നിങ്ങളുടെ രക്ഷയ്ക്കായി പ്രവർത്തിപ്പിൻ!
“പ്രിയമുള്ളവരേ, . . . ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷെക്കായി പ്രവർത്തിപ്പിൻ.”—ഫിലിപ്പിയർ 2:12.
1, 2. ജീവിതത്തിന്മേൽ തങ്ങൾക്കു യാതൊരു നിയന്ത്രണവും ഇല്ല എന്ന് അനേകർക്കും തോന്നാൻ ജനപ്രീതിയുള്ള ഏത് ആശയങ്ങൾ കാരണമായിരിക്കുന്നു?
“നിങ്ങൾ ആ വിധം ജനിച്ചവനോ?” ഈയിടെ, പ്രചാരമുള്ള ഒരു മാസികയുടെ മുഖ പേജിൽത്തന്നെ തിളങ്ങിനിന്ന ഒരു ചോദ്യം ആയിരുന്നു അത്. പ്രസ്തുത ശീർഷകത്തിനു താഴെ, ഈ വാക്കുകളും: “വ്യക്തിത്വം, പ്രകൃതം, ജീവിതത്തിലെ തിരഞ്ഞെടുപ്പുകൾ പോലും. അതെല്ലാം മിക്കവാറും നിങ്ങളുടെ ജീനുകളിലുണ്ട് എന്ന് പുതിയ പഠനങ്ങൾ കാണിക്കുന്നു.” അത്തരം അവകാശവാദങ്ങൾ ഹേതുവായി ജീവിതത്തിന്മേൽ തങ്ങൾക്കു യാതൊരു നിയന്ത്രണവും ഇല്ല എന്ന് ചിലർക്കു തോന്നിയേക്കാം.
2 മാതാപിതാക്കളുടെ മോശമായ വളർത്തൽരീതിയോ അധ്യാപകരുടെ മോശമായ പഠിപ്പിക്കൽരീതിയോ ആണ് തങ്ങളുടെ അസന്തുഷ്ട ജീവിതത്തിനു കാരണമെന്നു മറ്റു ചിലർ വിചാരിക്കുന്നു. മാതാപിതാക്കളുടെ തെറ്റുകൾ ആവർത്തിക്കാനും തങ്ങളുടെ ഏറ്റവും മോശമായ പ്രവണതകൾ അനുസരിച്ചു പ്രവർത്തിക്കാനും യഹോവയോട് അവിശ്വസ്തരാണെന്നു തെളിയിക്കാനും ആണ്—ചുരുക്കത്തിൽ മോശമായ തിരഞ്ഞെടുപ്പുകൾ നടത്താനാണ്—തങ്ങളുടെ വിധി എന്ന് അവർക്കു തോന്നിയേക്കാം. അതാണോ ബൈബിൾ പഠിപ്പിക്കുന്നത്? വിധിവിശ്വാസം പോലുള്ള എന്തോ ഒന്നു ബൈബിൾ പഠിപ്പിക്കുന്നു എന്ന് ചില മതക്കാർ ഉറപ്പിച്ചു പറയുന്നു. ഈ പഠിപ്പിക്കൽപ്രകാരം, ദൈവം പണ്ടുതന്നെ നിങ്ങളുടെ ജീവിതത്തിലെ ഓരോ സംഭവവും മുൻനിശ്ചയിച്ചിരിക്കുന്നു.
3. നമ്മുടെ ഭാവി സംബന്ധിച്ച ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനുള്ള നമ്മുടെ പ്രാപ്തിയുടെ കാര്യത്തിൽ പ്രോത്സാഹജനകമായ എന്തു സന്ദേശം ബൈബിളിൽ ഉണ്ട്?
3 ഈ വ്യത്യസ്ത ആശയങ്ങളെല്ലാം പൊതുവേ പറയുന്നത് ഇതാണ്: നിങ്ങളുടെ ജീവിതം എങ്ങനെ ആയിത്തീരും എന്നതു സംബന്ധിച്ച് നിങ്ങൾക്കു യാതൊരു തിരഞ്ഞെടുപ്പുമില്ല, യാതൊരു നിയന്ത്രണവും ഇല്ല എന്ന്. അതു നിരുത്സാഹപ്പെടുത്തുന്ന ഒരു സന്ദേശം ആണ്. നിരുത്സാഹം പ്രശ്നം വർധിപ്പിക്കുകയേ ഉള്ളൂ. സദൃശവാക്യങ്ങൾ 24:10 (NW) പറയുന്നു: “അരിഷ്ട ദിനത്തിൽ നീ നിന്നെത്തന്നെ നിരുത്സാഹിതനായി പ്രകടമാക്കിയിരിക്കുന്നുവോ? നിന്റെ ശക്തി തുച്ഛമായിരിക്കും.” എന്നിരുന്നാലും, ബൈബിൾ പറയുന്നതനുസരിച്ച്, നമുക്കു ‘നമ്മുടെ രക്ഷയ്ക്കായി പ്രവർത്തിക്കാൻ’ സാധിക്കും എന്നു മനസ്സിലാക്കാൻ നാം പ്രോത്സാഹിപ്പിക്കപ്പെടുന്നു. (ഫിലിപ്പിയർ 2:12) ഈ ആശാവഹമായ തിരുവെഴുത്തു പഠിപ്പിക്കലിലുള്ള നമ്മുടെ വിശ്വാസത്തെ നമുക്ക് എങ്ങനെ ഊട്ടിയുറപ്പിക്കാനാകും?
നാം നമ്മിൽത്തന്നെ നടത്തുന്ന ‘നിർമാണം’
4. 1 കൊരിന്ത്യർ 3:10-15 അഗ്നിപ്രതിരോധ വസ്തുക്കൾകൊണ്ടുള്ള നിർമിതിയെ കുറിച്ചാണു സംസാരിക്കുന്നതെങ്കിലും, ഇത് എന്ത് അർഥമാക്കുന്നില്ല?
