നിങ്ങൾ യേശുവിന്റെ സ്നേഹത്തോടു പ്രതികരിക്കുമോ?
“ക്രിസ്തുവിനുള്ള സ്നേഹം നമ്മെ നിർബന്ധിക്കുന്നു.”—2 കൊരിന്ത്യർ 5:14, NW.
1. യേശുവിന്റെ സ്നേഹത്തെ എങ്ങനെ വർണ്ണിക്കാം?
യഥാർത്ഥത്തിൽ യേശുവിന്റെ സ്നേഹം എത്ര അത്ഭുതകരമാണ്! അവൻ മറുവില പ്രദാനംചെയ്യവേ എത്ര അവർണ്ണനീയമായി കഷ്ടപ്പെട്ടുവെന്ന് നാം പരിചിന്തിക്കുമ്പോൾ തീർച്ചയായും നമ്മുടെ ഹൃദയങ്ങൾ അവനോടുള്ള വിലമതിപ്പിനാൽ വികാരതരളിതമാകുന്നു! ആ മറുവിലയാൽ മാത്രമേ നമുക്ക് നിത്യജീവൻ നേടാനാവൂ. യഹോവയാം ദൈവവും യേശുതന്നെയും മുൻകൈ എടുത്തു. നാം പാപികളായിരുന്നപ്പോൾത്തന്നെ അവർ ആദ്യം നമ്മെ സ്നേഹിച്ചു. (റോമർ 5:6-8; 1 യോഹന്നാൻ 4:9-11) “ക്രിസ്തുവിനുള്ള സ്നേഹ”ത്തെ അറിയുന്നത് “അറിവിനെക്കാൾ മികച്ചുനിൽക്കുന്നു” എന്ന് അപ്പോസ്തലനായ പൗലോസ് എഴുതി. (എഫേസ്യർ 3:19, NW) തീർച്ചയായും, യേശുവിന്റെ സ്നേഹം വിദ്യാഭ്യാസപരമായ ശിരോവിജ്ഞാനത്തെക്കാൾ വളരെ ഉയർന്നുനിൽക്കുന്നു. അത് മനുഷ്യർ കാണുകയോ അനുഭവിക്കുകയോ ചെയ്തിട്ടുള്ള എന്തിനെക്കാളും കവിഞ്ഞുപോകുന്നു.
2. നമ്മെ സ്നേഹിക്കുന്നതിൽനിന്ന് എന്തിന് യേശുവിനെ തടയാൻ കഴികയില്ല?
2 റോമിലെ ക്രിസ്ത്യാനികൾക്ക് എഴുതിക്കൊണ്ട് പൗലോസ് ഇങ്ങനെ ചോദിച്ചു: “ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്ന് ആർ നമ്മെ വേർപെടുത്തും? ഉപദ്രവമോ ക്ലേശമോ പീഡനമോ വിശപ്പോ നഗ്നതയോ അപകടമോ വാളോ?” അങ്ങനെയുള്ള കാര്യങ്ങൾക്കൊന്നും നമ്മെ സ്നേഹിക്കുന്നതിൽനിന്ന് ക്രിസ്തുവിനെ തടയാൻ കഴികയില്ല. “മരണത്തിനോ ജീവനോ ദൂതൻമാർക്കോ ഭരണകൂടങ്ങൾക്കോ ഇപ്പോൾ ഇവിടെയുള്ള കാര്യങ്ങൾക്കോ വരുവാനുള്ള കാര്യങ്ങൾക്കോ ശക്തികൾക്കോ ഉയരത്തിനോ ആഴത്തിനോ മറേറതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിലുള്ള ദൈവസ്നേഹത്തിൽനിന്ന് നമ്മെ വേർപെടുത്താൻ കഴികയില്ല എന്ന് എനിക്ക് ബോധ്യം വന്നിരിക്കുന്നു” എന്ന് പൗലോസ് തുടരുന്നു.—റോമർ 8:35-39 NW.
3. എന്തിനു മാത്രമേ യേശുവും അവന്റെ പിതാവും നമ്മെ ഉപേക്ഷിക്കാനിടയാക്കാൻ കഴിയൂ?
3 നിങ്ങളോടുള്ള യഹോവയാം ദൈവത്തിന്റെയും യേശുവിന്റെയും സ്നേഹം അത്ര ശക്തമാണ്. നിങ്ങളെ സ്നേഹിക്കുന്നതിൽനിന്ന് അവരെ തടയാൻ കഴിയുന്ന ഒരൊററ സംഗതി മാത്രമേയുള്ളു, അത് അവർ ആവശ്യപ്പെടുന്നത് ചെയ്യാൻ വിസമ്മതിക്കുന്നതിനാലുള്ള അവരുടെ സ്നേഹത്തിന്റെ നിങ്ങളുടെ സ്വന്തം നിരസനമാണ്. ദൈവത്തിന്റെ ഒരു പ്രവാചകൻ ഒരിക്കൽ ഒരു യഹൂദ്യരാജാവിനോട് ഇങ്ങനെ വിശദീകരിച്ചു: “നിങ്ങൾ യഹോവയോടുകൂടെ ഇരിക്കുന്നേടത്തോളം അവൻ നിങ്ങളോടുകൂടെ ഇരിക്കും; അവനെ അന്വേഷിക്കുന്നു എങ്കിൽ നിങ്ങൾ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവൻ നിങ്ങളെയും ഉപേക്ഷിക്കും.” (2 ദിനവൃത്താന്തം 15:2) യഹോവയെയും അവന്റെ പുത്രനായ യേശുക്രിസ്തുവിനെയുംപോലെ അത്ര ആദരണീയരും സഹാനുഭൂതിയുള്ളവരുമായ സുഹൃത്തുക്കളിൽനിന്ന് ആർ എന്നെങ്കിലും അകന്നുമാറാനാഗ്രഹിക്കും!
