ഇതാകുന്നു രക്ഷാദിവസം!
“ഇപ്പോൾ ആകുന്നു സുപ്രസാദകാലം; ഇപ്പോൾ ആകുന്നു രക്ഷാദിവസം.”—2 കൊരിന്ത്യർ 6:2.
1. ദൈവത്തിന്റെയും ക്രിസ്തുവിന്റെയും മുമ്പാകെ ഒരു അംഗീകൃത നില ഉണ്ടായിരിക്കുന്നതിന് എന്ത് ആവശ്യമാണ്?
യഹോവ മനുഷ്യവർഗത്തിനു വേണ്ടി ഒരു ന്യായവിധി ദിവസം നിശ്ചയിച്ചിരിക്കുന്നു. (പ്രവൃത്തികൾ 17:31) അതു നമുക്ക് ഒരു രക്ഷാദിവസം ആകണമെങ്കിൽ, നമുക്ക് അവന്റെയും അവന്റെ നിയമിത ന്യായാധിപനായ യേശുക്രിസ്തുവിന്റെയും മുമ്പാകെ ഒരു അംഗീകൃത നില ആവശ്യമാണ്. (യോഹന്നാൻ 5:22) അത്തരമൊരു നില ഉണ്ടായിരിക്കുന്നതിന് ദൈവവചനത്തിനു ചേർച്ചയിലുള്ള നടത്തയും യേശുവിന്റെ യഥാർഥ ശിഷ്യർ ആയിത്തീരാൻ മറ്റുള്ളവരെ സഹായിക്കുന്നതിനു നമ്മെ പ്രചോദിപ്പിക്കുന്ന വിശ്വാസവും ആവശ്യമാണ്.
2. മനുഷ്യവർഗ ലോകം ദൈവത്തിൽനിന്ന് അന്യപ്പെട്ടിരിക്കുന്നത് എന്തുകൊണ്ട്?
2 പാരമ്പര്യമായി കിട്ടിയ പാപം നിമിത്തം, മനുഷ്യവർഗ ലോകം ദൈവത്തിൽനിന്ന് അന്യപ്പെട്ടിരിക്കുന്നു. (റോമർ 5:12; എഫെസ്യർ 4:17, 18) അതുകൊണ്ട്, നാം ആരോടു പ്രസംഗിക്കുന്നുവോ അവർക്ക് രക്ഷ ലഭിക്കണമെങ്കിൽ, അവർ അവനുമായി അനുരഞ്ജനപ്പെടേണ്ടത് അനിവാര്യമാണ്. കൊരിന്തിലെ ക്രിസ്ത്യാനികൾക്ക് എഴുതിയപ്പോൾ, പൗലൊസ് അപ്പൊസ്തലൻ ഇതു വ്യക്തമാക്കുകയുണ്ടായി. നമുക്ക് 2 കൊരിന്ത്യർ 5:10–6:10 പരിശോധിച്ച് ന്യായവിധി, ദൈവവുമായുള്ള അനുരഞ്ജനം, രക്ഷ എന്നിവയെക്കുറിച്ച് പൗലൊസ് എന്തു പറഞ്ഞിരിക്കുന്നു എന്നു നോക്കാം.
“ഞങ്ങൾ മനുഷ്യരെ സമ്മതിപ്പിക്കുന്നു”
3. പൗലൊസ് “മനുഷ്യരെ സമ്മതിപ്പി”ച്ചുകൊണ്ടിരുന്നത് എങ്ങനെ, ഇന്നു നാം ഇതു ചെയ്യേണ്ടത് എന്തുകൊണ്ട്?
3 പൗലൊസ് ന്യായവിധിയെയും പ്രസംഗത്തെയും തമ്മിൽ ബന്ധപ്പെടുത്തി. അവൻ എഴുതി: “അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു. ആകയാൽ കർത്താവിനെ ഭയപ്പെടേണം എന്നു അറിഞ്ഞിട്ടു ഞങ്ങൾ മനുഷ്യരെ സമ്മതിപ്പിക്കുന്നു.” (2 കൊരിന്ത്യർ 5:10, 11) അപ്പൊസ്തലൻ സുവാർത്ത പ്രസംഗിച്ചുകൊണ്ട് ‘മനുഷ്യരെ സമ്മതിപ്പി’ച്ചുകൊണ്ടിരുന്നു. നാമോ? നാം ഈ വ്യവസ്ഥിതിയുടെ സമാപനത്തെ അഭിമുഖീകരിക്കുന്നതുകൊണ്ട്, യേശുവിൽനിന്ന് അനുകൂല ന്യായവിധിയും രക്ഷയുടെ ഉറവായ യഹോവയാം ദൈവത്തിന്റെ അംഗീകാരവും ലഭിക്കാൻ ആവശ്യമായ പടികൾ സ്വീകരിക്കുന്നതിനു മറ്റുള്ളവരെ സമ്മതിപ്പിക്കാൻ നാം നമ്മുടെ പരമാവധി ചെയ്യണം.
4, 5. (എ) യഹോവയുടെ സേവനത്തിൽ നമുക്കുള്ള നേട്ടങ്ങളെ കുറിച്ചു നാം പ്രശംസിക്കരുതാത്തത് എന്തുകൊണ്ട്? (ബി) ‘ദൈവത്തിന്നായി’ പൗലൊസ് പ്രശംസിച്ചത് എങ്ങനെ?
