ശ്രേഷ്ഠാധികാരങ്ങളെക്കുറിച്ചുള്ള ക്രിസ്ത്യാനിയുടെ വീക്ഷണം
“ഏതു ദേഹിയും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴ്പ്പെട്ടിരിക്കട്ടെ, എന്തെന്നാൽ ദൈവത്താലല്ലാതെ അധികാരമില്ല; സ്ഥിതിചെയ്യുന്ന അധികാരങ്ങൾ ദൈവത്താൽ അവയുടെ ആപേക്ഷികസ്ഥാനങ്ങളിൽ ആക്കിവെക്കപ്പെട്ടിരിക്കുന്നു.”—റോമർ 13:1
1, 2. (എ) പൗലോസ് റോമിൽ ഒരു തടവുകാരനായിരുന്നതെന്തുകൊണ്ട്? (ബി) കൈസറോടുള്ള പൗലോസിന്റെ അപ്പീൽ ഏതു ചോദ്യങ്ങൾ ഉയർത്തുന്നു?
മേൽപ്പറഞ്ഞ വാക്കുകൾ ക്രി.വ. 56നോടടുത്ത് അപ്പോസ്തലനായ പൗലോസ് റോമർക്കെഴുതിയതാണ്. ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ അവൻ ഒരു തടവുകാരനായി റോമിൽ എത്തി. എന്തുകൊണ്ട്? അവൻ യെരൂശലേമിൽ ഒരു ജനക്കൂട്ടത്താൽ ആക്രമിക്കപ്പെടുകയും റോമാപടയാളികൾ അവനെ രക്ഷിക്കുകയും ചെയ്തിരുന്നു. കൈസരിയായിലേക്കു കൊണ്ടുപോകപ്പെട്ടപ്പോൾ അവൻ വ്യാജ കുററാരോപണങ്ങളെ അഭിമുഖീകരിച്ചു. എന്നാൽ റോമൻ ഗവർണറായിരുന്ന ഫേലിക്സിന്റെ മുമ്പാകെ അവൻ തനിക്കുവേണ്ടി സമർത്ഥമായി പ്രതിവാദം നടത്തി. ഫേലിക്സ് കൈക്കൂലി കിട്ടുമെന്നാശിച്ചുകൊണ്ട് അവനെ രണ്ടു വർഷം തടവിൽ സൂക്ഷിച്ചു. ഒടുവിൽ, അടുത്ത ഗവർണറായിരുന്ന ഫെസ്തോസിനോട് തന്റെ കേസ് കൈസർ വിചാരണചെയ്യേണ്ടതാണെന്ന് അവൻ ആവശ്യപ്പെട്ടു.—പ്രവൃത്തികൾ 21:27-32; 24:1–25:12.
2 ഒരു റോമാപൗരനെന്ന നിലയിൽ ഇത് അവന്റെ അവകാശമായിരുന്നു. എന്നാൽ യേശു സാത്താനെ യഥാർത്ഥത്തിൽ “ലോകത്തിന്റെ ഭരണാധിപൻ” എന്നു പരാമർശിക്കുകയും പൗലോസ്തന്നെ അവനെ “ഈ വ്യവസ്ഥിതിയുടെ ദൈവ”മെന്ന് വിളിക്കുകയും ചെയ്ത സ്ഥിതിക്ക് ആ സാമ്രാജ്യത്വ അധികാരത്തോട് അവൻ അപ്പീൽ അപേക്ഷിക്കുന്നത് പൊരുത്തപ്പെടുമായിരുന്നോ? (യോഹന്നാൻ 14:30; 2 കൊരിന്ത്യർ 4:4) അതോ, റോമൻ അധികാരി ഏതെങ്കിലും ‘ആപേക്ഷികസ്ഥാനം’ വഹിച്ചതുകൊണ്ട് തന്റെ അവകാശങ്ങളുടെ സംരക്ഷണത്തിനുവേണ്ടി ആ അധികാരത്തിലേക്കു പൗലോസ് നോക്കുന്നത് ഉചിതമായിരുന്നോ? തീർച്ചയായും, “നാം മനുഷ്യരെക്കാളുപരി ദൈവത്തെ ഭരണാധികാരിയെന്ന നിലയിൽ അനുസരിക്കേണ്ടതാകുന്നു”വെന്ന അപ്പോസ്തലൻമാരുടെ നേരത്തെയുള്ള വാക്കുകൾ ദൈവത്തോടുള്ള അനുസരണക്കേടുൾപ്പെടാത്തപ്പോഴെല്ലാം മനുഷ്യഭരണാധികാരികളോടുള്ള ക്രിസ്തീയ അനുസരണം അനുവദിക്കുന്നുണ്ടോ?—പ്രവൃത്തികൾ 5:29.
3. പൗലോസ് ഏതു പക്വമായ വീക്ഷണം വെളിപ്പെടുത്തുന്നു, മനഃസാക്ഷി ഉൾപ്പെട്ടിരിക്കുന്നതെങ്ങനെ?
3 റോമർക്കുള്ള പൗലോസിന്റെ ലേഖനത്തിൽ ഈ ചോദ്യങ്ങൾക്കുത്തരംപറയാൻ അവൻ നമ്മെ സഹായിക്കുന്നു. അവിടെ അവൻ മാനുഷഭരണാധിപത്യത്തെ സംബന്ധിച്ച ഒരു പക്വമായ വീക്ഷണം വെളിപ്പെടുത്തുന്നു. റോമർ 13:1-7ൽ പരമാധികാരിയായ യഹോവയാം ദൈവത്തോടുള്ള സമ്പൂർണ്ണമായ അനുസരണവും “ശ്രേഷ്ഠാധികാരങ്ങ”ളോടുള്ള ആപേക്ഷിക അനുസരണവും സമനിലയിൽ നിർത്തുന്നതിൽ ക്രിസ്തീയ മനഃസാക്ഷി വഹിക്കേണ്ട പങ്കിനെ പൗലോസ് വ്യക്തമാക്കുന്നു.
ശ്രേഷ്ഠാധികാരങ്ങളെ തിരിച്ചറിയൽ
4. വീക്ഷണത്തിലുള്ള ഏതു ക്രമീകരണം 1962-ൽ വരുത്തപ്പെട്ടു, ഏതു ചോദ്യങ്ങൾ ഉദിപ്പിച്ചുകൊണ്ട്?