യേശുവിന്റെ സ്നേഹത്തോടുള്ള ഉചിതമായ പ്രതികരണം
4, 5. (എ) നമ്മോടുള്ള യേശുവിന്റെ സ്നേഹം സഹമനുഷ്യരോടുള്ള നമ്മുടെ ബന്ധങ്ങളെ എങ്ങനെ ബാധിക്കണം? (ബി) നമ്മോടുള്ള യേശുവിന്റെ സ്നേഹം നിമിത്തം വേറെ ആരെ സ്നേഹിക്കാൻ നാം പ്രേരിതരാകണം?
4 നിങ്ങളോടുള്ള യേശുവിന്റെ അതിരററ സ്നേഹത്താൽ നിങ്ങൾ വ്യക്തിപരമായി എങ്ങനെ ബാധിക്കപ്പെടുന്നു? നിങ്ങൾ എങ്ങനെ ബാധിക്കപ്പെടണം? ശരി, യേശുവിന്റെ സ്നേഹപ്രകടനം സഹമനുഷ്യരുമായുള്ള നമ്മുടെ ബന്ധങ്ങളെ എങ്ങനെ ബാധിക്കണമെന്ന് അവൻ പ്രകടമാക്കി. തന്റെ അപ്പോസ്തലൻമാരുടെ പാദങ്ങൾ കഴുകിക്കൊണ്ട് താഴ്മയോടെ അവരെ സേവിച്ചശേഷം യേശു പറഞ്ഞു: “ഞാൻ നിങ്ങളോടു ചെയ്തതുപോലെ, നിങ്ങളും ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്കു മാതൃക വെക്കുന്നു.” അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “നിങ്ങൾ അന്യോന്യം സ്നേഹിക്കണമെന്ന് ഞാൻ നിങ്ങൾക്ക് ഒരു പുതിയ കല്പന നൽകുകയാകുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെ, നിങ്ങളും അന്യോന്യം സ്നേഹിക്കണമെന്നുതന്നെ.” (യോഹന്നാൻ 13:15, 34, NW.) അവന്റെ ശിഷ്യൻമാർ പഠിക്കുകയും അവൻ ചെയ്തതുപോലെതന്നെ ചെയ്യാൻ ശ്രമിക്കുന്നതിന് പ്രേരിപ്പിക്കപ്പെടുകയും ചെയ്തു. “അവൻ നമുക്കുവേണ്ടി തന്റെ പ്രാണനെ വെച്ചുകൊടുത്തതിനാൽ നാം സ്നേഹം എന്തു എന്നു അറിഞ്ഞിരിക്കുന്നു; നാമും സഹോദരൻമാർക്കുവേണ്ടി പ്രാണനെ വെച്ചുകൊടുക്കേണ്ടതാകുന്നു” എന്ന് അപ്പോസ്തലനായ യോഹന്നാൻ എഴുതി.—1 യോഹന്നാൻ 3:16.
5 അപ്പോഴും, സഹമനുഷ്യരെ സ്നേഹിക്കാനും അവരുടെ താത്പര്യങ്ങൾക്കു സേവചെയ്യാനും മാത്രം നാം അവന്റെ മാതൃകയാൽ പ്രേരിതരാകുകയാണെങ്കിൽ യേശുവിന്റെ ജീവിതത്തിന്റെയും ശുശ്രൂഷയുടെയും ഉദ്ദേശ്യത്തെ നാം വ്യർത്ഥമാക്കും. നമ്മോടുള്ള യേശുവിന്റെ സ്നേഹം നാം തിരിച്ച് അവനെയും സ്നേഹിക്കാനും വിശേഷിച്ച് യേശുവിനറിയാവുന്ന സകലവും അവനെ പഠിപ്പിച്ച അവന്റെ പിതാവിനെയും കൂടെ സ്നേഹിക്കാനും ഇടയാക്കേണ്ടതല്ലേ? നിങ്ങൾ ക്രിസ്തുവിന്റെ സ്നേഹത്തോടു പ്രതികരിക്കുകയും അവൻ ചെയ്തതുപോലെ അവന്റെ പിതാവിനെ സേവിക്കുകയുംചെയ്യുമോ?—എഫേസ്യർ 5:1, 2; 1 പത്രോസ് 1:8, 9.
6. അപ്പോസ്തലനായ പൗലോസിനോടുള്ള യേശുവിന്റെ സ്നേഹത്താൽ അവൻ എങ്ങനെ ബാധിക്കപ്പെട്ടു?
6 പിൽക്കാലത്ത് പൗലോസ് എന്നറിയപ്പെട്ട ശൗലിന്റെ സംഗതിയെടുക്കുക. ഒരു കാലത്ത് അവൻ “ശിഷ്യൻമാരുടെ നേരെ ഭീഷണിയും കൊലയും നിശ്വസിച്ചുകൊണ്ട്” യേശുവിനെ പീഡിപ്പിച്ചു. (പ്രവൃത്തികൾ 9:1-5; മത്തായി 25:37-40) പൗലോസ് യഥാർത്ഥത്തിൽ യേശുവിനെ അറിയാനിടയായപ്പോൾ, ക്ഷമ കിട്ടിയതിൽ അവൻ വളരെ നന്ദിയുള്ളവനായിരുന്നതിനാൽ അവൻ യേശുവിനുവേണ്ടി കഷ്ടപ്പെടാൻ മനസ്സൊരുക്കമുള്ളവനായിരുന്നുവെന്നുമാത്രമല്ല അവനുവേണ്ടി മരിക്കാനും സന്നദ്ധനായിരുന്നു. “ഞാൻ ക്രിസ്തുവിനോടുകൂടെ തൂക്കപ്പെട്ടിരിക്കുന്നു” എന്ന് അവൻ എഴുതി. “ജീവിക്കുന്നത് മേലാൽ ഞാനല്ല . . . തീർച്ചയായും ഇപ്പോൾ ഞാൻ ജഡത്തിൽ ജീവിക്കുന്ന ജീവിതം എന്നെ സ്നേഹിക്കുകയും എനിക്കുവേണ്ടി തന്നേത്തന്നെ ഏല്പിച്ചുതരുകയും ചെയ്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലാണ് ഞാൻ ജീവിക്കുന്നത്.”—ഗലാത്യർ 2:20, NW.