4 1 കൊരിന്ത്യർ 3:10-15-ൽ കാണുന്ന പൗലൊസ് അപ്പൊസ്തലന്റെ ദൃഷ്ടാന്തം പരിചിന്തിക്കുക. അവിടെ, അവൻ ക്രിസ്തീയ നിർമാണ വേലയെ കുറിച്ചു സംസാരിക്കുന്നു. അവന്റെ ദൃഷ്ടാന്തത്തിലെ തത്ത്വം ആന്തരികവും ബാഹ്യവുമായ ശുശ്രൂഷയ്ക്കു ബാധകമാക്കാൻ കഴിയും. ഒരു ശിഷ്യൻ അവസാനം യഹോവയെ സേവിച്ചുകൊണ്ട് തന്റെ തീരുമാനത്തിൽ വിശ്വസ്തനായി തുടരുമോ എന്നത് തീർത്തും അവനെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്ത ആളുടെ ഉത്തരവാദിത്വം ആണെന്ന് അവൻ അർഥമാക്കുന്നുണ്ടോ? ഇല്ല. നിർമാണ വേലയിൽ ഉപദേഷ്ടാവിന്റെ പരമാവധി ചെയ്യുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയായിരുന്നു പൗലൊസ്. എന്നാൽ നാം മുൻ ലേഖനത്തിൽ മനസ്സിലാക്കിയതുപോലെ, വിദ്യാർഥിക്ക് അഥവാ ശിഷ്യന് ഇക്കാര്യത്തിൽ യാതൊരു തിരഞ്ഞെടുപ്പും ഇല്ല എന്ന് പറയുകയായിരുന്നില്ല അവൻ. പൗലൊസിന്റെ ദൃഷ്ടാന്തം നാം നമ്മിൽത്തന്നെ ചെയ്യുന്ന നിർമാണ വേലയിൽ അല്ല, മറിച്ച് മറ്റുള്ളവരിൽ നാം ചെയ്യുന്ന വേലയിൽ ആണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നതാണ് സത്യം. അശ്രദ്ധമായ നിർമാണ വേല നശിക്കുകയും നിർമാതാവ് രക്ഷിക്കപ്പെടുകയും ചെയ്യുന്നതിനെ കുറിച്ചു പൗലൊസ് സംസാരിക്കുന്നു എന്നതിൽനിന്ന് ഇതു വ്യക്തമാണ്. എന്നിരുന്നാലും, നാം നമ്മിൽത്തന്നെ ചെയ്യുന്ന വേലയ്ക്കും ചിലപ്പോഴൊക്കെ ബൈബിൾ അതേ ആലങ്കാരിക ഭാഷ ബാധകമാക്കുന്നുണ്ട്.
5. ക്രിസ്ത്യാനികൾ തങ്ങളിൽത്തന്നെ ‘നിർമി’ക്കണമെന്ന് ഏതു തിരുവെഴുത്തുകൾ പ്രകടമാക്കുന്നു?
5 ഉദാഹരണത്തിന്, യൂദാ 20, 21 (NW) പരിചിന്തിക്കുക: “പ്രിയപ്പെട്ടവരേ, നിങ്ങൾ നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തിന്മേൽ നിങ്ങളെത്തന്നെ നിർമിച്ചും പരിശുദ്ധാത്മാവിൽ പ്രാർഥിച്ചുംകൊണ്ട് ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ.” 1 കൊരിന്ത്യർ 3-ാം അധ്യായത്തിൽ പൗലൊസ് ഉപയോഗിക്കുന്ന അതേ ഗ്രീക്കു പദംതന്നെയാണ് യൂദാ ഇവിടെ ‘നിർമാണ’ത്തിന് ഉപയോഗിക്കുന്നത്. എന്നാൽ യൂദായുടെ ആശയം നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിന്മേൽ നാം നമ്മെത്തന്നെ നിർമിക്കുന്നതാണെന്നു തോന്നുന്നു. പാറമേൽ വീടു പണിതവനെ കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തം രേഖപ്പെടുത്തവേ “അടിസ്ഥാനം” എന്നതിന് ലൂക്കൊസ് ഉപയോഗിക്കുന്നത് പൗലൊസ് ക്രിസ്തീയ നിർമിക്കലിനെ കുറിച്ചുള്ള തന്റെ ദൃഷ്ടാന്തത്തിൽ ഉപയോഗിക്കുന്ന അതേ ഗ്രീക്കു പദംതന്നെയാണ്. (ലൂക്കൊസ് 6:48, 49) കൂടാതെ, ആത്മീയ പുരോഗതി വരുത്താൻ തന്റെ സഹക്രിസ്ത്യാനികളെ ആഹ്വാനം ചെയ്തപ്പോൾ, ഒരു “അടിസ്ഥാന”ത്തിന്മേൽ സ്ഥാപിതമാകുന്നതിന്റെ ഭാവനാചിത്രം പൗലൊസ് ഉപയോഗിക്കുന്നു. അതേ, നാം നമ്മിൽത്തന്നെ ‘നിർമിക്ക’ണമെന്നു ദൈവവചനം പഠിപ്പിക്കുന്നു.—എഫെസ്യർ 3:15-19; കൊലൊസ്സ്യർ 1:23; 2:7.
6. (എ) ഓരോ ക്രിസ്തീയ ശിഷ്യനും ഒരു കൂട്ടായ നിർമാണ പദ്ധതിയുടെ ഫലം ആയിരിക്കുന്നത് എങ്ങനെ എന്നു ദൃഷ്ടാന്തീകരിക്കുക. (ബി) വ്യക്തിപരമായി ഓരോ ശിഷ്യനും എന്ത് ഉത്തരവാദിത്വം ഉണ്ട്?