4 യഹോവയുടെ സാക്ഷികൾ 1962 വരെ കുറെ വർഷങ്ങളിൽ ശ്രേഷ്ഠാധികാരങ്ങൾ യഹോവയാം ദൈവവും യേശുക്രിസ്തുവുമാണെന്ന് വിശ്വസിച്ചിരുന്നു. എന്നിരുന്നാലും, സദൃശവാക്യങ്ങൾ 4:18നു ചേർച്ചയായി വെളിച്ചം വർദ്ധിച്ചു. ഈ വീക്ഷണം യഥാസ്ഥാനത്താക്കപ്പെട്ടു. അത് ചിലരുടെ മനസ്സുകളിൽ ചോദ്യം ഉദിപ്പിച്ചേക്കാം. ഈ അധികാരങ്ങൾ ലോകത്തിൽ ലൗകിക രാഷ്ട്രീയാധികാരം പ്രയോഗിക്കുന്ന രാജാക്കൻമാരും പ്രസിഡണ്ടുമാരും പ്രധാനമന്ത്രിമാരും മേയർമാരും മജിസ്ത്രേട്ടുമാരും മററുള്ളവരുമാണെന്നും നാം അവരോട് ആപേക്ഷികമായ ഒരു വിധത്തിൽ കീഴ്പ്പെടാൻ കടപ്പെട്ടിരിക്കുന്നുവെന്നും നാം ഇപ്പോൾ പറയുന്നത് ശരിയാണോ?
5. റോമർ 13:1-ന്റെ സന്ദർഭം ഏതു വിധത്തിൽ ശ്രേഷ്ഠാധികാരങ്ങളെ തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നു, ഈ തിരിച്ചറിയലിനെ വിവിധ ഭാഷാന്തരങ്ങൾ പിന്താങ്ങുന്നതെങ്ങനെ?
5 രണ്ടാം നൂററാണ്ടിലെ ഒരു എഴുത്തുകാരനായിരുന്ന ഐറേനിയസ്, തന്റെ നാളിലെ ചിലർ പറയുന്നതനുസരിച്ച് റോമർ 13:1-ൽ പൗലോസ് “ദൂത അധികാരങ്ങളെയോ അല്ലെങ്കിൽ അദൃശ്യഭരണാധികാരികളെയോ കുറിച്ചു” പറയുകയായിരുന്നുവെന്ന് പറയുകയുണ്ടായി. എന്നിരുന്നാലും, ഐറേനിയസ്തന്നെ ശ്രേഷ്ഠാധികാരങ്ങളെ “യഥാർത്ഥ മാനുഷാധികാരികളാ”യിട്ടാണ് വീക്ഷിച്ചത്. ഐറേനിയസിന്റെ വീക്ഷണം ശരിയാണെന്ന് പൗലോസിന്റെ വാക്കുകളുടെ സന്ദർഭം പ്രകടമാക്കുന്നു. റോമർ 12-ാം അദ്ധ്യായത്തിന്റെ അവസാനവാക്യങ്ങളിൽ ക്രിസ്ത്യാനികൾ “സകല മനുഷ്യരുടെയും” മുമ്പാകെ എങ്ങനെ നടക്കണമെന്ന് പൗലോസ് വിശദീകരിക്കുന്നു, ‘ശത്രുക്കളെ’പ്പോലും സ്നേഹത്തോടും പരിഗണനയോടുംകൂടെ കരുതണമെന്നുതന്നെ. (റോമർ 12:17-21) വ്യക്തമായും, “സകല മനുഷ്യരും” എന്ന പദപ്രയോഗത്തിന് ക്രിസ്തീയസഭക്കു പുറത്തെ മനുഷ്യർക്കു പ്രയുക്തതയുണ്ട്. അതുകൊണ്ട് പൗലോസ് തുടർന്നു ചർച്ചചെയ്യുന്ന “ശ്രേഷ്ഠാധികാരങ്ങ”ളും ക്രിസ്തീയസഭക്കു പുറത്തുള്ളവരായിരിക്കണം. ഇതിനു ചേർച്ചയായി, വിവിധ ഭാഷാന്തരങ്ങൾ റോമർ 13:1-ന്റെ ആദ്യഭാഗം എങ്ങനെ വിവർത്തനം ചെയ്യുന്നുവെന്ന് കുറിക്കൊള്ളുക: “സകലരും സംസ്ഥാനാധികാരങ്ങളെ അനുസരിക്കണം” (ററുഡേയ്സ് ഇംഗ്ലീഷ് വേർഷൻ); “സകലരും ഭരണാധികാരങ്ങൾക്ക് കീഴ്പ്പെട്ടിരിക്കണം” (ന്യൂ ഇൻറർനാഷനൽ വേർഷൻ) “സകലരും ഭരണപരമായ അധികാരങ്ങളെ അനുസരിച്ചേ തീരു.”—ഫിലിപ്സ് ന്യൂറെറസ്ററമെൻറ് ഇൻ മോഡേൺ ഇംഗ്ലീഷ്.
6. നികുതികളും കപ്പവും കൊടുക്കുന്നതുസംബന്ധിച്ച പൗലോസിന്റെ വാക്കുകൾ ശ്രേഷ്ഠാധികാരങ്ങൾ ലൗകികാധികാരികളായിരിക്കണമെന്ന് പ്രകടമാക്കുന്നതെങ്ങനെ?
6 ഈ അധികാരങ്ങൾ നികുതികളും കപ്പവും ആവശ്യപ്പെടുന്നുവെന്ന് പൗലോസ് തുടർന്നുപറയുന്നു. (റോമർ 13:6, 7) ക്രിസ്തീയസഭ നികുതികളോ കപ്പമോ ആവശ്യപ്പെടുന്നില്ല; യഹോവയോ യേശുവോ മറേറതെങ്കിലും “അദൃശ്യ ഭരണാധികാരികളോ” അവ ആവശ്യപ്പെടുന്നില്ല. (2 കൊരിന്ത്യർ 9:7) ലൗകികാധികാരികൾക്കുമാത്രമാണ് നികുതികൾ കൊടുക്കുന്നത്. ഇതിന് ചേർച്ചയായി, പൗലോസ് റോമർ 13:7-ൽ ഉപയോഗിച്ച “നികുതി” “കപ്പം” എന്നിവക്കുള്ള ഗ്രീക്ക് പദങ്ങൾ സംസ്ഥാനത്തിന് കൊടുക്കുന്ന പണത്തെയാണ് കൃത്യമായി പരാമർശിക്കുന്നത്.a
7, 8. (എ) ക്രിസ്ത്യാനികൾ ഈ ലോകത്തിലെ രാഷ്ട്രീയാധികാരങ്ങൾക്ക് കീഴ്പ്പെട്ടിരിക്കണമെന്നുള്ള വീക്ഷണത്തോട് വിവിധ തിരുവെഴുത്തുകൾ യോജിക്കുന്നതെങ്ങനെ? (ബി) “അധികാര”ത്തിന്റെ ആജ്ഞകളെ ക്രിസ്ത്യാനി എപ്പോൾ മാത്രമേ അനുസരിക്കാതിരിക്കുകയുള്ളു?
