നിങ്ങൾ കാണുന്ന കാര്യങ്ങൾക്ക് അതീതമായി നോക്കുക!
നല്ല ഭൗതിക കാഴ്ച ഒരു അനുഗ്രഹമാണ്. യഥാർഥത്തിൽ തങ്ങൾക്കുള്ള അധികം കാര്യങ്ങൾ അതിനെക്കാൾ വിലയുള്ളതായിരിക്കുന്നില്ലെന്നു മിക്കയാളുകളും പറയും. എന്നിരുന്നാലും, ക്രിസ്ത്യാനികൾക്കു നല്ല ഭൗതിക കാഴ്ചയെക്കാൾ പോലും വിലയേറിയതായി അപ്പോസ്തലനായ പൗലോസ് പറഞ്ഞ ഒരുതരം കാഴ്ചയുണ്ട്. “കാണുന്നതിനെയല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു,” അപ്പോസ്തലനായ പൗലോസ് എഴുതി. (2 കൊരിന്ത്യർ 4:18) കാണപ്പെടാത്ത കാര്യങ്ങൾ കാണാൻ ഒരുവനെ പ്രാപ്തനാക്കുന്നതു തീർച്ചയായും ഒരു പ്രത്യേകതരം കാഴ്ചയായിരിക്കണം! നമുക്കതിനെ ഒരു ആത്മീയ തരത്തിലുള്ള ഉത്കൃഷ്ട കാഴ്ച എന്നു വിളിക്കാവുന്നതാണ്.
ആവശ്യം എന്തുകൊണ്ട്?
ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾക്ക് ഇത്തരം ആത്മീയ കാഴ്ച ഉണ്ടായിരിക്കേണ്ടതിന്റെ യഥാർഥ ആവശ്യം ഉണ്ടായിരുന്നു. അവർ വളരെ പ്രയാസത്തിൻ കീഴിലായിരുന്നു തങ്ങളുടെ ക്രിസ്തീയ ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നത്. പൗലോസ് അതിങ്ങനെ പ്രസ്താവിച്ചു: “ഞങ്ങൾ സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല; ഉപദ്രവം അനുഭവിക്കുന്നവർ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; വീണുകിടക്കുന്നവർ എങ്കിലും നശിച്ചുപോകുന്നില്ല.”—2 കൊരിന്ത്യർ 4:8, 9.
അങ്ങനെയുള്ള സാഹചര്യങ്ങൾ ഗണ്യമാക്കാതെ വിശ്വസ്ത ശിഷ്യർ ഉറച്ചുനിന്നു. ദൈവത്തിലുള്ള ശക്തമായ വിശ്വാസത്തോടെ, അവർക്കു പൗലോസിനെപ്പോലെ പറയാൻ കഴിഞ്ഞു: “ഞങ്ങൾ അധൈര്യപ്പെടാതെ ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു.” ഈ അനുദിന പുതുക്കം കൈവരുത്തിയത് എന്താണ്? പൗലോസ് ഇങ്ങനെ തുടർന്നു പറഞ്ഞു: “നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങൾക്കു കിട്ടുവാൻ ഹേതുവാകുന്നു. കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നതു താല്ക്കാലികം, കാണാത്തതോ നിത്യം.”—2 കൊരിന്ത്യർ 4:16-18.
തന്റെ ആത്മീയ സഹോദരൻമാരുടെ മുമ്പാകെ വെച്ചിരുന്ന മഹത്തായ പ്രതിഫലത്തിന്റെ കാഴ്ചപ്പാടിനെ മറയ്ക്കാൻ പ്രശ്നങ്ങളെ, പ്രയാസങ്ങളെ, പീഡനങ്ങളെ—ഏതുതരത്തിലുമുള്ള ക്ലേശങ്ങളെ—അനുവദിക്കാതിരിക്കാൻ പൗലോസ് അവരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. അവർ ക്രിസ്തീയ ഗതിയുടെ സന്തുഷ്ടഫലത്തിൽ തങ്ങളുടെ ദൃഷ്ടി പതിപ്പിച്ചുകൊണ്ടു തങ്ങളുടെ ഇപ്പോഴത്തെ സാഹചര്യങ്ങൾക്കതീതമായി നോക്കണം. അതാണ് ഒരു അനുദിന അടിസ്ഥാനത്തിൽ യുദ്ധത്തിൽ മുന്നേറാനുള്ള അവരുടെ തീരുമാനത്തെ പുതുക്കാൻ അവരെ സഹായിച്ചത്. ഇന്നത്തെ ക്രിസ്ത്യാനികൾക്ക് അത്തരം നല്ല ആത്മീയ കാഴ്ച ഉണ്ടായിരിക്കേണ്ടതിന്റെ സമാനമായ ആവശ്യമുണ്ട്.
