ഒരു ദൈവശാസ്ത്ര പ്രഹേളിക
“ആത്മാവിന്റെ അമർത്ത്യത എന്ന ആശയവും മരിച്ചവരുടെ പുനരുത്ഥാനത്തിലുള്ള വിശ്വാസവും . . . തികച്ചും വ്യത്യസ്തമായ തലങ്ങളിൽപ്പെട്ട രണ്ട് ആശയങ്ങളാണ്, അവയിൽ ഒന്നേ തിരഞ്ഞെടുക്കാനാവൂ.” മരിച്ചവരുടെ അവസ്ഥ സംബന്ധിച്ച് പ്രൊട്ടസ്ററൻറ്, കത്തോലിക്കാ ദൈവശാസ്ത്രജ്ഞൻമാർ അഭിമുഖീകരിക്കുന്ന വിഷമസ്ഥിതിയെ ചുരുക്കിപ്പറയുന്നതാണ് ഫിലിപ്പ് മെനുവിന്റെ ആ വാക്കുകൾ. “അന്ത്യദിനത്തിൽ” ഒരു പുനരുത്ഥാനമുണ്ടാകുമെന്ന പ്രത്യാശയെക്കുറിച്ചു ബൈബിൾ പറയുന്നുണ്ട്. (യോഹന്നാൻ 6:39, 40, 44, 54, പി.ഒ.സി. ബൈബിൾ) എന്നാൽ അനേകം വിശ്വാസികളുടെ പ്രത്യാശ “മരണത്തിങ്കൽ ശരീരത്തിൽനിന്നു വേർപെട്ട് ദൈവത്തിങ്കലേക്കു മടങ്ങിപ്പോകുന്ന ആത്മാവിന്റെ അമർത്ത്യതയിലാണ് അധിഷ്ഠിതമായിരിക്കുന്നത്, എന്നാൽ അതേസമയം പുനരുത്ഥാനത്തിലുള്ള വിശ്വാസം പൂർണമായിട്ടല്ലെങ്കിലും മിക്കവാറും അപ്രത്യക്ഷമായിരിക്കുകയാണ്,” ദൈവശാസ്ത്രജ്ഞനായ കിസ്ബർട്ട് ക്രെഷാഗ പറയുന്നു.
ഇവിടെയാണ് ഒരു വിഷമപ്രശ്നം പൊന്തിവരുന്നത്, ബർനാർ സെസ് സേബുവേ വിശദീകരിക്കുന്നു: “ശാരീരിക മരണത്തിനും അന്തിമ പുനരുത്ഥാനത്തിനും ഇടയ്ക്കുള്ള ‘ഇടവേള’യിൽ മരിച്ചവരുടെ അവസ്ഥ എന്താണ്?” ഇതു കഴിഞ്ഞ ഏതാനും വർഷങ്ങളായി ദൈവശാസ്ത്രസംവാദങ്ങളിൽ ഒരു പ്രധാന പ്രശ്നമായിരുന്നുവെന്നു തോന്നുന്നു. അതിലേക്കു നയിച്ചതെന്തായിരുന്നു? അതിലും പ്രധാനമായി, മരിച്ചവർക്കുള്ള യഥാർഥ പ്രത്യാശയെന്താണ്?
പ്രഹേളികയുടെ ഉത്ഭവവും വികാസവും
ആദിമ ക്രിസ്ത്യാനികൾക്ക് ഈ സംഗതി സംബന്ധിച്ചു വ്യക്തമായ ധാരണയുണ്ടായിരുന്നു. മരിച്ചവർക്കു യാതൊന്നിനെയും കുറിച്ചു ബോധമില്ലെന്നു തിരുവെഴുത്തുകളിൽനിന്ന് അവർ മനസ്സിലാക്കിയിരുന്നു. കാരണം എബ്രായ തിരുവെഴുത്തുകൾ പറയുന്നു: “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; . . . നീ ചെല്ലുന്ന പാതാളത്തിൽ പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.” (സഭാപ്രസംഗി 9:5, 10) ഭാവിയിൽ “കർത്താവിന്റെ സാന്നിധ്യ” കാലത്തു പുനരുത്ഥാനം സംഭവിക്കുമെന്ന് ആ ക്രിസ്ത്യാനികൾ പ്രത്യാശിച്ചു. (1 തെസലോനിക്യർ 4:13-17, NW) ആ സമയത്തിനായി കാത്തിരിക്കവേതന്നെ തങ്ങൾ എവിടെയെങ്കിലും ബോധമുള്ളവരായി സ്ഥിതിചെയ്യുമെന്ന പ്രതീക്ഷയൊന്നും അവർക്കില്ലായിരുന്നു. വാററിക്കൻ കോൺഗ്രിഗേഷൻ ഫോർ ദ ഡോക്ട്രിൻ ഓഫ് ഫെയ്ത്തിന്റെ ഇപ്പോഴത്തെ പ്രീഫെക്ട് ആയ ജോസഫ് റാററ്സിൻജർ പറയുന്നു: “ആത്മാവിന്റെ അമർത്ത്യത സംബന്ധിച്ച് ആദിമ സഭയിൽ വ്യക്തമായ പഠിപ്പിക്കലുകളൊന്നുംതന്നെ ഉണ്ടായിരുന്നില്ല.”