4 എന്നിരുന്നാലും, ദൈവം നമ്മുടെ ശുശ്രൂഷയെ അനുഗ്രഹിച്ചിട്ടുണ്ടെങ്കിൽ, നാം ആത്മപ്രശംസ നടത്തരുത്. കൊരിന്തിൽ, ചിലർ തങ്ങളെത്തന്നെയോ മറ്റുള്ളവരെയോ കുറിച്ച് അഹങ്കരിച്ച് സഭയിൽ ഭിന്നിപ്പ് ഉണ്ടാക്കിയിരുന്നു. (1 കൊരിന്ത്യർ 1:10-13; 3:3, 4) ഈ സ്ഥിതിവിശേഷത്തെ പരാമർശിച്ചുകൊണ്ട്, പൗലൊസ് എഴുതി: “ഞങ്ങൾ പിന്നെയും ഞങ്ങളെത്തന്നേ നിങ്ങളോടു ശ്ലാഘിക്കയല്ല, ഹൃദയം നോക്കീട്ടല്ല, മുഖം നോക്കീട്ടു പ്രശംസിക്കുന്നവരോടു ഉത്തരം പറവാൻ നിങ്ങൾക്കു വക ഉണ്ടാകേണ്ടതിന്നു ഞങ്ങളെക്കുറിച്ചു പ്രശംസിപ്പാൻ നിങ്ങൾക്കു കാരണം തരികയത്രേ ചെയ്യുന്നതു. ഞങ്ങൾ വിവശൻമാർ എന്നുവരികിൽ ദൈവത്തിന്നും സുബോധമുള്ളളവർ എന്നുവരികിൽ നിങ്ങൾക്കും ആകുന്നു.” (2 കൊരിന്ത്യർ 5:12, 13) ഗർവിഷ്ഠർക്ക് സഭയുടെ ഐക്യത്തിലും ആത്മീയ ക്ഷേമത്തിലും താത്പര്യമില്ലായിരുന്നു. ദൈവമുമ്പാകെ നല്ല ഹൃദയം വികസിപ്പിച്ചെടുക്കാൻ സഹവിശ്വാസികളെ സഹായിക്കുന്നതിനുപകരം അവർ പുറമേ കാണുന്നവയെ കുറിച്ച് ആത്മപ്രശംസ നടത്താൻ ആഗ്രഹിച്ചു. അതുകൊണ്ട്, പൗലൊസ് സഭയെ ശാസിക്കുകയും പിന്നീട് ഇങ്ങനെ പ്രസ്താവിക്കുകയും ചെയ്തു: “പ്രശംസിക്കുന്നവൻ യഹോവയിൽ പ്രശംസിക്കട്ടെ.”—2 കൊരിന്ത്യർ 10:17, NW.
5 പൗലൊസ് സ്വയം പ്രശംസിച്ചില്ലേ? അപ്പൊസ്തലൻ ആയിരിക്കുന്നതിനെ കുറിച്ച് അവൻ പറഞ്ഞതു നിമിത്തം ചിലർ അങ്ങനെ വിചാരിച്ചിരിക്കാം. എന്നാൽ ‘ദൈവത്തിന്നായി’ അവൻ പ്രശംസിക്കേണ്ടിയിരുന്നു. കൊരിന്ത്യർ യഹോവയെ ഉപേക്ഷിക്കാതിരിക്കുന്നതിനു വേണ്ടി അപ്പൊസ്തലൻ എന്ന നിലയിലുള്ള തന്റെ യോഗ്യതകളെ കുറിച്ച് അവൻ പ്രശംസിച്ചു. അവരെ ദൈവത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ വേണ്ടിയായിരുന്നു പൗലൊസ് ഇതു ചെയ്തത്, കാരണം കള്ള അപ്പൊസ്തലന്മാർ അവരെ വഴി തെറ്റിക്കുകയായിരുന്നു. (2 കൊരിന്ത്യർ 11:16-21; 12:11, 12, 19-21; 13:10) എങ്കിലും, പൗലൊസ് നിരന്തരം തന്റെ നേട്ടങ്ങളെ കുറിച്ച് സകലരിലും മതിപ്പുളവാക്കാൻ ശ്രമിക്കുകയായിരുന്നില്ല.—സദൃശവാക്യങ്ങൾ 21:4.
ക്രിസ്തുവിന്റെ സ്നേഹം നിങ്ങളെ നിർബന്ധിക്കുന്നുവോ?
6. ക്രിസ്തുവിന്റെ സ്നേഹം നമ്മെ ബാധിക്കേണ്ടത് എങ്ങനെ?
6 ഒരു യഥാർഥ അപ്പൊസ്തലൻ എന്ന നിലയിൽ, പൗലൊസ് യേശുവിന്റെ മറുവില യാഗത്തെ കുറിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അതിനു പൗലൊസിന്റെ ജീവിതത്തിന്മേൽ ഒരു സ്വാധീനം ഉണ്ടായിരുന്നു, എന്തെന്നാൽ അവൻ എഴുതി: “ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബ്ബന്ധിക്കുന്നു; എല്ലാവർക്കും വേണ്ടി ഒരുവൻ മരിച്ചിരിക്കെ എല്ലാവരും മരിച്ചു എന്നും ജീവിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല തങ്ങൾക്കു വേണ്ടി മരിച്ചു ഉയിർത്തവന്നായിട്ടു തന്നേ ജീവിക്കേണ്ടതിന്നു അവൻ എല്ലാവർക്കും വേണ്ടി മരിച്ചു എന്നും ഞങ്ങൾ നിർണ്ണയിച്ചിരിക്കുന്നു.” (2 കൊരിന്ത്യർ 5:14, 15) നമുക്കു വേണ്ടി സ്വന്തം ജീവൻ നൽകിയതിലൂടെ യേശു എന്തൊരു സ്നേഹമാണ് പ്രകടമാക്കിയത്! നിശ്ചയമായും, അതു നമ്മുടെ ജീവിതത്തിൽ ഒരു ശക്തമായ പ്രചോദനം ആയിരിക്കണം. നമുക്കുവേണ്ടി ജീവൻ നൽകിയതിന് യേശുവിനോടു നമുക്കു കൃതജ്ഞത ഉണ്ടായിരിക്കണം; തന്റെ പ്രിയ പുത്രനിലൂടെ യഹോവ പ്രദാനം ചെയ്യുന്ന രക്ഷ സംബന്ധിച്ച സുവാർത്ത സതീക്ഷ്ണം ഘോഷിക്കാൻ അതു നമ്മെ പ്രചോദിപ്പിക്കണം. (യോഹന്നാൻ 3:16; സങ്കീർത്തനം 96:2 താരതമ്യം ചെയ്യുക.) “ക്രിസ്തുവിന്റെ സ്നേഹം” രാജ്യപ്രസംഗ വേലയിലും ശിഷ്യരാക്കൽ വേലയിലും തീക്ഷ്ണമായി പങ്കുപറ്റാൻ നിങ്ങളെ നിർബന്ധിക്കുന്നുണ്ടോ?—മത്തായി 28:19, 20.