7. യേശുവിന്റെ സ്നേഹം എന്തു ചെയ്യാൻ നമ്മെ നിർബന്ധിക്കണം?
7 നമ്മോട് യേശുവിനുള്ള സ്നേഹം നമ്മുടെ ജീവിതത്തിൽ എന്തൊരു നിർബന്ധിത ശക്തിയായിരിക്കണം! “ക്രിസ്തുവിനുള്ള സ്നേഹം നമ്മെ നിർബന്ധിക്കുന്നു” എന്ന് പൗലോസ് കൊരിന്ത്യർക്ക് എഴുതി, ‘മേലാൽ നമുക്കുവേണ്ടിയല്ല, നമുക്കുവേണ്ടി മരിക്കുകയും ഉയർപ്പിക്കപ്പെടുകയും ചെയ്തവനുവേണ്ടി ജീവിക്കാൻ.’ (2 കൊരിന്ത്യർ 5:14, 15, NW) തീർച്ചയായും, നമുക്കുവേണ്ടി തന്റെ ജീവനെ വെച്ചുതന്നതിന് യേശുവിനോടുള്ള നന്ദി അവൻ ആവശ്യപ്പെടുന്ന എന്തും ചെയ്യാൻ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്. ഈ വിധത്തിൽ മാത്രമേ നാം അവനെ യഥാർത്ഥമായി സ്നേഹിക്കുന്നുവെന്ന് തെളിയിക്കാൻകഴിയൂ. “നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കല്പനകളെ കാത്തുകൊള്ളും,” യേശു പറഞ്ഞു. “എന്റെ കല്പനകൾ ലഭിച്ചു പ്രമാണിക്കുന്നവൻ എന്നെ സ്നേഹിക്കുന്നവൻ ആകുന്നു.”—യോഹന്നാൻ 14:15, 21; 1 യോഹന്നാൻ 2:3-5 താരതമ്യപ്പെടുത്തുക.
8. യേശുവിന്റെ സ്നേഹം അനേകം ദുഷ്പ്രവൃത്തിക്കാരുടെ ജീവിതത്തെ ബാധിച്ചതെങ്ങനെ?
8 യേശുവിന്റെ കല്പനകൾ പഠിച്ചശേഷം, പുരാതന കൊരിന്തിലെ ദുർവൃത്തരും വ്യഭിചാരികളും സ്വവർഗ്ഗസംഭോഗികളും കള്ളൻമാരും മദ്യപൻമാരും, പിടിച്ചുപറിക്കാരും ആ നടപടികൾ നിർത്തിക്കൊണ്ട് യേശുവിന്റെ സ്നേഹത്തോടു പ്രതികരിച്ചു. പൗലോസ് അവരെക്കുറിച്ച് ഇങ്ങനെ എഴുതി: “നിങ്ങൾ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും . . . നിങ്ങളെത്തന്നെ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.” (1 കൊരിന്ത്യർ 6:9-11) സമാനമായി, യേശുവിന്റെ സ്നേഹം ഇന്ന് തങ്ങളുടെ ജീവിതത്തിൽ ശ്രദ്ധേയമായ മാററങ്ങൾ വരുത്താൻ അനേകരെ നിർബന്ധിച്ചിരിക്കുന്നു. “ക്രിസ്ത്യാനിത്വത്തിന്റെ യഥാർത്ഥ വിജയങ്ങൾ അതിന്റെ ഉപദേശങ്ങൾ വിശ്വസിക്കുന്നതായി അവകാശപ്പെട്ടവരെ നല്ല മനുഷ്യരാക്കുന്നതിൽ കാണപ്പെട്ടിരുന്നു” എന്ന് ചരിത്രകാരനായ ജോൺ ലോർഡ് എഴുതി. “അവരുടെ നിഷ്ക്കളങ്ക ജീവിതവും അവരുടെ അനിന്ദ്യമായ ധാർമ്മികനിഷ്ഠകളും അവരുടെ നല്ല പൗരത്വവും അവരുടെ ക്രിസ്തീയ സൽഗുണങ്ങളും സംബന്ധിച്ച സാക്ഷ്യങ്ങൾ നമുക്കുണ്ട്.” യേശുവിന്റെ ഉപദേശങ്ങൾ എന്തൊരു വ്യത്യാസമാണ് ഉളവാക്കിയിരിക്കുന്നത്!
9. യേശുവിനെ ശ്രദ്ധിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നതെന്ത്?
9 തീർച്ചയായും, യേശുക്രിസ്തുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ചുള്ള പഠനത്തെക്കാൾ പ്രാധാന്യമുള്ള ഒരു പഠനം ഇന്ന് ഒരു വ്യക്തിക്ക് ഏറെറടുക്കാൻ കഴിയില്ല. “യേശുവിനെ ഏകാഗ്രമായി നോക്കുക” എന്ന് അപ്പോസ്തലനായ പൗലോസ് പ്രോൽസാഹിപ്പിച്ചു. “തീർച്ചയായും [ആ] ഒരുവനെക്കുറിച്ച് അടുത്തുപരിചിന്തിക്കുക.” (എബ്രായർ 12:2, 3, NW.) യേശുവിന്റെ മറുരൂപസമയത്ത്, ദൈവംതന്നെ തന്റെ പുത്രനെസംബന്ധിച്ച് ഇങ്ങനെ കല്പിച്ചു: “അവനെ ശ്രദ്ധിക്കുക.” (മത്തായി 17:5, NW.) എന്നിരുന്നാലും, യേശുവിനെ ശ്രദ്ധിക്കുന്നതിൽ അവൻ പറയുന്നത് കേവലം കേൾക്കുന്നതിനേക്കാൾ കൂടുതൽ ഉൾപ്പെട്ടിരിക്കുന്നുവെന്ന് ഊന്നിപ്പറയേണ്ടിയിരിക്കുന്നു. അതിന്റെ അർത്ഥം അവന്റെ നിർദ്ദേശങ്ങൾ അനുസരിക്കുകയെന്നതാണ്, അതെ, അവൻ ചെയ്തതിനെ അവൻ ചെയ്ത വിധത്തിൽത്തന്നെ പകർത്തുകയെന്നതാണ്. നാം നമ്മുടെ മാതൃകയായി യേശുവിനെ സ്വീകരിക്കുന്നതിനാൽ, അവന്റെ കാൽചുവടുകൾ അടുത്തുപിന്തുടരുന്നതിനാൽ നാം അവന്റെ സ്നേഹത്തോടു പ്രതികരിക്കുന്നു.
