ്രാമുഖ്യത ഉണ്ടായിരുന്ന കൊരിന്തിൽ, ലൗകിക ജ്ഞാനത്താൽ ആളുകളിൽ മതിപ്പുളവാക്കാൻ അവൻ ശ്രമിച്ചില്ല. മറിച്ച്, “ദണ്ഡനസ്തംഭത്തിൽ തറയ്ക്കപ്പെട്ട ക്രിസ്തുവിനെ” കുറിച്ചായിരുന്നു പൗലൊസ് പ്രസംഗിച്ചത്; ജനതകൾക്ക് അതു “ഭോഷത്തം” ആയിരുന്നു. (1 കൊരിന്ത്യർ 1:23) യഹോവയുടെ ഉദ്ദേശ്യങ്ങളിൽ യേശുവിനു കേന്ദ്രസ്ഥാനമാണ് ഉള്ളതെന്ന് പൗലൊസ് പഠിപ്പിച്ചു.—2 കൊരിന്ത്യർ 1:20; കൊലൊസ്സ്യർ 2:2, 3.
7. പൗലൊസ് തന്നെത്തന്നെ “ജ്ഞാനമുള്ളോരു പ്രധാനശില്പി” എന്നു പരാമർശിച്ചതിൽനിന്ന് നമുക്ക് എന്തു മനസ്സിലാക്കാം?
7 താൻ “ജ്ഞാനമുള്ളോരു പ്രധാനശില്പിയായി” അത്തരം പഠിപ്പിക്കൽ നിർവഹിച്ചു എന്ന് പൗലൊസ് എഴുതി. അതിലൂടെ അവൻ ആത്മപ്രശംസ നടത്തുക ആയിരുന്നില്ല. യഹോവ തന്നെ ഭരമേൽപ്പിച്ചിരിക്കുന്ന വേല സംഘടിപ്പിക്കുക അല്ലെങ്കിൽ അതിനു നേതൃത്വം നൽകുക എന്ന മഹത്തായ ദാനത്തെ അവൻ അംഗീകരിച്ചുപറഞ്ഞു എന്നു മാത്രം. (1 കൊരിന്ത്യർ 12:28) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്കു നൽകപ്പെട്ട അത്ഭുതവരങ്ങൾ ഇന്നു നമുക്ക് ഇല്ല എന്നതു ശരിതന്നെ. നാം സമർഥരായ ഉപദേഷ്ടാക്കളാണ് എന്ന ചിന്തയും നമുക്ക് ഇല്ലായിരിക്കാം. എന്നാൽ ഒരു പ്രധാനപ്പെട്ട അർഥത്തിൽ നാം അങ്ങനെയാണ്. ഇതു പരിചിന്തിക്കുക: നമ്മെ സഹായിക്കാനായി യഹോവ നമുക്കു പരിശുദ്ധാത്മാവിനെ നൽകുന്നു. (ലൂക്കൊസ് 12:11, 12 താരതമ്യം ചെയ്യുക.) നമുക്കു യഹോവയോടു സ്നേഹം ഉണ്ട്, അവന്റെ വചനത്തിലെ അടിസ്ഥാന പഠിപ്പിക്കലുകളെ കുറിച്ചു പരിജ്ഞാനവും ഉണ്ട്. മറ്റുള്ളവരെ പഠിപ്പിക്കുമ്പോൾ ഉപയോഗിക്കാവുന്ന മഹത്തായ ദാനങ്ങളാണ് അവ. ശരിയായ അടിസ്ഥാനം ഇടുന്നതിന് അവ ഉപയോഗിക്കാൻ നമുക്കു ദൃഢനിശ്ചയം ചെയ്യാം.
8. ഭാവി ശിഷ്യരിൽ നാം ക്രിസ്തുവിനെ അടിസ്ഥാനമായി ഇടുന്നത് എങ്ങനെ?
8 നാം ക്രിസ്തുവിനെ അടിസ്ഥാനമായി ഇടുമ്പോൾ, നാം അവനെ പുൽത്തൊട്ടിയിലെ നിസ്സഹായനായ ഒരു ശിശുവോ ഒരു ത്രിത്വത്തിലെ യഹോവയ്ക്കു തുല്യനായ ഒരുവനോ ആയിട്ടല്ല അവതരിപ്പിക്കുന്നത്. തിരുവെഴുത്തു വിരുദ്ധമായ അത്തരം ആശയങ്ങൾ വ്യാജ ക്രിസ്ത്യാനികൾക്കാണ് അടിസ്ഥാനമായി വർത്തിക്കുന്നത്. മറിച്ച്, അവൻ ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാൻ ആയിരുന്നു എന്നും നമുക്കുവേണ്ടി പൂർണതയുള്ള തന്റെ ജീവൻ അർപ്പിച്ചു എന്നും ഇപ്പോൾ സ്വർഗത്തിൽ യഹോവയുടെ നിയമിത രാജാവ് ആയി വാഴുകയാണ് എന്നും നാം പഠിപ്പിക്കുന്നു. (റോമർ 5:8; വെളിപ്പാടു 11:15) കൂടാതെ, യേശുവിന്റെ കാലടികളിൽ നടക്കാനും അവന്റെ ഗുണങ്ങൾ അനുകരിക്കാനും നാം നമ്മുടെ വിദ്യാർഥികളെ പ്രചോദിപ്പിക്കാൻ ശ്രമിക്കുന്നു. (1 പത്രൊസ് 2:21) ശുശ്രൂഷയോടുള്ള യേശുവിന്റെ തീക്ഷ്ണത, താഴേക്കിടയിലുള്ളവരോടും പീഡിതരോടുമുള്ള അവന്റെ അനുകമ്പ, കുറ്റഭാരത്താൽ ഞരങ്ങുന്ന പാപികളോടുള്ള അവന്റെ കരുണ, പരിശോധനകൾക്കു മുമ്പിൽ അവൻ പ്രകടമാക്കിയ അചഞ്ചലമായ ധൈര്യം എന്നിവയൊക്കെ അവരെ ആഴത്തിൽ പ്രചോദിപ്പിക്കാൻ നാം ആഗ്രഹിക്കുന്നു. സത്യമായും, യേശു മഹത്തായ ഒരു അടിസ്ഥാനംതന്നെ. എന്നാൽ അടുത്തതായി എന്താണ്?
