അന്ത്യകാലത്ത് നിഷ്പക്ഷത പാലിക്കുന്ന ക്രിസ്ത്യാനികൾ
“ഞാൻ ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെ അവരും ലോകത്തിന്റെ ഭാഗമല്ല.” —യോഹന്നാൻ 17:16, NW.
1, 2. തന്റെ അനുഗാമികൾക്ക് ലോകവുമായുള്ള ബന്ധത്തെ കുറിച്ച് യേശു എന്തു പറഞ്ഞു, അവന്റെ വാക്കുകൾ ഏതു ചോദ്യങ്ങൾ ഉയർത്തുന്നു?
ഒരു പൂർണ മനുഷ്യൻ എന്നനിലയിലുള്ള തന്റെ അവസാന രാത്രിയിൽ ശിഷ്യന്മാർ കേൾക്കെ യേശു സുദീർഘമായ ഒരു പ്രാർഥന അർപ്പിച്ചു. ആ പ്രാർഥനയിൽ, സത്യ ക്രിസ്ത്യാനികളായ ഏവരുടെയും ജീവിതത്തിനു ബാധകമാകുന്ന ഒരു കാര്യം യേശു പറയുകയുണ്ടായി. തന്റെ അനുഗാമികളെ കുറിച്ച് അവൻ ഇപ്രകാരം പറഞ്ഞു: “ഞാൻ അവർക്കു നിന്റെ വചനം നൽകിയിരിക്കുന്നു, എന്നാൽ ലോകം അവരെ ദ്വേഷിച്ചിരിക്കുന്നു, എന്തെന്നാൽ ഞാൻ ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെ അവരും ലോകത്തിന്റെ ഭാഗമല്ല. ലോകത്തിൽനിന്ന് അവരെ എടുക്കണം എന്നല്ല, ദുഷ്ടനിൽനിന്ന് അവരെ കാത്തുകൊള്ളണം എന്നു ഞാൻ നിന്നോട് അപേക്ഷിക്കുന്നു. ഞാൻ ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെ അവരും ലോകത്തിന്റെ ഭാഗമല്ല.”—യോഹന്നാൻ 17:14-16, NW.
2 തന്റെ അനുഗാമികൾ ലോകത്തിന്റെ ഭാഗമായിരിക്കുകയില്ല എന്ന് രണ്ടു പ്രാവശ്യം യേശു പറഞ്ഞു. കൂടാതെ, ആ വേർപെടൽ പിരിമുറുക്കങ്ങൾക്ക് ഇടയാക്കും—ലോകം അവരെ ദ്വേഷിക്കും. എങ്കിലും ക്രിസ്ത്യാനികൾ ഭയപ്പെടേണ്ടതില്ല; കാരണം, യഹോവ അവരെ കാക്കും. (സദൃശവാക്യങ്ങൾ 18:10; മത്തായി 24:9, 13) യേശു ഇപ്രകാരം പറഞ്ഞതിന്റെ വീക്ഷണത്തിൽ നാം ചോദിച്ചേക്കാം: ‘സത്യ ക്രിസ്ത്യാനികൾ ലോകത്തിന്റെ ഭാഗമല്ലാത്തത് എന്തുകൊണ്ടാണ്? ലോകത്തിന്റെ ഭാഗമല്ലാതിരിക്കുക എന്നതിന്റെ അർഥം എന്താണ്? ലോകം ക്രിസ്ത്യാനികളെ ദ്വേഷിക്കുന്നുവെന്നിരിക്കെ അവർക്ക് ലോകത്തോടുള്ള മനോഭാവം എന്താണ്? വിശേഷിച്ചും, അവർ ലൗകിക ഗവൺമെന്റുകളെ എങ്ങനെയാണു വീക്ഷിക്കുന്നത്?’ ഈ ചോദ്യങ്ങൾക്കുള്ള തിരുവെഴുത്തധിഷ്ഠിതമായ ഉത്തരങ്ങൾ പ്രാധാന്യമുള്ളവയാണ്, കാരണം അവ നമ്മെ ഏവരെയും ബാധിക്കുന്നു.
“നാം ദൈവത്തിൽനിന്നുള്ളവർ”
3. (എ) നമ്മെ ലോകത്തിൽനിന്നു വേർപെടുത്തുന്നത് എന്ത്? (ബി) ലോകം ‘ദുഷ്ടന്റെ അധീനതയിൽ’ ആണെന്നുള്ളതിന് എന്തു തെളിവുണ്ട്?
3 നാം ലോകത്തിന്റെ ഭാഗമല്ലാതിരിക്കാനുള്ള ഒരു കാരണം യഹോവയുമായി നമുക്കുള്ള അടുത്ത ബന്ധമാണ്. അപ്പൊസ്തലനായ യോഹന്നാൻ ഇങ്ങനെ എഴുതി: “നാം ദൈവത്തിൽനിന്നുള്ളവർ എന്നു നാം അറിയുന്നു. സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.” (1 യോഹന്നാൻ 5:19) ലോകത്തെ കുറിച്ചുള്ള യോഹന്നാന്റെ വാക്കുകൾ എത്ര ശരിയാണ്! ലോകത്തിൽ അരങ്ങേറുന്ന യുദ്ധങ്ങൾ, കുറ്റകൃത്യങ്ങൾ, ക്രൂരത, അടിച്ചമർത്തൽ, സത്യസന്ധതയില്ലായ്മ, അധാർമികത എന്നിവയെല്ലാം ദൈവത്തിന്റെയല്ല, സാത്താന്റെ സ്വാധീനത്തിനുള്ള തെളിവുകളാണ്. (യോഹന്നാൻ 12:31; 2 കൊരിന്ത്യർ 4:4; എഫെസ്യർ 6:12) ഒരു വ്യക്തി യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീരുമ്പോൾ അയാൾ അത്തരം ദുഷ്പ്രവൃത്തികൾ ചെയ്യുകയോ അവ അംഗീകരിക്കുകയോ ഇല്ല, അത് അയാളെ ലോകത്തിന്റെ ഭാഗമല്ലാതാക്കിത്തീർക്കുന്നു.—റോമർ 12:2; 13:12-14; 1 കൊരിന്ത്യർ 6:9-11; 1 യോഹന്നാൻ 3:10-12.