7 കൂടാതെ, ശ്രേഷ്ഠാധികാരങ്ങൾക്ക് കീഴ്പ്പെട്ടിരിക്കാനുള്ള പൗലോസിന്റെ ഉദ്ബോധനം “കൈസർക്കുള്ളവ കൈസർക്ക് തിരികെ കൊടുക്കാ”നുള്ള യേശുവിന്റെ കല്പനക്ക് അനുയോജ്യമാണ്, ഇവിടെ “കൈസർ” ലൗകിക അധികാരത്തെയാണ് പ്രതിനിധാനംചെയ്യുന്നത്. (മത്തായി 20:21) അത് തീത്തോസിനോടുള്ള പൗലോസിന്റെ പിൽക്കാലവാക്കുകളോടും യോജിപ്പിലാണ്: “ഭരണാധികാരികളെന്ന നിലയിൽ ഭരണകൂടങ്ങൾക്കും അധികാരികൾക്കും കീഴ്പ്പെട്ടിരിക്കാനും അവരെ അനുസരിക്കാനും സകല സൽപ്രവൃത്തിക്കും ഒരുങ്ങിയിരിക്കാനും അവരെ ഓർമ്മിപ്പിക്കുന്നതിൽ തുടരുക.” (തീത്തോസ് 3:1) അതുകൊണ്ട്, ക്രിസ്ത്യാനികളോട് സാമൂഹികപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ ഗവൺമെൻറുകൾ ആജ്ഞാപിക്കുമ്പോൾ അങ്ങനെയുള്ള പ്രവർത്തനങ്ങൾ തിരുവെഴുത്തുവിരുദ്ധമായ സേവനത്തിനു പകരമുള്ള ഒരു വിട്ടുവീഴ്ചയോ അല്ലെങ്കിൽ മററു വിധങ്ങളിൽ യെശയ്യാവ് 2:4-ൽ കാണപ്പെടുന്നതുപോലെയുള്ള തിരുവെഴുത്തുതത്വങ്ങളുടെ ലംഘനമോ അല്ലാത്തിടത്തോളം കാലം അവർ ഉചിതമായിത്തന്നെ അനുസരിക്കുന്നു.
8 “കർത്താവിനെ പ്രതി സകല മാനുഷസൃഷ്ടിക്കും: ശ്രേഷ്ഠൻ എന്ന നിലയിൽ രാജാവിനും ദുഷ്പ്രവൃത്തിക്കാർക്ക് ശിക്ഷകൊടുക്കാനും എന്നാൽ നൻമചെയ്യുന്നവരെ പ്രശംസിക്കാനും അവനാൽ അയക്കപ്പെട്ടവരെന്ന നിലയിൽ ഗവർണർമാർക്കും, കീഴ്പ്പെട്ടിരിക്കുക” എന്നു പറഞ്ഞപ്പോൾ പത്രോസും നാം ലൗകികാധികാരികൾക്ക് കീഴ്പ്പെട്ടിരിക്കേണ്ടതാണെന്ന് തറപ്പിച്ചുപറഞ്ഞു. (1 പത്രോസ് 2:13, 14) ഇതിനു ചേർച്ചയായി, ക്രിസ്ത്യാനികൾ തിമൊഥെയോസിനുള്ള പൗലോസിന്റെ ബുദ്ധിയുപദേശവും അനുസരിക്കും: “ആദ്യംതന്നെ, നാം ശാന്തവും സ്വസ്ഥവുമായ ഒരു ജീവിതം നയിക്കേണ്ടതിന് രാജാക്കൻമാരെയും ഉന്നതസ്ഥാനത്തുള്ള എല്ലാവരെയും കുറിച്ച് അഭ്യർത്ഥനകളും പ്രാർത്ഥനകളും മാദ്ധ്യസ്ഥതകളും നന്ദിപ്രകടനങ്ങളും നടത്തപ്പെടണമെന്ന് ഞാൻ പ്രബോധിപ്പിക്കുന്നു.”b—1 തിമൊഥെയോസ് 2:1, 2.
9. മാനുഷാധികാരങ്ങളെ ശ്രേഷ്ഠമെന്നു വിളിക്കുന്നത് യഹോവയുടെ മഹത്വത്തെ കുറക്കുന്നില്ലാത്തതെന്തുകൊണ്ട്?
9 ലൗകികാധികാരികളെ “ശ്രേഷ്ഠാധികാരങ്ങൾ” എന്നു വിളിക്കുന്നതിനാൽ നാം ഏതെങ്കിലും വിധത്തിൽ യഹോവക്കുള്ള ബഹുമതിയിൽ കുറവുവരുത്തുന്നുണ്ടോ? ഇല്ല, എന്തുകൊണ്ടെന്നാൽ യഹോവ കേവലം ശ്രേഷ്ഠനിലും വളരെ കവിഞ്ഞവനാണ്. അവൻ “പരമാധികാര കർത്താവും” “പരമോന്നതനും” ആകുന്നു. (സങ്കീർത്തനം 73:28; ദാനിയേൽ 7:18, 22, 25, 27; വെളിപ്പാട് 4:11; 6:10) മാനുഷാധികാരങ്ങളോടുള്ള ഉചിതമായ കീഴ്പ്പെടൽ യാതൊരു പ്രകാരത്തിലും പരമോന്നത അധികാരിയായ പരമാധികാര കർത്താവാം യഹോവയുടെ ആരാധനയുടെ വിലയിടിക്കുന്നില്ല. അപ്പോൾ ഈ അധികാരങ്ങൾ എത്രത്തോളമാണ് ശ്രേഷ്ഠമായിരിക്കുന്നത്? മററു മനുഷ്യരുടെ കാര്യത്തിലും അവരുടെ പ്രവർത്തനപരിധിയിലും മാത്രം. അവർ മാനുഷസമുദായങ്ങളെ ഭരിക്കുന്നതിനും സംരക്ഷിക്കുന്നതിനും ഉത്തരവാദിത്തമുള്ളവരാണ്, ഈ കാരണത്താൽ പൊതുക്കാര്യങ്ങളുടെ നടത്തിപ്പുസംബന്ധിച്ച് അവർ നിബന്ധനകൾ വെക്കുന്നു.