ശരിയായ വസ്തുക്കൾകൊണ്ട് നിർമിക്കൽ
9. പൗലൊസ് മുഖ്യമായും അടിസ്ഥാനം ഇടുന്നയാൾ ആയിരുന്നെങ്കിലും, താൻ പഠിപ്പിച്ച സത്യം സ്വീകരിച്ചവരുടെ കാര്യത്തിൽ അവന് എന്തു താത്പര്യം ഉണ്ടായിരുന്നു?
9 പൗലൊസ് എഴുതി: “ആ അടിസ്ഥാനത്തിൻമേൽ ആരെങ്കിലും പൊന്നു, വെള്ളി, വിലയേറിയ കല്ലു, മരം, പുല്ലു, വൈക്കോൽ എന്നിവ പണിയുന്നു എങ്കിൽ അവനവന്റെ പ്രവൃത്തി വെളിപ്പെട്ടുവരും; ആ ദിവസം അതിനെ തെളിവാക്കും; അതു തീയോടെ വെളിപ്പെട്ടുവരും; ഓരോരുത്തന്റെ പ്രവൃത്തി ഇന്നവിധം എന്നു തീ തന്നേ ശോധന ചെയ്യും.” (1 കൊരിന്ത്യർ 3:12, 13) പൗലൊസ് എന്താണ് അർഥമാക്കിയത്? പശ്ചാത്തലം പരിചിന്തിക്കുക. പൗലൊസ് മുഖ്യമായും അടിസ്ഥാനം ഇടുന്നയാൾ ആയിരുന്നു. മിഷനറി യാത്രകളിൽ അവൻ നഗരങ്ങൾതോറും യാത്ര ചെയ്ത് ക്രിസ്തുവിനെ കുറിച്ചു കേട്ടിട്ടില്ലാത്ത അനേകരോടു പ്രസംഗിച്ചു. (റോമർ 15:20) അവൻ പഠിപ്പിച്ച സത്യം ആളുകൾ സ്വീകരിച്ചപ്പോൾ സഭകൾ രൂപീകരിക്കപ്പെട്ടു. പൗലൊസ് ഈ വിശ്വസ്തരുടെ കാര്യത്തിൽ നല്ല ശ്രദ്ധ പ്രകടമാക്കി. (2 കൊരിന്ത്യർ 11:28, 29) എന്നിരുന്നാലും, ശുശ്രൂഷ നിമിത്തം അവനു യാത്ര തുടരേണ്ടതുണ്ടായിരുന്നു. അതുകൊണ്ട് കൊരിന്തിൽ അടിസ്ഥാനമിടാൻ 18 മാസങ്ങൾ ചെലവഴിച്ചശേഷം അവൻ പ്രസംഗിക്കാനായി മറ്റു നഗരങ്ങളിലേക്ക് പോയി. അപ്പോഴും, താൻ തുടങ്ങിവെച്ച വേല മറ്റുള്ളവർ എങ്ങനെ തുടരുന്നു എന്നറിയാൻ അവൻ ആഴമായ താത്പര്യം പ്രകടമാക്കി.—പ്രവൃത്തികൾ 18:8-11; 1 കൊരിന്ത്യർ 3:6.
10, 11. (എ)പൗലൊസ് വ്യത്യസ്തതരം നിർമാണ വസ്തുക്കളെ വിപരീത താരതമ്യം ചെയ്തത് എങ്ങനെ? (ബി) ഏതുതരം അക്ഷരീയ കെട്ടിടങ്ങൾ പുരാതന കൊരിന്തിൽ ഉണ്ടായിരുന്നിരിക്കാം? (സി) ഏതുതരം കെട്ടിടങ്ങളാണ് അഗ്നിബാധയെ അതിജീവിക്കാൻ കൂടുതൽ സാധ്യത ഉള്ളത്, ക്രിസ്തീയ ശിഷ്യന്മാരെ ഉളവാക്കുന്നവർക്ക് അതു നൽകുന്ന പ്രായോഗിക പാഠം എന്ത്?