4. നാം യഹോവയ്ക്കുള്ളവർ ആണെന്ന് ഏതെല്ലാം വിധങ്ങളിലൂടെ നാം കാണിക്കുന്നു?
4 ലോകത്തിൽനിന്നു വ്യത്യസ്തമായി ക്രിസ്ത്യാനികൾ “ദൈവത്തിൽനിന്നുള്ളവർ” ആണെന്ന് യോഹന്നാൻ പറഞ്ഞു. യഹോവയ്ക്ക് തങ്ങളെത്തന്നെ സമർപ്പിക്കുന്ന ഏവരും അവന് അവകാശപ്പെട്ടവരായി തീരുന്നു. പൗലൊസ് അപ്പൊസ്തലൻ പറഞ്ഞു: “ജീവിക്കുന്നു എങ്കിൽ നാം കർത്താവിന്നായി [“യഹോവയ്ക്കായി, NW] ജീവിക്കുന്നു; മരിക്കുന്നു എങ്കിൽ കർത്താവിന്നായി മരിക്കുന്നു; അതുകൊണ്ടു ജീവിക്കുന്നു എങ്കിലും മരിക്കുന്നു എങ്കിലും നാം കർത്താവിന്നുള്ളവർ തന്നേ.” (റോമർ 14:8; സങ്കീർത്തനം 116:15) നാം യഹോവയ്ക്കുള്ളവർ ആയതിനാൽ നാം അവന് “അനന്യ ഭക്തി” നൽകുന്നു. (പുറപ്പാടു 20:4-6, NW) അതുകൊണ്ട്, ഒരു സത്യ ക്രിസ്ത്യാനി തന്റെ ജീവിതം ഒരു ലൗകിക ലക്ഷ്യത്തിനായി ഉഴിഞ്ഞുവെക്കുന്നില്ല. അയാൾ ദേശീയ ചിഹ്നങ്ങളെ ആദരിക്കുന്നെങ്കിലും മനസ്സുകൊണ്ടോ പ്രവൃത്തികൊണ്ടോ അവയെ ആരാധിക്കുന്നില്ല. സ്പോർട്സ് താരങ്ങളെയോ മറ്റേതെങ്കിലും ആധുനിക ആരാധനാപാത്രങ്ങളെയോ അയാൾ പൂജിക്കുന്നില്ല. തങ്ങൾ ഇച്ഛിക്കുന്നതുപോലെ കാര്യങ്ങൾ ചെയ്യാനുള്ള ആളുകളുടെ സ്വാതന്ത്ര്യത്തെ അയാൾ തീർച്ചയായും മാനിക്കുന്നു, എന്നാൽ അയാൾ സ്രഷ്ടാവിനെ മാത്രമേ ആരാധിക്കുകയുള്ളൂ. (മത്തായി 4:10; വെളിപ്പാടു 19:10) ഇതും അയാളെ ലോകത്തിൽനിന്നു വേർതിരിച്ചു നിറുത്തുന്നു.
“എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല”
5, 6. ദൈവരാജ്യത്തോടുള്ള കീഴ്പെടൽ നമ്മെ ലോകത്തിൽനിന്നു വേർതിരിച്ചു നിറുത്തുന്നത് എങ്ങനെ?
5 ക്രിസ്ത്യാനികൾ ക്രിസ്തുയേശുവിന്റെ അനുഗാമികളും ദൈവരാജ്യത്തിന്റെ പ്രജകളുമാണ്, അതും അവരെ ലോകത്തിന്റെ ഭാഗമല്ലാതാക്കുന്നു. പൊന്തിയൊസ് പീലാത്തൊസിന്റെ മുമ്പാകെ വിചാരണ ചെയ്യപ്പെട്ടപ്പോൾ യേശു ഇപ്രകാരം പറഞ്ഞു: “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല. എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമായിരുന്നെങ്കിൽ, ഞാൻ യഹൂദർക്ക് ഏൽപ്പിക്കപ്പെടാതിരിക്കേണ്ടതിന് എന്റെ സേവകർ പോരാടുമായിരുന്നു. എന്നാൽ, അത് ആയിരിക്കുന്നതുപോലെ, എന്റെ രാജ്യം ഈ ഉറവിൽനിന്നുള്ളതല്ല.” (യോഹന്നാൻ 18:36, NW) യഹോവയുടെ നാമം വിശുദ്ധീകരിക്കപ്പെടുന്നതും അവന്റെ പരമാധികാരം സംസ്ഥാപിക്കപ്പെടുന്നതും അവന്റെ ഹിതം സ്വർഗത്തിലെപ്പോലെ ഭൂമിയിൽ ചെയ്യപ്പെടുന്നതും ആ രാജ്യം മുഖാന്തരമായിരിക്കും. (മത്തായി 6:9, 10) തന്റെ ശുശ്രൂഷയിലുടനീളം യേശു രാജ്യത്തിന്റെ സുവാർത്ത പ്രസംഗിച്ചു, തന്റെ ശിഷ്യന്മാർ വ്യവസ്ഥിതിയുടെ സമാപനംവരെയും അത് ഘോഷിക്കുമെന്നും അവൻ പറഞ്ഞു. (മത്തായി 4:23; മത്തായി 24:14) 1914-ൽ വെളിപ്പാടു 11:15-ലെ പ്രാവചനിക വാക്കുകൾ നിവൃത്തിയേറി: “ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും.” താമസിയാതെ, മനുഷ്യവർഗത്തിന്മേൽ വാഴ്ച നടത്തുന്ന ഏക ഭരണകൂടം ആ സ്വർഗരാജ്യം മാത്രമായിരിക്കും. (ദാനീയേൽ 2:44) ലൗകിക ഭരണാധികാരികൾ പോലും അതിന്റെ അധികാരത്തെ അംഗീകരിക്കാൻ നിർബന്ധിതരായിത്തീരുന്ന സമയം വരും.—സങ്കീർത്തനം 2:6-12.