6 ഒരുവനെ ക്രിസ്ത്യാനിയായി പണിയുന്നത് ഒരു ഒറ്റയാൾ വേല ആണോ? നിങ്ങൾ ഒരു വീടു പണിയാൻ തീരുമാനിച്ചു എന്നു സങ്കൽപ്പിക്കുക. പ്ലാൻ വരപ്പിക്കാനായി നിങ്ങൾ ഒരു ആർക്കിടെക്റ്റിന്റെ അടുക്കൽ പോകുന്നു. നിർമാണത്തിന്റെ ഏറിയകൂറും നിങ്ങൾതന്നെ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെങ്കിലും, ഏറ്റവും നല്ല വിധങ്ങളെ കുറിച്ചു നിങ്ങൾക്ക് വിവരം നൽകി സഹായിക്കാനായി നിങ്ങൾ ഒരു കോൺട്രാക്റ്ററെ വെക്കുന്നു. അയാൾ നല്ലൊരു അടിസ്ഥാനം ഇടുന്നു, പ്ലാൻ മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കുന്നു, വാങ്ങേണ്ട ഏറ്റവും നല്ല വസ്തുക്കൾ നിർദേശിക്കുന്നു, നിർമാണത്തെ കുറിച്ച് നിങ്ങളെ ഏറെ പഠിപ്പിക്കുകപോലും ചെയ്യുന്നു. എങ്കിൽ അയാൾ നല്ല വേല ചെയ്തു എന്ന് നിങ്ങൾ പറഞ്ഞേക്കാം. എന്നാൽ നിങ്ങൾ അയാളുടെ ഉപദേശം അവഗണിച്ച് വിലകുറഞ്ഞതോ തരംതാണതോ ആയ വസ്തുക്കൾ വാങ്ങുകയും ആർക്കിടെക്റ്റിന്റെ പ്ലാനിൽനിന്നു വ്യതിചലിക്കുകപോലും ചെയ്യുന്നെങ്കിലോ? വീടു നിലംപൊത്തിയാൽ, തീർച്ചയായും നിങ്ങൾക്കു കോൺട്രാക്റ്ററെയോ ആർക്കിടെക്റ്റിനെയോ പഴിക്കാനാവില്ല! അതുപോലെ, ഓരോ ക്രിസ്തീയ ശിഷ്യനും ഒരു കൂട്ടായ നിർമാണ പദ്ധതിയുടെ ഫലമാണ്. യഹോവയാണ് വിദഗ്ധ ആർക്കിടെക്റ്റ്. “ദൈവത്തിന്റെ കൂട്ടുവേലക്കാരി”ൽ ഒരുവൻ എന്ന നിലയിൽ ഒരു വിദ്യാർഥിയെ പഠിപ്പിക്കുകയും നിർമിക്കുകയും ചെയ്യുന്ന ഒരു വിശ്വസ്ത ക്രിസ്ത്യാനിയെ അവൻ പിന്തുണയ്ക്കുന്നു. (1 കൊരിന്ത്യർ 3:9) എങ്കിലും വിദ്യാർഥിയും ഉൾപ്പെടുന്നുണ്ട്. അവസാന വിശകലനത്തിൽ, അയാളുടെ ജീവിതഗതിക്ക് അയാൾതന്നെ ആണ് ഉത്തരവാദി. (റോമർ 14:12) ഉത്തമ ക്രിസ്തീയ ഗുണങ്ങൾ ഉണ്ടായിരിക്കാൻ അയാൾ ആഗ്രഹിക്കുന്നെങ്കിൽ, അവ നേടിയെടുക്കാൻ, അവ തന്നിൽത്തന്നെ നിർമിക്കാൻ അയാൾ കഠിനമായി പ്രവർത്തിക്കണം.—2 പത്രൊസ് 1:5-8.
7. ചില ക്രിസ്ത്യാനികൾ ഏതു വെല്ലുവിളികൾ നേരിടുന്നു, അവരെ എന്ത് ആശ്വസിപ്പിച്ചേക്കാം?
7 അപ്പോൾ, ഇതിനർഥം ജനിതകഘടനയ്ക്കും പരിസ്ഥിതിക്കും ഉപദേഷ്ടാക്കന്മാർ എന്ന നിലയിലുള്ള ഗുണമേന്മയ്ക്കും യാതൊരു സ്വാധീനവും ഇല്ല എന്നാണോ? നിശ്ചയമായും അല്ല. ഇവ ഓരോന്നും പ്രധാനപ്പെട്ടതാണെന്നും സ്വാധീനശക്തി ഉള്ളതാണെന്നും ദൈവവചനം അംഗീകരിക്കുന്നു. പാപപൂർണവും ദോഷകരവുമായ അനേകം പ്രവണതകൾ ജന്മസിദ്ധമാണ്, അവയോടു പോരാടുക വളരെ ബുദ്ധിമുട്ടായിരിക്കാം. (സങ്കീർത്തനം 51:5; റോമർ 5:12; 7:21-23) മാതാപിതാക്കൾ വളർത്തിയ വിധവും വീട്ടിലെ അന്തരീക്ഷവും യുവപ്രായക്കാരെ നല്ലതായിട്ടോ മോശമായിട്ടോ ശക്തമായ വിധത്തിൽ സ്വാധീനിച്ചേക്കാം. (സദൃശവാക്യങ്ങൾ 22:6; കൊലൊസ്സ്യർ 3:21) യഹൂദ മതനേതാക്കന്മാരുടെ പഠിപ്പിക്കലിന് മറ്റുള്ളവരുടെമേൽ ഉണ്ടായ ദോഷഫലങ്ങൾക്ക് യേശു അവരെ കുറ്റംവിധിച്ചു. (മത്തായി 23:13, 15) ഇന്ന്, അത്തരം ഘടകങ്ങൾ നമ്മെയെല്ലാം ബാധിക്കുന്നുണ്ട്. ഉദാഹരണത്തിന്, പ്രയാസകരമായ കുട്ടിക്കാലത്തിന്റെ ഫലമായി ദൈവജനത്തിലെ ചിലർ വെല്ലുവിളികൾ നേരിടുന്നു. ഇവർക്കു നമ്മുടെ കരുണയും സമാനുഭാവവും ആവശ്യമാണ്. തങ്ങളുടെ മാതാപിതാക്കളുടെ തെറ്റുകൾ ആവർത്തിക്കാനോ അവിശ്വസ്തർ ആണെന്നു തെളിയിക്കാനോ തങ്ങൾ വിധിക്കപ്പെട്ടവർ അല്ല എന്ന ബൈബിൾ സന്ദേശത്തിൽ അവർക്ക് ആശ്വാസം കൊള്ളാവുന്നതാണ്. പുരാതന യഹൂദയിലെ ചില രാജാക്കന്മാർ ഈ ആശയം ദൃഷ്ടാന്തീകരിക്കുന്നത് എങ്ങനെ എന്നു പരിചിന്തിക്കുക.
യഹൂദ രാജാക്കന്മാർ—അവർ സ്വന്തം തിരഞ്ഞെടുപ്പുകൾ നടത്തി
8. യോഥാമിന്റെ പിതാവ് എത്ര മോശമായ മാതൃകയാണ് വെച്ചത്, എന്നിട്ടും യോഥാം ഏതു തിരഞ്ഞെടുപ്പു നടത്തി?