10 പൗലൊസ് കൊരിന്തിൽ ഇട്ട അടിസ്ഥാനത്തിന്മേൽ ചിലർ നല്ല രീതിയിൽ നിർമിക്കുകയായിരുന്നില്ല എന്നു തോന്നുന്നു. പ്രശ്നം തുറന്നുകാട്ടുന്നതിനായി, പൗലൊസ് രണ്ടുതരം നിർമാണ വസ്തുക്കളെ വിപരീത താരതമ്യം ചെയ്യുന്നു: സ്വർണം, വെള്ളി, വിലയേറിയ കല്ലുകൾ എന്നിവ ഒരു വശത്തും മരം, പുല്ല്, വൈക്കോൽ എന്നിവ മറുവശത്തും. നല്ലതും ഈടുറ്റതുമായ അഗ്നിപ്രതിരോധ വസ്തുക്കൾകൊണ്ട് ഒരു കെട്ടിടം പടുത്തുയർത്താം; അല്ലെങ്കിൽ താത്കാലികമായും ഒരു വീടു തട്ടിക്കൂട്ടാം. അതിന് ഒറ്റ ഉപയോഗംകൊണ്ടു നശിക്കുന്നതും തീപിടിക്കുന്നതുമായ വസ്തുക്കൾ മതിയാകും. കൊരിന്ത് പോലുള്ള ഒരു വലിയ നഗരത്തിൽ ഈ രണ്ടുതരത്തിലുമുള്ള കെട്ടിടങ്ങൾ നിസ്സംശയമായും ധാരാളം ഉണ്ടായിരുന്നു. വിലപിടിപ്പുള്ള കൂറ്റൻ കല്ലുകൾകൊണ്ടുb തീർത്ത, ഒരുപക്ഷേ ഭാഗികമായി സ്വർണവും വെള്ളിയും പതിച്ചതോ അല്ലെങ്കിൽ അവകൊണ്ട് അലങ്കരിച്ചതോ ആയ പ്രൗഢഗംഭീര ആലയങ്ങൾ ഉണ്ടായിരുന്നു. കെട്ടിയുണ്ടാക്കിയ, പുല്ലുമേഞ്ഞ മരക്കുടിലുകൾക്കും ഷെഡ്ഡുകൾക്കും പീടികകൾക്കും ഇടയിൽ ഈടുനിൽക്കുന്ന ഈ സൗധങ്ങൾ തലയെടുപ്പോടെ നിന്നിരിക്കാം.
11 അഗ്നിബാധ ഉണ്ടായാൽ ഈ കെട്ടിടങ്ങൾക്ക് എന്തു സംഭവിക്കും? പൗലൊസിന്റെ നാളിലേതുപോലെ, ഇന്നും ഉത്തരം വ്യക്തമാണ്. വാസ്തവത്തിൽ, പൊ.യു.മു. 146-ൽ റോമൻ ജനറൽ മമ്മിയസ് കൊരിന്ത് നഗരം പിടിച്ചടക്കി അതിനെ അഗ്നിക്കിരയാക്കിയിരുന്നു. മരം, പുല്ല്, വൈക്കോൽ എന്നിവ കൊണ്ട് ഉണ്ടാക്കിയ അനേകം കെട്ടിടങ്ങൾ തീർച്ചയായും പാടേ നശിച്ചിരുന്നു. വെള്ളിയും സ്വർണവുംകൊണ്ട് അലങ്കരിച്ചതും കല്ലുകൾകൊണ്ടു നിർമിച്ചതുമായ ഉറപ്പുള്ള കെട്ടിടങ്ങളുടെ കാര്യമോ? അവ നിസ്സംശയമായും നിലനിന്നു. എന്നാൽ ഈടു കുറഞ്ഞ അയൽകെട്ടിടങ്ങളെ പണ്ടേതന്നെ നിരപ്പാക്കിയ ദുരന്തങ്ങളിലും നിലനിന്ന അത്തരം ഗംഭീര കെട്ടിടങ്ങളുടെ സമീപത്തുകൂടെ കൊരിന്തിലെ പൗലൊസിന്റെ വിദ്യാർഥികൾ ദിവസവും കടന്നുപോയിരിക്കാം. അപ്പോൾ, എത്ര സജീവമായാണ് പൗലൊസ് തന്റെ ആശയം വ്യക്തമാക്കിയത്! പഠിപ്പിക്കുമ്പോൾ നാം നമ്മെത്തന്നെ നിർമാതാക്കൾ ആയി കരുതേണ്ടതുണ്ട്. സാധ്യമായിരിക്കുന്നിടത്തോളം ഏറ്റവും നല്ലതും ഈടുനിൽക്കുന്നതുമായ വസ്തുക്കൾകൊണ്ട് നിർമിക്കാനാണു നാം ആഗ്രഹിക്കുന്നത്. അങ്ങനെയെങ്കിൽ നമ്മുടെ പ്രവൃത്തി കൂടുതൽ കാലം നിലനിന്നേക്കാം. ഈടുനിൽക്കുന്ന ആ വസ്തുക്കൾ എന്തെല്ലാമാണ്, അവ ഉപയോഗിക്കുന്നത് മർമപ്രധാനം ആയിരിക്കുന്നത് എന്തുകൊണ്ട്?