7. “ആരെയും ജഡപ്രകാരം അറിയുന്നില്ല” എന്നതിന്റെ അർഥമെന്ത്?
7 തങ്ങൾക്കുവേണ്ടി ക്രിസ്തു ചെയ്തിരിക്കുന്നതിനോടുള്ള കൃതജ്ഞത പ്രകടമാക്കുന്ന വിധത്തിൽ തങ്ങളുടെ ജീവിതം ഉപയോഗിച്ചുകൊണ്ട്, അഭിഷിക്തർ ‘ഇനി തങ്ങൾക്കായിട്ടല്ല അവനായിട്ടു തന്നേ ജീവിക്കുന്നു.’ “ആകയാൽ ഞങ്ങൾ ഇന്നുമുതൽ ആരെയും ജഡപ്രകാരം അറിയുന്നില്ല; ക്രിസ്തുവിനെ ജഡപ്രകാരം അറിഞ്ഞു എങ്കിലും ഇനിമേൽ അങ്ങനെ അറിയുന്നില്ല” എന്നു പൗലൊസ് പറഞ്ഞു. (2 കൊരിന്ത്യർ 5:16) വിജാതീയരെക്കാളും യഹൂദന്മാരെ അല്ലെങ്കിൽ ദരിദ്രരെക്കാളും ധനികരെ ഇഷ്ടപ്പെട്ടുകൊണ്ട് ക്രിസ്ത്യാനികൾ ആളുകളെ ജഡപ്രകാരം വീക്ഷിക്കരുത്. അഭിഷിക്തർ “ആരെയും ജഡപ്രകാരം അറിയുന്നില്ല,” എന്തെന്നാൽ സഹവിശ്വാസികളുമായുള്ള അവരുടെ ആത്മീയ ബന്ധത്തിനാണ് പ്രാധാന്യം. ‘ക്രിസ്തുവിനെ ജഡപ്രകാരം അറിഞ്ഞ’വർ യേശു ഭൂമിയിലായിരിക്കെ അവനെ അക്ഷരീയമായി കണ്ടവർ അല്ലായിരുന്നു. മിശിഹായിൽ പ്രത്യാശ വെച്ചിരുന്ന ചിലർ ഒരിക്കൽ ക്രിസ്തുവിനെ ജഡപ്രകാരം വീക്ഷിച്ചിരുന്നെങ്കിലും, അവർ മേലാൽ അങ്ങനെ വീക്ഷിക്കുന്നില്ല. അവൻ തന്റെ ശരീരം ഒരു മറുവിലയായി നൽകുകയും ജീവദായക ആത്മാവ് ആയി ഉയിർപ്പിക്കപ്പെടുകയും ചെയ്തു. സ്വർഗീയ ജീവനിലേക്ക് ഉയിർപ്പിക്കപ്പെടുന്ന മറ്റുള്ളവർ, യേശുക്രിസ്തുവിനെ ഒരിക്കലും ജഡത്തിൽ കാണാതെതന്നെ, തങ്ങളുടെ ജഡിക ശരീരങ്ങൾ ഉപേക്ഷിക്കും.—1 കൊരിന്ത്യർ 15:45, 50; 2 കൊരിന്ത്യർ 5:1-5.
8. വ്യക്തികൾ ‘ക്രിസ്തുവിനോടുകൂടെ ഐക്യത്തിൽ’ വന്നിരിക്കുന്നത് എങ്ങനെ?
8 അഭിഷിക്തരോട് കൂടുതലായി പൗലൊസ് പറയുന്നു: “ഒരുവൻ ക്രിസ്തുവിനോടുകൂടെ ഐക്യത്തിലായാൽ, അവൻ ഒരു പുതിയ സൃഷ്ടി ആകുന്നു; പഴയ സംഗതികൾ കഴിഞ്ഞുപോയി, ഇതാ, പുതിയ സംഗതികൾ അസ്തിത്വത്തിൽ വന്നിരിക്കുന്നു.” (2 കൊരിന്ത്യർ 5:17, NW) “ക്രിസ്തുവിനോടുകൂടെ ഐക്യത്തി”ൽ ആയിരിക്കുക എന്നതിന്റെ അർഥം അവനുമായി ഒരുമ ഉണ്ടായിരിക്കുക എന്നാണ്. (യോഹന്നാൻ 17:21) യഹോവ ഒരു വ്യക്തിയെ തന്റെ പുത്രനിലേക്ക് ആകർഷിക്കുകയും പരിശുദ്ധാത്മാവിനാൽ ആ വ്യക്തിയെ ജനിപ്പിക്കുകയും ചെയ്യുമ്പോൾത്തന്നെ ഈ ബന്ധം അസ്തിത്വത്തിൽ വന്നുകഴിഞ്ഞു. ദൈവത്തിന്റെ ഒരു ആത്മജാത പുത്രൻ എന്ന നിലയിൽ, അവൻ സ്വർഗീയ രാജ്യത്തിൽ ക്രിസ്തുവിനോടൊപ്പം പങ്ക് ഉണ്ടായിരിക്കുന്നതിന്റെ പ്രതീക്ഷയുള്ള ഒരു “പുതിയ സൃഷ്ടി” ആയിരുന്നു. (യോഹന്നാൻ 3:3-8; 6:44; ഗലാത്യർ 4:6, 7) അത്തരം അഭിഷിക്ത ക്രിസ്ത്യാനികൾക്ക് ഒരു മഹത്തായ സേവനപദവി നൽകപ്പെട്ടിരിക്കുന്നു.