നാം ചെയ്യണമെന്ന് യേശു ആഗ്രഹിക്കുന്നത്
10. യേശു ആരെ പരിശീലിപ്പിച്ചു, എന്ത് ഉദ്ദേശ്യത്തിൽ?
10 ദൈവത്തിൽനിന്നുള്ള യേശുവിന്റെ നിയോഗം അവന്റെ പിതാവിന്റെ രാജ്യത്തെക്കുറിച്ച് പ്രസംഗിക്കുകയെന്നതായിരുന്നു, അതേ വേല ചെയ്യാൻ അവൻ തന്റെ അനുഗാമികളെ പരിശീലിപ്പിക്കുകയുംചെയ്തു. “ഞാൻ മറെറവിടെയെങ്കിലും പ്രസംഗിക്കേണ്ടതിന് നമുക്ക് അവിടേക്കു പോകാം, എന്തെന്നാൽ ഈ ഉദ്ദേശ്യത്തിലാണ് ഞാൻ പുറപ്പെട്ടിരിക്കുന്നത്” എന്ന് അവൻ തന്റെ ആദ്യശിഷ്യരോടു പറഞ്ഞു. (മർക്കോസ് 1:38, NW; ലൂക്കോസ് 4:43) പിന്നീട്, 12 അപ്പോസ്തലൻമാരെ പൂർണ്ണമായി പരിശീലിപ്പിച്ചശേഷം യേശു അവരോട് “നിങ്ങൾ പോകുമ്പോൾ, ‘സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ട് പ്രസംഗിക്കുക” എന്ന് നിർദ്ദേശിച്ചു. (മത്തായി 10:7, NW.) ചില മാസങ്ങൾക്കുശേഷം, വേറെ 70 പേരെ പരിശീലിപ്പിച്ച ശേഷം, “‘ദൈവരാജ്യം നിങ്ങളോട് അടുത്തുവന്നിരിക്കുന്നു’ എന്ന് അവരോട് പറഞ്ഞുകൊണ്ടിരിക്കുക” എന്ന കല്പനയോടെ അവൻ അവരെ അയച്ചു. (ലൂക്കോസ് 10:9, NW) വ്യക്തമായി, തന്റെ അനുഗാമികൾ പ്രസംഗകരും ഉപദേഷ്ടാക്കളുമായിരിക്കാൻ യേശു ആഗ്രഹിച്ചു.
11. (എ) യേശുവിന്റെ ശിഷ്യൻമാർ ഏതു വിധത്തിൽ അവൻ ചെയ്തതിലും വലിയ വേലകൾ ചെയ്യും? (ബി) യേശു കൊല്ലപ്പെട്ട ശേഷം ശിഷ്യൻമാർക്ക് എന്തു സംഭവിച്ചു?
11 യേശു തന്റെ ശിഷ്യരെ ഈ വേലക്കുവേണ്ടി തുടർന്നു പരിശീലിപ്പിച്ചു. തന്റെ മരണത്തിനു മുമ്പത്തെ അവസാനത്തെ രാത്രിയിൽ, “ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും; ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതുകൊണ്ടു അതിൽ വലിയതും അവൻ ചെയ്യും” എന്ന വാക്കുകളാൽ അവൻ അവരെ പ്രോൽസാഹിപ്പിച്ചു. (യോഹന്നാൻ 14:12) തന്റെ അനുഗാമികളുടെ ശുശ്രൂഷയിൽ അവർ വളരെ വലിപ്പമേറിയ പ്രദേശത്തും കൂടുതൽ ദീർഘിച്ച കാലത്തും വളരെയേറെ ആളുകളെ അവർ സമീപിക്കുമെന്നുള്ളതുകൊണ്ടാണ് അവരുടെ പ്രവൃത്തികൾ അവന്റേതിലും വലുതായിരിക്കുന്നത്. എന്നിരുന്നാലും, യേശു കൊല്ല പ്പെട്ട ശേഷം, അവന്റെ ശിഷ്യൻമാർ ഭയം നിമിത്തം നിഷ്ക്രിയരായി. അവർ ഒളിച്ചുപോകുകയും ചെയ്യാൻ അവൻ പരിശീലിപ്പിച്ചിരുന്ന വേല നിർവഹിക്കാതിരിക്കുകയുംചെയ്തു. ചിലർ മത്സ്യബന്ധനവേലയിലേക്കു മടങ്ങിപ്പോകുകപോലുംചെയ്തു. എന്നുവരികിലും, ഈ ഏഴുപേരും അതുപോലെതന്നെ അവന്റെ സകല അനുഗാമികളും എന്തു ചെയ്യണമെന്ന് അവൻ ആഗ്രഹിക്കുന്നുവെന്ന് അവിസ്മരണീയമായ ഒരു വിധത്തിൽ അവൻ അവരെ ബോധ്യപ്പെടുത്തി.
12. (എ) യേശു ഗലീലക്കടലിങ്കൽ ഏത് അത്ഭുതം പ്രവർത്തിച്ചു? (ബി) സ്പഷ്ടമായി, “ഇവയെക്കാളധികം” പത്രോസ് തന്നെ സ്നേഹിക്കുന്നുവോ എന്ന് യേശു അവനോടു ചോദിച്ചപ്പോൾ അവൻ എന്തർത്ഥമാക്കി?