8 യഹൂദയിൽ ഉസ്സീയാവു രാജാവായപ്പോൾ അവന് വെറും 16 വയസ്സായിരുന്നു. ഇളംപ്രായത്തിൽ തുടങ്ങിയ അവന്റെ ഭരണം 52 വർഷം നീണ്ടു. ഇക്കാലത്ത് ഏറിയകൂറും അവൻ “തന്റെ അപ്പനായ അമസ്യാവു ചെയ്തതുപോലെ ഒക്കെയും യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു.” (2 രാജാക്കന്മാർ 15:3) ഗംഭീര സൈനിക വിജയങ്ങളുടെ ഒരു പരമ്പര നൽകി യഹോവ അവനെ അനുഗ്രഹിച്ചു. എന്നാൽ സങ്കടകരമെന്നു പറയട്ടെ, വിജയലഹരിയിൽ ഉസ്സീയാവു നിഗളിച്ച് യഹോവയ്ക്ക് എതിരെ മത്സരിച്ചു. ആലയത്തിലെ ധൂപപീഠത്തിൽ ധൂപം കാട്ടുന്നത് പുരോഹിതന്മാരുടെ മാത്രം ചുമതല ആയിരുന്നിട്ടും അവൻ ആ പ്രവൃത്തി ചെയ്തു. ശാസന ലഭിച്ചപ്പോഴോ അതിനോട് ഉസ്സീയാവു കയർക്കുകയും ചെയ്തു. അവന് ഉടൻ കുഷ്ഠരോഗം പിടിപെട്ടു. അങ്ങനെ ലജ്ജിതനാക്കപ്പെട്ട അവന് ശേഷിച്ച കാലമത്രയും ഏകാന്തനായി കഴിച്ചുകൂട്ടേണ്ടിവന്നു. (2 ദിനവൃത്താന്തം 26:16-23) ഇതിനോടെല്ലാം അവന്റെ പുത്രനായ യോഥാം പ്രതികരിച്ചത് എങ്ങനെയായിരുന്നു? ഈ യുവാവിന് തന്റെ പിതാവിനാൽ എളുപ്പം സ്വാധീനിക്കപ്പെടാനും യഹോവയുടെ തിരുത്തലിൽ നീരസപ്പെടാനും സാധിക്കുമായിരുന്നു. തെറ്റായ മതാചാരങ്ങളിൽ ഏർപ്പെട്ടിരുന്നവരാകയാൽ ആളുകൾ പൊതുവേ ദോഷകരമായ ഒരു സ്വാധീനം ആയിരുന്നിരിക്കാം. (2 രാജാക്കന്മാർ 15:4) എന്നാൽ യോഥാം സ്വന്തം തിരഞ്ഞെടുപ്പ് നടത്തി. “അവൻ . . . യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു [“ചെയ്തുകൊണ്ടിരുന്നു,” NW].”—2 ദിനവൃത്താന്തം 27:2.
9. ആഹാസിന് ഉണ്ടായിരുന്ന ചില നല്ല സ്വാധീനങ്ങൾ എന്തെല്ലാം ആയിരുന്നു, എന്നിട്ടും അവന്റെ ജീവിതം എങ്ങനെയുള്ളത് ആയിത്തീർന്നു?
9 യോഥാം വാഴ്ച നടത്തിയ 16 വർഷവും അവൻ യഹോവയോടു വിശ്വസ്തൻ ആയി നിലകൊണ്ടു. അതുകൊണ്ട് അവന്റെ പുത്രനായ ആഹാസിന് വിശ്വസ്തനായ പിതാവിന്റെ ഉത്കൃഷ്ട മാതൃക ഉണ്ടായിരുന്നു. ആഹാസിന് മറ്റു നല്ല സ്വാധീനങ്ങളും ഉണ്ടായിരുന്നു. വിശ്വസ്ത പ്രവാചകന്മാരായ യെശയ്യാവ്, ഹോശേയ, മീഖാ എന്നിവർ ദേശത്ത് സജീവമായി പ്രവചിച്ചിരുന്ന കാലത്ത് ജീവിക്കുന്നതിനുള്ള നല്ല അവസരം അവന് ഉണ്ടായിരുന്നു. എന്നിട്ടും അവൻ തെറ്റായ തിരഞ്ഞെടുപ്പുകൾ നടത്തി. അവൻ “തന്റെ പിതാവായ ദാവീദ് ചെയ്തതുപോലെ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തില്ല.” അവൻ ബാൽവിഗ്രഹങ്ങൾ ഉണ്ടാക്കി അവയെ ആരാധിക്കുകയും തന്റെ പുത്രന്മാരിൽ ചിലരെ വ്യാജദൈവങ്ങൾക്ക് അഗ്നിയിൽ ഹോമിക്കുകയും ചെയ്തു. ഏറ്റവും നല്ല സ്വാധീനം ഉണ്ടായിരുന്നിട്ടും, ഒരു രാജാവും യഹോവയുടെ ദാസനും എന്ന നിലയിൽ അവൻ ദാരുണമാംവിധം പരാജയപ്പെട്ടു.—2 ദിനവൃത്താന്തം 28:1-4.
10. ആഹാസ് എങ്ങനെയുള്ള ഒരു പിതാവ് ആയിരുന്നു, എന്നാൽ അവന്റെ പുത്രനായ ഹിസ്കീയാവ് എന്തു തിരഞ്ഞെടുപ്പു നടത്തി?