“ദൈവവുമായി അനുരഞ്ജനത്തിൽ ആയിത്തീരുവിൻ”
9. ദൈവവുമായുള്ള അനുരഞ്ജനം സാധ്യമാക്കുന്നതിന് അവൻ എന്തു ചെയ്തിരിക്കുന്നു?
9 “പുതിയ സൃഷ്ടി”യോട് യഹോവ എത്രമാത്രം പ്രീതി കാട്ടിയിരിക്കുന്നു! “അതിന്നൊക്കെയും ദൈവം തന്നേ കാരണഭൂതൻ; അവൻ നമ്മെ ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു [“അനുരഞ്ജനത്തിലാക്കി,” NW], നിരപ്പിന്റെ ശുശ്രൂഷ ഞങ്ങൾക്കു തന്നിരിക്കുന്നു. ദൈവം ലോകത്തിന്നു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവിൽ തന്നോടു നിരപ്പിച്ചുപോന്നു. ഈ നിരപ്പിന്റെ വചനം ഞങ്ങളുടെ പക്കൽ ഭരമേല്പിച്ചുമിരിക്കുന്നു” എന്നു പൗലൊസ് പറയുന്നു. (2 കൊരിന്ത്യർ 5:18, 19) ആദാം പാപം ചെയ്തതു മുതൽ മനുഷ്യവർഗം ദൈവത്തിൽനിന്ന് അന്യപ്പെട്ടിരിക്കുന്നു. എന്നാൽ യഹോവ യേശുവിന്റെ യാഗത്തിലൂടെ അനുരഞ്ജനത്തിനുള്ള വഴി തുറക്കുന്നതിൽ സ്നേഹപൂർവം മുൻകൈ എടുത്തിരിക്കുന്നു.—റോമർ 5:6-12.
10. യഹോവ അനുരഞ്ജന ശുശ്രൂഷ ആരെ ഏൽപ്പിച്ചിരിക്കുന്നു, അതു നിവർത്തിക്കാൻ അവർ എന്തു ചെയ്തിരിക്കുന്നു?
10 യഹോവ അനുരഞ്ജന ശുശ്രൂഷ അഭിഷിക്തരെ ഏൽപ്പിച്ചിരിക്കുന്നു, അതുകൊണ്ട് പൗലൊസിന് ഇങ്ങനെ പറയാൻ കഴിഞ്ഞു: “ആകയാൽ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ [“ദൈവവുമായി അനുരഞ്ജനത്തിൽ ആയിത്തീരുവിൻ,” NW] എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പിക്കുന്നതുപോലെ ആകുന്നു.” (2 കൊരിന്ത്യർ 5:20) പുരാതന നാളുകളിൽ, മുഖ്യമായും ശത്രുതയുടെ കാലഘട്ടങ്ങളിൽ യുദ്ധം ഒഴിവാക്കാനാകുമോ എന്നറിയുന്നതിനായിരുന്നു പ്രധാനമായും സ്ഥാനപതികളെ അയച്ചിരുന്നത്. (ലൂക്കൊസ് 14:31, 32) പാപികളായ മനുഷ്യരുടെ ലോകം ദൈവത്തിൽനിന്ന് അന്യപ്പെട്ടിരിക്കുന്നതുകൊണ്ട്, അനുരഞ്ജനത്തിനുള്ള തന്റെ വ്യവസ്ഥകൾ ആളുകളെ അറിയിക്കുന്നതിന് അവൻ തന്റെ അഭിഷിക്ത സ്ഥാനപതികളെ അയച്ചിരിക്കുന്നു. ക്രിസ്തുവിന്റെ പകരക്കാർ എന്ന നിലയിൽ അവർ അഭ്യർഥിക്കുന്നു: “ദൈവവുമായി അനുരഞ്ജനത്തിൽ ആയിത്തീരുവിൻ.” ദൈവവുമായി സമാധാനം തേടുന്നതിനും ക്രിസ്തുവിലൂടെ അവൻ സാധ്യമാക്കുന്ന രക്ഷ കൈക്കൊള്ളാനുമുള്ള കരുണാപൂർവകമായ ഒരു ഉദ്ബോധനം ആണ് ഈ അഭ്യർഥന.
11. മറുവിലയിലുള്ള വിശ്വാസത്തിലൂടെ, അവസാനം ദൈവമുമ്പാകെ നീതിനിഷ്ഠമായ ഒരു നില ആർക്കു കൈവരുന്നു?
11 മറുവിലയിൽ വിശ്വാസം പ്രകടമാക്കുന്ന എല്ലാ മനുഷ്യർക്കും ദൈവവുമായി അനുരഞ്ജനത്തിൽ ആയിത്തീരാൻ കഴിയും. (യോഹന്നാൻ 3:36) പൗലൊസ് പറയുന്നു: “പാപം അറിയാത്തവനെ [യേശുവിനെ], നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ [യഹോവ] നമുക്കു വേണ്ടി പാപം ആക്കി.” (2 കൊരിന്ത്യർ 5:21) സഹജമായ പാപാവസ്ഥയിൽനിന്നു മോചിതരാക്കപ്പെടുന്ന ആദാമിന്റെ എല്ലാ സന്താനങ്ങൾക്കും പൂർണ മനുഷ്യനായ യേശു പാപയാഗം ആയി. അവർ യേശുവിലൂടെ “ദൈവത്തിന്റെ നീതി” ആയിത്തീരുന്നു. ഈ നീതി, അല്ലെങ്കിൽ ദൈവമുമ്പാകയുള്ള നീതിനിഷ്ഠമായ നില, ആദ്യം ക്രിസ്തുവിന്റെ 1,44,000 കൂട്ടവകാശികൾക്ക് ലഭിക്കുന്നു. ആയിരംവർഷ വാഴ്ചയിൽ, നിത്യപിതാവ് ആയ യേശുക്രിസ്തുവിന്റെ ഭൗമിക മക്കൾക്ക് പൂർണതയുള്ള മനുഷ്യർ എന്ന നിലയിലുള്ള നീതിനിഷ്ഠമായ നില കൈവരും. അവൻ അവരെ പൂർണതയിൽ നീതിനിഷ്ഠമായ നിലയിലേക്ക് ഉയർത്തും, അങ്ങനെ അവർക്കു ദൈവത്തോടു വിശ്വസ്തർ എന്നു തെളിയിക്കാനും നിത്യജീവൻ എന്ന ദാനം സ്വീകരിക്കാനും കഴിയും.—യെശയ്യാവു 9:6; വെളിപ്പാടു 14:1; 20:4-6, 11-15.