12 യേശു ഒരു മനുഷ്യശരീരം അവലംബിക്കുകയും ഗലീലക്കടലിങ്കൽ പ്രത്യക്ഷപ്പെടുകയുംചെയ്തു. ഏഴ് അപ്പോസ്തലൻമാർ ഒരു വള്ളത്തിൽ പുറത്തുപോയിരുന്നു, എന്നാൽ രാത്രിമുഴുവൻ ഏതാനും മത്സ്യമെങ്കിലും പിടിക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. കരക്കുനിന്നുകൊണ്ട് യേശു “വള്ളത്തിന്റെ വലതുവശത്തു വല വീശുക, എന്നാൽ നിങ്ങൾ കുറെ കണ്ടെത്തും” എന്ന് വിളിച്ചുപറഞ്ഞു. വല കീറിപ്പോകത്തക്ക ഘട്ടംവരെ അത്ഭുതകരമായി മത്സ്യം കൊണ്ടു നിറഞ്ഞപ്പോൾ കരക്കു നിൽക്കുന്നത് യേശു ആണെന്ന് വള്ളത്തിലുള്ളവർ തിരിച്ചറിഞ്ഞു. അവൻ കാത്തുനിന്നടത്തേക്ക് അവർ ധൃതിയിൽ ചെന്നു. അവർക്കു പ്രഭാതഭക്ഷണം കൊടുത്തശേഷം യേശു ഒരുപക്ഷേ കിട്ടിയ വലിയകൂട്ടം മത്സ്യത്തെ നോക്കിക്കൊണ്ട് “യോഹന്നാന്റെ മകനായ ശിമോനേ, നീ ഇവയെക്കാളധികം എന്നെ സ്നേഹിക്കുന്നുവോ?” എന്ന് പത്രോസിനോടു ചോദിച്ചു. (യോഹന്നാൻ 21:1-15, NW) നീ ചെയ്യാൻ തക്കവണ്ണം ഞാൻ നിന്നെ ഒരുക്കിയിരിക്കുന്ന പ്രസംഗവേലയെക്കാൾ നീ മത്സ്യബന്ധനത്തൊഴിലിനോടു ബന്ധപ്പെട്ടിരിക്കുന്നുവോ എന്നാണ് യേശു അർത്ഥമാക്കിയതെന്നുള്ളതിന് സംശയമില്ല.
13. തന്റെ സ്നേഹത്തോട് തന്റെ അനുഗാമികൾ പ്രതികരിക്കേണ്ടവിധം യേശു എങ്ങനെ അവരെ ശക്തമായി ബോദ്ധ്യപ്പെടുത്തി?
13 പത്രോസ് പ്രതികരിച്ചു: “ഉവ്വു കർത്താവേ, എനിക്ക് നിന്നോട് പ്രിയമുണ്ട് എന്ന് നിനക്കറിയാം.” “എന്റെ കുഞ്ഞാടുകളെ തീററുക” എന്ന് യേശു ഉത്തരം പറഞ്ഞു. “യോഹന്നാന്റെ പുത്രനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ?” എന്ന് രണ്ടാം പ്രാവശ്യം യേശു ചോദിച്ചു. നിസ്സംശയമായി കൂടുതൽ ശക്തമായ ബോധ്യത്തോടെ “ഉവ്വു കർത്താവേ, എനിക്ക് നിന്നോട് പ്രിയം ഉണ്ട്” എന്ന് പത്രോസ് പ്രതിവചിച്ചു. “എന്റെ കുഞ്ഞാടുകളെ മേയിക്കുക” എന്ന് വീണ്ടും യേശു കല്പിച്ചു. മൂന്നാം പ്രാവശ്യവും യേശു: “യോഹന്നാന്റെ പുത്രനായ ശിമോനേ, നിനക്ക് എന്നോട് പ്രിയമുണ്ടോ?” എന്ന് ചോദിച്ചു. ഇപ്പോൾ പത്രോസ് യഥാർത്ഥത്തിൽ ദുഃഖിതനായി. ചുരുക്കംചില ദിവസങ്ങൾക്കു മുമ്പു മാത്രമായിരുന്നു അവൻ യേശുവിനെ അറിയുന്നില്ല എന്ന് മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞിരുന്നത്, അതുകൊണ്ട് തന്റെ കൂറിനെ യേശു സംശയിക്കുന്നുണ്ടെന്ന് അവൻ സന്ദേഹിച്ചിരിക്കാം. അതുകൊണ്ട് മൂന്നാം പ്രാവശ്യവും പത്രോസ് ഒരുപക്ഷേ സങ്കട സ്വരത്തിൽ “കർത്താവേ, നീ സകല കാര്യങ്ങളും അറിയുന്നു; എനിക്ക് നിന്നോട് പ്രിയം ഉണ്ട് എന്ന് നിനക്ക് അറിയാം” എന്ന് പ്രതിവചിക്കുന്നു. കേവലം “എന്റെ കുഞ്ഞാടുകളെ തീററുക” എന്ന് യേശു ഉത്തരം പറഞ്ഞു. (യോഹന്നാൻ 21:15-17, NW) പത്രോസും അവന്റെ കൂട്ടാളികളും എന്തു ചെയ്യാൻ യേശു ആഗ്രഹിച്ചുവെന്നതിന് എന്തെങ്കിലും സംശയമുണ്ടായിരിക്കാമോ? അവർ അവനെ സ്നേഹിക്കുന്നുവെങ്കിൽ അവർ ശിഷ്യരാക്കൽവേലയിൽ പങ്കെടുക്കും എന്ന് അവൻ എത്ര ശക്തമായി അവരിലും—അതുപോലെതന്നെ ഇന്ന് അവന്റെ ശിഷ്യരായിരിക്കുന്ന ആരിലും—ബോദ്ധ്യം വരുത്തി!
14. മററ് അവസരങ്ങളിൽ, തന്റെ ശിഷ്യൻമാർ തന്റെ സ്നേഹത്തോട് പ്രതികരിക്കേണ്ട വിധം അവൻ അവർക്കു കാണിച്ചുകൊടുത്തതെങ്ങനെ?