6 ഇതെല്ലാം മനസ്സിൽ പിടിച്ചുകൊണ്ട് ഇന്ന് സത്യ ക്രിസ്ത്യാനികൾ ദൈവരാജ്യത്തിന്റെ പൗരന്മാരെന്ന നിലയിൽ അതിനു കീഴ്പെട്ടിരിക്കുന്നു, ‘മുമ്പെ [ദൈവത്തിന്റെ] രാജ്യവും നീതിയും അന്വേഷിപ്പിൻ’ എന്ന യേശുവിന്റെ ബുദ്ധിയുപദേശം അവർ അനുസരിക്കുകയും ചെയ്യുന്നു. (മത്തായി 6:33) അത് അവരെ തങ്ങളുടെ ദേശത്തോട് അവിശ്വസ്തരാക്കുന്നില്ല, പക്ഷേ അത് അവരെ ലോകത്തിൽനിന്ന് ആത്മീയമായി വേർതിരിച്ചു നിറുത്തുകതന്നെ ചെയ്യുന്നു. ഒന്നാം നൂറ്റാണ്ടിലേതുപോലെ ഇന്ന് ക്രിസ്ത്യാനികളുടെ മുഖ്യ വേല, ‘ദൈവരാജ്യത്തിന്നു സാക്ഷ്യം പറയുക’ എന്നതാണ്. (പ്രവൃത്തികൾ 28:23) ആ ദൈവദത്ത വേലയെ തടസ്സപ്പെടുത്താൻ യാതൊരു മാനുഷ ഗവൺമെന്റിനും അധികാരമില്ല.
7. സത്യ ക്രിസ്ത്യാനികൾ നിഷ്പക്ഷത പാലിക്കുന്നത് എന്തുകൊണ്ട്, അവർ അത് എങ്ങനെ പ്രകടമാക്കിയിരിക്കുന്നു?
7 യഹോവയ്ക്ക് അവകാശപ്പെട്ടവരും യേശുവിന്റെ അനുഗാമികളും ദൈവരാജ്യത്തിന്റെ പ്രജകളും ആയതിനാലും യഹോവയുടെ സാക്ഷികൾ 20-ഉം 21-ഉം നൂറ്റാണ്ടുകളിൽ അരങ്ങേറിയിട്ടുള്ള ദേശീയ, അന്തർദേശീയ ഏറ്റുമുട്ടലുകളിൽ നിഷ്പക്ഷത പാലിച്ചിരിക്കുന്നു. അവർ ഏറ്റുമുട്ടലുകളിൽ പക്ഷം ചേരുകയോ ആർക്കെങ്കിലുമെതിരെ ആയുധമെടുക്കുകയോ ചെയ്തിട്ടില്ല, ഏതെങ്കിലും ലൗകിക ലക്ഷ്യത്തിനു വേണ്ടി അവർ പ്രചാരണം നടത്തിയിട്ടുമില്ല. രൂക്ഷമായ എതിർപ്പിൻ മധ്യേ അവർ ശ്രദ്ധേയമായ വിശ്വാസം പ്രകടമാക്കിയിരിക്കുന്നു, 1934-ൽ ജർമനിയിലെ നാസി ഭരണാധികാരികൾക്കു വ്യക്തമാക്കിക്കൊടുത്ത ഈ തത്ത്വങ്ങളാണ് അവർ പിൻപറ്റിയിരിക്കുന്നത്: “രാഷ്ട്രീയ കാര്യങ്ങളിൽ ഞങ്ങൾക്ക് യാതൊരു താത്പര്യവുമില്ല. ക്രിസ്തു എന്ന രാജാവിൻ കീഴിലെ ദൈവരാജ്യത്തിനായി ഞങ്ങൾ പൂർണമായും സമർപ്പിതരാണ്. ഞങ്ങൾ ആർക്കും ഒരു ദ്രോഹമോ ഉപദ്രവമോ ചെയ്യില്ല. സമാധാനത്തിൽ ജീവിക്കാനും അവസരംപോലെ എല്ലാവർക്കും നന്മ ചെയ്യാനും ഞങ്ങൾ അതിയായി പ്രിയപ്പെടുന്നു.”
ക്രിസ്തുവിനുവേണ്ടിയുള്ള സ്ഥാനപതികളും സന്ദേശവാഹകരും
8, 9. യഹോവയുടെ സാക്ഷികൾ ഇന്ന് സ്ഥാനപതികളും സന്ദേശവാഹകരും ആയിരിക്കുന്നത് ഏതു വിധത്തിൽ, ഇത് രാഷ്ട്രങ്ങളുമായുള്ള അവരുടെ ബന്ധത്തെ എങ്ങനെ ബാധിക്കുന്നു?