എന്നിരുന്നാലും, ന്യൂവോ ഡിസ്യോനേരിയോ ഡി തേയോളോജിയ വിശദീകരിക്കുന്നു, അഗസ്ററിനോ അമ്പ്രോസോ പോലുള്ള സഭാപിതാക്കൻമാരുടെ എഴുത്തുകൾ വായിക്കുമ്പോൾ “ബൈബിൾപരമായ പാരമ്പര്യത്തോടുള്ള ബന്ധത്തിൽ എന്തെങ്കിലും ഒരു പുതിയ സംഗതിയെക്കുറിച്ചു—യഹൂദ-ക്രിസ്ത്യാനികളുടേതിൽനിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമായ, ഒരു ഗ്രീക്കു യുഗാന്തസിദ്ധാന്തത്തിന്റെ ആവിർഭാവത്തെക്കുറിച്ചു—നാം ബോധമുള്ളവരായിത്തീരുന്നു.” “മരണത്തിനുശേഷം ഉടനെതന്നെ പ്രതിഫലമോ ശിക്ഷയോ ആയി ഓരോരുത്തർക്കും ലഭിക്കുന്ന ന്യായവിധിയിൽ, ആത്മാവിന്റെ അമർത്ത്യതയിൽ” അധിഷ്ഠിതമായിരുന്നു ഈ പുതിയ പഠിപ്പിക്കൽ. അങ്ങനെ, “ഇടയ്ക്കുള്ള അവസ്ഥ”യെക്കുറിച്ചുള്ള പ്രശ്നം പൊന്തിവന്നു: ആത്മാവു ശരീരത്തിന്റെ മരണത്തെ അതിജീവിക്കുന്നെങ്കിൽ, “അന്ത്യദിന”ത്തിലുള്ള പുനരുത്ഥാനം കാത്തിരിക്കുന്ന സമയത്ത് അതിന് എന്തു സംഭവിക്കുന്നു? ദൈവശാസ്ത്രജ്ഞൻമാർ പരിഹരിക്കാൻ പാടുപെടുന്ന ഒരു പ്രഹേളികയാണിത്.
ആത്മാക്കൾ പെട്ടെന്നുതന്നെ തങ്ങൾക്കു വിധിച്ചിരിക്കുന്ന സ്ഥലത്തേക്കു പോകുന്നുവെന്ന വാദഗതിക്കാരനായിരുന്നു പൊ.യു. ആറാം നൂററാണ്ടിലെ ഗ്രിഗറി I-ാമൻ പാപ്പ. എന്നാൽ ന്യായവിധിനാളിലേ മരിച്ചവർക്കു തങ്ങളുടെ അന്തിമ പ്രതിഫലം ലഭിക്കുകയുള്ളൂവെന്ന ബോധ്യമായിരുന്നു 14-ാം നൂററാണ്ടിലെ ജോൺ XXII-ാമൻ പാപ്പായ്ക്ക്. എന്നുവരികിലും, ബെനഡിക്ററ് XII-ാമൻ പാപ്പ തന്റെ മുൻഗാമിയെ ഖണ്ഡിച്ചു. പാപ്പാ പുറപ്പെടുവിച്ച ബെനെഡിക്ത്തുസ് ദേവുസ് (1336) എന്ന ശാസനപത്രത്തിൽ അദ്ദേഹം അതിനു തീർപ്പുണ്ടാക്കി. “മരിച്ചയുടൻ പരേതരുടെ ആത്മാക്കൾ ഒരു പരമാനന്ദാവസ്ഥയിൽ [സ്വർഗത്തിൽ], ശുദ്ധീകരണാവസ്ഥയിൽ [ശുദ്ധീകരണസ്ഥലത്ത്], അല്ലെങ്കിൽ ശിക്ഷാവസ്ഥയിൽ [നരകത്തിൽ] പ്രവേശിക്കുന്നു, ലോകാവസാന സമയത്ത് പുനരുത്ഥാനം പ്രാപിച്ചുവരുന്ന അവരുടെ ശരീരവുമായി അവർ വീണ്ടും ഒന്നായിത്തീരുന്നതായിരിക്കും” എന്നായിരുന്നു അദ്ദേഹത്തിന്റെ തീർപ്പ്.