14 കടലോരത്തെ ആ സംഭാഷണത്തിനുശേഷം ഏതാനും ദിവസങ്ങൾ കഴിഞ്ഞ് യേശു ഗലീലയിലെ ഒരു പർവതത്തിൽ പ്രത്യക്ഷപ്പെടുകയും ഏതാണ്ട് 500 അനുഗാമികളുടെ ഒരു സന്തുഷ്ട കൺവെൻഷനിൽ ഇങ്ങനെ ഉദ്ബോധിപ്പിക്കുകയും ചെയ്തു: “ആകയാൽ നിങ്ങൾ പുറപ്പെട്ട് . . . ഞാൻ നിങ്ങളോടു കല്പിച്ചതൊക്കെയും പ്രമാണിപ്പാൻതക്കവണ്ണം ഉപദേശിച്ചുകൊണ്ട് സകല ജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” (മത്തായി 28:19, 20; 1 കൊരിന്ത്യർ 15:6) അതിനെക്കുറിച്ച് ചിന്തിക്കുക! പുരുഷൻമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമെല്ലാം ഇതേ നിയോഗം ലഭിച്ചു. കുറേക്കൂടെ കഴിഞ്ഞ്, സ്വർഗ്ഗത്തിലേക്ക് ആരോഹണംചെയ്യുന്നതിന് തൊട്ടുമുമ്പ് യേശു തന്റെ ശിഷ്യൻമാരോട് “നിങ്ങൾ . . . ഭൂമിയുടെ അററത്തോളവും എന്റെ സാക്ഷികളാകും” എന്നു പറഞ്ഞു. (പ്രവൃത്തികൾ 1:8) ഈ സകല ബുദ്ധിയുപദേശത്തിനുംശേഷം, വർഷങ്ങൾ കഴിഞ്ഞ്, “ജനത്തോടു പ്രസംഗിച്ചു സാക്ഷീകരിപ്പാൻ [യേശു] ഞങ്ങളോടു കല്പിച്ചു” എന്ന് പത്രോസ് പറഞ്ഞത് അതിശയമല്ല.—പ്രവൃത്തികൾ 10:42.
15. എന്തിനെക്കുറിച്ച് സംശയമുണ്ടായിരിക്കാവുന്നതല്ല?
15 യേശുവിന്റെ സ്നേഹത്തോട് നാം എങ്ങനെ പ്രതികരിക്കണമെന്നതുസംബന്ധിച്ച് സംശയമുണ്ടായിരിക്കാവുന്നതല്ല. അവൻ തന്റെ അപ്പോസ്തലൻമാരോടു പറഞ്ഞതുപോലെ, “നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും . . . ഞാൻ നിങ്ങളോടു കല്പിക്കുന്നതു ചെയ്താൽ നിങ്ങൾ എന്റെ സ്നേഹിതൻമാർതന്നേ.” (യോഹന്നാൻ 15:10-14) ചോദ്യം ഇതാണ്, ശിഷ്യരാക്കൽവേലയിൽ പങ്കെടുക്കാനുള്ള യേശുവിന്റെ കല്പന അനുസരിച്ചുകൊണ്ട് അവന്റെ സ്നേഹത്തോട് നിങ്ങൾ വിലമതിപ്പു പ്രകടമാക്കുമോ? വിവിധ കാരണങ്ങളാൽ ഇത് നിങ്ങൾക്ക് എളുപ്പമല്ലായിരിക്കാമെന്നത് സത്യംതന്നെ. എന്നാൽ അത് യേശുവിനും എളുപ്പമല്ലായിരുന്നു. അവനെസംബന്ധിച്ച് ആവശ്യമായിരുന്ന മാററങ്ങളെക്കുറിച്ച് പരിചിന്തിക്കുക.
യേശുവിന്റെ മാതൃക പിന്തുടരുക
16. ഏത് അത്ഭുതകരമായ മാതൃക യേശു പ്രദാനംചെയ്തു?
16 ദൈവത്തിന്റെ ഏകജാതനായ പുത്രൻ സകല ദൂതൻമാരെക്കാളും ശ്രേഷ്ഠമായ സ്വർഗ്ഗീയ മഹത്വത്തിന്റെ ഒരു പ്രമുഖസ്ഥാനം ആസ്വദിച്ചിരുന്നു. അവൻ തീർച്ചയായും സമ്പന്നനായിരുന്നു! എന്നിരുന്നാലും അവൻ മനസ്സോടെ തന്നെത്താൻ ഒഴിച്ചു ഒരു ദരിദ്രകുടുംബത്തിലെ അംഗമായി ജനിക്കുകയും രോഗികളും മരിക്കുന്നവരുമായ മനുഷ്യരാൽ ചുററപ്പെട്ട് വളരുകയുംചെയ്തു. നമുക്കുവേണ്ടിയാണ് അവൻ ഇതു ചെയ്തത്, അപ്പോസ്തലനായ പൗലോസ് വിശദീകരിച്ചതുപോലെ, “നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നരാകേണ്ടതിന് നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ.” (2 കൊരിന്ത്യർ 8:9; ഫിലിപ്പിയർ 2:5-8) എന്തൊരു മാതൃക! എന്തൊരു സ്നേഹപ്രകടനം! മററുള്ളവർക്കുവേണ്ടി മററാരും ഇതിൽ കൂടുതൽ ഉപേക്ഷിച്ചിട്ടില്ല, അല്ലെങ്കിൽ സഹിച്ചിട്ടില്ല. മററുള്ളവർക്ക് ഇതിലേറെ ധനം, അതെ, പൂർണ്ണതയിലുള്ള നിത്യജീവൻ, ആസ്വദിക്കുന്നതിന് വേറെ ആരും സാധ്യമാക്കിയിട്ടില്ല!
17. നമ്മുടെ മുമ്പാകെ ഏതു ഗതി വെക്കപ്പെട്ടിരിക്കുന്നു, അതു പിന്തുടരുന്നതിന്റെ ഫലം എന്തായിരിക്കും?