8 തന്നെത്തന്നെയും സഹ അഭിഷിക്ത ക്രിസ്ത്യാനികളെയും കുറിച്ച് പൗലൊസ് ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ ക്രിസ്തുവിന്റെ സ്ഥാനപതികളാണ്. ഞങ്ങൾവഴി ദൈവം നിങ്ങളോട് അഭ്യർത്ഥിക്കുന്നു.” (2 കൊരിന്ത്യർ 5:20, പി.ഒ.സി. ബൈബിൾ; എഫെസ്യർ 6:20, പി.ഒ.സി. ബൈ.) ദൈവരാജ്യത്തിന്റെ “പുത്രന്മാർ” ആയ ആത്മാഭിഷിക്ത ക്രിസ്ത്യാനികളെ 1914 മുതൽ ഉചിതമായും ദൈവരാജ്യത്തിന്റെ സ്ഥാനപതികൾ എന്നു വിശേഷിപ്പിക്കാൻ കഴിയും. (മത്തായി 13:38; ഫിലിപ്പിയർ 3:20; വെളിപ്പാടു 5:9, 10) കൂടാതെ, ജനതകളിൽനിന്ന് “വേറെ ആടുക”ളുടെ ഒരു “മഹാപുരുഷാര”ത്തെ യഹോവ കൂട്ടിവരുത്തിയിരിക്കുന്നു. ഭൗമിക പ്രത്യാശയുള്ള ഈ ക്രിസ്ത്യാനികൾ തന്റെ അഭിഷിക്ത പുത്രന്മാരെ അവരുടെ സ്ഥാനപതി വേലയിൽ പിന്തുണയ്ക്കണമെന്നതാണ് അവന്റെ ഉദ്ദേശ്യം. (യോഹന്നാൻ 10:16; വെളിപ്പാടു 7:9) ഈ ‘വേറെ ആടുകളെ’ ദൈവരാജ്യത്തിന്റെ ‘സന്ദേശവാഹകർ’ എന്നു വിളിക്കാൻ സാധിക്കും.
9 ഒരു സ്ഥാനപതിയും അദ്ദേഹത്തോടൊപ്പമുള്ള ജീവനക്കാരും തങ്ങൾ സേവിക്കുന്ന രാജ്യത്തെ കാര്യാദികളിൽ ഉൾപ്പെടുന്നില്ല. സമാനമായി, ക്രിസ്ത്യാനികൾ ലോക രാഷ്ട്രങ്ങളുടെ രാഷ്ട്രീയ കാര്യാദികളിൽ നിഷ്പക്ഷത പാലിക്കുന്നു. ദേശീയമോ വംശീയമോ സാമൂഹികമോ സാമ്പത്തികമോ ആയ ഏതെങ്കിലും കൂട്ടത്തോടോ അല്ലെങ്കിൽ അതിന് എതിരായോ അവർ പക്ഷം ചേരുന്നില്ല. (പ്രവൃത്തികൾ 10:34, 35) പകരം അവർ ‘എല്ലാവർക്കും നന്മ ചെയ്യുന്നു.’ (ഗലാത്യർ 6:10) യഹോവയുടെ സാക്ഷികൾ ഇത്തരത്തിൽ നിഷ്പക്ഷത പാലിക്കുന്നതിനാൽ, എതിർച്ചേരിയിൽപ്പെട്ട ഏതെങ്കിലും വംശീയമോ ദേശീയമോ വർഗീയമോ ആയ കൂട്ടത്തോടൊപ്പം ഉള്ളവരാണ് അവരെന്ന് സത്യസന്ധമായി ആരോപിച്ചുകൊണ്ട് അവരുടെ സന്ദേശം തള്ളിക്കളയാൻ ആർക്കും സാധിക്കുകയില്ല.
സ്നേഹത്താൽ തിരിച്ചറിയപ്പെടുന്നു
10. ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം സ്നേഹം എത്ര പ്രധാനമാണ്?
10 ക്രിസ്ത്യാനികൾ ലോകത്തിന്റെ കാര്യാദികളിൽ നിഷ്പക്ഷത പാലിക്കാനുള്ള വേറൊരു കാരണം, മറ്റു ക്രിസ്ത്യാനികളുമായുള്ള അവരുടെ ബന്ധമാണ്. യേശു തന്റെ അനുഗാമികളോടു പറഞ്ഞു: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും” (യോഹന്നാൻ 13:35) ഒരു ക്രിസ്ത്യാനി ആയിരിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന ഒരു പ്രധാന ഘടകം സഹോദരസ്നേഹമാണ്. (1 യോഹന്നാൻ 3:14) ഒരു ക്രിസ്ത്യാനി തന്റെ സഹവിശ്വാസികളുമായി വളരെ അടുത്ത ബന്ധം ആസ്വദിക്കുന്നു, കാരണം അത് യഹോവയും യേശുവുമായുള്ള അയാളുടെ ബന്ധത്തിൽ അധിഷ്ഠിതമാണ്. അയാളുടെ സ്നേഹം സ്വന്തം സഭയിലുള്ളവരിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. ‘ലോകത്തിലുള്ള [മുഴു] സഹോദരവർഗ്ഗത്തെയും’ അയാൾ സ്നേഹിക്കുന്നു.—1 പത്രൊസ് 5:9.
11. പരസ്പര സ്നേഹം യഹോവയുടെ സാക്ഷികളുടെ നടത്തയെ സ്വാധീനിച്ചിരിക്കുന്നത് എങ്ങനെ?
11 ഇന്ന്, യെശയ്യാവു 2:4-ലെ വാക്കുകൾ നിവർത്തിച്ചുകൊണ്ട് യഹോവയുടെ സാക്ഷികൾ തങ്ങളുടെ സഹോദരസ്നേഹം പ്രകടമാക്കുന്നു. ആ വാക്യം ഇപ്രകാരം പറയുന്നു: “അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.” യഹോവയാൽ ഉപദേശിക്കപ്പെട്ടവർ എന്ന നിലയിൽ സത്യ ക്രിസ്ത്യാനികൾ ദൈവവുമായും അന്യോന്യവും സമാധാനം ആസ്വദിക്കുന്നു. (യെശയ്യാവു 54:13) ദൈവത്തെയും തങ്ങളുടെ സഹോദരങ്ങളെയും സ്നേഹിക്കുന്നതുകൊണ്ട് ഇതര ദേശങ്ങളിലുള്ള സഹവിശ്വാസികൾക്കെതിരെ—അല്ലെങ്കിൽ മറ്റാർക്കെങ്കിലുമെതിരെ—ആയുധമെടുക്കുന്നത് അവരെ സംബന്ധിച്ചിടത്തോളം അചിന്തനീയമാണ്. അവർക്കിടയിലുള്ള സമാധാനവും ഐക്യവും അവരുടെ ആരാധനയുടെ ഒരു അവിഭാജ്യ ഘടകമാണ്—അവർക്ക് യഥാർഥമായും ദൈവാത്മാവ് ഉണ്ടെന്നതിന്റെ ഒരു തെളിവാണ് അത്. (സങ്കീർത്തനം 133:1; മീഖാ 2:12; മത്തായി 22:37-39; കൊലൊസ്സ്യർ 3:14) “യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലു”ണ്ടെന്ന് അറിയാവുന്നതിനാൽ അവർ “സമാധാനം അന്വേഷിച്ചു പിന്തുടരു”ന്നു.—സങ്കീർത്തനം 34:14, 15.