10 നിർമല ആരാധനയുടെ വീക്ഷണത്തിൽനിന്നു നോക്കുമ്പോൾ, ആഹാസിനോളം മോശമായ ഒരു രാജാവിനെ സങ്കൽപ്പിക്കുക ബുദ്ധിമുട്ടാണ്. എന്നിരുന്നാലും, അവന്റെ പുത്രനായ ഹിസ്കീയാവിന് സ്വന്തം പിതാവിനെ തിരഞ്ഞെടുക്കാൻ സാധിക്കുമായിരുന്നില്ല! ആഹാസ് ബാലിന് ബലിയർപ്പിച്ച യുവപുത്രന്മാർ ഹിസ്കീയാവിന്റെ സ്വന്തം സഹോദരന്മാർ ആയിരിക്കാം. ഈ ഭയങ്കര പശ്ചാത്തലം നിമിത്തം യഹോവയോട് അവിശ്വസ്തത കാട്ടുന്ന ഒരു ജീവിതം നയിക്കാൻ ആയിരുന്നോ ഹിസ്കീയാവിന്റെ പ്രവണത? നേരേമറിച്ച്, ഹിസ്കീയാവ് യഹൂദയിലെ മഹാന്മാരായ ഏതാനും രാജാക്കന്മാരിൽ ഒരുവൻ ആയിത്തീർന്നു—അവൻ വിശ്വസ്തനും ജ്ഞാനിയും പ്രിയപ്പെട്ടവനും ആയിരുന്നു. “യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.” (2 രാജാക്കന്മാർ 18:3-7) വാസ്തവത്തിൽ, 119-ാം സങ്കീർത്തനത്തിന്റെ നിശ്വസ്ത എഴുത്തുകാരൻ ഹിസ്കീയാവ് ആണെന്നും അത് അവൻ യുവരാജാവ് ആയിരിക്കുമ്പോൾ എഴുതിയത് ആണെന്നും വിശ്വസിക്കാൻ കാരണമുണ്ട്. അങ്ങനെയെങ്കിൽ, “എന്റെ പ്രാണൻ വിഷാദംകൊണ്ടു ഉരുകുന്നു” എന്ന് അവൻ എഴുതിയത് എന്തുകൊണ്ട് എന്നു മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല. (സങ്കീർത്തനം 119:28) ഗുരുതരമായ പ്രശ്നങ്ങളിലും, ഹിസ്കീയാവ് യഹോവയുടെ വചനത്തെ ജീവിതത്തിൽ വഴികാട്ടിയായി സ്വീകരിച്ചു. സങ്കീർത്തനം 119:105 പറയുന്നു: “നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു.” അതേ, ഹിസ്കീയാവ് സ്വന്തം തിരഞ്ഞെടുപ്പുകൾ നടത്തി—അവയാകട്ടെ ശരിയായ തിരഞ്ഞെടുപ്പുകൾ ആയിരുന്നുതാനും.
11. (എ) പിതാവിന്റെ നല്ല സ്വാധീനം ഉണ്ടായിരുന്നിട്ടും, യഹോവയ്ക്ക് എതിരായ മനശ്ശെയുടെ മത്സരം എത്ര കടുത്തതായിരുന്നു? (ബി) തന്റെ ജീവിത സായാഹ്നത്തിൽ മനശ്ശെ എന്തു തിരഞ്ഞെടുപ്പു നടത്തി, നമുക്ക് ഇതിൽനിന്ന് എന്തു പഠിക്കാവുന്നതാണ്?
11 എന്നാൽ വിരോധാഭാസമെന്നു പറയട്ടെ, യഹൂദയിലെ ഏറ്റവും നല്ല രാജാക്കന്മാരിൽ ഒരാളുടെ പുത്രൻ ഏറ്റവും മോശമായ രാജാക്കന്മാരിൽ ഒരുവൻ ആയിത്തീർന്നു. ഹിസ്കീയാവിന്റെ പുത്രനായ മനശ്ശെ. അവൻ വിഗ്രഹാരാധനയും ആത്മവിദ്യയും അതുവരെ ഉണ്ടായിട്ടില്ലാത്ത അളവിൽ അക്രമവും പ്രോത്സാഹിപ്പിച്ചു. “യഹോവ,” സാധ്യതയനുസരിച്ച് പ്രവാചകന്മാരിലൂടെ, “മനശ്ശെയോടും അവന്റെ ജനത്തോടും സംസാരിച്ചു [“സംസാരിച്ചുകൊണ്ടിരുന്നു,“ NW]” എന്നു വിവരണം പറയുന്നു. (2 ദിനവൃത്താന്തം 33:10) യഹൂദ പാരമ്പര്യം പറയുന്നതനുസരിച്ച്, മനശ്ശെ അതിനോടു പ്രതികരിച്ചത് യെശയ്യാവിനെ ഈർച്ചവാളാൽ അറുത്തുകൊണ്ടായിരുന്നു. (എബ്രായർ 11:37 താരതമ്യം ചെയ്യുക.) അതു സത്യം ആണെങ്കിലും അല്ലെങ്കിലും, മനശ്ശെ ദിവ്യ മുന്നറിയിപ്പുകൾക്ക് ചെവികൊടുക്കാൻ പരാജയപ്പെട്ടു. വാസ്തവത്തിൽ, അവൻ സ്വന്തം പുത്രന്മാരിൽ ചിലരെപ്പോലും അഗ്നിയിൽ ഹോമിച്ചു, അവന്റെ വല്യപ്പനായ ആഹാസ് ചെയ്തതുപോലെ. എന്നിട്ടും, ദുഷ്ടനായ ഈ മനുഷ്യൻ, പിൽക്കാല ജീവിതത്തിൽ കഠിന പരിശോധനകൾ ഉണ്ടായപ്പോൾ അനുതാപം പ്രകടമാക്കുകയും തന്റെ വഴികൾക്ക് മാറ്റം വരുത്തുകയും ചെയ്തു. (2 ദിനവൃത്താന്തം 33:1-6, 11-20) ഭയങ്കര തെറ്റുകൾ ചെയ്തിട്ടുള്ള ഒരു വ്യക്തിക്ക് വീണ്ടെടുപ്പ് അസാധ്യമാണെന്ന് അർഥമില്ലെന്ന് അവന്റെ ദൃഷ്ടാന്തം നമ്മെ പഠിപ്പിക്കുന്നു. അയാൾക്കു മാറ്റം വരുത്താനാകും.
12. യഹോവയ്ക്കുള്ള സേവനത്തിന്റെ കാര്യത്തിൽ ആമോനും അവന്റെ പുത്രനായ യോശീയാവും ഏതു വിപരീത തിരഞ്ഞെടുപ്പുകൾ നടത്തി?
12 മനശ്ശെയുടെ പുത്രനായ ആമോന് പിതാവിന്റെ അനുതാപത്തിൽനിന്ന് ഏറെ പഠിക്കാമായിരുന്നു. എന്നാൽ അവൻ തെറ്റായ തിരഞ്ഞെടുപ്പുകൾ നടത്തി. ആമോൻ വാസ്തവത്തിൽ, അവസാനം അവൻ കൊല്ലപ്പെടുംവരെ “മേല്ക്കുമേൽ അകൃത്യം ചെയ്തതേയുള്ളു.” നേർവിപരീതം ആയിരുന്നു അവന്റെ പുത്രനായ യോശീയാവ്. തികച്ചും പ്രോത്സാഹജനകമായ ഒരു കഥാപാത്രം. തന്റെ വല്യപ്പനു സംഭവിച്ച സംഗതികളിൽനിന്നു പാഠം ഉൾക്കൊള്ളാൻ യോശീയാവ് തീരുമാനിച്ചു എന്നത് വ്യക്തമാണ്. കേവലം എട്ടു വയസ്സുള്ളപ്പോൾ വാഴ്ച ആരംഭിച്ച അവൻ 16 വയസ്സായപ്പോൾ യഹോവയെ അന്വേഷിക്കാൻ തുടങ്ങി. അതിനുശേഷം വിശ്വസ്ത രാജാവ് എന്ന നിലയിൽ അവൻ നല്ലൊരു മാതൃക ആയിത്തീർന്നു. (2 ദിനവൃത്താന്തം 33:20–34:5) അവൻ ഒരു തിരഞ്ഞെടുപ്പു നടത്തി—അതാകട്ടെ ശരിയായ തിരഞ്ഞെടുപ്പ് ആയിരുന്നു.