ഇപ്പോഴത്തെ ക്ലേശങ്ങളെ ക്ഷണികമെന്നു വീക്ഷിക്കുക!
നമ്മൾ കാണാനിഷ്ടപ്പെടാത്ത കാര്യങ്ങൾ നാം അനിവാര്യമായി അനുദിനം കാണുന്നുണ്ട്. കണ്ണാടിയിലേക്ക് ഒന്ന് എത്തിനോക്കിയാൽ ശാരീരികാപൂർണതയുടെ സൂചനകളായ ജഡികശരീരത്തിലെ അനഭിലഷണീയമായ കറകളും കളങ്കങ്ങളും കാണാതിരിക്കാൻ നിർവാഹമില്ല. നാം ദൈവവചനമാകുന്ന കണ്ണാടിയിലേക്ക് ഉററുനോക്കുമ്പോൾ നാം നമ്മിൽത്തന്നെയും മററുള്ളവരിലുമുള്ള ആത്മീയ ന്യൂനതകളും കളങ്കങ്ങളും കാണുന്നു. (യാക്കോബ് 1:22-25) നാം ദിനപത്രങ്ങളിലോ ടെലിവിഷൻസ്ക്രീനിലോ നോക്കുമ്പോൾ അനീതിയുടെയും ക്രൂരതയുടെയും ദുരന്തത്തിന്റെയും വിവരണങ്ങൾ പെട്ടെന്നു നമ്മുടെ ശ്രദ്ധയിലേക്കു വരുത്തപ്പെടുകയും നമുക്കു ദുഃഖംവരുത്തുകയും ചെയ്യുന്നു.
നാം കാണുന്ന കാര്യങ്ങൾ നിമിത്തം നിരാശപ്പെടാനോ വ്യതിചലിച്ചു വിശ്വാസത്തിൽ ചഞ്ചലിച്ചുതുടങ്ങാനോ സാത്താൻ ആഗ്രഹിക്കും. ഇതു സംഭവിക്കുന്നതിനെ നമുക്ക് എങ്ങനെ തടയാൻ കഴിയും? “അതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നതു. ക്രിസ്തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു” എന്നു പറഞ്ഞപ്പോൾ അപ്പോസ്തലനായ പത്രോസ് ശുപാർശ ചെയ്ത യേശുക്രിസ്തുവിന്റെ ദൃഷ്ടാന്തം നാം പിന്തുടരണം. (1 പത്രൊസ് 2:21) ക്രിസ്തീയ ജീവിതത്തിന്റെ സകല വശങ്ങളിലും യേശു പൂർണതയുള്ള മാതൃകയായിരുന്നു.
നമ്മുടെ മാതൃകയെന്ന നിലയിൽ യേശുവിലേക്കു വിരൽചൂണ്ടിയപ്പോൾ യേശു കഷ്ടം അനുഭവിച്ചുവെന്നു പത്രോസ് വിശേഷാൽ പറയുകയുണ്ടായി. തീർച്ചയായും, യേശു ഭൂമിയിലായിരുന്നപ്പോൾ വളരെയധികം കഷ്ടപ്പെട്ടു. മനുഷ്യവർഗത്തിന്റെ സൃഷ്ടിപ്പിന്റെ സമയത്ത് ഉണ്ടായിരുന്ന ‘വിദഗ്ധശില്പി’ എന്നനിലയിൽ അവനു മനുഷ്യർ എന്തായിരിക്കണമെന്നുള്ള ദൈവത്തിന്റെ ഉദ്ദേശ്യം കൃത്യമായി അറിയാമായിരുന്നു. (സദൃശവാക്യങ്ങൾ 8:30, 31) എന്നാൽ ഇപ്പോൾ പാപവും മരണവും അവർ എന്തായിത്തീരാനിടയാക്കിയിരിക്കുന്നുവെന്ന് അവൻ നേരിട്ടു കണ്ടു. ദിവസവും അവൻ മനുഷ്യരുടെ അപൂർണതകൾ കണ്ടു, അവ കൈകാര്യം ചെയ്യേണ്ടിവരുകയും ചെയ്തു. അത് അവനു പീഡാകരമായിരുന്നിരിക്കണം.—മത്തായി 9:36; മർക്കൊസ് 6:34.