“സുപ്രസാദകാലം”
12. യഹോവയുടെ സ്ഥാനപതികളും സന്ദേശവാഹകരും ഏതു പ്രധാനപ്പെട്ട ശുശ്രൂഷ നിർവഹിച്ചുകൊണ്ടിരിക്കുന്നു?
12 രക്ഷയ്ക്ക്, നാം പൗലൊസിന്റെ വാക്കുകൾക്കു ചേർച്ചയിൽ പ്രവർത്തിക്കണം: ‘നിങ്ങൾക്കു ദൈവത്തിന്റെ കൃപ [“അനർഹ ദയ,” NW] ലഭിച്ചതു വ്യർത്ഥമായിത്തീരരുതു എന്നു ഞങ്ങൾ [യഹോവയ്ക്ക്] സഹപ്രവൃത്തിക്കാരായി നിങ്ങളെ പ്രബോധിപ്പിക്കുന്നു. “പ്രസാദകാലത്തു ഞാൻ നിനക്കു ഉത്തരം അരുളി; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു” എന്ന് അവൻ അരുളിച്ചെയ്യുന്നുവല്ലോ. ഇപ്പോൾ ആകുന്നു സുപ്രസാദകാലം; ഇപ്പോൾ ആകുന്നു രക്ഷാദിവസം.’ (2 കൊരിന്ത്യർ 6:1, 2) യഹോവയുടെ അഭിഷിക്ത സ്ഥാനപതികളും അവന്റെ സന്ദേശവാഹകരായ ‘വേറെ ആടുകളും’ തങ്ങൾക്കു ലഭിച്ച ദൈവത്തിന്റെ അനർഹദയയെ വ്യർഥമാക്കുന്നില്ല. (യോഹന്നാൻ 10:16) ഈ “സുപ്രസാദകാല”ത്ത് അവർ തങ്ങളുടെ നേരായ നടത്തയാലും തീക്ഷ്ണതയുള്ള ശുശ്രൂഷയാലും ദിവ്യപ്രീതി തേടുകയും ഇതു “രക്ഷാദിവസ”മാണെന്ന് ഭൂവാസികളെ അറിയിക്കുകയും ചെയ്യുന്നു.
13. യെശയ്യാവു 49:8-ന്റെ മുഖ്യ ആശയം എന്ത്, അതിന് ആദ്യ നിവൃത്തി ഉണ്ടായത് എങ്ങനെ?
13 “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: പ്രസാദകാലത്തു ഞാൻ നിനക്കു ഉത്തരം അരുളി; രക്ഷാ ദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു; ദേശത്തെ ഉയർത്തുവാനും ശൂന്യമായി കിടക്കുന്ന അവകാശങ്ങളെ കൈവശമാക്കിക്കൊടുപ്പാനും . . . ഞാൻ നിന്നെ കാത്തു നിന്നെ ജനത്തിന്റെ നിയമമാക്കി വെച്ചിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് യെശയ്യാവു 49:8, 9 പൗലൊസ് ഉദ്ധരിക്കുന്നു. ബാബിലോനിലെ അടിമത്തത്തിൽനിന്ന് ഇസ്രായേൽ ജനം സ്വതന്ത്രമാക്കപ്പെട്ട് തങ്ങളുടെ ശൂന്യമായ മാതൃരാജ്യത്തേക്കു തിരിച്ചുപോയപ്പോൾ ഈ പ്രവചനത്തിന് ആദ്യ നിവൃത്തി ഉണ്ടായി.—യെശയ്യാവു 49:3, 8 ബി, 9.
14. യേശുവിന്റെ കാര്യത്തിൽ യെശയ്യാവു 49:8 നിവൃത്തിയേറിയത് എങ്ങനെ?
14 യെശയ്യാ പ്രവചനത്തിന്റെ കൂടുതലായ നിവൃത്തിയായി, “[ദൈവത്തിന്റെ] രക്ഷ ഭൂമിയുടെ അററത്തോളം എത്തേണ്ടതിന്നു” യഹോവ തന്റെ “ദാസനായ” യേശുവിനെ “ജാതികൾക്കു പ്രകാശ”മാക്കി വെച്ചു. (യെശയ്യാവു 49:6, 8; യെശയ്യാവു 42:1-4, 6, 7-ഉം മത്തായി 12:18-21-ഉം താരതമ്യം ചെയ്യുക.) “സുപ്രസാദകാലം” അഥവാ “സ്വീകാര്യമായ സമയം” (NW) യേശു ഭൂമിയിൽ ആയിരുന്നപ്പോൾ വ്യക്തമായും അവനു ബാധകമായി. അവന്റെ പ്രാർഥനയ്ക്ക് ദൈവം “ഉത്തരം അരുളി.” അത് യേശുവിന് “രക്ഷാദിവസ”മായിത്തീർന്നു, എന്തെന്നാൽ അവൻ ദൃഢമായ വിശ്വസ്തത പൂർണമായി പാലിച്ചു, അങ്ങനെ “തന്നെ അനുസരിക്കുന്ന എല്ലാവർക്കും നിത്യരക്ഷയ്ക്ക് ഉത്തരവാദി ആയിത്തീർന്നു.”—എബ്രായർ 5:7, 9, NW; യോഹന്നാൻ 12:27, 28.
15. എപ്പോൾ മുതൽ, ആത്മീയ ഇസ്രായേല്യർ ദൈവത്തിന്റെ അനർഹദയയ്ക്കു യോഗ്യരാണെന്നു തെളിയിക്കേണ്ടതുണ്ടായിരുന്നു, എന്തു ലക്ഷ്യത്തോടെ?