നിങ്ങളുടെ പ്രവൃത്തി അഗ്നിയെ ചെറുത്തുനിൽക്കുമോ?
12. ചില കൊരിന്ത്യ ക്രിസ്ത്യാനികൾ അശ്രദ്ധമായി നിർമിച്ചിരുന്നത് ഏതെല്ലാം വിധങ്ങളിൽ?
12 വ്യക്തമായും, കൊരിന്തിലെ ചില ക്രിസ്ത്യാനികൾ താണതരം വസ്തുക്കൾകൊണ്ട് നിർമിക്കുകയാണെന്ന് പൗലൊസിനു തോന്നി. എന്തായിരുന്നു കുഴപ്പം? സന്ദർഭം പ്രകടമാക്കുന്നതുപോലെ, സഭയെ വിഭാഗീയത ബാധിച്ചിരുന്നു, അതായത് ആളുകൾ വ്യക്തിത്വങ്ങളിൽ ആകൃഷ്ടരായി അവർക്കു പിന്നാലെ പോകുകയായിരുന്നു. അതു സഭയുടെ ഐക്യത്തെ അപകടപ്പെടുത്തുന്നുണ്ടായിരുന്നു. ചിലർ “ഞാൻ പൌലൊസിന്റെ പക്ഷക്കാരൻ” എന്നു പറയുമ്പോൾ മറ്റു ചിലർ “ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ” എന്നു പറയുകയായിരുന്നു. ചിലർ തങ്ങളുടെ സ്വന്തം ജ്ഞാനത്തെ കുറിച്ച് അഹങ്കരിച്ചിരുന്നതായി തോന്നുന്നു. അപ്പോൾ ജഡിക ചിന്തയുടെയും ആത്മീയ അപക്വതയുടെയും കടുത്ത ‘ഈർഷ്യയുടെയും പിണക്കത്തിന്റേതും’ ആയ ഒരു അന്തരീക്ഷം ഉടലെടുത്തതിൽ അത്ഭുതപ്പെടാനില്ല. (1 കൊരിന്ത്യർ 1:12; 3:1-4, 18) ഈ മനോഭാവങ്ങൾ സഭയിലെ പഠിപ്പിക്കലിലും ശുശ്രൂഷയിലും നിശ്ചയമായും പ്രതിഫലിച്ചിരുന്നു. ഫലമോ, അവരുടെ ശിഷ്യരാക്കൽ വേല അശ്രദ്ധമായിത്തീർന്നു, താണതരം വസ്തുക്കൾകൊണ്ട് നിർമിക്കുന്നതുപോലെ. അത് ‘അഗ്നി’യെ (പി.ഒ.സി. ബൈബിൾ) അതിജീവിക്കുന്നത് ആയിരുന്നില്ല. പൗലൊസ് ഏത് അഗ്നിയെ കുറിച്ചു സംസാരിക്കുകയായിരുന്നു?
13. പൗലൊസിന്റെ ദൃഷ്ടാന്തത്തിലെ അഗ്നി എന്തിനെ പ്രതിനിധാനം ചെയ്യുന്നു, എല്ലാ ക്രിസ്ത്യാനികളും എന്ത് അറിഞ്ഞിരിക്കണം?
13 നാമെല്ലാം ജീവിതത്തിൽ അഭിമുഖീകരിക്കുന്ന ഒരു അഗ്നി ഉണ്ട്—നമ്മുടെ വിശ്വാസത്തിന്റെ പരിശോധനകൾ. (യോഹന്നാൻ 15:20; യാക്കോബ് 1:2, 3) നാം സത്യം പഠിപ്പിക്കുന്ന സകലർക്കും പരിശോധന നേരിടും എന്നു നാം ഇന്ന് അറിയേണ്ടതുപോലെ കൊരിന്തിലെ ക്രിസ്ത്യാനികളും അറിയേണ്ടിയിരുന്നു. നാം ഗുണമേന്മയോടെ പഠിപ്പിക്കുന്നില്ലെങ്കിൽ, പരിണതഫലം മോശമായിരുന്നേക്കാം. പൗലൊസ് ഇങ്ങനെ മുന്നറിയിപ്പു നൽകി: “ഒരുത്തൻ പണിത പ്രവൃത്തി നിലനില്ക്കും എങ്കിൽ അവന്നു പ്രതിഫലം കിട്ടും. ഒരുത്തന്റെ പ്രവൃത്തി വെന്തുപോയെങ്കിൽ അവന്നു ചേതം വരും; താനോ രക്ഷിക്കപ്പെടും; എന്നാൽ തീയിൽകൂടി എന്നപോലെ അത്രേ.”c—1 കൊരിന്ത്യർ 3:14, 15.
14. (എ)ക്രിസ്തീയ ശിഷ്യരെ ഉളവാക്കുന്നവർക്ക് “നഷ്ടം സഹിക്കേണ്ടി” വന്നേക്കാവുന്നത് എങ്ങനെ, എന്നിരുന്നാലും അഗ്നിയിലൂടെയെന്നവണ്ണം അവർ രക്ഷ പ്രാപിച്ചേക്കാവുന്നത് എങ്ങനെ? (ബി) നമുക്ക് എങ്ങനെ നഷ്ടസാധ്യത കഴിയുന്നത്ര കുറയ്ക്കാം?