മററുള്ളവരുടെ ക്ലേശങ്ങൾക്കു പുറമേ, സ്വന്തം ക്ലേശവും യേശുവിന് അനുഭവപ്പെട്ടു. (എബ്രായർ 5:7, 8) എന്നാൽ പൂർണതയുള്ള ആത്മീയ കാഴ്ചയാൽ തന്റെ നിർമലതാഗതി നിമിത്തം അമർത്ത്യജീവനിലേക്ക് ഉയർത്തപ്പെടുന്നതിന്റെ പ്രതിഫലം കാണാൻ അവൻ അവയ്ക്കതീതമായി നോക്കി. പിന്നീട്, മിശിഹൈകരാജാവെന്ന നിലയിൽ പീഡിത മനുഷ്യവർഗത്തെ അതിന്റെ അധമനിലയിൽനിന്നു യഹോവ ആദിയിൽ ഉദ്ദേശിച്ചിരുന്ന പൂർണതയിലേക്ക് ഉയർത്തുന്ന പദവി തനിക്കു ലഭിക്കും. ഈ അദൃശ്യ ഭാവിപ്രതീക്ഷകളിൽ തന്റെ ദൃഷ്ടി കേന്ദ്രീകരിച്ചത്, താൻ ദൈനംദിനം കണ്ട ക്ലേശങ്ങൾ ഗണ്യമാക്കാതെ ദൈവികസേവനത്തിൽ സന്തോഷം നിലനിർത്താൻ അവനെ സഹായിച്ചു. പൗലോസ് പിൽക്കാലത്ത് ഇങ്ങനെ എഴുതി: “തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു.”—എബ്രായർ 12:2.
തന്റെ ക്ലേശങ്ങളും പീഡാകരമായ സാഹചര്യങ്ങളും തന്നെ നിരാശപ്പെടുത്താൻ, താൻ വ്യതിചലിക്കാൻ, വിശ്വാസത്തിൽ ചഞ്ചലിക്കാൻ, ഇടയാക്കുന്നതിന് ഒരിക്കലും അവൻ അനുവദിച്ചില്ല. അവന്റെ ശിഷ്യരെന്ന നിലയിൽ നാം അവന്റെ തിളക്കമുള്ള മാതൃകയെ അടുത്തു പിന്തുടരേണ്ടതാണ്.—മത്തായി 16:24.
അദൃശ്യ നിത്യകാര്യങ്ങളിൽ കേന്ദ്രീകരിക്കുക!
സഹിച്ചുനിൽക്കാൻ യേശുവിനെ പ്രാപ്തനാക്കിയ സംഗതി സംബന്ധിച്ചു സംസാരിക്കവേ, പിൻവരുന്ന പ്രകാരം എഴുതിയപ്പോൾ പൗലോസ് നമുക്കായി വെച്ചിരിക്കുന്ന ഗതി ചൂണ്ടിക്കാട്ടുകയും ചെയ്തു: “നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക. വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക (“ഏകാഗ്രമായി നോക്കുക,” NW).” (എബ്രായർ 12:1, 2) അതെ, വിജയപ്രദമായും സന്തോഷത്തോടെയും ക്രിസ്തീയ ഓട്ടം ഓടുന്നതിനു നാം നമ്മുടെ തൊട്ടുമുമ്പിലുള്ള കാര്യങ്ങൾക്കതീതമായി നോക്കണം. എന്നാൽ നാം യേശുവിനെ ‘ഏകാഗ്രമായി നോക്കുന്നത്’ എങ്ങനെയാണ്, അതു നമുക്ക് എന്തു ഗുണം ചെയ്യും?