13. (എ) നാം പരിചിന്തിച്ച യഹൂദ രാജാക്കന്മാരിൽനിന്നു നാം എന്തു പഠിക്കുന്നു? (ബി) മാതാപിതാക്കളുടെ പരിശീലനം എത്ര പ്രധാനമാണ്?
13 ഏഴു യഹൂദ രാജാക്കന്മാരെ കുറിച്ചുള്ള ഈ ഹ്രസ്വമായ പരിചിന്തനം നമ്മെ ഒരു ശക്തമായ പാഠം പഠിപ്പിക്കുന്നു. ചിലപ്പോഴൊക്കെ ഏറ്റവും മോശമായ ചില രാജാക്കന്മാർക്ക് ഏറ്റവും നല്ല പുത്രന്മാരും ഏറ്റവും നല്ല ചില രാജാക്കന്മാർക്ക് ഏറ്റവും മോശമായ പുത്രന്മാരും ഉണ്ടായിരുന്നിട്ടുണ്ട്. (സഭാപ്രസംഗി 2:18-21 താരതമ്യം ചെയ്യുക.) ഇത് മാതാപിതാക്കളുടെ പരിശീലനത്തിന്റെ പ്രാധാന്യം കുറയ്ക്കുന്നില്ല. യഹോവയുടെ മാർഗം അനുസരിച്ച് കുട്ടികളെ പരിശീലിപ്പിക്കുന്ന മാതാപിതാക്കൾ തങ്ങളുടെ മക്കൾക്ക് യഹോവയുടെ വിശ്വസ്ത ദാസന്മാർ ആയിത്തീരുന്നതിനുള്ള സാധ്യമായ ഏറ്റവും നല്ല അവസരം പ്രദാനം ചെയ്യുന്നു. (ആവർത്തനപുസ്തകം 6:6, 7) എങ്കിലും, വിശ്വസ്ത മാതാപിതാക്കളുടെ ഏറ്റവും നല്ല ശ്രമങ്ങൾ ഉണ്ടായിരുന്നാലും, ചില കുട്ടികൾ തെറ്റായ ഗതി തിരഞ്ഞെടുക്കുന്നു. വേറൊരു കൂട്ടം കുട്ടികൾ, മാതാപിതാക്കളുടെ ഏറ്റവും മോശമായ സ്വാധീനത്തിൻ കീഴിലും, യഹോവയെ സ്നേഹിക്കാനും സേവിക്കാനും തിരഞ്ഞെടുക്കുന്നു. അവന്റെ അനുഗ്രഹത്തോടെ, അവർ ജീവിതം വിജയപ്രദമാക്കുന്നു. നിങ്ങളുടെ കാര്യം എന്താകും എന്നു നിങ്ങൾ ചിന്തിക്കാറുണ്ടോ? അങ്ങനെയെങ്കിൽ, നിങ്ങൾക്കു ശരിയായ തിരഞ്ഞെടുപ്പു നടത്താൻ കഴിയും എന്ന യഹോവയുടെ വ്യക്തിപരമായ ഉറപ്പുകളിൽ ചിലതു പരിചിന്തിക്കുക!
യഹോവയ്ക്കു നിങ്ങളിൽ വിശ്വാസം ഉണ്ട്!
14. നമ്മുടെ പരിമിതികൾ യഹോവ മനസ്സിലാക്കുന്നു എന്നു നമുക്ക് എങ്ങനെ അറിയാം?
14 യഹോവ എല്ലാം കാണുന്നുണ്ട്. സദൃശവാക്യങ്ങൾ 15:3 പറയുന്നു: “യഹോവയുടെ കണ്ണു എല്ലാടവും ഉണ്ടു; ആകാത്തവരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു.” ദാവീദ് രാജാവ് യഹോവയെ കുറിച്ചു പറഞ്ഞു: “ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണു എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും ഇല്ലാതിരുന്നപ്പോൾ അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു.” (സങ്കീർത്തനം 139:16) അതുകൊണ്ട്, പാരമ്പര്യസിദ്ധമോ നിങ്ങളുടെ നിയന്ത്രണത്തിന് അതീതമായ മറ്റു സ്വാധീനങ്ങളുടെ ഫലമായുണ്ടായതോ ആയിരുന്നാലും, നിങ്ങൾക്കു പോരാട്ടമുള്ള ദോഷകരമായ പ്രവണതകൾ എന്തെല്ലാം ആണെന്നു യഹോവയ്ക്ക് അറിയാം. ഇവ നിങ്ങളെ എങ്ങനെ ബാധിച്ചിരിക്കുന്നു എന്ന് അവനു കൃത്യമായും അറിയാം. നിങ്ങളെക്കാൾ മെച്ചമായി അവൻ നിങ്ങളുടെ പരിമിതികൾ മനസ്സിലാക്കുന്നു. അവൻ കാരുണ്യവാനാണ്. ന്യായമായും നമുക്കു ചെയ്യാനാകുന്നതിനെക്കാൾ അധികം അവൻ ഒരിക്കലും നമ്മിൽനിന്നു പ്രതീക്ഷിക്കുന്നില്ല.—സങ്കീർത്തനം 103:13, 14.
15. (എ) മറ്റുള്ളവരിൽനിന്നു കരുതിക്കൂട്ടിയുള്ള ദ്രോഹം നേരിട്ടിട്ടുള്ളവർക്ക് ആശ്വാസത്തിനുള്ള ഒരു ഉറവ് എന്താണ്? (ബി) യഹോവ എന്ത് ഉത്തരവാദിത്വം നൽകി നമുക്ക് ഓരോരുത്തർക്കും മാന്യത കൽപ്പിച്ചുതരുന്നു?