14 നിശ്ചയമായും ഗൗരവമായ വാക്കുകൾതന്നെ! കഠിന ശ്രമം ചെയ്ത് ഒരാളെ ശിഷ്യൻ ആയിത്തീരാൻ സഹായിച്ചതിനു ശേഷം അയാൾ പ്രലോഭനത്തിനോ പീഡനത്തിനോ വശംവദനായി അവസാനം സത്യത്തിന്റെ വഴി വിട്ടുപോകുന്ന കാഴ്ച വളരെ വേദനാകരമാണ്. അത്തരം സന്ദർഭങ്ങളിൽ നമുക്കു നഷ്ടം വരുന്നു എന്നു പറഞ്ഞുകൊണ്ട് പൗലൊസ് സമ്മതിക്കുന്നത് അതുതന്നെയാണ്. ‘അഗ്നിയിലൂടെയെന്നവണ്ണം’ എന്നു നമ്മുടെ രക്ഷയെ വർണിച്ചിരിക്കുന്നതിനാൽ ആ അനുഭവം, അഗ്നിബാധയിൽ സകലതും നഷ്ടപ്പെട്ടെങ്കിലും കഷ്ടിച്ചു രക്ഷപ്പെട്ട ഒരാളെപ്പോലെ, അങ്ങേയറ്റം വേദനാകരമായിരിക്കാം. എന്നാൽ നമ്മുടെ കാര്യത്തിൽ, നമുക്ക് എങ്ങനെ നഷ്ടസാധ്യത കഴിയുന്നത്ര കുറയ്ക്കാം? ഈടുനിൽക്കുന്ന വസ്തുക്കൾകൊണ്ട് നിർമിക്കുക! ജ്ഞാനം, വിവേകം, യഹോവാഭക്തി, യഥാർഥ വിശ്വാസം എന്നിങ്ങനെയുള്ള അമൂല്യ ക്രിസ്തീയ ഗുണങ്ങൾ വിലമതിക്കാൻ പ്രേരിതരാകുംവിധം നാം നമ്മുടെ വിദ്യാർഥികളുടെ ഹൃദയത്തിൽ എത്താൻ പാകത്തിൽ പഠിപ്പിക്കുന്നെങ്കിൽ, നാം നിർമിക്കുന്നത് ഈടുനിൽക്കുന്ന, അഗ്നിപ്രതിരോധ വസ്തുക്കൾകൊണ്ടായിരിക്കും. (സങ്കീർത്തനം 19:9, 10; സദൃശവാക്യങ്ങൾ 3:13-15; 1 പത്രൊസ് 1:6, 7) ഈ ഗുണങ്ങൾ ആർജിച്ചെടുക്കുന്നവർ ദൈവഹിതം പ്രവർത്തിക്കുന്നതിൽ തുടരും; അവർക്ക് എന്നേക്കും ജീവിക്കുന്നതിനുള്ള ഉറച്ച പ്രത്യാശ ഉണ്ട്. (1 യോഹന്നാൻ 2:17) അങ്ങനെയെങ്കിൽ, പൗലൊസിന്റെ ദൃഷ്ടാന്തം നമുക്ക് എങ്ങനെ പ്രായോഗികമാക്കാം? ചില ഉദാഹരണങ്ങൾ പരിചിന്തിക്കുക.
15. നമ്മുടെ ബൈബിൾ വിദ്യാർഥികളുടെ കാര്യത്തിൽ നാം അശ്രദ്ധമായ നിർമാണം ഒഴിവാക്കുന്നു എന്ന് ഏതെല്ലാം വിധങ്ങളിൽ ഉറപ്പാക്കാം?
15 ബൈബിൾ വിദ്യാർഥികളെ പഠിപ്പിക്കുമ്പോൾ, നാം ഒരിക്കലും യഹോവയെക്കാൾ ഉപരി മനുഷ്യരിലേക്കു ശ്രദ്ധ തിരിക്കരുത്. നമ്മുടെ ലക്ഷ്യം ജ്ഞാനത്തിന്റെ പ്രാഥമിക ഉറവായി നമ്മെ വീക്ഷിക്കാൻ അവരെ പഠിപ്പിക്കുക എന്നതല്ല. അവർ മാർഗനിർദേശത്തിനായി യഹോവയിലേക്കും അവന്റെ വചനത്തിലേക്കും അവന്റെ സംഘടനയിലേക്കും നോക്കാൻ നാം ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ, അവരുടെ ചോദ്യങ്ങൾക്കു നാം കേവലം നമ്മുടെ വീക്ഷണങ്ങൾ നൽകുകയില്ല. മറിച്ച്, ബൈബിളും “വിശ്വസ്തനും വിവേകിയുമായ ദാസൻ” പ്രദാനം ചെയ്തിരിക്കുന്ന പ്രസിദ്ധീകരണങ്ങളും ഉപയോഗിച്ച് ഉത്തരങ്ങൾ കണ്ടെത്താൻ നാം അവരെ പഠിപ്പിക്കുന്നു. (മത്തായി 24:45-47, NW) സമാനമായ കാരണങ്ങളാൽ, നമ്മുടെ ബൈബിൾ വിദ്യാർഥികളുടെ മേൽ നാം അവകാശബോധം കാട്ടാതിരിക്കാനും ശ്രദ്ധിക്കണം. മറ്റുള്ളവർ അവരിൽ താത്പര്യം പ്രകടമാക്കുമ്പോൾ നീരസപ്പെടുന്നതിനുപകരം, സഭയിൽ സാധിക്കുന്നത്രയും സഹോദരങ്ങളെ അടുത്തറിയാനും വിലമതിക്കാനും ശ്രമിച്ചുകൊണ്ട് തങ്ങളുടെ പ്രീതിയുടെ കാര്യത്തിൽ “വിശാലതയുള്ളവരായിരി”ക്കാൻ നാം നമ്മുടെ ബൈബിൾ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കണം.—2 കൊരിന്ത്യർ 6:12, 13.