ഒരു ദൃഷ്ടാന്തമെന്ന നിലയിൽ, 1914-ൽ യേശു ദൈവരാജ്യത്തിന്റെ രാജാവായി അവരോധിക്കപ്പെട്ടു, അവൻ സ്വർഗത്തിൽനിന്നു ഭരിക്കുന്നു. തീർച്ചയായും ഇതെല്ലാം നമ്മുടെ ഭൗതിക കണ്ണുകൾക്ക് അദൃശ്യമാണ്. എന്നിരുന്നാലും നാം യേശുവിനെ ‘എകാഗ്രമായി നോക്കുന്നു’വെങ്കിൽ, അവൻ ഇപ്പോഴത്തെ ദുഷ്ടവ്യവസ്ഥിതിയുടെ അവസാനവും സാത്താന്റെയും അവന്റെ ഭൂതസൈന്യങ്ങളുടെയും നിഷ്ക്രിയത്വത്തിന്റെ ബന്ധനങ്ങളിലേക്കുള്ള നിഷ്കാസനവും കൈവരുത്താൻ തയ്യാറായി നിലകൊള്ളുകയാണെന്നു കാണാൻ നമ്മുടെ ആത്മീയ കാഴ്ചശക്തി നമ്മെ സഹായിക്കും. കൂറേക്കൂടെ ദൂരേക്കു നോക്കുമ്പോൾ, നമ്മുടെ ആത്മീയ കാഴ്ച അത്ഭുതകരമായ പുതിയ ലോകം വെളിപ്പെടുത്തും, അതിൽ “ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”—വെളിപ്പാടു 19:11-16; 20:1-3; 21:5.
അതുകൊണ്ട്, നാം ഓരോ ദിവസവും അഭിമുഖീകരിക്കേണ്ടിവന്നേക്കാവുന്ന താത്കാലിക ക്ലേശങ്ങളാൽ ഭാരപ്പെടുന്നതിനു പകരം നമുക്കു നമ്മുടെ നോട്ടം നിത്യമായ കാര്യങ്ങളിൽ എന്തുകൊണ്ടു കേന്ദ്രീകരിച്ചുകൂടാ? ആരോഗ്യവും സന്തുഷ്ടിയും കരുതലുമുള്ള ആളുകളെക്കൊണ്ടു നിറഞ്ഞിരിക്കുന്ന ഒരു പറുദീസ വിശ്വാസനേത്രങ്ങളാൽ കാണാൻ ഈ മലിനീകൃത ഭൂമിയിലെ രോഗത്തിനും അത്യാഗ്രഹത്തിനുമതീതമായി നോക്കാൻ പാടില്ലേ? നമ്മുടെ ശാരീരികവും ആത്മീയവുമായ കളങ്കങ്ങൾക്കതീതമായി നോക്കി എന്തുകൊണ്ടു ക്രിസ്തുവിന്റെ മറുവിലയാഗത്തിന്റെ പുണ്യത്താൽ എന്നേക്കുമായി നാം അവയിൽനിന്നു വിമുക്തരാകുന്നതു കാണാൻ പാടില്ല? എന്തുകൊണ്ടു യുദ്ധവും കുററകൃത്യവും അക്രമവും അവശേഷിപ്പിച്ച സംഹാരത്തിനതീതമായി നോക്കി പുതുതായി പുനരുത്ഥാനം പ്രാപിച്ചവർ യഹോവയുടെ സമാധാനത്തിലും നീതിയിലും പ്രബോധനം സ്വീകരിക്കുന്നതു കണ്ടുകൂടാ?
അതിനു പുറമേ, യേശുവിനെ ‘ഏകാഗ്രമായി നോക്കുന്നതിൽ’ അദൃശ്യമെങ്കിലും രാജ്യം ഭൂമിയിലെ ദൈവജനത്തിന്റെ ഇടയിൽ ഇപ്പോൾത്തന്നെ സാധിച്ചിരിക്കുന്നതിൻമേൽ—ഐക്യം, സമാധാനം, സ്നേഹം, സഹോദരപ്രീതി, ആത്മീയക്ഷേമം എന്നിവയിൽത്തന്നെ—നമ്മുടെ ആത്മീയ കാഴ്ചശക്തി കേന്ദ്രീകരിക്കുന്നത് ഉൾപ്പെടും. ദിവ്യബോധനത്താൽ ഏകീകൃതർ (ഇംഗ്ലീഷ്) എന്ന വീഡിയോ കണ്ടശേഷം ജർമനിയിലെ ഒരു ക്രിസ്തീയ സ്ത്രീ ഇങ്ങനെ എഴുതി: “ലോകത്തിലുടനീളമുള്ള വളരെയേറെ ക്രിസ്തീയ സഹോദരീസഹോദരൻമാർ ഈ നിമിഷത്തിൽത്തന്നെ വിശ്വസ്തമായി യഹോവയെ സേവിച്ചുകൊണ്ടിരിക്കുന്നുവെന്നും പൊതുജനങ്ങളുടെ എതിർപ്പു ഗണ്യമാക്കാതെ അങ്ങനെ ചെയ്യുന്നുവെന്നും മനസ്സിൽ പിടിക്കാൻ ഈ വീഡിയോ എന്നെ വളരെയധികം സഹായിക്കും. അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും ഒരു ലോകത്തിൽ നമ്മുടെ സഹോദരനിർവിശേഷമായ ഐക്യം എത്ര വിലപ്പെട്ടതാണ്!”