ക്രിസ്ത്യാനികൾ ലോകത്തെ വീക്ഷിക്കുന്ന വിധം
12. ലോകത്തിലെ ആളുകളോടുള്ള യഹോവയുടെ ഏതു മനോഭാവത്തെയാണ് അവന്റെ സാക്ഷികൾ അനുകരിക്കുന്നത്, എങ്ങനെ?
12 യഹോവ ഈ ലോകത്തിനെതിരെ പ്രതികൂല ന്യായവിധി പ്രഖ്യാപിച്ചിരിക്കുന്നു എന്നതു ശരിയാണ്. എന്നിരുന്നാലും, ലോകത്തിലുള്ള ഓരോരുത്തരെയും അവൻ വ്യക്തിപരമായി ഇതുവരെ ന്യായംവിധിച്ചിട്ടില്ല. തന്റെ തക്കസമയത്ത് യേശു മുഖാന്തരം അവൻ അതു ചെയ്യും. (സങ്കീർത്തനം 67:3, 4; മത്തായി 25:31-46; 2 പത്രൊസ് 3:10) എന്നാൽ ഇപ്പോൾ അവൻ സകല മനുഷ്യരോടും വലിയ സ്നേഹം കാണിക്കുന്നു. ഏവർക്കും നിത്യജീവനുള്ള അവസരം തുറന്നുകൊടുക്കേണ്ടതിന് അവൻ തന്റെ ഏകജാത പുത്രനെ നൽകുകപോലും ചെയ്തിരിക്കുന്നു. (യോഹന്നാൻ 3:16) ക്രിസ്ത്യാനികൾ എന്ന നിലയിൽ, രക്ഷയ്ക്കുള്ള ദൈവിക ക്രമീകരണത്തെ കുറിച്ച് മറ്റുള്ളവരോടു പറഞ്ഞുകൊണ്ട് ദൈവത്തിന്റെ സ്നേഹത്തെ നാം അനുകരിക്കുന്നു, നമ്മുടെ ശ്രമങ്ങൾ പലപ്പോഴും തിരസ്കരിക്കപ്പെടുന്നെങ്കിൽ പോലും.
13. നാം ലൗകിക ഭരണാധികാരികളെ എങ്ങനെ വീക്ഷിക്കണം?
13 ലൗകിക അധികാരികളെ നാം എങ്ങനെ വീക്ഷിക്കണം? പൗലൊസ് അതിന് ഉത്തരം നൽകുന്നു: “ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്ക് കീഴ്പെട്ടിരിക്കട്ടെ, എന്തുകൊണ്ടെന്നാൽ ദൈവത്താലല്ലാതെ ഒരധികാരവുമില്ല; നിലവിലുള്ള അധികാരങ്ങളാകട്ടെ ദൈവത്താൽ അവയുടെ ആപേക്ഷിക സ്ഥാനങ്ങളിൽ നിലനിൽക്കുന്നു.” (റോമർ 13:1, 2, NW.) മനുഷ്യർ “ആപേക്ഷിക”മായ (മറ്റൊന്നിനോടുള്ള താരതമ്യത്തിൽ വലുതോ ചെറുതോ ആയിരിക്കാമെങ്കിലും എല്ലായ്പോഴും യഹോവയെക്കാൾ താണ) അധികാരസ്ഥാനങ്ങൾ വഹിക്കുന്നു. എന്തുകൊണ്ടെന്നാൽ, സർവശക്തൻ അവരെ അതിന് അനുവദിച്ചിരിക്കുന്നു. ഒരു ക്രിസ്ത്യാനി ലൗകിക അധികാരത്തിനു കീഴ്പെടുന്നു, കാരണം യഹോവയോടുള്ള അയാളുടെ അനുസരണത്തിന്റെ ഒരു പ്രകടനമാണ് അത്. എന്നാൽ ഒരു മാനുഷ ഗവൺമെന്റിന്റെ അനുശാസനങ്ങൾ ദൈവിക കൽപ്പനകൾക്കു വിരുദ്ധമാണെങ്കിലോ?
ദൈവത്തിന്റെ നിയമവും കൈസറുടെ നിയമവും
14, 15. (എ) കീഴ്പെടൽ സംബന്ധിച്ച ഒരു പ്രശ്നം ഒഴിവാക്കാൻ ദാനീയേലിന് കഴിഞ്ഞത് എങ്ങനെ? (ബി) കീഴ്പെടൽ സംബന്ധിച്ച ഒരു പ്രശ്നം ഒഴിവാക്കാനാകാതെ വന്നപ്പോൾ മൂന്ന് എബ്രായ യുവാക്കൾ ഏതു നിലപാടു സ്വീകരിച്ചു?
