യഹോവ സാധാരണയിൽ കവിഞ്ഞ ശക്തി തരുന്നു
1 ക്രിസ്തീയ ശുശ്രൂഷയെന്ന അമൂല്യ വിശുദ്ധ സേവനപദവി യേശുവിന്റെ എല്ലാ ശിഷ്യന്മാരെയും ഭരമേൽപ്പിച്ചിരിക്കുന്നു. (മത്താ. 24:14; 28:19, 20) എന്നാൽ, നമ്മെത്തന്നെ തീരെ അപര്യാപ്തരായി വീക്ഷിക്കാൻ മാനുഷിക അപൂർണതയും ഈ വ്യവസ്ഥിതിയുടെ സമ്മർദങ്ങളും ചിലയവസരങ്ങളിൽ നമ്മെ പ്രേരിപ്പിച്ചേക്കാം.
2 അതു സംഭവിക്കുമ്പോൾ, കൊരിന്തിലെ അഭിഷിക്ത ക്രിസ്ത്യാനികൾക്ക് അപ്പോസ്തലനായ പൗലൊസ് എഴുതിയ ലേഖനത്തിൽനിന്ന് നമുക്ക് ആശ്വാസം നേടാൻ കഴിയും. അവൻ എഴുതി: “ഈ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിൽ ആകുന്നു ഉളളതു.” (2 കൊരി. 4:7) പൗലൊസ് പിൻവരുന്നപ്രകാരം തന്റെ ആത്മവിശ്വാസം പ്രകടിപ്പിച്ചു: “ഞങ്ങൾക്ക് ഈ ശുശ്രൂഷ ഉള്ളതിനാൽ . . . ഞങ്ങൾ പിന്മാറുന്നില്ല.” (2 കൊരി. 4:1, NW) നാം അഭിഷിക്തരായാലും “വേറെ ആടുക”ളായാലും, ‘പിന്മാറാതെ’ സുവാർത്ത ഘോഷിച്ചുകൊണ്ടേയിരിക്കുന്നത് ഒരു വെല്ലുവിളിയാണെന്നുള്ളത് സത്യംതന്നെ. “സാധാരണയിൽ കവിഞ്ഞ ശക്തി” തരുന്ന ദൈവത്തിൽനിന്നുള്ള ശക്തി നമുക്കാവശ്യമാണ്.—യോഹ. 10:16; 2 കൊരി. 4:7ബി, NW.
3 പ്രോത്സാഹജനകമെന്നുപറയട്ടെ, കടുത്ത എതിർപ്പോ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ സാമ്പത്തിക വൈഷമ്യങ്ങളോ നേരിടേണ്ടതുണ്ടെങ്കിലും മിക്ക സാക്ഷികളും തീക്ഷ്ണതയുളള സുവിശേഷകരാണ്. പ്രസംഗിക്കാനുള്ള നമ്മുടെ നിയമനത്തിന് യഹോവയുടെ പിന്തുണയുണ്ടെന്ന് നാമെല്ലാം തിരിച്ചറിയണം. പ്രസംഗിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തെ ദുർബലപ്പെടുത്താൻ നിരുത്സാഹത്തെയോ ഭയത്തെയോ അനുവദിക്കുന്നതിനു പകരം നമുക്ക് “കർത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെ”ടാം.—എഫെ. 6:10; സദൃ. 24:10.
4 ദൈവത്തിന്റെ ശക്തി സ്വായത്തമാക്കാൻ കഴിയുന്ന വിധം: ദൈവത്തിന്റെ സഹായത്തിനും ശക്തിക്കുംവേണ്ടി യാചിച്ചുകൊണ്ട് പ്രാർഥനയിൽ ഉറ്റിരിക്കുക. (റോമ. 12:12; ഫിലി. 4:6, 7) എന്നിട്ട്, സാധാരണയിൽ കവിഞ്ഞ ശക്തി ലഭിക്കാനായി മുഴു ഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക. (സദൃ. 3:5) നമ്മുടെ മാസികകളിലെ ആധുനികകാല ജീവിതകഥകൾ വായിക്കുക. കാരണം, പരിശോധനകൾ സഹിക്കാൻ യഹോവ ഇന്ന് തന്റെ ദാസന്മാരെ സഹായിക്കുന്നുവെന്നതിന് അത് തെളിവു പ്രദാനം ചെയ്യുന്നു. സഭയിലെ സഹോദരന്മാരുമായി അടുത്ത സഹവാസം നിലനിർത്തുകയും സഭായോഗങ്ങൾ ഉപേക്ഷിക്കാതിരിക്കുകയും ചെയ്യുക.—റോമ. 1:11, 12; എബ്രാ. 10:24, 25.
5 സാധാരണയിൽ കവിഞ്ഞതും സർവപ്രധാനമായ രാജ്യപ്രസംഗ വേലയിൽനിന്ന് പിന്മാറാതിരിക്കാൻ നമ്മെ സഹായിക്കുന്നതുമായ യഹോവയുടെ ശക്തി സ്വീകരിക്കാൻ കഴിയുന്ന സ്ഥാനത്ത് നമ്മെത്തന്നെ ആക്കിവെക്കാനായി ആവുന്നതെല്ലാം നമുക്കു ചെയ്യാം.