“ദൈവത്താൽ അവയുടെ ആപേക്ഷിക സ്ഥാനങ്ങളിൽ ആക്കിവെക്കപ്പെട്ടിരിക്കുന്നു”
10. (എ) ശ്രേഷ്ഠാധികാരങ്ങളെ ‘ആക്കിവെക്കുന്നതു’സംബന്ധിച്ചുള്ള പൗലോസിന്റെ പ്രസ്താവന യഹോവയുടെ സ്വന്തം അധികാരത്തെസംബന്ധിച്ച് എന്ത് തെളിയിക്കുന്നു? (ബി) ചില ഭരണാധികാരികളെ ‘ആക്കിവെക്കുന്നതു’സംബന്ധിച്ച് യഹോവ എന്തനുവദിച്ചിരിക്കുന്നു, അങ്ങനെ അവന്റെ ദാസൻമാർ എങ്ങനെ പരിശോധിക്കപ്പെടുന്നു?
10 ഈ അധികാരങ്ങൾ “ദൈവത്താൽ അവയുടെ ആപേക്ഷികസ്ഥാനങ്ങളിൽ ആക്കിവെക്കപ്പെട്ടിരിക്കു”ന്നതിനാൽ ലൗകികാധികാരങ്ങളുടെമേൽപോലുമുള്ള യഹോവയാം ദൈവത്തിന്റെ പരമോന്നതത്വം കാണപ്പെടുന്നു. എന്നിരുന്നാലും, ഈ പ്രസ്താവന ഒരു ചോദ്യം ഉദിപ്പിക്കുന്നു. പൗലോസ് ഈ വാക്കുകൾ എഴുതിയശേഷം കുറെ വർഷങ്ങൾ കഴിഞ്ഞ് റോമൻ ചക്രവർത്തിയായ നീറോ ക്രിസ്ത്യാനികൾക്കെതിരെ ദുഷ്ടമായ പീഡനത്തിന്റെ ആക്രമണം അഴിച്ചുവിട്ടു. ദൈവം വ്യക്തിപരമായി നീറോയെ അവന്റെ സ്ഥാനത്ത് ആക്കിവെച്ചതാണോ? അശേഷമല്ല! ഓരോ ഭരണാധികാരിയും ദൈവത്താൽ തെരഞ്ഞെടുക്കപ്പെടുകയും ‘ദൈവകൃപയാൽ’ സ്ഥാനത്ത് ആക്കിവെക്കപ്പെടുകയും ചെയ്യുന്നുവെന്നല്ല. പകരം, ചിലപ്പോൾ സാത്താൻ നിർദ്ദയരായ മനുഷ്യരെ ഭരണാധികാരികളെന്ന നിലയിൽ തന്ത്രപൂർവം സ്ഥാനങ്ങളിലാക്കിവെക്കുന്നുണ്ട്. തന്റെ നിർമ്മലതാപാലകരായ ദാസൻമാരുടെമേൽ അങ്ങനെയുള്ള ഭരണാധികാരികൾ വരുത്തുന്ന പരിശോധനകൾ സഹിതം യഹോവ ഇത് അനുവദിക്കുന്നു.—ഇയ്യോബ് 2:2-10 താരതമ്യപ്പെടുത്തുക.
11, 12. യഹോവ ലൗകിക അധികാരങ്ങളെ സ്ഥാനത്താക്കിവെക്കുകയും നീക്കുകയും ചെയ്യുന്നതിന് വ്യക്തിപരമായി കരുനീക്കിയതിന്റെ ഏതു ദൃഷ്ടാന്തങ്ങൾ രേഖയിലുണ്ട്?
11 എന്നിരുന്നാലും, യഹോവ തന്റെ സമുന്നത ഉദ്ദേശ്യത്തിന് ഉതകുംവിധം ചില ഭരണാധികാരികളുടെയോ ഗവൺമെൻറുകളുടെയോ കാര്യത്തിൽ വ്യക്തിപരമായി ഇടപെട്ടിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, അബ്രാഹാമിന്റെ കാലത്ത്, കനാന്യർ കനാൻദേശത്ത് കഴിയാൻ അനുവദിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, പിന്നീട്, യഹോവ അവരെ പിഴുതുമാററുകയും ആ ദേശം അബ്രാഹാമിന്റെ സന്തതിക്കു കൊടുക്കുകയും ചെയ്തു. യിസ്രായേലിന്റെ മരുപ്രയാണകാലത്ത് അമ്മോന്യരെയും മോവാബ്യരെയും സേയീർപർവതത്തെയും കീഴടക്കാൻ യഹോവ അവരെ അനുവദിച്ചില്ല. എന്നാൽ സീഹോൻ, ഓഗ് എന്നിവരുടെ രാജ്യങ്ങളെ നശിപ്പിക്കാൻ അവൻ ആജ്ഞാപിക്കുകതന്നെ ചെയ്തു.—ഉല്പത്തി 15:18-21; 24:37; പുറപ്പാട് 34:11; ആവർത്തനം 2:4, 5, 9, 19, 24; 3:1, 2.
12 യിസ്രായേൽ കനാനിൽ പാർപ്പുറപ്പിച്ചശേഷം, യഹോവ തന്റെ ജനത്തെ ബാധിച്ച അധികാരങ്ങളിൽ നേരിട്ട് താത്പര്യമെടുക്കുന്നതിൽ തുടർന്നു. ചില സമയങ്ങളിൽ, യിസ്രായേൽ പാപം ചെയ്തപ്പോൾ അവർ ഒരു വിജാതീയ അധികാരത്തിൻകീഴിൽ വരാൻ യഹോവ അനുവദിച്ചു. അവർ അനുതപിച്ചപ്പോൾ അവൻ ആ അധികാരത്തെ ദേശത്തുനിന്ന് നീക്കംചെയ്തു. (ന്യായാധിപൻമാർ 2:11-23) ഒടുവിൽ, മററനേകം ജനതകളോടുകൂടെ യഹൂദയും ബാബിലോണിന്റെ അധികാരത്തിൻകീഴിൽ വരാൻ അവൻ അനുവദിച്ചു. (യെശയ്യാവ് 14:28–19:17; 23:1-12; 39:5-7) യിസ്രായേൽ ബാബിലോണിൽ പ്രവാസത്തിലായശേഷം, ബാബിലോണിന്റെ കാലംമുതൽ നമ്മുടെ സ്വന്തം നാൾവരെ തന്റെ ജനത്തെ ബാധിക്കുമായിരുന്ന ലോകശക്തികളുടെ ഉയർച്ചയെയും വീഴ്ചയെയും യഹോവ മുൻകൂട്ടിപ്പറഞ്ഞു.—ദാനിയേൽ, അദ്ധ്യായങ്ങൾ 2, 7, 8, 11.