14 മാനുഷ ഗവൺമെന്റുകളോടുള്ള കീഴ്പെടലിനെ ദൈവിക അധികാരത്തോടുള്ള കീഴ്പെടലുമായി എങ്ങനെ സമനിലയിൽ നിറുത്താൻ സാധിക്കുമെന്നതിന് ദാനീയേലും അവന്റെ മൂന്നു സഹകാരികളും ഒരു നല്ല മാതൃക വെക്കുന്നു. ബാബിലോണിൽ പ്രവാസികളായിത്തീർന്നപ്പോൾ ആ നാല് എബ്രായ യുവാക്കൾ അവിടത്തെ നിയമങ്ങൾ അനുസരിച്ചു, അങ്ങനെ പെട്ടെന്നുതന്നെ പ്രത്യേക പരിശീലനത്തിന് അവർ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പരിശീലനത്തിൽ ഉൾപ്പെട്ടിരുന്ന ചില സംഗതികൾ യഹോവയുടെ നിയമത്തിനു വിരുദ്ധമായിരിക്കുമെന്ന് മനസ്സിലാക്കിയ ദാനീയേൽ, ബന്ധപ്പെട്ട ഉദ്യോഗസ്ഥനുമായി ആ വിഷയത്തെ കുറിച്ചു ചർച്ച ചെയ്തു. തന്മൂലം, ആ നാല് എബ്രായരുടെയും മനസ്സാക്ഷിയെ മാനിക്കാനായി പ്രത്യേക ക്രമീകരണങ്ങൾ ചെയ്യപ്പെട്ടു. (ദാനീയേൽ 1:8-17) ദാനീയേലിന്റെ മാതൃക പിൻപറ്റിക്കൊണ്ട്, അനാവശ്യ പ്രശ്നങ്ങൾ ഒഴിവാക്കാനായി യഹോവയുടെ സാക്ഷികൾ നയപൂർവം അധികാരികളുടെ മുമ്പാകെ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നു.
15 എന്നാൽ പിന്നീട് ഒരിക്കൽ കീഴ്പെടൽ സംബന്ധിച്ച ഒരു പ്രശ്നം ഒഴിവാക്കാനാകാത്ത സാഹചര്യം സംജാതമായി. ബാബിലോണിലെ രാജാവ് ദൂരാ സമഭൂമിയിൽ ഒരു വലിയ ബിംബം ഉണ്ടാക്കുകയും സംസ്ഥാനപാലകർ ഉൾപ്പെടെ എല്ലാ ഉയർന്ന ഉദ്യോഗസ്ഥരോടും അതിന്റെ പ്രതിഷ്ഠയ്ക്കു കൂടിവരാൻ കൽപ്പിക്കുകയും ചെയ്തു. ഈ സമയമായപ്പോഴേക്കും, ദാനീയേലിന്റെ മൂന്നു സുഹൃത്തുക്കളും ബാബിലോണിലെ സംസ്ഥാനപാലകർ ആയി നിയമിക്കപ്പെട്ടുകഴിഞ്ഞിരുന്നു. അതുകൊണ്ട് ആ കൽപ്പന അവർക്കും ബാധകമായിരുന്നു. ചടങ്ങിനിടയിൽ ഒരു പ്രത്യേക സമയത്ത്, കൂടിവന്ന എല്ലാവരും ബിംബത്തെ വീണുനമസ്കരിക്കണമായിരുന്നു. എന്നാൽ അത് ദൈവിക നിയമത്തിനു വിരുദ്ധമാണെന്ന് ആ എബ്രായർക്ക് അറിയാമായിരുന്നു. (ആവർത്തനപുസ്തകം 5:8-10) അതുകൊണ്ട്, മറ്റെല്ലാവരും ബിംബത്തെ വീണുനമസ്കരിച്ചപ്പോൾ അവർ മാത്രം അനങ്ങാതെനിന്നു. രാജകൽപ്പന അനുസരിക്കാതിരുന്നതിന് അവർ ഘോരമായ മരണശിക്ഷ അനുഭവിക്കേണ്ടിവരുമായിരുന്നു. എങ്കിലും യഹോവ അവരെ അത്ഭുതകരമായി രക്ഷിച്ചു. അതേ, യഹോവയോട് അനുസരണക്കേടു കാണിക്കുന്നതിനു പകരം മരണം വരിക്കാൻ ആ യുവാക്കൾ തയ്യാറായിരുന്നു.—ദാനീയേൽ 2:49-3:29.
16, 17. പ്രസംഗവേല നിറുത്താൻ ആവശ്യപ്പെട്ടപ്പോൾ അപ്പൊസ്തലന്മാർ പ്രതികരിച്ചത് എങ്ങനെ, എന്തുകൊണ്ട്?
16 ഒന്നാം നൂറ്റാണ്ടിൽ, യെരൂശലേമിലെ യഹൂദ നേതാക്കന്മാർ യേശുക്രിസ്തുവിന്റെ അപ്പൊസ്തലന്മാരെ വിളിച്ച് യേശുവിന്റെ നാമത്തിൽ പ്രസംഗിക്കുന്നതു നിറുത്താൻ ആവശ്യപ്പെട്ടു. അവരുടെ പ്രതികരണം എന്തായിരുന്നു? യെഹൂദ്യ ഉൾപ്പെടെ എല്ലാ ദേശങ്ങളിലും ശിഷ്യരെ ഉളവാക്കാൻ യേശു അവർക്ക് കൽപ്പന നൽകിയിരുന്നു. യെരൂശലേമിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും തന്റെ സാക്ഷികൾ ആയിരിക്കാനും അവൻ അവരോടു പറഞ്ഞിരുന്നു. (മത്തായി 28:19, 20; പ്രവൃത്തികൾ 1:8) യേശുവിന്റെ കൽപ്പനകൾ തങ്ങളെ സംബന്ധിച്ച ദൈവ ഹിതത്തെയാണ് അർഥമാക്കുന്നതെന്ന് അപ്പൊസ്തലന്മാർക്ക് അറിയാമായിരുന്നു. (യോഹന്നാൻ 5:30; യോഹന്നാൻ 8:28) അതുകൊണ്ട് അവർ പറഞ്ഞു: “ഞങ്ങൾ മനുഷ്യരെക്കാൾ അധികമായി ദൈവത്തെ ഭരണാധികാരിയായി അനുസരിക്കേണ്ടതാണ്.”—പ്രവൃത്തികൾ 4:19, 20; പ്രവൃത്തികൾ 5:29, NW.