വിവാദവും സംവാദവുമൊക്കെ ഉണ്ടായിരുന്നിട്ടും, നൂററാണ്ടുകളോളം ക്രൈസ്തവലോകത്തിലെ സഭകളുടെ നിലപാട് ഇതായിരുന്നു. എന്നാൽ പ്രൊട്ടസ്ററൻറ്, ഓർത്തോഡോക്സ് സഭകൾ പൊതുവേ ശുദ്ധീകരണസ്ഥലം ഉണ്ടെന്നു വിശ്വസിക്കുന്നില്ല. എന്നിരുന്നാലും, ആത്മാവിന്റെ അമർത്ത്യതയെക്കുറിച്ചുള്ള പഠിപ്പിക്കലിന്റെ ഉത്ഭവം ബൈബിളിൽനിന്നല്ലെന്ന് സൂചിപ്പിക്കുന്ന പണ്ഡിതൻമാരുടെ എണ്ണം കഴിഞ്ഞ നൂററാണ്ടിന്റെ അവസാനം മുതൽ വർധിച്ചുവരികയാണ്. തദ്ഫലമായി, “മരണത്തിങ്കൽ സമ്പൂർണമായി വിഘടിക്കപ്പെടുന്ന ഒരു ഏകത്വമായി മനുഷ്യനെ വീക്ഷിക്കാനാണു പലപ്പോഴും ഇന്ന് ആധുനിക ദൈവശാസ്ത്രം ശ്രമിക്കുന്നത്.” (എൻസൈക്ലോപീഡിയ ഓഫ് റിലിജിയൻ) അതുകൊണ്ട്, “ഇടയ്ക്കുള്ള അവസ്ഥ”യെ ന്യായീകരിക്കുക ബൈബിൾ വ്യാഖ്യാതാക്കൾക്കു ദുഷ്കരമായിരിക്കുകയാണ്. ബൈബിൾ അതിനെക്കുറിച്ചു പറയുന്നുണ്ടോ, അതോ വ്യത്യസ്തമായൊരു പ്രത്യാശയാണോ വെച്ചുനീട്ടുന്നത്?
“ഇടയ്ക്കുള്ള അവസ്ഥ”യിൽ പൗലോസ് വിശ്വസിച്ചുവോ?
കത്തോലിക്കാ സഭയുടെ വേദോപദേശം (ഇംഗ്ലീഷ്) പറയുന്നു: “ക്രിസ്തുവിനോടൊപ്പം ഉയിർക്കാൻ നാം ക്രിസ്തുവിനോടൊപ്പം മരിക്കണം: നാം ‘ശരീരത്തിൽനിന്ന് അകന്ന് കർത്താവിനോട് അടുത്തിരിക്ക’ണം. [2 കൊരിന്ത്യർ 5:8] മരണമെന്ന ആ ‘വേർപാടി’ൽ ആത്മാവു ശരീരത്തിൽനിന്നു വേർപെടുന്നു. [ഫിലിപ്പിയർ 1:23] മരിച്ചവരുടെ പുനരുത്ഥാനനാളിൽ അതു ശരീരവുമായി വീണ്ടും ഒന്നായിത്തീരും.” എന്നാൽ ഇവിടെ ഉദ്ധരിച്ച വാക്യത്തിൽ, ആത്മാവു മരണത്തെ അതിജീവിക്കുന്നുവെന്നും എന്നിട്ടതു ശരീരവുമായി വീണ്ടും ഒന്നായിത്തീരാൻ “അന്ത്യ ന്യായവിധി” കാത്തുകഴിയുന്നുവെന്നും പൗലോസ് പറയുന്നുണ്ടോ?