16. മൂപ്പന്മാർക്ക് അഗ്നിപ്രതിരോധ വസ്തുക്കൾകൊണ്ട് എങ്ങനെ നിർമിക്കാവുന്നതാണ്?
16 ശിഷ്യരെ നിർമിക്കുന്നതിൽ ക്രിസ്തീയ മൂപ്പന്മാരും മർമപ്രധാനമായ ഒരു പങ്കു വഹിക്കുന്നു. സഭയിൽ പഠിപ്പിക്കുമ്പോൾ, അവർ അഗ്നിപ്രതിരോധ വസ്തുക്കൾകൊണ്ട് നിർമിക്കാൻ ശ്രമിക്കുന്നു. അവരുടെ പഠിപ്പിക്കൽ പ്രാപ്തി, അനുഭവ പരിചയം, വ്യക്തിത്വം എന്നിവ ഏറെ വ്യത്യാസപ്പെട്ടിരുന്നേക്കാം, എന്നാൽ അവർ ഈ വ്യത്യാസങ്ങളെ മുതലെടുത്തുകൊണ്ട് ശിഷ്യരെ തങ്ങളിലേക്കു വശീകരിക്കുന്നില്ല. (പ്രവൃത്തികൾ 20:29, 30 താരതമ്യം ചെയ്യുക.) “ഞാൻ പൌലൊസിന്റെ പക്ഷക്കാരൻ” എന്നോ “ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ” എന്നോ കൊരിന്തിലെ ചിലർ പറഞ്ഞത് എന്തുകൊണ്ടെന്നു നമുക്കു കൃത്യമായും അറിയില്ല. എന്നാൽ ഈ വിശ്വസ്ത മൂപ്പന്മാർ ആരുംതന്നെ നിശ്ചയമായും അത്തരം വിഭാഗീയ ചിന്താഗതി ഉന്നമിപ്പിച്ചില്ല എന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. കാരണം അത്തരം വികാര പ്രകടനങ്ങളിലൊന്നും പൗലൊസ് വീണില്ല; അവയെ ശക്തമായി ഖണ്ഡിക്കുകയാണ് അവൻ ചെയ്തത്. (1 കൊരിന്ത്യർ 3:5-7) സമാനമായി ഇന്നും, തങ്ങൾ “ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ” ആണ് മേയിക്കുന്നതെന്ന് മൂപ്പന്മാർ മനസ്സിൽ പിടിക്കുന്നു. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (1 പത്രൊസ് 5:2) അത് ഒരു മനുഷ്യന്റെയും സ്വന്തമല്ല. അതുകൊണ്ട് ആരെങ്കിലും ആട്ടിൻകൂട്ടത്തിന്റെയോ മൂപ്പന്മാരുടെ സംഘത്തിന്റെയോ മേൽ മേധാവിത്വം പുലർത്താൻ ശ്രമിക്കുന്നതിനെതിരെ മൂപ്പന്മാർ ശക്തമായ നിലപാട് എടുക്കുന്നു. സഭയെ സേവിക്കുക, ആടുകളുടെ ഹൃദയത്തിൽ എത്തിച്ചേരുക, മുഴുഹൃദയത്തോടെ യഹോവയെ സേവിക്കാൻ അവരെ സഹായിക്കുക എന്നിങ്ങനെയുള്ള എളിയ ആഗ്രഹത്താൽ പ്രചോദിതർ ആയിരിക്കുന്നിടത്തോളംകാലം, മൂപ്പന്മാർ അഗ്നിപ്രതിരോധ വസ്തുക്കൾകൊണ്ട് നിർമിക്കുകയാണ്.
17. ക്രിസ്തീയ മാതാപിതാക്കൾ അഗ്നിപ്രതിരോധ വസ്തുക്കൾകൊണ്ട് നിർമിക്കാൻ ശ്രമിക്കുന്നത് എങ്ങനെ?