നിങ്ങളും നിങ്ങളുടെ പക്ഷത്തു നിലകൊള്ളുന്ന യഹോവയെയും യേശുവിനെയും വിശ്വസ്തദൂതൻമാരെയും ലക്ഷക്കണക്കിനു സഹക്രിസ്ത്യാനികളെയും ‘കാണുന്നു’ണ്ടോ? ഉണ്ടെങ്കിൽ, നിങ്ങളെ നിരുത്സാഹത്തിൽ നിശ്ചലരാക്കാനും ക്രിസ്തീയ സേവനത്തിൽ “നിഷ്ഫല”രായിത്തീരാനിടയാക്കാനും കഴിയുന്ന ‘ഈ ലോകത്തിന്റെ ചിന്തയാൽ’ നിങ്ങൾ അമിതമായി വ്യാകുലപ്പെടുകയില്ല. (മത്തായി 13:22) ആകയാൽ ദൈവത്തിന്റെ സ്ഥാപിതരാജ്യത്തിൻമേലും അതിന്റെ ഇപ്പോഴത്തെയും ഭാവിയിലെയും അനുഗ്രഹങ്ങളിൻമേലും നിങ്ങളുടെ ആത്മീയ ദൃഷ്ടികൾ പതിപ്പിച്ചുകൊണ്ടു യേശുവിനെ ‘ഏകാഗ്രമായി നോക്കുക.’
അദൃശ്യമായതു കാണാൻ ജീവിക്കുക!
ദൈവത്തിന്റെ നിത്യമായ പുതിയ ലോകവും തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ പഴയ ലോകവും തമ്മിലുള്ള രൂക്ഷമായ വ്യത്യാസം കാണുമ്പോൾ, ഇന്നു വിശ്വാസനേത്രങ്ങളാൽ മാത്രം കാണാനാവുന്ന കാര്യങ്ങൾ അക്ഷരീയമായി കാണാൻ യോഗ്യരായി എണ്ണപ്പെടത്തക്കവണ്ണം നടക്കാൻ നാം പ്രേരിതരാകണം. പുനരുത്ഥാനം പ്രാപിക്കുന്ന പുരുഷാരങ്ങൾ തങ്ങൾ മരിക്കുന്നതിനു മുമ്പു കണ്ട ലോകത്തിൽനിന്നു വളരെ വ്യത്യസ്തമായ നീതിയുള്ള ഒരു പറുദീസാഭൂമി കാണാൻ ഉണരുമ്പോൾ തങ്ങൾ കാണുന്നതു വിശ്വസിക്കാൻ അവർ പ്രയാസപ്പെടും. അവരെ സ്വാഗതംചെയ്യാനും ദൈവം ചെയ്തിരിക്കുന്നതിനെ അവരോടു വിശദീകരിക്കാനും ജീവനോടിരിക്കുന്നതിൽ നമുക്കുള്ള സന്തോഷമൊന്നു വിഭാവനചെയ്യുക!—യോവേൽ 2:21-27 താരതമ്യം ചെയ്യുക.
അതേ, നല്ല ആത്മീയ കാഴ്ചശക്തി എത്ര മൂല്യവത്താണ്, അതിനെ കൂർമതയുള്ളതായി നിലനിർത്തുന്നത് എത്ര മർമപ്രധാനം! ക്രമമായി വ്യക്തിപരമായ ബൈബിൾ പഠനത്തിൽ ഏർപ്പെടുന്നതിനാലും ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകുന്നതിനാലും നമ്മുടെ ബൈബിളധിഷ്ഠിത പ്രത്യാശയെക്കുറിച്ചു മററുള്ളവരോടു സംസാരിക്കുന്നതിനാലും, എല്ലാററിലുമുപരി, ദിവ്യമാർഗനിർദേശത്തിനായി പ്രാർഥിക്കുന്നതിനാലും നമുക്കിതു ചെയ്യാനാവും. ഇതു നമ്മുടെ ആത്മീയ കാഴ്ചയെ കൂർമതയും വ്യക്തതയുമുള്ളതായി നിലനിർത്തുകയും നാം കാണുന്നതിനതീതമായി നോക്കാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യും!