15 “സ്വീകാര്യമായ സമയ”ത്തും ദൈവം പ്രദാനം ചെയ്യുന്ന “രക്ഷാദിവസ”ത്തിലും അവന്റെ പ്രസാദം തേടാൻ പരാജയപ്പെടുകവഴി ‘ദൈവത്തിന്റെ കൃപ ലഭിച്ചത് [“ദൈവത്തിന്റെ അനർഹ ദയയുടെ ഉദ്ദേശ്യം,” NW] വ്യർഥമാക്കരുത്’ എന്ന് അഭ്യർഥിച്ചുകൊണ്ട് പൗലൊസ് യെശയ്യാവു 49:8 അഭിഷിക്ത ക്രിസ്ത്യാനികൾക്കു ബാധകമാക്കുന്നു. പൗലൊസ് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഇപ്പോൾ ആകുന്നു സുപ്രസാദകാലം; ഇപ്പോൾ ആകുന്നു രക്ഷാദിവസം.” (2 കൊരിന്ത്യർ 6:2) പൊ.യു. 33-ലെ പെന്തക്കോസ്തു മുതൽ, ആത്മീയ ഇസ്രായേല്യർ ദൈവത്തിന്റെ അനർഹദയയ്ക്കു യോഗ്യരാണെന്നു തെളിയിക്കേണ്ടതുണ്ടായിരുന്നു. അങ്ങനെ “സ്വീകാര്യമായ സമയം” അവരെ സംബന്ധിച്ചിടത്തോളം ഒരു “രക്ഷാദിവസം” ആകുമായിരുന്നു.
‘നമ്മെത്തന്നെ ദൈവത്തിന്റെ ശുശ്രൂഷകരായി ശുപാർശ ചെയ്യൽ’
16. ഏതു ദുർഘട സാഹചര്യങ്ങളിൽ പൗലൊസ് തന്നെത്തന്നെ ദൈവത്തിന്റെ ശുശ്രൂഷകനായി ശുപാർശ ചെയ്തു?
16 കൊരിന്ത്യ സഭയോടൊത്തു സഹവസിച്ചിരുന്ന ചില പുരുഷന്മാർ ദൈവത്തിന്റെ അനർഹ ദയയ്ക്കു യോഗ്യരായി ജീവിക്കുന്നില്ലായിരുന്നു. ‘ആക്ഷേപം വരാതിരിക്കേണ്ടതിനു’ പൗലൊസ് ‘ഒന്നിലും ഇടർച്ചെക്കു ഹേതു’വാകാതിരിക്കാൻ ശ്രദ്ധിച്ചിരുന്നെങ്കിലും, അവന്റെ അപ്പൊസ്തലിക അധികാരത്തിനു തുരങ്കം വെക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി അവർ അവനെ കുറിച്ചു ദുഷി പറഞ്ഞിരുന്നു. “കഷ്ടം, ബുദ്ധിമുട്ടു, സങ്കടം, തല്ലു, തടവു, കലഹം, അദ്ധ്വാനം, ഉറക്കിളെപ്പു, പട്ടിണി” എന്നിവ നേരിട്ടപ്പോൾ “ബഹു സഹിഷ്ണുത” പ്രകടമാക്കിക്കൊണ്ട് അവൻ നിശ്ചയമായും തന്നെത്തന്നെ ദൈവത്തിന്റെ ശുശ്രൂഷകനായി ശുപാർശ ചെയ്തു. (2 കൊരിന്ത്യർ 6:3-5) തന്റെ എതിരാളികൾ ശുശ്രൂഷകർ ആണെങ്കിൽ, കൂടുതൽ തടവുകളും അടികളും അപകടങ്ങളും പട്ടിണിയും സഹിച്ചിരിക്കുന്ന താൻ “കുറെക്കൂടെ മെച്ചപ്പെട്ട” ശുശ്രൂഷകൻ ആണെന്നു പൗലൊസ് ന്യായവാദം ചെയ്തു.—2 കൊരിന്ത്യർ 11:23-27, പി.ഒ.സി. ബൈ.
17. (എ) ഏതെല്ലാം ഗുണങ്ങൾ പ്രകടമാക്കിക്കൊണ്ട് നമുക്കു നമ്മെത്തന്നെ ദൈവത്തിന്റെ ശുശ്രൂഷകരായി ശുപാർശ ചെയ്യാൻ കഴിയും? (ബി) “നീതിയുടെ ആയുധങ്ങൾ” എന്തെല്ലാമാണ്?