17 അപ്പൊസ്തലന്മാർ മത്സരമനോഭാവം പ്രകടമാക്കുകയായിരുന്നില്ല. (സദൃശവാക്യങ്ങൾ 24:21) എന്നാൽ, മാനുഷ അധികാരികൾ ദൈവഹിതം നിറവേറ്റുന്നതിൽനിന്ന് അവരെ തടഞ്ഞപ്പോൾ ‘ഞങ്ങൾ മനുഷ്യരെയല്ല ദൈവത്തെയാണ് അനുസരിക്കേണ്ടത്’ എന്ന് അവർക്കു പറയേണ്ടിവന്നു. “കൈസർക്കുള്ളതു കൈസർക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിൻ” എന്ന് യേശു പറയുകയുണ്ടായി. (മർക്കൊസ് 12:17) ഒരു മനുഷ്യൻ പറയുന്നതു കേട്ട് നാം ദിവ്യ കൽപ്പന അനുസരിക്കാതിരിക്കുന്നെങ്കിൽ ദൈവത്തിന് അർഹമായത് നാം മനുഷ്യനു നൽകുകയാണു ചെയ്യുന്നത്. അതുകൊണ്ട്, കൈസറിനുള്ളത് എല്ലാം കൈസറിനു നൽകുമ്പോൾത്തന്നെ, നാം യഹോവയുടെ പരമാധികാരത്തെ അംഗീകരിക്കുന്നു. അഖിലാണ്ഡ പരമാധികാരിയും സ്രഷ്ടാവും അധികാരത്തിന്റെ ഉറവിടവും എല്ലാം അവനാണ്.—വെളിപ്പാടു 4:11.
നാം അചഞ്ചലരായി നിലകൊള്ളും
18, 19. നമ്മുടെ സഹോദരങ്ങളിൽ പലരും മാതൃകായോഗ്യമായ എന്തു നിലപാടു സ്വീകരിച്ചിരിക്കുന്നു, അവരുടെ മാതൃക നമുക്കു പിൻപറ്റാൻ കഴിയുന്നത് എങ്ങനെ?
18 ഇന്ന്, മിക്ക ലൗകിക ഗവൺമെന്റുകളും യഹോവയുടെ സാക്ഷികളുടെ നിഷ്പക്ഷ നിലപാടിനെ അംഗീകരിക്കുന്നു, അതിനായി നാം കൃതജ്ഞത ഉള്ളവരാണ്. എങ്കിലും ചില ദേശങ്ങളിൽ, സാക്ഷികൾക്കു രൂക്ഷമായ എതിർപ്പു നേരിടേണ്ടിവന്നിട്ടുണ്ട്. 20-ാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഇന്നുവരെ നമ്മുടെ സഹോദരീസഹോദരന്മാർ കരുത്തോടെ പൊരുതിനിന്നിട്ടുണ്ട്. അതായത്, ആത്മീയമായ അർഥത്തിൽ അവർ “വിശ്വാസത്തിന്റെ നല്ല പോർ പൊരുതു”ന്നു.—1 തിമൊഥെയൊസ് 6:12.
19 അവരെ പോലെ അചഞ്ചലരായി നിലകൊള്ളാൻ നമുക്ക് എങ്ങനെ കഴിയും? ആദ്യംതന്നെ, നാം എതിർപ്പുകൾ പ്രതീക്ഷിക്കണമെന്ന കാര്യം മനസ്സിൽ പിടിക്കേണ്ടതുണ്ട്. എതിർപ്പു നേരിടുമ്പോൾ നാം പരിഭ്രാന്തരാകുകയോ അമ്പരക്കുകയോ ചെയ്യേണ്ടതില്ല. “ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും” എന്ന് പൗലൊസ് തിമൊഥെയൊസിനു മുന്നറിയിപ്പു നൽകി. (2 തിമൊഥെയൊസ് 3:12; 1 പത്രൊസ് 4:12) സാത്താന്റെ അധീനതയിൽ കിടക്കുന്ന ഈ ലോകത്ത് നമുക്ക് എതിർപ്പ് ഇല്ലാതിരിക്കുന്നത് എങ്ങനെ? (വെളിപ്പാടു 12:17) നാം വിശ്വസ്തരായിരിക്കുന്നിടത്തോളം കാലം, അതു “വിചിത്രമായി” കരുതി നമ്മെ “ദുഷിക്കുന്ന”വർ ഉണ്ടായിരിക്കും.—1 പത്രൊസ് 4:4, ന്യൂ ഇന്ത്യാ ബൈബിൾ ഭാഷാന്തരം.
20. ശക്തീകരിക്കുന്ന ഏതു സത്യങ്ങളെ കുറിച്ച് നാം ഓർമിപ്പിക്കപ്പെടുന്നു?