13. (എ) മോശയുടെ ഗീതമനുസരിച്ച്, യഹോവ ജനങ്ങളുടെ അതിർത്തികൾ വിധിച്ചതെന്തുകൊണ്ട്? (ബി) യഹോവ പിന്നീട് യിസ്രായേലിനെ അതിന്റെ ദേശത്ത് പുനഃസ്ഥാപിച്ചതെന്തുകൊണ്ട്?
13 മോശ യഹോവയെക്കുറിച്ചു പാടി: “അത്യുന്നതൻ ആദാമിന്റെ പുത്രൻമാരെ തമ്മിൽ തമ്മിൽ പിരിച്ചപ്പോൾ, അവൻ ജനതകൾക്ക് ഒരു അവകാശം കൊടുത്തപ്പോൾ, യിസ്രായേൽപുത്രൻമാരുടെ എണ്ണത്തോടുള്ള പരിഗണനയിൽ അവൻ ജനങ്ങളുടെ അതിർത്തികൾ നിർണ്ണയിക്കാൻ നടപടികൾ സ്വീകരിച്ചു. എന്തെന്നാൽ യഹോവയുടെ ഓഹരി അവന്റെ ജനമല്ലോ; അവൻ അവകാശപ്പെടുത്തുന്ന വീതം യാക്കോബാണ്.” (ആവർത്തനം 32:8, 9; പ്രവൃത്തികൾ 17:26 താരതമ്യപ്പെടുത്തുക.) അതെ, ദൈവം തന്റെ ഉദ്ദേശ്യങ്ങൾ നിറവേററുന്നതിന് ഏതധികാരങ്ങൾ നിലനിൽക്കണമെന്നും ഏതധികാരങ്ങൾ നശിപ്പിക്കപ്പെടണമെന്നും വിധിച്ചു. ഈ വിധത്തിൽ, അവൻ അബ്രാഹാമിന്റെ സന്തതിക്ക് ഒരു ദേശം അവകാശപ്പെടുത്തുന്നതിന് വീതംവെക്കുകയും പിന്നീട് അവരെ ആ ദേശത്ത് പുനഃസ്ഥിതീകരിക്കുകയും ചെയ്തു, തന്നിമിത്തം ഒടുവിൽ വാഗ്ദത്ത സന്തതിക്ക് പ്രവചിക്കപ്പെട്ടിരുന്നതുപോലെതന്നെ അവിടെ പ്രത്യക്ഷപ്പെടാൻ കഴിയുമായിരുന്നു.—ദാനിയേൽ 9:25, 26; മീഖാ 5:2.
14. ഏതർത്ഥത്തിലാണ് യഹോവ അധികമായും മനുഷ്യാധികാരങ്ങളെ അവയുടെ ആപേക്ഷികസ്ഥാനങ്ങളിൽ ആക്കിവെക്കുന്നത്?
14 എന്നിരുന്നാലും, മിക്ക സന്ദർഭങ്ങളിലും, അന്യോന്യമുള്ള ബന്ധത്തിലും എന്നാൽ എല്ലായ്പ്പോഴും തന്നെക്കാൾ താണ നിലയിലും അധികാരസ്ഥാനങ്ങൾ ഏറെറടുക്കാൻ യഹോവ മനുഷ്യരെ അനുവദിക്കുന്നുവെന്ന അർത്ഥത്തിലാണ് അവൻ ഭരണാധികാരികളെ തങ്ങളുടെ ആപേക്ഷികസ്ഥാനങ്ങളിൽ ആക്കിവെക്കുന്നത്. അങ്ങനെ യേശു പൊന്തിയോസ് പീലാത്തോസിന്റെ മുമ്പാകെ നിന്നപ്പോൾ അവൻ ആ ഭരണാധിപനോട് ഇങ്ങനെ പറഞ്ഞു: “മുകളിൽനിന്ന് നിനക്ക് അനുവദിക്കപ്പെട്ടിട്ടില്ലായിരുന്നെങ്കിൽ നിനക്ക് എനിക്കെതിരെ യാതൊരു അധികാരവും ഉണ്ടായിരിക്കുമായിരുന്നില്ല.” (യോഹന്നാൻ 19:11) പീലാത്തോസ് വ്യക്തിപരമായി ദൈവത്താൽ സ്ഥാനത്താക്കിവെക്കപ്പെട്ടുവെന്ന് അതിനർത്ഥമില്ല. എന്നാൽ യേശുവിൻമേലുള്ള അവന്റെ ജീവൻ-മരണ അധികാരം ദൈവത്തിന്റെ അനുവാദത്താൽമാത്രമാണെന്നായിരുന്നു അതിന്റെ അർത്ഥം.
“ഈ വ്യവസ്ഥിതിയുടെ ദൈവം”
15. സാത്താൻ ഏതു വിധത്തിൽ ഈ ലോകത്തിൽ അധികാരം പ്രയോഗിക്കുന്നു?