17 പൗലൊസിനെയും അവന്റെ സഹകാരികളെയും പോലെ, നമുക്കു നമ്മെത്തന്നെ ദൈവത്തിന്റെ ശുശ്രൂഷകരായി ശുപാർശ ചെയ്യാൻ കഴിയും. എങ്ങനെ? “നിർമലതയാ”ലും സൂക്ഷ്മമായ ബൈബിൾ പരിജ്ഞാനത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നതിനാലും. ഒരു തെറ്റോ പ്രകോപനമോ ക്ഷമാപൂർവം സഹിച്ചുനിന്നുകൊണ്ട് ‘ദീർഘക്ഷമയാലും,’ കൂടാതെ മറ്റുള്ളവർക്ക് സഹായകമായ സംഗതികൾ ചെയ്തുകൊണ്ട്, ‘ദയയാലും.’ മാത്രമല്ല, ദൈവത്തിന്റെ ആത്മാവിനാലുള്ള മാർഗനിർദേശം സ്വീകരിച്ചുകൊണ്ടും “കാപട്യരഹിത സ്നേഹം” പ്രകടമാക്കിക്കൊണ്ടും സത്യസന്ധമായി സംസാരിച്ചുകൊണ്ടും ശുശ്രൂഷ നിർവഹിക്കാനുള്ള ശക്തിക്കായി അവനിൽ ആശ്രയിച്ചുകൊണ്ടും നമുക്കു നമ്മെത്തന്നെ ദൈവത്തിന്റെ ശുശ്രൂഷകരായി ശുപാർശ ചെയ്യാൻ കഴിയും. രസകരമെന്നു പറയട്ടെ, “വലത്തു കൈയിലും ഇടത്തു കൈയിലും ഉള്ള നീതിയുടെ ആയുധങ്ങളിലൂടെ”യും പൗലൊസ് തന്റെ ശുശ്രൂഷാ പദവിക്കു തെളിവു നൽകി. വലത്തു കൈയിൽ വാളും ഇടത്തു കൈയിൽ പരിചയും പിടിച്ചുകൊണ്ട് യുദ്ധം ചെയ്യുന്നത് പുരാതന കാലങ്ങളിൽ പതിവായിരുന്നു. വ്യാജ ഉപദേഷ്ടാക്കൾക്കെതിരെ ആത്മീയ യുദ്ധം ചെയ്യുന്നതിന്, പൗലൊസ് ജഡത്തിന്റെ പാപപൂർണമായ ആയുധങ്ങൾ—വക്രത, ഉപായം, ചതി എന്നിവ—ഉപയോഗിച്ചില്ല. (2 കൊരിന്ത്യർ 6:6, 7; 11:12-14; സദൃശവാക്യങ്ങൾ 3:32) സത്യാരാധന പരിപോഷിപ്പിക്കുന്നതിന് അവൻ നീതിനിഷ്ഠമായ “ആയുധങ്ങൾ,” അഥവാ ഉപാധികൾ ഉപയോഗിച്ചു. അങ്ങനെതന്നെയാണു നാമും ചെയ്യേണ്ടത്.
18. നാം ദൈവത്തിന്റെ ശുശ്രൂഷകർ ആണെങ്കിൽ, നാം എങ്ങനെ പ്രവർത്തിക്കും?
18 നാം ദൈവത്തിന്റെ ശുശ്രൂഷകർ ആണെങ്കിൽ, പൗലൊസിനെയും സഹപ്രവർത്തകരെയും പോലെ നാം പ്രവർത്തിക്കും. ആദരിക്കപ്പെട്ടാലും അനാദരിക്കപ്പെട്ടാലും നാം ക്രിസ്ത്യാനികളെപ്പോലെ പ്രവർത്തിക്കും. നമ്മെക്കുറിച്ചുള്ള പ്രതികൂല റിപ്പോർട്ടുകൾ മുഖാന്തരം നാം നമ്മുടെ പ്രസംഗപ്രവർത്തനം നിർത്തുകയില്ല, അനുകൂലമായ റിപ്പോർട്ടുകൾ മുഖാന്തരം നാം ഗർവിഷ്ഠരായിത്തീരുകയുമില്ല. നാം സത്യം സംസാരിക്കുകയും അംഗീകാരം കൈവരുത്തിയേക്കാവുന്ന ദൈവിക പ്രവൃത്തികളിൽ ഏർപ്പെടുകയും ചെയ്യും. ശത്രുക്കളുടെ ആക്രമണത്താൽ വലിയ അപകടത്തിൽപ്പെടുമ്പോൾ, നാം യഹോവയിൽ ആശ്രയിക്കും. നന്ദിയോടെ ശിക്ഷണം സ്വീകരിക്കുകയും ചെയ്യും.—2 കൊരിന്ത്യർ 6:8, 9.
19. ‘പലരെയും’ ആത്മീയമായി ‘സമ്പന്നർ ആക്കാൻ’ കഴിയുന്നത് എങ്ങനെ?
19 അനുരഞ്ജന ശുശ്രൂഷയെ കുറിച്ചുള്ള ചർച്ച അവസാനിപ്പിച്ചുകൊണ്ട്, പൗലൊസ് തന്നെയും തന്റെ സഹകാരികളെയും കുറിച്ച് “ദുഃഖിതരെങ്കിലും എപ്പോഴും സന്തോഷിക്കുന്നവർ; ദരിദ്രരെങ്കിലും പലരെയും സമ്പന്നർ ആക്കുന്നവർ; ഒന്നും ഇല്ലാത്തവർ എങ്കിലും എല്ലാം കൈവശമുള്ള”വർ എന്നു പറയുന്നു. (2 കൊരിന്ത്യർ 6:10) തങ്ങളുടെ കഷ്ടങ്ങളെപ്രതി ദുഃഖിക്കാൻ കാരണമുണ്ടായിരുന്നെങ്കിലും ആ ശുശ്രൂഷകർക്ക് ആന്തരിക സന്തോഷം ഉണ്ടായിരുന്നു. ഭൗതികമായി ദരിദ്രർ ആയിരുന്നെങ്കിലും അവർ ‘പലരെയും’ ആത്മീയമായി ‘സമ്പന്നർ ആക്കി.’ വിശ്വാസം അവർക്ക് ആത്മീയ സമ്പത്ത്—ദൈവത്തിന്റെ ആത്മീയ പുത്രന്മാർ ആയിത്തീരുന്നതിനുള്ള പ്രതീക്ഷ പോലും—പ്രദാനം ചെയ്തിരുന്നതിനാൽ വാസ്തവത്തിൽ അവർ ‘എല്ലാം കൈവശമുള്ളവർ’ ആയിരുന്നു. ക്രിസ്തീയ ശുശ്രൂഷകർ എന്ന നിലയിൽ അവർക്ക് സമ്പന്നവും സന്തുഷ്ടവും ആയ ജീവിതം ഉണ്ടായിരുന്നു. (പ്രവൃത്തികൾ 20:35) അവരെപ്പോലെ, ഇപ്പോൾ, ഈ രക്ഷാദിവസത്തിൽ, അനുരഞ്ജന ശുശ്രൂഷയിൽ പങ്കെടുത്തുകൊണ്ട് നമുക്കു ‘പലരെയും സമ്പന്നരാക്കാൻ’ കഴിയും!