17 നമുക്ക് യേശുവിന്റെ ദൃഷ്ടാന്തം അനുസരിക്കാനും മററുള്ളവർക്ക് സമാനമായ പ്രയോജനം ചെയ്യാനും കഴിയും. യേശു തന്റെ അനുഗാമികളായിത്തീരാൻ ആളുകളെ ആവർത്തിച്ചു പ്രോൽസാഹിപ്പിച്ചു. (മർക്കോസ് 2:14: ലൂക്കോസ് 9:59; 18:22) യഥാർത്ഥത്തിൽ, പത്രോസ് ഇങ്ങനെ എഴുതി: “ക്രിസ്തുവും നിങ്ങൾക്കുവേണ്ടി കഷ്ടമനുഭവിച്ചു, നിങ്ങൾ അവന്റെ കാൽചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചുപോയിരിക്കുന്നു.” (1 പത്രോസ് 2:21) യേശു ചെയ്തതുപോലെ, അവന്റെ പിതാവിനെ സേവിക്കുന്നതിന് കഷ്ടമനുഭവിക്കുന്ന അളവോളം നിങ്ങൾ ക്രിസ്തുവിന്റെ സ്നേഹത്തോടു പ്രതികരിക്കുമോ? അങ്ങനെയുള്ള ഒരു ഗതി മററുള്ളവർക്ക് എത്ര പ്രയോജനകരമായിരിക്കാൻ കഴിയും! തീർച്ചയായും, യേശുവിന്റെ മാതൃക പിന്തുടരുന്നതിനാൽ, അവൻ തന്റെ പിതാവിൽനിന്ന് സ്വീകരിച്ച പഠിപ്പിക്കലുകൾ പൂർണ്ണമായും ബാധകമാക്കുന്നതിനാൽ, “നീ നിന്നെയും നിന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും.”—1 തിമൊഥെയോസ് 4:16.
18. (എ) ആളുകളോടുള്ള തന്റെ മനോഭാവംസംബന്ധിച്ച് യേശു എന്തു മാതൃക വെച്ചു? (ബി) യേശുവിന്റെ വ്യക്തിത്വത്തോട് ആളുകൾ എങ്ങനെ പ്രതികരിച്ചു?
18 ആളുകളെ ഏററവുമധികമായി സഹായിക്കുന്നതിന്, അവരെക്കുറിച്ച് യേശു വിചാരിച്ചതുപോലെതന്നെ നാം വിചാരിക്കേണ്ടതാണ്. “എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും” എന്ന് അവനെക്കുറിച്ച് ഒരു പ്രവചനം പറയുകയുണ്ടായി. (സങ്കീർത്തനം 72:13) യേശു സംസാരിച്ച ആളുകളോട് അവനു “സ്നേഹം തോന്നി” എന്നും അവരെ സഹായിക്കാൻ അവൻ വാസ്തവത്തിൽ ആഗ്രഹിച്ചുവെന്നും അവന്റെ അനുഗാമികൾക്കു ശ്രദ്ധിക്കാൻ കഴിഞ്ഞു. (മർക്കോസ് 1:40-42; 10:21) “അവൻ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ട് അവരെക്കുറിച്ചു മനസ്സലിഞ്ഞു”വെന്ന് ബൈബിൾ പറയുന്നു. (മത്തായി 9:36) കടുത്ത പാപികൾ പോലും അവന്റെ സ്നേഹം അനുഭവിച്ചറിയുകയും അവനിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്തു. അവന്റെ ശബ്ദത്തിന്റെ സ്വരത്താലും പെരുമാററത്താലും പഠിപ്പിക്കൽ രീതിയാലും അവർ സുഖമനുഭവിക്കാനിടയാക്കപ്പെട്ടു. തത്ഫലമായി, നിന്ദിതരായ നികുതിപിരിവുകാരും വേശ്യമാരും പോലും അവനെ തേടിയെത്തി.—മത്തായി 9:9-13; ലൂക്കോസ് 7:36-38; 19:1-10.
19. പൗലോസ് യേശുവിനെ എങ്ങനെ അനുകരിച്ചു, നാം അതുതന്നെ ചെയ്യുന്നതിന്റെ ഫലമെന്തായിരിക്കും?
19 ഒന്നാം നൂററാണ്ടിലെ യേശുവിന്റെ ശിഷ്യൻമാർ അവന്റെ സ്നേഹപൂർവകമായ മാതൃക പകർത്തി. പൗലോസ് ശുശ്രൂഷിച്ച ചിലർക്ക് അവൻ എഴുതി: “ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പോററുംപോലെ ഞങ്ങൾ നിങ്ങളുടെ ഇടയിൽ ആർദ്രതയുള്ളവരായിരുന്നു. . . . ഞങ്ങൾ നിങ്ങളിൽ ഓരോരുത്തനെ അപ്പൻ മക്കളെ എന്നപോലെ പ്രബോധിപ്പിച്ചും ഉത്സാഹിപ്പിച്ചും സാക്ഷ്യം പറഞ്ഞും പോന്നു.” (1 തെസ്സലോനീക്യർ 2:7-11) സ്നേഹമുള്ള മാതാപിതാക്കൾക്ക് തങ്ങളുടെ പ്രിയമക്കളോടു തോന്നുന്നതുപോലെ നിങ്ങളുടെ പ്രദേശത്തുള്ളവരോട് യഥാർത്ഥമായ അതേ താത്പര്യം നിങ്ങൾക്കു തോന്നുന്നുവോ? നിങ്ങളുടെ ശബ്ദത്തിന്റെ സ്വരത്തിലും നിങ്ങളുടെ മുഖഭാവത്തിലും നിങ്ങളുടെ പ്രവർത്തനത്തിലും അങ്ങനെയുള്ള താത്പര്യം പ്രകടമാക്കുന്നത് രാജ്യദൂതിനെ ചെമ്മരിയാടുതുല്യർക്ക് ആകർഷകമാക്കിത്തീർക്കും.
20, 21. സ്നേഹത്തിന്റേതായ യേശുവിന്റെ ദൃഷ്ടാന്തത്തെ പിന്തുടർന്നവരുടെ ചില ആധുനികകാല ഉദാഹരണങ്ങളേവ?