15 എന്നിരുന്നാലും, സാത്താനാണ് ഈ ലോകത്തിന്റെ ദൈവം അഥവാ ഭരണാധികാരിയെന്ന ബൈബിളിന്റെ പ്രസ്താവന സംബന്ധിച്ചെന്ത്? (യോഹന്നാൻ 12:31; 2 കൊരിന്ത്യർ 4:4) തീർച്ചയായും, സാത്താൻ ലോകത്തിലെ സകല രാജ്യങ്ങളും യേശുവിനെ കാണിക്കുകയും “ഈ അധികാരമെല്ലാം എനിക്ക് വിട്ടുതന്നിരിക്കുന്നു, ഞാൻ ആഗ്രഹിക്കുന്ന ഏവനും ഞാൻ അതു കൊടുക്കുന്നു”വെന്ന് പറയുകയും ചെയ്തപ്പോഴത്തെ യേശുവിനോടുള്ള അവന്റെ വീമ്പിളക്കൽ സംബന്ധിച്ചെന്ത്? (ലൂക്കോസ് 4:6) യേശു സാത്താന്റെ വീമ്പിനെ ഖണ്ഡിച്ചില്ല. സാത്താന്റെ വാക്കുകൾ പൗലോസ് പിന്നീട് എഫേസ്യർക്ക് എഴുതിയ വാക്കുകളോട് യോജിപ്പിലാണ്: “നമുക്ക് ഒരു മല്പിടുത്തമുള്ളത് ജഡരക്തങ്ങളോടല്ല, പിന്നെയോ ഭരണകൂടങ്ങളോട്, അധികാരങ്ങളോട്, ഈ അന്ധകാരത്തിന്റെ ഭരണാധിപൻമാരോട്, സ്വർഗ്ഗീയസ്ഥലങ്ങളിലെ ദുഷ്ടാത്മസേനകളോട്, ആകുന്നു.” (എഫേസ്യർ 6:12) തന്നെയുമല്ല, വെളിപ്പാടുപുസ്തകം ലോകരാഷ്ട്രീയവ്യവസ്ഥിതിയുടെ ഒരു കാട്ടുമൃഗപ്രതീകത്തിന് “അതിന്റെ ശക്തിയും അതിന്റെ സിംഹാസനവും വലിയ അധികാരവും” കൊടുക്കുന്ന ഒരു മഹാസർപ്പമായി സാത്താനെ വരച്ചുകാട്ടുന്നു.—വെളിപ്പാട് 13:2.
16. (എ) സാത്താന്റെ അധികാരം പരിമിതമാണെന്ന് എങ്ങനെ കാണാൻ കഴിയും? (ബി) മനുഷ്യവർഗ്ഗത്തിന്റെ ഇടയിൽ അധികാരമുണ്ടായിരിക്കാൻ യഹോവ സാത്താനെ അനുവദിക്കുന്നതെന്തുകൊണ്ട്?
16 എന്നാൽ, “ഈ അധികാരമെല്ലാം എനിക്ക് വിട്ടുതന്നിരിക്കുന്നു” എന്ന യേശുവിനോടുള്ള സാത്താന്റെ പ്രസ്താവനയും അവനും അനുവാദത്താൽ മാത്രമാണ് അധികാരം പ്രയോഗിക്കുന്നതെന്ന് പ്രകടമാക്കുന്നു. ദൈവം ഈ അനുവാദം കൊടുക്കുന്നതെന്തുകൊണ്ട്? ലോകഭരണാധികാരിയായുള്ള സാത്താന്റെ ജീവിതവൃത്തി ദൈവം ഭോഷ്ക്കുപറയുന്നതായും തന്റെ പരമാധികാരം അന്യായമായി പ്രയോഗിക്കുന്നതായും അവൻ പണ്ട് ഏദൻതോട്ടത്തിൽവെച്ച് ദൈവത്തെ പരസ്യമായി കുററപ്പെടുത്തിയപ്പോഴാണ് തുടങ്ങിയത്. (ഉല്പത്തി 3:1-6) ആദാമും ഹവ്വായും സാത്താനെ അനുഗമിക്കുകയും യഹോവയാം ദൈവത്തോട് അനുസരണക്കേടു കാണിക്കുകയുംചെയ്തു. ആ ഘട്ടത്തിൽ യഹോവക്ക് പൂർണ്ണനീതിയോടെ സാത്താനെയും അവന്റെ പുതിയ രണ്ട് അനുഗാമികളെയും സംഹരിക്കാമായിരുന്നു. (ഉല്പത്തി 2:16, 17) എന്നാൽ സാത്താന്റെ വാക്കുകൾ യഥാർത്ഥത്തിൽ യഹോവയോടുള്ള വ്യക്തിപരമായ ഒരു വെല്ലുവിളിയായിരുന്നു. അതുകൊണ്ട് യഹോവ തന്റെ ജ്ഞാനത്തിൽ സാത്താൻ കുറെ കാലം തുടർന്നുജീവിക്കാൻ അനുവദിച്ചു. മരിക്കുന്നതിനുമുമ്പ് മക്കളെ പെരുക്കാൻ ആദാമും ഹവ്വായും അനുവദിക്കപ്പെട്ടു. ഈ വിധത്തിൽ, സാത്താന്റെ വെല്ലുവിളിയുടെ പൊള്ളത്തരം പ്രകടമാക്കപ്പെടുന്നതിന് സമയവും അവസരവും ദൈവം അനുവദിച്ചു.—ഉല്പത്തി 3:15-19.
17, 18. (എ) സാത്താൻ ഈ ലോകത്തിന്റെ ദൈവമാണെന്ന് നമുക്ക് പറയാൻകഴിയുന്നതെന്തുകൊണ്ട്? (ബി) ഈ ലോകത്തിൽ “ദൈവത്താലല്ലാതെ അധികാരമില്ലാ”ത്തത് ഏതു വിധത്തിൽ?
17 ഏദൻമുതലുള്ള സംഭവങ്ങൾ സാത്താന്റെ ആരോപണങ്ങൾ വെറും വ്യാജമാണെന്ന് പ്രകടമാക്കിയിട്ടുണ്ട്. ആദാമിന്റെ സന്തതികൾ സാത്താന്യഭരണത്തിൻകീഴിലോ മനുഷ്യഭരണത്തിൻകീഴിലോ സന്തുഷ്ടി കണ്ടെത്തിയിട്ടില്ല. (സഭാപ്രസംഗി 8:9) മറിച്ച്, തന്റെ സ്വന്തം ജനവുമായുള്ള ദൈവത്തിന്റെ ഇടപെടലുകൾ ദിവ്യഭരണത്തിന്റെ ശ്രേഷ്ഠത പ്രകടമാക്കിയിരിക്കുന്നു. (യെശയ്യാവ് 33:22) എന്നാൽ ആദാമിന്റെ സന്തതികളിൽ മിക്കവരും യഹോവയുടെ പരമാധികാരത്തെ സ്വീകരിക്കുന്നില്ലാത്തതുകൊണ്ട് അവർ അറിഞ്ഞോ അറിയാതെയോ തങ്ങളുടെ ദൈവമായി സാത്താനെ സേവിക്കുകയാണ്.—സങ്കീർത്തനം 14:1; 1 യോഹന്നാൻ 5:19.