17 ക്രിസ്തീയ മാതാപിതാക്കളും ഇക്കാര്യത്തിൽ ആഴമായ താത്പര്യം ഉള്ളവർ ആണ്. തങ്ങളുടെ കുട്ടികൾ നിത്യമായി ജീവിക്കുന്നത് കാണാൻ അവർ എത്ര ഉത്കടമായി ആഗ്രഹിക്കുന്നു! അതുകൊണ്ടാണ് അവർ തങ്ങളുടെ കുട്ടികളുടെ ഹൃദയങ്ങളിൽ ദൈവവചനത്തിലെ തത്ത്വങ്ങൾ “ഉൾനടാൻ” കഠിന ശ്രമം ചെയ്യുന്നത്. (ആവർത്തനപുസ്തകം 6:6, 7) തങ്ങളുടെ കുട്ടികൾ സത്യം അറിയണമെന്ന് അവർ ആഗ്രഹിക്കുന്നു, കേവലം ഒരു കൂട്ടം നിയമങ്ങളോ വസ്തുതകളോ ആയിട്ടല്ല, മറിച്ച് സംതൃപ്തവും പ്രതിഫലദായകവും സന്തുഷ്ടവുമായ ഒരു ജീവിതരീതി ആയിട്ട് അവർ അത് അറിയണം. (1 തിമൊഥെയൊസ് 1:11) തങ്ങളുടെ കുട്ടികളെ ക്രിസ്തുവിന്റെ വിശ്വസ്ത ശിഷ്യരായി നിർമിക്കുന്നതിനുവേണ്ടി, സ്നേഹനിധികളായ മാതാപിതാക്കൾ അഗ്നിപ്രതിരോധ വസ്തുക്കൾ ഉപയോഗിക്കാൻ ശ്രമിക്കുന്നു. അവർ ക്ഷമാപൂർവം തങ്ങളുടെ കുട്ടികൾക്കൊപ്പം പ്രവർത്തിച്ചുകൊണ്ട് യഹോവ വെറുക്കുന്ന ഗുണങ്ങൾ പിഴുതുകളയാനും അവൻ ഇഷ്ടപ്പെടുന്ന ഗുണങ്ങൾ നട്ടുവളർത്താനും അവരെ സഹായിക്കുന്നു.—ഗലാത്യർ 5:22, 23.
ആരാണ് ഉത്തരവാദി?
18. ഒരു ശിഷ്യൻ ആരോഗ്യാവഹമായ പഠിപ്പിക്കൽ നിരസിക്കുമ്പോൾ, അത് അവനെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തവരുടെ കുറ്റമാകണമെന്നില്ല എന്നു പറയാവുന്നത് എന്തുകൊണ്ട്?
18 ഈ ചർച്ച ഒരു പ്രധാനപ്പെട്ട ചോദ്യം ഉയർത്തുന്നു. നാം സഹായിക്കാൻ ശ്രമിക്കുന്ന ഒരാൾ സത്യത്തിൽനിന്നു വീണുപോകുന്നെങ്കിൽ, അതിനർഥം ഉപദേഷ്ടാക്കൾ എന്ന നിലയിൽ നാം പരാജയപ്പെട്ടു, അല്ലെങ്കിൽ നാം താണതരം വസ്തുക്കൾകൊണ്ടാണ് നിർമിച്ചിരിക്കുന്നത് എന്നാണോ? ആയിരിക്കണമെന്നില്ല. ശിഷ്യരെ നിർമിക്കുന്നതിൽ പങ്ക് ഉണ്ടായിരിക്കുന്നത് ഒരു വലിയ ഉത്തരവാദിത്വം ആണ് എന്ന് പൗലൊസിന്റെ വാക്കുകൾ നിശ്ചയമായും നമ്മെ അനുസ്മരിപ്പിക്കുന്നു. നന്നായി നിർമിക്കാൻ ആവുന്നതെല്ലാം ചെയ്യാൻ നാം ആഗ്രഹിക്കുന്നു. എന്നാൽ നാം സഹായിക്കാൻ ശ്രമിക്കുന്നവർ സത്യത്തിൽനിന്നു വീണുപോകുമ്പോൾ മുഴു ഉത്തരവാദിത്വവും ഏറ്റെടുത്ത് അതിന്റെ കുറ്റഭാരവും പേറിനടക്കാൻ ദൈവവചനം നമ്മോടു പറയുന്നില്ല. നിർമാതാക്കൾ എന്ന നിലയിൽ നമുക്കുള്ള പങ്ക് കൂടാതെ മറ്റു ഘടകങ്ങളും ഉൾപ്പെടുന്നുണ്ട്. ഉദാഹരണത്തിന്, അശ്രദ്ധമായി നിർമിച്ച ഉപദേഷ്ടാവ് ആയിരുന്നിട്ടുകൂടി അവനെ കുറിച്ച് പൗലൊസ് പറയുന്നതു ശ്രദ്ധിക്കുക: “അവൻ നഷ്ടം സഹിക്കേണ്ടി വരും; എങ്കിലും . . . അവൻ രക്ഷ പ്രാപിക്കും.” (1 കൊരിന്ത്യർ 3:15) ഈ വ്യക്തി അവസാനം രക്ഷ പ്രാപിക്കുകയും അതേസമയം അയാൾ തന്റെ വിദ്യാർഥിയിൽ നിർമിക്കാൻ ശ്രമിച്ച ക്രിസ്തീയ വ്യക്തിത്വം അഗ്നി പരിശോധനയിൽ ‘അഗ്നിക്കിരയാകുന്ന’തായി ചിത്രീകരിക്കുകയും ചെയ്തിരിക്കുന്നെങ്കിൽ, നാം എന്തു നിഗമനം ചെയ്യണം? നിശ്ചയമായും, ഒരു വിശ്വസ്ത ഗതി പിൻപറ്റണമോ വേണ്ടയോ എന്നതു സംബന്ധിച്ച തീരുമാനങ്ങൾക്ക് യഹോവ മുഖ്യമായും വിദ്യാർഥിയെ ഉത്തരവാദിയായി കാണുന്നു എന്ന്.