15 അതേസമയം, യഹോവ നമ്മെ സാഹചര്യത്തിന്റെ നിസ്സഹായരായ ഇരകളായി വീക്ഷിക്കുന്നുമില്ല. കഴിഞ്ഞ കാലത്ത് മോശമായ അനുഭവങ്ങൾ നേരിട്ടിട്ടുള്ളവർ ആണ് നാം എങ്കിൽ, കരുതിക്കൂട്ടിയുള്ള, ദോഷകരമായ അത്തരം പ്രവൃത്തികളെയെല്ലാം യഹോവ നിശ്ചയമായും വെറുക്കുന്നു എന്ന വസ്തുതയിൽ നമുക്ക് ആശ്വാസം കൊള്ളാവുന്നതാണ്. (സങ്കീർത്തനം 11:5; റോമർ 12:19) എന്നാൽ നാം തിരിഞ്ഞ് മനപ്പൂർവം തെറ്റായ തിരഞ്ഞെടുപ്പുകൾ നടത്തുന്നെങ്കിൽ, അവൻ നമ്മെ ഭവിഷ്യത്തുകളിൽനിന്ന് ഒഴിവുള്ളവരാക്കുമോ? നിശ്ചയമായും ഇല്ല. അവന്റെ വചനം പറയുന്നു: “ഓരോരുത്തൻ താന്താന്റെ ചുമടു ചുമക്കുമല്ലോ.” (ഗലാത്യർ 6:5) ശരിയായത് ചെയ്ത് തന്നെ സേവിക്കാനുള്ള ഉത്തരവാദിത്വം നൽകി യഹോവ ബുദ്ധിയുള്ള ഓരോ സൃഷ്ടിക്കും മാന്യത കൽപ്പിച്ചുകൊടുക്കുന്നു. അത് ഇസ്രായേൽ ജനതയോട് മോശ പറഞ്ഞതുപോലെയാണ്: “ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു എന്നതിന്നു ഞാൻ ആകാശത്തെയും ഭൂമിയെയും ഇന്നു സാക്ഷി വെക്കുന്നു; അതുകൊണ്ടു നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിന്നു . . . ജീവനെ തിരഞ്ഞെടുത്തുകൊൾക.” (ആവർത്തനപുസ്തകം 30:19, 20) നമുക്കും ശരിയായ തിരഞ്ഞെടുപ്പുകൾ നടത്താൻ കഴിയും എന്ന് യഹോവയ്ക്ക് വിശ്വാസം ഉണ്ട്. നമുക്ക് അത് എങ്ങനെ അറിയാം?
16. ‘നമ്മുടെ രക്ഷയ്ക്കായി പ്രവർത്തിക്കുന്നതിൽ’ നമുക്ക് എങ്ങനെ വിജയിക്കാൻ കഴിയും?
16 പൗലൊസ് അപ്പൊസ്തലൻ എഴുതിയത് ശ്രദ്ധിക്കുക: “അതുകൊണ്ടു, പ്രിയമുള്ളവരേ, . . . ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷെക്കായി പ്രവർത്തിപ്പിൻ. ഇച്ഛിക്ക എന്നതും പ്രവർത്തിക്ക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവർത്തിക്കുന്നതു.” (ഫിലിപ്പിയർ 2:12, 13) ‘പ്രവർത്തിപ്പിൻ’ എന്ന് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂല ഗ്രീക്കു പദത്തിന്റെ അർഥം എന്തിനെയെങ്കിലും പൂർത്തീകരണത്തിലേക്കു കൊണ്ടുവരുക എന്നാണ്. അതിനാൽ നാം ആരും പരാജയപ്പെടാനോ വിട്ടുകളയാനോ വിധിക്കപ്പെട്ടവരല്ല. യഹോവയാം ദൈവം നമ്മെ ഏൽപ്പിച്ചിരിക്കുന്ന വേല—നമ്മുടെ രക്ഷയിലേക്കു നയിക്കുന്ന വേല—നമുക്കു പൂർത്തിയാക്കാൻ കഴിയുമെന്ന് അവന് വിശ്വാസം ഉണ്ടായിരിക്കണം, അല്ലായിരുന്നെങ്കിൽ അവൻ അത്തരം ഒരു പ്രസ്താവന നിശ്വസ്തമാക്കുമായിരുന്നില്ല. എന്നാൽ നാം വിജയിക്കുന്നത് എങ്ങനെ? അതു നമ്മുടെ ശക്തിയാൽ അല്ല. നാം നമ്മിൽത്തന്നെ വേണ്ടത്ര ശക്തർ ആയിരുന്നെങ്കിൽ, ‘ഭയത്തിന്റെയും വിറയലിന്റെയും’ ആവശ്യം വരില്ലായിരുന്നു. മറിച്ച്, യഹോവ ‘നമ്മിൽ’ പ്രവർത്തിക്കുന്നു, അവന്റെ പരിശുദ്ധാത്മാവ് നമ്മുടെ മനസ്സിലും ഹൃദയത്തിലും പ്രവർത്തിച്ച് നമ്മെ ‘ഇച്ഛിക്കാനും പ്രവർത്തിക്കാനും’ സഹായിക്കുന്നു. സ്നേഹപുരസ്സരമായ ആ സഹായം ഉള്ളതിനാൽ, ജീവിതത്തിൽ ശരിയായ തിരഞ്ഞെടുപ്പുകൾ നടത്തുകയും അവയ്ക്കനുസൃതം ജീവിക്കുകയും ചെയ്യാതിരിക്കാൻ നമുക്കു വല്ല കാരണവും ഉണ്ടോ? ഇല്ല!—ലൂക്കൊസ് 11:13.
17. നമുക്ക് നമ്മിൽത്തന്നെ എന്തെല്ലാം മാറ്റങ്ങൾ വരുത്താനാകും, അങ്ങനെ ചെയ്യാൻ യഹോവ നമ്മെ സഹായിക്കുന്നത് എങ്ങനെ?