2 കൊരിന്ത്യർ 5:1-ൽ തന്റെ മരണത്തെ പരാമർശിക്കുന്ന പൗലോസ് “അഴിഞ്ഞു”പോകുന്ന “ഭൌമഭവന”ത്തെക്കുറിച്ചു പറയുന്നു. അമർത്ത്യദേഹി വിട്ടൊഴിഞ്ഞുപോകുന്ന ശരീരത്തെപ്പററിയായിരുന്നോ പൗലോസ് ചിന്തിച്ചത്? അല്ല. മനുഷ്യൻ ഒരു ദേഹി ആകുന്നു എന്നാണ് പൗലോസ് വിശ്വസിച്ചിരുന്നത്, അല്ലാതെ അവന് ഒരു ദേഹി ഉണ്ട് എന്നായിരുന്നില്ല. (ഉല്പത്തി 2:7; 1 കൊരിന്ത്യർ 15:45) പൗലോസ് ഒരു ആത്മാഭിഷിക്ത ക്രിസ്ത്യാനിയായിരുന്നു. ഒന്നാം നൂററാണ്ടിലെ തന്റെ സഹോദരങ്ങളെപ്പോലെ, അവന്റെ പ്രത്യാശ ‘സ്വർഗത്തിൽ നിക്ഷിപ്ത’മായിരുന്നു. (കൊളോസോസ് 1:5, പി.ഒ.സി. ബൈ.; റോമർ 8:14-18) അതുകൊണ്ട്, ദൈവത്തിന്റെ നിയമിത സമയത്ത് ഒരു അമർത്ത്യ ആത്മസൃഷ്ടിയായി സ്വർഗത്തിലേക്കു പുനരുത്ഥാനം പ്രാപിക്കുക എന്നത് അവന്റെ ‘ഉത്ക്കടമായ ആഗ്രഹ’മായിരുന്നു. (2 കൊരിന്ത്യർ 5:2-4, NW) ഈ പ്രത്യാശയെക്കുറിച്ചു സംസാരിച്ചുകൊണ്ട്, അവൻ എഴുതി: “അന്ത്യകാഹളനാദത്തിങ്കൽ . . . നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—1 കൊരിന്ത്യർ 15:51, 52.
2 കൊരിന്ത്യർ 5:8-ൽ [പി.ഒ.സി. ബൈ.] പൗലോസ് പറയുന്നു: “ഞങ്ങൾക്കു നല്ല ധൈര്യമുണ്ട്. ശരീരത്തിൽനിന്ന് അകന്നിരിക്കാനും കർത്താവിനോട് അടുത്തിരിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു.” കാത്തിരിപ്പാൻ ഇടയ്ക്കുള്ള ഒരവസ്ഥ. അതാണീ വാക്കുകൾ സൂചിപ്പിക്കുന്നതെന്നു ചിലർ വിശ്വസിക്കുന്നു. ‘തന്റെ അടുക്കൽ ചേർത്തുകൊള്ളാൻ’ താൻ ഒരു സ്ഥലം ഒരുക്കുവാൻ പോകുകയാണെന്നു യേശു തന്റെ വിശ്വസ്ത അനുഗാമികൾക്കു നൽകിയ വാഗ്ദത്തത്തെയും അത്തരക്കാർ പരാമർശിക്കുന്നു. എന്നാൽ അത്തരം പ്രതീക്ഷകൾ എപ്പോഴാണു സാക്ഷാത്കരിക്കപ്പെടുക? ഭാവിയിലുള്ള തന്റെ സാന്നിധ്യ സമയത്ത് താൻ ‘പിന്നെയും വരുന്ന’ സമയത്തായിരിക്കും അതെന്നാണു ക്രിസ്തു പറഞ്ഞത്. (യോഹന്നാൻ 14:1-3) അതുപോലെ, അഭിഷിക്ത ക്രിസ്ത്യാനികളുടെ പൊതുവായ പ്രത്യാശ ഒരു സ്വർഗീയ വാസസ്ഥലം അവകാശമാക്കുകയാണെന്നു 2 കൊരിന്ത്യർ 5:1-10-ൽ പൗലോസ് പറഞ്ഞു. ആത്മാവിനുണ്ടെന്നു കരുതുന്ന ഏതോ അമർത്ത്യതയിലൂടെയല്ല ഇതിന്റെ സാക്ഷാത്കാരം, മറിച്ച് യേശുവിന്റെ സാന്നിധ്യ സമയത്തുള്ള പുനരുത്ഥാനത്തിലൂടെയായിരിക്കും. (1 കൊരിന്ത്യർ 15:23, 42-44) ഒരു ‘ഇടയ്ക്കുള്ള അവസ്ഥ’യെന്ന അനുമാനത്തിൽ ആശ്രയിക്കാതെതന്നെ’ 2 കൊരിന്ത്യർ 5:1-10 ‘നന്നായി മനസ്സിലാക്കാനാവും’ എന്ന് എക്സിഗെററ് ഷാൾ മേസൺ നിഗമനം ചെയ്യുന്നു.