19. നാം അടുത്ത ലേഖനത്തിൽ എന്തു പരിചിന്തിക്കുന്നതാണ്?
19 വ്യക്തിപരമായ അല്ലെങ്കിൽ ഓരോ വ്യക്തിക്കുമുള്ള ഉത്തരവാദിത്വം വലിയ പ്രാധാന്യമുള്ള സംഗതിയാണ്. അതു നമ്മെ ഓരോരുത്തരെയും ബാധിക്കുന്നു. പ്രത്യേകിച്ച്, ഇക്കാര്യം സംബന്ധിച്ച് ബൈബിൾ എന്തു പഠിപ്പിക്കുന്നു? അടുത്ത ലേഖനം ഇതു പരിചിന്തിക്കുന്നതാണ്.
[അടിക്കുറിപ്പുകൾ]
a ‘ഭൂമിയുടെ അടിസ്ഥാനം’ എന്നത് ഭൂമി ഉൾപ്പെടെ ആകാശത്തിലെ എല്ലാ ഗോളങ്ങളെയും അതതിന്റെ സ്ഥാനത്ത് ഉറപ്പിച്ചു നിർത്തുന്ന ഭൗതിക ശക്തികളെ പരാമർശിക്കുന്നതായിരിക്കാം. മാത്രമല്ല, ഒരിക്കലും “ഇളകിപ്പോകാതവണ്ണം,” അല്ലെങ്കിൽ നാശത്തിനു വിധേയമാകാത്ത വിധത്തിൽ, ആണ് ഭൂമിതന്നെ നിർമിക്കപ്പെട്ടിരിക്കുന്നത്.—സങ്കീർത്തനം 104:5.
b പൗലൊസ് പരാമർശിക്കുന്ന “വിലയേറിയ കല്ലു” വൈരക്കല്ലും മാണിക്യക്കല്ലും പോലുള്ള രത്നങ്ങൾ ആയിരിക്കണമെന്നില്ല. അവ മാർബിൾ, വെണ്ണക്കല്ല്, ഗ്രാനൈറ്റ് എന്നിങ്ങനെ കെട്ടിട നിർമാണത്തിനുള്ള വിലയേറിയ കല്ലുകൾ ആയിരിക്കാം.
c പൗലൊസിനു സംശയമുള്ളത് പണിയുന്നവന്റെ രക്ഷയിൽ അല്ല, മറിച്ച് പണിയുന്നവന്റെ “പ്രവൃത്തി”യുടെ രക്ഷയിൽ ആയിരുന്നു. പി.ഒ.സി. ബൈബിൾ ഈ വാക്യം ഇങ്ങനെ പരിഭാഷപ്പെടുത്തുന്നു: “ആരുടെ പണി നിലനില്ക്കുന്നുവോ അവൻ സമ്മാനിതനാകും. ആരുടെ പണി അഗ്നിക്കിരയാകുന്നുവോ അവൻ നഷ്ടം സഹിക്കേണ്ടി വരും; എങ്കിലും അഗ്നിയിലൂടെയെന്നവണ്ണം അവൻ രക്ഷ പ്രാപിക്കും.”
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
□ ഒരു സത്യ ക്രിസ്ത്യാനിയിലെ “അടിസ്ഥാനം” എന്താണ്, അത് എങ്ങനെ ഇടപ്പെടുന്നു?
□ വ്യത്യസ്തതരം നിർമാണ വസ്തുക്കളിൽനിന്ന് നമുക്ക് എന്തു പഠിക്കാവുന്നതാണ്?
□ ‘അഗ്നി’ എന്തു പ്രതിനിധാനം ചെയ്യുന്നു, ചിലർ “നഷ്ടം സഹിക്കേണ്ടി വരാ”നിടയാകുന്നത് എങ്ങനെ?
□ ബൈബിൾ ഉപദേഷ്ടാക്കൾ, മൂപ്പന്മാർ, മാതാപിതാക്കൾ എന്നിവർക്ക് അഗ്നിപ്രതിരോധ വസ്തുക്കൾകൊണ്ട് നിർമിക്കാവുന്നത് എങ്ങനെ?
[9-ാം പേജിലെ ചിത്രം]
അനേകം പുരാതന നഗരങ്ങളിലും അഗ്നിപ്രതിരോധ കല്ലുകൾകൊണ്ട് നിർമിച്ച കെട്ടിടങ്ങളും താണതരം വസ്തുക്കൾകൊണ്ടു നിർമിച്ച കെട്ടിടങ്ങളും ഉണ്ടായിരുന്നു