20 സ്പെയ്നിൽ ഒരു തണുപ്പുള്ള രാത്രിയിൽ രണ്ട് സാക്ഷികൾ ഊന്നുവടിയുപയോഗിക്കുന്ന ഒരു വൃദ്ധസ്ത്രീയെ കണ്ടു. വിറകു തീർന്നുപോയതുകൊണ്ട് അവരുടെ വീട് തണുത്തു മരച്ചിരുന്നു. മകൻ ജോലി കഴിഞ്ഞു മടങ്ങിവന്ന് കൂടുതൽ വിറകുവെട്ടാൻ അവർ കാത്തിരിക്കുകയായിരുന്നു. സാക്ഷികൾ വിറകുവെട്ടിക്കൊടുത്തു, അവർക്കു വായിക്കാൻ കുറെ മാസികകളും അവർ ഇട്ടേച്ചു. മകൻ മടങ്ങിവന്നപ്പോൾ തന്റെ അമ്മയോടു സാക്ഷികൾ കാണിച്ച സ്നേഹപൂർവകമായ താത്പര്യത്തിൽ അവന് വളരെ മതിപ്പുതോന്നിയതുകൊണ്ട് അയാൾ മാസിക വായിക്കുകയും ബൈബിൾ വായിച്ചുതുടങ്ങുകയും സ്നാപനമേൽക്കുകയും താമസിയാതെ പയനിയർശുശ്രൂഷയിൽ പ്രവേശിക്കുകയും ചെയ്തു.
21 ആസ്ട്രേലിയായിൽ തങ്ങളുടെ കുടുംബത്തെ പോററാൻ തങ്ങൾക്ക് പണമില്ലെന്ന് സന്ദർശിച്ച സാക്ഷികളോട് ഒരു മനുഷ്യനും അയാളുടെ ഭാര്യയും പറഞ്ഞു. സാക്ഷികളായ ഭാര്യാഭർത്താക്കൻമാർ കുട്ടികൾക്ക് മധുരപദാർത്ഥങ്ങൾ ഉൾപ്പെടെ കുറെ ഭക്ഷ്യസാധനങ്ങൾ കൊടുത്തു. തങ്ങൾ വളരെ നിരാശിതരായിരുന്നതുകൊണ്ട് ആത്മഹത്യചെയ്യാൻ വിചാരിച്ചിരിക്കുകയായിരുന്നുവെന്ന് പറഞ്ഞുകൊണ്ട് ആ മാതാപിതാക്കൾ പൊട്ടിക്കരഞ്ഞു. രണ്ടുപേരും ബൈബിൾ പഠിക്കാൻ തുടങ്ങുകയും ഈയിടെ ഭാര്യ സ്നാപനമേൽക്കുകയും ചെയ്തു. യഹോവയുടെ സാക്ഷികളോട് മുൻവിധിയുണ്ടായിരുന്ന ഐക്യനാടുകളിലെ ഒരു സ്ത്രീ ഒരു സാക്ഷിയെ കണ്ട ശേഷം ഇങ്ങനെ അറിയിച്ചു: “ഞങ്ങൾ സംസാരിച്ചതെന്താണെന്ന് ഞാൻ യഥാർത്ഥത്തിൽ ഓർക്കുന്നില്ല, എന്നാൽ അവൾ എന്നോട് എത്ര ദയാലുവായിരുന്നുവെന്നും അവൾ എത്ര അതിഥിപ്രിയവും താഴ്മയുമുള്ളവളായിരുന്നുവെന്നും ഞാൻ ഓർക്കുന്നുണ്ട്. ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ അവളിലേക്ക് ആകർഷിക്കപ്പെട്ടതായി തോന്നി. ഇന്നോളം ഞാൻ അവളുടെ സൗഹൃദത്തെ വിലമതിക്കുന്നു.”
22. യേശുവിന്റെ ജീവിതത്തെ പരിശോധിച്ച ശേഷം അവനെ സംബന്ധിച്ച നമ്മുടെ നിഗമനം എന്താണ്?
22 യേശു ചെയ്ത വേല അവൻ ചെയ്ത വിധത്തിൽത്തന്നെ ചെയ്തുകൊണ്ട് യേശുവിന്റെ സ്നേഹത്തോടു നാം പ്രതികരിക്കുമ്പോൾ നമുക്ക് എത്ര അത്ഭുതകരമായ അനുഗ്രഹങ്ങൾ ആസ്വദിക്കാൻ കഴിയും! യേശുവിന്റെ മാഹാത്മ്യം സ്പഷ്ടവും വലുതുമാണ്. “നോക്കൂ! സാക്ഷാൽ മനുഷ്യൻ!” എന്ന റോമൻ ഗവർണറായിരുന്ന പൊന്തിയോസ് പീലാത്തോസിന്റെ വാക്കുകൾ പ്രതിദ്ധ്വനിപ്പിക്കാൻ നാം പ്രേരിതരാകുകയാണ്. അതെ, തീർച്ചയായും “സാക്ഷാൽ മനുഷ്യൻ,” ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ.—യോഹന്നാൻ 19:5.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ യേശുവിന്റെ സ്നേഹം എത്ര വലുതാണ്?
◻ യേശുവിന്റെ സ്നേഹം നാം ആരെ സ്നേഹിക്കാനിടയാക്കണം, അവന്റെ സ്നേഹം എന്തു ചെയ്യാൻ നമ്മെ നിർബന്ധിക്കണം?
◻ നാം ഏതു വേല ചെയ്യാൻ യേശു ആഗ്രഹിക്കുന്നു?
◻ യേശു എങ്ങനെ സമ്പന്നനായിരുന്നു, അവൻ ദരിദ്രനായിത്തീർന്നതെന്തിന്?
◻ യേശു ആളുകളെ ശുശ്രൂഷിച്ച വിധത്തിൽ നാം എങ്ങനെ അവനെ അനുകരിക്കണം?
[15-ാം പേജിലെ ചിത്രം]
യേശു സ്നേഹം പ്രകടമാക്കുന്നതിന്റെ മാതൃക വെച്ചു
[17-ാം പേജിലെ ചിത്രം]
തന്റെ ശിഷ്യൻമാർ തന്നോട് എങ്ങനെ സ്നേഹം പ്രകടമാക്കണമെന്ന് യേശു ശക്തമായി ചിത്രീകരിച്ചു