ഫിലിപ്പിയർ 1:21, 23-ൽ പൗലോസ് പറയുന്നു: “എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവും ആകുന്നു. ഇവ രണ്ടിനാലും ഞാൻ ഞെരുങ്ങുന്നു; വിട്ടുപിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാൻ എനിക്കു കാംക്ഷയുണ്ട്; അതു അത്യുത്തമമല്ലോ.” ഇവിടെ ഒരു ‘ഇടയ്ക്കുള്ള അവസ്ഥ’യെ പൗലോസ് സൂചിപ്പിക്കുന്നുണ്ടോ? ചിലർ അങ്ങനെയാണു ചിന്തിക്കുന്നത്. എന്നിരുന്നാലും, ജീവൻ അല്ലെങ്കിൽ മരണം എന്നീ രണ്ടു സാധ്യതകളുടെ സമ്മർദത്തിൻ കീഴിലായിരുന്നു താൻ എന്നു പൗലോസ് പറയുന്നു. എന്നാൽ മൂന്നാമതൊരു സാധ്യതയെ പരാമർശിച്ചുകൊണ്ട് അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “വിട്ടുപിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാൻ എനിക്കു കാംക്ഷയുണ്ട്.” “വിട്ടുപിരിഞ്ഞു” ക്രിസ്തുവിനോടുകൂടെ ഇരിക്കുന്നതു മരിച്ചയുടനെയാണോ? നേരത്തെ കണ്ടതുപോലെ, വിശ്വസ്തരായ അഭിഷിക്തക്രിസ്ത്യാനികൾ ക്രിസ്തുവിന്റെ സാന്നിധ്യ സമയത്തു പുനരുത്ഥാനം പ്രാപിക്കുമെന്നാണു പൗലോസ് വിശ്വസിച്ചിരുന്നത്. അതുകൊണ്ട്, ആ കാലഘട്ടത്തിലെ സംഭവങ്ങളായിരിക്കണം അദ്ദേഹം ഉദ്ദേശിച്ചത്.
ഇതു ഫിലിപ്പിയർ 3:20, 21-ലും 1 തെസ്സലൊനീക്യർ 4:16-ലും കാണുന്ന അവന്റെ വാക്കുകളിൽനിന്നു മനസ്സിലാക്കാവുന്നതാണ്. ക്രിസ്തുയേശുവിന്റെ സാന്നിധ്യ സമയത്തുള്ള അത്തരം “വിട്ടുപിരി”യൽ ദൈവം ഒരുക്കിയിട്ടുള്ള പ്രതിഫലം സ്വീകരിക്കാൻ പൗലോസിനെ പ്രാപ്തമാക്കുമായിരുന്നു. അതായിരുന്നു അവന്റെ പ്രത്യാശയെന്നത് യുവാവായ തിമോത്തിയോടുള്ള അവന്റെ വാക്കുകളിൽനിന്നു കാണാം: “ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നൽകും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവർക്കുംകൂടെ.”—2 തിമൊഥെയൊസ് 4:8.