യഹോവയാലുള്ള രക്ഷയിൽ ആശ്രയം വെക്കുവിൻ
20. (എ) പൗലൊസിന്റെ ആത്മാർഥമായ ആഗ്രഹം എന്തായിരുന്നു, സമയം വളരെ പരിമിതമായിരുന്നത് എന്തുകൊണ്ട്? (ബി) നമ്മുടെ കാലഘട്ടത്തെ രക്ഷാദിവസമായി തിരിച്ചറിയിക്കുന്നത് എന്ത്?
20 പൊ.യു. 55-നോടടുത്ത് പൗലൊസ് കൊരിന്ത്യർക്കു തന്റെ രണ്ടാമത്തെ ലേഖനം എഴുതിയപ്പോൾ, യഹൂദ വ്യവസ്ഥിതിയുടെ നാശത്തിന് ഏകദേശം 15 വർഷം കൂടിയേ ശേഷിക്കുന്നുണ്ടായിരുന്നുള്ളൂ. യഹൂദരും വിജാതീയരും ക്രിസ്തുവിലൂടെ ദൈവവുമായി അനുരഞ്ജനത്തിൽ ആയിത്തീരണമെന്ന് അപ്പൊസ്തലൻ ആത്മാർഥമായി ആഗ്രഹിച്ചു. അത് രക്ഷാദിവസം ആയിരുന്നു, സമയം വളരെ പരിമിതമായിരുന്നു. സമാനമായി നാമും 1914 മുതൽ ഒരു വ്യവസ്ഥിതിയുടെ സമാപനത്തിലാണ്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ആഗോള രാജ്യപ്രസംഗ വേല ഇതിനെ രക്ഷാദിവസമായി തിരിച്ചറിയിക്കുന്നു.
21. (എ) 1999-ലേക്കു തിരഞ്ഞെടുത്തിരിക്കുന്ന വാർഷികവാക്യം എന്ത്? (ബി) ഈ രക്ഷാദിവസത്തിൽ നാം എന്തു ചെയ്തുകൊണ്ടിരിക്കണം?
21 രക്ഷയ്ക്കായി ദൈവം യേശുക്രിസ്തുവിലൂടെ ചെയ്തിരിക്കുന്ന കരുതലിനെ കുറിച്ച് എല്ലാ ജനതകളും കേൾക്കേണ്ട ആവശ്യമുണ്ട്. കാത്തുനിൽക്കാൻ സമയം ഇല്ല. പൗലൊസ് എഴുതി: “ഇപ്പോൾ ആകുന്നു രക്ഷാദിവസം.” 2 കൊരിന്ത്യർ 6:2-ലെ ആ വാക്കുകൾ യഹോവയുടെ സാക്ഷികളുടെ 1999-ലെ വാർഷികവാക്യം ആയിരിക്കും. യെരൂശലേമിനും അതിന്റെ ആലയത്തിനും നേരിട്ടതിനെക്കാൾ വളരെ വലിയ നാശത്തെ നാം അഭിമുഖീകരിക്കുന്നതിനാൽ അത് എത്രയോ അനുയോജ്യം! ഭൂമിയിലെ സകലരും ഉൾപ്പെട്ട, ഈ മുഴു വ്യവസ്ഥിതിയുടെയും നാശം തൊട്ടു മുന്നിലാണ്. നാളെ അല്ല, ഇപ്പോൾ ആകുന്നു പ്രവർത്തിക്കാനുള്ള സമയം. രക്ഷ യഹോവയിങ്കൽ നിന്നാണ് എന്നു നാം വിശ്വസിക്കുന്നെങ്കിൽ, നാം അവനെ സ്നേഹിക്കുന്നെങ്കിൽ, നാം നിത്യജീവനെ വിലമതിക്കുന്നെങ്കിൽ, നാം ദൈവത്തിന്റെ അനർഹ ദയയുടെ ഉദ്ദേശ്യത്തെ വ്യർഥമാക്കുകയില്ല. യഹോവയെ ബഹുമാനിക്കുന്നതിനുള്ള ഹൃദയംഗമമായ ആഗ്രഹത്തോടെ, “ഇപ്പോൾ ആകുന്നു രക്ഷാദിവസം” എന്ന് നമുക്കു ഉദ്ഘോഷിക്കുകയും നാം അത് യഥാർഥത്തിൽ അർഥമാക്കുന്നു എന്നു നമ്മുടെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും തെളിയിക്കുകയും ചെയ്തുകൊണ്ടിരിക്കാം.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
□ ദൈവവുമായുള്ള അനുരഞ്ജനം ജീവത്പ്രധാനം ആയിരിക്കുന്നത് എന്തുകൊണ്ട്?
□ അനുരഞ്ജന ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാനപതികളും സന്ദേശവാഹകരും ആരെല്ലാം?
□ നമുക്ക് നമ്മെത്തന്നെ ദൈവത്തിന്റെ ശുശ്രൂഷകരായി എങ്ങനെ ശുപാർശ ചെയ്യാൻ കഴിയും?
□ യഹോവയുടെ സാക്ഷികളുടെ 1999-ലേക്കുള്ള വാർഷിക വാക്യം നിങ്ങൾക്ക് എന്ത് അർഥമാക്കുന്നു?
[17-ാം പേജിലെ ചിത്രങ്ങൾ]
പൗലൊസിനെപ്പോലെ, നിങ്ങൾ സതീക്ഷ്ണം പ്രസംഗിക്കുകയും മറ്റുള്ളവരെ ദൈവവുമായി അനുരഞ്ജനത്തിലാകാൻ സഹായിക്കുകയും ചെയ്യുന്നുണ്ടോ?
ഐക്യനാടുകൾ
ഫ്രാൻസ്
ഐവറി കോസ്റ്റ്
[18-ാം പേജിലെ ചിത്രം]
ഈ രക്ഷാദിവസത്തിൽ, യഹോവയാം ദൈവവുമായി അനുരഞ്ജനപ്പെടുന്ന പുരുഷാരത്തിൽ നിങ്ങളും ഉണ്ടോ?