20 രണ്ടാമതായി, യഹോവയും അവന്റെ ദൂതന്മാരും നമ്മെ പിന്തുണയ്ക്കുമെന്ന് നമുക്കു ബോധ്യമുണ്ട്. പുരാതനനാളിലെ എലീശാ പറഞ്ഞതുപോലെ, “നമ്മോടുകൂടെയുള്ളവർ അവരോടുകൂടെയുള്ളവരെക്കാൾ അധികം” ആണ്. (2 രാജാക്കന്മാർ 6:16; സങ്കീർത്തനം 34:7) എതിരാളികളിൽനിന്നുള്ള സമ്മർദം കുറച്ചുകാലത്തേക്കു തുടരാൻ യഹോവ അനുവദിക്കുന്നത് അവന് തക്കതായ കാരണം ഉള്ളതുകൊണ്ടായിരിക്കാം. എന്നിരുന്നാലും, സഹിച്ചുനിൽക്കാൻ ആവശ്യമായ ശക്തി അവൻ എല്ലായ്പോഴും നമുക്കു പ്രദാനം ചെയ്യും. (യെശയ്യാവു 41:9, 10) ചിലർ വധിക്കപ്പെടുക പോലും ചെയ്തിട്ടുണ്ട്, എങ്കിലും അതു നമ്മെ ഭയാകുലരാക്കുന്നില്ല. യേശു ഇപ്രകാരം പറഞ്ഞു: “ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തിൽ [“ഗീഹെന്നായിൽ,” NW] നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ.” (മത്തായി 10:16-23, 28) നാം ഈ വ്യവസ്ഥിതിയിൽ ‘പരദേശികൾ’ മാത്രമാണ്. “സാക്ഷാലുള്ള ജീവനെ,” അതായത്, ദൈവത്തിന്റെ പുതിയ ലോകത്തിലെ നിത്യജീവനെ, ‘പിടിച്ചുകൊള്ളാൻ’ നാം ഇപ്പോഴത്തെ നമ്മുടെ സമയം ഉപയോഗിക്കുന്നു. (1 പത്രൊസ് 2:11; 1 തിമൊഥെയൊസ് 6:19) നാം ദൈവത്തോടു വിശ്വസ്തരായിരിക്കുന്നിടത്തോളം കാലം, ആ പ്രതിഫലം ലഭിക്കുന്നതിൽനിന്നു നമ്മെ തടയാൻ ഒരു മനുഷ്യനും സാധ്യമല്ല.
21. നാം എല്ലായ്പോഴും എന്തു മനസ്സിൽ പിടിക്കണം?
21 അതുകൊണ്ട്, യഹോവയാം ദൈവവുമായി നമുക്കുള്ള അമൂല്യ ബന്ധത്തെ നമുക്കു മനസ്സിൽ പിടിക്കാം. ക്രിസ്തുവിന്റെ അനുഗാമികളും രാജ്യത്തിന്റെ പ്രജകളും ആയിരിക്കാൻ സാധിക്കുക എന്ന പദവിയെപ്രതി നമുക്ക് എല്ലായ്പോഴും കൃതജ്ഞതയുള്ളവർ ആയിരിക്കാം. നമ്മുടെ സഹോദരങ്ങളെ നമുക്കു പൂർണഹൃദയത്തോടെ സ്നേഹിക്കാം, അവരിൽനിന്നു ലഭിക്കുന്ന സ്നേഹത്തിൽ നമുക്ക് എപ്പോഴും ആനന്ദിക്കാം. സർവോപരി, നമുക്ക് സങ്കീർത്തനക്കാരന്റെ ഈ വാക്കുകൾക്കു ചെവികൊടുക്കാം: “യഹോവയിങ്കൽ പ്രത്യാശവെക്കുക; ധൈര്യപ്പെട്ടിരിക്ക; നിന്റെ ഹൃദയം ഉറെച്ചിരിക്കട്ടെ; അതേ, യഹോവയിങ്കൽ പ്രത്യാശവെക്കുക.” (സങ്കീർത്തനം 27:14; യെശയ്യാവു 54:17) അപ്പോൾ, നമുക്ക് മുമ്പുണ്ടായിരുന്ന അസംഖ്യം ക്രിസ്ത്യാനികളെ പോലെ നാമും ഉറച്ച പ്രത്യാശയോടെ അചഞ്ചലരായി—ലോകത്തിന്റെ ഭാഗമല്ലാത്ത, നിഷ്പക്ഷത പാലിക്കുന്ന വിശ്വസ്ത ക്രിസ്ത്യാനികളായി—നിലകൊള്ളും.
നിങ്ങൾക്കു വിശദീകരിക്കാമോ?
• യഹോവയുമായുള്ള നമ്മുടെ ബന്ധം നമ്മെ ലോകത്തിൽനിന്നു വേർതിരിച്ചു നിറുത്തുന്നത് എങ്ങനെ?
• ദൈവരാജ്യത്തിന്റെ പ്രജകൾ എന്ന നിലയിൽ, ലോകത്തിൽ നാം നിഷ്പക്ഷ നിലപാട് കൈകൊള്ളുന്നത് എങ്ങനെ?
• നിഷ്പക്ഷത പാലിക്കാനും ലോകത്തിൽനിന്നു വേറിട്ടുനിൽക്കാനും സഹോദരങ്ങളോടുള്ള നമ്മുടെ സ്നേഹം ഇടയാക്കുന്നത് എങ്ങനെ?
[15-ാം പേജിലെ ചിത്രം]
ദൈവരാജ്യത്തോടുള്ള നമ്മുടെ കീഴ്പെടൽ ലോകവുമായുള്ള നമ്മുടെ ബന്ധത്തെ ബാധിക്കുന്നത് എങ്ങനെ?
[16-ാം പേജിലെ ചിത്രം]
ഒരു ഹൂട്ടുവും ടൂട്സിയും സന്തോഷത്തോടെ ഒരുമിച്ചു ജോലി ചെയ്യുന്നു
[17-ാം പേജിലെ ചിത്രം]
യഹൂദ, അറബി പശ്ചാത്തലങ്ങളിൽനിന്നുള്ള ക്രിസ്തീയ സഹോദരങ്ങൾ
[17-ാം പേജിലെ ചിത്രം]
സെർബിയ, ബോസ്നിയ, ക്രൊയേഷ്യ എന്നിവിടങ്ങളിൽനിന്നുള്ള ക്രിസ്ത്യാനികൾ സഹവാസം ആസ്വദിക്കുന്നു
[18-ാം പേജിലെ ചിത്രം]
ദൈവത്തിന്റെ നിയമം ലംഘിക്കാൻ ഭരണാധി കാരികൾ ആവശ്യപ്പെ ടുമ്പോൾ സ്വീകരിക്കേണ്ട ശരിയായ ഗതി ഏത്?