18 പെട്ടെന്നുതന്നെ, ഏദനിൽ ഉന്നയിക്കപ്പെട്ട വിവാദപ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ദൈവത്തിന്റെ രാജ്യം മനുഷ്യവർഗ്ഗത്തിന്റെ കാര്യാദികളുടെ ഭരണം പൂർണ്ണമായും ഏറെറടുക്കും, സാത്താൻ അഗാധത്തിലടക്കപ്പെടും. (യെശയ്യാവ് 11:1-5; വെളിപ്പാട് 20:1-6) ഇതിനിടയിൽ, ഒരു ക്രമീകൃതജീവിതം സാദ്ധ്യമാകേണ്ടതിന് ഏതെങ്കിലും തരത്തിലുള്ള ക്രമീകരണം അഥവാ സംഘടന മനുഷ്യവർഗ്ഗത്തിന്റെ ഇടയിൽ ആവശ്യമായിരുന്നിട്ടുണ്ട്. യഹോവ “കലക്കത്തിന്റെയല്ല, പിന്നെയോ സമാധാനത്തിന്റെ ദൈവ”മാണ്. (1കൊരിന്ത്യർ 14:33) അതുകൊണ്ട്, ഏദനു പുറത്ത് വികാസംപ്രാപിച്ച ജനസമുദായങ്ങളിൽ അധികാരഘടനകൾ ഉണ്ടായിരിക്കാൻ അവൻ അനുവദിച്ചിരിക്കുന്നു. ഈ ക്രമീകരണത്തിൽ മനുഷ്യർ അധികാരം പ്രയോഗിക്കാൻ അവൻ അനുവദിച്ചിരിക്കുന്നു. ഈ വിധത്തിൽ “ദൈവത്താലല്ലാതെ അധികാരമില്ല.”
നല്ല മനഃസ്ഥിതിയുള്ള അധികാരങ്ങൾ
19. സകല മനുഷ്യഭരണാധികാരികളും സാത്താന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണോ?
19 ഏദൻ മുതൽ സാത്താന് മനുഷ്യവർഗ്ഗത്തിന്റെ ഇടയിൽ വിപുലമായ സ്വാതന്ത്ര്യം ഉണ്ടായിരുന്നിട്ടുണ്ട്. അവൻ യേശുവിനോടുള്ള വീമ്പിനുചേർച്ചയിൽ ഭൂമിയിലെ സംഭവങ്ങളെ നിയന്ത്രിക്കാൻ ഈ സ്വാതന്ത്ര്യത്തെ ഉപയോഗിച്ചിരിക്കുന്നു. (ഇയ്യോബ് 1:7; മത്തായി 4:1-10) എന്നിരുന്നാലും, ഈ ലോകത്തിലെ സകല ഭരണാധികാരികളും നേരിട്ട് സാത്താന്റെ ഭരണത്തിന് കീഴ്പ്പെടുന്നുവെന്ന് ഇതിനർത്ഥമില്ല. ചിലർ—ഒന്നാം നൂററാണ്ടിലെ നീറോയെയും നമ്മുടെ കാലത്തെ അഡോൾഫ് ഹിററ്ലറെയും പോലെയുള്ളവർ—യഥാർത്ഥത്തിൽ സാത്താന്യമായ ആത്മാവ് പ്രകടമാക്കിയിട്ടുണ്ട്. സൈപ്രസിലെ ഒരു നാടുവാഴിയായിരുന്ന സെർഗ്ഗ്യസ് പൗലസ് “ദൈവവചനം കേൾക്കാൻ ശ്രമിച്ച” “ഒരു ബുദ്ധിശാലിയായ മനുഷ്യൻ” ആയിരുന്നു. (പ്രവൃത്തികൾ 13:7) അഖായയിലെ നാടുവാഴിയായിരുന്ന ഗല്ലിയോൻ പൗലോസിന്റെ യഹൂദകുററാരോപകരുടെ സമ്മർദ്ദത്തിന് വിധേയനാകാൻ വിസമ്മതിച്ചു. (പ്രവൃത്തികൾ 18:12-17) മററനേകം ഭരണാധികാരികൾ മനഃസാക്ഷിപൂർവം തങ്ങളുടെ അധികാരം പ്രയോഗിച്ചിട്ടുണ്ട്.—റോമർ 2:15 താരതമ്യപ്പെടുത്തുക.
20, 21. മനുഷ്യഭരണാധികാരികൾ എല്ലായ്പ്പോഴും സാത്താന്റെ ഇഷ്ടംചെയ്യുന്നില്ലെന്ന് 20-ാം നൂററാണ്ടിലെ ഏതു സംഭവങ്ങൾ പ്രകടമാക്കുന്നു?
20 ആയിരത്തിത്തൊള്ളായിരത്തിപ്പതിനാലുമുതൽ തുടങ്ങിയ “കർത്താവിന്റെ ദിവസ”ത്തിൽ സാത്താന്റെ ഉദ്ദേശ്യങ്ങളെ വിഫലമാക്കാൻ യഹോവ മാനുഷാധികാരികളെ കൈകാര്യംചെയ്യുമെന്നുപോലും വെളിപ്പാടുപുസ്തകം മുൻകൂട്ടിപ്പറഞ്ഞു. സാത്താൻ അഭിഷിക്തക്രിസ്ത്യാനികൾക്കെതിരെ തിരിച്ചുവിട്ട പീഡനത്തിന്റെ ഒരു പ്രളയത്തെക്കുറിച്ച് വെളിപ്പാട് വർണ്ണിക്കുന്നു. അതിനെ “ഭൂമി” വിഴുങ്ങിക്കളയുമായിരുന്നു. (വെളിപ്പാട് 1:10; 12:16) ഇപ്പോൾ ഭൂമിയിൽ സ്ഥിതിചെയ്യുന്ന മനുഷ്യസമുദായമാകുന്ന “ഭൂമി”യിലെ മൂലഘടകങ്ങൾ സാത്താന്റെ പീഡനത്തിൽനിന്ന് യഹോവയുടെ ജനത്തെ സംരക്ഷിക്കും.