പുനരുത്ഥാനം—പകിട്ടാർന്ന ഒരു ബൈബിൾസത്യം
ക്രിസ്തുവിന്റെ സാന്നിധ്യകാലത്ത് ആരംഭിക്കാനിരിക്കുന്ന ഒരു സംഭവമായിട്ടാണ് ആദിമ ക്രിസ്ത്യാനികൾ പുനരുത്ഥാനത്തെ കരുതിയത്. അവർക്കു ശക്തിയും ആശ്വാസവും പകരുന്നതായിരുന്നു ഈ പകിട്ടാർന്ന ബൈബിൾസത്യം. (മത്തായി 24:3; യോഹന്നാൻ 5:28, 29; 11:24, 25; 1 കൊരിന്ത്യർ 15:19, 20; 1 തെസ്സലൊനീക്യർ 4:13) അമർത്ത്യദേഹിയെ സംബന്ധിച്ചുള്ള വിശ്വാസത്യാഗികളുടെ പഠിപ്പിക്കലുകളെ നിരാകരിച്ചുകൊണ്ട് അവർ തങ്ങളുടെ ഭാവി സന്തുഷ്ടിക്കായി വിശ്വസ്തതയോടെ കാത്തിരുന്നു.—പ്രവൃത്തികൾ 20:28-30; 2 തിമൊഥെയൊസ് 4:3, 4; 2 പത്രൊസ് 2:1-3.
നിശ്ചയമായും, സ്വർഗീയ പ്രത്യാശയുള്ളവർക്കുമാത്രമല്ല പുനരുത്ഥാനമുള്ളത്. (1 പത്രൊസ് 1:3-5) മരിച്ചവരെ ഭൂമിയിലെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരുവാനുള്ള യഹോവയുടെ പ്രാപ്തിയിൽ ഗോത്രപിതാക്കൻമാർക്കും ദൈവത്തിന്റെ മററു പുരാതന ദാസൻമാർക്കും വിശ്വാസമുണ്ടായിരുന്നു. (ഇയ്യോബ് 14:14, 15; ദാനീയേൽ 12:2; ലൂക്കൊസ് 20:37, 38; എബ്രായർ 11:19, 35) നൂററാണ്ടുകളിലെല്ലാം ദൈവത്തെ അറിയാതെ മരിച്ച ശതകോടിക്കണക്കിനാളുകൾക്കും ഭൗമിക പറുദീസയിലെ ജീവിതത്തിലേക്കു തിരിച്ചുവരുവാനുള്ള അവസരം ലഭിക്കും. കാരണം, “നീതിമാൻമാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും.” (പ്രവൃത്തികൾ 24:15; ലൂക്കൊസ് 23:42, 43) ഇതൊരു പുളകപ്രദമായ പ്രതീക്ഷയല്ലേ?
കഷ്ടപ്പാടും മരണവും എക്കാലത്തും ഉണ്ടായിരിക്കുമെന്നു നമ്മെ വിശ്വസിപ്പിക്കുന്നതിനുപകരം, “ഒടുക്കത്തെ ശത്രുവായിട്ടു മരണം” എക്കാലത്തേക്കുമായി ഇല്ലായ്മചെയ്യപ്പെടുന്ന, പറുദീസയായി പുനഃസ്ഥിതീകരിക്കപ്പെട്ട ഒരു ഭൂമിയിൽ വിശ്വസ്തരായ മനുഷ്യവർഗം നിത്യമായി ജീവിക്കുന്ന ഒരു സമയത്തിലേക്കു യഹോവ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. (1 കൊരിന്ത്യർ 15:26; യോഹന്നാൻ 3:16; 2 പത്രൊസ് 3:13) നമ്മുടെ പ്രിയപ്പെട്ടവർ വീണ്ടും ജീവനിലേക്കു വരുന്നതു കാണാനാവുന്നത് എന്തൊരത്ഭുതമായിരിക്കും! ദൈവവചനത്തിൽ അധിഷ്ഠിതമല്ലാത്ത, എന്നാൽ ഗ്രീക്കു തത്ത്വശാസ്ത്രത്തിൽ അധിഷ്ഠിതമായ മനുഷ്യദേഹിയുടെ സാങ്കൽപ്പിക അമർത്ത്യതയെക്കാൾ ഉറപ്പുള്ള ഈ പ്രത്യാശ എത്ര മികച്ചത്! ദൈവത്തിന്റെ ഉറപ്പുള്ള വാഗ്ദാനത്തിൽ നിങ്ങളുടെ പ്രത്യാശയെ അടിസ്ഥാനപ്പെടുത്തുന്നെങ്കിൽ, “ഇനി മരണം ഉണ്ടാകയില്ല” എന്ന സംഗതിയിൽ നിങ്ങൾക്കും ഉറപ്പുള്ളവനായിരിക്കാൻ കഴിയും.—വെളിപ്പാടു 21:3-5.
[31-ാം പേജിലെ ചിത്രം]
പുനരുത്ഥാനം പകിട്ടാർന്ന ഒരു ബൈബിൾസത്യം