17 നമുക്കു പ്രതിബന്ധങ്ങൾ നേരിടും—ഒരുപക്ഷേ ആജീവനാന്തം നിലനിൽക്കുന്ന മോശമായ ശീലങ്ങളും നമ്മുടെ ചിന്തയെ വികലമാക്കാൻ കഴിയുന്ന ദോഷകരമായ സ്വാധീനങ്ങളും ആയിരിക്കാം അവ. എന്നിരുന്നാലും, യഹോവയുടെ ആത്മാവിന്റെ സഹായത്താൽ, നമുക്ക് അവയെ മറികടക്കാൻ സാധിക്കും! പൗലൊസ് കൊരിന്തിലെ ക്രിസ്ത്യാനികൾക്ക് എഴുതിയതുപോലെ, “ശക്തമായി ആഴ്ന്നിറങ്ങിയിരിക്കുന്ന സംഗതികളെ”പ്പോലും തകർക്കാൻപോന്ന ശക്തിയുള്ളതാണ് ദൈവവചനം. (2 കൊരിന്ത്യർ 10:4, NW) വാസ്തവത്തിൽ, നമ്മിൽ സമൂല മാറ്റം വരുത്താൻ യഹോവയ്ക്കു നമ്മെ സഹായിക്കാനാകും. “പഴയ വ്യക്തിത്വം ഉരിഞ്ഞുകള”യാനും “യഥാർഥ നീതിയിലും വിശ്വസ്തതയിലും ദൈവഹിതപ്രകാരം സൃഷ്ടിച്ച പുതിയ വ്യക്തിത്വം ധരിക്കാ”നും അവന്റെ വചനം നമ്മെ ഉദ്ബോധിപ്പിക്കുന്നു. (എഫെസ്യർ 4:22-24, NW) അത്തരം മാറ്റങ്ങൾ വരുത്താൻ യഹോവയുടെ ആത്മാവിനു നമ്മെ യഥാർഥത്തിൽ സഹായിക്കാനാകുമോ? തീർച്ചയായും! ദൈവത്തിന്റെ ആത്മാവ് നമ്മിൽ ഫലങ്ങൾ—നാം എല്ലാവരും നട്ടുവളർത്താൻ ആഗ്രഹിക്കുന്ന ശ്രേഷ്ഠവും അമൂല്യവുമായ ഗുണങ്ങൾ—ഉളവാക്കുന്നു. ഇവയിൽ ആദ്യത്തേത് സ്നേഹം ആണ്.—ഗലാത്യർ 5:22, 23.
18. ന്യായബോധമുള്ള ഏതൊരു മനുഷ്യനും എന്തു തിരഞ്ഞെടുപ്പു നടത്താൻ പൂർണമായും പ്രാപ്തനാണ്, ഇത് എന്തു ചെയ്യാൻ നമ്മെ ദൃഢചിത്തരാക്കണം?
18 ഇവിടെയാണ് മഹത്തായ ഒരു വിമോചന സത്യം സ്ഥിതിചെയ്യുന്നത്. യഹോവയാം ദൈവത്തിന്റെ സ്നേഹിക്കാനുള്ള ശക്തി അപരിമിതമാണ്, നാം നിർമിക്കപ്പെട്ടിരിക്കുന്നതോ അവന്റെ പ്രതിച്ഛായയിലും. (ഉല്പത്തി 1:26; 1 യോഹന്നാൻ 4:8) അതുകൊണ്ട് യഹോവയെ സ്നേഹിക്കുന്നത് തിരഞ്ഞെടുക്കാൻ നമുക്കു സാധിക്കും. ആ സ്നേഹമാണ് നമ്മുടെ ഭാവിക്കുള്ള താക്കോൽ, അല്ലാതെ നമ്മുടെ കഴിഞ്ഞകാല ജീവിതമോ, നമ്മുടെ ആർജിത കുറവുകളോ, തെറ്റു ചെയ്യാനുള്ള നമ്മുടെ പാരമ്പര്യസിദ്ധ പ്രവണതയോ അല്ല. ഏദെനിൽ വിശ്വസ്തരായി നിലകൊള്ളാൻ ആദാമിനും ഹവ്വായ്ക്കും ആവശ്യമായിരുന്നത് യഹോവയാം ദൈവത്തോടുള്ള സ്നേഹം ആയിരുന്നു. അർമഗെദോനെ അതിജീവിക്കാനും ക്രിസ്തുവിന്റെ ആയിരം വർഷ വാഴ്ചയുടെ സമാപനത്തിലെ അവസാന പരീക്ഷയിൽ വിജയിക്കാനും നമുക്ക് ഓരോരുത്തർക്കും അത്തരം സ്നേഹമാണ് ആവശ്യം. (വെളിപ്പാടു 7:14; 20:5, 7-10) നമ്മുടെ സാഹചര്യങ്ങൾ എന്തുതന്നെ ആയാലും, നമുക്ക് ഓരോരുത്തർക്കും അത്തരം സ്നേഹം നട്ടുവളർത്താൻ സാധിക്കും. (മത്തായി 22:37; 1 കൊരിന്ത്യർ 13:13) യഹോവയെ സ്നേഹിക്കാനും ആ സ്നേഹത്തിന്മേൽ അനന്തകാലത്തോളം നിർമിക്കാനും നമുക്കു ദൃഢചിത്തരായിരിക്കാം.
നിങ്ങൾ എന്തു വിചാരിക്കുന്നു?
□ ജനപ്രീതിയുള്ള ഏത് ആശയങ്ങൾ വ്യക്തിയുടെ ഉത്തരവാദിത്വം സംബന്ധിച്ച ബൈബിളിന്റെ ആശാവഹമായ പഠിപ്പിക്കലിന് നേർവിപരീതം ആണ്?
□ ഓരോ ക്രിസ്ത്യാനിയും തന്നിൽത്തന്നെ ഏതു നിർമാണവേല ചെയ്യണം?
□ ഓരോ വ്യക്തിയും സ്വന്തമായ തീരുമാനങ്ങൾ എടുക്കുന്നു എന്ന് യഹൂദയിലെ രാജാക്കന്മാരുടെ ദൃഷ്ടാന്തങ്ങൾ പ്രകടമാക്കുന്നത് എങ്ങനെ?
□ നമുക്കു ചുറ്റും ദോഷകരമായ സ്വാധീനങ്ങൾ ഉണ്ടെങ്കിലും, ജീവിതത്തിൽ നമുക്ക് ശരിയായ തിരഞ്ഞെടുപ്പുകൾ നടത്താൻ സാധിക്കും എന്നു യഹോവ ഉറപ്പു നൽകുന്നത് എങ്ങനെ?
[15-ാം പേജിലെ ചിത്രം]
നിങ്ങളുടെ ഭാവി ജനിതകഘടനയാൽ നിർണയിക്കപ്പെട്ടിരിക്കുന്നുവോ?
[17-ാം പേജിലെ ചിത്രം]
പിതാവിന്റെ മോശമായ മാതൃക ഉണ്ടായിരുന്നിട്ടും, യോശീയാ രാജാവ് ദൈവത്തെ സേവിക്കുന്നതു തിരഞ്ഞെടുത്തു