21 ഇത് യഥാർത്ഥത്തിൽ സംഭവിച്ചിട്ടുണ്ടോ? ഉവ്വ്. ദൃഷ്ടാന്തത്തിന്, 1930കളിലും 1940കളിലും ഐക്യനാടുകളിലെ യഹോവയുടെ സാക്ഷികൾ വലിയ സമ്മർദ്ദത്തിൻകീഴിലായിരുന്നു, കൂട്ടപ്രക്ഷോഭണവും കൂടെക്കൂടെയുള്ള അന്യായമായ അറസ്ററുകളും അനുഭവിച്ചിരുന്നു. അവരുടെ വേലയുടെ നിയമസാധുത അംഗീകരിക്കുന്ന പല വിധികൾ യു.എസ്. സുപ്രീംകോടതി പുറപ്പെടുവിച്ചപ്പോൾ അവർക്ക് ആശ്വാസം ലഭിച്ചു. മററു സ്ഥലങ്ങളിലും അധികാരികൾ ദൈവജനത്തിന്റെ സഹായത്തിനെത്തിയിട്ടുണ്ട്. ഏതാണ്ട് 40 വർഷംമുമ്പ് അയർലണ്ടിൽ ഒരു റോമൻകത്തോലിക്കാ ജനക്കൂട്ടം കോർക്ക്നഗരത്തിലെ രണ്ട് സാക്ഷികളെ ആക്രമിച്ചു. സ്ഥലത്തെ ഒരു പോലീസുകാരൻ സാക്ഷികളുടെ സഹായത്തിനെത്തുകയും ഒരു നിയമകോടതി ആക്രമണകാരികൾക്കു ശിക്ഷണംകൊടുക്കുകയും ചെയ്തു. ആയിരത്തിതൊള്ളായിരത്തി എൺപത്തിയൊൻപതിൽ ഫിജിയിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തെ നിരോധിക്കാനുള്ള ഒരു നിർദ്ദേശം, ഉയർന്ന ചീഫുകളുടെ ഒരു യോഗം പരിഗണിച്ചു. ഒരു ചീഫ് സധൈര്യം സാക്ഷികൾക്കനുകൂലമായി സംസാരിക്കുകയും നിർദ്ദേശം അനായാസം തള്ളപ്പെടുകയുംചെയ്തു.
22. അടുത്തതായി ഏതു ചോദ്യങ്ങൾ പരിചിന്തിക്കപ്പെടും?
22 ഇല്ല, ലൗകിക അധികാരികൾ എല്ലായ്പ്പോഴും സാത്താന്റെ ലക്ഷ്യങ്ങൾക്കു സേവിക്കുന്നില്ല. ക്രിസ്ത്യാനികൾക്ക് സാത്താനുതന്നെ കീഴ്പ്പെടാതെ ശ്രേഷ്ഠാധികാരങ്ങൾക്ക് കീഴ്പെട്ടിരിക്കാൻ കഴിയും. തീർച്ചയായും, ഈ അധികാരങ്ങൾ സ്ഥിതിചെയ്യാൻ ദൈവം അനുവദിക്കുന്നടത്തോളം കാലം അവർ അവയ്ക്ക് കീഴ്പെട്ടിരിക്കും. എന്നാൽ ആ കീഴ്പ്പെടലിന്റെ അർത്ഥമെന്താണ്? പ്രതിഫലമായി ശ്രേഷ്ഠാധികാരങ്ങളിൽനിന്ന് ക്രിസ്ത്യാനികൾക്ക് എന്ത് പ്രതീക്ഷിക്കാം? ഈ ചോദ്യങ്ങൾ അടുത്ത ലേഖനങ്ങളിൽ ചർച്ചചെയ്യപ്പെടും. (w90 11⁄1)
[അടിക്കുറിപ്പ്]
a ദൃഷ്ടാന്തത്തിന്, ലൂക്കോസ് 20:22-ലെ “നികുതി” (ഫോറോസ്) എന്ന പദത്തിന്റെ ഉപയോഗം കാണുക. ഇവിടെ “കപ്പം” എന്നു ഭാഷാന്തരപ്പെടുത്തിയിരിക്കുന്ന റെറലോസ് എന്ന ഗ്രീക്ക് പദത്തിന്റെ മത്തായി 17:25-ലെ ഉപയോഗവും കാണുക, അവിടെ അത് “കടമകൾ” എന്ന് ഭാഷാന്തരംചെയ്തിരിക്കുന്നു.
b “ഉന്നതസ്ഥാനം” എന്ന് വിവർത്തനംചെയ്തിരിക്കുന്ന ഗ്രീക്ക് നാമമായ ഹൈപ്പറോക്കി ഹൈപ്പറേക്കോ എന്ന ക്രിയയോട് ബന്ധപ്പെട്ടതാണ്. “ശ്രേഷ്ഠാധികാരങ്ങൾ” എന്നതിലെ “ശ്രേഷ്ഠ” എന്ന പദം ഇതേ ഗ്രീക്ക് ക്രിയയിൽനിന്ന് ഉത്ഭവിച്ചിട്ടുള്ളതാണ്, അത് ശ്രേഷ്ഠാധികാരങ്ങൾ ലൗകികാധികാരികളാണെന്നുള്ളതിന്റെ തെളിവു വർദ്ധിപ്പിക്കുന്നു. “ഓരോ വ്യക്തിയും പരമാധികാരങ്ങൾക്ക് കീഴ്പ്പെട്ടിരിക്കണ”മെന്നുള്ള ന്യൂ ഇംഗ്ലീഷ് ബൈബിളിലെ വിവർത്തനം ശരിയല്ല. “ഉന്നതസ്ഥാനത്തുള്ള” മനുഷ്യർ പരമാധികാരികളല്ല, അവർ മററു മനുഷ്യരെ അപേക്ഷിച്ച് ശ്രേഷ്ഠരായാലും.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ ശ്രേഷ്ഠാധികാരികൾ ആരാണ്?
◻ “ദൈവത്താലല്ലാതെ അധികാരമില്ല” എന്ന് നമുക്കെങ്ങനെ പറയാൻ കഴിയും?
◻ ലോകം സാത്താന്റെ അധീനതയിലിരിക്കാൻ യഹോവ അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ട്?
◻ മാനുഷാധികാരങ്ങൾ ദൈവം ഏത് വിധത്തിലാണ് അവയുടെ ആപേക്ഷികസ്ഥാനങ്ങളിൽ ആക്കിയിരിക്കുന്നത്?
[13-ാം പേജിലെ ചിത്രം]
റോമായുടെ അഗ്നിബാധക്കുശേഷം, നീറോ യഥാർത്ഥത്തിൽ സാത്താന്യമായ ഒരു ആത്മാവ് പ്രകടമാക്കി
[15-ാം പേജിലെ ചിത്രം]
സൈപ്രസിലെ നാടുവാഴിയായിരുന്ന സെർഗ്ഗ്യസ് പൗലസ് ദൈവവചനം കേൾക്കാൻ ശ്രമിച്ചു